-- എ ബ്ലഡി മല്ലു --

സ്കാന്‍ഡല്‍ വുഡ്

Thursday, May 24, 2007

മണിച്ചേട്ടന്‍ നാട്ടിലെ ഓളിന്‍-ഓള്‍ ആയിരുന്നു.. വിവാഹിതനല്ല ( ആഗ്രഹമില്ലാഞ്ഞല്ല.. കയ്യിലിരുപ്പു മൂലം കിട്ടാഞ്ഞതാണു) .. അതുകൊണ്ടു തന്നെ ഒഫീഷ്യല്‍ റെക്കോര്‍ഡില്‍ ഭാര്യയോ കുട്ടീകളോ ഉള്ളതായി പഞ്ചായത്ത് രേഖകളുമില്ല.. നടുമ്പുറത്ത് കവളിമടലിനിട്ടു വീക്കുകിട്ടിയ രേഖകളുമില്ല... ആകെ മൊത്തം ഒരു രേഖാലെസ്സ് മനുഷ്യന്‍.. ആറാം തമ്പുരാന്‍ സ്റ്റൈലീപറഞ്ഞാ ഒരു കഥേല്യാത്ത ജന്മം..

ഭാര്യയില്ലാത്തതു കൊണ്ടാണോ എന്തോ, ലോകത്തിലെ ഒന്നിനേം ചേട്ടനു പേടിയില്ല. ആവശ്യമുള്ളതും ഇല്ലാത്തതും ആയ സകല ഇന്റര്‍/ഇന്റ്രാ പഞ്ചാ‍യത്ത് കേസുകളിലും ഒക്കെ തലയിട്ട് തന്റെ സാന്നിധ്യം അറിയിക്കുകയും കിട്ടാനുള്ളത് ചൂടോടെ മേടിക്കലും‍ ആയിരുന്നു പുള്ളീടെ ഒരു ഇത്..ഏത് ? ഹോബി!

നാട്ടിലെ പണക്കാരായ മനകളിലെ കാര്യസ്ഥപ്പണി, അല്ലറ ചില്ലറ മരക്കച്ചവടം, വിവാഹ ദല്ലാള്‍, റിയല്‍- എസ്റ്റേറ്റ് ബ്രോക്കര്‍ എന്നീ മള്‍ട്ടിപ്പിള്‍ ഔദ്യോഗിക കര്‍ത്തവ്യ നിര്‍വഹണത്തില്‍ അതീവ ശ്രദ്ധാലുവായിരുന്നു, പല്ലന്‍ എന്നറിയപ്പെടുന്ന കുന്നപ്പിള്ളി മണി. പീടികപ്പലകകള്‍ നിരത്തിവച്ച പോലുള്ള ദന്തഗോപുരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആ മുഖകാന്തിക്കു നാട്ടുകാര്‍ നല്‍കിയ പത്മഭൂഷണ്‍ അവാര്‍ഡാനു “പല്ലന്‍” എന്ന ചെല്ലപ്പേര്‍! കൂടാതെ കവിളില്‍ വലിയൊരു അരിമ്പാറയുമുണ്ട്. ഇതെല്ലാം ചേര്‍ന്ന ഒരു യുണീക്ക് ഫിഗറാണു വിദ്വാന്‍‍!

കുറ്റപ്പേരു വിളിച്ചാല്‍ പല്ലേട്ടനു യാതൊരു പ്രശ്നോമില്ല, ഒരു പരിഭവവും കാട്ടാതെ വിളിച്ചവന്റെ അച്ഛനും വീട്ടിലെ മറ്റ് കുടുംബാഗങ്ങള്‍ക്കുമെല്ലാം സുഖമല്ലേ എന്നു തിരക്കി ഉറപ്പു വരുത്തീട്ടേ ചേട്ടന്‍ വിടൂ .. അല്പസ്വല്പം തരികിടകളും, ബീഡി/കള്ള്/കഞ്ചന്‍/സംബന്ധം എന്നിവയൊക്കെ അഡീഷണല്‍ ക്വാളിഫിക്കേഷനുകളായി കയ്യിലുണ്ട്.

