-- എ ബ്ലഡി മല്ലു --

നമുക്കിടയിലെ കുട്ടപ്പേട്ടന്‍ വെള്ളക്കടവ്

Wednesday, April 23, 2008

കട്ടപ്പനയിലെ ഇട്ടാവട്ടത്തെ ഒട്ടനവധി കുട്ടപ്പന്മാരില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു കുട്ടപ്പേട്ടന്‍ വെള്ളക്കടവ്. സര്‍ നെയ്മില്‍ വെള്ള ഉണ്ടെങ്കിലും ആ വാക്കുമായൊരു പുലബന്ധം പോലുമില്ലാത്ത ടൈപ്പാ കുട്ടപ്പേട്ടന്‍. നല്ല ബ്ലാക്കായിരുന്നെന്നു മാത്രമല്ല, അടിക്കുന്ന സ്മാളില്‍ പോലും “വെള്ള“മൊഴിക്കുന്ന ദുശ്ശീലമില്ല. അത്രേം തങ്കപ്പെട്ട ഒരു പൌരന്‍!


കുട്ടപ്പേട്ടനു പ്രത്യേക ജോലിയൊന്നുമില്ല. ആശാന്‍ നല്ലൊരു പാചകക്കാരനാണ്. നാട്ടിലെ അല്ലറ ചില്ലറ കല്യാണ/അടിയന്തിര ദേഹണ്ഢങ്ങളുടെ കോണ്ട്രാക്റ്റ് എടുക്കുന്നത് കുട്ടപ്പേട്ടനായിരുന്നു. നല്ല കൈപ്പുണ്യം. അതുകൊണ്ടു തന്നെ ടിയാന്റെ ഭാര്യ ദാക്ഷായണി ചേച്ചിയോട് ആരെങ്കിലും അടുക്കള എന്നു പറഞ്ഞാല്‍, അതെന്നാ സാധനം എന്നു ചേച്ചി തിരിച്ചു ചോദിക്കും. സ്ഥലം ലഹളാസമാജം സെക്രട്ടറിപ്പണി എന്നപൊന്‍‌തൂവല്‍ കൂടി അണിഞ്ഞാണു ദാക്ഷായണിചേച്ചിയുടെ വിലസല്‍. കുട്ടപ്പേട്ടന്റെ വീട്ടില്‍ രണ്ടു മൂന്നു കോഴികളുണ്ട്. അത്യാവശ്യം മുട്ടക്കച്ചവടവും ഇതു മൂലം കുട്ടപ്പേട്ടന്‍ നടത്തുന്നുണ്ട്. ഇടക്ക് അയല്‍ക്കാര്‍ ആര്‍ക്കെങ്കിലും ചിക്കന്‍ കൂട്ടണമെന്നു തോന്നിയാല്‍, കോഴിയെ മൊത്തമായും ടിയാന്‍ വില്‍ക്കാറുണ്ട്.


കട്ടപ്പനക്കാരു ചിക്കന്‍ പ്രേമികളായതിനാല്‍, ആ ഏരിയാ മുഴുവനും കോഴിക്കടകള്‍ മുളച്ചു വന്നു. അസംഖ്യം കടകളായതോടെ കച്ചവടക്കാര്‍ക്കു തോന്നി..നമുക്കൊരു സംഘടന വേണം.. അങ്ങനെ സ്ഥലം പോസ്റ്റുമാനും (ഗവണ്മെന്റ് ജോലിയാ പുള്ളീയുടെ പാര്‍ട്ട് ടിം പണി..മെയിന്‍ പണി ബ്രോയ്ലര്‍ കച്ചവടം) പ്രമുഖനുമായ പങ്കജാക്ഷന്‍ പിള്ള പ്രസിഡന്റായി “ബാക്ക്“ ( Broiler seller's Association of Kattappana - BAK ) നിലവില്‍ വന്നു. സ്ഥലത്തെ പ്രധാന കച്ചവടക്കാരെല്ലാം സംഘടനയില്‍ അംഗത്വമെടുത്തു.. മൂന്നു കോഴികള്‍ മാത്രം ഉണ്ടായിരുന്ന കുട്ടപ്പേട്ടന്‍ എന്തോ സംഘടനയില്‍ ചേര്‍ന്നില്ല.. ചേരുന്നോ എന്നു ആരും ചോദിച്ചുമില്ല. പക്ഷേ BAK കാര്‍ ഇടക്കിടെ ബ്രോയ്ലര്‍ മീറ്റുകള്‍ നടത്തി, ചിക്കന്‍ കാലുകള്‍ കടിച്ചു വലിച്ച് ശാപ്പിട്ട്, പത്രസമ്മേളനം നടത്തി

അങ്ങനെ കഴിഞ്ഞു പോരവേയാണതു സംഭവിച്ചത്,.


