-- എ ബ്ലഡി മല്ലു --

The Multi Faceted Writter - SOBHA D.E യുടെ മന്ദാരം എന്ന ലേഖന സമാഹാരം. ( ബ്ലോഗ് ഇവന്റ് )

Monday, June 02, 2008

മലയാളം ബ്ലോഗിങ്ങ് രംഗത്ത് അഭൂതപൂര്‍വ്വമായ ഒരു തരംഗം തന്നെ സൃഷ്ടിക്കുക എന്ന ഒരൊറ്റ ലക്ഷ്യംവച്ചാണല്ലോ "ബ്ലോഗ് ഇവന്റ്" ആരംഭിച്ചിരിക്കുന്നത്. കാര്യം ശരിതന്നെ, കയ്യിലെ സ്റ്റോക്കിന്റെ വെടി തീര്‍ന്നിരിക്കയാണെങ്കിലും, ആരെങ്കിലും "പുതിയ പോസ്റ്റൊന്നുമില്ലെ ഗെഡീ" എന്നു ചോദിച്ചാല്‍ വളരേ ബിസിയാണ്, എന്നു ഡയറക്റ്റായും അല്ലാതെ ആശയ ദാരിദ്ര്യമൊന്നുമല്ല പ്രശ്നം കേട്ടോ എന്നു ഇന്‍ഡയറക്റ്റായും പറഞ്ഞൊഴിയുകയും ചെയ്യുന്ന ഒരു സാദാ മല്ലൂബ്ലോഗനാണെങ്കിലും, ഇമ്മാതിരി സംഭവങ്ങളിലൊക്കെ ഭാഗഭാക്കായില്ലെങ്കില്‍ പിന്നെ, എന്തോന്നു എക്സ്-ബ്ലോഗന്‍ എന്നു നാട്ടാരു ചോദിക്കില്ലേ? യൂണിക്കോഡ് എന്നെങ്കിലും പണക്കാരനായി, മലയാളം യൂണിക്കോഡീലെഴിതിയ സകല അലവലാതിക്കും പെന്‍ഷന്‍ കൊടുക്കാം എന്നെങ്ങാന്‍ ഭാവിയില്‍ തീരുമാനിച്ചാല്‍ ഇവന്റില്‍ പങ്കെടുത്തില്ല എന്ന ഒറ്റക്കാരണത്താല്‍ എന്റെ ആപ്ലിക്കേഷനെങ്ങാന്‍ തള്ളിക്കളഞ്ഞാലുള്ള കാര്യമെങ്ങാന്‍ .. ഹോ ഓര്‍ക്കാനാവുന്നില്ല!

ഒരു വര്‍ഷത്തിലധികമായി തിരക്കുമൂലം ബ്ലോഗിങ്ങ് നിര്‍ത്തിയ എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് ശ്രീമാന്‍ സങ്കുചിതന്‍ വരെ ബ്ലോഗ് ഇവന്റില്‍ പങ്കെടുത്തു കഴിഞ്ഞു. ടിയാന്‍ രണ്ടു ദിവസം മുന്നേ വിളിച്ച് ബ്ലോഗ് ഇവന്റിനെക്കുറിച്ച് പോസ്റ്റിടാന്‍ പറഞ്ഞ് ഭീഷണിപ്പെടുത്തിയിരിക്കുന്നു.. ഇട്ടില്ലേല്‍ കടം കൊടുത്ത കാശു തിരിച്ച് തരില്ല പോലും! ഹും.. ഈ മാര്‍വാടികളൊക്കെ ചുമ്മാതാണൊ ബ്ലോഗില്‍ ഇത്ര ആക്റ്റീവ്..

എങ്കില്‍ പിന്നൊരു ബ്ലോഗ് ഇവന്റ് പോസ്റ്റ് എഴുതിയിട്ടു തന്നെ കാര്യം.!!

നിബന്ധനകള്‍ വായിച്ചു കഴിഞ്ഞപ്പോഴാണു കാര്യം ഈസിയല്ലെന്നു മനസ്സിലായത്! ഏറ്റുമാനൂര്‍ ശിവകുമാറിനേയോ, ബാറ്റന്‍ ബോസിനെയോ ഒന്നും പറ്റൂല്ല. ജോയ്സിയും, ജേസിയും കമലാഗോവിന്ദും ഒക്കെ ആണോ പെണ്ണോ എന്ന കാര്യത്തില്‍ അവരുടെ മുതലാളിമാര്‍ക്കു വരെ തിട്ടമില്ല. ഇനിയിപ്പോ ബെര്‍ളി പറഞ്ഞ പോലെ വിക്കിപീഡിയ തപ്പേണ്ടി വരുമോ? മനസ്സിനെ സ്വാധീനിച്ച സ്തീയെഴുത്തുകാരെ തിരഞ്ഞ് ഇതു വരെ വായിച്ച അനവരതം പുസ്തകങ്ങളിലേക്കും ലേഖനങ്ങളിലേക്കും മനസ് ഊളിയിട്ടു.കൃ^ത്യം പത്തു വര്‍ഷങ്ങള്‍ പുറകോട്ടു സഞ്ചരിച്ചു കഴിഞ്ഞപ്പോഴേക്കും, പ്രമാദമായ കുറ്റാന്വേഷണത്തിനിടക്ക് ഇറച്ചിക്കടക്കരികിലെത്തിയ പോലീസ് നായെപ്പോലെ മനസ്സ് അവിടെ ചുറ്റിപ്പറ്റി നിന്നു.. ഇവിടെ എന്തെങ്കിലും കാണും... ഒന്നുകൂടി ഓര്‍ത്തു നോക്കി... യുറേക്കാ... കിട്ടീ..........................

