-- എ ബ്ലഡി മല്ലു --

അപരാധി

Monday, November 06, 2006

"ഒരു കുലയില്‍ ഒരു പേട്‌" ഉണ്ടായിരിക്കും എന്നത്‌ കാര്‍ഷികഭവന്‍ സീലടിച്ച്‌ അംഗീകരിച്ച കാര്‍ഷികതത്വം മാത്രമല്ല, കാലങ്ങളായി കാരണവന്മാര്‍ കൈമാറി കാലുമാറി നല്‍കിവന്നിരുന്ന ഒരു ലോകതത്വം കൂടിയാണ്‌.

ലോകതത്വത്തിന്റെ ആധികാരികതയേപറ്റി എന്റെ, അച്ഛനു തെളിവു ലഭിച്ചത് അമ്മയുടെ കടിഞ്ഞൂല്‍ പ്രസവം തന്നെ "ഇരട്ടക്കുട്ടികള്‍" എന്ന മെഗാ ഹിറ്റ്‌ ആയതോടെയാണ്‌.

കഥാ നായിക വൃന്ദ, എന്ന എന്റെ ഇരട്ട സഹോദരി. 30 മിനിറ്റു നേരത്തെ ഭൂമിയിലോട്ടവതരിച്ചു എന്ന കാരണത്താല്‍ എന്നെ "ചേട്ടാ" എന്നു വിളിപ്പിക്കാന്‍ നടത്തിയ മര്‍ദ്ദനമുറകളേയെല്ലാം തൃണവല്‍ഗണിച്ചുകൊണ്ട്‌ അവള്‍ എന്നെ എന്റെ പേരും, "ഡാ, പോടാ, തെണ്ടീ, പട്ടീ" എന്നൊക്കെയുള്ള അണ്‍കള്‍ച്ചേഡ്‌ വാക്കുകളാലും അഭിസംബോധന ചെയ്തുകൊണ്ടേയിരുന്നതിനാല്‍ "ഇതു നേരെയാവാത്ത കേസാ" എന്നും കരുതി ഞാനതക്കൊ സഹിച്ചു പോന്നു.

കാലത്തിന്റെ കുത്തൊഴുക്കും ദൈവത്തിന്റെ വികൃതിയും മൂലം അടുത്ത 7 വര്‍ഷത്തിനകം തന്നെ, രണ്ടു ഡബ്ബിള്‍ സെഞ്ചുറിയും( ട്വിന്‍സ്‌) ഒരു സിങ്കിളുമടക്കം മൂന്നു ഡെലിവറികളില്‍ നിന്നും ഞങ്ങള്‍ അഞ്ചു പിള്ളേര്‍ തറവാടിന്റെ അകത്തളങ്ങളില്‍ വിഷുവിനു കത്തിച്ചിട്ട തലച്ചക്രം പോലെ ഓടിനടന്നു.

രാവിലെ പോയി വൈകീട്ട്‌ ആറുമണിക്ക്‌ അച്ഛന്‍ വീട്ടില്‍ തിരിച്ചെത്തുന്നതു വരേയുള്ള വീട്ടിലെ ക്രമസമാധാനാവസ്ഥ ഏകദേശം ഇറാഖിലേ പോലെ സ്ഫോടനാത്മകമായിരുന്നു. സാദാ അടി, ഇടി,പിച്ചല്‍, മാന്തല്‍, എന്നിവക്കു പുറമേ മച്ചിങ്ങയെടുത്തേറ്‌, കല്ലെടുത്ത്‌ വീക്കല്‍, ചവിട്ട്‌ എന്നീ കലപരിപാടികളിലും ഞങ്ങള്‍ മല്‍സരബുദ്ധിയോടെ പങ്കെടുത്തിരുന്നു.

