-- എ ബ്ലഡി മല്ലു --

റഷ്യന്‍ മീഡിയേഷന്‍

Monday, February 23, 2009

ബാങ്കില്‍ നിന്നിറങ്ങി, വണ്ടിയില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു. ഏ.ടി.എം കാര്‍ഡും, കാഷും പോക്കറ്റില്‍ തന്നെയില്ലെ എന്നൊന്നുകൂടി ഉറപ്പു വരുത്തി, റേഡിയോ ഓണ്‍ ചെയ്തപ്പോള്‍ എഫ്.എം നിലയത്തില്‍ നിന്നുള്ള ഗോള്‍ഡന്‍ ഹിറ്റ് കാതില്‍ ഒഴുകിയെത്തി..

"സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ, സ്വപ്നം പീലി നീര്‍ത്തി വന്നതോ..
ഈശ്വരന്റെ ചിന്തയില്‍ അഴകെഴുന്നതത്രയും, ഇവിടെയൊന്നു ചേര്‍ന്നു വന്നതോ.."

യേശുദാസിന്റെ മനോഹര ശബ്ദത്തില്‍ , അതും ആസ്വദിച്ച്, ഗിയര്‍ "ഡി"യിലേക്കിട്ട്, പാര്‍ക്കിങ്ങില്‍ നിന്നും എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഞാനൊന്നു നോക്കി..

ഹോ, പാട്ടിനു ചേര്‍ന്ന ഒരു സീന്‍ അതാ മുന്നില്‍..
അതി സുന്ദരിയായൊരു റഷ്യന്‍ യുവതി വണ്ടിക്കു മുന്നിലൂടെ സര്‍വീസ് റോഡ് കുറുകെ കടന്നു മെയില്‍ റോഡിലെ ടാക്സി സ്റ്റോപ്പിലേക്ക് നടക്കുന്നു. എങ്ങനെ വര്‍ണ്ണിക്കും..സ്വര്‍ഗ്ഗത്തില്‍ നിന്നുമിറങ്ങി വന്നതു തന്നെ, സോറി, സ്വര്‍ഗ്ഗത്തിലെ ഏതോ ഡിസ്കോ ക്ലബ്ബില്‍ നിന്നും..


5.5 അടിയോളം ഉയരം, കേറ്റ് വിന്‍സ്ലറ്റ് ഫോട്ടോഷോപ്പിലെ റെഡ് ഫില്റ്ററിലൂടെ ഒന്നു കയറിയിറങ്ങി, അല്പം കൂടി ഒന്നു തടിച്ച പോലെയുള്ള ശരീരം, പെര്‍ഫക്റ്റ് ബോഡി ഷേപ്പ്..ആകെക്കൂടി ഒരു കുറവെന്നു പറയാനുള്ളത് തുണിയാണ്. സീത്രൂ ടോപ്പ്, അടിച്ചപ്പോ തുണി തികയാഞ്ഞതാണോ, അതോ പാവം ഒരു 10 കൊല്ലം മുന്‍പ് ഉപയോഗിച്ചതാണോ.. തീര്‍ച്ചപ്പെടുത്താനാവില്ല..

ഓണം/ വിഷു പോലുള്ള വിശേഷദിവസങ്ങളിലൊക്കെ നാട്ടിലെ സോമേട്ടന്റെ 1210 ലോറിയുടെ ബമ്പറിന്റെ ഫ്രണ്ടില്‍ മാല തൂക്കിയിട്ട പോലെ കൊച്ചു ഷാളു പോലെ എന്തോ കഴുത്തിലൂടെ തൂക്കിയിട്ടിട്ടുണ്ട്,അതുകൊണ്ട് സംഗതികളൊക്കെ ഇന്‍‌ടാക്റ്റ് ആയിട്ടു നിക്കുന്നുണ്ട്. കഷ്ടി 12 ഇഞ്ച് നീളത്തില്‍ വച്ച് പഴയൊരു ജീന്‍സ് മുറിച്ചിരിക്കുന്നു..അതാണെങ്കിലോ ഫുള്‍ ടൈറ്റും, മൊത്തം ശരീരത്തിന്റെ 85% ഏരിയാവും ഷാര്‍ജയിലെ മന്ദമാരുതന്‍ വാരിപ്പുണര്‍ന്നുകൊണ്ടേയിരുന്ന ആ റഷ്യന്‍ വെണ്ണക്കല്‍ ശില്പത്തിനെ കണ്ടാല്‍ നയന്‍ താര/മമത മാരു വരെ "ശ്ശോ"ന്നും പറഞ്ഞ് നാണിച്ച് മൂക്കത്ത് വിരല്‍ വയ്ക്കും.. ആരു കണ്ടാലും, ഒന്നല്ല, പലവട്ടം നോക്കിപ്പോകും, എന്നു മാത്രമല്ല.. ഒരേസമയം എങ്ങോട്ടൊക്കെ നോക്കും എന്നൊരു കണ്‍ഫ്യൂഷനുണ്ടാകുമെന്നു മാത്രം.

