-- എ ബ്ലഡി മല്ലു --

നിഷ്കളങ്കന്‍

Thursday, January 11, 2007

സുകുവിന്റെ മറുപടിക്കത്ത് വായിച്ച രാജു തുള്ളിച്ചാടി. ഇതു സത്യമോ മിഥ്യയോ എന്നു നോക്കാന്‍ ഇടത്തേക്കാലു പൊക്കി വലത്തേക്കാല്‍പ്പത്തിയില്‍ നല്ല ഉഗ്രനൊരു കിക്കു കൊടുത്തു. "ഔ" സത്യം തന്നെ, എന്തൊരു വേദന, പണ്ടാരമടങ്ങാന്‍!

"അങ്ങനെ താനും ബോംബേക്കു പോകുന്നു"!

വല്യമ്മേടെ മോനാ സുകുച്ചേട്ടന്‍. പറഞ്ഞിട്ടെന്താ, അവരു പണ്ടേ കാശുള്ളോര്‌, സുകുചേട്ടനെ പണം മുടക്കി മറൈന്‍ എന്‍ജിനീയറാക്കി, അങ്ങേര്‍ക്കു ബോമ്പേയില്‍ നല്ല അസ്സലു ജോലിയും.

ഇവിടെ, രാജുവിന്റെ അച്ഛനാണെണെങ്കില്‍, ആകെ രണ്ടു പറ കൃഷിയും രണ്ടു പയ്യും മാത്രം. ഒരു എന്‍ജിനീയറാവണം എന്നു താന്‍ ആഗ്രഹിക്കുമ്പോഴും മനസ്സു പറയും "അതു നടക്കില്ലടാ മോനേ, അതൊക്കെ കാശുകാര്‍ക്കു പറഞ്ഞിട്ടുള്ളതാ".

ഈ ആഗ്രഹം വീട്ടില്‍ പറഞ്ഞാല്‍ അവിടന്നുള്ള പരിഹാസമാണു സഹിക്കാന്‍ പറ്റാത്തത്‌. മകനെ പഠിപ്പിക്കാന്‍ കാശില്ല എന്ന സത്യം മറച്ചു വക്കാന്‍ അച്ഛന്റെ ഒരു മുടന്തന്‍ ന്യായീകരണമുണ്ട്‌ "പത്താംക്ലാസ്സു തോറ്റാല്‍ എന്‍ജിനീയറിങ്ങിനു അഡ്മിഷന്‍ കിട്ടില്ലടാ കന്നാലീ, ആദ്യം നീയതു പാസാവ്‌" എന്ന്!

പാസായാലും ഇതൊന്നും നമുക്കു പറഞ്ഞിട്ടുള്ളതല്ല, എന്ന മനോവിഷമം മൂലമാണു ഓരോതവണയും താന്‍ എസ്‌.എല്‍.സി തോല്‍ക്കുന്നതെന്നു ഈ കണ്ട്രി ഫെല്ലോസ്‌ എന്നു മനസ്സിലാക്കും?

പാടത്തെ പണിയും, പയ്യിനെ കറക്കല്‍ കുളി എന്നീ ബ്ലൂകോളര്‍ ജോലിയിലൊന്നും സുകുവിനു താല്‍പ്പര്യമില്ല. എന്തെങ്കിലും ഒരു ട്രേഡ്‌ ആയിക്കോട്ടെ എന്നു കരുതിയാണ്‌ രണ്ടാം തവണയും പത്തില്‍ തോറ്റപ്പോള്‍ അച്ചുക്കരുവാന്റെ വര്‍ക്ക്ഷോപ്പില്‍ പാര്‍ട്ട്‌ ടൈം ജോലിക്ക്‌ പോയത്‌. അവിടെനിന്നാല്‍ വെല്‍ഡിങ്ങു പഠിപ്പിക്കാമെന്നു ഉസ്താദ്‌ ഏറ്റിരുന്നു.

പണിതൊടങ്ങിയശേഷമണു കരുവാന്‍ രാജുവിനൊട്ടൊരു "പണി" കൊടുത്തതാണെന്ന സത്യം അവന്‍ മനസ്സിലാക്കുന്നത്‌. വെല്‍ഡിങ്ങു പഠിപ്പിക്കല്‍ പോയിട്ട്‌ അതിനെ റാഡില്‍ തൊടാന്‍ പോലും രാജുവിനായില്ല. വര്‍ക്ഷോപ്പിലെ തൂപ്പുപണിയും, ഇരുമ്പു ചുമക്കലുമായി രാജുവിന്റെ കറുത്ത ശരീരം കാരിരുമ്പു സമമായതു മിച്ചം.

