-- എ ബ്ലഡി മല്ലു --

പൊന്നുമക്കളേ .. സോറീ

Friday, April 25, 2008

നന്മയാകുന്ന കാന്തി കാണുവാന്‍ കണ്ണിനാകേണമേ..
നല്ല വാക്കിന്റെ ശീലു ചൊല്ലുവാന്‍ നാവിനാകേണമേ..
സ്നേഹമാകുന്ന ഗീതമോയെന്റെ കാതിനിണയാകണേ..
സത്യമെന്നുള്ള ശീലമോടെ ഞാന്‍ ശാന്തിയറിയേണമേ..

ഭൂമിയമ്മയെന്നറിയുവാനുള്ള ബോധമുണ്ടാകണേ..
ജീവജാലങ്ങളാകെയും ജന്മ ബന്ധുവായീടണേ..
ജാതിഭേദങ്ങളെന്ന ശാപമോ ദൂരെ മറയേണമേ
ലോകമൊന്നെന്ന പാഠമെന്നുമേ മനസിലെഴുതേണമേ..

[ഫിലിം:കല്‍ക്കട്ട ന്യൂസ്]


എന്തോ ഈ വരികള്‍ കേട്ടപ്പോള്‍ മന്‍സ്സ് 28 വര്‍ഷങ്ങള്‍ക്ക് പുറകിലോട്ടു സഞ്ചരിച്ചു. ആദ്യം മനസ്സില്‍ വന്ന രൂപം, ദാമോദരന്‍ മാഷുടെയാണ്. ശങ്കരനാരായണ എല്‍.പി സ്കൂളിലേക്ക് കരഞ്ഞുകൊണ്ട് ഒന്നാം ക്ലാസ്സിലേക്കു കയറിയ എന്നെയും ഇരട്ട സഹോദരിയേയും, അടുത്തു വിളിച്ച് തലയില്‍ തലോടി ബെഞ്ചിലിരുത്തിയ എന്റെ ആദ്യ ഗുരുനാഥന്‍. അന്നേ മാഷിനു 50 വയസ്സു പ്രായമുണ്ട്.. എന്റെ അമ്മയേയും, അമ്മാവനെയും ഒക്കെ പഠിപ്പിച്ച മാഷ്. ആ സ്കൂളിലെ നാലു വര്‍ഷങ്ങള്‍, നന്മ മാത്രം കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കുന്ന മാഷ്, ഒരിക്കലും ക്ലാസ്സിലെ ഒരു കുട്ടിയേയും ദേഷ്യപ്പെടാത്ത, ശിക്ഷിക്കാത്ത, ചിരിച്ച മുഖമുള്ള, മെലിഞ്ഞു നീണ്ട വെള്ള ഷര്‍ട്ടും മുണ്ടും സ്ഥിരം വസ്ത്രമാക്കിയ തികഞ്ഞ ഗാന്ധിയന്‍.അറിവിന്റെ, നന്മയുടെ ആദ്യാക്ഷരങ്ങള്‍ ചൊല്ലിത്തന്ന എന്റെ സ്വന്തം ദാമോദരന്‍ മാഷ്.. എന്റെ ജീവിതത്തില്‍ ഏറ്റവും ഓര്‍മ്മിക്കുന്ന, ഇഷ്ടപ്പെട്ട , ബഹുമാനിക്കുന്ന വ്യക്ത്വിത്വം..അതുപോലെ, തന്നെ അവിടെ അനിയന്‍ മാഷ്, മാലതി ടീച്ചര്‍, പിന്നെ, യു.പി സ്കൂളിലെ വെറോനിക്ക ടീച്ചര്‍, ഒരു പക്ഷേ, ഗുരുനാഥരോടുള്ള ആ ബഹുമാനമാകാം, ഒന്നുമല്ലാത്ത ഈ ഞാന്‍ ഇന്നു എന്തെങ്കിലുമാണെങ്കില്‍ ആയത്..


വിദ്യാഭ്യാസം വെറും കച്ചവടമാവുന്ന ഇന്നത്തെ കാലത്ത്, എന്റെ കുഞ്ഞുങ്ങള്‍ക്ക്, എന്റെ ഗുരുനാഥരില്‍ നിന്നും ലഭിച്ച ആ സ്നേഹവും വാത്സല്യവും ലഭിക്കുകില്ലെന്നറിയാം.. അവര്‍ക്കാ ബഹുമാനം അങ്ങോട്ടും കാണില്ലെന്നു തീര്‍ച്ച..കച്ചവടക്കണ്ണു മാത്രമുള്ള സ്കൂള്‍ അഡ്മിനിസ്റ്റേഷന്‍, ട്യൂഷനുകള്‍ക്കു മുന്‍‌ഗണന നല്‍കുന്ന അദ്ധ്യാപകര്‍, ഇതിനിടയില്‍ ഞെരിയുന്ന രക്ഷിതാക്കള്‍.. ഗള്‍ഫില്‍ ഏറ്റവും കുറവു വേതനമുള്ള വിഭാഗങ്ങളില്‍ ഒന്നാനി അധ്യാപകവൃത്തി എന്നു ഞാനറിയുന്നത് 3-4 വര്‍ഷ്ങ്ങള്‍ക്കു മുന്‍പ് മാത്രമാണ്. ഇന്ത്യന്‍ സ്കൂളിലെ ഒരു ടീച്ചറുടെ ആവറേജ് ശമ്പളം എന്നത് 2000 ദിര്‍ഹം മാത്രം. ഇക്കാലത്ത്, ഒരു ഡ്രൈവറുടെ ശമ്പളം 2500 ദിര്‍ഹമാണ്, നല്ലൊരു ഓഫീസ് റിസപ്ഷനിസ്റ്റിനെ കിട്ടണമെങ്കില്‍ 5000 ദിര്‍ഹം മിനിമം കൊടുക്കണം.. അദ്ധ്യാപക വൃത്തിപോലെയുള്ളൊരു കുലീനമായ ഒരു ജോലിക്ക് ഗള്‍ഫിലുള്ള അവഗണന ഇതില്‍ നിന്നും മനസ്സിലാക്കാം. ഇതിനു പറയുന്ന പ്രധാന കാരണം, ഭൂരിഭാഗം ടീച്ചര്‍മാരും സ്ത്രീകളും, അവരുടെ ഭര്‍ത്താക്കന്മാര്‍ നല്ല ജോലിയുള്ളവരാണെന്നും ആണ്. ഇവരിലധികവും ജോലിക്കു വരുന്നത് ഒരു “ടൈം പാസ്” ആയിട്ടാണത്രേ! ഇതേ ശമ്പള സ്കെയിലില്‍ ജോലി ചെയ്യുന്ന പുരുഷ അദ്ധ്യാപകരുമുണ്ടെന്നത് വേറേ കാര്യം. 15% ശമ്പളം പുരുഷ അദ്ദ്യാപകര്‍ക്കു കൂടുതലാണത്രേ..


ഇത്രയും പറഞ്ഞത്, ഇവിടെ യു.ഏ.ഇ യില്‍‍ ഈയടുത്തു നടന്ന ചില സംഭവങ്ങളാണേ.. ഇവിടത്തെ ഏറ്റവും പ്രശസ്തമായ ഇന്ത്യന്‍ അസോസിയേഷന്റെ കീഴിലുള്ള സ്കൂളില്‍, 2 ഷിഫ്റ്റുകള്‍ഊണ്ടായിരുന്ന ഒരു സ്കൂളില്‍, മാനേജ്മെന്റ്റ് പെട്ടെന്നു 3 ഷിഫ്റ്റാക്കാന്‍ തീരുമാനിച്ചു. പുതിയ അഡ്മിഷനുകളിലുള്‍ല വര്‍ദ്ധനയാനത്രേ കാരണം. സ്കൂള്‍ പ്രിന്‍സിപാളിനോടോ ടീച്ചര്‍മാരോടോ, സ്കൂളിന്റെ പരിമിതികളെപ്പറ്റി ചര്‍ച്ച ചെയ്യാതെ, പത്താം തരം വരെ പോലും വിദ്യാഭ്യാസമില്ലാത്ത കുറേ ഭാരാവാഹികള്‍ കൂടി എടുത്ത തീരുമാനം! അസോസിയേഷന്‍ ഭാരാവാഹികളുടെ മനസ്സില്‍ പുതിയ ബസ്സുകള്‍, എയര്‍ കണ്ടീഷനറുകള്‍, എന്നിവ വാങ്ങുമ്പോള്‍ തങ്ങള്‍ക്കു കിട്ടുന്ന കമ്മീഷനുകള്‍ മാത്രം! ഇതുമൂലം ട്യൂഷനുകള്‍ക്കും കോച്ചിങ്ങ് ക്ലാസ്സുകള്‍ക്കുമായി നേരത്തെ തീരുമാനിച്ച സമയത്തു പോകാനാവാത്ത വിദ്യാര്‍ത്ഥികള്‍... എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന ശമ്പളം ഇവിടെ വാടകക്കു പോലും തികയാത്തതിനാല്‍, ട്യൂഷനെടുത്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുന്ന അദ്ധ്യാപകര്‍ക്ക് ഈ തീരുമാനം ഇടിത്തീ പോലെ.. 15% ശമ്പള വര്‍ദ്ധന നല്‍കുന്നത്രേ.. കഴിഞ്ഞ ഒരൊറ്റ വര്‍ഷത്തിനകം ഇവിടത്തെ ജീവിത ചെലവ് 200%ത്തോളം വര്‍ദ്ധിച്ചിരിക്കുന്നു..3 ഷിഫ്റ്റ് ആക്കിയതോടെ 14 മണിക്കൊറോളം ജോലിചെയ്യേണ്ടി വരുന്ന സപ്പോര്‍ട്ട് സ്റ്റാഫ്, ബസ് ഡ്രൈവര്‍മാര്‍, ബസ് മെന്റര്‍സ്, ഹെല്പേഴ്സ്.. ഈ പുതിയ പരിഷ്കാരത്തിനെതിരെ പ്രതികരിക്കാന്‍ ശ്രമിച്ച ചിലര്‍ക്ക് “ടെര്‍മിനേഷന്‍” ഭീഷണി....ഇത്തരം അവസ്ഥയില്‍ ക്ലാസ്സെടുക്കുന്ന ഒരദ്ധ്യാപനു വിദ്യാര്‍ത്ഥികളോടുള്ള സമീപനം ആര്‍ക്കും ഊഹിക്കാം...


മറ്റൊരു സ്കൂളില്‍, സ്കൂള്‍ ഫീസ് വല്ലാതെ കൂട്ടുവാന്‍ മിനിസ്ട്രി ഓഫ് ഏഡുക്കേഷന്‍ അനുവദിക്കാഞ്ഞതിനാല്‍, അവര്‍, പുതിയൊരു വഴി കണ്ടു. അകാഡമിക് ഇയറിന്റെ ഇടക്കു വച്ച് സ്കൂള്‍ ബസ് സര്‍വീസ് വേണ്ടെന്നു വക്കുന്നു, പകരം അത് ഒരു പ്രൈവറ്റ് കമ്പനിക്ക് ഔട്ട്സോഴ്സ് ചെയ്യുന്നു.. ബസ് ഫീസ് 300% ത്തോളം വര്‍ദ്ധിപ്പിക്കുന്നു... ഇടക്കു വച്ച് സ്കൂള്‍ മാറ്റാനോ, പ്രതികരിക്കാനോ കഴിയാതെ രക്ഷിതാക്കള്‍ കുഴയുന്നു... എല്ലാം പണം എന്ന ദുഷ്ടലാക്കോടെ മാത്രം...ഒരു പക്ഷേ ഇവര്‍, നമ്മുടെ സ്വന്തം ദൈവത്തിന്റെ നാട്ടിലെ ഏറ്റവും ലാഭമുള്ള രണ്ടു വ്യവസായങ്ങളായ, ഹെല്‍ത്ത് & എഡുക്കേഷന്‍ മേഖലയിലെ ചൂഷണങ്ങള്‍ കണ്ട് പ്രചോദിതരായതാവാം...


