-- എ ബ്ലഡി മല്ലു --

വാസ്വാമ്മ

Thursday, December 21, 2006

ആയിരത്തി തൊള്ളായിരത്തി എഴുപത്തി മൂന്നിലാണ്‌ വെങ്കിടങ്ങു ദേശത്തേക്ക്‌ എന്റെ അച്ഛന്‍ വിവാഹിതനായി കൊണ്ടുവരപ്പെട്ടത്‌.

ഏയ്‌ .. സംശയം വേണ്ട, അദ്വന്നേ. അച്ചി വീട്ടില്‍ പൊറുതി!

"മരുമക്ക തായം കളി" എന്നൊക്കെ ഞങ്ങളു നായന്‍മ്മാരു, തലയുയര്‍ത്തി, നെഞ്ചിങ്കൂടു പെരുപ്പിച്ച്‌ ഘനഗംഭീര ശബ്ദത്തില്‍ (ഒരു മനസ്സമാധാനത്തിനു) പറയുമെങ്കിലും, സംഭവം ആകെ മൊത്തം അത്ര സുഖമുള്ള പരിപാടിയല്ലെന്നു ഒരു വിധം എല്ലാര്‍ക്കുമറിയാം.

തൃശ്ശൂര്‍ ടവുണിന്റെ ഒത്ത നടുവില്‍, പൂത്തോളിലുള്ള മേനോന്‍ തറവാട്ടില്‍ നിന്നും, വിവാഹശേഷം, വെങ്കിടങ്ങിലുള്ള ഭാര്യവീട്ടില്‍ പൊറുതിതുടങ്ങാന്‍ അച്ഛനുണ്ടായിരുന്ന കാരണം, ഈ മരുമക്കത്തായം മാത്രമല്ല, കൂട്ടിനു മറ്റു രണ്ടെണ്ണം കൂടിയുണ്ടായ്യിരുന്നു. ടൂ ബൈ ടൂ നാലു തരികിടക്കളരിക്കാശാന്മാരായ രണ്ടു നേരളിയന്മാരും മറുനാട്ടിലായിരുന്നുവെന്നത്‌ എന്നത്‌ ഒന്നാമത്തെ കാരണവും, അച്ഛന്‍ ജോലി ചെയ്യുന്ന ചാവക്കാട്‌ മുന്‍സിഫ്‌ കോടതി യിലേക്കുള്ള ബസ്സു കൂലി വെങ്കിടങ്ങില്‍ താമസിച്ചാല്‍ ഒട്ടൊന്നു ലാഭിക്കാമെന്നതു രണ്ടാമത്തേതും.

അങ്ങനെ വീട്ടുകാരണവരായി അച്ഛന്റെ കിരീടധാരണം കഴിഞ്ഞ്‌ അടുത്ത കൊല്ലമായപ്പോഴേക്കും ക്രൌണ്‍ പ്രിന്‍സായി ഞാനും, ക്രൌണ്‍ പ്രിന്‍സിയായി ഇരട്ടസഹോദരിയും ജന്മമെടുത്തു. എനിക്കു നാലു വയസ്സായപ്പോള്‍ "യെവന്‍ നന്നാവില്ല" എന്നച്ഛനു തോന്നിയതിനാലോ എന്തോ, ഒരു ബാക്കപ്പായി മധ്യന്‍ കൂടി ജനിച്ചു

അച്ഛന്റെ മാതാപിതാ സഹോദരങ്ങളും, അവരുടെ ഈരണ്ടു വച്ചുള്ള പിള്ളേരും, പിന്നെ അച്ചന്റെ അമ്മാവന്റെ ഫാമിലിയും ഒക്കെ കൂടി, "കേരവൃക്ഷങ്ങള്‍ തിങ്ങും കേരളനാടുപോലെ" ഇടതൂര്‍ന്നു താമസിക്കുന്ന, തൃശ്ശൂര്‍ ടൌണിലുള്ള പിതൃഭവനത്തില്‍ മാസത്തില്‍ രണ്ടോ മൂന്നോ തവണ വിരുന്നിനു പോകാന്‍ എനിക്കും സഹോദരിക്കും പ്രചോദനമായിരുന്നത്‌ അച്ഛന്റെ അമ്മാവന്‍ വാസ്വാമ വീടിനോടു ചേര്‍ന്നു നടത്തിയിരുന്ന ശ്രീരാം ഹോട്ടല്‍ എന്ന സ്ഥാപനവും അവിടെയുള്ള മൊരിഞ്ഞ ഉഴുന്നു വടകളായിരുന്നു!

പൂത്തോളില്‍ ബസ്സിറങ്ങി 5 മിനിട്ട്‌ നടക്കേണ്ട ദൂരം വെറും ഒരു മിനിട്ടില്‍ ഞങ്ങള്‍ കവര്‍ ചെയ്യുമായിരുന്നു. ഞങ്ങളുടെ പുറകെ ഓടി വീടെത്തുമ്പോഴേക്കും അച്ഛനും അമ്മയും കിതക്കും, ഞങ്ങള്‍ നേരെ ഹോട്ടല്‍ കിച്ചനിലേക്കോടും, അവിടന്നു അധികാരത്തോടെ വടയും സുഖിയനുമെല്ലാമെടുത്ത്‌ പുറത്തു കടക്കുമ്പോള്‍ ജോലിക്കാര്‍ നിസ്സഹായതയോറ്റെ നോക്കും, മുതലാളി പിള്ളേരല്ലേ! വാസ്വാമ പുറത്തൊന്നു ചിരിച്ചു കാണിക്കുമെങ്കിലും, ഉള്ളിന്റെയുള്ളില്‍ നിന്നും തേങ്ങലുകളുയരുമായിരുന്നോ...

