-- എ ബ്ലഡി മല്ലു --

IPL സ്പെഷല്‍ ബുള്ളറ്റിന്‍

Sunday, March 21, 2010

മാര്‍ച്ച് 21 , കൊച്ചി:
സ്പെഷല്‍ ലേഖകന്‍- മലയാളിക്കു മാര്‍ച്ചില്‍ വസന്തം. നാളുകളുടെ കാത്തിരിപ്പിനു ശേഷം സ്വന്തമായൊരു ഐ.പി.എല്‍ ടീം എന്ന കേരളത്തിന്റെ സ്വപ്നം മാര്‍ച്ച് 21 നു ചെന്നയില്‍ നടന്ന ലേലത്തില്‍ സാക്ഷാല്‍ക്കരിച്ചു. സ്വന്തമെന്നു പറയാന്‍ ഗള്‍ഫിലും അമേരിക്കയിലും കുറേ ബ്ലഡി മല്ലൂസും, മദ്രാസി എന്ന വിളിപ്പേരും, സ്വന്തം നാട്ടുകാര്‍ക്കു പോലും മനസ്സിലാവാത്ത ഒരു “കഥകളി”യും മാത്രം കൈമുതലായിരുന്ന കേരളീയനിതാ ലോകത്തിന്റെ നെറുകയില്‍ അഭിമാനപൂര്‍വ്വം വിഹരിക്കാന്‍ സ്വന്തമായൊരു ഐ.പി.എല്‍ ടീമും. 1533 കോടി മുടക്കിയാണു കൊച്ചി IPL ടീമിനെ സ്വന്തമാക്കിയത്. വിലകുറഞ്ഞ മലബാറികള്‍ എന്ന പേരു മാറ്റിക്കുറിച്ച നാള്‍ ആയി മാര്‍ച്ച് 21 നെ നമുക്കു കണക്കാക്കം, ഓരോ വര്‍ഷവും മാര്‍ച്ച് 21 എന്നത് മല്ലൂസ് വാല്യൂ ഡേ” ആയി കൊണ്ടാടാനും പദ്ധതികളുണ്ട്.

കൊച്ചിയെ, ഐപിയെല്‍ ലോകത്തേക്കു ആനയിച്ചത് രണ്ടര കോടി മല്ലൂസില്‍ രണ്ടു പേരു പോലും കേട്ടിട്ടില്ലാത്ത രെന്റേവൂ ഗ്രൂപ്പാണെങ്കിലും, ട്വിറ്ററിലൂടെ പ്രശസ്തനായ ഒരു കേന്ദ്രമന്ത്രിക്ക് ഓരോ ബ്ലഡി മല്ലുവും അകൈതവമായ നന്ദി രേഖപ്പെടുത്തേണ്ടതുണ്ട്. കാബിനെറ്റ് മീറ്റിങ്ങുകള്‍, എന്തിനധികം തന്റെ ട്വീറ്റുകള്‍ വരെ ഒഴിവാക്കിയാണിദ്ദേഹം ഐപിയെല്‍ രൂപീകരണത്തിനായി പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹത്തിന്റെ അനുയായികള്‍ (ഫോളോവേഴ്സ്) പറയുന്നത്. ഓരോ മലയാളിയുടെയും വില 1533 കോടിയാണെന്നോര്‍ത്ത് “തിളക്കണം ചോര ഞരമ്പുകളില്‍” ഓരോ കേരളീയനും.

