-- എ ബ്ലഡി മല്ലു --

കൊള്ളക്കാരന്‍:

Saturday, August 26, 2006

കുണുകോളേജ്‌ എന്നറിയപ്പെടുന്ന, ശങ്കര നാരായണ എല്‍.പി സ്കൂളീല്‍ നിന്നും ഉന്നത വിജയത്തോടെ നാലാം തരം പാസായ ശേഷം ഏകദേശം രണ്ടു കി.മി അകലേയുള്ള "സെന്റ്‌: ജോസഫ്‌'സ്‌ ഹൈസ്കൂള്‍" എന്ന, പള്ളി സ്കൂളീല്‍ ചേരാനായിരുന്നു പത്താം വയസ്സില്‍ എനിക്കു ജാതകവശാലുള്ള യോഗം.

അച്ചന്മാര്‍ നടത്തുന്ന ഏതു വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനവും പോലെ നിസ്തുലവും, നിസ്വാര്‍തവും തന്നെയായിരുന്നു അന്നത്തെക്കാലത്തും മേല്‍പ്പറഞ്ഞ സ്കൂളും. പീ.ടി.ഏ ഫീസ്‌, കാന്റീന്‍ ഫീസ്‌, യൂത്ത്‌ ഫെസ്റ്റിവല്‍ ഫീസ്‌, സ്പോട്സ്‌ ഗ്രൗണ്ട്‌ ഫീസ്‌, ആ പീസ്‌, ഈ പീസ്‌ എന്നൊക്കെപ്പറഞ്ഞു ഒത്തിരിയൊത്തിരി പീസുകള്‍, ഓരോ വര്‍ഷവും ഞങ്ങള്‍ സ്കൂള്‍ ആപ്പീസില്‍ കെട്ടേണ്ട ഗതിയാപ്പോള്‍, മോനെ ഇവിടെ ചേര്‍ത്തിയതുമൂലം സാമ്പത്തികമായി താന്‍ പീസാവുമോ എന്ന് ഒരു സാദാ സര്‍ക്കാര്‍ ജോലിക്കാരനായ എന്റെ പിതാശ്രീ ചിന്തിച്ചെങ്കില്‍ അതില്‍ അങ്ങേരെ യാതൊരു കുറ്റവും പറയുവാനൊക്കില്ല.

ആദ്യം കുറെക്കാലം, വീട്ടില്‍ നിന്നും, രണ്ടു കിലോമീറ്ററോളം നടന്നു, വഴിക്കുള്ള സകല മാവേലും, കശുമാവേലുമെല്ലാം കല്ലെടുത്തെറിഞ്ഞും, നാട്ടാരുടെ തെറികള്‍ കേട്ടും, ചില സന്ദര്‍ഭങ്ങളില്‍ പട്ടികളെ കല്ലെറിഞ്ഞു അവയുമായി ഓട്ടമല്‍സരം നടത്തിയും, ചെറിയൊരു ഗുരുത്വം കൊണ്ടുമാത്രം പൊക്കിളിനു ചുറ്റും 14 ഇന്‍ജക്ഷന്‍ എടുക്കേണ്ട ഗതി വരാതെ രക്ഷപ്പെട്ടുമെല്ലാമായിരുന്നു അഞ്ചാം ക്ലാസ്സിലുള്ള സംഭവ ബഹുലമായ എന്റെ സ്കൂള്‍ പോക്കു വരവുകള്‍. പാക്ക്‌ അതിര്‍ത്തിയില്‍ യുദ്ധത്തിനു പോയ മകന്‍ പ്രശ്നങ്ങളൊന്നും കൂടാതെ തിരിച്ചുവരാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന അമ്മയുടെ മാനസികാവസ്ഥയാണു എന്റമ്മക്ക്‌, ഓരോ ദിവസവും ഞാന്‍ സ്കൂളു വിട്ടു തിരിച്ചെത്തും വരേക്കും.

അടുത്ത വര്‍ഷം ബസ്‌ കണ്‍സഷന്‍ കാര്‍ഡ്‌ തരപ്പെട്ടതിനാല്‍, യാത്രകള്‍, ബസ്സിലാക്കി. വെറും ആറാം തരമായപ്പോഴേക്കും, 10-12 കിലോ ഭാരമുള്ള, പുറത്തു തൂക്കിയിടുന്ന ടൈപ്പിലുള്ള സ്കൂള്‍ ബാഗു ചുമന്നു നടന്നു നടന്നു എന്റെ ആ " 90 ഡിഗ്രീ സ്റ്റെഡി ലൈക്ക്‌ എ വടി പോലത്തെ പോസ്ചറു"മാറി, 70 ഡിഗ്രീയില്‍, പുരപ്പുറത്തോട്ടു ചാഞ്ഞു നിക്കുന്ന തെങ്ങുപോലേ നെഞ്ചു വിരിഞ്ഞു ഷോള്‍ഡറു പുറകിലോട്ടൂം വയറും അതിനു താഴേയുള്ള ഭാഗങ്ങളും നടത്തത്തില്‍ എപ്പോഴും ഒരു ലീഡിങ്ങ്‌ മെയിന്റയിന്‍ ചെയ്യുന്ന ആ സ്റ്റെയില്‍ ആയി ട്രാന്‍സ്ഫോര്‍മീകരിക്കയും ചെയ്തു.

കണ്‍സഷന്‍ കാര്‍ഡു കിട്ടിയതോടെ മേച്ചേരിപ്പടി മാത്രം വരെ നടക്കുകയും, ശേഷം യാത്രകള്‍ 10 പൈസാ നിരക്കില്‍,ം റേഡിയേറ്ററിന്റെ ഫ്രണ്ടു ഗ്രില്ലും തുറന്നു "ഹ ഹ ഹ " എന്ന മട്ടില്‍ ചിരിച്ചു അലറിപ്പാഞ്ഞു വരുന്ന അന്ന-ഷീജ-എസ്‌.എം.ടീ എന്നീ "റ്റാറ്റാ" ബസ്സുകളിലുമായിരുന്നു.

വെറും 10 പൈസാ കൊടുത്തു യാത്ര ചെയ്യുന്ന എസ്‌-റ്റീ പിള്ളേരെ കണ്ടക്റ്റര്‍ ചേട്ടന്മാര്‍ ചെയ്യുന്ന അഭിസംബോധനകള്‍, ആറാം ക്ലാസ്സില്‍ തന്നെ തെറിപദ സമ്പത്തു വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങളെ ഒട്ടേറെ സഹായിച്ചിട്ടുീണ്ട്‌!

അങ്ങനേയിരിക്കേയാണു സ്കൂളില്‍ പള്ളീലച്ചന്മാര്‍ പുതിയൊരു നിയമം, കൊണ്ടു വന്നത്‌. സ്കൂളു പിള്ളാരുടെ സൗകര്യാര്‍ത്ഥം "സ്കൂള്‍ ബസ്‌" ഏര്‍പ്പാടാക്കി. ഇളം മഞ്ഞ നിറത്തില്‍ പുതിയ പെയിന്റടിച്ചു പുതിയതാണെന്നു തോന്നിപ്പിക്കുന്ന ആ ബസ്സിനകം അപ്പോള്‍സറി കീറി ചകിരി പുറത്തു വന്നതും, അത്യാവശ്യം ഒരുവിധപ്പെട്ട എല്ലായിടത്തും തുരുമ്പിച്ചതുമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ എന്നേക്കാള്‍ ഒരു പത്തു പതിനഞ്ചു വയസ്സു മൂപ്പുള്ള ആ വണ്ടിയെ ഞങ്ങള്‍ ഒരു കാരണവര്‍ പരിവേഷം നല്‍കി ബഹുമാനിച്ചിരുന്നു.

ഏതോ ഒരു ലൈന്‍ ബസ്സു കണ്ടം ചെയതതെടുത്ത്‌ പെയിന്റടിച്ചു പിള്ളേരുടെ യാത്രാക്ലേശം പരിഹരിക്കാമെന്നും, തന്മൂലം, സ്കൂളിനു നല്ലൊരു വരുമാനമുണ്ടാക്കാമെന്നും ഐഡിയ കണ്ടെത്തിയ സ്കൂളധകൃതരുടെ, ഛായ്‌, അധികൃതരുടെ ഒരു ബുദ്ധിയേ.. ഹോ അപാരം !

സ്കൂളില്‍ നിന്നും രണ്ടു കി.മീയിലധികം ദൂരത്തു താമസിക്കുന്ന കുട്ടികള്‍ നിര്‍ബന്ധമായും സ്കൂള്‍ ബസ്സില്‍ തന്നെ പോക്കു വരവു ചെയ്തിരിക്കണമെന്നാണു കര്‍ശന നിയമം. 2 കി.മീ എന്ന ആ ദൂര പരിധി മൂലം, ഞാനും ഈ ബസ്സില്‍ പോയി വരാന്‍ സ്കൂളില്‍ നിന്നും ഓര്‍ഡര്‍ വന്നു. 25 രൂപാ വച്ചു മാസം പള്ളി ഭണ്ഡാരത്തിലിടാം, എന്നാലും, ഈ പകല്‍ കൊള്ളക്കു കൂട്ടു നില്‍ക്കില്ല
, എന്റെ മോന്‍ നടന്നൊ, കിടന്നോ, പറന്നോ എങ്ങനെ സ്കൂളില്‍ വരണമെന്നു തീരുമാനിക്കേണ്ടത്‌ സ്കൂളല്ല, എന്നൊക്കെ എന്റെ പിതാശ്രീ ആദ്യം മസില്‍ ഫ്ലെക്സിങ്ങ്‌ നടത്തിയെങ്കിലും, ഇതിന്റെ പേരില്‍ റാങ്കു പ്രതീക്ഷയായ ചെക്കനു സ്കൂളില്‍ നിന്നും പ്രശ്നങ്ങളു വേണ്ടായെന്നു കരുതിയിട്ടോ, എന്തോ, പിന്നെ പുള്ളി അതിനു സമ്മതിച്ചു.

അങ്ങനെ പ്രൈവറ്റു ബസു കണ്ടക്റ്റര്‍മാരുടെ തെറിയഭിഷേകത്തില്‍ നിന്നും ഞങ്ങള്‍ രക്ഷപ്പെട്ടു; ഞങ്ങളുടെ ഏറില്‍ നിന്നും പോകുന്ന വഴിക്കുള്ള മാവ്‌, കശുമാവ്‌, പട്ടികള്‍ എന്നിവയും രക്ഷപ്പെട്ടു. ഞങ്ങളു പിള്ളേരു സെറ്റിന്റെ ഏറു കൊള്ളാതെ നാട്ടിലുള്ള മാവായ മാവും കശുമാവും പൂത്തു തളിര്‍ത്ത്‌ നിന്നു, മോക്ഷപ്രാപ്തിക്കായി നില്‍ക്കുന്ന അഹല്യമാരെപ്പോലെ. കോമ്പ്രത്തെ ലീലേച്ചി, വെട്ടിക്കുഴി വാസ്വേട്ടന്‍, ചണ്ണ ദേവസ്സി തുടങ്ങി പലരും തങ്ങളുടെ മാവുകളിലെ പഴുത്ത മാങ്കോസ്‌ കണ്ടു നിര്‍വൃതിടഞ്ഞു. അക്കാലത്ത്‌ ലീലേച്ചി വീട്ടില്‍ മാങ്ങകൊണ്ട്‌ സാമ്പാര്‍, അവിയല്‍, പച്ചടി, കിച്ചടി തോരന്‍, കാളന്‍, എന്തിനധികം പറയുന്നു മാങ്ങ കൊണ്ടു മോരു വരെ ഉണ്ടാക്കിയതായി കേട്ടുകേള്‍വിയുണ്ട്‌ !

പല പല റൂട്ടുകളില്‍ പിള്ളേരെ ഇറക്കാന്‍, ഈ ഒറ്റ ശകടം മാത്രമേ സ്കൂളിനുള്ളൂ എന്നതിനാല്‍, രണ്ടു കി.മീ കവറു ചെയ്യാന്‍, മുക്കാല്‍ മണിക്കൂറിലധികമെടുക്കുന്ന ആ സ്കൂള്‍ ബസ്സു യാത്രകള്‍ പരമാവധി ആനന്ദപ്രദമാക്കാറുന്റായിരുന്നു. ക്ലാസ്സില്‍ അന്നു നടന്ന തരികിടകള്‍, പഴയ കണ്ടക്റ്റര്‍ തെറികളുടെ അനാലിസിസ്‌, മാഷന്മാര്‍ക്കും ശത്രുക്കളായ സഹപാഠികള്‍ക്കും ഇരട്ടപ്പേരു നാമീകരണങ്ങള്‍ തുടങ്ങിയ ക്രിയേറ്റിവ്‌ കലാപരിപാടികളായിരുന്നു ബസ്സിനകത്തെ മേജര്‍ ആക്റ്റിവിറ്റീസ്‌.

ബസ്സിലെ 4-5 അലമ്പു പിള്ളേരുകളിലൊന്നായിരുന്ന ഞാന്‍, ഏറ്റവും പിറകിലത്ത്‌ ലോങ്ങ്‌ സീറ്റിലാണു സ്ഥിരമായി ഇരിക്കാറ്‌. അല്ലാതെ പ്രൈവറ്റു ബസ്സില്‍ ചില ഗെഡീകള്‍ കാണിക്കുന്ന പോലെ,ഇടിച്ചു കയറി ഏറ്റവും മുന്നില്‍ തന്നെ പോയി നില്‍ക്കുന്ന സ്വഭാവം എനിക്കു പണ്ടേയില്ലെന്നു മാത്രമല്ല, ഇന്നും ഇടക്കു നാട്ടില്‍ വരുമ്പോള്‍ പ്രൈവറ്റു ബസ്സില്‍ കയറിയാല്‍ ഞാന്‍ ലോങ്ങ്‌ സീറ്റിലേ ഇരിക്കാറുള്ളൂ.

