-- എ ബ്ലഡി മല്ലു --

ഫ്രീ കൂപ്പണ്‍.

Saturday, July 29, 2006

ഫ്രീയായി എന്തെങ്കിലും കിട്ടുക ആരേയും പോലെ എന്നേയും സന്തോഷിപ്പിക്കുന്ന ഒരു സംഭവമണ്‌.

ആദ്യമായി ജീവിതത്തില്‍ ഫ്രീ കിട്ടിയത്‌, അച്ഛന്റെ കയ്യില്‍ നിന്നും നല്ല ചുട്ട പെടയായിരുന്നു. അത്‌ ഇടക്കിടെ വാങ്ങി വാങ്ങി ബോറടിച്ചതിനാല്‍, തല്ലിനെ ഫ്രീ കാറ്റഗറിയില്‍ നിന്നും ഞാന്‍ എന്നേ ഡീലിറ്റു ചെയ്തിരുന്നു.

ഒരു ആവറേജ്‌ ഭാര്യയുടെ സ്വഭാവങ്ങളായ, അടുക്കളയില്‍ ഭര്‍ത്താക്കന്മാര്‍ക്കു ചെയ്യാവുന്ന സഹായങ്ങളായ, ഉള്ളിയരിയല്‍, കോഴിയുടെ തൊലി പൊളിക്കല്‍, മട്ടന്‍ കട്ടു ചെയ്യല്‍ എന്നിവയെക്കുറിച്ചുള്ള ഘോരഘോരം പ്രസംഗങ്ങള്‍, കള്ളു കുപ്പി ഒളിപ്പിച്ചു വക്കല്‍, ഷോപ്പിങ്ങ്‌ നടത്തി മുടിപ്പിക്കല്‍, എന്നീ അല്‍ക്കുലുത്തുകളൊക്കെ പാരമ്പര്യമായി കിട്ടിബോധിച്ചിട്ടുള്ള എന്റെ കെട്ടിയോള്‍, ഇമറാത്തിലെ പ്രധാനപ്പെട്ടവയിലൊന്നായ ഒരു ട്രാവല്‍ ഏജന്‍സിയില്‍, ബിസിനസ്‌ ട്രാവല്‍ കണ്‍സല്‍ട്ടന്റ്‌ ആയി ജോലിചെയ്യുന്നതിനാല്‍, പല എയര്‍ലൈന്‍സും പ്രമോഷണലായി നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ ഫ്രീയായി അനുഭവിക്കാന്‍ എനിക്കവസരം ലഭിക്കാറുണ്ട്‌.

ഓഫ്‌ സീസണില്‍ ഫ്രീയായി യൂറോപ്യന്‍ ടൂര്‍, കാഫൂര്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌ (ചിലര്‍ കാരിഫോര്‍ എന്നും പറയും) നിന്നുള്ള ഗിഫ്റ്റ്‌ വൌച്ചര്‍, പലപല ഷോപ്പിങ്ങ്‌ സെന്ററുകളുടെ ഫ്രീ പര്‍ചേസ്‌ വൌചര്‍, എന്നിങ്ങനെ പലതും. കൂടാതെ കസ്റ്റമേഴ്സിനു ലഭിക്കേണ്ട പല കൂപ്പണുകളൂം എന്റെ കയ്യില്‍ വന്നു പെടാറുണ്ട്‌!

അമ്മായിയപ്പന്‍ നാട്ടില്‍ ഹോണ്ട സിറ്റി വാങ്ങിത്തന്നിട്ടെന്തു കാര്യം? പെട്രോളടിക്കണമെങ്കില്‍, സീ.വിദ്യാധരന്‍-മന്‍ജുളാ ബേക്കറി, ആലപ്പുഴയുടെ കയ്യില്‍ നിന്നും ലോട്ടറിയുമെടുത്ത്‌ അതടിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നാണു സിറ്റുവേഷനെങ്കില്‍, വല്ല കാര്യോമുണ്ടോ?

കഴിഞ്ഞയാഴ്ച്ച ഭാര്യ ഒരു കെട്ടു ഫ്രീ കൂപ്പണുമായാണു വീട്ടില്‍ വന്നത്‌. ദുബായിലുള്ള പ്രശസ്തമായ ഒരു ഷോപ്പിങ്ങ്‌ മാളിന്റെ പുതിയ ബ്രാഞ്ചിലെ ഫുഡ്‌ കോര്‍ട്ടില്‍ നിന്നുമുള്ള ഫ്രീ കൂപ്പണ്‍സ്‌.

ഇരുപതോളം ഫൂഡ്‌ ഔട്ട്‌ലെറ്റ്‌സ്‌ ഉള്ള ആ ഷോപ്പിങ്ങ്‌ മാളിലെ, ഏതു റസ്റ്റോറണ്ടില്‍ നിന്നും പുട്ട്‌ അടിക്കാനുള്ള കൂപ്പണ്‍. അതും 100% ഫ്രീ.

50 ദിര്‍ഹത്തിന്റെ 10 കൂപ്പണുകളാണു കൊണ്ടുവന്നിരിക്കുന്നത്‌. അതായത്‌ 500 ദിര്‍ഹത്തിനു ഫ്രീയായിട്ടു മെടയാം. അതു കഴിഞ്ഞാല്‍ തന്നെ, വേണമെങ്കില്‍ ഇനിയും കിട്ടും.

കഴിഞ്ഞ വീക്കെന്‍ഡിന്റെ കെട്ടുവിട്ട്‌ വെള്ളിയാഴ്ച്ച ഒരു പത്തു മണിയോടെ പള്ളിയുറക്കത്തില്‍ നിന്നുണര്‍ന്ന ഞാന്‍ പല്ലുതേപ്പും, നീരാട്ടും, പള്ളിക്കാപ്പിയും കുടിച്ചു കഴിഞ്ഞ്‌ ഉറക്കെ പ്രഖ്യാപിച്ചു, ഇന്നു വൈകീട്ടു നമ്മള്‍, ആ ഫ്രീയായിക്കിട്ടിയ കൂപ്പണ്‍ ഉപയോഗപ്പെടുത്തുന്നു.

ഫ്രീ കിട്ടുന്നതല്ലേ, നന്നായി ഭക്ഷിച്ചില്ലെങ്കില്‍, ആ ഹോട്ടലുകാര്‍ എന്തു വിചാരിക്കും, എന്നുള്ള തോന്നലുകളാല്‍, അന്നത്തെ ഉച്ചക്കുള്ള ഭക്ഷണം, സാധാരണത്തേതിന്റെ പകുതിയേ കഴിച്ചുള്ളൂ.

ഈ ഫ്രീ കൂപ്പണിനുള്ള ആകെയൊരു പ്രശ്നം, ഇതു ദുബായിലെ ആ ഷോപ്പിംഗ്‌ സെന്ററില്‍ മാത്രമാണ്‌ വാലിഡ്‌. ഷാര്‍ജയില്‍ താമസിക്കുന്ന എനിക്ക്‌, തലയിലെ നട്ടിളകിപ്പിക്കും വിധമുള്ള ട്രാഫിക്കിലൂടേ 1 മണിക്കൂറിലധികം, ഡ്രൈവു ചെയ്ത്‌, ദുബായില്‍ പോയി ഫൂഡഡിക്കുക എന്നത്‌ അരോചകമായി തോന്നിയെങ്കിലും, "ഫ്രീ" യെന്നുള്ള ആ സിംഗിള്‍ വേഡ്‌, ഒരു വലിയ പ്രചോദനമായി!

ആറരയോടെ ഫുള്‍ മേക്കപ്പില്‍ എല്ലാവരും ഇറങ്ങി ദുബായിലേക്ക്‌, വരുന്നില്ലെന്നു പറഞ്ഞിട്ടും നിര്‍ബന്ധിച്ച്‌, അമ്മായിയമ്മയേയും കൂടെക്കൂട്ടി, "ഫ്രീയല്ലേ" !

ഒന്നര മണിക്കൂറു നേരത്തെ പെടാപ്പാടിനു ശേഷം, 8 മണിയോടെ ഷോപ്പിങ്ങ്‌ മാളിലെത്തിയ ഞങ്ങള്‍ നേരെ വിട്ടു, തേഡ്‌ ഫ്ലോറിലെ ഫൂഡ്‌ കോര്‍ട്ടിലേക്ക്‌, വീ ഹാവ്‌ നോ ടൈം റ്റു വേസ്റ്റ്‌!

സാധാരണ കാശു കൊടുത്തു കഴിക്കുമ്പോഴെല്ലാം പോകാറൂള്ള, അന്നപൂര്‍‌ണ്ണ വെജിറ്റേറിയന്‍, കെന്റക്കി ചിക്കന്‍, എന്നീ സാദാ റസ്റ്റോറന്റുകളേയെല്ലാം, പുച്ഛത്തിലൊരു നോട്ടത്തോടെ അവഗണിച്ച്‌ ഞാങ്ങള്‍ നേരെ കയറി, അവിടത്തെ ഏറ്റവും പോഷ്‌ ആയ ആ 'ഡൈന്‍ ഇന്‍" റസ്റ്റോറന്റിലേക്ക്‌, മസിലും പിടിച്ച്‌ മൈക്ക്‌ ടൈസണെപ്പോലെ. അന്നപൂര്‍ണയില്‍, 5 ദിര്‍ഹത്തിന്റെ തൈരു വടയും അടിച്ചിരുന്ന കൂറ അണ്ണാച്ചിമാര്‍ എന്നെ നോക്കി, ആരാധനയോടെ, മനസ്സിലോതി, "ലവന്‍ പുലിയാണു കേട്ടാ..."

അറബികളും പിന്നെ പോഷ്‌ ഗെഡികളും മാത്രം കേറുന്ന ആ റസ്റ്റോറന്റില്‍, വെള്ളയില്‍ നീല വരയുള്ള ടോപ്പും, അരയില്‍ നിന്നും ഒരടി ഇറക്കമുള്ള സ്കര്‍ട്ടും ധരിച്ച തഗലോഗ്‌ (ഫിലിപിന) കിളുന്തു പെണ്‍പിള്ളാര്‍ കൊട്ടും കുരവയും, പഞ്ചവാദ്യവുമായി ഞങ്ങളെ ഒരു ടേബിളില്‍ കൊണ്ടുചെന്നിരുത്തി. 3 അഡള്‍ട്ട്‌സും, പിന്നെ, 2 പിള്ളെരുമായി വന്ന എനിക്കാണോ പേടി? 500 ദിര്‍ഹത്തിന്റെ കൂപ്പ്പ്പണാ കയ്യില്‍. ഇവിടെ സ്മാളു വിളമ്പാത്തതില്‍ എനിക്കു ചെറിയൊരു സങ്കടം. അതുകൂടിയുണ്ടെങ്കില്‍, ഇവിടമൊന്നു നെരപ്പാക്കാമായിരുന്നു.

മെനു കൊണ്ടുവന്ന തഗലോഗിനോടു ഞാന്‍ ഘനഗംഭീര ശബ്ദത്തില്‍ മൊഴിഞ്ഞു. "ഹൌ ആര്‍ യൂ?" "പൈന്‍ തങ്ക്യൂ സാര്‍" തിരിച്ചവളും

"ഓക്കേ, വി വില്‍ കോള്‍ യു" എന്നും പറഞ്ഞ്‌ അവളു പോയപ്പോള്‍, ആ ദിശയിലേക്കു തിരിഞ്ഞു പോയ എന്റെ തല ഭാര്യ പിടിച്ചു നേരെയാക്കി.

മെനുവിലെ എറ്റവും വില കൂടിയ ഐറ്റംസ്‌ തിരഞ്ഞു തിരഞ്ഞു കണ്ടുപിടിച്ചശേഷം ഞങ്ങള്‍ ഓര്‍ഡര്‍ കൊടുത്തു. സ്പെഷല്‍ പ്രോണ്‍സ്‌ മസാലയും, പ്രോണ്‍സ്‌ ഫ്രൈയും, ബോണ്‍ലെസ്‌ ഗോള്‍ഡ്‌ ചിക്കനും, ചിക്കന്‍ ചില്ലി ഹേമമാലിനിയുമെല്ലാം ഞാന്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ആ പാവം ഫിലിപിനോ വെയിറ്റ്രസ്‌ എന്നെ നോക്കി മനസ്സിലോതിക്കാണണം, "സാറു പുലിയാണു കേട്ടാ.."

ആവശ്യത്തിനും, ഫ്രീ കൂപ്പ്പ്പണിന്റെ ഗമയില്‍, കുറച്ചധികമായും ഭക്ഷണം കേറ്റിയ ഞാന്‍ ഇടക്കൊന്നു റെസ്റ്റ്‌റൂമില്‍ പോകുന്ന വഴി, അവിടത്തെ കാഷ്യര്‍ എന്നോട്‌ ബഹുമാനപുരസ്സരം ചോദിച്ചു, "ഹൌ ആര്‍ യൂ സര്‍? " ഇതുവരെയിടാത്ത ഒരു ബെയ്സും ആഡ്‌ ചെയ്ത്‌ ഞാന്‍ പറഞ്ഞു.. "ഫൈന്‍ ഏന്‍ഡ്‌ യൂ ??

"ഓ, നമ്മള്‌ ഇങ്ങനൊക്കെ പോണു സാര്‍" എന്നു ആ പാലസ്തീനി കാഷ്യര്‍ അവനറിയാവുന്ന ഇംഗ്ലീഷില്‍ മൊഴിഞ്ഞു.

അപ്പ ഞാന്‍ സ്വയം മനസ്സിലോതി, "ഞാന്‍ ഒരു പുലിതന്നെയാണു കേട്ടാ" ആള്‍ക്കാര്‍ക്കൊക്കെ എന്നെ കാണൂമ്പോ എന്താ ഒരു ബഹുമാനം!

തിരിച്ചു തിരിച്ചു വന്ന്‌ നന്നായിട്ടൊന്നു ഇളകി ഇരുന്നു, വയറിനകത്ത്‌ അങ്ങിങ്ങി ചിതറിക്കിടക്കുന്ന ചിക്കന്‍ ഹേമമാലിനിയും പ്രോണ്‍സും ഒക്കെ ഒന്നു "ഡീഫ്രാഗ്‌മന്റ്‌" ചെയ്തു. അതോടെ വയറ്റില്‍ കുറച്ചു സ്ഥലം ബാക്കി വന്നതിനാല്‍, അവിടത്തെ ഏറ്റവും എക്സ്‌പന്‍സീവ്‌ ഡ്രിങ്ക്‌ ആയ "സ്പെഷല്‍ ബദാം മില്‍ക്ക്‌ ഷേക്ക്‌" ( 20 ദിര്‍ഹം ഈച്ച്‌) ഓര്‍ഡര്‍ ചെയ്ത്‌, അതും 5 എണ്ണം. (2 എണ്ണം എനിക്കും, ഒന്നു വീതം ഭാര്യ, മാതാശ്രീ, മോള്‍ക്കും. മകന്‍ ഒന്നരവയസ്സുകാരനായതിനാല്‍, ചുള്ളന്‍ അതു കുടിക്കില്ല). അതും കൂടി കണ്ടപ്പോള്‍ തഗലോഗിയുടെ കണ്ണുകള്‍ വീണ്ടും തള്ളി

ഒറപ്പ, അവള്‍ മനസ്സില്‍ പറഞ്ഞു കാണും, ലവന്‍ വെറും പുലിയല്ല പുപ്പുപ്പുലിയാ!

അല്ല, നമ്മളായിട്ടിപ്പോ എന്തിനാ കുറയ്‌ക്കുന്നേ, ഞാന്‍ മസിലും പിടിച്ചിരുന്നു. എല്ലാം കഴിഞ്ഞു ഞാന്‍ ആ തഗലോഗിയെ വിളിച്ചു, ബില്ലിനായി.

"ഇപ്പ കൊണ്ട്‌രാം സാറെ" എന്നു പറഞ്ഞു ആ ഫിലിപ്പിനാ മണി ശടപടാന്നു ബില്ലും കൊണ്ടു വന്നു. അധികം ലേറ്റായാല്‍, ഈ പുപ്പുലി സാര്‍ കോപിക്കുമെന്നവളോര്‍ത്തു കാണണം.

ബില്ലു നോക്കി, വെറും 332 ദിര്‍ഹം? ഛായ്‌, ഇതാണോ ഇവടത്തെ ഏറ്റവും എക്സ്‌പെന്‍സീവായ റസ്റ്റോറണ്ട്‌? ഇവിടെക്കയറിയ എനിക്ക്‌ എന്നോട്‌ തന്നെ പുച്ഛം തോന്നി.

50 ദിര്‍ഹത്തിന്റെ 7 കൂപ്പണെടുത്ത്‌ ഞാന്‍ ബില്‍ ബുക്കില്‍ തിരുകി.. ബാക്കി 18 ദിര്‍ഹം ആ പാവങ്ങളെടുത്തോട്ടെ, ഒരു ടിപ്‌ ആയി.

"താങ്ക്യൂ സാര്‍" എന്നും പറഞ്ഞു ബില്‍ ബുക്കും എടുത്ത്‌ ക്യാഷ്‌ കൌണ്ടറിലോട്ടു പോയ തഗലോഗി, 'ശറ്റ്റ്റ്ര്‍" ന്നും പറഞ്ഞു, വാണം വിട്ട പോലെ തിരിച്ചു എന്റരികിലേക്ക്ക്കു വന്നു.

"ഹ്‌ം. വാട്ട്‌?" ഞാന്‍ ചോദിച്ചു
നേരത്തെ അവളുടെ കണ്‍കളിലുണ്ടായിരുന്ന ആ 'പുപ്പുലി" ബഹുമാനമൊന്നും ഇപ്പോഴില്ല...
"സോറി സര്‍.. വി ദോന്ത്‌ ആക്സപ്റ്റ്‌ ദീസ്‌ ഫ്രി കൂപ്പോണ്‍സ്‌ എനിമോര്‍.." തഗലോഗി മൊഴിഞ്ഞു.

വാട്ട്‌ ? എന്റെ വയറ്റില്‍ നിന്നും നേരത്തെ അകത്താക്കിയ ആ ബോണ്‍ലെസ്സ്‌ ചിക്കന്‍ ചിറകടിച്ചു പറന്നു പോയി! കഴിഞ്ഞ ഒരു മണിക്കൂറായി എന്റെ ശബ്ദത്തില്‍ ആവശ്യത്തിനും അനാവശ്യത്തിനും ഞാന്‍ ചേര്‍ത്തിരുന്ന ആ "തിലകന്‍" ബെയ്സ്‌ എങ്ങോ പോയ്‌ മറഞ്ഞു. സ്പെഷല്‍ ബദാം മില്‍ക്കു ഷേക്കിലെ, ചെറിയൊരു ബദാം കഷ്ണം എന്റെ തൊണ്ടയില്‍ കുരുങ്ങി.

"വാട്ട്‌ ദ ഹെല്‍ യു ആര്‍ ടോക്കിംഗ്‌" വേറെ വഴിയൊന്നുമില്ലെന്നു ബോദ്ധ്യമായി.. അറ്റാക്ക്‌ ഈസ്‌ ദ മെയിന്‍ ഡിഫന്‍സ്‌. ഞാന്‍ കലിപ്പിലായി. ദിസ്‌ ഈസ്‌ മൈ റൈറ്റ്‌. ദ കൂപ്പണ്‍ ഈസ്‌ വാലിഡ്‌ ഇന്‍ ഓള്‍ ഔട്‌ലെറ്റ്‌സ്‌. ഞാന്‍ വാദിച്ചു. തഗലോഗി അവളുടെ കാഷ്യര്‍-കം-മാനേജരുടെ അടുത്തേക്കോടി...

രണ്ടുപേരും കൂടി എന്റടുത്തേക്കു വന്നു. നേരത്തെക്കണ്ട ആ ബഹുമാനം ആ പാലസ്തീനിയുടെ കണ്ണുകളിലില്ല. ഈ ഫ്രീ കൂപ്പണും കൊണ്ടു വന്നിട്ടാണോഡേയ്‌ നീ ഇത്രേം നേരം ഇവടെ ഈ ജാഡ കാണീച്ചത്‌, എന്ന ചോദ്യം, ഓള്‍റെഡി തുറിച്ചുന്തിയ അവന്റെ മത്തക്കണ്ണുകളില്‍ മുഴച്ചു നിന്നു.

"സര്‍, ദ മാള്‍ മാനേജ്‌മന്റ്‌ ഈസ്‌ നോത്ത്‌ ബേയിങ്ങ്‌ അസ്‌ ബ്രോബര്‍ലി ഫോര്‍ ദീസ്‌ ഗൂബണ്‍സ്‌.സോ അവര്‍ മാനേജ്‌മന്റ്‌ ദിസൈദദ്‌ നോട്ട്‌ തു ആക്സെപ്റ്റ്‌ ദീസ്‌ ഗൂബണ്‍സ്‌ എനി മോര്‍." പാലസ്തീനി മൊഴിഞ്ഞു.

ഞാന്‍ ഞെട്ടി, അതി ഭീകരമായി!

എന്തൂട്ട്‌ ചത്യാ ചുള്ളാ ഈ കാണീക്കണേ, എന്ന ദയനീയ ഭാവത്തില്‍ ഞാനവനെ നോക്കി. "ഇത്രേം നേരം നീ ഈ ഫ്രീ കൂപ്പ്പ്പണും വെച്ചാല്ലേ ഞങ്ങടെ ക്വാഴിയേയും ചെമ്മീനേയും ഒരു ദയയുമില്ലാതെ ശാപ്പിട്ടത്‌ ല്ലേ" എന്ന റോളില്‍ അവന്‍ എന്നേയും നോക്കി. രാമായണം സീരിയലില്‍, യുദ്ധ സമയത്ത്‌ രാമന്റേയും രാവണന്റേയും അമ്പുകള്‍ കൂട്ടിമുട്ടുന്ന മാതിരി ഞങ്ങളൂടെ നോട്ടങ്ങള്‍ കൂട്ടിമുട്ടി, തീ പാറി.