മനക്കലെ വല്യതിരുമേനിയുടെ ശിങ്കിടിപ്പദവി കൂടിയുണ്ട് ഇദ്ദേഹത്തിനു. മനക്കലെ മിക്കവാറും എല്ലാ കാര്യങ്ങളും നടത്തുന്ന കാര്യസ്ഥനായ്യാണു തിരുമേനി മണിയെ കണ്ടിരുന്നത് . പകല്‍ സമയത്ത് പ്രത്യേകിച്ചു വേറേ പണിയൊന്നുമില്ലെങ്കില്‍, വിശാലമായി നീണ്ടു കിടക്കുന്ന മന ഉടമസ്ഥതയിലെ പറമ്പുകളില്‍, മാങ്ങ/തേങ്ങെ ഒക്കെ പെറുക്കി ബ്ലാക്ക് മാര്‍ക്കറ്റില്‍ മറിച്ചു വില്‍ക്കുന്നതിനു പുറമേ, പലവക പര്‍ച്ചേസിങ്ങില്‍ വന്‍ തിരിമറികള്‍ നടത്തി കാശുവെട്ടിക്കുന്നതും മണിച്ചേട്ടന്റെ ഫൈനാന്‍ഷ്യല്‍ സിറ്റുവേഷന്‍ ഭദ്രമാക്കി നിര്‍ത്തി. രാവിലെ തന്നെ പത്തു മണിയോടെ മനക്കലെത്തി കാര്യസ്ഥപ്പണി തുടങ്ങുന്നത് പുള്ളിയുടെ ദിനചര്യയുടെ ഭാഗമായിരുന്നു.

മനയോടു ചേര്‍ന്ന കുളത്തിനരികില്‍ മൂവാണ്ടന്‍, പ്രിയൂര്‍ മുതല്‍, ഒരൊറ്റയെണ്ണം ഒന്നരക്കിലോ വരെ തൂക്കമുള്ള ഇനത്തില്‍ പെടുന്ന നല്ല ഒന്നാം തരം മാവുകള്‍ നിരന്നു നില്‍ക്കുന്നുണ്ട്. നാട്ടിലെ സകല കുരുത്തംകെട്ട പിള്ളേരും കല്ലെടുത്തുവീക്കിയാലും തീരാത്തത്ര മാങ്ങകള്‍ .. പിള്ളേര്‍ എറിഞ്ഞ് കൊണ്ടുപോയാലും തിരുമേനിക്ക് യാതൊരു പരാതിയുമില്ല. പിന്നെപ്പിന്നെ നാട്ടിലെ പിള്ളേര്‍ ആ മാവേലേറ് അവരുടെ അവകാശമാക്കി മാറ്റി.

അങ്ങനൊരു ദിവസം മണിച്ചേട്ടന്‍ കുളത്തില്‍ ഒരു കുളിയും പാസാക്കി തോര്‍ത്തിക്കയറി മനയെ ലക്ഷ്യമാക്കി നടക്കുമ്പോഴാനു പുറകില്‍ നിന്നൊരു വിളി..

“തിരുമേന്യേയ്...”

“ഡോ പെരട്ട നായരേ”, പല്ലന്‍ നായരേ, “ എന്നൊക്കെ മാത്രം സാധാരണ അഭിസംബോധനപ്പെട്ടു ശീലമുള്ള മണിച്ചേട്ടനു‍ “തിരുമേന്യേ” എന്ന ആ വിളിയില്‍ ആ മീനച്ചൂടിലും താനങ്ങു അന്റാര്‍ട്ടിക്കയിലാണോ യെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ കുളിരു കോരി. തിരിഞ്ഞു നോക്കിയപ്പോള്‍ അതാ, രണ്ടു പേര്‍ .. മഴുവൊക്കെപ്പിടിച്ച്, ഒരു പരശുരാമന്‍ സ്റ്റൈലില്‍. മഴു കണ്ടപ്പോള്‍ ചേട്ടന്‍ ചെറുങ്ങനെയൊന്നു പേടിച്ചു.. (സംബന്ധ ഇടപാടുകാരികളുടെ ആങ്ങളമാരു വല്ലോം ആണോ..)

കാര്യം തിരക്കി.. “ങും? എന്താ കാര്യം?”

