-- എ ബ്ലഡി മല്ലു --

മടക്കയാത്ര

Sunday, April 22, 2007

“ചിക്കുമോളിങ്ങടു വരൂ, അച്ഛമ്മ മുടി മെടഞ്ഞിട്ടു തരാം”
ഇംഗ്ലീഷിലെന്തോ മുറുമുറുത്തുകൊണ്ട് ചിക്കു അപ്പുറത്തെ മുറിയിലേക്കു പോയി.

താന്‍ വന്നിട്ടിപ്പോ രണ്ടു മാസമായി. ഈ കുട്ടി ഇപ്പളും അച്ഛമ്മയുമായിട്ട് ഇണങ്ങീല്ല്യല്ലോ ന്റെ ഗുരുവായൂരപ്പാ, ന്താണാവോ എന്നോടിത്ര ദേഷ്യം? പ്രകാശന്‍ ഇതുപോലെ ഒന്നുമായിരുന്നില്ലല്ലോ, അവന്റെ മോള്‍ക്കെന്താ ഇങ്ങനൊരു മനുഷ്യപ്പറ്റില്ലാത്ത സ്വഭാവം? എട്ടു വയസ്സേ ആയിട്ടുള്ളൂ, ന്നാലും എന്തൊരു വളര്‍ച്ച്യാ ന്നത്തെക്കാലത്തീ പെങ്കുട്ട്യോള്‍ക്ക്.. ഭാനുവമ്മ മനസ്സിലോര്‍ത്തു.

പ്രകാശനും സിന്ധുവും ജോലിക്കുപോയി. രാവിലെ അഞ്ചരക്ക് എഴുന്നേറ്റു പോവും, രാത്രി 8 മണിയാവും വരാന്‍ . വല്ലാണ്ടു കഷ്ടപ്പാടാണു ന്റെ കുട്ടിക്ക്.. ദുബായിലാണെന്നും പറഞ്ഞിട്ട് എന്താ കാര്യം! “അമ്മ ദുബായിലേക്കു വരൂ, വെക്കേഷനു അമ്മ ഇവിടുണ്ടാവുന്നതു മോള്‍ക്കും കൂടി ഇഷ്ടമവുംന്നു പ്രകാശന്‍ പറഞ്ഞട്ടാ ഈ വയസ്സാം കാലത്ത് ഈയൊരു സാഹസത്തിനു മുതിര്‍ന്നത്.

മടുത്തു തുടങ്ങി, ഈ ഫ്ലാറ്റിലെ നാലു ചുമരുകളും ഈ കിളവിയെ കളിയാക്കുന്ന പോലെ തോന്നണൂ. പ്രകാശന്റച്ഛന്‍ പോയേപ്പിന്നെ വീട്ടില്‍ ഒറ്റക്കാണെങ്കിലും, ഇത്രക്കും ഏകാന്തത അവിടെണ്ടാര്‍ന്നില്ല. പയ്യിനെ നോക്കലും, അടുക്കള മുറ്റത്തെ കൃഷിയുമെല്ലാമായി സമയം പോവുന്നതറീല്ല്യ, പിന്നെ അമ്മിണി വന്നാ നാട്ടുകാര്യങ്ങളായി.

“ഏട്ത്തിക്ക് അങ്ങോട്ടൊന്നു വന്നാലെന്താന്നാ പരാതി, പത്തടി നടന്നാല്‍ മതി അവള്‍ടെ വീട്ടിലേക്ക്, എന്നാലും ഈ വീടും പരിസരോം വിട്ടു പുറത്തേക്കു പോവാന്‍ തോന്നാറില്ല”.. “ദുബായീലൊക്കെ പോവാന്‍ ഭാഗ്യം വേണേന്നു പോരുന്നതിനു മുന്‍പ് അമ്മിണി പറഞ്ഞതോര്‍ത്തു. കൃഷ്ണാ..ഗുരുവായൂരപ്പാ, ഇതാണോ ഭാഗ്യം!
ഇതിപ്പോ പോയാല്‍ മതീന്നായി, പക്ഷേ, പ്രകാശനെന്തു തോന്ന്വോ ആവോ, ഇത്രേം കാശു ചെലവാക്കി വന്നിട്ട് ഇപ്പോ പോണം‌ന്നൊക്കെ പറഞ്ഞാ അവനു പ്രയാസാവും, തിര്‍ച്ച ...

ഒരു മാസം കൂടി വിസ നീട്ടണമെന്നു അവന്‍ ഇന്നലെ പറഞ്ഞതേയുള്ളൂ.. ചിക്കു മോളു ഡാന്‍സു പഠിക്കാന്‍ പോയാല്‍ പിന്നെ ഇടക്കിടകു പള്ളീല്‍ നിന്നും കേള്‍ക്കുന്ന ബാങ്കുവിളിയും പിന്നെ ഇടക്കൊക്കെ ഫോണ്‍ ബെല്ലടിയുമാണു ചിന്തകളില്‍ നിന്നും ഉണര്‍ത്തുന്നത്.. ഒരിക്കല്‍ ഫോണെടുത്തപ്പോള്‍ ആരോ .. ഒന്നും മനസ്സിലാവാത്ത ഭാഷയില്‍ എന്തോ പറഞ്ഞു... “പ്രകാ‍ശനിവിടില്ല്യാ, രാത്രി വിളിക്കൂ” ന്നു മലയാളത്തില്‍ പറഞ്ഞത് അയാള്‍ക്കു മനസ്സിലായീന്നു തോന്നുണൂ.. വേഗം ഫോണ്‍ വച്ചു..

അവന്‍ വന്നാല്‍ പറേണം ഇനി വിസ പുതുക്കണ്ടാ.. നാട്ടില്‍ തിരിച്ചു പോവ്വാന്നു... ഇവിടത്തെ ചിട്ടകളൊന്നും ശരിയാവുന്നില്ല.

ഉറക്കം പോലും ശരിയാവുന്നില്ല. പ്രകാശനും സിന്ധുവും സ്നേഹത്തോടെയാണു പെരുമാറ്റം ന്നാലും താനായിട്ടു അവര്‍ക്കിനി ബുദ്ധിമുട്ടുണ്ടാക്കണ്ടാ. അവന്‍ ഇനി എതിര്‍പ്പു പ്രകടിപ്പിക്കുമോ ആവോ! അമ്മിണിക്ക് സന്തോഷാവും, താന്‍ നേരത്തെ ചെല്ലുന്നൂന്നറിഞ്ഞാ.

എന്തായാലും പ്രകാശന്‍ വന്നിട്ടു പറയണം. നിര്‍ബന്ധായിട്ടും തിരിച്ചു പോവ്വാന്നു. ഇന്നെന്തോ, വല്ലാത്ത മയക്കം വരുന്നു, മെല്ലെ കിടക്കയിലേക്കു ചാഞ്ഞു, കണ്ണുകള്‍ അടഞ്ഞു..

നാളികേരമുറിയിലെ എണ്ണ തീരാറായി, തിരി മുനിഞ്ഞു കത്തുന്നുണ്ട്.. ചന്ദനത്തിരിയുടെ ഗന്ധം മുറിയില്‍ തളം കെട്ടിനിന്നു അമ്മിണിയുടെ ഇടവിട്ടുള്ള തേങ്ങല്‍ മുറിയിലെ നിശബ്ദതയെ ഭഞ്ജിച്ചു.. താന്‍ നേരത്തെ എത്തിയിട്ട് ഇവള്‍ എന്തിനാണാവോ കരയുന്നേ..

നേരത്തെ തിരിച്ചയക്കാന്‍ പ്രകാശന്‍ എതിര്‍പ്പൊന്നുംണ്ടായില്ല്യ, അവനു വിഷമായിയോ ആവോ!

കേശവന്‍ നായരുടെ രാമായണ പാരായണം മുറിയില്‍ അലയടിച്ചു.

Read more...

