-- എ ബ്ലഡി മല്ലു --

ദേ പോയി ഞാന്‍...

Tuesday, June 20, 2006

നാട്ടില്‍ ഞങ്ങള്‍ക്കെല്ലാം പേടിയുള്ള ഒരു വ്യക്തിത്വമുണ്ട്‌ ! ഞങ്ങളെന്നു പറഞ്ഞാള്‍ സ്പെഷലി ഏന്റ്‌,സ്പെസിഫിക്കലി, ഗള്‍ഫുകാര്‍ക്കും അവരുടെ വീട്ടുകാര്‍ക്കും...

ആള്‍ വേറാരുമല്ല.. ഞങ്ങളുടെ, മെട്രോ പഞ്ചായത്തിലെ പോസ്റ്റോഫീസിന്റെ, ഡിസ്റ്റ്രിബ്യൂഷന്‍ ഡിപ്പാര്‍ട്ട്‌മന്റ്‌ ഹെഡ്‌ ആയ, ശ്രി. രാമന്‍ വേലായുധന്‍ ! ആ ഡിപ്പാര്‍ട്ട്‌മെന്റില്‍, ഹെഡും ടെയിലുമായി ഈ മാന്യദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതും പോസ്റ്റ്‌മാന്‍ വേലായുധന്‍ എന്നു ക്യാഷ്വലായി ചിലര്‍ വിളിക്കുമെന്നതും അരമന രഹസ്യം. പത്ത്‌ ആയിരത്തഞ്ഞൂറോളം വീടുകളുള്ള വെങ്കിടങ്ങു പഞ്ചായത്തിന്റെ, ബാഹ്യലോകവുമായുള്ള കംപ്ലീറ്റ്‌ പോസ്റ്റല്‍ കമ്മ്യൂണിക്കേഷന്‍ മാറ്റേഴ്‌സ്‌ ഇദ്ദേഹത്തിന്റെ തലക്കകത്തിരുന്ന് പുകയുന്നതിനാലാണോ എന്തോ...വിട്രിഫയിഡ്‌ ടയില്‍സ്‌ ഇട്ടപോലെയാണു തലയുടെ എക്‍സ്‌ടീരിയര്‍ വ്യൂ ! കുറച്ചുനേരം ഇദ്ദേഹത്തോടു സംസാരിച്ചാല്‍, തലയുടെ ഇന്‍റ്റീരിയരില്‍, ഓള്‍മോസ്റ്റ്‌ വാക്വമാണെന്നു ഏതു മരങ്ങോടനും മനസ്സിലാകും !

4 അടി 5 ഇഞ്ച്‌ നീളത്തില്‍ ഒരു ഉണക്ക മുളവടിയെടുത്ത്‌, നമ്മുടെ ഒരു പ്രിയ "ബ്ലൊഗര്‍" മോഡല്‍ തല ഫിറ്റ്‌ ചെയ്യ്‌ത്‌,തലക്കു പുറകില്‍ ചെവിക്കു താഴെ വരുന്ന ഭാഗത്ത്‌ ഒരു 25 സെന്റി മീറ്റര്‍ നീളത്തിലുള്ള 30 ചകിരിനാരുകള്‍ ( 15 വെളുത്തതും 15 കറുത്തതും) ഒട്ടിച്ചുവച്ച്‌ ഒരു കാക്കി പോസ്റ്റുമാന്‍ യൂണീഫോം ഇടുവിച്ച്‌ , രണ്ടു കയ്യും കാലും ഫിറ്റ്‌ ചെയ്ത്‌ കക്ഷത്ത്‌ കുറച്ച്‌ കത്തും തിരുകിവച്ചാല്‍ ഏതാണ്ട്‌ നമ്മുടെ വേലായുധനായി !

