-- എ ബ്ലഡി മല്ലു --

പാന്‍ പരാഗോ ഫോബിയ

Thursday, January 25, 2007

ഒരു “യങ്ങ്‌ മാന്‍" എങ്ങനെ ജീവിക്കണം എന്നതിന്റെ മകുടോദാഹരണമാണു ജയകുമാര്‍.

കോളേജില്‍ ഫസ്റ്റ്‌ ക്ലാസ്‌ തല്ലിപ്പൊളിയായിരുന്നിട്ടും തരക്കേടില്ലാത്ത മാര്‍ക്കോടെ പരീക്ഷയെന്ന കടമ്പകള്‍ കഴിഞ്ഞിട്ടും, രണ്ടു വര്‍ഷത്തോളം അഭ്യസ്തവിദ്യനായൊരു തൊഴില്‍ രഹിതനായി ജീവിക്കുവാന്‍ ജയനെ പ്രേരിപ്പിച്ചത്‌, കുടുംബത്തിലെ തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയായിരുന്നു.

സുന്ദരനും സത്സ്വഭാവിയും നാട്ടുകാര്‍ക്കു പ്രിയനുമായിരുന്ന ജയകുമാറിനു മദ്യപാനം, പുകവലി, ചീട്ടുകളി, എന്നിവയും അല്ലറ ചില്ലറ ഗുണ്ടായിസം, കുറച്ചു പുഷ്പനിസം, എന്നീ “ഇസം” ങ്ങളും ഒഴികെ വേരെ പ്രത്യേകിച്ചു സ്വഭാവ ദൂഷ്യങ്ങളൊന്നുമില്ല. ആകെ മൊത്തം ഒരു "റോള്‍ മോഡല്‍" എന്നു വിശേഷിപ്പിക്കാം.

അച്ഛനും അമ്മയും ഉയര്‍ന്ന നിലയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. രണ്ടുപേരും തിരുവനന്തപുരത്തായതിനാല്‍ ആഴ്ചയില്‍ ഒരിക്കലേ വരികയുള്ളൂ. കുമാരന്‍ ഒറ്റക്കു വീട്ടിലും. ഭക്തകുചേല, ജയ്‌ ഹനുമാന്‍, തുടങ്ങിയ ഭക്തി സിനിമകളുടെ പ്രദര്‍ശനം, ബീഡിവലി, മദ്യപാനം എന്നീ സോഷ്യല്‍ ആക്റ്റിവിറ്റീസ്‌ ആരുമറിയാതെ നടത്താമെന്നൊരു അഡ്വാന്റേജ്‌ ഈ വീട്ടില്‍ നടത്താമെന്നുള്ളതിനാല്‍, ജയകുമാറിനു നാട്ടില്‍ വളരേയധികം ഫ്രന്റ്സ്‌ ഉണ്ടായിരുന്നു. രാവിലെ ഒമ്പതുമണിയാവുന്നതോറ്റെ സെക്രട്ടറിയേറ്റിനു മുന്നിലേക്കു പല പല ജാഥകള്‍ക്കും സത്യാഗ്രഹങ്ങള്‍ക്കുമായി പാര്‍ട്ടിക്കരെത്തിച്ചേരുന്നതു പോലെ കുമാരന്റെ വീട്ടിലേക്കു ചെറുപ്പക്കാര്‍ എത്തിത്തുടങ്ങും.

ഈനാമ്പേച്ചിക്കു മരപ്പട്ടി കൂട്ട്‌ എന്ന പോലെ, കുമാരന്റെ സോള്‍ ഗെഡിയാണു പ്രവീണ്‍. കോളേജിലെ ക്ലാസ്‌ മേറ്റും, ബാറിലെ ഗ്ലാസ്‌ മേറ്റും, ഗിരിജയിലെ ഫിലിം മേറ്റും ഒക്കെയായിരുന്ന അവര്‍ ഇണപിരിയാത്ത കൂട്ടുകാരായിരുന്നു.

പ്രവീണിനെപ്പറ്റി പറയുകയാണെങ്കില്‍, ആളൊരു പാവമാനെങ്കിലും, ജയകുമാരന്റെ ധൈര്യത്തിന്റെ തണലില്‍ അല്‍പ സ്വല്‍പം തന്റേടമൊക്കെ കാണിച്ചുകൊണ്ടിരുന്നു. ജയകുമാരന്റെ എല്ലാ സ്വഭാവഗുണങ്ങളും, അഡീഷണലായി, മുട്ടനാടു പ്ലാവില ചവക്കുന്നമാതിരി, താടിയെല്ലുകള്‍ക്കു വിശ്രമം കൊടുക്കാതെ, പാന്‍ പരാഗു ചവക്കുന്ന ശീലംകൂടിയുണ്ട്‌ പ്രവീണിനു.

അങ്ങനെയൊരു ദിവസം...
തൃശ്ശൂര്‍ ടവുണില്‍ നിന്നും എന്തോ കുരുത്തക്കേടും ഒപ്പിച്ച്‌ രണ്ടു പേരും കൂടി ബൈക്കില്‍ വീട്ടിലേക്കു തിരിച്ചുവരുന്ന നേരം. അയ്യന്തോള്‍ ജങ്ക്ഷനില്‍ വച്ച്‌ ചെറുതായി മഴ പൊടിഞ്ഞു തുടങ്ങി. വീട്ടിലേക്കു ഇനിയും രണ്ടു കിലോമീറ്ററുണ്ട്‌. മഴ കൊണ്ടു ജലദോഷമെങ്ങാന്‍ വന്നാല്‍ സ്മോളടി മുടങ്ങുമല്ലോ എന്നോര്‍ത്ത രണ്ടു പേരും ബൈക്ക്‌ സൈഡാക്കി ഒരു പെട്ടിക്കടയുടെ മുന്നില്‍ കയറി നില്‍പ്പായി.

