-- എ ബ്ലഡി മല്ലു --

സ്വാമിക്കൊരു തുറന്ന കത്ത്

Wednesday, January 23, 2008

From: [mailto:itival@gmail.com]
Sent: Wednesday, January 23 2008 10:05 PM
To: ayyappa_swami@gmail.com
Subject: സ്വാമിക്കൊരു തുറന്ന കത്ത്
Importance: ഒടുക്കത്തെ High

സ്വാമിശരണം.

എന്റെ എത്രയും പ്രിയപ്പെട്ട അയ്യപ്പ സ്വാമി അറിയാന്‍ അബലനും അലമ്പനും ചപലനും അതിലുപരി ഒരു ബ്ലോഗനുമായ ഈ ഞാന്‍ എഴുതുന്ന തുറന്ന കത്ത് അങ്ങു വായിക്കുമെന്നു പ്രതീക്ഷിക്കുന്നു.

ഞാന്‍ അങ്ങയുടെ അടിയുറച്ച ഒരു ഭക്തനാണെന്ന കാര്യം ഒരു അണ്ഡിസ്പ്യൂട്ടഡ് ഫാക്റ്റാണെന്ന അങ്ങോര്‍ക്കുമല്ലോ? ഡെയ്‌ലി അരമണിക്കൂര്‍ വച്ച് അങ്ങയെ പ്രാര്‍ത്ഥിക്കാറില്ലെങ്കിലും, എന്തെങ്കിലും പ്രശ്നങ്ങള്‍ വരുമ്പോള്‍ ഞാന്‍ ആദ്യം വിളിക്കുന്നത് സ്വാമിയേയാണല്ലോ, ആ ഒരു പരിഗണനയെങ്കിലും വച്ച് അങ്ങീ കത്ത് റീസൈക്കിള്‍ ബിന്നിലേക്ക് ഇടരുതെന്നു അപേക്ഷിക്കുന്നു.

കാര്യം എല്ലാ വര്‍ഷവും മണ്ഡലകാലത്ത് വൃതമൊക്കെ എടുക്കണമെന്നു തോന്നാറുണ്ടെങ്കിലും, എന്തു ചെയ്യാം , എന്റെ പുന്നാരപ്പുത്രന്‍ വിച്ചു ചിക്കന്‍ സാന്‍ഡ്വിച്ചിന്റെ ഒരു കടുത്ത ആരാധകന്‍ ആയിപ്പോയതെന്റെ കുറ്റമാണോ? അവന്‍ സാന്‍ഡ്വിച്ചിനു വാശിപിടിക്കുമ്പോ വാങ്ങിക്കൊടുക്കാതിരിക്കുന്നതെങ്ങനെ? അവനത് കടിച്ചു ചവച്ചു തിന്നുമ്പോ ചുമ്മാ കയ്യും കെട്ടി നോക്കി വായില്‍ വെള്ളമിറക്കി നില്‍ക്കാന്‍ എനിക്കെങ്ങനെ സാധിക്കും? പോരാത്തതിനു താമസിക്കുന്ന ഫ്ലാറ്റിന്റെ താഴെ ഒരു സാന്‍ഡ്വിച്ച് കടയും! മനപൂര്‍വമല്ല… സാധിക്കാഞ്ഞിട്ടാണു സ്വാമീ….. അതുകൊണ്ട്, ഇക്കാര്യത്തിലൊന്നു കണ്ണടക്കേണമേ

മകരവിളക്കു കഴിഞ്ഞ് ലക്ഷക്കണക്കിനു ഭക്തരുടെ ഹരജികള്‍ പരിഗണിക്കുന്ന തിരക്കിലാണു അങ്ങെന്നറിയാമെങ്കിലും, പണ്ട് കന്നി സ്വാമിയായിരിക്കുമ്പോ തീണ്ടാരിയായ പെണ്ണിനെ വെറുതെയൊന്നു കാണാനിടയായ മച്ചുനന്‍ അജിയെ കൂട്ടിത്തൊട്ടു എന്ന് സിമ്പിള്‍ കാരണത്തിനുപോലും ചാണകവെള്ളത്തില്‍ കുളിച്ച പാരമ്പര്യമുള്ള ഈ ഭക്തന്റെ എഴുത്ത് പരിഗണിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാനു ഞാനിപ്പഴും.