ആയിടക്കാണ്‌ അച്ഛനു ഇടുക്കിയിലേക്കു ട്രാന്‍സ്ഫര്‍ കിട്ടിയത്‌. നെടുങ്കണ്ടം എന്ന സ്ഥലം. ഒരു മലയോര കുഗ്രാമം. അവിടെയുള്ള ആകെയൊരു ബസ്‌ പോകുന്ന വഴിയോടു ചേര്‍ന്നൊരു ചെറിയ വീട്ടില്‍ ഞങ്ങളെല്ലാവരും താമസം തുടങ്ങി. ആ ഏരിയാവിലുള്ള ആകെയൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അച്ഛനായിരുന്നതിനാല്‍, സോമാലിയയില്‍ മലബാറി ചെന്നാല്‍ അവിടത്തെ വെള്ളക്കാരന്‍ അവന്‍ താന്‍ എന്ന പോലെ ആ ഭാഗത്തെ വരേണ്യ വര്‍ഗ്ഗമായി ഞങ്ങള്‍ ജീവിച്ചു പോന്നു. അന്നെനിക്കു അഞ്ചു വയസ്സു പ്രായം.

രാവിലെ തന്നെ ജോലിക്കു പോയാല്‍ അച്ചന്‍ തിരിച്ചെത്തുന്നത്‌ വൈകീട്ട്‌ ആറുമണിക്കാണ്‌. അതു വരെയുള്ള വീട്ടിലെ സംഘര്‍ഷങ്ങള്‍ അതിഭീകരമായിരുന്നു. ഞാനും വൃന്ദയും തമ്മിലുള്ള അടിപിടികള്‍ കണ്ട്‌ ത്രില്ലടിച്ച്‌, എഴുന്നേറ്റു വന്ന് അതിലിടപെടാന്‍ കഴിയാതെയുള്ള സങ്കടത്തില്‍ വെറും ഒരു വയസ്സായ മധ്യന്‍ കട്ടിലില്‍ കിടന്ന് ഇടക്കിടക്ക്‌ കാറുമായിരുന്നു. വീട്ടുമതിലിനപ്പുറത്തെ മെയിന്‍ റോഡിലൂടെ നടന്നു പോകുന്നവരെ കല്ലെടുത്തെറിഞ്ഞത്‌ ചിലര്‍ അച്ഛനോടു പരാതിപ്പെടുകയും അങ്ങേരു ഞങ്ങളെ ചെറുങ്ങനെയൊന്നു പെരുമാറുകയും ചെയ്തതോടെ ആ ഹോബി മാറിക്കിട്ടി.

അന്നൊരു ദിവസം, വൈകീട്ട്‌ അഞ്ചര നേരത്ത്‌, വീട്ടു മതിലിന്റെ ഗേറ്റിങ്കല്‍, പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ ചാരിനിന്നിരുന്ന ഞാന്‍ ആ കാഴ്ചകണ്ട്‌ അത്ഭുത പരതന്ത്രനായി. റോഡിലൂടെ അതാ വാസുമാമ നടന്നു വരുന്നു! കൈ പിടിച്ച്‌ പുള്ളിയുടെ ഏറ്റവും താഴെയുള്ള മകള്‍ മിനിയുമുണ്ട്‌!

തൃശ്ശൂരിലെ ശ്രീരാം ഹോട്ടലിലിരിക്കേണ്ട വാസ്വാമ്മ, എങ്ങനെ, എന്തിന്‌, ഇവിടെ, എന്നൊക്കെയുള്ള കാര്യങ്ങളല്ല എന്റെ കുഞ്ഞ്യേ മനസ്സില്‍ അപ്പോ ഓറ്റിവന്നത്‌.. മറിച്ച്‌, മൊരിഞ്ഞ ഉഴുന്നു വടകളും സുഖിയനും, പഴമ്പൊരിയും, പരിപ്പു വടയുമെല്ലാമായിരുന്നു. ഇതൊക്കെ ആലോചിച്ച്‌ സായൂജ്യമടഞ്ഞ്‌ സ്റ്റെഡി വടിയായി നില്‍ക്കുകയായിരുന്ന എന്റെ മുന്നിലൂടെ യാതൊരു മൈന്‍ഡുമില്ലാതെ വാസ്വാമ്മ നടന്നു നീങ്ങി, എന്നെ, എന്തിനു, ഞങ്ങളുടെ വീടിനെപ്പോലും ഒന്നു നോക്കാതെ!

ഹേയ്‌, ദെന്താപ്പോ ഇങ്ങനെ, എന്നൊരു സംശയം തോന്നി, ചോദിക്ക്വന്നേന്നു കരുതി ഞാന്‍ അങ്ങേരുടെ പിന്നാലെ നടന്നു, ഒരകലം സൂക്ഷിച്ച്‌. അരക്കിലോമീറ്ററോളം നടന്നാലാണ്‌ അവിടെയുള്ള അടുത്ത കവല. കവലയിലെത്തിയതും വാസ്വാമ മിനിയേയും കൂട്ടി അവിടെയുള്ളൊരു ചെറിയ ഹോട്ടലില്‍ കയറി.. ഹാവൂ, എനിക്കു സമാധാനമായി. നടന്നതു വെറുതേയായില്ല. ഞാനും പുറകെ ഹോട്ടലിലേക്കു കയറി അവരു രണ്ടു പേരും ഇരുന്ന അതേ ബഞ്ചില്‍ തന്നെ ഞാനും ഇരുന്നു.

"മോള്‍ക്കെന്താ വേണ്ടത്‌" എന്നു വാസ്വാമ മിനിയോട്‌ ചോദിച്ചു.
"പഴമ്പൊരി" അവള്‍ പറഞ്ഞതും അങ്ങേര്‍ രണ്ടു പഴമ്പൊരിക്ക്‌ ഓര്‍ഡര്‍ ചെയ്തു.