അങ്ങനേയിരിക്കുമ്പോഴാണു, ആദ്യമായിട്ടൊന്നു വെല്‍ഡീങ്ങിനുള്ളാ ചാന്‍സ്‌ രാജുവിനു ലഭിച്ചത്‌. ദെവസോം 11 മണിക്ക്‌ തന്തപ്പടിക്ക്‌ ചോറും കൊണ്ടു വരുന്ന കരുവാന്റെ മകളു രജനിയുമായിട്ട്‌! കരുവാന്റെ ശ്രദ്ധ തിരിയുമ്പോള്‍ രജനിക്കിട്ട്‌ ചെറുതായി എര്‍ത്തു കൊടുത്തുകൊണ്ടാണ്‌ രാജു വെല്‍ഡിങ്ങിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത്‌.

ഒരു ദിവസം കരുവാന്‍ രാജുവിന്റെ എര്‍ത്തിങ്ങ്‌ കണ്ടു പിടിച്ചു! 'യുറേക്കാ.... ഞാന്‍ നിന്നേയിന്നു കൊല്ലുമെടാ %^$$$&% " എന്നും അലറിവിളിച്ചുകൊണ്ട്‌, ആസനത്തില്‍ തീപിടിച്ച ആര്‍ക്കമിഡീസിനെപ്പോലെ സ്ഥലകാലബോധമില്ലാതെ കയ്യില്‍ക്കിട്ടിയ ഇരുമ്പു ദണ്ഡുമായി, ഉടുത്തിരുന്ന അരത്തോര്‍ത്തുമായി കരുവാന്‍ രാജുവിനെ ഒന്നരക്കിലോമിറ്റര്‍ ഓടിച്ചു.

"ഓട്ടത്തില്‍ ഞാനാ ഉസ്താദ്‌" എന്നു തെളിയിച്ചുകൊണ്ട്‌, കരുവാനെ ബഹുദൂരം പിറകിലാക്കി രാജു ഒരു പൊട്ടു പോലെ മായുന്ന കണ്ട കരുവാന്‍ "ഇനിയീ ഏരിയാവീക്കണ്ടാ നിന്റെ സൈലന്‍സറു ഞാനൊടിക്കുമെടാ" എന്ന ഭീഷണിയും മുഴക്കി തിരിച്ചു വര്‍ക്ക്ഷാപ്പിലേക്കു നടന്നു. ചെന്നു, എര്‍ത്തിങ്ങ്‌ വാങ്ങി തരിച്ചു നില്‍ക്കയായിരുന്ന രെജനിയുടെ ചെഗളക്ക്‌ രണ്ടെണ്ണം പൊട്ടിച്ചു.

അങ്ങനെ നാട്ടുകാരില്‍ നിന്നും അടി വീഴാനും വീഴാതിരിക്കാനും സാധ്യതയുണ്ട്‌ എന്ന അവസ്ഥയിലിരിക്കുമ്പോഴാണു, രാജുവിന്റെ അമ്മ സുകുവിനോട്‌ "ഈ കുരിശിനെ എങ്ങനേലുമൊന്നു കൊണ്ടു പോടാ മോനേ" എന്നു കരഞ്ഞപേക്ഷിക്കുന്നത്‌. ചെറിയമ്മയുടെ ദീനരോദനങ്ങള്‍ക്കുപരി, തന്റെ ബാല്യകാലസുഹൃത്ത്‌ എന്ന പരിഗണനകൂടി കൊടുത്താണു സുകു രാജുവിനെ ബോമ്പേക്കു കൊണ്ടു പോകുന്നത്‌.

