-- എ ബ്ലഡി മല്ലു --

എഫ്.ഐ.ആര്‍ [ ഡിറ്റക്റ്റീവ് ത്രില്ലര്‍ ]

Thursday, June 28, 2007

പോലീസുകാര്‍ ഉള്‍പ്പെട്ടതിനാല്‍ ആദ്യം തന്നെ ഒരു ഡിസ്ക്ലൈമര്‍ : ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധമില്ലെന്നു മാത്രമല്ല, ഈ കഥയില്‍ കഥാപാത്രങ്ങള്‍ പോലുമില്ലെന്നു ഇതിനാല്‍ പ്രഖ്യാപിക്കുന്നു. എന്തിനാ വെറുതെ വഴീപ്പോണ ഇടി മേടിച്ച് നെഞ്ചിങ്കൂട്ടിന്റെ പരിപ്പെളക്കണേ?

അതി ദാരുണമായ ജിഞ്ചു കൊലക്കേസും അതേ തുടര്‍ന്നു നടന്ന ടിപ്പു-മിന്നല്‍ തമ്മിലുള്ള മിക്സഡ് ഡബ്ബിള്‍ ഓട്ടമത്സരത്തിനു ശേഷം, അമ്മാതിരിയൊന്നു കാണാന്‍ വെങ്കിടീയര്‍ക്ക് ക്രിക്കറ്റും, ഫുട്ബോളിലുമൊക്കെയുള്ള വേള്‍ഡു കപ്പു പോലെ കൊല്ലം നാലു കാത്തിരിക്കേണ്ടി വന്നു. ഇതിലെ ഫൈനല്‍ കളിച്ചത് കൃഷ്‌ണേട്ടനും, പുള്ളിക്കാരന്റെ അയല്‍‌വാസിയും, ധനികനുമായ ജോസേട്ടനു, അങ്ങേരടെ സ്വന്തം ഭാര്യ പെറ്റ നാലു കുരുത്തംകെട്ട സന്തതികളേക്കാള്‍ പെറ്റായ കൈസര്‍ എന്ന അള്‍സേഷ്യനും തമ്മിലായിരുന്നു

വെങ്കിടദേശത്തെ പേരു കേട്ട ആശാരിമാരില്‍ ഒരാളായിരുന്ന കൃഷ്‌ണേട്ടന്‍ ..കയ്യിലിരിപ്പു മൂലം ഇഷ്ടം പോലെ പേരു കേള്‍പ്പിച്ചിട്ടുണ്ട് . അന്നൊരു ദിവസം പണിയൊന്നുമില്ലാതെ ബോറടീച്ചിരുന്നപ്പോഴാണ് , ഏനാമാവു ചാരായ ഷാപ്പില്‍ പോയി 200 മില്ലി റെഡ് ബുള്‍ അങ്ങ്‌ട്ട് കീച്ചാം എന്നു കൃഷ്‌ണേട്ടന്‍ തീരുമാനിക്കുന്നത്. സന്തത സഹചാരിയായ തുരുമ്പെടുത്ത് ഒരു പരുവമായ “റാലി ഡേവിഡ്സണ്‍” എടുത്ത് നേരെ പെടച്ചു വിട്ടു....

ജോസേട്ടന്‍ അന്നു ചാവക്കാടു വരെ പോയിരിക്കയായിരുന്നു. കൈസറാണെങ്കില്‍ അന്നു ജോസേട്ടന്റെ അഭാവത്തില്‍ മിണ്ടാനും പറയാനും ആരുമില്ലാതെ ആകെ ബോറടിച്ച് വീട്ടുമതിലിനരികില്‍ നില്ക്കുമ്പോഴാണു ഷാപ്പിലേക്കുള്ള മിന്നല്‍ പരിശോധന കഴിഞ്ഞു കൃഷ്‌ണേട്ടന്‍ തിരിച്ച് വരുന്നതു കണ്ട്ത്. ദുബായില്‍ നാലുവരിപ്പാതയില്‍ , അറബിപ്പിള്ളേര്‍ 180 കെ.എം.പി.എച് സ്പ്പീഡില്‍ ലേയ്നുകള്‍ മാറി മാറി സിഗ്‌സാഗ് ചെയ്തു പോവുന്നപോലെയാണു ഏനാമാവു-മേച്ചേരിപ്പടി ഒറ്റവരിപ്പാതയില്‍ കൃഷ്ണേട്ടന്‍ തന്റെ റാലി ഡേവിഡ്സണില്‍ റെഡ്‌ബുള്‍ ഇഫക്റ്റില്‍ തിരിച്ചു വരുന്നത്. ഇതു കണ്ട് കൌതുകിയാണായാവോ എന്തോ കൈസര്‍ മെല്ലെ വീട്ടുപടിയും കടന്നു റോഡിലേക്കിറങ്ങി.

“ആഗേ ക്യാ” എന്നതിനെപ്പറ്റി യാതൊരു വ്യാകുലതകളും കൂടാതെയുള്ള റാലി റൈഡിനിടയിലാനു തൊട്ടുമുന്നില്‍, ഭീമാകാരനായ കൈസര്‍ നില്‍ക്കുന്നത് കൃഷ്ണേട്ടന്‍ കാണുന്നത്. ഇടത്തും വല്‍ത്തും ഹാന്‍ഡിലുകളിലെ ബ്രേക്കില്‍ ആഞ്ഞു വലിച്ചിട്ടും നില്‍ക്കാത്ത റാലി, രണ്ടും കാലും നിലത്തു കുത്തി നിര്‍ത്തുന്നതില്‍ വിജയിപ്പിച്ച്പ്പോഴേക്കും കൈസറും റാലിയും തമ്മില്‍ വെറും സെന്റിമീറ്ററുകള്‍ തമ്മില്‍ വ്യത്യാസമേയുണ്ടായിരുന്നുള്ളൂ. ബിക്കിനിയിട്ടു നടന്നു വരുന്ന സീമയെ നോക്കുന്ന ബാലന്‍-കെ- നായരെപ്പോലെ കൈസര്‍ കൃഷ്ണേട്ടനെ അടുമുടി നോക്കി. നാവുപുറത്തിട്ട് ചിറികള്‍ നക്കിത്തുടച്ച ശേഷം വീണ്ടും അതെടുത്ത് അകത്തേക്കിട്ടു.. (നാവേ..)

സെക്കന്‍ഡുകള്‍ കടന്നുപോയി. നിര്‍ന്നിമേഷനായി തന്നെ നോക്കി നില്‍ക്കുന്ന കൈസറിന്റെ മുന്നില്‍ റാലിയുടെ ഓരോ വശത്തേക്കും ഓരോ കാലുകളിട്ട് നില്‍ക്കുമ്പോള്‍ തന്റെ കൈകളും കാലുകളുമെല്ലാം ഒരുമിച്ചുതളരുന്നപോലെ തോന്നി കൃഷേട്ടനു. ഇനിയിവിടെ നില്‍ക്കുന്നതത്ര പന്തിയല്ലെന്നു മനസ്സിലാക്കിയ അദ്ദേഹം സാവകാശം കൈസറിനെ നോക്കിക്കൊണ്ടു തന്നെ ഹാന്‍ഡില്‍ മെല്ലെ തിരിച്ച് ഒരു സഡന്‍ യു- ടേണ്‍ എടുക്കയും, പെഡലില്‍ ആവുന്നത്ര ശക്തിയുപയോഗിച്ച് ചവിട്ടുകയും ചെയ്തു.

യമഹാ RX-100 ബൈക്ക്, ഫുള്‍ ആക്സിലേറ്ററില്‍ വച്ച് ക്ലച്ച് വിട്ടപോലെ കൃഷ്ണേട്ടന്റെ റാലി ഡേവിഡ്സണ്‍ കുതിച്ച് പൊങ്ങി... തൊട്ടു മുന്നില്‍ നിന്നിരുന്ന ഇര ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുകണ്ട കൈസറിലെ മൃഗം സറ്റകുടഞ്ഞെഴുന്നേറ്റു....

235 ബി.എച്.പി യില്‍ ഒരൊറ്റചാട്ടത്തിനു കൃഷ്ണേട്ടനേയും സൈക്കിളിനേയും “വീണപൂവാ”ക്കാന്‍ കൈസറിനു ഒട്ടും താമസമുണ്ടായില്ല. പിന്നെയവിടെ നടന്നത് ‍ഒരുഗ്രന്‍ കെട്ടി മറീയലായിരുന്നു. റാലി സൈക്കിളിനെ നിര്‍ദ്ദയം ഉപേക്ഷിച്ച് കാലുകള്‍ കൊണ്ടൊരു റാലി നടത്തിയ കൃഷ്ണേട്ടനെ നിര്‍ദ്ദയം ചെയ്സ് ചെയ്ത കൈസര്‍ , കൃഷ്ണേട്ടന്റെ മര്‍മ്മപ്രധാന ഭാഗങ്ങളായ കൈകള്‍ തുടകള്‍, ചന്തി, എന്നീ പുറമ്പോക്കുപ്രദേശങ്ങള്‍ കയ്യേറി.. കിട്ടാവുന്നിടമൊക്കെ കടിച്ചു പൊളിച്ചു. കൃഷ്ണേട്ടന്റെ ദീനരോദനങ്ങള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നതോടെ അയല്‍‌വാസികള്‍ ഓടി വന്ന് കൈസറിനെ കല്ലെടുത്തെറിഞ്ഞ് ഓടിച്ചു.

