-- എ ബ്ലഡി മല്ലു --

Zurich ബ്ലോഗ് മീറ്റ്- 2009 - പാര്‍ട്ട്- 2

Tuesday, July 14, 2009

മീറ്റിനു ഞാന്‍ താമസിച്ച നൊവോറ്റല്‍

അങ്ങനെ മദാമ്മയുടെ പുറകില്‍ ട്രെയിനില്‍ കയറുമ്പോള്‍ ആ ബ്ലീകരവാദി താടിക്കാരനും കൂടെ കയറിയതായി ഞാന്‍ ശ്രദ്ധിച്ചു. എനിക്ക് അല്പം പേടി തോന്നാതിരുന്നില്ലെങ്കിലും അതു പുറത്തു കാണിച്ചില്ല. ട്രെയിന്‍ ഒരു ടണലിലേക്ക് കയറിയതും ആകെ ഇരുട്ടായി. പൊടുന്നനെ, ചില പക്ഷികളുടെ ചിലക്കലും, കുത്തിച്ചൂടാന്റേതു പോലെയുള്ള ഭയാനക ശബ്ദങ്ങളും, ഇടക്കൊരു സിംഹ ഗര്‍ജനവും. ഭയം മനസ്സിലൊതുക്കിക്കൊണ്ട് ഞാന്‍ ഒരരുകില്‍ ഒതുങ്ങി നിന്നു. മദാമ്മ മറ്റാരോടോ ഇംഗ്ലീഷില്‍ പറയുന്നതു കേട്ടപ്പോഴാണു ഇത് ട്രെയിനില്‍ നിന്നും റെക്കോഡ് ചെയ്ത ശബ്ദമാണെന്നു മനസ്സിലായത്.

3 മിനിറ്റില്‍ ട്രെയിന്‍ മെയിന്‍ ടെര്‍മിനലിന്റെ മുന്നിലെത്തി വാതില്‍ താനെ തുറന്നു. എല്ലാവരും ഇറങ്ങി , മദാമ്മക്കു പുറകേ ഞാനും. എമിഗ്രേഷന്‍ പരിശോധന ഉദ്യോഗസ്തന്‍ എന്നോടു യാത്രയുടെ ഉദ്ദേശങ്ങള്‍ തിരക്കി. ബ്ലോഗു മീറ്റ് എന്ന് കേട്ടതിനാലോ എന്തോ അയാള്‍ ഭവ്യതയോടെ പാസ്പോര്‍ട്ടില്‍ എന്റ്രി സീലടിച്ച് മടക്കിത്തന്നു. കണ്വെയര്‍ ബെല്‍റ്റിലൂടെ എന്റെ ലഗേജു വരുവാനായി കാത്തുനില്‍ക്കുന്നതിനിടയില്‍ മദാമ്മ അവളുടെ ട്രോളിയും തള്ളിപ്പോവുന്നതു കണ്ടു. നിരാശാപൂര്‍വ്വം ഞാനവളോട് കാമറ കൊടുത്ത്െന്റ്എ ഒരു ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടു, അതനുസരിച്ച അവളോടെ “തേങ്ക്സേ” എന്ന് ഉപചാരം പറഞ്ഞു. മനസ്സിലെ പ്രതീക്ഷകള്‍ക്കു മുകളില്‍ ചാരം മൂടി. ഈ ഫോട്ടോ എന്തയാലും ബ്ലോഗിലിടണം.. മീറ്റിനായി ഇറങ്ങുന്നു എന്ന അടിക്കുറിപ്പില്‍ .

കുറച്ചു സമയം കഴിഞ്ഞ് എന്റെ ലഗേജ് വരുന്ന കണ്ടപ്പോഴാണ് എനിക്കു സമാധാനമായത്. ഹാന്‍ഡ് ബാഗിനകത്തു നിന്നും മീറ്റ് ബ്ലോഗില്‍ ഇട്ടിരുന്ന മീറ്റ് ലൊക്കേഷന്റെ ഗൂഗിള്‍ മാപ്പും, അഡ്രസ്സുമെല്ലാം ഞാന്‍ കയ്യില്‍ കരുതി. എയര്‍പോര്‍ട്ട് നൊവോറ്റലിന്റെ തൊട്ടരികിലുള്ള റെയില്‍ പാളത്തിനോടു ചേര്‍ന്ന പുല്‍ത്തകിടിയിലാണല്ലോ മീറ്റ് പ്ലാന്‍ ചെയ്തിരിക്കുന്നത്. യാത്രാ ക്ഷീണം ഒഴിവാക്കാന്‍ ഞാന്‍ നൊവോറ്റലില്‍ തന്നെയാണു മുറി ന്ബുക്ക് ചെയ്തത്. 300 സ്വിസ് ഫ്രാങ്ക് പോട്ടേന്നേ.

ട്രോളിയും തള്ളി ടെര്‍മിനല്‍ ബില്‍ഡിങ്ങില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിക്കുമ്പോഴാണു ഞാനാ കൊച്ചു കട ശ്രദ്ധിച്ചത്. ശംഖും പവിഴപ്പുറ്റും പോലെ തോന്നിക്കുന്ന കൊച്ചു മണികള്‍ കോര്‍ത്തെടുത്ത പലവിധത്തിലുള്ള മാലകള്‍ വില്‍ക്കുന്ന ആ ചെറിയ കടയിലേക്കു ഞാന്‍ കയറി ചെന്നു. ഒരു ചൈനക്കാരിയാണാ കടയില്‍ നില്‍ക്കുന്നത്. അഭിവാദ്യം ചെയ്ത ശേഷം ഞാന്‍ അവളോടു കുറച്ചു പഞ്ചാരയടിക്കാന്‍ ശ്രമിച്ചെങ്കിലും, ഭാഷാ വ്യതിയാനങ്ങള്‍ മൂലം ഞാന്‍ ആശ്രമം ഉപേക്ഷിച്ചു (അവളും ഇംഗ്ലീഷില്‍ വീക്കാണന്നേ-) മാലകള്‍ തിരയുന്നതിനിടെ ഒരെണ്‍നം എന്റെ കണ്ണില്‍ പതിഞ്ഞു.. കൊള്ളാം അമ്മുക്കുട്ടി ചേച്ചിക്ക് ഇത് നന്നായി ചേരും..അമ്മൂട്ടിയുടെ ലോകം എന്ന പേരില്‍ ബ്ലോഗെഴുതുന്ന അമ്മൂട്ടി ചേച്ചി എന്ന കത്രീന പൌലോസല്ലേ ബ്ലോഗിലെ എന്റെ ഏറ്റവും വലിയ അഭ്യുദയകാംക്ഷി. വെറും കയ്യോടെ എങ്ങനെ മീറ്റിനു പോയി ചേച്ചിയെക്കാണും.. ചേച്ചിയുടെ പ്രൊഫൈല്‍ ഫോട്ടോയും, മാലയും മനസ്സില്‍ ചേര്‍ത്തു വച്ച് ഞാന്‍ കണ്ട ചേച്ചി സുന്ദരിയായിരുന്നു.