രൂപം കൊണ്ടിങ്ങനെയൊക്കെ ഇരുന്നോട്ടെ...പക്ഷെ, ആളൊരു സംഭവം തന്നെയാ ഞങ്ങടെ നാട്ടില്‍. പ്രൊഫഷണല്‍ ഡെഡിക്കേഷന്‍, എന്നാല്‍ ഇങ്ങനെ വേണo. മിനി ഗള്‍ഫ്‌ എന്നറിയപ്പെടും ചാവക്കാടിനടുത്തായതിനാല്‍, ഞങ്ങടെ നാട്ടിലും, ഒട്ടനവധി ഗള്‍ഫുകാരുണ്ട്‌! വീട്ടീല്‍ മിനിമം ഒരു ഗള്‍ഫുകാരന്‍ എന്നത്‌, നാട്ടിലെ ഒരു പ്രസ്റ്റീജ്‌ ഇഷ്യൂവാണ്‌. ഒരു ഏകദേശ കണക്കില്‍, 50% വീട്ടിലും, ഒരുത്തന്‍ പ്രവാസിയാണ്‌. അതുകൊണ്ടുതന്നെ, വേലായുധന്‍, ഗള്‍ഫ്‌ കുടുംബങ്ങളെ സേവിക്കുന്നതില്‍ അങ്ങേയറ്റം അര്‍പ്പണബോധം കാണിച്ചിരുന്നു. ! ഗള്‍ഫില്‍നിന്നും ഡ്രാഫ്റ്റ്‌ വന്നാല്‍, എഴുത്തും കൊടുത്തു അങ്ങേരുടെ തലേം ചൊറിഞ്ഞുള്ള ഒരു നില്‍പ്പുണ്ട്‌! പ്രതീക്ഷ 50 രൂ. ആണെങ്കിലും, കുറച്ചു കുറഞ്ഞാലും മേടിക്കും, പക്ഷേ 20ഇല്‍ കുറഞ്ഞാല്‍, ആശന്റെ മട്ടു മാറും, ഐ.എന്‍.ടി.യു.സി. യൂണിയന്‍ നേതാവിനെപ്പോലെ, ഇതു തങ്ങളുടെ അവകാശമാണെന്നൊക്കെ, അടുത്ത വീട്ടിലെ താത്തയോട്‌ പ്രസംഗിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്‌! താന്‍ പോയി പണിനോക്കടൊ എന്നെങ്ങാന്‍, അബദ്ധത്തില്‍ പറഞ്ഞാല്‍, പിന്നേ ആ വീട്ടിലെ കാര്യം കട്ടപ്പൊക ! അടുത്ത ഒരു രണ്ടു മാസത്തിനു ഡ്രാഫ്റ്റ്‌ പോയിട്ട്‌, ഒരു എഴുത്തു പോലും കൊണ്ടുക്കൊടുക്കില്ല പഹയന്‍ ! അതോണ്ട്‌ അധികമാരും, പിണക്കാന്‍ നില്‍ക്കാറില്ല, പ്രത്യേകിച്ച്‌ , മാസാമാസം, ഡ്രാഫ്റ്റും കാത്ത്‌ വേഴാമ്പലിനെപ്പോലിരിക്കും, ഗള്‍ഫ്‌ വീട്ടമ്മമാര്‍ !

ഗള്‍ഫുകാരൊന്നുമില്ലാത്ത വീട്ടിലെ ചെക്കന്‍ ഒരിക്കല്‍, കോളേജ്‌ ആപ്പ്‌ളിക്കേഷനയച്ച്‌ അക്‍നോളഡ്‌ജ്‌മന്റ്‌ കാര്‍ഡും കാത്തിരിക്കുന്ന സമയത്ത്‌, വഴീല്‍ വെച്ച്‌ ഇദ്ദേഹത്തെ കണ്ടപ്പോ " വേലായുധേട്ടോ.. എഴുത്തു വല്ലോമുണ്ടോ" എന്നു ചോദിച്ചതിന്‌, "എന്തേലുമുടേലങ്ങു വീട്ടിലെത്തും, വല്ല്യ തെരക്കാണേല്‍, ദിവസോം ആപ്പീസില്‍ വന്നു നോക്ക്‌.. ഹല്ലപിന്നെ, നിന്റപ്പന്‍, ശങ്കുരു എനിക്ക്‌ മാസശമ്പളം തന്നു ഏര്‍പ്പാടാക്ക്യ മാതിരിയാണല്ലൊ ചോദിക്കണേ ? " എന്നു മെക്കിട്ടു കേറാന്‍ ചെന്നു ! പാവം ചെക്കന്‍, ഉടക്കിയാല്‍"തന്റെ കോളേജ്‌ അഡ്മിഷന്‍" എന്ന സ്വപ്നം തുലക്കാന്‍, ഈ നീര്‍ക്കോലി മതിയല്ലോ, എന്ന പേടിയില്‍, ഒന്നും മിണ്ടാതെ പോയതായാണ്‌ ചരിത്രം ! എന്റെ വീട്ടില്‍ ഞാന്‍ പഠിച്ചിരുന്ന കാലത്ത്‌ ഗള്‍ഫില്‍ നിന്നൊന്നും ആരും ഡ്രാഫ്റ്റ്‌ അയക്കാനുണ്ടായിരുന്നില്ലെങ്കിലും, അച്ഛന്‍ ചാവക്കാട്‌ മുന്‍സിഫ്‌ കോടതിയില്‍ ആയിരുന്നതിനാല്‍, വേലായുധനു, അച്ഛനെ വലിയ ബഹുമാനമായിരുന്നു. ആതോണ്ട്‌ ഞങ്ങടെ വീട്ടീലോട്ടുള്ള കത്തെല്ലം ഓണ്‍-ടയിം.