ആ പെട്ടിക്കടയുടെ മുതലാളി "ബാബു"വായിരുന്നു. കരടിബാബു എന്ന ഇരട്ടപ്പേരുള്ള ബാബു, സ്ഥലം ഡീ.വൈ.ഏഫ്‌.ഐ പ്രവര്‍ത്തകനും, അത്യാവശ്യം തരികിടയുമായിരുന്നു. വീടിനോടു ചേര്‍ന്നുള്ള ഒരു ചെറിയ മുറിയിലാണു പെട്ടിക്കടയുടെ പ്രവര്‍ത്തനം. പ്രൊപ്രൈറ്റര്‍-കം സെയില്സ് മാനായി ബാബുച്ചേട്ടന്‍ തന്നെ!‍

കടയില്‍ തൂക്കിയിട്ടിരിക്കുന്നപാന്‍പരാഗുകള്‍ കണ്ടപ്പോള്‍, മുന്‍സിപ്പാലിറ്റി ചവറുകൂനയില്‍ പഴത്തൊലി കണ്ട കൊറ്റനാടിനെപ്പോലെ പ്രവീണ്‍ കടയിലേക്കു യാന്ത്രികമായി നടന്നു, എന്നിട്ട്‌ ഒരു പാന്‍ പരാഗു വാങ്ങി, അഞ്ചു രൂപ കൊടുത്തു.

ബാക്കി, 2.75 പൈസ തിരിച്ചു കിട്ടിയപ്പോള്‍ പ്രവീണ്‍ ബാബുവിനോടു ചോദിച്ചു. "ഇദെന്താ ഗെഡീ.. പാന്‍ പരാഗിനു 2 രൂപ അല്ലേ ബാക്കി 3 രൂപ തിരിച്ചു താ ചുള്ളാ.."

"ങേ"..സ്ഥലം ദാദയായ തന്നോടൊരു പീറ ചെക്കന്‍ 25 പൈസ തിരിച്ചു ചോദിക്കുന്നോ! ബാബുവിനു കലിയിളകി.

"ഇവിടെ പാന്‍ പരാഗിനു 2.25 രൂപ ആണു.. വേണെങ്കില്‍ വാങ്ങിച്ചിട്ടു പോടാ" പരുക്കന്‍ ശബ്ദത്തില്‍ ബാബു പ്രവീണിനോടു പറഞ്ഞു. ഇതു കേട്ടു കൊണ്ടു നിന്ന ജയകുമാര്‍ പ്രവീണിനെ നോക്കി പുച്ഛത്തിലൊന്നു ചിരിച്ചു. “എച്ചിത്തരം കാണിക്കുന്നോടാ ചെറ്റേ” എന്നാണാ നോട്ടത്തിന്റെ അര്‍ത്ഥമെന്നു പ്രവീണിനു മനസ്സിലായി.

"എനിക്കു വേണ്ടാ, ദാ പിടിച്ചോ നിന്റെ പാന്‍, എന്റെ കാശു തിരിച്ചു തന്നേ" അഭിമാനം വൃണപ്പെട്ട പ്രവീണ്‍ പാന്‍ തിരിച്ചു കൊടുത്ത്‌ പൈസാ തിരിച്ചു വാങ്ങിയതും, ബാബു പ്രവീണിനോടു പറഞ്ഞു "ഇവിടെ നില്‍ക്കാതെ സ്ഥലം വിട്രാ മോനേ..".. പറയുക മാത്രമല്ല ലവനെ ചെറുതായൊന്നു തള്ളുകയും ചെയ്തു.

ഇതോടെ ജയകുമാരന്‍ പ്രശ്നത്തിലിടപെടുകയും, സംഗതി ഉന്തും തള്ളും ആവുകയും ചെയ്തു. മുഴുത്തേങ്ങകള്‍ പോലുള്ള മസിലുകള്‍ രണ്ടെണ്ണം നെഞ്ചത്തു കൈകളില്‍ ഓരോന്നും ഫിറ്റു ചെയ്ത്‌ കക്ഷത്ത്‌ കുരു വന്നപോലെ എയറും പിടിച്ചു നടക്കുന്ന അര്‍നോള്‍ഡ്‌ ഷ്വേസ്നഗര്‍ "കട്ട" ബാബുവിനു, ജയകുമാരനും പ്രവീണും വെറും അശുക്കളായിരുന്നെന്ന ഒറ്റക്കാരണത്താല്‍,അടുത്ത 2-3 സെക്കന്റിനകം തന്നെ രണ്ടെണ്ണവും പാര്‍ക്കു ചെയ്തിരുന്ന ബൈക്കിനരികിലേക്കു തെറിച്ചു വീണു. ഷര്‍ട്ടിലും പാന്റിലുമുള്ള മണ്ണും തുടച്ച്‌ രണ്ടെണ്ണവും എഴുന്നേറ്റു ബാബുവിനെ നോക്കി. പീടികപ്പലകകള്‍ പൂട്ടിയിടാനുള്ള നീളന്‍ കമ്പിയുമായി “പൂശാന്‍” റെഡിയായി നില്‍ക്കുന്ന ബാബുവിനെക്കണ്ടപ്പോള്‍ തിരിച്ചടിക്കാന്‍ തോന്നിയില്ലെന്നു മാത്രമല്ല, രണ്ടു പേര്‍ക്കും പെട്ടെന്നു തന്നെ സ്ഥലം കാലിയാക്കാനുള്ള ടെന്‍ഡന്‍സി വന്നു..

വൈകീട്ട്‌ ആല്‍ത്തറയില്‍ കൂടിയ അടിയന്തിര യോഗത്തില്‍ ഒരു "ഹണിബീ" യുടെ അകമ്പടിയോടെ "ബാബു പ്രശ്നം" ചര്‍ച്ചക്കിടുകയും, എല്ലാവരും കൂടി ബാബുവിനിട്ടൊരു പണികൊടുക്കാനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും ചെയ്തു.

പദ്ധതിപ്രകാരം, ആറു പേര്‍, ലോഡ്‌ ഷെഡ്ഡിങ്ങുള്ള സമയത്ത്‌ ബാബുവിന്റെ വീട്ടില്‍ ബൈക്കില്‍ ചെല്ലുന്നു, 3 പേര്‍ ബൈക്കില്‍ നിന്നിറങ്ങി വീട്ടില്‍ കയറി ബാബുവിനെ പൂശുന്നു, 5 മിനിറ്റ്‌ അടിക്കു ശേഷം അവര്‍ മടങ്ങുന്നു, സ്റ്റാര്‍ട്ടു ചെയ്തു നിര്‍ത്തിയിരിക്കുന്ന ബൈക്കില്‍ കയറി സ്ഥലത്തു നിന്നും സ്കൂട്ടാവുന്നു!

