-- എ ബ്ലഡി മല്ലു --

പള്ളിക്കഥ - പാപികള്‍

Tuesday, March 06, 2007

ക്‌ ടക്‌ ടക്‌..

“ഏതവനാടാ ഈ ഉച്ചനേരത്ത്‌ മനുഷേനെ മെനക്കെടുത്താന്‍?" ഗബ്രിയേലച്ചന്‍ പിറുപിറുത്തു. പള്ളിപ്പെരുന്നാളിന്റെ കള്ളക്കണക്കു തിട്ടപ്പെടുത്തുന്നതിനിടയിലാ ശല്യങ്ങള്‍.

ലോഹയും വലിച്ചു കേറ്റി വാതില്‍ തുറന്നു. രണ്ടപരിചിതര്‍.

"ഈശോ മിശിഹാക്കു സ്തുതിയായിരിക്കട്ടെ അച്ചോ"

" അ ..ആ .. അങ്ങേരവിടെത്തന്നെ ഇരുന്നോട്ടേ ..ഊം? എന്താ കാര്യം?"

“അച്ചോ, ഞാന്‍ പൌലോസ്‌, ഇത്‌ കറിയ.
ഞങ്ങളു മാങ്ങാ പറിക്കാന്‍ കോണ്ട്രാക്റ്റ്‌ എടുക്കുന്നവരാ. സെമിത്തേരിയോടു ചേര്‍ന്നു പള്ളിപ്പറമ്പില്‍ നില്‍ക്കുന്ന ആ വല്യ മാവുണ്ടല്ലോ? അത്‌ ഞങ്ങള്‍ക്കീ വര്‍ഷം കോണ്ട്രാക്റ്റിനു തരണം.“

“എടാ കുഞ്ഞാടിന്റെ മക്കളേ.. ഇതിനാണോടാ നിങ്ങളീ ഉച്ചക്കെന്നെ വിളിച്ചു ശല്യപ്പെടുത്തിയത്‌. അതേല്‍ ഇനി മാങ്ങായുണ്ടാവാന്‍ മാസം ആറെങ്കിലും കഴിയണമല്ലോടോ. താനിതെന്തുവാ, ഗര്‍ഭ ധാരണത്തിനു മുന്നേ, കൊച്ചിന്റെ സ്കൂളഡ്മിഷനു വരുന്ന പോലേ? “

“അതല്ലച്ചോ, ആരെങ്കിലും അതുറപ്പിക്കും മുന്‍പ്‌ ഞങ്ങള്‍ക്കു തന്നെ തരണം, അതാ ഇപ്പോള്‍ തന്നേ വന്നത്‌. ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം. “

“ആരും അതുറപ്പിക്കില്ലടോ. ശ്മശാനത്തിലോട്ടു നില്‍ക്കുന്ന മാവല്ലേ, ഇന്നാട്ടിലാര്‍ക്കും വേണ്ടാ അതിലെ മാങ്ങ. “

“ അതു സാരമില്ലച്ചോ, ഞങ്ങള്‍ ഈ മാങ്ങായൊക്കെ അങ്ങകലെ പട്ടണത്തില്‍ കൊണ്ടുപോയി വില്‍ക്കും. അവിടെ ഇതൊക്കെ ആരറിയാന്‍.? “

“ ആ കൊള്ളാം. ആട്ടേ, ഇതില്‍ എനിക്കെന്തു മിച്ചം?“ അച്ചനാരാ മോന്‍!

“ അച്ചനു ഫൈവ്‌ പെര്‍സന്റ്‌ .. ഓക്കേ? “

“ എടാ കൂവേ, സ്വാശ്രയ സംവരണം പോലും 15% ആണു കുഞ്ഞാടേ, അതേലുമില്ലാതെങ്ങനാ.. “

“അതു കുറച്ചു കൂടുതല്ല്യോ അച്ചാ, ഓക്കെ 10 % ലങ്ങു ഒതുക്കരുതോ. “

“ ആ ശരി, പിന്നെ, ഇതൊക്കെ ആരുമറിയേണ്ട കേട്ടോ, മാങ്ങാ പറിയുടെ സമയമാവുമ്പോ, നീയൊക്കെ ആരും കാണാതെ വന്നങ്ങു പറിച്ചേരെ. ശേഷം ഇങ്ങു വന്നേച്ചാ മതി. “