ആളൊരു മിനി കലാകാരന്‍ കൂടിയാണ്‌. ഇദ്ദേഹം പണ്ട്‌ കരുവന്തല പൂരത്തിനു ഒരു നാടകത്തില്‍ അഭിനയിക്കയും, ആ നടനത്തികവു കണ്ട്‌, കൂവാന്‍ പോലും ശേഷിയില്ലാതെ ഞാനിരുന്നപ്പോളാണറിയുന്നത്‌, അവിടെയിരിക്കുന്ന പലരും കൂവാത്തത്‌, വേലായുധന്റെ നോട്ടപ്പുള്ളിയായാല്‍ വീടുകളിലേക്കുള്ള എഴുത്തിന്റെയും ഡ്രാഫ്റ്റിന്റെയും സ്‌പീഡ്‌ കുറയുമെന്ന പേടിയിലാണ്‌ !

അങ്ങനെയിരിക്കുമ്പോഴാണ്‌( 1990- ല്‍) നാട്ടില്‍ ഒരു സിനിമാ ഷൂട്ടിങ്ങ്‌ വന്നു. ( പടത്തിന്റെ പേരോര്‍മയില്ല. മുരളി-ഗീത, ടീമിന്റെ, ബോക്സോഫീസ്‌ മെഗാ ഹിറ്റ്‌, റിലീസ്‌ ചെയ്ത്‌, വിതിന്‍ 3 വീക്സ്‌, ഞങ്ങടെ സി-ക്ലാസ്സ്‌ പ്രൊവിഡന്‍സ്‌ തീയറ്ററിലെത്തിയെന്നത്‌ വേറെക്കാര്യം !) നാട്ടില്‍ ഷൂട്ടിങ്ങെന്നറിഞ്ഞു ലീവെടുത്ത്‌ കാണന്‍ പോയ വേലായുധനും കിട്ടി ഒരു വേഷം. ആനന്ദ ലബ്‌ധിക്കിനിയെന്തുവേണം ! മുരളിയുടെ കൂടെ ഒരൊറ്റ സീനിലേ ഉണ്ടായിരുന്നെങ്കിലും, അതിനു ശേഷം, വേലായുധന്‍, ആളൊന്നു മാറി ! ഫിലിം സ്റ്റാറായില്ലേ ! അതിന്റെയൊരു..ഇത്‌.. ഏത്‌ ?? പടം പ്രോവിഡന്‍സില്‍ റിലീസാവും മുന്‍പേ തന്നെ, രാമന്‍, നാട്ടിലെ എല്ലാ വീട്ടിലും ചെന്ന് തന്റെ ഡെബ്യൂ ചിത്രം കണ്ട്‌ പ്രോല്‍സാഹിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നത്രെ !

ആങ്ങനെ ആ സുദിനം വന്നെത്തി ! പ്രോവിഡന്‍സില്‍ ആ പടം ഇന്നു റിലീസ്‌....അറുമുഖനുശേഷം **, വെള്ളീത്തിരയുടെ മാസ്മരിക ലോകത്തിലോക്ക്‌, അഭിമാന പൂര്‍വം വെങ്കിടങ്ങു കൈപിടിച്ചുയര്‍ത്തിയ, ഞങ്ങടെ പൊന്നോമനപ്പുത്രന്‍ രാമന്‍ വേലായുധന്‍ അഭിനയിച്ച സിനിമ സ്വന്തം നാട്ടീല്‍ പ്രദര്‍ശിപ്പിക്കുന്ന ദിവസം!!. ഓരോ വെങ്കിടീയനും, അഭിമാനപൂരിതനായി, രോമാഞ്ചകഞ്ചുകിതനാകേണ്ട ദിവസം ! നാടാകെ ഉത്സവത്തിമിര്‍പ്പില്‍ കുളിരിലാറാടേണ്ട ദിനം !
( ** അറുമുഖന്‍ വെങ്കിടങ്ങ്‌, അഭിനയിച്ചിട്ടില്ല, പക്ഷേ, കലഭവന്‍ മണീയുടെ ചില കാസറ്റുകളില്‍,നാടന്‍ പാട്ടെഴുതി ഫെയിമസ്സായി, പിന്നെ, കുറച്ചു സിനിമകളില്‍, സംഗീതം കൊടുത്തിട്ടുണ്ടത്രെ. അതായാലും, വെള്ളിത്തിരയുമായി ബന്ധമുണ്ടല്ലോ)