ആ സൌന്ദര്യ ധാമത്തെ ഒന്നു നോക്കിയ ഞാന്‍ ഗിയര്‍ ഡി- യില്‍ നിന്നും മാറ്റി ന്യൂട്രലിലേക്കു തന്നെയിട്ടു. അവളാണെങ്കില്‍ ടാക്സി സ്റ്റോപ്പില്‍ ചെന്നു ടാക്സിക്കോ, അതോ അതിലേ പോകുന്ന ഏതെങ്കിലുമൊരു "റേഞ്ച് റോവറോ" കാത്ത് നില്‍പ്പായി. ഞാന്‍ ചുറ്റുമൊന്നു കണ്ണോടിച്ചു ആ പരിസരത്തുള്ളവര്‍ മുഴുവന്‍ ലവളേയാണു നോട്ടം, എന്തിനധികം ടാക്സിക്കു നില്‍ക്കുന്ന ഒന്നു രണ്ടു മല്ലു ചേച്ചിമാരടക്കം, അസൂയക്ക്കണ്ണോടെ... പോരാത്തതിനോ, മെയിന്‍ റോഡില്‍ ട്രാഫിക്കില്‍ കുരുങ്ങിക്കിടക്കുന്ന പലരുടേയും കണ്ണുകളുടേയും ഫൈനല്‍ ഡെസ്റ്റിനേഷന്‍ ഈ റഷ്യന്‍ സുന്ദരി തന്നെ. ഇത്രയും സുന്ദരിയായൊരുവളെ പട്ടാപ്പകല്‍ പൊതുജന മധ്യത്തില്‍ ഒറ്റക്കിട്ടു പോവുന്നതെങ്ങനെ, അവള്‍ക്കൊരു ടാക്സി കിട്ടിയിട്ടു പോയാല്‍ മതിയെന്നു ഞാനും നിരീച്ചു, ഒരു 10 മിനിറ്റ് നേരത്തേക്ക് ഏതെങ്കിലും ടാക്സി ആ പരിസരത്തു വന്നിരുന്നെങ്കില്‍, അവളതില്‍ കയറി പോയിരുന്നെങ്കില്‍, ഞാനടക്കം അവിടെയുള്ള സകലവനും ആ ടാക്സിക്കാരന്റെ തന്തക്കു വീളിച്ചേനേയെന്നതു മൂന്നരത്തരം.

മതി, എന്തായാലും പോയേക്കാം എന്നോര്‍ത്ത് വീണ്ടും വണ്ടിയെടുക്കാനായി മിററില്‍ നോക്കുയപ്പോഴാണു, ദാ, മദീന സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും രണ്ടു ഡെലിവറി ബോയ്സ്,2 സൈക്കിളില്‍ വരുന്നു, പുറകിലെ കാരിയറില്‍ ഡെലിവറി ഐറ്റംസ്, രണ്ടു പേരുടായും കൈകള്‍ സൈക്കിള്‍ ഹാന്‍ഡിലിലും, കണ്ണുകള്‍ റഷ്യക്കാരിയിലും. രണ്ടു പേരും ഇടക്കെന്തോ രഹസ്യം പറയുന്നുമുണ്ട്.. "നോക്കിയേടാ ഒരു മൊതല്‍" എന്നാവുമെന്നുറപ്പ്.. സൈക്കിള്‍ നേരെ പോവുന്നുണ്ട്..റഷ്യക്കാരിയെ കടന്നു പോകുന്നതും രണ്ടു പേരുടേയും തലകളും ഇടത്തോട്ട് തിരിയുന്നുമുണ്ട്. ഇവരെ ശ്രദ്ധിച്ചിരുന്ന എനിക്ക് രസം കയറി.. വീണ്ടും വണ്ടി ന്യൂട്രലാക്കിയിട്ടു. ആ സമയത്താനു ദാ വലതു വശത്തൂന്നു രണ്ടു പച്ചകള്‍ (പാക്കിസ്ഥാനികള്‍) വരുന്നത്. രണ്ടു പേരുടേയും ശ്രദ്ധ അതീവ ജാഗ്രതയോടെ റഷ്യന്‍ യുവതിയിലോട്ടാണു.. മല്ലു പിള്ളാരെപ്പോലെ അവര്‍ അങ്ങോട്ടുമിങ്ങോട്ടും കമന്റുപറയുന്നില്ല, മറിച്ച് ഒറ്റക്ക് സൌന്ദര്യാസ്വാദനം നടത്തുന്നു.. രണ്ടു പേരും കൈകള്‍കൊണ്ട് ശ്രീമൂലനഗരം റേഡിയോ സ്റ്റേഷന്റെ ടവറില്‍ ഫൈന്‍ റ്റ്യൂണിങ്ങ് നടത്തുന്നുമുണ്ട്. വൃത്തികെട്ടവന്മാര്‍ എന്നു മനസ്സില്‍ പറഞ്ഞ് ഞാന്‍ റോഡിലേക്കു ശ്രദ്ധിച്ചതും, പിന്നെയവിടെ കേട്ടത് പതക്കോം എന്ന ഒരു ശബ്ദമാണ്. മുന്നിലോട്ട് നോക്കിയതും മലയാളി ഡെലിവറി ബോയ്സിനേയും, പച്ചകളേയും കാണാനില്ല.. നിന്ന നില്‍പ്പില്‍ ഇവന്മാരെവിറ്റെപ്പോയി എന്നു വണ്ടറടിച്ച് താഴോട്ട് നോക്കിയപ്പൊഴാണു കണ്ടത്..

