-- എ ബ്ലഡി മല്ലു --

മടക്കയാത്ര

Sunday, April 22, 2007

“ചിക്കുമോളിങ്ങടു വരൂ, അച്ഛമ്മ മുടി മെടഞ്ഞിട്ടു തരാം”
ഇംഗ്ലീഷിലെന്തോ മുറുമുറുത്തുകൊണ്ട് ചിക്കു അപ്പുറത്തെ മുറിയിലേക്കു പോയി.

താന്‍ വന്നിട്ടിപ്പോ രണ്ടു മാസമായി. ഈ കുട്ടി ഇപ്പളും അച്ഛമ്മയുമായിട്ട് ഇണങ്ങീല്ല്യല്ലോ ന്റെ ഗുരുവായൂരപ്പാ, ന്താണാവോ എന്നോടിത്ര ദേഷ്യം? പ്രകാശന്‍ ഇതുപോലെ ഒന്നുമായിരുന്നില്ലല്ലോ, അവന്റെ മോള്‍ക്കെന്താ ഇങ്ങനൊരു മനുഷ്യപ്പറ്റില്ലാത്ത സ്വഭാവം? എട്ടു വയസ്സേ ആയിട്ടുള്ളൂ, ന്നാലും എന്തൊരു വളര്‍ച്ച്യാ ന്നത്തെക്കാലത്തീ പെങ്കുട്ട്യോള്‍ക്ക്.. ഭാനുവമ്മ മനസ്സിലോര്‍ത്തു.

പ്രകാശനും സിന്ധുവും ജോലിക്കുപോയി. രാവിലെ അഞ്ചരക്ക് എഴുന്നേറ്റു പോവും, രാത്രി 8 മണിയാവും വരാന്‍ . വല്ലാണ്ടു കഷ്ടപ്പാടാണു ന്റെ കുട്ടിക്ക്.. ദുബായിലാണെന്നും പറഞ്ഞിട്ട് എന്താ കാര്യം! “അമ്മ ദുബായിലേക്കു വരൂ, വെക്കേഷനു അമ്മ ഇവിടുണ്ടാവുന്നതു മോള്‍ക്കും കൂടി ഇഷ്ടമവുംന്നു പ്രകാശന്‍ പറഞ്ഞട്ടാ ഈ വയസ്സാം കാലത്ത് ഈയൊരു സാഹസത്തിനു മുതിര്‍ന്നത്.

മടുത്തു തുടങ്ങി, ഈ ഫ്ലാറ്റിലെ നാലു ചുമരുകളും ഈ കിളവിയെ കളിയാക്കുന്ന പോലെ തോന്നണൂ. പ്രകാശന്റച്ഛന്‍ പോയേപ്പിന്നെ വീട്ടില്‍ ഒറ്റക്കാണെങ്കിലും, ഇത്രക്കും ഏകാന്തത അവിടെണ്ടാര്‍ന്നില്ല. പയ്യിനെ നോക്കലും, അടുക്കള മുറ്റത്തെ കൃഷിയുമെല്ലാമായി സമയം പോവുന്നതറീല്ല്യ, പിന്നെ അമ്മിണി വന്നാ നാട്ടുകാര്യങ്ങളായി.

“ഏട്ത്തിക്ക് അങ്ങോട്ടൊന്നു വന്നാലെന്താന്നാ പരാതി, പത്തടി നടന്നാല്‍ മതി അവള്‍ടെ വീട്ടിലേക്ക്, എന്നാലും ഈ വീടും പരിസരോം വിട്ടു പുറത്തേക്കു പോവാന്‍ തോന്നാറില്ല”.. “ദുബായീലൊക്കെ പോവാന്‍ ഭാഗ്യം വേണേന്നു പോരുന്നതിനു മുന്‍പ് അമ്മിണി പറഞ്ഞതോര്‍ത്തു. കൃഷ്ണാ..ഗുരുവായൂരപ്പാ, ഇതാണോ ഭാഗ്യം!
ഇതിപ്പോ പോയാല്‍ മതീന്നായി, പക്ഷേ, പ്രകാശനെന്തു തോന്ന്വോ ആവോ, ഇത്രേം കാശു ചെലവാക്കി വന്നിട്ട് ഇപ്പോ പോണം‌ന്നൊക്കെ പറഞ്ഞാ അവനു പ്രയാസാവും, തിര്‍ച്ച ...