വണ്ടര്‍ഫുള്‍ ! എല്ലാവരും പ്രമേയം കയ്യടിച്ചു പാസാക്കി.. കൈ ഉയര്‍ത്താന്‍ ശേഷിയില്ലാതിരുന്ന ഒരുത്തന്‍ "ഗ്വാ" എന്ന ശബ്ദത്തില്‍ വാളു വച്ച്‌ പ്രമേയത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

പിറ്റേന്നു കൃത്യം 7.30 നു തന്നെ സംഘം ബാബുന്റെ പെട്ടിക്കട-കം-വീടിനു മുന്നിലെത്തി. 7.30 കറന്റു പോയതോടെ കടയടച്ച്‌ ബാബു വീട്ടിലേക്കു കയറിയതും, സംഘത്തിലെ മൂന്നുപേര്‍ വീട്ടു വാതില്‍ക്കല്‍ മുട്ടി. ജയകുമാരനും മറ്റു രണ്ടു പേരും ബൈക്കു സ്റ്റാര്‍ട്ടാക്കി റോഡരുകില്‍ തന്നെ നിന്നു. വാതില്‍ തുറന്നു കാര്യം തിരക്കിയ ബാബുവിനോട്‌ കുറച്ചു കാര്യങ്ങള്‍ സംസാരിക്കാനുണ്ട്‌, ഒന്നു പുറത്തോട്ടു വരാന്‍ പറഞ്ഞു.

സംഗതി എന്തോ അലമ്പു കേസാണെന്നു മനസ്സിലാക്കാന്‍ അലമ്പനായ ബാബുവിനു ലേശം ബുദ്ധിപോലും ഉപയോഗിക്കേണ്ടി വന്നില്ല. ഇവിടെ നിന്നു കാര്യം പറഞ്ഞാല്‍ മതി എന്ന ബാബു വചനങ്ങള്‍ കേട്ടതോടെ "വാടാ, അലക്കടാ അവനേ" എന്ന കമാന്റും കൊടുത്ത്‌ മൂവര്‍ സംഘം ബാബുവിന്റെ വീട്ടിലേക്കു തള്ളിക്കയറി.

"ഇടി വീണു" എന്നുറപ്പായ ബാബു “അയ്യോ എന്നെ കൊന്നേ” എന്നും പറഞ്ഞ്‌ വീടിനകത്തു കിടന്ന് ഓടുകയും ഓട്ടത്തിന്റെ പരിണിതഫലമായി ശരീരത്ത്‌ ആകെയുണ്ടായിരുന്നൊരു കൈലി ഊരിപ്പോകയും, തദ്വാര താല്‍ക്കാലികമായി ജൈനമതം സ്വീകരിച്ച് "ദിഗംബരനായിത്തീരുകയും" ചെയ്തു. “ഫ്രീഡം മൂവ്‌മെന്റിന്റെ“ ഒരു അടിയുറച്ച വക്താവായിരുന്നതിനാലും , ഇങ്ങനെയൊരു സിറ്റുവേഷന്‍ മുങ്കൂട്ടി കാണാതിരുന്നതിനാലും ബാബുച്ചേട്ടന്‍ വിത്തൌട്ട്‌ ആയിരുന്നു! (എന്തൊരു ദുഷ്ടന്മാരാണെന്നുനോക്ക്യേ.. ഒരു ചെറിയ ക്ലൂ എങ്കിലും കൊടുത്തിരുനെങ്കില്‍, ബാബുച്ചേട്ടന്‍ നല്ല പുത്തന്‍ വി.ഐ.പ്പി. ഫ്രഞ്ചിയെല്ലാമിട്ട്, അറ്റ്ലീസ്റ്റ് ഒരു കോണാനെങ്കിലുമിട്ട് ടിപ്പ്ടോപ്പായി ഇടിമേടിക്കാന്‍ റെഡിയായി നിന്നേനേ. ഇനി പറഞ്ഞിട്ടെന്തു ഫലം?.. ഇതൊക്കെ കാണാന്‍ യോഗം വേണം യോഗം! )

നയന്‍ താര, മമത ഇത്യാദി ലേറ്റസ്റ്റ് സെക്സി സെന്‍സേഷനുകളേയെല്ലാം തോല്‍പ്പിക്കുന്ന ബാബുവിന്റെ ശരീര പ്രദര്‍ശനത്തില്‍ യാതൊരു ശ്രദ്ധയും കൊടുക്കാതെ മൂന്നു പേരും ബാബുവിന്റെ സ്ഥാനത്തും അസ്ഥാനത്തുമുള്ള കട്ടകള്‍ ഇടിച്ചു ചവിട്ടി ശരിപ്പെടുത്തി. ഒരു ചെയ്ഞ്ചിനു വേണ്ടിം അതിലൊരുത്തന്‍ വീടിന്റെ ഒരു കോണിലിരുന്ന ബ്ലാക്ക്‌&വൈറ്റ്‌ ടിവി.യും തല്ലിപ്പൊളിച്ചു.

ഇതിനിടയില്‍, ചറപറാന്നു മഴപെയ്യും പോലുള്ള ആ തല്ലിന്റെ ആവേശത്തില്‍, ബാബുവിന്റെ ഭാര്യയും അമ്മയുമെല്ലാം ഉറക്കെ നിലവിളിക്കുന്നത്‌ അകത്തു കയറിയ മല്ലന്മാര്‍ ശ്രദ്ധിച്ചിരുന്നില്ല, അണ്‍ഫോര്‍ചുനേറ്റ്ലി, ചുറ്റുവട്ടത്തുള്ള നാട്ടുകാര്‍ അതു വെടിപ്പായി കേള്‍ക്കയും, വടി, വെട്ടുകത്തി എന്നീ ആക്സസറീസുമായി കുറച്ചുപേര്‍ "സേവ്‌-ബാബു" കര്‍മ്മപദ്ധതിയിലേക്കിറങ്ങി.

മുറ്റത്തുനിന്നും ഉച്ചത്തിലുള്ള കോലാഹലങ്ങള്‍ കേട്ടതോടെ ഇനിയിവിടെ നില്‍ക്കുന്നതു ബുദ്ധിയല്ലെന്ന് മനസ്സിലാക്കിയ അടിക്കാര്‍ അവശനായ ബാബുവിന്റെ സെക്സി-ബോഡിയും ഉപേക്ഷിച്ച്‌ ചാടിയോടി ബൈക്കില്‍ കയറി ബൈക്കുകള്‍ അയ്യന്തോള്‍ ലക്ഷ്യമാക്കി പറത്തി!