അങ്ങേക്ക് CPI (M)‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് തന്നെന്ന് ഈയിടക്കൊരു കിംവദന്തി കേട്ടു, ഹെന്റെ പൊന്നുസ്വാമി… അരുത്, 2 കോടി തരാമെന്നു പറഞ്ഞാലും (അതാണല്ലോ ഇപ്പോ കമ്മ്യൂണിസ്റ്റുകാരുറ്റെ റേറ്റ്) അങ്ങ് ആ പാര്‍ട്ടിയില്‍ ചേരരുത്, അവരുടെ പാര്‍ട്ടിയിലെ ഒരോരുത്തന്മാരുറ്റെ അഴിമതി കണ്ടാല്‍ ആര്‍ക്കും അഴിമതി ചെയ്യാന്‍ തോന്നിപ്പോകും, അങ്ങു ഏതെങ്കിലും കുംഭകോണത്തില്‍ പെട്ടാല്‍ ഈ ഇന്ത്യാ മഹാരാജ്യത്തെ ലക്ഷക്കണക്കിനു അയ്യപ്പഭക്തന്മാരുടെ കാര്യം എന്താവും എന്ന കാര്യം ഒരിക്കലെങ്കിലും അങ്ങോര്‍ത്തിട്ടുണ്ടോ? അങ്ങില്ലാത്ത ശബരിമലയില്‍ നടവരവു നിലച്ചാല്‍ എത്രയെണ്ണത്തിന്റെ ശമ്പളം ബ്ലോക്കാവും, എത്ര ബിസിനസ്സുകള്‍ പൂട്ടും എന്നോര്‍ത്തിട്ടുണ്ടോ? അതൊക്കെ പോട്ടേ, ആ പാര്‍ട്ടിയിലെ ചില മന്ത്രിമാരു പറയുന്ന തെറി കേട്ടാല്‍.. ഹോ കൊടുങ്ങലൂര്‍ ഭഗവതി പോലും ചെവി പൊത്തും.,. അതോണ്ടു പൊന്നു സ്വാമി.. സൂക്ഷിക്കണേ!

പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ അങ്ങ് എന്റെ ഒപ്പീനിയന്‍ ചോദിക്കുവാണേല്‍ ഞാന്‍ അങ്ങയോട് BJP യില്‍ ചേരാനെ പറയൂ, കാരണം, അധികാരം കിട്ടിയാലല്ലേ കറപ്റ്റഡ് ആവൂ. ബി.ജെ.പി കാര്‍ക്ക് കേരളത്തില്‍ അടുത്തൊന്നും അതു കിട്ടില്ല. ഭരണം ഇല്ലാഞ്ഞിട്ട് ഇത്രേം തമ്മില്‍ തല്ല്! വേറേ ഏതു സിംഗിള്‍ ‍ എം.എല്‍.ഏ ഡ്യൂക്കിലി പാര്‍ട്ടിയായാലും ഇടതോ വലതോ മുന്നണികളില്‍ ചേരും. പിന്നെ ബി.ജെ.പി അങ്ങേക്കിഷ്ടമില്ലെങ്കില്‍ പിന്നെ ഞാന്‍ റെക്കമെന്റ് ചെയ്യുക NCP ആണു.. കാരണം മുരളീധരന്‍ വന്നതോടെ അവന്മരെ ഇനി രണ്ടു മുന്നണിക്കാരും അടുപ്പിക്കില്ല. ആള്‍ടെസ്വഭാവം അറിയാല്ലോ, സ്വന്തം തന്തയെവരെ തള്ളിപ്പറയുന്ന ടീമാ!