ശോഭാ ഡി.ഇ .. നമ്മുടെ ശോഭാ ഡേ അല്ല.. ഇതു സ്വന്തം നാട്ടുകാരിയായ എഴുത്തുകാരി. അല്ലെങ്കിലും, മുറ്റത്തെ മണമുള്ള മുല്ലക്കു പകരം മാര്‍ക്കറ്റില്‍ പോയി ജാസ്മിന്‍- ഡിയോ സ്പ്രേ വാങ്ങുന്ന സ്വഭാവമല്ലേ നമ്മള്‍ മലയാളികള്‍ക്ക്?

ശോഭയുടെ മന്ദാരം എന്ന സമാഹാരത്തെക്കുറിച്ചാണു ഞാനിവിടെ പ്രതിപാദിക്കുന്നത്. തീവ്രമായ ഒരു പ്രണയകാലത്തുള്ള സ്ത്രീത്വത്തിന്റെ വിവിധ മുഖങ്ങളാണു മന്ദാരത്തിന്റെ പ്രതിപാദ്യം.

Profile
Full Name: Shobha Divakaran Ellamparambil
Date Of Birth: 30-7-1977
Address: Not Available Now
Place Of Birth: Olloor, Thrissur, Kerala, INDIA
Education: Civil Engineering Diploma

എന്താണു മന്ദാരം? തെരെഞ്ഞെടുത്ത ഒരു പിടി പ്രണയലേഖനങ്ങളുടെ സമാഹാരം. തന്റെ ജീവിതത്തിലെ ഏഴു വര്‍ഷം നീണ്ട ഒരു പ്രണയത്തിന്റെ ബാക്കിപത്രങ്ങള്‍ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. ചാപല്യങ്ങള്‍ നിറഞ്ഞ പ്രനയകാലത്തിന്റെ ഓര്‍മ്മകള്‍ അതിമനോഹരമായി വര്‍ണ്ണിക്കുകയാണ് അപരിഷ്കൃതമായ സമൂഹത്തിന്റെ മുന്നില്‍ നിസ്സഹായരാവുന്ന പ്രണയിതാക്കളുടെ മനോവിചാരങ്ങള്‍ തുറന്നുകാട്ടുന്ന ശോഭയുടെ ചില വരികള്‍ ..

"അസ്തമയ സൂര്യന്റെ പ്രഭയില്‍ നിഴലുകള്‍ നീളുന്ന ആ സായാഹ്നത്തില്‍, ക്ലാസ് വിട്ട് ഗേറ്റിലേക്കു നടക്കുമ്പോള്‍ അറിയാതെ മിഴികള്‍ സൈക്കിള്‍ ഷെഡിലേക്കു നീങ്ങി.. നീയവിടെ തന്നെ ഉണ്ടാകും എന്നു ഉറപ്പുണ്ടെങ്കിലും, എന്തിനോ, ഒന്നു കൂടെ തീര്‍ച്ചപ്പെടുത്താനായി മാത്രം.. വെറും വാരകള്‍ മാത്രം അകലേയാണെങ്കിലും, നിന്നരികിലേക്കുള്ള ആ നടത്തത്തിനു മൈലുകളുടെ ദൈര്‍ഘ്യം.. സൈക്കിള്‍ ഷെഡില്‍ നീ നില്‍ക്കുന്നത് മറ്റുള്ള പെണ്‍കുട്ടികളെ നോക്കാനല്ല, എനിക്കറിയാം.. എന്നില്‍ മാത്രമാണു നിന്റെ മിഴികള്‍.. ചുണ്ടില്‍ എരിയുന്ന കുരിബീഡിയും, പ്രണയം ജ്വലിക്കുന്ന മിഴികളുമായി നീ നില്‍ക്കുമ്പോള്‍ ആ ഒരു നിമിഷം കാമ്പസ്സില്‍ നാം മാത്രമേ ഉള്ളൂവെങ്കില്‍ എന്നു മനസ്സ് ആഗ്രഹിച്ചു പോകുന്നു.. ഓടി വന്നു നിന്റെ മാറില്‍ മുഖമമര്‍ത്താമായിരുന്നു.. പക്ഷേ, പ്രിന്‍സിപ്പാള്‍, എച്.ഓ.ഡി, മറ്റു വിദ്യാര്‍ത്ഥികള്‍.. "

പെണ്ണെഴുത്തുകാര്‍ , വെറും വികാര ജീവികള്‍ എന്നുള്ള അവജ്ഞ നിറഞ്ഞ ചിന്താഗതികളെ പൊള്ളയാണെന്നു തെളിയിക്കുന്നതോടൊപ്പം, . സ്ത്രീയെ വെറും ഉപഭോഗവസ്തു മാത്രമായിക്കാണുന്നവര്‍ക്കെതിരെ ആഞ്ഞടിക്കുകയും, സ്ത്രീ, തന്റേടിയാവേന്റതിന്റെ ആവശ്യകതകളും ചൂണ്ടിക്കാണിക്കുന്നു മന്ദാരത്തിലെ മറ്റൊരു അദ്ധ്യായത്തില്‍.. ഇതാ.. വായനക്കാരില്‍ കോരിത്തരിപ്പുളവാക്കുന്ന ഈ ഭാഗം ശ്രദ്ധിക്കൂ..

കാര്യം തന്റെ കൂട്ടുകാരനാണെങ്കിലും, ആ ഗോപാല്‍ ആളത്ര ശരിയല്ല. കോളേജു വിട്ടാല്‍ ബസ്റ്റോപ്പു വരെ ഞങ്ങളെ അനുഗമിക്കുന്നുണ്ടിയാള്‍. ചുമ്മാ വെള്ളമൊലിപ്പിച്ചു പൊയ്ക്കോട്ടെ എന്നു കരുതി ഞങ്ങള്‍ ക്ഷമിച്ചു, പക്ഷേ അവന്റെ ചില വൃ^ത്തികെട്ട കമന്റുകള്‍, കേട്ടിട്ടെനിക്ക് അരിശം വന്നു കേട്ടോ, ഇനി ഇതാവര്‍ത്തിച്ചാല്‍ മിനി ഡ്രാഫ്റ്റര്‍ എടുത്ത് തലക്കടിക്കുമെന്നു താന്‍ പറഞ്ഞു കൊള്ളുക. പറയാന്‍ മാത്രമല്ല പ്രവര്‍ത്തിക്കാനും ഈ ശോഭക്കറിയാം..