ഇതെല്ലാം കണ്ട്, കേട്ട്, ഒരു നിര്‍വികാരത തോന്നുന്നു എനിക്ക്.. ഒപ്പം എന്റെ മക്കളോടു സഹതാപവും..


ഒരിക്കലും ദാമോദരന്മാഷെ പോലുള്ള ഒരു അദ്ധ്യാപകനെ അവര്‍ക്ക് കിട്ടില്ലല്ലോ... വര്‍ഷങ്ങള്‍ക്ക് ശേഷവും സ്നേഹവും ബഹുമാനവും ആകുന്ന എണ്ണയൊഴിച്ച് മനസ്സില്‍ എന്നും വിളങ്ങുന്നൊരു ദീപമായി കാത്തു സൂക്ഷിക്കാന്‍, ഓര്‍ത്തുവക്കാന്‍ അവര്‍ക്കൊരു മാതൃകാദ്ധ്യാപകന്‍ ഉണ്ടാവില്ലല്ലോ എന്നോര്‍ത്ത്.. പൊന്നുമക്കളേ .. സോറീ ;(

Read more...

നമുക്കിടയിലെ കുട്ടപ്പേട്ടന്‍ വെള്ളക്കടവ്

Wednesday, April 23, 2008

കട്ടപ്പനയിലെ ഇട്ടാവട്ടത്തെ ഒട്ടനവധി കുട്ടപ്പന്മാരില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു കുട്ടപ്പേട്ടന്‍ വെള്ളക്കടവ്. സര്‍ നെയ്മില്‍ വെള്ള ഉണ്ടെങ്കിലും ആ വാക്കുമായൊരു പുലബന്ധം പോലുമില്ലാത്ത ടൈപ്പാ കുട്ടപ്പേട്ടന്‍. നല്ല ബ്ലാക്കായിരുന്നെന്നു മാത്രമല്ല, അടിക്കുന്ന സ്മാളില്‍ പോലും “വെള്ള“മൊഴിക്കുന്ന ദുശ്ശീലമില്ല. അത്രേം തങ്കപ്പെട്ട ഒരു പൌരന്‍!


കുട്ടപ്പേട്ടനു പ്രത്യേക ജോലിയൊന്നുമില്ല. ആശാന്‍ നല്ലൊരു പാചകക്കാരനാണ്. നാട്ടിലെ അല്ലറ ചില്ലറ കല്യാണ/അടിയന്തിര ദേഹണ്ഢങ്ങളുടെ കോണ്ട്രാക്റ്റ് എടുക്കുന്നത് കുട്ടപ്പേട്ടനായിരുന്നു. നല്ല കൈപ്പുണ്യം. അതുകൊണ്ടു തന്നെ ടിയാന്റെ ഭാര്യ ദാക്ഷായണി ചേച്ചിയോട് ആരെങ്കിലും അടുക്കള എന്നു പറഞ്ഞാല്‍, അതെന്നാ സാധനം എന്നു ചേച്ചി തിരിച്ചു ചോദിക്കും. സ്ഥലം ലഹളാസമാജം സെക്രട്ടറിപ്പണി എന്നപൊന്‍‌തൂവല്‍ കൂടി അണിഞ്ഞാണു ദാക്ഷായണിചേച്ചിയുടെ വിലസല്‍. കുട്ടപ്പേട്ടന്റെ വീട്ടില്‍ രണ്ടു മൂന്നു കോഴികളുണ്ട്. അത്യാവശ്യം മുട്ടക്കച്ചവടവും ഇതു മൂലം കുട്ടപ്പേട്ടന്‍ നടത്തുന്നുണ്ട്. ഇടക്ക് അയല്‍ക്കാര്‍ ആര്‍ക്കെങ്കിലും ചിക്കന്‍ കൂട്ടണമെന്നു തോന്നിയാല്‍, കോഴിയെ മൊത്തമായും ടിയാന്‍ വില്‍ക്കാറുണ്ട്.


കട്ടപ്പനക്കാരു ചിക്കന്‍ പ്രേമികളായതിനാല്‍, ആ ഏരിയാ മുഴുവനും കോഴിക്കടകള്‍ മുളച്ചു വന്നു. അസംഖ്യം കടകളായതോടെ കച്ചവടക്കാര്‍ക്കു തോന്നി..നമുക്കൊരു സംഘടന വേണം.. അങ്ങനെ സ്ഥലം പോസ്റ്റുമാനും (ഗവണ്മെന്റ് ജോലിയാ പുള്ളീയുടെ പാര്‍ട്ട് ടിം പണി..മെയിന്‍ പണി ബ്രോയ്ലര്‍ കച്ചവടം) പ്രമുഖനുമായ പങ്കജാക്ഷന്‍ പിള്ള പ്രസിഡന്റായി “ബാക്ക്“ ( Broiler seller's Association of Kattappana - BAK ) നിലവില്‍ വന്നു. സ്ഥലത്തെ പ്രധാന കച്ചവടക്കാരെല്ലാം സംഘടനയില്‍ അംഗത്വമെടുത്തു.. മൂന്നു കോഴികള്‍ മാത്രം ഉണ്ടായിരുന്ന കുട്ടപ്പേട്ടന്‍ എന്തോ സംഘടനയില്‍ ചേര്‍ന്നില്ല.. ചേരുന്നോ എന്നു ആരും ചോദിച്ചുമില്ല. പക്ഷേ BAK കാര്‍ ഇടക്കിടെ ബ്രോയ്ലര്‍ മീറ്റുകള്‍ നടത്തി, ചിക്കന്‍ കാലുകള്‍ കടിച്ചു വലിച്ച് ശാപ്പിട്ട്, പത്രസമ്മേളനം നടത്തി

അങ്ങനെ കഴിഞ്ഞു പോരവേയാണതു സംഭവിച്ചത്,.


കുട്ടപ്പേട്ടനു “ബെസ്റ്റ് ഷെഫ് ഒഫ് ദ ഇയര്‍“ അവാര്‍ഡു കിട്ടുന്നു. വനിതാമാഗസിന്‍ നടത്തിയ ചിക്കന്‍ കറി റസീപ്പി മത്സരത്തില്‍ കേരളത്തില്‍ നിന്നുള്ള മറ്റു സകല കോഴിക്കറി തൊഴിലാളികളേയും അട്ടിമറിച്ച് കട്ടപ്പനയുടെ അഭിമാനമായ കുട്ടപ്പേട്ടന്‍ അവാര്‍ഡ് നേടി.. വാര്‍ത്ത കാട്ടുതീ പോലെ പരന്നു.. കട്ടപ്പന BAK അസോസിയേഷങ്കാരു ഞെട്ടി..


ഞെട്ടല്‍ വിട്ട BAK പ്രസിഡന്റ് ചാടിത്തുള്ളി.. അന്തരീക്ഷത്തിലേക്കു കൈകളുയര്‍ത്ത് പങ്കജാക്ഷന്‍ പിള്ള അലറി വിളിച്ചു..

“നമുക്കിടയിലെ” ഒരു കോഴിക്കച്ചവടക്കാരനു അവാര്‍ഡ്.... ആഹ്ലാദിപ്പിന്‍ BAK കാരേ..ആഹ്ലാദിപ്പിന്‍.. പ്രസിഡന്റിന്റെ മുദ്രാവാകുഅം ബാക്കി കോഴിക്കച്ചവടക്കാര്‍ ഏറ്റുവിളിച്ചു.. അവര്‍ മുദ്രാവാക്യവുമായി കുട്ടപ്പേട്ടന്റെ വീട്ടിലേക്കു ജാഥയായി നടന്നു..


BAK പ്രസിഡന്റും, അംഗങ്ങളും തന്റെ വീട്ടിലേക്കു ജാഥ നയിച്ചു വരുന്നതെന്തിനാണെന്നു കോഴിക്ക് തീറ്റകൊടുക്കയായിരുന്ന കുട്ടപ്പേട്ടനു പുടികിട്ടിയില്ല.. കയറിവന്നതും പ്രസിഡന്റ് കയ്യിലുരന്ന കോടിമുണ്ടെടുത്ത് കുട്ടപ്പേട്ടനെ പുതപ്പുച്ചു.. എല്ലാരു കൂടി എടുത്തു പൊക്കുന്നതിനിടയില്‍ ഹെന്റമ്മച്ചിയേ” എന്നും അലറിക്കരഞ്ഞ് കുട്ടപ്പേട്ടന്‍ തറയില്‍ വീണു.. മുകളില്‍ കോടിമുണ്ടും..


ബഹളം കേട്ട് അകത്ത് മേക്കപ്പ് ചെയ്യുകയായിരുന്ന ദാക്ഷായണിചേച്ചി ലിപ്സ്റ്റിക്കും വലിച്ചെറിഞ്ഞ് ഇറയത്തു വന്നപ്പോള്‍ എന്താ കഥ.. കുട്ടപ്പേട്ടന്‍ കോടിമുണ്ട് പുതച്ച് തറയില്‍ കിടക്കുന്നു...


“അയ്യോ, എന്റെ കുട്ടപ്പേട്ടന്‍ എന്നെ ഇട്ടേച്ചു പോയേ“ എന്നു വലിയ വായില്‍ നിലവിളിച്ചു.. കുട്ടപ്പേട്ടന്‍ തട്ടിപ്പോയി എന്നതിനേക്കാള്‍ സങ്കടം ഇനി അടുക്കളയില്‍ കയറണമല്ലോ എന്നോര്‍ത്തായിരുന്നു.. ഒരു വിധത്തില്‍ BAK പ്രസിഡന്റ് ചേച്ചിയെ കാര്യം പറഞ്ഞു സമാധാനിപ്പിച്ചു..കുട്ടപ്പേട്ടന്‍ തട്ടിപ്പോയിട്ടില്ല, മറിച്ച് അങ്ങേരുടെ തലയില്‍ ഒരു അവാര്‍ഡു വീണതാണു സംഭവം എന്നറിഞ്ഞതോടെ ചേച്ചി, “ശേ, മേക്കപ്പിന്റെ ടൈം വേസ്റ്റായി” എന്നു മുറുമുറുത്തു കൊണ്ട് അകത്തേക്കു പോയി,,


പ്രസിഡന്റു പങ്കജാക്ഷന്‍ പിള്ള കുട്ടപ്പേട്ടനെ എഴുന്നേല്‍പ്പിച്ച് അഭിനന്ദിച്ചു.. കട്ടപ്പന ജങ്ക്ഷനില്‍ ഇട്ടിത്തറ പാര്‍ക്കില്‍ പിറ്റേന്നു കുട്ടപ്പേട്ടനൊരു അനുമോദന യോഗം സംഘടിപ്പിക്കാന്‍ BAK അസോസിയേഷങ്കാരു തീരുമാനിച്ചു. BAK അസോസിയേഷന്‍ ആജീവനാന്ത മെമ്പര്‍ഷിപ്പിന്റെ ഒരു ചീട്ടെഴുതി കുട്ടപ്പേട്ടനു കീടിക്കൊടുത്തു.


പിറ്റേന്നു വൈകീട്ട് യോഗം തുടങ്ങി.. ചടങ്ങിലെ ആദ്യ ഇനമായ ചിക്കന്‍ കാലുകള്‍ ഭക്ഷിച്ച്, ഫോട്ടോയെടുപ്പും കഴിഞ്ഞതോടെ പ്രസിഡന്റ് പങ്കജാക്ഷന്‍ ഉല്‍ഘാടനപ്രസംഗം തുടങ്ങി.. ചിക്കന്‍ പാചകത്തില്‍ കോഴിവളര്‍ത്തലിനുള്ള പങ്കിനെക്കുറിച്ച് അടിയന്തിരമായി ഒരു ശില്പശാലതന്നെ സംഘടിപ്പിക്കണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. കട്ടപ്പന കോഴിവളര്‍ത്തുകാരായ നമുക്കിടയിലെ ഒരാളായ കുട്ടപ്പേട്ടനാണു കേരളത്തിലെ ഏറ്റവും മികച്ച ഷെഫ് എന്ന കാര്യത്തില്‍ ഓരോ ബ്രോയ്ലറു സെല്ലറൂം അഭിമാനിക്കണമെന്നും, ആരും അടിച്ചോണ്ടു പോകാത്ത തരത്തിലുള്ള ചിക്കന്‍ റസീപ്പികള്‍ ഉണ്ടാക്കാന്‍ ‍ ജഗദീശ്വരന്‍ കുട്ടപ്പേട്ടനെ അനുഗ്രഹിക്കട്ടെ എന്നും ആശംസിച്ച് അദ്ദേഹം പ്രസംഗം ഉപസംഹരിപ്പിച്ചതും... കാണികള്‍ക്കിടയില്‍ നിന്നും

കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്...... എന്നു കൂവലുകളുയര്‍ന്നു..