കുട്ടപ്പേട്ടനു “ബെസ്റ്റ് ഷെഫ് ഒഫ് ദ ഇയര്‍“ അവാര്‍ഡു കിട്ടുന്നു. വനിതാമാഗസിന്‍ നടത്തിയ ചിക്കന്‍ കറി റസീപ്പി മത്സരത്തില്‍ കേരളത്തില്‍ നിന്നുള്ള മറ്റു സകല കോഴിക്കറി തൊഴിലാളികളേയും അട്ടിമറിച്ച് കട്ടപ്പനയുടെ അഭിമാനമായ കുട്ടപ്പേട്ടന്‍ അവാര്‍ഡ് നേടി.. വാര്‍ത്ത കാട്ടുതീ പോലെ പരന്നു.. കട്ടപ്പന BAK അസോസിയേഷങ്കാരു ഞെട്ടി..


ഞെട്ടല്‍ വിട്ട BAK പ്രസിഡന്റ് ചാടിത്തുള്ളി.. അന്തരീക്ഷത്തിലേക്കു കൈകളുയര്‍ത്ത് പങ്കജാക്ഷന്‍ പിള്ള അലറി വിളിച്ചു..

“നമുക്കിടയിലെ” ഒരു കോഴിക്കച്ചവടക്കാരനു അവാര്‍ഡ്.... ആഹ്ലാദിപ്പിന്‍ BAK കാരേ..ആഹ്ലാദിപ്പിന്‍.. പ്രസിഡന്റിന്റെ മുദ്രാവാകുഅം ബാക്കി കോഴിക്കച്ചവടക്കാര്‍ ഏറ്റുവിളിച്ചു.. അവര്‍ മുദ്രാവാക്യവുമായി കുട്ടപ്പേട്ടന്റെ വീട്ടിലേക്കു ജാഥയായി നടന്നു..


BAK പ്രസിഡന്റും, അംഗങ്ങളും തന്റെ വീട്ടിലേക്കു ജാഥ നയിച്ചു വരുന്നതെന്തിനാണെന്നു കോഴിക്ക് തീറ്റകൊടുക്കയായിരുന്ന കുട്ടപ്പേട്ടനു പുടികിട്ടിയില്ല.. കയറിവന്നതും പ്രസിഡന്റ് കയ്യിലുരന്ന കോടിമുണ്ടെടുത്ത് കുട്ടപ്പേട്ടനെ പുതപ്പുച്ചു.. എല്ലാരു കൂടി എടുത്തു പൊക്കുന്നതിനിടയില്‍ ഹെന്റമ്മച്ചിയേ” എന്നും അലറിക്കരഞ്ഞ് കുട്ടപ്പേട്ടന്‍ തറയില്‍ വീണു.. മുകളില്‍ കോടിമുണ്ടും..


ബഹളം കേട്ട് അകത്ത് മേക്കപ്പ് ചെയ്യുകയായിരുന്ന ദാക്ഷായണിചേച്ചി ലിപ്സ്റ്റിക്കും വലിച്ചെറിഞ്ഞ് ഇറയത്തു വന്നപ്പോള്‍ എന്താ കഥ.. കുട്ടപ്പേട്ടന്‍ കോടിമുണ്ട് പുതച്ച് തറയില്‍ കിടക്കുന്നു...


“അയ്യോ, എന്റെ കുട്ടപ്പേട്ടന്‍ എന്നെ ഇട്ടേച്ചു പോയേ“ എന്നു വലിയ വായില്‍ നിലവിളിച്ചു.. കുട്ടപ്പേട്ടന്‍ തട്ടിപ്പോയി എന്നതിനേക്കാള്‍ സങ്കടം ഇനി അടുക്കളയില്‍ കയറണമല്ലോ എന്നോര്‍ത്തായിരുന്നു.. ഒരു വിധത്തില്‍ BAK പ്രസിഡന്റ് ചേച്ചിയെ കാര്യം പറഞ്ഞു സമാധാനിപ്പിച്ചു..കുട്ടപ്പേട്ടന്‍ തട്ടിപ്പോയിട്ടില്ല, മറിച്ച് അങ്ങേരുടെ തലയില്‍ ഒരു അവാര്‍ഡു വീണതാണു സംഭവം എന്നറിഞ്ഞതോടെ ചേച്ചി, “ശേ, മേക്കപ്പിന്റെ ടൈം വേസ്റ്റായി” എന്നു മുറുമുറുത്തു കൊണ്ട് അകത്തേക്കു പോയി,,