ബൈജു, രാജീവന്‍, രവി, ജോസഫ്‌ എന്നി ഗെഡികളാണു ബസ്സിലെ എന്റെ ഗ്യാങ്ങ്‌. ബസ്സിലിരുന്നു വഴിയിലൂടെ നടന്നു പോകുന്നവരെ നോക്കി കൂവുക, മാഷന്മാര്‍ പോകുന്നുണ്ടെങ്കില്‍ അവരെ ഇരട്ടപ്പേരു വിളിക്കുക, മൊത്തം ചുറ്റുവട്ടങ്ങള്‍ നിരീക്ഷിച്ച്‌ അപ്പപ്പോഴുള്ള ചൂടന്‍ വിറ്റുകള്‍ ഇറക്കുക ഇതൊക്കെയാണു ഞങ്ങളുടെ ടീമിന്റെ പരിപാടികള്‍. അന്നു കിട്ടിയ ആ നിരീക്ഷണ പാടവം കോളേജില്‍ വച്ചും ഞാന്‍ പുലര്‍ത്തിപ്പോന്നിരുന്നു, ചില നിരീക്ഷണങ്ങളൊക്കെ എന്നെ തല്ലു മേടിക്കലിന്റെ വക്കോളം എത്തിച്ചിട്ടുണ്ടെങ്കിലും!

അങ്ങനെയിരിക്കെയാണ്‌ ഒരു ദിവസം സ്കൂളു വിട്ടു ബസ്സീക്കേറി. കെട്ടുങ്ങലുള്ള പിള്ളേരെയൊക്കെ ഇറക്കി ബസ്സ്‌ വെങ്കിടങ്ങു വശത്തോട്ടു തിരിച്ചു വരുമ്പോള്‍, പുറകില്‍ നിന്നൊരു കുടു കുടു ശബ്ദം. പുറകിലെ ചില്ലിലൂടെ നോക്കിയപ്പോള്‍, അതാ ഒരു ചേട്ടന്‍ ബുള്ളറ്റു മോട്ടോര്‍ സൈക്കിളില്‍. ആറടി പോക്കവും, നല്ല തടിമാടാന്‍ ശരീരവും " ധ" ഷേപ്പില്‍ പിരിച്ചു വച്ചിരിക്കുന്ന കൊമ്പന്‍ മീശയും ചുവന്ന ഉണ്ടക്കണ്ണുകളൂമൊക്കെയായി, പേടി തോന്നിപ്പിക്കുന്നൊരാള്‍ !

ഉള്ളില്‍തോന്നിയ ചെറിയൊരു പേടി ഉള്ളിലൊതുക്കി ബസ്സിന്റെ വശത്തോട്ടു തലയിട്ടു ഞാന്‍ വിളിച്ചു കൂവി..
"കൊള്ളക്കാരന്‍.. പൂയ്‌.. കൊള്ളക്കാരന്‍.."

സാധാരണ ഇങ്ങനേയുള്ള അവസരങ്ങളില്‍, ബൈജുവും രാജീവനുമൊക്കെ കൂടെ കൂവി സപ്പോര്‍ട്ടു തരുന്നതാണെങ്കിലും അന്നു അവരാരും മിണ്ടാതിരുന്നതില്‍ എനിക്കെന്തോ പന്തികേടു തോന്നാതിരുന്നില്ല.

ഏന്റെ മുദ്രാവാക്യങ്ങള്‍, ബുള്ളറ്റിന്റെ ആ കാതടപ്പിക്കുന്ന ശബ്ദത്തിലും അങ്ങേരു വ്യക്തമായി കേട്ടു, ബസ്സിലേക്കു തുറിച്ചൊന്നു നോക്കി, പുള്ളി ബസ്സിനെ ഓവര്‍ടേക്കു ചെയ്തു പോയതും ഞാന്‍ വിളികള്‍ നിര്‍ത്തി തിരിച്ചു സീറ്റില്‍ വന്നിരുന്നു.

തിരിച്ചു വന്നിരുന്നതും, പുറം കഴുത്തിനു കേറിയൊരു പിടുത്തം വീണതിന്റെ കാര്യം എനിക്കു മനസ്സിലായില്ല. തിരിഞ്ഞു നോക്കിയപ്പോള്‍ വേറാരുമല്ല, രവിയായിരുന്നു ! ഒരു ഇടികൂടി തന്നു ദേഷ്യത്തില്‍ അവന്‍ മുമ്പിലത്തെ സീറ്റില്‍ പോയിരുന്നു.

കാര്യമൊന്നും മനസ്സിലാകാതെ വായും പൊളിച്ചിരുന്ന എന്നോടു ബൈജു ചെവിയില്‍ ഒരു സ്വകാര്യം പറഞ്ഞു..

"ഞാന്‍ നേരത്തെ കൂവി വിളിച്ചത്‌ അവന്റെ അച്ഛനേയായിരുന്നു !

ചെറിയൊരു പൊടിമീശയൊക്കെ വന്ന്, ആളെ തിരിച്ചറിയില്ല എന്നു ഉറപ്പായ ശേഷമേ, ഞാന്‍ പിന്നീട്‌ അവന്റെ വീടിന്റെ സമീപ പ്രദേശങ്ങളില്‍ പോലും പോയിട്ടുള്ളൂ !

Read more...

പുണ്യാളന്‍

Monday, August 21, 2006


ചാലപ്പറമ്പില്‍ ദേവസ്സി പുത്രന്‍ അവുസേപ്പ്‌, ഒരു സാദാ തൃശ്ശൂക്കാരന്‍ നസ്രാണി, എന്നതിലുപരി, മദര്‍ തെരേസ, ഈശോ മിശിഹായി, മഹാത്മാഗാന്ധി, എന്നി മഹാത്മാ ജനുസ്സില്‍ പെട്ടവനും, പാവങ്ങളുടെ താങ്ങും തണലുമായുള്ളൊരു വ്യക്തിയാണ്‌.

ചാലപ്പറമ്പില്‍ അവുസേപ്പിനെ ഞങ്ങളു നാട്ടുകാരു പിള്ളേരു ഭയഭക്തി ബഹുമാനത്തോടെ വിളിക്കുന്നത്‌ "ചെകുത്താന്‍ പടി അവുസേപ്പ്‌" എന്നും,ചുരുക്കി ചെപ്പ അവുസേപ്പ ( ചെകുത്താന്‍ പടി= ചെ. പ) എന്നൊക്കെയുമാണ്‌. ചെപ്പ അവുസേപ്പ് എന്നതു കുറച്ചുകൂടി സ്മൂത്ത്‌ ആക്കി "ചെറ്റയവുസേപ്പ്‌" എന്നും നാട്ടില്‍ ചിലരു വിളിക്കാറൂണ്ടത്രേ !

ഗസറ്റിലൊന്നും പരസ്യപ്പെടുത്താതെയുള്ള ഈ പേരുമാറ്റത്തിനു കാരണമായത്‌, റോഡരുകില്‍ തന്നെയുള്ള ഇദ്ദേഹത്തിന്റെ വീടിന്റെ മതിലില്‍ പതിച്ചിരുന്ന "ഒനീഡാ" റ്റീ.വ്വീ യുടെ പരസ്യചിത്രമായിരുന്നു (ചെകുത്താന്റെ തലയുള്ള പരസ്യം).

തൃശ്ശൂര്‍- കാഞ്ഞാണി- മണലൂര്‍-വെങ്കിടങ്ങു-മുല്ലശ്ശേരി വഴി ഗുരുവായൂര്‍ പോകുന്ന ശ്രീ മുരുക ട്രാവല്‍സിന്റെ റൂട്ടിലുള്ള ഏതു അനാഥനേയും സഹായിക്കുക എന്നത്‌, ആശ്രിതവല്‍സലനും, പാവങ്ങളുടെ സംരക്ഷകനുമായ അവുസേപ്പ്‌, യാതൊരു വൈക്ലബ്യങ്ങളുമില്ലാതെ സ്വയമേറ്റെടുത്തിരുന്നു.

നാട്ടുകാരുടെ മുമ്പില്‍ "പക്കാ അവുസേപ്പുണ്യാളന്‍" പരിവേഷമുള്ള അവുസേപ്പ്‌, അപ്പച്ചന്‍ ദേവസ്സി മാപ്ലയുടെ കൊള്ളപ്പലിശയിടപാടില്‍ പങ്കാളിയായിരുന്നില്ല. എങ്കിലും, സ്വന്തമായി, വെങ്കിടങ്ങു മുല്ലശ്ശേരിഭാഗത്ത്‌, ഒന്നു രണ്ടു പലചരക്കു പീടികകള്‍, ഹോട്ടല്‍, ഫ്ലോര്‍ മില്‍ എന്നിവയൊ‍ക്കെ സ്വന്തമായുള്ളോരു മിനി-ബൂര്‍ഷ്വായായിരുന്നു. സ്വന്തം കയ്യില്‍ നിന്നും അഞ്ചു പൈസ ഇറക്കാതെതന്നെ, പിരിവുകളിലൂടെയും മറ്റും നിരദ്ധന-അനാഥ പരിപാലനത്തില്‍ ശ്രദ്ധിച്ചുപോരുകയും, തന്മൂലം നാട്ടില്‍ ഒരു രക്ഷകപരിവേഷം ഔസേപ്പ്‌ ഫ്രീയായി സംഘടിപ്പിക്കയും ചെയ്തു.

പക്കാ പിശുക്കനും, പള്ളിപ്പെരുന്നാളിനു 5 രൂപായില്‍കൂടുതല്‍ സംഭാവന കൊടുക്കാത്തവനുമായ കൊള്ളപ്പലിശക്കാരന്‍ ദേവസ്സിയുടെ പുത്രന്‍ പാവങ്ങളെ സഹായിക്കാന്‍ നടക്കുന്നുവെന്നതൊരു വിരോധാഭാസമാണെങ്കിലും, "അപ്പന്റെ തന്നെ മോന്‍" എന്ന ആ റെപ്യൂട്ടേഷന്‍ അവുസേപ്പു ചില ഘട്ടങ്ങളില്‍ കാണിച്ചുപോന്നിരുന്നു.

1994 ഇല്‍, 94 ആം വയസ്സില്‍ വെറും ആറു റണ്‍സിനു സെഞ്ചുറി നഷ്ടപ്പെട്ട തന്റെ വല്യപ്പച്ചന്‍ വറീതു മാപ്ലക്കു അങ്ങു സ്വര്‍ഗത്തില്‍ മോക്ഷപ്രാപ്തി ലഭിക്കാനും, തന്മൂലം അവിടെ ഏ/സി ബാര്‍ അറ്റാച്ച്‌ഡ്‌ ഫസിലിറ്റീസും, വീഐപി ട്രീറ്റ്‌മെന്റും കിട്ടാന്‍ വേണ്ടിയൊന്നുമല്ല താനീ ആതുര സേവങ്ങള്‍ നടത്തുന്നതെന്നും, മറിച്ച്‌, കാലണ കണ്ടാല്‍ കമിഴ്‌ന്നടിച്ചുവീഴുന്ന അപ്പന്‍ ദേവസ്സിയുടെ ആ "ബിസിനസ്‌ മെന്റാലിറ്റി ജീന്‍" തന്നെയാണ്‌ തന്റെ ഈ സേവനങ്ങള്‍ക്കു പുറകിലുള്ളതെന്നും ഔസേപ്പു തെളിയിച്ചത്‌, "കിളിക്കൂട്‌" എന്ന പേരില്‍ ഒരു സ്ഥാപനം തുടങ്ങിയിട്ടായിരുന്നു. ( കിളിക്കൂട് എന്നത് യഥാര്‍ഥ പേരല്ല കേട്ടോ)

തൃശ്ശൂരും പരിസരപ്രദേശങ്ങളിലുമുള്ള ദരിദ്രരുടേയൂം, അശരണരുടേയുമെല്ലാം കണ്ണീരണിയിക്കുന്ന കഷ്ടപ്പാടുകളുടെ കഥകളും പിന്നെ യുണീക്ക്‌ ഫോട്ടൊകളും കലക്റ്റു ചെയ്ത്‌, പ്രശസ്ത പത്രങ്ങളിലൂടെയും, ഇന്റര്‍നെറ്റിലൂടേയും സഹായം തേടുകയും ചെയ്ത "കിളിക്കൂടിനു" വെറുമൊരു വര്‍ഷത്തിനകം തന്നെ ഗള്‍ഫ്‌, അമേരിക്ക, യൂറോപ്പ്‌ എന്നിവിടങ്ങളില്‍ നിന്നുമുള്ള സഹൃദയരുടെ ഡ്രാഫ്റ്റുകള്‍ വന്നുതുടങ്ങി.

സ്വന്തമായി അശരണര്‍ക്കുള്ള പുനരധിവാസകേന്ദ്രമൊന്നിമില്ലാതെ, ചെറിയൊരു പീടിക മുറിയില്‍ നിന്നും, കുറച്ചുകൂടി നല്ലൊരു ഓഫീസിലേക്ക്‌ കിളിക്കൂട്‌ അവുസേപ്പ്‌ ഷിഫ്റ്റു ചെയ്തു. ഇവര്‍ ചെയ്യുന്ന ആകെയുള്ളൊരു കാര്യം, കഷ്ടപ്പെടുന്നവരുടെ പടങ്ങളും, കഥകളും പ്രസിദ്ധീകരിച്ചു കിട്ടുന്ന വരുമാനത്തിന്റെ വളരേ ചെറിയൊരു ഭാഗം, ഏതെങ്കിലും ഒരു അനാഥാലയത്തില്‍ കൊടുത്ത്‌, അവരെ ആ അനാഥ മന്ദിരത്തിലെ ഇന്‍മേറ്റ്‌സ്‌ ആക്കും. ബാക്കി ഉത്തരവാദിത്വമെല്ലാം അനാഥാലയത്തിനും, ക്രെഡിറ്റു മുഴുവനും അവുസേപ്പു പുണ്യാളനും !