ഹേ.. എനിക്കൊന്നുമില്ലേ എന്ന സംശയത്തില്‍ ഇരുന്ന ഞാന്‍ രണ്ടും കല്‍പ്പിച്ച്‌ വാസ്വാമയോടു പറഞ്ഞു "എനിക്കു ഉഴുന്ന്വട മതി വാസ്വാമ്മേ"

ഇതു കേട്ടതും അങ്ങേരു ഞെട്ടി എന്നെ നോക്കി. ഇതേതടാ ഈ മൊതല്‌ എന്ന റോളില്‍!

ഞാനും അപ്പോഴാണ്‌ ഈ മനുഷ്യനെ ശരിക്കൊന്നു നോക്കിയത്‌! ഈശ്വരാ ഇതു വാസ്വാമ്മയല്ലല്ലോ. വാസ്വാമ്മയുടെ ട്രേഡ്‌ മാര്‍ക്കായ ഇടത്തേക്കവിളിലെ വലിയൊരു അരിമ്പാറ ഇദ്ദേഹത്തിനില്ല! ഞാന്‍ ഞെട്ടുകയും ആ ഷോക്കില്‍ ഓട്ടോമാറ്റിക്കായി ബെഞ്ചില്‍ നിന്ന് എണീക്കയും ചെയ്തു.

വാസ്വാമ്മയല്ലേ എന്ന എന്റെ ചോദ്യത്തിനു അങ്ങേരു രണ്ടു ചോദ്യങ്ങളാണു തിരിച്ചു തന്നത്‌' മോനേതാ? വീടെവിടെയാ?"

കവലയിലൊന്നും പോകാത്തതുകൊണ്ട്‌, അവിടെയുള്ള ആര്‍ക്കും എന്നെ മനസ്സിലായില്ലെന്നു മാത്രമല്ല, തിരിച്ചു പോകാന്‍ വഴിയറിയുകയുമില്ല. അതോടെ അവിടെയുണ്ടായിരുന്ന 5-6 ആള്‍ക്കാര്‍ സംഘം ചേരുകയും, ഈ അണ്‍വാണ്ടഡ്‌ പുലിവാലായ എന്നെ എങ്ങനെ കയ്യീന്നൊഴിവാക്കും എന്നതിനെപ്പറ്റി കൂലംകഷമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു!

ഇതിനിടക്ക്‌, ഡൂപ്ലിക്കേറ്റ്‌ വാസ്വാമ്മ എനിക്ക്‌ വയറു നിറച്ച്‌ ഉഴുന്നു വടയും പഴമ്പൊരിയും, കാപ്പിയും വാങ്ങിത്തന്നപ്പോള്‍, ചര്‍ച്ചകളിലൊന്നും ശ്രദ്ധിക്കാതെ ടെന്‍ഷനൊക്കെ മാറ്റി വച്ച്‌ ഞാന്‍ നോട്ടം വടയിലേക്കു ഫോക്കസു ചെയ്തതോടെ നിമിഷങ്ങള്‍ക്കകം അവയെല്ലാം പ്ലേറ്റില്‍ നിന്നും അപ്രത്യക്ഷമായി. ഇനീം വേണോ മോനേ എന്ന ഡൂപ്ലി വാസ്വാമ്മയുടെ ചോദ്യത്തിനു അലപം നാണത്തോടെ "വേണം" എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി!

അപാര ബുദ്ധിമാനമാരായിരുന്ന അവിടെക്കൂടിയിരുന്നവരെല്ലാം കൂടി ഒരു തീരുമാനത്തിലെത്തി. വാസ്വാമ്മ വന്ന വഴിക്ക്‌ തന്നെ തിരിച്ചു നടക്കുക, എന്നേയും കൂട്ടി, കമ്പ്യൂട്ടറിലൊക്കെ നമ്മളു Ctrl+Z‌ അടിക്കുന്ന പോലെ, Undo നടത്തം. എന്റെ വീടെത്തിയാല്‍ പറയണം എന്നു ശട്ടം കെട്ടുകയും ചെയ്തു. നിറഞ്ഞ കുമ്പയും പിന്നെ തലയും കുലുക്കിക്കൊണ്ടു ഞാന്‍ സമ്മതം മൂളി . താനിന്നേതു കോന്തനേയാണാവോ കണികണ്ടത്‌, സമയം മെനക്കേടായല്ലോ ദൈവേ, എന്ന മുഖഭാവത്തോറ്റെ ഡൂപ്പ്ലി വാസ്വാമ്മയും കവലയിലുണ്ടായിരുന്ന വേറൊരാളും കൂടി വന്ന വഴിക്കു തന്നെ തിരിച്ചു നടന്നു, ഇമ്മട കരുണാകര്‍ജി, നിയമസഭാ ഇലക്ഷന്‍ സമയത്ത്‌ യൂഡിയെഫിലേക്കു നടന്ന പോലെ. നേരം നല്ലോണം ഇരുട്ടിയിരിക്കുന്നു

ഇത്രേം സമയമത്രയും, വീട്ടില്‍ നടന്ന പുകിലുകള്‍ ആരറിഞ്ഞൂ ഭവാന്‍? ഗേറ്റിങ്കല്‍ ചക്ക പോലെ നിന്ന ചെക്കനെ എല്‍ഡീയെഫു സര്‍ക്കാരു വന്ന ശേഷമുള്ള ലാവ്‌ലിന്‍ കേസുപോലെ ഓളോഫെ സഡന്‍ കാണാതായതില്‍ പരിഭ്രമിച്ച്‌, മാതാശ്രീ നല്ല വോലിയത്തില്‍ കരച്ചില്‍ തുടങ്ങുകയും, ഇതു കേട്ട്‌ ചുറ്റുവട്ടക്കാര്‍ രണ്ടുമൂന്നു വീട്ടുകാര്‍ ഓറ്റി വരികയും ചെയ്തു. ഭിക്ഷക്കാരു വല്ലോന്‍ എന്റെ കുട്ട്യേ കൊണ്ട്വോയോ ഗുരുവായൂരപ്പാ എന്ന കരച്ചില്‍ കേട്ട്‌ അങ്ങു ദൂരെ ഗുരുവായൂരമ്പലത്തില്‍ എനീറ്റു നിക്കണ അങ്ങേര്‍ക്കു പോലും സങ്കടം തോന്നിക്കാണണം. ഇതൊക്കെക്കണ്ടാണ്‌ ജോലിയും കഴിഞ്ഞ്‌ അച്ഛന്‍ വരുന്നത്‌.

