-- എ ബ്ലഡി മല്ലു --

ഗാന്ധിമാര്‍ഗം കാടന്‍ സജി

Friday, June 15, 2007

ക്വിന്റല്‍ കണക്കിനു പ്രതീക്ഷകളുമായാണു 1990 ഇല്‍ മഹാരാജാസ് ടെക്‍നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കു കാലെടുത്തു വച്ചത്. റാഗിങ്ങ് ചെയ്യുവാനായി കഴുകന്‍ കണ്ണുകളുമായി കാത്തിരിക്കുന്ന സീനിയേഴ്സിന്റെ ഇടയിലേക്ക് വിറക്കുന്ന മുട്ടുകളുമായി എടുത്തു വച്ച വലതു കാലും അതേലിട്ടിരുന്ന പാരഗണ്‍ ഹവായും ലാന്‍ഡു ചെയ്തത്, പ്യൂണ്‍ അന്തോണ്യേട്ടന്‍ ഗെറ്റടക്കാത്തതു മൂലം തലേന്നു രാത്രി കോളേജു മുറ്റത്ത് ചെമ്പുക്കാവ് ജങ്ക്ഷനിലെ ഏതോ ചാവാലിപ്പശു ഡൌണ്‍ലോഡു ചെയ്തുവച്ചിരുന്ന ഒരു കുന്തി ചാണകത്തിലേക്കാണ്.

“ പ്ലീ.... “

തലക്കകത്തിരിക്കുന്ന പ്രതീക്ഷകളുടെ ഭാരംകൊണ്ടോ എന്തോ, ചാണകം ആ കാല്‍‌വയ്പ്പില്‍ ചിതറിത്തെറിച്ചു. വരാനിരിക്കുന്ന ഒത്തിരി “പ്ലീ” (സപ്ലീ‌ കളുടെ ഒരു സൂചനയാണോ അതെന്നു ഞാന്‍ ഭയന്നു.

കാലം കടന്നു പോയി. ദൈവസഹായം കൊണ്ട് അവസാന വര്‍ഷം വരെ സപ്ലികളൊന്നുമില്ലാതെ കടന്നുപോയ്ക്കൊണ്ടിരുന്നു. ഫൈനലിയര്‍ എക്സാംസ് അടുത്തു വരുന്നു. കോളേജ് ടീം ക്രിക്കറ്റില്‍ ചാമ്പ്യന്മാരാവുന്നതും, എനിക്കു കിട്ടുന്ന 70 ഗ്രേസ്മാര്‍ക്ക് തോല്‍ക്കുന്ന വിഷയങ്ങളിലേക്കു ചേര്‍ത്ത് ഞാന്‍ പാസാവുന്നതും തുടര്‍ന്ന് അതിഭീകരമായൊരു പോസ്റ്റില്‍ ഏതോ കമ്പനിയിലെ റിവോള്‍വിങ്ങ് ചെയറില്‍, ഫുള്‍ സൂട്ടില്‍ പൈപ്പു കടിച്ചു പിടിച്ച് എന്റെ പി.എ യെ ചീത്തവിളിക്കുന്നതുമെല്ലാം സ്വപ്നം കണ്ടിരുന്ന ഞാന്‍ കോളേജ് ക്രിക്കറ്റ് ടീം ആദ്യ റൌണ്ടില്‍ തന്നെ പുറത്തായപ്പോള്‍ ഞെട്ടി.

അതുവരേക്കും 50% അയ്യപ്പസ്വാമിയും, 40% ക്രിക്കറ്റ് കളിച്ചു കിട്ടുന്ന ഗ്രേസ് മാര്‍ക്കും 10% പഠിത്തവും മതി എന്ന പോളിസിയുമായി, ക്ലാസില്‍ കയറേണ്ട സമയത്ത് ഹോസ്റ്റല്‍ ഗ്രൌണ്ടില്‍ ഫ്രണ്ട്ഫൂട്ട് കവര്‍ ഡ്രൈവും, ജൂനിയര്‍ കിടാങ്ങ്ളെ പഞ്ചാരയടിച്ചും നടന്നിരുന്ന ഞാന്‍ പി,ബി യില്‍ നിന്നും സന്‍സ്പെന്‍ഷനിലായ പിണറയിയെപ്പോലെയായി. പഠിത്തമെന്ന “അച്ചുമ്മാനുമായി” നല്ല ടേംസില്‍ പോകുന്നതാവും ഭാവിക്കു നല്ലതെന്നു തിരിച്ചറിയാന്‍ സഹായിച്ച മറ്റൊരു സംഗതി, “70% മാര്‍ക്കില്ലാതെ വീട്ടിലേക്കു വരണ്ടാ” എന്ന പിതാശ്രീയുടെ താണുകേണുള്ള അപേക്ഷയുമാണ്. വയസ്സായവരുടെ ഓരോ ആഗ്രഹമല്ലേ, അല്ലാതെ പേടിച്ചിട്ടല്ല.

പിന്നെയങ്ങ് ഒരു പിടുത്തമല്ലാരുന്നോ? ഒരു വര്‍ഷത്തെ ഫുള്‍ സബ്ജക്റ്റ് ഒരൊറ്റ മാസത്തില്‍ തന്നെ ഓണ്‍ ദ റോക്ക്സില്‍ വീശിത്തുടങ്ങി. ഉറക്കം വരാതിരിക്കാന്‍ തണുത്തവെള്ളത്തില്‍ കാലു മുക്കിവച്ചും”കാജാ” ബീഡീകള്‍ വലിച്ചുവിട്ടും ഒരു വിധത്തില്‍ എല്ലാ സബ്ജക്റ്റുകളും കവര്‍ ചെയ്യുമ്പോള്‍, ഇത്രേം സബ്ജക്റ്റുകള്‍ സത്യത്തില്‍ സിലബസ്സിലുണ്ടോ എന്ന് സംശയിച്ചു പോയി. പ്രൊജക്റ്റ് വര്‍ക്ക് മറ്റു ടീം മേറ്റ്സ് വൃത്തിയായി ചെയ്തിരുന്നതിനാലും, പ്രാക്റ്റിക്കല്‍ /വൈവക്ക് ജങ്കുമാഷ് ആയിരിക്കുമെന്നതിനാലും അതില്‍ ടെന്‍ഷ്നുണ്ടായിരുന്നില്ല.