ഓക്കേ, ഐ വില്‍ കോള്‍ യൂ, എന്നും പറഞ്ഞു അവനെ ഒഴിവാക്കിയ ഞാന്‍ ആ ബില്‍ ബുക്കിനു മുന്നിലിരുന്നു വെട്ടി വിയര്‍ത്തു. ഞാന്‍ ചുറ്റും നോക്കി. കൂപ്പണും കൊണ്ടുവന്ന ഭാര്യ എന്റെ മുഖത്തു നോക്കാന്‍ ശേഷിയില്ലാതെ തല കുമ്പിട്ടിരുന്നു. അമ്മായിയമ്മ ഇതൊക്കെ കണ്ട്‌ അന്തം വിട്ടിരിക്കുന്നു. മകളാണെങ്കില്‍ ബദാം ഡ്രിങ്ക്‌ 'കൊള്ളാം" എന്ന് റോളില്‍ അതും നുണഞ്ഞിരിക്കുന്നു. പയ്യന്‍സ്‌ ഉറക്കമായി. തഗലോഗിയും, കാഷ്യര്‍ പാലസ്തീനിയും കൌണ്ടറില്‍ നിന്നു ഇങ്ങോട്ടു നോക്കി എന്തോ പിറുപിറുക്കുന്നു, ഞാനെന്ന പുപ്പുലിയെ പറ്റിയാവാനേ തരമുള്ളൂ, അല്ലാതെ എന്നേയും നോക്കി സ്വാശ്രയ കോളേജു പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ചെയ്യാന്‍, ലവനെന്താ വട്ടുണ്ടോ?

100 ദിര്‍ഹത്തില്‍ കൂടുതല്‍ പേഴ്സില്‍ കൊണ്ടു നടക്കാത്ത (ബാക്കിയെല്ലാം സ്വിസ്സ്‌ ബാങ്കില്‍ ഫിക്സഡ്‌ ഡെപ്പോസിറ്റാക്കി പലിശയും വാങ്ങിയിരിക്കയാണ്‌) ഞാന്‍ ഉറപ്പിച്ചു. പണി കിട്ടീ.

തഗലോഗിനിയെ വീണ്ടും വിളിച്ച്‌ ഞാന്‍ , ബെയ്സും ടോണും ഒന്നും ഇടാതെ, വളരേ മൃദുവായി ചോദിച്ചു, "ഡൂ യൂ ആക്സെപ്റ്റ്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌?"

"യെസ്‌ സര്‍" എന്നവള്‍ പറഞ്ഞപ്പോള്‍, "ഹോ' എന്നൊരു ആശ്വാസ ശബ്ദം അറിയാതെ എന്റെ തൊണ്ടയിലൂടെ കടന്നുപോയി.

ബില്ലും പേയ്‌ ചെയ്ത്‌, ഭാര്യയെ തുറിച്ചൊന്നു നോക്കി, ആ റസ്റ്റോറന്റില്‍ നിന്നും പുറത്തേക്കിറങ്ങ്മ്പോള്‍ മനസ്സിലൊരു വിങ്ങല്‍. ഒരു പത്തു ദിവസത്തെ ചെലവു നടക്കുമായിരുന്നു ഈ 332 ദിര്‍ഹം ഉണ്ടെങ്കില്‍.

വാതില്‍ തുറന്നു പുറത്തിറങ്ങുമ്പോള്‍ അതാ വരുന്നു!

എന്റെ കെട്ട്യോളുടെ ഒരു സഹപ്രവര്‍ത്തകയും ഭര്‍ത്താവും കൈകോര്‍ത്തു പ്പിടിച്ച്‌ ചിരിച്ചുല്ലസിച്ച്‌, ഫ്രീ കൂപ്പ്പ്പണും വെച്ച്‌ അര്‍മാദിക്കാന്‍!

അവരോട്‌ ഈ പ്രശ്നത്തെപ്പറ്റി സൂചിപ്പിക്കാനാഞ്ഞ ഭാര്യയോടു ഞാന്‍ പറഞ്ഞു, "മിണ്ടണ്ടാാ.." !

"ഹായ്‌, എന്‍ജോയ്‌ യുവര്‍ ഡിന്നര്‍" എന്നു പറഞ്ഞു കൈകൊടുത്ത്‌ പിരിയുമ്പോള്‍, അകത്തോട്ടു കയറിപ്പോയ അവരുടെ കാര്യമോര്‍ത്ത്‌ സത്യത്തില്‍ മനസ്സിലൊരു സന്തോഷം തോന്നി, നമുക്കൊരു കമ്പനിയായല്ലോ.

പാവം, ലവന്റെ കയ്യില്‍, ക്രെഡിറ്റ്‌ കാര്‍ഡ്‌ കാണുമോ എന്തോ?

Read more...

ശുദ്ധി കലശം

Saturday, July 22, 2006

ജയമാല ശബരിമലയില്‍ കേറി, മീര ജാസ്മിന്‍ തളിപറമ്പ്‌ രാജ രാജേശ്വര ക്ഷേത്രത്തില്‍ കേറി, ശുദ്ധി കലശം, പിഴ, വക്കാരി പറഞ്ഞ പോലെ, ആകെ അഴകൊഴ ബഹള കോലാഹലം. ഇതൊക്കെ കേട്ട്‌ എനിക്കും ഒരു ശുദ്ധികലശത്തിന്റെ കാര്യം ഓര്‍മ്മ വരുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കോളെജ്‌ സുവര്‍ണകാലം. ഒരു പതിനെട്ടുകാരന്റെ എല്ലാ തരികിടകളിലും A+ ഗ്രേഡു വാങ്ങി വാണരുളിയിരുന്ന അന്തകാലത്താണ്‌, പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെ, അമ്മ യാതൊരു മയവുമില്ലാത്ത ആ ഉത്തരവിറക്കിയത്‌.

" നീ ശബരിമലക്കു പോകണം" ! 41 ദിവസത്തെ വൃതമെടുത്ത്‌ കന്നി സ്വാമിയായി, എല്ലാ വര്‍ഷവും ശബരി മലക്കു പോകാറുള്ള അമ്മാവന്റെ ടീമില്‍ കൂടെ പൊയ്ക്കോണമെന്ന കല്‍പ്പന കേട്ട ഞാന്‍, Baskin Robins ( ഐസ്ക്രീം) എന്നു കേട്ട കുഞ്ഞാലിക്കുട്ടിയേക്കാള്‍ ഭീകരമായി ഞെട്ടി

തമാശക്കളിയാണോ ? 41 ദിവസം, ഫുള്ളി വെജിറ്റേറിയന്‍... അതു സഹിക്കാം.. രാവിലെ 4 മണിക്ക്‌ എണീറ്റ്‌ അമ്പലക്കുളത്തില്‍ പോയി കുളിക്കണം, അതും നല്ല റഷ്യയിലേതുപോലുള്ള തണുപ്പുള്ള മകരമാസത്തില്‍! രാവിലെ 8 മണി എന്ന സംഭവം വര്‍ഷങ്ങളായി സ്വപ്നങ്ങളില്‍ മാത്രം കണ്ടു നടന്നിരുന്ന ഞാന്‍ എങ്ങനെ? അതും പോട്ടേ.... കള്ളുകുടി പാടില്ല, സഹിച്ചു.. എങ്കിലും ചന്ദ്രീകേ..

ബ്രഹ്മചാരിയായി 41 ദിവസം കോളേജിലെ പെമ്പിള്ളേരുടെ മുന്‍പിലൂടെ കറുത്ത വസ്ത്രം ധരിച്ച്‌, മാലയിട്ട്‌, അവറ്റകളുടെ വായില്‍ നോക്കാതെ, തലകുമ്പിട്ട്‌, ഗോഡ്‌ഫാദര്‍ സിനിമയില്‍ ഇന്നസെന്റിനെപ്പോലെ, "ആന്‍ജനേയാ.. കണ്ട്രോളു തരൂ.." എന്ന റോളില്‍ നടക്കുക. ഹോ ! ഇത്രേം കാലം നമ്മളെയൊക്കെ കാണുമ്പോള്‍ ഓട്ടോമാറ്റിക്കായി സൈലന്റാവുകയും, തലകുമ്പിട്ട്‌ നടക്കയും ചെയ്ത ആ ജൂനിയര്‍ ലനനാമണികളുടെ പുച്ഛഭാവത്തിലുള്ള നോട്ടങ്ങളും കളിയാക്കിയുള്ള പിന്മൊഴികളും (കമന്റുകള്‍) ഞാന്‍ ഭാവനയില്‍ കണ്ടു + കേട്ടു ...

വെറും രണ്ടുമാസം മുന്‍പു മാത്രം, കഠിന കഠോര പ്രയത്നത്തിലൂടെ വളച്ചെടുത്ത, കോളേജിലെ ജൂനിയര്‍ ക്‍ടാവുമായുള്ള പഞ്ചാരയടിയും മുടങ്ങും. അണ്‍ചിന്തിക്കബിള്‍, അണ്‍സഹിക്കബിള്‍.. റിയലി, വേദനിക്കബിള്‍ സിറ്റുവേഷന്‍! ചുരുക്കിപ്പറഞ്ഞാല്‍, ആകെ മൊത്തം, ഒരു കട്ടപ്പൊഹ !

വലിയൊരു ഭക്തനൊന്നുമല്ലാതിരുന്നിട്ടു കൂടി, മാലയിട്ട ശേഷം പഴയ സര്‍ക്കസ്സുകളൊക്കെ തുടരുന്നതില്‍ നിന്ന്‌ ഭയം എന്ന വികാരം എന്നെ വിലക്കി. ദൈവകോപം ദൈവകോപം എന്നതു ഭക്തന്മാര്‍ക്കു മാത്രം കിട്ടുന്ന സാധനമൊന്നുമല്ലല്ലോ!

അമ്മാവന്റെ മകനും, എന്റെ സമപ്രായക്കാരനുമായിരുന്നു അജി. പ്രീഡിഗ്രി പരീക്ഷയില്‍ നേടിയ അത്യുന്നത വിജയം മൂലം, ടൌണിലെ ഒരു വിധപ്പെട്ട കോളേജിലെ പ്രിന്‍സിപ്പാള്‍മാരെല്ലാം "ഇത്രേം ടാലന്റഡായ ഒരുത്തനെ ചേര്‍ക്കാനുള്ള" സ്റ്റാറ്റസ്‌ ഈ കോളേജിനില്ല സാരേ, എന്നു അമ്മാവനോട് ഒരേ സ്വരത്തില്‍ പറയുകയും, തന്മൂലം കാഞ്ഞാണിയിലെ പാരലല്‍ കോളെജില്‍ നല്ല കിടിലന്‍ കളറുകള്‍ക്കിടയില്‍ വിലസാന്‍ യോഗം സിദ്ധിക്കയും ചെയ്ത ഫാഗ്യവാന്‍.

അജിയുടെ പ്രധാന ഹോബി, വാനനിരീക്ഷണമാണ്‌, പിന്നെ, വായനിരീക്ഷണവും (വായിനോട്ടം എന്നു ചിലയിടങ്ങളില്‍ ഇതിനെ പ്രാദേശികമായി വിളിക്കാറുണ്ട്‌) പിന്നെ സ്മാളടിയും. ഈ ഗെഡി നേരം ഇരുട്ടിക്കഴിഞ്ഞാല്‍ ടെറസ്സില്‍ കയറി മേലോട്ടും നോക്കിയിരിക്കും, അമ്മാവന്റെ വീട്ടില്‍ രാത്രി ഞാന്‍ കൂടി ഉണ്ടെങ്കില്‍, ചുള്ളന്‍ ഒരോ നക്ഷത്രവ്യൂഹങ്ങളെ ചൂണ്ടിക്കാണിച്ച്‌ ഓരോ പേരും പറഞ്ഞു തരും. വായും പൊളിച്ച്‌ ആകാശവും നോക്കിയുള്ള ഇരിപ്പിന്റെ പകുതി സമയം പുസ്തകം നോക്കിയിരുന്നെങ്കില്‍ ഈ ഡാവ് റാങ്കോടെ പ്രീഡിഗ്രി പാസായേനേ എന്നു ഞാനോര്‍ത്തു.

അമ്മാവന്റെ കൂടെ എല്ലാ വര്‍ഷവും മലക്കു പോകുമായിരുന്ന അജിയോട്‌ ഞാന്‍ പ്രശ്നം അവതരിപ്പിച്ചു. ഇതാണൊ വല്യ പ്രശ്നം? അവന്‍ പൊട്ടിച്ചിരിച്ചു. അമരീഷ്‌പുരിയെപ്പോലെ!

എന്റെപ്പോലെ അതേ പ്രശ്നങ്ങളുണ്ടെന്നു ഞാന്‍ കരുതിയ അജിയുടെ മറുപടി കേട്ട്‌ ഞാന്‍ വണ്ടറടിച്ചു. നമ്മളെപ്പോലുള്ള പുര നിറഞ്ഞു നില്‍ക്കുന്ന ചുള്ളന്മാര്‍ക്ക്‌ വൃതാനുഷ്ഠാനങ്ങളില്‍ ചില കണ്‍സഷന്‍സ്‌ ഉണ്ടെന്ന്‌ അജി ഉദാഹരണ സഹിതം തെളിയിച്ചു.

വെജിറ്റേറിയന്‍, പുലര്‍ച്ചെയുള്ള കുളി എന്നീ ടേംസ്‌ + കണ്‍ഡീഷന്‍സില്‍ ടാമ്പെറീങ്ങ്‌ സാധ്യമല്ല.

കള്ളുകുടി/പുകവലി എന്നിവ വൃതത്തില്‍ അനുവദനീയമാണാത്രേ ! ശബരിമലക്ക്‌ സ്ഥിരം പോകാറുള്ള, നാലുസെന്റിലെ ശങ്കരു, രാധാകൃഷ്ണന്‍ നായര്‍, കുമാരന്‍, എന്നീ പല ജീവിച്ചിരിക്കുന്ന സ്മാളടി ഇതിഹാസങ്ങളെയും ഉദാഹരണമായി അവന്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ അതു ശരിയാണെന്നെനിക്കും തോന്നി.

പിന്നെ, പഞ്ചാരയടി. അതും സാരമില്ല, പെമ്പിള്ളേരോടു സംസാരിക്കുന്നത്‌ (ചെറിയൊരു കണ്ട്രോളു വച്ച്‌) പ്രശ്നമില്ലത്രെ. പക്ഷേ, തീണ്ടാരിയായിരിക്കുന്ന പെണ്ണുങ്ങളെ കാണാന്‍ പോലും പാടില്ല. അങ്ങനുള്ള ടെറിബിള്‍ സിറ്റുവേഷനില്‍ ഒന്നു മാറി നിന്നാല്‍ മതി. ഇത്രേള്ളോ, റെസ്റ്റ്രിക്‍ഷന്‍സ്‌? ഹ ഹ ഹ ഹ ഞാന്‍ പൊട്ടിച്ചിരിച്ചു ഓംപുരിയെപ്പോലെ!

അങ്ങനെ അയ്യപ്പസ്വാമിയോടു "പൊറുക്കണേ ഗെഡീ" എന്നും പറഞ്ഞു തട്ടിപ്പറിച്ചു വാങ്ങിയ ചില വൃത സംവരണാവകാശങ്ങളുമായി, ഞാന്‍ ഒരു കന്നി സ്വാമിയായി ! പുലര്‍ച്ചെ എല്ലാവരും കൂടി അമ്പലക്കുളത്തിലുള്ള യൂണിക്കോഡ്‌ കുളിയുടേ സൌകര്യാര്‍ത്ഥം താമസം അമ്മാവന്റെ വീട്ടിലും ! കോളെജില്‍ പോക്കും വരവും അജിയുടെ കൂടെ.

92 ലെ പ്രൊഫഷണല്‍ കോളേജ്‌ സമരം മൂലം മിക്കവാറും എല്ലാ ദിവസവും എന്റെ കോളേജില്‍ സമരമായിരുന്നു. അതെനിക്കൊരു ഹരവുമായിരുന്നു. കോളേജിലെ ലൈനുമായിട്ടുള്ള കുറുങ്ങലിനു (*1) ശേഷം തിരിച്ചു വീട്ടില്‍ വരുന്ന വഴിക്ക്‌ കാഞ്ഞാണിയിലുള്ള അജിയുടെ കോളെജില്‍ ഇറങ്ങി കൂടുതല്‍ കളര്‍ഫുള്ളായ അവിടത്തേയും കളക്ഷനെടുക്കുക എന്നതൊരു ദിനചര്യയുടെ ഭാഗമായി.

അങ്ങനെ ഒരു ദിവസം അജിയുടെ കോളെജിലിറങ്ങിയ എന്നോട്‌ ലവന്‍ ചെറിയൊരു വിഷമത്തോടെ പറഞ്ഞു.

"ഡായ്‌, ഒരു ചിന്ന പ്രശ്നം. ഇന്നു സിന്ധുവിനെ സംസാരിക്കാന്‍ വിളിച്ചപ്പോള്‍ അവള്‍ ഒരോട്ടം... എപ്പ വിളിച്ചാലും ഓടി വരാറുള്ള മിടുക്കിപ്പെണ്ണാ. ഇന്നുമാത്രം എന്തോ. അവളു തീണ്ടാരിയാണെന്നാ തോന്നുന്നേ..പ്രശ്നമായീ !

"വിട്ടു കള ഗെഡീ.. നിനക്കു തോന്നിയതല്ലേ.." എന്നു പറഞ്ഞു ഞാന്‍ പറഞ്ഞു. ശേഷം കുടുമ്മത്തക്കു തെറിച്ചു, നല്ല ഉച്ച നേരത്ത്‌.

അമ്മായി ഉച്ചക്ക്‌ ചപ്പാത്തിയും മസാലക്കറിയുമുണ്ടാക്കി ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. വൃതമെടുത്ത്‌ കോളേജില്‍ പോയി പഠിച്ച്‌ ക്ഷീണിച്ചു വന്ന മകനോടും മരുമകനായ എന്നോടും, ഭക്ഷണം കഴിച്ചോളൂ എന്നു പറഞ്ഞു തീരും മുമ്പേ ഞങ്ങള്‍ രണ്ടും ടേബിളില്‍ ഹാജര്‍. വൃതകാലത്ത്‌ ഭക്ഷണത്തോടുള്ള ആക്രാന്തം പാടില്ല എന്നൊന്നും നിയമമില്ലല്ലോ!

8 ചപ്പാത്തി വിളമ്പിയിട്ടും അജി ഒന്നും കഴിക്കാതെ പ്ലേറ്റിനു മുമ്പില്‍ തന്നെ എന്തോ ഓര്‍ത്ത്‌ ഇരിക്കുന്ന കണ്ട അമ്മായി കാര്യം തിരക്കി.

"അമ്മേ.. എന്റെ ക്ലാസിലെ ഒരു പെങ്കൊച്ച്‌, ഇന്നു എന്നെ കണ്ടപ്പോഴേക്കും ഓടി.. അവളു തീണ്ടാരിയാണെന്നു തോന്നുന്നു" വെറും നിഷ്കളങ്കുവായ അജി വഹ കുമ്പസാരം.

പ്ലേറ്റിലേക്കു വീണ 8 ചപ്പാത്തിയും വീഡിയോ റിവൈന്‍ഡ്‌ അടിച്ചപോലെ അമ്മായിയെടുത്ത്‌ തിരിച്ചു പാത്രത്തിലേക്കിട്ടു.

“എണീറ്റു പോടാ.... പോയി ചാണക വെള്ളത്തില്‍ കുളിച്ച്‌ വാ.. എന്നാലെ ശുദ്ധമാകൂ.." എന്നു പറയുന്ന കൂടെ ഒരു സബ്‌ ടൈറ്റിലായി തരക്കേടില്ലാത്ത വോളിയത്തില്‍ ഒരാക്രോശവും.. "നീയൊക്കെ പെമ്പിള്ളാരു തീണ്ടാരിയാണോന്നു നോക്കാനാണോടാ കോളേജില്‍ പോകുന്നേ"?

"അനുഭവിച്ചോടാ മണ്ടാ" എന്ന ഭാവത്തില്‍ അജിയെ നോക്കി, ചപ്പാത്തിയുമായുള്ള മല്‍പ്പിടുത്തം തുടങ്ങാനാഞ്ഞ എന്നോടും അമ്മായി കല്‍പിച്ചു. "നിര്‍ത്ത്‌ ... നീയും പോയി കുളിക്ക്‌"!

ഹേയ്‌.. തമാശ പറയല്ലേ അമ്മായിജീ... ഞാനാ ടൈപ്പേ അല്ല, ആ പെണ്ണിനെ ഞാന്‍ കണ്ടതേയില്ല എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും, അജിയെ കൂട്ടിത്തൊട്ടു എന്ന ഒരൊറ്റ കാരണത്താല്‍, ചാണകാഭിഷിക്തനാകാന്‍ എനിക്കും നിയോഗമുണ്ടായി.

അവസാനം, അമ്മൂമ്മ ഒരു ടെക്നിക്കു പറഞ്ഞു, ഒരു കുന്തി (*2) ചാണകമെടുത്ത്‌ കുളത്തില്‍ കലക്കി ആ കുളത്തില്‍ കുളിച്ചാല്‍, ചാണകക്കുളിക്കു സമമാണത്രെ! ഹോ... രക്ഷപ്പെട്ടു..

ഓരോ കുന്തി ചാണകമെടുത്ത്‌ രണ്ടുപേരും കുളത്തിലേക്കു നടക്കുമ്പോള്‍ അജി എന്നെ നോക്കി ഒരു വളിച്ച ചിരി! കുടലിനു തീയും പുകയും പിടിച്ചിരിക്കുന്ന എനിക്ക്‌ അതും കൂടി കണ്ടപ്പോള്‍, കയ്യിലിരുന്ന ആ ചാണകമെടുത്ത്‌ അവന്റെ തിരുമോന്തയില്‍ തേക്കാനാ തോന്നിയത്‌. സ്വാമിമാരല്ലേ, തെറിപറയാനൊക്കില്ലല്ലോ.. സ്വാമി ശരണം !

ശുദ്ധി കലശത്തിനു ഓരോ കുന്തി ചാണകം വച്ചു തിന്നണമെന്നൊന്നുമല്ലല്ലോ നിയമം എന്നോര്‍ത്തപ്പോള്‍ ചെറിയൊരാശ്വാസത്തില്‍ ഞാന്‍ നെടുവീര്‍പ്പിട്ടു!

=========================================
1* കുറുങ്ങല്‍ = പഞ്ചാരയടി
2* ഒരു കുന്തി ചാണകം = പശുവിന്റെ ഒരു സിംഗിള്‍ ഡ്രോപ്‌ ചാണകം (കഷ്ടി ഒരൊന്നൊന്നര രണ്ടു കിലോ വരും)!

Read more...

ദ വേലൂസ്‌ ഇഫക്റ്റ്‌ --

Saturday, July 15, 2006

ഇതിലെ രണ്ടു കഥാപാത്രങ്ങളെ ഒന്നു പരിചയപ്പെടേണ്ടേ?
മിന്നല്‍ ദാ.. ഇവിടേ. / വേലു ദാ ഇവിടേ
( വായിക്കാന്‍ സമയമില്ലാത്തവര്‍ക്കായി.. മിന്നല്‍ എന്റെ ഏറ്റവും താഴേയുള്ള അനിയനും, വേലു നാട്ടിലെ പോസ്റ്റ്മാനും.)

