-- എ ബ്ലഡി മല്ലു --

പാന്‍ പരാഗോ ഫോബിയ

Thursday, January 25, 2007

ഒരു “യങ്ങ്‌ മാന്‍" എങ്ങനെ ജീവിക്കണം എന്നതിന്റെ മകുടോദാഹരണമാണു ജയകുമാര്‍.

കോളേജില്‍ ഫസ്റ്റ്‌ ക്ലാസ്‌ തല്ലിപ്പൊളിയായിരുന്നിട്ടും തരക്കേടില്ലാത്ത മാര്‍ക്കോടെ പരീക്ഷയെന്ന കടമ്പകള്‍ കഴിഞ്ഞിട്ടും, രണ്ടു വര്‍ഷത്തോളം അഭ്യസ്തവിദ്യനായൊരു തൊഴില്‍ രഹിതനായി ജീവിക്കുവാന്‍ ജയനെ പ്രേരിപ്പിച്ചത്‌, കുടുംബത്തിലെ തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയായിരുന്നു.

സുന്ദരനും സത്സ്വഭാവിയും നാട്ടുകാര്‍ക്കു പ്രിയനുമായിരുന്ന ജയകുമാറിനു മദ്യപാനം, പുകവലി, ചീട്ടുകളി, എന്നിവയും അല്ലറ ചില്ലറ ഗുണ്ടായിസം, കുറച്ചു പുഷ്പനിസം, എന്നീ “ഇസം” ങ്ങളും ഒഴികെ വേരെ പ്രത്യേകിച്ചു സ്വഭാവ ദൂഷ്യങ്ങളൊന്നുമില്ല. ആകെ മൊത്തം ഒരു "റോള്‍ മോഡല്‍" എന്നു വിശേഷിപ്പിക്കാം.

അച്ഛനും അമ്മയും ഉയര്‍ന്ന നിലയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. രണ്ടുപേരും തിരുവനന്തപുരത്തായതിനാല്‍ ആഴ്ചയില്‍ ഒരിക്കലേ വരികയുള്ളൂ. കുമാരന്‍ ഒറ്റക്കു വീട്ടിലും. ഭക്തകുചേല, ജയ്‌ ഹനുമാന്‍, തുടങ്ങിയ ഭക്തി സിനിമകളുടെ പ്രദര്‍ശനം, ബീഡിവലി, മദ്യപാനം എന്നീ സോഷ്യല്‍ ആക്റ്റിവിറ്റീസ്‌ ആരുമറിയാതെ നടത്താമെന്നൊരു അഡ്വാന്റേജ്‌ ഈ വീട്ടില്‍ നടത്താമെന്നുള്ളതിനാല്‍, ജയകുമാറിനു നാട്ടില്‍ വളരേയധികം ഫ്രന്റ്സ്‌ ഉണ്ടായിരുന്നു. രാവിലെ ഒമ്പതുമണിയാവുന്നതോറ്റെ സെക്രട്ടറിയേറ്റിനു മുന്നിലേക്കു പല പല ജാഥകള്‍ക്കും സത്യാഗ്രഹങ്ങള്‍ക്കുമായി പാര്‍ട്ടിക്കരെത്തിച്ചേരുന്നതു പോലെ കുമാരന്റെ വീട്ടിലേക്കു ചെറുപ്പക്കാര്‍ എത്തിത്തുടങ്ങും.

ഈനാമ്പേച്ചിക്കു മരപ്പട്ടി കൂട്ട്‌ എന്ന പോലെ, കുമാരന്റെ സോള്‍ ഗെഡിയാണു പ്രവീണ്‍. കോളേജിലെ ക്ലാസ്‌ മേറ്റും, ബാറിലെ ഗ്ലാസ്‌ മേറ്റും, ഗിരിജയിലെ ഫിലിം മേറ്റും ഒക്കെയായിരുന്ന അവര്‍ ഇണപിരിയാത്ത കൂട്ടുകാരായിരുന്നു.

പ്രവീണിനെപ്പറ്റി പറയുകയാണെങ്കില്‍, ആളൊരു പാവമാനെങ്കിലും, ജയകുമാരന്റെ ധൈര്യത്തിന്റെ തണലില്‍ അല്‍പ സ്വല്‍പം തന്റേടമൊക്കെ കാണിച്ചുകൊണ്ടിരുന്നു. ജയകുമാരന്റെ എല്ലാ സ്വഭാവഗുണങ്ങളും, അഡീഷണലായി, മുട്ടനാടു പ്ലാവില ചവക്കുന്നമാതിരി, താടിയെല്ലുകള്‍ക്കു വിശ്രമം കൊടുക്കാതെ, പാന്‍ പരാഗു ചവക്കുന്ന ശീലംകൂടിയുണ്ട്‌ പ്രവീണിനു.

അങ്ങനെയൊരു ദിവസം...
തൃശ്ശൂര്‍ ടവുണില്‍ നിന്നും എന്തോ കുരുത്തക്കേടും ഒപ്പിച്ച്‌ രണ്ടു പേരും കൂടി ബൈക്കില്‍ വീട്ടിലേക്കു തിരിച്ചുവരുന്ന നേരം. അയ്യന്തോള്‍ ജങ്ക്ഷനില്‍ വച്ച്‌ ചെറുതായി മഴ പൊടിഞ്ഞു തുടങ്ങി. വീട്ടിലേക്കു ഇനിയും രണ്ടു കിലോമീറ്ററുണ്ട്‌. മഴ കൊണ്ടു ജലദോഷമെങ്ങാന്‍ വന്നാല്‍ സ്മോളടി മുടങ്ങുമല്ലോ എന്നോര്‍ത്ത രണ്ടു പേരും ബൈക്ക്‌ സൈഡാക്കി ഒരു പെട്ടിക്കടയുടെ മുന്നില്‍ കയറി നില്‍പ്പായി.

