-- എ ബ്ലഡി മല്ലു --

മന:സാക്ഷി

Sunday, February 25, 2007

വാച്ചില്‍ നോക്കി. സമയം 11.30.

12 മണിക്കു സ്റ്റേഷനിലെത്താനാണു കുരുവിള സാര്‍ പറഞ്ഞിരിക്കുന്നത്. ബെയറര്‍ കൊണ്ടു വന്നു വച്ച ബുള്‍സൈയിലേക്ക് കുറച്ച് ഉപ്പും കുരുമുളകും ചേര്‍ത്തു. വിത്സിന്റെ പാക്കറ്റ് തുറന്ന് ഒരെണ്ണം കത്തിച്ചു.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെെട്ട ദിവസമാണിന്ന്‌! ഒരു വഴിത്തിരിവ് എന്നും പറയാം. ഇനിയെന്ത് എന്നാലോചിച്ചപ്പോഴൊക്കെ ഒരെത്തും പിടിയും കിട്ടുന്നില്ല. പക്ഷേ, ഇനി വയ്യ.....

ആദര്‍ശധീരനായ ഒരു പോലീസുകാരന്റെ മകനാണു താന്‍ . അച്ഛന്റെ നിര്‍ബന്ധം മൂലമാണ് പോലീസില്‍ ചേര്‍ന്നത്. സര്‍വീസ് റെക്കോഡില്‍ ഒരൊറ്റ ബ്ലാക്ക് മാര്‍ക്കുമില്ലാതെയാണു താന്‍ കഴിഞ്ഞ 10 വര്‍ഷം ജോലിചെയ്തത്.

പക്ഷേ ഇന്ന്, താന്‍ ജോലി രാജി വക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. മനസ്സു വിങ്ങുന്നുണ്ട്, പക്ഷേ.. ഇല്ല, സ്വന്തം മനസാക്ഷിയെ വഞ്ചിക്കാനെനിക്കാവില്ല. മേശപ്പുറത്തു വച്ചിരിക്കുന്ന കടലാസിലൂടെ കണ്ണുകള്‍ വീണ്ടും ഓടി നീങ്ങി.

നാലാമത്തെ പെഗ്ഗും കഴിച്ച് ഒരു സിഗരറ്റിനുകൂടി തീ കൊളുത്തി ബില്ലും കൊടുത്ത് പുറത്തിറങ്ങി. ഒരു പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ എന്ന നിലയില്‍ പലയിടത്തു നിന്നും ലഭിക്കുന്ന ഔദാര്യങ്ങളൊന്നും ഇന്നുവരെ താന്‍ സ്വീകരിച്ചിട്ടില്ല. ഓട്ടോ വിളിച്ച് സ്റ്റേഷനിലേക്കു തിരിച്ചു.

“മേ ഐ കമിന്‍ സാര്‍ ?”

“യെസ് മി. ശേഖരന്‍, വരൂ, ഇരിക്കൂ..” എസ്.ഐ കുരുവിള സാ‍റിന്റെ ശബ്ദത്തില്‍ സൌമ്യത.തന്റെ രാജി തീരുമാനം പുനപരിശോധിക്കാന്‍ നിര്‍ബന്ധിക്കാനാണു കുരുവിള സാര്‍ ഇന്നു വിളിച്ചിരിക്കുന്നത്.

ആദ്യമായി അദ്ദേഃഅത്തിനു മുന്നില്‍ അഭിമുഖമായി ഇരുന്നു, യൂണിഫോമിടാതിരുന്നതിനാല്‍ തെല്ലും ജാള്യം തോന്നിയില്ല.

അല്പനേരത്തെ മൌനം ഭഞ്‌ജിച്ച് കുരുവിള സര്‍ പറഞ്ഞു: “ശേഖരന്‍ , എനിക്കു വിശ്വസിക്കാനാവുന്നില്ല.. എന്തിനു താങ്കള്‍ രാജി വക്കുന്നു? അതിനു മാത്രം എന്തു പ്രശ്നമാണിവിടെ?”

“സോറി സാര്‍ , ഞാന്‍ ഇന്നലെയെ കാരണം പറഞ്ഞു, അതില്‍ മാറ്റമില്ല”

“മി.ശേഖരന്‍ , ഡോണ്ട് ബീ സില്ലി, അതൊന്നും കാര്യമാക്കണ്ടാ, ഡിപ്പാര്‍ട്ട്മെന്റിലെ എല്ലാവരേയും ബാധിക്കൊന്നൊരു കാര്യമാണത്.. സോ യു ഹാവ് ടു ബീ പ്രാക്റ്റിക്കല്‍..”

“നോ സാര്‍ , എന്റെ മനസ്സാക്ഷിയെ വഞ്ചിക്കാനെനിക്കാവില്ല, ഇനി സെര്‍വീസില്‍ തുടരാനുള്ള ധാര്‍മിക അവകാശം എനിക്കില്ല. സാറും ഈ പേപ്പറിലുള്ള കാര്യങ്ങള്‍ വായിച്ചതല്ലേ..

“ഉം..“ കുരുവ്വിള സാര്‍ ഒന്നു മൂളി എന്നിട്ടു തുടര്‍ന്നു.. ശേഖരന്‍, താങ്കള്‍ ഈ തീരുമാനം മാറ്റണമെന്നാണെന്റെ അഭ്യര്‍ത്ഥന..”

“നോ സര്‍ , സാറിനോടുള്ള എല്ലാ ബഹുമാനത്തോടേയും, “നോ” എന്നു പറയേണ്ടി വന്നതില്‍ എനിക്കു ഖേദമുണ്ട്.. ഇതാ എന്റെ രാജിക്കത്ത്”

“ഓക്കേ മി.ശേഖരന്‍.. ഓള്‍ ദ ബെസ്റ്റ്..” കത്തു വാങ്ങി മേശപ്പുറത്തു വച്ച് കുരുവിള സര്‍ കൈ പിടിച്ചു കുലുക്കി.

സ്റ്റേഷനില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍ കണ്ണില്‍ നിന്നും രണ്ടു തുള്ളി ജലകണങ്ങള്‍ പൊടിഞ്ഞു. ബസ്റ്റോപ്പിലെ തൂണില്‍ ചാരി നിന്ന് പോക്കറ്റില്‍ നിന്നും ആ പേപ്പറെടുത്ത് ഒന്നുകൂടി ഓടിച്ചു വായിച്ചു! പിന്നെ സ്വയം മനസ്സാക്ഷിയോടു പറഞ്ഞു..

“ഇല്ല, നീ ചെയ്തതാണു ശരി... ഇനി ഡിപ്പാര്‍ട്ട്മെന്റില്‍ തുടരാന്‍ നിനക്കര്‍ഹതയില്ല.. “ തന്റെ രാജിക്കു കാരണമായ ആ പേപ്പര്‍ കഷണമെടുത്ത് ചുരുട്ടുക്കൂട്ടി ദൂരെയെറിഞ്ഞു.... കണ്ണുകള്‍ ശൂന്യതയിലേക്ക് നീണ്ടു...( അല്ലാ.. എന്തായിരുന്നു ആ പേപ്പറിലുണ്ടായിരുന്നത് എന്നു നിങ്ങള്‍ക്കാര്‍ക്കെങ്കിലും മനസ്സിലായോ? ഇല്ലല്ലേ/... ദേ ഇവിടെ കാണാം... അല്ലെങ്കില്‍ ഇവിടെയുണ്ട്..)

ഞാന്‍ ഓടി!
Posted by ഇടിവാള്‍ at

27 Comments:

ഇടിവാള്‍ said...

At 3:06 PM , ദില്‍ബാസുരന്‍ said...
കേരളാ പോലീസിനെ പലരും കുറ്റം പറയാറുണ്ട്. പിടിപ്പുകേടിനെ, കൈക്കൂലിയെ, ലോക്കപ്പ് മര്‍ദ്ദനത്തെ പക്ഷെ അവരും മനുഷ്യന്മാരല്ലേ? പാവങ്ങള്‍! ഈ ഗതി ലോകത്തൊരു നിയമപാലകനും വരാതിരിക്കട്ടെ. എനിക്ക് പോലീസ് സേനയോട് സഹതാപം തോന്നുന്നു. ഇടിഗഡീ നല്ല പോസ്റ്റ്! കരളലിയിപ്പിച്ചു. ഫീലിങ്സ് കഥകളും വഴങ്ങും അല്ലേ.