കൈസറിന്റെ ക്രൂരമായ ആക്രമണത്തില്‍ ഉടുത്തിരുന്ന കൈലിയടക്കം സകലതും നഷ്ടപ്പെട്ട് നടുറോടില്‍ ഇന്ത്യന്‍ ടൈ മാത്രം ധരിച്ച് “വീണിതല്ലോ കിടക്കുന്നു ധരണിയില്‍.. കോണാകവുമുടുത്തയ്യോ ശിവ ശിവ “ എന്ന മാതിരി ചോരയൊലിക്കുന ശരീരവുമായി കിടക്കുന്ന ചേട്ടനെ നാട്ടുകാര്‍ ചേര്‍ന്നു ഓട്ടോ വിളിച്ച് ആശുപത്രിയിലെത്തിക്കയും, അവിടത്തന്നെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. കൂട്ടത്തിലൊരാള്‍ സമീപത്തെ പോലീസ് സ്റ്റേഷനിലേക്കു ഫോണ്‍ ചെയ്തു.

ഉച്ചമയക്കത്തില്‍, കാലു രണ്ടും മേശപുറത്തു കയറ്റി മയക്കത്തിലായിരുന്ന എസ്.ഐ പൌലോസ് ഫോണെടുത്ത് ചോദിച്ചു.. “ഏതു കഴുവേറീയാണ്ടാ ഈ നട്ടപ്പാതിരാക്കു വിളിക്കുന്നേ?”

അയ്യോ, സാറേ, ഇതു നട്ടുച്ചയാ, എന്നും പറഞ്ഞ് വിളിച്ചവന്‍ കാര്യം പറഞ്ഞ് വേഗം തന്നെ ഫോണ്‍ കട്ട് ചെയ്തു. കൃഷ്ണേട്ടനെ ആശുപത്രിയിലാക്കിയെന്ന വാര്‍ത്ത കേട്ട എസ്.ഐ. പൊലോസ് ചാടിയെഴുന്നേറ്റ് അലറി, മേശപ്പുറത്തിരുന്ന AK 47, സോറി, ലാത്തിയെടുത്ത് ചാടിയിറങ്ങുകയും ചെയ്തു. പുറകേ ഈ ബഹളം കേട്ടുണര്‍ന്ന ഹെഡ്. അച്ചുതനും, ....

ആശുപത്രിയില്‍, വിങ്ങിപൊട്ടുന്ന ഭാര്യയുടെയും മകനും സമീപം കട്ടിലില്‍ കിടക്കുന്ന കൃഷ്ണേട്ടന്റെ രൂപം ഏതാണ്ട് കിലുക്കം സിനിമയില്‍ “തൂ മേരാ ദുശ്മന്‍..ദുശ്മന്‍” എന്നു പറഞ്ഞ ശേഷമുള്ള ജഗതിയുടേതിനു സമമായിരുന്നു..

പോലീസ് വന്നു എഫ്.ഐ.ആര്‍ എഴുതി. , എഫ്.ഐ.ആര്‍ എഴുതപ്പെട്ടത് കൃഷ്ണേട്ടനു അതിഭീമമായ നഷ്ടപരിഹാരം ലഭിക്കും എന്ന രീതിയിലായിരുന്നു. ജോസേട്ടന്റെ പട്ടി, മൃഗീയമായി കയ്യും കാലുമെല്ലാം കടിച്ചു, എന്നുക്കെള്ള പോയന്റുകള്‍ ഹൈലൈറ്റു ചെയ്യാന്‍ സഹായകരമായത് കൃഷ്ണേട്ടന്റെ മകന്‍ വന്നു എസ്.ഐ പൌലോസിനു 2 ഉം, ഹെഡ് അച്ചുതനു ഒന്നും വച്ചു 100ന്റെ ഗാന്ധി നോട്ടുകള്‍ ആയിരുന്നു. അവിടെ വച്ചു തന്നെ പരാതി ഏറ്റുവാങ്ങി എസൈയും അച്ചുതനും തിരിച്ചു പോയി. കൃഷ്ണേട്ടനെ കടിച്ച് കൊല്ലാന്‍ ശ്രമിച്ചത് ജോസേട്ടനാണെന്നും, അതിന്റെ പേരില്‍ ജോസേട്ടനെ കോടതി വധശിക്ഷക്കു വിധിക്കും എന്ന ടൈപ്പിലായിരുന്നു ആ എഫ്.ഐ.ആര്‍ എന്നു വേണമെങ്കില്‍ പറയാം.

ചാവക്കാട്ടു പോയ ജോസേട്ടന്‍ തിരിച്ചു വന്നപ്പോഴാണീ പുകിലുകളൊക്കെ അറിയുന്നത്. പിറ്റേന്നു തന്നെ സ്റ്റേഷനിലേക്കു വിളിപ്പിക്കപ്പെട്ട അദ്ദേഹം എസ്,ഐ യോടു കാര്യങ്ങള്‍ തിരക്കുകയും, കേസിനു പോയാല്‍ ഒരു ലക്ഷത്തോളം കൃഷ്ണേട്ടനു നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നു എസ്.ഐ ബോധ്യപ്പെടുത്തി. ജോസേട്ടന്റെ റസ്പോണ്‍‍സ്, വളരേ ഫാസ്റ്റ് ആയിരുന്നു. 1000 രൂപയെടുത്ത്, എസ്.ഐ സാറിന്റെ മേശമേല്‍ വച്ചതോറ്റെ പാവം പൌലോസ് സാറിന്റെ മനസലിഞ്ഞു...

“പക്ഷേ , ജോസേ, ഇതുകൊണ്ടൊന്നും നടക്കില്ല... കാര്യം FIR എഴുതിക്കഴിഞ്ഞല്ലോ!!!

“ഓ, അതൊക്കെ സാറു വിചാരിച്ചാല്‍ നടക്കും” എന്നായി പൌലോസ്....

“ഇല്ലടോ... ഇപ്പോ ഭയങ്കര സ്റ്റ്രിക്റ്റാ.. നോക്ക്യേ, അഭയ കേസില്‍ ഗീതേച്ചിയും ചിത്രയുമൊക്കെ പുലിവാലു പിടിച്ച കഥ തനിക്കറിയില്ലേ... FIR തിരുത്തലൊന്നും നടക്കില്ല.. കാരണം, തിരുത്താന്‍ പറ്റാത്തവിധം അടുത്തടുത്താണു ആ അച്ചുതന്‍ എഴുതിയിരിക്കുന്നത്.

“എങ്ങനെയെങ്കിലും രക്ഷിക്കണേ സാര്‍..” എന്നും പറഞ്ഞ് ജോസേട്ടന്‍ 1000 രൂപകൂടി മേശപ്പുറത്തോട്ടു വച്ചു.. ആ ഇറെസിസ്റ്റീവ് ഓഫര്‍ വേണ്ടെന്നു വക്കാന്‍ പൌലോസ് സാറിനായില്ല...

പൌലോസ് സാര്‍ FIR എടുത്ത് ഓടിച്ചു വായിച്ചു നോക്കി......

“ പുല്ലാനേടത്ത് രാമന്‍കുട്ടി മകന്‍ കൃഷ്ണനെ , 57 വയസ്സ്, അയല്വാസിയായ ചിങ്കാരത്ത് ജോസിന്റെ വളര്‍ത്തു നായ കൈസര്‍ , 5 വയസ്സ്, ഓടിച്ചിട്ട് കൈകളിലും കാല്‍കളിലും, തുടകളും കടിക്കുകയും, തുടര്‍ന്ന്, ശ്രീ.കൃഷ്ണനെ പാവറട്ടി സാന്‍ ജോസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കയും ചെയ്തു...“

ഇതാണു FIR ന്റെ അവസാനം... ഇതിനു ഇടയില്‍ എന്തു തിരുത്തിയാലും അത് അപകടം! പക്ഷേ.. മേശപ്പുറത്തിരിക്കുന്നത് 2000 രൂപയാണു.. അതെങ്ങനെ വേണ്ടെന്നു വക്കും ??? എസ്.ഐ പൌലോസ് ആലോചനകളിലേക്കൂളിയിട്ടു........

എന്തോ തീരുമാനിച്ചുറപ്പിച്ച്, അദ്ദേഹം പേനയെടുത്തു.... എന്നിട്ട് 2000 രൂപയെടുത്ത് തന്റെ പോക്കറ്റിലേക്കു തിരുകി.

എഫ്.ഐ.ആറിലെ അവസാന വരികളില്‍ അദ്ദേഹത്തിന്റെ കണ്ണുടക്കി.

തുടര്‍ന്ന്, ശ്രീ.കൃഷ്ണനെ പാവറട്ടി സാന്‍ ജോസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കയും ചെയ്തു...“..


എന്നതിനു ശേഷംശേഷം പൌലോസ് സര്‍ ഒരു വരികൂടി ചേര്‍ത്തെഴുതി.. താഴെക്കാണും വിധം...

“തുടന്നുള്ള പരിശോധനയില്‍ നിന്നും, ചിങ്കാരത്ത് ജോസിന്റെ വളര്‍ത്തു നായ കൈസറിന്റെ വായില്‍ ഒരൊറ്റ പല്ലുപോലുമില്ലെന്നു പോലീസ് മനസ്സിലാക്കി”.....

