-- എ ബ്ലഡി മല്ലു --

ബെങ്കലൂരു ട്രാവലോഗു - പാര്‍ട്ട്-1

Saturday, December 05, 2009

വെറുമൊരൊറ്റ ദിവസത്തിനായി ബെങ്കലൂരിലേക്കു യാത്ര തിരിക്കാന്‍ ഞാന്‍ വീട്ടില്‍ നിന്നും വലം കാലെടുത്ത് പുറത്തുവച്ചു. ഇടത്തേകാലും കൂടി കൊണ്ടുപോയേക്കാമെന്നു കരുതി അതും എടുത്തു വച്ചതും രണ്ടു കുഞ്ഞിക്കാലുകള്‍ കൂടിവാതില്‍ ചാടി വെളിയില്‍ വന്നു. “ഞാനും ബര്‍ണൂ എയര്‍പോത്തില്‍” എന്നും പറഞ്ഞ് 5 വയസ്സുകാരന്‍ വിച്ചു.

അവന്‍ കരഞ്ഞാല്‍ പിന്നെ അപ്പീലില്ല, അതോണ്ടു കൊണ്ടുപോകുന്നതാ ബുദ്ധി, എല്ലാവരും കൂടി ഇറങ്ങി. 20 മിനിറ്റില്‍ ഷാര്‍ജ എയര്‍പോര്‍ട്ട് എത്തി. “നിങ്ങള്‍ എന്നെ ഡ്രോപ്പ് ചെയ്തിട്ടു പൊയ്ക്കോളൂ, ഇനി വണ്ടി പാര്‍ക്കു ചെയ്യാനും കാത്തു നില്‍ക്കാനും ഒന്നും പോകണ്ട” എന്നു ഞാന്‍ പറഞ്ഞതും വിച്ചു കരച്ചില്‍.. അവനും കൂടി അകത്തു വരുന്നുണ്ട്.. പ്ലീച് അച്ഛാ പ്ലീച് അച്ചാ ..

അച്ചന്‍ മറ്റന്നാളു ടിമ്മെന്നു തിരിച്ചെത്തിലേടാ മോനേ, മോനു വെഷമിക്കണ്ടാ, എന്നൊക്കെ പറഞ്ഞ് മകന്റെ കരച്ചിലടക്കാന്‍ പണിപ്പെട്ടു. ഉടന്‍ .. “അതല്ല അച്ഛാ, നമുക്ക് അകത്തു പോയി ഒരു “പിചാ” (Pizza) ഒക്കെ കയിച്ചിട്ടു അച്ഛന്‍ ഫ്ലൈറ്റില്‍ കേറി പൊക്കോ എന്നു ചെക്കന്റെ മറുപടി വന്നതും ഞാന്‍ പീസ് പീസായി.

പെട്ടെന്നു തന്നെ വണ്ടിയില്‍ നിന്നിറങ്ങി, എല്ലാവരോടും ബൈ ബൈ പറഞ്ഞ് പൊയ്ക്കോളാന്‍ പറഞ്ഞ് ഡിപാര്‍ചര്‍ ഗേറ്റിലേക്കു നടക്കുമ്പോള്‍, അകന്നു പോകുന്ന വണ്ടിയില്‍ നിന്നും വിച്ചുവിന്റെ കീറല്‍ വ്യക്തമായി കേക്കാമായിരുന്നു.. അച്ചാ-- പീചാ . പീചാ.. അച്ചന്‍ , പിച്ച എന്നാണൊ അവന്‍ വിളിച്ചത് ങേ!.. ഞാന്‍ ഒന്നുകൂടി ശ്രദ്ധിച്ചു.