രാമ രാമ, രാമ രാമ..
രാമ രാമ രാമ രാമ പാഹിമാം..

നേരം തൃസന്ധ്യ ...
അമ്മമ്മ നല്ല 1000W , PMPO ഡിജിറ്റല്‍ ഡോള്‍ബി സ്റ്റെയിലില്‍ നാമജപം തകര്‍ക്കുന്നു. അകത്തു ഡേ നൈറ്റ്‌ മാച്ചില്‍, ഇന്ത്യന്‍ ബാറ്റിങ്ങും കണ്ട്‌ അടുത്തത്‌ ഫോറൊ, അതോ വിക്കറ്റോ എന്നു ടെന്‍ഷനടിച്ചിരുന്ന എനിക്ക്‌ ഈ "ഹേ റാം" വിളികള്‍ അസഹനീയമായി.

ഓടി ഇറയത്തു ചെന്നു അമ്മമ്മയോട്‌ പറഞ്ഞു , "അമ്മമ്മേ... മെല്ലെ രാമ നാമം ചൊല്ലൂ... നമ്മുടെ വേലായുധന്‍ വന്നു ചീത്ത പറയും."

പോ കുട്ടീ, എന്നു പറഞ്ഞു അമ്മൂമ്മ നാമം ചൊല്ലല്‍ തുടര്‍ന്നെങ്കില്ലും, അതിനു ശേഷം ശബ്ദം കുറവായിരുന്നു...ഒരു 100 W. അതാണ്‌ " വേലൂ'സ്‌ ഇഫക്‍ടിന്റെ ഗുണം. തിരിച്ചു ക്രിക്കറ്റു കാണാന്‍ ടി.വീ. യുടെ അടുത്തേക്കു നടക്കുമ്പോള്‍, പണ്ട്‌ വാശി പിടിച്ചു കരയുമ്പോള്‍, "പുലി വന്നു പിടിച്ചോണ്ട്‌ പോവും" എന്നും പറഞ്ഞ്‌ അമ്മൂമ്മയെന്നെ പേടിപ്പിക്കാറുള്ളതോര്‍ത്തു ചിരിച്ചു.

സോ.. വാട്ട്‌ ഈസ്‌ വേലൂ'സ്‌ ഇഫക്റ്റ്‌ ?
വേലൂ'സ്‌ ഇഫക്റ്റ്‌ ഈസ്‌ ഡിഫൈനെഡ്‌ ആസ്‌ "വെനെവര്‍ സൌണ്ട്‌ വേവ്‌സ്‌ സിമിലര്‍ റ്റു ദ ഫ്രീക്വന്‍സി ഓഫ്‌ "ജാനകി ജാനേ രാമ" ഫാള്‍സ്‌ ഇന്റു ദ ഇയര്‍ ഡ്രം ഓഫ്‌ വേലു, അ സീരീസ്‌ ഓഫ്‌ മാസ്സീവ്‌ ന്യൂറോ മാസ്കുലര്‍ എക്സ്‌പ്ലോഷന്‍സ്‌ ടെയ്യ്‌ക്സ്‌ പ്ലയിസ്‌ ഇന്‍സൈഡ്‌ ഹിസ്‌ ബ്രെയിന്‍ ഫോര്‍ ഫ്യൂ സെക്കന്‍ഡ്സ്‌ ഏന്‍ഡ്‌ ദീസ്‌ മള്‍ട്ടിപ്പിള്‍ എക്‍സ്‌പ്ലോഷന്‍സ്‌ ജെനറേറ്റ്‌സ്‌ എനോര്‍മസ്‌ അമൌണ്ട്‌ ഓഫ്‌ എനര്‍ജി & ഇംപള്‍സസ്‌, വിച്ച്‌ ഇവന്‍ച്വലി ലൂസന്‍സ്‌ സം ഹെക്‍സാഗണല്‍ നട്ട്‌സ്‌ സെന്റ്രല്ലി ലൊകേറ്റഡ്‌ ഇന്‍ ഹിസ്‌ മരത്തല. ദിസ്‌ ഫിനോമിന മോഡിഫൈ വേലൂസ്‌ മനോവിചാരങ്ങള്‍ വെരി സിമിലര്‍ റ്റു ദ ഗൈസ്‌ ഇന്‍ ഊളമ്പാറ.

ഇതിനെ മലയാളീകരിച്ചാല്‍...
ഞങ്ങടെ നാട്ടിലല്ല, ഈ ഭൂലോകത്തില്‍ ജീവിച്ചിരിക്കുന്ന, വിവരമുള്ളതോ, അല്ലാത്തതോ ആയ, ആരുമാവട്ടെ, വേലുവിന്റെ മുന്നില്‍ വന്ന്‌ "ജാനകീ ജാനേ.. രാമ.." എന്നു പറഞ്ഞാല്‍, പിന്നെ, പുള്ളിക്കാരന്റെ സൊബാവം മാറും. വെങ്കിട ദേശത്തെ സകല , കമ്യൂണിക്കേഷന്‍-പോസ്റ്റല്‍ അഡ്രസ്സ്‌ ഡാറ്റബേയ്‌സുകള്‍ ഡിഫ്രാഗ്‌മെന്റഡ്‌ ആയിക്കിടക്കുന്ന ആ കഷണ്ടിത്തല പിന്നെ "ഫോര്‍മാറ്റു ചെയ്ത" ഹാര്‍ഡ്‌ ഡിസ്ക്‌ പോലെയാകും.. ആരു, എന്ത്‌, എത്‌, എന്നൊന്നും നോട്ടമില്ല... അദ്ദേഹത്തിന്റെ ആ മിന്നും തലക്കകത്തുള്ള കോമണ്‍ സെന്‍സിന്റെ ഭണ്ഡാരപ്പെട്ടിയില്‍ നിന്നും ഒരു ചെറിയ പത്തു പൈസ കുറച്ചു നേരത്തേക്ക്‌ ഡെബിറ്റായിപ്പോകും...ജാനകീ ജാനേ എന്നു മൂളിയത്‌ സ്വന്തം അപ്പനായാല്‍ പോലും, അപ്പന്റെ തന്തക്കു വിളിക്കും.

ഒരിക്കല്‍, റേഡിയോവില്‍ ഈ പാട്ടു കേട്ടപ്പോള്‍, വേലുവിന്റെ നട്ടിളകുകയും, വീട്ടിലെ റേഡിയോ തല്ലിപ്പൊളിച്ച്‌, അതു പാടിയ യേശുദാസിനെ തെറി വിളിക്കുകയും ചെയ്തത്രേ.

അതു താന്‍ വേലു സ്റ്റെയില്‍. ജാനകി.. ജാനെ.. രാമാ.. ഈ മൂന്നു വാക്കുകള്‍ മൊത്തമായോ ചില്ലറയായോ വേലുവിന്റെ മുന്നില്‍ പറയാന്‍, ആ ദേശത്തുള്ള ആരും ധൈര്യപ്പെട്ടില്ല.

എന്തുകൊണ്ട്‌? എന്തുകൊണ്ട്‌? എന്തുകൊണ്ട്‌?
വേലുവിന്റെ മുഴുവന്‍ പേരു രാമന്‍ വേലായുധന്‍. ഭാര്യ പേര്‌ ജാനകി.. വേലു-ജാനകി ദാമ്പത്യ വല്ലരിയില്‍ വിടന്നത്‌ വെറും 3 പെണ്‍ കുസുമങ്ങള്‍. ഈ 3 കടമകള്‍ നിര്‍വഹിച്ച്‌ വേലു കേരള സര്‍ക്കാറിന്റെ ബക്കറ്റു വാങ്ങിയെന്നാണ്‌ കേട്ട്‌ കേള്‍വി.

50 ഇയര്‍ ഓള്‍ഡ്‌ വൈന്‍ ആയ വേലുവിന്റെ ഭാര്യക്ക്‌ 35 വയസ്സേ ഉണ്ടായിരുന്നുള്ളൂ . തരക്കേടില്ലാത്ത സുന്ദരിയും. 10-12-14 വയസ്സിലെത്തി നില്‍ക്കുന്ന മക്കളും. നാട്ടിലുള്ള 12 വയസ്സിനു മുകളിലുള്ള സകല ആണ്‍പ്രജകളേയും വേലു ഒരു സംശയ ദൃഷ്ട്യാലാണ്‌ നോക്കിയത്‌ . നാട്ടിലെ ഒരു വിധപ്പെട്ട ഗെഡികളൊക്കെ മിസ്സിസ്‌ ജാനകീ വേലുവിനെ നോക്കിയിരുന്നത്‌ ഒരു ആക്രാന്ത ദൃഷ്ടിയിലും. രണ്ടു കൂട്ടരേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

ആയിടക്കാണ്‌ നാടിനെ, പ്രത്യേകിച്ച്‌ നാട്ടിലെ ആണ്‍ പ്രജകളെ നടുക്കിയ ആ ദുരന്തം നടന്നത്‌ ! വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. ജാനകി ഒളിച്ചോടി ! നാട്ടിലെ ഇലക്ട്രിസിറ്റി ബോര്‍ഡിലെ ലൈന്‍മാനായിരുന്ന സെബാസ്റ്റിയനുമായി നാടു വിട്ടൂ !

ജാനകീദര്‍ശനം മുടങ്ങിയല്ലോ എന്ന ആഘാതത്തില്‍, ചില യുവ ഗെഡികള്‍, വലി, കുടി മുതലായ കലാപരിപാടികള്‍ തുടങ്ങി. മറ്റു ചിലര്‍ കഞ്ചാവില്‍ അഭയം തേടി.

വേലു ഇനിയെന്ത്‌ എന്ന റോളില്‍, ലോങ്ങ്‌ ലീവെടുത്തു. ദേശത്തെ മൊത്തം കമ്യൂണിക്കേഷന്‍ തകരാറില്‍, ഗള്‍ഫില്‍ നിന്നും കത്തുകള്‍-ഡ്രാഫ്റ്റുകള്‍ എല്ലാം ആപ്പീസില്‍ കെട്ടിക്കിടന്നു. നാടിന്റെ മൊത്തം എക്കോണമിയെ ബാധിച്ചു. നാടാകെ സ്തംഭിച്ചു!

ഏകദേശം 10 ദിവസം കഴിഞ്ഞ്‌ ഒരു പുലരിയില്‍, ഒരു സന്തോഷ വാര്‍ത്തയും കേട്ടാണ്‌ നാടുണര്‍ന്നത്‌. ജാനകി തിരിച്ചു വന്നു. ചെയ്ത മഹാപരാധങ്ങല്‍ പൊറുക്കണേ ചേട്ടാ എന്നു പറഞ്ഞ്‌ ജാനകി വേലുവിന്റെ കാല്‍ക്കല്‍ വീണു.

വേലുവിന്റെ തലയില്‍ ആ ന്യൂറോ മസ്‌കുലര്‍ എക്സ്‌പ്ലോഷന്‍സ്‌ നടന്നെങ്കിലും, 10-12-14 വയസ്സിലുള്ള 3 പെണ്‍ ട്രോഫികളുടെ കാര്യമാലോചിച്ചപ്പോള്‍, വേലു ജാനുവിനു മാപ്പ്‌ കൊടുത്തു. ജാനുവിന്റെ അമ്മയുടെ വീട്ടില്‍ പത്തു ദിവസം മാറിത്താമസിച്ചതാണേന്നു നാട്ടുകാരോട്‌ പറഞ്ഞാല്‍ മതിയെന്ന മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്‍ഡിങ്ങില്‍, ജാനുവെന്ന ആ സെക്കന്‍ഡ്‌ ഹാന്‍ഡ്‌ മോറിസ്‌ മൈനര്‍ വേലുവെടുത്ത്‌ വീണ്ടും ഷെഡ്ഡില്‍ കയറ്റിയിട്ടു.

നാട്ടുകാര്‍ ആരാ മക്കള്‍, അവരു വിടുമോ ?

ലൈന്‍മാന്‍ സെബാസ്റ്റിയന്‍ ജാനുവിനെ ഇടുക്കി വൈദ്യുതനിലയം കാണിക്കാന്‍ കൊണ്ടുപോയതാണെന്നു ചിലര്‍, അല്ല, ഭൂതത്താന്‍കെട്ടില്‍ സ്റ്റഡി ടൂറിനു പോയതാണെന്നു മറ്റൊരു ടീം, കായംകുളം താപ വൈദ്യുത പ്രോജക്റ്റ്‌ കാണിക്കാന്‍ കൊണ്ടു പോയതാണെന്നു വേറെ ചിലര്‍...

സത്യം ആരറിഞ്ഞു, സെബാസ്റ്റിയന്റെ കൂടെ ഇലക്ടിക്കല്‍ എഞ്ചിനീയറിങ്ങിനു പഠിക്കാന്‍ പോയ ജാനകിക്ക്‌, 110 kV സബ്‌-സ്റ്റേഷന്റെ കപ്പാസിറ്റിയുണ്ടെന്നു താന്‍ കരുതിയിരുന്ന ഈ I.I.O K.V സെബാസ്റ്റിയനു, ഒരു 3V, NiCd ബാറ്ററിയുടെ വോള്‍ടേജ്‌ പോലുമില്ലെന്നു വെറും ഒരാഴ്ചക്കകം മനസ്സിലായി.

അധികം ഷോക്ക്‌ ട്രീറ്റ്‌മെന്റിനു നില്‍ക്കാതെ, കുടുമ്മത്തേക്കു തെറിക്കയാണു നല്ലത്‌ എന്നു ബുദ്ധിമതിയായ ജാനു മനസ്സിലാക്കി. ഒരാഴ്ച്ചത്തെ ട്രീറ്റ്‌മെന്റോടെ കയ്യിലെ കാശു തീര്‍ന്ന 3 Volt സെബാസ്റ്റിയനും അതിനലുകൂലിച്ചത്രേ. വീടു വരെ കൊണ്ടു ചെന്നാക്കിയത്‌ സെബാസ്റ്റിയനാണെന്നും രഹസ്യ ഭാഷണമുണ്ട്‌.

ഈ സംഭവ ശേഷം, നാട്ടില്‍ ഒരു പാട്ട്‌ ഭയങ്കര ഫേമസായി.
"ധ്വനി" എന്ന ചിത്രത്തിലെ, ജാനകീ ജാനേ.. രാമാ.. രാമാ... വേലുവിനെ കണ്ടാല്‍ ആബാലവൃദ്ധം ജനങ്ങളും ഈ പാട്ടുപാടി അര്‍മാദിച്ചു.

തന്നെക്കാണുമ്പോള്‍ മാത്രം നാട്ടുകാരുടെ ചുണ്ടില്‍ ഓട്ടോമാറ്റിക്കായി വരുന്ന ഈ മൂളിപ്പാട്ടില്‍ എന്തോ പന്തികേടുണ്ടെന്നു വേലുവിനു തോന്നി. പാട്ടിന്റെ ടെക്‍നിക്ക്‌ എത്രയാലോചിച്ചിട്ടും ആ മണ്ടോദര കുണ്ഡലുവിനു ക്ലിക്കിയില്ല.

അതിനിടക്കാണ്‌ വേലുവിന്റെ ഒരു സുഹൃത്ത്‌ ഈ പാട്ടിന്റെ "നാടന്‍ വേര്‍ഷന്‍" തര്‍ജ്ജമ വേലുവിനോതിക്കൊടുത്തത്‌.

ജാനകീ.. ജാനേ.. രാമാ.. എന്നു ഹിന്ദിയില്‍ പറഞ്ഞാല്‍....
ജാനകി പോയില്ലേ രാമാ..വേലായുധാ.... എന്നാണ്‌ മലയാളത്തില്‍

വേലുവിന്റെ തലയില്‍ തേനീച്ചകള്‍ മൂളി.... ഇത്രേം ദിവസം, ഈ പരട്ടകളൊക്കെ എന്നെ ഇതും വിളിച്ച്‌ കളിയാക്കയായിരുന്നു. ഹും ! വേലൂസ്‌ എഫക്റ്റ്‌ തലയില്‍ പൊട്ടിത്തെറീച്ചു !

തര്‍ജമ പറഞ്ഞു കൊടുത്ത സുഹൃത്തിന്റെ തന്തക്കും, തന്തയുടെ തന്തക്കും വിളിച്ചിട്ടേ വേലു തിരിച്ചു നടന്നുള്ളൂ !

അതോടെ, ജാനകീ - ജാനേ- രാമാ- ഈ മൂന്നു വാക്കുകളും ഒറ്റക്കോ തെറ്റക്കോ, വേലു കേള്‍ക്കെ ആരു പറഞ്ഞാലും അപ്പഴവിടെ "വേലൂസ്‌ ഇഫക്റ്റ്‌" താണ്ഡവമാടും. വിരലിലെണ്ണാവരൊഴികെ അന്നാട്ടിലെ എല്ലാവരും വേലൂ'സ്‌ ഇഫക്റ്റിന്റെ ഇംപാക്റ്റ്‌ അനുഭവിച്ചു.

മര്യദക്കൊന്നു ശ്രീരാമഭഗവാനെ വിളിക്കാനുള്ള അവകാശം നഷ്ടപ്പെട്ട നാട്ടുകാര്‍, വേലുവിന്റെ ഒക്കേഷണലി ഡെബിറ്റഡ്‌ 10 പൈസാ ഓര്‍ത്തു ക്ഷെമിച്ചു. ശ്രീരാമനെ വിളിക്കാന്‍ അത്രക്കു മുട്ടുന്നവര്‍, പൂജാമുറിയുടെ വാതിലടച്ച്‌ പതിഞ്ഞ ശബ്ദത്തില്‍ പ്രാര്‍ത്ഥിച്ചു. രാമ, രാമ....

അങ്ങനെയങ്ങനെ.. ഒരു മധ്യ വേനലവധിക്കാലം....

സമയ 12 ഉച്ചക്ക്‌ മണി. മിന്നല്‍ പ്രീഡിഗ്രി കഴിഞ്ഞിരിക്കുന്ന കാലം, പ്രായം മധുരപ്പതിനേഴ്‌. വീടിനടുത്തുള്ള പറമ്പില്‍ ക്രിക്കറ്റ്‌ കളിച്ചു കൊണ്ടിരിക്കുന്നു, മിന്നലും, സമപ്രായക്കാരായ 4-5 ഗെഡികളൂം, പിന്നെ , 8-10 വയസ്സുള്ളാ കുറെ ചീളു പയ്യന്മാരും. ബാറ്റു ചെയ്യുന്നത്‌ ശ്രി.മിന്നല്‍ ടെന്‍ഡുല്‍ക്കര്‍ തന്നെ.

ഈ സമയത്താണ്‌ വേലു, തന്റെ ഡ്യൂട്ടി സംബന്ധമായി ആ വഴിക്കു നടന്നു പോകുന്നത്‌, കുറെ എഴുത്തുകളും മറ്റും കക്ഷത്തില്‍ തിരുകി, അപ്രോക്‍സിമേറ്റ്‌ലി, ഒരു 5 കി.മി/ഹവര്‍ സ്പീഡില്‍ നടരാജ്‌ മോട്ടോര്‍സില്‍ പെടച്ചു പോകുകയായിരുന്നു.

"ജാനകീ ജാനേ.... പൂയ്‌....പൂയ്‌.."
ക്രിക്കറ്റു കളിച്ചു കൊണ്ടിരുന്ന, ഏതോ ഒരു ചീളു ഫീല്‍ഡര്‍, നല്ല കിടിലന്‍ ശബ്ദത്തില്‍ കൂവി.

വേലു ബ്രെയ്ക്കിട്ടു! ആ സഡണ്‍ ബ്രേക്കില്‍ വേലുവിന്റെ പാരഗണ്‍ ചെരുപ്പുകള്‍ ചരല്‍ റോഡില്‍ ഉരഞ്ഞു "കിര്‍ര്‍ര്‍ര്‍ര്‍ര്‍ ....." എന്ന ശബ്ദമുണ്ടാക്കി. പൊടി പടലങ്ങലോടൊപ്പം, റബ്ബര്‍ കരിയുന്ന മണം അന്തരീക്ഷത്തിലുയര്‍ന്നു.

ഇടത്തോട്ടു തിരിഞ്ഞ വേലുവിനു മനസ്സിലായി, ക്രിക്കറ്റ്‌ ടീമിലേ ഏതോ അലവലാതിയാണ്‌ ഈ ശബ്ദത്തിന്റെ ഉടമ. വേലുവിന്റെ തലയില്‍ നിന്നും 10 പൈസ തെറിച്ചു പോയി.."ക്‍ണീംംംം" എന്ന ശബ്ദത്തില്‍ തറയില്‍ വീണു. ദാ വേലൂസ്‌ ഇഫക്റ്റ്‌ ഈസ്‌ റെഡി ടു എക്‍സ്‌പ്ലോഡ്‌ !

പിന്നെയെല്ലാം യാന്ത്രികമായിരുന്നു. ബായേ മൂട്ടഡിച്ച്‌, വേലു ക്രിക്കറ്റ്‌ ടീമിന്റെ അടുത്തേക്ക്‌ ചെന്നു.

ഇനി നടന്നേക്കാവുന്ന ആ ഭീകര രംഗത്തിനു സാക്ഷ്യം വഹിക്കാനുള്ള ത്രാണിയില്ലാതെ, സൂര്യന്‍ മേഘപാളികള്‍ക്കിടയില്‍ പോയൊളിച്ചു. പ്രപഞ്ച നിശബ്ദം. ആ അന്തരീക്ഷത്തിനു കുറച്ചു മസാല ഭീകരത വരുത്താന്‍, അകലെ നിന്നും ഒരു പട്ടി ഓരിയിട്ടു.

"ഏത്‌ PWD മോനാടാ എന്നെ കളിയാക്കിയത്‌"? വേലു അട്ടഹസിച്ചു!
അഭിനവ ടെന്‍ഡുല്‍ക്കര്‍മാരും ദ്രാവിഡന്മാരും ഒന്നും ശബ്ദിച്ചില്ല. അതിനുള്ള ധൈര്യമുണ്ടായില്ല എന്നതാണു വാസ്തവം.

ഇതെന്തരു ? ഈ സംഭവങ്ങളൊന്നും അറിയാതെ ബാറ്റു ചെയ്യുകയായിരുന്ന മിന്നല്‍, വേലുവിനെ നോക്കി. വേലു വീണ്ടും, ക്രിക്കറ്റ്‌ ടീമിലെ എല്ലാരുടെയും തന്തക്ക്‌ ഹോള്‍സെയിലായി തെറി വിളി തുടങ്ങി.