അങ്ങനെ കഥകളിലൂടേയും, ഫോട്ടോകളിലൂടേയും അശരണരുടെ ചോരയൂറ്റിക്കുടിച്ചു തടിച്ചു കൊഴുത്ത അവുസേപ്പു മൂട്ട, പുതിയ കഥകള്‍ക്കും ഫോട്ടോകള്‍ക്കുമായി കമ്മീഷന്‍ വ്യ്‌വസ്ഥയില്‍ ഫ്രീലാന്‍സിങ്ങ്‌ പയ്യന്മാരെ വരെ ഫീല്‍ഡില്‍ ഇറക്കി തുടങ്ങി, പോരാത്തതിനു അവുസേപ്പും നിരീക്ഷണങ്ങള്‍ക്കായി ഫീല്‍ഡിലുണ്ടായിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം, എന്തോ ആവശ്യത്തിനായി ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു പോയ ഔസേപ്പ്‌ ഒരു കാഴ്ച കണ്ടു. റെയില്‍വേ ട്രാക്കിനരുകില്‍ ഒരു അമ്മാമ്മയിരിക്കുന്നു. കണ്ടാല്‍ ഒരു 80-85 വയസ്സു പ്രായം, ഭക്ഷണം കഴിച്ചിട്ടു ദിവസങ്ങളായെന്നു തോന്നുന്നു.

വെറും ദിവസങ്ങള്‍ക്കു മുമ്പു മാത്രം ട്രെയിന്‍ തട്ടി മരിച്ച അനാഥ വൃദ്ധന്റെ കാര്യമാണ്‌ ഔസേപ്പിന്റെ മനസ്സിലേക്കോടിയെത്തിയത്‌. ഔസേപ്പിന്റെ "ദേവസ്സി ജീന്‍" വര്‍ക്കൗട്ട്‌ ചെയ്തു ! ഈ അമ്മാമ്മയാവട്ടെ അടുത്ത കിളിക്കൂട്‌ പ്രൊജക്റ്റിലെ നായിക !

നേരിട്ടു ഗുരുവായൂരിലെ പരിചയമുള്ളൊരു ഒരു "ഓള്‍ഡ്‌ ഏജ്‌ ഹോമില്‍“ കൊണ്ടുചെന്നാക്കേണ്ട കാര്യമേയുള്ളൂ. പക്ഷേ താനീ ചെയ്യുന്ന പുണ്യ പ്രവര്‍ത്തി നാലാളറിയണ്ടേ, അറിഞ്ഞു നാലു തുട്ടു കിട്ടണ്ടേ ? നാളത്തെ പത്രങ്ങളില്‍ "അവുസേപ്പുണ്യാളന്റെ" ദീനദയാലു വാര്‍ത്തകളും കളര്‍ ഫോട്ടോയും അച്ചടിച്ചു വരുന്നത്‌ കണ്ടു ടിയാന്‍ മനപ്പായസമുണ്ടു.

വേഗം തന്നെ ഒരു ഓട്ടോയുമെടുത്ത്‌ മന്‍ജുളാലിനു സമീപമുള്ള ഒരു ഫോട്ടോ സെന്ററില്‍ എത്തി, അവിടത്തെ ഫോട്ടോഗ്രാഫറായ എന്റെ ഒരു കൂട്ടുകാരനേയും വിളിച്ച്‌ റെയില്‍വേ സ്റ്റേഷനിലേക്കു വിട്ടു. അമ്മാമ്മ അവിടെത്തന്നെയിരിപ്പുണ്ട്‌, ഭാഗ്യം.. ചിലപ്പോ അടുത്ത ട്രെയിനിനു തലവക്കാനാവും !

ഫോട്ടോഗ്രാഫറോടു കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കി. ഔസേപ്പ്‌ ട്രാക്കിനരികത്തിരിക്കുന്ന അമ്മാമയുടെ അടുത്തു ചെന്നു അവരെ കൈപിടിച്ചെഴുന്നേല്‍പ്പിക്കുന്നതും ആശ്വസിപ്പിക്കുന്നതുമെല്ലാം, ആരും അറിയാതെ, ട്രാക്കില്‍ തുരുമ്പിച്ചു കിടക്കുന്ന, ചാരിനിന്നാല്‍ തന്നെ സെപ്റ്റിക്കാവാന്‍ സാധ്യതയുള്ള ആ പഴയ ബോഗികളുടെ മറവില്‍ നിന്നു ക്യാമറയില്‍ പകര്‍ത്തണം.

രംഗം റെഡി.. സ്റ്റാര്‍ട്ട്‌-ക്യാമറാ-ആക്ഷന്‍ !

ഔസേപ്പ്‌ നാടകീയമായ ഗാംഭീര്യത്തോടെ അമ്മാമ്മയുടെ അരികത്തേക്ക്‌.. കൈചെയ്യിനും, ജുബ്ബയും, സ്വര്‍ണ്ണ ഫ്രെയിം കണ്ണാടയും വെള്ളാപ്പിള്ളി ലുക്കുമുള്ളൊരുത്തന്‍ തന്റെ അരികിലേക്കു വരുന്നതു കണ്ട അമ്മാമ്മ ഒന്നു പരുങ്ങി, എന്നിട്ട്‌ ഔസേപ്പിനെ ചോദ്യഭാവത്തിലൊന്നു നോക്കി !

"അമ്മാമ്മേ, വാ.. നമ്മക്കു പോവാം" കരുണയും, വാല്‍സല്യവും, ദിനാനുകമ്പയുമെല്ലാം, ഓവര്‍ ഫ്ലോ ആയി കുതിര്‍ന്ന ഡയലോഗ്‌ ഔസേപ്പിന്റെ വായില്‍ നിന്നും പൊഴിഞ്ഞു വീണു.

"എങ്ങട്ട്രിക്കടാ മോനേ " ?
അമ്മാമ്മയുടെ മറുചോദ്യം കേട്ട ഔസേപ്പ്‌ ഒന്നുകൂടി കരുണാഭാവത്തില്‍ ..

"അമ്മാമ്മ വാ, അമ്മാമ്മയേ ഞാന്‍ വല്ല അനാഥമന്ദിരത്തിലും കൊണ്ടാക്കാം"..

" ഒന്നു പോയ്യേര ചെക്കാ, എന്നെ നീ അനാഥ മന്ദിരത്തില്‍ കൊണ്ടന്നാക്ക്യാ, നിന്റപ്പന്‍ വരുമോടാ എന്റെ ആടിനെ ദിവസവും മേയ്ക്കാന്‍? "

85 വയസ്സായ ഈ പേടകത്തില്‍ നിന്നാണോ ഇത്ര ഭീകരമായ പൊട്ടിത്തെറി, റെയില്‍വേ ട്രാക്കുമേട്ടില്‍ ആടു മേയ്‌ക്കാന്‍ വന്ന അമ്മാമയേയാണല്ലോ താന്‍ അനാഥയായി തെറ്റിദ്ധരിച്ചത്‌ എന്നെല്ലാമോര്‍ത്ത്‌ ഔസേപ്പു വണ്ടറടിച്ചു നില്‍ക്കുമ്പോഴേക്കും ചുറ്റുവട്ടത്തുണ്ടായിരുന്ന മൂന്നു നാലു ചുമട്ടു തൊഴിലാളികളും ഓട്ടോ ഡ്രൈവര്‍മാരും കാര്യം തിരക്കി രംഗത്തെത്തി.

അമ്മാമ്മയോടു മാപ്പു പറഞ്ഞു സ്കൂട്ടാവുന്നതാണ്‌ ആരോഗ്യത്തിനു നല്ലതെന്നു മനസ്സിലാക്കിയ ഔസേപ്പ്‌ അവിടെ കൂടിയവരോടു കാര്യം പറഞ്ഞു മനസ്സിലാക്കുമ്പോള്‍, ബോഗിയുടെ മറവില്‍ 30000 രൂപായുടെ ക്യാമറയില്‍ ഈ രംഗം പകര്‍ത്തിയിരുന്ന എന്റെ സുഹൃത്ത്‌ "ടോം & ജെറി" കാര്‍ട്ടൂണിലെ ടോം ജെറിയെപ്പിടിക്കാന്‍ പോകുമ്പോള്‍, ചുമരിനോടു പതിഞ്ഞു പാദപതന ശബ്ദങ്ങളുണ്ടാക്കാതെ നടക്കുന്ന പോലെ ബോഗികളുടെ മറവില്‍കൂടി നടന്നു സ്ഥലം കാലിയാക്കി !

Read more...

ഒരു കോവൈ വീരഗാഥ

Monday, August 14, 2006

വെങ്കിടങ്ങിലേ ഓരോ യുവാവിനേയും പോലെ, കോഴ്സു കഴിഞ്ഞാല്‍ നേരെ ദൂഫായിലോട്ടു പോണം, എന്നായിരുന്നു എന്റേയും ജീവിതാഭിലാഷം.

എന്തെങ്കിലും കൈത്തൊഴിലും, കുറച്ചു പ്രവര്‍ത്തി പരിചയവുമില്ലാതെ ജോലി കിട്ടാന്‍ സാധ്യതയില്ലെന്നു മനസ്സിലാക്കിയതിനാല്‍, കുറാച്ചു കാലം എവിറ്റേയെങ്കിലും ഒരു ജോലി, പേരിനെങ്കിലും വേണമല്ലോയെന്നോര്‍ത്ത്‌, വെറും മൂന്നക്ക ശമ്പളത്തില്‍ തൃശ്ശൂരു തന്നെയുള്ള ചില സ്ഥാപനങ്ങളില്‍ ജോലി നോക്കി.

ആളേം ഇഷ്ടായി, പണീം ഇഷ്ടായി, നാളെത്തൊട്ട്‌ പണിക്കു വരണ്ടാ, എന്നു ചില ദുഷ്ട എംപ്ലോയേഴ്സ്‌ പറഞ്ഞതിനാലും, അതിലുപരി ജോലി സാറ്റിസ്ഫാക്ഷന്‍, ദുട്ട്‌ സാറ്റിസ്ഫാക്ഷന്‍ എന്നിവയില്ലാത്തതിനാലും, വെറും 6 മാസത്തിനുള്ളില്‍ 4 കമ്പനികളില്‍ എസ്‌കിക്യൂട്ടീവ്‌ പോസ്റ്റുകള്‍ ഭാരാവഹിക്കാന്‍ എനിക്ക്‌ അവസരം ലഭിച്ചിരുന്നു. ഈ ഡൈവോഴ്സുകള്‍ക്കെല്ലാം കാരണഭവീകരിച്ചത്‌, രണ്ടു കമ്പനികള്‍ എനിക്കും ഇഷ്ടമായില്ല, മറ്റു രണ്ടു കമ്പനികള്‍ക്ക്‌, എന്നേയും ഇഷ്ടമായില്ല എന്ന സിമ്പിള്‍ റീസണ്‍ ആയിരുന്നു.

കിരീടം സിനിമയില്‍ ജഗതി പറയുംപൊലേ "നമ്മക്കു വല്ല പതിനായിരം രൂഫാ ശമ്പളം വേണം" എന്നായിരുന്നു എന്റെ ഉള്ളിരിപ്പ്‌ എന്നതിനാലും, എന്നൊപ്പോലൊരു "എഫിഷന്റ്‌ ഗൈ " യെ സ്റ്റാഫായിട്ടു കിട്ടാന്‍ അഞ്ചാമത്തെ കമ്പനിക്ക്‌ ഭാഗ്യമില്ലാതിരുന്നതിനാലും, എന്റെ അഞ്ചാം അസൈന്‍മന്റ്‌ കാത്തിരിപ്പ്‌ കോഴിക്കു ബമ്പറു വരുന്ന പോലെ നീണ്ടു നീണ്ടു പോയി.

മൂത്തവനായ ഞാന്‍ പഠിപ്പു കഴിഞ്ഞ ശേഷം ഒരു ചോദ്യചിഹ്നം പോലെ "ഇന്ററസ്റ്റ്‌ ഫ്രീ" ഫിക്സഡ്‌ ഡെപോസിറ്റ്‌ ആയി കിടക്കാന്‍ എന്റെ മാതാപിതാക്കള്‍ക്കു യാതൊരു ഇന്ററസ്റ്റുമില്ലാത്തതിനാല്‍, വരുമാനമൊന്നുമില്ലാതെ വെറുതെ പുട്ടുമടിച്ച്‌, സിനിമയും കണ്ട്‌, കള്ളും കുടിച്ച്‌, വെങ്കിടങ്ങിലെ 15-20 വയസ്സു റെയ്ഞ്ചിലുള്ള പെമ്പിള്ളേരുടെ തന്തമാര്‍ക്ക്‌, സ്ലീപ്‌ലെസ്സ്‌ നൈറ്റ്‌സും സമ്മാനിച്ചു നടന്നിരുന്ന എന്നെ 70 കിലോ തൂക്കമുള്ള ഒരു ബര്‍ഡന്‍ എന്ന രീതിയിലാണോ ഇവര്‍ കണ്ടിരുന്നതെന്നു ചില സന്ദര്‍ഭങ്ങളില്‍ ഞാണ്‍ സംശയിച്ചിട്ടുണ്ട്‌.