ആ പെട്ടിക്കടയുടെ മുതലാളി "ബാബു"വായിരുന്നു. കരടിബാബു എന്ന ഇരട്ടപ്പേരുള്ള ബാബു, സ്ഥലം ഡീ.വൈ.ഏഫ്‌.ഐ പ്രവര്‍ത്തകനും, അത്യാവശ്യം തരികിടയുമായിരുന്നു. വീടിനോടു ചേര്‍ന്നുള്ള ഒരു ചെറിയ മുറിയിലാണു പെട്ടിക്കടയുടെ പ്രവര്‍ത്തനം. പ്രൊപ്രൈറ്റര്‍-കം സെയില്സ് മാനായി ബാബുച്ചേട്ടന്‍ തന്നെ!‍

കടയില്‍ തൂക്കിയിട്ടിരിക്കുന്നപാന്‍പരാഗുകള്‍ കണ്ടപ്പോള്‍, മുന്‍സിപ്പാലിറ്റി ചവറുകൂനയില്‍ പഴത്തൊലി കണ്ട കൊറ്റനാടിനെപ്പോലെ പ്രവീണ്‍ കടയിലേക്കു യാന്ത്രികമായി നടന്നു, എന്നിട്ട്‌ ഒരു പാന്‍ പരാഗു വാങ്ങി, അഞ്ചു രൂപ കൊടുത്തു.

ബാക്കി, 2.75 പൈസ തിരിച്ചു കിട്ടിയപ്പോള്‍ പ്രവീണ്‍ ബാബുവിനോടു ചോദിച്ചു. "ഇദെന്താ ഗെഡീ.. പാന്‍ പരാഗിനു 2 രൂപ അല്ലേ ബാക്കി 3 രൂപ തിരിച്ചു താ ചുള്ളാ.."

"ങേ"..സ്ഥലം ദാദയായ തന്നോടൊരു പീറ ചെക്കന്‍ 25 പൈസ തിരിച്ചു ചോദിക്കുന്നോ! ബാബുവിനു കലിയിളകി.

"ഇവിടെ പാന്‍ പരാഗിനു 2.25 രൂപ ആണു.. വേണെങ്കില്‍ വാങ്ങിച്ചിട്ടു പോടാ" പരുക്കന്‍ ശബ്ദത്തില്‍ ബാബു പ്രവീണിനോടു പറഞ്ഞു. ഇതു കേട്ടു കൊണ്ടു നിന്ന ജയകുമാര്‍ പ്രവീണിനെ നോക്കി പുച്ഛത്തിലൊന്നു ചിരിച്ചു. “എച്ചിത്തരം കാണിക്കുന്നോടാ ചെറ്റേ” എന്നാണാ നോട്ടത്തിന്റെ അര്‍ത്ഥമെന്നു പ്രവീണിനു മനസ്സിലായി.

"എനിക്കു വേണ്ടാ, ദാ പിടിച്ചോ നിന്റെ പാന്‍, എന്റെ കാശു തിരിച്ചു തന്നേ" അഭിമാനം വൃണപ്പെട്ട പ്രവീണ്‍ പാന്‍ തിരിച്ചു കൊടുത്ത്‌ പൈസാ തിരിച്ചു വാങ്ങിയതും, ബാബു പ്രവീണിനോടു പറഞ്ഞു "ഇവിടെ നില്‍ക്കാതെ സ്ഥലം വിട്രാ മോനേ..".. പറയുക മാത്രമല്ല ലവനെ ചെറുതായൊന്നു തള്ളുകയും ചെയ്തു.

ഇതോടെ ജയകുമാരന്‍ പ്രശ്നത്തിലിടപെടുകയും, സംഗതി ഉന്തും തള്ളും ആവുകയും ചെയ്തു. മുഴുത്തേങ്ങകള്‍ പോലുള്ള മസിലുകള്‍ രണ്ടെണ്ണം നെഞ്ചത്തു കൈകളില്‍ ഓരോന്നും ഫിറ്റു ചെയ്ത്‌ കക്ഷത്ത്‌ കുരു വന്നപോലെ എയറും പിടിച്ചു നടക്കുന്ന അര്‍നോള്‍ഡ്‌ ഷ്വേസ്നഗര്‍ "കട്ട" ബാബുവിനു, ജയകുമാരനും പ്രവീണും വെറും അശുക്കളായിരുന്നെന്ന ഒറ്റക്കാരണത്താല്‍,അടുത്ത 2-3 സെക്കന്റിനകം തന്നെ രണ്ടെണ്ണവും പാര്‍ക്കു ചെയ്തിരുന്ന ബൈക്കിനരികിലേക്കു തെറിച്ചു വീണു. ഷര്‍ട്ടിലും പാന്റിലുമുള്ള മണ്ണും തുടച്ച്‌ രണ്ടെണ്ണവും എഴുന്നേറ്റു ബാബുവിനെ നോക്കി. പീടികപ്പലകകള്‍ പൂട്ടിയിടാനുള്ള നീളന്‍ കമ്പിയുമായി “പൂശാന്‍” റെഡിയായി നില്‍ക്കുന്ന ബാബുവിനെക്കണ്ടപ്പോള്‍ തിരിച്ചടിക്കാന്‍ തോന്നിയില്ലെന്നു മാത്രമല്ല, രണ്ടു പേര്‍ക്കും പെട്ടെന്നു തന്നെ സ്ഥലം കാലിയാക്കാനുള്ള ടെന്‍ഡന്‍സി വന്നു..

വൈകീട്ട്‌ ആല്‍ത്തറയില്‍ കൂടിയ അടിയന്തിര യോഗത്തില്‍ ഒരു "ഹണിബീ" യുടെ അകമ്പടിയോടെ "ബാബു പ്രശ്നം" ചര്‍ച്ചക്കിടുകയും, എല്ലാവരും കൂടി ബാബുവിനിട്ടൊരു പണികൊടുക്കാനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും ചെയ്തു.