എയര്‍ അറേബ്യയിലാണു യാത്ര- ഏറ്റവും ചീപ്പ് റേറ്റ് നോക്കി എടുത്തതാ. ലഗേജൊന്നുമില്ല, ഒരൊറ്റ ബാക്ക്പാക്ക് ബാഗുമാത്രം, അതില്‍ പണ്ടെങ്ങോ “എമിരേറ്റ്സ് വിമാനത്തില്‍” യാത്രചെയ്തപ്പോള്‍ കിട്ടിയ തിളങ്ങുന്ന ചുവന്ന “ഫ്ലൈ-എമിരേറ്റ്സ്” ടാഗുണ്ട്. കണ്ടാല്‍ എമിരേറ്റ്സ് പാസഞ്ചറല്ലാ എന്നാരും പറയില്ല. കുളിച്ചില്ലേലെന്താ, മറ്റേതു പുരപ്പുറത്തു കിടപ്പുണ്ടല്ലോ. എന്തിനധികം, എമിരേറ്റ്സിന്റെ സ്റ്റിക്കര്‍ നെറ്റിയില്‍ ഒട്ടിക്കാന്‍ വരെ റെഡിയാ ഞാന്‍.

നല്ല വിറയലുണ്ട്, ശരീരം മൊത്തം കിടുങ്ങുന്നു. ഇന്നലെ മുതല്‍ ഒടുക്കത്തെ പനി-തലവേദന-ബാഡി പെയിന്‍. ബെങ്കലൂരു എയര്‍പോര്‍ട്ടില്‍ സ്വൈന്‍ ഫ്ലൂ സ്ക്രീനിങ്ങ് ഒണ്ട് ചേട്ടായി, ട്രിപ്പ് 1 ആഴ്ച നീട്ടൂ എന്നൊക്കെപറഞ്ഞ് ഭാര്യ പേടിപ്പിച്ചപ്പോള്‍, ഇന്നലെ തന്നെ ഡോക്റ്ററെ കണ്ടിരുന്നു. കയ്യേലും, ചന്തിക്കും ഓരോ ഇഞ്ചെക്ഷനും , നഴ്സിനെ വക നല്ല തിരുമ്മലും കിട്ടിയതു മിച്ചം- 200 ദിര്‍ഹത്തിന്റെ ആന്റിബയോട്ടിക്കും 8 ഗുളികള്‍ ദിവസേന അങ്ങനെ 5 നാളേക്ക് - എന്റെ ഒരു ടൈമേ. (തിരുമ്മ കൊള്ളാമായിരുന്നു)

ബജറ്റ് എയര്‍ലൈനായതിനാല്‍, ഡിന്നറിനു അവര്‍ ഒരു ചെറിയ കുപ്പി മിനറല്‍ വാട്ടര്‍ ആണു സെര്‍വ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ, എമിഗ്രേഷന്‍ കഴിഞ്ഞ് ഫുഡ് കോര്‍ട്ടില്‍ പോയി ഒരു ബിഗ് മാക് വാങ്ങി പൂശി- കൂടെ ഗുളികകളും- മാക്കിന്റെ കൂടെ നോ-കോള്‍ഡ് കോക്ക് ചോദിച്ച എനിക്കു കിട്ടിയതു നല്ല തണുത്ത കോക്ക്- കാര്യം തിരക്കിയപ്പോള്‍ ലവന്‍ പറയുന്നു, അതാണു നോ കോള്‍ഡ്- ഐസ് ഇട്ടിട്ടില്ലെന്നു. സോ കോള്‍ഡ് മാക്‍ഡൊണാല്‍ഡിലെ നോ-കോള്‍ഡിന്റെ അവസ്ഥ- ഹോ.. എന്തായാലും വേസ്റ്റാക്കാന്‍ പറ്റില്ലല്ലോ- കുളിരു കുളിരേന ശാന്തി-

സീറ്റ് നമ്പ്ര 3എ. വിന്‍ഡോസീറ്റാണു, ചെന്നതും കിടന്നുറങ്ങണം. ബോര്‍ഡിങ്ങിനാണേല്‍ ഇനിയും ഒന്നര മണിക്കൂറുണ്ട്. ഡ്യൂട്ടി ഫ്രീയില്‍ നിന്നും ചോക്ലേറ്റ്സ്, , ഒരു ടെഡി ബേറും, (കസിന്റെ മകള്‍ക്ക്) പിന്നെ 6 ചെറീയ ബിയറും (അതെനിക്ക്) വാങ്ങി, ബില്ലു പേ ചെയ്ത്, നേരെ ലോഞ്ചില്‍ ചെന്നിരുന്നു. വി.കെ.എന്‍ ന്റെ പൊടിപൂരം തിരുനാള്‍ എടുത്ത് വായന തുടങ്ങി. ഹോ, ചിരിക്കാനുണ്ടെങ്കിലും, നായമ്മാരെയൊക്കെ എന്ത് അലക്കാ അലക്ക്യേക്കണേ ചുള്ളന്‍, ഒരു നായര്‍ക്കെങ്ങനെ ഇതു സാധിക്കുന്നു. ചിരിവന്നു ഊര്‍ന്നിറങ്ങിയ കണ്ണീര്‍ കൈലേസെടുത്ത് തുടക്കുന്നതിനിടയില്‍, ട്രെയിന്‍ യാത്രക്കിടയില്‍ ബോബനും മോളിയും വായിച്ചു പൊട്ടിച്ചിരിക്കുന്ന ഇന്നസെന്റിനെ നോക്കുന്നതുപോലെ പലരും എന്നെ വീക്ഷിക്കുന്നുണ്ടെന്നു മനസ്സിലായി.

