-- എ ബ്ലഡി മല്ലു --

കുഞ്ഞോളങ്ങള്‍ സാക്ഷി...

Monday, February 19, 2007

സമയം രാത്രി 1 മണിയായിക്കാണണം. പൂനിലാവില്‍ക്കുലിച്ചു നില്‍ക്കുന്ന കൊച്ചു തെങ്ങിന്‍ തലപ്പുകള്‍ ഇളംകാറ്റില്‍ ആടുന്നുണ്ട്. ഏനാമാവു കായലിലെ കുഞ്ഞോളങ്ങള്‍ തീരത്തെ കൊച്ചു കല്ലുകളില്‍ വന്നടിച്ച് അവയോട് കിന്നാരം പറയുന്നത് എനിക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞു.

എങ്ങനെ കേള്‍ക്കാതിരിക്കും? തല വെള്ളത്തിലേക്കും ശരീരം കരയിലേക്കുമായിട്ടല്ലേ , മൂന്നാം പക്കം കരക്കടിഞ്ഞ ഡെഡ് ബോഡി സ്റ്റൈലില്‍ എന്റെ കൂട്ടുകാര്‍ എന്നെ കിടത്തിയിരിക്കുന്നത്. മദ്യത്തിന്റെ കെട്ട് ഇറങ്ങാനാണത്രേ.. ഹോ, ദുഷ്ടന്മാര്‍ !

“എടാ..എന്നെയൊന്നെണീപ്പിക്കടാ കൂവകളേ, തണുക്കുന്നൂ, നാളെ ജലദോഷം വന്നാ ഡോക്ടറേക്കാണാന്‍ നിന്റെയൊക്കെ വീട്ടീന്നു കാശു തരുമോടാ“ എന്നൊക്കെ ഒരു ലോഡു ചോദ്യങ്ങള്‍ അവരോട് ചോദിക്കണമെന്നുണ്ടെനിക്ക്, പക്ഷേ പറ്റണ്ടേ? പീബിയില്‍ യാതൊരു വോയ്സുമില്ലാത്ത മുഖ്യമന്ത്രി അച്ചുമ്മാനെപ്പോലെ നിശബ്ദനായി നിര്‍വികാരിയായി ഞാന്‍ നീണ്ടു നിവര്‍ന്നു കിടന്നു.

ആദ്യമായിട്ടു വിദേശിയെ മദ്യപിക്കുന്നതാണ്, അതോണ്ടു തന്നെ ഗ്രഹണിപ്പിള്ളേരു ചക്കക്കൂട്ടാന്‍ കണ്ട ചേലിലായിരുന്നു സേവ. മധുരപതിനാറു വയസ്സ്. മുന്‍പ് ഇടക്കൊക്കെ കുപ്പിയില്‍ കള്ളു കുടിച്ചിട്ടുണ്ട്.. വടക്കുനോക്കിയന്ത്രം സിനിമയില്‍, തളത്തില്‍ ദിനേശന്‍ എന്ന ശ്രീനിവാസന്‍ ബാറില്‍ ചെന്നു പറഞ്ഞ “ഒരു ഗ്ലാസ് ബ്രാണ്ടി” കണക്കില്‍ അല്ല വിദേശമദ്യം സേവിക്കേണ്ടതെന്നു ഞാനറിഞ്ഞീലാ... അതിങ്ങനെയായിത്തീരുമെന്നും ആരറിഞ്ഞു? എന്റെ അടി കണ്ട് കണ്ണു ബള്‍ബായിരിക്കുന്ന കൂട്ടുകാരോട് “ചുമ്മാതിരിയെടാ, ഞാനിതെത്ര കണ്ടിരിക്കുന്നു ഇതിനുമുന്‍പ്” എന്നും വെറുതെ വീരവാദവും വിട്ടു.

അമ്മാവന്റെ മകന്‍ അജിയും, പിന്നെ മറ്റു നാലു ഗെഡീസും ചേര്‍ന്ന് രണ്ടു ബൈക്കിലാണു വാടാനപ്പിള്ളി ധന്യ ബാറിലേക്കു വിട്ടത്. പരിചയക്കാരെ ആരേയും കാണണ്ടാ എന്നൊരു കാര്യം കൂടിയുള്ളതിനാലാണു, കുറച്ചു കൂടി അടുത്ത ബാറായ പാവറട്ടി സോളാര്‍ വേണ്ടെന്നു വച്ച് 10 കി.മീ അകലേയുള്ള “ധന്യ ബാറിനെ” പുല്‍കി ധന്യരാവാന്‍‍ ഞങ്ങളു തീരുമാനിച്ചത്.

ആറ് പേര്‍ ചേര്‍ന്നാണു 2 ബൈക്കില്‍ “ട്രിപ്പിള്‍” വച്ച് അങ്ങെത്തിയത്. “ബാറില്‍ പോയി മദ്യപിക്കുക എന്ന ചിരകാലാഭിലാഷം സാക്ഷാല്‍ക്കരിക്കപ്പെടാന്‍ പോകുന്നു” എന്ന ത്രില്ലില്‍ വെറും 15 മിനിറ്റില്‍ അവിടെയെത്തി. പരിപാടി തുടങ്ങി 1 മണിക്കൂറിനകം തന്നെ രണ്ടാമത്തെ ഫുള്ളും ഓര്‍ഡര്‍ ചെയ്തപ്പോള്‍ ബെയറര്‍ ചേട്ടന്‍ ഞങ്ങളെയൊന്നു നോക്കി... “പൊന്നു മക്കളേ, കൂമ്പു വാട്ടണ്ട്രാ ഇത്രേം ചെറുപ്പത്തില്‍” , എന്നാണോ അതോ “കാശൊക്കെ കയ്യിലില്ല്യേടാ ഡേഷുകളേ..“ എന്നായിരുന്നോ ആ നോട്ടത്തിന്റെ അര്‍ത്ഥം ? ആ ...