ജ്വാലിയില്ലേലും കല്ലി വല്ലി, ഞാന്‍ അന്തസ്സായി തന്നെ ജീവിക്കും എന്നാണ്‌ അന്നത്തെ എന്റെ പോളിസി. പോരാത്തതിനു അമ്മാവന്‍ ദുബായില്‍ നിന്നും വിസിറ്റ്‌ വിസ അയച്ചു തരാമെന്നേറ്റിട്ടുണ്ട്‌. ഗള്‍ഫില്‍ പോയി പതിനായിരങ്ങളും ലക്ഷങ്ങളുമൊക്കെ ശമ്പളം വാങ്ങി ജീവിക്കേണ്ട ഞാന്‍ വെറുതേയെന്തിനീ മൂന്നക്ക ശമ്പളങ്ങളില്‍ ഒതുങ്ങിക്കൂടണമെന്ന ഒരു ചിന്തയും, ഈ അഹന്തക്കു വളക്കൂറേകി.

തുടരേ തുടരേയുള്ള അമ്മയുടെ വിസോദ്യേശപരമായ ഫോണ്‍ വിളികള്‍ക്കൊടുവില്‍, യാതൊരു എക്സ്പീരിയന്‍സുമില്ലാതെ ദുബായില്‍ വന്നാല്‍ ജോലി വാങ്ങിക്കൊടുക്കാന്‍ ദുബായി ഷേക്ക്‌ അങ്ങേരടെ മച്ചമ്പിയല്ലെന്നും, 1 വര്‍ഷം കേരളത്തിനു വെളിയില്‍ എവിടേയെങ്കിലും പോയി, ഭാഷ, പ്രവര്‍ത്തി പരിചയം എന്നിവ മെച്ചപ്പെടുത്തിയാല്‍, അങ്ങേരു പെട്ടെന്നു തന്നെ വിസ അയച്ചു തരുമെന്നുമുള്ള അമ്മാവന്റെ പ്രസ്താവന വന്നു. ഒരു വര്‍ഷത്തേക്ക്‌ ഇനി മനസ്സമാധാനം കിട്ടുമല്ലോയെന്നോര്‍ത്ത്‌ അങ്ങേര്‍ക്കു സമാധാനം.. ഒരു വര്‍ഷം കഴിഞ്ഞാലെങ്കിലും മോനു വിസ കിട്ടുമല്ലോയെന്നോര്‍ത്ത്‌ അമ്മക്കും സമാധാനം.

എന്നെ കേരളത്തിനു വെളിയിലേക്കു പാക്കു ചെയ്യാനായി അമ്മയുടെ അടുത്ത ശ്രമം. എനിക്കാണെങ്കില്‍ പുറത്തൊന്നും പോയി ജോലി ചെയ്യാനൊന്നും താല്‍പര്യമില്ല. സഹപാഠികല്‍ ചിലര്‍, ബോംബേ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കു ക്ഷണിച്ചെങ്കിലും, ഞാനാ ഓഫറുകളൊക്കെ നിരസിച്ചു.

അക്കാലത്താണ്‌ "ഉണ്ണികൃഷ്ണന്‍" എന്ന ഒറിജിനല്‍ പേരും, കുട്ടന്‍ എന്ന വിളിപ്പേരുമുള്ള, ഒരു ബന്ധു നാട്ടില്‍ വരുന്നത്‌. അമ്മയുടെ അനിയന്‍ പരിവേഷമുള്ള ഈ കസിനു, അമ്മയേയും അമ്മൂമ്മയേയുമൊക്കെ ഭയങ്കര സ്നേഹവും ബഹുമാനവുമായിരുന്നു.

കൊയമ്പത്തൂരില്‍ മേട്ടുപ്പാളയം അടുത്ത്‌ ഭാര്യയും രണ്ടു പിള്ളാരുമായി ജീവിക്കുന്ന ഇദ്ദേഹം, 1-2 കൊല്ലം കൂടുമ്പോള്‍, നാടിന്റെ നൊസ്റ്റാള്‍ജിക്‌ ഓര്‍മകള്‍, അയവെട്ടാന്‍, ഒന്നോ രണ്ടോ ദിവസത്തേക്ക്‌ കേരളത്തില്‍ അവതരിക്കയും, അമ്മാവന്റെ വീട്‌, എന്റെ വീട്‌ എന്നിവിടങ്ങളിലൊക്കെ ഒരു മിന്നല്‍ സന്ദര്‍ശനം നടത്തുകയും ചെയ്യും.

ഇടക്കൊക്കെ കുട്ടേട്ടനും ഫാമിലിയും വീട്ടില്‍ വരാറുണ്ടെങ്കിലും, ഞാന്‍ ഒന്നോ രണ്ടോ തവണ മാത്രമേ പുള്ളിയെ കണ്ടിട്ടുള്ളൂ. വീട്ടില്‍ വരുന്ന അണ്ടനും അടകോടനേയുമൊക്കെയായി സംസാരിച്ചിരിക്കാന്‍ നമ്മക്കു നേരമുണ്ടോ, ബിസിയല്ലേ.

കുട്ടേട്ടനും, പുള്ളിയുടേ മാതാപിതാക്കളൂം, സഹോദരങ്ങളുമെല്ലാം, 40 വര്‍ഷങ്ങളോളമായി തമിഴ്‌നാട്ടില്‍ താമസിക്കുന്നമൂലം, ഇവരുടേത്‌ തമിഴിനു ആധിപത്യമുള്ളൊരു മലയാളമായിരുന്നു. എനിക്കു തമിഴ്‌ അറിയില്ല, അറിയുന്ന രണ്ടു വാക്കുകള്‍ ഇവിടെ പറയാന്‍ കൊള്ളില്ല, പിന്നെ ചേട്ടന്‍ പൊസിഷനിലുള്ള അങ്ങേരെ എങ്ങനെ ആ രണ്ടു വാക്കുകള്‍ വിളിച്ചു സംബോധന ചെയ്യും, എന്നീ മള്‍ട്ടിപ്പിള്‍ കണ്‍ഫൈയൂഷന്‍സ്‌ മൂലം, ഇവരു വീട്ടില്‍ വന്നാലും ഞാന്‍ അധികം സംസാരിക്കാറില്ല. അല്ലേലും, വരുന്നവര്‍ പിരിവുകാരോ, ധര്‍മക്കാരോ, ആരുമാവട്ടെ, വീട്ടില്‍ വരുന്നവരെ തെറി പറയുന്ന സ്വഭാവം ഞങ്ങടെ തറവാട്ടില്‍ പണ്ടേയില്ല.

അങ്ങനെ, ഞാന്‍ വീട്ടിലുള്ളൊരു ദിവസം, കുട്ടേട്ടന്‍ വന്നപ്പോള്‍ അമ്മ എന്റെ കാര്യം സൂചിപ്പിച്ചു. "ഇതാണോ ഇത്തറ വെല്യ കാര്യം ചേച്ചീ, ദിപ്പ ശെര്യാക്കിത്തരാം" എന്നു പപ്പു ടോണില്‍ പറഞ്ഞ്‌, എന്റെ ഇനിയുള്ള ഭാവിയുടേ ഉത്തരവാദിത്വം എന്ന വേതാളത്തെ, കുട്ടേട്ട വിക്രമാദിത്യന്‍ എടുത്തു തോളീക്കേറ്റി. പാവം, എന്നെ ശെരിക്കറിയുമായിരുന്നെങ്കില്‍, വല്ലപ്പോഴുമുള്ള ആ നോസ്റ്റാല്‍ജിക്‌ വിസിറ്റുകള്‍ തന്നെ എന്നെന്നേക്കുമായി അങ്ങേരു നിര്‍ത്തിയേനേ.

അങ്ങനെ, മാതാപിതാക്കള്‍ക്ക്‌ പ്രതീക്ഷയും, കുറച്ചു വിരഹദുഖവും, വലിയൊരാശ്വാസവും, പിന്നെ നാട്ടിലെ ചില തരുണീ മണികള്‍ക്ക്‌ നിരാശയും, മറ്റു ചിലര്‍ക്കു സന്തോഷവും നല്‍കിക്കൊണ്ട്‌, അടുത്തമാസം തന്നെ കോവൈയിലേക്ക്‌ ഞാണ്‍ വണ്ടികയറി. കഴിഞ്ഞ 4 കൊല്ലമായ്യി സന്തത സഹചാരിയായിരുന്ന എന്റെ "യെദ്‌സി" റോഡ്‌ കിങ്ങിനെ കൂടി കൊണ്ടുപോകണമെന്നാഗ്രഹമുണ്ടായിരുന്നെങ്കിലും, പിതാശ്രീ നിഷ്കരുണം ആ അപേക്ഷ തള്ളി.

ഞാന്‍ പോയി ദിവസങ്ങള്‍ക്കകം അച്ഛന്‍ ആ ബൈക്ക്‌ വിറ്റതറിഞ്ഞപ്പോള്‍, കോവൈയിലെ രണ്ടാമത്തെ ഇന്റര്‍വ്യൂവും ഫെയിലായി കുട്ടേട്ട ഭവനത്തിലോട്ടുള്ള മടക്കയാത്രയില്‍ ഗാന്ധിപുരം ബസ്റ്റാന്‍ഡില്‍ "അണ്ണാദുരൈ" ടീസ്റ്റാളില്‍ കുറെ അണ്ണാച്ചിമാരുടെയിടയിലിരുന്നു തേങ്ങാ ബണ്ണു കഴിച്ചു കൊണ്ടിരുന്ന എന്റെ കണ്ണില്‍ നിന്നും ധാര ധാരയായി കണ്ണീരൊഴുകി.. ബണ്ണു നനഞ്ഞു.

ഒരു മാസത്തിനകം, 5-6 ഇന്റര്‍വ്യൂകള്‍ ഒപ്പിച്ചെങ്കിലും, ഒരു മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്റിങ്ങിലെത്താന്‍, എനിക്കും ആ കമ്പനികളിലൊന്നിനും സാധിക്കാത്തതിനാല്‍, തൊഴിലില്ലായ്മാ വേതനം ലഭിക്കാത്തൊരു തൊഴിലില്ലാത്തവനായി ഞാന്‍ കോവൈ തെരുവുകളില്‍ അലഞ്ഞു നടന്നു.

ഇതിനിടക്കു, തമിഴ്‌ എഴുതാനും, വായിക്കാനും പഠിച്ചുവെങ്കിലും, പദസമ്പത്തില്ലാത്തതിനാല്‍, എന്റെ തമിഴ്‌ പേച്ച്‌, ഇറ്റലിക്കാരന്‍ ചൈനീസ്‌ പറയുന്ന പോലെയായിരുന്നു. എന്നിരിക്കിലും, സി.വി. യില്‍ ലാന്‍ഗ്വേജസ്‌ നോണ്‍ എന്നതിനു നേരെ ഇംഗ്ലീഷ്‌, മലയാളം, എന്നിവക്കൊരു കമ്പനിയായി "തമിള്‍" എന്നു കൂടി ഞാന്‍ കൂട്ടിച്ചേര്‍ത്തു.

ഒന്നര മാസം കഴിഞ്ഞിട്ടും, ജോലിയൊന്നുമാവാത്തതില്‍, എനിക്കുള്ളതിനേക്കാള്‍ ദുഖം കുട്ടേട്ടനാണെന്നു തോന്നിത്തുടങ്ങി. ഒരു മുറിയും, ഹാളുമുള്ള ആ കൊച്ചു വീട്ടില്‍, അവരുടേ രണ്ടാമ്പിള്ളാരുടേ കൂടെ ക്രിക്കറ്റും കളിച്ച്‌ നടക്കുന്ന എന്നെക്കാണുമ്പോള്‍, വഴിയേ പോയ വയ്യാവേലിയെടുത്ത്‌, തലയില്‍ കയറ്റിയ നിരാശയിലും, പല ദിനചര്യകളും മുടങ്ങുന്ന സങ്കടത്തിലും, ജോലിയൊന്നുമാവാതെ എങ്ങനെ എന്നോടു മാറിത്താമസിക്കാന്‍ പറയും എന്നെല്ലാമോര്‍ത്തും കുട്ടേട്ടന്‍ നെടുവീര്‍പ്പിട്ടു.

അവസാനം, കോവൈയിലെ സിത്താപുതൂരുള്ള ഒരു കമ്പനിയില്‍, ചെറിയൊരു റെക്കമെന്റേഷന്‍ മൂലം ഒരു ജോലി ശെരിയായി. നാലക്ക ശമ്പളമാണല്ലോ എന്നൊക്കെയുള്ള ചിന്തയാല്‍, ഞാനതിനു സമ്മതിച്ചു, ആക്ച്വല്‍ ശമ്പളം ഏറ്റവും ചെറിയ നാലക്കമായിരുന്നിട്ടു കൂടി. 1000 രൂപാ മന്ത്‌ലി. "കുട്ടേട്ടനോട്‌" അഭിപ്രായം ചോദിച്ചപ്പോ, അതിനു തന്നെ ചേരാന്‍ പുള്ളിയും നിര്‍ബന്ധിച്ചു. തലയില്‍ കയറിയ ഞാനെന്ന വയ്യാവേലി എങ്ങനേലുമൊന്നു താഴേക്കിറക്കാന്‍ നോക്കിയിരിക്കയല്ലായിരുന്നോ പുള്ളീ?

അങ്ങനെ, ആ കമ്പനിയില്‍ "ട്രെയിനി സര്‍വീസ്‌ എന്‍ജിനീയര്‍" കയറുകയും അതേ കമ്പനിയില്‍ തന്നെയുള്ള 3 പേര്‍ താമസിക്കുന്ന, ഓഫീസിനടുത്തു തന്നെയുള്ള കൊച്ചു വീട്ടിലേക്ക്‌ നാലാമനായി ഞാന്‍ ഗൃഹപ്രവേശം ചെയ്തു.