പ്രസിഡന്റു പങ്കജാക്ഷന്‍ പിള്ള കുട്ടപ്പേട്ടനെ എഴുന്നേല്‍പ്പിച്ച് അഭിനന്ദിച്ചു.. കട്ടപ്പന ജങ്ക്ഷനില്‍ ഇട്ടിത്തറ പാര്‍ക്കില്‍ പിറ്റേന്നു കുട്ടപ്പേട്ടനൊരു അനുമോദന യോഗം സംഘടിപ്പിക്കാന്‍ BAK അസോസിയേഷങ്കാരു തീരുമാനിച്ചു. BAK അസോസിയേഷന്‍ ആജീവനാന്ത മെമ്പര്‍ഷിപ്പിന്റെ ഒരു ചീട്ടെഴുതി കുട്ടപ്പേട്ടനു കീടിക്കൊടുത്തു.


പിറ്റേന്നു വൈകീട്ട് യോഗം തുടങ്ങി.. ചടങ്ങിലെ ആദ്യ ഇനമായ ചിക്കന്‍ കാലുകള്‍ ഭക്ഷിച്ച്, ഫോട്ടോയെടുപ്പും കഴിഞ്ഞതോടെ പ്രസിഡന്റ് പങ്കജാക്ഷന്‍ ഉല്‍ഘാടനപ്രസംഗം തുടങ്ങി.. ചിക്കന്‍ പാചകത്തില്‍ കോഴിവളര്‍ത്തലിനുള്ള പങ്കിനെക്കുറിച്ച് അടിയന്തിരമായി ഒരു ശില്പശാലതന്നെ സംഘടിപ്പിക്കണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. കട്ടപ്പന കോഴിവളര്‍ത്തുകാരായ നമുക്കിടയിലെ ഒരാളായ കുട്ടപ്പേട്ടനാണു കേരളത്തിലെ ഏറ്റവും മികച്ച ഷെഫ് എന്ന കാര്യത്തില്‍ ഓരോ ബ്രോയ്ലറു സെല്ലറൂം അഭിമാനിക്കണമെന്നും, ആരും അടിച്ചോണ്ടു പോകാത്ത തരത്തിലുള്ള ചിക്കന്‍ റസീപ്പികള്‍ ഉണ്ടാക്കാന്‍ ‍ ജഗദീശ്വരന്‍ കുട്ടപ്പേട്ടനെ അനുഗ്രഹിക്കട്ടെ എന്നും ആശംസിച്ച് അദ്ദേഹം പ്രസംഗം ഉപസംഹരിപ്പിച്ചതും... കാണികള്‍ക്കിടയില്‍ നിന്നും

കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്...... എന്നു കൂവലുകളുയര്‍ന്നു..

എല്ലാവരും തിരിഞ്ഞു നോക്കി.. തൊട്ടിയത്ത് രാജപ്പന്‍.. പിന്നെ കുറേ കൂട്ടുകാരും.. പണ്ടു ബ്രോയ്ലര്‍ അസോസിയേഷനില്‍ മെമ്പറൂം, പിന്നെ അടുത്തയിടെ കോഴിവളര്‍ത്തലില്‍ മെച്ചം കാണാതെ, മട്ടന്‍/ബീഫ് ഇറച്ചിക്കട തുടങ്ങിയവനും, വിമതനുമായ രാജപ്പനും സംഘവുമാണു യോഗം അലമ്പാക്കാന്‍ നിന്നു കൂവുന്നത്.. കുട്ടപ്പേട്ടന്‍ കോഴിക്കച്ചവടമല്ല ദഹണ്ഢമാനു പണിയെന്നും, ഈ ബ്രോയ്ലര്‍ മീറ്റ് നടത്തി നാട്ടിലെ മികച്ച ദഹണ്ധക്കാരനെ വെറുമൊരു കോഴിക്കച്ചവടക്കാരനാക്കാനുള്ള കുത്സിത ശ്രമമാണിതെന്നും രാജപ്പന്‍ ടീം വാദിച്ചു.
മാത്രമല്ല, ഒരു നായരായതുകൊണ്ടാണു കുട്ടപ്പേട്ടനു കിട്ടിയ അവാര്‍ഡിനെ , പങ്കജാക്ഷന്‍ “പിള്ള” പ്രസിഡന്റായ സവര്‍ണ്ണ മേധാവിത്വമുള്ള ബാക്കുകാര്‍ പര്‍വതീകരിക്കുന്നതെന്നും രാജപ്പന്‍ വര്‍ഗീയ കാര്‍ഡ് ഇറക്കി കളിച്ചു!!