അതിസുന്ദരമായ അഞ്ചു പേരുകള്‍ പിള്ളേര്‍ക്കൊക്കെ ജനിച്ചതിന്റെ 28ആം ദിവസം തന്നെ മാതാപിതാക്കള്‍ നല്‍കി പഞ്ചായത്താപ്പീസില്‍ റജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും, അവയിലൊന്നും താല്‍പര്യമില്ലാതെ, ഊലമോറന്‍, ഇഞ്ചിക്കൊരങ്ങന്‍, കോഴിക്കാലന്‍, ബള്‍ബുകണ്ണന്‍, തക്കാളിക്കൊരങ്ങന്‍ തുടങ്ങിയ അള്‍ട്രാമോഡേണ്‍ ഇരട്ടപേരുകളാണ്‌ "ഹം പാഞ്ച്‌" ബേബീസ്‌ അങ്ങോട്ടുമിങ്ങോട്ടും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ബഹുമാനപുരസ്സരം അഭിസംബോധന ചെയ്തു പോന്നിരുന്നത്‌.

മിക്കവാറും എല്ലാ ഗ്രാഹ്യ കലാപങ്ങളുടേയും ഹേതുവും ഇരട്ടപ്പേരുകളായിരുന്നുവെന്നതിനാല്‍ പേരുകളുടെ പരസ്യമായ ഉപയോഗത്തിനു അച്ഛന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. എങ്കിലും, ആംഗ്യഭാഷയിലൂടെ ഇതൊക്കെ ഞങ്ങള്‍ നടത്തിപ്പോന്നു.. ഉദാഹരണത്തിനു അനിയനെ ബള്‍ബുകണ്ണന്‍ എന്നു വിളിക്കണമെങ്കില്‍, മേലടുക്കളയില്‍ തൂക്കിയിട്ടിരിക്കുന്ന 60 വാട്ടിന്റെ ബള്‍ബിനെ നോക്കി നിന്നു ചിരിക്കും.. ബള്‍ബുകണ്ണന്‍ ആരോ അവനു കാര്യം മനസ്സിലാകും! അടുക്കളയില്‍ പോയി ഇഞ്ചിയോ തക്കാളിയോ എടുത്ത്‌ കൈകളിലിട്ട്‌ അങ്ങോട്ടുമിങ്ങോട്ടൂം എറിഞ്ഞു കളിക്കുന്ന കാണുമ്പോള്‍, ഇഞ്ചിക്കൊരങ്ങന്റേയും തക്കാളിക്കൊരങ്ങന്റേയ്യും രക്തം തിളക്കും!

ഒന്നാം ക്ലാസ്സു മുതല്‍ ഞാനും വൃന്ദയും ഒരേ സ്കൂളില്‍ ഒരേ ക്ലാസ്സിലായിരുന്നു പഠിത്തമെങ്കിലും, ഞങ്ങളുടെ റോളുകളില്‍ നല്ല അന്തരമുണ്ടായിരുന്നു. ക്ലാസ്സിലെ റാങ്കിനനുസരിച്ച്‌ ഒന്നാം ബെഞ്ചില്‍ ഒന്നാമനായി ഞാനും, അവസാനബഞ്ചില്‍ നിന്നെണ്ണിയാല്‍ അവിടെ ഒന്നാമതായി അവളും കുടിയിരുന്നു പോന്നു.

ക്ലാസിലെ പരീക്ഷക്കു കിട്ടുന്ന മാര്‍ക്കാണ്‌ അന്നത്തെക്കാലത്തുള്ള "ബുദ്ധ്യോമീറ്റര്‍" എന്നതിനാല്‍ "മണുക്കൂസ്‌" എന്നാണ്‌ ബന്ധുവൃത്തങ്ങളില്‍ വൃന്ദ അറിയപ്പെട്ടിരുന്നത്‌. ഇരട്ടക്കുട്ടികള്‍ ഒരുമിച്ച്‌ ഒരേ ക്ലാസ്സില്‍ പഠിക്കുന്നവരില്‍, ഒന്നിനെ എങ്ങനെ തോല്‍പിച്ചിടും എന്ന സഹതാപ തരംഗത്തില്‍ ഞാനും വൃന്ദയും 7 ആം ക്ലാസ്സു വരേ ഒരുമിച്ചു പഠിച്ചു.