പദ്ധതിപ്രകാരം, ആറു പേര്‍, ലോഡ്‌ ഷെഡ്ഡിങ്ങുള്ള സമയത്ത്‌ ബാബുവിന്റെ വീട്ടില്‍ ബൈക്കില്‍ ചെല്ലുന്നു, 3 പേര്‍ ബൈക്കില്‍ നിന്നിറങ്ങി വീട്ടില്‍ കയറി ബാബുവിനെ പൂശുന്നു, 5 മിനിറ്റ്‌ അടിക്കു ശേഷം അവര്‍ മടങ്ങുന്നു, സ്റ്റാര്‍ട്ടു ചെയ്തു നിര്‍ത്തിയിരിക്കുന്ന ബൈക്കില്‍ കയറി സ്ഥലത്തു നിന്നും സ്കൂട്ടാവുന്നു!

വണ്ടര്‍ഫുള്‍ ! എല്ലാവരും പ്രമേയം കയ്യടിച്ചു പാസാക്കി.. കൈ ഉയര്‍ത്താന്‍ ശേഷിയില്ലാതിരുന്ന ഒരുത്തന്‍ "ഗ്വാ" എന്ന ശബ്ദത്തില്‍ വാളു വച്ച്‌ പ്രമേയത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

പിറ്റേന്നു കൃത്യം 7.30 നു തന്നെ സംഘം ബാബുന്റെ പെട്ടിക്കട-കം-വീടിനു മുന്നിലെത്തി. 7.30 കറന്റു പോയതോടെ കടയടച്ച്‌ ബാബു വീട്ടിലേക്കു കയറിയതും, സംഘത്തിലെ മൂന്നുപേര്‍ വീട്ടു വാതില്‍ക്കല്‍ മുട്ടി. ജയകുമാരനും മറ്റു രണ്ടു പേരും ബൈക്കു സ്റ്റാര്‍ട്ടാക്കി റോഡരുകില്‍ തന്നെ നിന്നു. വാതില്‍ തുറന്നു കാര്യം തിരക്കിയ ബാബുവിനോട്‌ കുറച്ചു കാര്യങ്ങള്‍ സംസാരിക്കാനുണ്ട്‌, ഒന്നു പുറത്തോട്ടു വരാന്‍ പറഞ്ഞു.

സംഗതി എന്തോ അലമ്പു കേസാണെന്നു മനസ്സിലാക്കാന്‍ അലമ്പനായ ബാബുവിനു ലേശം ബുദ്ധിപോലും ഉപയോഗിക്കേണ്ടി വന്നില്ല. ഇവിടെ നിന്നു കാര്യം പറഞ്ഞാല്‍ മതി എന്ന ബാബു വചനങ്ങള്‍ കേട്ടതോടെ "വാടാ, അലക്കടാ അവനേ" എന്ന കമാന്റും കൊടുത്ത്‌ മൂവര്‍ സംഘം ബാബുവിന്റെ വീട്ടിലേക്കു തള്ളിക്കയറി.

"ഇടി വീണു" എന്നുറപ്പായ ബാബു “അയ്യോ എന്നെ കൊന്നേ” എന്നും പറഞ്ഞ്‌ വീടിനകത്തു കിടന്ന് ഓടുകയും ഓട്ടത്തിന്റെ പരിണിതഫലമായി ശരീരത്ത്‌ ആകെയുണ്ടായിരുന്നൊരു കൈലി ഊരിപ്പോകയും, തദ്വാര താല്‍ക്കാലികമായി ജൈനമതം സ്വീകരിച്ച് "ദിഗംബരനായിത്തീരുകയും" ചെയ്തു. “ഫ്രീഡം മൂവ്‌മെന്റിന്റെ“ ഒരു അടിയുറച്ച വക്താവായിരുന്നതിനാലും , ഇങ്ങനെയൊരു സിറ്റുവേഷന്‍ മുങ്കൂട്ടി കാണാതിരുന്നതിനാലും ബാബുച്ചേട്ടന്‍ വിത്തൌട്ട്‌ ആയിരുന്നു! (എന്തൊരു ദുഷ്ടന്മാരാണെന്നുനോക്ക്യേ.. ഒരു ചെറിയ ക്ലൂ എങ്കിലും കൊടുത്തിരുനെങ്കില്‍, ബാബുച്ചേട്ടന്‍ നല്ല പുത്തന്‍ വി.ഐ.പ്പി. ഫ്രഞ്ചിയെല്ലാമിട്ട്, അറ്റ്ലീസ്റ്റ് ഒരു കോണാനെങ്കിലുമിട്ട് ടിപ്പ്ടോപ്പായി ഇടിമേടിക്കാന്‍ റെഡിയായി നിന്നേനേ. ഇനി പറഞ്ഞിട്ടെന്തു ഫലം?.. ഇതൊക്കെ കാണാന്‍ യോഗം വേണം യോഗം! )

നയന്‍ താര, മമത ഇത്യാദി ലേറ്റസ്റ്റ് സെക്സി സെന്‍സേഷനുകളേയെല്ലാം തോല്‍പ്പിക്കുന്ന ബാബുവിന്റെ ശരീര പ്രദര്‍ശനത്തില്‍ യാതൊരു ശ്രദ്ധയും കൊടുക്കാതെ മൂന്നു പേരും ബാബുവിന്റെ സ്ഥാനത്തും അസ്ഥാനത്തുമുള്ള കട്ടകള്‍ ഇടിച്ചു ചവിട്ടി ശരിപ്പെടുത്തി. ഒരു ചെയ്ഞ്ചിനു വേണ്ടിം അതിലൊരുത്തന്‍ വീടിന്റെ ഒരു കോണിലിരുന്ന ബ്ലാക്ക്‌&വൈറ്റ്‌ ടിവി.യും തല്ലിപ്പൊളിച്ചു.