പങ്കജാക്ഷന്‍ പ്രസിഡന്റിനു കലിയിളകി.. അനുയായികളെ വിളിച്ച് രാജപ്പനെ തളക്കാന്‍ ശട്ടം കെട്ടി...പിന്നെ അവിടെ മുട്ടന്‍ അടിയായിരുന്നു... രാജപ്പന്‍ ടീമും ബാക്കുകാരും തമ്മില്‍.. ഇതു കണ്ട കുട്ടപ്പേട്ടന്‍ എന്തുചെയ്യണമെന്നറീയാതെ മൂക്കത്തു വിരല്‍ വച്ചു നിന്നു.

കഷ്ടി ഒരു മണിക്കൂര്‍ നീണ്ട തെറിവിളിക്കും തല്ലിനുമൊടുവില്‍ രംഗം ശാന്തമായപ്പോള്‍ ബാക്കില്‍ നിന്നിരുന്ന ഏതോ ഒരു “ബാക്ക്” അംഗം മൈക്കെടുത്ത് കുട്ടപ്പേട്ടന്റെ കയ്യില്‍ കൊടുത്തു... മുണ്ടും ചെരിപ്പും ഷര്‍ട്ടുമൊന്നുമില്ലാതെ താഴെക്കിടന്ന BAK കാരും വിമതരും, അടി കണ്ടു രസിക്കാന്‍ ചുറ്റും കൂടി നിന്ന ജനവും, നിശബ്ദരായി കുട്ടപ്പേട്ടനെ നോക്കി നിന്നു..


ഒരു നിമിഷത്തെ നിശബ്ദതക്കു ശേഷം കുട്ടപ്പേട്ടന്‍ മുരടനക്കി പറഞ്ഞു..

“പൊന്നുമക്കളേ, നിങ്ങള്‍ക്കൊന്നും വേറേ പണിയുണ്ടാവില്ല... പക്ഷേ എനിക്കുണ്ട്! ചെന്നിട്ട് വേണം ദാക്ഷായണിക്ക് ഡിന്നറൂണ്ടാക്കാന്‍.. ഇല്ലേല്‍ അവളെന്നെ ചിക്കന്‍ ഫ്രൈ പോലെയാക്കും..എന്നെയങ്ങ് വിട്ടേരു..പ്ലീസ്.. ഇനി ഇക്കാര്യം പറഞ്ഞ് എന്റെ വീട്ടിലോട്ടു വന്നാല്‍, ^%$#*^^#%ളേ. തെളച്ച വെള്ളത്തില്‍ മൊളകുപൊടി കലക്കി ഞാന്‍ മൊഖത്തൊഴിക്കും കേട്രാ ഡേഷോളേ“..


മൈക്കും വലിച്ചെറിഞ്ഞ് അടര്‍ക്കളത്തില്‍ നിന്നും വിജയിച്ചിറങ്ങുന്ന യോദ്ധാവിന്റെ മുഖഭാവത്തോടെ കുട്ടപ്പേട്ടന്‍ നടന്നകലുമ്പോള്‍, BAK പ്രസിഡന്റ് പങ്കജാക്ഷനും വിമതന്‍ തൊട്ടിയത്ത് രാജപ്പനും അഴിഞ്ഞു പോയ മുണ്ടുകള്‍ പരതുകയായിരുന്നു!
============= ====================

കോഴിക്കറിയുടെ കാല്‍ക്കഷ്ണങ്ങള്‍, അഥവാ, ലെഗ് പീസസ്:

1.ഈ പോസ്റ്റിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയതോ, ബൂലോഗ ക്ലബ്ബിലിട്ടതോ ഡീലിറ്റിയതോ ആയ പോസ്റ്റുമായോ യാതൊരു ബന്ധവുമില്ല..


2. തിരക്കിട്ടെഴുതിയതിനാല്‍ സ്പെല്ലിങ്ങ് മിസ്റ്റേക്കുകള്‍ കാണും.. അല്ലെങ്കിലും ഈ ബ്ലോഗിങ്ങ് മൊത്തത്തിലൊരു സ്പെല്ലിങ്ങ് മിസ്റ്റേക്കല്ലേ? ;)

19 comments:

ഇടിവാള്‍ said...