ഓര്‍മ്മകളിലും സ്വപ്നങ്ങളിലും പ്രണയം നിറഞ്ഞു വേദനയാകുമ്പോള്‍, തീവ്രമായ എതിര്‍പ്പുകളെ തരണം ചെയ്യാന്‍ ബുദ്ധിമുട്ടുന്ന രണ്ടു കമിതാക്കളില്‍ പ്രണയത്തെ സഹ്യമാക്കുക എന്നതിനപ്പുറം പരീക്ഷണങ്ങളുടെ സാധുതകള്‍ തേടി അലയുന്ന വേപധു പൂണ്ട മനസ്സിനേയും "മന്ദാരം" അനാവരണം ചെയ്യുന്നു. വായനക്കാരന്റെ മുന്നില്‍ ഒരു പിടി "ചോദ്യശരങ്ങള്‍" തുറന്നിടുന്നു മന്ദാരത്തിലെ ഒരദ്ധ്യായത്തില്‍ ഇങ്ങനെ...

"അച്ഛന്‍ എന്തായാലും സമ്മതിക്കില്ല, അമ്മയാണെങ്കില്‍ പറയേണ്ട, സമൂഹത്തില്‍ രണ്ടു ധ്രുവങ്ങളികാണല്ലോ നാം, നൈമിഷികമായ ആ ഒത്തു ചേരലിന്റെയും പ്രണയത്തിന്റെയും ദിനങ്ങളെ ഞാന്‍ ഇന്നു പഴിക്കുന്നു., എന്തിനായിരുന്നു എല്ലാം? ഇനിയെന്താണു നമുക്കു മുന്നില്‍? ഒളിച്ചോട്ടം? റജിസ്റ്റര്‍ മാരിയേജ്? അതോ കൊഡൈക്കനാലില്‍ പോയി ഒരുമിച്ച് സൂയിസൈഡ്? ഒളിച്ചോടിയാല്‍ നമ്മുടെ ഭാവി? കോഴ്സ് കമ്പ്ലീറ്റ് ചെയ്യാതെ പോയാല്‍ ജോലി കിട്ടാന്‍ സാധ്യതയുണ്ടോ? താന്‍ എന്റെ ജാതിയിലേക്കു മാറുമോ? അതോ ഞാന്‍ അങ്ങോട്ടു മാറണോ? അതോ നമുക്കിവിടെ വച്ചു നിര്‍ത്തണോ? വീട്ടില്‍ വിവാഹാലോചനകള്‍ക്കു നിര്‍ബന്ധിക്കുമ്പോള്‍ ഞാന്‍ എന്തു പറയണം? " ചോദ്യങ്ങള്‍ നീളുന്നു...

വികാരവും, പ്രണയവും, പൈങ്കിളിയും, കണ്ണീരും ചേര്‍ന്ന ഒരു കോക്ക്ടെയിലാണു പെണ്ണെഴുത്ത് എന്നവകാശപ്പെടുന്നവര്‍ക്കുള്‍ല ചുട്ട മറുപടി നല്‍കുന്ന വിധം അതിവിദഗ്ധമായി ഹാസ്യം കൈകാര്യം ചെയ്യുന്നതിലും ശോഭ വിജയിച്ചിരിക്കുന്നു മറ്റൊരദ്ധ്യായത്തില്‍. ഗള്‍ഫില്‍ നിന്നും ലീവിനു വന്ന തന്റെ ചേട്ടന്റെ മകന്‍ അഞ്ചു വയസ്സുകാരന്‍ പയ്യന്റെ കുസൃതികള്‍ കൂടെ പലയിടത്തും രസകരമായി മന്ദാരത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. ഹാസ്യം ഇത്ര ലളിതമായി കൈകാര്യം ചെയ്യുന്ന മറ്റൊരു സ്ത്രീയെഴുത്തുകാരിയുണ്ടോ എന്നു പോലും വായനക്കാര്‍ക്ക് തൊന്നിപ്പോകും.

" ഹോ, അനുക്കുട്ടന്റെ കാര്യം ഒന്നും പറയണ്ട. ഇന്നലെ രാത്രി കരണ്ടു പോയപ്പോള്‍ അച്ഛന്‍ ഒരു മെഴുകുതിരി ഇറയത്ത് കത്തിച്ചു വച്ചത് അനുമോന്‍ ഊതിക്കെടുത്തി അച്ഛനെ കളിയാക്കുന്ന പോലെ എന്തോ പറഞ്ഞു. അച്ഛനു ദേഷ്യം വന്നു.. വീണ്ടും മെഴുകുതിരി കത്തിച്ചതും, പയ്യന്‍ വീണ്ടും ഊതിക്കെടുത്തി അച്ഛനോട് ഇംഗ്ലീഷില്‍ എന്തോ പറഞ്ഞു.. ഇത്തവണ അച്ഛനു ശരിക്കും ദേഷ്യം വന്നു. ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞു. എല്ലാവരും നോക്കി നില്‍ക്കെ, അച്ഛന്‍ വീണ്ടും മെഴുകുതിരി കൊളുത്തി.. പയ്യന്‍ വീണ്ടും ഊതിക്കെടുത്തി അച്ഛനോടെന്തോ പറയുന്നു...അച്ചന്‍ ചേട്ടനോടു പരാതി പറഞ്ഞ്പ്പോള്‍, ചേട്ടനു ചേട്ടത്തിയും ചേര്‍ന്നു പൊട്ടിച്ചിരിച്ചു..എന്നിട്ട് അച്ഛാ, അച്ചന്‍ മെഴുകുതിരി കത്തിച്ചപ്പോല്‍ മോന്‍ കരുതി ഹാപ്പി ബര്‍ത്ത്ഡേ ആണെന്നു... ഊതിക്കെടുത്തിയ ശേഷം അവന്‍ പറഞ്ഞത് "ഹാപ്പി ബര്‍ത്ത്ഡേ"എന്നാ.. അല്ലാതെ അച്ഛനെ ചീത്ത പറഞ്ഞതല്ല"" ..