ഒരു മാസം കൂടി വിസ നീട്ടണമെന്നു അവന്‍ ഇന്നലെ പറഞ്ഞതേയുള്ളൂ.. ചിക്കു മോളു ഡാന്‍സു പഠിക്കാന്‍ പോയാല്‍ പിന്നെ ഇടക്കിടകു പള്ളീല്‍ നിന്നും കേള്‍ക്കുന്ന ബാങ്കുവിളിയും പിന്നെ ഇടക്കൊക്കെ ഫോണ്‍ ബെല്ലടിയുമാണു ചിന്തകളില്‍ നിന്നും ഉണര്‍ത്തുന്നത്.. ഒരിക്കല്‍ ഫോണെടുത്തപ്പോള്‍ ആരോ .. ഒന്നും മനസ്സിലാവാത്ത ഭാഷയില്‍ എന്തോ പറഞ്ഞു... “പ്രകാ‍ശനിവിടില്ല്യാ, രാത്രി വിളിക്കൂ” ന്നു മലയാളത്തില്‍ പറഞ്ഞത് അയാള്‍ക്കു മനസ്സിലായീന്നു തോന്നുണൂ.. വേഗം ഫോണ്‍ വച്ചു..

അവന്‍ വന്നാല്‍ പറേണം ഇനി വിസ പുതുക്കണ്ടാ.. നാട്ടില്‍ തിരിച്ചു പോവ്വാന്നു... ഇവിടത്തെ ചിട്ടകളൊന്നും ശരിയാവുന്നില്ല.

ഉറക്കം പോലും ശരിയാവുന്നില്ല. പ്രകാശനും സിന്ധുവും സ്നേഹത്തോടെയാണു പെരുമാറ്റം ന്നാലും താനായിട്ടു അവര്‍ക്കിനി ബുദ്ധിമുട്ടുണ്ടാക്കണ്ടാ. അവന്‍ ഇനി എതിര്‍പ്പു പ്രകടിപ്പിക്കുമോ ആവോ! അമ്മിണിക്ക് സന്തോഷാവും, താന്‍ നേരത്തെ ചെല്ലുന്നൂന്നറിഞ്ഞാ.

എന്തായാലും പ്രകാശന്‍ വന്നിട്ടു പറയണം. നിര്‍ബന്ധായിട്ടും തിരിച്ചു പോവ്വാന്നു. ഇന്നെന്തോ, വല്ലാത്ത മയക്കം വരുന്നു, മെല്ലെ കിടക്കയിലേക്കു ചാഞ്ഞു, കണ്ണുകള്‍ അടഞ്ഞു..

നാളികേരമുറിയിലെ എണ്ണ തീരാറായി, തിരി മുനിഞ്ഞു കത്തുന്നുണ്ട്.. ചന്ദനത്തിരിയുടെ ഗന്ധം മുറിയില്‍ തളം കെട്ടിനിന്നു അമ്മിണിയുടെ ഇടവിട്ടുള്ള തേങ്ങല്‍ മുറിയിലെ നിശബ്ദതയെ ഭഞ്ജിച്ചു.. താന്‍ നേരത്തെ എത്തിയിട്ട് ഇവള്‍ എന്തിനാണാവോ കരയുന്നേ..

നേരത്തെ തിരിച്ചയക്കാന്‍ പ്രകാശന്‍ എതിര്‍പ്പൊന്നുംണ്ടായില്ല്യ, അവനു വിഷമായിയോ ആവോ!