ഹൌ മച്ച് ദിസ് എന്നു ഞാന്‍ ആ ചൈനാക്കാരിയോടു ചോദിച്ചു. 150 ഫ്രാങ്ക് സര്‍ എന്നു കേട്ടതും മാല എന്റെ കയ്യില്‍ നിന്നും താനെ താഴെ വീണു. കാര്യം ചേച്ചി എന്റെ ബ്ലോഗിലെ തേങ്ങാക്കമന്റ് അടിക്കുന്നതാണേലും, ഒരൊറ്റ പൊസ്റ്റിലും വിടാതെ കമന്റുന്നതാണേലും, 150 ഫ്രാങ്ക് ഒക്കെ, ഹോ, ഞാന്‍ മൊബൈലെടുത്ത് അതിലെ കാല്‍ക്കുലേറ്ററില്‍ കൂട്ടി നോക്കി ഹോ, പത്താറായിരം ഉര്‍പ്യ! മെല്ലെ കടയില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍, യു ഡോണ്ട് വാണ്ട് ദിസ് സര്‍ എന്നൊക്കെ ആ ചൈനക്കാരി വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു. തിരിഞ്ഞു നോക്കാതെ നോ എന്നും പറഞ്ഞ് ഞാന്‍ ട്രോളി തള്ളി വെളിയിലിറങ്ങി.

വല്ലാത്ത തണുപ്പ്, ബാഗു തുറന്നു മറൈന്‍ ഡ്രവിലെ വഴിയോര കച്ചവടക്കാരനില്‍ നിന്നും വാങ്ങിയ ജാക്കറ്റെടുത്ത് ധരിച്ചു. എന്നിട്ട് ഞാന്‍ ടാക്സി സ്റ്റോപ്പിലേക്കു നടന്നു. ഹോട്ടല്‍ അഡ്രസ്സും ഗൂഗിള്‍ മാപ്പും ഒക്കെ ഞാനവനു കൈമാറീയപ്പോള്‍ തീവ്രവാദിയെ നോക്കുന്ന പോലെ അവനെന്നെ ഒരു നോട്ടം. അപ്പോഴാണു ഞാന്‍ എന്നെ പിന്തുടര്‍ന്ന താടിക്കാരനെ ഓര്‍ത്തത്. ചുറ്റും നോക്കി , അവനെ കാണാനില്ല. ഭാഗ്യം, .

ഡ്രൈവര്‍ റഷ്യക്കാരനായിരുന്നു. അന്ന കുര്‍ണിക്കോവയുടെ കളര്‍. ടാക്സിയില്‍ കയറി അവന്‍ മീറ്റര്‍ ഓണ്‍ ചെയ്ത് വണ്ടിയെടുത്തു. അവനോട് കുശലം പറഞ്ഞിട്ടു കാര്യമില്ലെന്നു മനസ്സിലാക്കിയ ഞാന്‍ വണ്ടിയുടെ ഗ്ലാസ്സിലൂടെ പുറത്തേക്കു നോക്കി, അതിവേഗത്തില്‍ പുറകിലോട്ടോടി മറയുന്ന അക്കേഷ്യാ മരങ്ങള്‍, അതിലും വേഗം മുന്നോട്ടോടുന്ന ടാക്ല്സിയിലെ മീറ്റര്‍, ഇതു കണ്ട്, അതിലും വേഗതയില്‍ മിടിക്കുന്ന എന്റെ ഹൃദയവും . ടാക്സി ഹോട്ടലിന്റെ മുന്നിലെത്തി.

എന്റെ ലഗേജെല്ലാം ഇറക്കി, 45 ഫ്രാങ്ക് വാങ്ങി തിരിച്ച് ടാക്സിയില്‍ കയറി പുറപ്പെടാനൊരുങ്ങിയ അവനെ ന്‍ജാന്‍ കൈ കാട്ടി വിള്‍ഇച്ചു. എന്റെ കാമര അവനു കൊടുത്ത് രണ്ടു ഫോട്ടോയെടുക്കാന്‍ പറഞ്ഞു. അവന്‍ പിറുപിറുത്തുകൊണ്ട് ഫോട്ടോ എടുത്തു ത്അന്നു, ഹും.. അവനിതങ്ങു ദഹിച്ചില്ലെന്നു തോന്നുന്നു.. ബ്ലോഗിലിടാനുള്ള ഫോട്ടോയാണെന്നു ഈ അലവലാതിക്കറിയാമോ!

ഈ ഫോട്ടോക്കെന്ത് അടിക്കുറിപ്പിടും എന്നാലോചിച്ച്, ലഗേജുമെടുത്ത് ഞാന്‍ ഹോട്ടല്‍ റിസപ്ഷനിലേക്കു നീങ്ങി. ചെക്കിന്‍ ചെയ്തു നല്ല മുറി. വാള്‍മൌണ്ട് എല്‍.സി ഡി ടിവിയൊക്കെയുണ്ട്. റൂമിലെ മിനിബാറ് തുറന്നു നോക്കിയ എനിക്ക് സന്തോഷമായി. റം, സോഡ, വിസ്കി, ബിയര്‍, എന്നീ സകലമാന സാധനഗ്ങളുമുണ്ട്. ഞാന്‍ സമയം നോക്കി.

ങേ, രാത്രി 12 മണിയോ.. വെളിയിലൊക്കെ നല്ല പ്രകാശം. പിന്നെയാ ഓര്‍ത്തത് ഇവിടെ അഞ്ചു മണിക്കൂറോളം പുറകിലല്ലേ. വാച്ച് അഡ്ജസ്റ്റ് ചെയ്തു വച്ച് ഞാന്‍ നന്നായൊന്നു കുളിച്ചു. മിനി ബാറിലെ സകലമാന മിനി ബോട്ടിലുകളും ഒരുമിച്ചു തുറന്നു ഒരു കോക്ക്റ്റെയിലായി ഒര് പിടി പിടിച്ചപ്പോള്‍ ഒരു ഉണര്‍വ്വു തോന്നി.

കുറേ നേരമായി എന്തെങ്കിലും ഭക്ഷണം കഴിച്ചിട്ട്. താഴത്തെ നിലയിലെ റസ്റ്റോറന്റില്‍ പോയി നോക്കാം. ഹോട്ടലിനകത്തെ അരണ്ട വെളിച്ചത്തില്‍ ഒരു കോണിലെ മേശമേല്‍ ഞാന്‍ ചെന്നിരുന്നു. ബെയറര്‍ വന്നു മെനു വച്ചിട്ടു പോയി, ദൈവം സഹായിച്ച് ഒരു സാധനം മനസ്സിലാവുന്നതു ആ മെനുവിലില്ല. ചിത്രം നോക്കി, ചിക്കന്‍ ആണെന്നു തോന്നിയ എന്തോ ഓര്‍ഡര്‍ ചെയ്തു ഒരു ബിയറും.