രണ്ടുദിവസത്തെ റെയില്‍ യാത്രക്കു ശേഷം ബോമ്പേയിലെത്തിയ രാജു മഹാനഗരം കണ്ട്‌ അത്ഭുതപരതന്ത്രകുന്ത്രനായി. രണ്ടു ദിവസം ഫ്ലാറ്റില്‍ ചൊറിയും കുത്തിയിരുന്നപ്പോള്‍, പഴയ വെല്‍ഡിങ്ങായിരുന്നു നല്ലതെന്നു രാജുവിനു തോന്നി. മൂന്നാം ദിവസം സുകു ജോലി കഴിഞ്ഞ്‌ മടങ്ങി വന്ന് രാജുവിനോടു പറഞ്ഞു "ഡാ, മ്മക്ക്‌ പോയി രണ്ടു സ്മാളടിച്ച്‌ , വല്ലോം ഞണ്ണീട്ട്‌ വരാഡാ ഗെഡീ.."

"ശരി ചേട്ടാ" എന്നും പറഞ്ഞ്‌ പാന്റും കേറ്റി രണ്ടുപേരും ഇറങ്ങിപ്പുറപ്പെട്ടു.

ചെക്കന്‍ ആദ്യായിട്ട്‌ വന്നതല്ലേ, പരിപാടി ഗ്രാന്‍ഡായിക്കോട്ടേന്നു കരുതി നല്ല ഒന്നാം തരമൊരു ഫൈവ്‌ സ്റ്റാര്‍ ഹോട്ടലിലെ റസ്റ്റോറന്റിലേക്കാണു സുകു പോയത്‌. ഹോട്ടലിന്റെ വാതില്‍ക്കല്‍ തന്നെ കിരീടവും ചെങ്കോലും ഉടവാളുമെല്ലാം ധരിച്ചു നില്‍ക്കണ സെക്യൂരിറ്റി സര്‍ദാര്‍ജിയെക്കണ്ട രാജു ഒന്നു നിന്നു തുറിച്ചു നോക്കി. അയാള്‍ പറഞ്ഞു."ഗുഡീവനിങ്ങ്‌ സാര്‍"

"നീയെന്നെ ഹിന്ദിയില്‍ തെറി പറയും അല്ലേ, നിന്നെ ഞാന്‍ പിന്നെ എടുത്തോളാം" എന്നാണോ അതിനു മറുപടിയായി രാജു മനസ്സില്‍ പറഞ്ഞത്‌.. ആ?

ഇതു സുകു ചോദിച്ചു "എന്തിനാടാ നീ അയാളെ തുറിച്ചു നോക്കണേ?"

"അല്ല ചേട്ടാ ഇയാളെന്തിനാ രാജാവിനെപ്പോലെ വേഷം കെട്ടി ഇവിടെ നില്‍ക്കുന്നേ?"

രാജുവിന്റെ ചോദ്യം കേട്ട സുകു മനസ്സിലോര്‍ത്തു "മരങ്ങോടന്‍.."

"എടാ രാജൂ, അയാളീ ഹോട്ടലിന്റെ ഉടമസ്ഥനാ, എന്റെ ഫ്രന്റാ നമ്മളെ സ്വീകരിക്കാനല്ലേ അയാളീ വാതിക്കല്‍ തന്നെ നില്‍ക്കുന്നത്‌" സുകു പറഞ്ഞു

"ഹോ, ചേട്ടനാളൊരു പുലിയാണല്ലേ.." ഓസില്‍ക്കിട്ടിയൊരു പുകഴ്ത്തല്‍ സുകു വാങ്ങി പോക്കറ്റിലിട്ടു. രണ്ടു പേരും അകത്തു കയറി ഒരുടേബിളിനു ചുറ്റുമിരുന്നു.

"ഹൌ, എന്തൊരു തണപ്പാല്ലേ ചേട്ടാ , അതെന്താ ഇവിടെ മാത്രം ഇത്ര തണുപ്പ്‌, പുറത്തില്ലല്ലോ.." ഏസീ റൂമിനെപറ്റി ഇതുവരെ കേള്‍ക്കാത്ത രാജുവിന്റെ പരാതികേട്ട സുകു കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു.

ഇതെന്താ ചേട്ടാ, ഈ തൊപ്പി വച്ചിരിക്കുന്നേ?" മേശപ്പുറത്ത്‌ ചുരുട്ടി കോണ്‍ രൂപത്തില്‍ വച്ചിരിക്കുന്ന ടവല്‍ നോക്കി രാജു ചോദിച്ചപ്പോള്‍ സുകു പറഞ്ഞു.

