-- എ ബ്ലഡി മല്ലു --

ബ്ലോഗ് മീറ്റുകള് – ഒരു വിക്കി ലേഖനം

Sunday, December 20, 2009എന്താണു ബ്ലോഗ് മീറ്റുകള്‍?
ബ്ലോഗ് എന്ന ദിനസരി (ജേര്‍ണല്‍) പോലെ കുറിപ്പുകളോ ചെറുലേഖനങ്ങളോ എഴുതുന്ന മലയാളികള്‍ സംഗമിക്കുന്ന പ്രതിഭാസമാണു “ബ്ലോഗ് മീറ്റ്” എന്ന പേരില് അറിയപ്പെടുന്നത്. കൃത്യമായി 50 ഭാഷകളില് ബ്ലോഗിങ്ങ് അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും, മലയാള ഭാഷയില് ദിനസരി കുറീപ്പുകളെഴുതുന്ന ബ്ലോഗര്‍മ്മാര്‍ക്കു മാത്രമേ “ബ്ലോഗ് മീറ്റ്” നാടത്തുന്നതിനു ധാര്‍മ്മികമായ അനുവാദം ബ്ലോഗര്.കോം നല്കിയിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്.

ചരിത്രം.
ചരിത്രത്തില്‍ ആദ്യമായി ഒരു ബ്ലോഗ് മീറ്റു നടന്നത് ഇന്ത്യ എന്ന ഏഷ്യന്‍ രാജ്യത്തിന്റെ തെക്കേ മുനമ്പില്‍ കിടക്കുന്ന കേരളം എന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക സിരാകേന്ദ്രമായ എര്‍‌ണാം‌ളം എന്നു തദ്ദേശീയര്‍ വിളിക്കുന്ന കൊച്ചി നഗരത്തിലാണ്. 2006 ജൂലൈ എട്ടിനാണു ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന ഈ മഹാസംഭവം അരങ്ങേറീയത്. കേരളക്കരയില്‍ അങ്ങോളമിങ്ങോളം ചിതറീക്കിടന്നിരുന്ന 40 ഓളം മലയാളം ബ്ലോഗര്‍മാരെ ഒരു ഹോട്ടലിന്‍ കീഴില്‍ അണിനിരത്തി ഈ പ്രഥമ ബ്ലോഗ് മീറ്റിനു നേതൃത്വം നല്‍കിയത് വിശ്വപ്രഭ, ശ്രീജിത്ത്, അതുല്യ തുടങ്ങിയ പൌരാണിക ബ്ലോഗര്‍മാരായിരുന്നു. ബ്ലോഗ് മീറ്റിന്റെ ചരിത്രത്തില്‍ അനതിസാധാരണമായൊരു കുതിച്ചു ചാട്ടത്തിനു തന്നെ ഈ പ്രഥമ ബ്ലോഗ് മീറ്റ് സാക്ഷ്യ വഹിച്ചു എന്നു നിസ്സംശയം പറയാം. ബ്ലോഗ് മീറ്റുകളുടെ തത്സമയ സമ്പ്രേക്ഷണം, ഓണ്‍ലൈന്‍ കമന്റടി, തുടങ്ങിയ നൂതന രീതികള്‍ പരീക്ഷിക്കപ്പെട്ട ആദ്യ മീറ്റ് കൊച്ചി മീറ്റാണെന്നു അനുമാനിക്കാം. ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമ സിന്‍ഡിക്കേറ്റുകള്‍ പോലും ചരിത്രത്തിലെ ഈ മാസ്മരിക മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്തു എന്നതും ബ്ലോഗ് മീറ്റുകളുടെ പ്രാധാന്യം വലരേയധികം വര്‍ദ്ധിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ തിരയൂ.