ഓടോ: ഈ ടെക്നിക്ക് കൊള്ളാം. :)


At 3:14 PM , .::Anil അനില്‍::. said...
അതില്ലാതെ പറ്റില്ല അല്ലേ ശേഖരാ?

ഇടിവാള്‍സ്: ‘മന’യ്ക്കു ശേഷം എന്തരോ ഇട്ടിട്ടേ സാക്ഷി ഇടാവൂ. (എന്നാണു തോന്നുന്നത്. ഇടിയ്ക്കും അങ്ങനെ തോന്നുന്നെങ്കില്‍ വെവരമുള്ള ആരെങ്കിലും വരുന്നതിനുമുമ്പ് മാറ്റിക്കോ.)

3:22 AM
ഇടിവാള്‍ said...

സ്ഥലമൊന്നു മാറ്റിയതാ കേട്ടോ.. ദില്‍ബനും അനിലും ക്ഷമിക്കുമല്ലോ.....

3:22 AM
ഇടിവാള്‍ said...

At 3:17 PM , അരവിന്ദ് :: aravind said...
ഹഹഹ! കലക്കി ഇടിഗഡ്യേ!
ഒന്നുങ്കി ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്....അയ്യോ ഇടിയല്ല,
മ്മടെ കേരളാപ്പോലീസേ......

(ദിവസം പതിനഞ്ച് മിനിട്ട് എക്സസൈസ് ചെയ്യുമത്രേ!..ലോക്കപ്പില്‍ കിടക്കുന്നവരുടെ കഷ്ടകാലം!
;-))
====================

At 3:18 PM , ഇക്കാസ് ::ikkaas said...
ഈ വാര്‍ത്ത വെറെ ഏതു രീതിയില്‍ അവതരിപ്പിച്ചിരുന്നെങ്കിലും ഇപ്പൊ കിട്ടിയ എഫക്ട് കിട്ടുമായിരുന്നില്ല. ഇടിവാളിന്റെ ഈ കഴിവിനെ വാനോളം പുകഴ്ത്താന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു.

3:25 AM
വിശാല മനസ്കന്‍ said...

വണ്ടര്‍ഫുള്‍ ഇടിവാള്‍ വണ്ടര്‍ഫുള്‍!

ഇടിവാള്‍ എന്ന പേരിക്കാളും ചേരുക ‘ഭാവനേന്ദ്രന്‍‘ എന്ന പേരാണ്. പണ്ട് ‘കോപ്പുട്ടി കാഞ്ഞാണി‘ യായി അവതരിച്ചപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ഇതേ അഭിപ്രായം.

കലക്കന്‍ പോസ്റ്റ്!

3:33 AM
sandoz said...

75 ശതമാനം പോലീസുകാരും രാജിവയ്ക്കേണ്ട അവസ്ഥയിലേക്കാണല്ലോ കാര്യങ്ങള്‍ പോണത്‌.പാവം പോലീസുകാരുടെ അവസ്ഥയെ കുറിച്ച്‌ പൊതുജനത്തിനു എന്തറിയാം.24 മണിക്കൂര്‍ ഡ്യൂട്ടി,മൂത്തവന്‍ ഓര്‍ഡറിട്ടിട്ട്‌ തല്ലിയാലും അന്വേഷണം എളേവനു നേരേ മാത്രം,മേലുദ്യോഗസ്തരുടെ പീഡനം....എല്ലാം കഴിഞ്ഞ്‌ രണ്ടെണ്ണം വിടാന്ന് വച്ചാല്‍ അതിനും സമ്മതിക്കൂല്ലാ എന്ന് പറഞ്ഞാ....

3:35 AM
ഇടിവാള്‍ said...

സാന്റോസെ.....

സസ്പെന്‍സു കളയല്ലേ മോനേ ....

3:37 AM
അരവിന്ദ് :: aravind said...

ഭാവനേന്ദ്രന്‍... ഹായ് നേന്ത്രക്കായ പോലൊരു പേര്!
ഭാവനാവിലാസശശി എന്നത് മോഡിഫൈ ചെയ്താലോ വിയെമ്മേ ?

പക്ഷേ ചാണകം ചവുട്ടീട്ട് ഷൂസിന്റെ അടിവശം‍ നോക്കണ പോസിലുള്ള മുഖത്തിന്റെ ആ ഫോട്ടോയ്ക്
ഇടിവാള്‍ തന്നെ ഞെരിപ്പ്!!
:-)

3:38 AM
Haree ഹരീ said...

അതു കലക്കി...
ശരിക്കും ഇങ്ങിനെയൊരു നിയമം കൊണ്ടുവരാന്‍ പോവുകയാ‍ണോ?
--
പിന്നെ മന:സാക്ഷിയല്ല, മനഃസാക്ഷിയാണ്. അതായത് manaHsaakshi എന്ന് ടൈപ്പ് ചെയ്യണം.
--

3:40 AM
sandoz said...

vaalz..sorry..remove that please

3:43 AM
കുട്ടിച്ചാത്തന്‍ said...

At 3:29 PM കുറുമാന്‍ said...
ഇടിഗഡി, കൊടുഗഡി, കൈ. കലക്കി ഇത്. ഞാന്‍ ഒരു പോലീസുകാരനായിരുന്നെങ്കില്‍ ഇതു തന്നെ ചെയ്യുമായിരുന്നു.

വാളേട്ടാ ഇതു കോപ്പിചെയ്യാന്‍ വിട്ടുപോയ കമന്റാ... ഇപ്പോഴാ വന്നത് ഞാന്‍ ആ പേജ് റിഫ്രഷ് അടിച്ചോണ്ടിരിക്കുവാ.. വഴി തെറ്റിപ്പോയവരെ കാരണഭൂതന്‍ തന്നെ വഴി കാണിക്കണ്ടേ.....

പിന്നെ എന്റെ വക” സസ്പെന്‍സ് ഉഗ്രന്‍” പ്രതീക്ഷിച്ചതേയില്ലാ..

3:44 AM
ഇടിവാള്‍ said...

സാന്റോസേ.. നോ പ്രോബ്ലം !
കമന്റു എന്തായാലും ഡീലിറ്റു ചെയ്യുന്നില്ല ;)

3:58 AM
അപ്പു said...

The suspence at the end was superb. Only now I noticed this "news update"

4:07 AM
അഗ്രജന്‍ said...

എനിക്കാ സസ്പെന്‍സൊന്ന് പൊളിക്കാന്‍ മുട്ടീട്ട് വയ്യ ഇടീ ;)

4:11 AM
രാജു ഇരിങ്ങല്‍ said...

മറ്റു കഥകളില്‍ നിന്ന് വ്യത്യസ്തമായി ഈ കഥയില്‍ ഒരു നോവും പിന്നെ തമാശയും ഒരു പാട് ചിന്തയുമുണ്ട്.
എല്ലാവരുമല്ലെങ്കിലും ഒരു പോലീസുകാരനെങ്കിലും ചിന്തിച്ചു പോകും ഇങ്ങനെ.
അഭിനന്ദനങ്ങള്‍.

4:14 AM
sandoz said...

അഗ്രൂ..ശവത്തില്‍ കുത്തല്ലേ...ഹ..ഹ..ഹാ

4:16 AM
സിയ said...

ഇടീ ഗൊഡു ഗൈ...
ഗലഗ്ഗി

4:20 AM
RR said...

കലക്കി! ഇങ്ങനെ ഒരു സസ്പന്‍സ്‌ പ്രതീക്ഷിച്ചില്ല :) ശേഖരനെ ഞാന്‍ കുറ്റം പറയില്ല ;)

4:21 AM
സിയ said...

സാന്റ്റോ നീ ആര്‍മാദിക്കണ്ട..തമനുച്ചേട്ടന്‍ തന്ന വാണിംഗ് ഓര്‍മ്മയുണ്ടേ!

4:22 AM
ഉത്സവം said...

കഥ അലക്കിപ്പൊളിച്ചു..
എന്നാലും ഇത് വലിയ ചതിയായിപ്പോയല്ലോ..! പാവങ്ങള്‍ ഇനി എന്നാ ചെയ്യും???

അരവിന്ദന്റെ ഫോട്ടോ അടിക്കുറിപ്പ് കമന്റും കസറി

6:14 AM
സൂര്യോദയം said...

ഇടിവാള്‍ജീ... എന്താ ഒരു ഭാവന.. എന്താ ഒരു സസ്പെന്‍സ്‌... എന്തൊരു നല്ല നോവല്‍... ;-)

മേലില്‍ ഈ സൈസ്‌ കണ്ടാല്‍....... ങ്‌ ഹാ... പറഞ്ഞേക്കാം.. :-) ചുമ്മാ.... ;-)

6:54 AM
കലേഷ്‌ kalesh said...