കേശവന്‍ നായരുടെ രാമായണ പാരായണം മുറിയില്‍ അലയടിച്ചു.

55 comments:

വല്യമ്മായി said...

പരീക്ഷണം വിജയിച്ചിരിക്കുന്നു.നല്ല കഥ.

കുറുമാന്‍ said...

നന്നായിരിക്കുന്നു ഇടിവാള്‍, തന്റെ വേറിട്ട ഒരു രചന (പണ്ടും ഈ ടൈപ്പ് ഒരെണ്ണം എഴുതിയിരുന്നു എന്നതോര്‍മ്മയില്ലാതല്ല). തേങ്ങയടിച്ചാവട്ടെ ഇറക്കം :)

തറവാടി said...

എഴുതാന്‍ പറ്റുമെന്നെനിക്കു പണ്ടെ അറിയാമായിരുന്നു,

നന്നായി ഇടിവാള്‍ , നല്ല കഥ

( കുറുവേ , രണ്ടാമത്തെ കമന്‍റ്റിനു തേങ്ങായെന്നുപറയില്ലാട്ടാ :)

കുട്ടന്മേനൊന്‍::KM said...

പരീക്ഷണം നന്നായിട്ടുണ്ട്. നല്ല കഥ ട്ടോ.

ദില്‍ബാസുരന്‍ said...

കൊള്ളാം കമ്പ്ലീറ്റ് ലൈന്‍ മാറ്റിപ്പിടിച്ചു അല്ലേ? നല്ലതാ ഒരു ചേഞ്ചിന്.

കഥ നന്നായി. സസ്പെന്‍സുണ്ട്.

വേണു venu said...

കഥ നന്നായിട്ടുണ്ടു്. ഒരിടിവാള്‍‍ ചെയിഞ്ചു് പോലെ.
ഈ കുട്ടി ഇപ്പളും അച്ഛമ്മയുമായിട്ട് ഇണങ്ങീല്ല്യല്ലോ ന്റെ ഗുരുവായൂരപ്പാ,
ഓടോ.
ഗുരുവായൂരപ്പനെ വിളിച്ചപ്പം വീണ്ടും ഞാനൊന്നു ഞേട്ടി.

ikkaas|ഇക്കാസ് said...

വാള്‍സ്,
കഥ നന്നായിട്ടുണ്ട്. വ്യത്യസ്തത വന്നത് അതിന്റെ ക്ലൈമാക്സിന്റെ അവതരണത്തിലാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

അഗ്രജന്‍ said...

ഇടിവാളേ!!!

വളരെ നന്നായിരിക്കുന്നെടോ... നല്ല കഥ.
ശരിക്കും ടച്ചിങ്!

ഓരോ വരിയും അറിഞ്ഞ് വായിച്ചു.

ക്ലൈമാസ് അവതരിപ്പിച്ച രീതിയും നന്നായി...

sami said...

നല്ല കഥ....
ആദ്യ മീറ്റ് കഴിഞ്ഞയുടനെ താങ്കള്‍ ഇതു പോലെ ടച്ചിങ് ആയൊരു പോസ്റ്റ് എഴുതിയിരുന്നു..അതൊര്‍മ്മ വന്നു....

അരവിന്ദ് :: aravind said...

വാള്‍‌ഗഡീ....
ന്തേയ് സെന്റി?

കൊള്ളാം. നന്നായി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പിന്നേം പറ്റിച്ചല്ലേ... കട്+പേസ്റ്റ് റ്റു മഴക്കാലം..നന്നായിട്ടുണ്ട്...

തമനു said...

ഇടിസാറേ,

നല്ല കഥപറച്ചില്‍.

ഇവിടെ പ്രകാശനും നിസഹായനാണ് അല്ലേ ഇടീ..

ശാലിനി said...