സീ വ്യൂ

Tuesday, April 03, 2007

മൈ ഓണ്‍ പ്രൊഡക്ഷന്‍ നമ്പ്ര.2 ശ്രീ.വിഗ്നേഷ് കൂടി ഒരു വയസ്സില്‍ നിലത്തു ഇഴഞ്ഞു കളി തുടങ്ങിയതോടെ , ഓള്‍‌റെഡി സ്ഥലപരിമിതികളുള്ള ഷാര്‍ജ്ജയിലെ ഫ്ലാറ്റിനു ഒന്നുകൂടി വിസ്താരം കുറഞ്ഞ പോലെ തോന്നി ...

എന്നാപിന്നെ, ഒരു ടു-ബെഡ്രൂം ഫ്ലാറ്റു നോക്കിയേക്കാം എന്നോര്‍ത്തു. ദിവസേന കൂടി വരികയാണു ദുബായിലേയും ഷാര്‍ജയിലേയും റിയ-എസ്റ്റേറ്റ് മുതലാളിമാരുടെ അത്യാര്‍ത്തിയും, അതോടൊപ്പം തന്നെ വാടകയും! സപ്ലൈ-ഡിമാന്റ് അനുപാതം ആണത്രേ കാരണം.... ഹും!

“ പണ്ടു പണ്ടു ദുബായിലിരുന്നൊരാളെ,
ഷാര്‍ജയിലേക്കു തള്ളിയതും ഭവാന്‍..
പയ്യെപ്പയ്യെ, അജ്മാനിലേക്കും,
പിന്നെ ഉമ്മല്‍ കോയിനിലേക്കു തള്ളിയതും ഭവാന്‍ “

എന്നാണല്ലോ വാടക വര്‍ദ്ധനവിനെപ്പറ്റി പണ്ടാരോ പറഞ്ഞിരിക്കുന്നത്. ഇതു വല്ലോം അറിഞ്ഞിട്ടാണോ,റിയലെസ്‌റ്റേ‌റ്റ് എന്ന മഹാസാഗരത്തിലേക്കു ഒരു ലൈഫ് ജാക്കറ്റു പോലും ഇടാതെ ഒരു ടൂ-ബെഡ്രൂം ഫ്ലാറ്റും അന്വേഷിച്ച് ഞാനിറങ്ങിയത്!!

25000 ദിര്‍ഹം വരെ വാര്‍ഷിക ബജറ്റും ചെയ്ത് ഇറങ്ങിയപ്പഴാ മനസ്സിലായത്.. ഷാര്‍ജയില്‍ നല്ലൊരു ഫ്ലാറ്റിനു അര വര്‍ഷത്തേക്കത്രേം കൊടുക്കണം എന്ന്.. ആരോ പറഞ്ഞു, അജ്മാനില്‍ റേറ്റു കുറവാ, 10 മിനിറ്റ് എക്സ്റ്റ്രാ ഡ്രൈവിന്റെ കാര്യല്ലേ ഉള്ളൂ, ഷാര്‍ജയില്‍ തന്നെ താമസിച്ചോളാമേ എന്ന് മ്മളാര്‍ക്കും വാക്കുകൊടുത്തട്ടൊന്നുമില്ല്യല്ലോ...

അങ്ങനെ ഒരു ദിവസം അജ്മാന്‍ തീരത്തു കൂടെ വണ്ടിയോടിച്ചോണ്ടിരിക്കുമ്പോഴാണു, ആ പുതിയ ബില്‍ഡിങ്ങിന്റെ മുന്നില്‍ തൂക്കിയ “റ്റു-ലെറ്റ്” ബോര്‍ഡ് കാണുന്നത്.. വൌ ! നല്ല സുന്ദരന്‍ ലൊക്കാലിറ്റി.. തൊട്ടൂ മുന്നില്‍,ബീച്ചും കോര്‍ണിഷും.. നാലുകെട്ട് റസ്റ്റോറന്റ് ആണെങ്കില്‍ വളരേ അടുത്ത്. നിത്യോപയോഗ സാധനങ്ങള്‍, വാങ്ങാന്‍ ലുലു സെന്റര്‍, കാഫൂര്‍, എല്ല്ലാം വളരേ അടുത്ത്.... വീകെന്‍ഡോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ലിക്കര്‍ ഔട്ട്ലെറ്റും അരികില്‍.. വേഗം തന്നെ കാര്‍ നിര്‍ത്തി, അതിനകത്തോട്ടു കയറി , ഭാഗ്യത്തിനു ബില്‍ഡിങ്ങ് ഓണര്‍ അര്‍ബാബ് അവിടെ തന്നെയുണ്ടായിരുന്നു. കാര്യം പറഞ്ഞതോടെ അങ്ങേരു വളരേ കാര്യത്തില്‍ എന്നെ സ്വീകരിച്ച് എട്ടാം നിലയിലെ ഓഫീസില്‍ കൊണ്ടിരുത്തി ഒരു കിടിലന്‍ ടര്‍ക്കിഷ് കോഫി തന്നു..

ടര്‍ക്കിഷ് കോഫി മൊത്തിക്കുടിക്കുന്നതിനിടയില്‍ ഞാന്‍ റെന്റിന്റെ കാര്യം ചോദിച്ചു ..

“ഓണ്‍ലി ബോര്‍ത്തി ബൈവ് സൌസന്റ്.. “ (45000/-) അര്‍ബാബ് പറഞ്ഞു!

ഞാന്‍ വെറും ഞെട്ടല്ല ഞെഞ്ഞെട്ടി.. ആ ഞെട്ടലില്‍ ഒന്നു ചുമച്ചു.. കുടിച്ച ടര്‍ക്കിഷ് കോഫിയിലെ ടര്‍‌ക്കി വായില്‍ നിന്നിറങ്ങി അതിന്റെ പാട്ടിനു പോയി!

വാട്ട്? 45000 ???? 25000 ഈസ് ദ മാര്‍ക്കറ്റ് റേറ്റ് ഇന്‍ അജ്മാന്‍! അഞെട്ടനായ (ഞെട്ടലില്‍ നിന്നും മുക്തനായവന്‍ എന്നര്‍ത്ഥം‍) ഒരു വിധത്തില്‍ അറബിയോടു പറഞ്ഞൊപ്പിച്ചു...

അറബി: മാര്‍ക്കറ്റ് റേറ്റ് കല്ലി വല്ലി.... യു സീ.. ദിസ് പ്ലേസ് വ്വെരി ഗൂദ്.. എന്നിട്ടദ്ദ്യേം തുടര്‍ന്നു..
യൂ സീ സീ ഇന്‍ മോണിങ്ങ്....
യു സീസീ ഇന്‍ ആഫ്‌തര്‍ നൂണ്‍ ...
യു സീ സീ ഇന്‍ ഈവനിങ്ങ്...
യു സീ സീ ഇന്‍ നൈറ്റ്...

You will have an Excellent Sea View from this building.. എന്നാണു അറബി ഉദ്ദേശിച്ചത്. അതായത്, രാവിലേയുമുച്ചക്കും, രാത്രിയൂമൊക്കെ കടലിനരികിലായിരിക്കുമെന്നു !! ഹല്ലാ പിന്നേയ്.... കടാപ്പുറത്തു താമസിച്ച് കപ്പലണ്ടി ക്കച്ചവടം ചെയ്യാനൊനുമല്ലല്ലോ ഞാന്‍ യൂ.ഏ.ഈ ഇല്‍ വന്നിരിക്കുന്നേ...

എന്നാലും ഗുരുവായുരപ്പാ... കടലു കാണാന്‍ ഇത്രേം ചെലവോ ? ഇതെന്തായാലും ഒരു നടക്കു പോണ ലക്ഷണമില്ല. ഡിസ്കൌണ്ടു ചോദിച്ചപ്പോ മാക്സിമം 2000 ദിര്‍ഹം കുറക്കാമെന്നാ ഈ മറൂതാ പറയുന്നേ! സീ (Sea) യെ ഇത്രേം മാത്രം സ്നേഹിക്കാന്‍ യവനാരു, കടലമ്മയുടെ പുത്രനോ.. ഞാനോര്‍ത്തു.

