-- എ ബ്ലഡി മല്ലു --

ലാസറേട്ട‌ന്റെ സര്‍വ്വേക്കല്ല്.

Thursday, June 07, 2007

നാട്ടില്‍ വികസനം എന്ന സംഭവം കയറി വന്നു. പക്ഷേ കൊപ്രക്കച്ചവടം നടത്തുന്ന ലാസറു മാപ്ലക്കത് ജെ.സി.ബി കണ്ട മൂന്നാര്‍ റിസോര്‍ട്ടു പോലെയായിരുന്നു.

പഞ്ചായത്ത് റോഡ് വീതി കൂട്ടുന്നതും പ്രമാണിച്ച് വീടിന്റെ അതിരു റോഡിലേക്കു തള്ളിയാണെന്നും പറഞ്ഞ് പഞ്ചായത്തുകാര്‍ ലാസറു മാപ്ലക്ക് കയേറ്റത്തിനെതിരെ കേസു കൊടുത്തെങ്കിലും, കുടിക്കുന്ന കഞ്ഞിയില്‍ പോലും ഉപ്പിടാത്ത പിശുക്കന്‍ മാപ്ല ഒരു മില്ലീമീറ്റര്‍ നീങ്ങില്ലെന്ന വാശിയില്‍ ഉറച്ചു നില്‍ക്കുന്നതിനിടയില്‍ പഞ്ചായത്തുകാര്‍ വീട്ടിനു മുന്നില്‍ സര്‍വേക്കല്ലു കൊണ്ട് സ്ഥാപിച്ചു! അതിനപ്പുറമുള്ള ഭാഗം അവരു കൊണ്ടുപോകുമെന്നു! റോഡൂ വികസനത്തിനു!

ഒരു കല്ലെടുത്തു മാറ്റാന്‍ തനിക്കധിക സമയമൊന്നും വേണ്ടെന്നു ലാസറേട്ടന്‍ തെളിയിച്ചെങ്കിലും, കോടതിയില്‍ നിന്നും ഇഞ്ചങ്‌ഷന്‍ ഓര്‍ഡര്‍ വാങ്ങി പഞ്ചായത്തുകാര്‍ സര്‍വ്വേക്കല്ല് പുന:സ്ഥാപിക്കയും, കേസിനൊരു വിധി വരും വരെ “കല്ലില്‍ തൊട്ടുപോകരുത്” എന്നു സ്ഥലം എസൈ ഉല്പലാക്ഷന്‍ വാര്‍ണിങ്ങ് കൊടുക്കയും ചെയ്തതോടെ ലാസറു മാപ്ലയുടെ പ്രധാന ശത്രുവായിത്തീരാന്‍ സര്‍വ്വേക്കല്ലിനു ഭാഗ്യം സിദ്ധിച്ചു. കാണുമ്പോഴൊക്കെ സര്‍‌വ്വേക്കല്ലില്‍ കാറിത്തുപ്പി ലാസറുമാപ്ല തന്റെ ദേഷ്യം തീര്‍ത്തു. കല്ലേല്‍ തുപ്പരുതെന്നു കോടതിയുത്തരവിലില്ലല്ലോ?

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ബസ്റ്റോപ്പില്‍ നിന്നും കിഴക്കോട്ടുള്ള ചാരായഷാപ്പു സ്ഥിതി ചെയ്യുന്ന വിജനമായ റോഡ്. 7 മണി കഴിഞ്ഞാല്‍ പ്രേതങ്ങള്‍ക്കു പോലും ആ റോഡിലൂടെ ഒറ്റക്കു നടക്കാന്‍ പേടിയാവും. പക്ഷേ ലാസറേട്ടന്‍ നേരത്തെ തന്നെ ഷാപ്പിലേക്ക് പോകുന്നതിനാല്‍ അതൊരു പ്രശ്നമല്ല.. തിരിച്ചു വരുമ്പോള്‍ കള്ളിയങ്കാട്ടു നീലിയല്ല, അവള്‍ടമ്മൂമ്മ വന്നാലും തനിക്കു കോപ്പാ, എന്ന റോളില്‍ വഴിയിലെ സകല തെങ്ങുകളുടെയും എണ്ണമെടുത്താണു ഡാവിന്റെ വരവ്.. (ചാരിപ്പിടിച്ച്)