ഇവിടെ വന്ന് അടച്ചിട്ട മുറിയില്‍ മൂന്നുമാസം താമസിച്ച് വീര്‍പ്പുമുട്ടി നാട്ടില്‍ പോയ അമ്മയെ ഓര്‍മ്മ വന്നു. കരയില്‍ പിടിച്ചിട്ട മീനിനെപോലെയാണെന്നാണ് അമ്മ പറഞ്ഞത്.

നന്നായിട്ടുണ്ട്. മമ്മൂട്ടിയും കരമന ജനാര്‍ദ്ദനനും അഭിനയിച്ച ഒരു സിനിമ - അതില്‍ അമ്മയായി അഭിനയിച്ചത് കവിയൂര്‍ പൊന്നമ്മ- ഓര്‍ത്തു പോയി.

Appu said...

ഇടിവാളേ... സത്യം..
കുട്ടിത്തം നഷ്ടപ്പെട്ട കുട്ടികള്‍, ടി.വി.യ്ക്ക് അടിമയായവര്‍. അതിനിടെ അച്ചമ്മയ്ക്കെന്തുകാര്യം?

സങ്കുചിത മനസ്കന്‍ said...

നീ ഒരു ഓ ഹെന്‍ റി ആയത് ഞാനറിഞ്ഞില്ലിഷ്ടാ...

കുറുമാന്‍ മൃത്ഥാത്ഥോനം (സോറി ഫോറ് സ്പെല്ലിംഗ് മിസ്റ്റേക്ക്) കൊണ്ട് മുഖ്യധാരാ സാഹിത്യത്തില്‍ കേറി. നീയും അതിനുള്ള ഭാവമാണോഡേയ്?

kaithamullu - കൈതമുള്ള് said...

ഇടീ,

ഇത് കഥയല്ല, അനുഭവം തന്നെ!

എന്റെ മാതാപിതാക്കള്‍ രണ്ട് മാസത്തെക്ക് വന്നതാ, ദുബായില്‍. ഒരു മാസമാകും മുന്‍പെ തുടങ്ങി തിരിച്ച് പോക്കിന്റെ സംഭാഷണങ്ങള്‍.
-പിന്നെ പ്രലോഭനം, പ്രതിരോധം, പ്രരോദനം....

കൊച്ചുമക്കളെ വച്ച് ബ്ലാക്ക് മെയില്‍ നടത്തി 15 ദിവസം കൂടി നിര്‍ത്തി. അത്ര തന്നെ!

കുതിരവട്ടന്‍ | kuthiravattan said...

ഇടിവാള്‍, ഞാന്‍ നേരത്തെ തന്നെ വായിച്ചിട്ടു പോയതാ. പക്ഷെ ശരിക്കും ദേഷ്യം തോന്നിയതു കൊണ്ടാ കമന്റിടാതെ പോയത്. ആ പാവം അമ്മ നാട്ടില്‍ പോയി കുറച്ചു നാള്‍ കൂടി ജീവിച്ചോട്ടെ എന്നു വച്ചൂടായിരുന്നോ. വന്നു വന്ന് കഥാകാരന്മാര്‍ക്കു മനുഷ്യപ്പറ്റ് തീരെയില്ലാതായിരിക്കുന്നു. മാ നിഷാദാ...

Typist | എഴുത്തുകാരി said...

നന്നായിട്ടുണ്ട്‌ ശരിക്കും.

എഴുത്തുകാരി.

പ്രിയംവദ said...

വളരെ നന്നായിട്ടുണ്ട്.

ഏറനാടന്‍ said...

ഇടിഗഡി വളരെ ഹ്രസ്വമായ ഇത്‌ രസിച്ചു.

ഇന്നത്തെ ബാല്യമനസ്സുകള്‍ ഓരോ ടിവി ചാനലുകാരും പകുത്തെടുത്തു പങ്കുവെച്ചു കൊടുമ്പിരിപൊട്ടിക്കും രംഗവിക്രിയകള്‍ നിറച്ചു..
പാവം പഴയ തലമുറകള്‍ രാമായണം, ഗീതാപാരായണം വഴി സ്വസ്തികാണട്ടെ.