എല്ലാവരും തിരിഞ്ഞു നോക്കി.. തൊട്ടിയത്ത് രാജപ്പന്‍.. പിന്നെ കുറേ കൂട്ടുകാരും.. പണ്ടു ബ്രോയ്ലര്‍ അസോസിയേഷനില്‍ മെമ്പറൂം, പിന്നെ അടുത്തയിടെ കോഴിവളര്‍ത്തലില്‍ മെച്ചം കാണാതെ, മട്ടന്‍/ബീഫ് ഇറച്ചിക്കട തുടങ്ങിയവനും, വിമതനുമായ രാജപ്പനും സംഘവുമാണു യോഗം അലമ്പാക്കാന്‍ നിന്നു കൂവുന്നത്.. കുട്ടപ്പേട്ടന്‍ കോഴിക്കച്ചവടമല്ല ദഹണ്ഢമാനു പണിയെന്നും, ഈ ബ്രോയ്ലര്‍ മീറ്റ് നടത്തി നാട്ടിലെ മികച്ച ദഹണ്ധക്കാരനെ വെറുമൊരു കോഴിക്കച്ചവടക്കാരനാക്കാനുള്ള കുത്സിത ശ്രമമാണിതെന്നും രാജപ്പന്‍ ടീം വാദിച്ചു.
മാത്രമല്ല, ഒരു നായരായതുകൊണ്ടാണു കുട്ടപ്പേട്ടനു കിട്ടിയ അവാര്‍ഡിനെ , പങ്കജാക്ഷന്‍ “പിള്ള” പ്രസിഡന്റായ സവര്‍ണ്ണ മേധാവിത്വമുള്ള ബാക്കുകാര്‍ പര്‍വതീകരിക്കുന്നതെന്നും രാജപ്പന്‍ വര്‍ഗീയ കാര്‍ഡ് ഇറക്കി കളിച്ചു!!

പങ്കജാക്ഷന്‍ പ്രസിഡന്റിനു കലിയിളകി.. അനുയായികളെ വിളിച്ച് രാജപ്പനെ തളക്കാന്‍ ശട്ടം കെട്ടി...പിന്നെ അവിടെ മുട്ടന്‍ അടിയായിരുന്നു... രാജപ്പന്‍ ടീമും ബാക്കുകാരും തമ്മില്‍.. ഇതു കണ്ട കുട്ടപ്പേട്ടന്‍ എന്തുചെയ്യണമെന്നറീയാതെ മൂക്കത്തു വിരല്‍ വച്ചു നിന്നു.

കഷ്ടി ഒരു മണിക്കൂര്‍ നീണ്ട തെറിവിളിക്കും തല്ലിനുമൊടുവില്‍ രംഗം ശാന്തമായപ്പോള്‍ ബാക്കില്‍ നിന്നിരുന്ന ഏതോ ഒരു “ബാക്ക്” അംഗം മൈക്കെടുത്ത് കുട്ടപ്പേട്ടന്റെ കയ്യില്‍ കൊടുത്തു... മുണ്ടും ചെരിപ്പും ഷര്‍ട്ടുമൊന്നുമില്ലാതെ താഴെക്കിടന്ന BAK കാരും വിമതരും, അടി കണ്ടു രസിക്കാന്‍ ചുറ്റും കൂടി നിന്ന ജനവും, നിശബ്ദരായി കുട്ടപ്പേട്ടനെ നോക്കി നിന്നു..


ഒരു നിമിഷത്തെ നിശബ്ദതക്കു ശേഷം കുട്ടപ്പേട്ടന്‍ മുരടനക്കി പറഞ്ഞു..

“പൊന്നുമക്കളേ, നിങ്ങള്‍ക്കൊന്നും വേറേ പണിയുണ്ടാവില്ല... പക്ഷേ എനിക്കുണ്ട്! ചെന്നിട്ട് വേണം ദാക്ഷായണിക്ക് ഡിന്നറൂണ്ടാക്കാന്‍.. ഇല്ലേല്‍ അവളെന്നെ ചിക്കന്‍ ഫ്രൈ പോലെയാക്കും..എന്നെയങ്ങ് വിട്ടേരു..പ്ലീസ്.. ഇനി ഇക്കാര്യം പറഞ്ഞ് എന്റെ വീട്ടിലോട്ടു വന്നാല്‍, ^%$#*^^#%ളേ. തെളച്ച വെള്ളത്തില്‍ മൊളകുപൊടി കലക്കി ഞാന്‍ മൊഖത്തൊഴിക്കും കേട്രാ ഡേഷോളേ“..


മൈക്കും വലിച്ചെറിഞ്ഞ് അടര്‍ക്കളത്തില്‍ നിന്നും വിജയിച്ചിറങ്ങുന്ന യോദ്ധാവിന്റെ മുഖഭാവത്തോടെ കുട്ടപ്പേട്ടന്‍ നടന്നകലുമ്പോള്‍, BAK പ്രസിഡന്റ് പങ്കജാക്ഷനും വിമതന്‍ തൊട്ടിയത്ത് രാജപ്പനും അഴിഞ്ഞു പോയ മുണ്ടുകള്‍ പരതുകയായിരുന്നു!
============= ====================

കോഴിക്കറിയുടെ കാല്‍ക്കഷ്ണങ്ങള്‍, അഥവാ, ലെഗ് പീസസ്:

1.ഈ പോസ്റ്റിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയതോ, ബൂലോഗ ക്ലബ്ബിലിട്ടതോ ഡീലിറ്റിയതോ ആയ പോസ്റ്റുമായോ യാതൊരു ബന്ധവുമില്ല..


2. തിരക്കിട്ടെഴുതിയതിനാല്‍ സ്പെല്ലിങ്ങ് മിസ്റ്റേക്കുകള്‍ കാണും.. അല്ലെങ്കിലും ഈ ബ്ലോഗിങ്ങ് മൊത്തത്തിലൊരു സ്പെല്ലിങ്ങ് മിസ്റ്റേക്കല്ലേ? ;)

Read more...

സമ്പൂര്‍ണ്ണ ബ്ലോഗുചൊല്ലുകള്‍

Monday, April 14, 2008

മാന്യരേ..
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഞങ്ങളവതരിപ്പിച്ച സമ്പൂര്‍ണ്ണ ബ്ലോഗു ചൊല്ലുകള്‍ ഈ ബ്ലോഗില്‍ പുനപ്രസിദ്ധീകരിക്കയാണ്! നേരത്തെ ഇതു പ്രസിദ്ധീകരിച്ച ഓഫു യൂണിയന്‍ എന്ന ബ്ലോഗില്‍ ഇപ്പോ അന്തോണിപോയിട്ട് ഒരു അനോണിപോലും തീരിഞ്ഞു നോക്കുന്നില്ല, മാത്രമല്ല, പല പുതിയ ബ്ലോഗര്‍മാര്‍ക്കും ഓഫുയൂണിയന്‍ എന്താണെന്നു പോലും അറീല്യ. (പാവങ്ങള്‍). ആയതുകൊണ്ടാണ് ഇതിവിടെ ഇടുന്നത്. അന്നു വായനക്കാരില്‍ ല്‍നിന്നും ലഭിച്ച കമന്റുകളൂം അവരുടെ ബ്ലോഗുചൊല്ലു സംഭാവനകളും കൂടി ഇതില്‍ ചേര്‍ക്കുന്നുണ്ട്. പുതിയ വായനക്കാര്‍ക്ക് അവരുടെ സ്വന്തം ചൊല്ലുകള്‍ ഇവിടെ കമന്റായി ചേര്‍ക്കാവുന്നതാണ്!

എന്തായാലും ഞാന്‍ അല്പം പേടിയോടെയാണ് ഈ പോസ്റ്റ് ഇവിടെ പുന പ്രസിദ്ധീകരിക്കുന്നത്. എന്റെ മറ്റൊരു ബ്ലോഗിലെ (ഡീലിറ്റു ചെയ്ത) പോസ്റ്റ് ഇവിടെ എടുത്തിട്ടതും കഴിഞ്ഞ വര്‍ഷം, സനോജ് കിഴക്കേമുറി എന്നോ നാളികേരമുറി എന്നോ പേരുള്ള എന്റെ ഒരാരാധകന്‍ വിളിച്ച് പറഞ്ഞു..”ഇടിവാളേ, നാണമില്ലേ വളിച്ചതും പുളിച്ചതും എടുത്ത് ബ്ലോഗിലിടാന്‍”എന്നു! ഹോ ഞാന്‍ അന്നു 2 ദിവസം പേടിച്ച് വിറച്ച്, പനിയടിച്ച് ഒരു പരുവമായി.. 3 ‍കോഴ്സ് ആന്റിബയോട്ടിക്ക്കഴിച്ച ശേഷമാ അതു ഭേദമായത്!!

അതേ സംശയം ഇപ്പോള്‍ ആര്‍ക്കെങ്കിലും ഉണ്ടേങ്കില്‍ ദേ, അഡ്വാന്‍സായി തന്നെ ചോദ്യത്തിന്റെ ഉത്തരം പിടിച്ചോളൂ.. “നാണമില്ല!!“ നാണിക്കാന്‍ ഞാനാരു നാണു നായരോ??


എല്ലാവര്‍ക്കും വിഷു ആശംസകള്‍!
======================== =========================


ആദ്യ പ്രസിദ്ധീകരണം: മാര്‍ച്ച്-13 , 2007
======================== =========================

സമ്പൂര്‍ണ്ണ ബ്ലോഗു ചൊല്ലുകള്‍ വാല്യം-1 ഇവിടെ പ്രസിദ്ധികരിക്കുന്നതില്‍ അത്യധികമായ സന്തോഷമുണ്ട്.

ഈ പരിപാടിയുടെ പ്രായോജകര്‍:
ഇടിവാള്‍, ദില്‍ബാസുരന്‍, സാന്റോസ്, ദേവദാസ് എന്ന ലോനപ്പന്‍.

