-- എ ബ്ലഡി മല്ലു --

സാന്‍‌ഡ്‌വിച്ചു

Sunday, October 28, 2007

റിട്ടയറായി വന്ന പട്ടാളക്കാര്‍ വീട്ടിലെ അതിഥികളെ പഴയ വീരസാഹസിക കഥകള്‍ ഒരു ചായയുടേയോ, ട്രിപ്പ്ലെക്സന്റേയോ പിന്‍ബലത്തില്‍ നിര്‍ബന്ധിച്ചു കേള്‍പ്പിക്കുമ്പോള്‍ ഉപയോഗിക്കുന്ന മോസ്റ്റ് കോമണ്‍ വാക്കാണല്ലോ “It was in 1957, when I was in ..." എന്നത്...

അതുപോലെ, "It was in 2005 January, when I was in Dubai" എന്റെ ജീവിതത്തിലെ ഒരു ഭയങ്കര സംഭവമുണ്ടായി. കൃത്യമായി പറയുകയാണെങ്കില്‍, ജനുവരി-01 2005, ആ ന്യൂഇയര്‍ രാത്രിയിലാണു എനിക്കൊരു മകനുണ്ടായത്. വിഗ്നേഷ് എന്ന വിച്ചു! അപ്പോള്‍ മകള്‍ക്ക് കൃത്യം ഒന്നര വയസ്സ്.. എന്റെ കല്യാണം കഴിഞ്ഞിട്ട് കൃത്യം രണ്ടര വര്‍ഷം!

അച്ഛനെന്തൂട്രാ ചെക്കാ പണി എന്നു വിച്ചുവിനോട് അന്നാരെങ്കിലും ചോദിച്ചിരുന്നെങ്കില്‍, അവനതിനു ഉത്തരം പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ “കണ്ടില്ലേ, അങ്ങേര്‍ക്കിതൊക്കെ തന്നെ പണി “ എന്നു മൂടിപ്പുതച്ചു കിടക്കുന്ന ടവലിനുള്ളിലിരുന്നു അവന്‍ പറഞ്ഞേനേ... അല്ലാ, അവനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, രണ്ടരക്കൊല്ലത്തിനകം ശറപറാന്നു രണ്ടു പിള്ളേരായപ്പോള്‍ എന്റെ ചില സുഹൃത്തുക്കള്‍ തന്നെ പറഞ്ഞ ക്വാമഡിയാണിത് . എന്തു ചെയ്യാം ഏതു പോലീസുകാരനും ഒരക്കിടിയൊക്കെ പറ്റും.. ഞാനതു ക്ഷമിച്ചു.

വിച്ചു വലുതാവുന്നു.. ആശാനിപ്പം വയസ്സു രണ്ടര. ദേ താഴക്കാണുന്നതാണു മൊതല്‌! ഹമ്മറിന്റെ ഒരു ടോയ് കാറു വാങ്ങിക്കൊടുത്തപ്പോള്‍ അതിന്റെ ബോക്സിനകത്തു കയറിയിരുന്നാണു കളി.പൂരം പിറന്ന പുരുഷന്‍. വിച്ചു സ്വയം വിളിക്കുന്ന പേരു പുച്ചു! ഇഷ്ടഭക്ഷണം, ചിച്ച സാന്‍‌വിച്ച് (ചിക്കന്‍ സാന്‍‌ഡ്‌വിച്ച് ), മൊത്ത (കോഴിമുട്ട) പിന്നെ മീമി (മീന്‍ ) .. തീയററ്റിക്കലിയും പ്രാക്റ്റിക്കലായും ആളൊരു പക്കാ നോണ്‍ വെജിറ്റേറിയന്‍! വെജിറ്റേറിയന്‍ ഫുഡ് കണ്ടാല്‍ പാത്രം തട്ടിയെറിയും.

സോഫയില്‍ സ്റ്റെഡിയാട്ടിരിക്കുന്നതു കാണുമ്പോള് നമ്മളോര്‍ക്കും മോന്‍ റ്റി.വി കാണുകയാണെന്നു. അടുത്തു ചെന്നു നോക്കുമ്പഴല്ലേ.. നല്ല അസ്സല്‍ ഉറക്കമായിരിക്കും: ദേ... ഭാവിയില്‍ വല്ല സസ്ര്ക്കാര്‍ ഉദ്ദ്യോഗം ഇട്ടുമായിരിക്കും .


കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിക്കുന്നതിനെ പറ്റി തമാശക്കു പോലും പറയരുത് എന്നു കാരണവന്മാര്‍ പറയാറുണ്ട്.. ബട്ട്.. ഇദ്ദേഹത്തിന്റെ ഒരു പ്രശ്നമെന്താണെന്നു വച്ചാല്‍, സ്വന്തം വയര്‍ നിറഞ്ഞാലും അറിയില്ല. രാത്രി, മുത്തയും, ചിച്ചയും ഒക്കെ കൂട്ടി ഡിന്നറും തട്ടി, ഫുള്‍ ടാങ്ക് ഡീസലുമടിച്ച് (പാല്‍) കിടന്നുറങ്ങാന്‍ കിടന്ന ശേഷം എന്റെ അത്താഴത്തിനു ബീവി എനിക്കു ഒരു ഓമ്ലെറ്റ് ഉണ്ടാക്കുന്ന സ്മെല്ലടിച്ചാല്‍ പാലിന്‍ കുപ്പി വലിച്ചെറിഞ്ഞ് , കിലുക്കത്തില്‍ രേവതി “ബെച്ച കോയീന്റെ മണം” എന്നു പറയും പോലെ . “മൊത്തേടെ മനം, പുച്ചൂനു മൊത്ത വേണം”.. എന്നും പറഞ്ഞു ഓടിവരും..

കൊടുത്തില്ലെങ്കില്‍ പിന്നെ അവിടെ ആഭ്യന്തരയുദ്ധം തീര്‍ച്ച! വയറു വീര്‍ത്ത് നമ്പൂരി പറയും പോലെ “ഒരു വെരലു” കേറ്റാന്‍ കൂടി ഗ്യാപ്പില്ലെങ്കിലും, ഒരു ഗ്ലാസ് പെപ്സി കണ്ടാല്‍ പറയും.. “പുച്ചൂനു പെപ്പി വേനം..“
പുച്ചൂന്റെ കൊടവയറു കണ്ടാല്‍ എനിക്ക് ഓഫീസിലെ “മൊഹമ്മദ് ഇസ” എന്ന അറബിയെ ഓര്‍മ്മ വരും. ഉച്ചക്ക് “ഓള്‍ യു കാന്‍ ഈറ്റ് & ഡ്രിങ്ക്” ഓഫറിലെ കെന്റക്കി ചിക്കനും മൂക്കറ്റം തട്ടി ഓഫീസില്‍ വന്നിരുന്നു ശ്വാസം വലിക്കാന്‍ പെടാപ്പാടു പെടുന്ന മൊഹമ്മദിന്റെ വയറു കണ്ടിട്ട് ഒരിക്കല്‍ മറ്റൊരു സഹപ്രവര്‍ത്തകനായ ജോണ്‍ എന്നോടു പരഞ്ഞു. “മാഷേ, ഹൃദയം പൊട്ടി , കരളുരുകി ഒക്കെ ആള്‍ക്കാരു മരിച്ച കേട്ടിട്ടുണ്ട്.., ദേ ഈ ഇരിക്കുന്നോന്‍, വയറു പൊട്ടിയാനു മരിക്കാന്‍ സാധ്യത”