“ ശരിയച്ചോ, അപ്പോള്‍ പിന്നെ കാണാം.. ഈശോ മി... “

“ ആ ആ , വിട്‌ വിട്‌ ,,.. “

********************
മാസങ്ങള്‍ക്കു ശേഷം ഒരു വൈകുന്നേരം ഏഴുമണി.

പൌലോസും കറിയായും ശ്മശാനത്തിലെത്തി, അവിടേക്കു ചാഞ്ഞു നില്‍ക്കുന്ന മാവിലെ മാങ്ങയെല്ലാം പറിച്ചു താഴെയിട്ടു. പത്തറനൂറു മാങ്ങായുണ്ട്‌. രണ്ടെണ്ണം പറിച്ചിടുന്നതിനിടയില്‍ മതിലിനപ്പുറത്തെ റോഡിലോട്ടും വീണിട്ടുണ്ട്‌.

പൌലോസ്‌: “എടാ കൂവേ, നമുക്കിത്‌ ഇപ്പോ തന്നേ അങ്ങ്‌ പങ്കു വച്ചാലോ ? “

കറിയ: “ ന്നാ തൊടാങ്ങാം ല്ലേ. അധികം നേരം വൈകും മുന്‍പ്‌ മ്മക്ക്‌ സ്ഥലം കാലിയാക്കണംട്ട്രാ. ഭൂതോം പ്രേതോം ഒക്കെ ഒള്ള സ്ഥലാന്നാ പറഞ്ഞ കേട്ടേക്കണേ! “

അങ്ങനെ അവരു ശ്മശാനത്തിനകത്തിരുന്നു കൊണ്ട്‌ മാങ്ങാ പങ്കു വച്ചു തുടങ്ങി.

"ഇത്‌ എനിക്ക്‌".. "ഇതു നിനക്ക്‌" എന്നും പറഞ്ഞ്‌ ഒന്നിടവിട്ട മാങ്ങകള്‍ അവര്‍ അവനവന്റെ സഞ്ചികളിലാക്കി.

***********************

കപ്യാര്‍ മത്തായി, ആളു പണ്ടേ ഡീസന്റാ ! പള്ളിയില്‍ മണിയടിക്കണമെങ്കില്‍ മത്തായിക്കു നൂറടിക്കണം. വൈകീട്ടായാല്‍, മണിയടിക്കേണ്ടെങ്കിലും നൂറടിക്കണം. നൂറടിക്കുന്ന കാര്യത്തില്‍ മത്തായിക്കു നൂറില്‍ നൂറു മാര്‍ക്ക്‌ !

ഒന്നു ഫിറ്റായാല്‍ ഏതു മത്തായിയേയും പോലെ "മത്തായിക്കു മറ്റേതന്നെ മാന്തള്‌" എന്നാണങ്ങേരടേ പോളിസി. വൈകീട്ടത്തെ ക്വാട്ടയുമടിച്ച്‌ സെമിത്തേരിയുടെ മതിലിനു സമീപം നടക്കയായിരുന്ന മത്തായി എന്തോ ശബ്ദം കേട്ട്‌ ഒന്നു നിന്നു. കാറ്റത്താടുന്ന തെങ്ങോലപോലെ മത്തായി ആടിക്കൊണ്ടു നിന്നു ചെവിയോര്‍ത്തു...

ശ്മശാനത്തിനകത്ത്‌ ആരോ എന്തോ പിറു പിറുക്കുന്നു. ഒന്നിലധികം പേരുടേ ശബ്ദമുള്ള പോലെ.

“ ഇരുപതുര്‍പ്പ്യേം കൊടുത്ത്‌ അടിച്ച്‌ ഷാപ്പീന്നെറങ്ങീട്ട്‌ അര മണിക്കൂറു പോലുമായില്ലല്ലോ കര്‍ത്താവേ" ... പേടിമൂലം ഫിറ്ററിങ്ങിയ മത്തായി വിലപിച്ചു!

മത്തായി മെല്ലെ മേടയിലേക്കു വച്ചടിച്ചു.

“അച്ചോ, ഞാനിങ്ങു വരുന്ന വഴി, നമ്മുടെ ശ്മശാനത്തില്‍ നിന്നും അടക്കിപ്പിടിച്ച ശബ്ദങ്ങള്‍ കേട്ടു. നമ്മക്കൊന്നു പോയി നോക്കിയാലോ അച്ചാ? അച്ചനു പേടിയൊന്നുമില്ലല്ലോ? “

രണ്ടുപേരും കൂടി ശ്മശാനത്തിനോടു ചേരെയുള്ള മതിലിനരികില്‍ നിന്നും കാതോര്‍ക്കുന്നു. ശരിയാണു, സെമിത്തേരിയില്‍ നിന്നും ശബ്ദ്മം കേള്‍ക്കുന്നുണ്ട്‌. അവര്‍ ചെവി കൂര്‍പ്പിച്ചു.