[ പണിയില്ലാതെ ചൊറിയും കുത്തിയിരിക്കുന്ന നാലൂപേര്‍ ജീ-ടോക്ക് കവലയില്‍ ഒരുമിച്ച് കൂടുന്നു.. ചീട്ടുകളിക്കാന്‍ കാശില്ലാത്തതിനാല്‍ ബ്ലോഗു ചൊല്ലുകള്‍ എന്ന മത്സരം നടത്തുന്നു. ഇത്രയേ ഉള്ളൂ സംഭവം! ]ഈ പുസ്തകത്തിന്റെ പ്രസാധകര്‍: കരളാത്ത ബുക്ക്സ് (കരണ്ട ബുക്ക്സ് അല്ല)

പ്രകാശനം : ആദ്യ കോപ്പി ശ്രീ ഷവര്‍മ്മ ശ്രീ ന്യൂബോണ്‍ വര്‍മ്മക്കു നല്‍കി ഔദ്യോഗികമായി പ്രകാശിപ്പിച്ചു. (4 കട്ട ടോര്‍ച്ചടിച്ച്)

======================== =========================


സമ്പൂര്‍ണ്ണ ബ്ലോഗുചൊല്ലുകള്‍ - വാല്യം 1

1.ഒന്നുകില്‍ ബ്ലോഗില്‍ അല്ലെങ്കില്‍ ബോസിന്റെ നെഞ്ചത്ത്
2.ബ്ലോഗോ ബ്ലോഗറോ ആദ്യമുണ്ടായത്?
3.എന്തായാലും പോസ്റ്റി ഇനി ബ്ലോഗിക്കേറാം
4.പോസ്റ്റ് പേടിച്ച് പന്തളത്ത് ചെന്നപ്പൊ അവിടെ പന്തളവര്‍മ്മയുടെ പോസ്റ്റ്
5.കമന്റില്‍ തോറ്റതിന് പോസ്റ്റിനോട്
6.അനോണിക്ക് പ്രാന്തായാല്‍ കാണാന്‍ നല്ല ചേല്
7.വല്ലോന്റേം പോസ്റ്റ്, അനോണിയുടെ കമന്റ്, കൊരട്ടിയിടെടാ കൊരട്ടി
8.മൂത്തോര്‍ ചൊല്ലും മുതുക്കമന്റ് ആദ്യം മോഡറേറ്റും, പിന്നെ ഡിലീറ്റും
9.കമന്റ് തെറ്റിയാല്‍ പിന്മൊഴിയും വീഴും
10.പിന്മൊഴിയോളം വരുമോ പിന്മൊഴിയിലിട്ടത്?
11.കൊടുത്താല്‍ ബൂലോഗ ക്ലബ്ബിലും കിട്ടും
12.ഗ്രഹണസമയത്ത് പച്ചാളത്തിന്റെ കമന്റും വിഷമാകും
13.പോസ്റ്റിട്ടവന്‍ പോസ്റ്റാല്‍..
14.ഏവൂരാന്റെ സെര്‍വര്‍, ബോസിന്റെ കാശ്, ബ്ലോഗെടാ ബ്ലോഗ്..
15.ബ്ലോഗര്‍ തന്നെ കമന്റ് ഇട്ടാല്‍..
16.ബ്ലോഗസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം കമന്റ്
17.പിന്മൊഴിയില്‍ കമന്റിയാലും അളന്ന് കമന്റണം
18.ഐഡിക്കമന്റോളം വരുമോ അണോണിക്കമന്റ്?
19.ബ്ലോഗാത്തോന്‍ ബ്ലോഗിയാല്‍ നന്ദി പ്രകടനം കൊണ്ട് ആറാട്ട്
20.അനോണിക്കുഞ്ഞനും തന്നാലായത്
21.പിന്മൊഴിയില്‍ കുരുത്തത് ആള്‍ട്ട്മൊഴിയില്‍ വാടുമോ?
22.അനോണി വേലി ചാടിയാല്‍ വര്‍മ്മ മതില് ചാടും
23.അനോണിയെ തെറിവിളി പഠിപ്പിക്കണോ
24.കമന്റുന്നവരെല്ലാം അനോണിയല്ല
25.പുത്തന്‍ ബ്ലോഗര്‍ ഉമേഷിനേയും വിമര്‍ശിക്കും
26.വര്‍മ്മപ്പോസ്റ്റില്‍ അനോണിക്കമന്റിടല്ലേ
27.അനോണിക്കുള്ളത് അനോണിക്ക്, വര്‍മ്മയ്ക്കുള്ളത് വര്‍മ്മയ്ക്
28.ഇഷ്ടമല്ലാത്ത ബ്ലോഗര്‍ കമന്റുന്നതൊക്കെ കുറ്റം
29.പല നാള്‍ വര്‍മ്മ ഒരു നാള്‍ പിടിയില്‍
30.ഉമേഷിനക്ഷരമൊന്ന് പിഴച്ചാല്‍ ബ്ലോഗന്മാര്‍ക്കക്ഷരമാറ് പിഴയ്ക്കും
31.ബ്ലോഗ് ഏതായാലും ബ്ലോഗര്‍ നന്നായാല്‍ മതി
32.ജോസ് ചെറിയാനെന്തിനാ നാനാഴി?
33.തേടിയ കമന്റ് ബ്ലോഗില്‍ കിട്ടി
34.വേലിയിലിരുന്ന അനോണിയെ എടുത്ത് പോസ്റ്റില്‍ വെച്ച മാതിരി
35.കമന്റ് കുത്തിയാല്‍ പോസ്റ്റ് മുളയ്ക്കുമോ?
36.വേണമെങ്കില്‍ ചരിത്രകാരന്‍ പിന്മൊഴിയിലും കമന്റും
37.പിന്മൊഴിയില്‍ പോയ കമന്റ് ഏവൂരാന്‍ പിടിച്ചാലും തിരിച്ച് വരില്ല
38.പോസ്റ്റ് പോയാല്‍ യാഹൂവിലും തപ്പണം
39.പോസ്റ്റ് ഇട്ടാല്‍ പോരെ കമന്റ് എണ്ണണോ?
40.കമന്റ് പേടിച്ച് പോസ്റ്റ് ഡിലീറ്റുക
41.വര്‍മ്മ പോലെ വന്നത് അനോണിയെ പോലെ പോയി
42.അല്ലെങ്കിലേ ബ്ലോഗിണി പോരെങ്കില്‍ അനോണിയും
43.ബ്ലോഗുണ്ടായാല്‍ പോരാ പോസ്റ്റിടണം
44.യാഹുവിന് വെബ്ദുനിയ കൂട്ട്
45.100 കമന്റുള്ള പോസ്റ്റായാലും അനോണി നിരണ്‍ഗിയാല്‍ ഡിലീറ്റണം
46.മലയാളിക്ക് ബ്ലോഗ് കിട്ടിയാല്‍ ഓഫീസിലിരുന്നും ബ്ലോഗും
47.വര്‍മ്മയ്ക്കും തന്‍ പോസ്റ്റ് പൊന്‍ പോസ്റ്റ്
48.ഡ്രാഫ്റ്റീന്ന് പോവുകയും ചെയ്തു പോസ്റ്റൊട്ട് ആയതുമില്ല
49.ബ്ലോഗ് ബീറ്റയായവന്റെ പോസ്റ്റില്‍ അനോണിയിറങ്ങിയത് പോലെ
50.ആറ്റ് നോറ്റൊരു പോസ്റ്റിട്ടപ്പോള്‍ അന്ന് വര്‍മ്മ മഴ
51.ക്ലബ്ബില്‍ കയറി ഇരിക്കേം വേണം അനോണിയായി തെറി പറയ്യേം വേണം
52.അനോണി വര്‍മ്മയോട് പരാതി പറഞ്ഞ പോലെ
53.ബ്ലോഗ്സ്പോട്ടില്‍ നില്‍ക്കുമ്പോള്‍ വേഡ്പ്രസ്സ് പച്ച
54.പോസ്റ്റിട്ടിട്ട് പോരേ തേങ്ങയുടയ്ക്കല്‍?
55.ഒത്ത് പിടിച്ചാല്‍ പിന്മൊഴിയും വീഴും
56.കമന്റ് കണ്ടാലറിയാം പോസ്റ്റിന്റെ ഗുണം
57.ബ്ലോഗും ചത്തു കമന്റിലെ പുളിയും പോയി..
58.ബീറ്റ ചവിട്ടിയാല്‍ ബ്ലോഗര്‍ക്ക് കേടില്ല
59.വര്‍മ്മയുടെ കൈയ്യില്‍ ഐപ്പി കിട്ടിയ പോലെ
60.ബ്ലോഗ് മറന്ന് പോസ്റ്റ് ഇടരുത്.

=========== ==================ഈ പോസ്റ്റിനു കമന്റുകളായി ലഭിച്ച ചില ചൊല്ലുകള്‍

അരവിന്ദ് :: aravind
1 എന്തായാലും കമന്റി. ഇനി ബ്ലോഗിയേക്കാം.
2 അനോണിയായവന്‍ വര്‍മ്മമാരാല്‍..
3 ബ്ലോഗര്‍‌.കോം മഹാശ്ചര്യം, എനിക്കും കിട്ടണം കമന്റ്
4ബ്ലോഗാത്തോന്‍ ബ്ലോഗിയാല്‍ കമന്റും കൊണ്ടാറാട്ട്.
5 വര്‍മ്മകളെല്ലാം അനോണികളല്ല.
6 അനോണിക്ക് വിളി കേള്‍‌ക്കരുത്
7 പോസ്റ്റ് ഗുണം കമന്റ് ഗുണം
8 ഗതി കെട്ടാല്‍ പുലി സ്വയം കമന്റും
9 വര്‍മ്മക്കും അനോണിക്കും ഇടക്ക്
10 അനോണിക്കറിയുമോ ബ്ലോഗര്‍ ഐഡി
11- വര്‍മ്മക്ക് ഗുരുകുലത്തിലും കമന്റാം
12-- അനോണിയേം വര്‍മ്മയേം ഒരുമിച്ചു കെട്ടരുത്
13 ബ്ലോഗിയോനേക്കാള്‍ വലിയ ബ്ലോഗ് ഭക്തി
14 വര്‍മ്മക്കമന്റ് കിട്ടിയ ബ്ലോഗറുടെ പോലെ...(ഇഞ്ചി തിന്ന...)
15 അനോണിക്കമന്റ് ബ്ലോക്കിനു മേലെ വര്‍മ്മയും കമന്റില്ല
16 പുലി ബ്ലോഗേര്‍‌സ് കമന്റില്ല (നിറകുടം..)
17 വര്‍മ്മക്കെന്തിനാ അനോണിക്കമന്റ്! (പൊന്നും കുടത്തി...)
18 വര്‍മ്മക്ക് വെച്ചത് ബ്ലോഗര്‍‌ക്കു കൊണ്ടു
19 പോസ്റ്റോളം വരുമോ കമന്റിലിട്ടത്?
20 പോയത് പോസ്റ്റെങ്കില്‍ എടുത്തത് യാഹൂ തന്നെ.
21 തല്ല് അനോണിക്കും കമന്റെല്ലാം ബ്ലോഗര്‍‌ക്കും
22 ബ്ലോഗിയാല്‍ കമന്റേണ ശാന്തി
23 ഒരുമയുണ്ടെങ്കില്‍ വര്‍മ്മസമ്മേളനം നടത്താം
24 കമന്റ് കണ്ടാലറിയാം ബൂലോഗത്തിലെ പഞ്ഞം
25 അധികം പോസ്റ്റുകള്‍ , നോ കമന്റുകള്‍ (അധികം ചിത്രം, ഓട്ടപ്പാത്രം)
26 പോസ്റ്റിയാല്‍‍ പിന്നെ ഡ്രാഫ്റ്റാക്കരുത്. (കതിരിന്മേല്‍ വളം)
27 ബ്ലോഗറെ അനോണി നാറ്റിച്ചാല്‍ അനോണിയെ വര്‍മ്മ നാറ്റിക്കും (പൊട്ടനെ ചെട്ടി ചതിച്ചാല്‍...)
28 കോമഡിപോസ്റ്റിലേ കമന്റോടൂ (താണനിലത്തിലേ നീരോടൂ)
29 ബ്ലോഗും ചെയ്യാം ശമ്പളോം വാങ്ങിക്കാ
ഒരൈപ്പി തപ്പിയപ്പം രണ്ട് അനോണി!
30 വര്‍മ്മബ്ലോഗില്‍ അനോണി (ആനവായില്‍)
31 പന്തീരാണ്ട് കൊല്ലം അനോണിയെ തെറി വിളിച്ചാലും അനോണി നേരെയാവില്ല.
32 ബ്ലോഗറിച്ഛിച്ചതും കമന്റേര്‍സ് ഉണ്ടാക്കിയതും വിവാദം
33 വര്‍മ്മ‌കേറാബ്ലോഗ്
34 അനോണിയെ പിടിച്ച വര്‍മ്മ