കാര്യങ്ങള്‍ പറഞ്ഞറിഞ്ഞതോടെ കിഴക്കോട്ടോടണോ, പടിഞ്ഞാട്ടോടണോ, അതോ പോലീസ്‌ സ്റ്റേഷനിലേക്കോടനോ എന്നൊക്കെ സംശയങ്ങളില്‍ പരിഭ്രാന്തനായി റോഡിലിറങ്ങി അച്ഛന്‍ നില്‍ക്കുമ്പോഴാണു, ഡൂപ്പ്ലി വാസ്വാമ്മേടെ കയ്യും പിടിച്ച്‌ ഞാന്‍ വരുന്നതിങ്ങേരു കാണുന്നത്‌.

അച്ഛനെ കണ്ടതും ഞാന്‍ ഡൂപ്ലി വാസ്വാമ്മോടു പറഞ്ഞു.. സ്റ്റോപ്പ്‌.. ഇതു താന്‍ നമ്മ വീട്‌!

പരിഭ്രമവും ആശ്വാസവും എല്ലാം ഇടകലര്‍ന്ന് അച്ഛന്‍ എന്നെ തുറിച്ചു നോക്കി ചോദിച്ചു. "എവ്‌ട്യാര്‍ന്നൂടാ ഇത്രേം നേരം.."

"അച്ഛാ.. ഞാന്‍ ഈ വാസ്വാമ്മേടെ കൂടെ പോയതാ, വാസ്വാമ്മ എനിക്ക്‌ വടേം കാപ്പീം വാങ്ങിത്തന്നൂ" അച്ഛന്റെ ഭാവം കണ്ടു എനിക്കു ചെറിയ പേടി തോന്നി.

എന്റെ രണ്ടു കയ്യും കൂട്ടിപ്പിടിച്ച്‌ തറയില്‍ നിന്നും രണ്ടടി പൊക്കി, ചന്തീമ്മെ ശടപടാന്നു നാലു പെടതന്ന്, താഴെ നിര്‍ത്തിയിട്ടേ അച്ഛന്‍ അവരോടു നന്ദി പ്രകാശനം നടത്തിയുള്ളൂ. കുട്ടി ആളറിയാതെ ഒപ്പം പോന്നതാണെന്നും, ഇനി ശിക്ഷിക്കേണ്ടെന്നുമൊക്കെ, ഡൂപ്ലി വാസ്വാമ്മ വീണ്ടും വീണ്ടും അച്ഛനോടു പറഞ്ഞെങ്കിലു, വീട്ടിനകത്തു കേറിയ ശേഷം കിട്ടിയ ആ പെടയാണു ശരിക്കൂള്‍ല പെട! ഹൌ.. ഹൌ!

അതോടെ വടഭ്രമം ഒന്നു ശമിച്ചെങ്കിലും, പിറ്റേന്നു അമ്മതന്നെ വീട്ടില്‍ നല്ല അടിപൊളീ ഉഴുന്നുവടകള്‍ ഉണ്ടാക്കി തന്നതോടെ ഞാന്‍ വീണ്ടും ഉഴുന്നു വടയുടെ ഫാനായി..

പിന്നീട്‌ ആരുടെ പുറകേയും യാതൊരു തരത്തിലുള്ള വടകളും നോക്കി പോയിട്ടില്ലെന്നു ചരിത്രം! സത്യായിട്ടും ;)

Read more...

മിന്നല്‍ പുരാണം - ടിപ്പു

Saturday, December 02, 2006

നാട്ടിലെ പശുവിന്‍പാല്‍ വ്യാപാരികളില്‍ പ്രധാനി ഞങ്ങളുടെ തൊട്ടയല്‍വാസിയായിരുന്ന കീഴേടത്തു ശാരദേച്ചിയാണ്. ഡെയിലി രണ്ടുനേരവും, കഷ്ടി മൂന്നു ലിറ്റര്‍ വീതം നല്‍കുന്ന ജയപ്രദ പയ്യിന്റെ പാലുപയോഗിച്ച്‌ ചുറ്റുവട്ടത്തെ പത്തുപതിനഞ്ചു വീടുകളിലെ ന്യൂട്രീഷന്‍ സപ്പ്ലിമെന്റിങ്ങ്‌ നടത്തിയിരുന്നത്‌ ഒരു ലിറ്ററിനൊരു ലിറ്റര്‍ എന്ന തോതില്‍ വെള്ളം ചേര്‍ത്തിട്ടാണെന്ന കാര്യം ഒരു വിധപ്പെട്ടവര്‍ക്കെല്ലാം അറിയുമെങ്കിലും, ഒരു ആള്‍ട്ടര്‍നേറ്റിവ്‌ സോഴ്സ്‌ ഇല്ലാത്തതിനാല്‍ ഈ ഡെയില്യൂട്ടഡ്‌ ന്യൂട്രീഷനില്‍ എല്ലാവരും സമാധാനിച്ചുപോന്നു.

കീഴേടത്തു തറവാട്‌ കൂട്ടുകുടുംബമായിരുന്നു. ശാരദേച്ചിയുടെ സ്പെഷല്‍ കയ്യിലിരിപ്പുമൂലം, കൂടപ്പെറന്നോരൊക്കെ ജീവനും കൊണ്ടോടി രക്ഷപ്പെട്ടതിനാല്‍, ചേച്ചിയും, ഭര്‍ത്താവും,, മൂന്നുപിള്ളേരും മാത്രമേ അക്കാലത്താ വീട്ടിലുണ്ടായിരുന്നുള്ളൂ..