ഞാന്‍ തിരിച്ചു അറബിയോടു പറഞ്ഞു:
“സാര്‍.. ഐ നോ സീ സീ ഇന്‍ മോണീങ്ങ്..
ഐ നോ സീ സീ ഇന്‍ ആഫ്റ്റര്‍നൂണ്‍...
ഐ നോ സീ സീ ഇന്‍ ഈവനിങ്ങ്...
ഐ നോ സീ‍ സീ ഇന്‍ നൈറ്റ്...
പ്ലീസീ ഗീവ് മീ ഫൊര്‍ 25000!

( I dont wanna see the Sea.. എന്നാണു ഞാനുദ്ദേശിച്ചത്, അതു പുള്ളിക്കാരന്റെ സ്റ്റൈലില്‍ അങ്ങു തിരിച്ചു പറഞ്ഞെന്നു മാത്രം.. :)

ഞാനൊന്നു താങ്ങിയതാണെന്നു മനസ്സിലാക്കിയ ആ അറബി പറഞ്ഞു..
40000/- ഫൈനല്‍..അദര്‍ വൈസ് കല്ലി വല്ലി...

അന്നു 40000/- ദിര്‍ഹത്തിനു ഒരു കല്ലിവല്ല്ലി * യേക്കാള്‍ ഒത്തിരി വില കല്‍പ്പിച്ചിരുന്നതിനാല്‍ ഞാന്‍ മടങ്ങിപ്പോന്നു!
തിരിച്ചു പോരുമ്പോള്‍ അറബിയോടു പറയാന്‍ മറന്നില്ല..

“സീ യൂ ....”

കല്ലിവല്ലി= വിട്ടു കളയുക, ഇഗ്നോര്‍, ഗെറ്റ് ലോസ്റ്റ് എന്ന അര്‍ത്ഥങ്ങളാണെന്നാണു എന്റെ അറിവ് ;)

Read more...

ക്യാപ്റ്റന്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഞാനും ഒരേ വര്‍ഷമാണു ക്രിക്കറ്റ് ടീമില്‍ ഇടം നേടിയത്. സച്ചിന്‍ 1989 ഇല്‍ ഇന്ത്യന്‍ ടീമിലു, ഞാന്‍ അതേ വര്‍ഷം ജേ.ടി.എസ്. സ്കൂള്‍ ടീമിലും!

ഗോഡ് ഫാദര്‍മാരുള്ളതോണ്ട് സച്ചി അങ്ങ് കത്തിക്കയറി. എന്റെ ആകെയുള്ളൊരു ഫാദറിനു ക്രിക്കറ്റിലു വല്യ താല്പര്യമില്ലാത്തതോണ്ട് ഞാനിങ്ങനെ സ്കൂള്‍ ടീമിലും

എക്കോ
ടീമിലുമായി മിന്നുന്ന പ്രകടനങ്ങളുമായി ഒതുങ്ങികൂടി. വേണ്ടാനു വെച്ചിട്ടാ ട്ടാ, അല്ലേല്‍ ..ങ്ങാഹാ…

ടെക്ക്നിക്കല്‍ സ്കൂളിങ്ങു കഴിഞ്ഞ് തൃശ്ശൂര്‍ എം.ടി.ഐ എന്ന ഗവണ്മെന്റ് പോളിടെക്നിക്കില്‍ ഇലക്ട്രോണിക്സ് എന്‍‌ജിനീയറിങ്ങിനു ചേര്‍ന്നതോടെയാണ് എന്റെ ക്രിക്കറ്റ് കരിയറിലെ ടേണിങ്ങ് പോയന്റ് ആരംഭിക്കുന്നത്.

ഫ‌സ്റ്റിയറില്‍ “കാല്‍ക്കുലസ്” സബ്ജക്റ്റ് എടുത്തിരുന്നറ്റ് അസ്മാവി ടീച്ചര്‍. എനിക്കേറ്റവും ഇഷ്ടപ്പെട്റ്റ ക്ലാസായിരുന്നു അത്. സുന്ദരമായിട്ട് കിടന്നുറങ്ങാം. ഇനി അല്പസ്വല്പം കൂര്‍ക്കം വലിച്ചാലും ടീച്ചര്‍ക്കു പരാ‍തിയില്ല. വളരേ നല്ല സ്വഭാവമുള്ള ടീച്ചര്‍.

ഒരേ കാര്യം കുറച്ചധികം ചെയ്താല്‍, മ്മക്ക് ബോറടിക്കില്ലേ.. ഒറങ്ങിയൊറങ്ങി എനിക്കും മറ്റു ചില ഗെഡികള്‍ക്കും ബോറടിച്ചതോടെ ഇടക്കൊക്കെ “കാല്‍ക്കുലസ്” ക്ലാസ്സു കട്ട് ചെയ്യാന്‍ തുടങ്ങി. പക്ഷേ അവിടേയും അല്ലറ ചില്ലറ പ്രശ്നങ്ങളുണ്ടായിരുന്നു.

ക്ലാസ്സ് കട്ട് ചെയ്ത് കോളേജ് കാമ്പസ്സില്‍ കറങ്ങിയാല്‍ സീനിയര്‍ ചേട്ടന്മാര്‍ റാഗ്ഗു ചെയ്യും. ഒരു തീപ്പട്ടിക്കോലെടുത്ത് 200 മീറ്റര്‍ നീളമുള്ള വരാന്തയുടെ നീളം അളക്കുന്നതിലും നല്ലത് ആസ്മാവിട്ടീച്ചറുടെ ക്ലാസ്സില്‍കെടന്നുറങ്ങുന്നതാ.. പിന്നെയുള്ളത് തൊട്ടടുത്ത തൃശ്ശൂര്‍ മ്യൂസിയത്തിന്റെ ഫ്രണ്ടില്‍ വരുന്ന കളറുകളുടെ കണക്കെടുക്കലാണ്.. അവിടേയും ഈ സീനിയര്‍ കുരിശുകള്‍ ചെലപ്പോ ഉണ്ടാവും. പെമ്പിള്ളേരുടെ മുന്നീ വച്ച് “ഇലക്ട്രിക്ക് സല്യൂട്ട്” അടിക്കുന്നത് മഹാ ബോറ് പരിപാടിയല്ലേ….

പിന്നെ ആകെയുള്ള ഓപ്ഷന്‍സ്….
1- സെണ്ട്രല്‍ ഹോട്ടല്‍ ബാര്‍…
2 ചെമ്പുക്കാവ് ബസ് സ്റ്റോപ്പ്
ആദ്യ ഓപ്ഷന്‍ ഇടക്കൊക്കെ പരീക്ഷിക്കുമെങ്കിലും, കാശുചെലവുള്ള കാര്യമായതിനാല്‍ എന്നും നടക്കില്ലല്ലോ.. പിന്നുള്ള നാലാമത്തെ ഓപ്ഷന്‍, ബസ്റ്റോപ്പിലെ വായ്നോട്ടമാണു ‘മോസ്റ്റ് കോമണ്‍‌ലി യൂസ്ഡ്” ആക്റ്റിവിറ്റി!.

അങ്ങനിരിക്കെ ഒരു ദിവസമാണു കോളേജ് നോട്ടീസ് ബോര്‍ഡില്‍ ഒരു അനൌണ്‍സ്മെന്റ് കാണുന്നത്. കോളേജ് ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷന്‍ തുറ്റങ്ങുന്നു. താല്പര്യമുള്ളവര്‍ ഹോസ്റ്റല്‍ ഗ്രൌണ്ടില്‍ റിപ്പോര്‍ട്ടു ചെയ്യുക. സെലക്ഷന്‍ കിട്ടിയവര്‍ക്ക് പ്രാക്റ്റീസിനായി ‘അറ്റന്‍ഡന്‍സ്” കൊടുക്കുന്നതാണ്! അതായത്.... സെലക്ഷന്‍ കിട്ടിയാല്‍ കളിച്ചാല്‍ മതി.ക്ലാസ്സില്‍ കയറണ്ടാ… അറ്റന്‍ഡനിനു ഒരു പ്രശ്നവുമില്ലാ… ആനന്ദലബ്ധിക്കിനിയെന്തുവീണം! സെലെക്ഷന്‍ ഡേറ്റിനാ‍യി ഞാന്‍ കാത്തിരുന്നു.

