-- എ ബ്ലഡി മല്ലു --

The Multi Faceted Writter - SOBHA D.E യുടെ മന്ദാരം എന്ന ലേഖന സമാഹാരം. ( ബ്ലോഗ് ഇവന്റ് )

Monday, June 02, 2008

മലയാളം ബ്ലോഗിങ്ങ് രംഗത്ത് അഭൂതപൂര്‍വ്വമായ ഒരു തരംഗം തന്നെ സൃഷ്ടിക്കുക എന്ന ഒരൊറ്റ ലക്ഷ്യംവച്ചാണല്ലോ "ബ്ലോഗ് ഇവന്റ്" ആരംഭിച്ചിരിക്കുന്നത്. കാര്യം ശരിതന്നെ, കയ്യിലെ സ്റ്റോക്കിന്റെ വെടി തീര്‍ന്നിരിക്കയാണെങ്കിലും, ആരെങ്കിലും "പുതിയ പോസ്റ്റൊന്നുമില്ലെ ഗെഡീ" എന്നു ചോദിച്ചാല്‍ വളരേ ബിസിയാണ്, എന്നു ഡയറക്റ്റായും അല്ലാതെ ആശയ ദാരിദ്ര്യമൊന്നുമല്ല പ്രശ്നം കേട്ടോ എന്നു ഇന്‍ഡയറക്റ്റായും പറഞ്ഞൊഴിയുകയും ചെയ്യുന്ന ഒരു സാദാ മല്ലൂബ്ലോഗനാണെങ്കിലും, ഇമ്മാതിരി സംഭവങ്ങളിലൊക്കെ ഭാഗഭാക്കായില്ലെങ്കില്‍ പിന്നെ, എന്തോന്നു എക്സ്-ബ്ലോഗന്‍ എന്നു നാട്ടാരു ചോദിക്കില്ലേ? യൂണിക്കോഡ് എന്നെങ്കിലും പണക്കാരനായി, മലയാളം യൂണിക്കോഡീലെഴിതിയ സകല അലവലാതിക്കും പെന്‍ഷന്‍ കൊടുക്കാം എന്നെങ്ങാന്‍ ഭാവിയില്‍ തീരുമാനിച്ചാല്‍ ഇവന്റില്‍ പങ്കെടുത്തില്ല എന്ന ഒറ്റക്കാരണത്താല്‍ എന്റെ ആപ്ലിക്കേഷനെങ്ങാന്‍ തള്ളിക്കളഞ്ഞാലുള്ള കാര്യമെങ്ങാന്‍ .. ഹോ ഓര്‍ക്കാനാവുന്നില്ല!

ഒരു വര്‍ഷത്തിലധികമായി തിരക്കുമൂലം ബ്ലോഗിങ്ങ് നിര്‍ത്തിയ എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് ശ്രീമാന്‍ സങ്കുചിതന്‍ വരെ ബ്ലോഗ് ഇവന്റില്‍ പങ്കെടുത്തു കഴിഞ്ഞു. ടിയാന്‍ രണ്ടു ദിവസം മുന്നേ വിളിച്ച് ബ്ലോഗ് ഇവന്റിനെക്കുറിച്ച് പോസ്റ്റിടാന്‍ പറഞ്ഞ് ഭീഷണിപ്പെടുത്തിയിരിക്കുന്നു.. ഇട്ടില്ലേല്‍ കടം കൊടുത്ത കാശു തിരിച്ച് തരില്ല പോലും! ഹും.. ഈ മാര്‍വാടികളൊക്കെ ചുമ്മാതാണൊ ബ്ലോഗില്‍ ഇത്ര ആക്റ്റീവ്..

എങ്കില്‍ പിന്നൊരു ബ്ലോഗ് ഇവന്റ് പോസ്റ്റ് എഴുതിയിട്ടു തന്നെ കാര്യം.!!