ഏറ്റവും താഴെ ആദ്യ ഡെലിവറി ബോയി, അതിന്റെ മുകളില്‍ സൈക്കിള്‍, പിന്നെ, രണ്ടാമത്തെ മല്ലു, അവന്റെ മുകളില്‍ സൈക്കിള്‍ അതിനെ മുകളില്‍ രണ്ടു പച്ചകള്‍ , ബിഗ്-മാക്ക് ബര്‍ഗറുപോലെ അട്ടിയട്ടിയായി വീണു കിടക്കുന്നു, അതും എന്റെ വണ്ടിയുടെ തൊട്ടു മുന്നില്‍. റഷ്യന്‍ സൌന്ദര്യത്തില്‍ മയങ്ങിയ നാലു തലകള്‍ നടക്കുന്ന ഡയറക്ഷനില്‍ നിന്നും വ്യതിചലിച്ചതിന്റെ പരിണിതഫലമായുണ്ടായൊരു കൂട്ടയിടിയാണു കാരണമെന്നു പറയേണ്ടല്ലോ. ഒരുത്തന്‍ വീഴുന്നതും കണ്ടു ചിരിക്കുന്നത് അത്ര ശരിയല്ലെങ്കിലും, ആ വീഴ്ചക്കുണ്ടായ കാരണമോര്‍ത്തപ്പോള്‍ ചിരി നിയന്ത്രിക്കാനായില്ല.. സ്റ്റോപ്പില്‍ നില്ക്കുന്നവരുടെയും അവസ്ഥ ഇതു തന്നെ, അത്രേം നേരം റഷ്യന്‍ കൊച്ചിനേയും കണ്ട് വെള്ളമിറക്കി നിന്നവര്‍ തന്നെ പൊട്ടിച്ചിരിച്ചും പുച്ഛച്ചിരിയോടെയും ആ സീന്‍ ആസ്വദിച്ചു. നിനക്കൊക്കെ ഇതു തന്നെ വേണമെടാ എന്ന മട്ടില്‍ നാലിനേയ്യും നോക്കി റഷ്യക്കാരിയും ഒന്നു ചിരിച്ചു.

ഒരു വിധത്തില്‍ തപ്പിപ്പിടിച്ചെഴുന്നേറ്റ നാലുപേരും ചുറ്റും നോക്കി ചമ്മലൊതുക്കി. ഏതു കോപ്പില്‍ നോക്കിയാടാ നടക്കുന്നത് ഡേഷേ"എന്നു മലയാളത്തില്‍ ഡെലിവറി ബോയ്സും, അതുതന്നെ ഉറുദുവില്‍ പച്ചകളും ചോദിച്ച് ഒരു സ്റ്റണ്ട് സീനും പ്രതീക്ഷിച്ച് കാറിലിരുന്നു രംഗം വീക്ഷിക്കുകയായിരുന്ന ഞാന്‍ അടുത്ത രംഗം കണ്ട് വണ്ടറടിച്ചു..

സൈക്കിളിന്റെ വളഞ്ഞ ഹാന്‍ഡിലുകള്‍ പിടിച്ചു നേരയാക്കുന്ന ഒരു പച്ച.. താഴെ വീണ സാധനങ്ങള്‍ പെറുക്കിയെടുക്കുന്ന മല്ലു ഡെലിവറി ബോയ്സിനെ സഹായിക്കുന്നു രണ്ടാമത്ത പച്ച. എല്ലാം സൈക്കിള്‍ കാരിയറില്‍ വച്ച് ആ ആക്സിഡെന്റില്‍, ഏറ്റവും താഴേത്തട്ടില്‍ വീണു കിടന്ന മല്ലുവിന്റെ മുട്ടില്‍ ചോര പൊടിയുന്നതു കണ്ട്, മുശ്കില്‍ നയി ഹേ ഭായ്, ചോടോ എന്നു പറഞ്ഞ് സമാശ്വസിപ്പിക്കുന്ന പച്ചകള്‍ !

എല്ലാം കഴിഞ്ഞ് രണ്ട് മല്ലുകളും പച്ചകളും സലാമലൈക്കും പറഞ്ഞ് , ഒരോ ഗാഢ ആലിംഗനങ്ങളും നല്‍കി (പാവം മല്ലു ബോയ്സ്) കൈയും കൊടുത്ത് എല്ലാവരും പിരിയുന്ന കണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത് മറ്റൊന്നാണ്..


"ഇന്‍‌ഡോ -പാക് "പ്രശ്നം പരിഹരിക്കാന്‍ ഒരു റഷ്യന്‍ മീഡീയേഷനാണ് ഏറ്റവും ഉചിതം

Read more...