മേന്നേ, സൂപ്പര്‍!
പോലീസുകാരാരും ഇത് വായിക്കണ്ട!

9:17 AM
സഞ്ചാരി said...

വായിച്ചു തുടങ്ങിയപ്പോള്‍ ഭയങ്കര വിഷമം തോന്നി.ക്ലിക്ക് ചെയ്തപ്പാ‍ള്‍ ഭാവനയെ അഭിനന്ദിക്കുന്നു

10:56 AM
സുല്‍ Sul said...

ഹോഹോ

ഞെരിപ്പ്‌കള് തന്നെ.
ഇനിയപ്പൊ പോലീസേമാന്മാരെല്ലാം പിമ്പിരി പാടും.

-സുല്‍

7:56 PM
G.manu said...

Police story clip...nannayi idival

9:35 PM
തമനു said...

This post has been removed by the author.

9:48 PM
തമനു said...

ജീവിത യാതാര്‍ത്ഥ്യങ്ങളില്‍ നിന്ന്‌ ഒളിച്ചോടാതെ, ധൈര്യമായി തീരുമാനമെടുക്കുക എന്നത്‌ എല്ലാ വ്യക്തികള്‍ക്കും സാധിക്കുന്ന ഒന്നല്ല. പോലീസുകാരെ അത്തരമൊരു അവസ്ഥയിലേക്ക്‌ വലിച്ചിഴച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അധികാരികള്‍ക്ക്‌ ഒരു കാലവും ഒഴിഞ്ഞുമാറാന്‍ കഴിയില്ല.

ഇതിനെതിരേ നാമും പ്രതികരിക്കേണ്ടിയിരിക്കുന്നു. കാരണം, നാളെ നമ്മുടെ മേലും അധികാരികള്‍ ഇങ്ങനെയൊരു നയം നടപ്പാക്കിയാലോ ...

ഹെന്റമ്മേ ..

ഓടോ: എടക്കത്തെ ആ രണ്ട്‌ കുത്തുണ്ടല്ലോ (“:“) അതു താന്‍ ആരുടെകൈയില്‍ നിന്നും വാങ്ങിക്കും, അതൊറപ്പാ .. മിക്കവാറും ഏതെങ്കിലും പോലീസുകാരന്റെ കൈയില്‍ നിന്നും.

9:51 PM
പടിപ്പുര said...

കുടിനിര്‍ത്തിയ പോലീസുകാര്‍ കൈത്തരിപ്പ്‌ തീര്‍ക്കാന്‍, ഇടിവാളിനെയിട്ട്‌ കൈകാര്യം ചെയ്യുന്നു! ദോ അവ്‌ടെ...

10:14 PM

Read more...

കുഞ്ഞോളങ്ങള്‍ സാക്ഷി...

Monday, February 19, 2007

സമയം രാത്രി 1 മണിയായിക്കാണണം. പൂനിലാവില്‍ക്കുലിച്ചു നില്‍ക്കുന്ന കൊച്ചു തെങ്ങിന്‍ തലപ്പുകള്‍ ഇളംകാറ്റില്‍ ആടുന്നുണ്ട്. ഏനാമാവു കായലിലെ കുഞ്ഞോളങ്ങള്‍ തീരത്തെ കൊച്ചു കല്ലുകളില്‍ വന്നടിച്ച് അവയോട് കിന്നാരം പറയുന്നത് എനിക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞു.

എങ്ങനെ കേള്‍ക്കാതിരിക്കും? തല വെള്ളത്തിലേക്കും ശരീരം കരയിലേക്കുമായിട്ടല്ലേ , മൂന്നാം പക്കം കരക്കടിഞ്ഞ ഡെഡ് ബോഡി സ്റ്റൈലില്‍ എന്റെ കൂട്ടുകാര്‍ എന്നെ കിടത്തിയിരിക്കുന്നത്. മദ്യത്തിന്റെ കെട്ട് ഇറങ്ങാനാണത്രേ.. ഹോ, ദുഷ്ടന്മാര്‍ !

“എടാ..എന്നെയൊന്നെണീപ്പിക്കടാ കൂവകളേ, തണുക്കുന്നൂ, നാളെ ജലദോഷം വന്നാ ഡോക്ടറേക്കാണാന്‍ നിന്റെയൊക്കെ വീട്ടീന്നു കാശു തരുമോടാ“ എന്നൊക്കെ ഒരു ലോഡു ചോദ്യങ്ങള്‍ അവരോട് ചോദിക്കണമെന്നുണ്ടെനിക്ക്, പക്ഷേ പറ്റണ്ടേ? പീബിയില്‍ യാതൊരു വോയ്സുമില്ലാത്ത മുഖ്യമന്ത്രി അച്ചുമ്മാനെപ്പോലെ നിശബ്ദനായി നിര്‍വികാരിയായി ഞാന്‍ നീണ്ടു നിവര്‍ന്നു കിടന്നു.

ആദ്യമായിട്ടു വിദേശിയെ മദ്യപിക്കുന്നതാണ്, അതോണ്ടു തന്നെ ഗ്രഹണിപ്പിള്ളേരു ചക്കക്കൂട്ടാന്‍ കണ്ട ചേലിലായിരുന്നു സേവ. മധുരപതിനാറു വയസ്സ്. മുന്‍പ് ഇടക്കൊക്കെ കുപ്പിയില്‍ കള്ളു കുടിച്ചിട്ടുണ്ട്.. വടക്കുനോക്കിയന്ത്രം സിനിമയില്‍, തളത്തില്‍ ദിനേശന്‍ എന്ന ശ്രീനിവാസന്‍ ബാറില്‍ ചെന്നു പറഞ്ഞ “ഒരു ഗ്ലാസ് ബ്രാണ്ടി” കണക്കില്‍ അല്ല വിദേശമദ്യം സേവിക്കേണ്ടതെന്നു ഞാനറിഞ്ഞീലാ... അതിങ്ങനെയായിത്തീരുമെന്നും ആരറിഞ്ഞു? എന്റെ അടി കണ്ട് കണ്ണു ബള്‍ബായിരിക്കുന്ന കൂട്ടുകാരോട് “ചുമ്മാതിരിയെടാ, ഞാനിതെത്ര കണ്ടിരിക്കുന്നു ഇതിനുമുന്‍പ്” എന്നും വെറുതെ വീരവാദവും വിട്ടു.

അമ്മാവന്റെ മകന്‍ അജിയും, പിന്നെ മറ്റു നാലു ഗെഡീസും ചേര്‍ന്ന് രണ്ടു ബൈക്കിലാണു വാടാനപ്പിള്ളി ധന്യ ബാറിലേക്കു വിട്ടത്. പരിചയക്കാരെ ആരേയും കാണണ്ടാ എന്നൊരു കാര്യം കൂടിയുള്ളതിനാലാണു, കുറച്ചു കൂടി അടുത്ത ബാറായ പാവറട്ടി സോളാര്‍ വേണ്ടെന്നു വച്ച് 10 കി.മീ അകലേയുള്ള “ധന്യ ബാറിനെ” പുല്‍കി ധന്യരാവാന്‍‍ ഞങ്ങളു തീരുമാനിച്ചത്.

ആറ് പേര്‍ ചേര്‍ന്നാണു 2 ബൈക്കില്‍ “ട്രിപ്പിള്‍” വച്ച് അങ്ങെത്തിയത്. “ബാറില്‍ പോയി മദ്യപിക്കുക എന്ന ചിരകാലാഭിലാഷം സാക്ഷാല്‍ക്കരിക്കപ്പെടാന്‍ പോകുന്നു” എന്ന ത്രില്ലില്‍ വെറും 15 മിനിറ്റില്‍ അവിടെയെത്തി. പരിപാടി തുടങ്ങി 1 മണിക്കൂറിനകം തന്നെ രണ്ടാമത്തെ ഫുള്ളും ഓര്‍ഡര്‍ ചെയ്തപ്പോള്‍ ബെയറര്‍ ചേട്ടന്‍ ഞങ്ങളെയൊന്നു നോക്കി... “പൊന്നു മക്കളേ, കൂമ്പു വാട്ടണ്ട്രാ ഇത്രേം ചെറുപ്പത്തില്‍” , എന്നാണോ അതോ “കാശൊക്കെ കയ്യിലില്ല്യേടാ ഡേഷുകളേ..“ എന്നായിരുന്നോ ആ നോട്ടത്തിന്റെ അര്‍ത്ഥം ? ആ ...