അങ്ങനെ പരീക്ഷകള്‍ എല്ലാം കഴിയാറാവുന്നു. എനിക്ക് അല്പം ബുദ്ധിമുട്ടായ സബ്ജക്റ്റുകളായ ഇന്‍ഡസ്റ്റിയല്‍ ഇലക്‍റ്റ്രോണിക്സ് പരീക്ഷക്ക് ഇടതു വശത്ത് സതീഷും നെറ്റ്വര്‍ക്ക് തീയറത്തിനു പുറകില്‍ ഷാജിയും ഇരുന്നതിനാല്‍ എല്ലാം ഡീസന്റായിരുന്നു.. അല്പസ്വല്പം കോപ്പറേഷന്‍. അല്ലാതെ കോപ്പിയടിയല്ല. ഇനി ഒരൊറ്റ പരീക്ഷ കൂടി മാത്രം.. ഇലക്‍ട്രോണിക്സ് ഡ്രാഫ്റ്റിങ്ങ് & ഡിസൈനിങ്ങ്”. എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും ഈസിയുമായ വിഷയം. അച്ഛന്റെ മിനിമല്‍ ടാര്‍ജറ്റായ 70% കിട്ടുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്ന ഒരേയൊരു സബ്ജക്റ്റ്. ഇതു പാസാവാന്‍ ഒരാളുടേയും സഹായം വേണ്ട.

ഡിസൈനിങ്ങ് പരീക്ഷക്ക് 5 ചോദ്യങ്ങള്‍ .. ഇതില്‍ ആദ്യത്തെ 4 ചോദ്യങ്ങളില്‍ ഏതെങ്കിലും 2 ചോദ്യം ഉത്തരമെഴുതിയാല്‍ മതി. 25 മാര്‍ക്കു വീതം. പിന്നെയുള്ളത് ചോദ്യം# 5 ..ഇതു മാന്‍ഡേറ്ററിയായി എഴുതണം.. 50 മാര്‍ക്ക്. ഈ ചോദ്യം മിക്കവാറും എല്ലാ വര്‍ഷം സെയിം ആയിരിക്കും.. അതായത് 6068 മിക്രോപ്രൊസസറിന്റെ ഇന്റേണല്‍ ഡയഗ്രം വരക്കുക. ഈ ഒരു ചോദ്യം നീറ്റായി എഴുതിയാല്‍ പാസാവുമെന്നു ഷുവര്‍ . അതുകൊണ്ട് ഞാന്‍ അതു മാത്രം പഠിച്ചു. ആ ഒരു ചോദ്യം വരച്ചു തീരാന്‍ കഷ്ടി ഒന്നര രണ്ടു മണിക്കൂര്‍ വേണം. പരീക്ഷ ആകെ മൊത്തം 3 മണിക്കൂര്‍ .

പരീക്ഷ ആരംഭിച്ചു. ആദ്യം തന്നെ ഞാന്‍ ചോദ്യം #5 ഇല്‍ പണി തുടങ്ങി. ബാക്കി നാലു ചോദ്യങ്ങളിലും എനിക്കു താല്പര്യമുണ്ടായിരുന്നില്ല, അല്ലാതെ അറിയാഞ്ഞിട്ടല്ല. ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞു. ചോദ്യം നമ്പ്ര-5 ന്റെ 80% ത്തോളം വച്ചു തീര്‍ന്നു.. ഒന്ന് കണ്ണോടിച്ച് നോക്കിയ ഞാന്‍ സ്വയം അഭിനന്ദിച്ചു.. നീറ്റ് & ക്ലീന്‍.. ഇതു വരച്ചു തീര്‍ന്നാല്‍ 45 മാര്‍ക്കെങ്കിലും കിട്ടും.!

ഇതിനിടയില്‍ പെന്‍സില്‍ താഴെ വീണതു കുനിഞ്ഞെടുത്ത് പൊങ്ങിയ ഞാന്‍ മുന്നിലുരുന്ന ആന്‍സര്‍ പേപ്പര്‍ കാണാതെ പരിഭ്രാന്തനായി. പറന്നു പോയോ? ചുറ്റും നോക്കിയപ്പോഴാണു വലതു വശത്തിരിക്കുന്ന സജി വര്‍ഗീസ് എന്ന കാടന്റെ ടേബിളില്‍ എന്റെ പേപ്പറിരിക്കുന്നു. ഞാന്‍ പെന്‍സിലെടുക്കാന്‍ കുനിഞ്ഞ തക്കത്തിനു എക്സാം സൂപ്പര്‍വൈസര്‍മാര്‍ കാണാതെ അവന്‍ പേപ്പര്‍ അടിച്ചു മാറ്റിയിരിക്കുന്നു.

“പേപ്പര്‍ താടാ നാറീ..” എന്നു ആംഗ്യഭാഷയില്‍ ഞാനവനോടാ‍വശ്യപെട്ടെങ്കിലും, “ഇതൊന്നു വരച്ചെടുത്ത് ഇപ്പോള്‍ തരാമെടാ“ എന്ന ആംഗ്യം തിരിച്ചുതന്നു അവന്‍ . ഞങ്ങള്‍ തമ്മിലുള്ള ആംഗ്യഭാഷാ സമ്പ്രേക്ഷണം പെട്ടെന്നു തന്നെ ഇന്റേണല്‍ എക്സാം സൂപ്പര്‍വൈസറായ ഉണ്ണികൃഷ്ണന്‍ എന്ന പപ്പുമാഷിന്റെ ശ്രദ്ധയില്‍ പെട്ടു!

ഓരോ പരീക്ഷക്കും 2 പേരാണു മോണിട്ടര്‍(സൂപ്പര്‍വിഷനായി).. പുറത്തെ കോളേജില്‍ നിന്നും ഒരു എക്സ്റ്റേണല്‍ മോണിറ്റര്‍ പിന്നെ ഒന്നു കോളേജിലെ തന്നെ ഏതെങ്കിലും ഒരു സാറും. ഉണ്ണികൃഷ്ണന്‍ മാഷും ഞാനും പണ്ടേ നല്ല ടേംസിലല്ല. സ്റ്റഡി ടൂറിനു പോയപ്പോള്‍ കൂടെ വന്നിരുന്ന ഈ മാഷോട് “ഒരു സ്മാളടിക്കുന്നോ സാറേ” എന്നു ചോദിച്ചതും , പുള്ളി പൊട്ടിത്തെറിച്ചതും പരസ്യമായ പരസ്യമാണ്.എനിക്കിട്ടൊന്നു പണിയാന്‍ കാത്തിരിക്കുന്ന സാറിനു ഒരു ഗോള്‍ഡന്‍ ചാന്‍സല്ലേ വന്നിരിക്കുന്നത്! സാര്‍ എന്റെ ടേബിളിനു സമീപം ഒരു സ്റ്റൂളെടുത്തിട്ട് അവിടെത്തന്നെയിരുന്നു..

ഈശ്വരാ.... എന്റെ ഡ്രോയിങ്ങ് ഭഗവാനേ... കൊഴഞ്ഞാ?
ആകെയറിയുന്ന ഒരു ഹോദ്യം, ഒന്നര മണിക്കൂറീലധികമെടുത്ത 80% വരച്ചു തീര്‍ന്ന ആ പേപ്പര്‍ സജി വര്‍ഗീസ് എന്ന കാടന്റെ കയ്യില്‍ .. വീണ്ടും തുടക്കം മുതല്‍ വരക്കാന്‍ സമയമില്ല... ബാക്കി 2 ചോദ്യങ്ങള്‍ വളരേ ഈസിയാണെങ്കിലും, ഉത്തരങ്ങള്‍ ഈസിയല്ല..