ഇതിനിടയില്‍, ചറപറാന്നു മഴപെയ്യും പോലുള്ള ആ തല്ലിന്റെ ആവേശത്തില്‍, ബാബുവിന്റെ ഭാര്യയും അമ്മയുമെല്ലാം ഉറക്കെ നിലവിളിക്കുന്നത്‌ അകത്തു കയറിയ മല്ലന്മാര്‍ ശ്രദ്ധിച്ചിരുന്നില്ല, അണ്‍ഫോര്‍ചുനേറ്റ്ലി, ചുറ്റുവട്ടത്തുള്ള നാട്ടുകാര്‍ അതു വെടിപ്പായി കേള്‍ക്കയും, വടി, വെട്ടുകത്തി എന്നീ ആക്സസറീസുമായി കുറച്ചുപേര്‍ "സേവ്‌-ബാബു" കര്‍മ്മപദ്ധതിയിലേക്കിറങ്ങി.

മുറ്റത്തുനിന്നും ഉച്ചത്തിലുള്ള കോലാഹലങ്ങള്‍ കേട്ടതോടെ ഇനിയിവിടെ നില്‍ക്കുന്നതു ബുദ്ധിയല്ലെന്ന് മനസ്സിലാക്കിയ അടിക്കാര്‍ അവശനായ ബാബുവിന്റെ സെക്സി-ബോഡിയും ഉപേക്ഷിച്ച്‌ ചാടിയോടി ബൈക്കില്‍ കയറി ബൈക്കുകള്‍ അയ്യന്തോള്‍ ലക്ഷ്യമാക്കി പറത്തി!

ബാബുവിന്റെ കൂട്ടുകാര്‍ ഒന്നു രണ്ടു പേര്‍ ബൈക്കുമെടുത്ത്‌ ഇവരെ പിന്തുടരുന്നതറിഞ്ഞതോടെ "പേ പേ" എന്ന ഉച്ചത്തില്‍ ഹോണ്‍ മുഴക്കി മൂന്നുബൈക്കുകളും ആംബുലസ്‌ സ്റ്റൈലില്‍ അയ്യന്തോള്‍ ജങ്ക്ഷനിലെത്തുകയും ശേഷം 3 വഴിക്കു പിരിഞ്ഞു പോകയും ചെയ്തു!

ഇവരെ പിന്തുടര്‍ന്നിരുന്ന ബാബുവിന്റെ കൂട്ടുകാര്‍ അയ്യന്തോളെത്തിയപ്പോഴേക്കും "ആടു കെടന്നോടത്ത്‌ പൂട പോലുമില്ല" എന്ന പോലെ ആരെയും കാണാതെ നിരാശരായി. പക്ഷേ ജങ്ക്ഷനില്‍ നിന്നിരുന്ന ഒരു ചേട്ടന്‍ നേരത്തെ പോയ മൂന്നു ബൈക്കുകളുടേയും മരണ വെപ്രാളം ശ്രദ്ധിക്കുകയും, അതിലൊന്നിന്റെ നമ്പര്‍ നോട്ടു ചെയ്തിട്ടുമുണ്ടായിരുന്നു.

ജയകുമാരന്റെ ജാതകപ്രകാരം കണ്ടകശ്ശനി അവന്റെ പോക്കറ്റിനകത്തു തന്നെ കിടന്നു കറങ്ങുന്ന കാലമായിരിക്കണം അത്‌. അല്ലാതെ, വഴിയില്‍ നിന്നിരുന്ന ചേട്ടന്‍ കൃത്യം ലവന്റെ ബൈക്ക്‌ നമ്പര്‍ തന്നെ നോട്ടു ചെയ്കയും, ബാബുവിന്റെ കൂട്ടുകാര്‍ കൃത്യമായി ഈ ചേട്ടനോടു തന്നെ വിവരം അന്വേഷിക്കുകയും ചെയ്യുമായിരുന്നോ? പടിഞ്ഞാറോട്ടാണ്‌ ആ സ്പ്ലെന്‍ഡര്‍ ബൈക്ക്‌ പോയിരിക്കുന്നതെന്നു, ആ ഏരിയാവില്‍ റെഡ്‌ കളറില്‍ സ്പ്ലന്‍ഡറുള്ള ഒരുത്തനേ ഉള്ളൂ എന്നു അവര്‍ ജങ്ക്ഷനിലുള്ളവരില്‍ നിന്നും മനസ്സിലാക്കി! അത്‌ ജയകുമാരന്റെ വണ്ടിയായിരുന്നു! അവര്‍ തിരിച്ചു പോകുകയും അടികൊണ്ടവശനായിക്കിടക്കുന്ന ദിഗംബര ബാബു സ്വാമികളെ അടുത്ത ഒരു ഹോസ്പിറ്റലില്‍ കൊണ്ടുപോവുകയും ചെയ്തു.

താനാണിതിന്റെ പിന്നില്‍ എന്നു ബാബുവിന്റെ ആള്‍ക്കാര്‍ക്കു മനസ്സിലായി എന്നറിഞ്ഞതോടെ ജയകുമാര്‍ പിറ്റേന്നു തന്നെ വീടു പൂട്ടി കൊച്ചിയിലെ ഒരു ബന്ധുവീട്ടിലേക്കു താമസം മാറി. ആരെങ്കിലും വന്നു ചോദിച്ചാല്‍ താന്‍ "ബോമ്പേക്കു പോയി" എന്നു പറയാന്‍ തറവാട്ടില്‍ താമസിക്കുന്ന അമ്മാവന്മാരോടു ശട്ടം കെട്ടുകയും ചെയ്തു

*** രംഗം-2 ***

ജയകുമാരനു രണ്ട്‌ അമ്മാവന്മാര്‍! അമ്മയേക്കാളും വളരേ പ്രായം കുറവായതിനാല്‍, ജയകുമാരനും അമ്മാവന്മാര്‍ക്കും പ്രായത്തില്‍ വല്യ വ്യത്യാസമില്ല. ഒരാള്‍, 8 വയസ്സിനു മൂത്തത്‌, മറ്റയാള്‍ 6 വയസ്സിനും. രണ്ടുപേരും താമസിക്കുന്നത്‌ ജയകുമാറിന്റെ വീടിനോടു ചേരെയുള്ള തറവാട്ടില്‍.