കൊച്ചിന്‍ മീറ്റിനോടനുബന്ധിച്ചു തന്നെ, ലോകത്തിന്റെ മറ്റൊരു കോണില്‍, യു.എ.ഇ. യിലെ ഷാര്‍ജ്ജയില്‍, 35 ഓളം മല്ലു ബ്ലോഗര്‍മാര്‍ ഒത്തു ചേരാന്‍ കലേഷ് എന്നൊരു ഗള്‍ഫ് ബ്ലോഗന്റെ സംഘടനാപാടവമാണു സഹായകമായത്. വെറും കുറച്ചു ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കൊച്ചിന്‍ മീറ്റിന്റെ തലേന്നു തന്നെ അതിലും ഗംഭീരമായാണു ഷാര്‍ജയിലെ അല്‍ അറൂബ സ്റ്റ്രീറ്റിലെ കുവൈത്ത് ടവറില്‍ ഗള്‍‌ഫ് മല്ലു ബ്ലോഗര്‍മാര്‍ കുടുംബസമേതം ഒത്തുകൂടിയത്. ഷാര്‍ജ ബ്ലോഗ് മീറ്റായിരുന്നു സാങ്കേതികമായി മികച്ചതെന്നാണു ബഹുജനപക്ഷം (അവിടത്തെ ചിക്കന്‍ ടിക്ക മസാല കേമമായിരുന്നത്രേ) - ആദ്യ ബ്ലോഗ് മീറ്റ് എന്ന ഗിന്നസ് റെക്കോര്‍ഡ് കിട്ടാനായി കൊച്ചി മീറ്റിനു ഒരു ദിവസം മുന്‍പേയാണു യു.എ.ഇ. മീറ്റ് നടത്തിയതെങ്കിലും, ആദ്യം പ്ലാന്‍ ചെയ്ത മീറ്റ് എന്ന നിലക്ക് കൊച്ചിമീറ്റു തന്നെയാണു “പ്രഥമ ബ്ലോഗ് മീറ്റ്” എന്ന വിശേഷണത്തിനു അര്‍ഹം എന്നാണു വിദഗ്‌ധാഭിപ്രായം. യു.എ.ഇ. മീറ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇവിടെ തിരയൂ.

ഈ രണ്ടു മീറ്റുകള്‍ ബാക്കിയുള്ള മലയാളം ബ്ലോഗര്‍മ്മാര്‍ക്കൊരു പ്രചോദനായി എന്നതിന്റെ തെളിവായിരുന്നു തുടര്‍ന്നു നടന്ന ബാം‌ഗ്ലൂര്‍ മീറ്റ് . കൂടാതെ ദില്ലി മീറ്റ്, ബഹറിന്‍ മീറ്റ്, സൌദി മീറ്റ്, തുടങ്ങി ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ള ബ്ലോഗര്‍മ്മാര്‍ മീറ്റുകള്‍ നടത്തി ആഘോഷങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു എന്നതും ശ്രദ്ധേയമാണ്. മലയാളത്തില്‍ ബ്ലോഗുള്ള രണ്ടു പേര്‍ തമ്മില്‍ വഴിയില്‍ വച്ചു കണ്ടു കൈ കൊടുത്താലും അതൊരു ബ്ലോഗ് മീറ്റായി കണക്കില്പെടുത്തുന്ന രീതിയില്‍ ഗൂഗിള്‍ നിയമ സംഹിതകളില്‍ നിയമഭേദഗതി വരുത്തണമെന്നു “ പെര്‍മെനന്റ് മല്ലു ബ്ലോഗേഴ്സ് അസോസിയേഷന്‍ (PMBA) ചെയര്‍മാന്‍ ശ്രീ. ടിന്റുമോന്‍ ആവശ്യപ്പെട്ടതും ഇക്കാലത്തായിരുന്നു. ഭാവിയില്‍ നടക്കുന്ന എല്ലാ ബ്ലോഗ് മീറ്റുകളും മലയാളീകരിച്ച് “ബൂലോഗ സംഗമം” എന്ന പേരില്‍ അറീയപ്പെടും എന്നും മേല്‍പ്പറഞ്ഞ അസോസിയേഷന്‍ പത്രക്കുറീപ്പിറക്കിയത് പ്രധാന മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതുവരെ ബ്ലൊഗുമീറ്റില്‍ മീറ്റാത്ത ഒരു ബ്ലോഗര്‍ എന്നത് സൌത്ത് ആഫ്രിക്കയില്‍ നിന്നും ബ്ലോഗുന്ന ശ്രീ.അരവിന്ദ് ആണെന്നു പി.എം.ബി.എ രേഖകള്‍ വെളിപ്പെടുത്തുന്നു. കാരണം സൌത്ത് ആഫ്രിക്കയില്‍ നിന്നും മലയാളത്തില്‍ ബ്ലോഗുന്ന ഒരേയൊരു വ്യക്തി ഇദ്ദേഹമാണ്.