അനോണിക്കും വര്‍മ്മക്കുമിടയില്‍ പെട്ട ബ്ലോഗറെപ്പോലെ ഞാന്‍ വിയര്‍ത്തു.. പപ്പുവിന്റെ ഇരിപ്പു കണ്ടിട്ട്, ആ സ്റ്റൂളില്‍ വേരു മുളച്ചു പോലുണ്ട്.. അവിടന്നെനീക്കില്ല എന്ന റോളില്‍ .. സജിക്കാണെങ്കില്‍ പേപ്പര്‍ തിരിച്ചു തരണാമെന്നുണ്ട്.. പക്ഷേ പപ്പു കണ്ടാല്‍ രണ്ടു പേരും പുറത്താവും,... ഡീബാര്‍.. അതിലും നല്ലത് ഒരു വിഷയത്തില്‍ തോല്‍ക്കുന്നതാ... എനിക്കു തലകറങ്ങുന്ന പോലെ തോന്നി.. അല്ല ശരിക്കും കറങ്ങി..

തോറ്റ് വീട്ടില്‍ ചെല്ലേണ്ടാ... ബോമ്പേക്കു പോയാലോ? തൃശ്ശൂര്‍ റെയില്‍‌വേ സ്റ്റേഷനും, ജയന്തി ജനത്യുടെ ടൈമൊക്കെ വെറുതെ ആലോചിച്ചു.. അതോ പാളത്തില്‍ തലവക്കണോ? ടോട്ടല്‍ കണ്‍ഫ്യൂഷന്‍. ബാക്കി 2 ചോദ്യങ്ങള്‍ അറീയും പോലെ എഴുതിയെങ്കിലും ആ 2 ചോദ്യങ്ങള്‍ വച്ച് പരീക്ഷ പാസാവുമെന്നു ഒരുറപ്പുമുണ്ടായിരുന്നില്ല. സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങി...

“ണിം”
വാണിങ്ങ് ബെല്‍ കേട്ട ഞാന്‍ നെടുവീര്‍പ്പ്പിട്ടു. പരീക്ഷ തീരാന്‍ 15 മിനിറ്റ് കൂടി. അതിനകം ആന്‍സര്‍ പേപ്പര്‍ സൂപ്പര്‍വൈസര്‍മാര്‍ക്കു കൈമാറണം. പരീക്ഷ തോല്‍ക്കും എന്ന ഭീകര സത്യത്തിനുമുന്നില്‍ ഞാന്‍ പകച്ചു നിന്നു

അപ്പോഴാണു, പരീക്ഷയെഴുതി തീര്‍ന്ന ഒരുത്തന്‍ ആന്‍സര്‍ പേപ്പറ് കൊടുക്കാന്‍ എഴുന്നേത്. പേപ്പര്‍ വാങ്ങാനായി പപ്പു മാഷു സീറ്റില്‍ നിന്നും എണീറ്റു.. മാഷിന്റെ ശ്രദ്ധ എന്നില്‍ നിന്നും മാറിയെന്നറഞ്ഞ ആ ഒരു മില്ലി-മൈക്രോ സെക്കന്‍ഡില്‍ ....

ഫ്ലാഷടിക്കുന്ന വേഗത്തില്‍ 500 കെ.എം.പി.എച്ചില്‍ എന്റെ കൈ സജിയുടെ ടേബിളിലേക്കു നീണ്ടു , എന്റെ പേപ്പര്‍ സജി ടേബിളിന്റെ ഒരു വശത്തേക്ക് ഓള്‍‌റെഡീ നീക്കി വച്ചിരുന്നു.ഹാളിലെ ഒരു കുഞ്ഞു പോലുമറീയാതെ എന്റെ പേപ്പര്‍ “ടേബിള്‍ വിട്ട് ടേബിള്‍ ‍” മാറുന്ന മാജിക്കില്‍ വിജയിച്ചു. എന്റെ ആ സ്പീഡില്‍ സജിപോലും അത്ഭുതപ്പെട്ടു.

പേപ്പര്‍ തിരിച്ചു കിട്ടിയ ഞാന്‍ ഒന്നോടിച്ചു നോക്കി... ഇനിയും അരമണിക്കൂര്‍ വേണം ഇതു കമ്പ്ലീറ്റ് ചെയ്യാന്‍ 15 മിനിറ്റില്‍ പേപ്പര്‍ വാങ്ങാന്‍ പപ്പു മാഷു വരും... ഞാന്‍ ധൃതഗതിയില്‍ കഴിയുന്നിടത്തോളം പൂരിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ മണി മുഴങ്ങി.. “ണിം ണിംണിം..”

ഇത്രേം നേരം വെറുതെയിരിക്കയായിരുന്ന ഞാന്‍ കഴിഞ്ഞ 15 മിനിറ്റായി വളരേ ബിസിയായി പരീക്ഷയെഴുതുന്നതു കണ്ട പപപ്പു മാഷ് അത്ഭുതപ്പെട്ടോ? പരീക്ഷ പേപ്പര്‍ വാങ്ങാന്‍ എന്റെടുത്തു വന്ന മാഷിനോട് 5 മിനിറ്റു കൂടി സാര്‍ എന്നു പറഞ്ഞെങ്കിലും, എന്നെ വര്‍ഗശത്രുവായി പ്രഖ്യാപിച്ച പപ്പൂ ആ അപേക്ഷ നിരസിച്ചു. അതിനിടയില്‍ വന്ന എക്സ്റ്റേണല്‍ സൂപ്പര്‍വൈസര്‍ ദയ തോന്നി 5 മിനിറ്റ് കൂടി അനുവദിച്ചു... പൂര്‍ത്തിയാക്കാന്‍ പറ്റിയില്ലെങ്കിലും, പ്രധാനമായ പല കണക്ഷനുകളും വരക്കാന്‍ ആ 5 മിനിറ്റു സഹായിച്ചു.

പേപ്പര്‍ കൊടുത്ത് പരീക്ഷ ഹാള്‍ വിടുമ്പോള്‍ മനസ്സ് കൊടുമ്പിരികൊണ്ടു. ബാക്കി എല്ലാ വിഷയങ്ങളും ജയിക്കും.. ഏറ്റവും എളുപ്പമായിരുന്ന ഈ വിഷയത്തിനു തോറ്റ് ഒരു വര്‍ഷം ലാപ്സാവുന്ന കാര്യം....