നിബന്ധനകള്‍ വായിച്ചു കഴിഞ്ഞപ്പോഴാണു കാര്യം ഈസിയല്ലെന്നു മനസ്സിലായത്! ഏറ്റുമാനൂര്‍ ശിവകുമാറിനേയോ, ബാറ്റന്‍ ബോസിനെയോ ഒന്നും പറ്റൂല്ല. ജോയ്സിയും, ജേസിയും കമലാഗോവിന്ദും ഒക്കെ ആണോ പെണ്ണോ എന്ന കാര്യത്തില്‍ അവരുടെ മുതലാളിമാര്‍ക്കു വരെ തിട്ടമില്ല. ഇനിയിപ്പോ ബെര്‍ളി പറഞ്ഞ പോലെ വിക്കിപീഡിയ തപ്പേണ്ടി വരുമോ? മനസ്സിനെ സ്വാധീനിച്ച സ്തീയെഴുത്തുകാരെ തിരഞ്ഞ് ഇതു വരെ വായിച്ച അനവരതം പുസ്തകങ്ങളിലേക്കും ലേഖനങ്ങളിലേക്കും മനസ് ഊളിയിട്ടു.കൃ^ത്യം പത്തു വര്‍ഷങ്ങള്‍ പുറകോട്ടു സഞ്ചരിച്ചു കഴിഞ്ഞപ്പോഴേക്കും, പ്രമാദമായ കുറ്റാന്വേഷണത്തിനിടക്ക് ഇറച്ചിക്കടക്കരികിലെത്തിയ പോലീസ് നായെപ്പോലെ മനസ്സ് അവിടെ ചുറ്റിപ്പറ്റി നിന്നു.. ഇവിടെ എന്തെങ്കിലും കാണും... ഒന്നുകൂടി ഓര്‍ത്തു നോക്കി... യുറേക്കാ... കിട്ടീ..........................

ശോഭാ ഡി.ഇ .. നമ്മുടെ ശോഭാ ഡേ അല്ല.. ഇതു സ്വന്തം നാട്ടുകാരിയായ എഴുത്തുകാരി. അല്ലെങ്കിലും, മുറ്റത്തെ മണമുള്ള മുല്ലക്കു പകരം മാര്‍ക്കറ്റില്‍ പോയി ജാസ്മിന്‍- ഡിയോ സ്പ്രേ വാങ്ങുന്ന സ്വഭാവമല്ലേ നമ്മള്‍ മലയാളികള്‍ക്ക്?

ശോഭയുടെ മന്ദാരം എന്ന സമാഹാരത്തെക്കുറിച്ചാണു ഞാനിവിടെ പ്രതിപാദിക്കുന്നത്. തീവ്രമായ ഒരു പ്രണയകാലത്തുള്ള സ്ത്രീത്വത്തിന്റെ വിവിധ മുഖങ്ങളാണു മന്ദാരത്തിന്റെ പ്രതിപാദ്യം.

Profile
Full Name: Shobha Divakaran Ellamparambil
Date Of Birth: 30-7-1977
Address: Not Available Now
Place Of Birth: Olloor, Thrissur, Kerala, INDIA
Education: Civil Engineering Diploma

എന്താണു മന്ദാരം? തെരെഞ്ഞെടുത്ത ഒരു പിടി പ്രണയലേഖനങ്ങളുടെ സമാഹാരം. തന്റെ ജീവിതത്തിലെ ഏഴു വര്‍ഷം നീണ്ട ഒരു പ്രണയത്തിന്റെ ബാക്കിപത്രങ്ങള്‍ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. ചാപല്യങ്ങള്‍ നിറഞ്ഞ പ്രനയകാലത്തിന്റെ ഓര്‍മ്മകള്‍ അതിമനോഹരമായി വര്‍ണ്ണിക്കുകയാണ് അപരിഷ്കൃതമായ സമൂഹത്തിന്റെ മുന്നില്‍ നിസ്സഹായരാവുന്ന പ്രണയിതാക്കളുടെ മനോവിചാരങ്ങള്‍ തുറന്നുകാട്ടുന്ന ശോഭയുടെ ചില വരികള്‍ ..