ചിറ്റൂര്‍ സ്വദേശി ബാബു, കണ്ണൂര്‍ക്കാരന്‍ ഗിരീഷ്‌, പിന്നെ, തൂത്തുക്കുടി സ്വദേശി സിങ്കരായന്‍ എന്നിവരാണ്‌ റൂം മേറ്റ്‌സ്‌. മൂന്നുപേരും ഒന്നിനൊന്നു മെച്ചപ്പെട്ട വില്ലന്മാരായതിനാലും, എന്റെ അതേ ടൈപ്പായതിനാലും, ഞങ്ങള്‍ പെട്ടെന്നുതന്നെ ക്ലോസ്‌ ഗെഡികളായിത്തീര്‍ന്നു. കൂട്ടത്തില്‍ ഏറ്റവും രസികന്‍ ശിങ്കരായനായിരുന്നു, ആത്മാര്‍ഥതയുടെ കാര്യത്തില്‍ 100% ആയതിനാല്‍, എനിക്കും അവനെ ഭയങ്കര കാര്യം. സ്നേഹപൂര്‍വം ഞങ്ങളവനെ ശിങ്കന്‍, ശിങ്കു എന്നൊക്കെ വിളിച്ചു പോന്നു.

400 രൂപാ തമസത്തിനും, 500 രൂപാ ഭക്ഷണത്തിനും, 300 രൂപാ അല്ലറ ചില്ലറകള്‍ക്കായും ആവശ്യമുണ്ടായിരുന്നതിനാലും, കമ്പനി ശമ്പളത്താല്‍ ഇതു തികയില്ലെന്നതിനാലും, വെറും 120 കി.മി അകലെ കിടക്കുന്ന എന്റെ സ്വന്തം വീട്ടിലേക്ക്‌, 2 ആഴ്ച കൂടുമ്പോള്‍ ഞാന്‍ പോകുമായിരുന്നു. അച്ഛന്റെ കയ്യില്‍ നിന്നും ചിലവു കാശു മേടിക്കുക എന്നതാണു മെയി ലഷ്യമെങ്കിലും, "നിങ്ങളേയൊക്കെക്കാണാതെ എങ്ങനെ രണ്ടാഴ്ച" എന്നീ സെന്റി നമ്പറുകളിട്ട്‌ അമ്മയെ തെറ്റിദ്ധരിപ്പിക്കയും ചെയ്തിരുന്നു.

എന്റെ ഓഫീസില്‍ ഒരു ലേഡി സെയില്‍സ്‌ കോര്‍ഡിനേറ്ററുണ്ട്‌. പേരു പ്രിയ. വളരേ ഫ്രണ്ട്‌ലിയും നല്ലൊരു തന്റേടിയുമായിരുന്ന പ്രിയ കാഴ്ചയില്‍ അതി സുന്ദരിയൊന്നുമല്ലെങ്കിലും, ഒന്നാഞ്ഞു പിടിച്ചാല്‍, മോഡറേഷനോടെ "കിളി ഗ്രേഡ്‌ ബി" ഗണത്തില്‍ പെടുത്താവുന്നതാണു. ആഷ്പൂഷ്‌ ഇംഗ്ലീഷ്‌ സംസാരിക്കുന്ന അവളോട്‌ ഞാന്‍ അധികം സംസാരിക്കാറില്ലെങ്കിലും, മെല്ലെ മെല്ലെ, ഏതു കാണാന്‍ കൊള്ളാവുന്ന പെങ്കൊച്ചിനെക്കണ്ടാലും എന്നില്‍, സ്പോണ്ടേനിയസായി പൊട്ടിമുളക്കാറുള്ള ആ ആത്മാര്‍ഥപ്രേമം, ലവളോടും എനിക്കു തോന്നിത്തുടങ്ങി. മുറി ഇംഗ്ലീഷും, മുറിത്തമിഴുമായി ഞങ്ങള്‍ തമ്മിലുണ്ടായിരുന്ന ആ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ്‌ നീക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. മനസ്സു തുറക്കുന്നത്‌ ലവളുടെ മാതൃഭാഷയില്‍ തന്നെയാവണം എന്ന ചിന്തയാല്‍, എന്റെ തമിഴ്‌ ഒന്നു മെച്ചപ്പെടുത്താന്‍, തമിഴ്‌ പേപ്പറുകള്‍ വായനയും തുടങ്ങുകയും തമിഴിലെ റൊമാന്റിക്‌ വാക്കുകള്‍ ശിങ്കരായനോടു ചോദിച്ചു മനസ്സിലാക്കി. നല്ലൊരവസരത്തിനായി ഞാന്‍ കാത്തിരുന്നു.

പണ്ടു മുതലേ പെന്‍സില്‍ ഡ്രോയിങ്ങ്‌, കാര്‍ട്ടൂണ്‍ എന്നിവകളിലൊക്കെ പങ്കെടുത്തിരുന്നതിനാല്‍ എന്റെ ഹാന്‍ഡ്‌റൈറ്റിങ്ങ്‌ തരക്കേടില്ലാത്തതായിരുന്നു. ശിങ്കരായനും ബാബുവുമൊക്കെ, എന്റെ എഴുത്തു കണ്ടു പലപ്പോഴും പറയാറുണ്ട്‌ എന്റേതു നല്ല വടിവൊത്ത എഴുത്താണെന്ന്.

ഒരു ദിവസം ഒരു ഹാഫ്‌ ബോട്ടിലുമായി കേറി വന്ന ശിങ്കന്‍ എന്നോടൊരു സഹായമഭ്യര്‍ത്ഥിച്ചു. അവനു നല്ല കയ്യക്ഷരത്തില്‍, ഒരു ലൗ ലെറ്റര്‍ എഴുതിക്കൊടുക്കണമെന്നു. അവന്റെ പ്രണയിനിക്കു കൊടുക്കാന്‍. അവന്‍ എഴുതിയാല്‍, അവളതു വലിച്ചു കീറിക്കളയും, അത്ര മനോഹരമാണവന്റെ ഹാന്‍ഡ്‌ റൈറ്റിങ്ങ്‌.

അവന്‍ പറഞ്ഞു തരുന്ന വാക്കുകള്‍, ഞാന്‍ വെറുതേ എഴുതിക്കൊടുത്താല്‍ മതി. ഓക്കേ, രണ്ടെണ്ണം വിട്ടശേഷം, പേനയും പേപ്പറുമെടുത്ത്‌ ഞാന്‍ എഴുത്തിനിരുന്നു. ഒരു നിമിഷത്തെ ആലോചനക്കു ശേഷം അവന്റെ വായില്‍ നിന്നും വന്ന ആദ്യ വാക്കു കേട്ട എന്റെ തലക്കകത്ത്‌ പടക്കം പൊട്ടീ.

"എന്‍ ഉയിരിന്‍ ഉയിരായ പ്രിയക്ക്‌..."

അന്തം വിട്ട്‌ ഒന്നുമെഴുതാതെ വായും പൊളീച്ചിരിക്കുന്ന എന്റെ നേരെ നോക്കി അവന്‍ ചോദിച്ചു.." ഏന്‍ഡാ പ്രച്ചനം?"

യേതു പ്രിയാവാഡേയ്‌ ഇത്‌ എന്ന എന്റെ ചോദ്യത്തിനു ഉടന്‍ മറുപടി " ആമാണ്ടാ, നമ്മ പ്രിയാ താന്‍.. എനക്ക്‌ അവളെ റൊമ്പ പുടിച്ചിരുക്ക്‌.."

തൃശങ്കു സ്വര്‍ഗത്തിലായി ഞാന്‍. ഇനി അവന്‍ പറയുന്ന പോലെഴുതിക്കൊടുത്തില്ലെങ്കില്‍, ഞങ്ങളു തമ്മില്‍ പിണങ്ങും, എഴുതിക്കൊടുത്താല്‍, എന്റെ ദൈവമേ... ആകെ ഗുലുമാലായല്ലോ !

ഒരു നിമിഷം ചിന്തിച്ച ഞാനെഴുതാന്‍ തന്നെ തീരുമാനിച്ചു. ഇവന്‍ ഒരു കടിതം കൊടുത്തതുകൊണ്ട്‌ അവളങ്ങു വീണുപോകുകയൊന്നുമില്ലല്ലോ? ഇവന്റെ ആ ട്രഡീഷണല്‍ ഗ്യാരണ്ടീ കളറില്‍, അവള്‍ വീണില്ലെങ്കിലോ ?

അങ്ങനെ, കൂട്ടുകാരനുവേണ്ടി, പ്രേമഭാജനത്തിനു ലൗ ലെറ്റര്‍ എഴുതുന്ന ആ വികാരഭരിത രംഗത്തിനു ആ പത്തേ ബൈ പത്ത്‌ അടി റൂമും, തീരാറായ കള്ളിന്‍ കുപ്പിയും സാക്ഷ്യം വഹിച്ചു.

തികട്ടി വന്ന ദുഖം കടിച്ച്മര്‍ത്തിക്കൊണ്ട്‌ ആ ലെറ്റര്‍ എഴുതുന്നതിനിടയില്‍, സുഹൃത്തിനു വേണ്ടി കാമുകിയെ ത്യജിച്ച , സത്യന്‍, നസീര്‍, ജയന്‍, ഉമ്മര്‍, രതീഷ്‌, വിന്‍സന്റ്‌, രാഘവന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, തുടങ്ങിയ പ്രശസ്ത മലയാള സിനിമാ നിരാശാ കാമുകന്മാരുടേ മുഖങ്ങളും, ആ സിനിമാ രംഗങ്ങളും എന്റെ തലയില്‍ ഫ്ലാഷ്‌ ബാക്കുകള്‍ കളിച്ചു. രണ്ടു തുള്ളി കണ്ണൂ നീര്‍ത്തുള്ളികള്‍ ആ പ്രണയ കടിതത്തില്‍ വീണോ ആവോ ?

"മംഗളം നേരുന്നു ഞാന്‍, എന്നും മനസ്സില്‍ പാടിക്കൊണ്ട്‌, ശിങ്കരായന്റെ വാക്കുകള്‍ക്കനുസരിച്ച്‌ എന്റെ പേന ചലിച്ചു.

" മറുപടി പ്രതീക്ഷിച്ചുകൊണ്ട്‌ നിന്റെ സ്വന്തം ..." എന്നെഴുതുതിക്കൊടുത്തതും ശിങ്കന്‍,അതു മടക്കി ചെറിയൊരു കവറിലിട്ടു. ശേഷം സ്മാളടി കര്‍മ്മം ഞങ്ങള്‍ ‍പൂര്ത്തീകരിച്ചു.

രണ്ടു ദിവസത്തിനു ശേഷം ജോലികഴിഞ്ഞ്‌ റൂമിലെത്തിയ ഞാന്‍ ,ആകെ ശൊകമൂകനായിരിക്കുന്ന ശിങ്കനേയാണൂ കണ്ടത്‌. തൊട്ടടുത്ത കട്ടിലില്‍ ബാബുകിടപ്പുണ്ട്‌. ഞാന്‍ റൂമില്‍ കയറിയതും,ഹ ഹ ഹ എന്നു പൊട്ടിച്ചിരിച്ചുകൊണ്ട്‌ ബാബു കട്ടിലില്‍ നിന്നും എഴുന്നേറ്റു. ഇതും കൂടിയായതോടെ, ശിങ്കന്‍ ചാടിയെഴുന്നേറ്റ്‌ എന്റെ കോളറിനു കയ്യറിപ്പിടിച്ച്‌, കടിച്ചാല്‍ പൊട്ടാത്ത കുറേ തെറികളും, പിന്നെ, ഇതേ വരെ കേട്ടിട്ടില്ലാത്ത കുറേ ചെന്തമിഴ്‌ പദങ്ങളും എന്നില്‍ വര്‍ഷിക്കയും, ഒരു ഷര്‍ട്ടുമെടുത്തിട്ട്‌ കലിപ്പില്‍ പുറത്തേക്കിറങ്ങിപ്പോകയും ചെയ്തു.

എന്നും മനസ്സിലാവാതെ പന്തം കണ്ട പെരുച്ചാഴി പോലെ നിന്ന എന്നോട്‌ കാര്യങ്ങളുടെ കിടപ്പ്‌ ബാബു പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ ഞാന്‍ ഞെട്ടിയോ, അതോ ചിരിച്ചോ!

ഞാനെഴുതിക്കൊടുത്ത പ്രേമലേഖനം അന്നു രാവിലെ ശിങ്കന്‍ പ്രിയക്കു കൊടുത്തത്രേ. കടിതം വായിച്ചു നോക്കിയശേഷം അവള്‍ ശിങ്കനോടു പറഞ്ഞു .. "ഇതിന്റെ മറുപടി ഇടിവാളിനോടു പറയാം"

അതെന്തിനാ ഇടിവാളിനോടു പറയുന്നേ, എന്നു തെരക്കിയ ശിങ്കനു നേരേ, പ്രിയ ആ കടിതം തിരിച്ചു കൊടുത്തു, മുഴുവനും വായിക്കാന്‍ പറഞ്ഞു.

കടിതം മുഴുവന്‍ വായിച്ച ശിങ്കന്‍, ഏറ്റവും അവസാനത്തെ വാക്കു കണ്ടു ഞെട്ടി !

"മറുപടി പ്രതീക്ഷിച്ചുകൊണ്ട്‌ നിന്റെ സ്വന്തം ശിങ്കരായന്‍".. എന്നുള്ളതിനു പകരം...

"മറുപടി പ്രതീക്ഷിച്ചുകൊണ്ട്‌ നിന്റെ സ്വന്തം ഇടിവാള്‍" എന്നാണെഴുതിയിരിക്കുന്നത്‌ !

എല്ലാ എഴുത്തിനു ശേഷവും പേരുവക്കുന്നതൊരു ശീലമായതിനാലും, അപ്പോഴത്തെ ആ മാനസികാവസ്ഥയില്‍ അറിയാതെ വന്നൊരു തെറ്റാണെന്നു എത്ര തവണ ആണയിട്ടു പറഞ്ഞിട്ടും, ശിങ്കരായന്‍ എന്നെ വിശ്വസിച്ചില്ല.