വിമാനത്തില്‍ എന്റെ സീറ്റില്‍ ഒരു പെണ്ണുമ്പിള്ള ഇരിക്കുന്നു. കന്നഡക്കാരിയാന്നു തോന്നിന്നു , എന്തരു കേസ് എന്നു തിരക്കിയപ്പോള്‍ അവടെ സീറ്റ് 3.ബി, - 3സി യില്‍ വേരൊരു ചുള്ളന്‍ ഇരുപ്പുണ്ട്. സൊ, ഈ ഭവതിക്ക് രണ്ടു പുരുഷന്മാരുടെ മധ്യേയാണു ഇരിപ്പിടം കല്‍പ്പിച്ചരുളിയിരിക്കുന്നത്.- സെന്റര്‍ സീറ്റില്‍ ഇരിക്കുന്നത് ഏറ്റോം ദേഷ്യമുള്ള കാര്യമാനല്ലോ എന്നോര്‍ത്തെങ്കിലും, പോട്ടെയെന്നു കരുതി ഞാന്‍ 3-ബിയില്‍ ഇരുന്നു- കുറച്ചു കഴിഞ്ഞതും വിമാനം നീങ്ങിത്തുടങ്ങി, ഇതിനിടയില്‍ പുള്ളിക്കാരി കാബിന്‍ ക്രൂവില്‍ ഒരുത്തിയെ വിളിച്ച് ലേഡീസ് സീറ്റു വല്ലോം തരാവോ എന്നു ചോദിച്ചു. എന്നെ കണ്ടാലേ പ്രശ്നക്കാരനാണെന്നു തോന്നിയോ എന്തോ.. അതോ വല്ല ജോസപ്പോ ജേക്കപ്പോ പുറകിലിരിപ്പുണ്ടോ എന്നു ഞാന്‍ നോക്കി. വിമാനം ഓടുകയാണു ചേച്ചി, ടേക്കോഫിനു ശേഷം ഇമ്മക്ക് വകുപ്പുണ്ടാക്കാം അര മണിക്കൂര്‍ ഈ കാപാലികന്റെ കൂടെ അഡ്ജസ്റ്റൂ എന്നു മറുപടി നല്‍കി ഹോസ്റ്റസ് അവളുടെ പാട്ടിനു പോയി. ഉറക്കം പോയല്ലോ കര്‍ത്താവേ എന്നു മനസ്സില്‍ കരുതി, ഉറങ്ങി എങ്ങാന്‍ ചരിഞ്ഞു ഈ ഭവതിയുടെ ദേഹത്തെങ്ങാന്‍ അറിയാതെ കൊണ്ടാല്‍ വല്ല പീഢനക്കേസിലും പെടും. ഞാന്‍ സ്റ്റെഡിയായി ഇരുന്നു , ഒരു പ്രതിമപോലെ.