കണക്ക്‌ എന്ന സബ്ജക്റ്റില്‍ വൃന്ദ കണക്കായിരുന്നു, സയന്‍സ്‌ എന്ന സബ്ജക്റ്റിലും ഓളു കണക്കാ. ജോലി കഴിഞ്ഞു വന്നാല്‍ അച്ഛന്റെ വക ഞങ്ങള്‍ക്ക്‌ വൈകീട്ട്‌ 7 മുതല്‍ 9 വരെ ട്യൂഷനുണ്ട്‌. അന്നന്നത്തെ പോര്‍ഷന്‍സ്‌ എല്ലാം ഒരാവര്‍ത്തികൂടി പഠിച്ച്‌ അച്ചന്റെ വകയുള്ള ചോദ്യം ചെയ്യലും മൂന്നാം മുറയുമെല്ലാം കഴിഞ്ഞാലേ, അമ്മ ചോറു വിളമ്പുള്ളൂ.

വൈകീട്ട്‌ കോടതി വിട്ട്‌ തിരിച്ചു വരുമ്പോ, പിള്ളേര്‍ക്കു, ആളൊന്നിനു മൂന്ന് എന്ന കണക്കില്‍ ഒരു ലോഡ്‌ പഴമ്പൊരി, സുഖിയന്‍ ഉഴുന്നുവട എന്നിവയൊക്കെ കെട്ടിപ്പൊതിഞ്ഞു വരുന്ന അതിസ്നേഹമയനായിരുന്നു അച്ഛന്‍ എങ്കിലും, പഠിപ്പിന്റെ കാര്യത്തില്‍ യാതൊരു വിധ ഡിസ്കൌണ്ടും പിതൃസമക്ഷത്തു നിന്നും ലഭിച്ചിരുന്നില്ല. ഉഴപ്പിയാല്‍, അടിയുടെ പൊടിപൂരവുമാവും എന്നതിനാല്‍ ഞാന്‍ കഴിയുന്നതും "മേട്‌" വാങ്ങാതിരിക്കാന്‍ ശ്രദ്ധിച്ചുപോന്നിരുന്നു.

മിക്കവാറും എല്ലാ വൈകുന്നേരങ്ങളും വൃന്ദയുടെ ദീനരോദനങ്ങള്‍ കൊണ്ട്‌ പഠിപ്പു മുറിയായ കിഴക്കേ അകം മുഖരിതമായിരുന്നു. എത്രയാവര്‍ത്തിവായിച്ചാലും 10 മിനിട്ട്‌ കഴിഞ്ഞ അച്ഛന്‍ ചോദ്യം തുടങ്ങിയാല്‍, ഒന്നും ഉത്തരമില്ലാതെയുള്ള അവളുടെ ഇരിപ്പും, ശേഷം അച്ഛന്‍ അവളുടെ ചെവി പിടിച്ച്‌ അന്തരീഷത്തില്‍ ക്ഷ, ണ്ഡ,ഞ്ഞ, ണ്ണ, ക്ക തുടങ്ങിയ കൂട്ടക്ഷരങ്ങളുടെ രചന നടത്തുന്നതുമെല്ലാം പതിവു കാഴ്ചകളായിരുന്നു. ഇതെല്ലാം പഠിപ്പിന്റെ ബോറടിക്കിടയില്‍ അത്യധികം സന്തോഷം പകരുന്ന കാര്യങ്ങളായിരുന്നു എനിക്ക്‌.

അങ്ങനെയൊരു നല്ല ബുധനാഴ്ച ഞങ്ങള്‍ സയന്‍സു പഠിച്ച്‌ അച്ഛന്റെ ചോദ്യശരങ്ങളെ നേരിടാനിരിക്കുന്നു. കുരിശുകണ്ട സാത്താനെപ്പോലെ അത്യധികം ഭയചകിതയായിരുന്ന വൃന്ദക്ക്‌ പഠിച്ചത്‌ ഒന്നും മനസ്സിലായിട്ടില്ലെന്നും അടി പേടിച്ചിരിക്കയാണെന്നും കണ്ടതോടെ "സ്റ്റണ്ട്‌" സീന്‍ കാണാന്‍ ഞാനും റെഡീയായിരുന്നു.