അതിനു മുന്‍പ് എം.ടി.ഐ. കോളേജ് ക്രിക്കറ്റ് ടീമിനെക്കുറിച്ചൊരു ഐഡിയ തരാം ഒളിമ്പിക്സില്‍ ഇന്ത്യയുടേതുപോലെ “പങ്കെടുക്കലാണു‍, മറിച്ച് വിജയമല്ല നമ്മുടെ ലക്ഷ്യം” എന്നാണു കോളേജ് ക്രിക്കറ്റ് ടീമിന്റെ പോളിസി. ഒന്നുകൂടി വിശദീകരിച്ചാല്‍… പങ്കെടുക്കലേയുള്ളൂ.. വിജയിക്കലില്ല.. അത്രേന്നേ.. !

കേരളത്തിന്റെ മധ്യഭാ‍ഗത്തായതിനാല്‍, മിക്കവാറും എല്ലാ വര്‍ഷവും ഇന്റര്‍-പോളി സ്പോര്‍‌ട്ട്സ് മീറ്റ് നടക്കുന്നത് തൃശ്ശൂരില്‍ തന്നെയായിരിക്കും. കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി, നമ്മടെ നാട്ടില്‍ വന്നു മത്സരിക്കുന്ന കായികതാരങ്ങളെ നമ്മളായിട്ടു തോല്‍പ്പിച്ച് നിരാശപ്പെടുത്തുന്നതെങ്ങനെ എന്ന വിശാലമനസ്കതയാലോ എന്തോ, എല്ലാ വര്‍ഷവും, എം.ടിഐ, എന്ന ഞങ്ങടെ കോളേജ് വിസിറ്റിങ്ങ് ടീമുകള്‍ക്ക് അതിഭീകരമായ വിജയങ്ങള്‍ സമ്മാനിക്കാറുണ്ട്.. ആസ്ത്രേലിയായും ഹോളണ്ടും വണ്ഡേ മാച്ചു കളിച്ച പോലെയാവും മിക്കവാരും സ്കോര്‍ ! കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ഒരുവിധമെല്ലാ പോളി ടെക്ക്നിക്കുകളും എം.ടി.ഐ യുടെ ഉദാരമനസ്കതിയില്‍ അറ്റ്ലീസ്റ്റ് ഇന്റര്‍പോളി ചാമ്പ്യന്‍ഷിപ്പില്‍ ഒരു കളിയെങ്കിലും ജയിച്ചു പോന്നു ! ഹൊ..ആതിഥേയരായാലുള്ള ഓരോ ഉത്തരവാദിത്വങ്ങളു നോക്ക്യേ…

അങ്ങനെയുള്ള ടിമിലെ സെലക്ഷനു വേണ്ടിആണു വെങ്കിടങ്ങിന്റെ സ്വന്തം റിക്കി പോണ്ടിങ്ങ് ആയ ഞാന്‍ പോകുന്നത്. അറ്റന്‍ഡന്‍സു കിട്ടുക എന്ന ലക്ഷ്യവുമായി എന്നെപ്പോലെ തന്നെ മറ്റു 30 പേരോളം സെലക്ഷന്‍ ദാഹികളായി സ്ഥലത്തുണ്ട്.

സാധാരണ ഫസ്റ്റിയറു പിള്ളേര്‍ക്കു സെലക്ഷന്‍ കൊടുക്കില്ല എന്നത് കോളേജിലെ അലിഖിത നിയമമാണ്. എങ്ങനേലും, ഒന്നാം കളി ജയിച്ച് ക്വാര്‍ട്ടറും, അതിലൊരു വാകോവറു കിട്ടിയാല്‍ സെമിയിലുമെത്തിയാല്‍ കപ്പ് ഞങ്ങള്‍ക്കുറപ്പാ, കാരണം സെമി വരേയെത്തിയാല്‍ പിന്നെ എതിരാളികളുടെ ടീമിലെ നല്ല കളിക്കാരെ തെരെഞ്ഞു പിടിച്ച് “നിങ്ങളെങ്ങാനും ജയിച്ചാ, നിന്റെ കാലു തല്ലിയൊടിക്കും” എന്ന ഭീഷണി കൊടുത്ത് ഫൈനലിലെത്തിക്കുമെന്നത് ഞങ്ങളുടെ കോളേജിലെ ഗുണ്ടാത്തലവന്മാരുറ്റെ ഉത്തരവാദിത്വമാണ്. (പില്‍ക്കാലത്ത് ഈ കലാരൂപം മാച്ച് ഫിക്സിങ്ങ് എന്ന പേരില്‍ ഇന്റര്‍നാഷണല്‍ ലെവലില്‍ വരെ എത്തി, ഹാന്‍സി ക്രോന്യേ, അസറുദ്ദീന്‍, ജഡേജ, ഗീബ്ബ്സ് എന്നിവരുടേ കമ്പ്ലീറ്റ് ഇമേജും കളഞ്ഞിട്ടുണ്ട്) ഫുറ്റ്ബോള്‍, റ്റെന്നീസ് മുതലായ കളികളില്‍ മിക്കവാറും എല്ലാ കൊല്ലവും എം.ടി.ഐ തന്നെ ചാമ്പ്യന്മാരാവുന്നതിനു പുറകിലുള്ള രഹസ്യവും മറ്റൊന്നല്ല. ഫസ്റ്റ് റൌണ്ടു മുതലേ എതിരാളികളെ ഭിഷണിപ്പെടുത്താന്‍ എന്തോ ഞങ്ങടെ ഗുണ്ടാച്ചേട്ടന്മാന്‍ താല്പര്യം കാണിച്ചില്ല എന്നതിനാല്‍, ക്രിക്കറ്റില്‍ ഒരിക്കലും ഞങ്ങള്‍ക്കു കപ്പടിച്ചില്ല,

ഫസ്റ്റിയറായതിനാല്‍ സെലക്ഷനില്ല എന്ന് ഏകദേശം ഉറപ്പായതിനാല്‍ യാതൊരു “ടെങ്ങ്ഷനും” ഇല്ലാതെ എന്റെ നാചുറല്‍ ഗെയിം തന്നെ ഞാന്‍ പുറത്തെടുത്തു. (ഫാസ്റ്റ് ബൌളര്‍ എന്നും പറഞ്ഞ് 80 കി.മി. പെര്‍ അവറില്‍ എറ്യുന്നവന്മാരെ പിച്ചിന്റെ നടുകു വരെ കയരി നിന്ന് കണ്ണും പൂട്ടി അങ്ങ്ട് അലക്ക്വാ.. ഏനാമാവിലെ അയ്യപ്പേട്ടന്‍ ലോട്ടറിയെടുക്കും മുന്‍പ് പറയാറുള്ള അതേ ഡയലോഗും മനസ്സില്‍ വച്ച്.. “അതായത്, കിട്ട്യാ ഊട്ടി, അല്ലേ ചട്ടി.. അതാണു മ്മടെ നാച്ചുറല്‍ ഗെയിം!)

എവരി ബാറ്റ്സ്മാന്‍ ഹാസ് ഹിസ് ഓണ്‍ ഡേ’ എന്നു പറയുന്ന പോലെ, അന്നെന്റെ ദിവസമായതിനാലും, എനിക്കെതിരെ എറിയുനവന്‍ ഫയര്‍ പവര്‍ ഇല്ലാതിരുന്നതിനാലും, സിക്സറുകള്‍ക്കു പുറകേ എന്റെ ബാറ്റില്‍ നിന്നും സിക്സറുള്‍ മാത്രം പിറക്കുന്ന കണ്ട് പീട്ടി മാഷ് എന്നെ നേരിട്ട് ഫൈനല്‍ 14 ലേക്കു സെലക്റ്റ് ചെയ്തു!