Read more...

ഒരു മാലൈ ഇളവെയില്‍ നേരം.....

Thursday, June 21, 2007

തമിഴില്‍ എനിക്ക് അപാരജ്ഞാനമാണെന്നത് എന്റെ ഫാമിലി സര്‍ക്കിളിലും സ്ക്വയറിലും പെട്ട ഒരു വിധമെല്ലാവരുടേയും വലിയൊരു തെറ്റിദ്ധാരണയായിരുന്നു. ജോലിയന്വേഷിച്ച് “കോവൈ” നഗരത്തില്‍, കുട്ടേട്ടന്റെ കൂടെ ‍ ഞാന്‍ കഷ്ടി ഒരു വര്‍ഷത്തോളമുണ്ടായിരുന്നെന്നതാണു ഇങ്ങനൊരു ചിന്ത അവരുടെ അന്തരംഗങ്ങളില്‍ അന്തര്‍ലീനമായി ബഹുത്സ്ഫുരിച്ച് ആന്ദോളന പ്രക്ഷാളനമായിത്തീരാന്‍ കാരണം (ഹോ ഇത്രേം എഴുതിയതും ക്ഷീണിച്ചു)..

ബയോഡാറ്റയില്‍ ലാങ്വേജസ് നോണ്‍ എന്നതില്‍ ഒരു ഭാഷ കൂടി ചേര്‍ക്കാമല്ലോ എന്നോര്‍ത്ത് ഞാനതിനെ തിരുത്താനും പോയില്ല. വീട്ടില്‍ തമിഴന്മാരായ ധര്‍മ്മക്കാര്‍ വരുമ്പോ, 10 പൈസാ കൊടുത്ത്, വെക്കം കെളമ്പ്‌യ്യാ എന്നൊക്കെ ഫ്ലുവന്റായി ഞാന്‍ തമിഴ് പറയുന്നതു കണ്ട് എം.ജി.ആര്‍ നെ നോക്കുന്ന ആരാധനയോടെ അമ്മ എന്നെ നോക്കി നിന്നു പുളകം കൊണ്ടിട്ടുണ്ട്...

ഒരിക്കല്‍ കൂട്ടുകാരും കൂടി ചുമ്മാ കോവൈ വിശേഷങ്ങള്‍ പങ്കു വക്കുമ്പോള്‍, “മുടിയനായ പുത്രന്‍”എന്നതിനു തമിഴില്‍ എന്തു പറയും എന്ന് ചോദിച്ചവനോട് “#%$@^ന്‍ പയ്യന്‍ “ എന്നു ട്രാന്‍സ്ലേറ്റു ചെയ്തു കൊടുത്തതോടെ എന്റെ തമിഴ് ഭാഷാ പാടവത്തിനെപ്പറ്റി അവര്‍ക്ക് ഒരു റഫ് ഐഡീയ കിട്ടി.

സാക്ഷരതാ ക്ലാസില്‍ പോയി മലയാളം പഠിച്ച അപ്പൂപ്പന്‍ പത്രമെടുത്ത് “പഞ്ചായത്തില്‍ :അ റ റ കു റ റ പണികള്‍“ എന്നു മുക്കി മുക്കി വായിക്കുമ്പോലെ, വീഡിയോ കാസെറ്റ് ലൈബ്രറിയിലൊക്കെ പോയി തമിഴ് കാസറ്റുകളുടെ കവറിന്റെ പുറത്തെ പേരുകള്‍ മുക്കി മുക്കി വായിക്കുന്നതു കണ്ടാണെന്നു തോന്നുന്നു ഞാന്‍ അതിഭയങ്കരമായി (അതെ .. അതാണു കൃത്യമായ വാക്ക്...സത്യം!) തമിഴു പറയുമെന്നായിരുന്നു എന്റെ ഭാര്യയുടെ വിശ്വാസം. പാവം.. എന്നേപറ്റിയുള്ള പല തെറ്റായ വിശ്വാസങ്ങളില്‍ ഒന്നു മാത്രം! ഞാന്‍ പണ്ടു സിങ്കരായനു തമിഴില്‍ ലൌ ലെറ്റര്‍ എഴുതി കൊടുത്തിട്ടുള്ള കഥയും ഭാര്യയോടു പറഞ്ഞിട്ടുണ്ട്.

രണ്ടു ദിവസം മുന്‍പ് “ഗജനി” എന്ന ചിത്രത്തിന്റെ DVD യാണു റെന്റല്‍ ഷോപ്പില്‍ നിന്നെടുത്തത്. പടം കാണാന്‍ ഒരു രസമുണ്ട്.ഇംഗ്ലീഷ് സബ് ടൈറ്റിത്സ് ഉള്ളതോണ്ട് ഡയലോഗുകളൊക്കെ മനസ്സിലാവുന്നുണ്ട്. സാദാരണ തമിഴു പടം കാണുമ്പോ , ടോം+ജെറിയില്‍ തലക്കടി കിട്ടിയ ടോമിനെപ്പോലെയുള്ള നമ്പറുകളിറക്കുന്ന വടിവേലുവിനെ കാണുമ്പോള്‍ മാത്രേ ചിരിക്കാറുള്ളൂ.. ( അഹങ്കാരം കൊണ്ടല്ല.. മനസ്സിലാവാത്തതു കൊണ്ടാണേ....)

പടം പകുതിയായപ്പോള്‍ ദാ വരുന്നു എനിക്കു വളരേ ഇഷ്ടമുള്ള ഒരു ഉഗ്രന്‍ പാട്ട്.. കാറിലെ സി.ഡിയില്‍ സ്ഥിരം കേള്‍ക്കുന്നതാ..

“ഒരു മാലൈ ഇളവെയില്‍ നേരം....
അഴകാന ഇലയുതിര്‍ കാലം..

തട്ടു തൊലൈവിലെ അവള്‍ മുഖം പാര്‍ത്തേന്‍
അങ്കേ തൊലൈന്തവന്‍ നാനേ..”

പാട്ട് ആസ്വദിക്കുന്നതിനിടയില്‍ ആ വരികളുടെ ഇംഗ്ലീഷ് സബ്-ടൈറ്റിത്സ് ട്രാന്‍സ്ലേഷന്‍ ചെയ്തു കൊടുത്തിരിക്കുന്നത് ശ്രദ്ധിച്ചു..

"At a charming twilight...
In enthralling Autumn season...

At a Distance I saw her and..
It was Love at First Sight..."

ഇതു വായിച്ച് എനിക്ക് കണ്ണില്‍ ഇരുട്ടു കയറുന്ന പോലെ തോന്നിയോ?
At some Distance ഇല്‍ സോഫയിലിരുന്നു സിനിമ കാണുകയായിരുന്ന ഭാര്യ എന്നെ തുറിച്ചു നോക്കുന്നു. തലേന്നു GRUDGE -2 ഹൊറര്‍ മൂവി കണ്ടതിന്റെ സൈഡ്-ഇഫക്റ്റ് ആണോ എന്തോ? എനിക്കു പേടി തോന്നിയോ.. ഏയ്.. ചുമ്മാ തോന്നിയതായിരിക്കും..

ഭാര്യ എന്നെ തുറിച്ചു നോക്കാന്‍ കാരണമെന്താ? അല്പം ഫ്ലാഷ് ബാക്ക്! ( സിനിമേലൊക്കെ ഫ്ലാഷ് ബാക്ക് “ബ്ലാക്ക്&വൈറ്റില്‍ കാണിക്കുന്ന ഒരു ഇഫക്റ്റ് കിട്ടാന്‍ ഇവിടെ “ഇറ്റാലിക്സില്‍ ബ്ലൂ കളര്‍“ ആക്കുന്നു.

രണ്ടാഴ്ചകള്‍ക്കു മുന്‍പ്
=========== =========== ===========
അന്നൊരു വ്യാഴാഴ്ചയായിരുന്നു. ദുബായിലെ വീകെന്‍ഡ്. ഓഫീസ് വിട്ട് വീട്ടിലോട്ടു മടങ്ങുമ്പോല്‍ വൈകീട്ട് അടിക്കാന്‍ പോകുന്ന സ്മോളുകളോര്‍ത്ത് മനസ്സ് ഹര്‍ഷാരവം മുഴക്കി..സ്പീഡ് കൂടിയാ വണ്ടിക്ക്? കെട്ട്യോളെ അവളുടെ ഓഫീസില്‍ നിന്നും പിക്ക് ചെയ്ത് വീട്ടിലോട്ടു തിരിച്ചപ്പോള്‍‍ ദേ വരുന്നു CD പ്ലയറില്‍ നിന്നും ഈ പാട്ട്...

“ഒരു മാലൈ ഇളവെയില്‍ നേരം....
അഴകാന ഇലയുതിര്‍ കാലം..

സട്ടു തൊലൈവിലെ അവള്‍ മുഖം പാര്‍ത്തേന്‍
അങ്കേ തൊലൈന്തവന്‍ നാനേ..”

ഇതുംകേട്ട് ആസ്വദിച്ച് കൂടെ പാടുന്നതിനിടയില്‍ (ആ പാട്ട് ഒറിജിനല്‍ പാടിയവനോട് മാപ്പ്) ഭാര്യയുടെ വക ഒരു ചോദ്യം..
“ഏട്ടാ ഈ പാട്ടിന്റെ അര്‍ത്ഥം എന്താ..?”