പതിവുപോലെ എന്നോടുള്ള ചോദ്യങ്ങളും, എന്റെ "ശടപടാ" ഉത്തരങ്ങളും കേട്ട്‌ സംതൃപ്തനായ അച്ഛന്‍ രണ്ടു കയ്യും കൂട്ടി തിരുമ്മി "അടിപിടി" സെഷനു റെഡിയായി വൃന്ദയുടെ നേരെ തിരിഞ്ഞ്‌ ആദ്യ ചോദ്യമെറിഞ്ഞു.

"
ഒരു വസ്തുവിന്റെ ജഡത്വം എന്നാലെന്ത്‌?"

പേടിച്ചു വിറച്ച്‌ ഒരു ജഡത്തെപ്പോലെ ഇരിക്കുന്ന ഇവളുതന്നെയല്ലേ അച്ഛാ ജഡത്വത്തിനു ഏറ്റോം വല്യ ഉദാഹരണം എന്നെനിക്ക്‌ മനസ്സില്‍ തോന്നിയെങ്കിലും "അങ്ങനെയിപ്പോ അവള്‍ക്ക്‌ ക്ലൂ കിട്ടണ്ടാ" എന്ന ചിന്തയാല്‍ മിണ്ടാതിരുന്നു.

"
കോന്‍ ബനേഗ കറോര്‍പതി" പ്രോഗ്രാമിലെപ്പോലെ, ചോദ്യത്തിനു ശേഷമുള്ള ബാക്ക്ഗ്രൌണ്ടുപോലെ, "പട പടാ" ന്നു അവളുടെ ഹൃദയം മിടിക്കുന്ന ശബ്ദം ഇടവേളയിലെ നിശബ്ദതയില്‍ കേട്ടു.

ജഡത്വം പോയിട്ട്‌ ജഡയുടെ അര്‍ത്ഥം പോലും എനിക്കറിയില്ലാച്ചാ എന്നാണ്‌ അവളുടെ മിഴിച്ചിരിപ്പിന്റെ അര്‍ത്ഥമെന്നു മനസ്സിലായതോടെ, തുറിച്ചൊന്നു നോക്കി അച്ഛന്‍ അടുത്ത ചോദ്യമെറിഞ്ഞു.

"
ന്യൂട്ടന്‍ ലോ" എന്താണെന്നു പറയുക.

താരതമ്യേന ഈസിയായ ചോദ്യം കേട്ടതോടെ വൃന്ദയുടെ വാ തുറന്നു.
"
എവെരി ആക്ഷന്‍ ഹാസ്‌ അനദര്‍ ആക്ഷന്‍" എന്നുള്ള ഉത്തരം വളരേപ്പെട്ടെന്നായിരുന്നു.

"
എവരി ആക്ഷന്‍ ഹാസ്‌ ഈക്വല്‍ ഏന്റ്‌ ഓപ്പോസിറ്റ്‌ റിയാക്ഷന്‍"എന്ന ന്യൂട്ടന്‍ ലോ മാറ്റി തലയും വാലുമില്ലാതാക്കി അവള്‍ അങ്ങനെ പ്രതികരിച്ചതും അച്ചനിലുണര്‍ന്നു കിടക്കുന്ന ന്യൂട്ടന്‍ "റിയാക്ഷനായി" കൈകള്‍ വൃന്ദയുടെ ചെവികള്‍ ലക്ഷ്യമാക്കി നീട്ടി, പതിവുപോലെ..

അടുത്ത പതിവു സീനായ അവളുടെ കരച്ചിലും കാതോര്‍ത്തിരുന്ന എനിക്കു തെറ്റി...