ഈയിടക്ക് വിച്ചൂനു ചെറിയൊരു അസുഖം. കാറില്‍ കയറി ഡ്രൈവു ചെയ്യുമ്പോഴാണ് ഞാനതു ശ്രദ്ധിച്ചത്. പുച്ചൂന്റെ ഇടത്തേ കൈ പൊക്കിപിടിച്ചിരിക്കുന്നു! താഴ്ത്തി വക്കാന്‍ നൊക്കിയിട്ടാണേള്‍ ആശാന്‍ സമ്മതിക്കുന്നില്ല.. പാവം വേദനിക്കുന്നുണ്ടോ ആവോ.. പക്ഷേ രസകരമായൊന്നു, വീട്ടിലെത്തിയാല്‍ ഈ കൈക്ക് ഒരു കുഴപ്പവുമില്ല എന്നതാ. രണ്ടുമൂന്നു ദിവസം ശ്രദ്ധിച്ചപ്പോള്‍ ഇതു തന്നെ വിച്ചു റിപ്പീറ്റ് ചെയ്യുന്നു.. .

പണ്ടു കുടൂമത്ത് കാശില്ലാതിരുന്നതുമൂലം മാത്രം മെഡിസിനു പോവേണ്ടായെന്നു തീരുമാനിച്ചിരുന്ന എന്റെ “മെഡികല്‍ ബുദ്ധി” എന്നോടു ചോദിച്ചു.“കാറില്‍ കയറിയാലേ പ്രശ്നമുള്ളൂ.. ഇനി യാത്രചെയ്യുമ്പോള്‍ കൈകളുടെ പേശികള്‍ വലിയുന്നതാണോ?”

ഡോ: ആന്റ്ണിയെ കാണിക്കണോ? ഞങ്ങള്‍ സംശയിച്ചു.... 2 ദിവസം കൂടി നോക്കാം..

വൈകീട്ട് ഡിന്നര്‍ കഴിഞ്ഞ് ഏതോ ഒരു തമിഴ് പടം കണ്ടോണ്ടിരുന്ന അമ്മായിയമയുടെ മുന്നില്‍ ഈ സംഭവം വിവരിച്ചപ്പഴല്ലേ സംഗതികള്‍ പിടി കിട്ടുന്നത്. കഴിഞ്ഞയാഴ്ച അമ്മ വിച്ചുവിനേം മീരയേം കൂട്ടി കാറില്‍ പുറത്ത് പോയി, ഒരു ചിക്കന്‍ സാന്‍‌ഡ്‌വിച്ച് കടക്കരികില്‍ നിര്‍ത്തി പറഞ്ഞു “ആര്‍ക്കാ ചിക്കന്‍ സാന്‍‌ഡ്‌വിച്ച് വേണ്ടത്? വേണ്ടോരു കൈ പൊക്കൂ.”

മീരമോള്‍ ഭക്ഷണത്തെ പണ്ടേ ആജന്മശത്രുവായി പ്രഖ്യാപിച്ചിരുന്നതിനാല്‍ വേണ്ടെന്നു പറഞ്ഞു. വിച്ചുവിന്റെ കൈകള്‍ ഉയര്‍ന്നത് നാനോസെക്കന്‍ഡുകള്‍ക്കകം. തുടര്‍ന്നുള്ള ദിവസങ്ങളിലെല്ലാം കാറിനകത്ത് കയറുമ്പോഴേക്കും വിച്ചു കൈകള്‍ പൊക്കിയായിരുന്നത്രേ ഇരിപ്പ്..

കാറിനകത്തിരുന്നു കൈപൊക്കിയാല്‍ സാന്‍‌ഡ്‌വിച്ചു വരുമെന്ന അവന്റെ വിശ്വാസം ഞങ്ങളായിട്ടു ഇനി തിരുത്തുന്നുമില്ല. എന്തായാലും അവന്റെ വിളിപ്പേരൊന്നു മോഡിഫൈ ചെയ്തു..സാന്‍ഡ്‌വിച്ചു എന്നാക്കി.

Read more...

ബിപ്പന്‍സ്

Wednesday, October 03, 2007

അന്നൊരു നല്ല ദിവസമായിരുന്നു. കമ്പനി സര്‍വീസ് മാനേജര്‍ ആദ്യമായി, സര്‍വിസ് കോള്‍ അറ്റന്‍ഡു ചെയ്യാന് എന്നോടു പോണ്ടിച്ചേരിക്കു പോകുവാനാവശ്യപ്പെട്ടത് .

സാധാരണ സീനിയര്‍ എഞ്ചിനീയര്‍മാരേ ദൂരയാത്രകള്‍ക്കയക്കൂ. വെറും 6 മാസത്തില്‍ എന്നില്‍ കമ്പനിക്കു ആത്മവിശ്വാസമായോ എന്നു ഞാന്‍ തന്നെ ചുമ്മാ സംശയിച്ചു.

പോണ്ടിക്കു പോയാല്‍ രണ്ടുണ്ട് (രണ്ടുണ്ടയല്ല!) ഗുണം!
ടി.ഏ/ഡി. വകുപ്പില്‍ എന്തെങ്കിലും തടയുമെന്നു മാത്രമല്ല, തിരിച്ചു വരുമ്പോള്‍ ഒന്നു രണ്ടു ബോട്ടില്‍ ടാക്സ്-ഫ്രീ വിസ്കിബ്രാണ്ട്യാരിഷ്ടങ്ങളും കൊണ്ടു വരാം. 5 എഞ്ചിനീയര്‍മാര്‍ ഒരുമിച്ചു ചേര്‍ന്നു കോവൈ നഗരത്തിന്റെ നെഞ്ഞത്തു തന്നെ ആയിരത്തഞ്ഞൂറു രൂഫാ മുടക്കി വാടകക്കെടുത്തിരിക്കുന്ന വീട്ടില്‍, ഏതേങ്കിലുമൊരുത്തന്‍ പോണ്ടി പോയി വന്നാല്‍ പിന്നെ രണ്ടു ദിവസത്തേക്കു അയല്‍ക്കാര്‍ക്കു ചെവിതല കേള്‍ക്കൂല്ല. അര്‍മാദം തന്നെ അര്‍മാദം!