"ഇതെനിക്ക്‌, ഇത്‌ നിനക്ക.... ഇതെനിക്ക്‌, ഇതു നിനക്ക്‌"

"അച്ചോ, ഇതെന്തവാ ഇവന്മാരു ഇതെനിക്ക്‌..ഇതു നിനക്ക്‌ എന്നും പറയുന്നേ?" കപ്യാര്‍ക്കു സംശ്യം.

"മത്തായിക്കുഞ്ഞാടേ, എന്റെ, ഊഹം അതായത്‌ സ്പെകുലേഷന്‍, അതായത്‌ എന്റെ അന്തരാളങ്ങള്‍ പറയുന്നതെന്തെന്നാല്‍, അതു ഒന്നു ദൈവ ദൂതനും, മറ്റതു ലൂസിഫറിന്റെ ദൂതനുമാ... ഈ ശ്മശാനത്തിലെ ആത്മാക്കളെ അവരു പങ്കു വക്കുകയാ.. നല്ലവരേയൊക്കെ ദൈവ ദൂതനും, പാപികളെ ലൂസിഫര്‍ ദൂതനും പകുത്തെടുക്കുകയാ.." അച്ചന്‍ വിശദീകരിച്ചു.

“ ഓ, അതു ശരി... “


ഇതിനിടക്ക്‌ മാങ്ങാ പങ്കു വച്ച്‌ തിരിച്ചു പോകാനിറങ്ങിയപ്പോഴാനു കറിയാ മതിലിനപ്പുറത്തേക്കു രണ്ടു മാങ്ങ വീണ കാര്യം ഓര്‍ത്തത്‌. അയാള്‍ പൌലോസിനോടു പറഞ്ഞതു കുറച്ചുറക്കെയായിപ്പോയി.

"എടോ, ആ മതിലിനപ്പുറത്ത്‌ രണ്ടെണ്ണം കൂടിയുണ്ട്‌.. അതും കൂടിയങ്ങു കൊണ്ടു പോയാലോ ??"

ഇതു കേട്ടതും, "എന്റെ കര്‍ത്താവേ" എന്നൊരലര്‍ച്ചയോടെ അച്ചന്‍ ഓടിമറയുന്ന കണ്ട കപ്യാര്‍ മത്തായിയുടെ കണ്ണില്‍ ഇരുട്ടു കയറി! ബോധം മറഞ്ഞു.....

ഫിറ്റല്ലെങ്കിലും, മത്തായിയുടെ ഉറക്കം പതിവുപോലെ സെമിത്തേരിയോടു ചേര്‍ന്നുള്ള ആ ഓടയിലായിരുന്നു!

======= ======= ====== ======= =======
കടപ്പാട്: പണ്ടു കേട്ടൊരു നാ‍ടന്‍ ഫലിതം (കോപ്പി റൈറ്റ് ഇല്ലാത്തത്)

[പി.എസ്. ഇത് നേരത്തേ എന്റെ തന്നെ “മസാലക്ലബ്ബ്” എന്ന ബ്ലോഗില്‍ ഞാന്‍ തന്നെ പ്രസിദ്ധീകരിച്ചതാണ്. പുതിയ ബ്ലോഗറിലേക്കു മാറിയമൂലമുണ്ടായ പ്രശ്നങ്ങളാല്‍ ആ ബ്ലോഗു ഡീലിറ്റു ചെയ്യപ്പെട്ടതിനാല്‍ ഇവിടെ പോസ്റ്റുന്നു]

17 comments:

ഇടിവാള്‍ said...

ന്യൂ ബ്ലോഗര്‍ വേര്‍ഷന്‍ ചതിച്ചമൂലവും സ്ട്രീമ്ലൈനിങ്ങ് ഉദ്ദേശിച്ചും, മസാലക്ലബ്ബിലെ പഴയ പോസ്റ്റ് ഇവ്ടെ ഇടുന്നു.

സതീശ് മാക്കോത്ത് | sathees makkoth said...

കൊള്ളാം ഇടിവാള്‍.നന്നായിട്ടുണ്ട്.
വായിച്ച് രസിച്ചു.