അപ്പോള്‍ പറഞ്ഞുവന്നത്, അങ്ങയുടെ സീരിയലിനെ പറ്റിയാണു, 2006 ഇല്‍ തുടങ്ങിയ ആ സീരിയല്‍, 2007 ജനുവരി മണ്ഡലകാലത്ത് നല്ല വെടിപ്പായി അവസാനിപ്പിക്കാമായിരുന്നെങ്കിലും, ഇക്കാലത്തെ സീരിയല്‍ “മെഗാ”ലമേനിയ മൂലം 2008 മകരവിളക്കിനു ശേഷവും തീര്‍ന്നിട്ടില്ലെന്ന കാര്യമോര്‍ത്ത് എനിക്ക് ഉല്‍ക്കണ്ഠയുണ്ട് പ്രഭോ, .. ഈ പോക്കു പോയാല്‍ 2010 മകരവിളക്കിന്റെയന്നും ഇതുപോലൊക്കെ ത്തന്നെയങ്ങു തുടരുമെന്ന് അങ്ങോര്‍ക്കുമല്ലോ?

എന്തായാലും, ആ മഹിഷിയുടെ ആപ്പീസു പൂട്ടിച്ചതു നന്നായി, ആ രണ്ടു കൊമ്പു വച്ച ഐശ്വര്യയെ കാണാന്‍ ഒരു ഗുമ്മില്ല. മാത്രമല്ല, മഹീഷീമര്‍ദ്ദന സമയത്ത് മഹിഷിയുടെ കുറേ സപ്പോര്‍ട്ടേഴ്സ്, അങ്ങയെ പേടിപ്പിക്കാനായി, കരടിയെപ്പോലെ, കറുത്ത കളറിലെ വെല്‌വറ്റ് കവറോള്‍ ഡ്രസ്സ് എല്ലാം ഇട്ട് ഡാന്‍സ് കളിക്കുന്ന കണ്ട്, പ്രഭോ.. ചങ്കു പറിഞ്ഞു പോയി..ചിരിച്ചിട്ട്..

ഭക്തസീരിയല്‍ എന്നതിനു പകരം “കോടാലിപ്പറമ്പില്‍ കുരിയാക്കോസ്” കാണിക്കുന്ന മാതിരി ഒരു കോമഡീ സീരിയലായിപ്പോയി ഈയിടക്കു കാണിച്ച ചില എപ്പിഡോസുകള്‍. ഇക്കണക്കിനു ഈ സീരിയലിന്റെ “ലേബല്‍“ മാറ്റി കോമഡി എന്നാക്കേണ്ടി വരും.. ഇന്നത്തെ മാധ്യമമായ ബ്ലോഗില്‍ അങ്ങനെയല്ലേ? എന്തേലുമൊക്കെ എഴുതി വച്ച് “കവിത” , “കഥ എന്നൊക്കെ ഓരോ ലേബലിട്ടാല്‍ അതു കഥയും കവിതയുമായിത്തീരുന്ന ചെപ്പടിവിദ്യയെപറ്റി അങ്ങു കേട്ടുകാണുമല്ലോ?

അതുപോലെ, മഹിഷീ മര്‍ദ്ദന സമയത്ത് എരുമയുടെ രൂപം പ്രാപിക്കുന്ന ഐശ്വര്യ പുറം തിരിഞ്ഞു നില്‍ക്കുമ്പോള്‍, ആ വെല്‍‌വറ്റ് കവറോള്‍ ഡ്രസ്സിന്റെ പുറകിലത്ത് സിബ്ബ് വരെ കാണാമായിരുന്നു എന്നകാര്യവും ചിരിക്ക് വക നല്‍കി! പല എരുമകളേയും കണ്ടിട്ടുണ്ട് പ്രഭോ, ബട്ട് പുറത്തു സിബ്ബു വച്ച് എരുമയെ ആദ്യമ്മായിട്ടാ!