11 മണിക്ക് എല്ലാം അവസാനിപ്പിച്ച്, ബാറിന്റെ വാതിലൊക്കെ നന്നായിട്ടു പൂട്ടീട്ടില്ലേ ചേട്ടാ എന്ന് ക്യാഷില്‍ നിന്ന ചേട്ടനോട് ചോദിച്ച്, അവരുടെ കൂടെ ഞങ്ങളെല്ലാം പുറത്തിറങ്ങി.. സമാന ചിന്താഗതിക്കാരായ മറ്റു മൂന്നു നാലു കുടിയന്മാര്‍ കൂടി ആ ബാറടപ്പിക്കല്‍ ചടങ്ങിലുണ്ടായിരുന്നു.

വാഹനം എന്നത് എന്റെ യെസ്ദി ബൈക്കും പിന്നെ വേറൊരു എന്‍ഫീല്‍ഡ് ബുള്ളറ്റും. 16 വയസ്സില്‍ തന്നെ എനിക്കു ബൈക്ക് ലൈസന്‍സു കിട്ടിയത് ഇന്നും “കേരളാ ആര്‍.ടീ.ഓ” ഡിപ്പാര്‍ട്ട്മെന്റിനു അറിയാത്ത അതീവരഹസ്യം. 400 രൂപ ചെലവാക്കിയതേ എനിക്കോര്‍മ്മയുള്ളൂ, അല്ല, അച്ഛനോര്‍മ്മയുള്ളൂ (അങ്ങേരാ കാശു കൊടുത്തത്..അല്ലാണ് എന്റേലെവടെ) ഒരാഴ്ചക്കകം ലൈസന്‍സും കൊണ്ട് ഏജന്റു വന്നു.

ബാറില്‍ നിന്നിറങ്ങി ഒരു വിധത്തില്‍ ആറെണ്ണവും ബൈക്കില്‍ കയറി വെങ്കിടങ്ങു ലക്ഷ്യമാക്കി കുതിച്ചു. ഞങ്ങളില്‍ രണ്ടു പേര്‍ക്കു മാത്രമേ ബൈക്ക് ഓടിക്കാന്‍ അറിയുകയുള്ളൂ.

എന്റെ വണ്ടിയോടിക്കുന്നത് ഞാനും, മറ്റേ വണ്ടിയോടിക്കുന്നത് കൃഷ്ണകുമാറും. റോഡില്‍ ഒരു വാഹനക്കുഞ്ഞു പോലുമില്ലാതിരുന്നതിനാല്‍, അല്‍പം വളഞ്ഞു പുളഞ്ഞാണെങ്കിലും, വെല്യ കുഴപ്പമില്ലാതെ രണ്ടു വണ്ടികളും ഏനാമാവു പാടത്തെത്തിയപ്പോഴാണു കായല്‍ത്തീരത്ത് കുറച്ചു റെസ്റ്റെടുക്കാമെന്നൊരു അഭിപ്രായം വനത്.

അങ്ങനെ, കുറച്ചു നേരം ഇരുന്നപ്പൊഴേക്കും നേരത്തെ കയറ്റിയ വിദേശീ വര്‍ക്കു ചെയ്തു തുടങ്ങി.. ലഹരിയുടെ ഉത്തുംഗശ്രംഖത്തില്‍ നിന്നു ഞാന്‍ താണ്ഡവമാടി.. അല്പസമയത്തിനകം തന്നെ അവശനായി, അവശ കലാകാരനായി. എല്ലാവരും ചേര്‍ന്നു ഒരു വിധത്തില്‍ എന്നെയെടുത്ത് തല വെള്ളത്തിലേക്കു വച്ച് നന്നായൊന്നു കുളിപ്പിച്ചു. നല്ല സുഖം.. ആ സുഖത്തില്‍ ലയിച്ച് ഞാന്‍ മെല്ലെ ലഹരിയുടെ കയങ്ങളില്‍ ഒരു കൊമ്പന്‍ ബ്രാലിനെപ്പോലെ ഊളിയിട്ടു.... (ഓഫായി എന്നു സാരം)

ഞാന്‍ ഉറക്കത്തിലേക്കു വഴുതി വീണതോടെ കൂട്ടുകാര്‍ വെട്ടിലായി. ഒന്ന്, എന്നെ ഇവിടെയുപേക്ഷിച്ച് പോകാന്‍ അവര്‍ക്കാവില്ല. ഇനിയിപ്പൊ ഇട്ടേച്ചു പോവാം എന്നു വച്ചാലും അതിലും വെല്യ ഒരു പ്രശ്നമുണ്ട്... ബൈക്ക് എന്റെ, മാത്രമല കൃഷ്ണകുമാറിനു മാത്രമേ വണ്ടിയോടിക്കാന്‍ അറിയു, അവന്റെ കയ്യില്‍ ഓള്രെഡി ഒരു വണ്ടിയുണ്ട്.. ഒരേ സമയം രണ്ടു ബൈക്കോടിക്കാനുള്ള ടെക്ക്നിക്ക് അവനറിയില്ലത്രേ.. (ഇനി വണ്ടിയോടിക്കാന്‍ അറിയുന്നവരുണ്ടെങ്കിലും കാര്യമില്ല, എന്റെ ആ 1984 മോഡല്‍ യെസ്ദി ബൈക്ക് ഓടിക്കാന്‍ സ്പെഷല്‍ ട്രെയിനിങ്ങ് തന്നെ വേണമായിരുന്നു).