അന്നു ലാസര്‍ജി അടിച്ചതിന്റെ ക്വാണ്ടിറ്റി കൂടിയതാണോ, അതോ ക്വാളിറ്റി കുറഞ്ഞതാണോ എന്തോ... വാട്ടെവര്‍ ദ റീസണ്‍സ് അന്നത്തെ റിട്ടേണ്‍ ട്രിപ്പ് സംഭവബഹുലമായിരുന്നു. ഷാപ്പില്‍ നിന്നിറങ്ങി രണ്ടു മിനിറ്റിനകം തന്നെ സന്തത സഹചാരിയായ കൈലി ലാസറേട്ടനെ ഉപേക്ഷിച്ച് വേലിപ്പത്തലില്‍ കുടുങ്ങി നിന്നു.. കൈലി തന്നെയുപേക്ഷിച്ചു പോയെന്ന നടുക്കുന്ന സത്യം അറിയാതെ, കളസവുമായി ഫാന്റം സ്റ്റൈലില്‍ മുന്നേറിയ ചേട്ടന്‍ താമസിയാതെതന്നെ രാമന്നായരുടെ വീടിനോടു ചേര്‍ന്നുള്ള പൊട്ടക്കിണറിനു സമീപം എത്തുകയും അടുത്ത സ്റ്റെപ്പില്‍ വിതിന്‍ എ ഫ്രാക്ഷന്‍ ഓഫ് സെക്കന്‍ഡ് പൊട്ടക്കിണറ്റിലേക്ക് ക്രാഷ് ലാന്‍ഡു ചെയ്യുകയും ചെയ്തു.

ഭാഗ്യത്തിനു, ലാസറേട്ടന്റെ വയറ്റിലേ വെള്ളമുണ്ടായിരുന്നുള്ളൂ, കിണര്‍ വറ്റി വരണ്ടു കിടക്കുകയായിരുന്നു. പക്ഷേ, ഇന്ത്യന്‍ എയര്‍ലൈന്‍സു വിമാനം കോഴിക്കോടിറങ്ങുന്നതുപോലെ വളരേ റഫ് ആയാണു ചേട്ടന്‍ ക്രാഷ് ലാന്‍ഡീങ്ങ് നടത്തിയത് എന്ന കാരണത്താല്‍, ഇടത്തേക്കാലിന്റെ സെന്റ്രല്‍ ബോള്‍ട്ട് ഇളകുകയും ആക്സിലൊടിയുകയും ചെയ്തു.... ഈ ഭീകര രംഗത്തിനു സാക്ഷ്യം വഹിക്കാന്‍ തോളിലിട്ടിരുന്ന ചുവന്ന, ചെളിപിടിച്ച് കാപ്പിക്കളറായ ആ തോര്‍ത്തുമുണ്ട് കിണറിനു മുകളില്‍ ഒരു ചെടിത്തലപ്പില്‍ കുരുങ്ങി, ഇളംകാറ്റില്‍ തൂങ്ങിയാടി...

അതി കഠിനമായ വേദനക്കിടയില്‍ “അയ്യോ ഞാന്‍ ചത്തേ , മോനേ തോമസുകുട്ടീ രക്ഷിക്കടാ” എന്നു കിണറ്റില്‍ നിന്നും ലാസറേട്ടന്റെ SOS മെസ്സേജുകള്‍ ഉയര്‍ന്നു പൊങ്ങിയെങ്കിലും, കേള്‍ക്കാനായി തോമാസുകുട്ടി പോയിട്ട് പട്ടിക്കുട്ടി പോലും ഉണ്ടായിരുന്നില്ല. അല്പ സമയത്തിനകം തന്നെ അവിടം പൂകിയ ഷാപ്പില്‍ നിന്നുള്ള മറ്റൊരു കുടിയനായ ഇനാശു സംഭവത്തിന്റെ ഗൌരവം മനസ്സിലാക്കുകയും, പൊട്ടക്കിണറ്റില്‍ ചാടാതെ വഴി മാറി പോകുകയും ചെയ്തു.. പോകുന്ന വഴിക്ക് കണ്ട ആരോടോ ലാസാറേട്ടന്‍ കിണറ്റില്‍ വീണതു ഇനാശു പറയുകയും വാര്‍ത്ത കാട്ടുതീപോലെ പടരുകയും ചെയ്തു. ചെറുപ്പക്കാരുടെ ഒരു സഹായസംഘം എത്തി ഒരു വിധത്തില്‍ മൊതലിനെ കരയില്‍ കയറ്റുകയും ചെയ്തു... കരയില്‍ കയറിയതോടെ കാലിന്റെ ആക്സിലൊടിഞ്ഞ ലാസറേട്ടന്‍ വലിയ വായില്‍ നിലവിളിച്ചു

“എന്നെ ആശൂത്രീ കൊണ്ടു പോടാ.. #^@%*&%^ മക്കളേ.”