മനേക ഗാന്ധിയുടെ ജനുസ്സില്‍ പെട്ട നല്ലൊരു മൃഗ സ്നേഹിയായിരുന്നു ശാരദേച്ചി എന്നതിനു ജീവിച്ചിരുന്ന തെളിവായിരുന്നു ആ കുടുമ്പം. മാവേലി നാടുവേണീടും കാലത്തു മാനുഷരെല്ലാരും ഒരുമയോടെ ജീവിച്ചിരുന്ന പോലെ, ശാരദേച്ചിയുടെ ഇരുകാലി കുടുമ്പവും ജയപ്രദ പയ്യും, ടിപ്പു എന്ന നായയും, മണി എന്ന പൂച്ചയും, ജിഞ്ചു എന്ന അണ്ണാനുമടങ്ങുന്ന ആ നാല്‍ക്കാലി ഗ്രൂപ്പും, പിന്നെ നിയമസഭയിലെ ഏകാംഗഗ്രൂപായ കേരളാകോണ്‍ഗ്രസ്‌ ബി യെപ്പോലെ സീത എന്നൊരു തത്തയും(പക്ഷി ഗ്രൂപ്പ്‌) സൌഹാര്‍ദ്ദതയോടെ സമാധാനത്തോടെ ആ കൂട്ടുകുടുമ്പത്തില്‍ പുലര്‍ന്നുപോന്നു..

നാട്ടില്‍ ടിപ്പുവിനൊരു ഭീകര ഇമേജായിരുന്നു ഉണ്ടായിരുന്നത്‌. കാണാന്‍ ജര്‍മന്‍ ഷെപ്പേഡിനെപ്പോലെയോ ബോക്സറിനെപ്പോലെയോ ഒന്നുമല്ലെങ്കിലും ആളൊരു ചെമ്പന്‍ നിറത്തിലുള്ള നാടന്‍ ഭീമന്‍ തന്നെയായിരുന്നു. വഴിപോക്കരേയും, ഭിക്ഷക്കാരേയും പിരിവുകാരേയുമെല്ലാം ഓടിച്ചിട്ടു കടിക്കല്‍, അതിഭയങ്കര ശബ്ദത്തില്‍ കുരക്കല്‍, വിസിറ്റ്‌ വിസായെടുത്ത്‌ ആ ഏരിയാവില്‍ വരുന്ന മറ്റു ഇമിഗ്രന്റ്‌ തെണ്ടിപ്പട്ടികളെ കടിപിടിയില്‍ തോല്‍പ്പിച്ചോടിക്കല്‍, പെരുച്ചാഴി/പാമ്പു പിടുത്തം എന്നിവയില്‍ സകലകലാ വല്ലഭനായി ടിപ്പു ആ ഏരിയാവിലെ കിരീടം വെക്കാത്ത നായയായി വാണരുളി. പുന്നാരപ്പുത്രനെപ്പോലെ ശാരദേച്ചി നോക്കിയിരുന്ന ടിപ്പുവിനു അവരുടെ വീടിനകത്തും അടുക്കളയിലും എവിടെ വേണമെങ്കില്‍ പ്രവേശിക്കാനുള്ള മള്‍ട്ടിപ്പിള്‍ എന്റ്രി ഫ്രീ വിസകൂടി പതിച്ചു കൊടുത്തിരുന്നു.

രാത്രിയില്‍ നേരം വൈകീ 2 കിമീ അകലേയുള്ള നെല്‍പാടത്തുനിന്നും തിരിച്ചു വീട്ടിലേക്കുള്ള മടക്കയാത്രയില്‍, ശാരദേച്ചിയുടെ മടക്ക യാത്രക്കു പൈലറ്റായി ടിപ്പു കൂടിയുണ്ടാവും, കിരീടം സിനിമയില്‍ "സേതുക്കായ്ക്കു" മുന്നില്‍ നെഞ്ചും വിരിച്ച്‌ കത്തിയും പിടിച്ചു നടക്കുന്ന കൊച്ചിന്‍ ഹനീഫയെപ്പോലേ! "കടിക്കടാ ടിപ്പൂ" എന്ന ചേച്ചിയുടെ ഓര്‍ഡര്‍ കിട്ടിയാല്‍ പിന്നെ ടിപ്പുവിനു മുന്‍പിന്‍ നോട്ടമില്ല, ചേച്ചിയുടെ ഇളയ സന്തതി തൊളത്ത ശങ്കരു എന്ന ഇരട്ടപ്പേരുള്ള മണിഗണ്ടനാണു മുന്നില്‍ നില്‍ക്കുന്നത്‌ എങ്കില്‍ അവനെയും കടിച്ചുകീറും ടിപ്പു!

അങ്ങനേയിരിക്കെ ഒരുനാളിലാണു നാടിനെ ഞെട്ടിച്ച ആ കൊലപാതകം നടന്നത്‌. ശാരദേച്ചിയുടെ ജിഞ്ചു എന്ന അണ്ണാന്‍ കുഞ്ഞ്‌ ദുരൂഹ സാഹചര്യത്തില്‍ അവരുടെ തെങ്ങിന്റെ കടക്കല്‍ മരിച്ചു കിടക്കുന്നു. തലക്കേറ്റ മാരകമായ ക്ഷതം മൂലമുള്ള രക്തസ്രാവത്തെത്തുടര്‍ന്നാണു മരണമെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായി. ഈ വാര്‍ത്ത കേട്ടു തളര്‍ന്നു വീണ ശാരദേച്ചി അടുത്ത രണ്ടു ദിവസം ഭക്ഷണം കഴിക്കാനും ടോയ്‌ലെറ്റില്‍ പോകാനും, പിന്നെ പാലില്‍ വെള്ളം ചേര്‍ക്കാനും മാത്രമാണു കിടക്കയില്‍ നിന്നും എഴുന്നേറ്റത്‌.