അരമണിക്കൂറിനകം തന്നെ തരുണീമണിക്കായി ഒരു സ്പെഷല്‍ സീറ്റും സംഘടിപ്പിച്ച് നേരത്തെ പാട്ടും പാടി പോയ എയര്‍ ഹൊസ്റ്റസെത്തി- തരുണീമണി എന്നോട് ഒരു നന്ദി പറഞ്ഞ് സ്ഥലം വിട്ടു (നന്ദി എന്തിനാണാവോ തന്നത്-) ഹാവൂ- അപ്പോള്‍ സെന്റര്‍ കാലി, എനിക്കെന്റെ 3-എ സീറ്റു കിട്ടി- വിശാലമായി ഇരിക്കാം ഉറങ്ങാം എന്നൊക്കെ കരുതിയിരുന്നതും ദാ വരുന്നു അടുത്ത പാര- തരുണിക്കു പകരം ഒരു തരുണനെയാണു റീപ്ലേസ്മെന്റായി കൊണ്ടത്തന്നത്. 30 വയസ്സു തോന്നിക്കും- കണ്ടിട്ടൊരു മല്ലു ലുക്കുണ്ട് ഞാനെന്റെ 3-അ യിലേക്കും ലവന്‍ 3-ബി യിലേക്കും ചാരിയിരുന്നു.

എംബാര്‍കേഷന്‍ ഫോമും, കൂടെ സ്വൈന്‍ ഫ്ലൂ ക്വസ്റ്റിനയറുമായി എയര്‍ ഹോസ്റ്റസ് വന്നു. 3-ബി യിലെ ചുള്ളന്‍ പേനയെടുത്ത് അതീവ ഗൌരവത്തോടെ പൂരിപ്പിച്ചുകൊണ്ടിരുന്നു. എന്റെ കയ്യില്‍ പേനയില്ലാത്തതിനാല്‍, അവന്റെ കഴിഞ്ഞ ശേഷം അത് ഇരക്കാം എന്ന മനോ വിചാരത്താല്‍ ഞാന്‍ കയ്യിലെ ഫോമുകള്‍ വായിച്ചു. നിങ്ങള്‍ ജര്‍മനി/കാനഡ/മെക്സിക്കോ എന്നിവിടങ്ങളില്‍ ഈയടുത്ത് പോയിരുന്നോ, കഴിഞ്ഞ 10 ദിവസത്തില്‍ നിങ്ങള്‍ക്ക് പനി വന്നിരുന്നോ, കാല്‍മുട്ടിലു വേദനയുണ്ടോ, പല്ലിനു കാന്‍സറുണ്ടോ, മുടികൊഴിച്ചിലുണ്ടോ, മൂലക്കുരുവുണ്ടോ, ബിരിയാണി കഴിച്ചാല്‍ വിശക്കാറൂണ്ടോ, എന്നീ ലൈനില്‍ ഒട്ടനവധി ചോദ്യങ്ങള്‍. 3-ബി ചുള്ളന്‍ അവന്റെ പൂരകം അവസാനിച്ചപ്പോ ഞാന്‍ പേന വാങ്ങി എഴുതി തുടങ്ങി- അപ്പോഴും നല്ല പനിയും തലവേദനയുമുണ്ടായിരുന്നെങ്കിലും, എനിക്കൊരു കുഴപ്പോമില്ല എന്നു സ്വൈന്‍ ഫ്ലൂ ഫോമില്‍ എഴുതി, രണ്ടാമത്തെ എമിഗ്രേഷന്‍ ഫോം ഫില്‍ ചെയ്യുന്നതിനിടക്ക് 3-ബി ചുള്ളന്‍ എന്നെ ഒന്നു ഞോണ്ടിയിട്ട് പറഞ്ഞു എസ്‌കൂസ് മീ... (ഇപ്പോ ഷുവറായി ..ഇവന്‍ മല്ലു തന്നെ- നല്ല പെര്‍ഫക്റ്റ് മല്ലു ആക്സന്റ്)

എഴുത്തു നിര്‍ത്തി ചോദ്യ ഭാവത്തില്‍ അവനെ നോക്കിയ എന്നോട്
“ എസ്കൂസ് മി, കാന്‍ ഐ സിറ്റ് ഇന്‍ ദ വിന്‍ഡോ സീറ്റ്?”

ശെടാ- സാദാരണ കേസില്‍- സോറി-നോ എന്ന സിമ്പിള്‍ മറുപടിയില്‍ ഒതുക്കാമായിരുന്നു. ഇതിപ്പോ അവന്റെ പേന എന്റെ കയ്യില്‍, ഞാന്‍ ആലോചനക്കു ശേഷം ചോദിച്ചു “വാറ്റ്സ് ദ മാറ്റര്‍?”