"പ്രേമക്കളരിയില്‍, ലൗ ലെറ്ററെഴുതാന്‍ ചോദിച്ചപ്പോള്‍, പേരു മാറ്റിയെഴുതിയവന്‍ ചതിയന്‍ ഇടിവാള്‍, എന്ന തെറ്റിദ്ധാരണയില്‍ തമിഴ്‌നാട്ടിലെ ഏതോ പട്ടണത്തില്‍ ആ ചീറ്റിപ്പോയ കടിത സ്മരണകളും അയവിറക്കി ജീവിക്കാന്‍, ശിങ്കന്റെ ജീവിതം ഇനിയും ബാക്കി !

Read more...

ഞാന്‍ ജെന്റില്‍ മാന്‍

Sunday, August 06, 2006

ചെറിയൊരു മുന്‍വിധിയോടെ തുടങ്ങാം.

ബംഗ്ലാദേശികളെ കാണൂമ്പോള്‍ എനിക്കു ഭയങ്കര ആദരവു തോന്നും, അവരോടല്ല, ദൈവത്തോട്‌, ദൈവത്തിന്റെ വികൃതികളോട്‌.

തൊട്ടടുത്തു കിടക്കുന്ന ഇന്ത്യന്‍ ബംഗാളിലെ ആള്‍ക്കാരേക്കാള്‍ എത്ര ഭിന്നര്‍. ഇത്രടുത്തു കിടന്നിട്ടു കൂടി ഇത്ര വ്യത്യാസത്തിലുള്ള മനുഷ്യരെ പടച്ചുണ്ടാക്കിയല്ലോ.

ഗള്‍ഫില്‍ ബംഗ്ലാദേശി പൌരന്മാര്‍ ജെനറലായി അറിയപ്പെടുന്നത്‌ ബെങ്കാളീ, അല്ലെങ്കില്‍ ബൊങ്കാളീ എന്നാണ്‌. ഇവരെ ഇന്ത്യന്‍ ബംഗാളികളുമായി താരതമ്യപ്പെടുത്തുന്നത്‌, ജോണിവാക്കറും ആനമയക്കിയും കമ്പയര്‍ ചെയ്ത പോലിരിക്കും.

ഫസ്റ്റ്‌ ഇമ്പ്രഷന്‍ ഇസ്‌ ദ ബെസ്റ്റ്‌ ഇമ്പ്രഷന്‍ എന്നല്ല്യോ, എന്നില്‍ ഫസ്റ്റ്‌ ഇമ്പ്രഷനടിച്ച ബെങ്കാളി,( 1995 ല്‍ എന്റെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഒരു കാസിം) മണ്ടശിരോമണികളുടേ അന്താരാഷ്ട്ര പ്രസിഡന്റ്‌ ആയതിനാലാവണം, ലവന്മാരെക്കണ്ടാല്‍, എനിക്കൊരു വേസ്റ്റ്‌ ഇമ്പ്രഷനാ.

ഇവരുടെ ഒരു പ്രത്യേക ആക്സന്റിലുള്ള ഹിന്ദി പറച്ചിലുണ്ട്‌! അവരു ഉദ്ദേശിച്ചതെന്താണെന്നു നമ്മള്‍ ഊഹിച്ചു കണ്ടു പിടിച്ചോളണം. ഒരു ഉദാഹരണം.

ബങ്കാളീ: "മേരാ ഭായി ആസ്മാന്‍ മേ ദുനിയാ ബേച്‌താ ഹേ!“ ( അവന്റെ സഹോദരനു ആകാശത്തില്‍ ഭൂമി കച്ചവടമാണെന്ന്‌. ദുബായിക്കാരല്ലാത്തവര്‍ ഞെട്ടിയോ ?)

അവന്‍ ഉദ്ദേശിച്ചത്‌ " മേരാ ഭായി അജ്‌മാന്‍ മേം ദാനിയ ബേച്‌താ ഹേ ( അവന്റെ സഹോദരനു ഷാര്‍ജക്കടുത്തുള്ള അജ്‌മാനില്‍, ധാന്യക്കച്ചവടമാണെന്ന്!)

വൃത്തിയുടേ കാര്യത്തില്‍ ഇവന്മാര്‍ പട്ടാണികളുടെ സഹയാത്രികര്‍. കുളി പല്ലു തേപ്പ്‌, എന്നി ദിനചര്യകളുടെ കാര്യങ്ങളില്‍ ഇവരുടെ "ഒരു ദിവസം" എന്നത്‌ 240 മണിക്കൂറാണ്‌.

*******************************************

കുഞ്ഞുങ്ങളേയുമെടുത്ത്‌ തോളിലിട്ട്‌ കാറിനരികിലേക്കു നടാക്കുന്നതോടേ, ഭാര്യക്കു കൂടി ജോലിയുള്ള ഒരു ആവറേജ്‌ ഗള്‍ഫുകാരന്റെ "ഡേ" ആരംഭിക്കയായി.

കാറില്‍ കയറി സ്റ്റാര്‍ട്ടു ചെയ്യാന്‍ ശ്രമിച്ചപ്പോഴാ മനസ്സിലായത്‌, ബാറ്ററി ഡൌണ്‍ ആണെന്ന്. നോക്കിയപ്പോള്‍ മനസ്സിലായി, തലേന്നു കാര്‍ പാര്‍ക്കു ചെയ്ത്‌ പോയപ്പോള്‍, പാര്‍ക്ക്‌ ലൈറ്റ്‌ ഓഫ്‌ ചെയ്യാന്‍ മറന്നു പോയതാണു കാരണം.

കുട്ടികളെ കാറിലിരുത്തി പുറത്തോട്ടിറങ്ങിയപ്പോഴാ, ദൈവദൂതന്‍ പോലെ, ഷാജു വരുന്ന കണ്ടത്‌. ബൂസ്റ്റര്‍ കേബിള്‍ ഉണ്ടായിരുന്നതിനാല്‍ പെട്ടെന്നു തന്നെ ഷാജുവിന്റെ കാര്‍ കൊണ്ടുവന്ന് ആ ബാറ്ററിയുപയോഗിച്ച്‌ എന്റേതു സ്റ്റാര്‍ട്ടാക്കി. രാവിലെ 7.30 നുള്ള ഹുമിഡിറ്റിയില്‍ വിയര്‍ത്തൊരു പരുവത്തിലായെങ്കിലും, ഷാജുവിനോടൊരു നന്ദിയും പറഞ്ഞു പെട്ടെന്നു സ്ഥലം വിട്ടൂ.

നഷ്ടമായ 15 മിനുട്ടിനെയോര്‍ത്ത്‌, നല്ല സ്പീഡില്‍ തന്നേയാണൂ കാറോടിച്ചത്‌. കുട്ടികളെ ഡേ കെയറിലാക്കി, ഭാര്യയെ അവളുടെ ഓഫീസിന്റെ മുന്നിലെ ബസ്റ്റോപ്പില്‍ ഇറക്കാന്‍ കാര്‍ നിര്‍ത്തി.

പുറകിലെ സീറ്റിലിരുന്ന ഭാര്യ ഇറങ്ങി ഡോര്‍ അടച്ചതും, മുന്നിലെ വാതില്‍ തുടന്ന് ഒരു ബംഗാളി കയറി മുന്‍ സീറ്റിലിരുന്നതു കണ്ട്‌ ഞാനവനെയൊന്നു തറപ്പിച്ചു നോക്കി. ചുള്ളന്റെ കയ്യില്‍ 2-3 പോളീത്തീന്‍ ബാഗുമുണ്ട്‌. ഫിഷ് മാര്‍ക്കറ്റില്‍ നിന്നും മീനും വാങ്ങിയുള്ള വരവാണെന്നു തോന്നുന്നു.

കയറിയിരുന്നതും, ഹോ, എന്നൊരു നെടുവീര്‍പ്പിട്ട്‌ അവന്‍ കാറിലെ എ.സി. മാക്സിമത്തിലിട്ടൂ, എന്നിട്ട്‌ "എന്തോരു ചൂട്‌ അല്ലേ ഗെഡീ" എന്ന ഭാവത്തില്‍ എന്നെയൊന്നു നോക്കി പറഞ്ഞു.. "അസ്സലാമലൈക്കും"

കാഴ്ചയില്‍ മാസങ്ങളായി പല്ലുതേപ്പും കുളിയൊന്നുമില്ലെന്നു തോന്നിപ്പിക്കുന്ന അവന്‍ വായതുറന്നതോടെ, ട്രാന്‍സ്പോറ്ട്ടു ബസ്റ്റാന്റിലെ കക്കൂസില്‍ കയറിയ പോലൊരു വൃത്തികെട്ടൊരു രൂക്ഷ ഗന്ധം കാറിനകത്തു വ്യാപിച്ചു. "എന്നെക്കൊണ്ടിതിനെ തോല്‍പ്പിക്കാന്‍ വയ്യേ" എന്നും പറഞ്ഞ്‌ കാറിനകത്ത്‌ അടിച്ചിരുന്ന "അജ്‌മല്‍" എയര്‍ ഫ്രഷ്‌നറിന്റെ സുഗന്ധം എവിടയോ പോയൊളിച്ചു.

മൂക്കും വായയും ഒരുമിച്ചു പൊത്തിയാല്‍, ശ്വാസം മുട്ടുമല്ലോയെന്ന കാരണത്താല്‍ ഞാന്‍ വിന്‍ഡ്‌ഷീ‌ല്‍‍ഡു തുറന്നു പുറത്തോട്ടു തലയിട്ട്‌ കുറച്ചു ശുദ്ധവായു ശ്വസിച്ചു.

ഒരല്‍പമാശ്വാസം കിട്ടിയ ശേഷം തല തിരിച്ച്‌ ബൊംഗാളിയെ നോക്കി കലിപ്പില്‍ ഞാന്‍ ചോദിച്ചു ! "ക്യാ.. ?"

"ദുബൈ ജാനേകാ.." വായ തുറന്ന് അവന്റെ മറുപടി..

എന്റെ തല വീണ്ടും പുറത്തേക്ക്‌, ശ്വാസം വലിക്കാനായി...

ഇതിനിടക്ക്‌, ഭക്തിഗാനത്തിന്റെ സീഡി മാറ്റി അവന്‍ "ഹം" എഫ്‌.എം ചാനലിലെ ഹിന്ദി ഗാനം ആസ്വദിച്ചു തുടങ്ങി. ഇതുകൂടി കണ്ടപ്പോള്‍, എന്റെ പെരു വിരലില്‍ നിന്നും ഒരു തരിപ്പ്‌ കയറിത്തുടങ്ങി.

ടാക്സിയാണെന്നു കരുതിയാണ് ചുള്ളന്‍ കയറിയത്‌ എന്നെനിക്കു മനസ്സിലായി. ദുബായിലെ "നാഷണല്‍ ടാക്സി" കമ്പനി എന്റേതു പോലുള്ള മോണ്‍ഡിയോ കാറുകള്‍, അതും അതേ സില്‍വര്‍ നിറത്തില്‍, നിരത്തിലിറക്കിയിട്ടുണ്ട്‌. തെറ്റിദ്ധരിച്ചതാവും പാവം ബൊങ്കാളി എന്നു കരുതി ഞാന്‍ അവനോടു പറഞ്ഞു, അറിയാവുന്ന ഹിന്ദി വാക്കുകളെല്ലാം കൂട്ടിച്ചേര്‍ത്ത്‌.."ഭായി.. യേ ടാക്സി നഹീ ഹേ.."...

അവന്റെ മറുപടി പെട്ടെന്നു തന്നെ വന്നൂ,
"മുശ്‌കില്‍ നഹീ, തും മേരേ കോ ദുബായി മേം ഛോടോ.. പാംച്‌ ദിര്‍ഹം ദിയേഗാ"

അതു കേട്ടതോടേ ഞാന്‍ കലിപ്പിന്റെ പരമോന്നതിയിലെത്തി. "എറങ്ങറാ വണ്ടീന്ന് പീഡബ്‌ളിയൂഡി മോനേ" എന്നാണേന്റെ വായില്‍ ആദ്യം വന്നത്‌" , അതിന്റെ നേരിട്ടുള്ള ഹിന്ദി ട്രാന്‍സ്ലേഷന്‍ അറിയാതിരുന്നതിനാലും, മലയാളം പറഞ്ഞാല്‍, ലവനു മനസ്സിലാവുകയില്ലെന്നതിനാലും, എന്റെ നാവിന്‍ തുമ്പത്തെത്തി ആ വാക്കുകള്‍ സഡന്‍ ബ്രേക്കിട്ടു.

സംയമനം വീണ്ടെടുത്ത്‌ ഞാന്‍ വീണ്ടു പറഞ്ഞു, "നഹീ .. നഹി ജായേഗാ.." ..

ടിക്കേ.. സാത്‌ ദിര്‍ഹം ദേഗാ...
( ഏഴു ദിര്‍ഹം തരാമെന്ന്.. അവന്‍ ബാര്‍ഗെയിനിങ്ങ്‌ തുടങ്ങിരിക്കുന്നു ! എന്നെ ഒരു കള്ളടാക്സി ഡ്രൈവറായാണു ഇവന്‍ കണ്ടിരിക്കുന്നത്)

ഇനിയിവനോട് ഹിന്ദിയും സംസ്കൃതവുമൊന്നും പറഞ്ഞിട്ടു കാര്യമില്ലെന്നുറപ്പിച്ചു.
"ഗെറ്റ്‌ ഔട്‌ യൂ ഇഡിയറ്റ്‌.. വാട്ട്‌ ദ ഹെല്‍ യു തിങ്ക്‌ ഓഫ്‌ മീ ?“

"ഇംഗ്ലീഷിലുള്ള എന്റെ അലര്‍ച്ച്‌ കേട്ടു ഞെട്ടി ഞാന്‍ പറഞ്ഞ വാക്കുകളൊക്കേ ലോകത്തിലെ ഏറ്റോം വല്യ തെറിയാന്ന ഭാവത്തില്‍ "വൃത്തികെട്ടവന്‍" എന്ന രീതിയില്‍ പകപ്പോടെ എന്നെ നോക്കി, ഡോര്‍ തുറന്നു പുറത്തിറങ്ങി അവന്‍ വാതിലടച്ചു.