ശേഷം നടത്തിയ വിശദമായ അന്വേഷണത്തില്‍ നിന്നുമാണ്‌ ജിഞ്ചുവിന്റെ കൊലപാതകിയെ പിടികൂടിയത്‌. എന്റെ എട്ടുവയസ്സുകാരന്‍ പൊന്നനിയന്‍ മിന്നല്‍! എന്തോ ആവശ്യത്തിനു ശാരദേച്ചിയുടെ വീട്ടിലേക്കു നടന്ന അവന്റെ കാലിനിടയിലൂടെ ജിഞ്ചു പെട്ടെന്നോടുകയും, തന്മൂലമുണ്ടായ ഞെട്ടലില്‍ നിന്നുടലെടുത്ത പ്രതികാര വാഞ്ചയില്‍ ടിയാന്‍ അടുത്തു കിടന്നൊരു കവളി മടലെടുത്ത്‌ ജിഞ്ചുവിന്റെ മണ്ടക്കിട്ടൊരു കീറു കൊടുക്കുകയുമാണത്രേ ഉണ്ടായത്‌. ജിഞ്ചു മരിച്ചെന്നു മനസ്സിലായതോടെ ആരും കാണാതെ ശവമെടുത്ത്‌ തെങ്ങിന്‍ കടക്കലിട്ട്‌ മിന്നല്‍ സ്ഥലം കാലിയാക്കിയെങ്കിലും, അടുത്ത വീട്ടിലെ ദേവസ്സ്യേട്ടന്‍ മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ ഈ സംഭവത്തിനെല്ലാം ദൃക്‌സാക്ഷിയായിരുന്നുവെന്നത്‌ അവന്‍ അറിഞ്ഞില്ല!

ഇതോടെ മിന്നല്‍ ശാരദേച്ചിയുടെ നോട്ടപ്പുള്ളിയായി. നേരിട്ട്‌ മിന്നലിനെ ഒന്നും ചെയ്യാന്‍ പറ്റില്ല എന്നു മനസ്സിലായതോടെ പ്രതികാരം ചെയ്യാനായി ശാരദേച്ചി കുരുട്ടുബുദ്ധിയില്‍ ആലോചിച്ചുകൊണ്ടിരുന്നു. ജിഞ്ചു വധക്കേസിനു ശേഷം ശാരദേച്ചിയുടെ വീട്ടിലേക്കു പോകാന്‍ മിന്നലിനു അച്ഛന്‍ നിരോധനമേര്‍പ്പെടുത്തിയതിനാല്‍, അവനെ നേരിട്ടൊന്നു കിട്ടാതെ എന്തെങ്കിലും ചെയ്യാനുമാവില്ലല്ലോ?

അന്നൊരു ഞായറാഴ്ച. വീട്ടില്‍ മട്ടന്‍ കറി വെക്കാമെന്നു അച്ഛന്‍ പ്രഖ്യാപിച്ചു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ദിവസമേ വീട്ടില്‍ നോണ്‍വെജ്‌ ഉണ്ടാകാറുള്ളൂ. സെയ്താലിയുടെ പെട്ടിക്കടയില്‍ പാന്‍പരാഗിന്റെ മാല തൂക്കിയിട്ടപോലെ മേച്ചേരിപ്പടി ജങ്ക്ഷനില്‍ അറത്ത പോത്തുകളേയും , മട്ടന്‍ കുട്ടന്മാരേയും തൂക്കിയിട്ട്‌ അറവുകാരന്‍ കരീമിന്റെ വില്‍പന പൊടിപൊടിക്കുന്ന കടയില്‍, നാട്ടിലെ നസ്രാണികളെല്ലാം പള്ളീല്‍ പോയി തിരിച്ചുവന്നാല്‍ മട്ടന്‍ പോയിട്ട്‌ അതു തൂക്കിയിട്ട കയറു പോലും ഉണ്ടാവില്ല എന്നറിയാമെന്നതിനാല്‍, നേരത്തെ തന്നെ പോയി ഒരുകിലോ മട്ടന്‍ വാങ്ങി വരാന്‍ അച്ഛന്‍ മിന്നലിനോടാജ്ഞാപിച്ചു.

മേച്ചേരിപ്പടിയില്‍ നിന്നും മട്ടനും വാങ്ങി മിന്നല്‍ വടക്കേ വശത്തുകൂടി ശാരദേച്ചിയുടെ വീടിനോടു ചേര്‍ന്നു നടന്നു വരുമ്പോഴായിരുന്നു ആ സംഭവം നടന്നത്‌. രാവിലെ എഴുന്നേറ്റു മുറ്റത്തു നില്‍ക്കുമ്പോഴാണു ശാരദേച്ചി മിന്നല്‍ അതിലേ നടന്നു പോകുന്നതു കണ്ടതു. തന്റെ പുന്നാര ജിഞ്ചുവിനെ അതിക്രൂരമായി വധിച്ച മിന്നലിനോടു പകരം ചോദിക്കാന്‍ ഒരവസരവും കാത്തിരിക്കയായിരുന്നു അവര്‍!

അടുത്ത നിമിഷത്തില്‍ ചേച്ചിയുടെ അരികില്‍ നിന്നിരുന്ന ടിപ്പു അതി ഭീകരമായി കുരച്ചു കൊണ്ട്‌ മിന്നലിന്റെ അരികിലേക്കു ചീറിയടുത്തു!

ശാരദേച്ചി ടിപ്പുവിനു "അറ്റാക്ക്‌ ഹിം" എന്ന കമാന്റു കൊടുത്തു എന്നാണു മിന്നല്‍ പറയുന്നത്‌. മിന്നല്‍ ടിപ്പുവിനെ കല്ലെടുത്ത്‌ എറിഞ്ഞു എന്നാണ്‌ ശാരദേച്ചിയുടെ ഭാഷ്യം. മിന്നലിന്റെ കയ്യിലുണ്ടായിരുന്ന മട്ടന്‍ കിട്ടാനായിട്ടാണ്‌ ടിപ്പു അതു ചെയ്തത്‌ എന്നും രഹസ്യമായ സംസാരമുണ്ട്‌.