ഞാന്‍ ഫുള്ളുമടിച്ചുള്ള വീലില്‍ കിടന്നുള്ള പള്ളിയുറക്കം വിട്ടെണീക്കുന്നതും വരെ കാത്തിരിക്കാന്‍ എല്ലാവരും തീരുമാനിച്ചു. 16-17-18 വയസിലുള്ള പ്രായപൂര്‍ത്തിയാകാത്ത ചിന്നപ്പയ്യന്‍സ്. രാത്രി ഇവിടെ ഏനാമാവു കായലിന്റെ തീരത്തിരിക്കുന്നതെങ്ങാന്‍ ആരേലും കണ്ടാല്‍.. ഈ റോഡില്‍ പോലീസ് ഇടക്കിടക്ക് പട്രോള്‍ ചെയ്യാറുള്ളതാണ്.. അവരെങ്ങാന്‍ പിടിച്ചാല്‍.. മാനം കപ്പലുകേറും. “മദ്യപിച്ച് മദോന്മത്തരായ യുവാക്കളെ കായല്‍‌ക്കരയില്‍ വച്ച് പോലീസ് അറസ്റ്റു ചെയ്തു” എന്നു മാതൃഭൂമി പത്രത്തിലൊക്കെ സചിത്ര വാര്‍ത്തകളായി വരിക എന്നാല്‍ ചില്ലറക്കാര്യമാണോ? എല്ലാവന്മാര്‍ക്കും വീട്ടില്‍ നിന്നും പൊതിരെ കിട്ടും. ഞാനൊഴികെ എല്ലാവരുടേയും ഹൃദയമിടിപ്പുകള്‍ വര്‍ദ്ധിച്ചു.. വീലായി കായലില്‍ക്കിടക്കുന്ന എനിക്കെന്തു ടെന്‍ഷന്‍ ?

ഈവിള്‍ ഡെഡ് ഫിലിമില്‍ ഭൂതം ആവേശിച്ച ഉറങ്ങിക്കിടക്കുന്ന ലേഡി കണ്ണു തുറന്നപോലെ, ലഹരിയുടെയും ഉറക്കത്തിന്റെയും താഴ്‌വാരങ്ങളില്‍ ബിസിനസ്സ് ടൂറിലായിരുന്ന ഞാന്‍ ഇടക്കൊന്നു കണ്ണു തുറന്നു. (ആ സീനാണു തുടക്കത്തില്‍ നിങ്ങള്‍ വായിച്ചത്)

ഞാന്‍ പള്ളിയുറക്ക് വിട്ടെണീറ്റത് കുറച്ചു മാറി ഇരിക്കുന്ന ഗെഡീസിനെ അറിയിക്കാന്‍ വാ തുറന്നതും കായലിലെ കുഞ്ഞോളങ്ങള്‍ വായ്ക്കകത്തു കേറിപ്പോയി ഒബ്സ്ട്രക്ഷനുണ്ടാക്കി. കാലിട്ടടിച്ചു ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം നടത്താന്‍ നോക്കി..പൊങ്ങുന്നില്ലാ. ഫെവിക്കോള്‍ വച്ച പോലെ തറയില്‍ ഒട്ടിയിരിക്കുന്നു. നോ രക്ഷാ... ഇനി അവന്മാരു വേണമെങ്കില്‍ ഇങ്ങോട്ട് വന്നു നോക്കട്ടേ.. ഞാന്‍ നിര്‍വികാരനായി ആ തണുത്ത വെള്ളത്തില്‍ ഫ്ലോട്ടു ചെയ്തു കിടന്നു. നല്ല തണുപ്പ്. ഒരു കമ്പിളി പുതപ്പു കിട്ടിയിരുന്നെങ്കില്‍... മനസ്സു വെറുതെ ആശിച്ചു. അവരു എന്നെക്കുറിച്ചു പറയുന്ന തെറികളെല്ലാം, ചെവി വെള്ളത്തിലായിട്ടുപോലും, മന്ദമാരുതന്‍ കൊറിയര്‍ സര്‍വീസു വഴി ഞാന്‍ കേട്ടു! അലവലാതികള്‍ ...‍, അടിച്ചു ഫിറ്റായി സുബോധ് പോയിക്കിടക്കുന്ന ഒരാളെക്കുറിച്ച് ഇങ്ങനെയൊക്കെ ദൈവദോഷം പറയാമോ?

പെട്ടെന്നാണത് സംഭവിച്ചത്!!!

ദൂരെ നിന്നും ഒരു ഹെഡ് ലൈറ്റിന്റെ വെളിച്ചം. ഒന്നല്ല, രണ്ടു ലൈറ്റുകള്‍ .. കൂടെയുള്ളവരെല്ലാം പരിഭ്രാന്തരായി. ശബ്ദം അടുത്തു വരും തോറും എല്ലാവര്‍ക്കും മനസ്സിലായി, അതൊരു ജീപ്പാണെന്ന്. ദൈവമേ..പോലീസ്, അറസ്റ്റ്, മാധ്യമ കവറേജ്, വീട്ടീന്നു തല്ല്, എല്ലാവരും എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു. അവരേക്കാളേറെ ഞാനും! ജീപ്പിന്റെ കാര്യമോര്‍ത്തിട്ടല്ല.. മറിച്ച് അവന്മാര്‍ എന്നെ ഇവിടെയുപേക്ഷിച്ച് ഓടിക്കളയുമോ എന്നോര്‍ത്ത്!!