യു നോ, ഐ ഹാവ് പ്രോബ്ലെംസ്, വൊമിറ്റിങ്ങ്, ഹെഡ് എയ്ക്ക്, സിറ്റിങ്ങ് ഹിയര്‍” അവന്റെ മറുപടി.

ആഹാ, കൊള്ളാലോ മോനേ, തരൂരിനെയാണോ നീ ട്വീറ്റാന്‍ പഠിപ്പിക്കുന്നേ? നമ്പരിറക്കല്ലേ, നിന്റെ പേന.. കൊണ്ടു പുഴുങ്ങിത്തിന്നടേ എന്നു മനസ്സില്‍ കരുതിക്കൊണ്ടു ഞാന്‍ പറഞ്ഞു,..
‘സോറി മാന്‍, ഐ ഹാവ് ദ സേം പ്രോബ്ലംസ്, ഏന്‍ഡ് ഡോന്റ് ലൈക്ക് റ്റൊ സിറ്റ് ഇന്‍ ദ സെന്റര്‍”

പ്രതീക്ഷിക്കാത്ത മറുപടി കേട്ടതോടെ ചുള്ളന്‍ സോറി പറഞ്ഞു പിന്‌വലിഞ്ഞു, ഞാന്‍ പെട്ടെന്നു തന്നെ എമിഗ്രേഷന്‍ ഫോം പൂരിപ്പിച്ച് പേന നന്ദിപൂര്‍വ്വം തിരിച്ചേല്‍പ്പിച്ചു. സീറ്റിലേക്കു ചാഞ്ഞു. 3ബി ഗഡി അവന്റെ ബാഗു തുറന്നു മൊബൈല്‍ എടുത്ത് ഓണ്‍ ചെയ്തു- എടാ കൂവേ ഫ്ലൈറ്റ് -ത്രൂ ഔട്ട് മൊബൈല്‍ ഉപയോഗിക്കരുതെന്ന അനൌണ്‍സ്മെന്റ് നീ കേട്ടില്ലെ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. എന്തു അര്‍ജന്റ് കാര്യമാണാവോ ലവന്‍ ചെയ്യുന്നത് എന്നു ഞാന്‍ നോക്കി-Nokia E66 ഫോണാണവന്റെ കയ്യില്‍. അതൊന്നു കാണിക്കാനാന്നു തോന്നുന്നു. ഞാന്‍ ഇടംകണ്ണിട്ടു നോക്കി. ഡാവു ഫൊട്ടോ ഗാലറിയെടുത്ത് അവന്റെ തന്നെ ഫോട്ടോകള്‍ ബ്രൌസ് ചെയ്യുന്നു. ഒരെണ്ണം ഫുള്‍ സൂട്ടില്‍- അതെടുത്ത് സൂം ചെയ്യുന്നു, അടുത്തതെടുക്കുന്നു. സമ്മതിച്ചു മോനേ... ആ കൈപ്പള്ളിയെങ്ങാനും നിന്നെ കണ്ടാല്‍.. ഞാന്‍ മനസ്സില്‍ അവനൊരു വാണിങ്ങ് നല്‍കി.

ഉള്ളില്‍ നല്ല പനിയുണ്ട്. ഇടക്കൊന്നു മയങ്ങി. ബാംഗ്ലൂരില്‍ സമയത്തിനു തന്നെ എത്തി-പുലര്‍ച്ചെ 4 മണിക്ക്. അറൈവല്‍ ടെര്‍മിനലിലേക്കു നടക്കുമ്പോള്‍ അല്പം ടെന്‍ഷനുണ്ടായിരുന്നു. അപ്പോഴും പനിയുണ്ട്. അവമ്മാരു സംശയം തോന്നിയാല്‍ പിടിച്ച് ആശൂത്രീലാക്കും 10 ദിവസം എങ്ങാട്ടു പോയി എന്നു ചോദിക്കണ്ടാ. പക്ഷേ, പാസഞ്ചേഴ്സിനെ നോക്കി, അണ്‍-ഫിറ്റ് (കള്ളടിച്ചുള്ള ഫിറ്റല്ല) ആണെന്നു തോന്നിയവരെയാണു ഫര്‍തര്‍ ടെസ്റ്റിനു വിളിക്കൂ എന്നു നേരത്തെ എവിടെയോ വായിച്ചിട്ടുണ്ട്. അതുകൊണ്ട്, എനിക്കൊരു കൊഴപ്പോമില്ല, എന്നു അവര്‍ക്കു മനസ്സിലാവാന്‍, ആകയുള്ള 4 പാക്ക് മസിലും പെരുപ്പിച്ചാ‍ണു നടപ്പ്. കിരീടം ഹൈദ്രോസ് സ്റ്റൈലില്‍ -