ബാബുവിന്റെ കൂട്ടുകാര്‍ ഒന്നു രണ്ടു പേര്‍ ബൈക്കുമെടുത്ത്‌ ഇവരെ പിന്തുടരുന്നതറിഞ്ഞതോടെ "പേ പേ" എന്ന ഉച്ചത്തില്‍ ഹോണ്‍ മുഴക്കി മൂന്നുബൈക്കുകളും ആംബുലസ്‌ സ്റ്റൈലില്‍ അയ്യന്തോള്‍ ജങ്ക്ഷനിലെത്തുകയും ശേഷം 3 വഴിക്കു പിരിഞ്ഞു പോകയും ചെയ്തു!

ഇവരെ പിന്തുടര്‍ന്നിരുന്ന ബാബുവിന്റെ കൂട്ടുകാര്‍ അയ്യന്തോളെത്തിയപ്പോഴേക്കും "ആടു കെടന്നോടത്ത്‌ പൂട പോലുമില്ല" എന്ന പോലെ ആരെയും കാണാതെ നിരാശരായി. പക്ഷേ ജങ്ക്ഷനില്‍ നിന്നിരുന്ന ഒരു ചേട്ടന്‍ നേരത്തെ പോയ മൂന്നു ബൈക്കുകളുടേയും മരണ വെപ്രാളം ശ്രദ്ധിക്കുകയും, അതിലൊന്നിന്റെ നമ്പര്‍ നോട്ടു ചെയ്തിട്ടുമുണ്ടായിരുന്നു.

ജയകുമാരന്റെ ജാതകപ്രകാരം കണ്ടകശ്ശനി അവന്റെ പോക്കറ്റിനകത്തു തന്നെ കിടന്നു കറങ്ങുന്ന കാലമായിരിക്കണം അത്‌. അല്ലാതെ, വഴിയില്‍ നിന്നിരുന്ന ചേട്ടന്‍ കൃത്യം ലവന്റെ ബൈക്ക്‌ നമ്പര്‍ തന്നെ നോട്ടു ചെയ്കയും, ബാബുവിന്റെ കൂട്ടുകാര്‍ കൃത്യമായി ഈ ചേട്ടനോടു തന്നെ വിവരം അന്വേഷിക്കുകയും ചെയ്യുമായിരുന്നോ? പടിഞ്ഞാറോട്ടാണ്‌ ആ സ്പ്ലെന്‍ഡര്‍ ബൈക്ക്‌ പോയിരിക്കുന്നതെന്നു, ആ ഏരിയാവില്‍ റെഡ്‌ കളറില്‍ സ്പ്ലന്‍ഡറുള്ള ഒരുത്തനേ ഉള്ളൂ എന്നു അവര്‍ ജങ്ക്ഷനിലുള്ളവരില്‍ നിന്നും മനസ്സിലാക്കി! അത്‌ ജയകുമാരന്റെ വണ്ടിയായിരുന്നു! അവര്‍ തിരിച്ചു പോകുകയും അടികൊണ്ടവശനായിക്കിടക്കുന്ന ദിഗംബര ബാബു സ്വാമികളെ അടുത്ത ഒരു ഹോസ്പിറ്റലില്‍ കൊണ്ടുപോവുകയും ചെയ്തു.

താനാണിതിന്റെ പിന്നില്‍ എന്നു ബാബുവിന്റെ ആള്‍ക്കാര്‍ക്കു മനസ്സിലായി എന്നറിഞ്ഞതോടെ ജയകുമാര്‍ പിറ്റേന്നു തന്നെ വീടു പൂട്ടി കൊച്ചിയിലെ ഒരു ബന്ധുവീട്ടിലേക്കു താമസം മാറി. ആരെങ്കിലും വന്നു ചോദിച്ചാല്‍ താന്‍ "ബോമ്പേക്കു പോയി" എന്നു പറയാന്‍ തറവാട്ടില്‍ താമസിക്കുന്ന അമ്മാവന്മാരോടു ശട്ടം കെട്ടുകയും ചെയ്തു

*** രംഗം-2 ***

ജയകുമാരനു രണ്ട്‌ അമ്മാവന്മാര്‍! അമ്മയേക്കാളും വളരേ പ്രായം കുറവായതിനാല്‍, ജയകുമാരനും അമ്മാവന്മാര്‍ക്കും പ്രായത്തില്‍ വല്യ വ്യത്യാസമില്ല. ഒരാള്‍, 8 വയസ്സിനു മൂത്തത്‌, മറ്റയാള്‍ 6 വയസ്സിനും. രണ്ടുപേരും താമസിക്കുന്നത്‌ ജയകുമാറിന്റെ വീടിനോടു ചേരെയുള്ള തറവാട്ടില്‍.

അന്നൊരു ശനിയാഴ്ച രാത്രി 8 മണി. അമ്മാവന്മാര്‍ രണ്ടു പേരും, പിന്നെ അവരുടെ നാലഞ്ചു ഗെഡികളും ചേര്‍ന്ന് വീക്കെന്‍ഡ്‌ ആഘോഷിക്കാനായി രണ്ടു കുപ്പികളും വാങ്ങി തറവാട്ടില്‍ ഒത്തു ചേര്‍ന്നു. അപ്പോഴാണു കോളിങ്ങ്‌ ബെല്‍ അടിക്കുന്നത്‌.

വാതില്‍ തുറന്ന ചെറിയമ്മാവന്‍ ഞെട്ടി. കീഴേക്കാവമ്പലത്തിലെ പറയെടുപ്പിനു വരുന്ന വെളിച്ചപ്പാടിനെ പോലെ, കൊടുവാളും പിടിച്ച്‌ രണ്ടു പേര്‍, പുറകെ, കത്തി, സൈക്കിള്‍ ചെയിന്‍ എന്നി പലവകകളുമായി മറ്റു നാലഞ്ചു പേര്‍!

കാര്യം തിരക്കിയ അമ്മാവനോടു ജയകുമാറിവിടെ ഇല്ലേടോ" എന്നും ചോദിച്ചുകൊണ്ട്‌ എല്ലാവരും അകത്തെക്കു കയറി. അകത്തിരുന്ന അമ്മാവനും ഗെഡികളും ഇതു കണ്ട്‌ വിറച്ചു!