പുതിയ ട്രെന്‍ഡുകള്‍:
ബ്ലോഗര്‍മ്മാര്‍ ഒത്തു ചേരുന്ന സംഗമം എന്നതിലുപരി, കാലാതിവര്‍ത്തിയായ പല പരിണാമങ്ങള്‍ക്കും ബ്ലോഗു മീറ്റുകള്‍ സാക്ഷ്യം വഹിച്ചു. മീറ്റും, ഈറ്റും, എന്ന കാര്യപ്രരിപാടികളിലേക്ക് ഡ്രിങ്കും കൂടി ഇക്കാലത്താണു കടന്നു വന്നത്. ഉമ്മല്‍ കുവൈന്‍ ബറാക്കുടയില്‍ നടന്നാ രണ്ടാം ബൂലോഗ സംഗമത്തിലാണ് ശേഷമുള്ള മീറ്റുകളെയാകമാനം മാറ്റിമറിച്ച ഈയൊരു വ്യതിയാനത്തിനു നാന്ദി കുറീക്കപ്പെട്ടത്. സംഗമം നടന്നാ ‘താല്‍” എന്ന നൈറ്റ് ക്ലബ്ബിനോടു ചേര്‍ന്നുള്ള റീട്ടെയില്‍ ലിക്കര്‍ ഷോപ്പ് ഈയൊരു മാറ്റത്തിനു വളരേയധികം പങ്കു വഹിച്ചെന്നത് സ്മരിക്കപ്പെടേണ്ട വസ്തുതയാണ്.

മീറ്റുകള്‍ക്കു വേണ്ടി മാത്രം ഒരു ബ്ലോഗ് എന്നതായിരുന്നു അടുത്ത ട്രെന്‍ഡ്. യു.എ.ഇ, ബഹറിന്, എന്നീ ബ്ലോഗു മീറ്റുകള്‍ക്കായുള്ള ബ്ലോഗുകള്‍ തന്നെ ഇതിനുദാഹരണം. കേരളത്തിലെ എല്ലാ ജില്ലകളിലെ ഓരോ പഞ്ചായത്തിന്റെ പേരിലും ബ്ലോഗു മീറ്റു ബ്ലോഗുകള്‍ വരുന്ന അന്നേ മലയാളം ബ്ലോഗ് ശൈശവാവസ്ഥയില്‍ നിന്നു രക്ഷപ്പെടൂ എന്നാണു ഭൂരിപക്ഷം മലയാളം ബ്ലോഗര്‍മാരുടെയും അഭിപ്രായം. ജി-8 രാജ്യങ്ങളിലെ എല്ലാ പ്രധാന നഗരങ്ങളില്‍ നിന്നും ബ്ലോഗുന്ന മല്ലു ബ്ലോഗര്‍മ്മാര്‍ നാഗരികമായി തിരിഞ്ഞ് മീറ്റ് ബ്ലോഗുകള്‍ ഉണ്ടാക്കണമെന്നു ശ്രീ.ടിന്റുമോന്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. കേരളത്തിലെ 14 ജില്ലകള്‍ക്കുമായീ (കൂടിയിട്ടില്ലല്ലോ?) ഒരോ ബ്ലോഗ് വീതം നിര്‍മ്മിച്ച് ബ്ലോഗ്-അക്കാദമി ഈയൊരു സംരഭത്തിനു മാതൃക കാട്ടിയ രീതിയും സ്മരണീയമാണ്.

വെറുതെ മീറ്റി- ഈറ്റി- ഡ്രിങ്കി പോവുക എന്നതിലുപരിയായി, വിനോദ വിജ്ഞാന വിവരദോഷകമായ സംഗതികള്‍ കൂടി ബ്ലോഗ് സംഗമങ്ങളില്‍ ഉള്‍പ്പെടുത്തുക എന്നതായിരുന്നു 2008 നു ശേഷം പൊതുവേ കാണപ്പെട്ട ഒരു ട്രെന്‍ഡ്. കുടുംബസംഗമങ്ങളില്‍ കുട്ടികള്‍ക്കു കൂടി താല്പര്യപ്പെടുന്ന റമ്മി, ഫ്ലാഷ്, ഇരുപത്തെട്ടു എന്നീ പരമ്പരാഗത കളികളും, വാട്ടര്‍ പോളോ, ഗോള്‍ഫ്, ബോക്സിങ്ങ് , കൊത്തങ്കല്ല്, അമ്പസ്താനി മുതലായ സ്പോര്‍ട്ട്സ് ഇനങ്ങള്‍ കൂടി മീറ്റുകളില്‍ ഉള്‍പ്പെടുത്താന്‍ പലയിടങ്ങളില്‍ നിന്നും ശ്രമങ്ങള്‍ ഉണ്ടായി. കുളിക്കടവില്‍ ഫോട്ടോ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഫ്രിഡ്ജു വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഹിമാലയത്തിലെ യതികളുടെ പൂര്‍വ്വികരെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍, പാതിരാകുര്‍ബാനക്കിടയില്‍ ഉറക്കം വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍ തുടങ്ങി മലയാളഭാഷയുടെ ഉന്നമനത്തിനുപകരിക്കുന്ന പല വിഷയങ്ങളെക്കുറീച്ചും മീറ്റുകളില്‍ പലരും സെമിനാറുകള്‍ സംഘടിപ്പിച്ചു. തുടര്‍ന്നുള്ള ബ്ലോഗ് സംഗമങ്ങളില്‍ ഹാജര്‍ നില കുറയുവാന്‍ ഈ സെമിനാറുകള്‍ വളരേയധികം സഹായകരമായിരുന്നു. സംഗമങ്ങള്‍ നടക്കുന്ന ഹാളുകളുടെ വാടക/ഭക്ഷണചിലവ് എന്നിവയിലേക്ക് വരുന്നവരില്‍ നിന്നും പിരിവിടുന്ന രീതിയും ഈ ഹാജര്‍ നില കുറയാന്‍ ഒരു പരിധി വരെ സഹായകരമായിത്തീര്‍ന്നു. ഒരു പക്ഷേ ഹാളുകളില്‍ നിന്നും സംഗമവേദികള്‍ പാര്‍ക്കുകള്‍ തുടങ്ങിയ പൊസ്തു സ്ഥലങ്ങളിലേക്കു മാറ്റുവാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായി തീര്‍ന്നതും ഇതോടെയാണ്.