പടിപ്പുര said...

ഇടീ, ഗഡീ താഴെ ഗമ്പ്ലീറ്റ്‌ ഡീറ്റയില്‍സ്‌ പ്രദര്‍ശിപ്പിച്ചിട്ടുണ്ടല്ലോ :)

(ഇപ്പൊഴത്തെ ഒരു ട്രന്‍ഡ്‌ വച്ച്‌ നോക്കുമ്പോള്‍ ഇതു ഗൊള്ളാം)

കൃഷ്‌ | krish said...

ഇടീ.. ഇതു ഞാന്‍ നേരത്തെ വായിച്ചതാ.. ഗൊള്ളാം..

കൃഷ്‌ | krish

KM said...

ഇടീ, ഇത് നേരത്തെ വന്നതല്ലേ. നന്നായിട്ടുണ്ട് ട്ടോ.

Sul | സുല്‍ said...

ഇടീ ഇതു ഇടി ഇടിയെ കോപ്പിയടിച്ചതല്ലെ.

ഇടി കോപ്പിയടിച്ചാല്‍, കൊടി പിടി തന്നെ ശരണം.

-സുല്‍

sandoz said...

വാള്‍സ്‌...ഇതു മസാലേല്‍ ഇട്ടപ്പോള്‍ വായിച്ചതാ.....എന്നാലും നന്നായി..ചുമ്മ ഒന്നുകൂടി വായിച്ചു.......

ഈ ബ്ലോഗിലേക്ക്‌ കേറിയപ്പോ ഒരു വിക്കിപീഡികയില്‍ കയറിയ എഫക്ട്‌...എല്ലാം ഒറ്റ പേജില്‍......

venu said...

ഇതും മറ്റേ വകുപ്പാണേ. :)

Typist | എഴുത്തുകാരി said...

കൊള്ളാം, നന്നായിട്ടുണ്ടു്, മാഷേ.
ചിരിച്ചുപോയി.

എഴുത്തുകാരി.

കുറുമാന്‍ said...

കപ്യാര്‍ മത്തായി, ആളു പണ്ടേ ഡീസന്റാ ! പള്ളിയില്‍ മണിയടിക്കണമെങ്കില്‍ മത്തായിക്കു നൂറടിക്കണം. വൈകീട്ടായാല്‍, മണിയടിക്കേണ്ടെങ്കിലും നൂറടിക്കണം. നൂറടിക്കുന്ന കാര്യത്തില്‍ മത്തായിക്കു നൂറില്‍ നൂറു മാര്‍ക്ക്‌ - ഇതിവിടെ ഇട്ട തനിക്കും നൂറ് മാര്‍ക്ക്, പിന്നെ ഒരു ഇരുനൂറ് വ്യാഴാഴ്ച രാത്രിയില്‍

vishak sankar said...

സംഭവം കലക്കീട്ടാ..!
പിന്നെ കുറുമാനോടു പറഞ്ഞു ഒരു നൂറ്റമ്പത് ഈ സലാലയ്ക്കും കൊദുത്തുവിടണേ.ഇവിടെ പട്ടാളം ഇറങ്ങിയതുകാരണം നാടനൊന്നും പഴേപോലെ കിട്ടുന്നില്ല!

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

മോബ് ചാനല് www.mobchannel.com സ്പോണ്‍സര് ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള മാര്‍ച്ച് മാസത്തെ മത്സരത്തിനായി എന്ട്രികള് ക്ഷണിക്കുന്നു. താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക. എല്ലാ വിഭാഗത്തില് പെട്ട ബ്ലോഗുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല് വിവരങ്ങള്‍ക്കു www.mobchannel.com or http://vidarunnamottukal.blogspot.com സന്ദര്‍ശിക്കുക..... എന്ട്രികള് സമര്‍പ്പിക്കേണ്ട അവസാന ദിവസം 31.3.2007 ആണ്

ചേര്‍ത്തലക്കാരന്‍ said...

ഇദിവാളെ........
കൊള്ളാം, കലക്കി കെട്ടൊ.....


(എന്നൊന്നും പറയാന്‍ ഞന്‍ മണ്ടനൊന്നും അല്ലാ)

പോങ്ങുമ്മൂടന്‍ said...

ഇടിവാളേ. ,
കൊഴുപ്പിച്ചു.
രസായിരിക്കുന്നു. :)

സുധി അറയ്ക്കൽ said...

നന്നായിട്ടുണ്ട്‌!!!!

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.