കൂട്ടുകാര്‍ എല്ലാവരും തൊട്ടടുത്തു കുറച്ചു ഇഷ്ടികകള്‍ നിരത്തി വച്ചിരുന്നതിന്റെ മറവിലേക്കു മാറി നിന്നു.. പോലീസ് കാണാതിരിക്കാന്‍.. കായല്‍ തീരത്തു നിന്നും 50 മീറ്റര്‍ നീങ്ങി കുറച്ച് ഉയരത്തിലാണു റോഡ്. ജീപ്പ് ഞങ്ങളേയും കടന്നു പോയതോടെ ഒരു ദീര്‍ഘ നിശ്വാസവും വിട്ട് എല്ലാവരും തത്സ്ഥ്നങ്ങളില്‍ പോയി ഇരുന്നു, ഞാന്‍ ഒരു ദീര്‍ഘ നിശ്വാസം വിടാന്‍ വാ തുറന്നതും കായല്‍ക്കുഞ്ഞോളങ്ങള്‍ വീണ്ടും വായില്‍ കേറി..കൂട്ടത്തില്‍ കമ്പനിക്ക് ഒന്നു രണ്ടു കുഞ്ഞ്യേ മീനുകളും.. ശ്ശേ... ..എന്തൊരു ശല്യാന്നു നോക്ക്യേ!

മറ്റെല്ലാവരും ദീര്‍ഘനിശ്വാസവും വിട്ടും, അതു വിടാന്‍ എനിക്കു യോഗമില്ലെനോര്‍ത്ത് ഞാന്‍ വെള്ളത്തിലും കിടന്ന സമയത്ത് കുറച്ചു മുന്നോട്ടു നീങ്ങിയ ജീപ്പ് അവിടെ നിന്നു. ജീപ്പില്‍ നിന്നും ഒരു തല പുറത്തേക്കു നീണ്ട് ഞങ്ങളിരിക്കുന്ന ഭാഗത്തേക്ക് നോക്കുന്നതും, തൊട്ടടുത്ത മിനിഷം തന്നെ റീവേഴ്സ് ഗിയറില്‍ ജീപ്പ് തിരിച്ചു വരുന്നതും കണ്ട് എന്റെ കൂട്ടുകാര്‍ എല്ലാം വാ പൊളിച്ചു! “അമ്പടാ കുഞ്ഞോളങ്ങളേ, അങ്ങനെ എന്റെ വായില്‍ക്കേറി ഇനി നിങ്ങളു കളിക്കണ്ടാ” എന്നും മനസ്സിലോര്‍ത്ത് ഞാന്‍ വായ അടച്ചു തന്നെ പിടിച്ചു! എന്നാലും എന്റെ ഹൃദയമിടിപ്പും നല്ല ഫാസ്റ്റായിത്തന്നെയായിരുന്നു.

റിവേഴ്സ് ഗിയറില്‍ പാഞ്ഞു വന്ന ജീപ്പ് ഞങ്ങളുടെ അരികിലെ റോഡില്‍ സഡണ്‍ ബ്രേക്കിട്ടു നിന്നു. ഒരാള്‍ അതില്‍ നിന്നും പുറത്തിറങ്ങി. എല്ലാവരും അതാരായിരിക്കുമെന്നൂഹിച്ചു. എസ്.ഐ. പൌലോസിന്റെ കൊമ്പന്‍ മീശയും കട്ടമസിലുകളും എല്ലാവരുടേയും മനസ്സിന്റെ ഡെസ്ക്ടോപ്പില്‍ സ്ക്രീസ്‌സേവറായി കളിച്ചു... പൂനിലാവും തൂകി നില്‍ക്കുന്ന ചന്ദ്രേട്ടന്റെ വെളിച്ചത്തില്‍ ബൈക്കുകളുടെ സ്റ്റീല്‍ പാര്‍ട്ടുകള്‍ വെട്ടിത്തിളങ്ങുന്ന കണ്ടിട്ടാണവര്‍ ജീപ്പ് നിര്‍ത്തിയിരിക്കുന്നത്. ബൈക്ക് ഒതുക്കി മാറ്റി പാര്‍ക്ക് ചെയ്യാതിരുന്ന ബുദ്ധിയെ കൂട്ടുകാരും, വെള്ളത്തില്‍ വായടച്ചു കിടക്കുന്ന ഞാനും പഴിച്ചു.

ജീപ്പ് നിര്‍ത്തിയിരിക്കുന്ന റോഡീല്‍ നിന്നും ഞങ്ങളിരിക്കുന്ന/കിടക്കുന്ന സ്ഥലത്തേക്ക് കഷ്ടി 50 മീറ്റര്‍ ഉണ്ട്. ഇറങ്ങിയ ആള്‍ ഞങ്ങളെ ലക്ഷ്യമാക്കി നടന്നു വരുന്നത് കണ്ടതോടെ “പിടിക്കപ്പെട്ടു” എന്നുറപ്പായി.. അവര്‍ക്കെല്ലാം പിടിക്കപ്പെടുമോ എന്ന ടെന്‍ഷന്‍ മാത്രം.. എനിക്കോ? പിടിക്കപ്പെടുമോ എന്നു മാത്രമല്ല, കൂട്ടുകാര്‍ പോലീസിനെ കണ്ട സ്ഥിതിക്ക് എന്നേയും ഇട്ട് ഓടുമോ എന്ന ടെന്‍ഷന്‍ കൂടി..

