-- എ ബ്ലഡി മല്ലു --

പൊന്നുമക്കളേ .. സോറീ

Friday, April 25, 2008

നന്മയാകുന്ന കാന്തി കാണുവാന്‍ കണ്ണിനാകേണമേ..
നല്ല വാക്കിന്റെ ശീലു ചൊല്ലുവാന്‍ നാവിനാകേണമേ..
സ്നേഹമാകുന്ന ഗീതമോയെന്റെ കാതിനിണയാകണേ..
സത്യമെന്നുള്ള ശീലമോടെ ഞാന്‍ ശാന്തിയറിയേണമേ..

ഭൂമിയമ്മയെന്നറിയുവാനുള്ള ബോധമുണ്ടാകണേ..
ജീവജാലങ്ങളാകെയും ജന്മ ബന്ധുവായീടണേ..
ജാതിഭേദങ്ങളെന്ന ശാപമോ ദൂരെ മറയേണമേ
ലോകമൊന്നെന്ന പാഠമെന്നുമേ മനസിലെഴുതേണമേ..

[ഫിലിം:കല്‍ക്കട്ട ന്യൂസ്]


എന്തോ ഈ വരികള്‍ കേട്ടപ്പോള്‍ മന്‍സ്സ് 28 വര്‍ഷങ്ങള്‍ക്ക് പുറകിലോട്ടു സഞ്ചരിച്ചു. ആദ്യം മനസ്സില്‍ വന്ന രൂപം, ദാമോദരന്‍ മാഷുടെയാണ്. ശങ്കരനാരായണ എല്‍.പി സ്കൂളിലേക്ക് കരഞ്ഞുകൊണ്ട് ഒന്നാം ക്ലാസ്സിലേക്കു കയറിയ എന്നെയും ഇരട്ട സഹോദരിയേയും, അടുത്തു വിളിച്ച് തലയില്‍ തലോടി ബെഞ്ചിലിരുത്തിയ എന്റെ ആദ്യ ഗുരുനാഥന്‍. അന്നേ മാഷിനു 50 വയസ്സു പ്രായമുണ്ട്.. എന്റെ അമ്മയേയും, അമ്മാവനെയും ഒക്കെ പഠിപ്പിച്ച മാഷ്. ആ സ്കൂളിലെ നാലു വര്‍ഷങ്ങള്‍, നന്മ മാത്രം കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കുന്ന മാഷ്, ഒരിക്കലും ക്ലാസ്സിലെ ഒരു കുട്ടിയേയും ദേഷ്യപ്പെടാത്ത, ശിക്ഷിക്കാത്ത, ചിരിച്ച മുഖമുള്ള, മെലിഞ്ഞു നീണ്ട വെള്ള ഷര്‍ട്ടും മുണ്ടും സ്ഥിരം വസ്ത്രമാക്കിയ തികഞ്ഞ ഗാന്ധിയന്‍.അറിവിന്റെ, നന്മയുടെ ആദ്യാക്ഷരങ്ങള്‍ ചൊല്ലിത്തന്ന എന്റെ സ്വന്തം ദാമോദരന്‍ മാഷ്.. എന്റെ ജീവിതത്തില്‍ ഏറ്റവും ഓര്‍മ്മിക്കുന്ന, ഇഷ്ടപ്പെട്ട , ബഹുമാനിക്കുന്ന വ്യക്ത്വിത്വം..അതുപോലെ, തന്നെ അവിടെ അനിയന്‍ മാഷ്, മാലതി ടീച്ചര്‍, പിന്നെ, യു.പി സ്കൂളിലെ വെറോനിക്ക ടീച്ചര്‍, ഒരു പക്ഷേ, ഗുരുനാഥരോടുള്ള ആ ബഹുമാനമാകാം, ഒന്നുമല്ലാത്ത ഈ ഞാന്‍ ഇന്നു എന്തെങ്കിലുമാണെങ്കില്‍ ആയത്..