അങ്ങനെ 3 ദിവസത്തെ ട്രിപ്പ് പ്ലാന്‍ ചെയ്തു ഞാന്‍ ബസ് ടിക്കറ്റ് അഡ്വാന്‍സായി ബുക്കു ചെയ്തു. ജെ.ജെ ട്രാന്‍സ്പോര്‍ട്ടില്‍.. അതായത് ജെ.ജയലളി അന്നു മുക്കിയമന്ത്രിയാണു , തമിഴകത്തിന്റെ.. ഒരു ചെയ്ഞ്ചിനാണെന്നു തോന്നുന്നു.. പുള്ളിക്കാരി തമിഴ്നാട്ടില്‍ ഓടിയിരുന്ന സകല സര്‍ക്കര്‍ വണ്ടികളുടെ ബോഡിയിലും തന്റെ പേരെഴുതി വച്ചു ഈ ഞരമ്പു രോഗികള്‍ മൂത്രപ്പുരയില്‍ “സാബു ലവ്സ് ലീന” എന്നു ഇല്ലസ്റ്റ്രേഷന്‍ സഹിതമൊക്കെ എഴുതി വയ്ക്കാറില്ലേ .. ആ ഒരു മാനസികാവസ്ഥയാവാം! ഒരു “ബാബുക്കുട്ടന്‍ “ റ്റച്ച്..

ഭാഗ്യം നമ്മുടെ സ്വന്തം “ദൈവത്തിന്റെ നാട്ടില്‍” ഇതൊന്നുമില്ല.. ഒണ്ടേല്‍ എന്തായിരുന്നേനേ? ആനവണ്ടിയുടെ പുറത്ത ഉമ്മന്‍ ചാണ്ടി റ്റ്രാന്‍സ്പോര്‍ട്ട്” “അച്ചുമ്മാന്‍ ട്രാന്‍സ്പോര്‍ട്ട്” എന്നൊക്കെ എഴുതികാണുമ്പോ! ഹോ..

അതൊക്കെ പിന്നേം സഹിക്കാം..

നമ്മടെ ദേവസ്വം മന്ത്രിയായിയിരുന്നു മുഖ്യമന്ത്രി എങ്കില്‍ എന്തായേനേ? സുധാകര്‍ റ്റ്രാന്‍സ്പോര്‍ട്ട് എന്നാക്കിയേനേ. മാത്രമല്ല, ബസ്സിന്റെ ഹോണടിക്കുമ്പോഴുള്‍ല “പീ..പീ” എന്ന ശബ്ദത്തിനു പകരം “പട്ടീ..പട്ടീ..” എന്നായേനേ

ആ പഴയ മത്തങ്ങ ബലൂണ്‍ പോലെയുള്‍ല ഹോണില്ലേ അതേ പിടിച്ചൊന്നു ഞെക്കിയാല് പോ..പോം” എന്നതിനു പകരം “കഴുവേറീ. കഴുവേറീ” എന്ന ശബ്ദം വന്നേനേ.. ഒരോ ഗട്ടറില്‍ ചാടുമ്പോഴും തുരുമ്പിച്ചിളകിയ സീറ്റുകളുടെ “കിര്‍ കിര്‍” ഞരക്കങ്ങള്‍ വര കൊഞ്ഞാണന്‍..കൊഞ്ഞാണന്‍” എന്നു മാറിപ്പോയേനേ!!

ഭാഗ്യം ചെയ്തവരാ നമ്മള്‍ മലയാളികള്‍! യെവനൊക്കെ ദേവസ്വം വരെയേ എത്തിയുള്ളൂ!!

എന്തായാലും ഒരു കണക്കിനു പോണ്ടിച്ചേരിയിലെത്തി.. അവിടത്തെ പ്രശസ്തമായ 3 കോട്ടണ്‍ മില്ലുകളിലെ കമ്പ്യൂട്ടറൈസ്ഡ് ടൈം മാനേജ്മെന്റ് സിസ്റ്റങ്ങള്‍, 3 മാസം കൂടുമ്പോള്‍ ഞങ്ങള്‍ കുറേ ഊച്ചാളികള്‍ പോയി പൊടി തുടച്ച് വച്ചാല്‍, കുറേ കാശു ഞങ്ങ മൊതലാളീടെ പെട്ടിയില്‍ വീഴുന്ന തരത്തില്‍ ഒരു ‘എ.എം.സി” ഒപ്പിച്ച് വച്ചതിന്റെ പരിണിതഫലങ്ങളാണീ യാത്രകള്‍. പണിയൊക്കെ പെട്ടെന്നു തീര്‍ത്തു തിരിച്ചു ഒരു ദിവസം ബാക്കി

ആദമായി റിക്ഷായില്‍ കയറിയതവിടെയാണ്. നഗരം കാണിക്കാനായി ഒരു പാവം വയസ്സന്‍ എന്നെയും വഹിച്ചു കുറെ ചവിട്ടി. അങ്ങേരു ഓരോ സ്ഥലമെത്തുമ്പോഴും നല്ല “കനത്ത” തമിഴില്‍ എന്തൊക്കെയോ പറയും ഞാന്‍ തിരിച്ച് “ഓഹ്.അപ്പടിയാ.., ആമാങ്കളേ..” എന്നുള്ള ആകെപ്പാടെയറിയുന്ന കുറച്ചു വാക്കുകളും വച്ചങ്ങു അഡ്ജസ്റ്റു ചെയ്തു പോയി..

പെട്ടിക്കടകളേക്കാള്‍ കൂടുതല്‍ വൈന്‍ ഷോപ്പുകളാണവിടെ. താമസിക്കുന്ന ലോഡ്ജിനടിയിലും ഉണ്ടൊരെണ്ണം.. ഭാഗ്യം.. തിരിച്ചു കൊയമ്പത്തൂരിലേകു കൊണ്ടു പോവാനുള്ള 3 കുപ്പി വേഗം തന്നെ വാങ്ങി വച്ചു. എന്താ വിലകുറവു. കോവയില്‍ കിട്ടുന്നതിന്റെ നാലിലൊന്നേ വിലയുള്ളൂ

റൂമില്‍ കയറി രണ്ടെണ്ണം വിട്ട് ചെറുതായൊന്നു മയങ്ങി. എഴുന്നേറ്റപ്പോള്‍ വൈകീട്ട് 4 മണി. അടുത്തു തന്നെ ബീച്ചുണ്ട്, അതോറ്റു ചേര്‍ന്നു നലൊരു കോര്‍ണിഷും. പിന്നെ കുറെ സ്മാരകങ്ങളും.. ഒന്നു പോയി കണ്ടേക്കാം എന്നു കരുതി. നടക്കാന്‍ അല്പം ഊര്‍ജ്ജമായിക്കോട്ടേന്നു കരുതി ഒരെണ്ണം കൂടി പിടിപ്പിച്ചു

നല്ല തണുത്ത കാറ്റും കൊണ്ട്, ഗാന്ധി സ്റ്റാച്ച്യ ്ക്വയറിലൂടെയങ്ങു നടന്നു. ബീച്ചിലെത്തി, അവിടത്തെ ഒരു സിമന്റു ബഞ്ചിലിരുന്നു, നല്ല തണുത്ത കാറ്റ്.. ജാക്കറ്റു കൊയമ്പത്തൂരില്‍ നിന്നും കൊണ്ടു വന്നിരുന്നില്ല, അതിനാല്‍ റൂമില്‍ നിന്നിറങ്ങുമ്പോള്‍ എടുക്കാന് മറന്നില്ല.. കൊയമ്പത്തൂരില്‍ നിന്നും പുറപ്പെടുമ്പോള്‍ ജാക്കറ്റെടുക്കാതിരിക്കാന്‍ മറ്റൊരു കാരണവുമുണ്ടായിരുന്നു.. സ്വന്തമായി ജാക്കറ്റ ഉണ്ടായിരുന്നുല്ല.

