-- എ ബ്ലഡി മല്ലു --

ഗാനഭൂഷണ്‍

Monday, February 25, 2008

21 ആം വയസ്സില്‍ ഗള്‍ഫില്‍ വിസിറ്റ് വിസയില്‍ പോയി ആറു മാസത്തിനകം തന്നെ, ഇന്ത്യക്കാരു കത്തിച്ചു വിട്ട റോക്കറ്റു പോലെ പുറപ്പെട്ട സ്ഥലമായ വെങ്കിടങ്ങില്‍ ഞാന്‍ തിരിച്ച് ക്രാഷ് ലാന്റ് ചെയ്തതോടെ “ഭൂമി ഉരുണ്ടതാണെന്ന” കാര്യം വ്യക്തമായി. 1- 2 മാസത്തിനകം റസിഡന്‍സ് വിസ അയച്ചുതരാം എന്ന കമ്പനിയുടെ ഉറപ്പും പിന്നെ കഷ്ടി 20000 രൂഭായും കൊണ്ടാണു നാട്ടില്‍ തിരിച്ചിറങ്ങിയത്. വിസ വന്നാല്‍ തിരിച്ച് ദുബായിലേക്ക് ടിക്കറ്റെടുക്കാന്‍ വീട്ടുകാരോടു ചോദിക്കണ്ടല്ലോ എന്നു കരുതി 10000 രൂഭായെടുത്ത് സത്യന്‍ സ്റ്റൈലില്‍ “ഹമ്മേ, ഹെന്റെ കയ്യില്‍ ഹിപ്പ ഹിത്രേ ഹുള്ളൂ ഹമ്മേ, “ എന്നൊരു സെന്റി ഡയലോഗും ചേര്‍ത്ത് അമ്മയുടെ കയ്യില്‍ കൊടുത്തതോടെ ഞാനും ബാക്കി 10000 രൂപയും പിന്നെ കുറേ ദുബായ് വിസാ പ്രതീക്ഷകളും മാത്രം എന്റെ ഇന്‍‌വെന്ട്രിയില്‍ അവശേഷിച്ചു.

മാച്ച് ബോക്സും പടക്കവും തമ്മില്‍ ചേര്‍ത്തുവക്കരുത് എന്ന പറഞ്ഞമാതിരിയാ അന്നു ഞാനും കാഷും തമ്മില്‍... ഗള്‍ഫില്‍ നിന്നും കമേഴ്സിയല്‍ ബ്രേക്കെടുത്തു ഞാന്‍ വിവരം അറിഞ്ഞ് എന്നെ തിരുമുഖം കാണിക്കാനും, ശേഷം എന്റെ തല തിന്നാനുമായി ‍ ഏനാമാവ്, വെങ്കിടങ്ങ്, മുല്ലശ്ശേരി എന്നീ നാനാദേശങ്ങളില്‍ നിന്നും ഓള്‍ഡ് ക്ലാസ് ഗെഡികള്‍ വന്നുതുടങ്ങിയതോടെ വെറും രൊരാഴ്ചക്കകം തന്നെ കയ്യിലിരുന്ന കാശു പോയത് കിഴക്കോട്ടോ വടക്കോട്ടോന്നൊരു നിശ്ച്യോംണ്ടായില്ല. എന്തായാലും കാശൊക്കെ തീര്‍ന്നതോടെ അര്‍മാദത്തിനുംപിന്നെ വന്നിട്ട് രണ്ടാഴ്ചയായി മകനെ കണ്‍നിറയെ ഒന്നു കാണാന്‍ പറ്റിയില്ല എന്ന അമ്മയുടെ പരാതികള്‍ക്കും ഒരറുതി വന്നു. രാവിലെ 8 നു തന്നെ എഴുന്നേറ്റു ഊരുചുറ്റല്‍, കളഴ്സ് കളക്ഷന്‍ ടൌണില്‍ പോയി സില്‍മകള്‍, ബിരിയാനി എന്ന റൂട്ടിനുകളൊക്കെ മാറുകയും, രാവിലെ 10 മണിക്ക് എഴുന്നേറ്റ് 15 ഇഡ്ഡലി, വീണ്ടും ഉറക്കം 2 നു എണീറ്റ് ലഞ്ച് വീണ്ടും ഉറക്കം, 5 നു എഴുന്നേറ്റ് കോഫീ ബ്രേക്ക്, എന്ന പരുവമായി. നീ എഴുന്നേറ്റൊന്നു റസ്റ്റെടുത്ത് ഉറങ്ങടാ എന്നുവരെ ഒരിക്കല്‍ പിതാശ്രീ അരുളിച്ചെയ്തു .

അങ്ങനെയൊരു സാറ്റര്‍ഡേയായിരുന്നു. പണീം കൂലിയുമില്ലാതെ നടക്കുന്നവനെന്ത് സാറ്റര്‍ഡേ എന്ത് മണ്ഡേ എന്തോന്നു വണ്ഡേ? ബട്ട് അന്നാണു ധൂമകേതുവിനെപ്പോലെ , എന്റെ ആത്മാര്‍ത്ഥ സുഹൃത്തും സ്കൂള്‍/കോളേജ് മേറ്റുമായിരുന്ന സതീഷ് പ്രത്യക്ഷപ്പെടുന്നത്. എറണാകുളത്തു എച്.സി.എല്‍ ഇല്‍ ജോലിയായിരുന്ന അവന്‍ ഞാന്‍ ഗള്‍ഫീന്നു വന്നതറിഞ്ഞ് കാണാന്‍ വന്നതായിരുന്നു. വീട്ടുകാരുമായി സംസാരിക്കുന്നതിനിടയില്‍ എന്റെ കുംഭകര്‍ണ്ണ സേവയെക്കുറിച്ച് അച്ഛന്‍ പറഞ്ഞപ്പോഴാണ് അവന്‍ അങ്ങനൊരു സജഷന്‍ വച്ചത് “നീ എന്റെ കൂടെ എറണാംകുളം വാഡേയ്, ഒരാഴ്ച എന്റെ കൂടെ നിന്നു അടുത്തയാഴ്ച നമുക്ക് തിരിച്ചിങ്ങു പോരാം”

ഇവിടെ തൃശ്ശൂരില്‍ നിന്നു മലമറിക്കാനുള്ള കാര്യമൊന്നുമില്ല, നഷ്ടപ്പെടാന്‍ കുറേ കൂര്‍ക്കം വലികള്‍ മാത്രം! ഒരാഴ്ചത്തെ ഫുള്‍ ചെലവിന്റെ ഉത്തരവാദിത്വം അവന്‍ ഏറ്റെടുത്തതിനാല്‍ മാത്രം, ഉറങ്ങിയുറങ്ങി ബോറടിച്ച ഞാന്‍ വോക്കേ എന്നു സമ്മതിച്ചു. ആകെയൊരു പ്രശ്നം ഗേള്‍ഫ്രണ്ടുമായുള്ള ഡെയ്ലിയുള്ള പഞ്ചാരയടിക്ക് ഇനി എസ്.റ്റി.ഡി വിളിക്കണം ! പ്രേമമല്ലേ, അല്പം എക്സ്പെന്‍സീവ് ആയ്ക്കോട്ടേന്നു കരുതി അമ്മക്കു കൊടുത്തിരുന്ന ഫിക്സഡ് ഡെപ്പോസിറ്റില്‍ നിന്നും 1000 രൂപാ ലോണായി എടുത്ത് അത്യാവശ്യം തുണികളൊക്കെയെടുത്ത് ചല്‍ ചലോ എറ്ണാകുളം തെണ്ടിയാത്ര ആരംഭിച്ചു.

തിങ്കളാഴ്ച രാവിലെ അവിടെയെത്തിയതും സതീഷ് എന്നെ അവന്റെ റൂമിലാക്കി ജോലിക്കു പോയി. ഞാന്‍ എന്റെ ജോലിയും തുടങ്ങി.. സേവ് കുംഭകര്‍ണ്ണ പ്രൊജെക്റ്റ് അതായത് കുംഭകര്‍ണ്ണ സേവ. ഊണിന്റെ നേരത്ത് വിളിക്കാനോ വിളമ്പിത്തരാനോ അമ്മയില്ലാത്തതിനാല്‍ ആ നെടുങ്കന്‍ ഉറക്കം അവസാനിച്ചത് ആരോ വന്ന് എന്റെ തോളില്‍ തട്ടിയപ്പോഴായിരുന്നു.

ചാടിയെഴുന്നേറ്റു കൈലിയെല്ലാമുടുത്ത് കണ്ണും തിരുമ്പി നോക്കുമ്പോള്‍ ഒരപരിചിതന്‍ , സതീഷ് പറഞ്ഞിരുന്നു, അവന്റ്റെ കൂടെ താമസിക്കുന്ന സുരേഷ് ആണ് അവന്റെ സര്‍വീസ് മാനേജര്‍, അതുകൊണ്ട് അങ്ങേര്‍ക്ക് അല്പം ബഹുമാനം ഒക്കെ കൊടുക്കണമെന്ന്. സുരേഷുമായി പരിചയെപ്പെട്ട ശേഷം ഉറക്കച്ചടവു വിടാന്‍ ഒരു കുളി പാസാക്കി തിരിച്ചു വന്നപ്പോഴേക്കും സുരേഷ് കടുപ്പത്തില്‍ ഒരു കട്ടന്‍ റെഡിയാക്കി വച്ചിരിക്കുന്നു.. സ്വസ്തി സുരേഷ്ജീ...