2011 ഐപിയെല്‍ സീസണില്‍ കേരള ടീം ആദ്യകളി കളിക്കുമെന്നാണു പ്രതീക്ഷ. മലബാറി മച്ചാന്‍സ്, കൊച്ചി കൊഞ്ഞാണന്‍സ്, ക്ണാപന്‍സ് ഇലവന്‍ കൊച്ചി, കോടാലീസ് ഇലവന്‍, കേരല ഹര്‍ത്താല്‍ ഹീറോസ്, ലുങ്കി ഇലവന്‍ കൊച്ചി, ടോഡി ഡാഡീസ്, ജാക്കിസ് ഇലവന്‍ കൊച്ചി എന്നിങ്ങനെ പലവിധ പേരുകളും ആരാധകര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും കേരല ടസ്കര്‍, കേരല കോബ്രാസ് എന്നിവയിലേതെങ്കിലുമായിരിക്കും ടീമിന്റെ പേരെന്നു സൂചനയുണ്ട്. ടസ്കര്‍ കേരളയെ, ഒരു വെബ് മാഗസിന്‍ തസ്കര്‍ ഇലവന്‍ കേരള എന്നു ടൈപ്പ് ചെയ്തതില്‍ പ്രതിഷേധിച്ച് ഓള്‍ കേരല തസ്കര തൊഴിലാളി യൂണിയന്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. സ്വന്തമായി ഒരു സ്റ്റേഡിയം തയ്യാറായില്ലെങ്കില്‍ അടുത്ത സീസണില്‍ കളി തല്‍ക്കാലത്തേക്ക് തൃശ്ശൂര്‍ തേക്കിങ്കാട് മൈതാനിയിലോ, പാലക്കാട് കോട്ടമൈതാനത്തോ മലപ്പുറം ഓട്ടോ സ്റ്റാന്‍ഡിലോ വച്ചു നടത്താമെന്നാണു പ്രതീക്ഷയെന്നു സംഘാടകര്‍ പറഞ്ഞു. തൃശ്ശൂര്‍ തേക്കിന്‍ കാടു മൈതാനിയാവുമ്പോള്‍, സ്വരാജ് റൌണ്ടിലൂടെ രണ്ടു തവണ കറങ്ങിയാല്‍ ആവശ്യത്തിനുള്ള “ചിയര്‍ ഗേള്‍സിനേയും” സംഘടിപ്പിക്കാന്‍ എളുപ്പമാകുമെന്ന കാരണത്താല്‍ തൃശ്ശൂരിനു മുന്‍‌ഗണന കിട്ടാനും സാധ്യതയുണ്ട്.