മൂന്നും നാലും ബിയര്‍ കഴിഞ്ഞതും ഭക്ഷണം വന്നു. മീറ്റു പ്രമാണിച്ച് നാട്ടില്‍ വച്ചുതന്നെ , കത്തിയും മുള്ളും ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന രീതികള്‍ ഇഡ്ഡലി/മസാലദോശ/ഉപ്പുമാവ് എന്നീ പലഹാരങ്ങളില്‍ ഉപയോഗിച്ച് പരിശീലനം നേടിയുരുന്നെങ്കിലും, ചിക്കന്‍ കഴിക്കുന്നത് അല്പം ശ്രമകരമായിരുന്നു. ആരും ശ്രദ്ധിക്കുന്നില്ല എന്നുറപ്പുവരുത്തി ഒരു ചിക്കന്‍ പീസെടുത്ത് മേശക്കടിയിലേക്കു കുനിഞ്ഞ് വായിലേക്കു തിരുകികയറ്റി. ഞാന്‍ കത്തിയും ഫോര്‍ക്കും വച്ചാണു കഴിക്കുന്നതെന്നു മറ്റുള്ളവര്‍ക്കു മനസ്സിലാവാന്‍, ഇടക്ക് ഇതെല്ലാം പ്ലേറ്റിലിട്ട് ഉരച്ചും തട്ടിയും ഒരു ഇഫക്റ്റ് വരുത്തി. ഭക്ഷണശേഷം ബില്ലു വന്നു. 76 ഫ്രാങ്ക് ആയിരുന്നു ബില്ല്. ഞാന്‍ ക്രെഡിറ്റ് കാര്‍ഡെടുത്ത് അതില്‍ വച്ചു. മീറ്റിനു വരാന്‍ ടിക്കറ്റും ലാപ്ടോപ്പും വാങ്ങാനായി സ്റ്റേറ്റ് ബാങ്കില്‍ നിന്നും 2 ലക്ഷം ലോണെടുത്തപ്പോള്‍ അവരു കോമ്പ്ലിമെന്ററി ആയി തന്നതാണു ഈ കാര്‍ഡ്. ആദ്യമായാണു ഉപയോഗിക്കുന്നത്. ബില്ലെടുത്ത് പോയ വെയ്റ്റര്‍ ശരം വിട്ട പോലെ തിരിച്ചെത്തി. കാര്‍ഡ് ഡിക്ലൈന്‍ഡ് ആണത്രേ. കാര്യമെന്താണെന്നു മനസ്സിലായില്ലെങ്കിലും, കാശു കൊടുക്കേണ്ടി വരും എന്നു മനസ്സിലായതോടെ പേഴ്സില്‍ നിന്നും നോട്ടുകളെണ്ണി അവനു നല്‍കി.

നാളെ മീറ്റിനുള്ള ഐസ് ബ്രേക്കിങ്ങ് പ്രസംഗം ഒന്നുകൂടി വായിച്ച് ഹൃദിസ്ഥമാക്കണം . തിരിച്ച് മുറിയിലെത്തി. നല്ല ക്ഷീണം റ്റി.വി. ഓണ്‍ ചെയ്തപ്പോള്‍ അതാ ഡിസ്പ്ലേയില്‍ സെലക്റ്റ് ദ പാക്കേജ് എന്നു. കൂടുതല്‍ മെനു ഓപ്ഷനുകള്‍ തിരഞ്ഞപ്പോള്‍ അതാ അഡല്‍ട്ട് എന്റര്‍റ്റെയിന്മെന്റ് പാക്കേജ്.. കൊള്ളാം.. ഞെക്കി നോക്കിയപ്പോള്‍ 24 മണിക്കൂറിനു 25 ഫ്രാങ്ക്. ഞെക്കി പാസ്വേഡും റൂം നമ്പറും അടിച്ചു. പിന്നെ സമയം പെട്ടെന്നു തന്നെ പോയി. ഐസ് ബ്രേക്കിങ്ങും പ്രസംഗവും പോട്ട് പുല്ല്!

പുലര്‍ച്ചെ മൂന്നുമണിയോടെ ഉറങ്ങാന്‍ കിടന്നു. മീറ്റിനെക്കുറിച്ചുള്ള ബോധം അപ്പോഴാണുദിച്ചത്. കൃത്യം 9 മണിക്ക് ഓര്‍ഗനൈസിങ്ങ് കമ്മറ്റി വന്നു മീറ്റ് ലൊക്കേഷം എല്ലാം പരിശോധിച്ച് ബ്ലീകരവാദി ശല്യം ഇല്ലെന്നുറപ്പു വരുത്തി 10 മണിക്കാണു തുടങ്ങുന്നത്. ഇത്രയും സീനിയര്‍ ബ്ലോഗറായ താന്‍ വൈകി ചെന്നാല്‍ മോശമല്ലേ. 10 മണിക്കു തന്നെ ചെല്ലണം . അലാം വച്ച് കിടന്നതേ ഓര്‍മ്മയുള്ളൂ. രാവിലെ എട്ടുമണിക്ക് മൊബൈല്‍ നിര്‍ത്താതെ അടിക്കുന്നതു കേട്ടാണു എനീറ്റത്. ഓര്‍ഗനൈസര്‍മാര്‍ ആരെങ്കിലുമാണോ എന്നോര്‍ത്ത് നോക്കിയപ്പോള്‍, അത് അലാം അടിച്ചതാണെന്നു മനസ്സിലായി. ധടുതിയില്‍ എഴുന്നേറ്റു കുളിച്ചു , പുതു വസ്ത്രങ്ങളുമണിഞ്ഞു കണ്ണാടിക്കു മുന്ന്നില്‍ നിന്നുകൊണ്ട് ഐസ് ബ്രേക്കിങ്ങ് പ്രസംഗം ഒന്നു കൂടി പരിശീലിച്ചു.

ലഗേജില്‍ നിന്നും കുറേ സാധനങ്ങള്‍ എടുത്ത് ഒരു ചെറിയ ബാഗിലാക്കി, തന്റെ നേരെ താഴെ വന്നു . സമയം 9-30 ഇനി ബ്രേക്ക്ഫാസ്റ്റിനുള്ള നേരമില്ല. വേഗം തന്നെ റെയില്പാത മുറിച്ചു കടന്നു മീറ്റു സ്ഥലത്തെത്തി. ബാഗിനു നല്ല ഭാരമുണ്ടായിരുന്നു. പറഞ്ഞ സ്ഥലത്ത് ആരെയും കണ്ടില്ല. ഞാന്‍ സംശയിച്ചു. ഇനി ലൊക്കേഷന്‍ മാറിപ്പോയോ.. ഗൂഗിള്‍ മാപ്പെടുത്ത് ഒന്നുകൂടി പരിശോധിച്ച. ഇല്ല സ്ഥലം ഇതു തന്നെ. കുറച്ചു വെയ്റ്റ് ചെയ്യാം. വാക്കിനുവിലയില്ലാത്ത പരട്ടകള്‍ 10 മണിയെന്നു പറഞ്ഞാല്‍ സമയത്തിനു വരണം. ഞാന്‍ അവിറ്റെ കണ്ട ഒരു ബഞ്ചിലിരുന്നു.