എഴുത്തിലെ സാരസ്യവും നിഷ്കളങ്കതയുമാണു ശോഭയുടെ പ്രത്യേകതകള്‍ . തന്റെ ചിന്തകള്‍ അതിലോലമായി വായനക്കാരനിലേക്കു സന്നിവേശിപ്പിക്കാന്‍ പ്രത്യേക ശ്രമങ്ങളൊന്നും കൂടാതെ തന്നെ ശോഭക്കു കഴിയുന്നു. പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ "മന്ദാരത്തില്‍"പലയിടങ്ങളില്‍ തെളിഞ്ഞു കാണാം. വിവരക്കേടെന്നു ഒറ്റ നോട്ടത്തില്‍ തോന്നാവുന്ന , പക്ഷേ, നിഷ്കളങ്കമായ ഒരു മനസ്സിലെ, സ്നേഹവും പ്രേമവും എല്ലാം തെളിഞ്ഞു കാണാം ഈ ഒരു അദ്ധ്യായത്തില്‍.

എന്റെ ജോലി സുഖം തന്നെ. ഇന്നലെ എന്റെ പി.സി മോണിറ്റര്‍ മാറ്റി, LCD Monitor ആക്കാനായി ഒരു കമ്പ്യൂട്ടര്‍ ടെക്നീഷ്യന്‍ വന്നിരുന്നു. ഞാന്‍ സമ്മതിച്ചില്ല. എന്റെ പല പ്രധ്യാന ഫയലുകളെല്ലാം പഴയ മോണിറ്ററിന്റെ ഡെസ്ക്ടോപ്പില്‍ ആണു കിടന്നിരുന്നത്. മോണിറ്റര്‍ മാറ്റിയാല്‍ അതൊക്കെ പോവില്ലെ? ഞാന്‍ സമ്മതിച്ചില്ല. അവസാനം ആ ഫയലുകളെല്ലാം പുതിയ LCD Monitor ഡെസ്ക്ടോപ്പിലേക്ക് കോപ്പി ചെയ്തു തരാമെന്നു സമ്മതിച്ച ശേഷമേ മോണിറ്റര്‍ മാറ്റാന്‍ ഞാന്‍ സമ്മതിച്ചുള്ളൂ.. പഴ മോനിറ്ററില്‍ തന്റെ ഫോട്ടോ ആയിരുന്നു ഡെസ്ക്ടോപ്പ് ബാക്ക് ഗ്രൌണ്ട്. മോനിറ്റര്‍ മാറിയതില്‍ പിന്നെ അതു കാണാനാവില്ലല്ലോ എന്നു ഞാന്‍ ആകെ വിഷമിച്ചിരിക്കുകയായിരുന്നു. ദേവിയുടെ, കൃപ, പുതിയ മോണിറ്ററിലും തന്റെ ഫോട്ടോ തന്നെ ബാക്ക്ഗ്രൌണ്ട് ആയി കാണുന്നു..

സ്ത്രീയുടെ തൂലികയുടെ ശക്തി പലയിടത്തും തെളിഞ്ഞു കാണുന്ന ഈ ലേഖനങ്ങളില്‍. അചഞ്ചലമായ ഒരു മനസ്സുമായി, സ്വന്തം തീരുമാനങ്ങളില്‍ ഉറച്ച് നിന്നു, വികാരവിക്ഷോഭങ്ങള്‍ക്കടിമപ്പെടാതെ സമചിത്തതയോടെ ജീവിതയാധാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന ധീരയായൊരു വനിതയെ അവസാന അദ്ധ്യായങ്ങളില്‍ നമുക്കു കാണാം. അവസാന അദ്ധ്യായം വായനക്കാരന്റെ കണ്ണു നനയിക്കും. [ സത്യം! എന്റെ കണ്ണു നനഞ്ഞു, ഇതു വായിച്ചപ്പ്പോള്‍]

" പ്രതീക്ഷകള്‍ ഒരുപാടുണ്ടായിരുന്നു, എന്റെ മനശക്തിയില്‍ എനിക്കു വിശ്വാസമുണ്ടായിരുന്നു. കാലം ഒരു സ്ലേറ്റിലെപ്പോലെ അതെല്ലാം തുടച്ചു നീക്കി. ഒഴുകുന്ന തെളിനീരുറവയാകുന്ന എന്റെ മനസ്സിന്റെ അടിത്തട്ടില്‍ തെളിഞ്ഞു കാണുന്ന ഒരു കല്ലു പോലെ നമ്മുടെ പ്രണയം എന്നുമുണ്ടാകും.. എനിക്കു തന്ന സന്തോഷത്തിനും, സങ്കടങ്ങള്‍ക്കും, എല്ലാം നന്ദി.. വിട"...

======== ===========

എല്ലാ പ്രായത്തിലുള്ള വായനക്കാരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണു ശോഭയുടെ ഈ എഴുത്തുകളുടെ സമാഹാരം, എങ്കിലും, അതിനുള്ള സാധ്യത തീരെയില്ലെന്ന കാര്യവും അതീവ ദു:ഖകരമാണ്. വിവാഹത്തിനു ശേഷം ശോഭ പ്രണയ ലേഖനങ്ങള്‍ എഴുതി തരുന്നത് നിര്‍ത്തി. അവളുടെ ഭര്‍ത്താവിനു പോലീസിലാണു ജോലി.