"അസ്തമയ സൂര്യന്റെ പ്രഭയില്‍ നിഴലുകള്‍ നീളുന്ന ആ സായാഹ്നത്തില്‍, ക്ലാസ് വിട്ട് ഗേറ്റിലേക്കു നടക്കുമ്പോള്‍ അറിയാതെ മിഴികള്‍ സൈക്കിള്‍ ഷെഡിലേക്കു നീങ്ങി.. നീയവിടെ തന്നെ ഉണ്ടാകും എന്നു ഉറപ്പുണ്ടെങ്കിലും, എന്തിനോ, ഒന്നു കൂടെ തീര്‍ച്ചപ്പെടുത്താനായി മാത്രം.. വെറും വാരകള്‍ മാത്രം അകലേയാണെങ്കിലും, നിന്നരികിലേക്കുള്ള ആ നടത്തത്തിനു മൈലുകളുടെ ദൈര്‍ഘ്യം.. സൈക്കിള്‍ ഷെഡില്‍ നീ നില്‍ക്കുന്നത് മറ്റുള്ള പെണ്‍കുട്ടികളെ നോക്കാനല്ല, എനിക്കറിയാം.. എന്നില്‍ മാത്രമാണു നിന്റെ മിഴികള്‍.. ചുണ്ടില്‍ എരിയുന്ന കുരിബീഡിയും, പ്രണയം ജ്വലിക്കുന്ന മിഴികളുമായി നീ നില്‍ക്കുമ്പോള്‍ ആ ഒരു നിമിഷം കാമ്പസ്സില്‍ നാം മാത്രമേ ഉള്ളൂവെങ്കില്‍ എന്നു മനസ്സ് ആഗ്രഹിച്ചു പോകുന്നു.. ഓടി വന്നു നിന്റെ മാറില്‍ മുഖമമര്‍ത്താമായിരുന്നു.. പക്ഷേ, പ്രിന്‍സിപ്പാള്‍, എച്.ഓ.ഡി, മറ്റു വിദ്യാര്‍ത്ഥികള്‍.. "

പെണ്ണെഴുത്തുകാര്‍ , വെറും വികാര ജീവികള്‍ എന്നുള്ള അവജ്ഞ നിറഞ്ഞ ചിന്താഗതികളെ പൊള്ളയാണെന്നു തെളിയിക്കുന്നതോടൊപ്പം, . സ്ത്രീയെ വെറും ഉപഭോഗവസ്തു മാത്രമായിക്കാണുന്നവര്‍ക്കെതിരെ ആഞ്ഞടിക്കുകയും, സ്ത്രീ, തന്റേടിയാവേന്റതിന്റെ ആവശ്യകതകളും ചൂണ്ടിക്കാണിക്കുന്നു മന്ദാരത്തിലെ മറ്റൊരു അദ്ധ്യായത്തില്‍.. ഇതാ.. വായനക്കാരില്‍ കോരിത്തരിപ്പുളവാക്കുന്ന ഈ ഭാഗം ശ്രദ്ധിക്കൂ..

കാര്യം തന്റെ കൂട്ടുകാരനാണെങ്കിലും, ആ ഗോപാല്‍ ആളത്ര ശരിയല്ല. കോളേജു വിട്ടാല്‍ ബസ്റ്റോപ്പു വരെ ഞങ്ങളെ അനുഗമിക്കുന്നുണ്ടിയാള്‍. ചുമ്മാ വെള്ളമൊലിപ്പിച്ചു പൊയ്ക്കോട്ടെ എന്നു കരുതി ഞങ്ങള്‍ ക്ഷമിച്ചു, പക്ഷേ അവന്റെ ചില വൃ^ത്തികെട്ട കമന്റുകള്‍, കേട്ടിട്ടെനിക്ക് അരിശം വന്നു കേട്ടോ, ഇനി ഇതാവര്‍ത്തിച്ചാല്‍ മിനി ഡ്രാഫ്റ്റര്‍ എടുത്ത് തലക്കടിക്കുമെന്നു താന്‍ പറഞ്ഞു കൊള്ളുക. പറയാന്‍ മാത്രമല്ല പ്രവര്‍ത്തിക്കാനും ഈ ശോഭക്കറിയാം..