ബ്ലോഗ്മീറ്റുകളും ക്യാമറകളും
ബ്ലോഗ്‌മീറ്റുകളും കാമറകളും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. DSLR കാമറകളുടെ വില്പനയില്‍ യു.എ.ഇ യില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ച രേഖപ്പെടുത്തിയതില്‍ ബ്ലോഗ് മീറ്റുകള്‍ക്ക് അവഗണിക്കാനാവാത്ത പങ്കുണ്ടെന്നു ദുബൈ ജംബോ ഇലക്റ്റ്രോണിക്സിലെ കൌണ്ടര്‍ സെയിത്സ്മാനും ഒരു മലയാളം ബ്ലോഗര്‍ കൂടിയായ ശ്രീ. പരണത്തു പത്മനാഭ പൊതുവാള്‍ പറയുന്നു. സംഗമങ്ങളുടെ ദൃശ്യങ്ങള്‍ ആദ്യമൊക്കെ സാധാരണ ക്യാമറകളിലാണു പതിഞ്ഞിരുന്നതെങ്കിലും, ഒരു DSLR സ്വന്തമായില്ലാത്തവന്‍ ഒരു ബ്ലോഗറല്ല എന്നൊരു ചിന്താഗതിയും മലയാളം ബ്ലോഗര്‍മാര്‍ക്കിടയില്‍ , പ്രത്യേകിച്ച് യുയെയിക്കാര്‍ക്കിടയില്‍ ഉരുത്തിരിയാനും ഇതിടനല്‍കി. ഫോട്ടോ ഗ്രാഫിയെക്കൂറിച്ച് എലിയേത്, പുലിയേത് എന്നു പോലും അറിയാത്തവര്‍ പോലും ഏഴും എട്ടും കിലോ വീതം ഭാരമുള്ള പൂട്ടുകുറ്റികളും കൊണ്ട് മീറ്റുകളില്‍ വരാന്‍ തുടങ്ങിയത് 2008 ന്റെ അവസാന പാദത്തോടെയായിരുന്നു . സുപ്രസിദ്ധ ബ്ലോഗറായ ശ്രീ. അപ്പു മലയാളം ബ്ലോഗര്‍മാരുടെ ഫൊട്ടോഗ്രാഫിക്ക് പാടവത്തിന്റെ ഉന്നമനത്തിനായി ഒരു ബ്ലോഗ് തുറന്നതും ഈഒരു ട്രെന്‍ഡിനു പ്രചോദനമായെന്നു സൂചിപ്പിക്കാതിരിക്കാനാവില്ല. പികാസ/ഫ്ലിക്കര്‍ എന്നിവയില്‍ ഏറ്റവുമധികം ചിത്രങ്ങള്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നത് മലയാളം ബൂലോഗ സംഗമങ്ങളുടെയാണെന്നാണു ആധികാരികമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈയടുത്തു സഫ പാര്‍ക്കില്‍ സമാപിച്ച നൂറ്റിപത്താമത് യു.എ.ഇ. മീറ്റില്‍ അധികം DSLR കാമറകളേയും പിടിച്ച് നില്‍ക്കുന്ന മല്ലു ബ്ലോഗര്‍മാരെ കണ്ട ചില അറബി ഫോട്ടോഗ്രാഫര്‍മാര്‍ ഇതു ഇന്റെര്‍നാഷണല്‍ ഫോട്ടോഗ്രാഫി ഫെസ്റ്റിവലാണോ ചേട്ടാ എന്നു തെറ്റിദ്ധരിച്ചു ബൂലോഗസംഗമത്തില്‍ വലിഞ്ഞു കയറാന്‍ ശ്രമിച്ചതും കൌതുകകരമായൊരു വാര്‍ത്തയായിരുന്നു. ബൂലോഗസംഗമങ്ങളില്‍ അന്നും ഇന്നും സാദാ ഒരു സോണി കാമറ കൊണ്ടു വരുന്ന ഏക വ്യക്തിയായി ബ്ലോഗു രേഖകളില്‍ കാണപ്പെടുന്നത് ശ്രീ. അഗ്രജന്‍ ആണ്.