രാവിലെയായതിനാല്‍ അധികമാരുമില്ല അവിടെ. പലരും അതിലൂടെ കടന്നു പോകുന്നു, ഓരോരുത്തരേയും ഞാന്‍ പ്രതീക്ഷയോടെ നോക്കി.. ഇല്ല ഇവരൊന്നും ബ്ലോഗര്‍മാരല്ല, മുഖം കണ്ടാലറിയാം. സമയം 12 മണിയാവുന്നു. എനിക്കു ടെന്‍ഷനേറി,ഞാനറിയാതെ ഇനി മീറ്റു മാറ്റിവച്ചോ, കുറച്ചു ദൂരെ മാറിയിരിക്കുന്ന ഒരാളെ ഞാന്‍ ശ്രദ്ധിച്ചു. എവിടെയോ കണ്ട പരിചയം. സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസ്സിലായി, ഏതോ ബ്ലോഗിലെ പ്രൊഫൈല്‍ പടത്തിനു ഇദ്ദേഹവുമായി സാമ്യമുണ്ട്. അദ്ദേഹത്തിന്റെ കയ്യിലും ഒരു ബാഗുണ്ട്. ഒരുപക്ഷേ നാട്ടില്‍ നിന്നും നേരെ വന്നതാവാം. ഞാന്‍ സംശയിച്ച് അദ്ദേഹത്തോട് ചോദിച്ചു, യൂ ബ്ലോഗന്‍ ? യെസ് യെസ്, ഞാന്‍ ബ്ലോഗനാണു, എന്ന്നും പറഞ്ഞ് സന്തോഷപൂര്‍വ്വം അദ്ദേഹം ചാടിയെഴുന്നേറ്റു.

എന്റെപേരു മാത്തപ്പന്‍ കണ്ണോലി, മത്താപ്പു കവിതകള്‍ എന്ന ബ്ലോഗിന്റെ ഉടമസ്ഥന്‍ എന്നു പറഞ്ഞ് അദ്ദേഹം ബ്ലോഗും ബ്ലോഗിന്റെ ലിങ്കും പരിചയപ്പെടുത്തി. ഞാന്‍ എന്റെ ബ്ലോഗ് ലിങ്ക് അദ്ദേഹത്തിനും കൈമാറി. ഞങ്ങള്‍ ഒരുമിച്ച് ബഞ്ചിലിരുന്നു മലയാളം ബൂലോഗത്തെ നിലവാരത്തകര്‍ച്ചയെക്കൂറിച്ചും, ബ്ലോഗ് വര്‍ഗീയത, വിഭാഗീയത, എന്നിവയെക്കുറീച്ചും ഒരുപാടു നേരം സംസാരിച്ചു. അദ്ദേഹം ഇടക്ക് ബാഗ് തുറന്നു ഒരു പുസ്തകമെടുത്ത് എനിക്കു നീട്ടിക്കൊണ്ടു പറഞ്ഞു, എന്റെ ബ്ലോഗ് കവിതകളുടെ സമാഹാരമാണിത്, കണ്ണോലിയിലെ 10 സെന്റു പറമ്പു വിറ്റ് “വാട്ടര്‍ മെലന്‍ ബുക്ക്സ്” പ്രസിദ്ധീകരിച്ച സമാഹാരമാണിത്. ഉടനെ ഞാന്‍ എന്റെ ബാഗു തുറന്നു എന്റെ ഏറ്റവും പുതിയ 500 യാത്രാക്കുറിപ്പുകള്‍ എന്ന “ഡ്രംസ്റ്റിക്ക് ബുക്ക്സ് “ പുറത്തിറക്കിയ സമാഹാരമെടുത്ത് അദ്ദേഹത്തിനും നല്‍കി.

കൂടുതല്‍ സംസാരിച്ചപ്പോള്‍, മീറ്റിനിടയില്‍ പുസ്തകചന്തകൂടി നടത്താം എന്നുദ്ദേശിച്ചെത്തിയ ഒരേ തൂവല്‍ പക്ഷികളാണു അദ്ദേഹവും ഞാനുമൊക്കെ എന്നും കൂടി മനസ്സിലായി. അദ്ദേഃഅത്തിന്റെ സമാഹാരത്തിനു 15 ഫ്രാന്‍ക് ആണത്രേ ഉദ്ദേശിക്കുന്നത്. അപോള്‍ ബ്ലോഗ് പുലിയായ എന്റെ പുസ്തകം മിനിമം 25 ഫ്രാങ്ക് കിട്ടുജ്, 200 കോപ്പി ബാഗിലുണ്ട്. 5000 ഫ്രാങ്ക്..ഹോ, ഞാന്‍ മൊബൈലെടുത്ത് കറന്‍സി കണ്വെര്‍ട്ട് ചെയ്തു നോക്കി രണ്ടു ലക്ഷം..ഉം!

മീറ്റിനു എന്താ ആള്‍ക്കാര്‍ വരാത്തതെന്നോര്‍ത്ത് ഞങ്ങള്‍ ഉല്‍ക്കണ്ഠാകുലരായി.സമയം 1 മണിയായി. ഇനിയിപ്പോള്‍ ലഞ്ച് ഉണ്ടാവില്ലേ മീറ്റിനു? പല ചോദ്യങ്ങള്‍ ഞങ്ങളുടെ മനസ്സില്‍ തികട്ടി വന്നു. ഞാന്‍ ലാപ്ടോപ്പെടുത്ത് ഗിമെയിലില്‍ ലോഗിന്‍ ചെയ്തു. അതാ ഒരു പാടു ബ്ലോഗ് ഫ്രണ്ട്സ് ലൈനിലുണ്ട്. ലോഗിന്‍ ചെയ്തതും അശോകന്‍ കുരുവിപ്പാടം അയാളുടെ പുതിയ പോസ്റ്റിന്റെ ലിങ്ക് ജി-ടാക്കിലൂടെ അയച്ചു തന്നിട്ടു പറഞ്ഞു, വായിച്ചു കമന്റണേ.. ! മനുഷ്യന്‍ ഇവിടെ ടെന്‍ഷനടിച്ചിരിക്കുന്ന നേരത്താ അവന്റമ്മൂമ്മേടെ ലിംഗ്! കമന്റാം എന്നു മറുപടി കൊടുത്തു..ഉടക്കാന്‍ പറ്റില്ലല്ലോ, എന്റെ അടുത്ത പോസ്റ്റിനു അവന്‍ കമന്റില്ല. അല്ലെങ്കില്‍ അനോണി കമന്റിടും.

വേഗം, ഓണ്‍ലൈനില്‍ കണ്ട അടുത്ത ഫ്രണ്ടായ ഞണ്ണപ്പനോട് ഒരു ജി-ടോക്ക് മെസേജ് അയച്ചു ചോദിച്ചു താന്‍ വരുന്നില്ലേ മീറ്റിനു? ങേ, മീറ്റോ ഏതു മീറ്റ്, ഞണ്ണപ്പന്‍ അറിഞ്ഞിട്ടില്ല.. സൂറിക്ക് മീറ്റിനെക്കുറിച്ചും ഷിബു കുന്നം കുളത്തിന്റെ പോസ്റ്റിനെക്കുറിച്ചുമൊക്കെ വിശദീകരിച്ചുകൊടുത്തപ്പോള്‍ ഞണ്ണപ്പന്‍ ചിരിയോട് ചിരി. ഞാന്‍ അത്ഭുതത്തോടെ കാര്യം തിരക്കി. അപ്പോഴാണറീയുന്നത് ഷിബു കുന്നംകുളമല്ല പോസ്റ്റിട്ടത്, മറിച്ച് ഷിബു താമരക്കുളം ആണത്രേ, പോസ്റ്റു വായിക്കതെ ചുമ്മാ കമന്റടിച്ചാണു ശീലം പണ്ടേ, എന്നതിനാലാണു ഞാനതു ശ്രദ്ധിക്കാതെ പോയത്! എന്റെ തല പെരുക്കുന്നതു പോലെ തോന്നി..