കാര്യങ്ങള്‍ സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല, സുരേഷ്ജീ ആളൊരു രസികന്‍.. ആറരയായതും സതീഷ് ജോലി കഴിഞ്ഞു വന്നു. വൈകീട്ടത്തെ ഭക്ഷണം അവര്‍ ഹോട്ടലില്‍ നിന്നായതിനാല്‍ കുക്കിങ്ങ് ഒന്നും ചെയ്യാനില്ല. ഫ്രഷായി വന്ന സതീഷ് അവന്റെ ബാസു തുറന്ന് ഒരു പൈന്റ് കുപ്പിയെടുത്ത് മേശപ്പുറത്തു വച്ചു. സുരേഷ്ജിയുടെ കണ്ണുകള്‍ കുറഞ്ഞ വോള്‍ട്ടേജുള്ള ആ വൈകുന്നേരത്തും തിളങ്ങി. ഞാന്‍ പുരികം വളച്ച് ചോദ്യഭാവത്തില്‍ സതീഷിനെ നോക്കി...

എന്തുവാടേ ഇത്?
പൈന്റ്! എന്തേ നിനക്കു വേണ്ടേ, നീ അടി നിര്‍ത്തിയാ..സതീഷിന്റെ കണ്ണില്‍ അത്ഭുതം.

ഒവ്വ, അതല്ല ചോദിച്ചത് കോപ്പേ.. ഈ പൈന്റുകൊണ്ട് മൂന്നുപേര്‍ക്ക് എന്താവാനാ? പോയി ഒരു പൈന്റുകൂടെ വാങ്ങടേയ്, എന്നു പറഞ്ഞപ്പോഴേ സതീഷിന്റെ കണ്ണിലെ അത്ഭുതം നിലച്ചുള്ളൂ..

പക്ഷേ ആ അത്ഭുതം സുരേഷിന്റെ മുഖത്തോട്ട് ചാടിക്കയറി!

എന്നാപ്പിന്നെ എല്ലാര്‍ക്കും ഒരുമിച്ചങ്ങു പോവാം എന്നു സുരേഷ് പറഞ്ഞെങ്കിലും, “സുരേഷ്ജീ വരണ്ടാ, ഞങ്ങള്‍ പോയി വാങ്ങിക്കോളാം” എന്നു ബഹുമാനത്തോടെ സതീഷ് തടഞ്ഞു.. വരുന്ന വഴിക്ക് ഭക്ഷണവും വാങ്ങി വരുമ്പോഴേക്കും, സുരേഷ്ജീ 3 ഗ്ലാസൊക്കെ കഴികി വൃത്തിയാക്കി ടച്ചിങ്ങ്സ് എല്ലാം റെഡിയാക്കി വച്ചിരിക്കുന്നു. മുന്നിലിരിക്കുന്ന പൈന്റ് എത്രനേരമെന്നു വച്ചാ നോക്കി വെള്ളമിറക്കുക എന്നതിനാല്‍ ആശാന്‍ ഒരെണ്ണം വീശുകയും ചെയ്തിരുന്നു.

രണ്ടുമൂന്നു റൌണ്ടു കഴിഞ്ഞതും സുരേഷ്ജീ ഫോമിലായി, നുമ്മളിതെത്ര കണ്ടതാ എന്ന റോളില്‍ ഞാനും സതീഷും കാര്യപരിപാടികളില്‍ ശ്രദ്ധയൂന്നിക്കൊണ്ടിരിക്കുന്നതിനിടയില്‍ 1000 വാട്ടിന്റെ സ്പീക്കര്‍ ചെവിക്കടുത്തുവച്ച ഫീലിങ്ങ് തന്നുകൊണ്ട് ഒരു ഗാനം ഒഴുകിവന്നു..

അകലേ.... അകലേ... അകലെ..
അകലേയകലേ നീലാകാശം..അകലേ അകലേ..

സുരേഷ്ജീയാണു, പാടുന്നത്, കട്ടിലില്‍ ചാരിയിരുന്നു അദ്ദേഹം തകര്‍ക്കുകയാണ്, പക്ഷേ, അകലേ..അകലേ എന്ന വാക്കുകള്‍ മാത്രം ടേപ്പു ചുറ്റിപ്പിടിച്ച, സ്ക്രാച്ചുള്ള സീഡിയിട്ട പോലെ, റിപ്പീറ്റഡ് ആയി ഒഴുകയാണ്!..ഇതിലും വൃത്തികേടായി ഒരാള്‍ പാട്ടു പാടുന്നത് ഞാന്‍ കേട്ടത് പണ്ടു കോളേജ് ഡേക്ക് മെക്കാനിക്കലിലെ മണ്ഡേല എന്ന ചെല്ലപ്പേരുള്ള സജി പാടിയപ്പോഴായിരുന്നു.

എന്തു വൃത്തികെട്ട പാട്ടാണെടേയ് ഇത്? യേശുദാസ് ഇതു കേട്ടാല്‍ സ്വയം പോയിന്റ് ബ്ലാങ്കില്‍ തലക്ക് വെടിവച്ച് ആത്മഹത്യ ചെയ്യുമല്ലഡേയ് എന്നു ഞാന്‍ സതീഷിനോട് മെല്ലെ ചോദിച്ചു.

“മിണ്ടല്ലേടാ” എന്നു തിരിച്ച് അവനു എന്നോടു പറഞ്ഞതോടെ, സുരേഷ്ജിയുടെ പാട്ടാസ്വദിക്കുന്നപോലെ അതില്‍ ലയിച്ചിരുന്നു ഒഴിച്ച് വച്ചിരുന്ന ഗ്ലാസ് കാലിയാക്കി... ഇദ്ദേഹത്തിന്റെ ഇനിയുള്ള മധുരമൊഴികള്‍ സഹിക്കണമെങ്കില്‍, ഒരു ഫുള്ള് ഒറ്റക്കടിക്കേണ്ടി വരും എന്ന നഗ്നസത്യം ഞാന്‍ ഞെട്ടലോടെ മനസ്സിലാക്കി.

5 മിനിറ്റോളം നഴ്സറിപ്പിള്ളേരു ഇമ്പോസിഷന്‍ എഴുതുന്ന പോലെ “അകലേ” എന്നു ഒരു നൂറു തവണ ചൊല്ലി സുരേഷ്ജീ ആ ഗാനം ക്ലോസ് ചെയ്തു.. ഇനി ഏതു പാട്ടുവേണമെടേയ് എന്ന റോളില്‍ എന്നെയും സതീഷിനേയും നോക്കി.. ചേട്ടാ ചതിക്കല്ലേ എന്ന ഭാവത്തില്‍ ദയനീയമായി ഞാന്‍ നോക്കിയതിനെ പുല്ലുവില നല്‍കി അദ്ദേഹം അടുത്ത പാട്ടെടുത്തിട്ടു.. “കാക്കത്തമ്പുരാട്ടി.. കറുത്തമണവാട്ടി..”കൂടെവിടെ..

ഇത് അല്പം കൂടി ഭേദമായിരുന്നു.. പാട്ടിന്റെ ഒരു വരി എങ്കിലും അറിയാം. മാനനക്കുന്ഇന്റെ മോളില്‍ പോയി ഹലോ എന്നോരിയിട്ടാല്‍, സെക്കന്റുകള്‍ക്കു ശേഷം ഹലോ.ലോ.ലോ.ലോ.ലോ” എന്ന എക്കോ കിട്ടുന്ന പോലെ കൂടെവിടെ കൂടെവിടെ എന്നു കുറേതവണ സുരേഷ്ജീ ചോദിച്ചു.. കൂടന്വേഷിച്ച് ക്ഷീണിച്ചതും അദ്ദേഹം അടുത്ത പെഗൊഴിച്ചു. ഇതിനിടയില്‍ സതീഷ് സുരേഷ്ജിയെ പ്രോത്സാഹിപ്പിച്ചു.. സുരേഷ്ജീ, നിങ്ങടെ ആ മാസ്റ്റര്‍ പീസില്ലെ അതു പാട്..”

എടാ ദുഷ്ടാ എന്ന മുഖഭാവത്തോടെ സതീഷിനെ നോക്കിയ ഞാന്‍ അവനോടു പറഞ്ഞു. “അതു ശരി , സ്ഥിരം പരിപാടിയാ അല്ലേ, നിന്റെ ചെവിയൊന്നു പരിശോധിച്ചോ”
സുരേഷ്ജീ വിടാനുള്ള ഭാവമില്ല “ അതു പാടണോടാ സതീഷേ”...

യെസ് യെസ് ..സുരേഷ്ജീ പാടൂ.. അതല്ലെ നിങ്ങള്‍ടെ സ്പെഷല്‍..

സതീഷിന്റെ കയ്യില്‍ തോണ്ടിക്കൊണ്ട് ഞാന്‍ മെല്ലെ അവനോടു പറഞ്ഞു..”ഡാ തെണ്ടീ.. നിന്റെ പ്രൊമോഷനു വേണ്ടി നീ എന്റെ കര്‍ണ്ണപുടങ്ങളെ കൊലക്കു കൊടുക്കല്ലേ.. ഫോണ്‍‍ ചെയ്യുമ്പോള്‍ ഒന്നും കേള്‍ക്കാതെ ഞാന്‍ തപ്പിത്തടയുമ്പോള്‍ ഈ പൊട്ടച്ചെവിയനെയാണോ ഞാന്‍ പ്രേമിക്കുന്നേയെന്നോര്‍ത്ത് ജയശ്രീയെങ്ങാന്‍ എന്നെ ഉപേക്ഷിച്ചാല്‍ നിന്നെ ഞാന്‍ കൊല്ലും

അപ്പോഴേക്കും സുരേഷ്ജിഅങ്ങേരുടെ മാസ്റ്റര്‍പീസെടുത്ത് പുറത്തിട്ടു (തെറ്റിദ്ധരിക്കല്ല്..പ്ലീസ്)
“ഒരു മധുരക്കിനാവിന്‍ ലഹരിലെങ്ങും കൊടമുല്ല പൂവിരിഞ്ഞു..അതിലായിര മാശകളാലൊരു തേന്വണ്ടു ഞാന്‍.... തൊട്ടു മുന്‍പടിച്ച പെഗ്ഗിന്റെ എഫക്റ്റില്‍ വരികള്‍ വലിയുന്നുണ്ട്, ബാറ്ററി വീക്കായ ടേപ്പ് റെക്കോര്‍ഡര്‍ പോലെ...