ഒരു ബാലന്റൈന്‍ ഓര്‍മ്മക്കുറിപ്പ്

Friday, February 13, 2009

മുറിയിലെത്തി വലിച്ചു വാരിക്കിടന്ന പത്രത്താളുകളും, ഡ്രസ്സുകളും എടുത്തൊന്നു ഒതുക്കി വച്ച്, ജനല്‍ തുറന്നു താഴേക്കു നോക്കി. നല്ല തണുത്ത കാറ്റടിക്കുന്നു. ഒരു സിഗരറ്റിനു തീ കൊളുത്തി ആ കാറ്റും ആസ്വദിച്ച് താഴേ ഒരു ഫിലിപിനി കപ്പിള്‍സ് കൈ കോര്‍ത്തു പോകുന്നതും നോക്കി നിന്നപ്പോള്‍ ഇന്നു വലന്റൈന്‍സ് ഡേ ആണെന്ന കാര്യം ഓര്‍ത്തു.

ജനല്‍ അടച്ച് മുറിയില്‍ ഒന്നു കണ്ണോടിച്ചു. ഈ വലന്റൈന്‍സ് ഡേ അബുദാബിയിലെ ഈ ഒരു മുറീയില്‍ ഞാന്‍ ഒറ്റക്ക്. പെട്ടെന്നാണു ഷെല്‍ഫിലിരിക്കുന്ന ആ കുപ്പി കണ്ടത്. ബലന്റൈന്‍!

ഹഹ്! വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഇതില്‍ പരം എന്തു വേണം..ഈ വലന്റൈന്‍ ഡേ ബാലന്റൈനോടൊപ്പം.

മൂന്നാമത്തെ പെഗ്ഗില്‍ രണ്ടാമത്തെ ഐസ്ക്യൂബ് വീണതോടെ ലഹരിയുടെ നേര്‍ത്ത ചരടുകള്‍ ഇബടെ വാടാ കന്നാലീന്നും" പറഞ്ഞ് എന്നെ ഒരു 15 വര്‍ഷം പുറകിലോട്ട് കെട്ടിവലിച്ചുകൊണ്ടു പോയി.

1993 ഇല്‍ പഠനം ഒരു ഫഷ്ക്ലാസോടെ വിധത്തില്‍ അവസാനിപ്പിച്ചെങ്കിലും, പഠിക്കുന്ന കാലത്തേതിനേക്കാള്‍ അറ്റന്‍ഡന്‍സോടെ ഞാന്‍ കോളേജില്‍ തന്നെ വീണ്ടും പോയിരുന്നതിനു ആദ്യ കാരണം, എന്റെ ജൂനിയര്‍ പ്രാണസഖി ഒരു വര്‍ഷം കൂടെ അവിടെക്കാണുമെന്നും, രണ്ടാമത്തെത് വേറേ പണിയൊന്നും കിട്ടിയില്ല എന്നുമായിരുന്നു.

വടക്കേസ്റ്റാന്‍ഡിലെ കല്യാണ്‍ സില്‍ക്സ് ബില്‍ഡീങ്ങിന്റെ മുന്നില്‍, 7-30 ഓടെ തന്നെ എത്തുന്ന ഞാന്‍ , "താമസമെന്തേയണയാന്‍ പ്രാണസഖീ" എന്ന പാട്ടും പാടി നില്‍ക്കുമ്പോഴേക്കും പത്തു മിനിറ്റിനല്‍കം അവളുടെ ബസ്സ് ഹോണുമടിച്ചു വരും. ശേഷം രണ്ടു പേരും, നവഗ്രഹ ക്ഷേത്രത്തില്‍ ഒന്നു തൊഴുത് , ഓരോ കിലോ പഞ്ചാരച്ചാക്കുമെടുത്ത് തലയിലേറ്റി, 15 മിനിറ്റോളം ദൂരമുള്ള കോളേജിലേക്കു നടക്കും, 9 മണിക്ക് ക്ലാസ് തുടങ്ങുന്ന വരെ അവിടെയൊക്കെതന്നെ പഞ്ചാര വിതറി, ശേഷം ഞാന്‍ തിരിച്ച്, ഒന്നുകില്‍ വീട്ടിലേക്കോ, അല്ലെങ്കില്‍ ഏതെങ്കിലും മോണിങ്ങ് ഷോക്കോ കയറും എന്നതായിരുന്നു റുട്ടീന്‍.

അമ്മയുടെ കസിന്‍ കുട്ടേട്ടന്റെ കൂടെ കോയമ്പത്തൂരിലേക്ക് പോകണമെന്ന ഉത്തരവ് വീട്ടില്‍ നിന്നും കിട്ടിയത് ആയിടക്കാണു . അതോടെ ഈ പഞ്ചാരച്ചാക്കുമെടുത്ത് ഞാനൊരു പെര്‍മനന്റ് സി.ഐ.ടിയുക്ക്ക്കാരനായി ഐഡെയിലി അവളെക്കാണാന്‍ തൃശ്ശൂരു വന്നു തുടങ്ങി . ആ വലന്റൈന്‍സ് ഡേ എന്റെ പ്രണയിനിക്കൊരു സമ്മാനം കൊടുക്കണമെന്നു തീര്‍ച്ചപ്പെടുത്തിഅന്നു ഞാന്‍ നേരത്തെ തന്നെ തൃശ്ശൂര്‍ റൌണ്ടിലെത്തി. ഒരു റോസപൂ വാങ്ങി കടലാസില്‍ പൊതിഞ്ഞ് ബാഗില്‍ വച്ചു.