11 മണിക്ക് എല്ലാം അവസാനിപ്പിച്ച്, ബാറിന്റെ വാതിലൊക്കെ നന്നായിട്ടു പൂട്ടീട്ടില്ലേ ചേട്ടാ എന്ന് ക്യാഷില്‍ നിന്ന ചേട്ടനോട് ചോദിച്ച്, അവരുടെ കൂടെ ഞങ്ങളെല്ലാം പുറത്തിറങ്ങി.. സമാന ചിന്താഗതിക്കാരായ മറ്റു മൂന്നു നാലു കുടിയന്മാര്‍ കൂടി ആ ബാറടപ്പിക്കല്‍ ചടങ്ങിലുണ്ടായിരുന്നു.

വാഹനം എന്നത് എന്റെ യെസ്ദി ബൈക്കും പിന്നെ വേറൊരു എന്‍ഫീല്‍ഡ് ബുള്ളറ്റും. 16 വയസ്സില്‍ തന്നെ എനിക്കു ബൈക്ക് ലൈസന്‍സു കിട്ടിയത് ഇന്നും “കേരളാ ആര്‍.ടീ.ഓ” ഡിപ്പാര്‍ട്ട്മെന്റിനു അറിയാത്ത അതീവരഹസ്യം. 400 രൂപ ചെലവാക്കിയതേ എനിക്കോര്‍മ്മയുള്ളൂ, അല്ല, അച്ഛനോര്‍മ്മയുള്ളൂ (അങ്ങേരാ കാശു കൊടുത്തത്..അല്ലാണ് എന്റേലെവടെ) ഒരാഴ്ചക്കകം ലൈസന്‍സും കൊണ്ട് ഏജന്റു വന്നു.

ബാറില്‍ നിന്നിറങ്ങി ഒരു വിധത്തില്‍ ആറെണ്ണവും ബൈക്കില്‍ കയറി വെങ്കിടങ്ങു ലക്ഷ്യമാക്കി കുതിച്ചു. ഞങ്ങളില്‍ രണ്ടു പേര്‍ക്കു മാത്രമേ ബൈക്ക് ഓടിക്കാന്‍ അറിയുകയുള്ളൂ.

എന്റെ വണ്ടിയോടിക്കുന്നത് ഞാനും, മറ്റേ വണ്ടിയോടിക്കുന്നത് കൃഷ്ണകുമാറും. റോഡില്‍ ഒരു വാഹനക്കുഞ്ഞു പോലുമില്ലാതിരുന്നതിനാല്‍, അല്‍പം വളഞ്ഞു പുളഞ്ഞാണെങ്കിലും, വെല്യ കുഴപ്പമില്ലാതെ രണ്ടു വണ്ടികളും ഏനാമാവു പാടത്തെത്തിയപ്പോഴാണു കായല്‍ത്തീരത്ത് കുറച്ചു റെസ്റ്റെടുക്കാമെന്നൊരു അഭിപ്രായം വനത്.

അങ്ങനെ, കുറച്ചു നേരം ഇരുന്നപ്പൊഴേക്കും നേരത്തെ കയറ്റിയ വിദേശീ വര്‍ക്കു ചെയ്തു തുടങ്ങി.. ലഹരിയുടെ ഉത്തുംഗശ്രംഖത്തില്‍ നിന്നു ഞാന്‍ താണ്ഡവമാടി.. അല്പസമയത്തിനകം തന്നെ അവശനായി, അവശ കലാകാരനായി. എല്ലാവരും ചേര്‍ന്നു ഒരു വിധത്തില്‍ എന്നെയെടുത്ത് തല വെള്ളത്തിലേക്കു വച്ച് നന്നായൊന്നു കുളിപ്പിച്ചു. നല്ല സുഖം.. ആ സുഖത്തില്‍ ലയിച്ച് ഞാന്‍ മെല്ലെ ലഹരിയുടെ കയങ്ങളില്‍ ഒരു കൊമ്പന്‍ ബ്രാലിനെപ്പോലെ ഊളിയിട്ടു.... (ഓഫായി എന്നു സാരം)

ഞാന്‍ ഉറക്കത്തിലേക്കു വഴുതി വീണതോടെ കൂട്ടുകാര്‍ വെട്ടിലായി. ഒന്ന്, എന്നെ ഇവിടെയുപേക്ഷിച്ച് പോകാന്‍ അവര്‍ക്കാവില്ല. ഇനിയിപ്പൊ ഇട്ടേച്ചു പോവാം എന്നു വച്ചാലും അതിലും വെല്യ ഒരു പ്രശ്നമുണ്ട്... ബൈക്ക് എന്റെ, മാത്രമല കൃഷ്ണകുമാറിനു മാത്രമേ വണ്ടിയോടിക്കാന്‍ അറിയു, അവന്റെ കയ്യില്‍ ഓള്രെഡി ഒരു വണ്ടിയുണ്ട്.. ഒരേ സമയം രണ്ടു ബൈക്കോടിക്കാനുള്ള ടെക്ക്നിക്ക് അവനറിയില്ലത്രേ.. (ഇനി വണ്ടിയോടിക്കാന്‍ അറിയുന്നവരുണ്ടെങ്കിലും കാര്യമില്ല, എന്റെ ആ 1984 മോഡല്‍ യെസ്ദി ബൈക്ക് ഓടിക്കാന്‍ സ്പെഷല്‍ ട്രെയിനിങ്ങ് തന്നെ വേണമായിരുന്നു).

ഞാന്‍ ഫുള്ളുമടിച്ചുള്ള വീലില്‍ കിടന്നുള്ള പള്ളിയുറക്കം വിട്ടെണീക്കുന്നതും വരെ കാത്തിരിക്കാന്‍ എല്ലാവരും തീരുമാനിച്ചു. 16-17-18 വയസിലുള്ള പ്രായപൂര്‍ത്തിയാകാത്ത ചിന്നപ്പയ്യന്‍സ്. രാത്രി ഇവിടെ ഏനാമാവു കായലിന്റെ തീരത്തിരിക്കുന്നതെങ്ങാന്‍ ആരേലും കണ്ടാല്‍.. ഈ റോഡില്‍ പോലീസ് ഇടക്കിടക്ക് പട്രോള്‍ ചെയ്യാറുള്ളതാണ്.. അവരെങ്ങാന്‍ പിടിച്ചാല്‍.. മാനം കപ്പലുകേറും. “മദ്യപിച്ച് മദോന്മത്തരായ യുവാക്കളെ കായല്‍‌ക്കരയില്‍ വച്ച് പോലീസ് അറസ്റ്റു ചെയ്തു” എന്നു മാതൃഭൂമി പത്രത്തിലൊക്കെ സചിത്ര വാര്‍ത്തകളായി വരിക എന്നാല്‍ ചില്ലറക്കാര്യമാണോ? എല്ലാവന്മാര്‍ക്കും വീട്ടില്‍ നിന്നും പൊതിരെ കിട്ടും. ഞാനൊഴികെ എല്ലാവരുടേയും ഹൃദയമിടിപ്പുകള്‍ വര്‍ദ്ധിച്ചു.. വീലായി കായലില്‍ക്കിടക്കുന്ന എനിക്കെന്തു ടെന്‍ഷന്‍ ?

