-- എ ബ്ലഡി മല്ലു --

രാധേച്ചിയുടെ വീട്

Monday, October 30, 2006

പടികളിറങ്ങുമ്പോള്‍ വിളിച്ചു പറഞ്ഞു.
"അമ്മേ, ഞാന്‍ രാധേച്ചിയുടേ വീടുവരെ പോവ്വാ."

"നേരം ഇരുട്ടിത്തുടങ്ങി, അധികം വൈകണ്ടാ. ആ ടോര്‍ച്ചെടുത്തോളൂ"..

" ഊം..." വര്‍ഷങ്ങളൊളം രാപകല്‍ ഭേദമില്ലാതെ ഓടി നടന്ന വഴികള്‍, ഇപ്പോഴെന്തിനൊരു ടോര്‍ച്ച്‌ ?

പുറകിലത്തെ വഴിയിലൂടെ ഒരു പത്തടി നടന്നാല്‍ എത്താവുന്നതേയുള്ളൂ. പക്ഷെ, രണ്ടു കൊല്ലം മുന്‍പ്‌ കാരയില്‍കാരു ആ പറമ്പു വാങ്ങി വളച്ചു കെട്ടി. ഇനിയിപ്പോ, മുന്‍വശത്തെ റോഡുലൂടേ കുറച്ചധികം നടക്കണം.

ഏറ്റവും അടുത്ത കൂട്ടുകാരനാണ്‌ രഘു. രാധേച്ചിയുടേ മക്കളില്‍ രണ്ടാമന്‍. നാലുമക്കളില്‍ ഏറ്റവും ഊര്‍ജസ്വലന്‍.വര്‍ഷങ്ങള്‍ക്കു മുന്‍പേ ദാമുവേട്ടന്‍ മരിച്ചിട്ടും, രാധേച്ചിയുടെ ആ മനക്കരുത്തൊന്നുകൊണ്ടാണ്‌ ആ കുടുംബം നിലനിന്നത്‌. കുറച്ചു വലുതായപ്പോള്‍ നാലാാണ്‍മക്കളും അമ്മക്കു തണലായി, ചെറിയ ജോലികളെടുത്ത്‌..

കഴിഞ്ഞ ലീവിനു നാട്ടില്‍ വന്നപ്പോള്‍, എന്നെക്കൊണ്ടൊരു ഒരു പോളിസിയെടുപ്പിക്കാന്‍ രഘു കുറെ നടന്നു പുറകേ.

"ഞാനൊരു പോളിസിയെടുത്താല്‍ നിനക്കെതു മെച്ചം കിട്ടും ? അതു ഞാനങ്ങു കാശായിട്ടു തന്നേക്കാം, എന്നാലും പോളിസി എനിക്കു വേണ്ട."

അതവനു സ്വീകാര്യമല്ല. ദുരഭിമാനി!

ഇടക്കു നാട്ടിലേക്കു ഫോണ്‍ ചെയ്തപ്പോ അമ്മ പറഞ്ഞു, മൂത്തവന്‍ രാജേഷ്‌ ബോംബേക്കു പോയി. അവിടത്തെ ജോലികൊണ്ടു വല്യ മെച്ചമൊന്നും ഇല്ലത്രേ. രാധേടെ കാര്യം കഷ്ടത്തിലാ. രഘുവിന്റെ ചെറിയൊരു വരുമാനം കൊണ്ടാണാ കുടുംബം കഴിഞ്ഞു പോകുന്നത്‌.

ചെറിയൊരു കുറ്റബോധം തോന്നി. ഒരു പോളിസി എടുക്കായിരുന്നു.

ഓരോന്നാലോചിച്ച്‌ വീടെത്തിയതറിഞ്ഞില്ല. രാധേച്ചി ഉമ്മറത്തു തന്നെയുണ്ടായിരുന്നു. പഴയ ആ രണ്ടുമുറി ഓടിട്ട വീടിന്റെ സ്ഥാനത്ത്‌ ചെറിയൊരു ടെറസ്‌ വീട്‌.

"വന്നിട്ട്‌ പത്തു ദിവസമായെന്നു പറഞ്ഞു കേട്ടു, ഇങ്ങോട്ടൊക്കെ ഇപ്പഴെങ്കിലും ഒന്നിറങ്ങാന്‍ തോന്നീലോ" രാധേച്ചിയുടെ പരാതിയും പരിഭവവും ഇടകലരുന്നു.

"തെരക്കായിരുന്നു" എവിടേയുമുപയോഗിക്കാവുന്നൊരു മുടന്തന്‍ ന്യായം.

സത്യത്തില്‍ രാധേച്ചിയെ എങ്ങനെ അഭിമുഖീകരിക്കും എന്ന ഒരൊറ്റ കാരണത്താലാണ്‌ ഇത്രേം ദിവസമായിട്ടും വരാതിരുന്നത്‌. എന്നെ കണ്ടാല്‍ ഇനി രഘുവിന്റെ ഓര്‍മകള്‍. എനിക്കു വയ്യ ആ കണ്ണീരു കാണാന്‍.

കുശലാന്വേഷണങ്ങള്‍ക്കിടയില്‍ സ്വീകരണമുറിയിലിരിക്കുന്ന അവന്റെ ഫോട്ടോയിലേക്കു നോക്കി. കഴിഞ്ഞ വര്‍ഷം മണ്ണുത്തിയില്‍ ബൈക്കാക്സിഡന്റില്‍ മരിച്ച എന്റെ പ്രിയ സ്നേഹിതന്‍...

"വീടു നന്നായിട്ടുണ്ട്‌ രാധേച്ചി", എന്തെങ്കിലും പറയണമല്ലോന്നോര്‍ത്തു.

"രഘൂന്റെ ഇന്‍ഷൂറന്‍സു കാശു കിട്ട്യേപ്പോ പണിതതാ"

തിടുക്കത്തില്‍ രാധേച്ചിയുടെ മുഖത്തേക്കൊന്നു നോക്കി. ആശ്വാസത്തിന്റെ ചെറു കണികകള്‍ ആ കണ്ണിലുണ്ടായിരുന്നോ...

യാത്ര പറഞ്ഞു ആ പടികളിറങ്ങുമ്പോള്‍ മനസ്സിലോര്‍ത്തു..
വരേണ്ടിയിരുന്നില്ല....

1 comments:

പകിടന്‍ said...

ithu munne vaayichathaanelum, thamaashakoppam sentimentsum kaikaaryam cheyyan thaankalku patumennu veendum thelinjirikkunnu....abhivaadyangal...

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.