പരീക്ഷ കഴിഞ്ഞാല്‍ ക്ലാസ്സിലെ എല്ലാവരും വട്ടം കൂടി നിന്നു അന്നന്നത്തെ സബ്ജക്റ്റുകളേയും ചോദ്യങ്ങളേയും പറ്റി ഒരു അവലോകനമുണ്ട്. ആ കൂട്ടത്തില്‍ സജി ഈ വിഷയം അവതരിപ്പിച്ചു (ഞാനപ്പോള്‍ അധികം കിട്ടിയ 5 മിനിറ്റില്‍ ഹാളില്‍ പരീക്ഷയെഴുതുകയായിരുന്നു) എല്ലാവരും സജിയെ കുറ്റപ്പെടുത്തുകയും, എന്ന ആശ്വസിപ്പിക്കാനുമായി കാത്തിരിക്കയായിരുന്നു. നിര്‍വികാരനായി നടന്നു വരുന്ന എന്റെ മുന്നില്‍ വന്നു നിന്ന് സജി പറഞ്ഞു...

“സോറീ ഡാ..”

“പ്‌ഠേ....”

ആ ശബ്ദം കേട്ട് ചുറ്റും നിന്നവര്‍ കണ്ണു ചിമ്മി.. കണ്ണു തുറന്ന അവര്‍ കണ്ടത്, ഇടത്തേ കരണം പൊത്തി നില്‍ക്കുന്ന സജിയേയും അവനെ തുറിച്ചു നോക്കി അക്ഷോഭ്യനായി നില്‍ക്കുന്ന എന്നെയുമാണ്. സജി പൊട്ടിക്കരഞ്ഞു...

“തല്ലഡാ.. തല്ല്/.. ഇനിയും തല്ല്, ഇവിടെ അടിക്ക്./ എന്നും പറഞ്ഞ് അവന്‍ വലത്തേ കരണം കാണിച്ചു തന്നു...

മൊട്ടത്തലയും. കണ്ണടയും വടിയുമൊക്കെയായി മഹാത്മാ ഗാന്ധി സ്റ്റൈലില്‍ നില്‍ക്കുന്ന ഗാന്ധിമാര്‍ഗം സജിയുടെ ചിത്രം എന്റെ മനസ്സില്‍ തെളിഞ്ഞു. ഒന്നും പറയാതെ അവനെ തള്ളി മാറ്റി, നിശബ്ദരായി നില്ക്കുന്ന സഹപാഠികള്‍ക്കിടയിലൂടെ നടന്നു നീങ്ങുമ്പോള്‍ എന്റെ മനസ്സ് ശൂന്യമായിരുന്നു.

* രണ്ടു മാസം കഴിഞ്ഞ് പരീക്ഷാഫലം വന്നപ്പോള്‍ 68% ശതമാനത്തോടെ എല്ലാ പരീക്ഷയും ജയിച്ചു. 70 മാര്‍ക്കെങ്കിലും കിട്ടുമെന്നു കരുതിയ ഡിസൈന്‍&ഡ്രാഫ്റ്റിങ്ങില്‍ എനിക്കു കിട്ടിയത് പാസ് മാര്‍ക്കായ 30 മാര്‍ക്ക്.. അതും ഇവാലുവേഷന്‍ നടത്തിയ ഏതോ നല്ല മനസ്സുള്ള മനുഷ്യന്‍ തള്ളിവിട്ടു ജയിപ്പിച്ചതാവാനേ തരമുള്ളൂ..

35 comments:

കുറുമാന്‍ said...

ഇഡിയേ, ഗഡിയേ, ഇഷ്ടായി.....ഇത്രയും പ്രശ്നങ്ങള്‍, പഠിക്കാന്‍ പോയാല്‍ വരുമെന്നുള്ളതിനാലല്ലെ, ഞാന്‍ പ്രിഡിഗ്രി പാസായപ്പോഴും വേണ്ട ഗ്രാഡുവേഷന്‍ പഠിച്ചിട്ടാണോ, വ്യാസന്‍ മഹാഭാരതം എഴുതിയതെന്ന തിരിച്ചറിവില്‍ ഡെല്‍ഹിക്ക് വണ്ടി വിട്ടത് :)

പ്യൂണ്‍ അന്തോണ്യേട്ടന്‍ ഗെറ്റടക്കാത്തതു മൂലം തലേന്നു രാത്രി കോളേജു മുറ്റത്ത് ചെമ്പുക്കാവ് ജങ്ക്ഷനിലെ ഏതോ ചാവാലിപ്പശു ഡൌണ്‍ലോഡു ചെയ്തുവച്ചിരുന്ന ഒരു കുന്തി ചാണകത്തിലേക്കാണ്.
= ഇതും കലക്കി.

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഇടിവാളേ ഇതൊരു നൊസ്റ്റാള്‍ജിറ്റ് പോസ്റ്റായിരുന്നല്ലോ, കുറ്ച്ചു സമയം കൊണ്ട് പഴയ പരീക്ഷാ ഹാളിലും, ഹാലിളകുന്ന എക്സാമിനര്‍മാരേയും ലാബ് എക്സാമും എല്ലാം മനസ്സിലോര്ത്തു. നന്നായിട്ടുണ്ട്. പിന്നെ "ഞാന്‍ പി,ബി യില്‍ നിന്നും സന്‍സ്പെന്‍ഷനിലായ പിണറയിയെപ്പോലെയായി.." അതും "അനോണിക്കും വര്‍മ്മക്കുമിടയില്‍ പെട്ട ബ്ലോഗറെപ്പോലെ ഞാന്‍ വിയര്‍ത്തു.. " ഇതും തകര്‍പ്പന്‍!

മെലോഡിയസ് said...

ഇടി ചേട്ടാ‍. നന്നായിട്ടുണ്ട് പോസ്റ്റ്..രസിച്ച് വായിച്ചൂട്ടാ.

ഓ.ടോ: റ്വെറും ചോദ്യം മാത്രം പല രീതിയില്‍ എഴുതി വെച്ച ഒരുത്തന്‍ എന്റെ പ്രീഡിഗ്രി ബാച്ചില്‍ നിന്ന് പാസ്സായിട്ടുണ്ട് (റിസള്‍ട്ട് വന്നപ്പോള്‍ അവന്‍ പറഞ്ഞത് ആണേ.അവന്റെ കൈയ്യിലിരിപ്പ് വെച്ച് അത് വിശ്വസിക്കാനേ തരമുള്ളൂ) വെറുതെ പഠിച്ച് എന്റെ സമയം കളഞ്ഞൂല്ലോന്ന് ആലോചിച്ച് അതോര്‍ത്ത് വിഷമിച്ചിട്ടുമുണ്ട്.

സുനീഷ് തോമസ് / SUNISH THOMAS said...

ഇടി ഗഡീ...
കലകലക്കന്‍..!!
തുടക്കമേ കലക്കി. ഡൗണ്‍ലോഡു ചെയ്തു വച്ച ചാണകം...!!! അലക്ക് തന്നെ!!