::സിയ↔Ziya
1.അനോണിക്കു ബ്ലോഗു കിട്ടിയാല്‍ അര്‍‌ദ്ധരാത്രീലും കമന്റിടും (ബ്ലോഗു ചൊല്ല്)
2പുത്തന്‍ ബ്ലോഗ്ഗര്‍ പോസ്റ്റു മൊത്തോം വായിക്കും
3ദാനം കിട്ടിയ അനോണിക്കമന്റിന്റെ ഐപി നോക്കരുത്
4 അനോണിക്കമ്മന്റിടാന്‍ പോകുന്നോനെന്തിനു ബ്ലോ‍ഗൈഡി ! (വെള്ളത്തില്‍ ചാടിച്ചാകാന്‍ കുട)
5 അനോണീം ബ്ലൊക്കി, പിന്മൊഴീം ബ്ലോക്കി, പിന്നെയും വര്‍മ്മക്ക് മുറുമുറുപ്പ്.
6 വേണമെങ്കി വര്‍മ്മ പോര്‍ട്ടലും തുടങ്ങും
7. അനോണിയിട്ടാലും അളന്നിടണം (ആറ്റിക്കളഞ്ഞാലും)
8. വര്‍മ്മയെപ്പേടിച്ച് ബ്ലോഗ് പൂട്ടുകയോ?
9. വര്‍മ്മയോട് വേദമോതരുത്പിന്മൊഴി ബാന്‍ ചെയ്തപ്പോള്‍ വര്‍മ്മക്കമന്റു മഴ


അഗ്രജന്‍
1- ഒരു അനോണി കമന്‍റിയാല്‍ ബ്ലോഗു പൂട്ടില്ല.
2- കട്ടെഴുതിയ പോസ്റ്റിന് കമന്‍റ് കൂടും.
3- ലിങ്ക് കൊടുക്കുന്ന ബ്ലോഗര്‍ക്കേ കമന്‍റുള്ളു.
4- ബ്ലോഗര്‍മാര്‍ പ്രവേശിക്കാന്‍ മടിക്കുന്ന പോസ്റ്റില്‍ അനോണികള്‍‍ കൂസലന്യേ ഓടിക്കയറുന്നു.
5- കമന്‍റിടൂന്നവന്‍റെ പോസ്റ്റിലേ കമന്‍റൂറൂ.
6- വര്‍മ്മകള്‍ വരുമ്പോള്‍ കൂട്ടത്തോടെ.
7- ഗുരുകുലത്തില്‍ ശ്ലോകം ചൊല്ലല്ലേ.
8-പോസ്റ്റ് കക്കാന്‍ ദുനിയ, തെറി കേക്കാന്‍ യാഹു... (അടി വാങ്ങാന്‍ ചെണ്ട...)


അലിഫ് /alif
1. പോസ്റ്റും തിന്ന് കമന്‍റുമടിച്ചു, എന്നിട്ടും ബ്ലോഗര്‍ക്ക് മുറുമുറുപ്പ്
2. ഒന്നുകില്‍ പോസ്റ്റിന്‍റെ നെഞ്ചത്ത്, അല്ലെങ്കില്‍ കമന്‍റിന്‍റെ പുറത്ത്
3. അനോണിക്കെന്താ കമന്‍റുരുക്കുന്നിടത്ത് കാര്യം.
4. അനോണികേറിയ ബ്ലോഗ് പോലെ.
5. അനോണിപിടിച്ച ബ്ലോഗര്‍ വര്‍മ്മേകണ്ടാലും പേടിക്കും
6. പോസ്റ്റിംഗ് ദു:ഖമാണുണ്ണീകമന്‍റല്ലോ സുഖപ്രദം.
7. പോസ്റ്റുള്ളപ്പോള്‍ കമന്‍റില്ലകമന്‍റുള്ളപ്പോള്‍ നെറ്റില്ലഎല്ലാമുള്ളപ്പോള്‍ ബ്ലോഗ്‍‍സ്പോട്ട് പണിമുടക്കില്‍ദേവന്‍
1. ബ്ലോഗ്ഗെഴുതിന്നടത്ത്‌ ബോസ്സിനെന്തുകാര്യം? ( പാഠഭേദം - ബോസ്സറിയുമോ ബൂലോഗ കൂട്ടായ്മ?)
2. ബ്ലോഗറില്‍ നില്‍ക്കുമ്പോ വേഡ്‌ പ്രസ്സില്‍ പച്ച.
3. പോസ്റ്റിട്ട്‌ കമന്റ്‌ വാങ്ങിക്കെട്ടിയപോലെ ആയി! (വടി കൊടുത്ത്‌..)
4. ഞെളിയാന്‍ ബ്ലോഗ്ഗിയത്‌ പാരയായി.
5. അനോണിയെത്ര ബ്ലോഗ്ഗുകണ്ടു, ബ്ലോഗ്ഗെത്ര അനോണിയെക്കണ്ടു (... എത്ര കുളം കണ്ടു..)
6. പോസ്റ്റും വായിക്കാം, ഓഫും അടിക്കാം (അങ്കോം കാണാം..)
7. കമന്റും പോസ്റ്റോളമായാല്‍ അതിന്റെ പോസ്റ്റാക്കിയിടണം (മകന്‍ തന്നോളം വളര്‍ന്നാല്‍..)
8. ബ്ലോഗ്‌ നന്നായിരിക്കുമ്പോഴേ പോസ്റ്റ്‌ നിര്‍ത്തണം
9.ബ്ലോഗ്ഗെഴുതി തീര്‍ന്നിട്ട്‌ ജോലിചെയ്യാമെന്ന് വച്ചതുപോലെ ആയി (അലക്കു തീര്‍ന്നിട്ട്‌)
10. പോസ്റ്റ്‌ ഇട്ടവനെയേ സ്പാം ബോട്ട്‌ പിടിക്കൂ (തെങ്ങില്‍ക്കയറിയവനെയേ..)Inji Pennu
1. വര്‍മ്മ പെറ്റെന്നും കരുതി ബ്ലോഗ് ഡിലീറ്റരുത്
2. വര്‍മ്മകളെ പിടിച്ച് ബ്ലോഗിലിട്ടാല്‍ കിടക്കുമൊ?
3. വര്‍മ്മമാര്‍ക്കും തന്നാലായത്
4. പുലികളോട് ഇടയുമ്പോള്‍ കമന്റിന്റെ പുളിയറിയും
5. ഒരു വട്ടം ഐ.പി പിടിക്കപ്പെട്ടാല്‍, എല്ലാ പ്രാവശ്യവും പിടിക്കപ്പെടുമൊ?
6. ബ്ലോഗില്‍ പോസ്റ്റിനുള്ള കമന്റും വേണം, ഉത്തരത്തിലുള്ള വിമര്‍ശനവും പാടില്ല
7. വേണമെങ്കില്‍ കമന്റ്സ് വരമൊഴി പിതാവിന്റെ ബ്ലോഗിലും കായ്ക്കും
8. മലയാള വേദിയില്‍ കുരുത്തത് , ബ്ലോഗില്‍ വാടുമൊ?
9. ഏത്ര അനോണിയുടെ വാ മൂടിക്കെട്ടും?
10. ഒന്നില്ലെങ്കില്‍ പിന്മൊഴിയുടെ നെഞ്ചത്ത്,അല്ലെങ്കില്‍ അള്‍ട്ട്മൊഴിക്കും പുറത്ത്.
11. യാഹുവിനു വെച്ചത് വെബ് ദുനിയക്ക് കൊണ്ടു
12. വിമര്‍ശിക്കുന്ന ബ്ലോഗര്‍ പോസ്റ്റില്ല
13. ബൂലോഗര്‍ പോര്‍ട്ടലില്‍ കണ്ടത്, ദുനിയ ബ്ലോഗില്‍ കണ്ടു.
14. ബ്ലോഗിന്റെ വില കട്ടെടുക്കുമ്പോഴെ അറിയൂ
15. വര്‍മ്മയായിരുന്നു കല്ലെറിയരുതേ
16. അനോണിയുടെ വില, ഐപി പിടുക്കുമ്പോഴെ അറിയൂ
17. ബ്ലോഗേ ഇല്ലാത്തവന്‍‍ കമന്റില്ലാത്ത പോസിനെ പരിഹസിക്കരുത്RajeshRVarma രാജേഷ്‌ ആര്‍. വര്‍മ്മ
വര്‍മ്മയോളം വരുമോ അനോണി വര്‍മ്മ?Peelikkutty!!!!!
1.ബ്ലോഗേതായാലും‌ പോസ്റ്റ് നന്നായാല്‍‌ മതി.
2.നിന്നെപോലെ നിന്റെ ബ്ലോഗിനെയും‌ സ്നേഹിക്കുക.
3.വേണമെങ്കില്‍‌ എലി, പുലിപോസ്റ്റിലും‌ കമന്റും!
4.തേടിയ കമന്റ് പിന്‍‌മൊഴിയില്‍‌ തട്ടി.
5.കമന്റില്ലെങ്കിലേ കമന്റിന്റെ വിലയറിയൂ.
6.പബ്ലിഷടിച്ച കമന്റും‌ ഡിലീറ്റടിച്ച പോസ്റ്റും‌ തിരിച്ചെടുക്കാന്‍‌ പറ്റില്ല
7.നെറ്റിലുള്ളത് ഡൌണ്‍‌ലോഡ്‌ ചെയ്യുകയും‌ വേണം‌ അനോണി കേറാനും‌ പാടില്ല!
8.പോസ്റ്റ് പോയാല്‍‌ യാഹൂലും‌ തപ്പണം‌.
9.ആരാന്റെ ബ്ലോഗില്‍‌ ബീറ്റ കേറിയാല്‍‌ കാണാന്‍‌ നല്ല ചേല്
10.അനോണിയെ പേടിച്ച് കമ്പ്യൂട്ടര്‍‌ കത്തിക്കുക.
11.ബ്ലോഗെന്നത് ഞാനറിയും‌ സീഡി പോലെ ഉരുണ്ടിരിക്കും‌!
12.ബ്ലൊഗുണ്ടായാല്‍‌ പോര, പോസ്റ്റാന്‍‌‌ പഠിക്കണം‌!
13.പണം‌ കായ്ക്കുന്ന പോസ്റ്റായാലും‌ ബോറായാല്‍‌ നശിപ്പിക്കണം‌.14.ആരാന്റെ ബ്ലോഗിലെ ട്രാഫിക് കണ്ട് സ്വന്തം‌ ബ്ലോഗില്‍‌ കവിതയിടുക.
15.പാരകമന്റായി വന്നത് മാപ്പായി പോവുക!


കുറുമാന്‍ said...
1 ബ്ലോഗിലെ ശീലം ചുടലവരെ
2 പല പോസ്റ്റ്, ഒരു ബുക്ക് (പല തുള്ളി)
3 ബ്ലോഗില്ലാത്തവനെ ബ്ലോഗിന്റെ വിലയറിയൂ
4 പുതിയ ബ്ലോഗറും തന്നാലായത് .
5 പണിയൊഴിഞ്ഞിട്ട് ബ്ലോഗാന്‍ നേരമില്ല (അലക്കൊഴിഞ്ഞിട്ട് കാശി)6 6 ബ്ലോഗോളമെത്തുമോ, വേര്‍ഡ്പ്രെസ്.
7ബ്ലോഗ് ബീറ്റയായ ബ്ലോഗറെപോലെ (കുരങ്ങന്‍ ചത്ത)
8 അകലെയുള്ള പുലി ബ്ലോഗറേക്കാള്‍ നല്ലത്, അടുത്തുള്ള എലി ബ്ലോഗര്‍ (അകലെയുള്ള ബന്ധുവിനേക്കാള്‍ )
9. ബ്ലോഗറെ ദുനിയ ചതിച്ചാല്‍, ദുനിയയെ യാഹു ചതിക്കും (ചട്ടനെ പൊട്ടന്‍ ചതിച്ചാല്‍)
10-പണി മറന്ന് ബ്ലോഗ് ചെയ്യരുത് (തലമറന്ന് എണ്ണ)
11- ഇല നക്കി ബ്ലോഗറുടെ, ചിറി നക്കി ബ്ലോഗര്‍
12പണ്ടത്തെ ബ്ലോഗറും ബീറ്റയില്‍ തന്നെ (ശങ്കരന്‍ തെങ്ങുമ്മെ)
13-ബ്ബ്ലോഗെഴുതുന്നവരുടെ നാട്ടില്‍ പോയാല്‍, കവിതയെങ്കിലും എഴുതണം (ചേരയെ തിന്നുന്നവന്റെ
14- ബ്ലോഗേഴ്സ് കൂടുമ്പോള്‍ ഒപ്പം കൂടണം (നാടോടുമ്പോള്‍ നടുവെ)
15-ബ്ലോഗില്ലാത്തവന്‍ പിണം (പണമില്ലത്തവന്‍)