മീറ്റുകളും പ്രകാശനങ്ങളും
മീറ്റുകള്‍ പ്രകാശിപ്പിക്കുന്നതില്‍ കാമറകള്‍ അതിഭീമമായ പങ്കു വഹിച്ചിട്ടുണ്ടെങ്കില്‍, മീറ്റുകളിലെ മറ്റൊരാകര്‍ഷണമാണു പുസ്തകപ്രകാശന ചടങ്ങ്. തങ്ങളുടെ മികച്ച കൃതികള്‍ പുസ്തകമാക്കിയാല്‍, ലളിതമായ ചടങ്ങിലൂടെ ബ്ലോഗ് മീറ്റിലൂടെ പ്രകാശിപ്പിക്കാമെന്നത് മിഡില്‍ ക്ലാസ് ബ്ലോഗര്‍മ്മാര്‍ക്ക് വളരേയധികം ആശ്വാസമുള്ള കാര്യമാണ്. ഏറ്റവുമധികം പുസ്തകപ്രകാശനങ്ങള്‍ ബ്ലോഗ് മീറ്റിനോടനുബന്ധിച്ച് നടത്തിയ റെക്കോര്‍ഡ് യു.എ.ഇ ക്കു മാത്ര സ്വന്തമാണ്. യു.എ.ഇ യില്‍ ഇനിയും ജീവിക്കണം എന്നതുകൊണ്ട് ഈ ലേഖകന്‍ ഇതേക്കുറീച്ച് കൂടുതലൊന്നും പറയുന്നില്ല.

മീറ്റ് ഭക്ഷണങ്ങള്‍
മീറ്റുകള്‍ക്കു വിളന്‍പുന്ന ഭക്ഷണങ്ങളെക്കുറിച്ച് പാലിക്കപ്പെടേണ്ട മാര്‍ഗരേഖകള്‍ ഗൂഗിള്‍ കമ്പനി നല്‍കിയിട്ടില്ല എങ്കിലും, മീറ്റുകളിലെ ഔദ്യോഗികമായ ഭക്ഷണമായി തത്വത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളത് ഉണ്ണിയപ്പം ആണ്. ഒരേ സമയം ഒന്നിലധികം എണ്ണം ഉണ്ടാക്കാം എന്നതും ഇതിനെ സാധൂകരിക്കുന്നൊരു വസ്തുതയാണ്. ഉണ്ണിയപ്പം കൂടാതെ, പരിപ്പുവട, പക്കാവട, ഉഴുന്നുവട മുതലായവയും മീറ്റ് സംഗമങ്ങളില്‍ വളരേ സാധാരണമായി ഉപയോഗിച്ചു വരുന്നു. ഭര്‍ത്താവായ ബ്ലോഗന്‍ മീറ്റിനു തയ്യാറെടുക്കുമ്പോള്‍ ഭാര്യ ഉണ്ണിയപ്പം ഉണ്ടക്കുക എന്നതാണു പരമ്പരാഗതമായ രീതി. ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ബ്ലോഗു സംഗമങ്ങളില്‍ ബിരിയാണി , നെയ്ച്ചോറ്, എന്നിവയും, ചായ കാപ്പി , ബിസ്കറ്റ് മുതലായ വിഭവങ്ങള്‍ കൂടി കണ്ടുവരുന്നു. അമ്പതിലധികം പേര്‍ പങ്കെടുക്കുന്ന മീറ്റുകളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മീറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുവരാന്‍ തടിമിടുക്കുള്ള ബ്ലോഗര്‍മാരെയോ, കൂലിപണിക്കാരെയോ സദാ സന്നദ്ധരായി നിര്‍ത്തേണ്ടതും അത്യാവശ്യമാണ്.