"അതെടുത്ത്‌ തലയില്‍ വയ്ക്കണം, നീ എടുത്തു വച്ചേ, നോക്കട്ടേ"

"ഓക്കേ" കൂമ്പാളത്തൊപ്പിയെടുത്ത്‌ തലയില്‍ വച്ച്‌ മഹാരാജനെപ്പോലിരിക്കുന്ന രാജുവിനെക്കണ്ട്‌ സപ്ലയര്‍ക്കു ചിരിപൊട്ടിയെങ്കിലും, സുകുവിന്റെ നോട്ടം കണ്ട്‌ അയാള്‍ ചിരിയൊതുക്കി. അടുത്ത മേശമേലിരിക്കുന്നവരും തന്നെ നോക്കി ചിരിക്കുന്ന കണ്ട രാജുവിനു എന്തോ പന്തികേടു തോന്നിയപ്പോള്‍ ചുള്ളന്‍ അതു മെല്ലെ തിരിച്ചു മേശപ്പുറത്തു വച്ചു.

രണ്ടു സ്മോളും, പിന്നെ, ഭക്ഷണവും കഴിച്ച്‌ വെയിറ്റര്‍ ഒരു ബൌളില്‍ ചെറു ചൂടുവെള്ളവും, ഒരു ലെമണ്‍ പീസും കൊണ്ടു വച്ചതു കണ്ട രാജുവിന്റെ സംശയക്കുരു വീണ്ടും പൊട്ടിമുളച്ചു. "ഇതെന്തിനാ ചേട്ടാ"

"ഇതു നാരങ്ങാവെള്ളം ഉണ്ടാക്കാനാടാ, നീ പിഴിഞ്ഞു കുടിച്ചോ"

പറഞ്ഞവസാനിച്ചതും രാജു നാരങ്ങായെടുത്ത്‌ പിഴിഞ്ഞു. ഒറ്റതുള്ളി ബാക്കിയില്ലെന്നുരപ്പു വരുത്തി നാരങ്ങാത്തോട്‌ മേശപ്പുറത്തിട്ട്‌, ബൌളിലോട്ട്‌ കുറച്ഗ്ച്‌ ഉപ്പും ചേര്‍ത്ത്‌, ഒരൊറ്റവലി! ടംബ്ലര്‍ കാലി!

എത്ര ശ്രമിച്ചിട്ടും അപ്പോള്‍ വന്ന ചിരി സുകുവിനു നിയന്ത്രിക്കാനായില്ല. സുകുചേട്ടനും, അപ്പുറത്തെ ടേബിളിലിരിക്കുന്നവരും ആര്‍ത്തു ചിരിക്കുന്നതിന്റെ പൊരുള്‍ രാജുവിനു മനസ്സിലായത്‌, ആ ബൌളിലോട്ട്‌ കയ്യിട്ട്‌ സുകു ചേട്ടന്‍ കൈ കഴുകുന്നതു കണ്ടപ്പോഴാണ്‌.

കൂര്‍ത്തമുഖവുമായി പുറത്തിറങ്ങുമ്പോള്‍, സെക്യൂരിറ്റി സര്‍ദാര്‍ജി രാജുവിനോടു പറഞ്ഞു "ഓക്കേ സാര്‍, ബൈ ബൈ..."

"യെവനൊക്കെ എവടത്തെ ഹോട്ടല്‍ മൊതലാളിയാടേയ്‌" എന്ന രീതിയിലൊരു നോട്ടം നോക്കി നടന്ന രാജുവിനു പുറകില്‍ കൂട്ടച്ചിരികള്‍ ഉയരുമ്പോള്‍ അയാള്‍ മനസ്സിലോതി "അല്ലേലും നിഷ്കളങ്കര്‍ക്കുള്ളതല്ല ഈ ലോകം"...

26 comments:

ഇടിവാള്‍ said...
This comment has been removed by a blog administrator.
ഇത്തിരിവെട്ടം|Ithiri said...

ഇടിവാളിന്റെ പോസ്റ്റ്... തേങ്ങയടിച്ചിട്ട് ഒരുപാട് നാളായി... ഇവിടെ കിടക്കട്ടേ ഒരു തേങ്ങ.

Sul | സുല്‍ said...

മറ്റുള്ള ബ്ലോഗുകളില്‍ ഓഫടിച്ചു നടക്കുന്ന സമയം കൊണ്ട്, ഇവിടെയെന്തുകൊണ്ടൊരു തേങ്ങയടിച്ചുകൂടാ എന്ന തോന്നലില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണീ തേങ്ങ.