തണുത്തു വിറക്കുന്നെങ്കിലു ഉള്ളില്‍ കിടക്കുന്ന വീര്യത്തിന്റെ ബലത്തില്‍ വിശാലമായ കാഴ്ചകള്‍ നോക്കിയിരുന്നു. മുട്ടിയുരുമ്മി സൊറപറയുന്ന കമിതാക്കള്‍, തോളില്‍ കയ്യിട്ട് ചേര്‍ന്നിരിക്കുന്ന “ജസ്റ്റ് മാരിഡ്” ടീമുകള്‍, “ഓ ഇതേലൊക്കെ എന്തോന്നു കാര്യം” എന്ന റോളില് നല്ല ഗ്യാപ്പിട്ട് ഇരിക്കുന്ന പ്രായമായ ദമ്പതികള്‍ (അല്ല, ഇതു വായിക്കുമ്പോ നിങ്ങള്‍ക്ക് ന്യായമായൊരു സംശയം തോന്നും. യവനെന്തേ, ഈ കപ്പിള്‍സിനെ മത്രമേ നോക്കിയുള്ളൂ. അതല്ല , ഹൈലറ്റഡ് ആയ ചിലവ പറഞ്ഞെന്നു മത്രം)

രണ്ടു കുടവയറന്‍ ചേട്ടന്മാര്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ കളിക്കുന്നു. കാറ്റത്ത് തെന്നി മാറുന്ന ഷട്ടിലിനെ അടിക്കുക എന്നതു തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണു, അതു മണലില്‍ ചെയ്യുന്നത് കഠിനം. കണ്ടിരുന്നപ്പോള്‍ നല്ല രസം തോന്നി, ശ്രദ്ധ കപ്പിളുകളില്‍ നിന്നും മാറി ഷട്ടിലിലേക്കായി..

7 ഇല്‍ പഠിക്കുമ്പോള്‍, ക്ലാസില്‍ ഒന്നാമതായതിനു അച്ഛന്‍ ഒരു ബാറ്റു ഷട്ടില്‍ വാങ്ങി തന്നു. മരത്തിന്റെ ഫ്രെയിം, അതില്‍ നല്ല റെഡ് കളറില്‍ “ജയ് ഹനുമാന്‍” എന് ്റ്റിക്കര്‍ ഒക്കെയുള്ള ഒരെണ്ണം, അന്നു 20 രൂപക്ക് എലുവത്തിങ്കല്‍ സ്റ്റോറില്‍ നിന്നാണതു വാങ്ങിയത്. മുഴുത്തേങ്ങ കിട്ടിയ പട്ടിയെപ്പോലെ, ഒരു ദിവസം മുഴുവനും ആ ബാറ്റും കൊണ്ടു നടന്നു. ആ ഏരിയാവില്‍ ഒരുത്തനുമില്ല ഷട്ടില്‍ ബാറ്റ്.. കവളി മറ്റല്‍ മുറിച്ച് ക്രിക്കറ്റ് ബാറ്റു മാത്രമേ അക്കാലത്ത് ആ ഏരിയാവില്‍ നിലവിലുള്ളൂ

പിറ്റേന്നു കുറേ നിര്‍ബന്ധിച്ചിട്ടാണു അച്ഛന്‍ ഒരു ബാറ്റും കൂടി വാങ്ങി വന്നത്. അങ്ങനെ വെങ്കിടങ്ങില്‍ ഷട്ടില്‍ ബാഡ്‌മിന്റന്‍ എന്ന കായികരൂപത്തിനു അടിത്തറയിട്ടതു ഞാനാണെന്നു വേണേല്‍ പറയാം.. (വേണേല്‍ മതി, അല്ലെങ്കില്‍ പറയണ്ട.)

രണ്ടു ബാറ്റായപ്പോള്‍, കളി ആകെ മാറി. ഞാന്‍ ഒരു നേതാവു ചമഞ്ഞു.. അന്നത്തെ മൂക്കൊലിപ്പന്‍ ചെക്കമ്മാരൊക്കെ ഒരു ബാറ്റിനായി എന്റെ പുറകെയായി. ഒരു വശത്ത് എപ്പോഴും ഞാനായിരിക്കും കളിക്കുന്നത്, മറുവശത്ത ിള്ളേരു ക്യൂ നിന്നു, ഞാനുമായി മത്സരിക്കാന്‍.. കളിമൂത്ത് മൂത്ത്, ബാറ്റിന്റെ വള്ളികള്‍ (ഗെട്റ്റ്സ്) ലൂസായി ഏനാമാവു കായലിന്റെ അരികില് ീന്‍ പിടിക്കാന്‍ നില്‍ക്കുന്ന വേലപ്പന്‍ ചേട്ടന്റെ കയ്യിലെ “മീന്‍ കോരാനുള്ള ആ സാധനം പോലെയായി.. നല്ലൊരു സ്മാഷടിച്ചാല്‍ പിന്നെ ഷട്ടില്‍ കാണില്ല.. ഒന്നുകൂടി നോക്കിയാല്‍ ബാറ്റിന്റെ വലകള്‍ക്കിടയില്‍ കുരുങ്ങിയിരിക്കുന്നുണ്ടാവും.

ആദ്യമൊക്കെ ഞാന്‍ പിള്ളേരെ 15- 0 ലവില്‍ പൊട്ടിക്കുമായിരുന്ന പിള്ളേരു കളിച്ചു കളിച്ച് എന്നെ പൊട്ടിക്കുമെന്നായപ്പോ, ഞാന്‍ എന്റെ ഒരു ബാറ്റു തല്ലിപ്പൊട്ടിച്ചു.. എന്നിട്ടു പറഞ്ഞു, ഇനി വേണേല്‍ നിങ്ങളു ബാറ്റു വാങ്ങ്! ആഹ.. അല്ലാ പിന്നേ..

8 ഇല്‍ റ്റെക്ക്നിക്കല്‍ ഹൈസ്കൂളില്‍ ചേര്‍ന്നപ്പോള്‍ ഞാനും ഷട്ടില്‍ ഗോമ്പറ്റീഷനില്‍ പങ്കെടുത്തു. ആദ്യ മാച്ചു കളിക്കാന്‍ കൊണ്ടു പോയത് അച്ഛന്‍ വാങ്ങിതന്ന “ജെയ് ഹനുമാന്‍” ബാറ്റും കൊണ്ടാണു! ബാക്കി കളിക്കാരൊക്കെ, നല്ല ഉശിരന്‍ മെറ്റല്‍ ഫ്രേം യോനക്സ്, ഹൈകാര്‍ബണ്‍ സ്റ്റീല്‍ ബാറ്റുകളുമായും.