അതോടെ എന്റെ ഫിറ്റെല്ലാം മെല്ലെ ഇറങ്ങിത്തുടങ്ങി, ശരീരത്തിനു ബലം വച്ചോ, ഞാന്‍ കാലൊന്നു പൊക്കി നോക്കി..യേസ്...കാലു പൊങ്ങുന്നുണ്ട്.. നേരത്തെ വായിക്കയറിയ കുഞ്ഞോളങ്ങളെ തുപ്പിക്കളഞ്ഞ് ഞാനൊന്നെണീക്കാന്‍ ശ്രമിച്ചു..യെസ്.. ശരീരം മെല്ലെ പൊന്തി..കിടന്നിരുന്ന ഞാന്‍ ഇപ്പോ വെള്ളത്തില്‍ ഇരിക്കയാണ്! ഒരു SOS ഘട്ടത്തില്‍ എണീറ്റോടാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. കേരളാ പോലീസിനെക്കൊണ്ട് ഗുണമില്ലെന്ന് ആരാ പറഞ്ഞേ?

“ കട്ട ബോഡിയുമായി നടക്കുന്നൊരുത്തന്റെ
തണ്ടലു തല്ലിയൊടിക്കുന്നതു ഇവര്‍ ..

ഫിറ്റായി വെള്ളത്തില്‍ കിടക്കുന്നൊരുത്തനെ
ഓടുവാന്‍ പ്രാപ്തനാക്കുന്നതും ഇവര്‍ .. “

എന്റെ മനസ്സില്‍ കവിത പൊട്ടി മുളച്ചു! ഗൊള്ളാം... വരുന്ന ആള്‍ തൊട്ടടുത്തത്തി.. യൂണിഫോമിലല്ല.. ങ്ങേ.. മഫ്ടിയിലാണോ? ഞങ്ങളുടെ മുന്നില്‍ നിന്ന് അയാള്‍ എല്ലാവരുടേയും സംശയ ദൃഷ്ടിയോടെ നോക്കി....

“എന്തറാ #%^*(@^^ മക്കളേ" ഇവിടെ ചുറ്റിക്കളി” എന്നായിരിക്കും അയാളുടെ വായില്‍ നിന്നും പറന്നു വീഴുന്ന അടുത്ത വാക്കുകള്‍ എന്ന് എല്ലാവര്‍ക്കും ഉറപ്പായിരുന്നു.. തെറി കേള്‍ക്കാന്‍ റെഡിയായി എല്ലാവരും നിന്നു...

ശ്വാസം അടക്കിപ്പിടിച്ചു നിന്നിരുന്ന കൂട്ടുകാരേയും, സിനിമകളില്‍ ചാണകക്കുഴിയില്‍ വീണു പരിസരബോധമില്ലാതെ തറയിലിരുന്നു ചുറ്റും നോക്കുന്ന ജഗതിയെപ്പോലെ വെള്ളത്തില്‍ വായും പൊളിച്ചിരുന്ന് (കുഞ്ഞോളങ്ങളോട് പോയി പണി നോക്കാന്‍ പറ) ഇതൊക്കെ നോക്കിയിരിക്കുന്ന എന്നേയും സ്തബ്ധരാക്കിക്കൊണ്ട് അയാള്‍ ചോദിച്ചു...

“ അണ്ണാ, ഗുരുവായൂര് അമ്പലത്തുക്ക് ഇത് താനേ വഴി??” കുറേ തമിഴ് അണ്ണാച്ചിമാര്‍ അമ്പലത്തിലേക്കുള്ള വഴി ചോദിക്കാന്‍ നിര്‍ത്തിയതാ!!!

“ഹോ........” നൈമിഷികമായി അവിടെ പിറവിയെടുത്തത് 6 ദീര്‍ഘനിശ്വാസങ്ങളായിരുന്നു ! ഭൂമിയില്‍ നിന്നു 5 ഉം വെള്ളത്തില്‍ നിന്ന് ഒന്നും (എന്റെ വക).

വെറുതെയിരുന്ന നമ്മളെ പേടിപ്പിച്ചതിനു തെറ്റായ വഴി കാണിച്ചു കൊടുക്കണോ എന്നു പ്രജിത്ത് (കൂട്ടത്തിലെ തരികിട) ചോദിച്ചെങ്കിലും, അമ്പലത്തിലേക്കുള്ളവരല്ലേ, വഴിതെറ്റിച്ച് വിട്ടാല്‍ , ചിലപ്പോ ഇനി വരുന്നത് ഒറിജിനല്‍ പോലീസ് ജീപ്പ് ആവും എന്നുള്ള ഭയത്താല്‍ ബാക്കിയുള്ളവര്‍ അണ്ണാച്ചിക്കു കൃത്യമായി വഴി പറഞ്ഞു കൊടുത്തു..