ഞാനും അപ്പോഴാണോര്‍ത്തത്.. അസംഖ്യം പ്രാവശ്യം സ്റ്റേജുകളില്‍, ക്ഷമിക്കണം മനസ്സില്‍ പാടിയിട്ടുണ്ടെങ്കിലും, ഒരു ട്രാന്‍സ്ലേഷനെപ്പറ്റി ഞാന്‍ ആലോചിച്ചിരുന്നില്ല.. എന്റെ തമിഴ് ഭാഷാ പാണ്ഢിത്യം തെളിയിക്കാന്‍ ദാ ഒരവസരം കൂടി... വെറും ഒരു തമിഴ് പാട്ടല്ലേ.. ഇതു ട്രാന്‍സ്ലേറ്റു ചെയ്യാന്‍ തിരുവള്ളുവരും തുഞ്ചത്തെഴുത്തച്ഛനും കൂടി വട്ടമേശ സമ്മേളനം നടത്തേണ്ട ആവശ്യമൊന്നും ഇല്ല. എനിക്കു തന്നെ ഡീലു ചെയ്യാവുന്നതേയുള്ളൂ എന്നോര്‍ത്തു.. പാട്ട് വീണ്ടു തുടക്കം മുതല്‍ വച്ചു...

“ഒരു മാലൈ ഇളവെയില്‍ നേരം “
മാലൈ എന്നത് വൈകുന്നേരം ആണെന്നെനിക്ക് പണ്ടേ അറീയാം. ജോലിയൊന്നുമില്ലാതെ കുട്ടേട്ടന്റെ വീട്ടില്‍ ചൊറിയും കുത്തി ഇരിക്കുമ്പോ അന്നു സമയം കൊല്ലാന്‍ ഏക ആശ്രയമായിരുന്ന ചണ്‍ (സണ്‍ ) ടി.വി യില്‍ എപ്പഴും കേള്‍ക്കാറുള്ളതാ. നാളെ കാലൈ.. നാളെ മാലൈ എന്ന വാക്കുകള്‍ ..

ഞാന്‍ ട്രാന്‍സ്ലേഷന്‍ ആരംഭിച്ചു..
അതായത്.. മാലൈ എന്നാല്‍ വൈകുന്നേരം.. അപ്പോള്‍ “ഒരു മാലൈ ഇളവെയില്‍ നേരം“ എന്നു വച്ചാല്‍ നല്ല ഇളം വെയിലുള്ള ഒരു വൈകുന്നേരത്തില്‍ ... (സമ്മര്‍ സീസണ്‍ ആയതിനാല്‍ ദുബായില്‍ അസ്തമയം 7 മണിക്കാ.. അതോണ്ടാണോ എന്തോ..വൈകീട്ട് വെയിലുണ്ടാവുമോ എന്നു അവള്‍ ചോദിച്ചില്ല)

ഉം! ഞാന്‍ തുടര്‍ന്നു..

അഴകാന ഇലയുതിര്‍ കാലം” എന്നു വച്ചാല്‍
“നല്ല ഭംഗിയുള്ള ഇലപൊഴിയുന്ന കാലം“ അതും വോക്കേ.....

ഉം! സ്വന്തം ഭര്‍ത്താവിന്റെ മള്‍ട്ടിപ്പിള്‍ ലാങ്ക്വേജസിലെ അപാര ജ്ഞാനത്തില്‍ അവള്‍ തീര്‍ച്ചയായും അഹങ്കരിച്ചു കാണും..

സട്ടു തൊലൈവിലെ അവള്‍ മുഖം പാര്‍‌ത്തേന്‍
അങ്കേ തൊലൈന്തവന്‍ നാനേ..” എന്നു വച്ചാല്‍ ....!!


(ങേ !! എന്നു വച്ചാല്‍ എന്തവാ? ഞാന്‍ എന്നോട് തന്നെ ചോദിച്ചു...)

അല്പനേരത്തെ നിശബ്ദത .... അവള്‍ മറന്നെങ്കില്‍ ഇതങ്ങു പോട്ടേന്നു വക്കാം.. ഞാനോര്‍ത്തു..

എന്നു വച്ചാല്‍ എന്താ... അവള്‍ വിടാനുള്ള ഭാവമില്ല. “സമ്മര്‍ ഇന്‍ ബെത്‌ലഹേം“ എന്ന ഫിലിമില്‍ കലാഭവന്‍ മണി കന്നഡയില്‍ “അയ്ന്തു കസിന്‍സ് മാടിക്കൊണ്ട്രേണ്‍” എന്ന എഴുത്തു വായിക്കുന്ന പോലെ “അതിനു പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല” എന്നു പറയാണോ എന്നു ഞാനോര്‍ത്തു.. അല്ലെങ്കില്‍ വേണ്ടാ ഒന്നു ശ്രമിച്ചു നോക്കാം.

സട്ടു തൊലൈവിലെ അവള്‍ മുഖം പാര്‍ത്തേന്‍ എന്നു വച്ചാല്‍ ....!!
അവളുടെ മുഖം കണ്ടപ്പോഴേക്കും ..

അങ്കേ തൊലൈന്തവന്‍ നാനേ..” എന്നു വച്ചാല്‍ ....!
ഞാന്‍ അവിടെ തന്നെ തൊലഞ്ഞു പോയി എന്നു ...

ചേര്‍ത്തു വായിച്ചാല്‍.. നായികയുടെ മുഖം കണ്ടതും നായകന്‍ തൊലഞ്ഞു പോയി എന്നു!

ങേ? ചുമ്മാ കളിപ്പിക്കാതെ ഭാര്യക്കു സംശയം... അല്ലടീ, ഒന്നൂടെ നീ ശ്രദ്ധിച്ചേ.. “അങ്കേ തൊലൈന്തവന്‍” എന്നു അയാള് ക്ലിയറായി പറയുന്നതു രണ്ടാമതു കേട്ടപ്പോള്‍ അവള്‍ക്കു കുറച്ചു വിശ്വാസമായി.

ഹോ, ഈ തമിഴ് പാട്ടുകളുടെ ഒരു കാര്യം ... കുറച്ചു മുന്‍പ് വേറൊന്നു കേട്ടു ..”ഡേലാമോ ഡേലാമോ” എന്നു തുടങ്ങുന്നത്.. അതിലെ വരികള്‍ “അമേരിക്ക നീ താനേ.. അഫ്ഗാനിസ്താന്‍ നാന്‍ താനേ.. ബിന്‍ ലാഡന്‍ നീ താനെ“ ഹെന്തൊരു കഷ്ടമാന്നു നോക്ക്യേ.... തമിഴ് ഗാനങ്ങളുടെ നിലവാരത്തകര്‍ച്ചയോര്‍ത്ത് ഞങ്ങള്‍ നെടുവീര്‍പ്പിട്ടു.

തമിഷ് ഭാഷ വളരേണ്ടിയിരിക്കുന്നു.. തമിഴില്‍ പിന്മൊഴികള്‍ / മറുമൊഴികള്‍ പോലുള്ള സെറ്റപ്പുകള്‍ ഇല്ലാത്തതായിരിക്കണം ഇതിനു കാരണം ഞാന്‍ മനസ്സിലോര്‍ത്തു. തമിഴ് ഭാഷയെ ഉദ്ധരിക്കാന്‍ തമിഴ് എകോണമി വളരണമല്ലോ, അതിലേക്കായി എന്തെങ്കിലും സംഭാവനകള്‍ ചെയ്യാം എന്ന സന്മന്‍സ്സിനാല്‍ അന്നു വൈകീട്ട് ഡിന്നര്‍ “പൊന്നുച്ചാമി” എന്ന തമിഴ് റസ്റ്റോറന്റിലായിരുന്നു!

തമിഴ് ഭാഷാ വളര്‍ച്ചയെ സഹായിക്കാന്‍ തമിഴ് ഭാഷയില്‍ ഒരു പോസ്റ്റിറക്കാന്‍ എനിക്കാവില്ലല്ലോ. നമ്മളെക്കൊണ്ടാവുന്ന കാര്യം ചെയ്തു അത്ര തന്നെ.. ( എന്നു വച്ച് എനിക്കാകെ അറിയാവുന്ന കാര്യം തീറ്റയാണെന്നാരും കരുതണ്ടാ..)

=========== =========== ===========

അങ്ങനെ ഇംഗ്ലീഷ് സബ്ടൈറ്റിത്സ് വായിച്ചതോടെ എന്റെ തമിഴിനെ പറ്റി ഭാര്യക്കും നല്ലൊരു ഇമ്പ്രഷന്‍ കിട്ടി. ശവത്തില്‍ കുത്തിന്ന പോലെ അവളുടെ ഒരു ചോദ്യം കൂടി..

“ഏട്ടാ.. ഈ ഗെജനി” എന്ന ഫിലിമിന്റെ അര്‍ത്ഥം അറിയാമോ?

ഉം.. ഞാനൊന്നു മൂളി .. എന്നിട്ടു പറഞ്ഞു..
ഗജം എന്നാല്‍ ആന.. ഗജനി എന്നാല്‍ ആനി...

ചിരവയെടുക്കാനാണാവോ എന്തോ അവള്‍ അടുക്കളയിലേക്കു പോയി .....

Read more...