വാട്ടെവര്‍ ദ റീസണ്‍ വാസ്‌... എന്‍ഡ്‌ റിസള്‍ട്ട്‌ എന്നത്‌, വാശിയേറിയ ഒരു ഓട്ടമല്‍സരമായിരുന്നു.വായും പിളര്‍ന്നു പേടിപ്പിക്കുന്ന ശബ്ദത്തില്‍ കുരച്ചു കൊണ്ട്‌ പാഞ്ഞടുക്കുന്ന ടിപ്പുവിനെ കണ്ടപ്പോള്‍ മിന്നലിനൊരു കാര്യം മനസ്സിലായി. തന്റെ ഈ 8 വയസ്സിനുള്ളില്‍ പഠിച്ച പതിനെട്ടടവുകളും ഈ വേളയില്‌, ഈ സന്ദര്‍ഭത്തില്‌, ഈ അവസരത്തില്‌ ഫലവത്താവില്ല, പത്തൊമ്പതാം അടവു തന്നെ ശരണം. മില്‍ക്കാ സിങ്ങിനേയും പീട്ടി ഉഷയേയും മനസ്സില്‍ ധ്യാനിച്ച്‌ മട്ടന്‍ പൊതിഞ്ഞ പ്ലാസ്റ്റിക്ക്‌ കവര്‍ തലക്കു മുകളില്‍ രണ്ടു കൈകളാലും ഉയര്‍ത്തിപ്പിടിച്ച്‌ "അയ്യോ എന്നെ പട്ടി കടിക്കാന്‍ വരുന്നേ..." എന്ന അലര്‍ച്ചയോടെ മിന്നല്‍ ഓടി. തൊട്ടു പുറകില്‍ "തൊട്ടു തൊട്ടില്ല, തൊട്ടു തൊട്ടില്ല, മൊട്ടിട്ടുവല്ലോ മേലാകെ" എന്ന പാട്ടിന്റെ ട്യൂണില്‍ കുരച്ചുകൊണ്ട്‌ ടിപ്പുവും!

ആന കുത്താവന്‍ വരുമ്പോള്‍ നേരെ ഓടരുത്‌, വളഞ്ഞു പുളഞ്ഞ്‌ ഓടണം എന്ന തീയറിയാണു മിന്നല്‍ ഇവിടേയും പ്രയോഗിച്ചത്‌. വടക്കു ദിക്കില്‍ നിന്നും തുടങ്ങിയ ഓട്ടം, ആവേശഭരിതമാവുകയും, പടിഞ്ഞാറേ പറമ്പിലേ, പയര്‍ കുത്തിയിരിക്കുന്ന ഭാഗത്തേക്കു വ്യാപിക്കയും ചെയ്ത ശേഷമാണു, ഇറയത്തു കണക്കു പുസ്തകവും വായിച്ചു കൊണ്ടിരിക്കുന്ന ഞാന്‍ ഈ റിലേ കാണുന്നത്‌.

ഒളിമ്പിക്‌ ദീപശിഖ പിടിച്ചോടുന്ന കാള്‍ ലൂയീസിപ്പോലെ മിന്നല്‍ മട്ടന്‍ പൊതിഞ്ഞ കവറും പിടിച്ച്‌ ഓടി ഞങ്ങളുടെ വീട്ടുമുറ്റത്തേക്കു കയറി. അവന്റെ ചന്തി കടിച്ചു പറിക്കാന്‍ പുറകെ ടിപ്പുവും അതിര്‍ത്തി ലംഘിച്ച്‌ പാഞ്ഞു വരുന്നതു കണ്ടപ്പോള്‍ എന്റെ രക്തം തിളച്ചു. നമ്മുടെ ഏരിയാവില്‍ കയറി എന്റെ സ്വന്തം പൊന്നനിയനെ പീഢിപ്പിക്കാന്‍ മാത്രമായോ ഈ പീറപ്പട്ടി?

ഞാന്‍ ചുറ്റും നോക്കി, ഇന്‍സ്റ്റമെന്റു ബോക്സിലെ കോമ്പസും കൈക്കലാക്കി അരത്തിണ്ണയില്‍ കയറിനിന്നു, ദിഗന്തങ്ങള്‍ നടുങ്ങുമാറ്‌ ടിപ്പുവിനെ നോക്കി ഞാനലറി..

"നിക്കടാ നായിന്റെ മോനേ..."

അലര്‍ച്ചയും, തിണ്ണയില്‍ നിന്നും മിന്നല്‍-ടിപ്പു ദ്വയങ്ങളുടെ ഇടയിലേക്കുള്ള എന്റെ ചാട്ടവും ഒരുമിച്ചായിരുന്നു. അലര്‍ച്ച കേട്ട ടിപ്പു സഡണ്‍ ബ്രേക്കിട്ടു നിന്നു! ഈ സമയം മിന്നല്‍ ആട്ടിറച്ചി ദീപശിഖയുമായി ഇറയത്തേക്കോടിക്കയറി.

ഒരു നിമിഷം ആ ഏരിയാവിലാകെ ഭീകരമായ നിശബ്ദത തളം കെട്ടി നിന്നു. ഇര കയ്യില്‍ നിന്നും നഷ്ടപ്പെട്ട ദേഷ്യത്തില്‍ ടിപ്പു എന്നെ തുറിച്ചു നോക്കി, ഞാന്‍ തിരിച്ചും. നോട്ടങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി തീ പാറി.