വേണു venu
1-അനോണിയുടെ കൈയ്യിലെ ബ്ലോഗു പോലെ.(.....പൂമാല)
2-വര്‍മ്മയില്ലാ പോസ്റ്റില്‍ അനോണി രാജാവു്. (മൂക്കില്ലാ..)
3‍-സ്വാഗത പോസ്റ്റിനു കിട്ടിയ കമന്‍റിനേയും മാമ്പൂവിനേയും കണ്ടഹങ്കരിക്കരുതു്. (മക്കളേയും..)
4‍-കമന്‍റെഴുതി തെറി കമന്‍റു വാങ്ങി.(വടി..)
5-അനോണി കുളിച്ചാല്‍ വര്‍മ്മയാകുമോ.(കാക്ക)
6‍-വര്‍മ്മയെ പേടിച്ചു് ബ്ലോഗു ചുടുമോ.? (എലിയെ..)
7-അനോണിയ്ക്കു് ഭ്രാന്തു വന്നാല്‍ വര്‍മ്മയാക്കാം, വര്‍മ്മയ്ക്കു വന്നാലോ..(ചങ്ങലയ്ക്കു്)
8-ബ്ലോഗു കണ്ടാലറിയാം കമന്‍റിന്‍റെ പഞ്ഞം.(ഉണ്ണിയെ)
9-എഴുതാനിരുന്ന പോസ്റ്റു് കമന്‍റുകൊണ്ടു പോയി.(മണ്ണും ചാരി)
10-ഉശിരന്‍ കമന്‍റെഴുതാന്‍‍ നോക്കിയപ്പം ഗൂഗിളിനു് ബീറ്റാപനി.(ആലിന്‍ പഴം പഴുക്കുമ്പോള്‍‍..)

Read more...

ഓപ്പറേഷന്‍ ചാര്‍ളി

Monday, April 07, 2008

നേരം പരപരാവെളുക്കുന്നു. പാലാ കോത്താഴം വീട്ടില്‍ തൊമ്മിച്ചന്‍ ഒരു ജഗ്ഗില്‍ വെള്ളവുമെടൂത്ത് വീടിനു പുറത്തീറങ്ങുമ്പോള്‍ മനസ്സില്‍ രണ്ടു നിഗൂഢ ലക്ഷ്യങ്ങളായീരുന്നു..

1-ഒന്നിനു പോണം
2- രണ്ടിനു പോണം.


കനത്ത മഴയില്‍ വീടിന്റെ സെപ്റ്റിക് ടാങ്ക് ചില പാലാ ബ്ലോഗന്മാരുടെ ക്രീയേറ്റിവിറ്റി പോലെ നിറഞ്ഞ് കവീഞ്ഞതിനാലാണ് ആശാനിപ്പോ പ്രാധമികാവശ്യങ്ങളെല്ലാം ലാവിഷായി ഔട്ട്ഡോറില്‍ നടത്താന്‍ തീരുമാ‍ാനിച്ചത്.. കുറ്റി ബീഡി ആഞ്ഞുവലിഛ്ച്ന്നട്റ്റക്കുമ്പോ‍ാ പാലാ ജന്ക്ഷനീല്‍ കടല, ഗ്യാസ്സ് മിട്ടായി പെട്ടിക്കട നടത്തുന്ന ലൂക്കോച്ചന്‍ വിളിച്ചു ചോദിച്ചു..


എങ്ങോട്ടാ അച്ചായാ രാവിലെ ജഗ്ഗുമായീട്ട്?


ചോദ്യത്തിലെ പരിഹാസം മണത്ത തൊമ്മിച്ഛന്‍പറഞ്ഞു:“പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ പോകുവാ, എന്നാ നീ പോരുന്നോ?”


ലൂക്കോച്ചന്‍ ആരാ മോന്‍.. വിടുമോ? വോ, ഈ അച്ചായന്റെ ഒരു കാര്യം, അവരിപ്പോ ഇതൊക്കെ സംഭാവനയായി സ്വീകരിച്ചു തുടങ്ങിയോ?


സംസാരത്തിനിടക്ക് എവിറ്റെ നിന്നോ “ടക് ടക്..ടക് ടട്ടടക്” എന്ന ശന്ബ്ദം കേട്ട് തൊമ്മിച്ചന്‍ സംശയഭാവത്തില്‍ ലൂക്കോസിനെ നോക്കി ചോദിച്ചു.. “ എന്നതാടാ കൂവേ ഒരു ശബ്ദം, പാലാ ജങ്ക്ഷനില്‍ ഈ തൊമ്മിച്ചനറിയാത്തെ ഒരു ടൈപ്പിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടോ?


ഓ, അതു ടൈപ്പിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടൊന്നുമല്ലെന്നേ, ആ ചാര്‍ളീടെ വീട്ടീന്നാ ആ ശബ്ദം, എന്നാ പറയാനാ അച്ചായാ, ആ ചെക്കനെക്കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായി, അവന്‍ സെമിനാരീന്നു ചാടിപ്പോന്നതില്‍ പിന്നെ ബ്ലോഗിങ്ങോ അങ്ങനെ എന്തോ ഒരു കോഴ്സിനു പഠിക്കുവാന്നേയ്, കംപ്യൂട്ടറിന്റെ ആ സുനാപ്പിയുണ്ടല്ലോ, കീ ബോര്‍ഡ് , അതേല്‍ അവനിരുന്നു ഉകൊട്ടുന്ന ശബ്ദമാ.. റ്റൊന്റി ഫോര്‍ അവേഴ്സും ഈ ടൈപ്പിങ്ങിന്റെ ശബ്ദമാ..


കര്‍ത്താവേ, ബ്ലോഗിങ്ങ് കോഴ്സോ, അതെന്തുവാടേയ് ലൂക്കോസേ..


അതറിയത്തില്ല്യോ, മലയാളത്തില്‍ കഥ എഴുതുവാണത്രേ, ഇവന്റെ തമാശക്കഥ വായിച്ച് പാലാക്കാരൊക്കെ പൊട്ടിച്ചിരിച്ചല്ലേ ഇപ്പം നടപ്പ്.. നമ്മുടെ എസ്.ഐ ജോര്‍ജ്ജിന്റെ ഭാര്യയെപറ്റി ഇവന്‍ നല്ലൊരു കഥ എഴുതി ബ്ലോഗിലിട്ടത്രേ, അതിനു ജോര്‍ജ്ജു സാറു ഇവനെ ഫയങ്കരമായി പുറത്ത് തട്ടി അഭിനന്ദിച്ചു. അതിനു ശേഷം ചെറുക്കന്റെ നടപ്പിനു അല്പം കൂനുണ്ട്.


അല്ലാ, അതിപ്പം ഇവനു മലപ്പുറത്തോ, കോഴിക്കോടോ മറ്റോ ആയിരുന്നില്ലേ ജോലി? കൂനു വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ


ങാ, അതും ശരിയാണല്ലോ അച്ചായാ.. എന്നാ അച്ചായന്‍ സമയം കളയാതെ ചെല്ല്... സംഭാവനകള്‍ കൂമ്പാരമായാലെ പരിപാടി ഗംഭീരമാവൂ...അല്ല്യോ?


സെമിത്തേരിയുടെ പുറകിലെ കുറ്റിക്കാട്ടില്‍ പച്ചിലകളോടു ചാറ്റു ചെയ്തുകൊണ്ട് ദ്വിതീയ ക്രയവിക്രയങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന തൊമ്മിച്ചന്‍ ഇലകള്‍ അനങ്ങുന്ന ശബ്ദംകേട്ട് കാതോര്‍ത്ത് അങ്ങോട്ട് മുഖം തിരിച്ചപ്പോള്‍, കണ്ട കാഴ്ച!


ഇലകള്‍ക്കിടയിലൂ‍ൂടെ തിളങ്ങുന്ന രണ്ടു കണ്ണുകള്‍!


അയ്യേ! ആരുവാടേ ഞാന്‍ വെളിക്കിരിക്കുന്നത് എത്തിനോക്കുന്നേ? എന്നാണു ആദ്യം തോന്നിയത്.. ആശാനല്പം നാണവും വന്നു. പിന്നെ എവിടെനിന്നാണെന്നറീയില്ല, മൃഗയ എന്ന മമ്മൂട്ടിചിത്രവും, പപ്പുവിന്റെ മുഖവുമെല്ലാം തൊമ്മിച്ചന്റെ റ്റ് മനസ്സിലേക്ക് പറന്നു വന്നു ....


അയ്യോ..പുലിയാവുമോ .. അതിനു മുന്‍പേ ആ കണ്ണൂകളുടെ ഉടമ കുറ്റിക്കാട്ടില്‍ നിന്നും പുറത്തു ചാടി


ഹെന്റമ്മച്ചിയേ എന്നും പറഞ്ഞ് ഓടുന്നതിനിട്റ്റയില്‍, ഒരു കൌഒതുകത്തിനു തിരിഞ്ഞു നോക്കിയ തൊമ്മിച്ചനു മനസ്സിലായി..അയ്യേ, പുലിയല്ല..പട്ടി..ഒരു ചൊക്ലിപ്പട്ടി! ഇതിനെ പേടിച്ചാണോ താന്‍ ജഗുമിട്ട് ഓടിയത്.. നാണക്കേട്.. ചായ്, ഒരു പട്ടിയെക്കണ്ടോടിയ ആദ്യത്തെ പാലാ അച്ചായന്‍ ഞാനാവും.. സഡന്‍ ബ്രേക്കിട്ട് തൊമ്മിച്ചന്‍ തിരിഞ്ഞു ന്നടന്നു... ജഗ്ഗെടുക്കാന്.. പട്ടിക്കിട്ടൊരു ഏറു കൊടുക്കാന്‍ ഒരു കല്ലും കരുതി.. ഇതൊക്കെ നോക്കി നിര്‍നിമേഷഷനായി നോ‍ാക്കി നിന്ന പട്ടിയുടെ ആക്രമണം, ഓള്‍ ഓഫ് എ സഡണ്‍ ആയിരുന്നു.... പട്ടി തന്റെ നേരെ കുതിച്ചു വരുന്നതു കാണ്ട തൊമ്മിച്ചന്‍ എന്തു ചെയ്യണമെന്നറിയാതെ കണ്ണടച്ചു...


കണ്ണു തുറന്നതും തൊമ്മിച്ചന്‍ കാണുന്നത് ഒരു ഫാന്‍ കറങ്ങുന്നതാണ്. ങേ? കുറ്റിക്കാട്ടീല്‍ എവിടന്നു ഫാന്‍ എന്നു കരുതി ചുറ്റും നോക്ക്യപ്പഴാണു കാര്യം പിടികിട്ടിയത്. താണ്‍ നാശൂത്രിക്കെടക്കിയിലാണെന്നു, ചുറ്റും ചില ബന്ധുക്കാരും നാട്ടുകാരും ഒക്കെയുണ്ടന്നു..


വായ് തുറക്കാന്‍ വയ്യ്യാത്തതിനാല്‍ ബെഡിനടുത്ത് നിന്നിരുന്ന ലൂക്കോച്ചണോട് “എന്തുവാടെ കൂവേ എനിക്കു പറ്റിയേ” എന്നു തൊമ്മിച്ചന്‍ കണ്ണുകൊണ്ടൊരു ചോദ്യമെറിഞ്ഞു.


അച്ചായാ, പാലാ ജങ്ക്ഷനില്‍ പേപ്പട്ടിയിറങ്ങി, ദേ അച്ചായന്റെ മേത്ത് ഇനാഗുരേഷന്‍ കടി നടത്തി ദേ, 3 മണിക്കൂറില്‍ ല്‍ 15 പേരേയാ അവന്‍ കടിച്ചത്..ഈ ആശൂത്രി നെറയേ ഇപ്പോ ഒകടി കിട്ടിയവരാ.