ഗുളികന്‍ ശുക്രന്റെ അടുത്തിരുന്ന്‌ കോങ്കണ്ണിട്ടു മിന്നലിനെ നോക്കുന്നതിനാലും, ശനിയില്‍ ചൊവ്വയുടെ അപഹാരമുള്ളതിനാലും, ആരെങ്കിലും എന്തെങ്കിലും കുരുത്തക്കേടുകള്‍ കാട്ടിയാല്‍, അനാവശ്യമായി ആ മൊഡകളില്‍ ഇടപെട്ട്‌, തിക്താനുഭവങ്ങള്‍ ഏറ്റെടുക്കുക എന്നത്‌, മിന്നലിന്റെ ജാതകവശാലുള്ള നിയോഗവും ഹോബിയും ആയിരുന്നു.

ജാതകത്ത്യാലുള്ളത്‌ തൂത്താലോ ബ്ലേഡിട്ടുരച്ചാലൊ പോകില്ലല്ലോ?

"നിര്‍ത്തടോ..എന്താ തന്റെ പ്രശ്നം?" മിന്നല്‍ അലറി.

പിന്നെ, മൊത്തത്തിലുള്ള തെറി വിളീ നിര്‍ത്തി വേലു മിന്നലിനോടായി അങ്കം. ഒരു തവണ അവന്റെ (എന്റേയും കൂടിയായ) തന്തക്കു വിളിച്ചത്രെ !

മിന്നലിന്റെ മുഖത്തേക്കുള്ള ഞരമ്പുകളുലൂടെ 20 ലിറ്റര്‍/സെക്കന്‍ഡ്‌ എന്ന തോതില്‍ രക്തം ഇരമ്പിക്കയറി.ഓള്‍റെഡി ഗ്യാരണ്ടി കളറായ മിന്നലിന്റെ മുഖം അന്നു ചുവന്നു തുടുത്തെന്നു ദൃക്‌സാക്ഷികള്‍.

"താന്‍ ആണാണെങ്കില്‍ ഒന്നു കൂടി തന്തക്കു വിളിക്കടോ"! മിന്നല്‍ വെല്ലു വിളിച്ചു.

10 പൈസ ഇളകി തറയില്‍ വീണ വേലുവിനാണോ ഇതൊക്കെ ഒരു പ്രശ്നം?
വേലു വീണ്ടും വിളിച്ചു... ഞങ്ങടെ തന്തക്കു !

മിന്നലിന്റെ തലയില്‍ മിന്നല്‍ പിണരുകള്‍ വെട്ടി. പിന്നെയൊന്നും ആലോചിക്കാന്‍ നിന്നില്ല. ഷോയബ്‌ അക്തറിന്റെ ബൌണ്‍സര്‍ ഹൂക്ക്‌ ചെയ്ത്‌ ടെന്‍ഡുല്‍ക്കര്‍ സിക്‍സറടിക്കും പോലെ, ആഞ്ഞു വീശി, കയ്യിലുള്ള ബാറ്റ്‌, വേലുവിന്റെ കഷ്ണ്ടിത്തലയെ ലക്ഷ്യമാക്കി.

പ്രതീക്ഷിക്കാത്ത ആ ഹുക്ക്‌ ഷോട്ടു കണ്ടു നില്‍ക്കാനാകാതെ, ചുറ്റും നിന്ന പിള്ളാര്‍ കണ്ണടച്ചു. വേലുത്തലയും, ബാറ്റും തമ്മിലുള്ള ആ പോയിന്റ്‌ ഓഫ്‌ കോണ്ടാക്റ്റ്‌, ഉണ്ടാക്കിയേക്കാനിടയുള്ള ആ "ടക്ക്‌" ഭീകരനാദം കേല്‍ക്കാന്‍ ശേഷിയില്ലെന്നോര്‍ത്ത്‌ ചിലര്‍ ചെവി പൊത്തി

തലയില്ലാതെ വേലു എഴുത്തും ഡ്രാഫ്റ്റും കൊണ്ടു തങ്ങളുടെ വീട്ടില്‍ വരുന്നതും "പോസ്റ്റ്‌" എന്നു വിളിച്ചു പറഞ്ഞ്‌ എഴുത്തുകള്‍ വീട്ടിലേക്കെറിഞ്ഞു തിരിച്ചു പോകുന്നതും ചിലര്‍ മനസ്സില്‍ ചിത്രീകരിച്ചു. എന്തിന്‌ , തെറിച്ചു പോയ വേലുത്തലയുടെ സെര്‍ച്ചിനായി, ഭരത്‌ ചന്ദ്രന്‍ IPS വരുന്നതും ചിലര്‍ ഭാവനയില്‍ കണ്ടു.

തന്റെ തല ലക്ഷ്യമാക്കി, ഒരു SG ബാറ്റ്‌ പാഞ്ഞു വരുന്നതുകണ്ട വേലുവിന്റെ തലയിലേക്ക്‌, നേരത്തെ ഇളകിപ്പോയ ആ 10 പൈസ സഡന്‍ലി ക്രെഡിറ്റായി. ഇനി ഇവിടെ നിന്നാല്‍ സംഗതി ബോറാകും എന്നയാള്‍ തിരിച്ചറിഞ്ഞു.

എന്റമ്മച്ചിയേ... എന്നെ കൊല്ലുന്നേ.....
എന്നൊരശരീരിയാണ്‌ പിന്നവിടെ കേട്ടത്‌! വേലുവിന്റെ പൊടിപോലിമില്ല കണ്ടുപിടിക്കാന്‍

സെക്കന്‍ഡിന്റെ പത്തിലൊരംശം കൊണ്ട്‌ വേലു 100 മീറ്റര്‍ കവര്‍ ചെയ്തു. വേലു കിഴക്കു ദിശയിലേക്കാണോടിയതെന്നതു കക്ഷത്തില്‍ നിന്നും പുഷ്പവൃഷ്ടിപോലെ കൊഴിഞ്ഞു വീണു നിരന്നു കിടന്നിരുന്ന ആ ഏഴുത്തുകള്‍ സാക്ഷ്യപ്പെടുത്തി.

അവസാനം അടുത്ത ദിവസം, പ്രശ്ന പരിഹാരത്തിനായി, വേലുവിനെ വീട്ടില്‍ വിളിച്ചു വരുത്തി, അയാളുടെ മുന്നില്‍ വച്ച്‌ മിന്നലിനെ അച്ഛന്‍ ഒന്നു പൊട്ടിച്ചു.

എല്ലാം കഴിഞ്ഞ്‌, ഒരു ചായയും കുടിച്ച്‌ തിരിച്ചു പോകാനൊരുങ്ങിയ വേലുവിന്റെ ചെവിയില്‍ ചെന്നു മിന്നല്‍ മന്ത്രിച്ചു.

" തന്നെ ഞാന്‍ എടുത്താളോമെടോ.. ജാനകീ ജാനേ.."

തലേന്നത്തെ ആ മിന്നല്‍ ഹുക്ക്‌ ഷോട്ടിന്റെ ഓര്‍മയുള്ളതു കൊണ്ടോ, മുന്‍സിഫ്‌ കോടതിയില്‍ ജോലിയുള്ള അച്ഛന്‍ അവിടെയുണ്ടായിരുന്നതുകൊണ്ടോ, എന്തോ, മിന്നലിനെ തറപ്പിച്ചൊന്നു നോക്കി, എന്തൊക്കെയോ പിറുപിറുത്തുകൊണ്ട്‌, പാവം വേലു നടന്നകന്നു.

Read more...

കൂട്ട്

Sunday, July 09, 2006

തണുത്ത മകരക്കാറ്റ്‌ മുഖത്തോട്ടടിച്ചപ്പോളാണു കണ്ണുകള്‍ തുറന്നത്.

വീടെത്താറായി.. പുലര്‍ച്ചെ കുളിക്കാന്‍ പോകുന്ന സ്വാമിമാരുടെ ശരണം വിളികള്‍ കേള്‍ക്കുന്നുണ്ട്‌. കഷ്ടി അഞ്ചുമണി ആയിക്കാണൂം.

വല്ലാത്ത തല വേദന. കാറിന്റെ ചില്ലുകള്‍ മുഴുവനും തുറന്നു.. തണുത്ത കാറ്റടിക്കുമ്പോള്‍ ചെറിയൊരാശ്വാസം. കഴിഞ്ഞ 16 മണിക്കൂറുകളില്‍ വിമാനത്തിലിരുന്ന കുറച്ചു നേരമാണു ചെറുതായൊന്നു മയങ്ങിയത്‌.

ആ പഴഞ്ചന്‍ അംബാസഡറിന്റെ ശബ്ദം നിലച്ചപ്പോള്‍ ചിന്തകളില്‍ നിന്നുണര്‍ന്നു. വാതില്‍ തുറന്നു പുറത്തിറങ്ങുമ്പോള്‍ തോന്നി.. തേങ്ങലുകള്‍ ഉച്ചത്തിലായോ..

പടികള്‍ കയറി. ഉമ്മറത്ത്‌ അച്ഛനുണ്ട്‌, ആ പതിവു ശാന്തതയോടെ. ഒന്നു നോക്കി, കിഴക്കേ ഇറയത്തെ തിണ്ണയിലിരുന്നു !

വിദൂരതയിലേക്കുള്ള നോട്ടത്തിനു, കിഴക്കെപ്പുറത്തെ മാവ്‌ ഭംഗം വരുത്തി. കുട്ടിക്കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഒന്നായിരുന്നു അതിലെ മാങ്ങ. ഓര്‍മ്മകള്‍ പുറകോട്ട് വലിച്ചു.

അപ്പുറത്ത്‌ അച്ഛന്റെ ഉറക്കെയുള്ള ശബ്ദം.” എത്ര തവണ പറഞ്ഞൂ, ഈ മാവൊന്നു വെട്ടിക്കളയാന്‍.. മാങ്ങയും, ചില്ലയും വീഴുന്നതു പോരാഞ്ഞിട്ട്‌, കുരുത്തം കെട്ട പിള്ളേരുടെ കല്ലെടുത്ത്‌ എറിയലും ! ഓടു പത്തെണ്ണമാ ഇന്നു മാറ്റിയത്‌ ! ജോണി നൂറു ഉറ്പ്യാ വാങ്ങീത് …

“നിങ്ങക്കെന്താ.. നല്ല അസ്സലു മാങ്ങ കിട്ടണ മാവല്ലേ, കൊല്ലത്തില്‌ പത്ത്‌ ഓടു മാറ്റുയതോണ്ട്‌ ഒരു കൊഴപ്പോല്ല്യ” അമ്മയുടെ വക ന്യായീകരണം.

അച്ഛനു ആ മൂവാണ്ടനോട്‌ തീരെ താല്‍പര്യമില്ല. അവധി കഴിഞ്ഞ്‌ തിരിച്ചു യാത്ര പറയാന്‍ നേരം, അമ്മയുടെ കണ്ണുനീര്‍ സ്ഥിരം കാഴ്ചയാണ്‌. അച്ഛന്‍ മുഖത്തു നോക്കില്ല. ആ മൂവാണ്ടന്‍ മാവിനേയും നോക്കിനില്‍ക്കും, കാര്‍ കണ്ണില്‍ നിന്നും മറഞ്ഞാലും ചിലപ്പോള്‍ നിമിഷങ്ങളോളം അതേ നില്‍പ്പാണെന്നു അമ്മ പറഞ്ഞതോര്‍ത്തു.

വന്നു വസ്ത്രം മാറൂ മോനെ.” ചെറിയമ്മായി വന്നു കൈപിടിച്ചു വലിച്ച്‌ അകത്തേക്കു കൊണ്ടുപോയി.
മുണ്ടെടുത്തുടുത്ത്‌ വീണ്ടും ഉമ്മറത്തെ തിണ്ണയിലേക്ക്‌… ഓര്‍മകളിലേക്ക്‌,

വല്ലാത്തൊരു ശബ്ദം കേട്ട്‌ ഞെട്ടിയുണര്‍ന്നു. കുമാരന്റെ അവസാന വെട്ടുമേറ്റ്‌ മൂവാണ്ടന്‍ വീണു…

എന്റെ ഇനിയുള്ള മടക്കയാത്രകള്‍ക്കു സാക്ഷ്യം വഹിക്കാന്‍ ആ മാവിനി അവിടെയില്ല..

പൊടിഞ്ഞിറങ്ങിയ രണ്ടു കണ്ണീര്‍തുള്ളീകള്‍ തുടച്ചു കൊണ്ട്‌ ഞാന്‍ നോക്കിനിന്നു… അതിന്റെ ചില്ലകള്‍ ചിതയില്‍ ഒന്നൊന്നായി എരിഞ്ഞടങ്ങുന്നത്‌ .. അച്ഛനു കൂട്ടായി…

========= ========== ==========

43 Responses to “കൂട്ട്‌…”

 1. ഇടിവാള്‍ iTivAL Says:

  This post has been removed by the author.

 2. കുറുമാന്‍ Says:

  ഇടിവാളെ…..വളരെ നന്നായിരിക്കുന്നു….

  ഇനി നല്ല കഥകളെഴുതാന്‍ പോകുന്നു എന്നു പറഞ്ഞപ്പോഴും, ഞാന്‍ ഇത്രയും കരുതിയില്ല.

  അബി നന്ദനം
  ബാത് മേം വന്ദനം

 3. വിശാല മനസ്കൻ Says:

  എന്താ കഥ!
  ഒന്നാന്തരം ആയിട്ടുണ്ട്.
  ഇത്രക്കും ഞാന്‍ ഇടിവാളില്‍ നിന്ന് പ്രതീക്ഷിച്ചില്ല.
  ഞെരിപ്പ് പോസ്റ്റ്. റ്റച്ചിങ്ങ്.

 4. കലേഷ്‌ kalesh Says:

  ഇടിവാള്‍ഗഡീ, :(
  എവിടെയോ ഒക്കെ കൊള്ളുന്ന കഥ.
  നന്നായിട്ടുണ്ട്!

 5. അജിത്‌ Ajith Says:

  ഇടിവാളേട്ടോ ടച്ചിംഗ്‌ സ്റ്റോറി.. കഥയെഴുത്ത്‌ ഒരു ശീലമാക്കൂ..
  പിന്നെ മനസ്സിന്റെ മറ്റേ പകുതി സ്ഥലത്ത്‌ നില്‍ക്കുന്ന ഗെഡിയെ മൈന്റ്‌ ചെയ്യേണ്ട കാര്യം ഇല്ല. മനുഷ്യന്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നത്‌ പുള്ളിക്ക്‌ പിടിക്കാറില്ല.

 6. സങ്കുചിത മനസ്കന്‍ Says:

  കഥയല്ല ഇത്‌….

  മാര്‍വലസ്‌……

 7. daly Says:

  വെറും കഥ തന്നെയല്ലെ?..

 8. പെരിങ്ങോടന്‍ Says:

  ഇടിവാളിന്റെ ബ്ലോഗില്‍ ഇതുവരെയൊരു കമന്റിട്ടില്ല! ഒരു സ്വാഗതം പോലും എഴുതിയില്ല! തമാശക്കഥകള്‍ അഞ്ചാറെണ്ണം എഴുതിയിട്ടും വായിച്ചതല്ലാതെ കമന്റെഴുതാന്‍ ഓര്‍ത്തില്ല. ഇപ്പോള്‍ ഈ കഥയ്ക്കാവാം. ഹാസ്യം ഇഷ്ടമല്ലെന്നു് ഇടിവാള്‍ തെറ്റിദ്ധരിക്കേണ്ടാ, മുന്‍പെഴുതിയ മിക്കതും ഞാനും വായിച്ചിരുന്നു, എല്ലാറ്റിനും കൂടി നന്നായീയെന്ന അഭിനന്ദനം ഇപ്പോഴാ‍വട്ടെ.

  ഓഫ്: മൂവാണ്ടനാണോ ഗോമാവാണോ ചിതയൊരുക്കുന്നതിനു് ആചാരപ്രകാരമുള്ള വൃക്ഷം എന്നതില്‍ എനിക്കല്പം ശങ്കയുണ്ടായിരുന്നു “ഈ കഥ” എഴുതുമ്പോള്‍. ഇപ്പോഴതു തീര്‍ന്നെന്നു തോന്നുന്നു.

 9. Anil:അനില്‍ Says:

  നന്ദി ഇടിവാളേ :(

 10. ചില നേരത്ത്.. Says:

  ItivaaLe..
  touching Story!!!
  (Sorry for using English.)

 11. ദില്‍ബാസുരന്‍ Says:

  ഗെഡ്യെ,
  ഇങ്ങള് ശൈലി മാറ്റും ശീലക്കൊട മാറ്റുമെന്നൊക്കെ മീറ്റില്‍ പറഞ്ഞപ്പൊ ഞാന്‍ കരുതി പാവം സഭാകമ്പം കൊണ്ട് പറയുന്നതാവുമെന്ന്.

  എന്റമ്മോ.. ഇതിനെയാണ് ഇടിവെട്ട് സാധനം ഇടിവെട്ട് സാധനം എന്ന് പറയുന്നത്. ഇങ്ങനെത്തെ ഐറ്റംസ് കൈയ്യില്‍ ഉണ്ടല്ലേ?

  പിന്നെ എന്റെ അഭിപ്രായത്തില്‍ പേര് ഇടിവാള്‍ എന്നത് തന്നെയാണ് നല്ലത്. അഭിപ്രായമാണേ..ഇമേജ് മേക്കോവര്‍ എളുപ്പമാവില്ല.

 12. Vempallyവെമ്പള്ളി Says:

  ഇടിവാളെ ഇതു വളരെ നന്നായിരിക്കുന്നു, ടച്ചിങ്ങ്!
  ഇനിയും എഴുതൂ.

 13. sami Says:

  വേദനിപ്പിക്കാനറിയാം അല്ലേ….എല്ലാണ്ടെന്താ പറയ്വാ….

  ഇടിവാളേട്ടാ,നമ്മള്‍ ഇവിടെയും ഓപ്പോസിറ്റ്……
  മീറ്റിയതിനു ശേഷമാ ഞാനൊരു ഹ്യൂമറസ് പോസ്റ്റ് എഴുതിയത്…..അതു വരെ സെരിയസ്സ് ആയിരുന്നു[എന്നെനിക്ക് തോന്നുന്നു]….താങ്കള്‍ ഹ്യൂമറസ്സ് ആയിരുന്നു….ഇപ്പോ ഇമോഷനല്‍ ആയി…..
  എന്താ നമ്മളിങ്ങനെ കീരിയും പാമ്പും പോലെ?;-))…………
  എപ്പോഴും ഓപ്പോസിറ്റ്…….:(

  സെമി

 14. Satheesh Says:

  സാധാരണ ഇതുപോലുള്ള കഥകളും എഴുത്തും വായനയില്‍ നിന്നൊഴിവാക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട് (സിനിമയും ). ഇടിവാളിന്റെതാവുമ്പം പ്രത്യേകിച്ച് മുന്‍‌കരുതലൊന്നും ഇല്ലാതെ വന്നു വായിച്ചതാ.. ഇരുത്തിക്കളഞ്ഞു!
  ഇടിവാളെ, നിങ്ങള്‍ ഒരു അപാര സംഭവമാകുന്നു!
  on a serious note: പ്രിന്റ് മീഡിയയോട് വിരോധമൊന്നും ഇല്ലെങ്കില്‍ ഈ കഥകളൊക്കെ ആ വഴിക്കാക്കാന്‍ ശ്രമിച്ചൂടെ.. ഒരു വലിയ ഓഡിയന്‍സ് കാത്തിരിക്കുന്നുണ്ടവിടെ..

 15. മുസാഫിര്‍ Says:

  ഇടിവാളെ,
  കഥ നന്നായിട്ടുണ്ട്‌ കേട്ടൊ.ഇനിയുമിനിയും എഴുതുക.കയ്യക്ഷരം നന്നാവാനല്ല ,
  കഥകള്‍ നന്നാവാന്‍.
  സസ്നേഹം

 16. Adithyan Says:

  ഇടീ ഇപ്പൊഴാ കണ്ടത്…
  നന്നായി എഴുതിയിരിയ്ക്കുന്നു…

  ഇതു വായിച്ച് ഞാനും വിഷമത്തിലായി… എന്തിനെന്ന് എഴുതണ്ടല്ലോ…

 17. ബിന്ദു Says:

  നന്നായി എഴുതി… പക്ഷേ… സീരിയസ്‌ ആവല്ലേ എല്ലാം.

 18. L G Says:

  നന്നായി എഴുതി.എല്ലാ പൊട്ടിച്ചിരികളുടെ പിന്നിലും ഒരു തേങ്ങള്‍ ഒളിച്ചിരുപ്പണ്ട്..ല്ലെ?

  ഇങ്ങിനത്തെ കഥകള്‍ മാത്രം എഴുതൂ….
  അനുഭവങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ.

 19. കണ്ണൂസ്‌ Says:

  എല്ലാവരും എപ്പോഴെങ്കിലും ജീവിതത്തില്‍ കടന്നു പോകുന്ന ഒരു ഘട്ടം അല്ലേ..

  നന്നായിരിക്കുന്നു ഇടിവാളേ. ഹാസ്യം വഴങ്ങുന്ന രീതിയില്‍ തന്നെ ഇത്തരം സബ്ജക്റ്റുകളും വഴങ്ങും എന്നത്‌ ചെറിയ കാര്യമല്ല.

 20. അചിന്ത്യ Says:

  ഇടിവാളേ ,
  ഉം…ഒക്കേം ണ്ട് ഇതില്‍.
  എന്റ്റച്ഛന്‍ ഒടുങ്ങിയത് ലാലൂര്‍ പൊതുശ്മശാനത്തില്‍.കൂട്ടിനെന്തായിരുന്നോ എന്തൊ! :) നന്ദി
  സ്നേഹം

 21. ശാന്തം Says:

  കഥ നന്നായിരിക്കുന്നു ഇടിവാള്‍. ശരിക്കും ടചിങ്ങ്‌. ഇനിയും ഇതു പോലുള്ള നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു. താങ്കള്‍ക്കതു സാധിക്കും
  ഹാസ്യം വേണ്ടെന്നല്ല കേട്ടോ ;)

 22. സ്നേഹിതന്‍ Says:

  ഒരു യാത്രയിലായിരുന്നതു കൊണ്ട് മിന്നിയത് ഇപ്പൊഴാണ് കണ്ടത്.
  ഇടിവാള്‍ എന്റെ മനസ്സില്‍ കൊണ്ടു. എഴുത്ത് തികച്ചും ശ്രദ്ധേയം.