വിദ്യാഭ്യാസം വെറും കച്ചവടമാവുന്ന ഇന്നത്തെ കാലത്ത്, എന്റെ കുഞ്ഞുങ്ങള്‍ക്ക്, എന്റെ ഗുരുനാഥരില്‍ നിന്നും ലഭിച്ച ആ സ്നേഹവും വാത്സല്യവും ലഭിക്കുകില്ലെന്നറിയാം.. അവര്‍ക്കാ ബഹുമാനം അങ്ങോട്ടും കാണില്ലെന്നു തീര്‍ച്ച..കച്ചവടക്കണ്ണു മാത്രമുള്ള സ്കൂള്‍ അഡ്മിനിസ്റ്റേഷന്‍, ട്യൂഷനുകള്‍ക്കു മുന്‍‌ഗണന നല്‍കുന്ന അദ്ധ്യാപകര്‍, ഇതിനിടയില്‍ ഞെരിയുന്ന രക്ഷിതാക്കള്‍.. ഗള്‍ഫില്‍ ഏറ്റവും കുറവു വേതനമുള്ള വിഭാഗങ്ങളില്‍ ഒന്നാനി അധ്യാപകവൃത്തി എന്നു ഞാനറിയുന്നത് 3-4 വര്‍ഷ്ങ്ങള്‍ക്കു മുന്‍പ് മാത്രമാണ്. ഇന്ത്യന്‍ സ്കൂളിലെ ഒരു ടീച്ചറുടെ ആവറേജ് ശമ്പളം എന്നത് 2000 ദിര്‍ഹം മാത്രം. ഇക്കാലത്ത്, ഒരു ഡ്രൈവറുടെ ശമ്പളം 2500 ദിര്‍ഹമാണ്, നല്ലൊരു ഓഫീസ് റിസപ്ഷനിസ്റ്റിനെ കിട്ടണമെങ്കില്‍ 5000 ദിര്‍ഹം മിനിമം കൊടുക്കണം.. അദ്ധ്യാപക വൃത്തിപോലെയുള്ളൊരു കുലീനമായ ഒരു ജോലിക്ക് ഗള്‍ഫിലുള്ള അവഗണന ഇതില്‍ നിന്നും മനസ്സിലാക്കാം. ഇതിനു പറയുന്ന പ്രധാന കാരണം, ഭൂരിഭാഗം ടീച്ചര്‍മാരും സ്ത്രീകളും, അവരുടെ ഭര്‍ത്താക്കന്മാര്‍ നല്ല ജോലിയുള്ളവരാണെന്നും ആണ്. ഇവരിലധികവും ജോലിക്കു വരുന്നത് ഒരു “ടൈം പാസ്” ആയിട്ടാണത്രേ! ഇതേ ശമ്പള സ്കെയിലില്‍ ജോലി ചെയ്യുന്ന പുരുഷ അദ്ധ്യാപകരുമുണ്ടെന്നത് വേറേ കാര്യം. 15% ശമ്പളം പുരുഷ അദ്ദ്യാപകര്‍ക്കു കൂടുതലാണത്രേ..


ഇത്രയും പറഞ്ഞത്, ഇവിടെ യു.ഏ.ഇ യില്‍‍ ഈയടുത്തു നടന്ന ചില സംഭവങ്ങളാണേ.. ഇവിടത്തെ ഏറ്റവും പ്രശസ്തമായ ഇന്ത്യന്‍ അസോസിയേഷന്റെ കീഴിലുള്ള സ്കൂളില്‍, 2 ഷിഫ്റ്റുകള്‍ഊണ്ടായിരുന്ന ഒരു സ്കൂളില്‍, മാനേജ്മെന്റ്റ് പെട്ടെന്നു 3 ഷിഫ്റ്റാക്കാന്‍ തീരുമാനിച്ചു. പുതിയ അഡ്മിഷനുകളിലുള്‍ല വര്‍ദ്ധനയാനത്രേ കാരണം. സ്കൂള്‍ പ്രിന്‍സിപാളിനോടോ ടീച്ചര്‍മാരോടോ, സ്കൂളിന്റെ പരിമിതികളെപ്പറ്റി ചര്‍ച്ച ചെയ്യാതെ, പത്താം തരം വരെ പോലും വിദ്യാഭ്യാസമില്ലാത്ത കുറേ ഭാരാവാഹികള്‍ കൂടി എടുത്ത തീരുമാനം! അസോസിയേഷന്‍ ഭാരാവാഹികളുടെ മനസ്സില്‍ പുതിയ ബസ്സുകള്‍, എയര്‍ കണ്ടീഷനറുകള്‍, എന്നിവ വാങ്ങുമ്പോള്‍ തങ്ങള്‍ക്കു കിട്ടുന്ന കമ്മീഷനുകള്‍ മാത്രം! ഇതുമൂലം ട്യൂഷനുകള്‍ക്കും കോച്ചിങ്ങ് ക്ലാസ്സുകള്‍ക്കുമായി നേരത്തെ തീരുമാനിച്ച സമയത്തു പോകാനാവാത്ത വിദ്യാര്‍ത്ഥികള്‍... എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന ശമ്പളം ഇവിടെ വാടകക്കു പോലും തികയാത്തതിനാല്‍, ട്യൂഷനെടുത്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുന്ന അദ്ധ്യാപകര്‍ക്ക് ഈ തീരുമാനം ഇടിത്തീ പോലെ.. 15% ശമ്പള വര്‍ദ്ധന നല്‍കുന്നത്രേ.. കഴിഞ്ഞ ഒരൊറ്റ വര്‍ഷത്തിനകം ഇവിടത്തെ ജീവിത ചെലവ് 200%ത്തോളം വര്‍ദ്ധിച്ചിരിക്കുന്നു..3 ഷിഫ്റ്റ് ആക്കിയതോടെ 14 മണിക്കൊറോളം ജോലിചെയ്യേണ്ടി വരുന്ന സപ്പോര്‍ട്ട് സ്റ്റാഫ്, ബസ് ഡ്രൈവര്‍മാര്‍, ബസ് മെന്റര്‍സ്, ഹെല്പേഴ്സ്.. ഈ പുതിയ പരിഷ്കാരത്തിനെതിരെ പ്രതികരിക്കാന്‍ ശ്രമിച്ച ചിലര്‍ക്ക് “ടെര്‍മിനേഷന്‍” ഭീഷണി....ഇത്തരം അവസ്ഥയില്‍ ക്ലാസ്സെടുക്കുന്ന ഒരദ്ധ്യാപനു വിദ്യാര്‍ത്ഥികളോടുള്ള സമീപനം ആര്‍ക്കും ഊഹിക്കാം...