കടലാസില്‍ പൊതിഞ്ഞത് അവള്‍ക്കൊരു സര്‍പ്രൈസ് ആയിക്കോട്ടേന്നു കരുതിയൊന്നുമല്ല, മറിച്ച്, രാവിലെ തന്നെ ഒരുത്തന്‍ റോസപൂവും കയ്യിലേന്തി ബസ്റ്റോപ്പില്‍ നില്‍ക്കുന്നത് ആ എസ്.ഐ.ശശിധരന്‍ എങ്ങാന്‍ കണ്ടാല്‍.. കൊടുക്കാന്‍ റോസാ പൂ പോയിട്ട്, അതൊന്നു അവള്‍ക്കു നേരെ നീട്ടാന്‍ എന്റെ കൈ പോലുമുണ്ടാവില്ല, പൂവാലന്മാരെ ഓടിച്ചിട്ടു പിടിക്കുന്നത് ടിയാന്റെ അന്നത്തെ ഒരു ഹോബിയായിരുന്നു.

കോളേജിലെത്തി ആളൊഴിഞ്ഞ ഒരു കോണില്‍ വച്ച് ഞാന്‍ ബാഗ് തുറന്ന് അവളുടെ കണ്ണില്‍ മാത്രം നോക്കി ആ പൂവ് അവള്‍ക്ക് കൊടുത്തുകൊണ്ടു പറഞ്ഞു.. :ഈ പ്രണയദിനത്തില്‍, ഇതാ എന്റെ ഈ ഹൃദയം നിനക്കുമാത്രം.."
നീട്ടിയ റോസപൂ വാങ്ങാതെ ഒന്നു നോക്കി എന്നെ തന്നെ അവള്‍ നോക്കുന്ന കണ്ടതോടെ ഞാന്‍ പൂവിലേക്കു നോക്കി, ബാഗില്‍ വച്ച് 1 മണിക്കൂറോളം നടന്നതിന്റെ ക്ഷീണത്തില്‍, ഇതളുകള്‍ കുറേ കൊഴിഞ്ഞിരിക്കുന്നു.. ഉള്ളവയോ വാടിയിരിക്കുന്നു.. തണ്ടിലെ മുള്ളിനു മാത്രം ഒരു കൊഴപ്പോമില്ല... ഇമ്മാതിരി ഒരു ഒണക്ക ഹൃദയമാണോടേയ് തന്റേത് എന്ന ചോദ്യം അവളുടെ നോട്ടത്തില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു..".."തല്‍ക്കാലം ഇത് വച്ച് അഡ്ജസ്റ്റ് ചെയ്യ് മോളൂ"എന്ന റിക്വസ്റ്റില്‍ അവളാ പൂവാങ്ങി ബാഗിലേക്കു വച്ചു.


അങ്ങനെ എന്റെ ഒണക്ക ഹൃദയം അവളുടെ ബാഗിലേക്കു തിരുകുന്നതുംനോക്കി, ഇനിയെന്താണു അടുത്ത സ്റ്റെപ് എന്നാലോചിച്ചു നില്ക്കുമ്പോഴേക്കും കുറേ മുദ്രാവാക്യ ശബ്ദങ്ങള്‍ കാതില്‍ വീണു." സമരം..സമരം..ഹായ്"!

മോളൂ, ഇന്നു സമരമല്ലേ, ഞാനിനി ഈ ലോകത്ത്, സോറി ഈ നാട്ടില്‍ അധികകാലം കാണൂല്ല, കോയമ്പത്തൂരില്‍, അവിടന്നു വിസ കിട്ട്യാല്‍ ഗള്‍ഫില്‍, ഇനി മനസ്സു തുറന്നു സംസാരിക്കാന്‍ എന്നു കഴിയും എന്നൊക്കെയുള്ള സെന്റി ചേര്‍ത്തു കലക്കിയ നമ്പരുകളില്‍ വീണു, റൌണ്ടിലെ വുഡ്ലാന്‍ഡ്സ് റെസ്റ്റോറന്റില്‍ പോയി കോഫി കഴിക്കാമെന്നവള്‍ സമ്മതിച്ചു.

അവളേയും കൊണ്ട് റസ്റ്റോരന്റിലേക്കു വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ കയറുമ്പോ, ഞാന്‍ ചുറ്റുമൊന്നു നോക്കി, വല്ല നാട്ടുകാരോ, പരിചയക്കാരോ, മുത്തലിക്കുമാരോ, വാനരസേനക്കാരോ ഉണ്ടോ?.. ഇല്ല..ഭാഗ്യംഅവളാണെങ്കില്‍ പേടിച്ച് താഴോട്ടും നോക്കിയാണു നടപ്പ്. ആളൊഴിഞ്ഞ ഒരു കോണില്‍ ഇരുന്നതും മെനു കൊണ്ടു വന്നു വച്ച് വെയ്റ്റര്‍ പോയി.


ഇങ്ങനെയങ്ങു പേടിച്ചാലോ.. ഞാനില്ലേ.. സമാധാനിപ്പിക്കാന്‍ ഞാന്‍ ചോദിച്ചു.