എനിക്കീ പാട്ടു കേട്ടപ്പോ വീഡീ രാജപ്പന്റെ പാരഡിയാ ആദ്യം ഓര്‍മ്മ വന്നത്..
“ഒരു മധുരക്കിഴങ്ങിന്‍ വലുപ്പത്തിലവനുടെ
പെരടിക്ക് മൊഴ വന്നു”

സുരേഷ്ജിക്ക് വല നെയ്യുന്നവരോട് എന്തോ വല്ല വൈരാഗ്യവുണ്ടോ ?
“അതിലായിരമാശകളാലൊരു പൊന്‍ വല നെയ്യും, അലരേ തേന്‍ വണ്ടു ഞാന്‍“ എന്ന വരികളിലെ പൊന്‍ വല നെയ്യും എന്ന വരി വിട്ടുകളഞ്ഞല്ലോ എന്നു ഞാന്‍ സൂചിപ്പിക്കുന്നതിനു മുന്‍പേ, ചുള്ളന്‍ 110 കെവി സബ്സ്റ്റേഷനില്‍ കയറിപ്പിടിച്ച പോലെ ചാടിയെഴുന്നേല്‍ക്കയും, കൈലി ഊരിപ്പോയതൊന്നും ശ്രദ്ധിക്കാതെ നൃത്തച്ചുവടുകള്‍ തുടങ്ങുകയും ചെയ്തു..

ആഹ.. വിചാരിച്ച പോലല്ലോ.. ആളൊരു സകലകലാവല്ലഭ കമലഹാസനാണല്ലോ എന്നോര്‍ത്ത് ഇടത്തോട്ട് തിരിഞ്ഞ് നോക്കിയപ്പോ സതീഷിനെ കാണാനില്ല, പകരം അവന്റെ രണ്ടു കാലുകള്‍ മാത്രം നിന്നു ഡാന്‍സു കളിക്കുന്നു.. ചുള്ളനും മാനേജര്‍ സുരേഷ്ജീയും കൂടി നല്ലകിണുക്കന്‍ കാബറേ..

ഇതുകണ്ടുനില്‍ക്കാന്‍ കെല്‍പ്പില്ലാതെ ഞാന്‍ വീണ്ടും ഗ്ലാസ്സു നിറച്ചു. കാബറേക്കു ശേഷം ക്ഷീണിച്ച സതീഷ്ജീയും സുരേഷ്ജീയും തറയില്‍ ഇരുന്നു... സതീഷിനോട് സുരേഷ്ജീയുടെ ഓര്‍ഡര്‍..

ഇനി നീ പാടടാ സതീഷേ.... കേള്‍ക്കാന്‍ കാത്തിരുന്ന പോലെയായിരുന്നു സതീഷിന്റെ റെസ്പോണ്‍സ്

“ഒറ്റകമ്പി വീണാ നാദം മാതം..” സതീഷ് ആലാപനം തുടങ്ങി.. അതു ശരി, പിടിച്ചതിലും വലിയതാ അളയിലുള്ളേ എന്ന മട്ടില്‍ ഞാന്‍ സതീഷിനെ നോക്കി.. സതീഷ് ഒരു വിധം ആ പാട്ടു പാടി തീര്‍ത്തു...

ഇനി താന്‍ പാടടോ വാളേ.. “സുരേഷ്ജീ അടുത്ത ഓര്‍ഡറിട്ടു”..

അയ്യോജീ, ഞാന്‍ പാട്ടു പാടാറില്ല.... അറിയാത്ത പണിക്കു പോവാറില്ല.. ഞാന്‍ വിനീതമായി ബോധിപ്പിച്ചു..

നോ.. യൂ കാന്‍ സിങ്ങ് .. തന്നെ കണ്ടാല്‍ അറിയാം താന്‍ പാടുമെന്നു..സുരേഷ്ജീ വിടാന്‍ ഭാവമില്ല..

എന്റെ ഏതുഭാഗം കണ്ടാലാ ചേട്ടാ ഞാന്‍ പാടുമെന്നു തോന്നുക എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും, വെള്ളമടി സഭയില്‍ വല്ലാത്ത ജാഢ കാണിക്കുന്നതോ, കാണിക്കുന്നവരേയോ എനിക്ക് ഇഷ്ടമില്ലാത്തതിനാല്‍, ഞാന്‍ ആ സാഹസത്തിനു മുതിര്‍ന്നു.. അറിയാത്ത പിള്ള ചൊറിയുമ്പോ അറിയുമെന്നാണല്ലോ.. അനുഭവിക്കട്ടെ സതീഷ്ജീയും സുമേഷ്ജീയും...

ഞാന്‍ ഹമ്മിങ്ങ് ഇട്ടു, ശേഷം ഒരു പെഗ്ഗു കൂടി അടിച്ച് കണ്ഠശുദ്ധിവരുത്തി.. എന്റെ ഓര്‍മ്മയില്‍ മലയാളഗാനാ ശാഖയുടെ കൊലയാളിയായ മെക്കാനിക്കലിലെ മണ്ഡേലയെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ തുടങ്ങി...

ആ...ആആആആ.. ആആആ.........
ഇത്രേം എത്തിക്കഴിഞ്ഞപ്പോഴാണു ഏതു പാട്ടു പാടണം എന്നൊരു കണ്‍ഫ്യൂഷന്‍ എനിക്ക് വന്നത്... ആ..ആ ആ എന്നു തുടങ്ങുന്ന കുറേ പാട്ടുകളുണ്ടല്ലോ മനസ്സില്‍.. ഞാന്‍ സതീഷിനേയും സുരേഷ്ജീയേയും ഏറുകണ്ണിട്ട് നോക്കി... എന്റെ ആ..ആ..ആആആആ” യില്‍ ലയിച്ച് തീര്‍ന്ന ഗ്ലാസ്സില്‍ പെഗ്ഗൊഴിക്കാന്‍ പോലും മറന്ന് ആസ്വദിക്കയാണവര്‍.. ഇത്രേം പ്രോസ്ലാഹനം തരുന്ന ഓഡിയന്‍സിനെ നിരാശനാക്കുന്നതെങ്ങനെ.. പെട്ടെന്നു കാമുകിയെ മനസ്സില്‍ ഓര്‍മ്മ വന്നു.
കുറച്ചു ദിവസം മുന്‍പ് കണ്ട് സല്ലാപം സിനിമയിലെ നല്ലൊരു പ്രേമഗാനം തന്നെയാവട്ടേ...“പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം..
ഗന്ധര്‍വ്വ ഗായകന്റെ മന്ത്ര വീണ പോലെ..

എന്റെയാ ഗാനമാധുരി ആസ്വദിക്കാന്‍ ലോഡ്ജിന്റെ വെളിയില്‍ കീകീ ന്നു കഠോരശബ്ദം പുറപ്പെടുവിച്ചിരുന്ന ചിവീടുകള്‍ പോലും നിശബ്ദരായി {ആരാണ്ട്രാ ഞങ്ങളേക്കാളും ഹൈ പിച്ചിലു കാറണത് എന്നോര്‍ത്താവാം....സ്വരരാഗ ഗംഗാ പ്രവാഹങ്ങള്‍ പോലെ ആ പാട്ടിലെ വരികള്‍ അനര്‍ഗ്ഗളം കൂലം കുത്തിയൊഴുകി.. എന്റെ രണ്ട് പ്രേക്ഷകരും സംഭവം‍ കണ്ണടച്ചിരുന്നു കൈകള്‍ വേവ് ചെയ്തും തുടകളില്‍ താളം പിടിച്ചും ആസ്വദിക്കുന്നുവെന്നറിഞ്ഞതോടെ ഞാന്‍ ഒന്നരക്കട്ടയില്‍ നിന്നും ഡയറക്റ്റായി 5 കട്ടയിലേക്ക് ഹൈജമ്പാക്കി..

ഏകാന്ത ജാലകം തുറക്കൂ ദേവീ‍ീ.. നില്പൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ എന്ന സ്ഥലമെത്തിയപ്പോള്‍ “സംഗതികള്‍“ കുതിരാന്‍ കയറ്റം ഫുള്‍ ലോഡില്‍ കയറിയ ആപെ പെട്ടി ഓട്ടര്‍ഷ മാതിരിയാവുകയും ടെമ്പോ പോയി ശ്രുതിയെ ഇടിച്ച് തെറിപ്പിച്ച് ചരണങ്ങളും പല്ലവികളുമൊക്കെ തകര്‍ന്നു തരിപ്പണമായി , എങ്കിലും ഒരു വിധത്തില്‍ സംഭവം പാടി അവസാനിപ്പിച്ചു.....