1533 കോടി എന്ന ഫിഗര്‍ കേട്ടതോടെ കേരളത്തിലെ സാമുദായിക, സാംസ്കാരിക വര്‍ഗീയ മേഖലകളിലെ പല സംഘടനകളും അതീവ താല്പര്യത്തോടെ ഐ.പി.എല്‍ നു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. 2011 സീസണ്‍ കഴിഞ്ഞാല്‍ പിന്നെ 5 കൊല്ലത്തേക്ക് തങ്ങള്‍ക്ക് ഈ ചക്കരക്കുടം നോക്കി വെള്ളമിറക്കാനേ കഴിയൂ എന്നു തീര്‍ച്ചയുള്ളതിനാല്‍ ഭരണമുന്നണി നേതാക്കള്‍ 2011 സീസണില്‍ തന്നെ ഐപിയെല്‍ ഇല്‍ വളരെ ആക്റ്റീവ് ആകാനാണു സാദ്ധ്യത. കേരള ടീമിന്റെ പേരു എന്തു തന്നെയായാലും ടീമിന്റെ ഐകണ്‍ പ്ലയറെ തീരുമാനിക്കുന്നതിനു മുന്‍പേ സംസ്ഥാന കമ്മിറ്റിയുമായി കൂടിയാലോചിച്ച് വേണമെന്നും,പിബിയില്‍ സമര്‍പ്പിച്ച ഈ ഐകോണ്‍ പ്ലയറിന്റെ പേരു സഖാവ്.യച്ചൂരി അപ്രൂവ് ചെയ്യണമെന്നും ഭരണമുന്നണി എം.എല്‍.എ മാര്‍ കൊച്ചി ടീമിന്റെ അമരക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതേ ഓരോ ടീമിലും കളിപ്പിക്കാവുന്ന 4 വിദേശ കളിക്കാരെ ചൈന, പോളണ്ട് , ക്യൂബ എന്നീ രാജ്യങ്ങളില്‍ നിന്നേ ലേലത്തിലെടുക്കാവൂ എന്നും , തദ്ദേശീയ കളിക്കാരെ തെരെഞ്ഞെടുക്കുമ്പോ, ബംഗാള്‍, ത്രിപുര, കണ്ണൂര്‍ എന്നിവിടങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നും പാര്‍ട്ടി കര്‍ശനമായി ആജ്ഞ നല്‍കിയിട്ടുണ്ട്. ടീമിന്റെ ജഴ്സി കടും ചുവന്ന നിറവും, ടീമിന്റെ ലോഗോ “ചുരുട്ടിയ മുഷ്ടി” ആക്കണമെന്നും, കാപ്റ്റന്‍ ബെങ്കാളില്‍ നിന്നും തന്നെ വേണമെന്നും വിവിധ പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഐ.പി.എല്‍ കേരളത്തിലേക്കു ഇറക്കിയതിനു തങ്ങള്‍ക്ക് മതിയായ നോക്കുകൂലിയും വിവിധ തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലാവ്ലിന്‍ കേസില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ഗവണ്മെന്റിന്റെ ഗൂഢ ശ്രമമാണിതെന്നും, 2011 നു ശേഷമുള്ള സീസണുകളിലേക്കാണു തങ്ങളുടെ പാര്‍ട്ടി ഉറ്റുനോക്കുന്നത് എന്നു പ്രതിപക്ഷനേതാവ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മത്സരങ്ങളുടെ പരസ്യ ഹോര്‍ഡിങ്ങുകളില്‍ 50% തെരെഞ്ഞെടുപ്പ പരസ്യങ്ങള്‍ക്കായി അനുവദിക്കണമെന്നു വിവിധ പാര്‍ട്ടികള്‍ ഐകകണ്ഠേന ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയില്‍ പഴവങ്ങാടി ഗണപതിക്ക് താന്‍ നേര്‍ന്ന വഴിപാടുകളുടെ ഫലമായാണു കേരളത്തിനു ഐപിയെല്‍ കിട്ടിയതെന്നു ഒരു താരമാതാവ് ഒരു പത്രത്തിനു നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞു.

ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ടീമില്‍ കേരള ജനസംഖ്യാനുപാതികമായ സംവരണം നല്‍കിയേ മതിയാവൂ എന്നു ന്യൂനപക്ഷെ മത നേതാക്കള്‍ മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ക്രിക്കറ്റ് തൊപ്പി ധരിച്ചുള്ള കളിയാണെന്നതു തന്നെ അത് ന്യൂനപക്ഷങ്ങളുടെ പാരമ്പര്യ കളിയാണെന്നതിനു തെളിവാണെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. ടീമില്‍ അഞ്ചു പേരെങ്കിലും തങ്ങളുടെ സമുദായത്തില്‍ നിന്നുണ്ടാവും എന്നാണു പ്രതീക്ഷയെന്നും ടിയാന്‍ കൂട്ടിച്ചേര്‍ത്തു.

കോട്ടയം രൂപതയിലെ പള്ളികളില്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞു ക്രിക്കറ്റ് പരിശീലന ക്യാമ്പുകള്‍ അടുത്ത ഞായറാഴ്ചമുതല്‍ ഉണ്ടായിരിക്കുമെന്നു ഇന്നു രാവിലെ പുറത്തിറക്കിയ എമര്‍ജന്‍സി ഇടയലേഖനത്തില്‍ വ്യക്തമാക്കി. ക്രിക്കറ്റില്‍ 20/20 യില്‍ മികവു പുലര്‍ത്തുന്ന കുട്ടികള്‍ക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, കാപിറ്റേഷന്‍ ഫീസില്‍ 20% വരെ ഇളവു നല്‍കുന്ന കാര്യം പരിഗണനയിലുന്റെന്നും, ഈ ഇളവ് ഫീസിനത്തില്‍ ബാധകമല്ലെന്നും ഇടയലേഖനത്തില്‍ പരാമര്‍ശിച്ചു. മാര്‍ഗം കളിയെ ഒഫീഷ്യല്‍ ഫോം ഓഫ് ഡാന്‍സ് ആയി പരിഗണിക്കണമെന്നും കൂടി ആവശ്യമുണ്ട്.