ദ് പിടി.

-സുല്‍

Sul | സുല്‍ said...

എന്റെ തേങ്ങ് വേറെയാര്‍ക്കേലും കൊട്.

Kiranz..!! said...

ഇടിയണ്ണോ..ആര്‍ക്കിമിഡീസിന്റെ മിഡി ഊരിയ എഴുത്ത് :)ഡകര്‍പ്പന്‍ ആസ് ഊഷല്‍..

ഇത്തിരിവെട്ടം|Ithiri said...

ഒരു ദിവസം കരുവാന്‍ രാജുവിന്റെ എര്‍ത്തിങ്ങ്‌ കണ്ടു പിടിച്ചു! 'യുറേക്കാ.... ഞാന്‍ നിന്നേയിന്നു കൊല്ലുമെടാ %^$$$&% " എന്നും അലറിവിളിച്ചുകൊണ്ട്‌, ആസനത്തില്‍ തീപിടിച്ച ആര്‍ക്കമിഡീസിനെപ്പോലെ സ്ഥലകാലബോധമില്ലാതെ കയ്യില്‍ക്കിട്ടിയ ഇരുമ്പു ദണ്ഡുമായി, ഉടുത്തിരുന്ന അരത്തോര്‍ത്തുമായി കരുവാന്‍ രാജുവിനെ ഒന്നരക്കിലോമിറ്റര്‍ ഓടിച്ചു.

ഇടിവാള്‍ ഗഡീ കലക്കി... സംഭവം സൂപ്പര്‍.

അല്ലോരു സംശയം ഈ സുകുവിന്റെ ഇപ്പോഴത്തെ പേര് തുടുങ്ങുന്നത് വി യില്‍ ആണോ... വെറും സംശയമാണേ...

ഓടോ : ഞാനീ നാട്ടുകാരനല്ല. മൂന്ന് തരം.
സുല്ലേ വേണ്ടാ‍യിരുന്നു.

കുറുമാന്‍ said...

അങ്ങനേയിരിക്കുമ്പോഴാണു, ആദ്യമായിട്ടൊന്നു വെല്‍ഡീങ്ങിനുള്ളാ ചാന്‍സ്‌ രാജുവിനു ലഭിച്ചത്‌. ദെവസോം 11 മണിക്ക്‌ തന്തപ്പടിക്ക്‌ ചോറും കൊണ്ടു വരുന്ന കരുവാന്റെ മകളു രജനിയുമായിട്ട്‌! കരുവാന്റെ ശ്രദ്ധ തിരിയുമ്പോള്‍ രജനിക്കിട്ട്‌ ചെറുതായി എര്‍ത്തു കൊടുത്തുകൊണ്ടാണ്‌ രാജു വെല്‍ഡിങ്ങിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത് - കുറച്ചേ ഉള്ളുവെങ്കിലും ഉള്ളതിലോരോ വരിയിലും ചിരിക്കാന്‍ കഴിഞ്ഞു.

അവസാനിപ്പിച്ച രീതി ശരിയായോ എന്നൊരു സംശയമില്ലാതില്ല.

ഇടിവാള്‍ said...

കുറു പറഞ്ഞത് കറക്റ്റ്,
എവിടെയോ എന്തോ വശപ്പെശകുണ്ട്, പിന്നെ, പോസ്റ്റാക്കാന്‍ മാത്രം ഉള്ള സംഭവംമന്നുമില്ലല്ലോ ഇത്? എഡിറ്റാനൊന്നും നിന്നില്ല, അതായിരിക്കും ;)

പാര്‍വതി said...

കിടിലന്‍..ഞാന്‍ നിഷ്കളങ്കന്റെ സൈഡാണ് കെട്ടോ,(ഈ നാരങ്ങേം വെള്ളോം നമുക്കും പറ്റിയ പറ്റാ, കുടിച്ചില്ലാന്ന് മാത്രം)

:)

-പാര്‍വതി.

അരവിന്ദ് :: aravind said...

ഇഡിഗടീ (ഒരു ചേയ്ഞ്ച് വേണ്ടേ..ഇടിഗഡീ എന്നെഴ്‌തി മടുത്തു),
ദെന്ത്? പുത്യ പടത്തിന് പഴയ ക്ലൈമാക്സ്?
ദില്‍ ചാഹ്‌താ ഹേ മോഡല്‍?