രണ്ടു സെക്കന്റു കണ്ണടച്ചിരുന്നു ഞാന്‍ ശ്വാസം ആഞ്ഞു വലിച്ചു വിട്ടു .കണ്ണു തുറന്നു നോക്കിയപ്പോള്‍ സതീഷ്ജീയും സുരേഷ്ജിയും അനക്കമില്ലാതെ ഇരിക്കുന്നു. ഈശ്വരാ പാട്ടുപാടി കൊലപാതകം നടത്തിയെന്നതിനു തൂക്കുമരമാണോ ഐ.പി.സി പ്രകാരം ശിക്ഷ... ഒരു നേടുവീര്‍പ്പിട്ട് സതീഷിനെ ഒന്നു തോണ്ടിയൊപ്പോഴേക്കും.. മുറിയില്‍ കയ്യടികള്‍.. നാലു കൈകള്‍ ( സുരേഷ്+സതീഷ് രണ്ടെണ്ണം വച്ച് രണ്ടു പേര്‍ക്കും) തുടരെ തുടരെ കയ്യടിച്ചുകൊണ്ടേയിരുന്നു.. ഭാഗ്യത്തിനു ആ കൈകള്‍ക്കിടയില്‍ എന്റെ മുഖമൊന്നും ഉണ്ടായിരുന്നില്ല.

വഹ് ഭായ് വഹ്! സുരേഷ്ജീ എഴുന്നേറ്റ് നിന്നു പറഞ്ഞു... താന്‍ എഴുന്നേല്‍ക്ക്..ഞാന്‍ എനീറ്റു നിന്നു.

സ്നേഹപൂര്‍വ്വം, എന്റെ രണ്ടു തോളിലും കൈകള്‍ വച്ച് സുരേഷ്ജീ പറഞ്ഞു.. ഗംഭീരം..

സുരേഷ്ജീ ഒരബദ്ധം പറ്റിപോയി ആക്കരുത്.. ഞാന്‍ അപേക്ഷിച്ചു..

ഇല്ലടോ.. ഞാനതില്‍ ലയിച്ചു പോയി..മലയാള സംഗീതത്തിനു കിട്ടിയ വരദാനമാണു താന്‍..

സുരേഷ്ജീ, ശവത്തില്‍ കുത്തി വേദനിപ്പിക്കുന്നത് കുറ്റകരമാണ്! ഞാനോര്‍മ്മിപ്പിച്ചു..

അല്ലഴോ, ഞ്യാന്‍ കാര്യായിട്ടാന്നേയ്.. താനൊന്നും ഇവിടെ പാടേണ്ടതല്ല.. ദാസേട്ടനൊന്നും ഒന്നുമല്ല ഈ പാട്ടിന്റെ മുന്നില്‍.. തനിക്കൊക്കെ പ്രോപ്പര്‍ ട്രെയ്നിങ്ങ് കിട്ടാത്തതിന്റെ കുറവാ.... നീ നന്നായി വരും.. വല്യൊരു പാട്ടുകാരനാവും..

ചമ്മലൊതുക്കിന്നതിനിടെ ഞാനോര്‍ത്തു: ശരിയാ, വീട്ടില്‍ പറമ്പ് കിളക്കാന്‍ വരുന്ന ദാസേട്ടനൊന്നും ഒന്നുമല്ല, പക്ഷേ ഈ ക്രൂരന്‍ ആ ദാസേട്ടനെയല്ല സാക്ഷാല്‍ യേശുദാസിനോടാണു ഉപമ.. എന്റെ ചങ്കു തകര്‍ന്നു.. വെള്ളപ്പുറത്തല്ലേ, സതീഷിന്റെ മാനേജരല്ലേ.. എന്റെ വികാരങ്ങളെ ഞാന്‍ ആ ഫിറ്റിന്‍ പുറത്തും ഒരു വിധം കണ്ട്രോളു ചെയ്തു.. എന്നാലും മനസ്സില്‍ എന്തോ ഒരു ചെറിയ സന്തോഷം തോന്നിയോ? ഏയ്...

സുരേഷ്ജി തറയിലേക്കിരുന്നു അടുത്ത റൌണ്ട് ഒഴിച്ക്കുമ്പോഴും അതു വലിച്ചടിച്ച് കട്ടിലിലേക്ക് ചരിഞ്ഞ് കിടക്കുമ്പോഴും പിറുക്കുന്നുണ്ടായിരുന്നു..
“വണ്ടര്‍ഫുള്‍‍ മാന്‍.. നിനക്ക് ട്രെയിനിങ്ങിന്റെ കുറവാ”...ഈ വാക്കുകള്‍ പറഞ്ഞുകൊണ്ട് അദ്ദേഹം ഉറക്കത്തിലേക്കൂളിയിട്ടു..

അതു കേട്ടതും എന്റെ ചമ്മലൊക്കെ മാറി, ഞാനും സതീഷും ചിരിയോട് ചിരി.... സതീഷിന്റെ വക ഒരിക്കല്‍ കൂടി ആക്കല്‍ “ഡാ, നിനക്ക് ട്രെയ്നിങ്ങിന്റെ കുറവാ”..

പ്‌ഭാ തെണ്ടീ.. എനിക്കെന്തിന്റെ കുറാവാന്നു പറയാമെടേയ് ഇങ്ങുവാ %^*#%$^# ഞാന്‍ രണ്ടു ഗ്ലാസ്സുകളും നിറച്ചു ഒന്നു സതീഷിനു നീട്ടി..
ചിയേഴ്സ്... ഞങ്ങളുടെ ഗ്ലാസ്സുകള്‍ കൂട്ടിമുട്ടുന്ന ശബ്ദത്തിനകമ്പടിയായി സുരേഷ്ജിയുടെ കൂര്‍ക്കം വലിയും ആരംഭിച്ചു.

വര്‍ഷങ്ങള്‍ക്കു ശേഷം, ഇതെല്ലാം ഓര്‍മ്മയില്‍ ഒരു തമാശയായി, പാട്ടു പഠിച്ച ഒരു പെണ്ണിനെ തന്നെ കെട്ടി.. എപ്പൊഴോ ഒരിക്കല്‍ ഈ കഥ അവളോടു പറഞ്ഞിരുന്നു..

ഇടക്ക് കാറില്‍ വച്ച് ഇഷ്ടപ്പെട്ട പാട്ടുകളുടെ ഒന്നു രണ്ടു വരികള്‍ ഞാന്‍ മൂളുമ്പോള്‍ അവള്‍ പറയും.. “മനുഷ്യാ.. നിങ്ങളാ പാട്ടു നശിപ്പിക്കല്ലേ.. നിങ്ങള്‍ക്കു ട്രെയ്നിങ്ങിന്റെ കുറവുണ്ട്..”

63 comments:

ഇടിവാള്‍ said...

ഒരു പുതിയ പോസ്റ്റ്
നിങ്ങള്‍ക്കു ട്രെയ്നിങ്ങിന്റെ കുറവുണ്ട്..”

വാല്‍മീകി said...

ഹഹഹ..ഇടിവാള്‍ പോസ്റ്റ്.

തേങ്ങാ ഞാനുടയ്ക്കാം. ഠേ....

എന്തായാലും ട്രെയിനിംഗിന്റെ കുറവ് കാണുന്നുണ്ട്.

ശ്രീവല്ലഭന്‍ said...

പഴയ പാര്‍ട്ടികളും പാട്ടുകളും ഓര്‍മപ്പെടുത്തിയതിനു നന്ദി :-)

konchals said...

ഇതു നമ്മുടെ പുറമ്പോക്കു അസ്സോസിയേഷന്‍ മെംമ്പെഴ്സ്‌ അല്ലെ, അപ്പൊ പിന്നെ ഇത്ര ഒക്കെ മതി.... ഇതിലും കൂടുതല്‍ നന്നാക്കിയാല്‍ പേരുവെട്ടും, പറഞ്ഞില്ലാ എന്നു വേണ്ടാ..

എണ്റ്റെ വീട്ടില്‍ ഞാന്‍ അല്ലാ, എണ്റ്റെ മറ്റേപാതി ആണു നീ പാടി ഈ പാട്ടു നശിപ്പിക്കല്ലേ എന്നു പറയുന്നേ

അല്ലേലും ഇത്തിരി പാടാന്‍ അറിയുന്നോര്‍ക്കു ഒടുക്കത്തെ ഗമ ആണു.....

എന്തായലും കലക്കി കേട്ടോ .....

Gopan (ഗോപന്‍) said...

ഹ ഹ ഹ,
രസികന്‍ പോസ്റ്റ്..
:)

പാമരന്‍ said...

അല്ല ഇടിവാളേ നമ്മള്‍ കൂടിയിട്ടോണ്ടോ...?

(ങ്ഹും.. സാധാരണ വെള്ളമടിക്കൊക്കെ ഞാനിരുന്നു പാടാറുള്ളതാ... :) )

കലക്കന്‍ പോസ്റ്റ്‌!

Jayarajan said...

അതു ശരി. പഴയ കഥകളുടെ സ്റ്റോക്ക് തീര്‍ന്നിട്ടില്ല അല്ലേ, ഇടിവാള്‍ജീ? ഇനിയും പോരട്ടെ ഇതുപോലെ കുറച്ചെണ്ണം!

പൊറാടത്ത് said...

‘കയ്യിലിരുന്ന കാശു പോയത് കിഴക്കോട്ടോ വടക്കോട്ടോന്നൊരു നിശ്ച്യോംണ്ടായില്ല..‘
അപ്പോ തൃശ്ശൂര്‍, ഗുരുവായൂര്‍ ഭാഗത്തെ ഒറ്റ ബാറുകളും ഒഴിവാക്കിയില്ല എന്നര്‍ത്ഥം...