“റൊമ്പ നന്‍‌റി അണ്ണന്മാരേ” എന്നും പറഞ്ഞ് ആ അണ്ണാച്ചി നടന്നകലുമ്പോളും, ഞാന്‍ വെള്ളത്തില്‍ തന്നെ മിഴിച്ചിരിപ്പായിരുന്നു, വായില്‍ ഒരു കവിള്‍ വെള്ളവുമായി ... വിടരാറായ ആമ്പല്‍‌പൂ പോലെ!

എല്ലാത്തിനും സാക്ഷിയായി ഏനാമാവു കായലിലെ കുഞ്ഞോളങ്ങള്‍ ആ ഇളം കാറ്റില്‍ കരയുമായി സല്ലപ്പിച്ചുകൊണ്ടേയിരുന്നു!

25 comments:

ikkaas|ഇക്കാസ് said...

പഷ്ട്.
കായലിലോട്ടു വാളും വെച്ച്, ആ വെള്ളം തന്നെ വായിലും നെറച്ച്, അണ്ണാച്ചീനെ കണ്ടപ്പൊ എസ്സയ്യാണെന്നു പേടിച്ച് അത് വിഴുങ്ങി... ച്ഛെ.. സകല യംഗ് കുടിയന്മാരുടേം വെല കളയാനായിട്ട്....
നല്ല പോസ്റ്റ് മേന്നേ..
ന്നാലും!!!

ഇത്തിരിവെട്ടം|Ithiri said...

“ഹോ........” നൈമിഷികമായി അവിടെ പിറവിയെടുത്തത് 6 ദീര്‍ഘനിശ്വാസങ്ങളായിരുന്നു ! ഭൂമിയില്‍ നിന്നു 5 ഉം വെള്ളത്തില്‍ നിന്ന് ഒന്നും (എന്റെ വക)....

ഹ ഹ ഹ ഇടിവാള്‍ജീ ഇതും കലക്കിയല്ലോ. അപ്പോള്‍ നല്ല ട്രൈനിംഗ് കിട്ടീട്ടുണ്ടല്ലേ.

ഓടോ : ഞാന്‍ ഈ നാട്ടിലില്ല.

കുട്ടന്മേനൊന്‍::KM said...

ഇടിവാളിന്റെ വാളു കലക്കി.
....നേരത്തെ പുറത്തുപോന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വീണ്ടും വാള്‍ രൂപത്തില്‍ പുറത്തേക്കു വന്ന്‍ കായല്‍ക്കരയില്‍ ചിത്രങ്ങളെഴുതി.
ധന്യയില്‍ നിന്നാണ് വിദേശിയെ എഴുത്തിനിരുത്തിയത് അല്ലേ. സോളാറിനേക്കാള്‍ ധന്യ തന്നെയാണ് കേമന്‍.

sandoz said...

വിദേശി തുടങ്ങിയ ദിവസം തന്നെ വാളെടുത്തില്ലേ.......അതു സീസറു ഭഗവാന്റെ അനുഗ്രഹം ആണെന്ന് കൂട്ടിയാ മതി.......രാത്രി ഒരു വണ്ടിയോടിക്കാന്‍ പോയിട്ട്‌ അനങ്ങാന്‍ പോലും പറ്റാതെ നിന്നപ്പോള്‍ സീസര്‍ അയച്ചതല്ലേ ജീപ്പ്‌.......നിങ്ങള്‍ ആ ചാന്‍സ്‌ മിസ്സാക്കി......ഞങ്ങളെ ജീപ്പില്‍ കയറ്റി വീട്ടിലാക്കിയിട്ട്‌ പോയാല്‍ മതി എന്നും പറഞ്ഞ്‌ ജീപ്പിലോട്ട്‌ കേറി ഇരിക്കണ്ടതായിരുന്നു........സമ്മതിച്ചില്ലെങ്കില്‍ ജീപ്പിന്റെ കീയും ഊരിയെടുത്ത്‌...അണ്ണാച്ചികള്‍ക്കിട്ട്‌ രണ്ടെണ്ണം പൊട്ടിക്കേം കൂടി ചെയ്തിരുന്നെങ്കി.....വിദേശി ഉല്‍ക്കാടിക്കല്‍ കേമായേണേ......സീസറേ നമ........

കുറുമാന്‍ said...

എങ്ങനെ കേള്‍ക്കാതിരിക്കും? തല വെള്ളത്തിലേക്കും ശരീരം കരയിലേക്കുമായിട്ടല്ലേ , മൂന്നാം പക്കം കരക്കടിഞ്ഞ ഡെഡ് ബോഡി സ്റ്റൈലില്‍ എന്റെ കൂട്ടുകാര്‍ എന്നെ കിടത്തിയിരിക്കുന്നത് - എത്ര കലാ ബോധമുള്ള കൂട്ടുകാര്‍ :)

ആ വാളിനുശേഷമാണോ, പേര് ഇടി”വാള്‍” എന്നു സ്വീകരിച്ചത്?

പടിപ്പുര said...

ആദ്യമായി വെള്ളമടിച്ചപ്പോള്‍ ശര്‍ദ്ദിച്ചിരുന്നെങ്കില്‍, ബോധം കെട്ട്‌ വീണിരുന്നെങ്കില്‍ ഒരിക്കലും ഞാനൊരു കുടിയനാവുമായിരുന്നില്ലെന്ന് പറയുന്ന ഒരു സുഹൃത്തുണ്ടെനിക്ക്‌.

അവന്‌ ഞാന്‍ ഇടിവാളിന്റെ ഈ ലിങ്ക്‌ അയച്ചുകൊടുത്തു.

(എത്രയെത്ര വാളുകള്‍! നമ്മളുണ്ടോ ഭയക്കുന്നു?)