അച്ഛന്റെ കൈകള്‍ തന്റെ ചെവി പറിക്കാന്‍ വരുന്നതുകണ്ട വൃന്ദ, വെട്ടിയിട്ട വാഴപോലെ പിറകിലോട്ടു മറിഞ്ഞു! ഇതു കണ്ടതും അതിന്റെ റിയാക്ഷനാല്‍ അച്ഛന്റെ നീണ്ട കൈകളും പിന്‍വലിഞ്ഞു, പരിഭ്രാന്തിയോടെ വൃന്ദയെ കുലുക്കി വിളിച്ചു. അവള്‍ ബോധം പോയി കിടക്കുന്നു. അച്ഛന്‍ ആകെ വിയര്‍ത്തു, കുറ്റബോധമോ എന്തൊക്കെയോ വികാരങ്ങള്‍ മുഖത്തു നിഴലിച്ചു.. മോളേ, എനീക്ക്‌, മോളേ.. എന്തു പറ്റിയെടീ എന്നുള്ള വിളികള്‍ മുറിയില്‍ അലയടിച്ചു, അവളുടെ കിടപ്പു കണ്ടപ്പോള്‍ കരുവന്തല ഭരണിക്ക്‌, കുടിയന്‍ ദിവാകരന്‍ അടിച്ച്‌ പാമ്പായി ആനപ്പിണ്ടമെടുത്ത്‌ തലയിണയായി വച്ച്‌ പൂരപ്പറമ്പില്‍ കിടന്നുറങ്ങുന്ന സീനാണ്‌ എന്റെ മനസ്സിലേക്കോടിവന്നത്‌.

"
പോയി കുറച്ചു വെള്ളം കൊണ്ടുവാടാ" എന്ന ആജ്ഞ കേട്ടതും ഞാന്‍ അടുക്കളയിലോട്ടോടി അമ്മയോടു കാര്യം റിപ്പോര്‍ട്ടുചെയ്തു. കാച്ചിക്കൊണ്ടിരുന്ന പപ്പടം അവിടെയിട്ട്‌ അമ്മ ഓടി സ്പോട്ടിലെത്തി.

നിങ്ങളെന്റെ കൊച്ചിനെ എന്താ ചെയ്തേ മനുഷേനേ എന്ന രീതിയില്‍ അച്ഛനെ നോക്കിക്കൊണ്ട്‌ അമ്മ വൃന്ദയെ കുലുക്കു വിളിച്ചു കൊണ്ടിരുന്നു. ഞാനൊന്നും ചെയ്തില്ലെടീ, ദേ വേണെങ്കീല്‍ ഇവനോടു ചോദിച്ചോ എന്നു പരിഭ്രാന്തനായി മുറുമുറുത്ത്‌, "പറഞ്ഞു കൊടുക്കടാ നിന്റമ്മയോട്‌" എന്ന അര്‍ത്ഥത്തില്‍ എന്നെ നോക്കി. ഞാന്‍ മിണ്ടുമോ? അവരു തമ്മില്‍ ഒരു അടി കാണാനുള്ള ചാന്‍സ് വെറുതേ എന്തിനാ കളയുന്നേ?

അച്ഛന്‍ ഇതിനിടക്ക വൃന്ദയുടെ മുഖത്തു വെള്ളം തളിക്കയും, അവള്‍ മെല്ലെ "ഹ്‌ഹ്‌ഹ്‌ഹ്" എന്നൊക്കെ ഞരങ്ങി മെല്ലെ കണ്ണു തുറക്കുകയും ചെയ്തതോടെയാണ്‌ അങ്ങേര്‍ക്കു ശ്വാസം വീണത്‌.

ശേഷം വൃന്ദയോട്‌ "നീ ഇവിടിരുന്നു വിശ്രമിച്ചോ" എന്നും, എന്നോട്‌ "അടുത്ത രണ്ടു ചാപ്റ്ററിരുന്ന് പഠിക്കാനും" കല്‍പ്പിച്ചു കൊണ്ടു അച്ഛന്‍ ഇറയത്തു പോയി ചാരുകസേരയിലിരുന്നു.

ഇതു കണ്ടതും എന്റെ രക്തം തിളച്ചു. എല്ലാ ഉത്തരവും കൃത്യമായി കൊടുത്ത എന്നോട്‌ പഠിക്കാന്‍ പറയുകയും, ഉത്തരമൊക്കെ തെറ്റിയ അവളോട്‌ വിശ്രമിച്ചോളാന്‍ പറയുകയും ചെയ്തത്‌, കടുത്ത അനീതി തന്നെ. പക്ഷേ പ്രതികരിച്ചാലുണ്ടാവുന്ന ഭവിഷ്യത്തിന്റെക്കുറിച്ച്‌ നല്ല "അവയര്‍നെസ്സ്‌" ഉണ്ടായിരുന്നതിനാല്‍, അമര്‍ഷം ഉള്ളിലൊതുക്കി സയന്സു ബുക്കെടുത്തു വായന തുടങ്ങി.