ഒന്നാം വര്‍ഷം തരക്കേടില്ലാതെ കളിച്ചിട്ടും, കോളേജിന്റെ ആ ‘ഫസ്റ്റ് റൌണ്ട് എക്സിറ്റ്” എന്ന പാരമ്പര്യം ഞങ്ങള്‍ കാത്തു സൂക്ഷിച്ചെന്നേ പറയേണ്ടൂ…

സെക്കന്‍ഡിയറായപ്പോള്‍, സെലക്ഷനൊന്നും കൂടാതെ തന്നെ നേരിട്ട് പീട്ടി മാഷ് എന്നെപ്പിടിച്ച് വൈസ് ക്യാപ്റ്റനാക്കുകയും ബാക്കി കളിക്കാരെ തെരെഞ്ഞെടുകുന്നതില്‍ എന്റെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കുകയും ചെയ്തു.

എനിക്കു വലിയ സന്തോഷമായത്, ഈ വര്‍ഷം വൈസ്‌ക്യാപ്റ്റന്‍ ആയതല്ല, മറിച്ച് അടുത്ത വര്‍ഷം ക്യാപ്റ്റന്‍ ആയി ഓട്ടോമാറ്റിക്ക് രൂപാന്തരം സംഭവിക്കുമല്ലോ, കോളേജ് ടീം ക്യാപ്റ്റന്‍ എന്ന നിലയില്‍, വെള്ളക്കുപ്പായമിട്ട്, തൊപ്പി വച്ച്, ബാറ്റും പിടിച്ച് കോളേജിലെ “ലെഗാനാമണികള്‍ക്കു” മുന്നില്‍ വിലസുന്നത് കണ്ട് ഞാന്‍ ഇപ്പഴേ ഓര്‍ത്തു ചിരിച്ചു

വൈസ്ക്യാപ്റ്റന്‍ എന്ന നിലയില്‍ നല്ല പ്രകടനം തന്നെ കാഴ്ചവച്ചെങ്കിലും, ആ വര്‍ഷവും ഗംഭീരമായി ആദ്യ മത്സരത്തില്‍ തന്നെ എട്ടുനിലയില്‍ ഞങ്ങളുടെ ടീം പൊട്ടിയെന്നു പ്രത്യേകിച്ചു പറയണ്ടല്ലോ! മാര്‍ജിന്‍ 8 വിക്കറ്റിനു....

അങ്ങനെ അങ്ങനെ ആ സുദിനം വന്നെത്തി....

എന്നെ ക്യാപ്റ്റനായി നിശ്ചയിക്കുന്ന, ഫൈനല്‍ ഇയറിലെ ക്രിക്കറ്റ് ടീം സെലെക്ഷന്‍ .. രാവിലെ കുളിച്ചു കുറി തൊട്ട്, വെള്ളേം വെള്ളേം ഇട്ട്, കരുവന്തല അമ്പലത്തില്‍ നാരായണന്‍ നായര്‍ (ന്റെ അമ്മാമനാ) വഴിപാടു രശീതി എഴുതുന്ന മാതിരി ഒരു നോട്ടുബുക്കൊക്കെ മേശപ്പുറത്തു വച്ച്, ഞാനും പീ.ഡി. മാഷും പിള്ളേരെ സെലക്റ്റ് ചെയ്യാന്‍ തുടങ്ങി. ഇതിനിടയിലേക്കാണു അശനിപാതം പോലെ, എന്റെ ക്യാപ്റ്റന്‍ സ്വപ്നങ്ങളെ കുഴിച്ചിടാന്‍ ഒരു മുട്ടന്‍ പാരയുമായി ഷാജി കടന്നു വരുന്നത്!

ആരാണീ ഷാജി. ? എന്താണീ ഷാജി ? എവിടെയാണീ ഷാജി ? എങ്ങനെയാണീ ഷാജി ?

ആള്‍ എന്റെ സീനിയര്‍ വിദ്യാര്‍ത്ഥി! ങേ.. ഫൈനല്‍ ഇയറിലെ എനിക്കു സീനിയര്‍ ആയി ഒരുത്തനോ? അതെ... അതായത്, സെക്കന്‍ഡിയറില്‍ പരീക്ഷ പാസാവാതെ ഫൈനലിയറില്‍ ഇരിക്കാന്‍ സാധിക്കില്ലെന്ന മഹാ ദുരന്തത്തിന്റെ ഒരു രക്തസാക്ഷിയാണീ ഷാജി .. വാഷൌട്ട്, ഡീട്ടി , എന്നൊക്കെ പല നാമങ്ങളിലുമറിയപ്പെടുന്ന ഈ മഹാരോഗത്തിന്റെ ചികിത്സയും കഴിഞ്ഞാണു (എന്നു പറഞ്ഞാ, തോറ്റ വിഷയമൊക്കെ എഴുതിയെടുക്കുക ..ത്രേന്നേ) ഷാജി വന്നിരിക്കുന്നത്. ഫൈനലിയറില്‍ തന്നെയാണെങ്കിലും, ഷാജി പേരിനു സീനിയര്‍ തന്നേയല്ലേ!

ആറടി രണ്ടിഞ്ചു നീളവും, കഷക്കുരുവും മൂലക്കുരുവും ഒരുമിച്ചുള്ളവനേപ്പോലെ എയറു പിടിച്ച് മിസ്റ്റര്‍ മൈലിപ്പാടം സ്റ്റൈലില്‍ നടക്കുന്ന ഷാജിയെ പീട്ടി മാഷ്‌ക്ക് നേരത്തേ അറിയാമായിരുന്നു. ഹോസ്റ്റലില്‍ താമസിക്കുന്നവരാണു രണ്ടു പേരും എന്നൊരു കാര്യം കൂടിയുണ്ടിതിനു പുറകില്‍ . സെലക്ഷനു ഷാജിയെക്കണ്ടതോടെ സായിപ്പിനെക്കണ്ടവന്‍ കവാത്തു മറന്ന സ്റ്റൈലില്‍ പീട്ടി മാഷെന്നേയും മറന്നു! മേശക്കരികില്‍ വന്നിരുന്നു മെല്ലെ മെല്ലെ ഷാജി എന്നെ തള്ളി നീക്കി എങ്കിലും, ഒരു വിധത്തില്‍ പിടിച്ചു നിന്നു നമ്മ ബാച്ചിലെ (ഇലക്റ്റ്രോണിക്സിലെ) 5 പേരെ ടീമില്‍ കയറ്റുന്നതില്‍ ഞാന്‍ വിജയിച്ചു .. മെക്കാനിക്കല്‍ ബാച്ചിലെ 5 പേരെ ടീമില്‍ കയറ്റുന്നതില്‍ ഷാജിയും വിജയിച്ചൂ.

ബാക്കി, 6 പേരെ ഇലക്ട്രിക്കല്‍+സിവില്‍ ടീമില്‍ നിന്നെടുത്ത് എണ്ണം തികച്ചെങ്കിലും, എന്റെ ക്യാപ്റ്റന്‍ സ്വപ്നം എന്നത് സാധിക്കണമെങ്കില്‍ ഒരു വര്‍ഷം കൂടി ഇതേ കോളേജില്‍ ഫൈനലിയറില്‍ തന്നെ പഠിച്ചാലേ സാധിക്കൂ എന്നു ഏകദേശം വ്യക്തമായി. ഇത്രേം ദിവസം, ക്രിക്കറ്റ് മാറ്റും, പാഡും, ബാറ്റും എല്ലാം തൂക്കിയെടുത്ത് ഹോസ്റ്റലില്‍ പ്രാക്റ്റീസ് നടത്തിയിരുന്നത് ഈ സ്വപ്നം കണ്ടല്ലേ..എല്ലാമ്ം തുലഞ്ഞില്ലേ... എല്‍ .ഡി . എഫ്. ഇല്‍ എടുക്കില്ലെന്നു പറഞ്ഞ (ലേറ്റ്) ഡീ.ഐ.സി. ക്കാരുടെ മാനസികാവസ്ഥയിലായി ഞാന്‍ .. ഷാജിയെ തെറി വിളിച്ചു..പീട്ടിയെ തെറി വിളിച്ചു.. (മനസ്സില്‍ ) ....