“തിരുമേന്യേ, നമ്മളു മാവു മുറിക്കുന്ന ആള്‍ക്കാരാ ആമ്പല്ലൂരു സൈഡീന്നു വരുവാ, ഇവിടെ മാവു വെട്ടാന്‍ കൊടുക്കാനുണ്ടോ? ”

“ഹോ” ഒരു നെടുങ്കം ദീര്‍ഘനിശ്വാസം വിട്ട് മണിച്ചേട്ടന്‍ ഒന്നാലോചിച്ചു. എവിടെനിന്നോ വന്ന വരത്തന്മാര്‍, താനാണു ഈ മനക്കലെ തിരുമേനി എന്നു തെറ്റിദ്ധരിച്ചിരിക്കുന്നു. എന്തെങ്കിലും തടയാനുള്ള വകുപ്പുണ്ടിവിടെ. ഒന്നോ രണ്ടോ മാവു വെട്ടിയാല്‍തിരുമേനി അറിയാനൊന്നും പോണില്ലാ.. ചാരുകസേരയില്‍ നിന്നും എണീക്കണല്ലോ എന്ന മടി മൂലം പറമ്പിലേക്കു തിരിഞ്ഞുപോലും നോക്കാത്ത ആളാ...

തരക്കേടില്ലാത്ത ഒരു തുക വന്നവരുമായി പറഞ്ഞുറപ്പിച്ച് ശേഷം ഒരു നമ്പൂരി ആക്സന്റ് ഒക്കെ വരുത്തി മണിച്ചേട്ടന്‍, നേരെക്കണ്ട മാവു ചൂണ്ടിക്കാണിച്ചു പറഞ്ഞു..

“ഈ മാവ്.. അതു നോം തരില്ല്യാ... അത് നമ്മുടെ അച്ഛന്‍ തിരുമേനി മരിക്കുമ്പോ മുറിക്കാനുള്ളതാ..”

“ഓ ശെരി..”

പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നിന്നവരോട് അടുത്ത മാവിനെ ചൂണ്ടികാണിച്ച് മണിച്ചേട്ടന്‍ തുടര്‍ന്നു..

“ഈ മാവും തരില്ല്യാട്ടോ... ഇത് അമ്മത്തമ്പ്രാട്ടി മരിക്കുമ്പോ മുറിക്കാനായി വെച്ചേക്ക്വാ..”

“ഓ..” വന്നവര്‍ ബഹുമാനപുരസ്സരം ആ മാവിനേയും നോക്കി.

“പിന്നെ.. ഇത്.. ഈ മാവ്, നോം മരിച്ചാല്‍ ദഹിപ്പിക്കാനായി കരുതിവച്ചിരിക്കുന്നതാ..”

ഈ മനക്കലെ മരണവും ദഹിപ്പിക്കലും ബുക്കിങ്ങും കഴിഞ്ഞ് മുറീക്കാനിവിടെ ബാലന്‍സ് മാവൊന്നും വരില്ലേ എന്നെ ശങ്കയില്‍ വന്നവര്‍ രണ്ടും പരസ്പരം നോക്കി എന്തോ പിറുപിറുത്തു.

അടുത്ത രണ്ടു മാവുകള്‍ ചൂണ്ടി പുള്ളി പറഞ്ഞു: “ഈ രണ്ടെണ്ണം, അങ്ങട് മുറിച്ചോളൂ.. ഇപ്പോ തന്നെ അഡ്വാന്‍സു വേണം”

അതിനെന്താ തിരുമേനീന്നും പറഞ്ഞ് പാവങ്ങള്‍ 500 ഉര്‍പ്യാ എടുത്ത് അഡ്വാന്‍സായി കൊടുക്കുകയും, ഞങ്ങളു നാളെ ലോറിയുമായി വരാമെന്നു പറഞ്ഞ് സ്ഥലം കാലിയാക്കുകയും ചെയ്തു. മണിച്ചേട്ടന്‍ നേരെ ഷാപ്പിലേക്കും!

***** രംഗം-2 *****
ചാരുകസേരയിലുരുന്ന് വിശാലമായി മുറുക്കുമ്പോഴാണു ഒരു ലോറി പടിക്കല്‍ വന്നു നില്‍ക്കുന്നത് തിരുമേനി കണ്ടത്. രണ്ടുമൂന്നു പേര്‍ ഇറങ്ങി കുളത്തിന്റെ വശത്തേക്കു പോകുന്നതും കണ്ടു. ഈ റോഡില്‍ ലോറിയൊക്കെ പതിവില്ലാത്തതാണല്ലോ, ഒന്നുപോയി നോക്കണോ എന്നു ശങ്കിച്ചെങ്കിലും, കസേരയില്‍ നിന്നും എണീക്കണമല്ലോ എന്ന മടിമൂലം ആ ഉദ്യമം വേണ്ടെന്നു വച്ച് മുറുക്കാന്‍ ചവക്കല്‍ പുനരാരംഭിച്ചു.