നമുക്കിടയിലെ കുട്ടപ്പേട്ടന്‍ വെള്ളക്കടവ്"

ഞാന്‍ വീണ്ടും ബ്ലോഗിങ്ങ് തുടങ്ങി ;)

ദില്‍ബാസുരന്‍ said...

idee,
Alakki. Vere onnum parayaanilla. :D

Cartoonist said...

വാള്‍,
രണ്ടേ രണ്ടു ചോദ്യങ്ങള്‍ :
1. കോഴീടെ ക്വഥനാങ്കം എത്ര ?
2. രണ്ടാം ഖണ്ഡികയിലാദ്യം തല കാണിക്കുന്ന
തങ്കപ്പേട്ടന്‍ ആണൊ യഥാര്‍ഥ കോഴി ?

തറവാടി said...

ഇട്യേ,

ഈ ഇന്‍സ്റ്റന്റ് പോസ്റ്റിന് താങ്കളെ വെല്ലാന്‍ ആരുമുണ്ടെന്ന് തോന്നുന്നില്ല , പണ്ടത്തെ പ്പൊസ്റ്റിന്നും ഓര്‍ക്കുന്നു ഞാന്‍ ;)))))

ഞാന്‍ ഇന്നുറങ്ങില്ല , വയറ് വേദനിക്കുന്നു ( ചിരിച്ചിട്ടാട്ടൊ ;) )

അനില്‍ശ്രീ... said...

ഔചിത്യ ബോധം തീരെ ഇല്ലാത്തതിനാല്‍ അവിടെ കമന്റ് ഇട്ടില്ല,,,(എന്താകും എന്നറിയില്ലല്ലോ..അത് പബ്ലിക്‍ പ്ലേസ് അല്ലേ?) അവിടെ ഇടാനുള്ളത് ഇവിടെ ഇടുന്നു.. കുട്ടപ്പേട്ടന് അവാര്‍ഡ് കിട്ടിയതിന് അഭിനന്ദനങ്ങള്‍...

കുറുമാന്‍ said...

ഈ പോസ്റ്റ് വേണ്ടിയിരുന്നില്ല ഇടി എന്നൊരു അഭിപ്രായമാണെനിക്ക്.

തളത്തില്‍ ദിനേശന്‍ said...

കുട്ടപ്പേട്ടന്‍ ദി ഗ്രേറ്റ്.
അപ്പോ യഥാര്‍ത്ഥ കോഴി ആര് ?

കണ്ണൂസ്‌ said...

ഇടിയേ, രണ്ടു കാര്യങ്ങള്‍. (കുറ്റം പറയാനേ കമന്റ് ഇടൂ എന്ന എന്റെ ശീലം നമ്മടെ ഫ്രന്റ്ഷിപ് വെച്ച് ക്ഷമി!)

1. ഇവിടെ ആള്‍ക്കാര്‍ക്ക് ബ്ലോഗിംഗ് മടുക്കുന്നതിന്‍` ഒരു കൊല്ലം മുന്‍‌പ്, എല്ലാം മടുത്തു എന്ന് പറഞ്ഞ് പോസ്റ്റൊക്കെ ഡ്രാഫ്റ്റാക്കിയ ആളല്ലേ ഇടി? ഈ ബൂലോക സമകാലികം പോലെ നാറിയ ഒരേര്‍പ്പാട് വേറെയില്ല എന്ന് ഇടിയേക്കാളും അറിയുന്ന വേറെ ആരേയും കണ്ടിട്ടില്ല ഞാന്‍ ഇവിടെ. എന്നിട്ടും ബ്രൂട്ടസ്!!

2. വിശാലനും, കുറുമാനും, അരവിന്ദും ഒക്കെ കത്തി നിന്ന കാലത്ത് വേറിട്ട ഒരു ശൈലി കൊണ്ട് അവനവന്റെ സ്ഥാനം ഉണ്ടാക്കിയെടുത്ത ഇടി എന്തിനാ ഇപ്പോ ബെര്‍ളിയെ അനുകരിക്കുന്നത്?

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഈ കുട്ടപ്പേട്ടന്‍ കലക്കും
കട്ടപ്പനയിലെ കുട്ടപ്പേട്ടന്‍ കുട്ട വണ്ടിയുമായി
പോയപ്പോള്‍
കട്ടനടിച്ചു താഴേ വീണല്ലൊ

അരവിന്ദ് :: aravind said...

"വിശാലനും, കുറുമാനും, അരവിന്ദും ഒക്കെ കത്തി നിന്ന കാലത്ത് "..
ങേ‌ഹ്? ഞാനിപ്പളും കത്തി തന്ന്യാ നില്‍ക്കണേ..സത്യം! എന്താ കണ്ണൂസ്‌ജീ ഇത് ഒരു മയം ഇല്ല്യാണ്ടെ?