അതു കണ്ടു മത്സരത്തിനു വന്നവരെല്ലാം ചിരിയോടു ചിരി.. അലറിച്ചിരി.. ഹെവി ബാറ്റുണ്ടെങ്കിലേ എന്റെ ഫ്രണ്ട്ഫൂട്ട് കവര്‍ ഡ്രൈവിനു പെര്‍ഫക്ഷന്‍ വരൂ എന്നു റ്റെണ്ടുല്‍കര്‍ പരയുന്ന പോലെ ഞാനും “മരബാറ്റു കൊണ്ടു കളിച്ചാലേ എനിക്കു കളി വരൂ” എന്നൊക്കെ കുറേ നമ്പറിട്ടെങ്കിലും, ാനാകെ ചമ്മി ചമ്മന്തിയായി.

ഇതിനിടക്ക് എന്റെ ഫ്രണ്ടായിരുന്ന പ്രിന്റോ, എന്റെ ആദ്യ മത്സരത്തിനു അവന്റെ ബാറ്റ് ഉപയോഗിക്കാന്‍ തന്നു.. ആഹ.. അതു പിടിച്ചപ്പോഴല്ലേ അതിന്റെ ഒരു സുഖം അങ്ങട്ട് മനസ്സിലാവണേ.. ഓരോ സ്മാഷുകള്‍ക്കും എന്താ പവര്‍, ഉപയോഗിക്കാന്‍ എന്താ ഒരു സ്മൂത്നെസ്സ്..

അടുത്തു തന്നെ ഒരെണ്ണം വാങ്ങണം! ഞാന്‍ മനസ്സിലുറച്ചു. ഇതേ മോഡല്‍ തന്നെ വേണം! “ബിപന്‍സ്” എന് ്രാന്‍ഡ്.. നല്ല കടും പച്ച നിറത്തില്‍ വലകള്‍ക്കിടയില്‍ “ബി” എന്നു എഴുതിയിരിക്കുന്ന മോഡല്‍. പ്രിന്റോ ആണു സ്കൂളിലെ മികച്ച രണ്ടാമത്തെ കളിക്കാരന്‍. ഒന്നാമന്‍ വാടാനപിള്ളിക്കാരന്‍ സലീം. അവന്റെ ഉപ്പ ഫോറിനില്‍ നിന്നും കൊണ്ടു കൊടുത്തിട്ടുള്ള “യോനക്സ്” ബാറ്റാണു അവന്‍ ഉപയോഗിക്കാറു. മറ്റൊരാളും അതു തൊടാന്‍ ആ കന്നാലി സമ്മതിക്കൂല. അതൊന്നും വാങ്ങാന്‍ നമ്മളെക്കൊണ്ടാവൂല, 1000 രൂപയില്‍ അധികമാണത്രേ അതിന്റെ വില. ഹൌ!

ഷട്ടില്‍ ടീമിലേക്ക് 5 പേരെയാണെ എടുക്കുക. സ്റ്റേറ്റ് ലെവലില്‍ കളിക്കാനായി. അതില്‍ സലിമും പ്രിന്റോയും ഏകദേശം ഉറപ്പാണു. ബാക്കി 3 സ്ഥാനങ്ങള്‍ക്കായാണു ഏകദേശം 30 പിള്ളെരു വന്നിരിക്കുന്നത്.

4-5 റൌണ്ടു കളികള്‍ ഉണ്ടാവും. ആദ്യ റൌണ്ട് ജയിച്ച എന്നോറ്റു പ്രിന്റോ പറഞ്ഞു “നാളെ വരുമ്പോ, ഈ മരബാറ്റു കളഞ്ഞു നല്ലൊരെണ്ണം വാങ്ങി വാ.. ഇനി എന്റെ ബാറ്റു ഞാന്‍ തരില്ല!“

“തെണ്ടി..” അന്നെനിക്കു അറിയാവുന്ന ഏറ്റോം വല്യ തെറി അതായിരുന്നു.. രണ്ടു തവണ അവനെ അതു വിളിച്ചപ്പോ ഒരാശ്വാസം കിട്ടി. തിരിച്ച് തൃശ്ശൂരെ ഏറ്റോം വലിയ സ്പോര്‍ട്ട്സ് ഷോപ്പായ ‘ഒക്റ്റോ‌പാത്സില്‍” പോയി ‘ബിപന്‍സ്” ബാറ്റിന്റെ വില ചോദിച്ച 240 രൂപാ. ഓണ്‍ലി.. ഞാന്‍ തിരിച്ചു വീട്ടില്‍ വന്നു അച്ഛനോട് പ്രശ്നമവതരിപ്പിച്ചു..

“നീ കളിച്ചു വളര്‍ന്നു ഒരു പ്രകാശ് പദുകോണ്‍” ആയി എനിക്കു ചെലവിനു തരേണ്ടാ, മിണ്ടാണ്ട് അവറ്റെ പോയി ഇരുന്നോണം , ഇല്ലേ ഈ മരത്തിന്റെ ബാറ്റും കൂടി ഞാന്‍ അടുപ്പിലിടും, സ്കൂളില്‍ പഠിക്കാനാ പോവെന്റത്, “ എന്നൊക്കെയുള്ള ബൂര്‍ഷ്വാ മറുപടികളില്‍ മനം നൊന്ത ഞാന്‍ അമ്മയോട് റെക്കമന്റ് ചെയ്യാന്‍ പറഞ്ഞെങ്കിലും, “സ്പോഴ്സില്‍” യാതൊരു കമ്പവുമില്ലാത്ത അമ്മയും കനിഞ്ഞില്ല!

നാളെ രണ്ടാം റൌണ്ടു കളിക്ക് ഈ മരബാറ്റു വച്ച് കളിക്കേണ്ടി വരും.. ഓരോ സ്മാഷിലും ചിലപ്പൊ ഷട്ടില്‍ ബാറ്റിനിടയില്‍ കുടുങ്ങും ഇല്ലാ എനിക്കതു താങ്ങാനുള്ള ശക്തിയില്ല എന്തെങ്കിലും ചെയ്തേ തീരൂ.. ഞന്‍ മണ്ടപുകഞ്ഞാലോചിച്ചു.

ഐഡിയാ.. നിരാഹാര സത്യാഗ്രഹം!

അമ്മ വന്നു ഡിന്നര്‍ ബുഫേക്കു (കഞ്ഞീം ചമ്മന്തിപ്പൊടിയും ഒണക്കപപ്പറ്റവും) വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്കു വേണ്ടാ!!