ടിപ്പു എന്റെ ദേഹത്തേക്കു ചാടിയതാണോ, അതോ ഞാന്‍ ടിപ്പുവിന്റെ ദേഹത്തേക്കു ചാടി വീണതാണോ എന്നു വ്യക്തമായ ഓര്‍മ്മയില്ല, അടുത്ത നിമിഷം ഞാനും ടിപ്പുവും മിറ്റത്തെ പൂഴിമണലില്‍ വീണുരുണ്ടു. 80-85 കാലഘട്ടങ്ങളിലെ സ്റ്റണ്ടു രംഗങ്ങളിലെപ്പോലെ, 10 റൌണ്ട്‌ അങ്ങോട്ടും പിന്നെ തിരിച്ചിങ്ങോട്ടും ആലിംഗനബദ്ധരായി ഞങ്ങള്‍ ഉരുണ്ടുകൊണ്ടിരുന്നു. ടിപ്പുവിന്റെ മുന്‍ കാലുകള്‍ രണ്ടും എന്റെ ബലിഷ്ഠമായ കരങ്ങളാല്‍ പൂട്ടപ്പെട്ടിരുന്നതിനാല്‍, എന്റെ മൂക്കും ചെവിയുമെല്ലാം കടിച്ചു പറിക്കാന്‍ ടിപ്പു വാ പിളര്‍ന്നു എന്റെ നേരെ മുഖം തിരിച്ചു. പല്ലു തേക്കാത്ത ശവം! ആ സ്മെല്ലടിച്ചു എന്റെ ബോധം മറയുന്ന പോലെ എനിക്കു തോന്നി. അവസാനം ഞാനതു ചെയ്തു. ഉരുളുന്നതിനിടയില്‍ സര്‍വ ശക്തിയുമെടുത്ത്‌, കയ്യിലിരുന്ന കോമ്പസ്സെടുത്ത്‌ ടിപ്പുവിന്റെ പുറത്ത്‌ ആഞ്ഞുകുത്തി, ഭ്രാന്തമായ ആവേശത്തോടെ വീണ്ടും വീണ്ടും!

ബൌ ഭൌ, എന്ന ഭീകര ശബ്ദത്തില്‍ അത്രയും നേരം കുരച്ചുകൊണ്ടിരുന്ന ടിപ്പു, കുത്തേറ്റതോറ്റെ തളര്‍ന്നു. മടിയില്‍ കിടന്നുറങ്ങുമ്പോള്‍ മച്ചുനന്‍ ചന്തുവിന്റെ കുത്തേറ്റ ആരോമലിനെപ്പോലെ ടിപ്പു എന്നെ ദയനീയമായി നോക്കുകയും വേച്ചു വേച്ച്‌ പിടിവിടുവിച്ച്‌ "പൈ പൈ.." എന്ന ദീനരോദനത്തോടെ, വാലും മടക്കിക്കൊണ്ടു ശാരദേച്ചിയുടെ വീട്ടിലേക്കു തിരിച്ചോടി. പോകുന്ന വഴിക്ക്‌ അവനിട്ടൊരു ചവിട്ടു കൊടുക്കാനും ഞാന്‍ മറന്നില്ല.

എതിരാളിയെ എടുത്തെറീഞ്ഞ്‌ വിജയശ്രീലാളിതനായി റിങ്ങില്‍ നിന്നട്ടഹസിക്കുന്ന റസ്‌ലര്‍ ഷോണ്‍ മൈക്കിളിനെപ്പോലെ, കോമ്പസ്സുമായി ഞാന്‍ മുറ്റത്തെഴുന്നേറ്റു ചുറ്റും നോക്കി.

മുറ്റത്തു നടന്നതൊന്നും വിശ്വസിക്കാനാവാതെ അത്ഭുതപരതന്ത്രനായി നില്‍ക്കുന്ന അച്ഛന്‍, ഓടി രക്ഷപ്പെട്ട ആശ്വാസവും കൂട്ടത്തിലൊരു സ്റ്റണ്ടും കണ്ട സന്തോഷത്തില്‍ നില്‍ക്കുന്ന മിന്നല്‍, "ഞാനിതിലിടപെടണോ എന്നോര്‍ത്തതാ, പിന്നെ വേണ്ടെന്നു വച്ചു" എന്ന മുഖഭാവവുമായി മധ്യന്‍, കൌതുകത്തോടെ രണ്ടു സഹോദരിമാര്‍, വലിയവായില്‍ കരയാന്‍ ശ്രമിച്ച്‌ ശബ്ദം തൊണ്ടയില്‍ കുരുങ്ങിയ അമ്മ, എല്ലാവരും ഇറയത്തു നിന്ന്‌ ആരാധനയോടെ എന്നെ നോക്കി!

ഓഫ്സൈഡിലേക്കു അപ്പര്‍ കട്ടു സിക്സറടിച്ച്‌ ഡബ്ബിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഷെവാഗ്‌ കാണികളെ നോക്കി ബാറ്റുയര്‍ത്തിക്കാണിക്കുന്നപോലെ, ഒരു ചിരിയോടെ കയ്യിലിരുന്ന കോമ്പസ്സ്‌ ഞാനവരെ ഉയര്‍ത്തിക്കാണിച്ചു, തുടര്‍ന്നു പവലിയനിലേക്കു (ഇറയത്തേക്കു) നടന്നു കയറി.

നടക്കുന്നതിനിടയില്‍ ദേഹത്തു പലയിടത്തും നീറ്റല്‍ തോന്നുകയും ശേഷം അബ്ദുള്ള ഡോക്ടറുടെ അടുത്തു പോയി അത്യാവശ്യം മരുന്നുകളൊക്കെ വാങ്ങിയടിക്കയും ചെയ്തു.

പൊക്കിളിനു ചുറ്റും പതിനാല്‌ ഇഞ്ചക്ഷന്‍ അടിച്ചു കിടക്കേണ്ടിവന്നില്ല എന്നത്‌ എന്റെ ഫാഗ്യവും, പിന്നെ കാരണവന്മാരുടെ അനുഗ്രഹവും മൂലം !

Read more...
© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.