പോസ്റ്റിനെക്കുറിച്ച് ഒരു പൊളിറ്റിക്കലി കറക്റ്റ്/ഇന്‍‌കറക്റ്റ് അഭിപ്രായം പറയുന്നില്ലെങ്കിലും ഒരു
:-):-) രേഖപ്പെടുത്തുന്നു. :-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അവിടെ ഇങ്ങനെ അടി നടന്നിരുന്നോ അറിഞ്ഞില്ല!

ഒരു അടി മിസ്സായല്ലോ..

ഓടോ: ചേച്ചീം പിള്ളാരും ഉടനടി മടങ്ങി വരിക. ഇല്ലേല്‍ ഇമ്മാതിരി പോസ്റ്റിട്ട് ഇടി ഇടിവാങ്ങും

അഭിലാഷങ്ങള്‍ said...

ഈ പോസ്റ്റ് വായിച്ചു..
മറ്റേ പോസ്റ്റും വായിച്ചു...

ബൂലോകക്ലബില്‍ ഇട്ടപോസ്റ്റ് കാണാന്‍ പോയപ്പോ അവിടെ അടിനടന്ന പൂര‍പ്പറമ്പിന്റെ ഫീലിങ്ങ്.. സോ, ഒന്നും മിണ്ടാതെ സ്‌കൂട്ടായി.

ഈ പോസ്റ്റ് നല്ല രസത്തില്‍ എഴുതി. ശരിക്കും ആസ്വദിക്കുകയും ചെയ്തൂ. പക്ഷെ, കണ്ണൂസ് പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളത്. ഞാനൊക്കെ ഇടിവാളിനെ ഇഷ്ടപ്പെടാന്‍ കാരണമെന്താണ് എന്ന് ആദ്യ പോസ്റ്റ് മുതല്‍ ഗാനഫൂഷണന്‍ വരെയുള്ള പോസ്റ്റുകള്‍ വായിച്ച് പറഞ്ഞ അഭിപ്രായങ്ങള്‍ വായിച്ചാല്‍ മനസ്സിലാകും.. സത്യം പറഞ്ഞാല്‍ എനിക്ക് ബ്ലോഗുമായി ബന്ധപ്പെട്ടുകിടക്കത്ത, ഇന്റിപ്പന്റന്റായ, ബ്ലോഗിന്റെ ABCD അറിയാത്ത ആളുകളുമായി പോലും ഷേര്‍ ചെയ്യാന്‍ പറ്റിയ തരം പോസ്റ്റുകള്‍ ആണ് ഇഷ്ടം. എന്റെ ഒരുപാട് ഫ്രന്റ്സുമായി ഷേര്‍ ചെയ്തിട്ടുമുണ്ട് ഇടിയുടെ പല മുന്‍‌കാല പോസ്റ്റുകളും..

ഈ പോസ്റ്റ് നന്നായി. ബട്ട് ഒരേ തരത്തില്‍ പെട്ട പോസ്റ്റുകള്‍ തുടര്‍ച്ചയായി ഇടിവാള്‍ ഇനി എഴുതരുത് എന്നാണ് എന്റെ അപേക്ഷ. ഇടിവാളിന്റെ സ്വന്തം ഐഡന്റിറ്റി കളയരുത്.. ഇഷ്ടം കൊണ്ട് പറയുന്നതാ ട്ടോ.. പരിഭവമരുത്.

ഓഫ്: അല്ല, ഞാനാലോചീക്കുകയായിരുന്നു, ഇടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആ പോസ്റ്റില്‍ കണുന്ന സംഗതികള്‍ വായിച്ചാല്‍ ആരായാലും പ്രതികരിച്ചുപോകും.. ങാ, എന്തേലുമാകട്ടെ..

:-)

ഘടോല്‍കചന്‍ said...

ഇടവേള ഇത്ര പെട്ടന്ന് കഴിഞ്ഞോ മാഷേ?

എതിരന്‍ കതിരവന്‍ said...

സംഭവസ്ഥലത്തു നിന്ന് ഒരു വലിയ കറുത്ത കണ്ണട കിട്ടിയിട്ടുണ്ട്. പങ്കജാക്ഷന്‍ പിള്ള അതുമായി കലി പൂണ്ട് ഓടുന്നു. അതിന്റെ ഉടമസ്തന്‍ ആണ് അയാളുടെ മുണ്ട് പറിച്ചത്.