കുഞ്ഞപ്പന്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ലാസറു മാപ്ലയെ പരിശോധിച്ച് കഴിഞ്ഞ ഓര്‍ത്തോപീഡിക്ക് സര്‍ജന്‍ ഡോക്റ്റര്‍ ലംബോധരന്‍ ഉറക്കെപ്പറഞ്ഞു .. ഓപ്പറേഷന്‍ വേണം, എല്ലിന്റെ ഒരു 10 സെന്റി നീളത്തില്‍ ഒടിഞ്ഞു നാശമായി. 15 സെന്റി നീളത്തില്‍ ഉള്ളൊരു എല്ലിന്റെ കഷണം കിട്ടിയാല്‍ എല്ലാം ശരിയാകും... “എല്ലു ദാന” ചടങ്ങില്‍ താല്പര്യമില്ലാതിരുന്നതിനാല്‍, ലാസറേട്ടനെ ആശൂത്രിയില്‍ കൊണ്ടുവന്നവര്‍ അപ്രത്യക്ഷരായി.

ഇതിനിടയില്‍ എന്തോ ആവശ്യത്തിനു ആശുപത്രിയിലെ ഫ്രിഡ്ജ് തുറന്ന ഒരു സിസ്റ്റര്‍ക്ക് ഒരു നീളന്‍ പൊതി കണ്ട് സംശയം തോന്നി. തുറന്നപ്പോള്‍, ദാ പട്ടിയുടെ ഒരു ഫുള്‍ ലെഗ്! കോട്ടയം കരിമീന്‍ കൈക്കൂലിക്കേസു കഴിഞ്ഞിട്ടിപ്പോ ദിവസങ്ങളേ ആയിട്ടുള്ളൂ.. സിസ്റ്റര്‍ വേഗം ഡോക്ടര്‍ ലംബോധരനോട് വിവരം ധരിപ്പിച്ചു! പട്ടിയിറച്ചി കമ്പക്കാരനായ ഡോ.സൈമണെ നോക്കി ഡോ. ലംബോധരന്‍ ഇരുത്തിമൂളി. “എനിക്കു നല്ല പ്രൈവറ്റ് പ്രാക്റ്റീസുണ്ടെടോ, താന്‍ പോയി പണിനോക്ക്” എന്ന ധൈര്യത്തില്‍ ഡോ:സൈമണ്‍ ആ മൂളലിനെ പുച്ഛിച്ചുതള്ളി.

ഡോ:ലംബോധരത്തലയില്‍ അയിഡിയകളുടെ ഒരു കുഴിമിന്നി പൊട്ടി .ഡോക്റ്റര്‍ക്കു കിട്ടിയതും എല്ല്.. പേഷ്യന്റിനു വേണ്ടതും എല്ല്‌! മാംസമെല്ലാം നീക്കിക്കഴിഞ്ഞ് ആ പട്ടിയെല്ലിന്‍ കഷണവുമായി ഡോ. ലംബോധര്‍ ഓപ്പറേഷന്‍ തീയറ്ററിലേക്കു കുതിച്ചു.

മണിക്കൂറുകള്‍ നീണ്ട അതി സാഹസികമായ “സേവ് ലാസര്‍ ലെഗ്” എന്ന ഓപ്പറേഷന്‍ അത്ഭുതകരമായി വിജയിച്ചു എന്നത് ചരിത്രസത്യം!