എന്റെ കയ്യിലുള്ള പഴയ ലേഖനങ്ങള്‍ എല്ലാം ചേര്‍ത്തു വച്ച് ഞാന്‍ തന്നെയാനു "മന്ദാരം"എന്ന പേരിട്ടത്. ഇതെല്ലാം സ്കാന്‍ ചെയ്ത് പബ്ലിഷ് ചെയ്യാമെന്നു വച്ചാല്‍ അതും നടക്കില്ല.. എന്റെ കല്യാണം തീരുമാനിച്ചതോടെ എല്ലാം തീയിട്ടു കളഞ്ഞു. യൂണിക്കോഡ് കണ്ടുപിടിക്കാന്‍ പത്തുവര്‍ഷത്തോളം വൈകിയെന്ന വിധിയെ നമുക്ക് പഴിക്കാം. കൌമാരത്തിന്റെ ഗതിവിഗതികളെയും നൈമിഷിക ചിന്തകളെയും പച്ചയായി അവതരിപ്പിക്കുന്ന ഈ കുറിപ്പുകള്‍ നിഷ്ഠൂരമായി അഗ്നിക്കിരയാക്കിയ ചപലതയെ നമുക്കു ശപിക്കാം!!

48 comments:

ഇടിവാള്‍ said...

"The Multi Faceted Writter - SOBHA D.E യുടെ മന്ദാരം എന്ന ലേഖന സമാഹാരം. ( ബ്ലോഗ് ഇവന്റ് )"

കരീം മാഷ്‌ said...

Great, a new feeling of reading understanding.
let me read her more.
Thanks.

:: VM :: said...

ഹെന്റെ കരീം മാഷേ! ;)

1. ബ്ലോഗ്ഗു മാറി കമന്റരുത്!
2. പോസ്റ്റു വായിക്കാതെ കമന്റരുത്!

കുട്ടന്‍മേനൊന്‍ said...

ഇത് വായിച്ചിട്ടു തന്നെ ബാക്കി കാര്യം.
ഗ്രന്ഥകാരിയുടെ പേരു കേട്ടിട്ട് ഒരു ഒരു ഫ്രഞ്ച് കണക്ഷന്‍ പോലെ തോന്നി. പക്ഷേ പ്രൊഫൈല്‍ മുഴുവന്‍ വായിച്ചപ്പോഴാ ഒരു ജര്‍മ്മങ്കാരിയാണെന്ന് മനസ്സിലായത്.

നിരൂപണമെഴുത്തിന്റെ തത്വമസി ഇങ്ങനെയൊക്കെയാണെന്ന് ഇവിടെ ഊന്നിയൂന്നു പറയാനാഗ്രഹിക്കുന്നു.

കാലവര്‍ഷത്തിന് മുമ്പ്
ബ്ലോഗിന്റെ മോന്തായമൊക്കെ പൊളിച്ചു പണിതു അല്ലേ. :)

Kiranz..!! said...

ആത്മകഥാംശം മുറ്റിനില്‍ക്കുന്ന എഴുത്ത് പോലെ ഉണ്ടല്ലോ ഇഡീ :),ശോഭേ..ഡീ ന്നു വിളിക്കുമ്പോ അടുക്കളേന്ന് വിളികേള്‍ക്കുന്ന എഴുത്തുകാരിയാണോ ഇത് ?

രണ്ടും മൂ‍ന്നും കമന്റ് കണ്ടിട്ട് അടുത്തകാലത്ത് ഇടിയുടെ കൃതികളൊന്നും കാണാത്തതിന്റെ കുറവ് മാറിക്കിട്ടി :)

കൃഷ്‌ | krish said...

ദെന്താദ് ഇടിവാളേ...

ബ്ലോഗ് ഈവന്റില്‍ പങ്കെടുക്കുന്നതിന് പറഞ്ഞിട്ടുള്ള നിയമാവലികള്‍ “അക്ഷരാര്‍ത്ഥത്തില്‍’ പാലിച്ചുകൊണ്ടാണല്ലോ വിലയിരുത്തല്‍.
“ഡീ ശോഭ’യുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ‘തെച്ചി’യും ‘മന്ദാരവും’ സ്റ്റോക്കുള്ളത് ഇനിയും പോരട്ടെ.

ബ്ലോഗ് ഈവന്റില്‍ ഇതിന് “ഒന്നാം സമ്മാനം” ഉറപ്പ്.!!

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഈ പെണ്ണെഴുത്ത് എന്നു പറയുന്നത്.എനിക്ക് തോന്നുന്നത് പെണ്ണുങ്ങള്‍ക്ക് എന്തും എഴുതാനുള്ള ഒന്നാണ് എന്നാണ്
ഈ സി.വി.നിര്‍മ്മല ജോയ്സിയോ ജോസിവാഗമറ്റമൊ ആരാണ്ടാണ്
പണ്ട് സ്ത്രി പക്ഷ രചനകള്‍ എഴുതിയപ്പോള്‍
അവര്‍ക്ക് എന്തായിരുന്നു പേര്
ഞാനും അത് അലോജിക്കാതെ ഇരുന്നിട്ടില്ല

കുതിരവട്ടന്‍ :: kuthiravattan said...

കളഞ്ഞില്ലേ കഞ്ഞീം കലോം. അതെല്ലാം തീയിട്ടു കളഞ്ഞു അല്ലേ. കഷ്ടം. ഈ ശോഭ ഡീ ഇങ്ങോട്ട് മാത്രമെ എഴുതിത്തരാരുള്ളൂ. അങ്ങോട്ട് എഴുതിക്കൊടുത്തതിന്റെ കോപ്പി അവിടെ കാണുമായിരിക്കുമാല്ലേ. അതിന്റെ പേര് എന്തായിരിക്കുമോ ആവോ.