ഗാന്ധിമാര്‍ഗം കാടന്‍ സജി

Friday, June 15, 2007

ക്വിന്റല്‍ കണക്കിനു പ്രതീക്ഷകളുമായാണു 1990 ഇല്‍ മഹാരാജാസ് ടെക്‍നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കു കാലെടുത്തു വച്ചത്. റാഗിങ്ങ് ചെയ്യുവാനായി കഴുകന്‍ കണ്ണുകളുമായി കാത്തിരിക്കുന്ന സീനിയേഴ്സിന്റെ ഇടയിലേക്ക് വിറക്കുന്ന മുട്ടുകളുമായി എടുത്തു വച്ച വലതു കാലും അതേലിട്ടിരുന്ന പാരഗണ്‍ ഹവായും ലാന്‍ഡു ചെയ്തത്, പ്യൂണ്‍ അന്തോണ്യേട്ടന്‍ ഗെറ്റടക്കാത്തതു മൂലം തലേന്നു രാത്രി കോളേജു മുറ്റത്ത് ചെമ്പുക്കാവ് ജങ്ക്ഷനിലെ ഏതോ ചാവാലിപ്പശു ഡൌണ്‍ലോഡു ചെയ്തുവച്ചിരുന്ന ഒരു കുന്തി ചാണകത്തിലേക്കാണ്.

“ പ്ലീ.... “

തലക്കകത്തിരിക്കുന്ന പ്രതീക്ഷകളുടെ ഭാരംകൊണ്ടോ എന്തോ, ചാണകം ആ കാല്‍‌വയ്പ്പില്‍ ചിതറിത്തെറിച്ചു. വരാനിരിക്കുന്ന ഒത്തിരി “പ്ലീ” (സപ്ലീ‌ കളുടെ ഒരു സൂചനയാണോ അതെന്നു ഞാന്‍ ഭയന്നു.

കാലം കടന്നു പോയി. ദൈവസഹായം കൊണ്ട് അവസാന വര്‍ഷം വരെ സപ്ലികളൊന്നുമില്ലാതെ കടന്നുപോയ്ക്കൊണ്ടിരുന്നു. ഫൈനലിയര്‍ എക്സാംസ് അടുത്തു വരുന്നു. കോളേജ് ടീം ക്രിക്കറ്റില്‍ ചാമ്പ്യന്മാരാവുന്നതും, എനിക്കു കിട്ടുന്ന 70 ഗ്രേസ്മാര്‍ക്ക് തോല്‍ക്കുന്ന വിഷയങ്ങളിലേക്കു ചേര്‍ത്ത് ഞാന്‍ പാസാവുന്നതും തുടര്‍ന്ന് അതിഭീകരമായൊരു പോസ്റ്റില്‍ ഏതോ കമ്പനിയിലെ റിവോള്‍വിങ്ങ് ചെയറില്‍, ഫുള്‍ സൂട്ടില്‍ പൈപ്പു കടിച്ചു പിടിച്ച് എന്റെ പി.എ യെ ചീത്തവിളിക്കുന്നതുമെല്ലാം സ്വപ്നം കണ്ടിരുന്ന ഞാന്‍ കോളേജ് ക്രിക്കറ്റ് ടീം ആദ്യ റൌണ്ടില്‍ തന്നെ പുറത്തായപ്പോള്‍ ഞെട്ടി.

അതുവരേക്കും 50% അയ്യപ്പസ്വാമിയും, 40% ക്രിക്കറ്റ് കളിച്ചു കിട്ടുന്ന ഗ്രേസ് മാര്‍ക്കും 10% പഠിത്തവും മതി എന്ന പോളിസിയുമായി, ക്ലാസില്‍ കയറേണ്ട സമയത്ത് ഹോസ്റ്റല്‍ ഗ്രൌണ്ടില്‍ ഫ്രണ്ട്ഫൂട്ട് കവര്‍ ഡ്രൈവും, ജൂനിയര്‍ കിടാങ്ങ്ളെ പഞ്ചാരയടിച്ചും നടന്നിരുന്ന ഞാന്‍ പി,ബി യില്‍ നിന്നും സന്‍സ്പെന്‍ഷനിലായ പിണറയിയെപ്പോലെയായി. പഠിത്തമെന്ന “അച്ചുമ്മാനുമായി” നല്ല ടേംസില്‍ പോകുന്നതാവും ഭാവിക്കു നല്ലതെന്നു തിരിച്ചറിയാന്‍ സഹായിച്ച മറ്റൊരു സംഗതി, “70% മാര്‍ക്കില്ലാതെ വീട്ടിലേക്കു വരണ്ടാ” എന്ന പിതാശ്രീയുടെ താണുകേണുള്ള അപേക്ഷയുമാണ്. വയസ്സായവരുടെ ഓരോ ആഗ്രഹമല്ലേ, അല്ലാതെ പേടിച്ചിട്ടല്ല.

പിന്നെയങ്ങ് ഒരു പിടുത്തമല്ലാരുന്നോ? ഒരു വര്‍ഷത്തെ ഫുള്‍ സബ്ജക്റ്റ് ഒരൊറ്റ മാസത്തില്‍ തന്നെ ഓണ്‍ ദ റോക്ക്സില്‍ വീശിത്തുടങ്ങി. ഉറക്കം വരാതിരിക്കാന്‍ തണുത്തവെള്ളത്തില്‍ കാലു മുക്കിവച്ചും”കാജാ” ബീഡീകള്‍ വലിച്ചുവിട്ടും ഒരു വിധത്തില്‍ എല്ലാ സബ്ജക്റ്റുകളും കവര്‍ ചെയ്യുമ്പോള്‍, ഇത്രേം സബ്ജക്റ്റുകള്‍ സത്യത്തില്‍ സിലബസ്സിലുണ്ടോ എന്ന് സംശയിച്ചു പോയി. പ്രൊജക്റ്റ് വര്‍ക്ക് മറ്റു ടീം മേറ്റ്സ് വൃത്തിയായി ചെയ്തിരുന്നതിനാലും, പ്രാക്റ്റിക്കല്‍ /വൈവക്ക് ജങ്കുമാഷ് ആയിരിക്കുമെന്നതിനാലും അതില്‍ ടെന്‍ഷ്നുണ്ടായിരുന്നില്ല.

അങ്ങനെ പരീക്ഷകള്‍ എല്ലാം കഴിയാറാവുന്നു. എനിക്ക് അല്പം ബുദ്ധിമുട്ടായ സബ്ജക്റ്റുകളായ ഇന്‍ഡസ്റ്റിയല്‍ ഇലക്‍റ്റ്രോണിക്സ് പരീക്ഷക്ക് ഇടതു വശത്ത് സതീഷും നെറ്റ്വര്‍ക്ക് തീയറത്തിനു പുറകില്‍ ഷാജിയും ഇരുന്നതിനാല്‍ എല്ലാം ഡീസന്റായിരുന്നു.. അല്പസ്വല്പം കോപ്പറേഷന്‍. അല്ലാതെ കോപ്പിയടിയല്ല. ഇനി ഒരൊറ്റ പരീക്ഷ കൂടി മാത്രം.. ഇലക്‍ട്രോണിക്സ് ഡ്രാഫ്റ്റിങ്ങ് & ഡിസൈനിങ്ങ്”. എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും ഈസിയുമായ വിഷയം. അച്ഛന്റെ മിനിമല്‍ ടാര്‍ജറ്റായ 70% കിട്ടുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്ന ഒരേയൊരു സബ്ജക്റ്റ്. ഇതു പാസാവാന്‍ ഒരാളുടേയും സഹായം വേണ്ട.

ഡിസൈനിങ്ങ് പരീക്ഷക്ക് 5 ചോദ്യങ്ങള്‍ .. ഇതില്‍ ആദ്യത്തെ 4 ചോദ്യങ്ങളില്‍ ഏതെങ്കിലും 2 ചോദ്യം ഉത്തരമെഴുതിയാല്‍ മതി. 25 മാര്‍ക്കു വീതം. പിന്നെയുള്ളത് ചോദ്യം# 5 ..ഇതു മാന്‍ഡേറ്ററിയായി എഴുതണം.. 50 മാര്‍ക്ക്. ഈ ചോദ്യം മിക്കവാറും എല്ലാ വര്‍ഷം സെയിം ആയിരിക്കും.. അതായത് 6068 മിക്രോപ്രൊസസറിന്റെ ഇന്റേണല്‍ ഡയഗ്രം വരക്കുക. ഈ ഒരു ചോദ്യം നീറ്റായി എഴുതിയാല്‍ പാസാവുമെന്നു ഷുവര്‍ . അതുകൊണ്ട് ഞാന്‍ അതു മാത്രം പഠിച്ചു. ആ ഒരു ചോദ്യം വരച്ചു തീരാന്‍ കഷ്ടി ഒന്നര രണ്ടു മണിക്കൂര്‍ വേണം. പരീക്ഷ ആകെ മൊത്തം 3 മണിക്കൂര്‍ .