“ടക്ക് ടക്ക്” എന്ന നല്ല ഉച്ചത്തിലുള്ള ശബ്ദം കേട്ടപ്പോഴാണു “സംതിങ്ങ് റോങ്ങ്” എന്ന ഫീലിങ്ങ് തിരുമേനിയുടെ തിരുമണ്ടയില്‍ ഫ്ലാഷടിച്ചത്. “എണിക്കണൊ” എന്ന് , മടി അദ്ദേഹത്തോട് ചോദിച്ചെങ്കിലും, “എനീ‍ക്ക്യാ” എന്ന ആകാംക്ഷയുടെ കമാന്‍ഡ് ആണു പുള്ളി ആ വേളയില്‍, അവസരത്തില്‍ എക്സിക്യൂട്ട് ചെയ്തത്.

എണീറ്റ് നെടുങ്കന്‍ ഒരേമ്പക്കവും വിട്ട് , കുടവയറും കുലുക്കി ശബ്ദത്തിന്റെ ഉറവിടം തേടിയുള്ള യാത്ര ചെന്നു നിന്നത് കുളക്കടവിനരികിലായിരുന്നു. കണ്ണൂം മിഴിച്ച് നോക്ക്കിയ തിരുമേനി അന്തംവിട്ടു..

രണ്ടു പേരു മാവേല്‍ക്കയറി ചില്ലയൊക്കെ വെട്ടുന്നു..

“ഹൈ ഹൈ.. എന്തക്രമാണ്ടോ ഈ കാണിക്കണേ.. നിര്‍ത്ത്വാ...” തിരുമേനി തിരുവാതുറന്നു കീറീ.. കൂട്ടത്തില്‍ കാര്യസ്ഥന്‍ മണിയെ സഹായത്തിനു വിളിച്ചു “മണ്യേ, ഇങ്ങട് വര്‌വാ.. ന്താ പ്പോ ഈ ഏഭ്യ്മ്മാരു കാട്ടിക്കൂട്ടണേ..”

ആ വിളിക്കേള്‍ക്കാം മണി പോയിട്ട് ഒരു “മ” പോലും ഉണ്ടാരുന്നില്ല ആ ഏരിയാവില്‍!

തിരുമേനീടെ അട്ടഹാസം കേട്ട തമിഴന്മാര്‍ മാവുമുറിക്കല്‍ നിര്‍ത്തി താഴെയിറങ്ങി. തങ്ങള്‍ ഇന്നലെ ഈ മാവുകള്‍ മുറിക്കാന്‍ ഇവിടത്തെതിരുമേനിക്ക് അഡ്വാന്‍സു കൊടുത്തിട്ടെന്നും പറഞ്ഞപ്പോള്‍ നമ്പൂരി ചോദിച്ചു...

“താന്‍ ഇവിടത്തെ നമ്പൂരിക്ക് അഡ്വാന്‍സു കൊടുത്തെന്നോ.. അപ്പോപിന്നെ ഈ നിക്കണ നോം ആരാണ്ടോ?”

“ഓ, തമ്പ്രാനാണോ ഇവിടത്തെ തമ്പ്രാന്‍ ? എന്നാപ്പിന്നെ ഇവടത്തെ ചെറ്യേ തിരുമേനിക്കാവും ഞങ്ങളു അഡ്വാന്‍സു കൊടുത്തത്..

“ഏയ്, ന്താപ്പോ ഈ പറേണേ? നമ്മോടു ചോയിക്കാണ്ടു ആരും ഇവിടെ പണം വാങ്ങില്ല്യാ..”

“വാങ്ങി തിരുമേനി.. വന്നവര്‍ ആണയിട്ടു”

“ങ്ങട്ട് വര്വാ, നോം ചോദിക്കാം” എന്നും പറഞ്ഞ് തിരിച്ചു മനക്കലേക്കു നടന്നു..