Jibu Gurukkal തണുപ്പന്‍ said...

ഇഡിഗഡ്ഇയേ....കുറേ കാലമായി ഞാന്‍ ഒരു കമന്‍റെഴുതിയിട്ട്, ഞാനും ഇപ്പൊ സ്റ്റേറ്റ് ലൈസന്‍സിങ്ങ് പരീക്ഷ കൊടുത്തുകൊണ്ടിരിക്കുവാ... എന്‍റെ സ്പെഷ്യലൈസേഷനായ സര്‍ജറിയി ഫുള്‍ മാര്‍ക്ക് വാങ്ങാനും അങ്ങനെ ഇമ്പ്രസ് ചെയ്ത് ഒരു ഗ്രാന്‍റ് ഒപ്പിക്കാനുമുള്ള എല്ലാ ശ്രമങ്ങളേയും താഴ്ത്തിയടിച്ചുകൊണ്ടാണ് എന്‍റെ സര്‍ജറി എക്സാം കഴിഞ്ഞത്. മറ്റാരൊക്കെയോ സഹായിച്ചു എന്ന കുറ്റം കൊണ്ട് എന്‍റെ പെര്‍ഫോമന്‍സ് 80% മാത്രമായി കമ്മീഷന്‍ കുറച്ചു. ഒട്ടും പ്രതീക്ഷിക്കാതെ തെറാപ്പിയില്‍ 100 %, ദേ ഇന്ന് കിട്ടി.നമ്മള്‍ ഒന്ന് ആഗ്രഹിക്കുന്നു, എക്സാമിനേറ്ററും കമ്മീഷനും മറ്റൊന്ന് തീരുമാനിക്കുന്നു. അത്രയേയുള്ളൂ ഈ പരൂഷകള്ളൊക്കെ.

Haree | ഹരീ said...

ഇതു കലക്കീല്ലോ... :)
--

വിന്‍സ് said...

കുറച്ചു വായിച്ചു.... ബാക്കി നാളെ ജോലിയില്‍ വച്ചിട്ട്. ഇടിവാളിന്റെ കോളേജ് കഥകളും അരവിന്ദിന്റെ സ്കൂള്‍ കഥകളും ആണു ഹാങോവര്‍ ആയി ജോലിയില്‍ ഇരിക്കുംബോള്‍ ഉള്ള ഒരു ആശ്വാസം. പിന്നെ ഇടിവാളിന്റെ ബ്ലോഗില്‍ നിന്നും നര്‍മ്മം എഴുതുന്ന പലരുടെയും ബ്ലോഗ് അഡ്രസ് കിട്ടി. അതിനു ശെരിക്കും താങ്ക്സ്.

ikkaas|ഇക്കാസ് said...

“പേപ്പര്‍ താടാ നാറീ..”
ഇതിന്റെ ആംഗ്യഭാഷ എന്തോന്നാ ഇടിവാളെ?
ചിത്രം വരച്ച് വിശദമാക്കാമോ?

വല്യമ്മായി said...

എന്തായാലും കടന്ന് കിട്ടിയല്ലോ.90 കാലഘട്ടത്തിലൊക്കെ ഇന്റല്‍ 8086 അല്ലെ സിലബസ്സില്‍? അതോ മോട്ടറോള(68000 സീരീസ്)യാണോ പഠിച്ചിരുന്നത്?

ഇടിവാള്‍ said...

അയ്യോ വല്യമ്മായി.. കറക്റ്റ്! 6068 അല്ല,, 8086 ആയിരുന്നു.. ഗാവൊങ്കറിന്റെ പച്ച ചട്ടയുള്ളൊരു ബുക്കും!

പഠിക്കുമ്പോ മര്യാദക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല എന്നിട്ടാ 15 വര്‍ഷത്തിനു ശേഷം ? എനിവേ താങ്ക്സ്!

** ഇക്കാസേ കുമാറണ്ണന്‍ വരച്ചു തരും... അല്ലേല്‍ കൊച്ചീല്‍ അങ്ങേരു കടയില്‍ വരുമ്പോ ആ ആംഗ്യം കാണിച്ചുതരാന്‍ പറയൂ.. ഞാന്‍ തന്നെ കാണിച്ചു തരണമെങ്കില്‍ ആഗസ്തു 15 വരെ വെയിറ്റു ചെയ്യൂ ;)

ദില്‍ബാസുരന്‍ said...

ഇടിഗഡീ,
താങ്കള്‍ എന്നെ സ്കൂള്‍കാലത്തേയ്ക്കാണ് കൂട്ടിക്കൊണ്ട് പോയത്. അവിടെ മാഫിയ അല്ലാരുന്നോ.. മാഫിയ. എന്ത് കേസുണ്ടായാലും സംഭവത്തില്‍ പങ്കില്ലെങ്കിലും ആള്‍ക്കാരെ കോണ്ടാക്ട്സ്/കൈയ്യിലിരിപ്പ് എനിക്കറിയാം എന്നുള്ളത് പരസ്യമായ രഹസ്യമായിരുന്നു. അപ്പൊ എല്ലാ ചോദ്യം ചെയ്യലിലും ഞാന്‍ കാണും. നമ്മള്‍ സ്ഥിരം ഗാന്ധിയായിരുന്നു.

“കുറ്റം ചെയ്തവരാരാണെന്ന് പറഞ്ഞില്ലെങ്കില്‍ ഇന്ന് ഒരുത്തനും പരീക്ഷയെഴുതില്ല“ എന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞാല്‍ അപ്പൊ എന്റെ ഉള്ളിലെ ഗാന്ധി ഉണരും. “സാറിന് കുറ്റവാളിയെ അല്ലേ വേണ്ടൂ. ഞാനാണ് അത് ചെയ്തത്. എന്റെ കൂട്ടുകാരുടെ പേര് പറയാന്‍ നിര്‍ബന്ധിയ്ക്കരുത്”.

പിന്നെ പുള്ളിയുടെ വക ഉപദേശമാണ് എന്നെ ഒറ്റയ്ക്ക് വിളിച്ചിട്ട്. “നീ കുറ്റം ചെയ്തിട്ടില്ല എന്നെനിക്കറിയാം പക്ഷെ ഇപ്പോള്‍ നീ നിന്റെ കൂട്ടുകാരെ രക്ഷിക്കുകയല്ല ദ്രോഹിക്കുകയാണ് ചെയ്യുന്നത്. അവര്‍ക്ക് തെറ്റ് തിരുത്താനുള്ള അവസരം നീ കളഞ്ഞു. നാളെ അവര്‍ നശിച്ചാല്‍ നീയാവും അതിനുള്ള ഉത്തരവാദി“ എന്ന്. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഈ വരികള്‍ സത്യം എന്ന് തോന്നാറുമുണ്ട്. ചില ഡാവുക്കളുടെ (എല്ലാരുടേം അല്ല) ഇപ്പോഴത്തെ സ്ഥിതി കാണുമ്പോള്‍ എനിക്കും അതില്‍ പങ്കില്ലേ 13/14 വയസ്സില്‍ എന്ന് കുറ്റബോധവും തോന്നാറുണ്ട്. (ഞാന്‍ സെന്റിയായോ..)