കലക്കീട്ട്ണ്ട്ട്ടാ...

ശ്രീ said...

കലക്കി, ഇടിവാള്‍ജീ... കിടിലന്‍ പോസ്റ്റ്.

ട്രെയിനിങ്ങീന്റെ ഒരു ചെറിയ കുറവ് ഉണ്ടേലും അതു ഞങ്ങളങ്ങു സഹിച്ചു.

ഇപ്പറഞ്ഞ സതീഷ് സാറിന്റെ വീട് ഏതു ഭാ‍ഗത്താ?
അല്ല, എനിയ്ക്കുമുണ്ടൊരു സുഹൃത്ത്. പിള്ളേച്ചന്‍ എന്നാ ഞങ്ങള്‍ വിളിയ്ക്കുന്നത്. ആശാനും ഇതു തന്നെയാണ് പരിപാടി. ഏതു പാട്ടാ‍യാലും കയറി കൈ വയ്ക്കും. ആകെ അറിയാവുന്നത് ആദ്യ രണ്ടു വരി മാത്രവും. പിന്നെ, അത് റിപ്പീറ്റു ചെയ്ത് പാടിക്കൊണ്ടിരിയ്ക്കും. സഹിയ്ക്കാന്‍ പറ്റാതെ അവനെ കൈ വയ്ക്കാത്തവര്‍ ഞങ്ങള്‍ക്കിടയിലില്ല്ല.
:)

വിന്‍സ് said...

/ വിസ വന്നാല്‍ തിരിച്ച് ദുബായിലേക്ക് ടിക്കറ്റെടുക്കാന്‍ വീട്ടുകാരോടു ചോദിക്കണ്ടല്ലോ എന്നു കരുതി 10000 രൂഭായെടുത്ത് സത്യന്‍ സ്റ്റൈലില്‍ “ഹമ്മേ, ഹെന്റെ കയ്യില്‍ ഇപ്പ ഹിത്രേ ഹുള്ളൂ ഹമ്മേ, “ എന്നൊരു സെന്റി ഡയലോഗും ചേര്‍ത്ത് അമ്മയുടെ കയ്യില്‍ കൊടുത്തതോടെ ഞാനും ബാക്കി 10000 രൂപയും പിന്നെ കുറേ ദുബായ് വിസാ പ്രതീക്ഷകളും മാത്രം എന്റെ ഇന്‍‌വെന്ട്രിയില്‍ അവശേഷിച്ചു.
/

ഹഹഹഹ കലക്കന്‍. ഇടിവാളണ്ണാ .... ഗ്യാപ്പുകള്‍ ഇടാതെ വാളെടുത്തു വീശും ഇനി മുതല്‍ എന്നു വിചാരിക്കുന്നു :)

വിന്‍സ് said...

/ഇതിലും വൃത്തികേടായി ഒരാള്‍ പാട്ടു പാടുന്നത് ഞാന്‍ കേട്ടത് പണ്ടു കോളേജ് ഡേക്ക് മെക്കാനിക്കലിലെ മണ്ഡേല എന്ന ചെല്ലപ്പേരുള്ള സജി പാടിയപ്പോഴായിരുന്നു.
/

ഇടിവാളണ്ണാ..... ഞാന്‍ വായിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ പിടിവിടുന്ന ലൈന്‍സ് ഒക്കെ എടുത്തു കോട്ടുകയാ കേട്ടൊ... ഒന്നും തോന്നരുതു. യു ആര്‍ റിയലി ബാക്ക്!

ഇത്തിരിവെട്ടം said...

ഹ ഹ ഹ... വള്‍ജീ പഴയ ഫോമിലായല്ലോ... വരട്ടേ കാണ്ഡം കാണ്ഡമായി പുതിയ കഥകള്‍. ആ സംഗതി പെട്ടി വായിച്ച് ചിരിച്ച ചിരിക്ക് പകരം എന്റെ ജോലി പോയാല്‍ ഒരു സിവി അങ്ങോട്ട് വരും... :)

ഡ്രോയിംഗ് നോക്കി കഴിഞ്ഞ ദിവസം ഇവിടെ ആരോ പറയുന്നത് കേട്ടു... ഇതില്‍ ഒരു സംഗതിയുടെ കുറവ് ഉണ്ടെന്ന്...

ഏതായാലും “ഹരി മുരളീരവം...” പാടാന്‍ തോന്നാത്തത് ഭാഗ്യം.

റെജിന്‍പത്മനാഭന്‍ said...

ഒരു മധുരക്കിനാവിന്‍ ലഹരിലെങ്ങും കൊടമുല്ല പൂവിരിഞ്ഞു..അതിലായിര മാശകളാലൊരു തേന്വണ്ടു ഞാന്‍"
അഖിലലോക കള്ള് കുടിയന്മാരുടെ ഈ പാട്ടിനെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതു , പ്ലീസ്
ഇടിവാളേ നന്നായി ചിരിച്ചൂ അദ്യായിട്ടാ നിങ്ങട ബ്ലോഗ് വായിക്കുന്നതു , കലക്കീട്ടോ

ആഗ്നേയ said...

ഭാഗ്യം.ആ കയ്യടികള്‍ക്കിടയില്‍ എന്റെ മുഖമുണ്ടായിരുന്നില്ല :))
എന്തായാലും പോസ്റ്റ് വഴി ആ ഭാഗത്ത് ഇങ്ങനൊരു ഗായകനുണ്ടെന്ന അറിവുകിട്ടിയത് കാര്യമായി..
നോക്കീം കണ്ടും നടക്കാമല്ലോ!

കുറുമാന്‍ said...

നീ എഴുന്നേറ്റൊന്നു റസ്റ്റെടുത്ത് ഉറങ്ങടാ എന്നുവരെ ഒരിക്കല്‍ പിതാശ്രീ അരുളിച്ചെയ്തു . ഹ ഹ ഹ

ഇടിയേ.......ഇത് കലക്കീട്ടാ...എന്നാലും ട്രെയിനിങ്ങിന്റെ കുറവുണ്ടെന്ന് എനിക്ക് തോന്നുന്നില്ല...

അന്ന് താന്‍ പാടിയ പാട്ട് ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നു :)

Sharu.... said...

കിടിലന്‍ പോസ്റ്റ്.... നന്നായി രസിച്ചു :)

അപ്പു said...

ഇടിവാള്‍ സ്റ്റൈല്‍ വീണ്ടും. !!!!!!!!!!!!!

കാവലാന്‍ said...

"ഒവ്വ, അതല്ല ചോദിച്ചത് കോപ്പേ.. ഈ പൈന്റുകൊണ്ട് ഇത്രേം പേര്‍ക്ക് എന്താവാനാ? പോയി ഒരു പൈന്റുകൂടെ വാങ്ങടേയ്.."

തള്ളേ.....യെന്തര് കലിപ്പ് കള് ഇരുത്തി പ്പൊറുപ്പിക്കില്ലല്ലേ...
ദേ വര്ണു മനേജര്.
അടുത്ത പൈന്റിനു കാണാം..(കമ്പനി ബ്ലോഗര്‍ ബ്ലോക്കു ചെയ്തില്ലെങ്കില്‍)

ദില്‍ബാസുരന്‍ said...

വിന്റേജ് സാധനം. ഇടിവാള്‍ ഈസ് ബാക്ക്. :)

നിലാവര്‍ നിസ said...

യ്യോ ഇടിവാള്‍ സാര്‍ പാടല്ലേ..
യ്യോ ഇടിവാള്‍ സാര്‍ പാടല്ലേ..

അഭിലാഷങ്ങള്‍ said...

യ്യ യ്യ യ്യാ‍ാ‍ാ‍ാ‍ാ....!

ഇടിവാളേ ചുമ്മാ ഒരു ഉമ്മ തരട്ടെ?

(യേയ്.. തെറ്റിദ്ധരിക്കേണ്ട..കുറേ ചിരിപ്പിക്കുന്ന ആളുകളോട് ഞാന്‍ സ്ഥിരം പറയാറുള്ള ഡയലോഗാ..! അല്ലാതെ, അയ്യഡ, ഉമ്മതരാന്‍ പറ്റിയ ഒരു സാധനം..ഇടിവാള്‍! വേണേല്‍ മോന്തക്കിട്ട് ഒരിടി തരാം..)

ഈ ഇടിവാളിനെയാ ഞാന്‍ അന്വേഷിച്ച് നടന്നത്. കഴിഞ്ഞപോസ്റ്റില്‍ കണ്ടില്ല എന്ന് വിമര്‍ശ്ശിച്ചതും അതുകൊണ്ടാ, കാര്യാക്കണ്ട. (ബട്ട്, ഒരു കാര്യം മനസ്സിലായി, കഴിഞ്ഞകളിയില്‍ ഇന്ത്യ ആസ്‌ട്രേല്യയുമായി തോല്‍ക്കാന്‍ ഏകകാരണം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് എന്ന് സഞ്ചൈ മഞ്ചറേക്കര്‍ ഇന്നലെ വിമര്‍ശ്ശിച്ചപ്പോ ദാ ഇന്ന് സച്ചില്‍ 50 അടിച്ചു. ഇന്ത്യ ശ്രീലങ്കയോട് ജയിച്ചു. ബു ഹ ഹ..) .ഇടിവാള് ഇവിടെ സെഞ്ച്വറി അടിച്ചു!!