വെങ്കിടങ്ങില്‍, 3 ഷോ ആണ്‌.. 3.30/6.30/9.30 . ഞങ്ങള്‍ വെങ്കിടീയന്മാര്‍, ഉച്ചയുറക്കം കൂടുതലുള്ളവരായതിനാലാണൊ ആവോ.. നൂണ്‍ഷോ എന്ന കണ്‍സപ്റ്റ്‌ പ്രോവിഡന്‍സില്‍ ഇല്ല! വേലായുധന്‍, പുലര്‍ച്ചേ എഴുന്നേട്ട്‌, കുളിച്ച്‌ കളസവും, കളഭവുമൊക്കെയിട്ട്‌ കരുവന്തല അമ്പലത്തിലൊക്കെ പോയി, മുരളി/ഗീത/വേലായുധന്‍ എന്നിവര്‍ക്കൊക്കെ, ഓരോ ശതുസംഹാര/പ്രശസ്തീഭവഃ പുഷ്പാന്‍ജലിയും, ഡയറക്റ്റര്‍ സാറിന്റെ പേരിലൊരു വെടിവഴിപാടും നടത്തിയത്രേ ! പടം നേരത്തെ തന്നെ തൃശ്ശൂര്‍ രാഗം തീയറ്ററില്‍ വന്ന് എട്ടുനിലയില്‍ പൂരം വെടിക്കെട്ടു പോലെ പൊട്ടിയ കാര്യം, വേലുമ്മാന്‍, അറിഞ്ഞിരുന്നില്ല. പ്രൊഫെഷണല്‍ ഡെഡിക്കേഷന്‍ കാരണം,ശ്രദ്ധിച്ചു കാണില്ല പാവം. നേര്‍ച്ചക്കായി പഴനി സ്വാമിമാരും, പള്ളക്കായി പിച്ചക്കാരും പിരിവുകാരും കഴിഞ്ഞാല്‍ പിന്നെ, ഏറ്റോം കൂടുതല്‍ "വീടുതെണ്ടല്‍" നടത്തും പോസ്റ്റ്‌മാന്‍ വര്‍ഗ്ഗത്തിന്‍ പ്രതിനിധിയാണല്ലൊ പാവം വേലായുധന്‍! അമ്പലത്തില്‍ നിന്നും വഴിപാടെല്ലം തീര്‍ത്ത്‌, 10 മണിയായപ്പോഴേക്കും തിരിച്ചെത്തിയ കക്ഷി, ടെന്‍ഷന്‍ മൂലം, വീട്ടില്‍ ഇരിപ്പുറക്കാതെ, അടുത്തുള്ള ഷാപ്പില്‍ കേറി 3 കുപ്പി കേറ്റുകയും, പിന്നെ, 1 മണിയാവുവോളം അയലക്കക്കാരുടെ വീട്ടിലൊക്കെ പോയി, നാട്ടുകാരുടെ പ്രസന്‍സിനായുള്ള റീകണ്‍ഫേര്‍മേഷനും വാങ്ങീട്ടേ വേലു ചുള്ളന്‍, ഞണ്ണാനായി വീട്ടീലോട്ട്‌ മടങ്ങിയത്‌ ! ടിക്കറ്റ്‌എടുക്കാന്‍ കാശില്ലെന്നു പറഞ്ഞൊഴിയാന്‍ നോക്കിയ ചിലര്‍ക്ക്‌ ഇദ്ദേഹം, ബെഞ്ച്‌ റ്റിക്കറ്റ്‌ റേറ്റ്‌ ആയ 2-രൂപ വച്ചും കൊടുത്തെന്നാണ്‌ ചില സാമൂഹ്യദ്രോഹികള്‍ പിന്നീട്‌ പറഞ്ഞു നടന്നത്‌!!