ഇടീ... നല്ല പോസ്റ്റ്.

ബീരാന്‍ കുട്ടി said...

ഇടിജീ,
ചോദ്യങ്ങള്‍ ഈസ്സിയണെലും ഒത്തരം ഈസിയല്ല. ഹ ഹ ഹ

ഈ പോസ്റ്റ്‌ വായിക്കരുത്‌ എന്ന് കരുതിയതാ, പിന്നെ എന്തിനാ വെറുതെ ഒരു നല്ല കോമഡികളയുന്നതെന്നോര്‍ത്ത്‌ വായിച്ചു.

എന്റെ വക ബെല്യ ഒരു ഇസ്മയ്‌ലി.

ചിരിച്ച്‌ ചിരിച്ച്‌ മണല്‌ തിന്നു. (ഇവിടെ മണ്ണില്ലാത്തതിന്റെ ഒരു സുഖം)

മൂര്‍ത്തി said...

കൊള്ളാം. രസമുണ്ട്...

sandoz said...

ഇഡിയേ,

njaan ethiittaa......
malayalam illaa.....ini malayalam kontubann irakkiittu venam kureeyennatthinte nenjumkuudu idicch kalakkan....

appo paranjapole......
jai jawan
jai kisaan....

കുട്ടമ്മേനൊന്‍::KM said...

ഇടീ കലക്കി. രസിച്ചു വായിച്ചു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ആദ്യം ബ്ലോഗിലു സങ്കുച്ചേട്ടനിട്ടു പൂശി- വയറ്റത്തടി.

പിന്നെ കാട്ടാളന്‍ ജോസിനെ ഉടുക്കു കൊട്ടി പേടിപ്പിക്കരുത് എന്ന ഭീഷണി..

ദേ ഇപ്പോള്‍ കൂട്ടുകാരന്‍ കാടന്‍ സജിക്കിട്ടും പൂശീരിക്കുന്നു.
എന്താ ബൂലോഗ ഗുണ്ടാപദവിക്ക് മത്സരിക്ക്വാണോ?

ഓടോ: കാത്തിരുന്നതു വെറുതേ ആയില്ലാട്ടോ തകര്‍പ്പന്‍ :)
ഓടോ 2: ദില്‍ബൂ ഈ ഉപദേശം നിന്റെ ഏതാ പോസ്റ്റിലു ഇല്ലേ.. നീയിത് ചില്ലറ വില്‍ക്കാന്‍ തുടങ്ങിയാ?

സങ്കുചിത മനസ്കന്‍ said...

കഥാശേഷം:
ഇടിവാള്‍ റിസള്‍ട്ടറിയാന്‍ വന്നത് ഒരു പോക്കറ്റില്‍ ഫുരുഡാന്‍ ഇഞ്ചക്റ്റ് ചെയ്ത കോഴിമുട്ട പുഴുങ്ങിയതും, മറ്റേ പാക്കറ്റില്‍ അച്ഛമ്മയുടെ താംബാളത്തിലെ മടക്കുകത്തിയുമായിട്ടായിരുന്നു. കാടന് ഒന്നുകില്‍ മുട്ടമിഴുങ്ങി (കൂടെ ഒരു പെഗ്ഗ് ഫ്രീ) സ്വയം ചാവാം. അല്ലെങ്കില്‍ ആ മൂര്‍ച്ചയില്ലാത്ത പേനാക്കത്തിയുടെ കൂര്‍ത്ത അറ്റം കൊണ്ട് കാടന്റെ മെഡുല ഒബ്ലാങ്കട്ടയുടെ ഇന്നര്‍ ഞെരമ്പായ ക്ലീസോറ്ക്രാഫിയ എന്ന വെയിന്‍ ഇടിവാള്‍ അതി സൂക്ഷ്മായി മുറിച്ച് പിടച്ചിലില്ലാതെ ചാകാം.

മുട്ട തന്നെ തിരഞ്ഞെടുക്കും എന്ന് ഞങ്ങള്‍ കരുതി.

കാടന്‍ റിസള്‍ട്ടറിയാന്‍ വന്ന് മൃഗശാലയുടെ മുന്നിലുള്ള മദിരാശിയുടെ മുന്നിലിട്ടിരിക്കുന്ന ഭീമാകാരമായ പൈപ്പിന്റെ ഉള്ളില്‍ ഒളിച്ചിരുന്നു. അപ്പോള്‍ ആരോ വാര്‍ത്ത എത്തിച്ചു. ഇടിവാള്‍ ജയിച്ചിരിക്കുന്നു എന്ന്. കാടന്‍ തുള്ളിച്ചാടി തലകുത്തി മറിഞ്ഞു. നാലു ചാട്ടത്തിന് നോട്ടീസ് ബോറ്ഡിന്റെ അവിടെ എത്തി ഇടിവാളിനെ ഉമ്മ വച്ചു. അവന്റെ പോക്കറ്റിലെ കോഴി മുട്ട കാടന്‍ എടുത്ത് മുകളിലേക്കെറിഞ്ഞു. മുട്ട താഴെ ലാന്‍ഡ് ചെയ്തപ്പോള്‍ മെക്കാനിക്കലുകാര്‍ വളര്‍ത്തിയിരുന്ന എം.ടി.ഐ ഇല്‍ ജനിച്ചു വളര്‍ന്ന ചൊക്ലി പട്ടി ആ മുട്ട തിന്നു. 5 മിനിറ്റിനു മുമ്പേ പിടഞ്ഞു പിടഞ്ഞു മരിച്ചു.

പെട്ടന്ന് കാടന്റെ ഉറക്കെയുള്ള നിലവിളി കേട്ടു. അവന്‍ ബോധം കെട്ടു വീണു. -കാരണം മറ്റൊന്നുമായിരുന്നില്ല. സ്വന്തം നമ്പര്‍ അപ്പോഴാണ് ഗെഡി നോക്കിയത്. പാസ്സായിരിക്കുന്നു. 74 ശതമാനം മാര്‍ക്കോടേ! ബോധം തെളിഞ്ഞ കാടന്‍ ഞങ്ങള്‍ക്ക് അന്ന് ബിരിയാണി വാങിതന്നു. വിശ്വസിച്ചാലും അന്ന് ബിരിയാണിക്ക് വില 12 രൂപ ആയിരുന്നു. ജയ റേസ്റ്റോറന്റില്‍.

സങ്കുചിത മനസ്കന്‍ said...