മറ്റൊരു സ്കൂളില്‍, സ്കൂള്‍ ഫീസ് വല്ലാതെ കൂട്ടുവാന്‍ മിനിസ്ട്രി ഓഫ് ഏഡുക്കേഷന്‍ അനുവദിക്കാഞ്ഞതിനാല്‍, അവര്‍, പുതിയൊരു വഴി കണ്ടു. അകാഡമിക് ഇയറിന്റെ ഇടക്കു വച്ച് സ്കൂള്‍ ബസ് സര്‍വീസ് വേണ്ടെന്നു വക്കുന്നു, പകരം അത് ഒരു പ്രൈവറ്റ് കമ്പനിക്ക് ഔട്ട്സോഴ്സ് ചെയ്യുന്നു.. ബസ് ഫീസ് 300% ത്തോളം വര്‍ദ്ധിപ്പിക്കുന്നു... ഇടക്കു വച്ച് സ്കൂള്‍ മാറ്റാനോ, പ്രതികരിക്കാനോ കഴിയാതെ രക്ഷിതാക്കള്‍ കുഴയുന്നു... എല്ലാം പണം എന്ന ദുഷ്ടലാക്കോടെ മാത്രം...ഒരു പക്ഷേ ഇവര്‍, നമ്മുടെ സ്വന്തം ദൈവത്തിന്റെ നാട്ടിലെ ഏറ്റവും ലാഭമുള്ള രണ്ടു വ്യവസായങ്ങളായ, ഹെല്‍ത്ത് & എഡുക്കേഷന്‍ മേഖലയിലെ ചൂഷണങ്ങള്‍ കണ്ട് പ്രചോദിതരായതാവാം...


ഇതെല്ലാം കണ്ട്, കേട്ട്, ഒരു നിര്‍വികാരത തോന്നുന്നു എനിക്ക്.. ഒപ്പം എന്റെ മക്കളോടു സഹതാപവും..


ഒരിക്കലും ദാമോദരന്മാഷെ പോലുള്ള ഒരു അദ്ധ്യാപകനെ അവര്‍ക്ക് കിട്ടില്ലല്ലോ... വര്‍ഷങ്ങള്‍ക്ക് ശേഷവും സ്നേഹവും ബഹുമാനവും ആകുന്ന എണ്ണയൊഴിച്ച് മനസ്സില്‍ എന്നും വിളങ്ങുന്നൊരു ദീപമായി കാത്തു സൂക്ഷിക്കാന്‍, ഓര്‍ത്തുവക്കാന്‍ അവര്‍ക്കൊരു മാതൃകാദ്ധ്യാപകന്‍ ഉണ്ടാവില്ലല്ലോ എന്നോര്‍ത്ത്.. പൊന്നുമക്കളേ .. സോറീ ;(

21 comments:

ഇടിവാള്‍ said...

പൊന്നുമക്കളേ .. സോറീ ;(

കണ്ണൂരാന്‍ - KANNURAN said...

വളരെയധികം ശ്രദ്ധിക്കപ്പെടേണ്ട ഒരു വിഷയം തന്നെയാണിത്. ഇപ്പോള്‍ കച്ചവടകണ്ണ് പതിഞ്ഞിരിക്കുന്നത് ഈ മേഖലയില്‍ തന്നെ. ഡാലിയുടെ ഈ പോസ്റ്റുകൂടി ചേര്‍ത്തു വായിക്കണം.

സുമേഷ് ചന്ദ്രന്‍ said...

ശരിയാണ് ആകപ്പാടെ കുഴക്കുന്ന ദുസ്സഹമായ ഒരു വിഷയം.. ഇതുമൂലം അടുത്ത ഒരു കുഞ്ഞ് വേണോ വേണ്ടയോ എന്നു പോലും ശങ്കിച്ചുനില്‍ക്കുന്നവരെ എനിയ്ക്കറിയാം.. കാരണം ഞാനുമതിലൊന്നാണ്, വിദ്യഭ്യാസകച്ചവടം പ്രവാസലോകമെന്നോ ജന്മനാടെന്നോ ഉള്ള വിത്യാസം ഒന്നുമില്ലാതെ ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്.. ഇവിടെ ഞാന്‍ താമസിയ്ക്കുന്ന നവിമുംബയിലും സ്ഥിതി മറ്റൊന്നല്ല.. നാളിതുവരെ ആയിട്ടും ഒരൊറ്റ എയിഡഡ് സ്കൂളൂകളും ഇവിടെയില്ല എന്നതാണേറെ ദുഖകരം.. ഡൊണേഷന്‍ വേണ്ട എന്ന്നൊക്കെ പറഞ്ഞ് വന്ന പല പ്രമുഖസ്കൂള്‍ശ്രംഖലകളുടെ സ്കൂളുകളും പിന്നീട് സംഭാവന ഇന്‍ഡയറക്റ്റായി ചോദിയ്ക്കുകയും കൊടൂക്കാത്ത പക്ഷം പലവിധേനയും കുട്ടികളെ ഹരാസ്സ് ചെയ്യുകയുമാണ് ഇപ്പോഴത്തെ പൂതിയ ട്രെന്റ്... ഒരല്പം ഡൊണേഷന്‍ കുറവുള്ള സ്കൂളാണെങ്കില്‍ അവിടത്തെ ടീച്ചറുടെ ശമ്പളം 5000 രൂപയോ അതില്‍ താഴെയോ ആയിരീയ്ക്കും.. ഇതുകൊണ്ടുള്ള ദൂഷ്യം എന്താണെന്നുവ്വച്ചാല്‍, ചുറുചുറുക്കുള്ള അധ്യാപകരെ കിട്ടാതെ വരികയും അല്പമെങ്കിലും സ്മാര്‍ട്ടായ റ്റീച്ചര്‍ അടുത്ത വര്‍ഷം മേല്പറഞ്ഞ ശമ്പളത്തില്‍ നിന്ന് കുറഞ്ഞത് അഞ്ഞൂറുരൂപയെങ്കിലും കൂട്ടികിട്ടാവുന്ന ഏതെങ്കിലും സ്കൂള്‍ തേടി പോയിട്ടുണ്ടാകും എന്നതാണ്..