അതല്ലേ എന്റെ പേടി, ആരെങ്കിലും കണ്ട് വീട്ടില്‍ പറഞ്ഞാന്‍, പിന്നെ അച്ഛന്‍ അങ്ങോട്ടു കയറ്റില്ല. അവളുടെ മറുപടി പെട്ടെന്നു തന്നെ.

ഹോ, എന്റെ അച്ഛന്‍ അങ്ങനെയൊന്നുമല്ല. വെല്‍ഡണ്‍ മൈ ബായ് എന്നും പറഞ്ഞ് ചെകളേമ്മെ രണ്ടു കിണ്ണും കൂടി തന്നിട്ടേ അങ്ങേരു എന്നെ വീട്ടീന്നു പുറത്താക്കൂ, മനസ്സിലെ പേടി അല്പം ഞാനും കാണിച്ചു. ഞങ്ങള്‍ കുറേ നേരം കണ്ണില്‍ കണ്ണില്‍ നോക്കി ഒന്നും മിണ്ടാതെയിരുന്നപ്പോള്‍ ആ പേടിയൊക്കെ എങ്ങോ പോയ്മറഞ്ഞു.


വെയിറ്ററുടെ "സാര്‍" എന്ന കര്‍ണ്ണകഠോര ശബ്ദമാണു ഞങ്ങളെ ആ മൂഡില്‍ നിന്നുണര്‍ത്തിയത്. ഒരോ മസാല ദോശക്കും വട സെറ്റിനും ഓര്‍ഡര്‍ ചെയ്ത ശേഷമാണു അരികിലെ ഫ്രിഡ്ജിലിരിക്കുന്ന തൈരുവടകള്‍ ഞാന്‍ കണ്ടത്.. പണ്ടേ ഫേവറിറ്റ്, രാവിലെയാണേല്‍ ഒന്നും കഴിച്ചിട്ടില്ല, പോരട്ടേ രണ്ടു പ്ലേറ്റ് ഞാന്‍ ഓര്‍ഡര്‍ ചെയ്തു. അന്നു എന്റെ കയ്യില്‍ ഒരു പാടു കാശുണ്ടായിരുന്നു. കഷ്ടി 60 ഉര്‍പ്യ . വാലന്റൈന്‍സ് ഡേ ലാവിഷ് തന്നെയാവട്ടേ, ഞാന്‍ മനസ്സിലോര്‍ത്തു.


വടകള്‍ വന്നതും, സംസാരമൊക്കെ നിര്‍ത്തി എന്റെ ശ്രദ്ധ വടയിലേക്കായി.
അതു ശരി, പ്രണയദിനത്തില്‍ ഒരു കാമുകന്‍ ആക്രാന്തം മൂത്ത് എത്ര വട വരെ തിന്നും എന്നു കാണിക്കാനാ എന്നെ ഇങ്ങോട്ടു വിളിച്ചത്? അവളുടെ ന്യായമായ ചോദ്യം.ഒരഞ്ചുമിനിറ്റ് ഡോണ്ട് ഡിസ്റ്റര്‍ബ് മീ മോളേ, നമുക്കിനി എത്ര സമയം കിടക്കുന്നു.. ഞാന്‍ അപേക്ഷിച്ചു.


ഒരു വിധത്തില്‍ ഭക്ഷണമെല്ലാം ശാപ്പിട്ട് വീണ്ടും അലപം പഞ്ചാരവര്‍ത്തമാനത്തിലേക്കു നീങ്ങിയ ഞങ്ങളുടെ പ്രണയസല്ലാപങ്ങള്‍ക്ക് വീണ്ടും വെയ്റ്ററുടെ ശബ്ദം വിഘാതമായി.. 'സാര്‍ കുടിക്കാന്‍'...

ഞാന്‍ മുഖമുയര്‍ത്തി നോക്കി.. "സാര്‍"എന്നാണവന്‍ വിളിച്ചതെങ്കിലും, "കൊറേ നേരമായല്ലടേയ്, വണ്ടി വിട് &^%#$%# എന്നാണവന്‍ മനസ്സില്‍ പറഞ്ഞത് എന്ന് മുഖഭാവത്തില്‍ നിന്നും എനിക്കു മനസ്സിലായി.

എന്തുണ്ട്..?
ജ്യൂസ്..
ആ, പോരട്ടേ രണ്ട് ജ്യൂസ്..

അങ്ങനെ കുറച്ചു നേരത്തേക്കെങ്കിലും ഈ മാരണമൊന്നു ഒഴിയട്ടേയെന്നു കരുതി ഞാന്‍ രണ്ടു ജ്യൂസിനു ഓര്‍ഡര്‍ ചെയ്തു. അയാള്‍ പോയ ശേഷമാണു എനിക്കൊരു ശങ്ക. ടേബിളിലെ വലതു വശത്ത് വച്ച മെനു കാര്‍ഡില്‍ നോക്കി.. ജ്യൂസ്-12 രൂപ., 2 ജ്യൂസ്=24!! ങേ..