ന്നാലും രാജുവിന്റെ , നാട്ടിലെ ഐറ്റംസ് ചിരിപ്പിച്ചു.


ഞ്ഞി ഞാ അപ്രത്ത് കുറുമയ്യനെ പോയി തൊഴ്‌ത് വരട്ടെ.

പൊതുവാള് said...

ഇടിവാളേ :)-

“പത്താംക്ലാസ്സു തോറ്റാല്‍ എന്‍ജിനീയറിങ്ങിനു അഡ്മിഷന്‍ കിട്ടില്ലടാ കന്നാലീ, ആദ്യം നീയതു പാസാവ്‌" എന്ന്!

പാസായാലും ഇതൊന്നും നമുക്കു പറഞ്ഞിട്ടുള്ളതല്ല, എന്ന മനോവിഷമം മൂലമാണു ഓരോതവണയും താന്‍ എസ്‌.എല്‍.സി തോല്‍ക്കുന്നതെന്നു ഈ കണ്ട്രി ഫെല്ലോസ്‌ എന്നു മനസ്സിലാക്കും?“

ഇതുകലക്കി.

ഉത്സവം : Ulsavam said...

എന്തിനാ അധികം ആ "വെല്‍ഡിങ്ങ്" മാത്രം പോരെ അങ്ങ്ട് തകറ്ത്തൂ..!
ഇടിവാളേ ആ ഹനുമാന്റെ ബാക്കി കഥ പോരട്ടെ...:-)

വക്കാരിമഷ്‌ടാ said...

നാരങ്ങാവെള്ള ടെക്‍നോളജി- കുടിച്ചില്ലെങ്കിലും സംഭവം എന്താണെന്ന് മനസ്സിലാകാതെ ഒന്നും ചെയ്യാതെ ഒന്നുമറിയാത്തതുപോലെ പോന്നിട്ടുണ്ട്.

നാപ്‌കിനെടുത്ത് വലിയ സ്റ്റൈലിലൊക്കെ മടിയിലേക്കിടും. പക്ഷേ തീറ്റാക്രാന്തം മൂക്കുമ്പോള്‍ അത് ഊര്‍ന്ന് നിലത്ത് വീഴുന്നതൊന്നുമറിയില്ല. പിന്നെ ഇടയ്ക്ക് തലയുയര്‍ത്തി ചുറ്റും നോക്കുമ്പോള്‍ ആരെങ്കിലും നാപ്‌കിന്‍ കൊണ്ട് ചുണ്ടൊക്കെ തുടയ്ക്കുന്നത് കാണുമ്പോള്‍ സ്റ്റൈലിന് തുടയ്ക്കാന്‍ ലെവനെ തപ്പുമ്പോള്‍ അതെല്ലാം താഴെ വീണ് കിടക്കുന്നു. പിന്നെ കുനിഞ്ഞ് നിലത്തുകൂടെയിട്ടുരച്ച് ഒരു വിധത്തില്‍ എടുത്ത്...

കത്തിമുള്ള് കൈകള്‍ തന്‍ കണ്‍ഫ്യൂഷന്‍ ഇതുവരെ മാറിയിട്ടില്ല.

ഇതൊന്നും വേണ്ട, അതിഫോര്‍മല്‍ തീറ്റകള്‍ക്കിടയ്ക്ക് ഏമ്പക്കം വരുമ്പോള്‍ അതെങ്ങിനെ അവിടെത്തന്നെ സപ്രസ് ചെയ്യുന്നതെന്ന് ഒന്ന് പറഞ്ഞുതരുമോ? വേറേ മാര്‍ഗ്ഗങ്ങളിലേക്ക് തിരിച്ചുവിടുന്ന പരിപാടി വേണ്ട :)

നല്ല തൂശനിലയിലുള്ള ഒരു സദ്യയാണെങ്കില്‍ ഈ പാടുവെല്ലതുമുണ്ടോ...

രാജുവും സുകുവും ഇടയ്ക്കൊന്ന് ആള്‍മാറാട്ടം നടത്തിയല്ലേ പോസ്റ്റില്‍?

Peelikkutty!!!!! said...

ഹി..ഹി..ഹി..