ഒന്നരക്കുതന്നെ, ഫുഡ്ഡിങ്ങ്‌സ്‌ എല്ലാം തീര്‍ത്ത്‌, ഹൌസ്‌ ഫുള്ളായി ടിക്കറ്റ്‌ കിട്ടിയില്ലെങ്കിലോ എന്ന ടെന്‍ഷനില്‍ 2 മണിയോടെ തന്നെ , നടരാജയായി, ഭാര്യ + 10-12-14 വയസ്സിലുള്ള മൂന്നു പെണ്‍കിടാങ്ങളോടുമൊപ്പം, പ്രോവിഡന്‍സ്‌ തന്മുന്നില്‍ സന്നിഹിതനായി! പറപ്പൂക്കാരന്‍ എന്നറിയപ്പെടുന്ന്, ഓണര്‍-കം-ടിക്കറ്റ്‌ കൌണ്ടര്‍മന്‍-കം- ഓപ്പറേറ്റര്‍ പോലും വന്നിരുന്നില്ല അപ്പോള്‍. നട്ടപ്പറ വെയിലത്തിരുന്നു ബോറടിച്ചപ്പോള്‍, മിസ്സിസ്സ്‌ ഇയ്യാക്കിട്ട്‌ മുട്ടന്‍തെറിപറഞ്ഞെന്ന്, വഴിപോക്കരുടെ സാക്ഷ്യം+ഭാഷ്യം !

അവസാനം, 3 മണിയോടെ പറപ്പൂക്കാരനെത്തി, മൈക്ക്‌ സെറ്റ്‌ ഓണ്‍ ചെയ്തപ്പോഴേക്കും, വേലുതന്‍ ഹൃത്‌തടത്തില്‍ പെരുമ്പറഘോഷം മുഴങ്ങി ! 3-28 മണി വരെ പുറത്തു കാത്തു നിന്നു ഓഡിയസിന്റെ കണക്കെടുത്തിരുന്ന വേലു , ആകെ മൊത്തം 28 പേരാണ്‌ ( വേലു ഫാമിലി ( 5) അടക്കം) സന്നിഹിതരായിരിക്കുന്നതെന്നറിഞ്ഞു നിരാശനായെന്നു മാത്രമല്ല, ബെഞ്ച്‌ റേറ്റ്‌ കൊടുത്ത തെണ്ടികളെപ്പോലും കാണാതെ, ഈ ഭൂലോകത്തിലെ സകല വെങ്കിടങ്ങന്‍മാുടെയും തന്തക്കു വിളിച്ചത്രേ !

പടം തുടങ്ങി... വെള്ളിത്തിരയില്‍ തന്നെക്കാണാന്‍ വേലുവും, ഇങ്ങേരെക്കണ്ടൊന്നു പണ്ടാരമടങ്ങീട്ടുവേണം, വീട്ടിപ്പോയൊന്നു കിടന്നുറങ്ങാന്‍ എന്ന ഭാവത്തില്‍ മിസ്സിസ്‌ വേലുവും, അച്ഛനെക്കണ്ടിട്ടുവേണം,നാളെ സ്കൂളില്‍പോയിട്ടൊന്നു ചെത്താന്‍ എന്നു മനസ്സില്‍ കരുതി പെണ്‍കിടങ്ങളും. ബാക്കി പടത്തിനെത്തിയ വെങ്കിടങ്ങന്മാരെല്ലാം, പടത്തിന്റെ നിലവാരം മൂലം, തുടങ്ങി അരമണിക്കൂറിനകം, ചിലര്‍ കൂര്‍ക്കം വലിയോടെയും, പിന്നെച്ചിലര്‍, അതില്ലാതെയും, നിദ്ര തന്‍ നീരാഴിയിലെക്ക്‌ ബങ്കീ ജമ്പിംഗ്‌ നടത്തി. പടം മെല്ലെ, ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നതിനിടയില്‍, മിസ്സിസ്സിനും, ചെറുങ്ങനെ ഉറക്കം വന്നെങ്കിലും, വേലുവിന്റെ കടിച്ചാല്‍ പൊട്ടാത്ത തെറി കേള്‍ക്കേണ്ടിവരുമല്ലോന്നോര്‍ത്ത്‌, കൂര്‍ക്കം വലിയുടെ റിസ്‌ക്‌ എടുക്കാതെ ഒരു സെമി-ഹിപ്‌നോട്ടിക്‌ സ്റ്റേജിലിരുന്നു ! പിള്ളാരുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല ! സമയമങ്ങനെ അതിന്റെ സമയമെടുത്ത്‌, സാവകാശം നീങ്ങുന്നതിനിടയില്‍ പൊടുന്നനെ ടാക്കീസിനകത്ത്‌ ഒരു അട്ടഹാസം !!!