 23. Kaippally Says:

  This post has been removed by the author.

 24. Kaippally Says:

  വേതനകളെ‍ തലോടുന്നു ലെളിതമായ വരികള്‍.

  പ്രശംസിക്കാന്‍ എനിക്ക വാകുകള്‍ കിട്ടുന്നില്ല.

 25. വക്കാരിമഷ്ടാ Says:

  ഇടിവാളേ.. നല്ല എഴുത്ത്. നന്നായിരിക്കുന്നു. ശോകവും ഹാസ്യവും ഓര്‍മ്മക്കുറിപ്പുകളും എല്ലാം നന്നായി വഴങ്ങുന്നു.

 26. ദില്‍ബാസുരന്‍ Says:

  ഇടിവാള്‍ ഗെഡ്യേ,
  വക്കാരിക്ക് മാത്രമേ പഴമുള്ളൂ ? ഇത് ചത്യാട്ടാ…
  എനിക്ക് മിനിമം ഒരു ചക്കപ്പഴമെങ്കിലും വേണം.

 27. വികടന്‍ Says:

  ഇടിവാള്‌ ഗഡീ… കലക്കീട്ടാ. കിടുക്കന്‍ ഒരു കഥ. ഇനിയും ഉണ്ടോ ഇത്തരം ആചാരങ്ങള്‍ ?

 28. saptavarnangal Says:

  ഇടിവാള്‍,
  നല്ല എഴുത്തു..ഇഷ്ടപ്പെട്ടു.

  എന്റെ വിവരമില്ലായ്മയാണൊ എന്നറിയില്ല..

  “പടികള്‍ കയറി. ഉമ്മറത്ത്‌ അച്ഛനുണ്ട്‌, ആ പതിവു പുഞ്ചിരിയോടെ. ഒന്നു നോക്കി, കിഴക്കേ ഇറയത്തെ തിണ്ണയിലിരുന്നു !“

  ഈ പുഞ്ചിരി ഇവിടെ ചേരുമോ..? മറ്റ് ഭാവങ്ങള്‍ ഈ സഹചര്യത്തില്‍ ഉപയോഗിച്ചാണ് ഞാന്‍ അധികവും കണ്ടീരിക്കുന്നത്.. നിസ്സംഗ ഭാവങ്ങള്‍ , ശാന്തഭാവങ്ങള്‍…

 29. വക്കാരിമഷ്ടാ Says:

  ഇഡ്ഡലിവാളേ.. പഴത്തിനും പട്ടയ്ക്കും നന്ദി. പട്ട പച്ചയ്ക്ക് ഞാന്‍ തിന്നില്ല. വായിച്ചില്ലേ സേതുലക്ഷ്‌മിയെപ്പറ്റിയൊക്കെ.. വേവിച്ച പട്ട, ഉപ്പയൊക്കെയിട്ട്, കുറച്ച് കാന്താരിമുളകൊക്കെ ചേത്ത്, കുറച്ച് ഉള്ളീം കടുകും ഒക്കെയിട്ട്, മസാലയിട്ട്… :)
  അസുരണ്ണാ.. പഴം… ഇത്തിരി പുളിക്കും :)

 30. ബിരിയാണിക്കുട്ടി Says:

  ഇടി ഗഡീ.. നന്നായി എഴുതീരിക്കുണു.

  ഒരു നൊമ്പരം ബാക്കിയാക്കി ആ അച്ഛന്‍..

 31. ഇടിവാള്‍ iTivAL Says:

  സപ്തവര്‍ണ്ണങ്ങള്‍ : ഞാന്‍, ഒരു മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നു, ആദ്യമായാണ്‌ സീരിയസ്സായി എന്തെങ്കിലും എഴുതുന്നതെന്ന്‌.

  പുഞ്ചിരി” എന്നതു ചൂണ്ടിക്കാണിച്ചതിനു നന്ദി. ആ വാക്കു വേണോ എന്നു ഞാനും ആലോചിച്ചിരുന്നു, പോസ്റ്റു ചെയ്യുന്നതിനു മുന്‍പ്‌..

  മരിച്ചു കിടക്കുന്ന അച്ഛനെ നോക്കിയപ്പോള്‍ എനിക്കു തോന്നിയിരുന്നു, മുഖത്തൊരു പുഞ്ചിരിയുണ്ടെന്ന്‌ ! തോന്നലാകാം… അല്ല.. ഉണ്ടായിരുന്നു! സത്യം ;
  ( പിശുക്കിപ്പിടിച്ചുള്ള ആ പതിവു പുഞ്ചിരി… ഒരു പക്ഷേ മക്കള്‍ക്കു മാത്രം കാണാവുന്നത്‌ ? )

  ബിരിയാണീ: അതെ….. നന്ദി.

  വികടാ: ഇനിയുമുണ്ടോ ഇത്തരം ആചാരങ്ങള്‍ ?? മനസ്സിലായില്ല മാഷെ.. വിശദീകരിക്കാമോ ?

 32. saptavarnangal Says:

  മകനു കാ‍ണാവുന്ന ഒരു പുഞ്ചിരി എന്നു ഇടിവാള്‍ പറഞ്ഞതു കൊണ്ടു ഞാന്‍ പിന്മാറുന്നു.. ആ പുഞ്ചിരി കാരണം എനിക്കു അവസാ‍നം വരെ വായിക്കേണ്ടി വന്നു.. :)
  നല്ല എഴുത്ത് തന്നെ ഇടിവാള്‍ ഇത്..!

 33. ഇടിവാള്‍ iTivAL Says:

  സപ്തം: പറയാന്‍ വിട്ടു !.. ശാന്തഭാവം, നിസ്സംഗത.. എന്നീ വാക്കുകള്‍ക്കു പകരം, പുഞ്ചിരി എന്നിട്ടതിനു പിന്നില്‍, അങ്ങനെയൊരു ദുരുദ്ദേശം കൂടിയുണ്ടായിരുന്നൂട്ടോ ! അവസാനം വരെ വായിപ്പിക്കല്‍ ! ;)

 34. ദില്‍ബാസുരന്‍ Says:

  അനുഭവത്തില്‍ നിന്ന് വരുന്ന വാക്കുകള്‍ക്ക് സൂര്യതേജസ്സുണ്ടാവുന്നത് സ്വാഭാവികമാണെന്ന് ഇത് വായിച്ചപ്പോള്‍ എനിക്ക് തോന്നി. ഇനിയും ഇത് പോലെ എഴുതൂ…

 35. prem Says:

  കധ നന്നയിട്ടുന്റ്‌ ഇടിവാള്‍സേ..
  ഞാനും ഒരു ബ്ലോഗു തുടങ്ങാന്‍ ഉദ്ദെശിക്കുന്നു.

  സസ്നേഹം
  പ്രേം

 36. Says:

  ഓ.ഇടിവാളിന്‌ ഒരു നമസ്കാരം പറഞ്ഞില്ല്യ. മനസ്കാരം മാഷേ. എഴുത്ത്‌ ഉഗ്രനായിട്ടുണ്ട്‌.

 37. ദേവരാഗം Says:

  ഇടിവാളേ
  ഇതിപ്പോഴാ കണ്ടത്‌. രണ്ടു മഹാ ശിഖരങ്ങള്‍ വെട്ടിയിട്ടും ചില്ലകള്‍ എനിക്കു ബാക്കി വച്ച ഒരു മൂവാണ്ടന്‍ മാവ്‌ എന്റെ വീട്ടില്‍ നില്‍പ്പുണ്ട്‌. അതിലെ വെട്ടു കൊണ്ട പാടും പിന്നെ അതു വെട്ടിയ ദിവസങ്ങളോടടുത്ത്‌ ഞാന്‍ നട്ട രണ്ടു തെങ്ങിന്‍ തൈകളും ഇന്നു വളര്‍ന്നു വലുതായി നില്‍ക്കുന്നതും ഒക്കെ ഓര്‍ത്തു ഇതു വായിച്ചിട്ട്‌.

 38. വിശാല മനസ്കൻ Says:

  “രണ്ടു മഹാ ശിഖരങ്ങള്‍ വെട്ടിയിട്ടും ചില്ലകള്‍ എനിക്കു ബാക്കി വച്ച ഒരു മൂവാണ്ടന്‍ മാവ്‌ എന്റെ വീട്ടില്‍ നില്‍പ്പുണ്ട്‌”

  ഹോ!!! എന്തൊരു കമന്റ്!!!

  എന്റെ ഓര്‍മ്മകളുടെ ഇത്തള്‍ കൂനയിലേക്കാണ് ഇടിവാളും ദേവനും‍ വെള്ളം കോരിയൊഴിച്ചത്.

 39. മഴനൂലുകള്‍... Says:

  സ്ഥിരം ശൈലി പ്രതീക്ഷിച്ചാണു വന്നത്. എങ്കിലും ഒത്തിരി ഇഷ്ടമായി; ദേഗരാഗത്തിന്‍റെ കമന്‍റും…

  വേദനിപ്പിയ്ക്കുന്നതെങ്കിലും മറക്കാന്‍ കഴിയാത്ത ഓര്‍മ്മകളാണെല്ലാം…

 40. അരവിന്ദ് :: aravind Says:

  നന്നായിട്ടുണ്ട് ഇടിവാളേ..
  പക്ഷേ നര്‍മ്മം മതി പ്ലീസ്..അല്ലേങ്കില്‍ ഇങ്ങനത്തെ പോസ്റ്റ് വേണ്ട..
  കാരണെന്താന്നറിയോ? ചങ്കില്‍ കൊള്ളണപോലെ എഴുതുന്നു, താങ്കള്‍..ഓര്‍മകള്‍ ചങ്ങലപൊട്ടിക്കുന്നു.

 41. ലോഗനാഥന്‍ Says:

  ഏഷ്യാനെറ്റ് പ്ലസ്സിന്റെ പരസ്യത്തിലെ പോലെ, ഒറ്റ വാക്കിലൊരനുമോദനം. കിടിലന്‍.. ഇത്രങട് പ്രതീക്ഷിച്ചില്ല്യ..

 42. VENU Says:

  ഇടിവാള്‍ ,

  ഞാന്‍ വായിച്ചു.
  കാര്‍ കണ്ണില്‍ നിന്നും മറഞ്ഞാലും ,ആ മൂവാണ്ടന്‍ മാവിനേയും നോക്കിനില്‍ക്കുന്ന ആ അച്ഛനേയും ആ സ്നേഹിതന്‍ മൂവാണ്ടന്‍ മാവിനേയും ഞാന്‍ കണ്ടു.

  കുമാരന്റെ വെട്ടേറ്റു നിലത്തു വീഴുന്ന മൂവാണ്ടന്റെ ജന്മ സാഫല്യവും എനിക്കു മനസ്സിലാക്കാവുന്നതായിരുന്നു.

  കരയാനൊരു കാരണം ചോദിക്കാത്ത എന്റെ കണ്ണുകള്‍ നനഞ്ഞു പോയി.
  നന്നായിട്ടുണ്ട്!

 43. ikkaas&villoos Says:

  ഇതിനൊക്കെ കമന്റിട്ടില്ലെങ്കിപ്പിന്നെ ബ്ലോഗറാന്നും പറഞ്ഞ് ജീവിച്ചിരുന്നിട്ട് കാര്യമില്ല. വായിച്ചുതീരാറായപ്പൊഴാ ഒരു റെഗുലര്‍ കസ്റ്റമര്‍ കയറിവന്നത്. “എന്താ, നല്ല സുഖമില്ലേ, മൊഖമൊക്കെ വല്ലാണ്ടിരിക്കണ്, കരഞ്ഞോ?” “ഹേയ്, വല്ലാത്തൊരു തലവേദന.”
  ഇക്കഥ എവിടെയോ ഒരിക്കല്‍ സംഭവിച്ചതു തന്നെയെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.
  -ഇക്കാസ്

Read more...

ഹലുവാ പുരാണം

Tuesday, July 04, 2006

1982 -ലാണ്‌ വീട്ടിലെ പര്‍ച്ചേസിങ്ങ്‌ & പബ്ലിക്ക്‌ റിലേഷന്‍സ്‌ മാനേജറയി ഞാന്‍ ചുമതലയേല്‍ക്കുന്നത്‌. 8 വയസ്സില്‍തന്നെ, റേഷന്‍ വാങ്ങല്‍, അരി പൊടിക്കാന്‍ കൊണ്ടു കൊടുക്കല്‍, ഇട്ടൂപ്പിന്റെ പെട്ടിക്കട, രാമുവിന്റെ കട ഇത്യാദി സ്ഥലങ്ങളില്‍ നിന്നു, വീട്ടാവശ്യത്തിനുള്ള പലവ്യജ്നനങ്ങള്‍/പച്ചക്കറികള്‍, നെഗോഷിയേഷന്‍, ഫൈനലിസേഷന്‍, പിന്നെ, ഇവയൊക്കെ നടരാജ്‌ സര്‍വീസ്‌ വഴി വീട്ടിലോട്ടു ട്രാന്‍സ്പോര്‍ട്ടിങ്ങ്‌, തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ പാരന്റ്‌സ്‌ നിഷ്ക്കരുണം എന്റെ തലയിലേക്കു ചാര്‍ത്തി തന്നു !

എന്റെ 12ആം വയസ്സില്‍, തുടര്‍ച്ചയായ, 4 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനൊടുവില്‍, തൊട്ടു താഴേയുള്ള അനിയന്‍ മധ്യന്‍ (മദ്യന്‍ അല്ല, നടുവിലുള്ള ബ്രദര്‍), 8 വയസ്സറിയിച്ച ഉടനെത്തന്നെ, യാതൊരു മടിയും കൂടാതെ ഈ ജോലിയില്‍ നിന്നും വളണ്ടറി റിട്ടയര്‍മെന്റെടുത്ത്‌ പദവി അവനു കൈമാറുകയായിരുന്നു, നിസ്വാര്‍ഥനായ ഈയുള്ളവന്‍ !

ഞങ്ങടെ നാട്ടിലുണ്ടായിരുന്ന രണ്ടു കടകളാണ്‌ ഒന്നു, വീട്ടീല്‍ നിന്നും, വെറും 100 മീ അകലേയുള്ളേ, "ഇട്ടൂപ്പ്‌സ്‌ പെട്ടിക്കട" എന്ന സൂപ്പര്‍ മാര്‍ക്കറ്റും, പിന്നെ, 1 കി.മീ. ദൂരെ മേച്ചേരിപ്പടി ജങ്ക്ഷനിലുള്ള, " രാമൂന്റെ പീടിക" എന്നു വിളിച്ചിരുന്ന ഹൈപ്പര്‍ മാര്‍ക്കറ്റും !! ഇവിടെ രണ്ടിടത്തും കിട്ടാത്ത ഐറ്റംസ്‌, 2 കി.മീ, അകലെയുള്ളെ വെങ്കിടങ്ങു സെന്ററില്‍ പോയി വാങ്ങണം.

വീട്ടിലെ സകല പര്‍ച്ചേസിങ്ങും "രാമു" ന്റെ കടയില്‍ നിന്നാണ്‌. ഇട്ടൂപ്പ്‌സ്‌ പെട്ടിക്കടയാണ്‌ കൂടുതല്‍ അടുത്തെന്ന സൌകര്യമുണ്ടെങ്കില്‍ കൂടി, "വിലകൂടുതല്‍" , "ചോയ്‌സ്‌ കുറവ്‌", "പഴയ സ്റ്റോക്ക്‌" മുതലായ ഡ്രോബാക്കുകള്‍ മൂലം, ഞങ്ങള്‍, രാമൂ'സിലാണ്‌ കുറ്റി (അതായത്‌, പറ്റു പുസ്തകം). ഒരോ കാര്യത്തിനും 1 കി.മീ ഓടെണമെന്നുള്ള "വലിയൊരു" മെച്ചം കൂടിയുണ്ടിതിന്‌ ! ഇങ്ങനെയൊക്കെയാണെങ്കിലും, SOS ഘട്ടങ്ങളില്‍, ഇട്ടൂപ്പ്സില്‍ നിന്നും റെഡി ക്യാഷ്‌ , ചില്ലറ പര്‍ച്ചേസിങ്ങും അച്ഛന്‍ അപ്രൂവ്‌ ചെയ്തിരുന്നു !

വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണു, 4-5 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനു ശേഷം, പാരമ്പര്യമനുസരിച്ച്‌, മധ്യന്‍, ജോലിഭാരങ്ങളെല്ലാം, ഏറ്റവും താഴേയുള്ള അനിയനായ മിന്നലിനെ ഏല്‍പ്പിച്ച്‌, ചേട്ടന്റെ പാത പിന്‍തുടര്‍ന്നു ! പഠിപ്പില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാനാണ്‌ ഈ വളണ്ടറി റിട്ടയര്‍മെന്റിനു വീട്ടുകാര്‍ സമ്മതിച്ചിരുന്നത്‌.

12-15 വയസ്സിലൊക്കെ, മേച്ചേരിപ്പടി ജങ്ക്ഷനില്‍ നിന്നും, ഒരു തുണി സഞ്ചിയില്‍ അരിയും സാധനങ്ങളും മറ്റേകയ്യില്‍ മണ്ണെണ്ണ പാത്രവുമായി നടന്നു നീങ്ങവേ, അബദ്ധത്തിലെങ്ങാല്‍, എനാമാവു സ്കൂളിലേയോ, മറ്റൊ സുന്ദരാംഗികളുടെ മുന്നില്‍ പെട്ടാല്‍..? തീര്‍ന്നില്ലേ കമ്പ്ലീറ്റ്‌ ഇമേജ്‌ ?

ഈ കാര്യങ്ങള്‍ക്കായി മാത്രം ഒരാളെ ജോലിക്കു വയ്ക്കണം എന്ന "ബ്രോഡ്‌ മൈന്റഡ്‌" ചിന്താഗതിക്കാരായിരുന്നു ഞങ്ങള്‍ മൂന്നുപേരും എന്നിരിക്കിലും, അച്ഛന്റെ മുന്നില്‍, അത് അവതരിപ്പിക്കാനുള്ള ആ ഒരു ചമ്മല്‍ ഓര്‍ത്ത്‌ ( ഹേയ്‌.. പേടിയല്ല..) നിശബ്ദരായി ഈ അടിമപ്പണി ചെയ്തുപോന്നു! പുരയുടെ മേല്‍ക്കൂരയും തകര്‍ത്തു വളര്‍ന്നു നില്‍ക്കുന്ന മൂന്നാണ്‍മക്കളുടെ, മാനസിക വ്യാപാരങ്ങള്‍ ആരു തിരിച്ചറിയാന്‍ !

വര്‍ഷങ്ങള്‍, വീണ്ടും വീണ്ടും കടന്നു പോയി. ഇട്ടൂപ്പിനും രാമുവിനുമെല്ലാം പ്രായമായി, മക്കള്‍ ബിസിനസ്‌ ഏറ്റെടുത്തു! താഴേ അനിയന്മാരായി ആരും ഇല്ലാത്തതിനാല്‍, മിന്നല്‍ കുരുക്കിലായി ! വളണ്ടറി റിട്ടയര്‍മെന്റിനു അവനാഗ്രഹമുണ്ടെങ്കിലും, നിര്‍ദ്ദാക്ഷിണ്യം അവന്റെ അപേക്ഷ വീട്ടുകാര്‍ തള്ളി.

സാധാരണ, എനിക്കും മധ്യനും വെറും നാലു വര്‍ഷം മാത്രം ചെയ്യേണ്ടിയിരുന്ന ആ ദുരിതപൂര്‍ണമായ ജോലി, 8 വയസ്സു മുതല്‍ മിന്നല്‍ ഏറ്റെടുത്ത ആ കട്ടപ്പാര, ഇന്നും അവന്‍ ചുമന്നുകൊണ്ടിരിക്കുന്നു! 15 വര്‍ഷങ്ങള്‍ക്കുശേഷവും !

വായ്നോട്ടത്തിനായി മേച്ചേരിപ്പടി ജംക്ഷനില്‍ പോകുമ്പോള്‍ വീട്ടിലേക്ക്‌ ഒരു തീപ്പട്ടി വാങ്ങാന്‍ പറഞ്ഞാല്‍ പോലും, ഞങ്ങള്‍ അനുസരിച്ചിരുന്നില്ല, അതൊക്കെ മിന്നലിന്റെ ഡ്യൂട്ടിയല്ലേ. ചേട്ടന്മാര്‍ അവന്റെ ഉത്തരവാദിത്വങ്ങളില്‍ കൈ കടത്തുന്നു എന്നവനു തോന്നിയാലോ ?? ഛായ്‌ ..മോശം.. സ്വന്തം അനിയനോട്‌ ഇങ്ങനെയൊക്കെ പെരുമാറാമൊ ? വന്നു വന്നു, രാമു, ഇട്ടൂപ്പ്‌, ഇന്നീ വാക്കുകള്‍ കേള്‍ക്കുന്നതു പോലും എനിക്കും മധ്യനും വെറുപ്പായി !

അങ്ങനങ്ങനങ്ങനെ.... ഞാന്‍ 20 വയസ്സിന്റെ പടിവാതിലില്‍ നില്‍ക്കുന്നൊരു കാലം... കോളെജ്‌ ജീവിതം ജസ്റ്റ്‌ കഴിഞ്ഞ്‌ മധുരിക്കും ഓര്‍മ്മകള്‍ വീടിന്റെ ഉമ്മറത്തിരുന്ന്‌ വെറുതെയിരുന്ന് അയവെട്ടിവെട്ടിക്കൊണ്ടിരിക്കുന്ന പ്രായം !

ബൈക്കിലെ പെട്രോളിന്റെ ലവലനുസരിച്ച്‌ വെങ്കിടങ്ങ്‌/ മുല്ലശ്ശേരി/ തൊയക്കാവ്‌/ ഏനാമാവ്‌ എന്നീ ഇന്റര്‍-പഞ്ചായത്ത്‌ റോമിംഗ്‌ വായിനോട്ടം, ബന്ധു വീടുകളില്‍ നടക്കുന്ന ചടങ്ങുകള്‍ക്കു പോകല്‍, അവിടെവരുന്ന കളര്‍ ചുരിദാറുകളുടെ കണക്കെടുക്കല്‍, വീട്ടില്‍ വന്ന ശേഷം കളറുകളെക്കുറിച്ചുള്ള അനാലിസിസ്‌, വല്ലപ്പോളും കടത്തു കടന്നു മണലൂര്‍ക്കു പോയി കള്ളടിക്കല്‍, ഒളിച്ചും പാത്തുമുള്ള ബീഡിവലി, പ്രോവിഡന്‍സില്‍ വരുന്ന സകല തല്ലിപ്പൊളി സിനിമകളും കാണല്‍, ബോറടിച്ച്‌ ഒരു പരുവമായാല്‍ "ന്നാ പിന്നെ ഒരു ബിരിയാണി പൂശാം" എന്നു പറഞ്ഞ്‌, വെങ്കിടങ്ങിലേക്കു വിടല്‍, തുടങ്ങിയ വിരലിലെന്നാവുന്ന താല്‍പര്യങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍, ജീവിതത്തിനു പ്രത്യേകിച്ച്‌ അര്‍ത്ഥങ്ങളൊന്നുമില്ലാതിരുന്ന കാലം!