ഈവിള്‍ ഡെഡ് ഫിലിമില്‍ ഭൂതം ആവേശിച്ച ഉറങ്ങിക്കിടക്കുന്ന ലേഡി കണ്ണു തുറന്നപോലെ, ലഹരിയുടെയും ഉറക്കത്തിന്റെയും താഴ്‌വാരങ്ങളില്‍ ബിസിനസ്സ് ടൂറിലായിരുന്ന ഞാന്‍ ഇടക്കൊന്നു കണ്ണു തുറന്നു. (ആ സീനാണു തുടക്കത്തില്‍ നിങ്ങള്‍ വായിച്ചത്)

ഞാന്‍ പള്ളിയുറക്ക് വിട്ടെണീറ്റത് കുറച്ചു മാറി ഇരിക്കുന്ന ഗെഡീസിനെ അറിയിക്കാന്‍ വാ തുറന്നതും കായലിലെ കുഞ്ഞോളങ്ങള്‍ വായ്ക്കകത്തു കേറിപ്പോയി ഒബ്സ്ട്രക്ഷനുണ്ടാക്കി. കാലിട്ടടിച്ചു ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം നടത്താന്‍ നോക്കി..പൊങ്ങുന്നില്ലാ. ഫെവിക്കോള്‍ വച്ച പോലെ തറയില്‍ ഒട്ടിയിരിക്കുന്നു. നോ രക്ഷാ... ഇനി അവന്മാരു വേണമെങ്കില്‍ ഇങ്ങോട്ട് വന്നു നോക്കട്ടേ.. ഞാന്‍ നിര്‍വികാരനായി ആ തണുത്ത വെള്ളത്തില്‍ ഫ്ലോട്ടു ചെയ്തു കിടന്നു. നല്ല തണുപ്പ്. ഒരു കമ്പിളി പുതപ്പു കിട്ടിയിരുന്നെങ്കില്‍... മനസ്സു വെറുതെ ആശിച്ചു. അവരു എന്നെക്കുറിച്ചു പറയുന്ന തെറികളെല്ലാം, ചെവി വെള്ളത്തിലായിട്ടുപോലും, മന്ദമാരുതന്‍ കൊറിയര്‍ സര്‍വീസു വഴി ഞാന്‍ കേട്ടു! അലവലാതികള്‍ ...‍, അടിച്ചു ഫിറ്റായി സുബോധ് പോയിക്കിടക്കുന്ന ഒരാളെക്കുറിച്ച് ഇങ്ങനെയൊക്കെ ദൈവദോഷം പറയാമോ?

പെട്ടെന്നാണത് സംഭവിച്ചത്!!!

ദൂരെ നിന്നും ഒരു ഹെഡ് ലൈറ്റിന്റെ വെളിച്ചം. ഒന്നല്ല, രണ്ടു ലൈറ്റുകള്‍ .. കൂടെയുള്ളവരെല്ലാം പരിഭ്രാന്തരായി. ശബ്ദം അടുത്തു വരും തോറും എല്ലാവര്‍ക്കും മനസ്സിലായി, അതൊരു ജീപ്പാണെന്ന്. ദൈവമേ..പോലീസ്, അറസ്റ്റ്, മാധ്യമ കവറേജ്, വീട്ടീന്നു തല്ല്, എല്ലാവരും എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു. അവരേക്കാളേറെ ഞാനും! ജീപ്പിന്റെ കാര്യമോര്‍ത്തിട്ടല്ല.. മറിച്ച് അവന്മാര്‍ എന്നെ ഇവിടെയുപേക്ഷിച്ച് ഓടിക്കളയുമോ എന്നോര്‍ത്ത്!!

കൂട്ടുകാര്‍ എല്ലാവരും തൊട്ടടുത്തു കുറച്ചു ഇഷ്ടികകള്‍ നിരത്തി വച്ചിരുന്നതിന്റെ മറവിലേക്കു മാറി നിന്നു.. പോലീസ് കാണാതിരിക്കാന്‍.. കായല്‍ തീരത്തു നിന്നും 50 മീറ്റര്‍ നീങ്ങി കുറച്ച് ഉയരത്തിലാണു റോഡ്. ജീപ്പ് ഞങ്ങളേയും കടന്നു പോയതോടെ ഒരു ദീര്‍ഘ നിശ്വാസവും വിട്ട് എല്ലാവരും തത്സ്ഥ്നങ്ങളില്‍ പോയി ഇരുന്നു, ഞാന്‍ ഒരു ദീര്‍ഘ നിശ്വാസം വിടാന്‍ വാ തുറന്നതും കായല്‍ക്കുഞ്ഞോളങ്ങള്‍ വീണ്ടും വായില്‍ കേറി..കൂട്ടത്തില്‍ കമ്പനിക്ക് ഒന്നു രണ്ടു കുഞ്ഞ്യേ മീനുകളും.. ശ്ശേ... ..എന്തൊരു ശല്യാന്നു നോക്ക്യേ!

മറ്റെല്ലാവരും ദീര്‍ഘനിശ്വാസവും വിട്ടും, അതു വിടാന്‍ എനിക്കു യോഗമില്ലെനോര്‍ത്ത് ഞാന്‍ വെള്ളത്തിലും കിടന്ന സമയത്ത് കുറച്ചു മുന്നോട്ടു നീങ്ങിയ ജീപ്പ് അവിടെ നിന്നു. ജീപ്പില്‍ നിന്നും ഒരു തല പുറത്തേക്കു നീണ്ട് ഞങ്ങളിരിക്കുന്ന ഭാഗത്തേക്ക് നോക്കുന്നതും, തൊട്ടടുത്ത മിനിഷം തന്നെ റീവേഴ്സ് ഗിയറില്‍ ജീപ്പ് തിരിച്ചു വരുന്നതും കണ്ട് എന്റെ കൂട്ടുകാര്‍ എല്ലാം വാ പൊളിച്ചു! “അമ്പടാ കുഞ്ഞോളങ്ങളേ, അങ്ങനെ എന്റെ വായില്‍ക്കേറി ഇനി നിങ്ങളു കളിക്കണ്ടാ” എന്നും മനസ്സിലോര്‍ത്ത് ഞാന്‍ വായ അടച്ചു തന്നെ പിടിച്ചു! എന്നാലും എന്റെ ഹൃദയമിടിപ്പും നല്ല ഫാസ്റ്റായിത്തന്നെയായിരുന്നു.

റിവേഴ്സ് ഗിയറില്‍ പാഞ്ഞു വന്ന ജീപ്പ് ഞങ്ങളുടെ അരികിലെ റോഡില്‍ സഡണ്‍ ബ്രേക്കിട്ടു നിന്നു. ഒരാള്‍ അതില്‍ നിന്നും പുറത്തിറങ്ങി. എല്ലാവരും അതാരായിരിക്കുമെന്നൂഹിച്ചു. എസ്.ഐ. പൌലോസിന്റെ കൊമ്പന്‍ മീശയും കട്ടമസിലുകളും എല്ലാവരുടേയും മനസ്സിന്റെ ഡെസ്ക്ടോപ്പില്‍ സ്ക്രീസ്‌സേവറായി കളിച്ചു... പൂനിലാവും തൂകി നില്‍ക്കുന്ന ചന്ദ്രേട്ടന്റെ വെളിച്ചത്തില്‍ ബൈക്കുകളുടെ സ്റ്റീല്‍ പാര്‍ട്ടുകള്‍ വെട്ടിത്തിളങ്ങുന്ന കണ്ടിട്ടാണവര്‍ ജീപ്പ് നിര്‍ത്തിയിരിക്കുന്നത്. ബൈക്ക് ഒതുക്കി മാറ്റി പാര്‍ക്ക് ചെയ്യാതിരുന്ന ബുദ്ധിയെ കൂട്ടുകാരും, വെള്ളത്തില്‍ വായടച്ചു കിടക്കുന്ന ഞാനും പഴിച്ചു.

ജീപ്പ് നിര്‍ത്തിയിരിക്കുന്ന റോഡീല്‍ നിന്നും ഞങ്ങളിരിക്കുന്ന/കിടക്കുന്ന സ്ഥലത്തേക്ക് കഷ്ടി 50 മീറ്റര്‍ ഉണ്ട്. ഇറങ്ങിയ ആള്‍ ഞങ്ങളെ ലക്ഷ്യമാക്കി നടന്നു വരുന്നത് കണ്ടതോടെ “പിടിക്കപ്പെട്ടു” എന്നുറപ്പായി.. അവര്‍ക്കെല്ലാം പിടിക്കപ്പെടുമോ എന്ന ടെന്‍ഷന്‍ മാത്രം.. എനിക്കോ? പിടിക്കപ്പെടുമോ എന്നു മാത്രമല്ല, കൂട്ടുകാര്‍ പോലീസിനെ കണ്ട സ്ഥിതിക്ക് എന്നേയും ഇട്ട് ഓടുമോ എന്ന ടെന്‍ഷന്‍ കൂടി..

അതോടെ എന്റെ ഫിറ്റെല്ലാം മെല്ലെ ഇറങ്ങിത്തുടങ്ങി, ശരീരത്തിനു ബലം വച്ചോ, ഞാന്‍ കാലൊന്നു പൊക്കി നോക്കി..യേസ്...കാലു പൊങ്ങുന്നുണ്ട്.. നേരത്തെ വായിക്കയറിയ കുഞ്ഞോളങ്ങളെ തുപ്പിക്കളഞ്ഞ് ഞാനൊന്നെണീക്കാന്‍ ശ്രമിച്ചു..യെസ്.. ശരീരം മെല്ലെ പൊന്തി..കിടന്നിരുന്ന ഞാന്‍ ഇപ്പോ വെള്ളത്തില്‍ ഇരിക്കയാണ്! ഒരു SOS ഘട്ടത്തില്‍ എണീറ്റോടാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. കേരളാ പോലീസിനെക്കൊണ്ട് ഗുണമില്ലെന്ന് ആരാ പറഞ്ഞേ?