" ദേ പോയി ഞാന്‍ " !
ഉറങ്ങിക്കിടന്നിരുന്ന പലരും, പെട്ടെന്നൊന്നീട്ടെങ്കിലും, സിനിമയിലെ കിടിലന്‍ ഡയലോഗാവുന്നോര്‍ത്ത്‌ വീണ്ടും ബങ്കീ ജമ്പാക്കി ! ദേ വീണ്ടും അതേ അട്ടഹാസം !!
" ദേ പോയി ഞാന്‍ " !
പാവം വേലായുധന്റെ സീന്‍, സാമദ്രോഹിയായൊരു എഡിറ്ററുടെ കത്രിക മൂലം, പ്രോവിഡന്‍സിലെത്തിയപ്പോള്‍ വെറും 2 സെക്കന്‍ഡ്‌ ഉള്ള ഫ്രെയിം ആയി ചുരുങ്ങി. സ്വന്തം മുഖം കണ്ടപ്പോളുണ്ടായ മാനസിക വ്യാപാരങ്ങളാലാണ്‌ ആശാന്‍ ആദ്യം അലറിയത്‌ ! അലര്‍ച്ചകേട്ട്‌ ഭാര്യ ഞെട്ടിയെഴുന്നേറ്റ കണ്ടപ്പോളാണ്‌, അവളും ഉറങ്ങുകയായിരുന്നെന്നും, , ഉടനെ തന്നെ വന്ന അടുത്ത ഫ്രെയിമിലെങ്കിലും തന്റെ തിരുമോന്ത കാണിക്കണമെന്നുള്ള ആവേശത്തള്ളലില്‍ രണ്ടാമതും അലറിയത്‌ !

രണ്ടലര്‍ച്ചകേട്ടതോടെ ഉറക്കം പോയ ദേഷ്യത്തോടെ പല വെങ്കിടീയന്മാരും, "നിര്‍ത്തട പുല്ലേ... മനുഷ്യനെ ഒന്നൊറങ്ങാനും സമ്മതിക്കില്ലല്ലെ.. എന്നോക്കെ ചോദിച്ച്‌, കൂട്ടത്തില്‍, നല്ല മുട്ടന്‍ തെറികളും കാച്ചി !ഇരുട്ടാണെന്നുള്ള ധൈര്യത്തിലാവണം, ഈ തെറിപ്രയോഗം.. അല്ലായിരുന്നെങ്കില്‍ പകല്‍വെളിച്ചത്ത്‌, വേലായുധനെ തെറി പറയാന്‍ ധൈര്യമുള്ള, ഏത്‌ വെങ്കിടിയുണ്ടീ വെങ്കിടങ്ങു രാജ്യത്ത്‌ ??? മറന്നോ.. ഡ്രാഫ്റ്റ്‌- എഴുത്ത്‌ - ഡീലേ - വേലായുധന്‍ ...

ഏതായാലും, രണ്ടും കല്‍പ്പിച്ചിറങ്ങിയ വേലു, ഫസ്റ്റ്‌ ഷോയും, സെക്കന്‍ഡ്‌ ഷോ യും കൂടി കയറി, 2 സെക്കന്‍ഡെങ്കില്‍ 2 സെക്കന്‍ഡ്‌, തന്റെ മോന്ത, ഭാര്യയും പിള്ളാരും , വെള്ളിത്തിരയില്‍ കണ്ടെന്ന് ഉറപ്പു വരുത്തിയതിനു ശേഷമേ, രാത്രി 1 മണീയോടെ തിരിച്ച്‌ കൂടഞ്ഞുള്ളൂ !

Read more...

തെറ്റിദ്ധാരണ

Monday, June 19, 2006

എന്റെ പല ധാരണകളും തെറ്റിദ്ധാരണകളാണെന്ന് ഇന്നു ഞാനറിയുന്നു ! അറിയിച്ചുതന്ന ഏറ്റവും ഇളയ സഹോദരനു നന്ദി ( മിന്നല്‍ എന്നു വിളിക്കാം) ! വടക്കന്‍ വീരഗാഥയില്‍, ചന്തുവിനെപ്പോലെ, ഇന്ന് അവന്‍ പറയുന്നു, .... തെറ്റിദ്ധാരണകള്‍ പേറാന്‍ ഇന്നു മിന്നലിന്റെ ജീവിതം ബാക്കി !!!

എന്റെ രണ്ടനിയന്മാരുടെയും, പ്രത്യക്ഷവും, പരോക്ഷവുമായ പല ഉരസലുകളിലും, ഒരു പ്രോ-മിന്നല്‍ നിലപാട്‌ സ്വീകരിച്ചിരുന്നത്‌, ഏറ്റവും താഴെ സന്തതി എന്ന നിലക്കു മാത്രമല്ല, പല കാര്യങ്ങളിലും, എന്റെ ഒരു ഫ്രീക്വൊന്‍സിയോട്‌ സാമ്യമുള്ളതിനാലാകാം.