ചങ്ങനാശ്ശേരിയിലെ, തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറു എന്‍.എസ്.എസ് കരയോഗങ്ങളിലെ എല്ലാ നായര്‍/മേനോന്‍/പിള്ള/കൈമള്‍/നമ്പ്യാര്‍ വീടുകളിലെക്കും സൌജന്യമായി ഓരോ ക്രിക്കറ്റ് ബാറ്റ് വിതരണം ചെയ്യാനായി 6 ലക്ഷം രൂപ അടിയന്തിരമായി വകയിരുത്തിയതായി കരയോഗം സെക്രട്ടറി അറിയിച്ചു. തമ്മില്‍ തമ്മില്‍ പാര മാത്രം വച്ചു കളിക്കുന്ന നായര്‍ സമുദായ അംഗങ്ങള്‍ ഇനി ക്രിക്കറ്റിലേക്കു തിരിയുമെന്നാണു തന്റെ പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐപിയെല്‍ ടീമില്‍ മിനിമം ആറു സ്ഥാനങ്ങളെങ്കിലും ഇല്ലാതെ ഒരു ഒത്തുതീര്‍പ്പിനും തങ്ങളില്ലെന്നാണു ശിവഗിരിയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ‍. തങ്ങളുടെ നിലപാടുകളെ എതിര്‍ക്കുന്ന കക്ഷികളുമായി യാതൊരു വിധ നീക്കുപോക്കുകളും അടുത്ത തെരെഞ്ഞെടുപ്പില്‍ ഉണ്ടാകില്ലെന്നു അവര്‍ തറപ്പിച്ചു പറഞ്ഞു. പിന്നോക്ക ഹിന്ദു വിഭാഗങ്ങള്‍ക്ക് ഐ.പി.എല്‍ ടീമിലെ സ്ഥാനങ്ങളുടെ ശതമാനക്കണക്കിന്റെ കാര്യത്തില്‍ ഗവണ്മെന്റു അടിയന്തിരമായി നിലപാടു വ്യക്തമാക്കണമെന്നു ഗോത്രമഹാസഭ, ആദിവാസി ക്ഷേമസമിതി എന്നീ സംഘടനകള്‍ ആവശ്യപ്പെട്ടു. പ്രതിഷേധസൂചകമായി ഈ വരുന്ന ഏപ്രില്‍ ഒന്നിനു സെക്രട്ടേറിയേറ്റില്ലേക്ക് , പുരുഷന്മാര്‍ കയ്യില്‍ സ്റ്റമ്പുകളും, സ്ത്രീകള്‍ ബോള്‍സുകളും ഏന്തിയ റാലി സംഘടിപ്പിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. തന്റെ മകന്റെ കോണ്‍‌ഗ്രസ് പ്രവേശനം സംബന്ധിച്ചുള്ള തര്‍ക്കപരിഹാരത്തിനു മുന്‍പ് ഐപിയെല്‍ കേരളത്തിനു നല്‍കിയത് തന്നോടുള്ള അവഹേളനമാണിതെന്നു ലീഡര്‍ പരിതപിച്ചു.വ്നിതള്‍ക്ക് പ്രതിനിധ്യം നലകണമെന്നാവശ്യപ്പെട്ട് മഹിളാസമാജം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും 20/20 യില്‍ മിക്സഡ് ഗെയിം ഐ.സി.സി അപ്രൂവ് ചെയ്തിട്ടില്ലെന്നും, വനിതാ ടീമില്‍ സ്തീകളെ എടുക്കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നുമുള്ള മന്ത്രിയുടെ ഉറപ്പില്‍ മറ്റന്നാള്‍ പ്രഖ്യാപിച്ചിരുന്ന ക്ലിഫ് ഹൌസ് ധര്‍ണ്ണ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി ഭാരാ-വാഹിണികള്‍ അറിയിച്ചു.