രണ്ടു കുപ്പികളും അഞ്ചാറു പേരേയും കണ്ടതോടെ “ഇവരും ഒരങ്കത്തിനു തയ്യാറായിട്ടു തന്നെ“ എന്നു അകത്തു കയറിയ ഗുണ്ടാ സംഘം തെറ്റിദ്ധരിക്കുകയും, ചെറുതായൊന്നു പേടിക്കുകയും ചെയ്തു. തല്‍ഫലമായി സമാധാനത്തിന്റെ പാതയിലെത്തിയ അവര്‍ കാര്യങ്ങളെല്ലാം വ്യക്തമായി അമ്മാവന്മാരെ പറഞ്ഞു മനസ്സിലാക്കുകയും, തങ്ങള്‍ക്കു വേണ്ടത്‌ "ജയകുമാറിനെ"യാണെന്നും പറഞ്ഞ്‌ വീടുമുഴുവന്‍ പരിശോധിച്ചു. കൊച്ചിയില്‍ ഏതോ ഒരു ബാറിന്റെ മൂലയില്‍ ഒറ്റക്കിരുന്നു കള്ളടിക്കുന്ന കുമാരനെ തൃശ്ശൂര്‍ ജില്ലയിലെ ഒരു വീടിന്റെ കട്ടിലിനടിയില്‍ തപ്പിയാല്‍ എവിടെക്കിട്ടാന്‍?

വന്ന സംഘത്തിലെ രണ്ടു പേര്‍ മൂത്തമ്മാവന്റെ ഗെഡികളായതിനാല്‍, അദ്ദേഹം കാര്യം പറഞ്ഞു മനസ്സിലാക്കുകയും, പ്രശ്നം പിന്നീട്‌ ഒതുക്കിത്തീര്‍ക്കാമെന്നു ഉറപ്പു നല്‍കയും ചെയ്ത ശേഷമേ, വന്നവര്‍ പിരിഞ്ഞു പോയുള്ളൂ! പോകും മുന്‍പ് എല്ലാര്‍ക്കുമൊരു സ്മോളൊഴിച്ചു കൊടുക്കാണും കരുണാവാരിധിയായ മൂത്തമ്മാവന്‍ മറന്നില്ല!

രണ്ടു ദിവസത്തിനുശേഷം, സ്ഥലം ജയകുമാരന്റെ ബന്ധുകൂടിയായ ഏസ്‌.ഐ യുടെ നേതൃത്വത്തില്‍ നടത്തിയ ഒത്തു തീര്‍പ്പു ചര്‍ച്ചയില്‍ "അടിച്ചതിനു" നഷ്ടപരിഹാരമായി 4000 രൂപയും, ടി.വി. തല്ലിപ്പൊളിച്ചതു പകരമായി മറ്റൊരു നാലായിരം രൂപയും ചേര്‍ത്ത്‌ മൊത്തം 8000 രൂപ വാങ്ങിയ ശേഷമേ, ബാബുച്ചേട്ടന്‍ പരാതി പിന്‍വലിച്ചുള്ളൂ!

ഈ പ്രശ്നത്തിന്റെ പേരില്‍ ഇനി ജയകുമാറിനെ തിരിച്ചു തല്ലില്ല എന്നു എസ്സൈക്ക്‌ ബാബുച്ചേട്ടനും സംഘവും ഉറപ്പു നല്‍കിയ ശേഷമേ ജയകുമാര്‍ കൊച്ചിയില്‍ നിന്നും തിരിച്ചു വീടണഞ്ഞുള്ളൂ!

വെറും 25 പൈസക്കു വേണ്ടി 8000 രൂപ ചിലവാക്കിയ ബുദ്ധിയാലോചിച്ച്‌ ജയകുമാര്‍ ഇന്നും നെടുവീര്‍പ്പിടാറുണ്ട്‌. ആ നെടുവീര്‍പ്പിനു എസ്കോര്‍ട്ടായി, ഇതിനെല്ലാം കാരണക്കാരനായ പ്രവീണിനിട്ടു രണ്ടു തെറിയും!

പാന്‍പരാഗിന്റെ മാലകള്‍ പെട്ടിക്കടകളില്‍ തൂങ്ങിയാടുന്ന കാണുമ്പോഴൊക്കെ മേല്‍പ്പറഞ്ഞ രണ്ടും ഡീഫോള്‍ട്ടായി ജയകുമാറില്‍ നിന്നുയര്‍ന്നു കേള്‍‍ക്കാം!

40 comments:

ഇടിവാള്‍ said...

പുതിയ പോസ്റ്റ്..
"പാന്‍ "പാര"ഗോ ഫോബിയ"

പാന്‍ പരാഗു കണ്ടാല്‍ പേടിക്കുന്ന എന്റെയൊരു സുഹൃത്തിന്റെ കരളലിയിക്കുന്ന വെട്ടിക്കൂട്ട് കദന കഥ ;)

കുറുമാന്‍ said...

കൈ ഉയര്‍ത്താന്‍ ശേഷിയില്ലാതിരുന്ന ഒരുത്തന്‍ "ഗ്വാ" എന്ന ശബ്ദത്തില്‍ വാളു വച്ച്‌ പ്രമേയത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. - ഇത് കൊള്ളാം.

തേങ്ങ എന്റെ വക - ഠോ

സു | Su said...

ഇതിനാണ്, പോയ ബുദ്ധി, ആന വലിച്ചാല്‍ വരില്ല എന്ന് പറയുന്നത്. ഒരു പാന്‍പരാഗിന്റെ ബാക്കി പണം കിട്ടാഞ്ഞിട്ട്, എത്രയാ പണം പൊടിച്ചുകളയേണ്ടിവന്നത്.

KANNURAN - കണ്ണൂരാന്‍ said...

പോയ ബുദ്ധിമാത്രമല്ല, വീണ വാക്കും തിരിച്ചെടുക്കാന്‍ പറ്റില്ല.. ഇടിവാളിങ്ങനെ എഴുതിയാല്‍ ഡി.സി.ബുക്കുകാരിനി പൊക്കുന്നത് ഇടിവാളിനെയായിരിക്കും.. ജാഗ്രതൈ...

സുഗതരാജ് പലേരി said...

ഇടി നന്നായി. ഓ തെറ്റി.... ഇടീ നന്നായി.

sandoz said...

ഈ സൈസ്‌ ഇനങ്ങള്‍ എല്ലാ നാട്ടിലും ഉണ്ടല്ലേ വാളേ.
ഒരാവേശത്തിനു കേറി കിണ്ണും.
പിന്നെ ഒളിച്ചോട്ടം,മാപ്പു പറയല്‍,പിഴയടക്കല്‍.... ഭാഗ്യമുള്ളവര്‍ ആണെങ്കില്‍ രണ്ടു കൊട്ടും വാങ്ങിക്കും.
ലോക്കല്‍ പുലികളുടെ നമ്പര്‍ ഇഷ്ടപ്പെട്ടു.

ദില്‍ബാസുരന്‍ said...