പുതിയ പ്ലാനിംഗ് കമ്മീഷന്റെ ശുപാര്‍ശയനുസരിച്ച് സര്‍ക്കാര്‍ ജോലിക്കാരുടെ വേതനമുയര്‍ത്തുന്നതോടൊപ്പം തന്നെ റ്റീച്ചര്‍മാരുടെയും ശമ്പളം ഇരട്ടിയാകുമെന്നാണ് കേള്‍വി, ഇത് രക്ഷാകര്‍ത്താക്കളുടെ മേല്‍ വീഴുന്ന സ്കൂള്‍മാനേജ്മെന്റിന്റെ അടുത്ത കോടാലിയായിരിയ്ക്കും, കാരണം അവരാണല്ലോ ഈ തുക മുഴുവനും ഫീസ് മുഖേന കൊടുക്കേണ്ടത്...

എത്രത്തോളം പ്രായോഗികമാണെന്നറിയില്ല, എങ്കിലും പ്രവാസികള്‍ സംഘടിച്ച് ഒരു ബദല്‍ സ്കൂള്‍ സാധ്യമാക്കാന്‍ ശ്രമിയ്ക്കേണം എന്നതാണെന്റെ അഭിപ്രായം.

The Common Man | പ്രാരാബ്ദം said...

ആറു കൊല്ലം പ്രൈവറ്റ് സ്കൂളില്‍ അനുഭവിക്കാതിരുന്ന കരുതലിന്റെ മധുരം എനിക്കു പകര്‍ന്നു തന്നതു പിന്നെ നാലു കൊല്ലം ഞാന്‍ പഠിച്ച എന്റെ ദേവീ വിലാസത്തില്‍ നിന്നാണ്. ഇരട്ട പേരു കൊണ്ട് മാത്രമേ പരാമര്‍ശ്ശിച്ചിട്ടുള്ളൂ അവിടുത്തെ അധ്യാപകരില്‍ പലരേയും. പക്ഷേ അതിലും ഒരു ബഹുമാനം നിറഞ്ഞ സ്നേഹം അടങ്ങിയിരുന്നു. അദ്ധ്യാപനം ഒരു സേവനമാക്കിയിരുന്ന ആ നല്ല മനസ്സുകള്‍ പലതും ഭിത്തിയില്‍ കയറി.[ റിട്ടയര്‍ ചെയ്തഉ പോയെന്നാണ്‌ ഉദ്ദേശിച്ചതു]. എട്ട് കൊല്ലം കഴിഞ്ഞു അവിടുന്നു ഇറങ്ങിയിട്ട്. കഴിഞ്ഞ മാസം ചെന്നപ്പോഴും വിശേഷങ്ങള്‍ അന്വേഷിക്കാന്‍ ആളുണ്ടായി.

കഷ്ടിച്ച് രണ്ട് കൊല്ലം മുമ്പിറങ്ങിപ്പോന്ന കോളെജില്‍ പലര്‍ക്കും ഇപ്പൊ എന്നെ കണ്ടാല്‍ പരിചയം പോലുമുണ്ടാവാന്‍ സാധ്യതയില്ല.

നല്ല മൂഡായി. പ്ലാന്‍ ചെയ്ത ബിയറടി പാര്‍ട്ടി നടന്നാല്‍ എന്റെ ദേവീ വിലാസത്തിനെപറ്റി ഞാന്‍ ഇന്നൊരെഴുത്തെഴുതും!

നന്ദി ഇടിയേട്ടാ... കാത്തു കാത്തിരുന്ന വെള്ളിയാഴ്ച വൈകുന്നേരം കളര്‍ഫുള്ളാക്കിയതിനു...

കുറുമാന്‍ said...

ഇടിയെ കൊട്റ്റു കൈ.

നല്ല ലേഖനം.