പരീക്ഷ ആരംഭിച്ചു. ആദ്യം തന്നെ ഞാന്‍ ചോദ്യം #5 ഇല്‍ പണി തുടങ്ങി. ബാക്കി നാലു ചോദ്യങ്ങളിലും എനിക്കു താല്പര്യമുണ്ടായിരുന്നില്ല, അല്ലാതെ അറിയാഞ്ഞിട്ടല്ല. ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞു. ചോദ്യം നമ്പ്ര-5 ന്റെ 80% ത്തോളം വച്ചു തീര്‍ന്നു.. ഒന്ന് കണ്ണോടിച്ച് നോക്കിയ ഞാന്‍ സ്വയം അഭിനന്ദിച്ചു.. നീറ്റ് & ക്ലീന്‍.. ഇതു വരച്ചു തീര്‍ന്നാല്‍ 45 മാര്‍ക്കെങ്കിലും കിട്ടും.!

ഇതിനിടയില്‍ പെന്‍സില്‍ താഴെ വീണതു കുനിഞ്ഞെടുത്ത് പൊങ്ങിയ ഞാന്‍ മുന്നിലുരുന്ന ആന്‍സര്‍ പേപ്പര്‍ കാണാതെ പരിഭ്രാന്തനായി. പറന്നു പോയോ? ചുറ്റും നോക്കിയപ്പോഴാണു വലതു വശത്തിരിക്കുന്ന സജി വര്‍ഗീസ് എന്ന കാടന്റെ ടേബിളില്‍ എന്റെ പേപ്പറിരിക്കുന്നു. ഞാന്‍ പെന്‍സിലെടുക്കാന്‍ കുനിഞ്ഞ തക്കത്തിനു എക്സാം സൂപ്പര്‍വൈസര്‍മാര്‍ കാണാതെ അവന്‍ പേപ്പര്‍ അടിച്ചു മാറ്റിയിരിക്കുന്നു.

“പേപ്പര്‍ താടാ നാറീ..” എന്നു ആംഗ്യഭാഷയില്‍ ഞാനവനോടാ‍വശ്യപെട്ടെങ്കിലും, “ഇതൊന്നു വരച്ചെടുത്ത് ഇപ്പോള്‍ തരാമെടാ“ എന്ന ആംഗ്യം തിരിച്ചുതന്നു അവന്‍ . ഞങ്ങള്‍ തമ്മിലുള്ള ആംഗ്യഭാഷാ സമ്പ്രേക്ഷണം പെട്ടെന്നു തന്നെ ഇന്റേണല്‍ എക്സാം സൂപ്പര്‍വൈസറായ ഉണ്ണികൃഷ്ണന്‍ എന്ന പപ്പുമാഷിന്റെ ശ്രദ്ധയില്‍ പെട്ടു!

ഓരോ പരീക്ഷക്കും 2 പേരാണു മോണിട്ടര്‍(സൂപ്പര്‍വിഷനായി).. പുറത്തെ കോളേജില്‍ നിന്നും ഒരു എക്സ്റ്റേണല്‍ മോണിറ്റര്‍ പിന്നെ ഒന്നു കോളേജിലെ തന്നെ ഏതെങ്കിലും ഒരു സാറും. ഉണ്ണികൃഷ്ണന്‍ മാഷും ഞാനും പണ്ടേ നല്ല ടേംസിലല്ല. സ്റ്റഡി ടൂറിനു പോയപ്പോള്‍ കൂടെ വന്നിരുന്ന ഈ മാഷോട് “ഒരു സ്മാളടിക്കുന്നോ സാറേ” എന്നു ചോദിച്ചതും , പുള്ളി പൊട്ടിത്തെറിച്ചതും പരസ്യമായ പരസ്യമാണ്.എനിക്കിട്ടൊന്നു പണിയാന്‍ കാത്തിരിക്കുന്ന സാറിനു ഒരു ഗോള്‍ഡന്‍ ചാന്‍സല്ലേ വന്നിരിക്കുന്നത്! സാര്‍ എന്റെ ടേബിളിനു സമീപം ഒരു സ്റ്റൂളെടുത്തിട്ട് അവിടെത്തന്നെയിരുന്നു..

ഈശ്വരാ.... എന്റെ ഡ്രോയിങ്ങ് ഭഗവാനേ... കൊഴഞ്ഞാ?
ആകെയറിയുന്ന ഒരു ഹോദ്യം, ഒന്നര മണിക്കൂറീലധികമെടുത്ത 80% വരച്ചു തീര്‍ന്ന ആ പേപ്പര്‍ സജി വര്‍ഗീസ് എന്ന കാടന്റെ കയ്യില്‍ .. വീണ്ടും തുടക്കം മുതല്‍ വരക്കാന്‍ സമയമില്ല... ബാക്കി 2 ചോദ്യങ്ങള്‍ വളരേ ഈസിയാണെങ്കിലും, ഉത്തരങ്ങള്‍ ഈസിയല്ല..

അനോണിക്കും വര്‍മ്മക്കുമിടയില്‍ പെട്ട ബ്ലോഗറെപ്പോലെ ഞാന്‍ വിയര്‍ത്തു.. പപ്പുവിന്റെ ഇരിപ്പു കണ്ടിട്ട്, ആ സ്റ്റൂളില്‍ വേരു മുളച്ചു പോലുണ്ട്.. അവിടന്നെനീക്കില്ല എന്ന റോളില്‍ .. സജിക്കാണെങ്കില്‍ പേപ്പര്‍ തിരിച്ചു തരണാമെന്നുണ്ട്.. പക്ഷേ പപ്പു കണ്ടാല്‍ രണ്ടു പേരും പുറത്താവും,... ഡീബാര്‍.. അതിലും നല്ലത് ഒരു വിഷയത്തില്‍ തോല്‍ക്കുന്നതാ... എനിക്കു തലകറങ്ങുന്ന പോലെ തോന്നി.. അല്ല ശരിക്കും കറങ്ങി..

തോറ്റ് വീട്ടില്‍ ചെല്ലേണ്ടാ... ബോമ്പേക്കു പോയാലോ? തൃശ്ശൂര്‍ റെയില്‍‌വേ സ്റ്റേഷനും, ജയന്തി ജനത്യുടെ ടൈമൊക്കെ വെറുതെ ആലോചിച്ചു.. അതോ പാളത്തില്‍ തലവക്കണോ? ടോട്ടല്‍ കണ്‍ഫ്യൂഷന്‍. ബാക്കി 2 ചോദ്യങ്ങള്‍ അറീയും പോലെ എഴുതിയെങ്കിലും ആ 2 ചോദ്യങ്ങള്‍ വച്ച് പരീക്ഷ പാസാവുമെന്നു ഒരുറപ്പുമുണ്ടായിരുന്നില്ല. സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങി...

“ണിം”
വാണിങ്ങ് ബെല്‍ കേട്ട ഞാന്‍ നെടുവീര്‍പ്പ്പിട്ടു. പരീക്ഷ തീരാന്‍ 15 മിനിറ്റ് കൂടി. അതിനകം ആന്‍സര്‍ പേപ്പര്‍ സൂപ്പര്‍വൈസര്‍മാര്‍ക്കു കൈമാറണം. പരീക്ഷ തോല്‍ക്കും എന്ന ഭീകര സത്യത്തിനുമുന്നില്‍ ഞാന്‍ പകച്ചു നിന്നു

അപ്പോഴാണു, പരീക്ഷയെഴുതി തീര്‍ന്ന ഒരുത്തന്‍ ആന്‍സര്‍ പേപ്പറ് കൊടുക്കാന്‍ എഴുന്നേത്. പേപ്പര്‍ വാങ്ങാനായി പപ്പു മാഷു സീറ്റില്‍ നിന്നും എണീറ്റു.. മാഷിന്റെ ശ്രദ്ധ എന്നില്‍ നിന്നും മാറിയെന്നറഞ്ഞ ആ ഒരു മില്ലി-മൈക്രോ സെക്കന്‍ഡില്‍ ....

ഫ്ലാഷടിക്കുന്ന വേഗത്തില്‍ 500 കെ.എം.പി.എച്ചില്‍ എന്റെ കൈ സജിയുടെ ടേബിളിലേക്കു നീണ്ടു , എന്റെ പേപ്പര്‍ സജി ടേബിളിന്റെ ഒരു വശത്തേക്ക് ഓള്‍‌റെഡീ നീക്കി വച്ചിരുന്നു.ഹാളിലെ ഒരു കുഞ്ഞു പോലുമറീയാതെ എന്റെ പേപ്പര്‍ “ടേബിള്‍ വിട്ട് ടേബിള്‍ ‍” മാറുന്ന മാജിക്കില്‍ വിജയിച്ചു. എന്റെ ആ സ്പീഡില്‍ സജിപോലും അത്ഭുതപ്പെട്ടു.

പേപ്പര്‍ തിരിച്ചു കിട്ടിയ ഞാന്‍ ഒന്നോടിച്ചു നോക്കി... ഇനിയും അരമണിക്കൂര്‍ വേണം ഇതു കമ്പ്ലീറ്റ് ചെയ്യാന്‍ 15 മിനിറ്റില്‍ പേപ്പര്‍ വാങ്ങാന്‍ പപ്പു മാഷു വരും... ഞാന്‍ ധൃതഗതിയില്‍ കഴിയുന്നിടത്തോളം പൂരിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ മണി മുഴങ്ങി.. “ണിം ണിംണിം..”