സ്റ്റേറ്റ് ബാങ്കിലെ ലോണ്‍, ലാപ് ടോപ്പിന്റെ ലോണ്‍ അടവ്, ടിക്കറ്റിന്റെ കാശ്, സമാഹാരം അടിച്ചിറക്കിയ കാശ്.. അതൊക്കെ പോട്ടേ.. ഇപ്പോ നൊവോട്ടലില്‍ കൊടുക്കാനുള്ള റൂം റെന്റ്? അഡള്‍ട്ട് എന്റര്‍ട്ട്റ്റെയ്ന്മെന്റ് പാക്കേജിന്റെ കാശ്,,, ഈ ബുക്കു വിറ്റിട്ട് കൊടുക്കണമെന്നു കരുതിയതാ... സൂറിക്കിനു മുകളിലെ ആകാശം ഇടിഞ്ഞു എന്റെ തലയില്‍ വീഴുന്ന പോലെ എനിക്കു തോന്നി.

ഒന്നുമറിയാതെ വാപൊളിച്ചിരിക്കുന്ന മാത്തപ്പനെ കാര്യം പറഞ്ഞു മനസ്സിലാക്കി. ഞെട്ടിത്തെറിച്ച് മാത്തപ്പന്‍ പറഞ്ഞു, തനിക്ക് തിരിച്ചു പോവാന്‍ ടിക്കറ്റേലുമുണ്ട്... ഞാന്‍ ഇതു വിറ്റിട്ടുവേണം റിട്ടേണെടുക്കാന്‍ എന്നും കരുതിയാ വന്നത്.

അല്പ നേരത്തെ ചിന്തക്കു ശേഷം രണ്ടു പേരും കൂടി കുറച്ചു നീങ്ങി റോഡരികിലേക്കിരുന്നു, ഒരു പത്രത്താളെടുത്ത് തറയില്‍ വിരിച്ച് പുസ്തകങ്ങള്‍ അടുക്കി വച്ചു, ആ വഴി നടന്നു പലരും ഇതും നോക്കി കടന്നു പോയി. ഓരോ വഴിപോക്കനും പോകുമ്പോള്‍ അന്തരീക്ഷത്തില്‍ സന്തോഷിന്റേയും മാത്തച്ചന്റേയും സ്വരങ്ങള്‍ ഉയര്‍ന്നു കേട്ടു

‘സന്തോഷ്’സ് ലേറ്റസ്റ്റ് ബ്ലോഗ് ട്രാവലോഗ്- ഓണ്‍ലി 1 ഫ്രാങ്ക്..”..
അല്‍ട്രാ മോഡേണ്‍ പോയംസ് ബൈ മാത്തച്ചന്‍ - ഓണ്‍ലി 1 ഫ്രാങ്ക്...
ബൈ വണ്‍ ഗെറ്റ് ഫൈ ഫ്രീ!! സ്പെഷല്‍ ഓഫര്‍ -


ഇതേസമയം , അങ്ങ് ദൂരെ മരോട്ടിച്ചാലിലെ നെറ്റ് കഫേയില്‍ ഒരു പിസിയുടെ മുന്‍പില്‍ തന്റെ ഇന്‍ബോക്സിലേക്കു നോക്കി ഞണ്ണപ്പന്‍ പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു, അവന്‍ സന്തോഷ് ഈപ്പന്‍ കുളങ്ങര അല്ല.. സന്തോഷ് ഊ*&^% കുളങ്ങരയാ.. ഹഹഹ!

Read more...

Zurich ബ്ലോഗ് മീറ്റ്- 2009 - പാര്‍ട്ട്-1

-നമസ്കാരം-

എന്നെ അറീയാമല്ലോ ? ഞാന്‍ സന്തോഷ് ഈപ്പന്‍ കുളങ്ങര. സന്തോഷിന്റെ ബ്ലഞ്ചാര ലോകം എന്ന ബ്ലോഗിന്റെ ഉടമസ്ഥനും എഴുത്തുകാരനും കമന്റ് മോഡറേറ്ററും കൂടിയാണു ഞാന്‍. 12, 32, 223 ഹിറ്റുകളും (മുഖത്തല്ല) 988 ഫോള്ളോവേഴ്സും 500 ഇല്‍ അധികം പോസ്റ്റുകളും ഓരോ പൊസ്റ്റിനും നൂറ്റമ്പതോളം കമന്റുകളുമുള്ള എന്നെ, നിങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നതുതന്നെ വിരൊധാഭാസമാണെന്നറിയാം, പക്ഷേ എന്തു ചെയ്യാം.. നാലാളും ഒരു ക്യാമറയും കണ്ടാല്‍ എന്റെ പേരും, ബ്ലോഗിന്റെ പേരും ലിങ്കുമടക്കം പരിചയപ്പെടുത്തുന്നത് ശീലമായിപ്പോയി. (ഇതൊരു രോഗമാണോ ഡോക്റ്റര്‍?- ആവണക്കെണ്ണ, ഒതളങ്ങ, മഞ്ചാടിക്കുരു എന്നി ബ്ലോഗുകള്‍ സമം ചേര്‍ത്ത് വായിച്ചാല്‍, സോറി, എന്നീ ഒറ്റമൂലികള്‍ സമം ചേര്‍ത്തു കഴിച്ചാല്‍ ഇതിനൊരു ശമനമുണ്ടാകുമെന്നു ബ്ലോഗിലെ പ്രശസ്ത ഭിഷഗ്വരനായ അനോണി മാഷിന്റെ ഒരു പോസ്റ്റില്‍ കണ്ടിരുന്നു)

അത് പോട്ടെ. ഞാനിപ്പോള്‍ നില്‍ക്കുന്നത് കൊച്ചിന്‍ ഇന്റെര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ്. എന്റെ ചുറ്റിലും യാത്രക്കാരുടെ തിരക്ക്. പല ദേശങ്ങളിലേക്കു പോകുന്ന യാത്രക്കാര്‍, കുഞ്ഞുങ്ങളെയുമെടുത്ത അമ്മമാര്‍. ഞാന്‍ എവിടെ നില്‍ക്കുന്നു എന്നല്ല, എങ്ങാട്ട് പോകുന്നു എന്നതാണു പ്രധാനം. ഡൈജസ്റ്റ് എയര്‍വേസിന്റെ BP-212 കൊച്ചിന്‍-സൂറിക് (ബോംബേക്കാരു ജൂറിച്ച് എന്നും ജൂറിക്ക് എന്നും പറയും) വിമാനത്തിനായി കാത്തു നില്‍ക്കുകയാണു ഞാന്‍. അതി പ്രശസ്ത ബ്ലോഗറും സംഘാടകനുമായ ഷിബു കുന്നംകുളം സംഘടിപ്പിക്കുന്ന "സൂറിഖ് ഇന്റര്‍നാഷണല്‍ ബ്ലോഗ് മീറ്റ് 2009"ഇല്‍ പങ്കെടുക്കാനായി സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് പോകയാണു ഞാന്‍. ഈ ബ്ലോഗ് മീറ്റിന്റെ അറിയിപ്പും തുടം കോലാഹലങ്ങളും, ആയിരുന്നല്ലോ ഈയടുത്ത് വര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നത്.