അതു പോലെ ഈ സീരിയലിന്റെ തിരക്കഥയെഴുതിയവനെക്കൊണ്ട് പാറ്റാ വീണ അരവണ തീറ്റിക്കണം, ഹല്ലാ പിന്നേ. ഇവനാരു അഭിനവ എം.ടി വാസുദേവന്‍ നായരോ? അങ്ങയുടെ വളര്‍ത്തമ്മയും വൈദ്യനും കൂടി ഗൂഡാലോചന നടത്തി പുലിപ്പാലിനായി അങ്ങയെ കാട്ടില്‍ പറഞ്ഞയക്കുന്നതായല്ലേ ഐതിഹ്യം? അതിനെ ഈ കോപ്പന്മാരെല്ലാം ചേര്‍ന്നു അങ്ങയുടെ വളര്‍ത്തമ്മയായ സുകന്യ എക്സ്റ്റ്രാ ഡീസന്റും, കുറ്റം മുഴുവന്‍ പാവം ആ രാജന്‍.പി.ദേവിന്റെ തലയില്‍ കെട്ടിവച്ചതും തികച്ചും അപലപനീയം തന്നെ! തിരക്കഥാകൃത്ത് ഇനി അങ്ങയെക്കോണ്ടു പോയി ശബരിമലക്കു പകരം, മുല്ലശ്ശേരിക്കടുത്ത മാനനക്കുന്നില്‍ പ്രതിഷ്ഠിക്കില്ലെന്നു ആത്മാര്‍ത്ഥമായും പ്രതീക്ഷിക്കുന്നു.

അല്ലാ, ആ കോമാളി നന്ദു കാര്യസ്ഥനെ എന്തിനാ ഈ സീരിയലില്‍ എടുത്തേ? ഇമ്മാതിരി അലവലാതികളുടെ ഒരു പാപങ്ങള്‍ക്കും മാപ്പു കൊടുക്കരുത് ട്ടോ? അതുപോലെ ശനീശ്വരനും, അഗ്നിദേവനുമൊക്കെ അങ്ങയെ പ്രകീര്ത്തിക്കുന്ന വാക്കുകള്‍ തരംഗിണി സ്റ്റുഡിയോക്കാരു പണ്ടിറക്കിയ അയ്യപ്പഭക്തി ഗാനത്തിന്റെ കാസറ്റില്‍ ‍നിന്നും മുക്കിയതായേ തോന്നു. കാര്യം യേശുദാസ് അല്പം ഡീസന്റാണേലും ആള്‍ടെ രണ്ടു പിള്ളേരും കമ്പ്ലീറ്റ് ബിസിനസ് മൈന്‍ഡഡ് ആണേ... കോപ്പിറൈറ്റ് വയലേഷനു കേസുകൊടുക്കാനും സാധ്യതയുണ്ട്.

മറ്റൊന്ന്, , അങ്ങയുടെ വളര്‍ത്തമ്മ സുകന്യയെ ചാമരം വീശുന്ന ചില പരിചാരികമാര്‍ ഹൈലി ഫാഷനബിള്‍ ആയ ഹെയര്‍ പിന്നുകള്‍ ധരിച്ചിരിക്കുന്ന്തും അടിയന്റെ ശ്രദ്ധയില്‍ പെട്ടു. അന്നത്തെക്കാലത്തും ഹെയര്‍പിന്നുകള്‍ ഫാഷനായിരുന്നുവെന്നത് ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന വസ്തുത തന്നെ! ഇടക്കൊരു ഷോട്ടില്‍ ഒരു ടാറിട്ട റോഡും കണ്ടതായി ഓര്‍മ്മവരുന്നു. അങ്ങു പുലിയുമായി കാനനത്തില്‍ നിന്നും തിരിച്ചു വരുമ്പോള്‍, ഒരു ടാറ്റാ നാനോ കാര്‍ നിങ്ങളെ ഓവര്‍ടേക്ക് ചെയ്തു പോകുന്ന രംഗം കാണാന്‍ പ്രേക്ഷകര്‍ക്ക് ദുര്‍ഗതി വരുത്തല്ലേ മഹാപ്രഭോ! അതോണ്ട് എത്രേമ്ം പെട്ടെന്നു ആ സീരിയലൊന്നു തീര്‍ത്തുതരണേയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