ഇത്രേം നേരം വെറുതെയിരിക്കയായിരുന്ന ഞാന്‍ കഴിഞ്ഞ 15 മിനിറ്റായി വളരേ ബിസിയായി പരീക്ഷയെഴുതുന്നതു കണ്ട പപപ്പു മാഷ് അത്ഭുതപ്പെട്ടോ? പരീക്ഷ പേപ്പര്‍ വാങ്ങാന്‍ എന്റെടുത്തു വന്ന മാഷിനോട് 5 മിനിറ്റു കൂടി സാര്‍ എന്നു പറഞ്ഞെങ്കിലും, എന്നെ വര്‍ഗശത്രുവായി പ്രഖ്യാപിച്ച പപ്പൂ ആ അപേക്ഷ നിരസിച്ചു. അതിനിടയില്‍ വന്ന എക്സ്റ്റേണല്‍ സൂപ്പര്‍വൈസര്‍ ദയ തോന്നി 5 മിനിറ്റ് കൂടി അനുവദിച്ചു... പൂര്‍ത്തിയാക്കാന്‍ പറ്റിയില്ലെങ്കിലും, പ്രധാനമായ പല കണക്ഷനുകളും വരക്കാന്‍ ആ 5 മിനിറ്റു സഹായിച്ചു.

പേപ്പര്‍ കൊടുത്ത് പരീക്ഷ ഹാള്‍ വിടുമ്പോള്‍ മനസ്സ് കൊടുമ്പിരികൊണ്ടു. ബാക്കി എല്ലാ വിഷയങ്ങളും ജയിക്കും.. ഏറ്റവും എളുപ്പമായിരുന്ന ഈ വിഷയത്തിനു തോറ്റ് ഒരു വര്‍ഷം ലാപ്സാവുന്ന കാര്യം....

പരീക്ഷ കഴിഞ്ഞാല്‍ ക്ലാസ്സിലെ എല്ലാവരും വട്ടം കൂടി നിന്നു അന്നന്നത്തെ സബ്ജക്റ്റുകളേയും ചോദ്യങ്ങളേയും പറ്റി ഒരു അവലോകനമുണ്ട്. ആ കൂട്ടത്തില്‍ സജി ഈ വിഷയം അവതരിപ്പിച്ചു (ഞാനപ്പോള്‍ അധികം കിട്ടിയ 5 മിനിറ്റില്‍ ഹാളില്‍ പരീക്ഷയെഴുതുകയായിരുന്നു) എല്ലാവരും സജിയെ കുറ്റപ്പെടുത്തുകയും, എന്ന ആശ്വസിപ്പിക്കാനുമായി കാത്തിരിക്കയായിരുന്നു. നിര്‍വികാരനായി നടന്നു വരുന്ന എന്റെ മുന്നില്‍ വന്നു നിന്ന് സജി പറഞ്ഞു...

“സോറീ ഡാ..”

“പ്‌ഠേ....”

ആ ശബ്ദം കേട്ട് ചുറ്റും നിന്നവര്‍ കണ്ണു ചിമ്മി.. കണ്ണു തുറന്ന അവര്‍ കണ്ടത്, ഇടത്തേ കരണം പൊത്തി നില്‍ക്കുന്ന സജിയേയും അവനെ തുറിച്ചു നോക്കി അക്ഷോഭ്യനായി നില്‍ക്കുന്ന എന്നെയുമാണ്. സജി പൊട്ടിക്കരഞ്ഞു...

“തല്ലഡാ.. തല്ല്/.. ഇനിയും തല്ല്, ഇവിടെ അടിക്ക്./ എന്നും പറഞ്ഞ് അവന്‍ വലത്തേ കരണം കാണിച്ചു തന്നു...

മൊട്ടത്തലയും. കണ്ണടയും വടിയുമൊക്കെയായി മഹാത്മാ ഗാന്ധി സ്റ്റൈലില്‍ നില്‍ക്കുന്ന ഗാന്ധിമാര്‍ഗം സജിയുടെ ചിത്രം എന്റെ മനസ്സില്‍ തെളിഞ്ഞു. ഒന്നും പറയാതെ അവനെ തള്ളി മാറ്റി, നിശബ്ദരായി നില്ക്കുന്ന സഹപാഠികള്‍ക്കിടയിലൂടെ നടന്നു നീങ്ങുമ്പോള്‍ എന്റെ മനസ്സ് ശൂന്യമായിരുന്നു.

* രണ്ടു മാസം കഴിഞ്ഞ് പരീക്ഷാഫലം വന്നപ്പോള്‍ 68% ശതമാനത്തോടെ എല്ലാ പരീക്ഷയും ജയിച്ചു. 70 മാര്‍ക്കെങ്കിലും കിട്ടുമെന്നു കരുതിയ ഡിസൈന്‍&ഡ്രാഫ്റ്റിങ്ങില്‍ എനിക്കു കിട്ടിയത് പാസ് മാര്‍ക്കായ 30 മാര്‍ക്ക്.. അതും ഇവാലുവേഷന്‍ നടത്തിയ ഏതോ നല്ല മനസ്സുള്ള മനുഷ്യന്‍ തള്ളിവിട്ടു ജയിപ്പിച്ചതാവാനേ തരമുള്ളൂ..

Read more...

ലാസറേട്ട‌ന്റെ സര്‍വ്വേക്കല്ല്.

Thursday, June 07, 2007

നാട്ടില്‍ വികസനം എന്ന സംഭവം കയറി വന്നു. പക്ഷേ കൊപ്രക്കച്ചവടം നടത്തുന്ന ലാസറു മാപ്ലക്കത് ജെ.സി.ബി കണ്ട മൂന്നാര്‍ റിസോര്‍ട്ടു പോലെയായിരുന്നു.

പഞ്ചായത്ത് റോഡ് വീതി കൂട്ടുന്നതും പ്രമാണിച്ച് വീടിന്റെ അതിരു റോഡിലേക്കു തള്ളിയാണെന്നും പറഞ്ഞ് പഞ്ചായത്തുകാര്‍ ലാസറു മാപ്ലക്ക് കയേറ്റത്തിനെതിരെ കേസു കൊടുത്തെങ്കിലും, കുടിക്കുന്ന കഞ്ഞിയില്‍ പോലും ഉപ്പിടാത്ത പിശുക്കന്‍ മാപ്ല ഒരു മില്ലീമീറ്റര്‍ നീങ്ങില്ലെന്ന വാശിയില്‍ ഉറച്ചു നില്‍ക്കുന്നതിനിടയില്‍ പഞ്ചായത്തുകാര്‍ വീട്ടിനു മുന്നില്‍ സര്‍വേക്കല്ലു കൊണ്ട് സ്ഥാപിച്ചു! അതിനപ്പുറമുള്ള ഭാഗം അവരു കൊണ്ടുപോകുമെന്നു! റോഡൂ വികസനത്തിനു!

ഒരു കല്ലെടുത്തു മാറ്റാന്‍ തനിക്കധിക സമയമൊന്നും വേണ്ടെന്നു ലാസറേട്ടന്‍ തെളിയിച്ചെങ്കിലും, കോടതിയില്‍ നിന്നും ഇഞ്ചങ്‌ഷന്‍ ഓര്‍ഡര്‍ വാങ്ങി പഞ്ചായത്തുകാര്‍ സര്‍വ്വേക്കല്ല് പുന:സ്ഥാപിക്കയും, കേസിനൊരു വിധി വരും വരെ “കല്ലില്‍ തൊട്ടുപോകരുത്” എന്നു സ്ഥലം എസൈ ഉല്പലാക്ഷന്‍ വാര്‍ണിങ്ങ് കൊടുക്കയും ചെയ്തതോടെ ലാസറു മാപ്ലയുടെ പ്രധാന ശത്രുവായിത്തീരാന്‍ സര്‍വ്വേക്കല്ലിനു ഭാഗ്യം സിദ്ധിച്ചു. കാണുമ്പോഴൊക്കെ സര്‍‌വ്വേക്കല്ലില്‍ കാറിത്തുപ്പി ലാസറുമാപ്ല തന്റെ ദേഷ്യം തീര്‍ത്തു. കല്ലേല്‍ തുപ്പരുതെന്നു കോടതിയുത്തരവിലില്ലല്ലോ?