പിറ്റേന്നി ടീം സെലക്ഷന്‍ ലിസ്റ്റ് നോട്ടീസ് ബോര്‍ഡില്‍ കണ്ടതോടെ കാര്യമെല്ലാം വ്യക്തം. ഷാജി ക്യാപ്റ്റന്‍.. മൂഷിക ലേഡി വീണ്ടും മൂഷിക ലേഡി ആയപോലെ, കഴിഞ്ഞ വര്‍ഷം വൈസ്-ക്യാപ്റ്റനായിരുന്ന ഞാന്‍ ഈ വര്‍ഷവും വൈസ് ക്യാപ്റ്റന്‍ ! എന്തൊരു ബോറ് പരിപാടി.. വൈസ് എന്ന വാക്കിനോട് തന്നെ അറപ്പു തോന്നി.. ഇന്ത്യന്‍ വൈസ് പ്രസിഡന്റിനോടു വരെ അന്നെനിക്കു സഹതാപം തോന്നി... അന്നു വൈകീട്ട് ക്രിക്കറ്റ് പ്രാക്റ്റീസിനിടക്ക്, ഞാന്‍ ബാറ്റു ചെയ്യുമ്പോ എനിക്കെതിരെ ബൌള്‍ ചെയ്ത ഷാജി യുടെ ഒരോവറില്‍ 3 സിക്സറും 3 ഫോറും അടിച്ച് ഞാന്‍ എന്റെ ദേഷ്യം വെന്റ്-ഔട്ട് ചെയ്തു!!! അതോടെ ഞങ്ങള്‍ തമ്മില്‍ പരസ്യ യുദ്ധ-പ്രഖ്യാപനമായി!!!

ഫാസ്റ്റ്-ബൌളര്‍ ആയാണു ഷാജി ടീമില്‍ വിലസുന്നത്. നല്ല ഒത്ത സൈസുള്ള പുള്ളി 30 മീറ്റര്‍ അകലേനിന്നും ഓടി വരുന്ന കാണുമ്പോള്‍ ഏതു ടെണ്ടുല്‍ക്കറിന്റേയും നെഞ്ച് ഒന്നു പിടക്കും.. ബൌളിങ്ങ് ക്രീസിനടുത്തേക്കു വരുമ്പോഴേക്കും ആ പഴയ “പിക്കപ്പൊന്നും” ഉണ്ടാവില്ല, ടീമിലെ മറ്റുള്ള ഫാസ്റ്റ് ബൌളര്‍മാരുടെ അത്ര പോലും സ്പീഡില്ലാതെ ഒരു “ലസിത് മാലിംഗ” സ്റ്റൈല്‍ മാങ്ങയേറാണു ഷാജിക്കുള്ളത്.. “ബായ്‌ക്കു കണ്ടാല്‍ ധര്‍മ്മേന്ദ്ര.. ഫ്രണ്ടു കണ്ടാല്‍ ധര്‍മ്മകാരന്‍” എന്നു പറഞ്ഞ പോലേ, ഓടി വരുന്ന കണ്ടാല്‍ പാട്ട്രിക്ക് പാറ്റേഴ്സണെപ്പോലേ, എറിഞ്ഞു കഴിഞ്ഞാല്‍ ഹര്‍ബജന്‍ സിങ്ങിന്റെ പോലേ !

ഇന്റര്‍-പോളി മത്സരങ്ങള്‍ക്കു മുന്‍പ് തയ്യാറെടുപ്പിനായി ഞങ്ങള്‍ ചില പ്രാക്റ്റീസ് മാച്ചുകള്‍ നടത്തുമായിരുന്നു. സെന്റ്-തോമസ് കോളേജ്, മൈലിപ്പാടം ക്ലബ്ബ്, കേരള വര്‍മ്മ എന്നീ ടീമുകളുമായാണു അന്നു പ്രധാനമായും പ്രാക്റ്റീസ് മത്സരങ്ങള്‍!

അന്നു മൈലിപ്പാടം ടീമുമായാണു ഞങ്ങളുടെ പരിശീലന മത്സരം. കേരള ജൂനിയര്‍ ടീമില്‍ കളീക്കുന്ന 2-3 കളിക്കാരുള്‍ല മൈലിപ്പാടം ടീം സുശക്തമായിരുന്നു. അങ്ങനെ ഷാജിയുടെ ക്യാപ്റ്റന്‍സിയില്‍ ആദ്യമായി ഞാന്‍ കളിക്കാനിറങ്ങി. ടോസ് നേടിയ ഷാജി ബൌളിങ്ങ് തിരഞ്ഞെടുത്തു.

ടീമിലെ ഏറ്റവും നല്ല ഫാസ്റ്റ് ബൌളറായ സുമേഷിനു പന്തു കൊടുക്കാതെ, ഷാജി തന്നെ ആദ്യ ഓവര്‍ ചെയ്യാന്‍ തീരുമാനിച്ചു! ഞാന്‍ ഞെട്ടി.. സുമേഷു ഞെട്ടി! ബാക്കി മൊത്തം ടീം ഞെട്ടി.. എന്നിട്ടും ഷാജി നല്ല കോണ്‍ഫിഡന്‍സിലായിരുന്നു!

ആദ്യ പന്തെറിയാന്‍ ഷാജി ഓടി വരുന്നു.. സ്പാനിഷ് ബുള്‍ഫൈറ്റിലെ കാളക്കൂറ്റന്‍ മദിച്ചു വരുന്ന പോലേ... എതിര്‍ ടീമിന്റെ ഓപണിങ്ങ് ബാറ്റ്സ്മാന്റെ കാലുകളിടറിയോ ? കൈകള്‍ വിറച്ചോ?

അതെന്തു തന്നെ ആയാലും ആദ്യ പന്തു തന്നെ ഒരു “ഡബ്ബിള്‍ വൈഡ്” ആയിരുന്നു! മാത്രമല്ല, കീപ്പര്‍ക്കു പിടിക്കാന്‍ കഴിയാതെ ലെഗ് സൈഡിലൂടെ അത് പോയി ഒരു ബൈ-ഫോര്‍ ആവുകയും ചെയ്തു!

അടുത്ത ബോളും വൈഡ്.. അതിനടുത്തത് നോ-ബോള്‍, വീണ്ടും 3 വൈഡ് ! സമയം 15 മിനിറ്റു കഴിഞ്ഞപ്പോള്‍ സ്കോര്‍ ലൈന്‍ ഇങ്ങനെ! വൈഡ്ം നോബോളും സിഗ്നല്‍ കാണിച്ച് അമ്പയറായി നിന്ന സുധീര്‍ എന്ന പയ്യന്‍ രണ്ടു കമ്പെടുത്ത് അവന്റെ കക്ഷത്തു വച്ച് കൈകള്‍ വിടര്‍ത്തി നിന്നു.. എന്നിട്ടു പറഞ്ഞു.. ഷാജിയേ, നീയിനി നേരെ ഒരു ബോള്‍ എറിയ്, അപ്പോള്‍ ഞാന്‍ സിഗ്നല്‍ കാണിക്കാം, അതാണു നല്ലത്!!

മൈലിപ്പാടം - 22/0 ( ഇന്‍ 0.3 ഓവര്‍...)

ബാറ്റിങ്ങ്:
ജോണ്‍സന്‍- 0* (3 ബോള്‍സ് )
ലതീഷ് 0* (0 ബോള്‍സ്)

ബൌളിങ്ങ്:
ഷാജി- 0.3 - 0 - 22 - 0
സുമേഷ് - (പാവം 20 മിനിറ്റായിട്ടും അവനു ആദ്യ ഓവര്‍ എറിയാന്‍ അവസരം കിട്ടിയിട്ടില്ല!)