അന്നൊരു ശനിയാഴ്ച രാത്രി 8 മണി. അമ്മാവന്മാര്‍ രണ്ടു പേരും, പിന്നെ അവരുടെ നാലഞ്ചു ഗെഡികളും ചേര്‍ന്ന് വീക്കെന്‍ഡ്‌ ആഘോഷിക്കാനായി രണ്ടു കുപ്പികളും വാങ്ങി തറവാട്ടില്‍ ഒത്തു ചേര്‍ന്നു. അപ്പോഴാണു കോളിങ്ങ്‌ ബെല്‍ അടിക്കുന്നത്‌.

വാതില്‍ തുറന്ന ചെറിയമ്മാവന്‍ ഞെട്ടി. കീഴേക്കാവമ്പലത്തിലെ പറയെടുപ്പിനു വരുന്ന വെളിച്ചപ്പാടിനെ പോലെ, കൊടുവാളും പിടിച്ച്‌ രണ്ടു പേര്‍, പുറകെ, കത്തി, സൈക്കിള്‍ ചെയിന്‍ എന്നി പലവകകളുമായി മറ്റു നാലഞ്ചു പേര്‍!

കാര്യം തിരക്കിയ അമ്മാവനോടു ജയകുമാറിവിടെ ഇല്ലേടോ" എന്നും ചോദിച്ചുകൊണ്ട്‌ എല്ലാവരും അകത്തെക്കു കയറി. അകത്തിരുന്ന അമ്മാവനും ഗെഡികളും ഇതു കണ്ട്‌ വിറച്ചു!

രണ്ടു കുപ്പികളും അഞ്ചാറു പേരേയും കണ്ടതോടെ “ഇവരും ഒരങ്കത്തിനു തയ്യാറായിട്ടു തന്നെ“ എന്നു അകത്തു കയറിയ ഗുണ്ടാ സംഘം തെറ്റിദ്ധരിക്കുകയും, ചെറുതായൊന്നു പേടിക്കുകയും ചെയ്തു. തല്‍ഫലമായി സമാധാനത്തിന്റെ പാതയിലെത്തിയ അവര്‍ കാര്യങ്ങളെല്ലാം വ്യക്തമായി അമ്മാവന്മാരെ പറഞ്ഞു മനസ്സിലാക്കുകയും, തങ്ങള്‍ക്കു വേണ്ടത്‌ "ജയകുമാറിനെ"യാണെന്നും പറഞ്ഞ്‌ വീടുമുഴുവന്‍ പരിശോധിച്ചു. കൊച്ചിയില്‍ ഏതോ ഒരു ബാറിന്റെ മൂലയില്‍ ഒറ്റക്കിരുന്നു കള്ളടിക്കുന്ന കുമാരനെ തൃശ്ശൂര്‍ ജില്ലയിലെ ഒരു വീടിന്റെ കട്ടിലിനടിയില്‍ തപ്പിയാല്‍ എവിടെക്കിട്ടാന്‍?

വന്ന സംഘത്തിലെ രണ്ടു പേര്‍ മൂത്തമ്മാവന്റെ ഗെഡികളായതിനാല്‍, അദ്ദേഹം കാര്യം പറഞ്ഞു മനസ്സിലാക്കുകയും, പ്രശ്നം പിന്നീട്‌ ഒതുക്കിത്തീര്‍ക്കാമെന്നു ഉറപ്പു നല്‍കയും ചെയ്ത ശേഷമേ, വന്നവര്‍ പിരിഞ്ഞു പോയുള്ളൂ! പോകും മുന്‍പ് എല്ലാര്‍ക്കുമൊരു സ്മോളൊഴിച്ചു കൊടുക്കാണും കരുണാവാരിധിയായ മൂത്തമ്മാവന്‍ മറന്നില്ല!

രണ്ടു ദിവസത്തിനുശേഷം, സ്ഥലം ജയകുമാരന്റെ ബന്ധുകൂടിയായ ഏസ്‌.ഐ യുടെ നേതൃത്വത്തില്‍ നടത്തിയ ഒത്തു തീര്‍പ്പു ചര്‍ച്ചയില്‍ "അടിച്ചതിനു" നഷ്ടപരിഹാരമായി 4000 രൂപയും, ടി.വി. തല്ലിപ്പൊളിച്ചതു പകരമായി മറ്റൊരു നാലായിരം രൂപയും ചേര്‍ത്ത്‌ മൊത്തം 8000 രൂപ വാങ്ങിയ ശേഷമേ, ബാബുച്ചേട്ടന്‍ പരാതി പിന്‍വലിച്ചുള്ളൂ!

ഈ പ്രശ്നത്തിന്റെ പേരില്‍ ഇനി ജയകുമാറിനെ തിരിച്ചു തല്ലില്ല എന്നു എസ്സൈക്ക്‌ ബാബുച്ചേട്ടനും സംഘവും ഉറപ്പു നല്‍കിയ ശേഷമേ ജയകുമാര്‍ കൊച്ചിയില്‍ നിന്നും തിരിച്ചു വീടണഞ്ഞുള്ളൂ!