നിമിഷ::Nimisha said...

കഥയിലൂടെ പറഞ്ഞ ജീവിതം... നന്നായിരിയ്ക്കുന്നു.

റീനി said...

മുന്‍ജന്മ പാപത്തിന്റെ ഫലമായിരിക്കും കൊച്ചുമക്കളെ ബേബിസിറ്റുചെയ്യുവാന്‍ ഞാന്‍ മോന്റടുത്ത്‌ ന്യൂയോര്‍ക്കിലേക്ക്‌ പോവുന്നതെന്നോ മറ്റോ കെ പി എസി ലളിത ഏതോ മൂവിയില്‍ പറഞ്ഞതോര്‍മ്മ വന്നു.

Manu said...

നന്നായി..മനസ്സില്‍ തൊടുന്ന കഥ

സതീശ് മാക്കോത്ത് | sathees makkoth said...

പതിവില്‍നിന്നും മാറ്റം നന്നായിട്ടുണ്ട്.

Kiranz..!! said...

ഇതു വരെ വായിച്ച ഇടിവാള്‍ കഥകളില്‍ എനിക്ക് ഏറെ ഇഷ്ടമായത്.അസാമാന്യമായ കണ്‍ക്ലൂഷന്‍,ഈ ലൈന്‍ കഥകള്‍ക്കും ആരാധകര്‍ ഉണ്ടേ..!

സാരംഗി said...

കഥ വായിച്ചു...
കണ്ണു നിറയുകയും ചെയ്തു.

salim | സാലിം said...

ഇടിസാറെ... ജീവിതഗന്ധമുള്ള നല്ലകഥ

SAJAN | സാജന്‍ said...

ശേ.. ഇതു വളരെ സങ്കടമാകിയല്ലോ..
പതിവില്‍ നിന്നും മാറിനടന്നത് ... ഒട്ടും മോശായില്ല:)

Jishad said...

ചങ്കില്‍ തന്നെ കൊണ്ടു. ഇന്നു മുഴുവന്‍ ഇതിന്റെ ഹാങ്ങ് ഓവറില്‍ ഇരിക്കാം.

Sul | സുല്‍ said...

ഹിതെന്താ ഭഗവാനെ കഥ.
ഇടികുട്ടാ നീ കലക്കി. ഇത്രയൊതുക്കത്തില്‍ ഇടി കഥപറയുമെന്ന് എനിക്കു വിശ്വസിക്കാനാവുന്നില്ല. അത്രയും മനസ്സില്‍ കൊണ്ടു. വളരെ നന്നായി എഴുതി.
അഭിനന്ദനങ്ങള്‍!!!
-സുല്‍

സൂര്യോദയം said...

ആ അമ്മയുടെ ഫ്ലാറ്റിലെ ജീവിതത്തിന്റെ വീര്‍പ്പുമുട്ടല്‍ പലരും കണ്ടതും അനുഭവിച്ചതുമായിരിയ്ക്കും.

പക്ഷെ, ആ തിരിച്ചുപോക്ക്‌...... :-(

വിചാരം said...