അടുത്ത രണ്ടാഴ്ചക്കകം സംഭവബഹുലമായ മൂന്നു കാര്യങ്ങള്‍ നാടിനെപ്പിടിച്ചു കുലുക്കി!
1. പട്ടിയിറച്ചി കൈക്കൂലിയായി വാങ്ങി എന്ന കേസില്‍ ഡോ.സൈമണ്‍ സസ്പെന്‍ഷനില്‍
2. വീട്ടുപറമ്പില്‍ പഞ്ചായത്തുകാര്‍ കുഴിച്ചിട്ട സര്‍‌വേക്കല്ലില്‍ പണ്ടു കാറിത്തുപ്പിക്കൊണ്ടിരുന്ന ലാസറേട്ടന്‍ ട്രെന്‍ഡൊന്നു മാറ്റി.. ആളിപ്പോള്‍ സര്‍‌വേക്കല്ല് കണ്ടാല്‍ ഇടത്തേ കാല്‍ പൊക്കുകയും കല്ലില്‍ മൂത്രമൊഴിക്കുകയും ചെയ്തു പോരുന്നു! പട്ടിയെല്ലിന്റെ ഒരു ഇഫക്‍റ്റേ!
3. ലാസറു മാപ്ലയുടെ പേരു നാട്ടുകാരൊന്നു മോഡിഫൈ ചെയ്തു .. ലാസര്‍ നായര്‍

21 comments:

ഇടിവാള്‍ said...

"ലാസറേട്ട‌ന്റെ സര്‍വ്വേക്കല്ല്."
പുതിയ പോസ്റ്റ് .. എന്നോട് ക്ഷമിക്കൂ ;)

Pramod.KM said...

രസമുണ്ട് വായിക്കാന്‍.:)
കാലിന്റെ എല്ല് മാറ്റിയതിനു പകരം മൂത്രമൊഴിക്കുന്നതില്‍ പോലും മാറ്റം വന്നു അല്ലേ? യേത്:)

ദില്‍ബാസുരന്‍ said...

പ്രമോദണ്ണോ,
ആ ‘യേതി’ന്റെ പ്രയോഗവും ഉദ്ദേശവും മനസ്സിലായി. യേത്? ;-)

ഇടി ഗഡീ,
പഴയ പോസ്റ്റുകളുടെ ഗുമ്മില്ല എങ്കിലും എന്തെങ്കിലും എഴുതുന്നുണ്ടല്ലോ. അത് നല്ലതാണ്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ഭാഗ്യം മാറ്റം അതേലു നിന്നത്.
കന്നിമാസമെങ്ങാനം ആയിരുന്നേല്‍!!!

ഓടോ: പഴേ ഫോ‍മിലെത്തിയാ!!!
ഇതു കൊള്ളാം എന്നാലും ഒരു ബെര്‍ളി മാനിയാ മണക്കുന്നുണ്ടോന്നാ...

ബീരാന്‍ കുട്ടി said...

ഇടിവളെ,
ഇതിനാണല്ലെ എന്നും ഒരെല്ല് ഫ്രിഡ്ജില്‍നിന്നുമെടുത്ത്‌ ഞാന്‍ ഇവനെ ഒരു സംഭവമാക്കും എന്ന് സഹമുറിയന്മരെ വെല്ലാറുള്ളത്‌.

എന്നാലും കോഴിക്കോട്ട്‌ വിമാനമിറങ്ങുന്ന രംഗം ശരിയായില്ല. 4-5 കിലോമിറ്റര്‍ നീളത്തില്‍ റണ്‍വെ കിടന്നാലും ഡ്രൈവര്‍ക്കിഷ്ടം റണ്‍വെ കഴിഞ്ഞുള്ള മൈത്താനതില്‍ വിമാനമിറക്കുന്നതാ. യേത്?

എന്റെ വഹ ഒരു ഇസ്മയ്‌ലി.

Haree | ഹരീ said...

എന്നിട്ടു കേസിതുവരെ വിധിയായില്ലേ?
പത്തുവര്‍ഷത്തിനു ശേഷം:
എന്നൊരു തലക്കെട്ടും കൊടുത്ത്, ചില സിനിമകളില്‍ കാണിക്കുന്നതുപോലെ, (ലാസ്റ്റ് കണ്ടത് പൈറേറ്റ്സില്‍.. ക്രെഡിറ്റ് കുറച്ച് എഴുതിക്കാണിച്ച് കഴിഞ്ഞതിനു ശേഷം, 12 വര്‍ഷത്തിനു ശേഷം എന്നാണെന്നു മാത്രം!) എന്തെങ്കിലും കൂടെ എഴുതിക്കൂടായിരുന്നോ? :)