“അനിയാ താന്‍ ങ്ങട്ട് വര്വാ“ എന്ന അലര്‍ച്ച കേട്ട് കുട്ട്യോള്‍ടെ കൂടെ നടുമുറ്റത്തിന്റെ തിണ്ണയില്‍ തായംകളിച്ചോണ്ടിരുന്ന അനിയന്‍ പുറത്തേക്കോടി വരുകയും, ജ്യേഷ്ഠനും രണ്ടുമൂന്നു അപരിചിതരും മുറ്റത്തു നില്‍ക്കുന്ന കണ്ട് ഒന്നും മനസ്സിലാവാതെ എല്ലാവരേയും നോക്കുകയും ചെയ്തു...

“ഈ തിരുമേനിക്ക്യാണോടോ നിങ്ങളു പണം കൊടുത്തേ?”

“അല്ല”

“പിന്നാര്‍ക്കാടോ?..

“ഇങ്ങേര്‍ക്കല്ല, മറ്റേ തിരുമേനിക്ക്..” വന്നവര്‍ ആകെ കണ്‍ഫ്യൂഷനില്‍..

“അനിയനും നോമുമല്ലാതെ ഇനി ഈവിടെ വേറൊരു മറ്റേ തിരുമേനീം ഇല്ല്യാഡോ..”

വന്നവര്‍ ആകെ ഡൌട്ടടിച്ചു നിന്ന ശേഷം പറഞ്ഞു.. “ഇന്നലെ ഒരു 11 മണിക്കാണു തമ്പ്രാ ‍ ഞങ്ങള്‍ ഇവിടെ വന്നത് .. ആ പല്ലൊക്കെ ഉന്തിയ ഒരാള്‍, മുഖത്ത് വലിയൊരു അരിമ്പാറയുമുണ്ട്.. ഞങ്ങള്‍ 500 ഉര്‍പ്യാ അയാള്‍ക്ക് അഡ്വാന്‍സ് കൊടുത്തത് തിരുമേനി..സത്യം!“

പല്ല്, അരിമ്പാറ എന്നു കേട്ടതോടെ തിരുമേനിയുടെ മണ്ടയില്‍ ഫ്ലാഷു മിന്നി... “മണി”! ദുഷ്ടാ... എന്നാലും ഈ ചതി...

മണി വാങ്ങിയ അഡ്വാന്‍സു തിരിച്ചു കൊടുത്തില്ലെങ്കില്‍ മാവു മുറിച്ചേ ഇവന്മാര്‍ പോവൂ എന്നുറപ്പായതോടെ 500 രൂപയും ലോറിക്കാരനുള്ള കാശും കൊടുത്ത് വന്നവരെ പറഞ്ഞുവിട്ട് മനയിലേക്കുനടക്കുമ്പോള്‍ തിരുമേണി പുലമ്പി.. “ഏഭ്യന്‍.. അവനിങ്ങ്ട്ട് വരട്ടേ ഇനി.. ശരിയാക്കും നോം..”

മണിച്ചേട്ടനാരാ മോന്‍.... എന്നു വരും നീ, എന്നുവരും നീ.. എന്ന പാട്ടും പാടി തിരുമേനി ഇരുന്നു!

ചാരുകസേരയില്‍ നിന്നും എഴുന്നേറ്റ് തന്നെ തിരക്കി തിരുമേനി വരില്ലാന്നു ഉറപ്പുണ്ടായിരുന്ന മണിച്ചേട്ടന്‍ , പുള്ളി ഈ കാര്യം മറന്നു എന്നുറപ്പു വരും വരെ, മനക്കലെ കാര്യസ്ഥപ്പണിയില്‍ നിന്നും ലോങ്ങ് ലീവെടുത്ത് മറ്റുള്ള തരികിടകളുമായി ശിഷ്ടകാലം കഴിഞ്ഞുവെന്നു ചരിത്രം!

25 comments:

ഇടിവാള്‍ said...

"സ്കാന്‍ഡല്‍ വുഡ്" പുതിയ പോസ്റ്റ് ;)

ഇത്തിരിവെട്ടം|Ithiri said...

വിവാഹിതനല്ല ( ആഗ്രഹമില്ലാഞ്ഞല്ല.. കയ്യിലിരുപ്പു മൂലം കിട്ടാഞ്ഞതാണു)... ഞാന്‍ കരുതി ദില്‍ബന്റെയോ ശ്രീജിത്തിന്റെയോ മറ്റോ കഥയായിരിക്കുമെന്ന്...

പാവം നമ്പൂരി...

കുട്ടന്മേനൊന്‍::KM said...