ഒരു കാര്യം പറയാന്‍ വിട്ടുപോയി. കാടന്‍ ഇന്ന് കുവൈറ്റില്‍ ഒരു ഫയര്‍ ഫൈറ്റിംഗ് കമ്പനിയുടെ മാനേജിംഗ് ഡയറ്കറ്റര്‍ കം ടെക്നീഷന്‍ കം ഡ്രൈവര്‍ ആയി പുലിയായി വിലസുന്നു.

Manu said...

ഇടിവാള്‍ മാഷേ... നന്നായി രസിച്ചു വായിച്ചു... പിന്നേം നൊസ്റ്റാള്‍ജിയ നൊസ്റ്റാള്‍ജിയ....

പുള്ളി said...

ഇടീ, ഇപ്പോള്‍ ഏതാണ്ടൊക്കെ മനസ്സിലായി വരുന്നുണ്ട് ഇന്റല്‍ ചിന്തിയ്ക്കുകകൂടിചെയ്യാത്ത 6068ന്റെ പടം വരയ്ക്കാന്‍ പറ്ഞുല്ലേ...എന്നിട്ട് കാടന്‍ അതിന്റെ കോപ്പിയടിച്ചൂല്ലേ... അതേയ് 8086 ആണ്‌ട്ടാ... വെറുതെ ആ കാടനേക്കൂടി തോല്പ്പിയ്ക്കാന്‍. അറിയില്ലെങ്കിലെന്താ ആത്മവിശ്വാസത്തിന്‌ കുറവൊന്നുമില്ല... :)

വിന്‍സ് said...
This comment has been removed by the author.
ടിന്റുമോന്‍ said...

8086-ല്‍ A യും B യും കൂട്ടി C യാക്കുന്ന പരിപാടി ഇത്തിരി കടുപ്പാണേയ്‌... നല്ല ചൊളചൊളാന്ന് മനക്കണക്കു കൂട്ടാന്‍പറ്റണ നമ്മളോട്‌ ചൊറി പിടിച്ച കിറ്റില്‍ അരമണിക്കൂറോളം കുത്തി കുത്തി രണ്ടു നമ്പര്‍ കൂട്ടിയിടാനേ..

നാലാമത്തെ സെമ്മില്‍ ഒരു എക്കൌണ്ടന്‍സി പേപ്പറുണ്ടായിരുന്നു. ഈ മാരണം പിടിച്ച പേപ്പറിന്റെ എക്സാമിന്റന്ന് ഒരുത്തന്‍ വന്നില്ല. പിന്നീട്‌ മിസ്സ്‌ അന്വേഷിച്ചപ്പോ അവന്‍ പറഞ്ഞത്രേ "ബാലന്‍സ്‌ ഷീറ്റ്‌ ടാലി ആയില്ല മിസ്സേ.. ഞാന്‍ അതും നോക്കി വീട്ടിലിരിക്ക്വായിരുന്നു"

ഇത്തരം അല്‍ക്കുല്‍ക്ക്‌ സാധനങ്ങളൊക്കെ സില്ലബസീക്കേറിയത്‌ പണ്ട്‌ ഇതൊക്കെ പഠിച്ച്‌ പ്രാന്തു പിടിച്ച ഏതെങ്കിലും കഷണ്ടിത്തലയന്‍ പ്രൊഫസര്‍ പുതിയ തലമുറക്കിട്ടൊന്നു പണി കൊടുത്തതായിരിക്കുമെന്നാണ്‌ എന്റെ നിഗമനം.

സൂപ്പര്‍ അവതരണം. :))

അപ്പു said...

:-) ശ്വാസമടക്കിപ്പിടിച്ചാണിത്രയും വായിച്ചത് മാഷേ!!

സതീശ് മാക്കോത്ത് | sathees makkoth said...

ഈ പരീക്ഷ എന്ന് പറയുന്നത് ഒരു കൊണാപ്ലിക്കേഷന്‍ തന്നെ അല്ലേ മാഷേ.
ഇഷ്ടായി എഴുത്ത്.

പൊതുവാള് said...

ഇടിഗഡ്യേ:)

സുപ്പര്‍ അലക്കല്ലേ അലക്ക്യേ......


‘സ്റ്റഡി ടൂറിനു പോയപ്പോള്‍ കൂടെ വന്നിരുന്ന ഈ മാഷോട് “ഒരു സ്മാളടിക്കുന്നോ സാറേ” എന്നു ചോദിച്ചതും , പുള്ളി പൊട്ടിത്തെറിച്ചതും പരസ്യമായ പരസ്യമാണ്‘

ഈ വാളുമായുള്ള ചങ്ങാത്തം അന്നേ തുടങ്ങിയതാണല്ലേ?:)

പോക്കിരി വാസു said...

ഇടിവാള്‍ജി കലക്കന്‍ പോസ്റ്റ്....
ഇതു വായിച്ചപ്പോള്‍ ഒര്‍മ്മവന്നതു കോപ്പിയടിക്കാന്‍ മറ്റൊരുത്തണ്ടെ പേപ്പര്‍ മേടിച്ചു അതു സ്വന്തം പേപ്പറിന്റെ കൂടെ പിന്‍ ചെയ്തു കൊടുത്ത എന്റെ ഒരു കൂട്ടുകാരനെയാണു...സാറു പിടിച്ചപ്പം അവ്നു പറയാ: “ സാറെ അതു ട്ടെന്‍ഷന്‍ കാരണം കൈയക്ഷരം മാറിപ്പോയതാ”

chithrakaran ചിത്രകാരന്‍ said...

ഇടിവാള്‍,
കാടന്‍ സജി കാരണം എണ്‍പതു മാര്‍ക്കെങ്കിലും കിട്ടിയിരിക്കും എന്നാണ്‌ ഞാന്‍ കരുതിയത്‌. അവസാനം സജിയെ തല്ലി നിര്‍വികാരനായി കടന്നുപോയ കഥാപാത്രത്ത്ന്‌ എതൊക്കെയോ സിനിമാനടന്മാരുമായി രക്തബന്ധമുണ്ട്‌.

കണ്ണൂസ്‌ said...

ഇടിയുടെ കഥ വായിച്ചപ്പോ ഓര്‍മ്മ വന്നത്‌ രണ്ടു കാര്യങ്ങള്‍.

1. "ചക്കരേ" എന്ന് കൂട്ടുകാര്‍ ആരോ വിളിച്ചപ്പോള്‍ " ജബ്‌ ഉന്നീസ്‌ സൌ പൈംതാലീസ്‌ മേം ഗാന്ധിജി യര്‍വാദാ ജയില്‍ മേം ഥാ, തോ ഏക്‌ ആദ്‌മി ഉന്‍കാ ഇഥര്‍ മാരാ. തബ്‌ ഉനോംനേ കഹാ ഇഥര്‍ ഭീ മാരോ. അതു കൊണ്ട്‌ ഞാന്‍ നിങ്ങടെ തന്തക്ക്‌ വിളിക്കുന്നില്ല, നാറികളേ" എന്ന് പറഞ്ഞ രാജുവിന്റെ സര്‍വകലാശാലയിലെ ചക്കര എന്ന കാരക്റ്റര്‍.