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ബസ്റ്റോപ്പില്‍ നിന്നും കിഴക്കോട്ടുള്ള ചാരായഷാപ്പു സ്ഥിതി ചെയ്യുന്ന വിജനമായ റോഡ്. 7 മണി കഴിഞ്ഞാല്‍ പ്രേതങ്ങള്‍ക്കു പോലും ആ റോഡിലൂടെ ഒറ്റക്കു നടക്കാന്‍ പേടിയാവും. പക്ഷേ ലാസറേട്ടന്‍ നേരത്തെ തന്നെ ഷാപ്പിലേക്ക് പോകുന്നതിനാല്‍ അതൊരു പ്രശ്നമല്ല.. തിരിച്ചു വരുമ്പോള്‍ കള്ളിയങ്കാട്ടു നീലിയല്ല, അവള്‍ടമ്മൂമ്മ വന്നാലും തനിക്കു കോപ്പാ, എന്ന റോളില്‍ വഴിയിലെ സകല തെങ്ങുകളുടെയും എണ്ണമെടുത്താണു ഡാവിന്റെ വരവ്.. (ചാരിപ്പിടിച്ച്)

അന്നു ലാസര്‍ജി അടിച്ചതിന്റെ ക്വാണ്ടിറ്റി കൂടിയതാണോ, അതോ ക്വാളിറ്റി കുറഞ്ഞതാണോ എന്തോ... വാട്ടെവര്‍ ദ റീസണ്‍സ് അന്നത്തെ റിട്ടേണ്‍ ട്രിപ്പ് സംഭവബഹുലമായിരുന്നു. ഷാപ്പില്‍ നിന്നിറങ്ങി രണ്ടു മിനിറ്റിനകം തന്നെ സന്തത സഹചാരിയായ കൈലി ലാസറേട്ടനെ ഉപേക്ഷിച്ച് വേലിപ്പത്തലില്‍ കുടുങ്ങി നിന്നു.. കൈലി തന്നെയുപേക്ഷിച്ചു പോയെന്ന നടുക്കുന്ന സത്യം അറിയാതെ, കളസവുമായി ഫാന്റം സ്റ്റൈലില്‍ മുന്നേറിയ ചേട്ടന്‍ താമസിയാതെതന്നെ രാമന്നായരുടെ വീടിനോടു ചേര്‍ന്നുള്ള പൊട്ടക്കിണറിനു സമീപം എത്തുകയും അടുത്ത സ്റ്റെപ്പില്‍ വിതിന്‍ എ ഫ്രാക്ഷന്‍ ഓഫ് സെക്കന്‍ഡ് പൊട്ടക്കിണറ്റിലേക്ക് ക്രാഷ് ലാന്‍ഡു ചെയ്യുകയും ചെയ്തു.

ഭാഗ്യത്തിനു, ലാസറേട്ടന്റെ വയറ്റിലേ വെള്ളമുണ്ടായിരുന്നുള്ളൂ, കിണര്‍ വറ്റി വരണ്ടു കിടക്കുകയായിരുന്നു. പക്ഷേ, ഇന്ത്യന്‍ എയര്‍ലൈന്‍സു വിമാനം കോഴിക്കോടിറങ്ങുന്നതുപോലെ വളരേ റഫ് ആയാണു ചേട്ടന്‍ ക്രാഷ് ലാന്‍ഡീങ്ങ് നടത്തിയത് എന്ന കാരണത്താല്‍, ഇടത്തേക്കാലിന്റെ സെന്റ്രല്‍ ബോള്‍ട്ട് ഇളകുകയും ആക്സിലൊടിയുകയും ചെയ്തു.... ഈ ഭീകര രംഗത്തിനു സാക്ഷ്യം വഹിക്കാന്‍ തോളിലിട്ടിരുന്ന ചുവന്ന, ചെളിപിടിച്ച് കാപ്പിക്കളറായ ആ തോര്‍ത്തുമുണ്ട് കിണറിനു മുകളില്‍ ഒരു ചെടിത്തലപ്പില്‍ കുരുങ്ങി, ഇളംകാറ്റില്‍ തൂങ്ങിയാടി...

അതി കഠിനമായ വേദനക്കിടയില്‍ “അയ്യോ ഞാന്‍ ചത്തേ , മോനേ തോമസുകുട്ടീ രക്ഷിക്കടാ” എന്നു കിണറ്റില്‍ നിന്നും ലാസറേട്ടന്റെ SOS മെസ്സേജുകള്‍ ഉയര്‍ന്നു പൊങ്ങിയെങ്കിലും, കേള്‍ക്കാനായി തോമാസുകുട്ടി പോയിട്ട് പട്ടിക്കുട്ടി പോലും ഉണ്ടായിരുന്നില്ല. അല്പ സമയത്തിനകം തന്നെ അവിടം പൂകിയ ഷാപ്പില്‍ നിന്നുള്ള മറ്റൊരു കുടിയനായ ഇനാശു സംഭവത്തിന്റെ ഗൌരവം മനസ്സിലാക്കുകയും, പൊട്ടക്കിണറ്റില്‍ ചാടാതെ വഴി മാറി പോകുകയും ചെയ്തു.. പോകുന്ന വഴിക്ക് കണ്ട ആരോടോ ലാസാറേട്ടന്‍ കിണറ്റില്‍ വീണതു ഇനാശു പറയുകയും വാര്‍ത്ത കാട്ടുതീപോലെ പടരുകയും ചെയ്തു. ചെറുപ്പക്കാരുടെ ഒരു സഹായസംഘം എത്തി ഒരു വിധത്തില്‍ മൊതലിനെ കരയില്‍ കയറ്റുകയും ചെയ്തു... കരയില്‍ കയറിയതോടെ കാലിന്റെ ആക്സിലൊടിഞ്ഞ ലാസറേട്ടന്‍ വലിയ വായില്‍ നിലവിളിച്ചു

“എന്നെ ആശൂത്രീ കൊണ്ടു പോടാ.. #^@%*&%^ മക്കളേ.”

കുഞ്ഞപ്പന്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ലാസറു മാപ്ലയെ പരിശോധിച്ച് കഴിഞ്ഞ ഓര്‍ത്തോപീഡിക്ക് സര്‍ജന്‍ ഡോക്റ്റര്‍ ലംബോധരന്‍ ഉറക്കെപ്പറഞ്ഞു .. ഓപ്പറേഷന്‍ വേണം, എല്ലിന്റെ ഒരു 10 സെന്റി നീളത്തില്‍ ഒടിഞ്ഞു നാശമായി. 15 സെന്റി നീളത്തില്‍ ഉള്ളൊരു എല്ലിന്റെ കഷണം കിട്ടിയാല്‍ എല്ലാം ശരിയാകും... “എല്ലു ദാന” ചടങ്ങില്‍ താല്പര്യമില്ലാതിരുന്നതിനാല്‍, ലാസറേട്ടനെ ആശൂത്രിയില്‍ കൊണ്ടുവന്നവര്‍ അപ്രത്യക്ഷരായി.

ഇതിനിടയില്‍ എന്തോ ആവശ്യത്തിനു ആശുപത്രിയിലെ ഫ്രിഡ്ജ് തുറന്ന ഒരു സിസ്റ്റര്‍ക്ക് ഒരു നീളന്‍ പൊതി കണ്ട് സംശയം തോന്നി. തുറന്നപ്പോള്‍, ദാ പട്ടിയുടെ ഒരു ഫുള്‍ ലെഗ്! കോട്ടയം കരിമീന്‍ കൈക്കൂലിക്കേസു കഴിഞ്ഞിട്ടിപ്പോ ദിവസങ്ങളേ ആയിട്ടുള്ളൂ.. സിസ്റ്റര്‍ വേഗം ഡോക്ടര്‍ ലംബോധരനോട് വിവരം ധരിപ്പിച്ചു! പട്ടിയിറച്ചി കമ്പക്കാരനായ ഡോ.സൈമണെ നോക്കി ഡോ. ലംബോധരന്‍ ഇരുത്തിമൂളി. “എനിക്കു നല്ല പ്രൈവറ്റ് പ്രാക്റ്റീസുണ്ടെടോ, താന്‍ പോയി പണിനോക്ക്” എന്ന ധൈര്യത്തില്‍ ഡോ:സൈമണ്‍ ആ മൂളലിനെ പുച്ഛിച്ചുതള്ളി.

ഡോ:ലംബോധരത്തലയില്‍ അയിഡിയകളുടെ ഒരു കുഴിമിന്നി പൊട്ടി .ഡോക്റ്റര്‍ക്കു കിട്ടിയതും എല്ല്.. പേഷ്യന്റിനു വേണ്ടതും എല്ല്‌! മാംസമെല്ലാം നീക്കിക്കഴിഞ്ഞ് ആ പട്ടിയെല്ലിന്‍ കഷണവുമായി ഡോ. ലംബോധര്‍ ഓപ്പറേഷന്‍ തീയറ്ററിലേക്കു കുതിച്ചു.

മണിക്കൂറുകള്‍ നീണ്ട അതി സാഹസികമായ “സേവ് ലാസര്‍ ലെഗ്” എന്ന ഓപ്പറേഷന്‍ അത്ഭുതകരമായി വിജയിച്ചു എന്നത് ചരിത്രസത്യം!

അടുത്ത രണ്ടാഴ്ചക്കകം സംഭവബഹുലമായ മൂന്നു കാര്യങ്ങള്‍ നാടിനെപ്പിടിച്ചു കുലുക്കി!
1. പട്ടിയിറച്ചി കൈക്കൂലിയായി വാങ്ങി എന്ന കേസില്‍ ഡോ.സൈമണ്‍ സസ്പെന്‍ഷനില്‍
2. വീട്ടുപറമ്പില്‍ പഞ്ചായത്തുകാര്‍ കുഴിച്ചിട്ട സര്‍‌വേക്കല്ലില്‍ പണ്ടു കാറിത്തുപ്പിക്കൊണ്ടിരുന്ന ലാസറേട്ടന്‍ ട്രെന്‍ഡൊന്നു മാറ്റി.. ആളിപ്പോള്‍ സര്‍‌വേക്കല്ല് കണ്ടാല്‍ ഇടത്തേ കാല്‍ പൊക്കുകയും കല്ലില്‍ മൂത്രമൊഴിക്കുകയും ചെയ്തു പോരുന്നു! പട്ടിയെല്ലിന്റെ ഒരു ഇഫക്‍റ്റേ!
3. ലാസറു മാപ്ലയുടെ പേരു നാട്ടുകാരൊന്നു മോഡിഫൈ ചെയ്തു .. ലാസര്‍ നായര്‍

Read more...
© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.