ഇടിവാള്‍ said...

കണ്ണൂസ്: ;) ഒരു ബ്ലോഗറായ എന്നെ വിമര്‍ശിക്കുന്നോ? ങേഹേ! നമ്മളെല്ലാം വിമര്‍ശനാതീതരാണന്ന കാര്യം അറിയില്ലേ കണ്ണൂസിനു?

പിന്നെ, കണ്ണൂസു പറഞ്ഞതു ശരിയാ.. ഇതെല്ലാം മടുത്ത് എല്ലാം ഡ്രാഫ്റ്റാക്കിയതാ ഞാന്‍, 1 വര്‍ഷം മുന്നെ.. (ഹോ പണ്ടാര ഓര്‍മ്മയാണല്ലോ മച്ചാന്‍..ഞാന്‍ പോലും അതു മറന്നിരുന്നു).. അന്നു ബ്ലോഗേ ഡീലിറ്റിയാലോ എന്നോര്‍ത്തതാ..പിന്നെ, ഇത്രേം പോസ്റ്റുകള്‍ കുത്തിപ്പിടിച്ചു ടൈപ്പ് ചെയ്തതല്ലേ എന്നോര്‍ത്തു ഡീലിറ്റ് ചെയ്തില്ല. പക്ഷ്ജേ, അനേകായിരം ആരാധകരുയ്യെ ഈമെയില്‍ പ്രവാഹത്തേയും അഭ്യര്‍ത്ഥനയേയും മാനിച്ച് (ചുമ്മാ.. ഒരു 3-4 പേര്‍ മെയിലയച്ചിരുന്നു..ഇടിവാളേ ബ്ലോഗ് ഓപണ്‍ ചെയ്യൂ എന്നും പറഞ്ഞ്) മാത്രമാണു വീണ്ടും ഷട്ടറു തുറന്നത്..

പക്ഷേ അന്നു തോന്നിയ ആ മടുപ്പിനു കുറവൊന്നുമില്ല. ബ്ലോഗില്‍ വന്ന ജൂണ്‍ 2006 ഇല്‍ ഒരു 6-7 മാസം എനിക്കിതൊരു രസമായിരുന്നു.. ബ്ലോഗിങ്ങ് അഡിക്ഷനാവുന്നോ എന്നൊരു തോന്നല്‍ കൂടിയാണാ ബ്ലോഗു പൂട്ടലിനു പുറകില്‍.

പക്ഷേ, ഇപ്പോള്‍ ആനു ഞാന്‍ യഥാര്‍ത്ഥ ബ്ലോഗിങ്ങ് ചെയ്യുന്നത് എന്നൊരു തോന്നല്‍.. എനിക്ക് തോന്നുന്നത് തോന്നുമ്പോള്‍ തോന്നിയപോലെ എഴുതുന്നു.. നോ കമ്മിറ്റ്മെന്റ്സ്..വായിക്കുന്നവര്‍ക്ക് നോ എക്സ്പെക്റ്റേഷന്‍സ് ... എനിക്കതാ ഇഷ്ടം..


പിന്നെ, മലയാളം എന്നത് ടെക്നിക്കല്‍ സ്കൂളില്‍ ചേര്‍ന്നതോടെ 8 ആം തരത്തില്‍ ഉപേക്ഷിച്ചവനാ ഞാന്‍, വായന എന്നത് എന്റെ ജീവിതത്തില്‍ വളരേ കുറവ്.. വായിച്ച പുസ്തകങ്ങളുടെ എണ്ണവും കുറവ്. എഴുത്ത് എനിക്കൊരു ഉപാസനയൊന്നുമല്ല.. ഞാന്‍ എഴുതുന്നത് ചുമ്മാ ഒരു രസത്തിനു.. എന്നു വേണേലും ഞാനിതൊക്കെ പൂട്ടി പോവും.. വിശാലനോ, കുറുമാനോ, പോലെ (അരവിന്റെ കാര്യന്‍ എനിക്ക് തീര്‍ച്ചയില്ല) എഴുത്തിനെ സീരിയസ്സായി ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല.. ഞാന്‍ ഒരു എഴുത്തുകാരനേ അല്ല..

ഒരു എഴുത്തുകാരന്‍ എന്നതിലുപരി എത്രയോ കടമകള്‍ എനിക്കുണ്ട്.. ഒരു മകന്റെ, സഹോദരന്റെ, ഭര്‍ത്താവിന്റെ, അച്ഛന്റെ, ഒരു ജീവനക്കാരന്റെ, എല്ലാം കടമകല്‍,.. അവയാണെനിക്കു മുഖ്യം..