ബോര്‍ഡിങ്ങ് പാസും പിടിച്ച് വായും പൊളിച്ചുള്ള നില്പ് കുറേ നേരമായി. അത്യാവശ്യം കളറുകളെയൊക്കെ കണ്ട് മതിയായപ്പോള്‍ ഞാന്‍ മെല്ലെ ഇമിഗ്രേഷനിലേക്കു നടന്നു. എന്റെ മുന്നില്‍ നില്‍ക്കുന്നത് ഒരു അര്‍ജന്റീനക്കാരനാണെന്നു തോന്നുന്നു മറഡോണയുടെ ഒരു ലുക്ക്. ക്വൂവില്‍ നിന്നും ഓഫീസര്‍ എന്നെ വിളിച്ചു "എന്നാ കോപ്പിനാടാ എരപ്പാളി നീയാ ക്വ്യൂവില്‍ നിക്കുന്നേ, അത് ഫോറിനേഴ്സിനുള്ള ക്വ്യൂവാ" അല്ല സാറേ ഞാനും ഒരു ഫോറിന്‍ കാരനാ, പണ്ടു അഞ്ചു വര്‍ഷം ഗള്ഫില്‍ ഉണ്ടായിരുന്നു എന്നു പറഞ്ഞതൊന്നും അയാള്‍ സമ്മതിച്ചില്ല. എന്റെ പാസ്പോര്‍ട്ട് വാങ്ങി പാസ്സ്പോര്‍ട്ടും വിസയുമൊക്കെ പരിശോധിച്ച് യെന്നാ പുഴുങ്ങാനാ സൂറിക്കിലേക്ക് എന്ന ഭാവേന നോക്കി., ശേഷം പാസ്സ്പോര്‍ട്ടില്‍ ഒരു സീല്‍ ആഞ്ഞടിച്ചു. ആ അടി അങ്ങേരെന്റെ മുഖത്തടിച്ചിരുന്നെങ്കില്‍ താടിയെല്ലു തകര്‍ന്നു ഞാന്‍ സമാധിയായേനേ എന്നു ഞാനോര്‍ത്തു.

കസ്റ്റംസുകാരന്‍ ചേട്ടന്‍ എന്നെ ഒരു പലകപ്പുറത്ത് കയറ്റി നിര്‍ത്തി ദേഹത്ത് പലയിടത്തും പരതി നോക്കി, എനിക്ക് ഇക്കിളിയായെങ്കിലും ഡെല്‍ഹി ഹൈക്കോടതി വിധി മുന്‍പ് കേട്ടിരുന്നതിനാല്‍ പ്രശ്നമൊന്നും തോന്നിയില്ല. എന്നാലും പോലീസുകാരിലും ഇമ്മാതിരി ടീമുകളുണ്ടല്ലോ എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടു- കസ്റ്റംസു പരിശോധനക്കുശേഷം ഞാന്‍ നേരെ ലോഞ്ചിലേക്കു നടക്കുന്നതിനിടയില്‍ വിവിധ രീതിയില്‍ മദ്യക്കുപ്പികള്‍ ആലങ്കാരികമായി നിരത്തി വച്ചിരിക്കുന്ന ഒരു ചെറിയ കട കണ്ടു. ഡ്യൂട്ടി ഫ്രീ ഷോപ്പ് എന്നാണത്രേ ഇതിനു പറയുന്നത്. മദ്യക്കുപ്പികളുടെ ആകര്‍ഷണീയതയില്‍ മയങ്ങിയ ഞാന്‍ അകത്തു കയറി ഒരു ജാക്ക് ഡാനിയേലെടുത്ത് കാശു കൊടുത്ത ശാഷം കവര്‍ ഊരിയെറിഞ്ഞ് അരയില്‍ തിരുകി ലോഞ്ചില്‍ വന്നിരുന്നു. ഇതിനിടയില്‍ അനൌണ്‍സ്മെന്റു വന്നു ഡൈജസ്റ്റ് എയര്‍വേസിന്റെ ബജറ്റ് വിമാനം 14 മണിക്കൂര്‍ ലേറ്റാണത്രേ. യാത്രക്കാരില്‍ ചിലര്‍ ഗ്രൌന്റ് സ്റ്റാഫിനോട് തര്‍ക്കിക്കുന്നതും ശ്രദ്ധിച്ചു കൊണ്ട് ഞാന്‍ അരയിലെ കുപ്പി പുറത്തെടുത്ത് രണ്ടു കവിള്‍ മോന്തി. 12 മണിക്കൂറ് കാത്തിരിപ്പ്.. ഇനി 2 കുപ്പി കൂടി വാങ്ങേണ്ടി വരുമല്ലോ കര്‍ത്താവേ എന്നു ചിന്തിച്ചു.

ഇതിനിടക്ക് ഞാന്‍ എന്റെ ഡെല്‍ ഇന്‍സ്പിരേഷന്‍ 1450 ( കോര്‍-2 ഡുവോ 2.2 ജി.ഹേട്ട്സ്, 2 ജി.ബി റാം) ലാപ്പ്ടോപ്പെടുത്ത് മടിയില്‍ വച്ചു. ചുറ്റുമിരുന്ന പലരും എന്നെ സാകൂതം അത്ഭുതത്തോടെ വീക്ഷിക്കുന്നു.. ഞാനൊരു പുലി തന്നെ എനിക്കും തോന്നിത്തുടങ്ങി. ഫ്രീ വയര്‍ലെസ് കണക്ഷന്‍ ഉണ്ടായിരുന്നതിനാല്‍ വേഗം ഇന്റര്‍നെറ്റു കണക്റ്റ് ചെയ്ത് എന്റെ ബ്ലോഗ് അഡ്രസ്സ് തുറന്നു. എന്റെ 534 ആമത്തെ പോസ്റ്റായ അട്ടപ്പാടിയിലേക്കൊരു വനയാത്ര"എന്ന പോസ്റ്റു നോക്കി. 98 കമന്റേ ആയിട്ടുള്ളൂ, ഏതെങ്കിലും ഒരു എരപ്പാളി കൂടി കമന്റിട്ടാല്‍, നന്ദി കമന്റ് ഇട്ട് ഇത് 100 തികക്കാം.. ഞാന്‍ പ്ജ് റിഫ്രഷ് ചെയ്തുകൊണ്ടേയിരുന്നു, മണിക്കൂറുകള്‍ നീങ്ങി, ആരു വരാന്‍. ഇതിനിടക്ക് ഡൈജസ്റ്റ് എയര്‍വേസിന്റെ വിമനം വന്നു പണ്ടാരമടങ്ങി എന്നു അനൌണ്‍സ്മെന്റ് വന്നതും ഞാന്‍ പോസ്റ്റില്‍ ഒരു അനോണി കമന്റിട്ടു "കലക്കി സന്തോഷേ !" ശേഷം, എന്റെ ഐഡിയില്‍ നിന്നും ലോഗിന്‍ ചെയ്ത് 95 മുതല്‍ 99 വരെയുള്ള കമന്റുകള്‍ക്കെല്ലാം നന്ദി പ്രകാശിപ്പിച്ചു. ഓരോ 5 കമന്റു കഴിയുമ്പോഴാണല്ലോ ഞാന്‍ നന്ദിപ്രകാശനം നടത്താറുള്ളത്. ആര്‍ക്കെങ്കിലും നന്ദി പറയാന്‍ മറന്നോ എന്നു രണ്ടാമതൊന്നുകൂടി വിശദമായി പരിശോധിച്ചുറപ്പു വരുത്തി ഞാന്‍ വേഗം വിമാനത്തിലേക്കു നടന്നു.