“ കട്ട ബോഡിയുമായി നടക്കുന്നൊരുത്തന്റെ
തണ്ടലു തല്ലിയൊടിക്കുന്നതു ഇവര്‍ ..

ഫിറ്റായി വെള്ളത്തില്‍ കിടക്കുന്നൊരുത്തനെ
ഓടുവാന്‍ പ്രാപ്തനാക്കുന്നതും ഇവര്‍ .. “

എന്റെ മനസ്സില്‍ കവിത പൊട്ടി മുളച്ചു! ഗൊള്ളാം... വരുന്ന ആള്‍ തൊട്ടടുത്തത്തി.. യൂണിഫോമിലല്ല.. ങ്ങേ.. മഫ്ടിയിലാണോ? ഞങ്ങളുടെ മുന്നില്‍ നിന്ന് അയാള്‍ എല്ലാവരുടേയും സംശയ ദൃഷ്ടിയോടെ നോക്കി....

“എന്തറാ #%^*(@^^ മക്കളേ" ഇവിടെ ചുറ്റിക്കളി” എന്നായിരിക്കും അയാളുടെ വായില്‍ നിന്നും പറന്നു വീഴുന്ന അടുത്ത വാക്കുകള്‍ എന്ന് എല്ലാവര്‍ക്കും ഉറപ്പായിരുന്നു.. തെറി കേള്‍ക്കാന്‍ റെഡിയായി എല്ലാവരും നിന്നു...

ശ്വാസം അടക്കിപ്പിടിച്ചു നിന്നിരുന്ന കൂട്ടുകാരേയും, സിനിമകളില്‍ ചാണകക്കുഴിയില്‍ വീണു പരിസരബോധമില്ലാതെ തറയിലിരുന്നു ചുറ്റും നോക്കുന്ന ജഗതിയെപ്പോലെ വെള്ളത്തില്‍ വായും പൊളിച്ചിരുന്ന് (കുഞ്ഞോളങ്ങളോട് പോയി പണി നോക്കാന്‍ പറ) ഇതൊക്കെ നോക്കിയിരിക്കുന്ന എന്നേയും സ്തബ്ധരാക്കിക്കൊണ്ട് അയാള്‍ ചോദിച്ചു...

“ അണ്ണാ, ഗുരുവായൂര് അമ്പലത്തുക്ക് ഇത് താനേ വഴി??” കുറേ തമിഴ് അണ്ണാച്ചിമാര്‍ അമ്പലത്തിലേക്കുള്ള വഴി ചോദിക്കാന്‍ നിര്‍ത്തിയതാ!!!

“ഹോ........” നൈമിഷികമായി അവിടെ പിറവിയെടുത്തത് 6 ദീര്‍ഘനിശ്വാസങ്ങളായിരുന്നു ! ഭൂമിയില്‍ നിന്നു 5 ഉം വെള്ളത്തില്‍ നിന്ന് ഒന്നും (എന്റെ വക).

വെറുതെയിരുന്ന നമ്മളെ പേടിപ്പിച്ചതിനു തെറ്റായ വഴി കാണിച്ചു കൊടുക്കണോ എന്നു പ്രജിത്ത് (കൂട്ടത്തിലെ തരികിട) ചോദിച്ചെങ്കിലും, അമ്പലത്തിലേക്കുള്ളവരല്ലേ, വഴിതെറ്റിച്ച് വിട്ടാല്‍ , ചിലപ്പോ ഇനി വരുന്നത് ഒറിജിനല്‍ പോലീസ് ജീപ്പ് ആവും എന്നുള്ള ഭയത്താല്‍ ബാക്കിയുള്ളവര്‍ അണ്ണാച്ചിക്കു കൃത്യമായി വഴി പറഞ്ഞു കൊടുത്തു..

“റൊമ്പ നന്‍‌റി അണ്ണന്മാരേ” എന്നും പറഞ്ഞ് ആ അണ്ണാച്ചി നടന്നകലുമ്പോളും, ഞാന്‍ വെള്ളത്തില്‍ തന്നെ മിഴിച്ചിരിപ്പായിരുന്നു, വായില്‍ ഒരു കവിള്‍ വെള്ളവുമായി ... വിടരാറായ ആമ്പല്‍‌പൂ പോലെ!

എല്ലാത്തിനും സാക്ഷിയായി ഏനാമാവു കായലിലെ കുഞ്ഞോളങ്ങള്‍ ആ ഇളം കാറ്റില്‍ കരയുമായി സല്ലപ്പിച്ചുകൊണ്ടേയിരുന്നു!

Read more...

ദൈവത്തിന്റെ കൈ

Saturday, February 03, 2007

"വെണ്ണേങ്കാട്ടില്‍ രാജപ്പന്‍" ആളൊരു പരമ സാധുവും എല്ലാറ്റിനുമുപരി എണ്ണം പറഞ്ഞൊരു വാര്‍ക്കപ്പണിക്കാരനുമായിരുന്നു. ഭാര്യ അമ്മിണി. "പാമ്പന്‍ പാലത്തിനു ഉറപ്പേകുന്ന പിന്‍ബലം" എന്ന കാപ്ഷനുള്ള രാംകോ സിമന്റു പോലെയാണ്‌ ഇവരു തമ്മിലുള്ള ബന്ധം എന്നാണു ഇവരെ കളിയാക്കി നാട്ടുകാര്‍ വിളിക്കുന്നത്‌. സുദൃഢം!

ഒരിക്കല്‍ രാജപ്പേട്ടനെ തപ്പി വെങ്കിടങ്ങു സെന്ററില്‍ കുറച്ചു ഹിന്ദിക്കാര്‍ വന്ന്‌ പെട്ടിക്കടക്കാരന്‍ സെയ്താലിയോടു ചോദിച്ചു.. 'യേ രാജപ്പന്‍ കാ ഘര്‍ കഹാം ഹേ.."

ദൂരദര്‍ശനില്‍ ചിത്രഹാറും മറ്റു ചില ഒണക്ക സീരിയലുകളും കണ്ട്‌ ലഭിച്ച ഹിന്ദി പാണ്ഢിത്യത്തില്‍ സെയ്താലിക്ക പറഞ്ഞു. "യഹാം സേ റൈറ്റ്‌ പോയി, ഉദര്‍ സേ ലെഫ്റ്റ്‌ എടുത്ത്‌ ദൂസ്‌രാ ഘര്‍ ഹേ ഹൂ ഹാ ഹൂം.."

ഇതും കേട്ട്‌ ഞെട്ടി വന്നവര്‍ ഒരു ഓട്ടോ വിളിച്ച്‌ രാജപ്പേട്ടന്റെ വീട്ടിലേക്കു പോയത്രേ.


ഇതിനു ശേഷം നാട്ടിലെ ചെറുപ്പക്കാര്‍ ഒരു ഗോസിപ്പിറക്കി. "രാജപ്പേട്ടനെ അന്വേഷിച്ചു വന്ന ഹിന്ദിക്കാര്‍ രാംകോ സിമന്റ്‌ കമ്പനിയുടെ സിമന്റിന്റെ പരസ്യത്തിലേക്ക്‌ ചേട്ടനേയും ചേച്ചിയേയും കാസ്റ്റു ചെയ്യാ നിന്നാണെന്നു"!

അത്ര ദൃഢമായിരുന്നു ആ ബന്ധം.. അതിനു തെളിവായി ബ്രാലു പാറ്റിയപോലെ 14 പിള്ളേരും.. അതില്‍ മെജോരിറ്റിയും ആണ്‍പ്രജകള്‍. ഹോളണ്ട്‌ ക്ലബ്ബായ പീയെസ്വി ഐന്തോവനും, മോഹന്‍ബഗാന്‍ ക്ലബ്ബും തമ്മില്‍ നടന്ന ഫുട്ബോള്‍ മല്‍സരത്തിന്റെ ഹാഫ്‌ ടൈമിലെ സ്കോര്‍ ലൈന്‍ പോലെ, 12-2 എന്ന തോതിലായിരുന്നു ആണ്‍-പെണ്‍ അനുപാതം!

"കാച്ചെണ്ണ തേച്ച നിന്‍ കാര്‍കൂന്തലത്തിന്റെ
കാറ്റേറ്റാല്‍ പോലുമെനിക്കുന്മാദം"...