വെറും 25 പൈസക്കു വേണ്ടി 8000 രൂപ ചിലവാക്കിയ ബുദ്ധിയാലോചിച്ച്‌ ജയകുമാര്‍ ഇന്നും നെടുവീര്‍പ്പിടാറുണ്ട്‌. ആ നെടുവീര്‍പ്പിനു എസ്കോര്‍ട്ടായി, ഇതിനെല്ലാം കാരണക്കാരനായ പ്രവീണിനിട്ടു രണ്ടു തെറിയും!

പാന്‍പരാഗിന്റെ മാലകള്‍ പെട്ടിക്കടകളില്‍ തൂങ്ങിയാടുന്ന കാണുമ്പോഴൊക്കെ മേല്‍പ്പറഞ്ഞ രണ്ടും ഡീഫോള്‍ട്ടായി ജയകുമാറില്‍ നിന്നുയര്‍ന്നു കേള്‍‍ക്കാം!

Read more...

നിഷ്കളങ്കന്‍

Thursday, January 11, 2007

സുകുവിന്റെ മറുപടിക്കത്ത് വായിച്ച രാജു തുള്ളിച്ചാടി. ഇതു സത്യമോ മിഥ്യയോ എന്നു നോക്കാന്‍ ഇടത്തേക്കാലു പൊക്കി വലത്തേക്കാല്‍പ്പത്തിയില്‍ നല്ല ഉഗ്രനൊരു കിക്കു കൊടുത്തു. "ഔ" സത്യം തന്നെ, എന്തൊരു വേദന, പണ്ടാരമടങ്ങാന്‍!

"അങ്ങനെ താനും ബോംബേക്കു പോകുന്നു"!

വല്യമ്മേടെ മോനാ സുകുച്ചേട്ടന്‍. പറഞ്ഞിട്ടെന്താ, അവരു പണ്ടേ കാശുള്ളോര്‌, സുകുചേട്ടനെ പണം മുടക്കി മറൈന്‍ എന്‍ജിനീയറാക്കി, അങ്ങേര്‍ക്കു ബോമ്പേയില്‍ നല്ല അസ്സലു ജോലിയും.

ഇവിടെ, രാജുവിന്റെ അച്ഛനാണെണെങ്കില്‍, ആകെ രണ്ടു പറ കൃഷിയും രണ്ടു പയ്യും മാത്രം. ഒരു എന്‍ജിനീയറാവണം എന്നു താന്‍ ആഗ്രഹിക്കുമ്പോഴും മനസ്സു പറയും "അതു നടക്കില്ലടാ മോനേ, അതൊക്കെ കാശുകാര്‍ക്കു പറഞ്ഞിട്ടുള്ളതാ".

ഈ ആഗ്രഹം വീട്ടില്‍ പറഞ്ഞാല്‍ അവിടന്നുള്ള പരിഹാസമാണു സഹിക്കാന്‍ പറ്റാത്തത്‌. മകനെ പഠിപ്പിക്കാന്‍ കാശില്ല എന്ന സത്യം മറച്ചു വക്കാന്‍ അച്ഛന്റെ ഒരു മുടന്തന്‍ ന്യായീകരണമുണ്ട്‌ "പത്താംക്ലാസ്സു തോറ്റാല്‍ എന്‍ജിനീയറിങ്ങിനു അഡ്മിഷന്‍ കിട്ടില്ലടാ കന്നാലീ, ആദ്യം നീയതു പാസാവ്‌" എന്ന്!

പാസായാലും ഇതൊന്നും നമുക്കു പറഞ്ഞിട്ടുള്ളതല്ല, എന്ന മനോവിഷമം മൂലമാണു ഓരോതവണയും താന്‍ എസ്‌.എല്‍.സി തോല്‍ക്കുന്നതെന്നു ഈ കണ്ട്രി ഫെല്ലോസ്‌ എന്നു മനസ്സിലാക്കും?

പാടത്തെ പണിയും, പയ്യിനെ കറക്കല്‍ കുളി എന്നീ ബ്ലൂകോളര്‍ ജോലിയിലൊന്നും സുകുവിനു താല്‍പ്പര്യമില്ല. എന്തെങ്കിലും ഒരു ട്രേഡ്‌ ആയിക്കോട്ടെ എന്നു കരുതിയാണ്‌ രണ്ടാം തവണയും പത്തില്‍ തോറ്റപ്പോള്‍ അച്ചുക്കരുവാന്റെ വര്‍ക്ക്ഷോപ്പില്‍ പാര്‍ട്ട്‌ ടൈം ജോലിക്ക്‌ പോയത്‌. അവിടെനിന്നാല്‍ വെല്‍ഡിങ്ങു പഠിപ്പിക്കാമെന്നു ഉസ്താദ്‌ ഏറ്റിരുന്നു.

പണിതൊടങ്ങിയശേഷമണു കരുവാന്‍ രാജുവിനൊട്ടൊരു "പണി" കൊടുത്തതാണെന്ന സത്യം അവന്‍ മനസ്സിലാക്കുന്നത്‌. വെല്‍ഡിങ്ങു പഠിപ്പിക്കല്‍ പോയിട്ട്‌ അതിനെ റാഡില്‍ തൊടാന്‍ പോലും രാജുവിനായില്ല. വര്‍ക്ഷോപ്പിലെ തൂപ്പുപണിയും, ഇരുമ്പു ചുമക്കലുമായി രാജുവിന്റെ കറുത്ത ശരീരം കാരിരുമ്പു സമമായതു മിച്ചം.