വക്കാരി,മടീന്ന് ടൌവ്വല് വീണുപോയിട്ട് ഒരു പ്രത്യേക സ്റ്റൈലില്‍ വളഞ്ഞ് അതെടുത്ത്...അനുഭവം എനിക്കും:)..

ikkaas|ഇക്കാസ് said...

ഇടി മേന്നേ..
അവതരണരീതി പതിവുപോലെ കലക്കി. രസിച്ചു വായിച്ചു.
പക്ഷെ ഇത് 100% സംഭവിച്ച കഥയാണെന്നറിഞ്ഞപ്പൊ ഉള്ളിലൊരു നീറ്റല്‍.
സുകു ചെയ്തത് അല്പം കടന്നുപോയില്ലേ? ഒന്നുമറിയാത്ത ഒരു പാവത്തെ കോമാളിവേഷം കെട്ടിച്ച് രസിച്ച സുകുവിനെപ്പോലുള്ളവരല്ലേ സമൂഹത്തില്‍ മനുഷ്യത്തത്തിന് കാലണ പോലും വിലയില്ലാണ്ടാക്കുന്നത്?

സു | Su said...

അതു നന്നായി. ഇനി ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ എന്ത് ചെയ്യണം എന്ന് പിടി കിട്ടി. എന്തൊക്കെ ചെയ്യരുതെന്നും.

നടന്നതായതുകൊണ്ട് അല്‍പ്പമൊരു പ്രയാസം തോന്നി. നമുക്ക് ചിരിക്കാം. പാവങ്ങള്‍ക്കോ?

ദില്‍ബാസുരന്‍ said...

കരുവാന്റെ ശ്രദ്ധ തിരിയുമ്പോള്‍ രജനിക്കിട്ട്‌ ചെറുതായി എര്‍ത്തു കൊടുത്തുകൊണ്ടാണ്‌ രാജു വെല്‍ഡിങ്ങിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത്

ഗഡീ ഇത് തകര്‍ത്തു. എങ്കിലും തീം സെലക്ഷന്‍ ഒന്ന് കൂടി നന്നാക്കിയാല്‍ സൊയമ്പനായേനെ. :-)

കുട്ടിച്ചാത്തന്‍ said...

വാളേട്ടാ :മൂന്നാലു ദിവസം പോസ്റ്റെഴുതീട്ട് വച്ചോണ്ടിരിക്കണം അപ്പോള്‍ പുതുതായി വല്ലോം കിട്ടും കൂട്ടിച്ചേര്‍ക്കാന്‍ എന്നൊക്കെ എന്നെ ഉപദേശിച്ചിട്ട്...

ബസ്സില്‍ സിഗരറ്റ് വലി പാടില്ല.പക്ഷേ അത് ഡ്രൈവര്‍ക്ക് ബാധകമല്ല അല്ലേ?

ഒറ്റ ഇരിപ്പ് ഇരുന്നിട്ട് ഇങ്ങനെ.. അപ്പോള്‍ രണ്ട് ദിവസം അടവച്ചിരുന്നേല്‍ എന്തായേനെ?

ഓടോ: ഈ കമന്റിനെയാണോ “ആശാന്റെ നെഞ്ഞത്ത്“ എന്ന് വിശേഷിപ്പിക്കുക?

ബിന്ദു said...

അല്ലാ, ശരിക്കും ആ നാരങ്ങ എന്തിനാ? എന്റമ്മെ.. ഞാനണ്‌ പോയിരുന്നതെങ്കില്‍ എന്നേയും പറ്റിച്ചേനേല്ലൊ ആ പഹയന്‍.:)
അല്ല, ഇതില്‍ ആത്മാംശം ഉണ്ടോ? ;)

Anonymous said...

കശ്മലന്‍ സുകു...

പാവം രാജു അണ്ണനെക്കൊണ്ട്‌ ഇങ്ങനൊക്കെ ചെയ്യിച്ച ആ സുകൂന്റെ തലേല്‍ ഇടിവാള്‍ വീഴും നോക്കിക്കോ .. എന്റീശ്വരന്മാരേ എന്നെപ്പോലുള്ള നിഷ്കളങ്കന്മാരെ ഈ ദുഷ്ടന്മാരില്‍ ഇന്നും കാത്തോണേ ..

വേണു venu said...