ഈ കഥ എന്നെ ഓര്‍മ്മപ്പെടുത്തുന്ന ഒരു അനുഭവം ഞാന്‍ പറയട്ടെ
കഴിഞ്ഞ വര്‍ഷം എന്‍റെ ഗള്‍ഫിലേക്കുള്ള തിരിച്ച് യാത്രയില്‍ എന്‍റെ കൂടെ രണ്ട് വൃദ്ധരുണ്ടായിരുന്നു എന്‍റെ ഉമ്മൂമയും അവരുടെ പന്ത്രണ്ട് വയസ്സുമാത്രം വിത്യാസമുള്ള മൂത്ത മകളും (എന്‍റെ മൂത്തമ്മ)അവരുടെ കുവൈറ്റിലേക്കുള്ള വരവിന്‍റെ ഉദ്ദേശം ഏതൊരു മുസ്ലിംങ്ങളുടേയും ജീവിതാഭിലാഷമായ മെക്കാ സന്ദര്‍ശനം (ഉം‍മ്ര നിര്‍വ്വഹിക്കാന്‍) എന്‍പതോളം വയസ്സുള്ള ഉമ്മൂമയും അറുപത്തഞ്ചോളം വയസ്സുള്ള മൂത്തമ്മയും വളരെ സന്തോഷത്തോടെ തന്നെ കുവൈറ്റിലെത്തി, ഇവിടെ എത്തിയതിന് ശേഷമാണ് അവരറിയുന്നത് ഇനിയും ഒരു മാസം കഴിഞ്ഞാലേ ഉം‍മ്രയ്ക്കുള്ള അടുത്ത ബാച്ച് പുറപ്പെടൂ അതുവരെ മൂത്തമ്മയുടെ മൂത്ത മകന്‍റേയും ഭാര്യയുടേയും കൂടെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങണം ആദ്യത്തെ ഒരാഴ്ച്ച അവര്‍ അധികം വിഷമമില്ലാതെ നീങ്ങി മൂത്ത മകനോട് അവര്‍ക്ക് ചെറിയ ഭയമുള്ളതുകൊണ്ടാവാം അവനോട് അവരുടെ വിഷമം പറഞ്ഞില്ല അവരുടെ മനസ്സ് വല്ലാതെ വിങ്ങുന്നതായി എനിക്ക് അനുഭവപ്പെട്ടും 50 കിലോമീറ്റര്‍ അകലെയാണ് എന്‍റെ താമസമെങ്കിലും ദിവസവും ഞാന്‍ അവരെ കാണാന്‍ പോയിരുന്നു രണ്ടാഴ്ച്ചക്ക് ശേഷം എനിക്ക് ഇറാക്കിലേക്ക് വരാനുള്ള ബസ്സ് തയ്യാറായതിനാല്‍ ഞാന്‍ യാത്ര പറഞ്ഞു .. വീണ്ടും രണ്ടാഴ്ച്ചക്ക് ശേഷം അവരുടെ ആഗ്രഹം സഫലമായി തിരികെയെത്തി മകന്‍റേയും ഭാര്യയുടേയും ആഗ്രഹം അവരെ പിന്നേയും കുറച്ചു കാലം അവരുടെ കൂടെ നിറുത്താനായിരുന്നു, പതിവുപോലെ ഞാന്‍ അവര്‍ക്ക് ഫോണ്‍ ചെയ്തു ആദ്യമായി എന്‍റെ മൂത്തമ്മ കരഞ്ഞത് അന്നായിരുന്നു “മോനെ ഞങ്ങളെ എങ്ങനെയെങ്കിലും നാട്ടിലെത്തിച്ചു തരണം” എന്തുപറയണമെന്നറിയാതെ ഞാനാകെ വിഷമിച്ചു സ്വന്തം മകനോട് പറയാനാവാതെ ആ മാതൃഹൃദയം
ഉടനെ ഞാന്‍ എന്‍റെ എല്ലാ ബന്ധുക്കളേയും വിളിച്ചു പറയേണ്ടത് പറയേണ്ട രീതിയില്‍ പറഞ്ഞു ഒരാഴ്ച്ചക്കുള്ളില്‍ അവര്‍ പൊന്നാനിയിലെത്തി അവര്‍ക്ക് സ്വര്‍ഗ്ഗം ലഭിച്ച അനുഭൂതിയായിരുന്നു 46ളം പേരക്കുട്ടികളും അത്രത്തോളം അവരുടെ മക്കളുമുള്ള എന്‍റെ ഉമ്മൂമയ്ക്കും മൂത്തമ്മയ്ക്കും അവരുടെ കലപില ശബ്ദം കേള്‍ക്കാതെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങാനാവുമോ ?