ഇങ്ങനെ പോയാല്‍ 20 ഓവര്‍ മാച്ച് ഒരു 3 ഡേ ഗെയിം ആക്കേണ്ടി വരും എന്നു മനസ്സിലായതോടെ ഷാജി തന്നെ ആ ഉദ്യമത്തില്‍ നിന്നും മാറി.. വൈഡ് പോയതിന്റെ കാരണം “ക്രിക്കറ്റ് ബോള്‍ “ ശരിയല്ല, സ്ലിപ്പറി ആണെന്നൊരു മുടന്തന്‍ ന്യായവും! ആരു ചോദിച്ചൂ? ആരു കേട്ടു? എല്ലാവരും ഒരു ഷോക്കിങ്ങ് സ്റ്റേറ്റ് -ഓഫ്-മൈന്‍ഡില്‍ ആയിരുന്നു! ഗ്രൌണ്ടില്‍ ഒരു നിശബ്ദത തളം കെട്ടി!

കളി ഗംഭീരമായി തോറ്റു എന്നു പ്രത്യേകിച്ചു പറയേണ്ടല്ലോ? പിറ്റേന്നു ഞാനും മറ്റു 6-7 കളിക്കാരും ചേര്‍ന്നു പീ.ഡി. മാഷെക്കണ്ടു കാര്യം പറഞ്ഞു.. അതോറ്റെ ഞാന്‍ വൈസ്-ക്യാപ്റ്റന്‍സി രാജിവച്ചുകൊണ്ടു പ്രഖ്യാപിച്ചു.. “സാറേ, ഷാജി യാണു ക്യാപ്റ്റനെങ്കില്‍ , ഞാന്‍ ഈ ടീമില്‍ കളിക്കുന്നില്ല, വേറേ ആരേ വേണമെങ്കിലും ക്യാപ്റ്റനാക്കിക്കോളൂ..“

“ഷാജി അല്ലെങ്കില്‍ പിന്നെ, താന്‍ തന്നെ ക്യാപ്റ്റന്‍”.. പീട്ടി മാഷു പ്രഖ്യാപിച്ചു! ങേ.. എന്റെ സ്വപ്നങ്ങള്‍ വീണ്ടു കിളുത്തു വരുന്നുവോ?

പീട്ടി മാഷ് ഈ സംഭവം ഷാജിയുമായി സംസാരിച്ച് ക്യാപ്റ്റന്‍സി ഒഴിയാന്‍ ഷാജിയോടാവശ്യപ്പെട്ടു. അങ്ങനെ ചെയ്താല്‍ അടുത്ത ക്യാപ്റ്റന്‍ ഞാനാണെന്നു മനസ്സിലാക്കിയ ഷാജി, അതി വിദഗ്ദ്ധമായൊരു കളി കളിച്ചു.. ക്രിക്കറ്റു കളിയല്ല.. ഗ്രൂപ്പു കളി... (ഞാനും ഷാജി യും ഒരേ പാര്‍ട്ടിയായിരുന്നതിനാല്‍, രാഷ്ട്രീയപരമായ കളികള്‍ നടത്താന്‍ പുള്ളിക്കു സാധിച്ചില്ല) .. അതായത്, മെക്കാനിക്കല്‍ ബ്രാഞ്ചിലെ എല്ലാവരേയും വിളിച്ച് എനിക്കെതിരെ തിരിച്ചു.. വേറേ ആരു ക്യാപ്റ്റനായാലും വേണ്ടില്ല.. “ഇടിവാളു” ക്യാപ്റ്റനായാല്‍ അവര്‍ കളിക്കുന്നില്ലെന്നു മെക്കാനിക്കല്‍ ഗ്രൂപ്പ് പ്രഖ്യാപിച്ചൂ! ടെണ്ടണ്ടേം ടണ്‍‌ട്ട്ഡേം !!! (ബാക്ക്ഗ്രൌണ്ട് മ്യൂസിക്ക് ഇട്ടതാ.. ഷെമി)

സംഗതി ആകെ ചളിപിളിയായി! അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഞങ്ങളുടെ ആദ്യ ലീഗു മത്സരമാണു.. ക്യാപ്റ്റന്‍ ആരെന്നോ, ആരു കളിക്കുമെന്നോ ഒരു തീരുമാനവുമായില്ല! പീട്ടി മഷു പറഞ്ഞു.. ശരി.. നമുക്കു വോട്ടെടുപ്പ് നടത്താം... ടീമംഗങ്ങള്‍ക്കിടയില്‍ ഒരു വോട്ടെടുപ്പു നടന്നാല്‍ 9-6 നു ഞാന്‍ ജയിക്കുമെന്ന് എനിക്കറിയാം, ഷാജിക്കറിയാം.. അതല്ലേ അവനീ കളി കളിച്ചത്! എന്തായാലും വോട്ടെടുപ്പില്‍ ഇലക്ട്രോണിക്സ് ഗ്രൂപ്പു ജയിക്കും ഉറപ്പ്, ഞങ്ങള്‍ക്ക് സിവില്‍ + ഇലക്ട്രിക്കല്‍ പിന്തുണയുണ്ട് !

മെക്കാനിക്കല്‍ ഗ്രൂപ്പിന്റെ ക്യാപ്റ്റനായി “റോയ്” എന്ന കളിക്കാരനെ ഷാജി നോമിനേറ്റു ചെയ്തു! അടുത്തത് എന്നെ എന്റെ ഗ്രൂപ്പില്‍ നിന്നും നാമ നിര്‍ദ്ദേശം ചെയ്യലാണു.. സ്വയം നാമനിര്‍ദ്ദേശം ചെയ്യാനാവില്ലല്ലോ.. അതിനാല്‍, ആരെങ്കിലും എന്റെ പേരു സജസ്റ്റു ചെയ്യുന്നതും കാത്ത് ഞാനിരുന്നു.. മറ്റന്നാളത്ത കളിയില്‍, ഓരോ ഫീല്‍ഡിങ്ങ് പൊസിഷനുകള്‍ വരെ എവിടെയായിരിക്കുമെന്നു ചിന്തിച്ചു കൊണ്ട് ഞാന്‍ മനസ്സില്‍ പുഞ്ചിരിച്ചു! ദിവാസ്വപ്നം കണ്ടു!

ഇതിനിടക്ക് എന്റെ ക്ലാസ്സിലെ ചെറീയാന്‍ എന്നെ സൈഡിലേക്കു വിളിച്ചു.. എന്നിട്ട് പതിഞ്ഞ സ്വരത്തില്‍ എന്നോടു പറഞ്ഞു... “ഡേയ്, ഇപ്പോ വോട്ടെടുപ്പ് നടത്തിയാല്‍ നമ്മ ഗ്രൂപ്പ് ജയിക്കും, പക്ഷേ നീ ക്യാപ്റ്റനായാല്‍ മെക്കാനിക്കല്‍ ഗ്രൂപ്പുകാര്‍ കളിക്കില്ലെന്നാ പറയുന്നത്.. ഇനി പുതിയ ആള്‍ക്കാരെ സെലക്റ്റു ചെയ്യാനും ട്രെയിം ചെയ്യാനുമൊന്നും സമയമില്ല... അതു കൊണ്ട്, നമുക്ക്, നമ്മുടെ ഗ്രൂപ്പിലെ “ശിവകുമാറിനെ” ക്യാപ്റ്റനായി സജസ്റ്റു ചെയ്യാം.... ക്യാപ്റ്റന്‍സി നമ്മുടെ ഗ്രൂപ്പിനു തന്നെ വേണം!

“മൈക്കേല്‍ ഹോള്‍ഡിങ്ങിന്റെ പന്തു ഹെല്‍മറ്റു വെക്കാതെ തലക്കു കൊണ്ടപോലുള്ള ഒരു ഫീലിങ്ങാണെനിക്കു തോന്നിയത് ! തല മരവിച്ചോ? അതോ അതവിടെ ഉണ്ടോ?അനില്‍ കുംബ്‌ളേയ്യൂടെ പന്തു സ്പിന്‍ ചെയ്യുന്ന പോലെ എന്റെ തല കിടന്നു കറങ്ങുന്ന പോലെ തോന്നി..