സ്മോളുമടിച്ചിരുന്ന നായരുക്കു വാളുവെക്കാനൊരു പൂതിയെന്ന പോലെ, വെറുതെ ഉച്ചയൂണും കഴിഞ്ഞ്‌ ദിവാസ്വപ്നങ്ങളില്‍ വ്യാപരിച്ചിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റു !

എനിക്കൊരു പൂതി !!! ഹലുവ തിന്നണം !! അതും നല്ല കറുത്ത ഹലുവ !!...

അന്നൊരു ശനിയാഴ്ച്ചയായിരുന്നു. അമ്മയും മിന്നലും അമ്മാവന്റെ വീട്ടില്‍ പോയി. എന്റെ ഇരട്ട സഹോദരി വൃന്ദ വീട്ടിലുണ്ട്‌! മേലടുക്കളയിലേക്കൊന്നെത്തി നോക്കിയ ഞാന്‍ അവളെക്കണ്ട്‌ അങ്ങോട്ടു ചെന്നു! എന്തൊരു മനപ്പൊരുത്തം! ഇരട്ടക്കുട്ടികള്‍ എന്നാല്‍ ഇങ്ങനെ വേണം! "വനിത" മാഗസിനെടുത്ത്‌ അവള്‍ വായിക്കുന്നത്‌ കുക്കറി പേജ്‌.."എങ്ങനെ" കറുത്ത ഹലുവയുണ്ടാക്കാം !

പഴഞ്ചൊല്ലില്‍ പതിരില്ലല്ലോ ! "ബ്രദര്‍ ഇച്ഛിച്ഛതും ഹല്‍വ.. ട്വിന്‍ സിസ്റ്റര്‍ വായിച്ചതും ഹല്‍വാ!"

വെങ്കിടങ്ങിലെ കുണ്ടുകുളം ബേക്കറിയില്‍ പോയി ഹലുവ വാങ്ങി എന്റെ മോഹാവേശങ്ങളെ അണക്കാമെന്നു കരുതിയ ഞാന്‍, വനിതയിലെ ആ സുന്ദരി ഹലുവയില്‍, മയങ്ങിപ്പോയി! എന്റെ ആക്രാന്തം കണ്ടതോടെ അതുണ്ടാക്കിത്തരാമെന്ന് അവള്‍ ഏല്‍ക്കുകയും ചെയ്തു!

വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റുമെടുത്ത്‌ ബൈക്കെടുക്കാന്‍ പോകുമ്പോള്‍ ഇതില്‍ പറഞ്ഞിരിക്കുന്ന സാധനങ്ങളീല്‍ പകുതി പോലും ഇട്ടൂപ്പ്‌സിലോ രാമൂസിലോകിട്ടില്ലല്ലോയെന്നോര്‍ത്തു. വെങ്കിടങ്ങില്‍ തന്നെ പോകണം.. ഹ്‌ം.. സാരമില്ല.. ഹലുവായ്ക്കായൊരു ത്യാഗം...

മുറ്റത്തു വെച്ചിരുന്ന ബൈക്ക്‌ കാണാതെ ടെന്‍ഷനടിച്ചപ്പോ വൃന്ദ പറഞ്ഞു, ബൈക്ക്‌ മധ്യന്‍ എടുത്തോണ്ടു പോയി ! സൈലന്‍സറിലെ, മഫ്ലറും, ഫ്ലൂട്ടുമെല്ലാം ഊരിവച്ചതിനാല്‍, വീട്ടില്‍ സ്റ്റാര്‍ട്ട്‌ ചെയ്താല്‍ ആ ശബ്ദം, മേച്ചേരിപ്പടി ജങ്ക്ഷന്‍ വരെ കേള്‍ക്കും. അങ്ങനുള്ള ബൈക്ക്‌ , ചക്കക്കുരു പോലെ വീട്ടിലിരിക്കുന്ന ഞാന്‍പോലുറിയാതെ എങ്ങനെ ലവന്‍ കൊണ്ടുപോയി ? ഹേ.. തീക്കട്ടയില്‍ ഉറുമ്പരിക്കുന്നോ എന്നു വണ്ടറടിച്ചു നില്‍ക്കുമ്പോഴാണ്‌ വൃന്ദയുടെ അടുത്ത കമന്റ്‌:

"അവന്‍ ബൈക്കും തള്ളീ കുറേ ദൂരം പോയി, അവിടന്നങ്ങു പെട്ടെന്നു സ്റ്റാര്‍ട്ടുചെയ്തു പോയി!

"പഷ്ട്‌ ! ഇനി രാത്രി ഒരു 7 മണിയാവാതെ ചുള്ളന്‍ വീടണയില്ല"
ഗൊള്ളാം... ഞാന്‍ മനസ്സിലോര്‍ത്തു ! ഭാവിയുണ്ട്‌ !! മനസ്സില്‍ ലവനെ നന്നായിട്ടൊന്നു പ്രാകി.

ഇനീപ്പോ നടക്കുക, വേറെ വഴിയൊന്നുമില്ല. കഷ്ടി 3 കി.മി നടക്കണം, റീട്ടേണ്‍ ട്രിപ്പ്‌ അടക്കം ! 3 മണിക്കുള്ള തരക്കേടില്ലാത്ത വെയിലും ! എങ്കിലും ഹലുവേ !! വനിതാ ഹലുവചിത്രങ്ങള്‍ എന്റെ അന്തരംഗത്തില്‍ സ്ലൈഡ്‌ഷോ തുടങ്ങിയതോടെ നടത്തക്കു വേഗം കൂടി. ഏകദേശം മുക്കാല്‍ മണിക്കൂറിനുള്ളില്‍, വര്‍ഷങ്ങള്‍ക്കു ശേഷമുള്ള , ആദ്യ പര്‍ച്ചേസുമായി തിരിച്ചു വീട്ടിലെത്തിയപ്പോഴാണ്‌ വൃന്ദ പറയുന്നത്‌...

"അയ്യോ.. ഏറ്റോം പ്രധാനപ്പെട്ട ഐറ്റം മറന്നു. നെയ്യ്‌! അതില്ലാതെ ഈ സംഭവം ഉണ്ടാക്കാന്‍ പറ്റില്ലാ!"

കാറിടിച്ചു വീണവന്റെ ദേഹത്ത്‌ ലോറി കേറി എന്ന പോലായി എന്റെ ഗതി !

എന്തായാലും മിനക്കെട്ടിറങ്ങി, ഇനിയിപ്പോ ഹലുവ തിന്നിട്ടുതന്നെ കാര്യം! വാങ്ങിയതെല്ലാം കൊടുത്തേല്‍പ്പിക്കുമ്പോള്‍ ഒരു വാണിങ്ങ്‌ കൊടുക്കാനും മറന്നില്ല..

"ഞാന്‍ തിരിച്ചു വരുമ്പോഴേക്കും പണി തുടങ്ങിക്കോണാം.. 5 മണിക്കുമുന്‍പ്‌ ഹലുവ റെഡിയായില്ലേല്‍ നീ വെവരമറിയും !" അവള്‍ സമ്മതിച്ചു.

ഇനിയുമൊന്നും മറന്നിട്ടില്ലല്ലോയെന്ന റീകണ്‍ഫേം ചെയ്ത്‌ വീണ്ടും നടക്കുന്‍പോള്‍ ബോറടിക്കാതിരിക്കാന്‍ ആ ഹലുവാ ചിത്രങ്ങള്‍ മനസ്സിലെക്കു റീവൈന്റു ചെയ്തു! ആാഹ്ഹ്ഹാാ..

നെയ്യും വാങ്ങി തിരിച്ചു നടക്കുമ്പോള്‍, എന്റെ കാലുകളിടറി. തരക്കേടില്ലാത്ത തോതില്‍ നല്ല കഴപ്പ്‌. ബൈക്ക്‌ കിട്ടിയ ശേഷം മര്യാദക്കൊന്നു നടന്നതായി എന്റെ ഓര്‍മയിലില്ല !

തിരിച്ചു വീട്ടില്‍ വന്നപ്പോഴേക്കും ഞാനൊരു പരുവമായി. വോട്ടവകാശം പോലുമാവാത്ത എന്റെയാ മൃദുല പാദങ്ങള്‍ ഒറ്റ സ്ട്രച്ചിലുള്ള 5+ കി.മി. നടത്തത്തില്‍ നാശകോശമായി. വേദനിക്കുന്ന കാലുകളെ ഹലുവാക്കഥകള്‍ പറഞ്ഞ്‌ ഞാന്‍ സമാധാനിപ്പിച്ചു !

അടുക്കളയില്‍ നിന്നും, നെയ്യിന്റേയും, കിസ്മിസ്‌, കാഷ്യൂ, മുതലായവ വറുക്കുന്നതിന്റെയും ഫ്രീയായിക്കിട്ടുന്ന സുഗന്ധങ്ങള്‍, ആവോളം ആസ്വദിച്ചുകൊണ്ടിരിക്കുമ്പോള്‍‍, എന്റെ ഇരട്ട സഹോദരിയെപ്പറ്റി എനിക്ക്‌ അളവറ്റ അഭിമാനം തോന്നി. കാര്യം ബീ.എ. എക്കണൊമിക്സ്‌ തോറ്റ്‌, വീട്ടുകാരുടെ 'മണുക്കൂസ്‌" എന്ന ഓമനപ്പേരു ചുവന്നു നടക്കുന്നവളണെണെങ്കിലും, ഈ വക, എക്സ്റ്റ്രാ കരിക്കുലര്‍ ആക്റ്റിവിറ്റീസിലൊക്കെ, ഭയങ്കര അവഗാഹമാണ്‌.

"കോഴ്സ്‌ കഴിഞ്ഞു..ഇനിയെന്ത്‌.."എന്ന കുഴക്കുന്നൊരു ചോദ്യവുമായി നടന്നിരുന്ന ഞാന്‍, "ഇനിയൊന്നുമില്ലെങ്കിലും സാരമില്ല" ഇതുപോലുള്ള വനിത/കന്യക/ഗൃഹലക്ഷ്മി റെസിപ്പികള്‍ ഇനിയും ആഘോഷപൂര്‍വ്വം ഭക്ഷിക്കാമല്ലോ എന്നോര്‍ത്ത്‌ സന്തോഷിച്ചു മനപ്പായസമുണ്ടു. ഈ പുസ്തകങ്ങളുടെ വാര്‍ഷികവരിക്കാരാവാന്‍ അച്ഛനോടൊന്നു റെക്കമന്റ്‌ ചെയ്യണമെന്നു മനസ്സില്‍ കുറിച്ചിടുകയും ചെയ്തു.

ഒരു മണിക്കൂറിനുള്ളില്‍ എല്ലാം ശരിയാക്കാമെന്നുള്ള വൃന്ദയുടെ ഉറപ്പു ലഭിച്ച ശേഷം, പ്രത്യേകിച്ചു വേറെ പണിയൊന്നുമില്ല എന്ന സിംപിള്‍ കാരണത്താലും, കാലുകള്‍ വേദനിക്കുന്നതിനാലും, ഒന്നു മയങ്ങാമെന്നോര്‍ത്തു കിടന്ന ഞാന്‍ എണീറ്റത്‌ വൈകീട്ട്‌ 6 മണിയോടെയാണ്‌ !

എണീറ്റ്‌ സമയം നോക്കി! ഇത്ര നേരമായിട്ടൂം ഇതു കഴിഞ്ഞില്ലേ! അടുക്കളയിലേക്കു പോയ എനിക്കാരെയും കാണാന്‍ കഴിഞ്ഞില്ല. എല്ലാ പാത്രങ്ങളും ഭംഗിയായി കഴുകി വച്ചിട്ടുണ്ട്‌.

അതു ശെരി. എല്ലാം കഴിഞ്ഞ്‌, എന്നെ വിളിക്കാന്‍ പറഞ്ഞേല്‍പ്പിച്ചിട്ട്‌, അതു ചെയ്യാതെ ഇവളെവിടെപ്പോയി കിടക്കുവാ? നിന്നെ ഞാന്‍ ശെരിയാക്കം...ആ ഹലുവായൊന്നു തിന്നോട്ടെ !!

മുറ്റത്തു നില്‍ക്കുന്ന വൃന്ദയോടു ഞാന്‍ തിരക്കി .. ഹലുവായെവിടേ ?

"നിനക്കുള്ളത്‌ ഞാന്‍, ആ മേശപ്പുറത്തു വച്ചിട്ടുണ്ട്‌.." എന്നും പറഞ്ഞ്‌ അവള്‍ തൊട്ടയല്‍പക്കത്തെ കൂട്ടുകാരിയുടെ വീട്ടിലേക്കു വിട്ടു!

ഓഹോ.. എനിക്കായി, ഒരു പ്രത്യേക പാത്രത്തില്‍ മാറ്റി വച്ചിട്ടുണ്ട്‌.. വെരി ഗുഡ്‌.. ക്ഷണനേരത്തില്‍ മേശക്കരികിലെത്തി പാത്രം തുറന്ന ഞാന്‍ ഞെട്ടി !!!

ചെറിയൊരു പാത്രത്തിനകത്ത്‌ ഹലുവായിരുന്നു എന്നെ നോക്കി പല്ലിളിക്കുന്നു ! ആതും നല്ല ദ്രാവക രൂപത്തില്‍.. ആ ഹലുവാ വെള്ളത്തിനു മുകളില്‍, 5+ കി.മി. നടന്നു വാങ്ങിക്കൊണ്ടു വന്ന കിമിസ്സും കാഷ്യൂവുമെല്ലാം, ഓളം വെട്ടിക്കളീക്കുന്നു ! മൊത്തത്തില്‍ ആ ദ്രാവക രൂപം ഒരു ഗ്ലാസ്‌ പെപ്സി പോലിരുന്നു !

എന്നെക്കണ്ടതേ അവള്‍ തിടുക്കത്തില്‍ അയല്‍പക്കത്തേക്കോടിയതിന്റെ പൊരുള്‍ എനിക്കു മനസ്സിലായി ! "വനിതാ പാചകം" ചീറ്റിപ്പോയി.. ആത്മരക്ഷാര്‍ത്ഥമാണ്‌ അവള്‍ അയലത്തോട്ടോടിയത്ത്‌.. കം സേ കം.. അച്ഛന്‍ ഓഫീസ്‌ വിട്ടു വരുന്ന വരേയെങ്കിലും തടി കേടാകാതിരിക്കാന്‍!!

ഹലുവാമോഹങ്ങള്‍ പോയതു പോട്ടെ, വേദനിക്കുന്ന എന്റെ കാലുകളില്‍ പുരട്ടാന്‍ കുഴമ്പു വാങ്ങാന്‍ കവല വരെ നടക്കാനുള്ള ശേഷി പോലുമില്ലല്ലോയെന്നോര്‍ത്ത്‌ എന്റെ കണ്ണീല്‍നിന്നും രണ്ടു തുള്ളി നീര്‍ ഗോളങ്ങള്‍‍ പൊടിഞ്ഞു വീണു...
അവക്ക്‌, ആ കണ്ണീര്‍ത്തുള്ളികള്‍ക്ക്‌ , എന്റെ കയ്യിലിരുന്ന ഹലുവാ വെള്ളത്തേക്കാള്‍ സാന്ദ്രതയുണ്ടായിരുന്നു !!!

Read more...

തിരുത്തല്‍വാദി

Saturday, July 01, 2006

തിരുത്തല്‍വാദി- പ്രോഗ്രസ്‌ കാര്‍ഡിന്റെ 1-2-3-4 ഭാഗങ്ങല്‍ ചേര്‍ത്തു വച്ച്‌, വായനകാരുടെ സൌകര്യാര്‍ഥം ഇതാ ഒരു നീണ്ടകഥ !

കുണു കോളേജിലെ ഉന്നത വിദ്യാഭാസം പൂര്‍ത്തിയാക്കി, ഒന്നാം റാങ്കോടെ പുറത്തിറങ്ങിയ എന്റെ മുന്‍പില്‍ ഇനിയെന്ത്‌ എന്നൊരു ചോദ്യം ഒരു സമസ്യയായി. കാര്യം, അവസാന വര്‍ഷ മുക്കാക്കൊല്ല പരീക്ഷയില്‍, സ്വന്തം ക്ലാസ്‌ ടീച്ചര്‍ മാലതി ടീച്ചറൂടെ മകള്‍ രേഖയേയും, ഒന്നാം റാങ്കിനായി ഇഞ്ചോടിഞ്ച്‌ പൊരുതിയ ഷൈജനേയും, 8 മാര്‍ക്കിന്‌ മലര്‍ത്തിയടിച്ചാണ്‌ ഞാന്‍ റാങ്കുമായി നാലാം ക്ലാസ്‌ പാസായിറങ്ങിയതെങ്കില്‍പോലും...

വെങ്കിടങ്ങിലെ "ബോയ്സും" ഗേള്‍സും, മിക്സഡൂമായുണ്ടായിരുന്ന ഏക യൂണിവേഴ്സിറ്റിയായിരുന്നു, കുണുകോളെജ്‌" എന്ന അപര നാമത്തിലറിയപ്പെട്ടിരുന്ന, ശങ്കരനാരായണ എല്‍.പി. സ്കൂള്‍. ഇതിന്റെ മുതലാളിയും മാനേജരായിരുന്ന മാധവ മേനോന്‍, എന്തു പറഞ്ഞാലും "ക്കുണു" സഫിക്സ്‌ ചേര്‍ക്കുമായിരുന്നതിനാലാണത്രേ ഈ സ്കൂള്‍ "കുണു കോളേജ്‌" എന്നറിയപ്പെട്ട്‌ തുടങ്ങീഠ്‌. ( തണുക്കുണൂ.. വെശക്കുണൂ.. പനിക്കണൂ..)എന്‍.എസ്‌.എസ്‌ ന്റെ അണ്ടറിലുള്ള ഈ സ്കൂളില്‍, നാട്ടിലുള്ള നായന്മാരെല്ലാം കാരണവന്മാരുടെ കാലം തൊട്ടേ എല്‍.പ്പി ഉപരി പഠനം നടത്തിപ്പോന്നിരുന്നതിനു കാരണം രണ്ടാണ്‌. പിള്ളാരുടെ എണ്ണം തികയാതെ ഈ എയിഡഡ്‌ സ്കൂള്‍ പൂട്ടിപ്പോകാതിരിക്കാനും, പിന്നെ, മക്കളെ പുറത്തെങ്ങാന്‍ ചേര്‍ത്തിയാലുണ്ടായെക്കാവുന്ന, ആ ആന്റി-എന്‍.എസ്‌.എസ്‌ ഇമേജ്‌ ഒഴിവാക്കാനും !വളരെ നോസ്റ്റാള്‍ജിക്ക്‌ മെമ്മറീസ്‌ തന്ന ആ കുണു കോളേജിന്റെ പടിയിറങ്ങാന്‍ വിഷമമുണ്ടായെങ്കിലും, അവിടെ തുടര്‍ന്നും പഠിക്കണമെങ്കില്‍, നാലാം ക്ലാസ്സില്‍ തോല്‍ക്കണമായിരുന്നെന്ന സത്യത്തിനു മുന്നില്‍ ഞാന്‍ നിസ്സഹായനായി. സ്വന്തം ഭാവിയെ പോലും റിസ്കിലാക്കി,കുണുകോളേജ്‌ വിടണമല്ലോ എന്ന ദുഖം മൂലം മാത്രം,ഓരോ ക്ലാസ്സിലും, രണ്ടും മൂന്നും കൊല്ലമിരുന്നു പഠിക്കുന്ന സതീശനേയും, അനിലനെയുമൊക്കെ, ആരാധനയോടെ നോക്കിയ നാളുകളായിരുന്നു അത്‌.കുണുകോളേജില്‍ നിന്നും പുറത്തിറങ്ങിയാല്‍ പിന്നെ എന്‍-എസ്‌-എസോ ഫോബിയ വേണ്ട. നാലാം തരം കഴിഞ്ഞാല്‍ പിന്നെ, എവിടെ വേണേല്‍ പണ്ടാരടങ്ങിക്കോ എന്നതാണ്‌ എന്‍-എസ്‌-എസ്‌ പോളീസി.

സാധാരണയുള്ള രണ്ട്‌ ചോയ്സില്‍ ഒന്ന്, മുല്ലശ്ശെരിയിലെ, ഹിന്ദു യൂ.പി. സ്കൂളും പിന്നെ ഏനാമാവിലുള്ള സെന്റ്‌:ജോസഫ്സ്‌ ഹൈസ്കൂളുമാണ്‌. പിന്നേ ആ ഏരിയായില്‍ ആകെയുള്ളൊരു വിദ്യാഭ്യാസ സംരംഭം, കണ്ണോത്ത്‌ മദ്രസ്സ യാ.. അതൊരു വയബിള്‍ ഓപ്ഷനല്ലാത്ത്തിനാല്‍ ആവഴിക്കു നോക്കിയില്ല.മുല്ലശ്ശേരി സ്കൂളില്‍ എന്നെ സംബന്ധിച്ചുണ്ടായിരുന്ന വല്ല്യോരു മുട്ടന്‍ പാരയായിരുന്ന പ്രശ്നം, എന്റെ അമ്മായി അവിടത്തെ ടീച്ചറായിരുന്നൂ എന്നാണ്‌. ഹെഡ്‌ മിസ്റ്റ്രസ്സായിരുന്ന, കല്യാണിക്കുട്ടി ടീച്ചര്‍, എന്റെ തൊട്ടടുത്ത്‌ വീട്ടിലേതും. പോരെ പൂരം ? തരികിടകള്‍ക്കൊനും ഒരു സ്കോപ്പുമില്ല.. ചെവി പൊന്നാക്കുമെന്നു നൂറുതരം. അറിയുന്ന ശത്രുവിനേക്കാള്‍ നല്ലതല്ലേ അറീയാത്ത ശത്രുവെന്ന ലോകതത്വമംഗീകരിച്ച്‌, ഏനാമാവു മതീയെന്നു പറയുകയും, പള്ളീലച്ചന്മാരുടെ മടയിലേക്കെന്നെ മാതാപിതാക്കള്‍ നിഷ്ക്കരുണം തള്ളിവിടുകയും ചെയ്തു. അമ്മായി ടീച്ചറായിട്ടവിടെ ഉണ്ട്‌ എന്നൊരു പ്ലസ്‌ പോയന്റ്‌ ഉണ്ടായിട്ടു കൂടി, മുല്ലശ്ശേരി വേണ്ട എന്നു അച്ഛന്‍ ചിന്തിക്കാനുള്ള മറ്റൊരു കാരണം, അമ്മായിയുടെ പൊന്നോമനപ്പുത്രനും, എന്റെ ബാല്യകാല ഗെഡിയും, കാലത്തിന്റെ കുത്തൊഴുക്കില്‍ പിന്നീടെന്റെ ബാര്‍ മേറ്റുമായിത്തീര്‍ന്ന അജിയായിരുന്നു ! ലവന്‍ അന്നേ ആളത്ര ശെരിയായിരുന്നില്ലെന്നതിനാല്‍, അജീടെ കൂടെ ചേര്‍ന്ന് ഞാനുമെങ്ങാന്‍ വെടക്കായിപ്പോകുമോ എന്നൊക്കെയായിരുന്നിരിക്കണം അച്ഛന്റെ റ്റെന്‍ഷന്‍.