ഓര്‍മ്മകളിലും സ്വപ്നങ്ങളിലും പ്രണയം നിറഞ്ഞു വേദനയാകുമ്പോള്‍, തീവ്രമായ എതിര്‍പ്പുകളെ തരണം ചെയ്യാന്‍ ബുദ്ധിമുട്ടുന്ന രണ്ടു കമിതാക്കളില്‍ പ്രണയത്തെ സഹ്യമാക്കുക എന്നതിനപ്പുറം പരീക്ഷണങ്ങളുടെ സാധുതകള്‍ തേടി അലയുന്ന വേപധു പൂണ്ട മനസ്സിനേയും "മന്ദാരം" അനാവരണം ചെയ്യുന്നു. വായനക്കാരന്റെ മുന്നില്‍ ഒരു പിടി "ചോദ്യശരങ്ങള്‍" തുറന്നിടുന്നു മന്ദാരത്തിലെ ഒരദ്ധ്യായത്തില്‍ ഇങ്ങനെ...

"അച്ഛന്‍ എന്തായാലും സമ്മതിക്കില്ല, അമ്മയാണെങ്കില്‍ പറയേണ്ട, സമൂഹത്തില്‍ രണ്ടു ധ്രുവങ്ങളികാണല്ലോ നാം, നൈമിഷികമായ ആ ഒത്തു ചേരലിന്റെയും പ്രണയത്തിന്റെയും ദിനങ്ങളെ ഞാന്‍ ഇന്നു പഴിക്കുന്നു., എന്തിനായിരുന്നു എല്ലാം? ഇനിയെന്താണു നമുക്കു മുന്നില്‍? ഒളിച്ചോട്ടം? റജിസ്റ്റര്‍ മാരിയേജ്? അതോ കൊഡൈക്കനാലില്‍ പോയി ഒരുമിച്ച് സൂയിസൈഡ്? ഒളിച്ചോടിയാല്‍ നമ്മുടെ ഭാവി? കോഴ്സ് കമ്പ്ലീറ്റ് ചെയ്യാതെ പോയാല്‍ ജോലി കിട്ടാന്‍ സാധ്യതയുണ്ടോ? താന്‍ എന്റെ ജാതിയിലേക്കു മാറുമോ? അതോ ഞാന്‍ അങ്ങോട്ടു മാറണോ? അതോ നമുക്കിവിടെ വച്ചു നിര്‍ത്തണോ? വീട്ടില്‍ വിവാഹാലോചനകള്‍ക്കു നിര്‍ബന്ധിക്കുമ്പോള്‍ ഞാന്‍ എന്തു പറയണം? " ചോദ്യങ്ങള്‍ നീളുന്നു...

വികാരവും, പ്രണയവും, പൈങ്കിളിയും, കണ്ണീരും ചേര്‍ന്ന ഒരു കോക്ക്ടെയിലാണു പെണ്ണെഴുത്ത് എന്നവകാശപ്പെടുന്നവര്‍ക്കുള്‍ല ചുട്ട മറുപടി നല്‍കുന്ന വിധം അതിവിദഗ്ധമായി ഹാസ്യം കൈകാര്യം ചെയ്യുന്നതിലും ശോഭ വിജയിച്ചിരിക്കുന്നു മറ്റൊരദ്ധ്യായത്തില്‍. ഗള്‍ഫില്‍ നിന്നും ലീവിനു വന്ന തന്റെ ചേട്ടന്റെ മകന്‍ അഞ്ചു വയസ്സുകാരന്‍ പയ്യന്റെ കുസൃതികള്‍ കൂടെ പലയിടത്തും രസകരമായി മന്ദാരത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. ഹാസ്യം ഇത്ര ലളിതമായി കൈകാര്യം ചെയ്യുന്ന മറ്റൊരു സ്ത്രീയെഴുത്തുകാരിയുണ്ടോ എന്നു പോലും വായനക്കാര്‍ക്ക് തൊന്നിപ്പോകും.