മീറ്റുകളുടെ സംഭാവനകള്‍
ശൈശവ ദശയില്‍ പോലും എത്താത്ത മലയാളം ബ്ലോഗിങ്ങിനെ ഒരു വഴിക്കാക്കുന്നതില്‍ ബ്ലോഗ് മീറ്റുകള്‍ എന്നും സഹായകരമായിട്ടുണ്ട് എന്നതു നിസ്തര്‍ക്കമായ വസ്തുതയാണു. ഒറ്റക്ക് മലയാള ഭാഷയെ ഉദ്ധരിക്കാനാവാത്ത ലവനും, ലിവനും, ഞാനും പിന്നെ മറ്റവനും ചേര്‍ന്നുള്ളൊരു സംഘടിതമായ ശ്രമത്തിനു കൂടുതല്‍ വ്യാപ്തതലങ്ങള്‍ നമുക്കിതിലൂടെ ദര്‍ശിക്കാം. മീറ്റുകള്‍ക്കു മുന്‍പുള്ള പോസ്റ്റുകള്‍, പാരകള്‍, എന്നിവയും അതീവരസകരമായിരിക്കും. കുഞ്ഞുങ്ങളെക്കൂടി ബ്ലോഗ് മീറ്റില്‍ പങ്കെടുപ്പിക്കുന്നതിലൂടെ, ഭാവിയില്‍ ഓഫീസില്‍ പണി ചെയ്തില്ലെങ്കിലും ബ്ലോഗിയാല്‍ ജീവിതം സഫലമാകും എന്നൊരു സ്വതന്ത്ര ചിന്തകൂടി അവരില്‍ ആവേശിപ്പിക്കാന്‍ നമുക്കു സാധിക്കും. അതുകൊണ്ടു തന്നെ മലയാള ഭാഷയൂടെ, ദിനസരിയുടെ, ഭാവിയാണു ബൂലോഗ സംഗമങ്ങള്‍. ലോകത്തിന്റെ ഓരൊ മുക്കിലും മൂലയിലും ബ്ലോഗുന്ന മലയാളികളുടെ ആവേശമായിത്തീരട്ടേ ബൂലോഗസംഗമങ്ങള്‍ ! ജയ് ബ്ലോഗ് മീറ്റ് !!

ചിത്രത്തിനു കടപ്പാട്: അനില്‍

34 comments:

അഗ്രജന്‍ said...

ചരിത്രത്തിന്റെ സുവർണ്ണ താളുകളിലേക്ക് ബ്ലോഗ് മീറ്റുകളെ കൈപിടിച്ച് കയറ്റിയ ഇടിഗഡീ... താങ്കളുടെ ഈ സേവനം എന്നും വാ‍ഴ്ത്തപ്പെടട്ടെ (ആമേൻ)

:)

ഭായി said...

വിവരമില്ലാതിരുന്ന എനിക്ക് വിവരം വെക്കാനും,
ഒപ്പം തല തല്ലി ചിരിക്കാനും ഈ ഉദ്യമം ഉപകരിച്ചു!

ലങ് മോളില് കെട്ടിതൂക്കിയിട്ടിരിക്കുന്ന ചിലന്തി വല പിടിച്ച പോട്ടോമാണൊ ഈ അക്രമങളുടെ ആദ്യ പോട്ടം?

ഇടിവാളേയ് അസ്സലായിട്ടുണ്ട് ക്യാട്ടോ :-)

kichu / കിച്ചു said...

ഇടീ....
നിനക്കു ആരുടെയെങ്കിലും കയ്യില്‍ നിന്ന് ഇടി അടുത്തു തന്നെ കിട്ടും :) :)

പൊസ്റ്റ് കലക്കിട്ടാ ഗഡീ

raveesh said...

ഇടീ,

എന്നാലും ‘കൂലിപ്പണിക്കാർ’ എന്നതിൽ നിന്ന് എന്റെ ഫോട്ടോയിലേക്ക് ലിങ്ക് കൊടുത്തതിനെതിരേ ഞാൻ എന്റെ പ്രതിക്ഷേധം ഇവിടെ അറിയിക്കുകയാണ്.

സുമേഷ് മേനോന്‍ said...

ബ്ലോഗ്‌ മീറ്റ്‌ ചരിതം ആട്ടകഥ - ആദ്യഭാഗം (അവസാനത്തെയും!!) ....

കലക്കീട്ടാ...:)

കുമാരന്‍ | kumaran said...

മലയാളത്തില്‍ ബ്ലോഗുള്ള രണ്ടു പേര്‍ തമ്മില്‍ വഴിയില്‍ വച്ചു കണ്ടു കൈ കൊടുത്താലും അതൊരു ബ്ലോഗ് മീറ്റായി കണക്കില്പെടുത്തുന്ന..

എന്റെ ദൈവമേ.. എന്നാ ഒരു അലക്കാ ഇത്...! ഇത്രേം ലിങ്ക് കൊടുക്കാന്‍ തന്നെ എന്തു പാട് പെട്ടുകാണും.. ഗംഭീരം.!ബോസ്സ്.

അനിലന്‍ said...

യു.എ.ഇ യില്‍ ഇനിയും ജീവിക്കണം എന്നതുകൊണ്ട് ഈ ലേഖകന്‍ ഇതേക്കുറീച്ച് കൂടുതലൊന്നും പറയുന്നില്ല.