കുറേ ചിരിച്ചു. സുരേഷും സതീഷുമൊക്കെ ‘ശുദ്ധ ശ്രുതിയിലും ടെം‌പോയിലും‘ പാടിയ പാട്ടിന്റെ ആ ഗാനചാരുത, ഹോ.. സംഗീതം അനര്‍ഗ്ഗളനിര്‍ഗ്ഗളം ഒഴുകി..! ശരിക്കും ആസ്വദിച്ചും. പിന്നെ, ‘വല നെയ്യുന്നവനോടല്‍പ്പം വൈരാഗ്യമുള്ള ഉസ്താദ് സുരേഷാശാന്‍ നൃത്തംവച്ച് ‘സംഗതികളോടെ’ പാടിയപ്പോ ഉടുത്തിരിക്കുന്ന കൈലിയ്യുടെ ടെം‌പോ അല്പം ലൂസായി പിച്ച് തെറ്റിപ്പോയത് കാരണം ‘മറ്റ് സംഗതികള്‍’ വെളിച്ചത്തായതില്‍ അല്പം സഹതാപമുണ്ടെനിക്ക്. ഹി ഹി.

അഭിലാഷങ്ങള്‍ said...

ഒരു കാര്യം കൂടി പറഞ്ഞിട്ട് പോയേക്കാം..

യു.എ.ഇ യിലെ ബന്ധുക്കളുടെ പിള്ളേര്‍സിന്റെ ഇടയില്‍ ഞാന്‍ ‘ഗാനഫൂഷണല്ല’ ഇടിവാളേ, ഒരു ‘ഗാനഫിഫൂഷണ്‍’ തന്നെയാണ്. പാവം കൊച്ചുപിള്ളേര്‍ (ഭാഗ്യത്തിന് യേശുദാസിനെ പറ്റിയൊന്നും വല്യ വിവരമില്ല..ഹി ഹി..) ഒരിക്കല്‍ അവരുടെ ഫ്രന്‍സിനോട് പറയുന്നത് കേട്ട് എന്റെ കണ്ണുതള്ളിപ്പോയി.

“എന്റെ അങ്കിള്‍ പാടുന്ന പാട്ടുകള്‍ കേള്‍ക്കണം മോനേ, യേശുദാസൊന്നും ഒന്നുമല്ലഡാ.!!.”

... എന്നാ പിന്നെ പിള്ളേരെ കുറേക്കൂടി ഇം‌പ്രസ്സ് ചെയ്യിക്കാം എന്ന് കരുതി കുളുമുറിയില്‍ കയറി മറ്റേ, ‘ഹരിമുരളീരവം’ തന്നെ ട്രൈ ചെയ്തു. ഒരു സ്ഥലത്തെത്തിയപ്പോ രവീന്ദ്രന്മാഷ് കുഴിച്ചകുഴിയില്‍ വീണു.... സോപ്പ് പതപ്പിച്ച ശരീരത്തില്‍ ശ്വാസം മുട്ടല്‍.. കാറ്റ് അകത്തോട്ടും പുറത്തോട്ടും പോകാതെ കുറച്ച്‌സമയം...അന്ന് ‘ഗാനഫിഫൂഷണ്‍’ തട്ടിപ്പോകാതിരുന്നത് ആ പിള്ളേരുടെ (ദൌര്‍)ഭാഗ്യം!

കടവന്‍ said...

കൊള്ളാം കുഞെ..ചിരിച്ചു പോയി, പണ്ടൊരു സുഹൃത്ത് പാടിത്തുടങ്ങുന്നത് "കടലേ...നീ.....ലക്കടലേ...കടലെ.ഉണരൂവേഗംനീ സുമരാണി വന്നൂ നായകന്" എന്നാണ്.

അഭിലാഷങ്ങള്‍ said...

ങാ..ഒരു കമന്റ് കൂടി ഇട്ടാലേ എനിക്കിഷ്ടപ്പെട്ട ഇടിവാള്‍ പോസ്റ്റുകളില്‍ എന്റെ കോട്ട (3) പൂര്‍ണ്ണമാവൂ...

ഏതായാലും ഒരു ടീസ്‌പൂണ്‍ വിമര്‍ശ്ശനമായിക്കോട്ടേ...

“ഇന്ത്യക്കാരു കത്തിച്ചു വിട്ട റോക്കറ്റു പോലെ പുറപ്പെട്ട സ്ഥലമായ വെങ്കിടങ്ങില്‍ ഞാന്‍ തിരിച്ച് ക്രാഷ് ലാന്റ് ചെയ്തതോടെ ഭൂമി ഉരുണ്ടതാണെന്ന കാര്യം വ്യക്തമായി!”

-- ങും ങും ആ പ്രയോഗമൊക്കെ ഇഷ്ടമായി.. ബട്ട്, Mr.ഇടീ.....

ങാ, നിങ്ങളെ തന്നെയാ വിളിച്ചത്. (എന്റെ പാട്രിയോട്ടിസം ഉണര്‍ന്നു ..ഇനി പിടിച്ചാകിട്ടൂല്ലാ..), മാഷേ, ഇന്ത്യ വിട്ട എത്ര റോക്കറ്റ് തിരിച്ച് ക്രാഷ് ലാന്റ് ചെയ്ത് ഫ്ലോപ്പായതായി അറിവുണ്ട്? ചോദിച്ചത് കേട്ടില്ലേ? ഇല്ലേന്ന്? ഇയാളെന്നാ കേള്‍ക്കാത്തമട്ടില്‍ നിക്കണത്? ങേ? , വികസ്വരരാജ്യമായ ഇന്ത്യ മോഡേണ്‍ സ്പേസ് ടെക്നോളജിയില്‍ വികസിതരാജ്യങ്ങളുടെ പോലും ശ്രദ്ധ നേടിയെടുത്തുകൊണ്ടിക്കുന്ന ഈ വേളയില്‍, സ്പേസ് ടെക്ക്നോളജിയില്‍ ലോകത്തിലെ തന്നെ പവര്‍ഹൌസ് ആകാനായി വെമ്പിനില്‍ക്കുന്ന എന്റെ സ്വീറ്റ് രാജ്യത്തെ തമാശക്ക് പോലും അങ്ങിനെ പറയാന്‍ പാടില്ല. ശക്തമായി പ്രതിഷേധിക്കുന്നു. ഇപ്പോ ഇടിവാള്‍ എന്റെ മുന്നിലായിരുന്നെങ്കില്‍ ഒരു ഇടി വച്ച് തന്നേനേ... ഡോണ്ട് റിപ്പീറ്റ് ഇത്...!

(ങാ.. അത്ര മതി.. ഒരു ടീസ്‌പൂണിലും അധികമായോ ആവോ? ങാ..സാരമില്ല.. അടുത്ത പോസ്റ്റ് ഇതിനേക്കാള്‍ ഇടിവെട്ടാക്കാന്‍ അത് സഹായിച്ചാലോ...!!)

എന്തായാലും ഈ പോസ്റ്റ് സൂപ്പര്‍ ... സംഗീതം ഒരുപാട് ഇഷ്ടമുള്ളതു കൊണ്ടാവാം ..കൂടുതല്‍ ഇഷ്ടമായി... പിന്നെ, ഇടിവാള്‍ ശൈലി തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ഞാന്‍ ലഞ്ചിന് പോയി ഒരു ചിക്കണ്‍ ബിരിയാണി അടിച്ചിട്ട് വരാം... പോട്ടേ, അടുത്ത പോസ്റ്റില്‍ കാണാം ട്ടാ..

:-)

സുല്‍ |Sul said...

പിടിച്ചതിലും വലുത് അളയിലുണ്ടെങ്കിലും
അളമുട്ടിയാല്‍ ഇടിയും പാടുമെന്നു കണ്ടു.
എന്നാലും നിനക്കു ട്രൈനിങ്ങിന്റെ കുറവുണ്ട് :)
കൊള്ളാം.
-സുല്‍

ഇടിവാള്‍ said...

ഈ അഭിലാഷിന്റെ ഒരു കാര്യം ;) പിന്നേ ചിക്കന്‍ ബിരിയാണി പാര്‍സല്‍ ഒന്നു കൂടെ വാങ്ങിയേരെ

കുറുമാനേ: ഞാന്‍ അന്നു പാടിയ പാട്ട് ഇന്നും തന്റെ ചെവിയില്‍ മുഴങ്ങുന്നെന്നോ! അതാണു പ്രശ്നം, അറക്കക്കമ്പനിയില്‍ മരം മുറീക്കാനുള്ള ആ മെഷീന്റെ ഫ്രീക്വന്‍സിയിലുള്ള എന്റെ ശബ്ദചാതുരി വച്ച് പാടിയാല്‍ അതിന്റെ മുഴക്കം കൊല്ലങ്ങളോളം നിന്നേക്കും ഹിഹി ;)

പോസ്റ്റു വായിച്ചവര്‍ക്കും കമന്റിയോര്‍ക്കും നന്ദി

അഗ്രജന്‍ said...

ഇതിലും വൃത്തികേടായി ഒരാള്‍ പാട്ടു പാടുന്നത് ഞാന്‍ കേട്ടത്...

എന്‍റെ പാട്ട് കേട്ടിട്ടില്ലാ...ല്ലേ!

:)

ഈ അഭിലാഷിനെ എന്തു ചെയ്യും എന്‍റെ ദൈവമേ... അടുത്ത മീറ്റിനൊരു പൊന്നാടയണിയിച്ചേക്കാം :)

കൃഷ്‌ | krish said...