2. S7 പരീക്ഷക്ക്‌ 8088-ഇല്‍ എന്തോ കൂട്ടാനോ കിഴിക്കാനോ പ്രാക്റ്റിക്കല്‍ കിട്ടിയപ്പോള്‍, ഒന്നും ശരിയാവാതെ അന്തിച്ചു നിന്ന എന്റെ ക്ലാസ്‌മേറ്റ്‌ മഞ്ജുള. 15മിനിറ്റ്‌ കഴിഞ്ഞ്‌ ആള്‍ എക്‍സാമിനറുടെ കയ്യില്‍ നിന്ന് റെക്കോഡ്‌ ബുക്കും തട്ടിപ്പറിച്ച്‌ വെളിയിലിറങ്ങിയപ്പോ, എക്‍സാമിനര്‍ കരഞ്ഞു പറഞ്ഞു. " ആ ബുക്കെങ്കിലും തന്നിട്ടു പോ കുട്ടി. പത്ത്‌ മാര്‍ക്ക്‌ തരാം" എന്ന്. ആള്‍ ഇപ്പോ UK-യില്‍ എമേഴ്സണില്‍ പ്രൊഡക്റ്റ്‌ മാനേജര്‍. ആ പ്രാക്റ്റിക്കലിന്‌ 89 മാര്‍ക്ക്‌ മേടിച്ച ഞാന്‍ ദുബായില്‍ കത്തീം കൂടും. ഓരോ വിധിയേ!!

സൂര്യോദയം said...

ഇടിവാളേ... ഉഗ്രന്‍ പോസ്റ്റ്‌... വായിക്കാന്‍ വൈകിപ്പോയി.... ശരിക്കും രസിച്ചു... കാരണം, ഇടി അനുഭവിച്ച തരം ടെന്‍ഷന്‍സ്‌ പരീക്ഷാഹോളില്‍ ഒരുപാട്‌ അനുഭവിച്ചിട്ടുണ്ടേ.. (പലതും കോപ്പിയടിപോസ്റ്റുകളിലൂടെ പറഞ്ഞിട്ടുണ്ട്‌) :-)

അരവിന്ദ് :: aravind said...

ഇത് കലക്കി ഇടിഗഡീ!
ശോ! ആ സാറ് അടുത്തിരുന്ന അത്രയും സമയം എന്റേം നെഞ്ച് പടപടാന്ന് അടിക്ക്യാരുന്നേയ്.
വായിച്ച് ടെന്‍ഷനായിപ്പോയ്!

എന്റെ കോളേജിലെ ഒരുവിദ്വാന്‍ (ഞാനല്ല..അല്ല അല്ല!) പഴയ പരീക്ഷകളുടെ ഹാള്‍ ടിക്കറ്റും കൊണ്ടാണ് വരിക. ഒരു അഞ്ചാറെണ്ണം കാണും. പഴയതിന്റെ എല്ലാം പുറക് വശത്ത് കോപ്പിയടിക്കാനുള്ള സംഗതികള്‍ എഴുതി വയ്കും. ആവശ്യാനുസരണം വേണ്ട ഹാള്‍ ടിക്കറ്റ് എടുത്ത് മേശപ്പുറത്ത് വയ്കും. സാറുന്മാര്‍ ഉണ്ടെങ്കിലും സാരല്ല- ഹാള്‍ ടിക്കറ്റ് മേശപ്പുറത്ത് വച്ചാല്‍ എന്താ പ്രശ്നം? ആവശ്യമുള്ളപ്പോള്‍ അത് തിരിച്ച് നോക്കി ഉത്തരമെഴുതും.
ഒരു പരീക്ഷക്ക്, സാറ് പിന്നില്‍ കൂടി വന്ന്, എല്ലാവര്‍ക്കും എക്സ്ടാ പേപ്പറ് വച്ചു. ഇവനും കൊടുത്തു. സാര്‍ പിന്നില്‍ കൂടി വന്നത് കാരണം, കറക്റ്റ് ഹാള്‍ ടിക്കറ്റ് മേശപ്പുറത്ത് വയ്കാന്‍ ഇവന് കഴിഞ്ഞില്ല. പേപ്പറ് വേണ്ടാന്ന് താണു കേണു പറഞ്ഞിട്ടും ഓ ഇരിക്കട്ടെ, ടൈം ലാഭിക്കാം എന്നു പറഞ്ഞ് പേപ്പറ് കൊടുത്ത സാറ് അവനെ ശല്യപ്പെടുത്താതെ മേശപ്പുറത്തിരുന്ന ഹാള്‍ടിക്കറ്റിന്റെ നമ്പറും എഴുതി. അപ്പോളാണ് സ്പെല്ലിംഗ് മിസ്റ്റേക്ക്..അവന്റെ ഹാള്‍ റ്റിക്കറ്റ് നമ്പര്‍ സാറിന്റെ ലിസ്റ്ില്‍ ഇല്ല.
ഇതേത് ഹാള്‍ ടിക്കറ്റ് എന്നു കരുതി എടുത്ത് മറിച്ചു നോക്കിയപ്പോള്‍...ദാ പിന്നില്‍ രാമായണം എഴുതിവച്ചിരിക്കുന്നു.

ഇറക്കി വിട്ടു. പുവര്‍ ഫെലോ ഇപ്പോ അമേരിക്കായില്‍. ;-)

പടിപ്പുര said...

ഇടീ, ഇത് കണ്ടിരുന്നീല. ഗംഭീരം.
(ദില്‍ബു ഗാന്ധിയുടെ കമന്റ് കേമം)

ഉണ്ണിക്കുട്ടന്‍ said...

കലക്കി ഇടീ.

ടൂറിനു പോയപ്പോള്‍ "സ്മാളടിക്കുന്നോ സാറേ" എന്നു ഞാനും ഒരു മാഷിനോടു ചോദിച്ചിരുന്നു. കുറെ നേരം എന്നെ ഉപദേശിച്ച ശേഷം സാറതിന്റെ പകുതി മുക്കാലും കുടിച്ചു തീര്‍ത്തു.അന്നു സ്മാള്‍ കിട്ടാത്ത കൂട്ടുകാര്‍ എന്നെ പറഞ്ഞ തെറി..ഹോ..

Nambiar said...

ചേട്ടാ കലക്കി.............
പഴയ പോളി ടെക്നിക്ക് - ജെ ടി എസ് ദിവസങ്ങള്‍ മനസ്സില്‍ ഓടിയെത്തി
അടിയനും ഈ വഴി വന്നതാ..........

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.