:)

ഇടിവാള് പോസ്റ്റ്!!!

:: VM :: said...

രവീഷ്:)
/തടിമിടുക്കുള്ള ബ്ലോഗര്‍മാരെയോ,/ എന്ന വാക്കില്‍ നിന്നാണു ലിങ്ക് കൊടുത്തിരിക്കുന്നത്. കൂലിപ്പണിക്കാരുടെ വിക്കി ലിങ്ക് തപ്പിയിട്ടു കിട്ടിയില്ല. വിക്കി എന്നതു തന്നെ ലിങ്കുകളുടെ ഒരു ബഹളമുള്ള സ്ഥലമാണല്ലോ? ഒരു തരത്തിലും താങ്കളേയോ ഫോട്ടോയിലുള്ള മറ്റുള്ളവരെയോ (പേരറിയില്ല) ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. തടിമിടുക്കുള്ള എന്ന വിശേഷണം ആക്ഷേപമല്ലേന്നു താങ്കള്‍ കരുതുന്നു എന്നു ഞാന്‍ കരുതട്ടേ? :)

raveesh said...

ഹ ഹ ... ഇടീ,

ഞാൻ ഒരു തമാശ പറഞ്ഞതാ.. അപ്ലേക്കും സീരിയസായാ ..

kichu / കിച്ചു said...

ശൊ..
ഇപ്പൊഴത്തെ കാല‍ത്ത് മനുശമ്മാരെ ഒരു തമാശ പറയാനും ഇങ്ങള് സമ്മതിക്കൂലാലോ ഇടീ..
എന്തൂട്ടാഷ്ടാത് :)

രവീഷേ.. ഗൊള്ളാം :)

കുഞ്ഞൻ said...

ഇടിഗഡീ..

ഈ ബ്ലോഗ് സംഗമ ചരിത്രം ബൂലോഗത്ത് സുവർണ്ണ ലീപികളാൽ കൊത്തപ്പെടട്ടെ..ഇപ്പൊ സ്വർണ്ണത്തിനൊക്കെ എന്താ വില...

എല്ലാം ഭഗവാൻ തേരി മായാ പ്രഭോ...

ഭായി said...

രവീഷേയ്..ശക്തമായി കീ ബോര്‍ഡില്‍ കുത്തിക്കൊണ്ട് ഞാന്‍ ടൈപ്പ് ചെയ്യുകയാണ്,(വീണ്ടും സക്തി കൊടുത്തല്‍ നാളെ ടൈപ്പ് ചെയ്യാന്‍ പറ്റില്ല)ഇടിവാ‍ള്‍ രവീഷിനെ ആക്രമിച്ചത് തന്നെയാണ്.
ഇതങിനെ വിട്ടുകൊടുത്താല്‍ പറ്റില്ല,വിട്ടുകൊടുക്കരുത്!!

ആ പണിക്കര്‍ക്ക് ഒരു കൊട്ടേഷന്‍ കൊടുത്ത് ഇടിവാളിന്റെ ഷേപ്പ് മാറ്റണം.അല്ലെങ്കില്‍ പണിക്കരെ അനോണിയായി കയറ്റിവിട്ട് നല്ല നാല് പ്രധിഷേധം കമന്റീര്.ഞാന്‍ നോക്കിയിട്ട് അതെയുള്ളൂ പോംവഴി :-)

ബിനോയ്//HariNav said...

ഇടീ ഇടിവെട്ട് പോസ്റ്റ്‌ട്ടാ :)

chithrakaran:ചിത്രകാരന്‍ said...

ചരിത്രം രചിക്കുന്നവര്‍ക്ക് ആശംസകള്‍ !!!!

യൂസുഫ്പ said...

സൂപ്പര്‍ ഇടിവാളേ.....മീറ്റില്‍ ആരും വാള് വെയ്ക്കാതെ നോക്കിക്കോളണേ..

മാണിക്യം said...

കൊള്ളാം,ഈ കണക്കില്‍ ഏറ്റവും കൂടുതല്‍ ബ്ലൊഗ് മീറ്റില്‍ ഒരു മാസം കൊണ്ടു പങ്കെടുത്തത് ഞാന്‍ ആവും യൂ എ ഇ ബ്ലൊഗ് മീറ്റ് അസുയവഹം തന്നെ!
കുറെ വിശ്വവിഖ്യാതരെ നേരില്‍ കാണാനും ഭാഗ്യം കിട്ടി

പോസ്റ്റ് ഉഗ്രന്‍ !

ചെലക്കാണ്ട് പോടാ said...

അടുത്തെങ്ങാനും ഇതുപോലൊരെണ്ണം സെറ്റപ്പാക്കാന്‍ പറ്റുമോ? മീറ്റേ മീറ്റ്....