പല്ലനെ ഇനി എന്റെ കയ്യില്‍ കിട്ടിയാ‍ല്‍.....ഒന്നും ചെയ്യില്ല അല്ലെ.. രസിച്ചു.

ikkaas|ഇക്കാസ് said...

പല്ലന്‍ നായര്‍ തരക്കേടില്ല.
ഒരു തിരുമേനി വിളിയില്‍ പൊന്മുട്ടയിടുന്ന താറാവിനെയല്ലേ ഏഭ്യന്‍ കൊന്നത് എന്നു കരുതി ആദ്യം. കസേരേന്ന് എഴുന്നേക്കണോല്ലോന്നോര്‍ത്ത് മടി പിടിക്കുന്ന തിരുമെനിയെ പരിചയപ്പെട്ടപ്പൊ തോന്നി, പല്ലന്‍ ഇതല്ല ഇതിലപ്പുറവും ചെയ്യുമെന്ന്. :9

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ഇത്തിരിച്ചേട്ടോ രാവിലെത്തന്നെ നുമ്മ നെഞ്ഞത്തേക്കാ അല്ലേ, എന്നാ തിരിച്ചു പിടിച്ചോ..

“ഭാര്യയില്ലാത്തതു കൊണ്ടാണോ എന്തോ, ലോകത്തിലെ ഒന്നിനേം ചേട്ടനു പേടിയില്ല.“

വി ക്ലബ്ബ് പ്രസിഡന്റു തന്നെ സര്‍ട്ടീറ്റ് മുന്‍പിലു പതിച്ച് വച്ചതു കണ്ടില്ലേ... ആനന്ദലബ്ദിക്കിനിയെന്തു വേണം...

ഓടോ: സ്ട്രോങ്ങല്ല...

ബീരാന്‍ കുട്ടി said...

ഉഗ്രന്‍. പതിവ്‌ ശൈലിയില്‍ തനെ വെച്ച്‌ കീറി.

അദ്യത്തെ തെങ്ങ എന്റെ വഹ.

"ഠെ"

ഉണ്ണിക്കുട്ടന്‍ said...

ഇടിവാളേട്ടാ തിരുമേനിയെ പറഞ്ഞിട്ടു കാര്യമില്ല ഈ ചാരുകസേരയിലിരുന്നാല്‍ എണീക്കാന്‍ ഇച്ചിരി ബുദ്ധിമുട്ടാ..

പല്ലന്‍ ആളു ടോപ്പാണല്ലോ..പണ്ടു ഞാന്‍ പലചരക്കു കടയില്‍ (ആരാണവോ ഈ പേരിട്ടത് ഒരു ചരക്കിനെ പോലും ഞാനിന്നു വരെ അവിടെ കണ്ടിട്ടില്ല) പോയിട്ടു വരുമ്പോള്‍ "ഹോ ഹോ സവാളയ്ക്കൊക്കെ എന്താ വിലാ.." എന്നു പറയുന്നതോര്‍ത്തു.

ഏറനാടന്‍ said...

ഇടിഗഡീ ഗുഡ്‌ വാരി-ക്കൂട്ട്‌ (വെരിഗുഡ്‌ മങ്ക്ലീഷ്‌)..

:))

അപ്പൂസ് said...

:)) നന്നായി

കുറുമാന്‍ said...

മനയോടു ചേര്‍ന്ന കുളത്തിനരികില്‍ മൂവാണ്ടന്‍, പ്രിയൂര്‍ മുതല്‍, ഒരൊറ്റയെണ്ണം ഒന്നരക്കിലോ വരെ തൂക്കമുള്ള ഇനത്തില്‍ പെടുന്ന നല്ല ഒന്നാം തരം മാവുകള്‍ നിരന്നു നില്‍ക്കുന്നുണ്ട്- മാവിനോ, മാങ്ങക്കോ ഒന്നരകിലോ തൂക്കം? മാവിനാണെങ്കില്‍ ഓക്കെ, ഇനി മാങ്ങക്കാണെങ്കില്‍ ഇത്തിരികുറയുമോ, ഒന്നരകിലോയില്‍ നിന്നും :)

ഇഷ്ടായിഷ്ടാ....അവസാനം പെട്ടെന്നുകൊണ്ടവസാനിപ്പിച്ച പോലെ....

സൂര്യോദയം said...

ഇടിവാളേ... പല്ലനും തിരുമേനിയും കൊള്ളാം... എഴുത്തിന്റെ ശൈലിയും കൊക്കൊള്ളാം.. :-)

അഗ്രജന്‍ said...