കലക്കി ഇടീ.. കലക്കി! ഇതിലേത് ടീമിലായിരുന്നു ഇടിഗഡി എന്ന് മാത്രം പറാഞ്ഞ് കണ്ടില്ല. കിട്ടിയ ടീമിലോ കൊടുത്ത ടീമിലോ? :-)

ഓടോ: എന്റെ ഒരു അകന്ന ഗഡിയുമായി ബന്ധപ്പെട്ട കലാപരിപാടികള്‍ ഓര്‍മ്മ വന്നു. പോസ്റ്റാക്കാം. :-)

വിശാല മനസ്കന്‍ said...

രസിച്ച് വായിച്ചു ഗഡീ!!

"മുന്‍സിപ്പാലിറ്റി ചവറുകൂനയില്‍ പഴത്തൊലി കണ്ട കൊറ്റനാടിനെപ്പോലെ പ്രവീണ്‍ കടയിലേക്കു യാന്ത്രികമായി നടന്നു!"

എന്തിറ്റാ ഉപമ???? ഹൌ !! സമ്മതിച്ചു ഷ്ടാ.

ഓ.ടോ.

ആ ആടിനെ ഞാന്‍ കണ്ടു. 80:20 എന്ന അനുപാതത്തില്‍ കറുത്തതും വെളുത്തതുമായ ഉടല്‍. വാല്‍ ഫുള്‍ ബ്ലാക്ക്. പോണ പോക്കില്‍, വാല്‍ ഓരോ മിനിറ്റ് ഇടവിട്ട് ആട്ടിയിരുന്നു. ചവറുകൂനയില്‍ പഴത്തൊലി കൂടാതെ, മുന്തിരിയുടെ എം‌പ്റ്റി കൂടകള്‍, പച്ചയും വൈലറ്റും കളറുകൊണ്ട് മാര്‍ക്ക് ചെയ്ത കീറിയ ചാക്ക്, പൈനാപ്പിളിന്റെ കൂഞ്ഞ, കോഴിമുട്ടയുടെ തോടുകള്‍ എന്നിവയും കിടന്നിരുന്നു.

:)

Anonymous said...

പാന്‍പരാഗിന്റെ മാലകള്‍ പെട്ടിക്കടകളില്‍ തൂങ്ങിയാടുന്ന കാണുമ്പോഴൊക്കെ മേല്‍പ്പറഞ്ഞ രണ്ടും ഡീഫോള്‍ട്ടായി ജയകുമാറില്‍ നിന്നുയര്‍ന്നു കേള്‍‍ക്കാം!
--
ഇതിലെ ഡിഫോള്‍ട്ടായി എന്ന പ്രയോഗം ഉഗ്രന്‍... ഒരുപക്ഷെ, കമ്പ്യൂട്ടറുമായി മല്‍പ്പിടുത്തം നടത്തുന്ന വ്യക്തിയായതിനാലാവാം, ഈ ഡിഫോള്‍ട്ടുകളോട് ഒരു ആകര്‍ഷണം... :)
--

Anonymous said...

കിടിലോല്‍ക്കിടിലം.

“രാവിലെ ഒമ്പതുമണിയാവുന്നതോറ്റെ സെക്രട്ടറിയേറ്റിനു മുന്നിലേക്കു പല പല ജാഥകള്‍ക്കും സത്യാഗ്രഹങ്ങള്‍ക്കുമായി പാര്‍ട്ടിക്കരെത്തിച്ചേരുന്നതു പോലെ കുമാരന്റെ വീട്ടിലേക്കു ചെറുപ്പക്കാര്‍ എത്തിത്തുടങ്ങും“

“കൈ ഉയര്‍ത്താന്‍ ശേഷിയില്ലാതിരുന്ന ഒരുത്തന്‍ "ഗ്വാ" എന്ന ശബ്ദത്തില്‍ വാളു വച്ച്‌ പ്രമേയത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു“

“ജയകുമാരന്റെ ജാതകപ്രകാരം കണ്ടകശ്ശനി അവന്റെ പോക്കറ്റിനകത്തു തന്നെ കിടന്നു കറങ്ങുന്ന കാലമായിരിക്കണം അത്‌.“

എന്റമ്മേ .. എന്നെയങ്ങ് കൊല്ല്‌. ചിരിച്ച്‌ ചിരിച്ച്‌ വശം കെട്ടു.

ദില്‍ബൂന്റെ സംശയം എനിക്കുമുണ്ട്‌. ഇടിവാളിന്റെ റോള്‍ ഇതിലെവിടെയാ ... “ഇടി“ കൊടുത്ത കൂട്ടത്തിലോ , “വാള്‍“ വച്ച കൂട്ടത്തിലോ..?

ikkaas|ഇക്കാസ് said...

കട്ടബാബുവിന്റെ ദിഗംബരനായുള്ള ഓട്ടം കരളലിയിക്കുന്നതായി :)

ഇത്തിരിവെട്ടം|Ithiri said...

ഒരു ചെയ്ഞ്ചിനു വേണ്ടിം അതിലൊരുത്തന്‍ വീടിന്റെ ഒരു കോണിലിരുന്ന ബ്ലാക്ക്‌&വൈറ്റ്‌ ടിവി.യും തല്ലിപ്പൊളിച്ചു.

ഇടിവാള്‍ജീ സൂപ്പര്‍...

അരീക്കോടന്‍ said...

കടയില്‍ തൂക്കിയിട്ടിരിക്കുന്നപാന്‍പരാഗുകള്‍ കണ്ടപ്പോള്‍, മുന്‍സിപ്പാലിറ്റി ചവറുകൂനയില്‍ പഴത്തൊലി കണ്ട കൊറ്റനാടിനെപ്പോലെ ...
ഇടിവാള്‍ജീ സൂപ്പര്‍...

Vempally|വെമ്പള്ളി said...

കലക്കി ഇടിവാളെ - അല്ല എന്താ ഈ പുഷ്പനിസം എന്നു പറഞ്ഞാല്‍?

Anonymous said...

super gaddieee

ഉത്സവം : Ulsavam said...

ദിഗംബരന്‍ ഹഹഹ
ഇടിയുടെ ഇടിക്കഥ കലക്കി..!

കലേഷ്‌ കുമാര്‍ said...

"ഓട്ടത്തിന്റെ പരിണിതഫലമായി ശരീരത്ത്‌ ആകെയുണ്ടായിരുന്നൊരു കൈലി ഊരിപ്പോകയും, തദ്വാര താല്‍ക്കാലികമായി ജൈനമതം സ്വീകരിച്ച് "ദിഗംബരനായിത്തീരുകയും" ചെയ്തു."