അങ്ങനേയിരിക്കുമ്പോഴാണു, ആദ്യമായിട്ടൊന്നു വെല്‍ഡീങ്ങിനുള്ളാ ചാന്‍സ്‌ രാജുവിനു ലഭിച്ചത്‌. ദെവസോം 11 മണിക്ക്‌ തന്തപ്പടിക്ക്‌ ചോറും കൊണ്ടു വരുന്ന കരുവാന്റെ മകളു രജനിയുമായിട്ട്‌! കരുവാന്റെ ശ്രദ്ധ തിരിയുമ്പോള്‍ രജനിക്കിട്ട്‌ ചെറുതായി എര്‍ത്തു കൊടുത്തുകൊണ്ടാണ്‌ രാജു വെല്‍ഡിങ്ങിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത്‌.

ഒരു ദിവസം കരുവാന്‍ രാജുവിന്റെ എര്‍ത്തിങ്ങ്‌ കണ്ടു പിടിച്ചു! 'യുറേക്കാ.... ഞാന്‍ നിന്നേയിന്നു കൊല്ലുമെടാ %^$$$&% " എന്നും അലറിവിളിച്ചുകൊണ്ട്‌, ആസനത്തില്‍ തീപിടിച്ച ആര്‍ക്കമിഡീസിനെപ്പോലെ സ്ഥലകാലബോധമില്ലാതെ കയ്യില്‍ക്കിട്ടിയ ഇരുമ്പു ദണ്ഡുമായി, ഉടുത്തിരുന്ന അരത്തോര്‍ത്തുമായി കരുവാന്‍ രാജുവിനെ ഒന്നരക്കിലോമിറ്റര്‍ ഓടിച്ചു.

"ഓട്ടത്തില്‍ ഞാനാ ഉസ്താദ്‌" എന്നു തെളിയിച്ചുകൊണ്ട്‌, കരുവാനെ ബഹുദൂരം പിറകിലാക്കി രാജു ഒരു പൊട്ടു പോലെ മായുന്ന കണ്ട കരുവാന്‍ "ഇനിയീ ഏരിയാവീക്കണ്ടാ നിന്റെ സൈലന്‍സറു ഞാനൊടിക്കുമെടാ" എന്ന ഭീഷണിയും മുഴക്കി തിരിച്ചു വര്‍ക്ക്ഷാപ്പിലേക്കു നടന്നു. ചെന്നു, എര്‍ത്തിങ്ങ്‌ വാങ്ങി തരിച്ചു നില്‍ക്കയായിരുന്ന രെജനിയുടെ ചെഗളക്ക്‌ രണ്ടെണ്ണം പൊട്ടിച്ചു.

അങ്ങനെ നാട്ടുകാരില്‍ നിന്നും അടി വീഴാനും വീഴാതിരിക്കാനും സാധ്യതയുണ്ട്‌ എന്ന അവസ്ഥയിലിരിക്കുമ്പോഴാണു, രാജുവിന്റെ അമ്മ സുകുവിനോട്‌ "ഈ കുരിശിനെ എങ്ങനേലുമൊന്നു കൊണ്ടു പോടാ മോനേ" എന്നു കരഞ്ഞപേക്ഷിക്കുന്നത്‌. ചെറിയമ്മയുടെ ദീനരോദനങ്ങള്‍ക്കുപരി, തന്റെ ബാല്യകാലസുഹൃത്ത്‌ എന്ന പരിഗണനകൂടി കൊടുത്താണു സുകു രാജുവിനെ ബോമ്പേക്കു കൊണ്ടു പോകുന്നത്‌.

രണ്ടുദിവസത്തെ റെയില്‍ യാത്രക്കു ശേഷം ബോമ്പേയിലെത്തിയ രാജു മഹാനഗരം കണ്ട്‌ അത്ഭുതപരതന്ത്രകുന്ത്രനായി. രണ്ടു ദിവസം ഫ്ലാറ്റില്‍ ചൊറിയും കുത്തിയിരുന്നപ്പോള്‍, പഴയ വെല്‍ഡിങ്ങായിരുന്നു നല്ലതെന്നു രാജുവിനു തോന്നി. മൂന്നാം ദിവസം സുകു ജോലി കഴിഞ്ഞ്‌ മടങ്ങി വന്ന് രാജുവിനോടു പറഞ്ഞു "ഡാ, മ്മക്ക്‌ പോയി രണ്ടു സ്മാളടിച്ച്‌ , വല്ലോം ഞണ്ണീട്ട്‌ വരാഡാ ഗെഡീ.."

"ശരി ചേട്ടാ" എന്നും പറഞ്ഞ്‌ പാന്റും കേറ്റി രണ്ടുപേരും ഇറങ്ങിപ്പുറപ്പെട്ടു.

ചെക്കന്‍ ആദ്യായിട്ട്‌ വന്നതല്ലേ, പരിപാടി ഗ്രാന്‍ഡായിക്കോട്ടേന്നു കരുതി നല്ല ഒന്നാം തരമൊരു ഫൈവ്‌ സ്റ്റാര്‍ ഹോട്ടലിലെ റസ്റ്റോറന്റിലേക്കാണു സുകു പോയത്‌. ഹോട്ടലിന്റെ വാതില്‍ക്കല്‍ തന്നെ കിരീടവും ചെങ്കോലും ഉടവാളുമെല്ലാം ധരിച്ചു നില്‍ക്കണ സെക്യൂരിറ്റി സര്‍ദാര്‍ജിയെക്കണ്ട രാജു ഒന്നു നിന്നു തുറിച്ചു നോക്കി. അയാള്‍ പറഞ്ഞു."ഗുഡീവനിങ്ങ്‌ സാര്‍"

"നീയെന്നെ ഹിന്ദിയില്‍ തെറി പറയും അല്ലേ, നിന്നെ ഞാന്‍ പിന്നെ എടുത്തോളാം" എന്നാണോ അതിനു മറുപടിയായി രാജു മനസ്സില്‍ പറഞ്ഞത്‌.. ആ?

ഇതു സുകു ചോദിച്ചു "എന്തിനാടാ നീ അയാളെ തുറിച്ചു നോക്കണേ?"