എമിഗ്രേഷനു മുന്‍പാണു സ്വൈന്‍ഫ്ലൂ സ്ക്രീനിങ്ങ് ഡെസ്ക്, അവരു സ്റ്റാമ്പടിച്ചു തന്നാലെ ഇമിഗ്രേഷന്‍ കഴിയൂ. 5-6 കൌണ്ടറുകളില്‍,ഒന്നില്‍ ഒരു ലേഡി ഡോക്റ്റര്‍ ഇരിക്കുന്നിടത്തേക്ക് ഞാന്‍ നടന്നു, തികച്ചും പനിയില്ലാത്ത ഒരു ആരോഗ്യദൃഡഗാത്രനെപ്പോലെ - മസിലും പെരിപ്പിച്ച് എയറും പിടിപ്പിച്ചുള്ള എന്റെ വരവു കണ്ടതേ ലേഡി ഡോക്റ്റര്‍ സീലെടുത്ത് റെഡിയായിരുന്നു. ഒന്നു നോക്കി ക്ലിയറന്‍സു തന്നതും, വയറിനിടാത് വശത്തു ആരോ വിരല്‍കൊണ്ടു കുത്തിയപോലെ അത്രനേരം പിടിച്ച എയറോക്കെ പോയി- ഹോ സമാധാനം! ഞാന്‍ എമിഗ്രേഷന്‍ കൌണ്ടറിലേക്കു നടന്നു.

(ബാക്കി പിന്നെ സമയാനുസൃതം തുടരും)

19 comments:

സുമേഷ് മേനോന്‍ said...

ആദ്യ തേങ്ങ എന്‍റെ വഹ...

((((((ട്ടോ)))))))

ബാക്കി വായിച്ചിട്ട് (ഈശ്വരാ വിശ്വസിക്കാന്‍ വയ്യേ)...

നാസ് said...

അപ്പൊ ഇത്രേയുള്ളൂ ഈ ഫ്ലൂ സ്ക്രീനിംഗ് ഒക്കെ അല്ലെ... വെറുതെയല്ലേ പന്നിപ്പനി കൂടുന്നത്... മാഷേ, ബാക്കി വേഗം പോരട്ടെ..

chithrakaran:ചിത്രകാരന്‍ said...

നല്ലൊരു വിറച്ചുപനി അടുത്ത ഘഡുവില്‍ പ്രതീക്ഷിക്കട്ടെ.

kichu / കിച്ചു said...

idiiiiiiiiiiiiiii

neeyaru S.K. pottekkado??
nirantharam travalogue ezhuthan:):)
Zurich kazhinjathe ullu.. udan thudangi bangalooru. ini enthokke kananam ente bloganar kavilamme. :)
(sorry no malayalam fond)

പുള്ളി പുലി said...

അടിപൊളി. ഇവിടെ വെച്ച് നിറുത്തേണ്ടായിരുന്നു ഇനി ഇതിന്റെ ബാക്കി വായിക്കാൻ കാത്തിരിക്കണം ഒരു മാതിരി സീരിയൽ പരിപാടി ആയിപ്പോയി.

poor-me/പാവം-ഞാന്‍ said...

ഇങനെയാണ് ഇന്ത്യയില്‍ പന്നി പനി വ്യാപിച്ചത്...കസബ് പണി ഇങനേയും ചെയ്യാം...

Visala Manaskan said...

ആഹ.. ഡീസന്റായിട്ടുണ്ട് ഇടിവാളേ.

:) ചിരിച്ചുവായിച്ചു. നൈസ്!

ഭായി said...