കൊള്ളാം, നല്ല കിണ്ണന്‍ മൊതലുകള്‍, എയര്‍ ഹൊസ്റ്റസ്.. എന്തായാലും എന്റര്‍ടെയിന്മെന്റിനു കുറവുണ്ടാവില്ല.. കൌണ്ടറില്‍ നിന്നും ഇരന്നു വാങ്ങിയ വിന്‍ഡോ സീറ്റില്‍ ചെന്നിരുന്നു ഞാന്‍ ചുറ്റും വീക്ഷിച്ചു. യാത്രക്കാര്‍ അവരുടെ ബാഗെല്ലാം മുകളിലെ ലോക്കറില്‍ വക്കുന്നു. ഞാനും ഒരെണ്ണം തുറന്നു ബാഗ് അങ്ങോട്ടു വച്ചു. ആദ്യമായുള്ള ആകാശയാത്രയാണെന്നുള്ള ടെന്‍ഷനൊന്നും ഞാന്‍ കാണിച്ചില്ല. കൈ ചെറുതായി വിറക്കുന്നുണ്ട്.. അത് ടെന്‍ഷന്‍ മൂലമല്ല, മറിച്ച് മദ്യപിക്കാത്തത്തിന്റേയാ. എന്റെ കൈ അരയിലെ കുപ്പിയിലേക്കു നീണ്ടു.

വിമാനം മെല്ലെ നീങ്ങി തുടങ്ങി. എയര്‍ ഹോസ്റ്റസ് മുന്നില്‍ അന്നു നിന്നു എന്തോ ചേഷ്ടകള്‍ കാണിക്കുന്നുണ്ട്. ഞാന്‍ അവളേ ശ്രദ്ധിച്ചതേയില്ല, കാരണം അവളുടെ അപ്പുറത്ത് കുറച്ചു നീങ്ങി കാണാന്‍ കുറച്ചുകൂടി മെച്ചപ്പെട്ട ഒരുത്തി നില്‍ക്കുന്നുണ്ടായിരുന്നു. എന്റെ സീറ്റിന്റെ നിരയില്‍ ഞാന്‍ മാത്രം , എതിര്‍ വശത്ത് ഒരു മദാമ്മയും. വിമാനം സ്പീഡു കൂടുന്തോറും എന്റെ നെഞ്ചിടിപ്പും കൂടി, അവസാനം ആകാശത്തേക്കുയര്‍ന്ന നിമിഷത്തില്‍ എന്റെ അന്തരാളങ്ങളില്‍ നിന്നൊരു ടര്‍ക്കിക്കോഴി ചിറകടിച്ചു പറന്നുപോയി.. ഞാന്‍ ആം റെസ്റ്റില്‍ ബലമായി പിടിച്ചിരുന്നു.

അല്പസമയത്തിനകം തന്നെ ഹോസ്റ്റസ് ഉന്തുവണ്ടിയും തള്ളി വന്നു എന്നോടു ചോദിച്ചു, യു ലൈ റ്റു ഡ്രിങ്ക് സംതിങ്ങ് സര്‍? ചൂടല്ലേ, ഷുഗര്‍ പേഷ്യന്റല്ലേ, ഞാന്‍ പറഞ്ഞു ബ്രാണ്ടി. അവള്‍ ഒരു ഗ്ലാസ്സില്‍ അടി നനയും വിധം മാത്രം അല്പം ബ്രാന്റിയൊഴിച്ച് എനിക്കുനേരെ നീട്ടി. ഒറ്റ വലിക്ക് അകത്താക്കും മുന്‍പ് ഞാന്‍ ആ ശബ്ദം കേട്ടു. 6 ഡോളര്‍ സര്‍. ഭാഗ്യം.. കുടിച്ചിരുന്നേല്‍ വെവരമറിഞ്ഞേനേ.. ബ്രാണ്ടിയടിച്ചാല്‍ ഐ വൊമിറ്റ് എന്നും പറഞ്ഞ് ഞാന്‍ ഗ്ലാസ് അവള്‍ക്ക് തിരികെ നല്‍കി.. 6 ഡോളറേ.. 300 രൂപക്ക് എത്ര ഫുള്ളു വാങ്ങാം ബീവറേജസീന്നു..ക്വൂ നില്‍ക്കണമെന്നല്ലേയുള്ളൂ.. ഞാനങ്ങു സഹിച്ചു. അവള്‍ പോയതും ഞാന്‍ അരയില്‍ നിന്നും കുപ്പിയെടുത്ത് 2 കവിള്‍ മോന്തി. എതിര്‍വശത്തെ മദാമ്മ എന്നെ തന്നെ ശ്രദ്ധിക്കുന്നു. അവള്‍ക്കു വേണമോ എന്തോ? കുപ്പിയില്‍ ഇനി അധികം ബാക്കിയില്ല, അല്ലെങ്കില്‍ ഒരു പെഗ് ഓഫര്‍ ചെയ്ത് അവളെ മടിയില്‍ സോറി, അരികില്‍ ഇരുത്താമായിരുന്നു.


ഞാന്‍ കാമറ ഓണാക്കി വിന്‍ഡോയിലൂടെ രണ്ടു ഫോട്ടോ എടുത്തു. ബ്ലോഗിലിടണം, മേഘപാളികളിലൂടെ മീറ്റിലേക്ക് എന്ന അടിക്കുറിപ്പോടെ-

മേഘപാളികള്‍ക്കിടയിലൂടെ മീറ്റിലേക്കൊരു പ്രയാണം


നല്ല വിശപ്പ്. ആര്‍ത്തിയോടെ ഞാന്‍ എയര്‍ ഹോസ്റ്റസുമാരെ നോക്കിയെങ്കിലും, ഭക്ഷണം കിട്ടുന്ന ലക്ഷണമില്ല. കാശുകൊടുത്ത് ഇതിനകത്തൂന്നു കഴിക്കാനും വയ്യ. മെല്ലെ ഉറക്കത്തിലേക്കു ഞാന്‍ വഴുതിവീണു...അനൌണ്‍സ്മെന്റ് കേട്ടിട്ടാണ് ഞെട്ടിയെഴുന്നേറ്റത്. വിമാനം സൂറിക്കിനു മുകളില്‍ എത്തിയിരിക്കുന്നു വല്ലാത്തൊരു ശബ്ദത്തോടെ അത് ലാന്റു ചെയ്തു. ഞാന്‍ സീറ്റു ബെല്‍റ്റു വിടുവിച്ച് കുപ്പിയിലെ ബാക്കികൂടി അവസാനിപ്പിച്ച് കാലിക്കുപ്പി സീറ്റിനടിയിലേക്കിട്ടു.