ഇതു കേട്ട് തൊമ്മിച്ചായനു സങ്കടം തോന്നിയില്ല.. സങ്കടിക്കുന്നതിനു മുന്‍പേ വീണ്ടും ബോധം പോയിരുന്നു.പാലാ ഞെട്ടി വിറച്ചു! ചങ്കൂറ്റന്മാരായ പാലാക്കാര്‍ എന്തു ചെയ്യണമെന്നറിയാതെ വെറുങ്ങലിച്ചു നിന്നു.. ധൈര്യമായിട്ടൊന്ന്നു ഷാപ്പില്‍ പോ‍ാവാന്‍ ആണുങ്ങള്‍ ‍ഭയന്ന്നു.. ഷാപ്പില്‍ കള്ളിന്റെ ഓവര്‍ സ്റ്റോക്കു വന്നു. ഭരണങ്ങാനം വളരേ ദൂരെയല്ലാത്തതിനാല്‍, കള്ളു ചീത്തയായി പോയില്ല. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.. ബാവമാര്‍ പട്ടിക്ക് വാണിങ്ങ് നല്‍കി.. പേപ്പട്ടിക്കെതിരെ ഇടയ ലേഖനം വായിച്ചു.


കണ്ടിനുവസ് ബ്ലോഗിങ്ങിനൊരു ബ്രേക്കു നല്‍കി, ലിസിക്കുട്ടിയുടെ കുളിക്കടവിലേക്ക് എത്തി നോക്കി ബയോളജിയും അനാട്ടമിയും പഠിച്ചുകൊണ്ടിരിക്കുന്നതിനിടെ ചാര്‍ളിയേയും പട്ടി കടിച്ചു. ആശുപത്രിയിലാ‍ായ ചാര്‍ളിയുടെ പോസ്റ്റുകള്‍ വായിക്കാതെ കമ്പ്ലീറ്റ് പാലാക്കാരും ചിരി എന്ന വികാരം മറന്നു.. പലര്‍ക്കും ഡിപ്രഷന്‍ എന്ന മാരകരോഗം പിടീ പെട്ടു. മഹാ നഗരം ശോകമൂകമായി. സംഗതികള്‍ ‍കൈവിട്ട് പോകുന്നു എന്നു മനസ്സിലാക്കിയ പാലാ മേയര്‍ ചാര്‍ളിക്ക് ആശുപത്രിക്കിടക്കയില്‍ ഒരു ലാപ്ടോപ്പ് അടിയന്തിരമായി അനുവദിച്ചു നല്‍കുകയും കര്‍ത്താവിന്റെയും മേയറൂടെയും കൃപയാല്‍ ചാര്‍ളി ബ്ലോഗിങ്ങ് തുടരുകയും ചെയ്തു... പാലാക്കാര്‍ വീണ്ടും ചിരി തുടങ്ങി.


അടുത്ത 2 ദിവസങ്ങളിലും പട്ടിക്ക് നല്ല കോളായിരുന്നു.. പലരേയും കടിച്ചു.. പട്ടിയെ കണ്ടാലുടന്‍ വെടി വക്കാന്‍ എസ്.ഐ ജോര്‍ജ്ജ് ഉത്തരവിട്ടു.. പക്ഷേ നാട്ടുകാരെല്ലാം, പട്ടിയെ കണ്ടാലുടന്‍ തിരിഞ്ഞോടാന്‍ തുടങ്ങി. ചില ചെറുപ്പക്കാര്‍ സംഘം ര്‍ന്നു ഗൂഢാലോചിച്ചു.. എങ്ങനേയും പേപ്പട്ടിയെ പൊക്കണം. ചാര്‍ളിയുടെ ഒരു ബ്ലോഗര്‍ ഫ്രണ്ട് ഭരണങ്ങാനത്തു നിന്നും ഒരു സജഷന്‍ വച്ചു! പട്ടി പിടുത്തത്തിനായി ഒരു ബ്ലോഗു തുടങ്ങണം! അതില്‍ വായനക്കാരുടെ കമന്റുകളും സജഷന്‍സും വരട്ടേ.. എല്ലാരും കയ്യടിച്ചു പാസാക്കി.. പട്ടികടിയേറ്റവര്‍ കുരച്ചുകൊണ്ട് സപ്പോര്‍ട്ട് ചെയ്തു


അങ്ങനെ പുതിയൊരു ബ്ലോഗ് ഉദിച്ചുയര്‍ന്നു! http://www.pattipidutham.blogspot.com/ പാലാക്കാരെ പേപ്പട്ടികളില്‍ നിന്നും സംരക്ഷിക്കാനുള്ള ഐഡിയകളെപ്പറ്റി കൂലങ്കഷമായി ബ്ലോഗില്‍ ചര്‍ച്ച നടന്നു. അതിനിടക്കാണു അമേരിക്കയില്‍ നിന്നും കുരിയച്ചന്‍ ഈ ബ്ലോഗില്‍ ഒരു കമന്റിടുന്നത്. ചിക്കാഗോ കവലയില്‍ പേപ്പട്ടി ശല്യം കൂടിയിരുന്ന 1980 കളില്‍ എല്ലാ വഴികളും അടഞ്ഞതോടെ അന്നത്തെ ഗവര്‍ണ്ണര്‍ ഡയറക്റ്റായി ഇടപെട്ട് ഒരു ഡിപ്ലോമാറ്റിക്ക് വിസയെടുത്താണ് കുരിയച്ചനെ അമേരിക്കയില്‍ കൊണ്ടു പോവുന്നത്. അമേരിക്കന്‍ പട്ടികളെ മുയോനും തല്ലിക്കൊന്നു തന്റെ പ്രാഗത്ഭ്യം തെളിയിച്ചതും കുരിയച്ചനെ ഗവര്‍ണ്ണര്‍ APPCI Chicago (American Patti Pidutha Cell Inc. )യുടെ ഡയക്റ്റര്‍ ആക്കി നിയമിക്കയാണുണ്ടായത്..


കുര്യച്ചന്റ്റെ കമന്റ് ഇപ്രകാരമായിരുന്നു.

ചിക്കാഗോയിലൊക്കെ പേപ്പട്ടികളില്ലാത്തതിന്റെ കാരണം, അവിടത്തെ ഒരു പുതിയ തരം മെഷീന്‍ ഉള്ളതാണ്. ഈ മെഷീന്റെ പേര് “ഡോഗ്മിനേറ്റര്‍” എന്നാണ്. 500 ഗിഗാ ഹേട്സ് ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം സാറ്റലൈറ്റുമായി ഡയറക്റ്റ് കണക്റ്റ് ചെയ്തിരിക്കുന്നു. 1500 കി.മീ ചുറ്റളവില്‍ ഏതെങ്കിലും പട്ടിക്ക് പേയിളകിയാല്‍ യന്ത്രം അത് തിരിച്ചറിയുകയും, കമ്പ്യൂട്ടറീന്റെ സഹായത്തോടെ പട്ടിയുടെ ലൊക്കേഷന്‍ കൃത്യമായി കണ്ടു പിടിച്ച്, മെഷീനോടു ഘടിപ്പിച്ചിരിക്കുന്ന സ്കഡ് മിസൈല്‍ ഓട്ടോമാറ്റിക്കായി പേപ്പട്ടിയുടെ തലയില്‍ പതിക്കുകയും ചെയ്യും.. ഷിക്കാഗോവില്‍ മാത്രം ഇതിനോടകം തന്നെ 3000 ഇല്‍ അധികം പേപ്പട്ടികളില്‍ പരീക്ഷിച്ച് വിജയിച്ച ഈ യന്ത്രം പാലായിലേക്ക് ഇറക്കുമതി ചെയ്താന്‍ വലരേ നന്നായിരിക്കും! സംഭവം കുറച്ച് വിലകൂടുതലാണു, 5.30 ലക്ഷം അമേരിക്കന്‍ ഡോളറാണു വില.. (0.30 ലക്ഷം ഡോളര്‍ അച്ചായന്റെ കമ്മിഷനാവും) പക്ഷേ പാലാക്കാരെല്ലാം ഒന്നിച്ചു കൂടിയാല്‍ നടക്കാവുന്നതേയുള്ളൂ.. അച്ചായന്‍ എല്ലാ വിധ സഹായ സഹകരണങ്ങളും പ്രഖ്യാപിച്ചു.


കുര്യച്ചന്റെ കമന്റ് പാലാക്കാര്‍ക്ക് വരള്‍ച്ചക്കിടയിലെ വന്ന വേനല്‍ മഴ പോലെ, (ഈ കഴിഞ്ഞ വേനല്‍ മഴ പോലെ അല്ല)..ഉഗാണ്ടക്കാര്‍ക്ക് ഭക്ഷണപ്പൊതിപോലെയായിരുന്നു. എന്തായാലും പട്ടിപിടുത്തം ബ്ലോഗില്‍ അടുത്ത പോസ്റ്റിറങ്ങി.. ഡോഗ്മിനേറ്റര്‍ മെഷീന്‍ ഇമ്പോര്‍ട്ട് ചെയ്യാനുള്ള ഫണ്ടിലേക്ക് സംഭാവനകള്‍ ക്ഷണിച്ചുന്നു എന്നു പറഞ്ഞ്. ഇതിനിടക്ക് ഡോഗ്മിനേറ്റര്‍ മഷീന്റെ ഇന്‍സ്റ്റലേഷനും മെയ്ന്റനന്‍സും ഒക്കെ ആരു നടത്തും എന്നു സംശയമുയര്‍ന്നെങ്കിലും ഗള്‍ഫില്‍ ഈ മെഷീനില്‍ പരിചയമുള്ള ഇടിക്കുള അച്ചായന്‍ അക്കാര്യം ഏറ്റെടുത്തു.


ഫണ്ടു പിരിവു ബ്ലോഗില്‍ കമന്റുകളുടെ കൂമ്പാരമായിരുന്നു. പാലാക്കാരു അതൊരു ആഘോഷമാക്കി കമനടി തുടങ്ങി.. പാലാ ഏരിയാവിലെ എയര്‍ടെല്ലിന്റെ ടവര്‍ ലോഡു കൂടി കത്തിപ്പോയി. ബ്ലോഗിലെ ഡാറ്റാ ട്രാന്‍സ്ഫര്‍ ലിമിറ്റു കൂടിപ്പോയി ഗൂഗിള്‍ സെര്‍വറുകള്‍ ചൂടു പിടിച്ചു. ഗൂഗിളിന്റെ ഇന്ത്യാ ഓപ്പറേഷന്‍ ഹെഡ് പാലാ മേയറെ ഫോണില്‍ വിളിച്ച് തെറി പറഞ്ഞു. പാലാക്കാരു വിടുമോ? അവരു വയര്‍ലെസ്സായി കമന്റടി തുടര്‍ന്നു. ആ ബ്ലോഗിലെ ഓരോ കമന്റിനും ഒരു രൂപാ വച്ച് മൂല്യം നിശ്ചയിച്ചാല്‍ 2 ഡോഗ്മിനേറ്ററ്റ് ഇമ്പോര്‍ട്ട് ചെയ്യാം എന്ന അവസ്ഥയായി.. അബ്കാരി മത്തായി സാറ്, കോര സാറ്‌, തുടങ്ങിയ പ്രമുഖര്‍ മുതല്‍, കപ്പലണ്ടി കച്ചവടക്കാരന്‍ ലൂക്കോസു വരെ സംഭാവനകളും, ഫുള്‍ സഹായ സഹകരണങ്ങളും ഓഫര്‍ ചെയ്തു...


ദിവസങ്ങള്‍ കടന്നു, ബ്ലോഗിലെ തിരക്കു കുറഞ്ഞു.. കമന്റുകള്‍ നിലച്ചു. പിന്നെ ഒരുത്തന്‍ പോലും തിരിഞ്ഞു നോക്കാതായി ഇടക്കൊക്കെ ആരെങ്കിലും വന്ന് “എന്തായി കാര്യങ്ങള്‍ “ എന്നു ചോദിച്ചാലായി.. ക്രമേണാ പാലാക്കാരു ആ ബ്ലോഗു മറന്നു. കുര്യച്ചനേയും ഡോഗ്മിനേറ്റര്‍ മെഷീനെ പറ്റിയും മറന്നു.പട്ടിയെക്കണ്ടാല്‍ വീണ്ടും തിരിഞ്ഞോടാന്‍ തുടങ്ങി.