എന്റെ നെഞ്ചിങ്കൂട്ടില്‍ നിന്നും ഒരു ഡസന്‍ കുളക്കോഴികള്‍ ശടപടാന്നു ശബ്ദമിട്ട് ചിറകടിച്ചു പോയി. ഇതുവരെ കഴിച്ചതു തന്നെ കഷ്ടി 30 രൂപയോളം കാണും.60 ക യും കൊണ്ട് കുബേരനായി വീട്ടീന്നു ഇറങ്ങി, റോസപൂ വാങ്ങിയതോടെ എന്റെ ബാലന്‍സ് 50 ആയ കാര്യം പ്രണയസല്ലാപത്തിനിടയില്‍ ഞാന്‍ വിട്ടു പോയിരുന്നു ..

എനിക്കിനി ജ്യൂസ് വേണ്ടാ, വയറിളക്കമാണു, ഒരെണ്ണം മതി എന്നു ആ വെയിറ്റര്‍ ചേട്ടനോട് പറഞ്ഞാലോ എന്നോര്‍ത്തു ആദ്യം.. പിന്നെ കരുതി, വലന്റൈന്‍ ഡേക്ക് വയറിളകിയ കാമുകനെ എനിക്കു വേണ്ടെന്നെങ്ങാന്‍ ഇവളു പറഞ്ഞാലോ?

ഞാന്‍ ടേബിളിലിരുന്നു വിയര്‍ത്തൂ നല്ലൊരു വാലന്റൈന്‍ ഡേ ആയിട്ട്, ഇന്നു ആട്ടുകല്ലുമായി ഗുസ്തിപിടിക്കേണ്ടി വരുമോ? ദൈവമേ, വെയ്റ്റര്‍ ജ്യൂസ് കൊണ്ടു വന്നു വച്ചു. അവള്‍ മെല്ലെ സ്റ്റ്രോയിലൂടെ വലിച്ചു കുടിക്കുമ്പോള്‍ ഞാന്‍ രണ്ടും കല്പിച്ച് ചോദിച്ചു..

"ഡീ, നിന്റെ കയ്യില്‍ പൈസ വല്ലോം കാണുമോ?"
"ആ ഉണ്ട്"
ഹോ! ദൈവമേ.. രക്ഷപ്പെട്ടു..

നേരത്തെ ചിറകടിച്ചു പോയ ഒരു ഡസന്‍ കുളക്കോഴികള്‍ തിരിച്ച് ചേക്കേറി..ഞാന്‍ ആശ്വാസപൂര്‍വം രണ്ടു കവിള്‍ ജ്യൂസ് അകത്താക്കി അവളോട് ചോദിച്ചു

"എത്ര കാണും? ഞാന്‍ നാളെ തരാം.."

ഉവ്വ, തരും തരും.. കഴിഞ്ഞ വര്‍ഷം എനിക്ക് കെ.പി.സി.ആര്‍ സ്റ്റൈഫന്റ് കിട്ടിയത് മുഴോനും വാങ്ങിച്ചിട്ട് സെന്റ്രല്‍ ഹോട്ടലില്‍ പോയി ബിയറടിച്ചു., എന്നിട്ട് അത് തന്നോ? അവള്‍ വാചാലയായി.

"ശവത്തില്‍ കുത്താതെടീ.. 250 ഇല്‍ താഴെയുള്ള പ്രണയ കടങ്ങള്‍ എഴുതി തള്ളണം, അല്ലെങ്കില്‍ നിന്റച്ചനോട്, സ്ത്രീധനത്തില്‍ നിന്നും ആ എമൌണ്ട് കുറച്ചോളാന്‍ പറഞ്ഞേക്ക്..

ഉം ഉം..ഇപ്പോ ആളു സി.പി.ഐ മാത്രമാ, ഇതൂടെ കേട്ടാ അങ്ങേരു സി.പി.ഐ (എം.എല്‍) ആവും..

ആട്ടേ അത് വിട്, ഇപ്പോ കയ്യില്‍ എത്ര രൂപയുണ്ട് അതു പറ?
4-5 രൂപ കാണും. ഞാന്‍ സ്റ്റുഡന്‍സ്റ്റ് ടിക്കറ്റിലല്ലേ വന്നേ, പോകാന്‍ അതൊക്കെ മതി..

കവിളില്‍ നിന്നും ജ്യൂസ് നേരെ എന്റെ മൂക്കിലോട്ടാണോ കയറിയത് എന്തോ, ഞാന്‍ വീണ്ടും ഞെട്ടി, (കുളക്കോഴികള്‍ വീണ്ടും സ്ഥലം വിട്ടു എന്നു വ്യംഗ്യം)

അതല്ലടീ, കാര്യത്തിന്റെ ഗൌരവം ഞാന്‍ അവളെ ബോധിപ്പിച്ചതും, അവളുടെ മുഖം വിളറി.. എങ്കിലും ധൈര്യം സംഭരിച്ച് അവള്‍ പറഞ്ഞു,

"2 സെറ്റ് തൈരുവട, ഞാനോര്‍ത്തു എന്താ ഇത്ര ലാവിഷെന്നു.. ഒരു കാര്യം ചെയ്യ്, ഇന്നു മുഴോന്‍ ഇവിടിരുന്നു ഉഴുന്നാട്ടി തീര്‍ന്നാല്‍, സമയമുണ്ടെങ്കില്‍ നാളെ കാണാം .."