രസിപ്പിച്ചു, ചിരിപ്പിച്ചു..
ഹല്ലാ..സഞ്ചാര കാമഡിയില്‍ പി ജി ട്ത്ത്ട്ട്ണ്ടാ ...?
:-)
മകന്‍ പറ്റിയ മകന്‍ തന്നാട്ടോ..:-)

jayanEvoor said...

ബാക്കി വായിച്ചിട്ട് ഡബ്ല്യു.എച്ച് .ഓ യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാം, ട്ടാ..!

ചേട്ടന്‍ മേക്സിക്കൊയ്ക്കെങ്ങാനും പോയിരുന്നോ, ഒരു കൊല്ലം മുന്പ്...?

അല്ല, അവര് ചോദിക്കുമ്പ പറഞ്ഞാ മതീട്ടോ!

Namaskar said...

തിരോന്തരത്ത് (നാലു മാസം മുമ്പ്) ചെന്നിറങ്ങിയപ്പോള്‍ ‘ഫ്ലൂ‘ കൌണ്ടറില്‍ ആകെയുള്ള ഒരു മനുഷ്യന്‍ (ഡോ ആണോ?, ആ) - “പനിയൊന്നുമില്ലല്ലോ?”. മറുപടിയും വേണ്ട സീല്‍ റെഡി :)

ബാക്കി പെട്ടെന്ന് പോരട്ടേ....:)

സുമേഷ് മേനോന്‍ said...

അച്ഛനു പറ്റിയ മോനാ,
"അച്ചാ-- പീചാ . പീചാ.. അച്ചന്‍ , പിച്ച".

വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു .
അടുത്തത് ഉടനെ പോരട്ടേയ്...

കുഞ്ഞന്‍ said...

മാഷെ,

അടുത്തഭാഗം അടുത്തടത്ത് പോസ്റ്റൂ..

കൊച്ചിയിൽ എന്നോട് ആരും പനിയുണ്ടൊയെന്ന് ചോദിക്കാത്തതിനാൽ നാം അങ്ങോട്ട് കയറി ചോദിച്ചു..ന്താ പന്നി-പനിയൊന്നും ചെക്ക് ചെയ്യുന്നില്ലെ..? ടി ചുള്ളത്തി പറയാ ഞങ്ങള് പടിഞ്ഞാമ്പ്രത്തെ ആളുകൾ വന്നാൽ മാത്രമെ ചെക്ക് ചെയ്യൊള്ളൂന്ന്...

പാട്ടോളി, Paattoli said...

ഒന്നു രസം പിടിച്ചു വന്നതായിരുന്നു...
ദാ കിടക്കുന്നു...
മാ വരിക പരിപാടി വേണ്ടാ ട്ടോ...

തഥാഗതന്‍ said...

ദുഷ്ടാ
എന്നിട്ട് ആ ബിയർ ക്യാനുകൾ എവിടെ? പച്ചവെള്ളം പോലും കൊണ്ടു വന്നില്ലാ എന്നാണല്ലൊ എന്നോട് പറഞ്ഞത്

കുമാരന്‍ | kumaran said...

ബിരിയാണി കഴിച്ചാല്‍ വിശക്കാറൂണ്ടോ,


ഹഹഹ്.. രസായിട്ടുണ്ട്.

ഇസാദ്‌ said...

ഹ ഹ, കലക്കി.

അടുത്ത ഭാഗം ഉടനേ എഴുതൂ ..

Lathika said...

really talented...continue writing. but remember aaaa nee undakkivacha pizza nineekkal
kemanavum mone vinodeeee.do not know to type mal,kshamikkanam

ചെലക്കാണ്ട് പോടാ said...

അച്ചാ-- പീചാ . പീചാ.. അച്ചന്‍ , പിച്ച എന്നാണൊ അവന്‍ വിളിച്ചത്

ഇത്ര ചെറുപ്പത്തിലെ നല്ല തിരിച്ചറിവുണ്ടാകുമോ?...

വൈകിയാണെങ്കിലും ഈ വസന്തവും വന്നല്ലോ സന്തോഷം........

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അച്ഛൻ പിച്ചയാണെന്നു മോന് മനസ്സിലായല്ലെ, വെരി ഗുഡ്. നല്ല കുട്ടി

:)

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.