സങ്കുചിതന്‍ said...

ഇതു നിന്റെ ഭാര്യയ്ക്ക് ഇന്ന് ലിങ്കയക്കും, കൂടെ ശോഭയുടെ വീട്ടില്‍ നീയും മറ്റേ ലവന്‍ ഷാജിയും കൂടി പെണ്ണുകാണാന്‍ പോയ കാര്യവും പറയും. നീ ചെവിയില്‍ നുള്ളിക്കോ....

ശ്രീ said...

ന്നാലും അതങ്ങ് തീയിട്ടു കളഞ്ഞത് കഷ്ടായീ...
;)

അനംഗാരി said...

കുറെ നാളായി ഞാനൊന്ന് ഉള്ള് തുറന്ന് ചിരിച്ചിട്ട്...
ഇന്നതിന്റെ കുറവ് മാറികിട്ടി.

കരീം മാഷാണ് താരം....

ഇടിവാളെ...നന്ദി...

കരീം മാഷ്‌ said...

"ദീപ സ്തംഭം മഹാശ്ചര്യം
എനിക്കും കിട്ടണം ആത്മസംതൃപ്തി".

ഇടിവാളേ..
"അറിയുന്നവനറിയും
അല്ലാത്തവന്‍ ചൊറിയും"
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ശ്ശെടാ ഞാനങ്ങ് തെറ്റിദ്ധരിച്ചു, വാളിനിപ്പോഴും മൂർച്ചയുണ്ടല്ലേ?

എന്നാലും ആ എത്സീഡീടെ കാര്യം അക്കാലത്ത് !!!അത്ര വിശ്വാസയോഗ്യമല്ല..ഇനി വല്ല പെൺപിള്ളാരും വിച്ചൂനോട് പറഞ്ഞതാണോ

:: VM :: said...

കരീം മാഷ്‌ said...
Great, a new feeling of reading understanding.
let me read her more.
Thanks.

Hahaha.. Kareem MaashE..
വിവാഹത്തിനു ശേഷം ശോഭ പ്രണയ ലേഖനങ്ങള്‍ എഴുതി തരുന്നത് നിര്‍ത്തി. അവളുടെ ഭര്‍ത്താവിനു പോലീസിലാണു ജോലി. ;)

സൂര്യോദയം said...

ഇടീ... കിടിലന്‍ നിരൂപണം... :-)

പ്രണയവും ഹാസ്യവും ടെക്നോളജിയും (മോണിറ്റര്‍ സംഭവം) വേര്‍പാടും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു :-)

ഇടീ... നമിച്ചു... :-)

കരീം മാഷ്‌ said...

:vm:
Yes I know,
But I want she to continue in writting :)
Let Police take rest at Home.

അരവിന്ദ് :: aravind said...

"ങേ, ഇടിഗഡി ബ്ലോഗ് ഇവന്റില്‍ പങ്കെടുത്തോ? അതും ലിറ്ററേച്ചര്‍ റിവ്യൂ! അങ്ങിനെ വരാന്‍ ഒട്ടും സാധ്യതയില്ലല്ലോ" എന്ന് ശങ്കിച്ചിരിക്കുകയായിരുന്നു.
(ക്ലാസ്സില്‍ സ്ഥിരം ബാക്ക് ബെഞ്ചില്‍ കഞ്ചാവടിച്ചിരിക്കുന്നവന്‍, ഒരു ദിവസം ഫസ്റ്റ് ബെഞ്ചില്‍ പോയി ഇരിക്കുന്നത് കണ്ടാല്‍ മ്മക്ക് ഒരു കണ്‍ഫ്യൂഷന്‍ തോന്നൂലേ? ആ ടൈപ്പേ...:-))

ഇനിയെന്തൊക്കെ കാണാന്‍ എന്റെ ജന്മം ബാക്കി എന്ന വിഷമത്തോടെ പോസ്റ്റ് വായിച്ചപ്പളാ സമാധാനായേ...;-)

തറവാടി said...

അടിസ്ഥാനപരമായി മാധവിക്കുട്ടിയുടെ ശൈലി തോന്നുമെങ്കിലും പെണ്ണെഴുത്തെന്ന് ഉള്‍പ്പെടുത്താന്‍ മാത്രം പാകതയൂണ്ട് ഈ കൃതിക്ക് , അതേ സമയം ആണെഴുത്തിന്‍‌റ്റെ എല്ലാ ഗുണ ഗണങ്ങളുമുണ്ട്.

പ്രസിദ്ധീകരണം , വില , ദുബായില്‍ കിട്ടുമോ എന്നൊക്കെ അറിയാന്‍ താത്പര്യം. അവര്‍ പിന്നീടും എഴുത്ത് തുടര്‍ന്നോ അറിയാനുള്ള ആഗ്രഹം കൊണ്ടാണ് , മറ്റു കൃതികള്‍!!!!

ഓ.ടോ: ഞാന്‍ എപ്പോഴും പറയുന്നത് പോലെ നിമിഷ - ഹാസ്യത്തില്‍ താങ്കള്‍ എന്തൊക്കെയോ ആണെടൊ ഇടിവാളെ :)

ഇത്തിരിവെട്ടം said...

ഗഡ്യേ... എന്തൂട്ട് അലക്കാ ഇത്...

സാല്‍ജോҐsaljo said...

ആ പോലീസുകാരന്‍ തന്നെ തിരയുന്നുണ്ട് ;)

ഉഗാണ്ട രണ്ടാമന്‍ said...

നമിച്ചു... നമിച്ചു... നമിച്ചു...

അഭയാര്‍ത്ഥി said...