ദുഷ്ടേ, കാപാലികേ.. എന്നെയീ ആട്ടുകല്ലുകള്‍ക്കിടയിലേക്ക് തള്ളിവിട്ട് നീ പോവുമോ?

ഞാന്‍ പോക്കറ്റില്‍ മുഴുവന്‍ തിരഞ്ഞു. ആകെ 47 രൂപയുണ്ട്. 2-3 ക ദുരിതാശ്വാസക്കടമായി ഇവള്‍ടെ കയ്യേന്നു വാങ്ങിയാലും 50 കയില്‍ ബില്ലു നില്‍ക്കണം. കൃഷ്ണാ, ഗുരുവായൂരപ്പാ.. കാത്തോണേ..

വെയ്റ്ററെ വിളിച്ച് ബില്ലു പറഞ്ഞ് മിടിക്കുന്ന ഹൃദയവുമായി ഞാന്‍ ടേബിളില്‍ ഇരുന്നു. അയാള്‍ ഒരു പ്ലേറ്റില്‍ നിരയെ ജീരകവും, അതിനടിയില്‍, ബില്ലുമായി വന്നു. ബില്ലിന്റെ ടോട്ടല്‍ എമൌണ്ട് , അതിനു മുകളില്‍ ജീരകം ഇട്ടതു കാരണം ഒറ്റ നോട്ടത്തില്‍ കാണാനാവുന്നില്ല. വിറക്കുന്ന കൈകളോടെ ഞാന്‍ പ്ലേറ്റില്‍ നിന്നും ജീരകം മാറ്റി, ബില്ലിലേക്ക് നോക്കീ....


ഹോ........44 രൂപ മാത്രം

ദൈവമേ.. മനസ്സില്‍ തികട്ടി വന്ന വികാരങ്ങളെല്ലാമൊളിപ്പിച്ച് ഞാന്‍ അവളെ നോക്കി.. പാവം ടെന്‍ഷന്‍ മൂലം വിറച്ചിരിക്കുകയാണു.. അവള്‍ മെല്ലെ എന്റെ കയ്യില്‍ നിന്നും ബില്ലു വാങ്ങി നോക്കി.ശേഷം കുറേ നേരം ഒന്നും മിണ്ടാതെ നോക്കിയിരുന്നു... പിന്നീട് ഞാന്‍ പരിസരം മറന്നു ചിരിച്ചു.. കൂടെ അവളും

കയ്യിലെ ആകെയുള്ള 47 കയും ആ പ്ലേറ്റില്‍ വച്ച് ( 3 ക ടിപ്സേ.. തെണ്ടീട്ടായാലും ടിപ്സ് കൊടുക്കുന്ന ഒരു പാവം ) വച്ച് പുറത്തേക്കിറങ്ങി. ബസ്റ്റോപ്പില്ലേക്ക് നടക്കുമ്പോ ഞാന്‍ അവളോട് പറഞ്ഞു.. "നിന്റെ കയ്യില്‍ കാശൂണ്ടെന്നല്ലേ പറഞ്ഞേ.. ഒരു 3 രൂപാ എട്".. എനിക്ക് ഫുള്‍ ടിക്കറ്റ് കൊടുക്കണം ബസ്സിനു"

പഴ്സിലെ അറകളില്‍ നിന്നും ആ 3 ഒറ്റനാണയ തുട്ടുകള്‍ അവളെന്റെ കൈ വെള്ളയില്‍ വച്ചു തന്നു.


ഷീജ ബസ്സിലെ കണ്ടക്റ്റര്‍ കരുണന്‍, യാതൊരു കരുണയും കൂടാതെ, എസ്.ടി റേറ്റ് കൊടുത്ത എന്നോട് കണ്‍സഷന്‍ കാര്‍ഡ് ചോദിച്ചതുകൊണ്ടു മാത്രം, അവള്‍ തന്ന ആ മൂന്നു ഒറ്റനാണയതുട്ടുകള്‍ ഇന്നെന്റെ കയ്യിലില്ല.. അല്ലെങ്കില്‍ ഒരു സ്മാരകമായി ഇന്നും അവ ഞാന്‍ സൂക്ഷിച്ചേനേ... വിലപ്പെട്ടൊരു വാലന്റൈന്‍സ് ഡേ സമ്മാനമായി!


ബാലന്റൈന്റെ മൂന്നാം പെഗ്ഗും തീര്‍ന്നു. ഈ വാലന്റൈന്‍സ് ഡേയുടെ അന്ത്യയാമങ്ങള്‍,.... മരിച്ചുവീഴാന്‍ പോകുന്ന ഒരു പ്രണയദിനം കൂടി.. വര്‍ഷത്തില്‍ ഒന്നല്ല, എല്ലാ ദിനങ്ങളും പ്രണയ സുരഭിലമാവട്ടേ, സുന്ദരമായ ഓര്‍മ്മകളുണ്ടായിരിക്കട്ടേ..

എല്ലാവര്‍ക്കും ആശംസകള്‍

Read more...
© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.