ഈ കഥ(ഇടിവാളിന്‍റെ) ഒരു അനുഭവമാണ് ഗള്‍ഫിലേക്ക് അമ്മമാരെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ മനസ്സും കൂടി അറിഞ്ഞിരിക്കണം

അഞ്ജന കാഞ്ചന കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരില്‍

കുതിരവട്ടന്‍ | kuthiravattan said...

വിചാരം കവിതയില്‍ വെള്ളം ചേര്‍ത്തോ എന്നൊരു സംശയം. അഞ്ജനത്തിനു കറുപ്പു നിറമാണേ. കാഞ്ജനം സ്വര്‍ണ്ണവും. കറുത്ത പൊന്നാകട്ടെ കുരുമുളകും. ഇനി കുരുമുളകു കൊണ്ടുണ്ടാക്കിയ കൂടാണാവൊ വിചാരം ഉദ്ദേശിച്ചത്. അങ്ങനെയാണെങ്കില്‍ കവിത കൊള്ളാം.

P.R said...

നന്നായിരിയ്ക്കുന്നൂ..
വേഗം അവസാനിച്ച പൊലെ തോന്നി, അതും പ്രതീക്ഷിയ്ക്കാത്ത വിധത്തില്‍...

P.R said...
This comment has been removed by the author.
മഴത്തുള്ളി said...

എത്രപെട്ടെന്നാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്?

കഷ്ടം :(

Vempally|വെമ്പള്ളി said...

ഇടിവാളെ, ഒരു കൊച്ചു നല്ല കഥ, ആശംസകള്‍!

ചേച്ചിയമ്മ said...

കഥ നന്നായിട്ടുണ്ട്.

വിചാരം said...

കുതിരവട്ടാ ക്ഷമിക്കുക 10 വരെ അറബിയും പ്രി-ഡിഗ്രിക്ക് ഹിന്ദിയും പഠിച്ച എനിക്ക് മലയാളം അന്യമാണ് .. അതു കഴിഞ്ഞ് ഗള്‍ഫും വായന ഇപ്പോള്‍ ബ്ലോഗില്‍ ഒതുങ്ങുന്നു .. പ്രായം മറവി അടുപ്പിക്കുന്നു എത്ര വലിയ ഓര്‍മ്മകളും നമ്മില്‍ നിന്ന് അകലും കാലം ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കാതെ സഞ്ചരിക്കുകയാണ്, തെറ്റുകള്‍ തിരുത്തുകയാണ് വേണ്ടത് പരിഹസിക്കുകയല്ല. എന്‍റെ തെറ്റുകള്‍ മേലിലും തിരുത്തണമെന്ന് കുതിരവട്ടനോട് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു (കാര്യായിട്ടാ) തെറ്റുകള്‍ വരികയും അതു സമ്മതിക്കലും ഒരു കുറച്ചിലായി കാണുന്നില്ല

കുതിരവട്ടന്‍ | kuthiravattan said...

ചൂടാവല്ലേ വിചാരം, ഞാന്‍ പരിഹസിച്ചതല്ലാ, ഒന്നു തമാശ പറയാന്‍ നോക്കിയതാ, അതിപ്പോ ഇങ്ങനെയായി :-) അവിടെ ഇസ്മായീലി ഇടാന്‍ മറന്നു പോയി അല്ലേ. :-) ഇവിടെ ഇതാ മൂന്നെണ്ണം ഇട്ട് സോറി പറഞ്ഞിരിക്കുന്നു. ;-)

വിചാരം said...