" ഹോ, അനുക്കുട്ടന്റെ കാര്യം ഒന്നും പറയണ്ട. ഇന്നലെ രാത്രി കരണ്ടു പോയപ്പോള്‍ അച്ഛന്‍ ഒരു മെഴുകുതിരി ഇറയത്ത് കത്തിച്ചു വച്ചത് അനുമോന്‍ ഊതിക്കെടുത്തി അച്ഛനെ കളിയാക്കുന്ന പോലെ എന്തോ പറഞ്ഞു. അച്ഛനു ദേഷ്യം വന്നു.. വീണ്ടും മെഴുകുതിരി കത്തിച്ചതും, പയ്യന്‍ വീണ്ടും ഊതിക്കെടുത്തി അച്ഛനോട് ഇംഗ്ലീഷില്‍ എന്തോ പറഞ്ഞു.. ഇത്തവണ അച്ഛനു ശരിക്കും ദേഷ്യം വന്നു. ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞു. എല്ലാവരും നോക്കി നില്‍ക്കെ, അച്ഛന്‍ വീണ്ടും മെഴുകുതിരി കൊളുത്തി.. പയ്യന്‍ വീണ്ടും ഊതിക്കെടുത്തി അച്ഛനോടെന്തോ പറയുന്നു...അച്ചന്‍ ചേട്ടനോടു പരാതി പറഞ്ഞ്പ്പോള്‍, ചേട്ടനു ചേട്ടത്തിയും ചേര്‍ന്നു പൊട്ടിച്ചിരിച്ചു..എന്നിട്ട് അച്ഛാ, അച്ചന്‍ മെഴുകുതിരി കത്തിച്ചപ്പോല്‍ മോന്‍ കരുതി ഹാപ്പി ബര്‍ത്ത്ഡേ ആണെന്നു... ഊതിക്കെടുത്തിയ ശേഷം അവന്‍ പറഞ്ഞത് "ഹാപ്പി ബര്‍ത്ത്ഡേ"എന്നാ.. അല്ലാതെ അച്ഛനെ ചീത്ത പറഞ്ഞതല്ല"" ..

എഴുത്തിലെ സാരസ്യവും നിഷ്കളങ്കതയുമാണു ശോഭയുടെ പ്രത്യേകതകള്‍ . തന്റെ ചിന്തകള്‍ അതിലോലമായി വായനക്കാരനിലേക്കു സന്നിവേശിപ്പിക്കാന്‍ പ്രത്യേക ശ്രമങ്ങളൊന്നും കൂടാതെ തന്നെ ശോഭക്കു കഴിയുന്നു. പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ "മന്ദാരത്തില്‍"പലയിടങ്ങളില്‍ തെളിഞ്ഞു കാണാം. വിവരക്കേടെന്നു ഒറ്റ നോട്ടത്തില്‍ തോന്നാവുന്ന , പക്ഷേ, നിഷ്കളങ്കമായ ഒരു മനസ്സിലെ, സ്നേഹവും പ്രേമവും എല്ലാം തെളിഞ്ഞു കാണാം ഈ ഒരു അദ്ധ്യായത്തില്‍.

എന്റെ ജോലി സുഖം തന്നെ. ഇന്നലെ എന്റെ പി.സി മോണിറ്റര്‍ മാറ്റി, LCD Monitor ആക്കാനായി ഒരു കമ്പ്യൂട്ടര്‍ ടെക്നീഷ്യന്‍ വന്നിരുന്നു. ഞാന്‍ സമ്മതിച്ചില്ല. എന്റെ പല പ്രധ്യാന ഫയലുകളെല്ലാം പഴയ മോണിറ്ററിന്റെ ഡെസ്ക്ടോപ്പില്‍ ആണു കിടന്നിരുന്നത്. മോണിറ്റര്‍ മാറ്റിയാല്‍ അതൊക്കെ പോവില്ലെ? ഞാന്‍ സമ്മതിച്ചില്ല. അവസാനം ആ ഫയലുകളെല്ലാം പുതിയ LCD Monitor ഡെസ്ക്ടോപ്പിലേക്ക് കോപ്പി ചെയ്തു തരാമെന്നു സമ്മതിച്ച ശേഷമേ മോണിറ്റര്‍ മാറ്റാന്‍ ഞാന്‍ സമ്മതിച്ചുള്ളൂ.. പഴ മോനിറ്ററില്‍ തന്റെ ഫോട്ടോ ആയിരുന്നു ഡെസ്ക്ടോപ്പ് ബാക്ക് ഗ്രൌണ്ട്. മോനിറ്റര്‍ മാറിയതില്‍ പിന്നെ അതു കാണാനാവില്ലല്ലോ എന്നു ഞാന്‍ ആകെ വിഷമിച്ചിരിക്കുകയായിരുന്നു. ദേവിയുടെ, കൃപ, പുതിയ മോണിറ്ററിലും തന്റെ ഫോട്ടോ തന്നെ ബാക്ക്ഗ്രൌണ്ട് ആയി കാണുന്നു..