"ഇല്ലടോ.. ഞാനതില്‍ ലയിച്ചു പോയി..മലയാള സംഗീതത്തിനു കിട്ടിയ വരദാനമാണു താന്‍.. താനൊന്നും ഇവിടെ പാടേണ്ടതല്ല.. ദാസേട്ടനൊന്നും ഒന്നുമല്ല ഈ പാട്ടിന്റെ മുന്നില്‍.. തനിക്കൊക്കെ പ്രോപ്പര്‍ ട്രെയ്നിങ്ങ് കിട്ടാത്തതിന്റെ കുറവാ.... നീ നന്നായി വരും.. "

അതാ എനിക്കും പറയാനുള്ളത് ഇടീ.. രണ്ട് പെഗ്ഗടിച്ച് പാടിയാല്‍ ഇടിയെ വെല്ലാന്‍ ആരുണ്ട്?

ന്നാലും ട്രെയിനിംഗിന്റെ കുറവ് ലേശം ഉണ്ട്.
സാരമില്ലാ.. ശരിയാക്കാവുന്നതേയുള്ളൂ. ഒരു കുപ്പിയുമായി പോര് , ട്രെയിനിങ്ങൊക്കെ തരാം.

The Common Man | പ്രാരാബ്ദം said...

ജാഫര്‍ ഖാന്‍ പറേണ പോലെ " കലക്കി കട്ടിലു പൊളിച്ചു"!

ന്റെ ഒരു സീനിയറിനും ഈ അസുഖമുണ്ടായിരുന്നു. ഒരു ശനിയാഴ്ച രാവിലെ തുടങ്ങി .." എന്നവളേ..അടി.. എന്നവളേ..." ... ഉച്ചവരെ ഇതുതന്നെ കേട്ടു മനസ്സു മടുത്ത മധുചേട്ടന്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു

"..എടാ ഊവ്വേ! അതിപ്പോ അവളെന്നാ ചെയ്യാനാ.. അങ്ങനെയൊക്കെയായിപോയി. നീയങ്ങു ക്ഷമി!"..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇടിവാളാണ്ണോ, ഇങ്ങനേം ഉണ്ടോ ഒരു വീശല്‍.ചിരിച്ചു ചിരിച്ചു വഴിതെറ്റി നടക്കുവാ...

അല്ല, അപ്പൊ ട്രൈനിങ്ങ് എന്നുമുതലാ തുടങ്ങുക???

പപ്പൂസ് said...

പാവം സുരേഷ്ജി! ഇടിവാളിന്‍റെ പാട്ടു കേട്ടു ബോധം കെട്ടു വീണതാണെന്നു മനസ്സിലായില്ലെന്നോ!!! ;)

സകലകലാവല്ലഭകമലഹാസന്‍! ഹ ഹ ഹ!!! കലക്കി! :)

ഓടോ: ഈ അഫിലാഷത്തെ എന്തു ചെയ്യും? പോസ്റ്റു വായിച്ചു കഴിഞ്ഞ് കണ്‍ടോളു ചെയ്തടക്കിയ ചിരിയൊക്കെ കമന്റു വഴി ഇക്കിളിയിട്ട് വരുത്തുന്നോ! മച്ചൂ.... :)

ആന്‍ഡ്, ആക്ച്വലി, ഇതേതാ ഈ പാട്ടു പാടിക്കുന്ന ബ്രാന്‍ഡ്? ;)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:വരാന്‍ ഒരുപാട് വൈകിയെങ്കിലും അസ്സലായി..ഇത് മുന്‍പേ അറിഞ്ഞിരുന്നെങ്കില്‍ തൃശൂര്‍ മീറ്റിനു എന്തേലും സംഭവിച്ചേനെ..

ഗീതാഗീതികള്‍ said...

ആദ്യമായി വന്നതാണ്. ആദ്യം വായിച്ചതു തന്നെ വല്ലാതെ ചിരിപ്പിച്ചു.....

നല്ല എഴുത്ത്.

എതിരന്‍ കതിരവന്‍ said...

ഇതിനും ഒരാഴ്ച മുന്‍പ് വീട്ടില്‍ വച്ചു തന്നെ (പൈന്റിന്റെ പുറത്ത്?) “ചൊട്ട മുതല്‍ ചുടല വരെ” പാടിയതും അവസാനം “ സ്വര്‍ഗ്ഗത്തേക്കാള്‍ വലുതാണീ ....” എന്ന ഭാഗം വന്നപ്പോള്‍ ശ്വാസം കിട്ടാതെ നിലത്തു വീണുരുണ്ടതും അമ്മ വന്നു നോക്കിയിട്ട് ദൈവമേ ഗള്‍ഫീന്നു വന്നപ്പം കൊച്ചിലത്തെ ചുഴലി തിരിച്ചു വന്നല്ലൊ എന്നു സങ്കടപ്പെട്ടതും സാരമില്ല, 10000 ഉണ്ടല്ലൊ, ചികിത്സയ്ക്കെടുക്കാം എന്നു ഞാന്‍ പറഞ്ഞതും മറന്നു പോയോ? അന്നേഞാന്‍ പറഞ്ഞതാ ചില പാട്ടൊന്നും പാടരുതെന്ന്.
ഇനി റിപ്പീറ്റ് ചെയ്തു പാടണമെങ്കില്‍ “കാട്ടിലെ മൈനയെ പാട്ടു പഠിപ്പിച്ചതാര്...ആര്....ആര് മാത്രം പാടിയാല്‍ മതി.

kaithamullu : കൈതമുള്ള് said...

“സംഗതികള്‍“ കുതിരാന്‍ കയറ്റം ഫുള്‍ ലോഡില്‍ കയറിയ ആപെ പെട്ടി ഓട്ടര്‍ഷ മാതിരിയായെങ്കിലും....

ഗഡീ, ഇടീ,
നമിക്കുന്നൂ!
(കൂടുതല്‍ എന്ത് പറയാന്‍)

തോന്ന്യാസി said...

ഇങ്ങനെ ചിരിപ്പിക്കുന്നതിലും ഭേദം ആ പാട്ടങ്ങോട്ടു പാടുന്നതായിരുന്നു.... നന്ദി ഇടിവാള്‍ജീ വല്ലാതെ ചിരിപ്പിച്ചതിന്....

പപ്പൂസിന്റെ സംശയം ഞാനും ചോദിച്ചോട്ടെ പാട്ടു പാടിക്കുന്ന ആ ബ്രാന്‍ഡ് എതാ?

സൂര്യോദയം said...

ഇടീ... ഗാനഗന്ധര്‍വ്വലീലകള്‍ കലക്കീ.. ട്രെയിനിംഗ്‌ എങ്ങനെ... ഇപ്പോ ഒരുവിധം ആളുകളെ ഒതുക്കാവുന്ന പരുവമായിക്കാണും അല്ലേ? :-)

ചിതല്‍ said...

അതു ശരി, പിടിച്ചതിലും വലിയതാ അളയിലുള്ളേ എന്ന മട്ടില്‍ ഞാന്‍ സതീഷിനെ നോക്കി..
ശരിക്കും ഓഫിസില്‍ ചിരിച്ച് പോയി...
കലക്കന്‍

Visala Manaskan said...

ഏകാന്ത ജാലകം തുറക്കൂ ദേവീ‍ീ.. നില്പൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ എന്ന സ്ഥലമെത്തിയപ്പോള്‍ “സംഗതികള്‍“ കുതിരാന്‍ കയറ്റം ഫുള്‍ ലോഡില്‍ കയറിയ ആപെ പെട്ടി ഓട്ടര്‍ഷ മാതിരിയായെങ്കിലും..

വാ..വാഹ്.

രസായിട്ടുണ്ട് ഇടിവാളേ...

ഇടിവാള്‍ said...

പപ്പൂസ്: അതി സി.ബി (ക്രിസ്ത്യന്‍ന്‍ ബ്രദേഴ്സ് ) എന്ന ബ്രാന്‍ഡായിരുന്നോ എന്നാണോര്‍മ്മ..
കള്ളിന്റെ ഓരോ പേരുകളേ..

ആ ബ്രാണ്ഡടിച്ച് താനെവിടേലും പോയി കുര്‍ബാനയോ കുമ്പസാരമോ നടത്താന്‍ തോന്നിയാന്‍ എന്നെ പറയരുത് !!

എതിരന്‍ ചേട്ടാ.. എനിക്ക് ചുഴലിദീനമുണ്ടെന്ന കാര്യം പരസ്യമാക്കി അല്ലേ.. ;)

തമനു said...

ഞാനും പലപ്പോഴും ഇടിയെകാണുമ്പോ ചിന്തിച്ചിട്ടുണ്ട് ...”ഇയ്യാക്കെന്തിന്റെയോ കുറവുണ്ടല്ലോ” എന്ന്... :)

അത് ട്രെയിനിംഗിന്റെ ആയിരുന്നു അല്ലേ... :)

പോസ്റ്റ് കലക്കി..

ഇടിവാള്‍ said...

മിക്കവാറും യു.എ.ഇ മീറ്റിനു ഞാന്‍ വരേണ്ടി വരും! തമനുവിനെ തട്ടാന്‍ ;)

രാജ്‌ said...

"എന്തോന്നാടാ തിരുമേനി പറഞ്ഞേ?"
"ട്രെനി.. ട്രെനിയി.."
"ച്ഛ.. ട്രെനിയിങ്ങല്ല, ട്രെയിനിംഗ്‌. പരിശീലനം.! ഹാ, അതിന്‍റെ കൊറവ്‌ സതീഷും സുരേഷ്ജിയും സഹിച്ചു..!"

(അതോണ്ടല്ലേ കയ്യടി വീണത്‌!..!)

ന്നാലും പാടുന്ന എല്ലാവരും സമാവസ്ഥയിലാകുമ്പോള്‍ പാട്ടിലെ ശ്രുതിയും 'സംഗതികളും' പിഴയ്ക്കുന്നതു വല്ലോം ഒരു പ്രശ്നമാണോ മാഷേ..?