വാ‍യിച്ചിരുന്ന് തലയറഞ്ഞ് ചിരിച്ചു മേന്നേ!

സൂ‍പ്പര്‍!

വാവക്കാടന്‍ said...

ഇടിവാള്‍ ജീ..
തകര്‍ത്തു..

ബാബുചേട്ടന്റെ അവസ്ഥ ആലോചിച്ച് ഇടക്കിടയ്ക്ക് ചിരിച്ചു കൊണ്ടേയിരിക്കുന്നു..

വേണു venu said...

വെറും 25 പൈസക്കു വേണ്ടി 8000 രൂപ ചിലവാക്കിയ ബുദ്ധിയാലോചിച്ച്‌ ജയകുമാര്‍ ഇന്നും നെടുവീര്‍പ്പിടാറുണ്ട്‌.
ഇടിവാളേ ചിരിച്ചേ...പുലിവാല്‍ പിടിക്കാന്‍ നേരം നോക്കണൊ..അതു പോക്കറ്റിലെഴുതിയിട്ടിരിക്കയല്ലെ.

അലിഫ് /alif said...

ഇടിവാളിന്‍റെ ഇടിവെട്ട് ഇടിക്കഥ..ഇതില്‍ ഇടിവാളിനും റോളുണ്ടോ ആവോ..
ഇതുപോലൊരു ‘ന്യൂ ഈയര്‍ ഇടി‘ എനിക്കും കിട്ടിയിട്ടുണ്ട്, അതു ഞാന്‍ പോസ്റ്റാക്കും..
ആ ദിഗംബര വര്‍ണ്ണന കലക്കി..ചിരിക്കതെന്ത് ചെയ്യും ഓര്‍ത്തോര്‍ത്ത് ചിരിക്കുന്നു..ഹ..ഹ.

കുട്ടിച്ചാത്തന്‍ said...

വാളേട്ടാ വായിച്ചോണ്ടിരുന്നപ്പോള്‍ ഒരു വരിപെട്ടന്നിഷ്ടായി ക്വാട്ടാന്‍ വേണ്ടി അപ്പോള്‍ തന്നെ കോപ്പീം ചെയ്തു. കമന്റിലു വന്നു നോക്കിയപ്പോള്‍ അത് ദാ കിടക്കുന്നു... എന്നാലും...
“ഒരു ചെയ്ഞ്ചിനു വേണ്ടിം അതിലൊരുത്തന്‍ വീടിന്റെ ഒരു കോണിലിരുന്ന ബ്ലാക്ക്‌&വൈറ്റ്‌ ടിവി.യും തല്ലിപ്പൊളിച്ചു.“

സ്വന്തം കഥയുടെ സ്റ്റോക്ക് തീര്‍ന്നാലും. ഇതു പോലുള്ള ‘സോള്‍ ഗഡീസ്’ ഇഷ്ടം‌പോലെ കാണില്ലെ?

സങ്കുചിത മനസ്കന്‍ said...

എഡേയ്,
എല്ലാം ഇഷ്ടപ്പെട്ടു, ബട്ട് ആ പേരുകള്‍ മാറ്റിയതും മാത്രം ഇഷ്ടമായില്ല. എന്തൊരു പോക്കയിരുന്നഡേയ് അന്ന് ബൈക്കില്

ഹി ഹി ഹി

ഇടിവാള്‍ said...

ഡായ് സങ്കൂ.. പേരു മാറ്റിയെന്നുള്ള ശരിയെ അംഗീകരിച്ചുകൊണ്ടു തന്നെ പറയട്ടെ, നിന്റെ കമന്റു വായിച്ചാല്‍ ഈ സംഭവത്തില്‍ എനിക്കു പങ്കുണ്ടെന്നു ജനം കരുതും! മ:വാ;ക: എനിക്കിതില്‍ യാതൊരു റോളുമില്ല, സംഭവം നടക്കുമ്പോള്‍ ഞാന്‍ ഗള്‍ഫില്‍!

കുറു,സൂ, കണ്ണൂരാന്‍, സാന്റോസ്, സുഗതരാജ്, ദില്‍ബു, വിശാത്സ്, ഹരി, തമനു, ഇക്കാസ്, അരിക്കൊടന്‍, താഴ്വാരം, ഇത്തിരി, ഉത്സവം, വാവക്കാടന്‍, വേണു മാഷേ, അലിഫ്, കുട്ടിച്ചാത്തന്‍ എന്നിവര്‍ക്കും നന്ദി.

കലേഷേ: നാട്ടിലെ വിശേഷങ്ങള്‍ എന്തൊക്കെ ?

വെമ്പള്ളി: പുഷ്പന്‍” എന്നാല്‍, തൃശ്സൂര്‍ ഭാഷയില്‍, പൂവാലന്‍ എന്നര്‍ത്ഥമുണ്ട്.. അതാണു പുഷ്പനിസം ... നന്ദി

അഗ്രജന്‍ said...

“അയ്യോ എന്നെ കൊന്നേ” എന്നും പറഞ്ഞ്‌ വീടിനകത്തു കിടന്ന് ഓടുകയും ഓട്ടത്തിന്റെ പരിണിതഫലമായി ശരീരത്ത്‌ ആകെയുണ്ടായിരുന്നൊരു കൈലി ഊരിപ്പോകയും, തദ്വാര താല്‍ക്കാലികമായി ജൈനമതം സ്വീകരിച്ച് "ദിഗംബരനായിത്തീരുകയും" ചെയ്തു.

ഹഹഹഹ... :))

ഇടി... ഈ പോസ്റ്റും രസികന്‍ പീസു തന്നെ :)

Anonymous said...

ചിരിച്ച് ..ചിരിച്ച്..മണ്ണുകപ്പി..(റൂമിലായതോണ്ട് അതിനു പറ്റിയില്ല വെറുതെ എഴുതിയതാ)എന്താലും അവിടെ മുഴുവന്‍ കള്ളുകുടിയന്മാരാണെന്നു മനസ്സിലായി.എന്‍റെ മോള്‍ക്ക് അങ്ങോട്ട് ഒരാലോചന ശരിയായതായിരുന്നു. ഇനിയിപ്പോള്‍ അതൊഴിവാക്കാം.അതാ നല്ലത്.

Anonymous said...