ഹൊ, ഈ പട്ടിയിറച്ചി കൈക്കൂലി മേടിച്ചെന്നും, പട്ടിയുടെ എല്ല് ഫിറ്റ് ചെയ്തെന്നുമൊക്കെ പറഞ്ഞത് ഇത്തിരി കടന്നുപോയി... :P

പണ്ടൊരു തമാശയുണ്ടായിരുന്നു. ഉപ്പാപ്പയുടെ പകുതിഭാഗത്ത് ആടിനെ ഫിറ്റ് ചെയ്തൂന്നും, പിറ്റേന്നുമുതല്‍ രണ്ടു ലിറ്റര്‍ പാലു തന്നെന്നുമൊക്കെപ്പറഞ്ഞ്... ആ തമാശയാണൊര്‍ത്തത്...
--
--

Sul | സുല്‍ said...

ഗഡീ കൊള്ളാം
എന്നാലും ചിരിക്കുള്ള വകുപ്പു കുറഞ്ഞു പോകുന്നു.
-സുല്‍

ഇത്തിരി|Ithiri said...

ഒരു കാല് മാറ്റം കൊണ്ടുണ്ടായ ഗുണങ്ങാളേയ്... ദില്‍ബാ... യേത്. :)

കലക്കി ഗഡീ...

kaithamullu : കൈതമുള്ള് said...

ഇടിവാള്‍ ഇടിവാളായി വന്നിട്ട് നാള്‍ കുറച്ചായല്ലോ!

Siju | സിജു said...

:-)

ലാസറേട്ടന്‍ മുറുക്കി തുപ്പിയതാണോ ബ്ലോഗില്‍ നീലക്കളറില്‍ സൈഡില്‍ കാണുന്നത്.. അതോ ഇനി..

അരവിന്ദ് :: aravind said...

ദില്ബന് പറഞ്ഞത് വളരെ ശരിയാണ്.
പജേറോ വാങ്ങ്യേ പിന്നെ ഇടിഗഡിക്ക് പോസ്റ്റിംഗിനോടോന്നും ഒരു മൈന്‍‌ഡില്ല.

ഒന്നു ഇരുന്നു പോസ്റ്റ് ഗഡീ.

ഇടിഗഡീ, ടിന്റുമോന്റെ ഒന്നേ രണ്ടേ മൂന്ന് കണ്ടാരുന്നോ? എനിക്ക് ഭയങ്കരായി ചിരിക്കാന്‍‌ പറ്റി.(അക്ഷയപടക്കങ്ങള്)

ദില്‍‌ബന്‍ തന്നെയല്ലേ ഈ ‘മോന്‍’ എന്നൊരു ചെറ്യ സംശയം ബാക്കി.

ഇടിവാള്‍ said...

അരവ്യേ... അങ്ങനെ പറയരുത്!
എന്നെക്കൊണ്ടാവണതല്ലേ നമുക്കെഴുതാന്‍ പറ്റൂ ;) കയ്യിലുണ്ടായിരുന്ന കഥകളൊക്കെ തീര്‍ന്നു.. ഇനി ഇതുപോലെ നനഞ്ഞ കുറേ കേപ്പു പടക്കങ്ങള്‍ മാത്രം..

അതും പൊട്ടിച്ച് ഞാനങ്ങു “ണിംണിം “ ഡബിള്‍ ബെല്ലടിച്ച് പോവും !

പക്ഷേ, പണ്ടൊക്കെ പോസ്റ്റുമ്പോ, മോശമായോ, നന്നായോ എന്നൊക്കെയുള്ള “ബൂലോഗസമ്മര്‍ദ്ദം ഉണ്ടാകാറുണ്ട്”..

ഇപ്പോ യാതൊരു ടെന്‍ഷനുമില്ല.. “മോശമേ ആവൂ എന്നുറപ്പാ”

ജോലിത്തിരക്കുണ്ട്, പഴേപോലെ കുത്തിയിരുന്നു ബ്ലോഗുന്നതു നടക്കില്ല ;) ശരിയുമല്ലെന്നും അറീയാം ..

ദേവേട്ടന്‍ പറഞ്ഞ പോലെ ഇപ്പോ സ്റ്റ്രസ് ഫ്രീ ബ്ലോഗിങ്ങാണു നടക്കുന്നത് ..

ikkaas|ഇക്കാസ് said...