ഡേയ്‌ ശോഭ എന്ന്‌ കേട്ട്‌ വന്നതാണ്‌. ഇടിയുടെ കാര്യം തന്നെ മൊത്തം.
ഇടി കത്തിയല്ല വാളാണെന്ന്‌ തെളിയിക്കുന്നു.
അതുകോണ്ടല്ലെ സമൂഹത്തിന്റെ ആക മൊത്തം സ്ത്രീജനങ്ങളുടെ കയ്യിലുള്ളതെല്ലാം പരിച്ചേദിച്ചിട്ടിരിക്കുന്ന എഴുത്തുകാരിയുടെ
ആന്തരിക വ്യഥയുടേ ഉള്‍പ്പൂക്കള്‍ വിരിയുന്നതും പ്രതിഭയുടെ പരിസ്പുരണവും..... ആ അങ്ങിനെ എന്തെല്ലാമൊ മറനീക്കി വരുന്നു.
കുള്ളാം

കൊച്ചുത്രേസ്യ said...

കാര്യം പെണ്ണെഴുതീതാണെങ്കിലും ഒരു ആണിന്റെ കണ്ണിലൂടെ വായിച്ചതു കൊണ്ട്‌ ഇതൊരു ആണ്‍വായനയായിത്തീര്‍ന്നില്ലേ എന്നു വര്‍ണ്ണ്യത്തിലാശങ്ക. ഒരു പിടി ചാരമായി മാറിയില്ലായിരുന്നുവെങ്കില്‍ മലയാളത്തിലെ 'പെണ്‍പ്രേമലേഖനങ്ങള്‍' എന്ന സാഹിത്യശാഖയ്ക്കു മകുടോദാഹരണമാവുമായിരുന്ന കൃതിയായിരുന്നു മന്ദാരം .ഈ പരിചയപ്പെടുത്തലിനു നന്ദി ഇടീ.

ഗുല്‍ മോഹന്‍ said...

ഇടി അണ്ണോ

ഒരു ഇടിവെട്ട് നമോവാകം

മനസ്സിന്റെ അഗാധ ചുഴികളില്‍ നിന്നുള്ള ആന്തരീക സ്ഫോടനത്തിന്ടെ മൊഴി മുത്തുകളെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയതിനു

പപ്പൂസ് said...

ഹ ഹ!

ശോഭാഡീയായിരുന്നു യഥാര്‍ത്ഥ പെണ്ണെഴുത്തുകാരി! :-)

വല്യമ്മായി said...

ഇത് കണ്ടിട്ട് തറവാടി എങ്ങാനും വല്ലതും എടുത്ത് പോസ്റ്റിയാല്‍ മാനം പോവ്വല്ലോ ന്‍‌റ്റെ റബ്ബേ! :)

നീര്‍ക്കോലി said...

കരീം മാഷ്‌ said...
Great, a new feeling of reading understanding.
let me read her more.
Thanks.


എന്‍റെ ‘മുത്തേ’ ;)

ഇങ്ങളിത് ബ്ലോഗ് ഇവന്‍റുകള്‍ക്ക് മാത്രമായി തയ്യാറാക്കി വെച്ചിരിക്കുന്ന റെഡിമേഡ് കമന്‍റാണോ

നീര്‍ക്കോലി said...

ബൈ ദ വേ വാള്‍ ജി
പോസ്റ്റ് പൊളപൊളപ്പന്‍
:)

നന്ദകുമാര്‍ said...

തകര്‍ത്തു തരിപ്പണമായി :-) എങ്ങിനെ ഒപ്പിക്കുന്നു ഇതെല്ലാം. :-)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആയകാലത്തെ കൊണവതിയാരങ്ങള് ഇപ്പ്പഴങ്ങനെ ഓര്‍ക്കാന്‍ നല്ല രസാല്ലെ

ഹൊ. കിടിലന്‍ എഴുത്ത് തന്നെ ട്ടാ.

ദാണ്ടെ, വല്ല്യമ്മായി കെടന്ന് നെലവിളിക്കണ്

തമനു said...

ഗംഭീരം, മനോഹരം...

അഭിനന്ദനങ്ങള്‍ ഇടീ...

ഇനിയൊരിക്കലും വായനക്കാരുടെ കൈയിലേക്കെത്താന്‍ കഴിയാത്ത ആ മനോഹര കാവ്യശില്‍പ്പത്തെ വരും തലമുറയ്ക്കുവേണ്ടി എഴുതി വച്ചതിനായി അഭിനന്ദനങ്ങള്‍. എക്കാലവും ഡീശോഭേടെ പേരു് ചരിത്രത്തില്‍ മായാതെ നില്‍ക്കട്ടെ..

സത്യത്തില്‍ ഒരു പേജു് പോലും ഇല്ലേ അഗ്നിക്കു ഇരയാകാത്തതായി ...? അതിന്റെ ചാരമെങ്കിലും ഒന്നു സൂക്ഷിക്കാമാരുന്നു :(

ബൈദവേ : ശോഭേടെ കെട്യോന്‍ യേതു സ്റ്റേഷനിലാ ഇപ്പൊ ...? അവിടൊട്ടിച്ചു വക്കാന്‍ ഏതു ഫോട്ടോയാ ഇടീ കൊടുക്കാന്‍ പോന്നേ..?

സന്തോഷ് said...

ഇതാണു് തമാശ എഴുതാനറിയാവുന്നവര്‍ എഴുതണമെന്നു പറയുന്നതു്‌... ഇടിവാളേ, കലക്കി :)

Inji Pennu said...

ബ്ലോഗ് ഇവന്റില്‍ പങ്കെടുത്തതിനു നന്ദി. ഇവന്റ് റൌണ്ട് അപ്പിനു ഈ പോസ്റ്റ് ഫ്രേം ചെയ്യും.
:) :)

(ആത്മഗതം :#$%$#%)

തറവാടി said...

ആ ഗതം കലക്കി ;)

ഇടിവാള്‍ said...

ഹഹ!

യൂണിക്കോഡിനു കാര്യമായ എന്തോ പ്രശ്നമുണ്ടല്ലോ!!!!!