പൊതുവാള് said...

ഞാന്‍ വാളും വച്ച് ഉറക്കത്തിലേക്കു വഴുതി വീണതോടെ മാനത്ത് വെള്ളിടി വെട്ടി,
ഇതൊക്കെ കണ്ടുകൊണ്ട് മാനത്ത് ചിരി തൂകി നിന്ന ചന്ദ്രേട്ടന്‍ എന്നെ നീട്ടി വിളിച്ചു”ഇടിവാളേ”


എല്ലാത്തിനും സാക്ഷിയായി ഏനാമാവു കായലിലെ കുഞ്ഞോളങ്ങള്‍ ആ ഇളം കാറ്റില്‍ കരയുമായി സല്ലപ്പിച്ചുകൊണ്ടേയിരുന്നു!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ‘വാളേട്ടാ... ‘ ഇപ്പോഴാ ആ വിളി ആത്മാര്‍ത്ഥവും അന്വര്‍ത്ഥവുമായത്...

ഏനാമാവ് കായലിലെ കുഞ്ഞോളങ്ങള്‍ക്കും കുഞ്ഞ്യേ മീനുകള്‍ക്കും ഒപ്പം ചാത്തനും ഇതാ നീട്ടി വിളിക്കുന്നു..

ദില്‍ബാസുരന്‍ said...

ഹ ഹ.. ഞാന്‍ ഇതേ പോലെയാണ് ആദ്യമായിട്ടൊന്ന് (അവസാനമായിട്ടും) ടേസ്റ്റ് നോക്കിയത്. ഒരു അര കുപ്പി ബിയര്‍, ഒരു ഗ്ലാസ് വിസ്കി, അര ഗ്ലാസ് റം, അര ഗ്ലാസ് കുത്തിക്കലക്കി എന്ന് വേണ്ട അവിടെ ഉണ്ടായിരുന്ന വെറും സോഡ ഒരെണ്ണം വരെ കുടിച്ചു. ബുഫേയ്ക്ക് പോയി ഫുഡ്ഡടിയ്ക്കുന്ന രീതിയില്‍. ആദ്യമൊന്നും പ്രശ്നം തോന്നിയില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ പിന്നെ ഒന്നും പ്രശ്നമേ അല്ലാതായി. എന്നാലും വാള് വെച്ചില്ല കേട്ടോ. :-)

അഡ്വ.സക്കീന said...

വാള് വളഞ്ഞ് അരിവാളായ കഥയെപ്പറ്റി കേട്ടിട്ടുണ്ട്. വാളു വിട്ട് ഇടിവാളുണ്ടായ കഥയെങ്ങനെയെന്ന്
ഇപ്പൊ മനസ്സിലായി.

Sul | സുല്‍ said...

(ഇടി)വാളു വെച്ച വാള് അങ്ങനെ ചരിത്രത്തിന്റെ തങ്കലിപികളില്‍ കറപിടിപ്പിച്ചു അല്ലേ? കൊള്ളാം.

-സുല്‍

വിവി said...

ഇടിഗഡീ ഇത് കലക്കി.
പണ്ട് ഒരു കോക്ക്-ടെയില്‍(വോഡ്ക+ബിയര്‍+വിസ്കി) ഉണ്ടാക്കി, സ്വയം ടെസ്റ്റ് ചെയ്തതിന് എന്റെ കുറെ വൃത്തികെട്ട കൂട്ടുകാര്‍ എന്നെ ഇങ്ങനെ ‘ചാവക്കാട്’ കടപ്പുറത്ത് ‘അര്‍ദ്ധ-ജലസമാധി’യില്‍ മിനിമം വസ്ത്രാധികളോടെ കിടത്തിയിരുന്നു. അന്ന് ഞാന്‍ ഡ്രിങ്ക്‍സ് മിക്സ് ചെയ്ത് പരീക്ഷിച്ചതിന്റെ ഫലമായി എനിക്ക് ‘ആല്‍കെമിസ്റ്റ്’ എന്ന് പേരുതരികയും ചെയ്തു. അന്ന് ആ കടാ‍ാപ്പുറത്ത് കാറ്റുകൊള്ളാന്‍ വന്നിരുന്ന പഹയന്‍ ‘പൌലോ കൊയ്‌ലോ’ ആ വിളികേട്ട് ഉള്‍വിളി വന്നാണ് ആ പേരിലൊരു നോവെലെഴുതിയത്.

ഒ.ടോ
5 വര്‍ഷം മുമ്പ് വടാനപ്പള്ളി ബീച്ചില്‍ ‘ഡെന്‍സണ്‍’ എന്ന് പേരായ ഒരു സുഹൃത്ത് വെള്ളത്തില്‍ പെട്ട് മരിച്ചിരുന്നു. തീരത്ത് ഉണ്ടായിരുന്നവര്‍ ബോഡി കരയിലേയ്ക്ക് എത്തിച്ചു. കരയിലെത്തുമ്പോള്‍ ജീവനുണ്ടായിരുന്നു. എന്നാല്‍ വേലിയേറ്റം മൂലം പൂഴിമണല്‍ ശ്വാസകോശത്തില്‍ എത്തി ശ്വാസതടസ്സം നേരിട്ടതാണ് മരണകാരണം എന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

സതീശ് മാക്കോത്ത് | sathees makkoth said...