കുരുത്തക്കേടിനു, 5-ആം വയസ്സില്‍, ഡിഗ്രീയും, 8 വയസ്സില്‍ പീഎച്ച്‌ഡീയും എടുത്ത അവനെ, വല്ല രാഷ്ടീയത്തിലുമിറക്കാതെ ബീകോമിനയച്ചത്‌, എന്റെ അച്ചന്റെ തെറ്റിദ്ധാരണ! ഫൈനല്‍ പരീക്ഷ കടന്നുകിട്ടാന്‍ മൂന്നുതവണ എഴുതേണ്ടിവന്നത്‌, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ തെറ്റിദ്ധാരണ. ! 12 വയസ്സില്‍, ലവന്റെ ഉറ്റ സുഹൃത്ത്‌ മുബാറുവിന്റെ കുഞ്ഞുമ്മാടെ മോള്‍ക്ക്‌ പുസ്തകത്തിനിടയില്‍ വച്ച്‌ പ്രേമലേഖനം കൊടുത്ത്‌, അവള്‍ടുമ്മ ഇതു തെറ്റിദ്ധരിച്ച്‌ കണ്ടുപിടിച്ച്‌, വീട്ടില്‍ വന്ന് പറഞ്ഞ തെറിയെല്ലാം, ഗത്യന്തരമില്ലാതെ കേട്ടുനില്‍ക്കേണ്ടി വന്നത്‌ അമ്മയുടെ തെറ്റിദ്ധാരണ! അതിനു പ്രതികാരമായി, 12 വയസ്സുള്ള, 5 ചിന്ന ഗുണ്ടാപ്പിള്ളേരുമായി, ആ സ്ത്രീയെ തല്ലാന്‍ പദ്ധതിയിട്ട്‌, എന്തോ ഭാഗ്യത്തിനു, ആരോ ഒറ്റിക്കൊടുത്തമൂലം, പദ്ധതി പൊളിയുകയും, അച്ഛന്‍ ഇവനായി ഡെഡിക്കേറ്റ്‌ ചെയ്തു വച്ചിട്ടുള്ള കരുവള്ളിക്കോലിന്റെ വടിയുടെ പാടുകള്‍, അവന്റെ നനുത്ത കരിം തുടയില്‍ പതിഞ്ഞത്‌, അവന്റെ " സെല്‍ഫ്‌ കോണ്‍ഫിഡന്‍സിലുള്ള" തെറ്റിദ്ധാരണ മൂലം ! ടാറിന്‍പാട്ടയില്‍ വീണപോലുള്ളവന്‍ ഫെയര്‍+ ലവുലി തേച്ചാല്‍ വെളുക്കുമെന്നോര്‍ത്ത്‌ വര്‍ഷങ്ങളോളം കാശുമുടക്കിയതും മറ്റൊരു തെറ്റിദ്ധാരണ. !

4ആം വയസ്സില്‍, എനിക്കിട്ട്‌, ഒരൊ ഒന്നൊന്നരക്കിലോ വരുന്ന പൂട്ട്‌ ( ലോക്ക്‌) എടുത്തെറിഞ്ഞത്‌, ജസ്റ്റ്‌ പുരികത്തിനു മുകളില്‍ ലാന്റ്‌ ചെയ്തതും, അതൊരു, 2 സെന്റിമീറ്റന്‍ താഴോട്ടാകാതിരുന്നതും, അബ്ദുള്ള ഡോക്ടര്‍ 4 സ്റ്റിച്ച്‌ ഇട്ട്‌ പ്രൊബ്ലെം സോള്‍വു ചെയ്തതും, എന്റെ ഗുരുത്വക്കേടിനും, പിന്നെ, മുജ്ജന്മ സുകൃതങ്ങള്‍ക്കു, എന്നില്‍ തെറ്റിദ്ധാരണയില്ലാത്തതു മൂലം !