അമ്മ എന്നെ വന്നു ഭക്ഷണം കഴിക്കാന് ിര്‍ബന്ധിക്കും, അപോള്‍ ബാറ്റിന്റെ കാര്യം റെക്കമെന്റു ചെയ്യാന്‍ പറയണം എന്നൊക്കെ മനസ്സില്‍ കരുതിയിരുന്ന എന്നെ ഞെട്ടിച്ചു കൊണ്ട് അമ്മ പരഞ്ഞു, ‘എന്നാ പോയി കിടന്നുറങ്ങാന്‍ നോക്ക്” ഈശ്വരാ.. കാര്യം നിരാഹാരം എന്നൊക്കെ തീരുമാനമെടുത്തെങ്കിലും, സമയാസമയം , ആ വയറ്റിനകത്തേക്കുള്ള സബ്സിഡി കിട്ടിയില്ലേല്‍ തലകറങ്ങുന്ന റ്റൈപ്പായ ഒരു ശുദ്ധഹൃദയനാണു ഞാന്‍. വീട്ടീന്നു നല്ല മുറുക്കത്തില് 12-13 ഇഡ്ഡലീം കയറ്റിപ്പോയാലും, ഉച്ചയൂണിനുള്ള 1 മണിയുടെ ബെല്ലടിക്കുമ്പോഴേക്കും എന്തോ ഒരു തളര്‍ച്ചപോലെയാനെനിക്ക്. മഹാരോഗമാണോ എന്തോ

തമാശക്കളിയാണോ, 8 മണിക്ക് ഊണും കഴിച്ച് എട്ടരയോറ്റെ എല്ലാരും കിടക്കും, ബാക്കി ചോറുള്ളത് സാധാരണ പട്ടിക്കോ പൂച്ചക്കോ കൊടുക്കാറാണു പതിവ്. 8 മണിക്ക് കിടന്നാല്‍ ഇനി അടുത്ത ഭക്ഷണം നാളെ രാവിലെ 6 മണിക്കാണു! ഇപ്പോഴേ വയറു കത്തിത്തുടങ്ങി.. ഇനി 10 മണിക്കൂര്‍ കൂടി? പ്രിമെച്വറായി നിരാഹാരസമരം അവസാനിപ്പിക്കണോ. അത രണ്ടും കല്പിച്ച് തുടരണോ

ബിപ്പന്‍സിന്റെ മനോഹര രൂപം എനിക്ക് ആവേശം തന്നു, എന്റെ ഓര്‍മ്മയില്‍ ആദ്യമായി ഞാന്‍ പട്ടിണി കിടന്ന രാത്രി.. നന്നായി വിശപ്പറിഞ്ഞ രാത്രി.
രാത്രി എല്ലാരും ഉറങ്ങിയെന്ന് മനസ്സിലായ ശേഷവും ഞാന്‍ അടുക്കളയിലേക്കു പതുങ്ങി പോവാതിരുന്നതിന്റെ പുറകിലെ രഹസ്യം “അടുക്കളയില്‍ ഒന്നുമുണ്ടായിരിക്കില്ല എന്ന ഒറ്റ ഉറപ്പാണു“.. പോയിട്ടെന്തു കാര്യം? കല്‍ചട്ടിയില്‍ നിന്നും കുറേ ഉപ്പു വാരി തിന്നാമെന്നല്ലാതെ വേറൊരു ഗുണവുമില്ല!

കാര്യം രാത്രി മുഴുവന്‍ ഞാന്‍ പട്ടിണിയായിരുനെങ്കിലും, എല്ലാ ദിവസത്തേയും പോലെ പ്രത്യേകിച്ചു സംഭവവികാസങ്ങളൊന്നുമില്ലാതെ അന്നും നേരം പുലര്‍ന്നു. അമ്മ ദോശ ചുട്ടു, എനിക്കു വിളമ്പി, ആദ്യം വിശപ്പും, പിന്നെ ദോശയുടെ മണവും എല്ലാം ചേര്‍ന്നു എന്നെ മേശപ്പുറത്തേക്കു ചാടിയിരുത്തിയെങ്കിലും, ഒന്നും കഴിക്കാതെ ഞാന്‍ എണിറ്റു പറഞ്ഞു. “എനിക്കു വേണ്ടാ”

ഇത്തവണ അമ്മ ഒന്നു പകച്ചു.. “ദേ ഇന്നലെ രാത്രീം ഒന്നും കഴിച്ചില്ല, മര്യാദക്ക് വന്നിരുന്നു കഴിക്കുന്നോ..അതോ ഞാന്‍ അച്ഛനെ വിളിക്കണോ?“

‘എനിക്കു ബാറ്റു വാങ്ങി തരുമോ ഇല്ലയോ” ഞാന്‍ ചൂണ്ടയെറിഞ്ഞു..

“വാങ്ങിത്തരാം, മോനിപ്പോ ഇതു കഴിക്ക് എന്നമ്മ പറയും, എന്നിട്ട്, ഇന്നലെ പട്ടിണി കിടന്നതിന്റെ കോമ്പന്‍സേറ്റു ചെയ്ത് ഒരു 15 ദോശയെങ്കിലും തട്ടണമെന്നൊക്കെ “മന ദോശ’ ഉണ്ടുകൊണ്ടിരുന്ന ഞാന്‍ അമ്മയുടെ മറുപടി കേട്ടു വീണ്ടും ഞെട്ടി..

“ബാറ്റില്ലാതെ മോന്‍ഉ ദോശ ഇറങ്ങില്ലെങ്കില്‍ വേണ്ടാ, കഴിക്കണ്ടാ”

ഈശ്വരാ, ബാറ്റുമില്ല, ദോശയുമില്ല.. ഞാന്‍ തളര്‍ന്നു എനിക്ക് വാശിയായി..

“എനിക്കിന്നു സ്കൂളിലേക്കു ചോറു പൊതിയണ്ടാ” അമ്മ എന്നെ തുറിച്ചു നോക്കി..

സ്കൂളിലിലേക്കിറങ്ങും വരെ ആരുമൊന്നും പറഞ്ഞില്ല, ഒരാളെങ്കിലും ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കുമെന്ന എന്റെ പ്രതീക്ഷകളെല്ലാം അസ്ഥാനത്ത്..

ഇറങ്ങാന്‍ നേരം എന്നു 2 രൂപ തരാറുള്ള അച്ഛന്‍ അന്നു 5 രൂപ തന്നു! “നീ സ്കൂളില്‍ ചെന്നാല്‍ കടം വാങ്ങിയിട്ടായാലും കാന്റീനില്‍ നിന്നും ചോറു വങ്ങിക്കഴിക്കും എന്നെനിക്കറിയാം” എന്ന വാക്കുകള്‍ ഞാന്‍ അച്ഛന്റെ മുഖഭാവത്തില്‍ നിന്നും വായിച്ചെടുത്തു.

ഡേവീസേട്ടന്റെ കാന്റീനില്‍ നിന്നും ഉച്ചക്ക് അസ്സലായി തട്ടി.. 5 രൂപ കയ്യിലുണ്ടെങ്കിലും, ഡേവീസേട്ടനോടു പറ്റില്‍ എഴുതാന്‍ പറഞ്ഞു. തിരിച്ച് വീട്ടില്‍ ചെന്നു 5 രൂപ അച്ഛനു മടക്കി കൊടുത്തു,

“നീ ഉണ്ടില്ലേ ഇന്നു?” അമ്മ ചോദിച്ചു.