“ഭാര്യയില്ലാത്തതു കൊണ്ടാണോ എന്തോ, ലോകത്തിലെ ഒന്നിനേം ചേട്ടനു പേടിയില്ല...“

അവനവന്‍ കുഴിക്കുന്ന കുഴികളില്‍ പതിക്കുമ്പോള്‍ ഗുലുമാല്‍...!

എന്‍റെ ഒരു കൂട്ടുകാരനുണ്ട്, വീട്ടുകാര്‍ മങ്ങകള്‍ വിറ്റ മാവ്,വേറേയാള്‍ക്ക് വിറ്റ് അഡ്വാന്‍സ് വാങ്ങി പുട്ടടിച്ച മിടുക്കന്‍.

ബ്ലോഗ് ടൈറ്റില്‍ ഒരു ഇടിമിന്നലായിട്ടുണ്ട് :)

ബീരാങ്കുട്ടിയുടെ തേങ്ങയേറ് ഒരൊന്നൊന്നരയായീട്ടോ ;)

Sul | സുല്‍ said...

ഇടിവാള്‍ രണ്ടു ദിവസത്തിനുള്ളില്‍ ഒരു പോസ്റ്റിടും എന്നു അഗ്രു പറഞ്ഞപ്പോള്‍ ഇത്രേം വിചാരിച്ചില്ല ഇടീ.
ഇതു കിടു :)
-സുല്‍

sandoz said...

വാള്‍സേ എനിക്ക്‌ പല്ലനേക്കാള്‍ ഇഷ്ടപ്പെട്ടത്‌ ആ നമ്പൂരിയേയാ......
ഒരു സിനമയില്‍ പറവൂര്‍ ഭരതന്‍ അവതരിപ്പിച്ച ക്യാരക്റ്ററിനെ ഓര്‍മിപ്പിച്ചു നമ്പൂരി.
24 മണിക്കൂറും വരാന്തയില്‍ മടിപിടിച്ച്‌ കിടന്നുറങ്ങുന്ന ഒരു ക്യാരക്റ്റര്‍.നിങ്ങള്‍ അകത്ത്‌ കേറി കിടക്ക്‌ മനുഷ്യാ എന്ന് ഭാര്യ പറയുമ്പോള്‍..ഓ...അതൊക്കെ വല്യ പാടാ എന്ന് പറയുന്നു ഭരതന്‍ കഥാപാത്രം.

മണിച്ചേട്ടന്‍ എന്ന തലക്കെട്ട്‌ മാറ്റിയല്ലേ.ഞാന്‍ തനിമലയാളത്തില്‍ ഇന്നലെ കണ്ടിരുന്നു.ഞെക്കിയപ്പോള്‍ 502 എന്നു കണ്ടു.ഹ.ഹ.ഹ

SAJAN | സാജന്‍ said...

ഇതിനെ ആദ്യം ഒന്നു വിമര്‍ശിച്ചേക്കാം എന്നു കരുതി.. ഈ സാന്‍ഡല്‍ വുഡും ആയി ഈ കഥക്കെന്താ ബന്ധം എന്നൊക്കെ ഓര്‍ത്തു വരുമ്പോഴാണ് പിന്മൊഴിയില്‍ കമന്റ് വന്നതു വീണ്ടും വായിച്ചു നോക്കിയത്.. ഞാന്‍ ഉദ്ദേശിച്ച കമന്റ് ഇട്ടിരുന്നെങ്കില്‍ ഇന്ന് എന്റെ കാര്യം കട്ട പൊഹ ആയേനേ ഹഹഹ:)
ഒന്നു കൂടെ ഈയടുത്ത ദിവസം നമ്മുടെ കുറൂസ് പിഡി എഫില്‍ അയച്ചുതന്ന ഇടിയുടെ കഥകള്‍ ഒറ്റയിരുപ്പിനിരുന്ന് കുടുംബ സമേതം വായിച്ചു തലയും കുത്തി ചിരിച്ചു..
കങ്രാസ് ഇടി, കങ്രാസ്:)

ഇടിവാള്‍ said...

സാന്റോ.. കറക്റ്റ്.. തലേക്കെട്ട് മാറ്റിയതു തന്നെ., പക്ഷേ ഇന്നലെ തനിമലയാളത്തില്‍ വന്നോ ? ഞാണ്‍ സേവ് നു പകരം പബ്ലിഷ് ആണു അറിയാതെ പ്രസ് ചെയ്തത്.. അതും പകുതിഒ റ്റയിരുപ്പില്‍ പൂശി..