ഹോ, കാറിനകത്തെ ആ മാദക ഗന്ധമൊന്നു പോയിക്കിട്ടാന്‍ രണ്ടു വിന്‍ഡ്‌ഷീല്‍ഡൂം പത്തു മിനിട്ട്‌ തുറന്നിട്ട്‌ ഓടിക്കേണ്ടിവന്നു.

രാവിലെ മുതല്‍ എന്റെ പുറകേ കൂടിയ പുലിവാലുകളോര്‍ത്ത്‌, അന്നു കണികണ്ടവനെ തെറി വിളിക്കാതിരുന്നത്‌, ഞാന്‍ ആളു ഡീസന്റ്‌ ആയതോണ്ടാ കേട്ടോ..

അല്ലാതെ, ഉറക്കച്ചടവോടെ കണ്ണും പൂട്ടി ബാത്ത്രൂമിലേക്കു പോയപ്പോള്‍, അവിടത്തെ കണ്ണാടിയില്‍ കണി കണ്ടത്‌ എന്നെത്തന്നെയായിരുന്നു എന്നതുകൊണ്ടൊന്നുമല്ല !

Read more...

മിന്നല്‍ പുരാണം...

Tuesday, August 01, 2006

മിന്നല്‍....
അവനന്നു പ്രായം പത്തു വയസ്സ്‌. അതൊരു കുറവാണെന്നു അന്നാട്ടിലെ ആര്‍ക്കും തോന്നിയിരുന്നില്ല. കയ്യിലിരുപ്പു കണ്ടാല്‍, "പത്തു വയസ്സല്ലേഡാ ആയിട്ടുള്ളോ നെനക്ക്‌ ......" എന്നു മോന്തക്കൊരു തോണ്ടും കൊടുത്ത്‌, ചോദിച്ചു പോകും, ആരും!

അത്യാവശ്യം തണ്ടും തടിയുമുള്ള രണ്ടു ചേട്ടന്മാരുടേ കെയറോഫു കൂടി ഉള്ളതിനാല്‍, കാര്യമാത്ര പ്രസക്തമായ ദേഹോപദ്രവങ്ങളൊന്നുമേല്‍ക്കാതെ തന്നെ, തന്റെ ഗുരുത്വക്കേടുകളുമായി മിന്നല്‍ അങ്ങനെ വെങ്കിട ദേശത്ത്‌ വാണരുളി.

മൂത്തവനായി ഞാന്‍ ജനിച്ചപ്പോള്‍, ലാക്റ്റോജനും, ഹോര്‍ലിക്സും, കോമ്പ്ലാനുമെല്ലാം, ഒരുമിച്ച്‌ ഒരേസമയം സ്റ്റോക്കു ചെയ്തിരുന്ന വീട്ടില്‍, രണ്ടാമത്തവന്‍ മധ്യന്‍ ജനിച്ചപ്പോള്‍, ലാക്റ്റോജന്‍ മാത്രമാക്കി ! മൂന്നാമത്തേതായി മിന്നല്‍ പിറന്നപ്പോള്‍ സെര്‍വു ചെയ്തിരുന്നത്‌,വടക്കേലെ, ശാരദേച്ചിയുടെ, എല്ലും തോലുമായ റുവാണ്ട ഇമ്പോര്‍ട്ടഡ്‌ ലുക്കുള്ള "ജയപ്രദ "പശുവിന്റെ ( നേരിട്ടു കണ്ടാ പട്ടി കഞ്ഞീടെ വെള്ളം കുടിക്കില്ല രണ്ടു ദിവസത്തേക്ക്‌) അകിടില്‍ നിന്നുമുള്ള അനിര്‍ഗള പ്രവാഹത്തില്‍, 50:50 അളവില്‍ ശാരദേച്ചി വെള്ളം ചേര്‍ത്തു പ്രൊഡ്യൂസു ചെയ്തിരുന്ന വെളുത്ത കളറിലുള്ള "പാലോ??" എന്നു സാമാന്യബുദ്ധിയുള്ള ആരും ചോദിച്ചു പോകും വിധത്തിലുള്ളൊരു വെളുത്ത ദ്രാവകവും.

കാഴ്ചയില്‍, "ഒരു ഞെട്ടിലേതു തന്നെ" എന്നു തോന്നുമെങ്കിലും, ഞങ്ങള്‍ രണ്ടു ചേട്ടന്മാരെ തട്ടിച്ചു നോക്കുമ്പോള്‍, മിന്നലിനു ഉയരത്തിലും നിറത്തിലുമുള്ള കുറവ്‌ അവനെ വല്ലാതെ വ്യാകുലനാക്കിയിരുന്നു.

ഓരോ പുത്ര ജനനങ്ങള്‍ക്കു ശേഷവും, പോഷക ദ്രവ്യങ്ങളുടെ വിതരണത്തിലുണ്ടായ ഈ "അണ്‍ജസ്റ്റിഫൈഡ്‌ ഇംബാലന്‍സ്‌ ഇന്‍ പ്രോട്ടീന്‍ ഡിസ്റ്റ്രിബ്യൂഷന്‍" ആണ്‌ തന്നെ കറുത്തവനും, ചേട്ടന്മാരേക്കാള്‍ കുള്ളനുമാക്കിയത്‌ എന്ന്‌ വലുതായപ്പോള്‍ ഗെഡി അമ്മയോടു തര്‍ക്കിക്കുമായിരുന്നു.

ജയപ്രദയുടെ പാലും കുടിച്ച്‌, നിറം, ഉയരം, ബുദ്ധി, തുടങ്ങിയ എല്ലാ ഗുണങ്ങളിലും, ബാക്ക്‍വേഡ്‌ കാസ്റ്റ്‌ ആയ മിന്നല്‍, തരികിടകളുടെ കാര്യത്തില്‍ മാത്രം എല്ലാവരേക്കാളൂം മുന്നിലായിരുന്നു. "നിനക്കിനി ഹോര്‍ലിക്സു കുടിക്കാത്തതിന്റെ ഒരു കുറവേയുള്ളൂ" എന്നും പറഞ്ഞുള്ള അമ്മയുടെ നെടുവീര്‍പ്പുകളും അവയുടെ പ്രതിധ്വനികളും വീട്ടില്‍ ഗതികിട്ടാതെ അലയടിച്ചു.

രണ്ടു ചേട്ടന്മാരെപ്പോലെ, മിന്നലും തരക്കേടില്ലാത്തൊരു ക്രിക്കറ്റു കളിക്കാരനായിരുന്നു. ചെറുപ്പത്തില്‍ ഞങ്ങള്‍ കളിച്ചു തുടങ്ങുന്ന പ്രായത്തില്‍ തന്നെ, പന്തു പെറുക്കാനും മറ്റും അസിസ്റ്റന്റായി കൂടെ കൂട്ടിയതിനാല്‍, പത്തു വയസ്സാവുമ്പോഴേക്കും "എക്കോ" ക്ലബ്ബിലെ വളര്‍ന്നു വരുന്നൊരു താരമായി തീര്‍ന്നു മിന്നല്‍.

എക്കോ ക്ലബ്ബിനെ പറ്റി പറഞ്ഞു തുടങ്ങിയാല്‍ പിന്നെ, ഹോ..
ഇതൊരു ഫാമിലി ക്ലബ്ബാണ്‌. ഞങ്ങളുടെ ചുറ്റു വട്ടത്തെ 4 ഫാമിലികള്‍ കൂടി സ്ഥാപിച്ച ക്ലബ്‌. (അരവിന്ദന്റെ നാട്ടിലെ ഫോര്‍ എച്ചീസ്‌ പോലത്തെ ക്ലബ്‌ അല്ല). എന്റെ വീട്ടില്‍ നിന്നും ഞങ്ങള്‍ മൂന്നു പേര്‍, കിഴക്കേതിലെ ലൂയീസ്‌-സാറാമ്മ ദമ്പതികളുടെ 5 തിരുപ്പിറവികള്‍ സെന്നി, ഡെന്നി, റെന്നി, ജെന്നി, ബെന്നി, (അടുത്തതൊന്നു കൂടി ആണായിരുന്നേല്‍, പന്നി എന്നിടേണ്ടി വന്നേനേ എന്നോര്‍ത്തിട്ടാണോ ആവോ, ബെന്നിയോടു കൂടി “ന്നി” തിരുപ്പിറവികളുടെ ഫ്ലോ നിലച്ചു.) ഇവരുടെ വല്യപ്പന്‍, ഡേവീസിന്റെ പിള്ളാര്‍ ഷിജു, പോള്‍, ശാരദേച്ചിയുടെ ചെക്കന്‍, ബെല്‍നെക്കന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മണികണ്ഠന്‍, അങ്ങനെ പതിനൊന്നു പേര്‍ ! ആരെങ്കിലും, പനി, വയറിളക്കം, മൂക്കൊലിപ്പ്‌ തുടങ്ങിയ അസുഖങ്ങളാല്‍ ഫിറ്റ്‌നസ്‌ ടെസ്റ്റു പാസാകാത്ത കോമ്പ്ലിക്കേറ്റഡ്‌ സിറ്റുവേഷനുകളില്‍, കുറച്ചകലേയുള്ള ഫാമിലികളിലെ പിള്ളേരേയും റീപ്ലേസുമെന്റുകളാക്കി ഇമ്പോര്‍ട്ടു ചെയ്യാറുണ്ട്‌! അന്നാട്ടിലെ കിടിലന്‍ കിടിലന്‍ ടീമുകളിലൊന്നായിരുന്നു എക്കോ! ഹൈ, തമാശയല്ലാന്ന്..

ശൈശവകാലത്തു തന്റെ ശരീര പോഷണത്തില്‍, മാതാപിതാക്കള്‍ ശരിയായ ശ്രദ്ധ കേന്ദ്രീകരിക്കാത്തതിന്റെ കുറവ്‌ വലുതായ ശേഷം, നെടുനീളന്‍ പോളിങ്ങുകളിലൂടെ (ശാപ്പാടുകളിലൂടെ) മിന്നല്‍ സ്വയം നികത്താന്‍ ശ്രമിച്ചിരുന്നു. അന്നൊക്കെ വീട്ടില്‍ "കല്യാണ കാസറ്റുകള്‍" വീഡിയോവിലിട്ടു കാണുന്നത്‌ അമ്മക്കു പേടിയായിരുന്നു. കാരണം, വെറും മിനിറ്റുകള്‍ക്കു മുന്‍പ്‌ വയറും നിറച്ച്‌ ഉണ്ട മിന്നല്‍, കാസറ്റിലെ, സദ്യയുടെ ദൃശ്യങ്ങള്‍ വന്നാല്‍ അമ്മയോടു പറയും, " അമ്മേ, ചോറു വെളമ്പ്വോന്നേയ്‌...". അതുകൊണ്ടു തന്നെ ലവന്‍ വീട്ടില്‍ ഉള്ളപ്പോള്‍, കല്യാണ കാസറ്റുകള്‍ വീഡിയോവില്‍ ഇടുമായിരുന്നില്ല. ഇട്ടാല്‍ തന്നെ, സദ്യ സീനുകള്‍ വരുമ്പോള്‍ ഫാസ്റ്റു ഫോര്‍വേഡ്‌ അടിച്ചു കളയും!

മിന്നലിന്റെ ഒരു ദൌര്‍ബല്യമായിരുന്നു, മുട്ടകള്‍. അതു ക്വാഴിയാവണം, താറാവാകണം, അല്ല,കാടയാവണം, എന്ന നിര്‍ബന്ധബുദ്ധിയൊന്നും പാവത്തിനില്ല. ഗ്യാപ്പില്‍, പുഴുങ്ങിയൊരു ഒട്ടകപക്ഷിമുട്ട കിട്ടിയാലും പൂശും ചുള്ളന്‍! ഉയരം കൂടാനും, നിറം വക്കാനും വെളുത്ത മുട്ട കഴിച്ചാല്‍ മതിയെന്ന ആരുടേയോ സാരോപദേശത്തിനു ശേഷമാണിത്‌. അങ്ങനെ മുട്ടകള്‍ തിന്നു തിന്ന്, മിന്നല്‍ നല്ല നിറം വച്ചു.. നല്ല കറുപ്പു നിറം!

ഒരിക്കല്‍, മുട്ടക്കറിയുണ്ടാക്കി, വിളമ്പാന്‍ നേരത്തു പാത്രം തുറന്നപ്പോള്‍, 8 മുട്ടകളില്‍ 6 എണ്ണം അപ്രത്യക്ഷമായ മഹാ സംഭവത്തിനുശേഷം, വീട്ടില്‍ മുട്ടക്കറി വക്കുന്ന ദിവസങ്ങളില്‍, അടുക്കളയില്‍ മിന്നലിന്റെ ആക്രമണം തടയാനായി അമ്മ സഖ്യ സേനയെ നിയോഗിക്കും. ഷിഫ്റ്റു ബേയ്‌സില്‍, ഞാന്‍, മധ്യന്‍ എന്നിവരാണ്‌ ഇതിലേക്കായി കര്‍ത്തവ്യനിരതരായിരുന്നത്‌. ഇത്ര കനത്ത സെക്യൂരിറ്റിക്കിടയിലും, ഇടക്കൊക്കെ ഓരോ മുട്ടകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരുന്നതും ഞാന്‍ മിന്നലിന്റെ തലയില്‍ കെട്ടി വച്ചു, പോയത്‌ എന്റെ വയറ്റിലോട്ടാണെങ്കിലും!

