-- എ ബ്ലഡി മല്ലു --

മേരിക്കുട്ടിയുടെ വ്യകുലതകള്‍ [ പശ്ചിമ പ്രാചീന കവിത ]

Monday, July 28, 2008

എന്റെ പേര് മേരിക്കുട്ടി ഐസക്
നിന്റെപേര് "രേ വില്യംസ്( Ray Williams )
നിനക്കാ പേരിട്ടവരെ ഞാന്‍ വെറുക്കുന്നു
കാരണം

ഒരു മല്ലുവായ ഞാന്‍ സായ്പായ നിന്നെ പ്രണയിക്കുമെന്ന്
അവര്‍ ഓര്‍ക്കേണമായിരുന്നു

പ്രണയ പാരവശ്യത്തിന്റെ മൂര്‍ദ്ധന്യ നിമിഷങ്ങളില്‍
എന്റെ രേ, എന്നതിനു നിന്റെ ഭാഷയില്‍
എങ്ങനെ ഞാന്‍ മൈ.. രേ... എന്നു വിളിക്കും?

എന്റെ ഭാഷയിലെ മുട്ടന്‍ തെറിയല്ലേ അത്?
മല്ലൂ ബ്ലോഗ് കവികളില്‍ മാത്രമാണെന്റെ പ്രതീക്ഷ,
അവരതു സഭ്യമാക്കുമെന്നു!

എന്നാല്‍ തമിഴില്‍ എന്‍ റേ എന്നു വിളിച്ചാലോ..
കാമുകനെ എന്തറേ എന്നു വിളിച്ച എന്നെ അവര്‍ ഫെമിനിസ്റ്റാക്കില്ലേ?

ആദ്യമായി നിന്നോടു മേരി ഐസക്ക് എന്നു ഞാന്‍ പറഞ്ഞപ്പോള്‍
പേരു മാത്രം പറഞ്ഞാല്‍ മതി
പണി ചോദിച്ചില്ലല്ലോ എന്നു നീ കളിയാക്കി
ഇനിയും കാക്കാന്‍ എനിക്കാവില്ല,

മൊസാംബിക്കിന്റെ 13 കി.മി വടക്കു പടിഞ്ഞാറെ
ജലപ്പാ ദ്വീപിലെ 2000 ആദിവാസികളുളെ ജലപ്പാളി ഭാഷ (എരപ്പാളിയല്ല)
ഞാന്‍ പഠിച്ചു , ഓണ്‍ലൈന്‍ കോഴ്സു വഴി..

അവര്‍ "എന്റെ" എന്നതിനു പറയുന്നത് "കോ" എന്നാണ്‍~
എനിക്കും അതാണിഷ്ടം,

പണ്ട് പ്രീഡിഗ്രിക്ക് കോരസാര്‍ പലതും പഠിപ്പിച്ചു
മനസ്സമാധാനത്തോടെ നിന്നെ ഞാന്‍ വിളിച്ചോട്ടേ!

കോരേ.. "കോരേ" .. "കോരേ"..

അവലംബം:
1- കവിതയിലെ പ്രയോഗങ്ങള്‍
2. ബെര്‍ള്ത്തരങ്ങള്‍ [ ഈ പോസ്റ്റ് വായിച്ചപ്പഴാ മറ്റു വിവാദ പോസ്റ്റൊക്കെ കണ്ടത്]

====== ====== ========

ഇനി ഈ കവിതയെപറ്റി, എന്റെ സോള്‍ഗെഡി സങ്കുചിതന്‍ എഴുതിയ അവതാരിക വായിക്കാം (ഞാന്‍ തന്നെ എഴുതിക്കൊടുത്തതാണ് ‍! )