പിന്നെ ഒരു സ്കൂള്‍ മാത്രമല്ല ബസ്സ് ഓപ്പറേറ്റിങ്ങ് നിറുത്തുന്നത്. വളരെ അധികം സ്കൂളുകളാണ്. അവരെ പറഞ്ഞീട്ടും കാര്യമില്ല. സ്കൂള്‍ പിക്കപ്പിന് 100 ദിര്‍ഹം മുതല്‍ 125 ദിര്‍ഹം വരെയാണ് സ്കൂള്‍ ചാര്‍ജ് ചെയ്യുന്നത്. ഒരു ബസ്സില്‍ 40-50 കുട്ടികള്‍ കയറിയാല്‍ തന്നെയും, ഡ്രൈവറുടെ ശമ്പളം, അസിസ്റ്റന്റിന്റെ ശമ്പളം, ബസ്സിന്റെ ലോണ്‍, പെട്രോള്‍, മെയിന്റനന്‍സ്, സാലിക്ക് എന്നിവ അടച്ചാല്‍ ബാക്കിയുള്ള പൈസ സ്കൂള്‍ മാനേജ്മെന്റ് പോക്കറ്റില്‍ നിന്നും കൊടുക്കണം. ബസ് ഫീസ് കൂട്ടാന്‍ മിനിസ്ട്രി സമ്മതിച്ചില്ല എന്ന ഒരൊറ്റ കാരണം കൊണ്ടാണ് ഇവര്‍ ഈ തീരുമാനം കൈ കൊണ്ടിരിക്കുന്നത്. മിനിസ്ട്രിക്ക് തോന്നിയത് പറയാം. പക്ഷെ കൈപൊള്ളുന്നത് മാനേജ് മെന്റിന്റെ തന്നെ.

പിന്നെ ഫീസിന്റെ കാര്യം, അതും കൂടി. പഠിപ്പിക്കുന്നതിന്റെ സ്റ്റാന്‍ഡേര്‍ഡ്..അത് തഥൈവ. ഗുരുശിഷ്യ ബന്ധം എന്നൊന്നില്ല ഇവിടെ.

എന്റെ ഗുരുനാഥന്‍മാരായ കെ വി രാമ നാഥന്‍ മാഷ്, അരവിന്ദാക്ഷന്‍ മാഷ്,അമൃതവല്ലി ടീച്ചര്‍, ശ്രീദേവി ടീച്ചര്‍, തുടങ്ങി എത്രയോ നല്ല അദ്യാപകരെ, വഴികാട്ടീയായിരുന്നവരെ ഇന്നും ഞാന്‍ സ്മരിക്കുന്നു.

തിരിച്ച് എന്റെ മക്കള്‍, പഠിപ്പിക്കുന്ന ഗുരുക്കന്മാരെ ഓര്‍ക്കുമോ എന്ന് തന്നെ ആലോചിക്കേണ്ടിയിരിക്കുന്ന്.

തറവാടി said...

ഇടിവാളെ,

അദ്ധ്യാപകരെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഇന്നും ആദ്യം മനസ്സില്‍ വരിക പ്രൈമറി കാലത്ത് പഠിപ്പിച്ചവരെ.അതിനുള്ള പ്രധാന കാരണം അവരുടെ ആത്മാര്‍ത്ഥതതയും നന്‍‌മയും തന്നെയാണ്.

ഏറ്റവും നല്ല ബിസിനസ്സ്‌കാരായി തിരഞ്ഞെടുത്തവരില്‍ ഒരാള്‍ ഇവിടത്തെ വിദ്യാഭ്യാസ ശൃം‌ഖലയുടെ

തലവന്‍.അവാര്‍‌ഡ് സ്വീകരിച്ചുകൊണ്ട് അദ്ദേഹം പ്രസംഗം ആരംഭിച്ചതിങ്ങനെ ,

" we are in education business for the last ** years ....."

ബാക്കി ഞാന്‍ പറയേണ്ടല്ലൊ ;)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇടിവാളണ്ണാ നല്ല ലേഖനം.

ഇന്ന് അച്ഛനും അമ്മയും ഒക്കെ ആയി ഇരിക്കുന്ന ഭൂരിഭാഗം പേരും നമ്മുടെ നാട്ടിലെ വിദ്യാലയങ്ങളില്‍ പഠിച്ചു വന്നവരല്ലേ.എന്നിട്ടും അവര്‍ നല്ല ജോലി ചെയ്യുന്നു, സുഖമായി ജീവിക്കുന്നു.

ഇപ്പൊ വിദ്യാഭ്യാസത്തിനല്ല പ്രാധാന്യം , ഒക്കെ സ്റ്റാറ്റസ് സിമ്പല്‍‌സ്.

ഒരു അഭിപ്രായം പറയാന്‍ പോലും പറ്റാത്തവിധം താറുമാറായിരിക്കുന്നു, ഈ വിഷയം.

"പൊന്നുമക്കളേ .. സോറീ", അതേ മക്കളോട് പറയാന്‍ പറ്റൂ :(

തറവാടി said...