എന്റെ കൂടെ എല്ലാ കളികളിലും ബാറ്റിങ്ങ് ഓപ്പണ്‍ ചെയ്യുന്ന, ചെറിയാന്‍ തന്നെയാണോ എന്നോടിതു പറഞ്ഞത്. എത്ര ഓവറുകള്‍ ഒരുമിച്ചു കളിച്ചതാണെടാ ചെറിയാനെ നമ്മള്‍, എത്ര ബൌളേഴ്സിനെ നമ്മുടെ പാര്‍‌ട്ട്‌ണര്‍ഷിപ്പ് അടിച്ചു പപ്പടമാക്കിയിട്ടുണ്ട്.. എല്ലാം നീ മറന്നു.. എന്നോടീ ചതി?.... ഇതു യാധാര്‍ത്യമാണോ എന്നറിയാന്‍ ഞാന്‍ കായിലിരുന്ന സ്റ്റമ്പെടുത്ത് കാലേക്കെട്ടിയിരുന്ന പാഡില്‍ തട്ടി നോക്കി.. സത്യം തന്നേ!...

“ഏയ്, അതു പറ്റില്ല, എനിക്കു തന്നെ ക്യാപ്റ്റനാവണം” എന്നു പറയുന്നത് മോശമല്ലേ.. അതുകൊണ്ട്.. ഒരു ഫ്ലിപ്പര്‍ എറിയുന്ന നിര്‍വികാരതയോടെ ഗ്രൌണ്ടിന്റെ “സൌത്ത് എന്‍‌ഡിലേക്ക്” നോക്കി ഞാന്‍ മൂളി.. “ഓക്കേ”.. ആ മൂളലിനു, “ദ തിന്നെസ്റ്റ് ഔട്ട്സൈഡ് എഡ്ജിന്റെ“ ശബ്ദം പോലും ഉണ്ടായിരുന്നില്ല .....

റോയും - ശിവകുമാറും തമ്മില്‍ ക്യാപ്റ്റന്‍സിക്കു നടന്ന വോട്ടെടുപ്പില്‍ 10-5 നു ശിവ കുമാര്‍ ജയിച്ചു, പുതിയ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു.. ഞാന്‍ ഷാജിയുടെ മുഖത്തേക്കു നോക്കി... അവനൊരു പുച്ഛഭാവത്തില്‍ ചിരി.. “ എന്റെ ക്യാപ്റ്റന്‍സി പോയാലും വേണ്ടില്ല.. നീ ക്യാപ്റ്റനായില്ലല്ലോ..” എന്ന ഭാവം..

ചെറിയാന്റെ മുഖത്ത് എന്നെ സമാധാനിപ്പിക്കാന്‍ “സാരമില്ലെടാ” എന്ന ഭാവം...

അങ്ങനെ കളിയുടെ ദിവസം വന്നെത്തി... നിരാശയടക്കി ഞാന്‍ ശിവകുമാറിന്റെ ക്യാപ്റ്റന്‍സിയില്‍ കളിക്കാനിറങ്ങി. ആദ്യം ബാറ്റു ചെയ്ത പെരിന്തല്‍മണ്ണ ടീം, 30 ഓവറില്‍ 210 റണ്‍ എടുത്തതോടെ, ഞങ്ങളുടെ ടീമിന്റെ ഈ വര്‍ഷത്തേയും ഗതി ഏകദേശം തീരുമാനമായി എങ്കിലും, ടീമിന്, എന്നിലും സനു എന്ന ഫസ്റ്റിയര്‍ പയ്യന്റ്റേയും ഫോമില്‍ നല്ല കോണ്‍ഫിഡന്‍സുണ്ടായിരുന്നു! ചെറിയാനു പകരം ഞാനും സനുവും ബാറ്റിങ്ങ് ഓപ്പണ്‍ ചെയ്യാം ശിവകുമാര്‍ നിര്‍ദ്ദേശിച്ചു! വഹ് ! ടാക്റ്റിക്കല്‍ മൂവ് ! അടിച്ചു കളിക്ക് ഗെഡി.. ക്യപ്റ്റന്റെ ഉത്തരവ്.. ഞങ്ങള്‍ ബാറ്റിങ്ങിനിറങ്ങി..

ആദ്യ പന്ത് തന്നെ ബൌണ്‍സര്‍... ഫേസ് ചെയ്ത ഞാന്‍ ഹുക്ക് ഷോട്ടടിച്ച് സിക്സര്‍ പറത്താന്‍ ശ്രമിച്ചെങ്കിലും ടോപ്പ്-എഡ്ജ് ചെയ്ത് കീപ്പര്‍ക്കു ക്യാച്ചു സമ്മാനിച്ചു മടങ്ങുമ്പോള്‍ ഗ്രൌണ്ടില്‍ ശ്മശാനമൂകത !!..

ഗോള്‍ഡന്‍ ഡക്കടിച്ച ഞാന്‍ തലകുനിച്ചു പവിലിയനിലേക്കു തിരിച്ചു നടന്നു... അടുത്തെത്തിമ്പോള്‍ എന്റെ കണ്ണുകള്‍ വികസിച്ചു.. ഹൃദയം തുടിച്ചു.. ഗ്യാലറിയിലിരുന്നു എന്റെ കളി കാണാന്‍ എന്റെ ഗേള്‍ ‍-ഫ്രണ്ടു വന്നിട്ടുണ്ട്.. കളി കല്ലി വല്ലി..

പാഡും കോപ്പുമെല്ലാം അഴിച്ച് ഞാന്‍ അവള്‍ക്കരികിലേക്ക്കു നടന്നു ..പഞ്ചാരയടിക്കാന്‍ .... ഞങ്ങള്‍ സംസാരിച്ചു കൊണ്ടേയിരുന്നു... സെക്കന്‍ഡുകള്‍ മിനിട്ടുകള്‍ക്കു സൈഡു കൊടുത്തു , മിനിട്ടുകള്‍ മണീക്കൂറുകള്‍ക്കു വഴിമാറിക്കൊടുത്തു... മണിക്കൂറ് ആരാ മോന്‍ ? ഒരാളും സൈഡൂ ചോദിച്ചില്ല!

ഞങ്ങളുടെ ടീമിന്റെ ഓരോ റണ്ണിനുമുള്ള കാണികളുടെ ആരവമോ, വിക്കറ്റു വീഴുമ്പോഴുമുള്ള എതിര്‍ടീമിന്റെ ആഹ്ലാദ പ്രകടനങ്ങളോ, ഒന്നും ഞാന്‍ കേട്ടില്ല, പ്രണയപാരവശ്യത്തിന്റെ , പഞ്ചാരയടിയുടെ വേള്‍ഡു കപ്പിനായി അപ്പോള്‍ ഞാന്‍ മത്സരിക്കയായിരുന്നു...

കുറച്ചു കഴിഞ്ഞപ്പോള്‍ രാജേഷ് വന്നു പറഞ്ഞു..
“ഡേയ്, പഞ്ചാരയടി നിര്‍ത്തി വീട്ടീപ്പോവാന്‍ നോക്ക് , നമ്മളു തോറ്റു.. 74 റണ്ണിനു ഓള്‍-ഔട്ടായി” .....

സ്വര്‍ഗത്തിലെ ആ കട്ടുറുമ്പു രാജേഷിനെ മനസ്സില്‍ ചീത്തവിളിച്ച് കൊണ്ട് ഞാനെണീറ്റ് എന്റെ ബൈക്കിനരികിലേക്കു നടന്നു!


PS: ഈ പോസ്റ്റു വായിച്ച കണ്ണൂസ് മറ്റൊരു ക്രിക്കറ്റ് പോസ്റ്റിറക്കിയിട്ടുണ്ട് !
ഇവിടെ
യുണ്ട്... വായിക്കാന്‍ മറക്കണ്ടാ

Read more...
© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.