പെഡച്ചൂ..പെഡപെഡച്ചൂ. സാധനം കൊള്ളാം!!! ഇതു ഒരും വെറും കഥ അല്ല, എവിടെയോ ഇത്തിരി സത്യം ഉണ്ട്‌ അല്ലേ ഇടീഗഡീ ?

Anonymous said...

അല്ല ഇടിവാളേ, ത്രിശ്ശൂര്‍ എവടെയാ ഇങ്ങടെ താമസം ? ഇങ്ങളെ ഒരു നോക്ക്‌ കാണാന്‍...

magnifier said...

ഇഡീ..ഇതു വന്ന അന്നു തന്നെ വായിച്ചിരുന്നു. പഴയപോലെ ബ്ലൊഗാന്‍ പറ്റാത്തത് കൊണ്ട് അന്ന് കമന്റിടാന്‍ പറ്റിയില്ല.....എല്ലാം കൂടെ ചേര്‍ത്ത് ഒരു ബിഗ് ചിയേര്‍സ്!!!!

Anonymous said...

ഒരു സംശയം.. പെരിങ്ങോടന്‍ എവിടെപ്പോയീീ ? ഞാന്‍ ഒരു സ്ഥിരം ബ്ലോഗന്‍ അല്ലാത്തതുകൊണ്ടാവും.. കാണാറില്ല പൊതുവേ. എനിക്കു തെറ്റിയതാണോ ?

Anonymous said...

യ്യൊ..വികടന്‍ മാഷിനു അറിയില്ലേ? പെരിങ്ങോടര്‍ എന്ന ആള്‍ ബ്ലോഗിലൊന്നും വരാറേയില്ല ഇപ്പൊ. ആളെവിടെപ്പോയോ ആവൊ? കാശൊന്നും മേടിച്ചിട്ടില്ലല്ലോ...
മുങ്ങിയവരെ അന്വേഷിക്കുന്ന കൊണ്ട് വെറുതെ ഒരു ചോദ്യം ചോദിച്ചതാണ്..പെരിങ്ങ്സ് മേടിച്ച പൈസയൊക്കെ ഇപ്പൊ കടം തീര്‍ത്ത് കൊടുക്കണാത് നമ്മടെ സ്വന്തം ഇടിഗഡിയാ.
അതൊണ്ട് കൃത്യായിട്ട് ഈ ബ്ലോഗില്‍ തന്നെ വന്നു പെട്ടല്ലൊ.അതെന്തായാലും നന്നായിട്ടൊ.

ഏറനാടന്‍ said...

ബൂലോഗത്തെയാകെ പ്രകമ്പനം കൊള്ളിക്കുന്ന ഇടിവെട്ടായ ഇടിഗഡിയുടെ പോസ്‌റ്റുകള്‍ ഒന്നിനൊന്ന് മെച്ചമുണ്ടെന്നത്‌ പറയാതെ വയ്യ

ഇടിവാള്‍ said...

വികടാ.. ഇത്തിരിയല്ല, മുഴുവനും സത്യം! ഞാന്‍ തൃശ്ശൂരില്‍ വെങ്കിടങ്ങിലാണ്! വികടന്റെ ഒരു കഥയില്‍ മുല്ലശ്ശേരിയില്‍ എതോ ഒരു കസിന്‍ ഉള്ള കാര്യം പറഞ്ഞിരുന്നല്ലോ, അതിനടുത്ത സ്ഥലം തന്നെ ..വെങ്കിടങ്ങ്!

പിന്നെ, കാണണമെങ്കില്‍, ദുബായില്‍ വരണം, ബട്ട്, വിത്ത് അപ്പോയിന്റ്മെന്റ് പ്ലീസ് ;)

അഗ്രു, മൈധിലി, കുട്ടമേനോന്‍, മാഗ്നി, ഏറനാടന്‍ എന്നിവര്‍ക്കും നന്ദി !

പെരിങ്ങനും ഞാനുമായിട്ടൊരു ബന്ധോമില്ല! കാശും ചോദിച്ച് ഒരാളും ഈ ബ്ലോഗില്‍ വരേണ്ടെ! കുപ്രചരണങ്ങള്‍ നടത്തിയാല്‍ ഇഞ്ചിക്കെതിരെ ബൂലോഗ കോടതിയില്‍ കേസു ഫയല്‍ ചെയ്യുമെന്നു ഇതിനാല്‍ അറിയിക്കുന്നു! ഭീഷണിയാണ്! ;)

Anonymous said...

ippol manassilaayi enthinaanu irupathi anju paisakkum mattum chaaya kadayilum thattu kadayilum kuthum kola paathakavum nadakkunnathu ennu.

Anonymous said...

ഇടിവാളേ കലക്കി, കക്കലക്കി.... സംഗതി ഉഷാ‍ാ‍ാ‍ാ‍ാര്‍.... ക്ഷ പിടിച്ചു. ബാക്കിയുള്ള പോസ്റ്റുകളും വായിക്കന്‍ ഇപ്പോള്‍ തന്നെ തുടങ്ങുന്നു...

ഒരിക്കല്‍ കൂടി ചിയേഴ്സ്.

സസ്നേഹം
സലില്‍

Anonymous said...

ഇടീഗഡീ,
ഇതും കിടിലന്‍.

അക്കു അഗലാട് said...

വെറും 25 പൈസക്കു വേണ്ടി 8000 രൂപ ചിലവാക്കിയ ബുദ്ധിയാലോചിച്ച്‌ ജയകുമാര്‍ ഇന്നും നെടുവീര്‍പ്പിടാറുണ്ട്‌. ആ നെടുവീര്‍പ്പിനു എസ്കോര്‍ട്ടായി, ഇതിനെല്ലാം കാരണക്കാരനായ പ്രവീണിനിട്ടു രണ്ടു തെറിയും!
ഇതും ക്കിടിലന്‍....എന്ന്
പറയാതിരികന്‍വയ്യ ഗഡി.......

അക്കു അഗലാട് said...

വെറും 25 പൈസക്കു വേണ്ടി 8000 രൂപ ചിലവാക്കിയ ബുദ്ധിയാലോചിച്ച്‌ ജയകുമാര്‍ ഇന്നും നെടുവീര്‍പ്പിടാറുണ്ട്‌. ആ നെടുവീര്‍പ്പിനു എസ്കോര്‍ട്ടായി, ഇതിനെല്ലാം കാരണക്കാരനായ പ്രവീണിനിട്ടു രണ്ടു തെറിയും!
ഇതും ക്കിടിലന്‍....എന്ന്
പറയാതിരികന്‍വയ്യ ഗഡി.......

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.