മലയാള കവിതാ ശാഖയെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്ന തെറിപദ പ്രയോഗങ്ങളുടെ സാങ്കേതികതയെ ഭാഷാ പരിമിതികളുടെ ചോണനുറുമ്പുകള്‍ എത്ര സ്വാധീനിക്കും എന്നതിന് മകുടോദാഹരണമാണ് ശ്രി.ശ്രീ. ഇടിവാളിന്റെ "മേരിക്കുട്ടിയുടെ വ്യാകുലതകള്‍" എന്ന കവിതാ സമാഹാരം വിരല്‍ ചൂണ്ടുന്നത്. രേ സായ്പിനെ പ്രണയിച്ച് അവനെ ആത്മാര്‍ത്ഥമായി എന്റെ രേ ( My Ray) എന്നു സായിപ്പിന്റെ ഭാഷയില്‍ വിളിക്കാന്‍ തന്റെ മാതൃഭാഷ സമ്മതിക്കാത്തതിലെ വീര്‍പ്പുമുട്ടലുകള്‍ അനുവാചകരുമായി പങ്കുവക്കുകയാണു കവിതയിലെ നായിക. (കവിതയില്‍ നായികയുണ്ടോ എന്നു ചോദിക്കരുത്, അത് ജീവിതമാണ് , അതില്‍ നായകനും, നായികയും, എന്തിനു നായ പോലും ഒണ്ടാവും!)

അതു പോലെ തന്നെ, സ്വന്തം പേരിലെ, ഐസക്ക് എന്ന സര്‍ നെയ്മിനെ ഐ-സക്ക് എന്നാക്കി കളിയാക്കുന്ന കാമുകനെതിരെ പരിഭവങ്ങള്‍ ചൊരിയുന്നതിലെ തിവ്രത വായനക്കാരിലേക്കിറങ്ങി ചെല്ലും എന്നതില്‍ സംശയലവലേശമില്ല. പൊതുവേ, ഒറ്റ നോട്ടത്തില്‍,ഉത്തരാധുനിക കവിത"എന്ന ചട്ടക്കൂടിലാണിതിന്റെ രചന എന്നു സംശയം ജനിപ്പിക്കുമെങ്കിലും, അതീവ രചനാപാടവവും ശ്രദ്ധയും അവശ്യം വേണ്ട പശ്ചിമ പ്രാചീന ചട്ടക്കൂടിലാണ് ഈ കവിത. ആദ്യ വരികളില്‍ തന്നെ ശ്രദ്ധിക്കൂ..

എന്റെ പേര് മേരിക്കുട്ടി ഐസക്
നിന്റെ പേര് "രേ വില്യംസ്( Ray Williams )

ഇത്രയും പ്രാസഭംഗിയോടെ അടുത്ത കാലത്ത് ഒരു കവിത, മലയാളത്തില്‍ മാത്രമല്ല, മറ്റേതെങ്കിലും ഭാഷയില്‍ ഇറങ്ങിയിട്ടുണ്ടോ എന്നു തന്നെ സംശയമാണ് . തന്റെ ഭാഷയിലെ ആ തെറി പദത്തെ ബ്ലോഗു കവികളെല്ലാം ഉപയോഗിച്ച് ഉപയോഗിച്ച് സഭ്യമായൊരു വാക്കാക്കി തീര്‍ക്കും എന്ന പ്രതീക്ഷയും പൂണ്ടിരിക്കുന്നൊരു പ്രണയിനിയുടെ ശുഭാപ്തി വിശ്വാസമാണീ വരികളില്‍ പ്രതിഫലിക്കുന്നത്. പ്രണയത്തിന്റെ പുതിയ മുഖങ്ങളും, അതിനായി ഏതറ്റം വരെ പോകാനുള്ള മനുഷ്യ മനസ്സീന്റെ അഭിനിവേശങ്ങളുമാണു, മൊസാംബിക്കിനരികിലെ ജലപ്പാളി ഭാഷ ഓണ്‍ലൈനായി നായിക പഠിച്ചു എന്നതു കൊണ്ട് കവി ഉദ്ദേശിക്കുന്നത്. കൂടാതെ കോരസാറിന്റെ കൂടെയുള്ള ആ പഴയ ദിനങ്ങളെയും നൊസ്റ്റാള്‍ജിക്കായി ഇവിടെ അവതരിപ്പിക്കുന്നു.

ഈയടുത്തിറങ്ങിയവയില്‍, ഒരു പാടു കാലം അനുവാചകന്റെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കാന്‍ സാധ്യതയുള്ളൊരു കവിതയാണിതെന്നു തറപ്പിച്ചു പറയാം., ഇതു പോലുള്ള അനതിസാധാരണമായ അസംബന്ധ രചനകള്‍ ബ്ലോഗിലും, അതിന്റെ പരിമിതികള്‍ക്കു പുറത്തും ജനിക്കേണ്ടത് ഭാഷയുടെ നിലനില്‍പ്പിനു തന്നെ അത്യാവശ്യമാണ് !

ആശംസകള്‍

Read more...
© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.