എന്നെ ദേഷ്യം പിടിപ്പിക്കാനായി വൃന്ദ ഇടക്കിടക്ക്‌ ചിരിക്കുന്നുണ്ട്‌, ഞാന്‍ ദേഷ്യത്തോടെ അവളെ നോക്കുമ്പോള്‍ 'പുസ്തകത്തില്‍ നോക്കിയിരുന്നു പഠിക്കടാ" എന്നും പറഞ്ഞ്‌ എന്നെയിട്ട്‌ കളിയാക്കുന്നുമുണ്ട്‌.

എല്ലാം സഹിച്ച്‌, ഞാന്‍ പഠനം തുടരുന്നതിനിടയില്‍ അവള്‍ വന്ന് എന്നോടു പറഞ്ഞു.
"
ഞാനൊരു സ്വകാര്യം പറയട്ടേ?"

"
പറ" കേള്‍ക്കാന്‍ വലിയ താല്‍പര്യമില്ലാത്ത മട്ടില്‍ ഞാന്‍ പ്രതികരിച്ചു.

"
ഞാന്‍ തലകറങ്ങി വീണത്‌ ശരിക്കൊന്നുമല്ല, അച്ഛനെ പറ്റിച്ചതാ.. ഹ്ഹാ ഹാ" അവള്‍ പൊട്ടിച്ചിരിച്ചു

കയ്യിലിരുന്ന പുസ്തകം എന്റെ കയ്യില്‍ നിന്നും ഞെട്ടലില്‍ താഴെവീണു. എന്റെ സഹോദരിയുടെ നടനത്തികവില്‍ എനിക്കത്ഭുതം തോന്നി. അവിശ്വാസ്യതയോടെ അവളെ നോക്കി ഞാന്‍ ചോദിച്ചു. "സത്യം?"

"
അതേന്ന്, ഞാന്‍ അഭിനയിച്ചതല്ലേ.." അവള്‍ സ്ഥിരീകരിച്ചു.

ആഹാ.. അതു ശരി, പാവം അച്ഛനെ പേടിപ്പിച്ചതും പോരാ, ഇപ്പോഴിരുന്നു വീമ്പിളക്കുന്നോ, "ദിപ്പ ശെര്യാക്കിത്തരാംട്ടാ" എന്നും പറഞ്ഞ്‌ ഞാന്‍ അച്ഛന്റെ അടുത്തേക്കോടുമെന്ന് അവള്‍ സ്വപ്നേപി കരുതിയില്ല. എന്റെ ഓട്ടം‌ അവള്‍ ഒരു വിറയലോടെ നോക്കി നിന്നു.

എന്റെ തിരുവായില്‍ നിന്നും കാര്യം ഗ്രഹിച്ച് കുപിതനായ്യ അച്ഛന്‍‍, ഇറയത്തെ ഓടിനടിയില്‍ തിരുകി വച്ചിരുന്ന കരുവള്ളിക്കോലെടുത്ത്‌ മുറിയിലേക്കു പോകുന്നതും നോക്കി ആത്മസംതൃപ്തിയോടെ ഞാന്‍ നിന്നു. കരുവള്ളിക്കോല്‍ "പ്ടേ പ്ടേ" എന്ന ശബ്ദത്തില്‍ വര്‍ക്കു ചെയ്യുന്നതും വൈകാതെ തന്നെ പതിവിലും വോളിയത്തില്‍ അകത്തു നിന്നും വൃന്ദയുടെ ദീനരോദനങ്ങളും കേള്‍ക്കാമായിരുന്നു. ഒരു നല്ല കാര്യം ചെയ്ത സംതൃപ്തിയോടെ ഞാന്‍ പുസ്തകമെടുത്ത്‌ വായന തുടര്‍ന്നു!

Read more...
© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.