ഓ.ടോ ന് സോറി
ഹേയ് കുതിരവട്ടാ ഞാനൊട്ടും ചൂടായിട്ടില്ലട്ടോ ഹ ഹ .. :) പിന്നെ എന്നെ പല വര്‍മ്മമ്മരും മറ്റു അനോണിമാരും മേക്കട്ട് കയറുന്നവര്‍ അതെല്ലാം എന്‍റെ ചങ്ങാതിമാര്‍ തന്നെ അതൊന്നും ഞാന്‍ സീരിയസ്സായി എടുക്കാറില്ല അവരും ഇതെല്ലാം തമാശയായിട്ടാണ് എഴുതുന്നത് നമ്പൂരിയച്ചനെ ബിരിയാണി പോസ്റ്റിലൊരു വിരുതന്‍ (വികാരം എന്ന പേരില്‍ വരികയും എന്‍റെ ലിങ്ക് അവിടെ ഇടുകയും ചെയ്തിരിക്കുന്നു)എന്നെ എന്താ വിളിച്ചിരിക്കുന്നത് നോക്കൂ എനിക്കുറപ്പാ അതെന്‍റെ നല്ല സുഹൃത്തായിരിക്കുമെന്ന അതോണ്ട് തന്നെ ഞാന്‍ നിശ്ബ്ദന്‍ ( എന്‍റെ മെയില്‍ maliyekkal2@googlemail.com

ഇടിവാളെ സോറി

കരിമ്പന said...

മിഴിക്കോണില്‍ ഒരു നേരിയ നനവു പടര്‍ന്നുവോ?

Pramod.KM said...

മൃദുവായ വാക്കുകളിലൂടെ നൊമ്പരപ്പെടുന്ന കഥ.
നന്നായി.

വിശാല മനസ്കന്‍ said...

ഇടിയുടെ ഒരു പോസ്റ്റ് വായിക്കാന്‍ കിടന്നിരുന്നത് ദേ ഇപ്ലാ വായിക്കാനൊത്തത്.

ന്ത ഗഡി ലൈന്‍ മാറ്യാ. :)

കഥ ഡീസന്റായിട്ടുണ്ട്. റ്റച്ചിങ്ങ്!

വിശാല മനസ്കന്‍ said...

ഒരമ്പതുമ്മെ കൈ വച്ച കാലമ്മറന്നുറോ..

കിടക്കട്ടെ എന്റെ ഒരമ്പതമാന്‍.

sandoz said...

വാള്‍സേ....ഡണ്‍...കൊടുകൈ......
വിജയിച്ച്‌ നില്‍ക്കുന്ന മേഖലയായ ഹാസ്യത്തില്‍ നിന്ന് മാറിയെങ്കിലും ഒട്ടും മുഷിഞ്ഞില്ലാ.....
വാക്കുകള്‍ അറിഞ്ഞ്‌ തന്നെ ഉപയോഗിച്ചിരികുന്നു....

Balachandran said...

ചങ്കില്‍ കൊള്ളുന്ന കഥ. വയസ്സായ മാതാപിതാക്കളോടു ചെയ്യാവുന്ന ഏറ്റവും വലിയ പാതകമാണിത്‌. ഒരിക്കല്‍ ഞാനും ചെയ്തു, എന്റെ അമ്മയോട്‌. ഒന്നര വര്‍ഷം അമേരിക്കയില്‍ - പാവം. കുട്ടിയെ നോക്കനായിരുന്നില്ല, അവരുടെ സാമീപ്യത്തിനു വേണ്ടിമാത്രം! എന്റെ മക്കളോട്‌ ഞാനിപ്പൊഴേ പറയുന്നു - എന്നെ, എന്റെ വയസ്സുകാലത്ത്‌, നാട്ടില്‍നിന്നു കൊണ്ടുപോകല്ലേ.......

പകിടന്‍ said...

ഇതുപോലെയല്ലെങ്കിലും ഇതേ തീമില്‍ ഞാനും ഒന്നു പോസ്റ്റാന്‍ ശ്രമിച്ചിട്ടുണ്ട്...പക്ഷെ ഇത്തരം തീമുകള്‍ എന്നും ഒരു വേദന തന്നെയാ...

Priya said...

nannayirikkunnu.valare nannayirikkunnu.

Sureshkumar Punjhayil said...

Inninte nerkkazcha... Manoharam.. Ashamsakal...!!!

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.