"അല്ല ചേട്ടാ ഇയാളെന്തിനാ രാജാവിനെപ്പോലെ വേഷം കെട്ടി ഇവിടെ നില്‍ക്കുന്നേ?"

രാജുവിന്റെ ചോദ്യം കേട്ട സുകു മനസ്സിലോര്‍ത്തു "മരങ്ങോടന്‍.."

"എടാ രാജൂ, അയാളീ ഹോട്ടലിന്റെ ഉടമസ്ഥനാ, എന്റെ ഫ്രന്റാ നമ്മളെ സ്വീകരിക്കാനല്ലേ അയാളീ വാതിക്കല്‍ തന്നെ നില്‍ക്കുന്നത്‌" സുകു പറഞ്ഞു

"ഹോ, ചേട്ടനാളൊരു പുലിയാണല്ലേ.." ഓസില്‍ക്കിട്ടിയൊരു പുകഴ്ത്തല്‍ സുകു വാങ്ങി പോക്കറ്റിലിട്ടു. രണ്ടു പേരും അകത്തു കയറി ഒരുടേബിളിനു ചുറ്റുമിരുന്നു.

"ഹൌ, എന്തൊരു തണപ്പാല്ലേ ചേട്ടാ , അതെന്താ ഇവിടെ മാത്രം ഇത്ര തണുപ്പ്‌, പുറത്തില്ലല്ലോ.." ഏസീ റൂമിനെപറ്റി ഇതുവരെ കേള്‍ക്കാത്ത രാജുവിന്റെ പരാതികേട്ട സുകു കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു.

ഇതെന്താ ചേട്ടാ, ഈ തൊപ്പി വച്ചിരിക്കുന്നേ?" മേശപ്പുറത്ത്‌ ചുരുട്ടി കോണ്‍ രൂപത്തില്‍ വച്ചിരിക്കുന്ന ടവല്‍ നോക്കി രാജു ചോദിച്ചപ്പോള്‍ സുകു പറഞ്ഞു.

"അതെടുത്ത്‌ തലയില്‍ വയ്ക്കണം, നീ എടുത്തു വച്ചേ, നോക്കട്ടേ"

"ഓക്കേ" കൂമ്പാളത്തൊപ്പിയെടുത്ത്‌ തലയില്‍ വച്ച്‌ മഹാരാജനെപ്പോലിരിക്കുന്ന രാജുവിനെക്കണ്ട്‌ സപ്ലയര്‍ക്കു ചിരിപൊട്ടിയെങ്കിലും, സുകുവിന്റെ നോട്ടം കണ്ട്‌ അയാള്‍ ചിരിയൊതുക്കി. അടുത്ത മേശമേലിരിക്കുന്നവരും തന്നെ നോക്കി ചിരിക്കുന്ന കണ്ട രാജുവിനു എന്തോ പന്തികേടു തോന്നിയപ്പോള്‍ ചുള്ളന്‍ അതു മെല്ലെ തിരിച്ചു മേശപ്പുറത്തു വച്ചു.

രണ്ടു സ്മോളും, പിന്നെ, ഭക്ഷണവും കഴിച്ച്‌ വെയിറ്റര്‍ ഒരു ബൌളില്‍ ചെറു ചൂടുവെള്ളവും, ഒരു ലെമണ്‍ പീസും കൊണ്ടു വച്ചതു കണ്ട രാജുവിന്റെ സംശയക്കുരു വീണ്ടും പൊട്ടിമുളച്ചു. "ഇതെന്തിനാ ചേട്ടാ"

"ഇതു നാരങ്ങാവെള്ളം ഉണ്ടാക്കാനാടാ, നീ പിഴിഞ്ഞു കുടിച്ചോ"

പറഞ്ഞവസാനിച്ചതും രാജു നാരങ്ങായെടുത്ത്‌ പിഴിഞ്ഞു. ഒറ്റതുള്ളി ബാക്കിയില്ലെന്നുരപ്പു വരുത്തി നാരങ്ങാത്തോട്‌ മേശപ്പുറത്തിട്ട്‌, ബൌളിലോട്ട്‌ കുറച്ഗ്ച്‌ ഉപ്പും ചേര്‍ത്ത്‌, ഒരൊറ്റവലി! ടംബ്ലര്‍ കാലി!

എത്ര ശ്രമിച്ചിട്ടും അപ്പോള്‍ വന്ന ചിരി സുകുവിനു നിയന്ത്രിക്കാനായില്ല. സുകുചേട്ടനും, അപ്പുറത്തെ ടേബിളിലിരിക്കുന്നവരും ആര്‍ത്തു ചിരിക്കുന്നതിന്റെ പൊരുള്‍ രാജുവിനു മനസ്സിലായത്‌, ആ ബൌളിലോട്ട്‌ കയ്യിട്ട്‌ സുകു ചേട്ടന്‍ കൈ കഴുകുന്നതു കണ്ടപ്പോഴാണ്‌.

കൂര്‍ത്തമുഖവുമായി പുറത്തിറങ്ങുമ്പോള്‍, സെക്യൂരിറ്റി സര്‍ദാര്‍ജി രാജുവിനോടു പറഞ്ഞു "ഓക്കേ സാര്‍, ബൈ ബൈ..."

"യെവനൊക്കെ എവടത്തെ ഹോട്ടല്‍ മൊതലാളിയാടേയ്‌" എന്ന രീതിയിലൊരു നോട്ടം നോക്കി നടന്ന രാജുവിനു പുറകില്‍ കൂട്ടച്ചിരികള്‍ ഉയരുമ്പോള്‍ അയാള്‍ മനസ്സിലോതി "അല്ലേലും നിഷ്കളങ്കര്‍ക്കുള്ളതല്ല ഈ ലോകം"...

Read more...
© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.