ബ്ലോഗില്‍ കമന്റ് കുറഞ്ഞെന്നു കരുതി പട്ടിക്ക് അതിന്റെ ഫണ്ടമെന്റല്‍ റൈറ്റ് ആയ കടി വേണ്ടാന്നു വക്കാന്‍ ആവില്ലല്ലോ? ഡെയ്ലി 3-4 പേരു വച്ച് ആശൂത്രിയില്‍ പുതിയ അഡ്മിഷനായി വന്നു തുടങ്ങി. സഭാ നേതൃത്വത്തിലുള്ള ഈ ആശുപത്രിയുടെ ഒരു ബ്രാഞ്ച് കൂടി തുടങ്ങുന്ന കാര്യം ബിസിന്‍സ മൈന്‍ഡഡ് ആയ ചില അച്ചന്മാര്‍ ആലോചിച്ചു.


കടിയേറ്റു ആശുപത്രിക്കിടക്കയില് കിടന്നലറുന്നവരുടെ കരച്ചില്‍ നിര്‍ത്താന്‍ ചാര്‍ളിയുടെ ബ്ലോഗിലെ എല്ലാ പോസ്റ്റിന്റെയും ഓരോ പ്രിന്റെടൂത്ത് രോഗികള്‍ക്ക് നല്‍കാന്‍ മേയര്‍ ഉത്തരവിട്ടു. ചാര്‍ലിത്തരങ്ങള്‍ വായിച്ച ചിലര്‍ക്ക് പേ കൂടിയെന്നും റിപ്പോര്‍ട്ടുണ്ട്. പൊക്കിളിനു ചുറ്റും 14 ഇഞ്ചക്ഷനടിച്ചു പുളയുന്നവര്‍ വരെ ചാര്‍ളിത്തരങ്ങള്‍ വായിച്ച് പൊട്ടിച്ചിരിച്ചു. ആശുപത്രി പരിസരം പൊട്ടിച്ചിരികളാല്‍ മുഖരിതമായി.. തന്റെ പോസ്റ്റുകള്‍ വായിച്ച് രോഗികള്‍ വരെ തലയറഞ്ഞ് ചിരിക്കുന്ന കണ്ട ചാര്‍ളിടെ മനസ്സില്‍ ഒരു ഐഡിയ മിന്നി!


യുറേക്കാ... ആശൂത്രിക്കെടക്കയില്‍ നിന്നും ചാടിയെനീറ്റ്, സമീപത്തിരുന്ന ഐ.വി സ്റ്റാന്റും തട്ടിത്തെറിപ്പിച്ച് ചാര്‍ളി വെറും കൈലി മാത്രം എടുത്ത് കൊണ്ട് ഓടി.. പാലാ ജങ്ക്ഷനില്‍ സഡന്‍ ബ്രേക്കിട്ട ചാര്‍ലിയെ നാട്ടുകാരെല്ലാം അത്ഭുതത്തോറ്റെ നോക്കി.. “എന്തുവാ കാര്യം ചാര്‍ളീ..? “ എല്ലാവരും ഒന്നിച്ചു ചോദിച്ചു..


പട്ടിയെ പിടിക്കാനുള്ള ഐഡിയ എനിക്ക് കിട്ടി... ബാ.. ഞാന്‍ പറഞ്ഞു തരാ‍ാം..


ചാര്‍ളിയുടെ വായില്‍ നിന്നും ഐഡീയ കേട്ട പാലാക്കാര്‍ സന്തോഷം കൊണ്ട് ചാര്‍ളിയെ പൊക്കി അന്തരീക്ഷത്തിലേക്കെറിഞ്ഞു . ഹെന്റമ്മച്ചീ എന്നും പറഞ്ഞ് താഴേക്കു വരുന്ന് വരവില്‍ ചാര്‍ളിയുടെ വയറ്റില്‍ മുട്ടുകാലു കേറ്റി! ശേഷം എല്ലാവരും കൂടി സംഗതികള്‍ പ്ലാന്‍ ചെയ്തു.. ഓപ്പറേഷന്‍ ചാര്‍ളി എന്നു നാമകരണം ചെയ്തു


അതായത്.. ചാര്‍ളി പട്ടിയുടെ നേരെ നടന്നു ചെല്ലുന്നു.. തന്റെ പുതിയ ഒരു പോസ്റ്റ് പ്രിന്റെടുത്ത് പട്ടിയുടെ നേരെ എറിയും. പട്ടി പോസ്റ്റു വായിച്ച് ചിരിച്ചു ക്ഷീണിക്കുമ്പോള്‍ ആരെങ്കിലും കുരുക്കെറിയുക.. സംഗതി ക്ലീന്‍!


അന്നു രാത്രിതന്നെ ചാര്‍ളി പുതിയ പോസ്റ്റെഴുതാന്‍ ആരംഭിച്ചു.


പിറ്റേന്നു കൃത്യം 9 മണിക്ക് ചാര്‍ളി പാലാ ജങ്കഷനില്‍ എത്തി നെഞ്ചും വിരിച്ച് നിന്നു. ജനങ്ങള്‍ അടുത്ത വീടുകളിലും ബാല്‍ക്കണികളിലും റബ്ബര്‍ മരങ്ങളുടെ മുകളിലുമെല്ലാം നിന്ന് “ഓപ്പറേഷന്‍ ചാര്‍ളി” രംഗം വീക്ഷിച്ചു. കവല വിജനമായിരുന്നു!!! ആകെ ചാര്‍ളി മാത്രം .. സമയം കടന്നു പോയി.. സെക്കന്‍ഡുകള്‍ മിനിറ്റുകളും, മിനിറ്റുകള്‍ മണിക്കൂറുകളുമായി.. പട്ടിയെ കാത്തിരുന്ന ചാര്‍ളിക്ക് ബോറടിച്ചു. ആരോ വലിച്ച് താഴെഴെക്കിടന്ന ഒരു പനാമയുടെ കുറ്റിയെടുത്ത് ചാര്‍ളി ചുണ്ടില്‍ വച്ച് കത്തിച്ചു. മണിക്കൂറുകളോളം വിമന്‍സ് കോളേജിന്റെ ബസ്റ്റോപ്പില്‍ വായി നോക്കി നിന്നുരുന്ന ചാര്‍ളിക്കാണോ മണിക്കൂറുകളും നിമിഷങ്ങളും ഒരു പ്രശ്നം??


അവസാനം പട്ടി വന്നു.. എന്റെ മുന്നില്‍ ആരാണ്ട്രാ ഇത്രേം ധൈര്യത്തില്‍ നില്‍ക്കുന്നേ എന്ന ഭാവത്തില്‍ ചാര്‍ളിയെ നോക്കിയ പട്ടിയുടെ മുന്നിലേക്ക് പോക്കറ്റില്‍ നിന്നും നീറ്റായി മടക്കിയ ഒരു കടലാസെടുത്ത് പട്ടിയുടെ നേരെ എറിഞ്ഞു.. അപ്രതീക്ഷിതമായ ഈ ചെയ്ത്ത് കണ്ട് പട്ടി ഞെട്ടി..


ഇവന്‍ പെമ്പിള്ളേര്‍ക്കു പ്രേമലേഖനം കൊടുത്തതൊക്കെ നാട്ടാരു പറഞ്ഞ കേട്ടിട്ടുണ്ട്. ഈശ്വരാ പേപ്പട്ടിയെപ്പോലും ഇവന്‍ വെറുതെ വിടില്ലേ? ഹെന്റെ ചാരിത്ര്യം....പട്ടി മനസ്സിലോര്‍ത്തു! സംശയത്തോടെ ആ കടലാസു തുറന്നു നോക്കി... ആദ്യ വരികള്‍ വായിച്ച പട്ടി ചിരി തുടങ്ങി.. “ചാര്‍ളിത്തരങ്ങള്‍” !!


കാര്യങ്ങള്‍ വിചാരിച്ച മാതിരി നടക്കുന്നുവെന്നറിഞ്ഞ ചാര്‍ളിയും, ഒളിഞ്ഞു നിന്നു രംഗം വീക്ഷിക്കുന്നവരും ആഹ്ലാദിച്ചു. കുരുക്കെറിയാന്‍ ചാണ്ടിക്കുഞ്ഞാശാണ്‍ റെഡിയായി നിന്നു...പെട്ടെന്നാണു അതു സംഭവിച്ചത്....


കാഴ്ചക്കാരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് ചാര്‍ളിയുടെ ബ്ലോഗ് പോസ്റ്റിന്റ് പ്രിന്റ് വായിച്ചുകൊണ്ടിരുന്ന പട്ടിയുടെ മുഖത്തെ ചിരി മാഞ്ഞു.. വായിക്കും തോറും മുഖം വലിഞ്ഞു മുറുകി, വാല്‍ ആടിക്കൊണ്ടിരുന്നു.. ശരീരം വിറച്ചു... പോസ്റ്റു വായിച്ചു തീര്‍ന്ന പട്ടിയുടെ കണ്ണീല്‍ നിന്നും രണ്ടു തുള്ളി കണ്ണീര്‍ പൊടിഞ്ഞു... ദയനീയമായി ചാര്‍ളിയെ നോക്കി ആ പട്ടി ഒന്നു മോങ്ങി...


പിന്നെയെല്ലാം നാടകീയമായിരുന്നു. ഒരു ജിംനാസ്റ്റിക്കിന്റെ മെയ്‌വഴക്കത്തോടെ വില്ലു പോലെ വളഞ്ഞ പട്ടി, സ്വയം വയറിലും, അതിന്റെ ശരീരം മുഴുവനും കടിച്ചു കീറി.. ഭ്രാന്തമായ ഒരാവേശമായിരുന്നു അതിനു.. ശരീരമാസകലം ചോരയൊലിപ്പിച്ചുകോണ്ട് അല്പ സമയത്തിനകം തന്നെ അത് പാലാ ജങ്ക്ഷനില്‍ തളര്‍ന്നു വീണു.. ജീവന്റെ അവസാന ശേഷിപ്പും അവസാനിച്ചതോടെ ഒരു പിടച്ചിലില്‍ ആ ശരീരം നിശ്ചലമായി..


മരത്തിന്‍ മുകളില്‍ നിന്നും ബാല്‍ക്കണികളില്‍ നിന്നും ജനം ആര്‍പ്പുവിളികളോടെ ചാടിയിറങ്ങി.. ചാര്‍ളിയെ അവര്‍ അന്തരീക്ഷത്തിലേക്കെറിഞ്ഞു.... ഇതിനിടയില്‍ ആരോ ചാര്‍ളിയുടെ ആ ബ്ലോഗ് പോസ്റ്റിന്റെ പ്രിന്റ് എടുത്ത് വായിച്ചു . അവിടെകൂടിയിരുന്ന എല്ലാവരുടെ കൈകളിലേക്കും ആ കടലാസു കഷണം മാറി മാറി നീങ്ങി.. വായിച്ചവ്രെല്ലാം അവിശ്വനീയതയോടെ ചാര്‍ളിയെ നോക്കി...


പിറ്റേന്നു ദേശഭൂമി പത്രത്തിന്റെ പാലാ എഡീഷന്റെ ഒന്നാം പേജിലെ വാര്‍ത്ത ഇതായിരുന്നു.

ചാര്‍ളിത്തരങ്ങളില്‍ എസ്.ഐ ജോര്‍ജിന്റെ ഭാര്യയേയും പേപ്പട്ടിയേയും ചേര്‍ത്ത് അവിഹിത പോസ്റ്റ്! വായിച്ച് പേപ്പട്ടി മനംനൊന്ത് സ്വയം കടിച്ചു കീറി ആത്മഹത്യ ചെയ്തു!

Read more...
© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.