5 മിനിറ്റ് കഴിഞ്ഞപ്പഴാ പോസ്റ്റ് ആയെന്നു കണ്ടത്.. അതു തനിമലയാളത്തില്‍ വന്നാ?

അതു ശരി.. അതു കണ്ടിട്ടാ നമ്മ കണിയാന്‍ അഗ്രജന്‍ സുല്ലിനോട് ഗണിച്ചു പറഞ്ഞത്, ഞാന്‍ 2 ദിവസത്തിനകം പോസ്റ്റിടുമെന്നു! അമ്പടാ കള്ളാ !


കമന്റിയ എല്ലാര്‍ക്കും നന്ദി...

ചന്ദ്രകാന്തം said...

"ചാരുകസേരയില്‍ നിന്നു എണീക്കണോ..വേണ്ടയോ.."
അടിപൊളി. എലിപ്പത്തായം മോഡല്‍ തിരുമേനി.
ഈ പല്ലന്റെ ചില നല്ലസ്വഭാവങ്ങളുള്ള ഒരു കഥാപാത്രം ഇടിവാളിന്റെ അയല്‍ രാജ്യത്തുമുണ്ടായിരുന്നു. (അയ്യോ ഞാനല്ലേ)പക്ഷെ.. തരികിട, തട്ടിപ്പ് ഒന്നും ഇത്ര വരില്ല (സ്വന്തം വീട്ടുകാരോടൊഴിച്ച്). ചുരുക്കിപ്പറഞ്ഞാല്‍, "തൊന്നൂറ്റെട്ടു ഗുണവും രണ്ട് ദോഷവും". ആളെ ഞാന്‍ വഴിയെ പരിചയപ്പെടുത്താം.

Siju | സിജു said...

:-)

ബാച്ചിലേഴ്സിനു ഒന്നിനേം പേടിയില്ലെന്നാണ് വിവാഹിത ക്ലബ് പ്രസിഡന്റ് പറഞ്ഞിരിക്കുന്നത്.. കൊള്ളാം..

Haree | ഹരീ said...

:)
അപ്പോള്‍ പേരിനെപ്പറ്റി ആദ്യം തന്നെ ഇവിടെ ഒരു തര്‍ക്കം കഴിഞ്ഞൂല്ലേ... ഈ സായുടെ അടിയിലെ ക പെട്ടന്ന് കാണില്ല... അതുകൊണ്ട് ഈ സാന്‍ഡല്‍ വുഡെന്ന് പേരിട്ടിട്ട് മാവിന്റെ വുഡ് വെട്ടണകാര്യം പറഞ്ഞതെന്താണെന്ന്...
ഏതായാലും സംഭവം ഉഷാര്‍...
--

Dinkan-ഡിങ്കന്‍ said...

ഇടിവാളേ :)

കലക്കി
ഈ പല്ലന്‍ എന്ന പേരില്‍ മുമ്പ് സാന്‍ഡോ ആരെയൊ ഇറക്കില്ലെ? ഇല്ലേ?

ആഷ | Asha said...

ഹ ഹ
പാവം തിരുമേനി

സുനീഷ് തോമസ് / SUNISH THOMAS said...

ഒന്നുപോയി നോക്കണോ എന്നു ശങ്കിച്ചെങ്കിലും, കസേരയില്‍ നിന്നും എണീക്കണമല്ലോ എന്ന മടിമൂലം ആ ഉദ്യമം വേണ്ടെന്നു വച്ച് മുറുക്കാന്‍ ചവക്കല്‍ പുനരാരംഭിച്ചു....നമ്പൂതിരി ഫലിതക്കഥ രസിച്ചു. ഇടിവാളു കൊടുവാളായിട്ടുണ്ട്.

:: niKk | നിക്ക് :: said...

ഗെഡിയിടീ ന്നലെ വടെ സിറ്റീല്‍ ഒരുന്തുവണ്ടീല്‍ തേങ്ങേം മാങ്ങേം വിറ്റു നടന്നാള്‍ ഈ പല്ലേട്ടന്‍ തന്നേര്‍ന്നോ?

കൊള്ളായിഷ്ടാ, ആസ്വദിച്ചു വായിച്ചു :)

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.