Cartoonist said...
This comment has been removed by the author.
Cartoonist said...

അരക്കട്ടയില്‍നിന്ന് ഡയറക്ടായി അഞ്ചുകട്ടയിലേയ്ക്ക് ചാടിയാല്‍ എങ്ങനേണ്ടാവും , ഭവതീ ?
ഞാന്‍ ഇതു വായിച്ചതിനു ശേഷം ഓടി അടുക്കളയില്‍പ്പോയി ഭാര്യയോട് ചോദിച്ചു.
സിദ്ധാര്‍ഥ് അവന്റെ അമ്മയെ ഒന്നു വായനക്കാന്‍ കൂടി അനുവദിച്ചില്ല-
കക്കൂസിന്റെ അതുവരെയുണ്ടയിരുന്ന പ്രശാന്തതയെയും പരിസരത്തെ സമ്പൂര്‍ണ നിശ്ശബ്തതയെയും ച്ഛിന്നഭിന്നമാക്കിക്കൊണ്ട് മകന്‍ അവന്റെ പശ്ചിമദ്വാരം തുറന്ന് അതിഗംഭീരനൊരു സിംഹനാദാ മുഴക്കി കെട്ടിടം വിറപ്പിച്ചു!

“ഇദന്നെ, ഏറിയാല്‍ ഒരു മൂന്നര കട്ടയേ വരുള്ളൂ“ എന്ന് ഭാര്യ.
************
ഞാന്‍ ,അതോണ്ടന്നെ, ഇടിവാള്‍നെ നമിച്ചേക്ക്ണൂന്ന് !

അരവിന്ദ് :: aravind said...

ഹഹ ഇടീ..
(ദെപ്പഴാ കാച്ച്യേ? ചിന്തയില്‍ മിസ്സായോ ആവോ)

സര്‍ഗ്ഗത്തില്‍ നെടുമുടി വിനീതിനോട് പറയുന്ന പോലെ..അറിഞ്ഞില്ല്യാ ഉണ്ണീ...അറിഞ്ഞില്ല്യാ എന്ന് ഇനി ഗള്‍ഫ്‌കാര്‍ പറയുമോ...
മീറ്റായ മീറ്റെല്ലാം കൂടിയിട്ടും ഒരാളും പോലും ഒന്നു പാടാന്‍ പറയാഞ്ഞതിന്റെ വേദന..അതെനിക്ക് ഇടിവാളിന്റെ ഇടനെഞ്ചില്‍ കാണാം..പാട്ടു പാടാനുള്ള ആ മുട്ടല്‍ സഹിക്കുന്നത്, അടിച്ചു പൂസാകുമ്പോള്‍ വാളു വരുന്നത് തടഞ്ഞു നിര്‍ത്തുന്നതിനേക്കാള്‍ പാടാണെന്ന് ഭാഗവതര്‍ കീഴേടം പപ്പരായന്‍ പണ്ട് പറഞ്ഞിട്ടുണ്ട്. ഓര്‍ക്കുമ്പോള്‍ കണ്ണില്‍ വെള്ളം വരുന്നു.
ആ തമനുച്ചാന്‍ വരെ പാട്ടു പോലെയെന്തോ പാടി പോസ്റ്റിട്ടു...ഇനിയെങ്കിലും ഇടി പാടണം..തുറന്ന് പാടണം...മരുഭൂമിയില്‍ മഴ പെയ്യണം...ഒരു പോഡ്-കാസ്റ്റ് ഇടണം..പ്ലീസ്. സീരിയസ്സ്. ഒന്നു കേക്കട്ടെയിഷ്ടാ...അത് കഴിഞ്ഞ് എനിക്കും ഒന്നു പാടാലോ. :-)

തമാശ മതി.

ഇടീ, ഒരു പോഡ്കാസ്റ്റ് പ്രതീക്ഷിക്കുന്നു. ഇനി പാടിയില്ലെങ്കില്‍ ജാഡയാണെന്ന് വരും, ങാ.പ്ലീസ്.

കൊച്ചുത്രേസ്യ said...

ഇടിവാളേ കലക്കി..ഈ പോസ്റ്റുകള്‍ക്കു പിന്നില്‍ ഒരു ഗാനകോകിലം ഒളിച്ചിരിക്കുന്നത്‌ ഞാന്‍ അറിഞ്ഞില്ലല്ലോ :-)

ഉഗാണ്ട രണ്ടാമന്‍ said...

ട്രെയിനിംഗിന്റെ കുറവ്....കലക്കി...

കുഞ്ഞച്ചന്‍ said...

ഇടിവാളിന്റെ പോസ്റ്റ് ആദ്യമായാണ് വായിച്ചത്... അതി ഗംഭീരം...
എന്തൊക്കെയായിരുന്നു.... മലപ്പുറം കത്തി... അമ്പും വില്ലും... അഞ്ച് കിലോമീറ്റര്‍ പോണ തോക്കും...
അവസാനം പവനായി ശവമായി...

G.manu said...

അപ്പോഴേക്കും സുരേഷ്ജിഅങ്ങേരുടെ മാസ്റ്റര്‍പീസെടുത്ത് പുറത്തിട്ടു (തെറ്റിദ്ധരിക്കല്ല്..പ്ലീസ്)

ഹ ഹ എനിക്കു വയ്യ....

ഗാന്‍ഭൂഷണം തകര്‍ത്തു മച്ചാ...

“കള്ളില്‍ കുളിച്ചു നിന്നു വാളിലെ വസന്തം..“

മൂന്നുവട്ടം വായിച്ചു... കൊടുകൈ..

ജിഹേഷ്/ഏടാകൂടം said...

ഇടിവാളേ, പോസ്റ്റ് ഒന്നാന്തരം.....ഇച്ചിരി നീളം കൂടിങ്കിലും..ഒറ്റ വലിക്ക്...സോറി ഒറ്റ ഇരിപ്പിനു വായിച്ചു.. ഒന്നു കൂടി ആ പാട്ടു പാടി ഇതിന്റെ കൂടെ ഇടാര്ന്നു....

പിന്നെ പൈന്റുവാങ്ങി പതുക്കെ പതുക്കെ കുടിക്കു എങ്കിലല്ലേ ശബ്ദം നന്നാകൂ...:)

വയനാടന്‍ said...

സുഹ്രുത്തെ, ഈ ബ്ലോഗിലും ഒന്നു വിസിറ്റ് ചെയ്യൂ


http://www.prasadwayanad.blogspot.com/

nandanz said...

ഇപ്പഴാ ഇത് കണ്ടത്. മാഷെ, ‘അറിഞ്ഞില്ല്യ, മാഷ്ക്ക് സരസ്വതീടെ ശല്ല്യം ഒള്ളത് ഞാന്‍ അറിഞ്ഞില്ല്യ,‘ അലക്കിപ്പൊളിച്ചു മാഷെ. !!

Anonymous said...

Itivaal chetta nhan veettile badhyathakal karanam visit visa eduthu Dubai vannirikkukyanu enthenkilum vacancy undenkil ariyikkanam E mail:satheeshkvd@gmail.com tel:050 7377929

maramaakri said...

"ശരീര സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒരു മൂരിക്കുട്ടിയും ബുദ്ധിയുടെ കാര്യത്തില്‍ ഒരു പോത്തും ആകുന്നു ഈ സ്വപ്രഖ്യാപിത അവിവാഹിതന്‍" - സുനീഷിന്റെ നഖചിത്രം വായിക്കുക, ഇവിടെ: http://maramaakri.blogspot.com/

maramaakri said...

മാപ്പ്, ഞാന്‍ എഴുത്ത് നിര്‍ത്തുന്നു, ഇനി ചിത്രങ്ങളുടെ ലോകത്തേക്ക്.
വായിക്കുക: http://maramaakri.blogspot.com/2008/03/blog-post_709.html

കാന്താരിക്കുട്ടി said...

ഈശ്വരാ പാട്ടുപാടി കൊലപാതകം നടത്തിയെന്നതിനു തൂക്കുമരമാണോ ഐ.പി.സി പ്രകാരം ശിക്ഷ...


ഹ ഹ ഹ എനിക്കിഷ്ടപ്പെട്ടു...ഇനിയും പാടൂ നല്ല ഭാവിയുണ്ട്..അല്ല ഇടിവെട്ടേ ഈ പാട്ട് എവിടെ നിന്നാ വരുന്നേ..തൊണ്ടയില്‍ നിന്നാണോ ??

കടലാസുപുലി said...

ഹ ഹ ഇപ്പോഴാ ഇത് വായിച്ചത് ..രിസ്സിക്ക തന്ന ലിങ്ക് വഴി ...മരിച്ചു ..

റിസ് said...

എന്റമ്മോ ...നിങ്ങക്ക് ട്രെയിനിങിന്റെ ഇത്രേം കുറവുണ്ടെന്ന് ..ദിപ്പളാ മൻസിലായത്

Kiranz..!! said...

ആ വീഡിയോ കണ്ടിട്ട് ഈ പോസ്റ്റും കൂടി വായിക്കുമ്പോ ചിരി നിർത്താൻ പറ്റുന്നില്ല :)))

സുധി അറയ്ക്കൽ said...

ഉയ്യോ.ചിരിച്ച്‌ ചിരിച്ച്‌ ചത്തേ!!!!എനിക്കിനി ചിരിക്കാൻ വയ്യായേ!!ഞാനിപ്പം മാനത്തു വലിഞ്ഞ്‌ കേറുവേ!!!

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.