വിമാനം റണ്വേയിലൂറ്റെ നീങ്ങിക്കൊണ്ടിരിക്കയാണ്, ആദ്യം തന്നെ ഇറങ്ങാന്ആയി ഞാന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് ഓവര്‍ഹെഡ് ലോക്കര്‍ തുറന്നു എന്റെ ബാഗെടുത്തു. പോയി സീറ്റിലിരിക്കടാ പരട്ടേ എന്നലറി വിളിച്ച് ഒരു എയര്‍ ഹൊസ്റ്റസ് ഓടി വന്നു. എന്തു നല്ല കൊച്ചാണെന്നാ ഞാന്‍ കരുതിയത്, ഇവളിത്രക്കു ഭദ്രകാളി ലൈന്‍ ആണോ, ഞാന്‍ തിരിച്ചു സീറ്റിലിരുന്നു. വിമാനം നിന്നതും ഓടി മുന്‍ വശത്തെ ഡോറിനരുകില്‍ ചെന്നപ്പോഴാണറിയുന്നത്, ഇറങ്ങേണ്ടത് പുറകിലെ ഡോറിലൂടെയാണെന്നു. ക്വൂവില്‍ നിന്ന് ഏറ്റവുമവസാനം വിമാനത്തില്‍ നിന്നിറങ്ങി ഞാന്‍ ടെര്‍മിനലിലേക്കു നടന്നു.

ചുറ്റും യാത്രക്കാര്‍ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് നടക്കുന്നുണ്ട്. എസ്കലേറ്റര്‍ ഇറങ്ങി ചെന്നത് ഒരു വലിയ ഹാളികേക്കാണു. അവിടെ ഒരു റെയില്വേ സ്റ്റേഷന്റെ കെട്ടും മട്ടും. വേറേ യാതൊന്നുമില്ല. ഇവിടെ എമിഗ്രേഷനും കസ്റ്റംസും ഒന്നുമില്ലേ, ഞാന്‍ സംശയിച്ചു ഇത്ര ഈസിയാണോ? ചുമ്മാതല്ല ഷിബു സൂറിക്കില്‍ തന്നെ ബ്ലോഗ് മീറ്റ് അറേഞ്ച് ചെയ്തത്, എല്ലാവര്‍ക്കും പങ്കെടുക്കാമല്ലോ.. അപാരം തന്നെ ഷിബൂ ഒന്നൊന്നര ബുദ്ധി തന്നെ!.. ഉഗ്രന്‍, അസ്സലായി, കലക്കി കട്ടിലൊടിച്ചു,

ഇതിനിടക്ക് ഒരു ട്രെയിന്‍ വന്നു നിന്നു, ഹാളിന്റെ ആ വശത്തെ വാതില്‍ തുറന്നു , പല യാത്രക്കാരും അതില്‍ കയറീ. എനിക്കങ്ങനെ കയറാനാവില്ലല്ലോ.. എന്റെ ലഗേജ് ഇല്ലാതെ എങ്ങനെ പോവും? അതിലല്ലേ, മീറ്റിനിടാനായി വാങ്ങിയ പുതിയ ജീന്‍സും ടീഷര്‍ട്ടും ജട്ടിയുമൊക്കെ? അതിലുപരി, മീറ്റിന്റെ ഐസ് ബ്രെയ്ക്കിങ്ങിനായി"ഉള്ള 6 പേജ് പ്രസംഗവും അതിലല്ലേ ? ജട്ടിയില്ലേലും പോട്ട്, മീറ്റിനു പ്രസംഗിച്ചില്ലേല്‍ പോയില്ലേ കാര്യം!

സംശയത്തോടെ ഞാന്‍ അടുത്തു കണ്ട മദാമ്മയോട് ഇംഗ്ലീഷില്‍ ചോദിച്ചു..

ഐ കമിങ്ങ് ഹിയര്‍, മൈ ബേയ്ഗ് നോട്ട് കമിങ്ങ് ഹിയര്‍ ..വൈ?

"വാട്ട്? അവള്‍ക്കൊന്നും മനസ്സിലായില്ലെന്നു തോന്നുന്നു, പാവം.. മീറ്റു പ്രമാണിച്ച് ഞാന്‍ പതിച്ച് റാപ്പിഡെക്സ് ഇംഗ്ലീഷ് സ്പീക്കിങ്ങ് ക്രാഷ് കോഴ്സ് ഇന്‍ 7 ഡേയ്സ് എന്ന കോഴ്സിന്റെ നിലവാരം എന്നെ അത്ഭുതപ്പെടുത്തി, മനസ്സാ പഠിപ്പിച്ച് ജോഷി സാറീനു നന്ദി പറഞ്ഞു എന്നിട്ട് കുറച്ചു കൂടി സിമ്പിളാക്കി കയ്യും കാലും ഒക്കെ ചേര്‍ത്ത് ആംഗ്യഭാഷയില്‍ ചോദിച്ച ഇംഗ്ലീഷ് അവള്‍ക്ക് മനസ്സിലായി, മറുപടി വന്നു..

"യു വെയ്റ്റ് ഹിയര്‍, റ്റേക് ദ നെക്സ്റ്റ് റ്റ്രെയ്ന്‍, കലക്റ്റ് ദ ബാഗേജ് ഫ്രം ദ മെയിന്‍ റ്റെര്‍മിനല്‍". ഹോ അത്ഭുതം തന്നെ.. . മൈ ബേയ്ഗ് കമിങ്ങ് ഇന്‍ ട്രെയിന്‍? ഞാന്‍ സംശയം തീര്‍ക്കാന്‍ വീണ്ടും ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു. "വെയ്റ്റ് ഏന്റ് ഫോളോ മീ.." ( ഹീശ്വരാ.. വല്ലതും തരാവ്വോ! ചുമ്മാ ആഗ്രഹിച്ചു)

പിന്നെ മനസ്സിലായി, ഇവിടന്നു ട്രെയിനെടുത്ത് മെയിന്‍ ടെര്‍മിനലില്‍ പോയാല്‍ അവിടെയാണു എമിഗ്രേഷനും ബാഗേജ് ക്ലെയിമും ഒക്കെ.. ഹോ മെനക്കേട്! ചുറ്റും നോക്കി, എന്റെയരുകില്‍ ഒരു താടിക്കാരന്‍.. വല്ല ബ്ലീകരവാദിയുമാണോ രെന്തോ.. മീറ്റു തകര്‍ക്കാന്‍ ഭീകരവാദികള്‍ വരാന്‍ സാധ്യതയുണ്ടെന്നു ഏതോ പോസ്റ്റില്‍ വായിച്ചതോര്‍ത്തു. താടിക്കാരന്റെ മുഖം മനസ്സില്‍ വരച്ചിട്ടു. വല്ല തെളിവെടുപ്പിനുമായി ആവശ്യം വന്നാലോ. ഇരമ്പലോടെ ട്രെയിന്‍ വന്നു നിന്നു.. മദാമ്മ ട്രെയിനിലേക്കു നടന്നതും, അവളുടെ പുറകേ , പുറകുവശം സസൂക്ഷ്മം വീക്ഷിച്ചു കൊണ്ട് ഞാനും നടന്നു.

(സമയം കിട്ടിയാല്‍ തുടരും)

Read more...
© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.