പുര്‍ണ്ണമായില്ല , ഇവിടത്തെ ടീച്ചര്‍മാരുടെ ശമ്പളത്തെപ്പറ്റി താങ്കള്‍ പറഞ്ഞത് വളരെ ശരിതന്നെയാണ്. പണ്ട് കാലത്ത് പ്രോപ്പറായിട്ടുള്ള ട്രൈനിങ്ങില്ലാത്തവരാണ് ഇവിടങ്ങളിലുള്ള സ്കൂളുകളില്‍ ഉണ്ടായിരുന്നതെന്ന കേട്ട് കേള്‍‌വിയുണ്ട് ( സത്യമറിയില്ല :( ) ഒരു പക്ഷെ അതുകൊണ്ടായിരിക്കാം ആദ്യകാലത്ത് അത് ( കുറവ് ശമ്പളം കൊടുത്തിരുന്നതും പിന്നീട് ആളുകള്‍ മാറിയപ്പോള്‍ പോലും അത് തുടര്‍ന്നതും. ഓരോ പ്രഫഷനും മിനിമം വേതനം നിശ്ചയിക്കേണ്ടിയിരിക്കുന്നു , ഈയിടെ ഡൊമെസ്റ്റിക് ജോലിക്കാരുടെ കാര്യത്തില്‍‌ എടുത്തതുപോലെ
നല്ല ലേഖനം.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

വിദ്യാഭ്യാസം എന്നത് ഇന്നു വെറും കച്ചവടമാണു
ഒരു നല്ല അധ്യാപകനോ അദ്ധ്യാപകിയോ ഇന്നു നമ്മുക്കിടയില്‍ ഇല്ല
എന്നെ പഠിപ്പിച്ച പുല്പറമ്പില്‍ ജോസ് സാര്‍,ഐസ്ക്ക്
സാര്‍ പാങ്ങോട്ടെ സാര്‍ തുടണ്‍ഗിയവരെ ഈ അവസരത്തില്‍ ഞാന്‍ ഓര്‍ത്തു പോകുന്നു.
പുല്‍ പറമ്പില്‍ സാറാണ് അഞ്ചാ ക്ലാസില്‍ ഇംഗ്ലിഷ് പഠിപ്പിക്കുന്നത് .abcd.z vare മുന്നോട്ടും പിന്നോ‍ട്ടും വ്\ചൊല്ലിക്കും എത്ര അടി ഞ്ഞാന്‍ കൊണ്ടിരിക്കുന്നു സാറിന്റെ കൈയ്യില്‍ നിന്നും

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വിച്ചൂം മീരേം ഈ പരിസരത്തെങ്ങാനുമുണ്ടേല്‍.... ഫ്രിഡ്ജില്‍ ഒളിപ്പിച്ച് വച്ച സാന്‍ഡ് വിച്ച് ദേണ്ടെ നിങ്ങടെ അച്ഛന്‍ കട്ട് തിന്നുന്നു. എന്നിട്ടൊരു സോറീം പറയുന്നു.

ഓടോ:കക്ഷത്തിലിരിക്കുന്നത് പോവാനും പാടില്ല. പിള്ളാരെ ഇവിടെ പഠിപ്പിച്ചാല്‍ പോരെ?ഉത്തരത്തിലിരിക്കുന്നത് എടുക്കേം വേണം .പിള്ളാരെപ്പോഴും കൂടെ തന്നെ വേണം

അനില്‍ശ്രീ... said...

ഇത് കൂടി ചേര്‍ത്തു വായിക്കൂ... ഒരു കുരുന്നു ജീവന്‍ കൂടി സ്കൂളുകാരുടെ അനാസ്ഥ മൂലം പൊലിഞ്ഞിരിക്കുന്നു. വ്യാഴാഴ്ച്ക അബു ദാബിയില്‍ ആണു സംഭവം. സ്കൂള്‍ ബസില്‍ കുട്ടി ഇരിക്കുന്നത് ഉച്ചയായപ്പോള്‍ ആണ് ഡ്രൈവറും അറ്റന്ററും അറിഞ്ഞത്. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. See GULFNEWS

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

ഇടിവാളണ്ണാ നമിക്കുന്നു. ഇത് അച്ചടിക്കാന്‍ കൂടി നോക്കുക. മാലോകരെല്ലാം വായിക്കട്ടെ.

അഭിലാഷങ്ങള്‍ said...

നല്ല ലേഖനം...

കുറച്ച് കാലം മുന്‍പ്, എന്റെ ഒരു റിലേറ്റീവ് ചേച്ചിക്ക് ഇവിടെ എമറേറ്റ് ഇന്റര്‍നാഷ്‌ണല്‍ സ്‌കൂളില്‍ 2200 AED ആയിരുന്നു കിട്ടിയത്. അവിടെ ഹൈസ്കൂളില്‍ സോഷ്യല്‍ സ്റ്റഡീസ് പഠിപ്പിക്കുന്ന പുള്ളിക്കാരിക്ക് മദ്രാസിലെ പ്രമുഖ കോളജില്‍ 3 വര്‍ഷം പഠിപ്പിച്ച എക്സ്പീരിയന്‍സ് ഉണ്ട്. മാത്രമല്ല ആര്‍ക്കിയോളജിയില്‍ Phd യും ഉണ്ട്. ചുമ്മ പത്താം ക്ലാസും ഗുസ്തിയും ഉള്ളവര്‍ക്ക് പോലും മറ്റ് ജോലികളില്‍ അതിനേക്കാള്‍ കൂടുതല്‍ സാലറികിട്ടുന്നുണ്ട്. ഇവിടെ എത്തിയ കാലത്ത് ഞാനും ഈ വസ്തുതകേട്ട് അന്തം വിട്ട് നിന്നിട്ടുണ്ട്.