പിന്നെ, ബ്ലോഗ് സമകാലികം എന്ന നാറിയ ഏര്‍പ്പാട്.. ശരിയാനു കണ്ണൂസ്, പണ്ട് ബെര്‍ളി മുതലായ പലരും ബ്ലോഗ് റിലേറ്റഡ് സ്റ്റഫ് എഴുതുമ്പോള്‍ ഒട്ടും താല്പര്യം കാണിക്കാത്ത ഒരാളായിരുന്നു ഞാന്‍..പക്ഷേ, ഈയിടക്ക് ചില ബ്ലോഗ് പ്രവണതകള്‍ കാനുമ്പോള്‍ പ്രതികരിക്കാതിരിക്കാനായില്ല.. അതുകൊണ്ട് ചുമ്മാ അങ്ങു തട്ടിയതാ.. എന്റെ “ബ്ലോഗിങ്ങിനു ഒരു ഇടവേളാ” എന്ന പോസ്റ്റും അത്തരത്തില്‍ ഒന്നായിരുന്നു.. പലരും വിചാരിച്ചു ഞാനങ്ങു മഹത്തരമായ ഈ ബ്ലോഗിങ്ങ് വിട്ടു പോവുകയാണേന്ന്‌..

ഞാന്‍ വന്ന ശേഷം 50 ആം പോസ്റ്റോ, നൂറാം പോസ്റ്റോ, ഒന്നാം വാര്‍ഷികമോ ഒന്നും ആഘോഷിച്ചിട്ടില്ല... ബ്ലോഗ് നിര്‍ത്തുകയാണേള്‍ തന്നെ, അതങ്ങു നിര്‍ത്തി പോവുകയേ ഉള്ളൂ.. ഒരു ഗുഡ് ബൈ പോസ്റ്റൊന്നും ഇടില്ല ;)

ബെര്‍ളിയെ അനുകരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല.. മുന്‍പൊരു പോസ്റ്റെഴുതിയപ്പോ ആരോ പറഞ്ഞു വിശാലനെ അനുകരിക്കുന്നു എന്നു! ഞാന്‍ ആരെയും അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. വിശാലനും ബെര്‍ളിയും ബ്ലോഗില്‍ എനിക്കിഷ്ടപ്പെട്ട എഴുത്തുകാരാണ്.. ഒരു പക്ഷേ അറീയാതെ ആ ശൈലി വന്നു കാണാമ്ം ..ഷെമി മച്ചാന്‍ ;)

പിന്നെ.. എതിരവാ.. മനുഷ്യനെ ചിരിപ്പിക്കല്ലേ.. ഇക്കണക്കിനു കേരളാ പോലീസ് ഏതെങ്കിലും മര്‍ഡര്‍ സൈറ്റില്‍ കൂളിങ് ഗ്ലാസു കണ്ടു പിടിച്ചാല്‍, അതെന്റെ തലേലാവൂലോ അണ്ണാ ??

ഘടോല്‍ക്കജാ... ശരിയാ.. ഇടവേളകള്‍ എത്രയും ചെറുതാവുന്നതാ നല്ലത് ല്ലേ?? ;)

കുറുമാനേ.. ഈ പോസ്റ്റല്ല, ബ്ലോഗേ വേണ്ടിയിരുന്നില്ല എന്നു ചിന്തിക്കുന്നവരും ഉണ്ടാകാം.. എനിക്കും തോന്നീട്ട്ണ്ട് ;)

അഭിലാഷേ..(ഹോ കുളിര്..കുളിര്)
കമന്റു വായിച്ചു.. ഇന്‍ഷാ ഹനുമാന്‍.. എനിക്കൊരു ആഇഡന്റിറ്റി ഉണ്ട്.. അത് ഇടിവാള്‍ ആയിട്ടല്ല.. ;) അതു കളയാതിരിക്കാന്‍ ശ്രമിക്കാം.. പോരേ?

ബാക്കി ഇവിടെ വന്നവര്‍ക്കും വായിച്ചവര്‍ക്കും നന്ദി.. (ഇ നന്ദിപ്രകടന്‍ ഒരു അറുബോറന്‍ പരിപാടിയാ... ന്നാലും..)

deepam said...

നല്ല എരിവുള്ള കോഴിക്കറി കൂട്ടി ഒരു ഊണും പിന്നെ ഒരു glass വെള്ളവും 2 പഴവും അതിന്റെ മോളിലൊരു ഏബക്കവും വിട്ട് പ്രതീതി.

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.