എന്നു തിക്കുറിശ്ശീ എഴുതിയ പോലെ..... വാര്‍ക്കപ്പണിയും കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ അമ്മിണിച്ചേച്ചി കാച്ചെണ്ണയൊക്കെ തേച്ച്‌ ടിപ്പ്‌ ടോപ്പായി നില്‍ക്കുന്നതാണു ജനസംഖ്യാ വര്‍ധനവിനു നിദാനം എന്നു ചേട്ടനും...

"അങ്ങേരുടെ വെയര്‍പ്പിന്റെ മണമടിച്ചാല്‍ മതി, ഞാന്‍ പെറും" എന്നു അമ്മിണിച്ചേച്ചിയും വിശദീകരണക്കുറിപ്പിറക്കിപ്പോന്നു.

എന്തു തന്നെയായാലും, വെങ്കിടങ്ങില്‍ നിന്നും ഗള്‍ഫ്‌/പേര്‍ഷ്യ യിലേക്ക്‌ അന്നത്തെക്കാലത്ത്‌ ചെറുപ്പക്കാരുടെ പ്രവാഹം മൂലം, നാട്ടില്‍ കുറഞ്ഞു വന്നിരുന്ന ആണ്‍ജനങ്ങളുടെ ആ ഒരു ഈക്വലീബ്രിയം നിലനിര്‍ത്താന്‍ ഈ രാജപ്പന്‍-അമ്മിണി ബോണ്ടിങ്ങ്‌ ഒട്ടൊന്നുമല്ല സഹായകരമായത്‌.

കല്യാണം കഴിഞ്ഞ്‌ ഏഴു വര്‍ഷത്തിനുള്ളില്‍ ശറപറാ ന്നു ആറു പിള്ളേരുണ്ടായ ശേഷമാണു, രാജപ്പേട്ടന്‍ ബോമ്പേക്കു പോയത്‌. രണ്ടു കൊല്ലം ബോമ്പേയില്‍ ജോലി ചെയ്ത്‌ "ഐ കാണ്ട്‌ മിസ്സ്‌ മൈ അമ്മിണി" എന്ന ഒറ്റക്കാരണത്താല്‍ വളണ്ടറി റിട്ടയര്‍മെന്റും വാങ്ങി ചേട്ടന്‍ തിരിച്ചു വെങ്കിടങ്ങിലെത്തി.

ഗ്രെഗ്‌ ചാപ്പലുമായുള്ള അടിയുടെ പേരിലും, ഫോമില്ലായ്മ മൂലവും ക്രിക്കറ്റ്‌ ടീമില്‍ നിന്നും പുറത്താക്കപ്പെട്ട ഗാംഗുലി തിരിച്ചു ഫോം വീണ്ടെടുത്തപോലെ, രാജപ്പേട്ടനും, വെങ്കിടങ്ങില്‍ തിരിച്ചു വന്നു താന്‍ ഫോമിലാണെന്നു വ്യക്തമാക്കിയത്‌ അടുത്ത 9 മാസത്തില്‍ ആ കൊച്ചു കുടുമ്പത്തില്‍ നമ്പര്‍-7 നുള്ള വെടിമരുന്നും പാകിക്കൊണ്ടാണ്‌. തുടര്‍ന്നും വല്യ ഗ്യാപ്പൊന്നും കൊടുക്കാതെ 8-9-10-11-12 നമ്പറുകള്‍ വര്‍ഷാ വര്‍ഷം ഗംഭീരമായി പ്രൊഡ്യൂസ്‌ ചെയ്യപ്പെട്ടു കൊണ്ടേയിരുന്നു.

പിറന്നു വീഴുന്നതു മുഴുവന്‍ പുത്രന്മാരാണെന്നു കണ്ടതോടെ ചേട്ടനും ചേച്ചിയും "ഇനിയൊരു പെണ്‍കുട്ടി വേണം" എന്ന ടാര്‍ജറ്റ്‌ സെറ്റ്‌ ചെയ്തു. ക്വാണ്ടിറ്റിയല്ല, മറിച്ച്‌ ക്വാളിറ്റിയാണു പ്രധാനം എന്നായിരുന്നു അവരുടെ മുദ്രാവാക്യം, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ക്വാണ്ടിറ്റി ഒരു പ്രശ്നമേയല്ലെന്ന്!. (ക്വാണ്ടിറ്റി 12 ആയിട്ടും ക്വാളിറ്റിയുള്ള ഒറ്റയൊരുത്തന്‍ പോലും ഉണ്ടായില്ല എന്നത്‌ അവരുടെ കുറ്റമാണോ.. അവരു തമ്മിലുള്ള ബോണ്ടിന്റെ കുറ്റമാണോ.. ഇതൊക്കെ ദൈവം കൊടുക്കുന്നതല്ലേ)

വീട്ടില്‍ ആകപാടെയുള്ളോരു മുറിയില്‍ രാജപ്പനമ്മിണിമാരും, ഹാളില്‍ 14 പിള്ളേരും അന്തിയുറങ്ങി. 12 ആണ്‍പിള്ളേര്‍ക്കു ശേഷം 2 പെണ്‍പിള്ളേരേയും കൂടി ദൈവം കൊടുത്തനുഗ്രഹിച്ചിട്ടും, ഇനിയൊരു "കമേഴ്സ്യല്‍ ബ്രെയ്ക്ക്‌" ആവാം, അല്ലേല്‍, കിടപ്പ്‌ പിള്ളേരുടെ കൂടെയാക്കാം എന്നൊന്നും അമ്മിണിച്ചേച്ചിക്കോ രാജപ്പേട്ടനോ തോന്നിയതേയില്ല.


ഇക്കാര്യത്തില്‍ രാജപ്പേട്ടന്റെ മൂത്ത പിള്ളേര്‍ക്ക്‌ വല്ലാത്ത അസംതൃപ്തിയുണ്ടായിരുന്നു. "നിന്റച്ഛനെന്തൂട്രാ പണി" എന്നാരെങ്കിലും ചോദിച്ചാല്‍, "ഞങ്ങളു 14 പിള്ളേരാ, അങ്ങേര്‍ക്കിതു തന്നെ പണി" എന്ന മറുപടി പറയേണ്ട അവസ്ഥയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നതെന്നു മനസ്സിലാക്കിയ മൂത്തവന്‍ രമേശനും തൊട്ടു താഴേയുള്ളവന്‍ സതീശനും കൂലങ്കഷമായി ചിന്തിച്ചു! സ്വന്തം തന്തപ്പടിയെ ബലമായി കൊണ്ടുപോയി വാസക്റ്റമി ചെയ്യിപ്പിക്കാനുള്ള കപ്പാക്കുറ്റിയൊന്നും 17-16 ഉം വയസ്സിലുള്ള അവന്മാര്‍ക്കുണ്ടായിരുന്നില്ല.

രണ്ടു പേരും കൂടി ഒരു തീരുമാനത്തിലെത്തി. അവര്‍ കിടക്കുന്ന ഹാളിനോടു ചേരെയാണു രാജപ്പേട്ടന്റെ മുറി. ഹാളിനും മുറിക്കും ഓരോ ജനലുകള്‍ അടുത്തടുത്താണ്‌. രാത്രി മറ്റു പിള്ളേര്‍ എല്ലാം ഉറങ്ങിയ ശേഷം ഹാളിലെ ജനലിലൂടെ "മാലപ്പടക്കം" തീ കൊളുത്തി മുറിയുടെ ജനലിനരികിലേക്കെറിഞ്ഞ്‌ ഒന്നുമറിയാത്ത പോലെ വന്നു കിടക്കുക! (അതു വിഷുവിന്റെ സീസണ്‍ ആയതിനാലുള്ള ഒരു ഹാങ്ങോവറിലാണു പാവങ്ങള്‍ ഈ ഐഡിയ തെരെഞ്ഞെടുത്തത്‌)

തങ്ങള്‍ ഒരു പടക്കം പൊട്ടിച്ചാലൊന്നും രാജപ്പേട്ടന്‍ വെടിക്കെട്ട്‌ നിര്‍ത്താന്‍ പോവുന്നില്ല എന്നു രമേശനും സതീശനും അറിയാമായിരുന്നു. എന്നാലും അങ്ങനങ്ങു വിട്ടാല്‍ ശരിയാവുമോ.. ഒന്നു പ്രതിഷേധിക്കയെങ്കിലും ചെയ്യേണ്ടേ? നാട്ടില്‍ പ്രകടനങ്ങളും ഹര്‍ത്താലുമെല്ലാം നടത്തുന്നത്‌ എന്തെങ്കിലും നടക്കുമെന്നു പ്രതീക്ഷിച്ചാണോ..