നല്ല ലേഖനമാണ്. പെട്ടന്ന് മനസ്സില്‍ തോന്നി എഴുതിയ ഒരു ഫീല്‍ ഉണ്ട്. ഇതുപോലുള്ള ലേഖനങ്ങള്‍ ഇനീം പ്രതീക്ഷിക്കുന്നു...

ഓഫ് ടോപ്പിക്കേ: ഹ ഹ ഹ... ചാത്തന്റെ ഓ.ടോ കണ്ട് ചിരിവന്നപ്പോ എനിക്കും ഒരു ഓ.ടോ ഇട്ട് ചുമ്മാ ചിരിക്കാന്‍ തോന്നി.. ഹ ഹ...! ചാത്തന്‍ മിക്കവാറും ഇടിയുടെ ഇടി വാങ്ങിക്കും. ഇടി ഇടിക്കാന്‍ വന്നാ ഞാനുണ്ട്രാ ചാത്താ തടയാന്‍.. അല്ല പിന്നെ, എല്ലാം വേണംന്ന് വച്ചാ‍ ഒത്തിരി പുളിക്കും.. കഷത്തിലുള്ളതും ഉത്തരത്തിലുള്ളതും.. ഹി ഹി.. അതെനിക്കിഷ്ടപ്പെട്ടു..

:-)

Joseph Kalathil Scaria said...

പ്രിയ ഇടിവാള്‍...
അങ്ങയുടെ 'പൊന്നുമക്കളേ .. സോറീ' വായിച്ചപ്പോള്‍ ഒത്തിരി സന്തോഷം തോന്നി... മനസ്സില്‍ ഉറങ്ങിക്കിടന്ന ഒര്‍മകളുടെ ആ നല്ലകാലസ്കൂള്‍ ജീവിതതിലെക്കൊരു മടക്കയാത്ര... ഒപ്പം ഇന്നിന്റെ കുരുന്നുകള്‍ക്ക്‌ നഷ്ടമാകുന്ന ആ നല്ല 'ദാമോദരന്‍ മാഷ്‌' രൂപങ്ങളും...

P.R said...

നന്നായി ഈ പോസ്റ്റ്.
പ്രധാന കാരണം ഇവിടത്തെ സ്കൂള്‍ വിദ്യാഭ്യാസം, അതിനുള്ള ചിലവ്, തുടങ്ങിയവ (മാത്രമല്ല, തൊഴില്‍ പ്രശ്നങ്ങളും വാടക പ്രശ്നങ്ങളും എല്ലാം) നാട്ടില്‍ പലരും ശരിയായ രീതിയില്‍ അറിയുന്നില്ലെന്നു തോന്നാറുണ്ട്. ഇവിടെ പഠിയ്ക്കുന്ന് കുട്ടിയ്ക്ക് ഇത്തീരി വിദ്യാ‍ാഭ്യാസം കൂടുതല്‍ കിട്ടുന്നുണ്ടെന്നൊരു മട്ട് നാട്ടില്‍ കണ്ടിട്ടുണ്ട്, നാട്ടിലും സ്ഥിതിഗതികള്‍ വ്യത്ത്യസ്ഥമല്ല എങ്കില്‍ പോലും.
ഇങ്ങനെയൊക്കെയെങ്കിലും ഇതും, ഇതു പോലുള്ള ഇവിടത്തെ മറ്റ് പ്രശ്നങ്ങളും നാട്ടിലുള്ളവരും പുറമേയുള്ളവരും അറിയാനിട വരട്ടെ.

മാത്രമല്ല, എങ്ങനെ ഇവിടെ ടീച്ചേര്‍സിനും ബസ്സ് സ്റ്റാഫിനുമൊക്ക്കെ സന്തോഷത്തോടെ മനസ്സ് നിറഞ്ഞ് കുട്ടികളെ നോക്കാനാവും? കുറഞ്ഞ ശമ്പളത്തില്‍ കൂടുതല്‍ ജോലി എന്നല്ലേ, പൊതുവേ തന്നെ.പിന്നെ പ്രത്യേകിച്ചും ബസ് സ്റ്റാഫിനൊക്കെ വല്ലാത്തൊരു ഫ്രസ്റ്റ്രേഷനിലാണ് പണിയെടുക്കുന്നതെന്നു തോന്നാറുണ്ട്..
തറവാടി പറഞ്ഞ “ഓരോ പ്രഫഷനും മിനിമം വേതനം“, അങ്ങനെയാവുമ്പോള്‍ കുറച്ചെങ്കിലും സന്തോഷത്തോടെ , മനസ്സില്‍ നിന്നും ജോലി ചെയ്യാന്‍ ടീച്ചേര്‍സിനും ബസ് സ്റ്റാഫിനുമൊക്കെ സാധിയ്ക്കില്ലേ?

ശിവ said...

നല്ല ലേഖനം.... നല്ല വിവരണം....

കാന്താരിക്കുട്ടി said...