അണ്ണാച്ചിമാരുടെ ഒരു കാര്യമേ.
സ്വസ്ഥമായി വാളടിച്ച് കെടക്കാന്‍ സമ്മതിക്കില്ല എന്ന് വെച്ചാല്‍.

ഇടിവാള്‍ said...

ആരാ ഇവിടെ ഞാന്‍ വാളുവച്ചു എന്നു കുപ്രചരനം നടത്തുന്നേ... ? ങേ?

വാള് എന്നൊരു വാക്ക് ഈ പോസ്റ്റിലില്ലല്ലോ? ;)

ഇനി ഞാനത് എടിറ്റ് മാറ്റി എന്നു പറയുവോ നിങ്ങളൊക്കെ ? ഹോ!

P.R said...

നല്ല ഓര്‍മ്മകള്‍.. !
രസിച്ചു വായിച്ചു എന്തായാലും..

സ്വപ്നാടകന്‍ said...

നല്ല വിവരണം. തൂവാനത്തുമ്പികളില്‍ മോഹന്‍ലാലും കൂട്ടരും ബാറില്‍ കേറിയ രംഗം ഓര്‍ത്തെങ്കിലും എനിക്കിതിഷ്ടപ്പെട്ടു! പണ്ടു നഞ്ചു കാവലിരിക്കുമ്പോള്‍ അകലെ ജീപ്പിന്റെ headlight കണ്ടോടി ഒരുത്തന്‍ ഇരുട്ടില്‍ ആലിന്‍ വേറു തട്ടി വീണതോറ്ക്കുന്നു...

അരവിന്ദ് :: aravind said...

അമറന്‍!!!!!!!!!
കുറേ ചിരിച്ചു ഇടിഗഡീ..എസ്‌പെഷ്യലി കായലില്‍ തലയും വച്ചു, കടത്ത് വള്ളം കിടക്കണപോലെയുള്ള കിടപ്പിന്റെ വിവരണം വായിച്ച്...
വണ്‍‌ ഓഫ് ദി ബെസ്റ്റ് പോസ്റ്റ്സ് ഇന്‍ ഇടിവാള്‍ :-))

(എന്നിരുന്നാലും................വോട്ടെടുപ്പ്‌കാലത്ത് ഇത്തരം ഹിറ്റ്നമ്പറുകള്‍ ഇറക്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ഞാന്‍ ഇലക്ഷന്‍ കമ്മീഷനില്‍ പരാതി അയച്ചു. സോറി.
;-))

തക്കുടു said...

:)
ഒത്തിരി ചിരിച്ചു...

prasad said...

ഹലോ വിനൂ നിന്റെ യെസ്ഡിയെക്കുറിച്ച്‌ ഇപ്പോഴും ഞാന്‍ ഒര്‍ക്കുന്നു അഴ്ചയിലാഴ്ചയില്‍ പെയിന്റടിക്കുന്ന (കുമ്മായത്തില്‍ എന്തോ കളറു ചേര്‍ത്ത്‌) നിന്റെ ആ വണ്ടി എങ്ങിനെയാണ്‌ മറക്കുന്നത്‌...
നര്‍മ്മം ചേര്‍ത്ത നിന്റെ വിവരണങ്ങള്‍ പഴയ ആ കാലത്തിലേക്കു ഓര്‍മകളെ കൊണ്ടുപോകുന്നു.. നന്ദി.

കൊച്ചുഗുപ്തന്‍ said...

ഇടിവാളേ, കുട്ടിത്തം മാറാത്ത അര ഡസന്‍ കൗമാരക്കാരുടെ വെള്ളമടിപ്പരീക്ഷയുടെ റിസള്‍ട്ട്‌ കായലോരത്ത്‌വെച്ച്‌ നേരത്തെ ലീക്കാവണ്ടതായിരുന്നു,ല്ലേ...അണ്ണാച്ചീടെ രൂപത്തില്‍ അതൊഴിവായ്‌...ജയ്‌ ഗുരുവായൂരപ്പാ...

...തമര്‍ത്തി ട്ടോ.....

Kerala Tips said...

Hello,

You have been nominated for Kerala Blogger Awards 2006. More details are available here.

http://www.keralatips.org/kerala-blogs/kerala-blogger-awards-2006/

Just letting you know in case you haven't already seen it.

Regards,
Kerala Tips

ഇടിവാള്‍ said...

നോമിനേഷന്‍ തട്ടിത്തടഞ്ഞു നടക്കാ‍ാന്‍ വയ്യാതായല്ലോ.. ഇതെന്തായാലും ശ്രീജിത്തിന്റെ നോമിനേഷന്‍ പോലായില്ല.. കുറച്ചുകൂടി വൈഡ് ആയി കവര്‍ ചെയ്തിട്ടുണ്ട്.

വിജയികള്‍ക്ക് അഡ്വാന്‍സ് ആശംസകള്‍!

മഴത്തുള്ളി said...

ഈവിള്‍ ഡെഡ് ഫിലിമില്‍ ഭൂതം ആവേശിച്ച ഉറങ്ങിക്കിടക്കുന്ന ലേഡി കണ്ണു തുറന്നപോലെ, ലഹരിയുടെയും ഉറക്കത്തിന്റെയും താഴ്‌വാരങ്ങളില്‍ ബിസിനസ്സ് ടൂറിലായിരുന്ന ഞാന്‍ ഇടക്കൊന്നു കണ്ണു തുറന്നു.

ഇന്നാണിത് കണ്ടത്. രസകരമായിരിക്കുന്നു കായലിലെ രാത്രി. ;)

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.