ജയരാജന്‍ said...

അതുശരി ഇതിന്റെടേൽ വീണ്ടും ഒരു മീറ്റ് കഴിഞ്ഞാ?
ഇടിഗഡി നല്ല ഫോമിലാണല്ലോ... തുരുതുരാന്നല്ലേ പോസ്റ്റുകൾ വരുന്നത്! ഇതും കലക്കീ.... :)

എതിരന്‍ കതിരവന്‍ said...

ഇങ്ങനെ അതിഗഹനവും വസ്തുനിഷ്ഠവും ആകണം ബ്ലോഗുകൾ. ക്യാമെറ ഇല്ലാതെ അല്ലെങ്കിൽ ചെറിയ ക്യാമെറെയുമായി ചിലർ വരാൻ ശ്രമിച്ചതു കൊണ്ട് ഇവിടെ നടത്താനിരുന്ന മീറ്റ് ക്യാൻസൽ ചെയ്തെന്ന് സന്തോഷപൂർവ്വം അറിയിക്കട്ടെ.

ഉണ്ണിയപ്പം എന്നതിനു ലിങ്കു കൊടുത്തില്ലായിരുന്നെങ്കിൽ അത് എന്തെന്ന് അറിയാതെ പോയേനേ. ‘ഗോളാകൃതിയിലുള്ള’ താണത്രെ അത്.

മുല്ലപ്പൂ said...

പറയാതെ വയ്യ .
സൂപ്പര്‍ എഴുത്ത്

അനില്‍_ANIL said...

യു.എ.ഇ യില്‍ ഇനിയും ജീവിക്കണം എന്നതുകൊണ്ട് ഈ ലേഖകന്‍ ഇതേക്കുറീച്ച് കൂടുതലൊന്നും പറയുന്നില്ല.

വിക്കി ലേഖനത്തില്‍ വ്യക്തിഗത പരാമര്‍ശങ്ങള്‍ പാടില്ല :)

പുള്ളി പുലി said...

ഇടീ നിന്റെ അഭ്യാസം കലക്കീട്ടാ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:അടുത്ത മീറ്റ് ഇനി വാളേട്ടന്റെ വീട്ടിലാണെന്നാ‍ കേട്ടത്. അടൂത്ത്തന്നെ മുങ്ങി നടക്കണ ഒരു അയല്‍‌വാസീം ഉണ്ടല്ല്ലോ ഒരു ഇടിക്ക് രണ്ട് പക്ഷി.

Jimmy said...

എന്തായാലും ആദ്യമായിട്ടാണ്‌ ഒരു മല്ലു ബ്ലോഗ്‌ മീറ്റിൽ 2 വിദേശ അനോണികൾ തള്ളിക്കയറി ഫോട്ടോയ്ക്കു പോസ്‌ ചെയ്തത്‌ എന്ന വസ്തുത ഇവിടെ പറയാതിരിക്കാൻ പറ്റില്ല... ഇടിവെട്ട്‌ എഴുത്ത്‌...

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ ഹ കിണുക്കന്‍ പോസ്റ്റ് ഗെഡീ...ഇഷ്ടായി ! :)

സുല്‍ |Sul said...

“ഭര്‍ത്താവായ ബ്ലോഗന്‍ മീറ്റിനു തയ്യാറെടുക്കുമ്പോള്‍ ഭാര്യ ഉണ്ണിയപ്പം ഉണ്ടക്കുക എന്നതാണു പരമ്പരാഗതമായ രീതി.“

ആകെമൊത്തം ഒരു ഉണ്ണിയപ്പം കഴിച്ച പ്രതീതി. കലക്കീട്ടാ...

ഗ്ലാമര്‍ ഉണ്ണി said...

അസ്സലായിട്ടുണ്ട് :)

ശ്രീ said...

ഈയിടെയായി അങ്ങ് തകര്‍ക്കുകയാണല്ലോ...

കലക്കുന്നുണ്ട്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കലക്കീല്ലോ

ഈയിടെയായി ബ്രാൻഡ് മാറ്റീന്ന് തോന്നണല്ലോ :)

:: VM :: said...

അദ്ദാണ് ! പ്രിയ ഉണ്ണികൃഷ്ണന് മാത്രമാണു കൃത്യമായ ഉത്തരം പറഞ്ഞത് – പ്രിയക്ക് ഫുള് മാര്ക്ക്! :)

എന്നാലും ഉണ്ണിയപ്പത്തിനു ഗോളാകൃതിയാണെന്നു എഴുതിയവന് ജിലേബി ബര്മുട ട്രയാങ്കിളു പോലെയാണെന്നെഴുതും- ഒറപ്പ്

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.