ഇടിവാള്‍ജീ പ്രയോഗങ്ങളെല്ലാം ഇഷ്ടപ്പെട്ടു.
നടന്ന സംഭവം എന്നറിഞ്ഞു വായിച്ചപ്പോള്‍ ഒരു സങ്കോചം.ഒരു മലയാളി മറ്റൊരു പാവത്താനു് കഴുകാന്‍ കൊണ്ടു വച്ച വെള്ളം കുടിച്ചോളു എന്നൊക്കെ പറഞ്ഞു് ഒരു ഹാസ്യ രംഗം ഉണ്ടാക്കി ഹീറൊ ആകുന്നതു കണ്ടാല്‍ രണ്ടു പൊട്ടിക്കാന്‍ ആരുമില്ലാതായി പോയല്ലോ എന്നൊരു വിഷമം ഉണ്ടു്.

Anonymous said...

ഇടിവാളേ,

എഴുതൂ; അതു വളരെ നന്ന്.

പക്ഷെ ഇതു സത്യത്തില്‍ നടന്ന സംഭവം തന്നെയാണെങ്കില്‍ വേണു പറഞ്ഞത് ഞാന്‍ ഒന്നു കൂടി തറപ്പിച്ചു പറയാന്‍ ഈ അവസരം വിനിയോഗിക്കട്ടെ.

Anonymous said...

sorry for disturbance. this is not an ad.,only a test to pinmozhi.kindly remove this after u read.
പ്രിയ ബ്ലോഗ്ഗ്‌ വായനക്കാരെ,
ബൂലൊകത്തെ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ചിലരുടെ ശ്രമഫലമായി ചിത്രകാരന്റെ ബ്ലൊഗിലെ കമന്റുകളൊന്നും പിന്മൊഴികളില്‍ തെളിയുന്നില്ല.
സുഖിപ്പിക്കല്‍ ഗ്രൂപ്പ്‌ പ്രവര്‍ത്തകരുടെ ബാലിശമായ ഈ നിലപാട്‌ അവരുടെ ഇടുങ്ങിയമനസിന്‌ ആശ്വാസം നല്‍കട്ടെ എന്നാശിക്കാം.മലയാള ബ്ലൊഗ്‌ ലോകത്തെ ഒരു നേഴ്സറി സ്കൂളിന്റെ വലിപ്പാത്തിനപ്പുറം (ബ്ലൊഗ്‌ അംഗസംഖ്യയില്‍)വികസിക്കാന്‍ അനുവദിക്കാത്ത ചില ബാലമനസുകളുടെ ഈ വിക്രിയയെ മലയാള ബ്ലൊഗ്‌ കുത്തകവല്‍ക്കരണ ശ്രമമായി തന്നെ കാണെണ്ടിയിരിക്കുന്നു. നിലവിലുള്ള നന്മനിറഞ്ഞ മലയാളം ബ്ലൊഗ്‌ വഴികാട്ടികള്‍ക്കു പുറമെ ഭാവിയില്‍ ഇനിയും നല്ല സാങ്കേതിക പരിജ്ഞാനമുള്ളവരും സഹിഷ്ണുതയുള്ളവരുമായ മനുഷ്യര്‍ മുന്നൊട്ടു വരാന്‍ ഇത്തരം ഗ്രൂപ്‌ കുതന്ത്രങ്ങള്‍ക്ക്‌ കഴിയട്ടെ !!!!!യൂണിക്കൊട്‌ മലയാളം കെരളത്തിലെ ഇന്റര്‍നെറ്റ്‌ കഫെകളിലൂടെ വ്യാപകമാക്കുന്നതിലൂടെ മലയാളബൂലൊകത്തിന്‌ "പ സു"ക്കളുടെ തൊഴുത്തില്‍നിന്നും മോചനം ലഭിക്കുന്ന തരത്തില്‍ ഒരു വികാസം ഉണ്ടാകുമെന്ന് ഉറപ്പാണ്‌. ഇപ്പൊള്‍ കഫെകളില്‍ അശ്ലീലത്തില്‍ മുങ്ങിത്തഴുന്ന കുട്ടികള്‍ക്ക്‌ ആകര്‍ഷകവും ക്രിയാത്മകവുമായ ഒരു ലൊകം പകരം നല്‍കാനും ഇതിലൂടെ സാധിക്കും.

http://chithrakaran.blogspot.com

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.