വളരെ നല്ല പോസ്റ്റ്.ഇന്ന് വിദ്യാഭ്യാസം എന്നതു മറ്റെന്തിനെയും പോലെ കച്ചവടം ആയി മാറി..അന്നു ദാമോദരന്‍ മാഷ് കുട്ടികളുടെ ജീവന്‍ ആയിരുന്നു..ഇന്ന് അങ്ങനെയുള്ള റ്റീചര്‍മാര്‍ അപൂര്‍വം.ഇന്ന് വിദ്യാര്‍ഥികള്‍ക്കും അത്രേം അടുപ്പമേ റ്റീച്ചര്‍മാരോടും ഉള്ളൂ..പണ്ടത്തെ ആത്മ ബന്ധം ഒന്നും ഇല്ല..ഈ മാറ്റം കാലം വരുത്തിയതാണ്..നല്ല പോസ്റ്റ്

നിത്യന്‍ said...

ആരും തോല്‌ക്കാത്ത രണ്ടു പരീക്ഷയാണ്‌ കേരളത്തില്‍ - ഒന്ന്‌ ടീച്ചറുദ്യോഗത്തിന്റേത്‌ രണ്ട്‌ ഹെല്‍ത്തിന്‍സേട്രറുടേത്‌. രണ്ടുകൂട്ടരും കാവല്‍നില്‍ക്കുന്നതാകട്ടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും. സംഗതി ശുഭം. തന്തയുടെ പോക്കറ്റിന്റെ ഘനമാണ്‌ അടിസ്ഥാനയോഗ്യത രണ്ടിന്റേയും. മെരിറ്റില്‍ വരുന്നവര്‍ വെറും വിരലിലെണ്ണാവുന്നവര്‍ മാത്രം.

പട്ടേരി l Patteri said...

ടച്ചിങ്ങ്...
അറിയാതെ പലമുഖങ്ങളും മനസ്സിലൂടെ കടന്നുപോയി....നന്‍മയുടെ അക്ഷരങ്ങള്‍ പഠിപ്പിച്ച..."വര്‍ഷങ്ങള്‍ക്ക് ശേഷവും സ്നേഹവും ബഹുമാനവും ആകുന്ന എണ്ണയൊഴിച്ച് മനസ്സില്‍ എന്നും വിളങ്ങുന്നൊരു ദീപമായി കാത്തു സൂക്ഷിക്കുന്ന വളരെയേറെ മുഖങ്ങള്‍ ....


മലയാളിയുടെ അഭിമാനമായിരുന്ന , വിദ്യാഭ്യാസ /ആരോഗ്യ നിലവാരത്തെ കുട്ടിച്ചോറാക്കാന്‍ കുറച്ചുപേര്‍ വിചാരിച്ചാല്‍ മതി എന്ന് നമ്മളെപ്പൊഴേ തെളിയിച്ച് കഴിഞ്ഞിരിക്കുന്നു....!!!

വികടന്‍ said...
This comment has been removed by the author.
വികടന്‍ said...

വിദ്യാഭ്യാസത്തിന്റെ കാതല്‍ അദ്ധ്യാപകരാണ്‌ എന്ന കാലഹരണപ്പെട്ട സിദ്ധാന്തം തിരുത്തേണ്ടിയിരിക്കുന്നു. ഒരു പുരോഗമനവാദി അല്ലെങ്കിലും പഴഞ്ചന്‍ അല്ലാത്തതിനാലാണ്‌ ഈ ഡയലോഗ്‌. ഇ-ലേണിംഗ്‌ എന്ന പുതിയ സ്ട്രീമില്‍ ഗുരു എന്ന ഭാരതീയ ആശയത്തിന്‌ വലിയ സ്ഥാനം ഉണ്ടാവില്ല. എല്‍.പി സ്കൂളിലെ ഊര്‍മ്മിള ടീച്ചറും ഹെഡ്‌മാസ്റ്റര്‍ ഭാസ്കരന്‍ മാഷും എന്നും എന്റെ ഉള്ളില്‍ ഉണ്ടാവും. പക്ഷെ, അവരുടെ ഒരു കലിയുഗ അവതാരം എത്ര ഒപ്‌ടിമിസ്റ്റിക്‌ ആയി ചിന്തിച്ചാലും പ്രാക്‍ടിക്കല്‍ ആയി തോന്നുന്നില്ല. സാംസ്കാരികമൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കാന്‍ ഇനി ജൂനിയേഴ്‌സിന്‌ അച്ഛനും അമ്മയും മാത്രമേ കാണൂ. അതിന്‌ നമ്മള്‍ എത്രമാത്രം തയ്യാറാണ്‌ എന്നതാണ്‌ ഗൌരവമുള്ള കാര്യം. ദിനാറുകള്‍ക്കും ദിര്‍ഹങ്ങള്‍ക്കും അച്ഛനേയും അമ്മയേയും വാങ്ങിക്കൊടുക്കാന്‍ പറ്റില്ലല്ലോ (ബൈ ദ വേ, ചാഴൂര്‍ ലോവര്‍ പ്രൈമറി സ്കൂളില്‍ ഒരു നവയുഗ ഭാസ്കരന്‍ മാഷ്‌ ഉണ്ടെന്ന് ഞാന്‍ കേട്ടു!!!)

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.