മൂന്നു വര്‍ഷം കൊണ്ട്‌ യൂ.പീ. വിദ്യാഭ്യാസം തീര്‍ത്തപ്പൊഴാണ്‌ അച്ഛന്‍ എന്നെ, കാലേ കൂട്ടിത്തന്നെ "എന്‍ജിനീയറിംഗ്‌" ലയിനിലോട്ട്‌ തള്ളീയിട്ടത്‌. തൃശ്ശൂരിലെ, ചെംബുക്കാവിലെ, ജെ.ടി.എസ്‌ ( ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറീ സ്കൂള്‍) ഇല്‍ ചേര്‍ത്തപ്പോള്‍, സത്യം പറഞ്ഞാള്‍, സന്തോഷം രണ്ടായിരുന്നു!. പള്ളിമടയില്‍ നിന്നും രക്ഷപ്പെട്ടൂന്നു മാത്രല്ല, , ഇനി മുതല്‍, ദിവസവും, പാന്റൊക്കെയിട്ട്‌ കിടിലന്‍ സ്റ്റയിലില്‍, ഷീജയിലെ കണ്ടക്റ്ററുടെ തെറിയൊക്കെ ആസ്വദിച്ച്‌ കേട്ട്‌, കണ്‍സഷനടിച്ച്‌ തൃശ്ശൂര്‍ക്ക്‌ ബസ്‌ കേറീ പോകയും ചെയ്യാം! വല്ലപ്പോളൂം, ഓരോ സിനിമയും, പിന്നെ റൌണ്ടിലെ, സ്വപ്നക്കടുത്തുള്ള മണീസ്‌ കഫേയില്‍ നിന്നും വടയും നെയ്‌റോസ്റ്റും കൂടി നമ്മടെ ഉദ്ദേശലക്ഷ്യങ്ങലുടെ പലവ്യന്‍ജനപ്പട്ടികയിലോട്ട്‌ ചേര്‍ത്തു. !

എന്റ്രന്‍സ്‌ പരൂഷയില്‍, ഒന്നാം റാങ്കുമായാണ്‌ ജെടീയെസിന്റെ പടി കയറിയത്‌. 8 ആം തരത്തില്‍, കാക്കൊല്ലത്തിനും അരക്കൊല്ലത്തിനും സ്കൂളില്‍ ആ റാങ്ക്‌ നിലനിര്‍ത്തിപ്പോന്നത്‌, ഒന്നാം റാങ്കുമല്ലാതെ വീട്ടില്‍ ചെല്ലേണ്ടെന്ന പിതാശ്രീ ഭീഷണിയാലും !9 എത്തിയതോടെ എന്നില്‍, അലമ്പിന്റെ പുല്‍നാമ്പുകള്‍ മുളയിട്ടുതുടങ്ങയും, ക്ലാസ്മേറ്റുകളായ ബിജോ ചാക്കോ, ബിജു, ഷിംജി തുടങ്ങിയ ലോകൈക അലമ്പന്മാരുടെ അസ്സോസിയേഷനിലേക്ക്‌ ഒരു ട്രെയിനിയായി ഞാന്‍ അരങ്ങേറ്റം നടത്തുകയും ചെയ്തത്‌ വളരെപ്പെട്ടെന്നായിരുന്നു..ആസ്മാ അസുഖമുള്ള രത്നവല്ലി ടീച്ചറുടെ ക്ലാസ്സിലായതിനാല്‍, ശാസന/വഴക്ക്‌ എന്നിവ വളരെക്കുറവായിരുന്നു.. ശാസിക്കാന്‍ പോയിട്ട്‌, മര്യാദക്കൊന്നു ശ്വസിക്കാന്‍ പോലും ആ പാവത്തിനു ബുദ്ധിമുട്ടായിരുന്നു. എന്തിനധികം പറയണം, സ്വതവേ ദുര്‍ബല, പോരാത്തതിനു ഗര്‍ഭിണി...അധികം താമസിയാതെ തന്നെ, ക്ലാസ്സിലെ പെമ്പിള്ളാരുടെ മാത്രമല്ല, തൊട്ടപ്പുറത്തെ ഫൈന്‍ ആര്‍ട്സ്‌ കോളേജിലെ ചേച്ചിമാരുടേയും, അതുമൂലം, അവിടത്തെ തന്നെ ചേട്ടന്മാരുടേയ്യും, ഒന്നാമത്തെ നോട്ടപ്പുള്ളീയാവാനും കഴിഞ്ഞു !

9 ലെ കാക്കൊല്ലത്തിന്റെ പരീക്ഷ കഴിഞ്ഞ്‌ റിസള്‍ട്ട്‌ വന്ന്പ്പോഴാണ്‌ എനിക്ക്‌ തല കറങ്ങിയത്‌.റാങ്ക്‌..11 !220 വോള്‍ട്ട്‌ ലയിനില്‍ കേറിപ്പിടിച്ചപോലെ ഞാന്‍ ഞേട്ടി.. വെട്ടി വിറളി വെളുത്തു! ഈ പ്രോഗ്രസ്‌ കാര്‍ഡും കൊണ്ട്‌ വീട്ടിലേക്കെന്നല്ല, വെങ്കീടങ്ങ്‌ സെന്ററില്‍ പോലും ചെല്ലണ്ടാ.. പ്രോഗ്രസ്സ്‌ കാര്‍ഡ്‌ അച്ഛനെക്കൊണ്ട്‌ ഒപ്പിടീക്കാതെ ക്ലാസ്സിലും കയറ്റില്ല...ഇതു വീട്ടില്‍കാണിച്ച്‌ അടിപ്പാടുകളാല്‍ മോഡേണ്‍ ആര്‍ട്ട്‌ ക്യാന്‍വാസുപോലായ എന്റെ തുടകളുടെ കാര്യമോര്‍ത്തു ഞാന്‍ വിങ്ങിപ്പൊട്ടി. ചിന്തകള്‍ കാടുകയറി..ഒരു സൊലൂഷനാലോചിച്ച്‌. ബോംബേക്ക്‌ കള്ളവണ്ടി കയറിയാലോ എന്നു വരെ ചിന്തിച്ചു..!അയിഡിയാ.............!!!! കിട്ടിീ....യുറേക്കാ...എന്നാര്‍ത്തുകൊണ്ടു ഞാന്‍ ബസ്റ്റൊപ്പ്പ്പിലേക്കോടി !====================
Part -2

അങ്ങനെ, നല്ല ഭാരിച്ച ആ ഐഡിയായും പേറി ഞാനോടി, റൌണ്ടിലെ സപ്ന തീയറ്റര്‍ ബസ്റ്റോപ്പൊിലേക്ക്‌. ഡെയിലി അജണ്ടയിലെ, അവസാന ഐറ്റമായിരുന്ന 4.10 വരെ, ചെംബുക്കാവ്‌ ജങ്ക്ഷനിലിലെ, വായിനോട്ടം പോലും വേണ്ടെന്നു വെച്ചാണ്‌ ഞാനോടിയത്‌. സബ്‌-റെജിസ്റ്റാര്‍ ആപ്പീസ്‌ വഴി, പാലസ്‌ റോട്ടിലെ, മോഡല്‍ ബോയ്സും കഴിഞ്ഞപ്പോഴാണ്‌ സ്പീഡൊന്നു കുറഞ്ഞത്‌. ഇനി വരുന്നത്‌ മോഡല്‍ ഗേള്‍സാണേ.. അതിന്റെ മുന്നിലൂടെയൊക്കെ, 14 വയസ്സുകാരനൊരുത്തന്‍ ഓടുകാന്നു വച്ചാല്‍.. ഛായ്‌... മ്മക്ക്‌ ചേര്‍ന്നതാണോ അതൊക്കെ ? നയനാനന്ദകരമായ കാഴ്ചകള്‍, ഒന്നു സിപ്പ്‌ ഫോര്‍മാറ്റിലാക്കി, മെമറിയിലോട്ടു കേറ്റി. സാധാരണ ദിവസത്തെപ്പോലുള്ള വൈഡ്‌ ബാന്‍ഡ്‌ ബ്രൌസിങ്ങ്‌ നടത്താനിന്ന് സമയമില്ലല്ലോ ! 6.10 ന്‌ അച്ഛന്‍ ഓഫീസ്‌ വിട്ടു വരുമ്പോഴേക്കും "ഓപ്പറേഷന്‍-പ്രോഗ്രസ്‌ കാര്‍ഡ്‌" കമ്പ്ലീറ്റ്‌ ചെയ്യണ്ടേ ??

ഒരു വിധത്തില്‍, റൌണ്ടിലെത്തി ശക്തനിലോട്ട്‌ ബസ്‌ കേറാന്‍ നോക്കുമ്പഴാ, മണീസിലെ വട സുഗന്ധം മൂക്കും തുളച്ച്‌ കേറിയത്‌. പണ്ടേ വട കാണുന്നതും, തിന്നുന്നതുമെല്ലാം, ഒരു വീക്‌ക്‍നസ്സാ.. ;)അതും നല്ല അസ്സല്‍ ഉഴുന്നു വട ... പോക്കറ്റില്‍ തപ്പി.. ഇടത്തെപ്പോക്കറ്റില്‍ 50 പൈസ ഉണ്ട്‌.. വലത്തേ പോക്കറ്റിലും 50 പൈസേണ്ട്‌.. വീട്ടിലെത്തന്‍ 45 പൈസ മതി. 10 പൈസ ബസ്റ്റാണ്ടിലേക്കും, 35 പൈസ, വെങ്കിടങ്ങിലേക്കും,.. പിന്നെ, ഈ രണ്ടു പോക്കറ്റിലുമായി 50 പൈ. ഈച്ച്‌ ഇടുന്നത്‌ ഒരു സേഫ്റ്റി മെഷറായിട്ടു മാത്രം.,..എങ്ങാനും, ആരെങ്കിലും, ഒരു പോക്കറ്റടിച്ചാലും, വീട്ടിലെത്തണമല്ലോ !!! ഷര്‍ട്ടിന്റെ രണ്ടു പോക്കറ്റിലും, പാന്റിന്റെ പുറകിലത്തെ പോക്കറ്റിലുമൊക്കെ, പൈസകളിട്ട്‌ നടക്കാനാഗ്രഹമില്ലാഞ്ഞിട്ടല്ല.. പക്ഷെ, ഒരിക്കല്‍, 2 രൂ. കൂടുതല്‍ ചോദിച്ചപ്പോ അച്ഛനൊരു ചാട്ടം.. " എന്ത്ര.. നീ, നൈസാമിന്റെ മോനാന്നാ വിചാരം??അതോടെ നിര്‍ത്തി, എക്സ്റ്റ്രാ ബക്ക്സിനായുള്ള ചോദ്യം.. പക്ഷേ ആരും കാണാതെ അങ്ങേര്‍ടെ പോക്കറ്റീന്നു ചില്ലറയടിച്ചുമാറ്റാന്‍ എനിക്കാരോടും ചോദിക്കണ്ടല്ലോ ?? ഹയിലവല്‍ റോബറിയൊന്നുമായിരുന്നില്ല, വല്ലപ്പോളൂം, 2-3 രൂ മാത്രം.. ഒരു തമാശക്ക്‌.. ജസ്റ്റ്‌ ദാറ്റ്‌ മച്ച്‌.. കൂടുതലടിച്ചു മാറ്റിയാല്‍, സംശയസ്യ, ഓഡിറ്റിങ്ങെങ്ങാന്‍ വന്നാ പിന്നെ കുടുങ്ങീല്ല്യേ?? എനിക്കാണേ, കക്കാനെ അറീയൂ.. നിക്കാനുള്ള ആ ടെക്‌ക്‍നിക്ക്‌ ശെരിക്കങ്ങു വശമായിട്ടില്ലാത്ത പ്രായം.. വെറുതെന്തിനാ റിസ്കെടുക്കണേ ??

മണിസിലന്ന് വടക്ക്‌ 70 പൈസയാ.. എന്തായാലും, അത്രേം കയ്യിലില്ലാത്തതോണ്ട്‌ , വട തിന്നിട്ട്‌ പോണോ എന്ന മാനസികാക്രാന്തതിനു വല്യ പ്രസക്തിയുണ്ടായില്ല്യ..കണ്ണീക്കണ്ട പട്ടമ്മാര്‍ടെ ഹോട്ടലിലിരുന്നു ഉഴുന്നാട്ടാനുള്ളതാണോ നമ്മടെ വിലപ്പെട്ട സമയം..6.10നു മുമ്പ്‌, വളരേ സൂക്ഷ്മമായി ചെയ്യേണ്ട ഒരോപ്പറെഷനല്ലേ മനസ്സില്‍ മുഴുവന്‍... വട മോഹങ്ങളെ ഡീലിറ്റു ചെയ്ത്‌, ബസ്സീക്കയറി 10 പൈ കൊടുത്തു സ്റ്റാന്‍ഡിലിറങ്ങി .

ഷീജ സ്റ്റാര്‍ട്ടായിട്ട്‌ കെടക്ക്‌ണ്‌ണ്ട്‌. അതീക്കേറിയാ, 5.15 നു വീട്ടിലെത്താം. തിരക്കിട്ട്‌ ഓടിക്കേറാന്‍ നിക്കുമ്പോ ദേ നിക്കണു വഴീം തടഞ്ഞിട്ടൊരുവന്‍.. കിളീ..
"നോക്കടാ നീയെന്റെ മാര്‍ഗ്ഗേക്കിടക്കുന്ന മര്‍ക്കടാ നീയങ്ങു മാറിക്കിടക്കട" എന്ന റോളില്‍ ഒരു ചോദ്യഭാവത്തോടെ ലവനെ നോക്കിയ എന്നോടാ ദുഷ്ടന്‍ കല്‍പ്പിച്ചു..
"എങ്ങട്ട ഗെടി, വാണം വിട്ട പോലെ ?? നിന്നപ്പോലെ 10-15 എണ്ണം അവടെ മാറിനിക്കണ കണ്ട്രാ ? 35പൈസ തന്നട്ട്‌ സീറ്റീക്കേറി ഞെളിഞ്ഞിരിക്കണ്ടാ.. പോവാന്‍ നേരത്ത്‌ കേറ്യാ മതീട്ടാ ചുള്ളാ ! തെരക്കടിക്കല്ലേ..!!
" ഓ...പിന്നെ ! നെനക്കു തെരക്കില്ലേപ്പിന്നെ എനിക്കാ തെരക്ക്‌ ??" എന്നു മനസ്സിലോര്‍ത്തു ഞാനങ്ങു കലിപ്പില്‍ മാറിനിന്നു, എപ്പക്കേറ്യാലും അഞ്ചേകാലിനു വീട്ടിലെത്തൂല്ലൊ ? അതുമതി !

മേച്ചേരിപ്പടി സ്റ്റോപ്പിലിറങ്ങുമ്പോള്‍ എന്റെ ഹൃദയതാളം മുറുകുന്നതായി ഞാനറിഞ്ഞു. വീട്ടിലെത്തി, ബാഗു വെച്ച്‌, പടിഞ്ഞാറ്റിക്കു ( പൂജാമുറി) മുന്നിലൊന്നു നിന്നു..
കൃഷ്ണാ ഭഗവാനേ.... ഞാനിതുചെയ്യണോ ??? നീ പറ.. നീ വേണ്ടെന്നു പറഞ്ഞാ,ഞാന്‍ ചിയ്യില്ല്യ, പക്ഷെ, ഇനി നമ്മള്‌ ഈ സ്പോട്ടീ വെച്ച്‌ കാണാന്‍ സാധ്യതയില്ല. ഇതല്ലാതെയുള്ള അടുത്ത ഓപ്ഷന്‍ നാടു വിടലാ.... എന്റെ കണ്ണു നിറഞ്ഞോ എന്തോ ...

"സമയം മെനക്കെട്‌ത്താണ്ട്‌, അച്ഛന്‍ വരും മുന്‍പ്‌ , ഓപ്പറേഷന്‍ -പ്രൊഗ്രസ്സ്‌ കാര്‍ഡ്‌" നടത്തൂ മോനേ ദിനേശാ..." കൃഷ്ണന്‍ പറഞ്ഞു !!
( അതോ എനിക്ക്‌ തോന്നിയതോ .. ഹേയ്‌..അല്ല, പറഞ്ഞു പറഞ്ഞൂ, പറഞ്ഞൂ.. ഞാന്‍ കേട്ടതല്ലേ...)
=============

Part-3
കൃഷ്‌ണന്റെ പെര്‍മിഷന്‍ കിട്ടിയ കോണ്‍ഫിഡന്‍സോടെ,, ബാഗും കയ്യിലെടുത്ത്‌ മുകളിലെ എന്റെപഠിപ്പുമുറിയിലേക്കുപോയി. പൂജാമുറിയില്‍ കൃഷ്ണല്ലാതെ, അയ്യപ്പന്‍, ശിവന്‍, ഗണപതി, തുടങ്ങി ഒട്ടനവധി ദൈവങ്ങളുണ്ടായിട്ടു കൂടീ, കൃഷ്ണനോട്‌ മാത്രം ഞാന്‍ പെര്‍മിഷന് ‍ചോദിച്ചത്‌, ഈ വക തരികിടകള്‍ക്കായി, ഏറ്റോം പറ്റിയദ്ദ്യേം, ഇദ്ദേഹമായതിനാലാണ്‌.

ക്ലാസ്സ്‌ വിട്ടുവന്ന മകന്‍, കാപ്പി പോലും കുടിക്കാതെ പഠന മുറിയിലോട്ടോടുന്ന ആ ആനന്ദക്കാഴ്ച കണ്ട്‌ അമ്മ ചാരിതാര്‍ഥ്യമടഞ്ഞു. സാധാരണ അഞ്ചരക്കുള്ള വണ്ടിയില്‍( തെറ്റിദ്ധരിക്കല്ലേ .. ആദി.. ;) ) വരുന്ന മകന്‍,ബാഗും വലിച്ചെറിഞ്ഞു, 100 മീറ്റര്‍ അകലേയുള്ള, വാലത്തു പറമ്പില്‍, അഭിനവ ഗവാസ്കര്‍മാരുടേയും, കപില്‍ ദേവന്മാരുടെയുമിടയിലേക്കോടാറുള്ളവന്‍,. ഇന്നെന്തു പറ്റിയോ ആവൊ.. അമ്മ, ഒരു ഗ്ലാസ്‌ സ്പെഷല്‍ ഹോര്‍ളിക്സ്‌ പാലുണ്ടാക്കുന്നതിലോട്ടു മുഴുകി.

പ്രോഗ്രസ്‌ കാര്‍ഡ്‌ തുറന്ന്, 11 ആം റാങ്കിന്‍ മുകളിലൂടെ ഒന്നു വിരലോടിച്ചു. ബോക്സ്‌ തുറന്ന്, റബ്ബറെടുത്തു ( ഇറേസര്‍). 11 ലെ, റ്റ്വിന്‍സായിരിക്കുന്ന 1 കളില്‍, ഒരെണ്ണം മായ്ക്കാനാണെന്റെ ഉദ്ദേശം.! അപ്പോള്‍ റാങ്ക്‌ 1 !!! ചങ്കിടിപ്പോടെ ഇടത്തുകിടക്കുന്ന ആ പാവം ഒന്നിന്റെ മുകളിലൂടെ റബ്ബര്‍പലവട്ടം കേറി നിരങ്ങിയപ്പോള്‍ എനിക്കൊന്നു മനസ്സിലായി !

നീല നിറത്തിലുള്ള പേന കൊണ്ട്‌ രത്നവല്ലി ടീച്ചര്‍ എഴുതിയിരിക്കുന്ന ഈ 11 നെ മായ്ക്കാന്‍ എന്റെ ഈ 25 പൈസാ വിലയുള്ള റബ്ബറിനു കെല്‍പ്പില്ല. കൂടുതലുരച്ചാല്‍, ആ ഭാഗത്തുള്ള പേപ്പര്‍ കീറും! ഇടക്കു കിട്ടിയ ഹോര്‍ലിക്സിന്റെ എനര്‍ജിയില്‍ കുരുട്ടുബുദ്ധിയുടെ നീര്‍ക്കയങ്ങളിലേക്കൂളിയിട്ടിറങ്ങിയ ഞാന്‍ പൊങ്ങിവന്നത്‌, അച്ഛന്റെ ഒരു ഷേവിംഗ്‌ ബ്ലേഡും കൊണ്ടായിരുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിച്ച ഉഗ്രന്‍ 7-ഓ- ക്ലോക്ക്‌ ബ്ലേഡ്‌ !

പലതവണ റബ്ബര്‍ കേറി നിരങ്ങി ക്ഷീണിതനായ , സന്തം കുരുത്തക്കേടുകളുടെ പരിണിത ഫലമായ ആ എക്സ്റ്റ്രാ ഒന്നിനെ, കഴിഞ്ഞ 3-4 മണിക്കൂറയി എന്റെ ബ്രെയിനിനെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ആ ട്യൂമറിനെ, ബ്ലേഡു വച്ച്‌ ഒരു സര്‍ജന്റെ സൂക്ഷ്മതയോടെ ഞാന്‍ നീക്കം ചെയ്തു. വഹ്‌ ഭായ്‌.. വഹ്ഹ്‌.. ഇതെഴുതിയ രത്നവല്ലിട്ടീച്ചര്‍ക്കു പോലും മനസ്സിലാവില്ല... പിന്ന്യാണോ അച്ഛന്‌ ? എന്റെ കഴിവും ബുദ്ധിയുമോര്‍ത്തു ഞാന്‍ നിര്‍വൃതിയടഞ്ഞു.