രാമേട്ടന്റെ കടയില്‍ നിന്നും പടക്കങ്ങളും വാങ്ങി രണ്ടുപേരും ഉറങ്ങാതിരുന്നു. സമയം ഏകദേശം 10 മണിയായി. എല്ലാവരും ഉറക്കമായെന്നുറപ്പു വരുത്തി സതീശന്‍ പടക്കവും തീപ്പട്ടുമായി ജനലിനരികിലെത്തി...

രംഗം-2

നാട്ടിലെ ഏറ്റവും ബിസിയായ വ്യക്തികളിലൊരാള്‍ ആലിയാണ്‌! വയസ്സ്‌ 22. ആ പ്രായത്തിലുള്ള തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ ദുസ്വഭാവങ്ങള്‍ കൂടിയ അളവില്‍ ആലിയില്‍ കുടികൊണ്ടിരുന്നു. കുളക്കടവിങ്കല്‍ എത്തിനോട്ടം, പ്രോവിഡന്‍സിലും, കാഞ്ഞാണി സ്റ്റാറിലും വരുന്ന മസാല ഇക്കിളിച്ചിത്രങ്ങള്‍ വിടാതെ കാണല്‍ ഇതൊക്കെയാണു ടിയാന്റെ ഹോബികള്‍.

അങ്ങനെയൊരു ദിവസം പ്രോവിഡന്‍സില്‍ നിന്നും ഫസ്റ്റ്‌ ഷോയും കഴിഞ്ഞ്‌ ഒരു ബീഡിയും വലിച്ച്‌ തിരികെ നടക്കുകയായിരുന്നു പാവം ആലികുമാരന്‍. ഏഴു മണികഴിഞ്ഞാല്‍, വെളിച്ചമോ, ആള്‍സഞ്ചാരമോ ഇല്ലാത്ത വഴികളാണത്‌, അതോണ്ടു കയ്യിലൊരു ടോര്‍ച്ചുമുണ്ട്‌!. രാജപ്പേട്ടന്റെ വീടിനടുത്തെത്തിയപ്പോള്‍, എന്തൊക്കെയോ ചില അപശബ്ദങ്ങള്‍ കേട്ട്‌ ആകാംക്ഷാകുക്ഷിയായിത്തീര്‍ന്ന ആലി, രാജപ്പേട്ടന്റെ റൂമിലെ ജനാലയിലെ വിടവിലൂടെ നോക്കിയപ്പോള്‍, എന്താ കഥ! അകത്ത്‌ "ആദിപാപം" ഷോ നടക്കുകയല്ലേ!

ഇരുട്ടായതിനാല്‍ ശരിക്കൊന്നും കാണുന്നില്ല.. "രാജപ്പേട്ടാ, ആ ലൈറ്റൊന്നിടാമോ" എന്നു വിളിച്ചു പറയണമെന്നുണ്ട്‌ ആലിക്ക്‌ .. അതോ ഇനി ടോര്‍ച്ചടിച്ച്‌ അവര്‍ക്കു വെളിച്ചം നല്‍കണോ എന്നും വരെ പാവം ആലി ചിന്തിച്ചു! എന്തു ചെയ്യാം.. "പച്ചയെങ്കീ പച്ച, ആയപോലെ ഫ്രീ ഷോ കാണാമെന്നോര്‍ത്ത്‌ മിണ്ടിയില്ല." ഷോ കണ്ട്‌ കണ്ട്‌, ആലി വികാരധീനനായി ഒരു വികാരിയാവുകയും, പരിസരമെല്ലാം മറന്നു ജനല്‍പാളിയുടെ വിടവിലേക്കു മാത്രം ശ്രദ്ധയൂന്നിക്കൊണ്ടിരിക്കുന്ന നേരത്താണതു സംഭവിച്ചത്‌.

ചെറിയൊരു കൂനോടെ കഴുത്തു മുന്‍പോട്ടു വളച്ച്‌ ജനല്‍പഴുതിലൂടെ അകത്തെ ലീലാവിലാസങ്ങള്‍ ശ്രദ്ധിച്ചിരുന്ന ആലിയുടെ കഴുത്തിനു പുറകിലാണു സതീശന്‍ തൊടുത്തുവിട്ട മാലപ്പടക്കം സ്കഡ്‌ മിസൈല്‍ വന്നു പതിച്ചത്‌. വീണതും കോളറിനും കഴുത്തിനുമിടയിലുള്ള ഗ്യാപ്പിലൂടെ പടക്കം ഷര്‍ട്ടിനകത്തേക്കിറങ്ങിപ്പോകയും ദിഗന്തങ്ങള്‍ നടുക്കുമാറ്‌ "ഠോ ഠേ..ഠേ.." എന്നു ആലിയുടെ ഷര്‍ട്ടിനുള്ളിലിരുന്നു പൊട്ടിത്തെറിക്കയും ചെയ്തു!

ഠേ ഠേ ഠേ എന്ന ഉച്ചത്തിലുള്ള പൊട്ടിത്തെറികള്‍ കേട്ട്‌ രാജപ്പേട്ടനും ചേച്ചിയും ചാടി എണീറ്റു. വികാരവിക്ഷോഭത്തിന്റെ നെറുകയിലിരുന്നു ഷോ കാണുകയായിരുന്ന ആലിച്ചുള്ളനു ഒന്നും മനസ്സിലായില്ല! വികാരവിക്ഷോഭത്തിന്റെ പൊട്ടിത്തെറിക്ക്‌ ഇത്രേം ശബ്ദമോ എന്നദ്ദേഹം തെറ്റിദ്ധരിച്ചോ എന്തോ!

അടുത്ത നിമിഷം "അയ്യോ എന്റള്ളോ, ഞാന്‍ ചത്തേ" എന്ന അലര്‍ച്ചയാണു പടക്കത്തിന്റെ ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ അവിടെ കേട്ടത്‌. വേദന സഹിക്കാനാവാതെ ആലി ഷര്‍ട്ടില്‍ പിടിച്ച തീ കെടുത്താന്‍ മുറ്റത്തെ പൂഴിയില്‍ വീണുരുണ്ടു. ഇറാഖിലും ശ്രീലങ്കയിലുമൊക്കെ ചാവേര്‍ബോമ്പുകള്‍ എത്ര വേദന സഹിക്കുന്നുണ്ടെന്നു ആലിക്കു വ്യക്തമായും മനസ്സിലായിക്കാണണം!

മുറ്റത്തൊരുത്തന്‍ കിടന്നുരുളുന്നതാണു രാജപ്പേട്ടനും ചുറ്റുവട്ടത്തെ വീട്ടുകാരുമെല്ലാം ഓടി വന്നപ്പോള്‍ കണ്ടത്‌. പെട്ടെന്നു തന്നെ ഒരു ബക്കറ്റു വെള്ളമൊഴിച്ച്‌ ആലിയെ രക്ഷപ്പെടുത്തിയ ശേഷം "തന്റെ വീട്ടു മുറ്റത്ത്‌ അര്‍ദ്ധരാത്രിക്ക്‌ നിനക്കെന്തു കാര്യം" എന്നു ചെകളേമ്മെ രണ്ടു കിണ്ണും കൂടി കൊടുത്ത്‌ ചോദിച്ചപ്പോള്‍ ആലി എല്ലാം കിളി പറയും പോലെ പറഞ്ഞു! ഷോ കണ്ട കാര്യമടക്കം!

പക്ഷേ ഒരു കാര്യം മാത്രം അവിടെക്കൂടിയ ആര്‍ക്കും (രമേശനും സതീശനുമൊഴികെ) മനസ്സിലായില്ല...

പടക്കം എവിടന്നു വന്നു? ദൈവത്തിന്റെ കൈ? ചാത്തന്‍ ? ഒടിയന്‍ ? ഒരു തീരുമാനത്തിലെത്താതെ എല്ലാവരും പിരിഞ്ഞു പോയി.

തിരിച്ചു വന്ന്‌ പായില്‍ കിടക്കാന്‍ നേരം സതീശന്‍ ചേട്ടന്‍ രമേശനോടു മെല്ലെ പറഞ്ഞു.. "ഓലപ്പടക്കമായതു നന്നായ്യി, ഗുണ്ടായിരുന്നെങ്കില്‍ ..... ഹോ അവന്റെ ബോക്സോഫീസു പൊളിഞ്ഞു പോയേനേ"!

Read more...
© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.