-കിഴക്കോട്ടുള്ള ചാരായഷാപ്പു സ്ഥിതി ചെയ്യുന്ന വിജനമായ റോഡ്- അതെന്ത മടിയനിടിവാളേ? അന്നാട്ടുകാരെല്ലാം മദ്യ വിരോധികളായിരുന്നോ?

നിങ്ങടെ നാടിപ്പഴും പുരോഗമിച്ചിട്ടില്ലല്ലേ? ഇവിടായിരുന്നേല്‍ ലാസര്‍ നായര്‍ എന്ന് പേരിടുകേല, ലാബ്രഡോര്‍ ലാസര്‍ എന്നായിരിക്കും ഇടുക. സ്മാര്‍ട്ട് സിറ്റീടെ കളിയാ!! :)

സൂര്യോദയം said...

ഇടിയേ.... എന്നാലും ആ എല്ല്.. ;-) അത്രേം വേണ്ടായിരുന്നു...

കുറുമാന്‍ said...

7 മണി കഴിഞ്ഞാല്‍ പ്രേതങ്ങള്‍ക്കു പോലും ആ റോഡിലൂടെ ഒറ്റക്കു നടക്കാന്‍ പേടിയാവും. പക്ഷേ ലാസറേട്ടന്‍ നേരത്തെ തന്നെ ഷാപ്പിലേക്ക് പോകുന്നതിനാല്‍ അതൊരു പ്രശ്നമല്ല.. തിരിച്ചു വരുമ്പോള്‍ കള്ളിയങ്കാട്ടു നീലിയല്ല, അവള്‍ടമ്മൂമ്മ വന്നാലും തനിക്കു കോപ്പാ, എന്ന റോളില്‍ വഴിയിലെ സകല തെങ്ങുകളുടെയും എണ്ണമെടുത്താണു ഡാവിന്റെ വരവ് -- ഇഡീ........ഇതു വായിച്ചു ഞാന്‍ ചിരിച്ചു ഒരുപാട്......... പതിവുപോലെ തന്നെഅവസാനം കൊണ്ട് ഡാമാക്കി (കുളം ഒക്കെ ഔട്ട് ഓഫ് ഫാഷന്‍)

Kiranz..!! said...

ഹ..ഹ..ഇടീ...എല്ലുദാനച്ചടങ്ങിനു താല്പര്യമില്ലാത്തവരുടെ കാര്യം ഏറെച്ചിരിപ്പിച്ചു..:)

മുസാഫിര്‍ said...

കുഴപ്പമില്ല വാള്‍ജി, എനിക്കു ഇഷ്ടമായി.പക്ഷെ എല്ലു ഫ്രിഡ്ജില്‍ നിന്നും എടുത്തപ്പഴേക്കും ബാക്കിയുള്ളതൊക്കെ ഊഹിക്കാന്‍ പറ്റി.എങ്കിലും അസംഭവ്യമായ ഒരു കാര്യം ഏതാണ്ടൊക്കെ വിശ്വസനീയമായ രീതിയില്‍ എഴുതിപ്പിടിപ്പിച്ചുണ്ടു.സമ്മതിച്ചു.

ikkaas|ഇക്കാസ് said...

ഇതെവിഡാ ഇടീ ആ ഹോസ്പിറ്റല്‍, അത് ചോദിക്കാന്‍ മറന്നു :9

chithrakaranചിത്രകാരന്‍ said...

ഇടിവാള്‍... നന്നായിരിക്കുന്നു.
ആ പവം ലാസറു ചേട്ടനേക്കൊണ്ട്‌ സര്‍വേക്കല്ലില്‍ പട്ടിയെപ്പോലെ മൂത്രമൊഴിപ്പിച്ചത്‌ കഷ്ടമായി. ഓരോ വാചകത്തിലും ഹാസ്യത്തിന്റെ തരികള്‍ നിറച്ചിരിക്കുന്നതിനാല്‍ രസകരമായ വായന സാധിക്കുന്നു.

ഇടിവാള്‍ said...

വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും നന്ദി ;)

ഈ ബ്ലോഗില്‍ നിന്നും കമന്റുകള്‍ പിന്മൊഴികളിലേക്കു ഫോര്‍വേഡ് ചെയ്യുന്നില്ല ഇനി മുതല്‍.

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.