ഇറയത്ത്‌ അച്ചന്റെ ശബ്ദം കേട്ടപ്പോളാണ്‌ ആ നിര്‍വൃതിയില്‍ നിന്നും ഞാന്‍ ഞെട്ടിയെഴുന്നേറ്റത്‌. കാര്‍ഡും കൊണ്ട്‌ ഗോവണിയിറങ്ങുമ്പോള്‍, ഹൃദയത്തിന്‍ പെരുമ്പറ മുഴക്കം അസാധാരണമായികൂടിയെന്നറിഞ്ഞു ഞാന്‍. എവിടന്നൊക്കെയൊ, പെറിക്കിയെടുത്ത കുറെ ആത്മവിശ്വാസത്തുട്ടുകളുമായും , അതിലെത്രയോമടങ്ങു ഫ്രീക്വെന്‍സിയില്‍ വിറക്കുന്ന മുട്ടുകളുമായും, അച്ഛന്റരികിലെത്തിയ എന്നെ അങ്ങേരൊന്നു നോക്കി, എന്നിട്ട്‌, പ്രഭേടെ കടെന്നു വാങ്ങിയ സുഖിയന്‍ പൊതിയടക്കം എന്റെ നേരെ നീട്ടി. മൂത്ത മകനാനെന്നുള്ളതിന്റെ ഒരു പ്രിവിലേജ്‌.

കുറ്റബോധത്തിലുടലെടുത്ത യാ(ന്തികതയില്‍, ഒരു സുഖിയന്‍ എടുത്ത്‌ ഞാന്‍ അച്ഛനോടു പറഞ്ഞു..: പ്രോഗ്രസ്‌ കാര്‍ഡ്‌" കിട്ടീ അച്ഛാ...ആ, ഞാനിപ്പ വരാം... എന്നു പറഞ്ഞ്‌, അച്ചന്‍ മുറിയിലേക്കു പോയി, വസ്ത്രം മാറീ, കണ്ണട ഊരിവച്ചു,വീട്ടിന്റെ പിന്നാമ്പുറത്തേക്കു പോയി, കയ്യും മുഖവും കഴുകാനായി...ആ ഒരൊറ്റ മിനിട്ടു മതിയായിരുന്നു എനിക്ക്‌.. മേശപ്പുറത്തു വച്ച അച്ഛന്റെ കണ്ണടയെടുത്ത്‌ ഞാന്‍ അലമാരിപ്പുറത്തോട്ട്‌ വച്ചു, എന്നിട്ട്‌, ഇറയത്തെ തിണ്ണയില്‍ വന്നിരുന്നു.

ഫ്രഷായി വന്ന അച്ഛന്‍ പൂജാമുറിക്കു മുന്നിലൊന്നു നിന്നു തൊഴുതതു കണ്ടപ്പോള്‍, ആ "കൃഷ്ണഗെഡി" യെങ്ങാന്‍, ഒറ്റിക്കൊടുക്കുമോന്നൊന്നു ഭയന്നു ! ഏയ്‌... അങ്ങേരാളു ഡീസന്റാ.....ഇറയത്തെ കസേരയില്‍, വന്നിരുന്നു പ്രോഗ്രസ്‌ കാര്‍ഡു തുറന്ന അച്ചന്‍ എന്നോടു കല്‍പ്പിച്ചു..

"പൊയ്യി ആ കണ്ണടയെടുത്തോണ്ടു വാ" ...
"ഓ.." ഞാനോടീ. കണ്ണടയെടുക്കാന്‍... ആ മുറി മുഴുവനു പരതി ഞാന്‍, നല്ല ആത്മാര്‍ഥതയോടെ ..എവിടെക്കാണാന്‍...അതങ്ങു അലമാരിപ്പുറത്തല്ല്യോ ഇരിക്കുന്നെ ?
" കണ്ണട കാണൂന്നില്ലല്ലോ അച്ഛാ.. " ഞാന്‍ വിളിച്ചു പറഞ്ഞു..
" ആ ..സാരല്ല്യ.. നീ ഇങ്ങ്‌ട്‌ വാ.."ദൈവമേ.. എന്റെ പ്ലാനുകളൊക്കെ തെറ്റാതെ പോകുന്നുണ്ടല്ലോ..മുറിയില്‍ നിന്നിറങ്ങി, ഇറയത്തോട്ടു പോകുമ്പോള്‍, പൂജാമുറിയിലേക്കൊന്നു നോക്കി, കൃഷ്ണനോടു നന്ദി പറഞ്ഞു.പ്രോഗ്രസ്‌ കാര്‍ഡിലൂടെ കണ്ണോടിച്ച്‌ കുറച്ചു നേരം എന്തോ ഓര്‍ത്ത്‌ അച്ചനിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ "അര്‍ജുനന്‍..ഫല്‍ഗുനന്‍.." ഗാനമേള തുടങ്ങി നല്ല മൂര്‍ദ്ധന്യത്തിലെത്തിയിരുന്നു..

" മാര്‍ക്കൊക്കെ കുറവാന്നല്ലോടാ...??? "
" ഏ .. എന്തോ ??? "
" നിനക്കെന്താ ചെവി കേക്കില്ല്യേ ? മാര്‍ക്കു കുറവാന്നല്ലോന്ന് ! വെറൂം 72% മാത്രേള്ളൂല്ലോ ???"
"അതേ പ്രാക്റ്റിക്കല്‍ ഭയങ്കര ടഫ്‌ ആയിരുന്നൂ ച്ഛാ.. അതാ.. ക്ലാസ്സിലെ എല്ലാര്‍ക്കും പ്രാക്റ്റിക്കലിനു മാര്‍ക്ക്‌ കുറവാ... "
കാര്യം സത്യമായിരുന്നു.. പ്രാക്റ്റിക്കലിനു തന്നെയായിരുന്നു മാര്‍ക്ക്‌ വളറെ കുറവ്‌. പ്രാക്റ്റിക്കല്‍പരീക്ഷക്ക്‌, സോള്‍ഡര്‍ ചെയ്യുന്ന നേരത്താ ഫൈനാര്‍ട്സിലെ ചേച്ചിമാര്‍ ഇലക്‍ടോണിക്‍സ്‌ ലാബിനു വെളിയിലൂടെ പോകുന്നതും നോക്കിയിരുന്നു, സോള്‍ഡറിങ്ങിലെ ശ്രദ്ധ പോകയും, തദ്വാര, ട്രാന്‍സിസ്റ്റര്‍ അടിച്ചു പോകയും ചെയ്തെന്ന്‌ അച്ഛനോടു പറയാനൊക്കുമോ??

"പ്രാക്റ്റിക്കലും നന്നായിട്ടു ചെയ്യണം ഇനി മുതല്‍.. കേട്ടൊ... വെറും തീയറി മാത്രമായി പഠിച്ചിട്ടു കാര്യമൊന്നുമില്ല" എന്നും പറഞ്ഞ്‌ അച്ഛന്‍ കാര്‍ഡില്‍ ഒപ്പിട്ടു..!!!!!!!!!!!!!!!!!!!!!!
"" പ്രാക്റ്റിക്കലല്ലേ അച്ഛാ എന്റെ കയ്യില്‍ തീയറിയേക്കാള്‍ കൂടുതല്‍.....""എന്നു പറയാനാ തോന്നിയതെങ്കിലും, ചളമാക്കണ്ടെന്നൊര്‍ത്തു തലകുലുക്കി സമ്മതിച്ചു !!!

അങ്ങനെ, മലപോലെ വന്ന്, എന്റെ ടെന്‍ഷന്‍ എലി പോലെ പോകുന്നതിന്റെ ആ സുഖം ഞാനറിഞ്ഞു. ഇനി ചെയ്യേണ്ട കാര്യവും, വളരെ ശ്രദ്ധിക്കണം... അച്ഛന്റെ ഒപ്പൊക്കെ കിട്ടി, പക്ഷേ, ഈ കാര്‍ഡ്‌ ഇതേ ഓലെ രത്നട്ടീച്ചര്‍ക്കു കൊടുത്താല്‍, അവിടന്നു കിട്ടും ! നീ ഒന്നാം റാങ്കാണേപ്പിന്നെ, ഇവനാരടാ എന്നു ആക്ച്വല്‍ റാങ്കുകാരനെ ചൂണ്ടിക്കാട്ടിചോദിക്കും... ശ്വാസം മുട്ടിയിട്ടാണേലും, ടീച്ചര്‍ അടി തൊടങ്ങിയാപ്പിന്നെ അതൊരടിയാണേ !!! അതോണ്ട്‌, ഇനി, മായ്ച്ചു കളഞ്ഞ "ഒന്നിനെ" പുനസ്ഥാപിക്കാന്‍ നേരമായി ! ഇപ്പത്തന്നെ ഇട്ടാലോ എന്നു തോന്നിയെങ്കിലും പിന്നതു വേണ്ടെന്നു വച്ചു. നിര്‍ഭാഗ്യവശാലെങ്ങാനും, അച്ഛന്‍ ഒന്നു കൂടി ഇതു കാണണമെന്നു പറഞ്ഞാലൊ ?"ഒന്നിന്റെ" ശിലാസ്ഥാപനം, നാളെക്കു മാറ്റാമെന്നോര്‍ത്തു.

പിറ്റേന്നു രാവിലെ സ്കൂളിലെത്തിയുടന്‍, നീല പേനയെടുത്ത്‌ മായ്ച്ചു കളഞ്ഞ ഒന്നിനെ അതേ സ്ഥാനത്തു പ്രതിഷ്ഠിച്ചു. എല്ലാം പെര്‍ഫക്റ്റ്‌ അല്ലേ എന്നൊന്നുകൂടിയുറപ്പു വരുത്തി, ഫസ്റ്റ്‌ അവറില്‍ തന്നെ, പ്രോഗ്രസ്‌ കാര്‍ഡ്‌ ടീച്ചര്‍ക്ക്‌ സമര്‍പ്പിച്ചു

അനുഭവിച്ചിടത്തോളം മതിയായി...... അരക്കൊല്ല പരീക്ഷക്ക്‌, അലമ്പെല്ലാം ഒരു സൈഡിലൊതുക്കി, നന്നായി പഠിച്ച്‌, 2-ആം റാങ്ക്‌ വാങ്ങിയപ്പോഴാണ്‌ ശ്വാസം വീണത്‌. 1 ഓ 2 ഓ റങ്ക്‌ വീട്ടില്‍പ്രശ്നമല്ല. അതില്‍ താഴ്ന്നാലാ പ്രശ്നം. ഇത്തവണ അച്ഛനെക്കൊണ്ട്‌ ഒപ്പിടുവിക്കാന്‍ യാതൊരു പ്രശ്നവുമില്ല. മാത്രമല്ല, കഴിഞ്ഞ തവണാത്തേതിനേക്കാള്‍ 12 % മാര്‍ക്ക്‌ കൂടുതലാണ്‌.കഴിഞ്ഞ പരീക്ഷക്ക്‌ 1-ആം റാങ്ക്‌ ( ??? ) ആയിരുന്നെങ്കിലും, 72% മാര്‍ക്കേ ഉണ്ടായിരുന്നുള്ളൂല്ലോ ! ഈത്തവണ 84% മാര്‍ക്കുണ്ട്‌! രണ്ടാം റാങ്കാണെങ്കില്‍ പോലും.. കണ്‍വിന്‍സ്‌ ചെയ്യിക്കാവുന്നതേയുള്ളൂ...

പക്ഷേ...ദേ വരുന്നു, അടുത്ത ഗുലുമാല്‍ !!!!

കാക്കൊല്ലത്തിന്റെയും അരക്കൊല്ലത്തിന്റേയും മാര്‍ക്കും റാങ്കുമെല്ലാം ഒരേ പേജിലാ.. കഴിഞ്ഞ തവണ 11 -ആം റാങ്കുള്ളത്‌ ഇത്തവണ അച്ഛന്‍ കാണും... മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ! അച്ഛനു കൊടുക്കും മുന്‍പ്‌, കാക്കൊല്ലത്തിന്റെ 11 നെ, വീണ്ടും ഒന്നാം റാങ്കാക്കി തിരുത്തി ! ഒപ്പിട്ടു വാങ്ങി.....വീണ്ടും ആ എക്സ്റ്റ്രാ ഒന്നിനെ പുനപ്രതിഷിഠിച്ചു !ഇതൊരു വല്ലാത്ത പൊല്ലാപ്പാണാല്ലൊ ദൈവമേ.....

സ്കൂളില്‍ നിന്നും കോഴ്സ്‌ കഴിഞ്ഞു പുറത്തിറങ്ങും വരെ ഒരൊറ്റ പ്രോഗ്രസ്‌ കാര്‍ഡ്‌ ആണ്‌!! ഇനിയും ഒന്നരക്കൊല്ലം ബാക്കി കിടക്കുന്നു... ഇനി 2 തവണ കൂടി ഈ കാര്‍ഡ്‌ അച്ഛനെക്കാണിച്ച്‌ ഒപ്പിട്ടു വാങ്ങണം. ( 10 ലെ കാക്കൊല്ലത്തിനും അരക്കൊല്ലത്തിനും) . ഓരോ തവണയും തിരുത്തും തോറുംആ ഭാഗത്തെ പേപ്പറിന്റെ കട്ടി കുറഞ്ഞു കുറഞ്ഞു വരുന്നു. ഇനി ഒരു തവണ കൂടി തിരുത്തിയാല്‍ ആ ഭാഗത്തെ പേപ്പര്‍ കീറും.. നൂറു തരം !! എല്ലാവരും അറിയും ! ഇതറിയുന്ന നിമിഷം, ഈ വര്‍ഷത്തെയും അടുത്തവര്‍ഷത്തെയും, പലിശയും കൂട്ടുപലിശയും, കള്ളത്തരം കാട്ടിയതിനുള്ള കൊള്ളപ്പലിശയും ചേര്‍ത്ത്‌ അച്ഛനെന്നെ പെരുമാറും !

ദൈവമേ... എന്തൊരു പരീക്ഷണം !! ഈ വര്‍ഷത്തെ പ്രശ്നങ്ങളൊക്കെ തീര്‍ന്നു, എന്നാലും, അടുത്ത കാക്കൊല്ല പരീക്ഷക്ക്‌ ഇതു പിടിക്കപ്പെടുമല്ലോ എന്നോര്‍ത്തപ്പോള്‍ കയ്യും കാലും തളരുന്ന പോലെ തോന്നി !

ഇറയത്തെ തിണ്ണയില്‍ തൂണും ചാരിയിരുനാലോചിച്ച്‌ എനിക്കൊരു എത്തും പിടിയും കിട്ടിയില്ല. ആലോചനകളില്‍ മുഴുകി ബാഹ്യലോകവുമായുണ്ടായിരുന്ന കണക്ഷന്‍ പോലും വിട്ടു കിടക്കുകയായിരുന്ന ഞാന്‍ എന്തോ ഒരു ഉറക്കെയുള്ള ശബ്ദം കേട്ടാണ്‌ . ഹോ.. ഏറ്റവും താഴേയുള്ള എന്റെ അനിയന്‍ മിന്നല്‍ ശബ്ദമിട്ട്‌ ഓടിവന്നതാ... 1 ആം തരത്തില്‍ പഠിക്കുന്ന 5 വയസ്സുകാരന്‍ മിന്നല്‍ !

മിന്നലിനെക്കണ്ടതും എന്റെ മനസ്സില്‍ ഐഡിയകളുടെ അമിട്ടു പൊട്ടി !!!
====================
Part-4

മിന്നലിനെ സ്നേഹപൂര്‍വം ഞാനടുത്തോട്ടു വിളിച്ചു. പ്രൊഗ്രസ്‌ കാര്‍ഡ്‌ അവന്റെ കയ്യില്‍ കൊടുത്ത്‌ ഞാന്‍ മാറിനിന്നു ! സാധാരണ, വിതിന്‍ ഫ്രാക്ഷന്‍ ഓഫ്‌ സെക്കന്‍ഡ്സ്‌, അവനത്‌ കീറിക്കളയ്മായിരുന്നു ! എനിക്കു വേണ്ടതും അതായിരുന്നു !

പക്ഷെ അന്ന്‌ പ്രോഗ്രസ്‌ കാര്‍ഡും വാങ്ങിയവന്‍ എന്റെ മുഖത്തോട്ടുനോക്കി നിന്നു.. കൌതുകത്തോടെ !എന്റെ അരികില്‍ കിടന്നിരുന്ന ഒരു പേപ്പറെടുത്ത്‌ ഞാന്‍ നെടുകെ കീറി, അവനൊരു ഡെമോണ്‍സ്റ്റ്രേഷനും, പ്രചോദനവുമാകട്ടേയെന്നു കരുതി, എവടേ ! ലവനൊരു മൈന്‍ഡുമില്ല ! ലവനതു കീറില്ല, എന്റെ ആഗ്രഹം നടക്കത്തുമില്ല.. (ആദ്യം തന്നെ, കീറല്ലെ മോനേ എന്നും പറഞ്ഞു കൊടുത്താല്‍ മതിയായിരുന്നു.. ഈ നേരം കൊണ്ടതു കീറിക്കിട്ടിയേനെ !!!) എന്തും പറഞ്ഞാലും അനുസരണയോടെ, നേരെ തിരിച്ചുചെയ്യുന്ന പൊന്ന്അനിയനല്ലേ !

ഐഡിയകളുടെ വെടിക്കെട്ടുകള്‍ എന്റെതലയിലുദിക്കാന്‍ അത്ര സമയമൊന്നും വേണ്ടാതിരുന്നതിനാല്‍ പെട്ടെന്നു തോന്നിയ ആ ബുദ്ധിയില്‍, ഞാന്‍ അവനില്‍ നിന്നാ കാര്‍ഡ്‌ തട്ടിപ്പറിച്ചു ! പെട്ടെന്നുള്ള ആ വലിയില്‍, എന്റെ ഭാഗ്യത്തിനോ എന്തൊ.. പ്രോഗ്രസ്‌ കാര്‍ദില്‍ ആ വര്‍ഷത്തെ മാര്‍ക്കും റാങ്കുമുള്ള പേജു തന്നെ ഒരു 2 സെന്റിമീറ്റര്‍ നീളത്റ്റിലൊന്നു കീറി !!!

പ്രോഗ്രസ്‌ കാര്‍ഡ്‌ കയ്യില്‍ കിട്ടിയ ഞാന്‍, ആ പേജ്‌ നെടുകനായി മുഴുവനും കീറി ! റബ്ബര്‍/ബ്ലേഡുകളുടെ പരിലാളനമേറ്റു കിടന്നിരുന്ന , മായ്ചു കളഞ്ഞ ആ ഒന്നുന്റെ മുകളിലൂടെ കീറല്‍ വരും രീതിയില്‍ !

"അയ്യോ" ഇവനെന്റെ പ്രോഗ്രസ്‌ കാര്‍ഡ്‌ കീറി..വെങ്കിടങ്ങു മുഴുവന്‍ ഞെട്ടിത്തിറിക്കുമാറ്‌ ഞാനലറിക്കരഞ്ഞു ! കൂട്ടത്തില്‍, മിന്നലിനിട്ട്‌ രണ്ടു പൊട്ടിക്കാനും മറന്നില്ല.

മിന്നല്‍, കാര്യമെന്താണെന്നു മനസ്സിലാവാതെ, ഓടി.. ചേട്ടന്റെ കയ്യില്‍ നിന്നുള്ളത്‌ കിട്ടീ.. ഇനി, അച്ഛന്റെ കയ്യില്‍ നിന്നു കൂടി ഒരു പെട കിട്ടാനുള്ള സ്കോപ്പുണ്ടെന്നവനു തോന്നിക്കാണൂം..ഒരു ടെമ്പെററി എസ്കേപ്പ്‌...പാവം !

കരച്ചില്‍ കേട്ട്‌ ഓടി വന്ന അച്ഛനോടും അമ്മയോടുമെല്ലാം,ലവനെന്റെ പ്രോഗ്രസ്‌ കാര്‍ഡ്‌ കീറിയ വിവരം, തേങ്ങലോടെ ഞാന്‍ ബോധിപ്പിച്ചു ! സാരമില്ല മോനെ.. എന്നും പറഞ്ഞെന്നെ സമാധാനിപ്പിച്ച്‌ , അച്ഛന്‍ മിന്നലിനെ പിടിക്കാനും, പെടക്കനുമായി അവന്റെ പുറകെ വിട്ടു...വൈകീട്ട്‌ അച്ചന്റെ കയ്യില്‍ നിന്നും ഞാനൊരു എഴുത്തെഴുതി ഒപ്പിട്ടു വാങ്ങി ! " ഈ പാവം ചെക്കന്റെ പ്രോഗ്രസ്‌ കാര്‍ഡ്‌, അവന്റെ കുരുത്തം കെട്ട അനിയന്‍ കീറിയേന്നും പറഞ്ഞ്‌,അച്ഛന്റെ ഒരു ഖേദപ്രകടനം രേഖപ്പെടുത്തിയത്‌ " ! പ്രോഗ്രസ്‌ കാര്‍ഡും, കീറിപ്പോയ ബാകി ഭാഗവും, അച്ഛന്‍ തന്നു വിട്ട എഴുത്തും ടീച്ചര്‍ക്കു കൊടുത്ത്‌ സാഹചര്യങ്ങള്‍ വിവരിച്ചപ്പോള്‍, ടീച്ചര്‍ മൊഴിഞ്ഞു !

" സാരമില്ലെടോ.." ഇതിപ്പോ, അരക്കൊല്ലം കഴിഞ്ഞില്ലേ.. ഇനി 10-ഇല്‍ തനിക്ക്‌ പുതിയ കാര്‍ഡ്‌ തരാം !

പുതിയ കാര്‍ഡില്‍, 9 ലെ മാര്‍ക്കൊ റങ്കോ എഴുതില്ല... ഇനി എഴുതിയാലും, 2 തവണ കൂടി 1 നെ മായ്ക്കാനുള്ള കട്ടി ആ പേപ്പറിനു കാണൂമല്ലോ !!

ദൈവമേ... അന്നത്തെ ഇന്റന്‍സിറ്റിയില്‍ ഒരു നെടുവീര്‍പ്പ്‌, അതിനുശേഷം ഇന്നേവരെ ഞാന്‍ വിട്ടിട്ടില്ല..... സാധിച്ചിട്ടുമില്ല...

( അവസാനിച്ചു )

Read more...
© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.