“”ഇല്ല” എനിക്കു വേണ്ടാ.. അല്പം തലര്‍ച്ച അഭിനയിച്ച് ഞാന്‍ കട്ടിലിലേക്കു ചാഞ്ഞു.

അന്നു രാത്രിയും ഞാന്‍ നിരാഹാരം തുടര്‍ന്നു. ഉച്ചക്ക തല്ല തട്ടു തട്ടിയതിനാല്‍ അന്നു വല്യ പ്രശ്നമുണ്ടായിരുന്നില്ല. അമ്മയുടെ ഭാവം ഒക്കെ മാറുന്നത് ഞന്‍ മനസിലാക്കി . ഇന്നു കുറേ നിര്‍ബന്ധിച്ചു, ഉണ്ണാനായിട്ട്.. അമ്മ അയയുന്തോറും ഞാന്‍ വാശി കൂട്ടിത്തുടങ്ങി.. ബാറ്റുകിട്ടാതെ ഇനി ഈ വീട്ടില്‍ നിന്നും ഉണ്ണില്ല എന്ന നിലപാടിലെത്തി ഞാന്‍.

രാത്രി കിടന്നു പെട്ടെന്നുറങ്ങി ആരോ തലയില്‍ തലോടുന്നപോലെ തോന്നിയപ്പോഴാണു കണ്ണു തുറന്നു നോക്കുന്നത്.. “അമ്മുട്ട്യേച്ചി!“

അമ്മയുടെ വല്യമ്മയുടെ മകള്‍ , 60 വയസ്സായിട്ടുണ്ട്. ചെറുപ്പത്തില്‍ പോളിയോ വന്നു ശരീരം മുഴുവന്‍ തളര്‍തിനാല്‍, കല്യാണമൊന്നും കഴിച്ചില്ല. വളരേ മെല്ലിച്ച അമ്മുട്ട്യേച്ചി, ഞങ്ങളുടെ തറവാട്ടില്‍ തന്നെയായിരുന്നു താമസം (കൂട്ടുകുടുംബം) അമ്മ ചേച്ചീ എന്നു വിളിക്കുന്ന കേട്ടാണു, ഞങ്ങള്‍ പിള്ളേരും “വല്യമ്മേ” എന്നതിനു പകരം “അമ്മുട്ട്യേച്ച്യേ” ന്നു വിളിക്കാറ്‌.

“എന്തേ അമ്മുട്ട്യേച്ച്യേ ..” ഞാന്‍ കണ്ണും തിരുമ്മി എഴുന്നേറ്റു ചോദിച്ചു.

‘മോനെന്തേ ഊണു കഴിക്കാഞ്ഞേ?”

“എനിക്ക് അച്ഛന്‍ ബാറ്റു വാങ്ങി തന്നില്ല.. അതാ..” ഞാന്‍ പറഞ്ഞു..

“അമ്മുട്ട്യേച്ചി കാശു തരാം.. മോന്‍ വിഷമിക്കണ്ടാ.. എത്ര ഉര്‍പ്യ ആവും അതിനു..”

എനിക്കു ചിരി വന്നുആരെങ്കിലും വിരുന്നുകാരൊക്കെ വീട്ടില്‍ വരുമ്പ 10 ഉം 20 ഒക്കെ ചേച്ചിക്ക് കൊടുക്കാറുണ്ട്. അതൊക്കെ ഒന്നുകില്‍ ഞങ്ങള്‍ പിള്ളേര്‍ക്കു തരും , അല്ലെങ്കില്‍ അമ്മക്കു കൊടുക്കും അതാണു അമ്മുട്ട്യേച്ചീടെ ശീലം, ബാറ്റിനു 10-20 രൂപയേ ആവുള്‍ലൂ എന്നാണു അമ്മുട്ട്യേച്ചി ധരിച്ചിരിക്കുന്നത്.. പാവം

“അതിനു ഭയങ്കര വെലയാ, അമ്മുട്ട്യേച്ചീടേലു അത്രേമൊന്നും കാണില്ല.” ഞാന്‍ പറഞ്ഞു

“ന്നാലും എന്താ അതിന്റെ വെലാന്നു കുട്ടന്‍ പറയൂ േച്ചി വിടുന്നില്ല

“240 രൂപ” ഞാന്‍ പറഞ്ഞു

“ശരി .. അമ്മുട്ട്യേച്ചി നാളെ തരാം ട്ടോ” ഇത്തവണ ഞെട്ടിയതു ഞാനാണ്! 240 രൂപ?? അമ്മുട്ട്യേച്ചീറ്റെ കയ്യിലോ? ഇനി ആ കാശും വാങ്ങി ബാറ്റു വാങ്ങിയാല്‍ അതു കൊണ്ട് വീട്ടില്‍ വരാനൊക്കില്ല.. എവിടന്നു കാശു കിട്ടി എന്ന ചോദ്യം വരും! അമ്മുട്ട്യേച്ചി തന്നു എന്നു പറഞ്ഞാല്‍ പിന്നെ അതിനു ചേച്ചിക്കും വഴക്കു കിട്ടും, .പിള്ളേരെ വഷളാക്കുന്നു എന്നും പറഞ്ഞ്! ആകെ ചിന്താക്കുഴപ്പത്തിലായി ഞാന്‍.

“മോന്‍ വന്നു ഊണു കഴിക്ക് ഇപ്പോ 2 ദൂസായില്ലെ പഷ്ണി കെടക്കുന്നു “ ചേച്ചി പറഞ്ഞു

“ഇല്ല്യാ, എനിക്കിപ്പോ വേണ്ടാ, ഞാന്‍ സ്കൂളീന്നു നന്നായിട്ടു കഴിച്ചു” ഒരു ചിരിയോടെ ഞാന്‍ പറഞ്ഞു..

“കള്ളന്‍”.. അമ്മേ പറ്റിക്ക്വാല്ലേ

പിറ്റേന്നു വൈകീട്ട് സ്കൂള്‍ വിട്ടു വന്നപ്പോ അമ്മുട്ട്യേച്ചി ചെറിയൊരു കവര്‍ തന്നു. അതു തുറന്നു നോക്കിയ എന്റെ കണ്ണുകള്‍ വികസിച്ചു, 5 ന്റെയും 10 ഒന്റെയുമായി കുറേ നോട്ടുകള്‍..

“ചേച്ചിക്കിതെവിടുന്നാ” അല്പം പരിഭ്രാന്തിയോടെ ഞാന്‍ ചോദിച്ചു.