സ്ത്രീയുടെ തൂലികയുടെ ശക്തി പലയിടത്തും തെളിഞ്ഞു കാണുന്ന ഈ ലേഖനങ്ങളില്‍. അചഞ്ചലമായ ഒരു മനസ്സുമായി, സ്വന്തം തീരുമാനങ്ങളില്‍ ഉറച്ച് നിന്നു, വികാരവിക്ഷോഭങ്ങള്‍ക്കടിമപ്പെടാതെ സമചിത്തതയോടെ ജീവിതയാധാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന ധീരയായൊരു വനിതയെ അവസാന അദ്ധ്യായങ്ങളില്‍ നമുക്കു കാണാം. അവസാന അദ്ധ്യായം വായനക്കാരന്റെ കണ്ണു നനയിക്കും. [ സത്യം! എന്റെ കണ്ണു നനഞ്ഞു, ഇതു വായിച്ചപ്പ്പോള്‍]

" പ്രതീക്ഷകള്‍ ഒരുപാടുണ്ടായിരുന്നു, എന്റെ മനശക്തിയില്‍ എനിക്കു വിശ്വാസമുണ്ടായിരുന്നു. കാലം ഒരു സ്ലേറ്റിലെപ്പോലെ അതെല്ലാം തുടച്ചു നീക്കി. ഒഴുകുന്ന തെളിനീരുറവയാകുന്ന എന്റെ മനസ്സിന്റെ അടിത്തട്ടില്‍ തെളിഞ്ഞു കാണുന്ന ഒരു കല്ലു പോലെ നമ്മുടെ പ്രണയം എന്നുമുണ്ടാകും.. എനിക്കു തന്ന സന്തോഷത്തിനും, സങ്കടങ്ങള്‍ക്കും, എല്ലാം നന്ദി.. വിട"...

======== ===========

എല്ലാ പ്രായത്തിലുള്ള വായനക്കാരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണു ശോഭയുടെ ഈ എഴുത്തുകളുടെ സമാഹാരം, എങ്കിലും, അതിനുള്ള സാധ്യത തീരെയില്ലെന്ന കാര്യവും അതീവ ദു:ഖകരമാണ്. വിവാഹത്തിനു ശേഷം ശോഭ പ്രണയ ലേഖനങ്ങള്‍ എഴുതി തരുന്നത് നിര്‍ത്തി. അവളുടെ ഭര്‍ത്താവിനു പോലീസിലാണു ജോലി.

എന്റെ കയ്യിലുള്ള പഴയ ലേഖനങ്ങള്‍ എല്ലാം ചേര്‍ത്തു വച്ച് ഞാന്‍ തന്നെയാനു "മന്ദാരം"എന്ന പേരിട്ടത്. ഇതെല്ലാം സ്കാന്‍ ചെയ്ത് പബ്ലിഷ് ചെയ്യാമെന്നു വച്ചാല്‍ അതും നടക്കില്ല.. എന്റെ കല്യാണം തീരുമാനിച്ചതോടെ എല്ലാം തീയിട്ടു കളഞ്ഞു. യൂണിക്കോഡ് കണ്ടുപിടിക്കാന്‍ പത്തുവര്‍ഷത്തോളം വൈകിയെന്ന വിധിയെ നമുക്ക് പഴിക്കാം. കൌമാരത്തിന്റെ ഗതിവിഗതികളെയും നൈമിഷിക ചിന്തകളെയും പച്ചയായി അവതരിപ്പിക്കുന്ന ഈ കുറിപ്പുകള്‍ നിഷ്ഠൂരമായി അഗ്നിക്കിരയാക്കിയ ചപലതയെ നമുക്കു ശപിക്കാം!!

Read more...
© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.