കളിയുടെ സീസണില്‍ ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്നു പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രിക്ക് നിവേദനം നല്‍കി. നിലവിലെ നിരക്കില്‍ ബസ്സുകള്‍ ഓടിക്കുന്നതു തന്നെ കഷ്ടമാണെന്നും, ഇനി കേരളത്തില്‍ ഐ.പി.എല്‍ കൂടി വന്നാല്‍ ഇത് ഒന്നുകൂടി ദുസ്സഹമാകുമെന്നും പ്രസിഡന്റിന്റെ നിവേദനത്തില്‍ പ്രസ്താവിക്കുന്നുണ്ട്. ഐപിയെല്‍ വരുന്നതോടെ സോഡ സര്‍വത്ത് ഇളനീര്‍ എന്നിവക്കു വിലയേറാന്‍ സാധ്യതയുണ്ടെന്നും, ബീവറേജസ് കോര്‍പ്പറേഷന്റെ വിറ്റു വരവില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാവുമെന്നുമാണു സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച് പരീക്ഷാ സീസണില്‍ തന്നെ ആയതിനാല്‍, പിള്ളേരുറ്റെ പഥിത്തത്തെ ബാധിക്കുമെന്നും ആത്മഹത്യാനിരക്കു കൂടുമെന്നും , അതുകൊണ്ടു തന്നെ, കയര്‍, ഉരക്കഗുളിക, പാഷാണം എന്നിവക്കും വില കൂടാന്‍ സാധ്യതയുണ്ടെന്നു സൂചനകളുണ്ട്.

ഐപിയെല്‍ കേരളത്തില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്, കെ.സി.ഡി.ബി, കെ.പി.എല്‍.ആര്‍, കെ.എഫ്.ടി.യു.ബി, കെ.സി.യു.സി.ഐ, കെ.എഫ്.ആര്‍.ഐ.പി, കെ.സ്.ടി.ഗി.ബി, കെ.ആര്‍.ബി.യു.അര്‍, കെ.പി.എല്‍.വി, കെ.ഡബ്ലിയു.ജി.ആര്‍, കെ.എം.എം.ആര്‍, കെ.കെ.യു.റ്റി, കെ.യു.ട്ടി.ട്ടി.ഐ, കെ.ഓ.സി.എച്.ഐ, കെ.ആര്‍.എം.ബി.ഐ, കെ.എലെഫ്.ടി.ബി എന്നീ സംഘടനകള്‍ പ്രതിഷേധമാര്‍ച്ചുകള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും, കെ.സി.വി.ആര്‍.പി, കെ.കെ.എല്‍.ഐ.യു, കെ.എന്‍.ഡി.ആര്‍.എന്‍, കെ.അര്‍.വൈ.പിസി, കെ.സി.വൈ.എന്‍.സി, കെ..ഇസഡ്,കെ.ആര്‍.ടി. , കെ.പി.സി.യു.സി, എന്നീ സംഘടനകള്‍ ഐപിയെല്ലിനു പരിപൂര്‍ണ്‍ന പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്തായാലും, വരുന്ന ഒരു വര്‍ഷത്തിനിടക്ക് മലയാളിയുടെ ഭാവിയെ മൊത്തം മാറ്റിമറിക്കാന്‍ പോവുന്ന ഐ-പി-എല്‍ നെ നമുക്ക് അല്പം അന്തിക്കള്ളു നല്‍കി വരവേല്‍ക്കാം! ചിയേഴ്സ്- ചിയര്‍ ഗേള്‍സ്!

Read more...
© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.