“ഇവിറ്റെ ഓരോരുത്തരു വരുമ്പോ തരാറുള്ള കാശാ കുട്ടാ, ഞാന്‍ കൊറേശ്ശെയായി എടുത്തു വക്കാറുണ്ട്”

എന്റെ കണ്ണുകള്‍ നിറഞ്ഞു. ആ കവര്‍ നേരേ സ്കൂള്‍ ബാഗിലേക്കു വച്ചു.പിറ്റേന്നു സ്വന്തമാക്കാന്‍ പോവുന്ന ബിപ്പന്‍സ് ബാറ്റായിരുന്നു അന്നു രാത്രി സ്വപ്നങ്ങളില്‍ മുഴുവന്‍!

നല്ല തണുത്ത കാറ്റ് മുഖത്തേക്കടിച്ചപ്പോഴാണു പഴയ ഓര്‍മ്മകളില്‍ നിന്നും പോണ്ടിച്ചേരി ബീച്ചിലേക്കു മനസ്സു തിരികെ വന്നത്. കുടവയരന്മാര്‍ ചേട്ടന്മാരുടെ ഷട്ടില്‍ കളി ഗംഭീരമായി നടക്കുന്നുണ്ടവിടെ.

അമ്മുട്ട്യേച്ചിയെക്കുറിച്ച് വീണ്ടും ചിന്തകള്‍ മനസ്സിലേക്കോടി വന്നു. കോഴ്സെല്ലാം കഴിഞ്ഞു വെറുതെ നാട്ടില്‍ തെണ്ടിത്തിരിഞ്ഞു നടക്കുന്ന കാലം. അന്ന് സ്വന്തമായി ഒരു ബൈക്കുണ്ടായിരുന്നതിനാല്‍ മിക്കവാറും വീട്ടില്‍ കാണാറില്ല. അമ്മുട്ട്യേച്ചി തീരെ വയ്യാതെ കിടക്കുകയാണക്കാലത്ത്. ഇടക്കിട ഡോക്റ്റര്‍ വരും, മരുന്നിന്റെയും, മൂത്രത്തിന്റേയും ഗന്ധമുള് േച്ചിയുടെ ആ മുറിയില്‍ അധികം പോവാറില്ല. ആ കിടപ്പു കണ്ടാല്‍ സങ്കടം വരും.

ഒരിക്കല്‍ ഒരു ഞയറാഴ്ച കൂട്ടുകാരന്റെ വീട്ടില്‍ എന്തോ ആവശ്യത്തിനു പോയി. തിരിച്ച് രാവിലെ 11 മണിക്കു വീട്ടിലെത്തി ബൈക്കിന്റെ കാതടപ്പിക്കുന്ന ഒച്ച കാരണം, മുറ്റത്തു ബൈക്കു നിര്‍ത്തി ഓഫാക്കിയ ശേഷമേ വീടിനകത്തുനിന്നുള്ള നിലവിളികള്‍ കേട്ടുള്ളൂ..

മനസ്സിലായി.. “അമ്മുട്ട്യേച്ചി ……. കഴിഞ്ഞു”..

കുളിപ്പിച്ചു ഭസ്മം തൊടുവിച്ച് വെള്ളത്തുണിയില്‍ പുതപ്പിച്ചു കിടത്തിയിരുന്ന അമ്മുട്ട്യേച്ചിയുടെ മുഖത്ത് നല്ല ഐശ്വര്യം. പാദം നമസ്കരിച്ചപ്പോള്‍ കുറച്ചു നേരം പഴയ ആ ബാറ്റ് മനസ്സിലോടി വന്നു.. രണ്ടു തുള്ളി കണ്ണീര്‍ പൊടിഞ്ഞ് കാല്‍ക്കല്‍ വീണു

“അയ്യാ”. എന്ന വിളി വീണ്ടും ചിന്തകളില്‍ നിന്നും എന്നെ ഉണര്‍ത്തി.. മുന്നില്‍ ഒരു പ്രായമാ ്ത്രീ വന്നു കൈ നീട്ടുന്നു. അവരുറ്റെ മുഖത്തേക്കു നോക്കിയ എനിക്ക് എന്നെത്തന്നെ വിശ്വസിക്കാനായില്ല.. അമ്മുട്ട്യേച്ചിയുടെ അതേ മുഖം.. അല്പം തടിയുണ്ടെന്നു മാത്രം ഞാന്‍ ബെഞ്ചില്‍ നിന്നു എഴുന്നേറ്റു

“അമ്മുട്ട്യേച്ചി..!!“ എന്റെ ചുണ്ടുകള്‍ അറീയാതെ മന്ത്രിച്ചു.. പരിചയഭാവത്തില്‍ അവരെ നോക്കിയൊന്നു മന്ദഹസിച്ചു..

“അയ്യാ..എതാവതു കൊടുങ്കയ്യ..” അവര്‍ വീണ്ടും കൈ നീട്ടി എന്നിട്ട് തൊഴുതു

അവിശ്വസനീയതയില്‍ എന്റെ കൈകള്‍ യാന്ത്രികമായി പോക്കറ്റിലേക്കു നീണ്ടു. ആദ്യം തടഞ്ഞ ഒരു നോട്ടെടുത്ത് ഞാന്‍ അവര്‍ക്കു നേരെ നീട്ടി.

ഒരു നൂറു രൂപാ നോട്ടെടുത്ത് തന്റെ നേരെ നീട്ടുന്ന എന്നെ ആ സ്ത്രീ പകച്ചു നോക്കി, എന്നിട്ട് ആ നോട്ടു വാങ്ങി, എന്റെ തലയില്‍ ഒന്നു തലോടി അവര്‍ പറഞ്ഞു.. “നന്നായി വരും”

ഓഹ്.. മലയാളിയാണോ അമ്മൂമ്മ? ഞാന്‍ ചോദിച്ചു..

ഉം, പാലക്കാടാ സ്ഥലം, കുഞ്ഞുങ്ങളൊക്കെ ഇട്ടു പോയി, ഇപ്പോ ഇവിടെ ഇങ്ങനെ..

വാക്കുകള്‍ക്കായി അവര്‍ തപ്പിത്തടഞ്ഞു.. അതു മനസ്സിലായെന്നോണം ഞാന്‍ തലയാട്ടി..

“പോട്ടേ മോനേ” അവരുടെ കണ്ണുകളില്‍ ഒരു തുള്ളി കണ്ണീര്‍ പൊടിഞ്ഞിരുന്നു നിലത്തു വീഴും മുന്‍പ് ആ കണ്ണീര്‍തുള്ളികള്‍ അവരുടെ കണ്ണുകള്‍ക്ക് ഒരു പ്രത്യേക തിളക്കം നല്‍കി.

തിരിഞ്ഞു നടക്കുന്ന അമ്മൂട്ട്യേച്ചിയെ നോക്കി ബെഞ്ചിലേക്ക് ചായുമ്പോള്‍ ഞാന്‍ വീണ്ടും ആ കടുംപച്ചക്കളറിലെ :ബിപ്പന്‍സ്” ഓര്‍ത്തു..

തൊട്ടപ്പുറത്തു ആ രണ്ടു ചേട്ടന്മരും തമ്മില്‍ ഷട്ടില്‍ കളി മുറുകുന്നതൊന്നും ഞാന്‍ അറിഞ്ഞില്ല.

Read more...
© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.