ഇഞ്ചി എഴുതിയ ചില അക്ഷരങ്ങല്‍ (ആത്മഗതം :#$%$#%) ഇങ്ങനെയാണു കാണുന്നത്!! &^%$&*#*#^^# ??


സിബു/ കൈപ്പള്ളി / കരീം മാഷ് ;) എന്നീ യൂണിക്കോഡ് വിദഗ്ദ്ധര്‍ യെടപെടുമോ യെന്തോ?? ;)

Bindhu said...

കൊള്ളാമല്ലോ ഇടിവാളേ :-) ആദ്യം ഞാന്‍ ഈ എഴുത്തുകാരിയുടെ കഥകളൊക്കെ ഒന്ന് വായിക്കണോല്ലോന്ന് വിചാരിച്ചു. പിന്നെയല്ലേ സംഗതി പിടികിട്ടിയത്.

കിലുക്കാംപെട്ടി said...

വളരെ വൈകിപ്പോയി വായിക്കാന്‍,അറിഞ്ഞില്ല പോസ്റ്റ് ഇട്ടത്.40 മത്തെ കമന്റ് ഞാന്‍ ഇടുന്നു.
ഗംഭീരം, മനോഹരം....ഇതുപോലെ വര്‍ഷത്തില്‍ ഒന്നു മതിയല്ലോ. നെരത്തേ ഞാന്‍ ഇട്ടിരുന്ന കമന്റ് ഒന്നൂടെ പരഞ്ഞോട്ടെ”വ്യത്യസ്ഥനാം ഒരു ബ്ലോഗറാം വാളിനേ...............”
എല്ലാ നന്മകളും.......

കിലുക്കാംപെട്ടി said...

വളരെ വൈകിപ്പോയി വായിക്കാന്‍,അറിഞ്ഞില്ല പോസ്റ്റ് ഇട്ടത്.40 മത്തെ കമന്റ് ഞാന്‍ ഇടുന്നു.
ഗംഭീരം, മനോഹരം....ഇതുപോലെ വര്‍ഷത്തില്‍ ഒന്നു മതിയല്ലോ. നെരത്തേ ഞാന്‍ ഇട്ടിരുന്ന കമന്റ് ഒന്നൂടെ പരഞ്ഞോട്ടെ”വ്യത്യസ്ഥനാം ഒരു ബ്ലോഗറാം വാളിനേ...............”
എല്ലാ നന്മകളും.......

ജിഹേഷ് said...

വൌ...കണ്ടിരുന്നില്ല.. ഇഞ്ചിയുടെ പോസ്റ്റ് വഴി എത്തീതാ...

അലക്കി..

ഹരിയണ്ണന്‍@Hariyannan said...

അന്യാദൃശമായ ഈ രചനാവൈഭവം ശോഭയുടെ പ്രണയത്തിന്റെ ശക്തികൂടിയാവാം.
പെണ്ണെഴുത്തിന്റെ വിശുദ്ധിയും പേനത്തുമ്പിലെ തുളസിക്കതിരും വരികളില്‍ ഇറ്റുവീഴുന്നു..

ഇടീ...ഗഡീ..

ലവള്‍ക്ക് തന്നെ ഈ വന്റ് അവാര്‍ഡ്!!

വാളൂരാന്‍ said...

ഇട്യേ... കുറെയധികം നാളുകള്‍ക്ക് ശേഷമാണ് താങ്കളെ വായിക്കുന്നത്.... ഞാനും ബ്ലോഗിംഗ് നിര്‍ത്തിയിട്ട് നാളേറെയായി... ഈ വരികള്‍ വായിച്ചപ്പോള്‍ ഒരുപാട് ഓര്‍മ്മപ്പെടുത്തലുകള്‍... പ്രണയലേഖനങ്ങളെന്ന് പറയാനാവില്ലെങ്കിലും എന്റെ പെണ്‍സുഹൃത്ത് തന്ന കുറെയേറെ കുഞ്ഞുകുഞ്ഞു കുറിപ്പടികള്‍ നഷ്ടപ്പെട്ടതിനെ ഓര്‍മ്മപ്പെടുത്തി താങ്കളുടെ വരീകള്‍....

ബഷീര്‍ വെള്ളറക്കാട്‌ said...

ഇടിവാള്‍..

ശരിയ്ക്കും കസറി..

തീയില്‍ വെന്തുപോയ പ്രണയാക്ഷ്രരങ്ങള്‍..വെളിച്ചം കാണാതെ പോയ പെണ്ണെഴുത്തുകള്‍.. ഈ ലോകം (കോലം ) തന്നെ മാറ്റി മറിച്ചേനേ..

വല്ല്യമ്മായി .. ഇനിയും എഴുതാമല്ലോ : )

:: VM :: said...

വാളൂരാനു കരീം മാഷു വല്ല കൈവിഷവും തന്നിരുന്നോ? ;)

വായിച്ചു കമന്റിയ എല്ലാവര്‍ക്കും നന്ദ്രി

ITworld said...

താങ്ങളുടെ ബ്ലോഗ്‌ നന്നായിരിക്കുന്നു, എന്റെ ബ്ലോഗ്‌ http://itworld-malayalamincomputer.blogspot.com/ കണ്ട്‌ അഭിപ്രായങ്ങള്‍ അയക്കണമേ, പക്ഷെ എന്തേ http://www.ckalari.com ല്‍ കണ്ടില്ല? വേഗം താങ്ങളുടെ ബ്ലോഗ്‌ www.ckalari.com ലെ മലയാള ബ്ലോഗ്‌ ജാലകത്തില്‍ സമര്‍പ്പിച്ച്‌ ബ്ലോഗ്‌ പ്രസിദ്ധമാക്കൂ

ഇടിവാള്‍ said...
This comment has been removed by the author.
© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.