അന്നൊരിക്കല്‍, ഒരു വെള്ളിയാഴ്ച 5 മണി നേരം.....
കോളേജില്‍ നിന്നും തിരിച്ചെത്തി, ഉമ്മറത്തിരുന്നു ദിവാസ്വപ്നം കാണുന്ന ഞാന്‍, ക്രിക്കറ്റു കളിച്ചു ക്ഷീണിച്ച്‌ മിന്നല്‍ വീട്ടിലേക്കു കയറിപോകുന്നതു കണ്ടതേയില്ല.കുറച്ചു നേരത്തിനുള്ളില്‍, അടുക്കളയില്‍ നിന്നും ഉറക്കേയുള്ള ബഹളം കേട്ട ഞാന്‍ ഓടി. ചെന്നപ്പോള്‍ അമ്മ മടലും പിടിച്ച്‌ നില്‍ക്കയാണ്‌ മിന്നലിനെ തല്ലാന്‍. മടലെടുത്ത്‌ പൂശാന്‍ യാതൊരു തരത്തിലും അമ്മക്ക്‌ എയിം കിട്ടാത്ത വിധത്തില്‍ ഇവന്‍ അമ്മയെ പുറകില്‍ നിന്നും കെട്ടിപ്പിടിച്ചു നില്‍ക്കയാണ്‌.

"നോക്ക്യേടാ, ആകെ 5 മുട്ടയുണ്ടായിരുന്നത്‌ മുഴുവന്‍ ഈ കുരുത്തം കെട്ടോന്‍ തിന്നൂ, ഇനി എനിക്കു വയ്യ വേറെ കറിയുണ്ടാക്കാന്‍" അമ്മയുടെ വിലാപം കേട്ട ഞാന്‍ കോരിത്തരിച്ചു.. ലൈസന്‍സോടെ ലവനിട്ട്‌ ഒന്നു പൂശാന്‍ ഇതാ ഒരുഗ്രന്‍ ചാന്‍സ്‌! എപ്പ കൊടുത്തൂന്നു ചോദിച്ചാ പോരെ!

രണ്ടെണ്ണം എന്റെ കയ്യീന്നും, മടലും വച്ച്‌ ഒന്ന് അമ്മയുടെ കയ്യീന്നും വാങ്ങിയതോടെ മിന്നല്‍ കരച്ചിലായി. എന്റെ ഡ്യൂട്ടിയും തീര്‍ത്ത്‌ ഞാന്‍ ഉമ്മറത്തേക്കും പോയി, നേരത്തെ നിര്‍ത്തി വച്ചിടത്തു നിന്നും ദിവാസ്വപ്നങ്ങളുടെ ബാക്കി എപ്പിസോഡുകള്‍ കണ്ടുതുടങ്ങി.

5 മിനിട്ടിനകം, ഒരു തുണി സഞ്ചിയുമെടുത്ത്‌ മിന്നല്‍ വെളിയിലോട്ടിറങ്ങുന്ന കണ്ടു. മുട്ടകള്‍ വാങ്ങാന്‍ ഇട്ടൂപ്പ്‌'സ്‌ പെട്ടിക്കടയിലേക്ക്‌ അമ്മ പറഞ്ഞയക്കുന്നതാണെന്നു കരുതിയിരുന്ന എനിക്ക്‌, ലവന്റെ ചവിട്ടിക്കുലുക്കിയുള്ള പോക്കില്‍ എന്തോ വശപ്പെശകു തോന്നി.

"നിക്കടാ ചെക്കാ.. നിക്കടാ.." എന്നും പറഞ്ഞ്‌ അമ്മയും പുറകേ പോകുന്ന കണ്ടപ്പോള്‍ മനസ്സിലായ്യി, ഇതു സാധാരണ പോക്കല്ല, ഒരുപ്പോക്കു തന്നെ. കുറച്ചു ദൂരം മിന്നലിന്റെ പുറകെ ഓടി, അവന്റെയൊപ്പമെത്തില്ല, എന്നുറപ്പായ അമ്മ, അത്യുച്ചത്തിലുള്ള നിലവിളികളോടെ തിരിച്ചു വന്ന് എന്നോടു പറഞ്ഞു.

"അവനെ പിടിച്ചോണ്ടു വാടാ മോനെ, അവന്‍ നാടു വിട്ടു പോകുകയാടാ"...

മാതാ- ഭ്രാത്‌ പീഢന/താഢനങ്ങളില്‍ മനം നൊന്ത്‌ രണ്ടുമൂന്നു ഷര്‍ട്ടും ട്രവുസറുമൊക്കെ സഞ്ചിയിലെടുത്തു നിറച്ച്‌ "നിങ്ങളെ ഞാന്‍ കാണിച്ചു തരാം" എന്നും പറഞ്ഞാണത്രേ ചുള്ളന്‍ ഇറങ്ങിയേക്കണത്‌.

"ഓന്തോടിയാല്‍ എവടം വരെ അമ്മേ, മാക്സിമം, ഏനാമാവു ബണ്ടു വരെ, അതിന്റപ്പറം വെള്ളമല്ലേ" എന്നും പറഞ്ഞു മാതാശ്രീവിലാപങ്ങളെ ഒതുക്കാന്‍ ശ്രമിച്ച എനിക്ക്‌, അമ്മയുടെ തുടരേയുള്ള നിര്‍ബന്ധങ്ങള്‍ക്കൊടുവില്‍ മിന്നല്‍ വേട്ടക്കിറങ്ങേണ്ടിവന്നു. ഏനാമാവു സ്കൂളിന്റെ അപ്പുറം ഒറ്റക്കു പോയിട്ടില്ലാത്ത ഇവന്‍ വഴി തെറ്റിയെങ്ങാന്‍ പോയാലോ എന്നൊരു ടെന്‍ഷന്‍ എനിക്കും തോന്നി.

ഒരു ഷര്‍ട്ടുമെടുത്തിട്ട്‌ ഇവന്റെ പുറകെ വിട്ട ഞാന്‍ കുറച്ചു നടന്നപ്പോള്‍, അച്ഛന്‍ ഓഫീസു വിട്ടു വരുന്ന കണ്ടു. കാര്യം പറയാനൊന്നും സമയമില്ലാത്തതിനാലും, ഇതൊക്കെ എനിക്കു സോള്‍വു ചെയ്യാവുന്ന കേസല്ലേയുള്ളൂ എന്ന തോന്നലാലും, ഒന്നും പറയാന്‍ നില്‍ക്കാതെ ഞാന്‍ മിന്നലിന്റെ പുറകേ വച്ചടിച്ചു.

സമാധാനമില്ലാതെ, എനിക്കു പുറകെ വന്ന അമ്മ, വഴീല്‍ വച്ചു തന്നെ അച്ഛനോടു കാര്യങ്ങടെ സീരിയസ്‌നെസ്സ്‌ പറഞ്ഞതോടെ, കുടയും ബാഗുമെല്ലാം അമ്മയെ ഏല്‍പ്പിച്ച്‌ അച്ഛനും ഞങ്ങളുടെ "റിലേ'യില്‍ ചേര്‍ന്നു.

ഒടുവിലത്തെ വിവരമനുസരിച്ച്‌, മിന്നല്‍ ഒന്നാമനായും, 50 മീറ്റര്‍ പുറകില്‍ ഞാനും, എനിക്കു പുറകെ, 50 മീറ്റര്‍ ഡിസ്റ്റന്‍സില്‍ അച്ഛനും. നടത്തമല്ല, എന്നാല്‍ ഓട്ടമെന്നു വിളിക്കാനും പറ്റില്ല, ഒളിമ്പിക്സില്‍ 10000 മീറ്റര്‍ ഓട്ടമൊക്കെ പോലെ, കുണുങ്ങിക്കുണുങ്ങിയുള്ള സ്പീഡിലുള്ള ഒരു തരം നടത്തം.

മേച്ചേരിപ്പടി ജന്‍ക്ഷനിലെത്തിയ മിന്നല്‍ ഒന്നു നിന്നു. അങ്ങു വടക്ക്‌ ബാംഗ്ലൂരിലാണോ, അതോ തെക്കു തിരോന്തപുരത്താണോ തന്റെ ഭാവി കിടക്കുന്നത്‌ എന്നോര്‍ത്തുകാണണം. സേഫര്‍ ഓപ്ഷന്‍ വടക്കു ദിക്കാണെന്നു തോന്നി, ലവന്‍ ജങ്ക്ഷനില്‍ നിന്നും വടക്കോട്ട്‌ ഒടിച്ചെടുത്തു, സ്പീഡിലുള്ള നടത്തം തുടര്‍ന്നു. ഇടക്കൊന്നു തിരിഞ്ഞു നോക്കി, ഞങ്ങളൊക്കെ, പുറകേ തന്നേയുണ്ടല്ലോ, എന്നു റീകണ്‍ഫേം ചെയ്തു.

കുറച്ചു കൂടി നടന്നപ്പോള്‍, 5 മുട്ടയടിച്ച ക്ഷീണം കൊണ്ടാണോ, അതോ, അച്ഛന്‍ കൂടി പുറകിലുള്ള സ്ഥിതിക്ക്‌, എന്തായാലും പിടിക്കപ്പെടും, ഇനിയും നടന്നു സമയം മെനക്കെടുത്തണോ എന്ന ചിന്തയിലാലോ, മിന്നലിന്റെ സ്പീഡു കുറഞ്ഞതായി എനിക്കു തോന്നി. ഞാനും മിന്നലും തമ്മിലുള്ള ദൂരം കുറഞ്ഞുവന്നു. ഏകദേശം വെങ്കിടങ്ങു പ്രോവിഡന്‍സു തീയറ്ററിന്റെ അടുത്തിയപ്പോഴേക്കും, പുറകെ ഓടിക്കിതച്ചു വരുന്ന അച്ഛന്റെ അഭിനന്ദങ്ങള്‍ വാങ്ങാനായി, രംഗത്തിനൊരു നാടകീയത വരുത്തി,"നിക്കടാ അവടേ' എന്നും പറഞ്ഞ്‌ ഞാന്‍ മിന്നലിനെ കടന്നു പിടിച്ചു.

പെട്ടെന്നു തന്നെ അച്ഛനും സ്പോട്ടിലെത്തി. ഹോ.. ഈ ഞാന്‍ ഇല്ലായിരുന്നേല്‍ എന്തായേനേ അച്ഛാ.... എന്ന രീതിയില്‍ അച്ഛനെയൊന്നു നോക്കി. അച്ഛന്റെ കയ്യില്‍ നിന്നും മിന്നലിനു കിട്ടാന്‍ പോകുന്ന താഢനങ്ങളോര്‍ത്തപ്പോള്‍, അവനോടെനിക്കു സഹതാപം തോന്നി.

കുറച്ചുനേരം സ്റ്റാന്‍ഡ്‌ സ്റ്റില്‍ ആയി നിന്ന് കിതപ്പൊന്നു തീര്‍ത്ത്‌ ഇവനെ തന്നെ കുറച്ചു നേരം തറപ്പിച്ചു നോക്കി നിന്ന ശേഷം അച്ഛന്‍, പോക്കറ്റില്‍ കയ്യിട്ട്‌, രണ്ടു പത്തു രൂപാ നോട്ടുകള്‍ എടുത്തു.

ഹാ... മിന്നലിനെ ഓടിച്ചിട്ടു പിടിച്ചതിനു പാരിതോഷികമായി, ക്ഷീണം മാറ്റാന്‍ ജ്യൂസു വാങ്ങാനായി ആ 20 രൂപ എന്റെ കയ്യില്‍ തരും. ജ്യൂസുമുഴുവനും കുടിച്ചു കഴിഞ്ഞു വീണ്ടു സ്റ്റ്രോയിലൂടെ വലിച്ചാലുണ്ടാവുന്ന ആ "ഗുള്‍..ഗ്ലു..ഗുള്‍..ഗ്ലൂ." ശബ്ദങ്ങള്‍ എന്റെ കാതില്‍ അലയടിച്ചു, വായില്‍ വെള്ളമൂറി.

പക്ഷേ അടുത്ത സീന്‍ കണ്ട ഞാന്‍ ഞെട്ടി.

അച്ഛന്‍ ആ നോട്ടുകള്‍ മിന്നലിന്റെ കൈവെള്ളകളില്‍ തിരുകി വയ്ച്ചു. എന്നിട്ട്‌ ഒരു ഡയലോഗും!

"മോനേ, അച്ഛന്‍ കൈക്കൂലി വാങ്ങാറില്ല, എന്റെ കയ്യില്‍, ഇപ്പോ ഇത്രയേ ഉള്ളോ, നീ വെറും കയ്യോടെ പോകണ്ടാ.. ഇതു കൂടി വച്ചോ, എവടേലും പോയി നന്നാവ്‌.."

എന്നും പറഞ്ഞ്‌ തിരിച്ചൊരു നടത്തവും!

അച്ഛന്റെ പുറകെ, നിശബ്ദരായി ഒരു കൈയകലം സൂക്ഷിച്ചു വീട്ടിലേക്കു തിരിച്ചു നടന്ന ഞങ്ങള്‍, മേച്ചേരിപ്പടിയെത്തിയപ്പോള്‍ ആ 20 രൂപ കൊടുത്ത്‌ രണ്ടു ഫ്രഷ്‌ പൈനാപ്പിള്‍ ജ്യൂസും വങ്ങിയടിച്ചു. അത്ര ദൂരം നടന്ന ക്ഷീണം തീരണ്ടേ?

Read more...
© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.