അപ്പോള്‍ ഇനി ഈ തിരക്കിട്ട വേളയില്‍ കൂടുതലെഴുതി അങ്ങയെ ബുദ്ധിമുട്ടിക്കുന്നില്ല,

എന്തായാലും ഇത്രേം എഴുതിയ സ്ഥിതിക്ക് ഒരു കാര്യം കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മലയാളികളു മുഴുവന്‍ ദാഹ ശമനത്തിനായി ഇപ്പോള്‍ ബീവറേജസ് കോര്‍പറേഷനില്‍ അഭയം പ്രാപിക്കുന്നതിനാല്‍, ശാന്തിമഠം കമ്പനിക്കാരു “ദാഹ ശമനി” എന്ന പ്രൊഡക്റ്റ് വിട്ട്, റിയല്‍ എസ്റ്റേറ്റ് ഇന്‍ഡസ്റ്റ്രിയിലേക്കു കടന്ന വിവരം, ഈയിടക്ക് റ്റി.വി യില്‍ പരസ്യം കണ്ടു, അങ്ങാണല്ലോ അവരുടെ ബ്രാന്‍ഡ് അമ്പാസഡര്‍‍? ഗുരുവായൂരില്‍ ശാന്തിമഠം വില്ലാ പ്രൊജക്റ്റുകളില്‍ ഒരു വില്ല വാങ്ങൂ എന്നു അങ്ങ് ആ പരസ്യത്തില്‍ പറഞ്ഞ കണ്ടു.

പൊന്നു സ്വാമീ… ഞാനൊരു ഗുരുവായൂര്‍ പരിസരനിവാസിയാണേ.. അവിടെ ഒരു വില്ലയോ ഫ്ലാറ്റോ വേണമെന്ന ഒരു ചില്ലറ ആഗ്രഹവും അടിയനുണ്ടേ… ബട്ട്.. ഫുലൂസ് മാഫി ..അയ്യോ അങ്ങേക്ക് അറബി അറീല്ല്യല്ലോ ല്ലേ.. കാശില്ല പ്രഭോ…

അതുകൊണ്ട്, ഗുരുവായൂരില്‍ നല്ലൊരു 3 ബെഡ്രൂം വില്ല വാങ്ങാന്‍ തക്കവണ്ണം അടിയനെ ഇന്‍സ്റ്റന്റ്ലി ഒരു ലക്ഷപ്രഭുവാക്കൂ.. ലക്ഷങ്ങള്‍ക്കൊന്നും ഇന്നു നാട്ടില്‍ വിലയില്ലെന്നറിയാം, എന്നാലും ചുമ്മാ കിട്ടിയാല്‍ ഞാന്‍ ലക്ഷവും വാങ്ങും…. ഞാന്‍ ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ ലെക്സസ് കാര്‍ ഡ്രോയ്ക്കായി ഞാന്‍ ഒരു ടിക്കറ്റെടുക്കാം.. അതൊന്നു അടിക്കാന്‍ അങ്ങു മനസ്സു വച്ചാല്‍ മതി.
ഇന്‍ഷാ അയ്യപ്പാ ..

അപ്പോള്‍ ബാക്കിയെല്ലാം പറഞ്ഞ പോലെ…

ഭക്തിപുരസ്സരം

അങ്ങയുടെ വിനീത ഭക്തന്‍..
ഇടിവാള്‍

Read more...
© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.