6 വയസ്സില്‍ ഇവന്‍, അടുത്തവീട്ടിലെ പട്ടി ടിപ്പുവിനെ കല്ലെടുത്തെറിഞ്ഞപ്പോള്‍, ടിപ്പു, ഇവനെയിട്ടോടിച്ചത്‌, ടിപ്പുവിന്റെ തെറ്റിദ്ധാരണ! ബെന്‍ ജോണ്‍സനും കാള്‍ ലൂയിസും പോലെ ഇവരുടെ ഓട്ട മല്‍സരത്തിനിടയിലേക്ക്‌, ഇവനെ രക്ഷിക്കാന്‍ കല്ലും വടിയുമൊന്നുമെടുക്കാന്‍ സമയമില്ലാത്തതിനാല്‍, സ്വന്തം ശരീരവുമായിച്ചാടിയത്‌ എന്റെ തെറ്റിദ്ധാരണ. പൊക്കിളിനു ചുറ്റും അരിപ്പയിട്ടപോലെ 14 ഇന്‍ജെക്ഷനെടുക്കേണ്ട ഗതി വരാതിരുന്നത്‌, മണ്ണടിഞ്ഞുപോയ കാരണവന്മാര്‍ക്കും, പാമ്പിന്‍ കാവിലെ ദേവന്മാരും എന്നെ തെറ്റിദ്ധരിക്കാത്തമൂലം !!

ഈയ്യിടെ, നാട്ടില്‍ നിന്നും അമ്മ വിളിച്ചു പറയുന്നു, മിന്നലിനു പെട്ടെന്നു വിസിറ്റ്‌ വിസയെടുത്ത്‌ ദുബായില്‍ കൊണ്ട്‌പോകാന്‍! നാട്ടില്‍ തേരാപ്പാര നടക്കുന്നവര്‍ക്കും, അലമ്പുണ്ടാക്കി നാട്ടില്‍നില്‍ക്കാന്‍ പറ്റാത്തവര്‍ക്കും പെട്ടെന്നു പൊങ്ങാനുള്ള സ്ഥലമാണ്‌ ദുബായി എന്നു, നാട്ടില്‍ പൊതുവായുള്ള ഒരു തെറ്റിദ്ധാരണ! കാര്യം കൂടുതല്‍ തിരക്കിയപ്പോഴാണറിയുന്നത്‌, സംഗതി സീരിയസ്സാണെന്നും, മിന്നലിന്റെ രണ്ട്‌ സുഹൃത്തുക്കള്‍, അവര്‍ക്കു വിരോധമുള്ള ഒരു മാര്‍ക്സിസ്റ്റ്കാരന്റെ വീട്ടില്‍ തെറി വിളിക്കന്‍ പോയപ്പോള്‍, ഇവനെയും, ഒരു കമ്പനിക്കായി കൂട്ടിയെന്നും , ആ തെറ്റിദ്ധാരണയുടെ പേരിലാണ്‌, 10 മാര്‍ക്സിസ്റ്റുകാര്‍ കഴിഞ്ഞ ദിവസം വീട്ടില്‍ ഇവനെ തിരക്കി വന്നതെന്നും എന്ന സത്യമറിഞ്ഞപ്പോഴാണ്‌. ! പൊന്നനിയനെ 20 മിനുട്ട്‌ വിളിച്ചൊന്നു ശെരിക്കും കുടഞ്ഞപ്പോള്‍, അവസാനം, ചെറിയൊരുപദേശം കൊടുക്കാനും മറന്നില്ല...
പൊന്നുമോനേ.. ആരെ തെറ്റിദ്ധരിച്ചാലും, മാര്‍ക്സിസ്റ്റുകാരെ മാത്രം നീ തെറ്റിദ്ധരിക്കല്ലെ !

ഇപ്പോള്‍ എനിക്കൊന്നു മനസ്സിലായി ! ഞാനും തെറ്റിദ്ധരിച്ചിരിക്കയായിരുന്നു..
" ഇവന്‍ ഡീസന്റാണെന്ന്!!"""

Read more...

ട്യൂണ

Sunday, June 18, 2006


അല്‍പ്പം ഫ്ലാഷ്‌ ബാക്ക്‌..........
ഞാനും മീനും തമ്മില്‍ വല്ല്യ കമ്പനിയൊന്നും ഇല്ല,പണ്ടുമുതല്ക്കേ. വീട്ടില്‍,മീന്‍ വെക്കാഞ്ഞിട്ടൊന്നുമല്ല, കടിച്ചുപറിക്കും ചിക്കന്‍ മട്ടന്‍ ഐറ്റംസ്‌ ആണു താല്‍പര്യം. പിന്നെ നല്ല വറുത്ത മീന്‍, "എന്നെ തിന്നൂ ചേട്ടാ പ്ലീസ്സ്സ്സ്സ്സ്‌.." എന്നും പറഞ്ഞു മുന്നിലെ പ്ലെയിറ്റില്‍ വന്നിരുന്നാല്‍, ഏതു വിശ്വാമിത്രനും എടുത്ത്‌ പൂശില്ല്യേ? അത്രൊക്കെ ഞാനും ചെയ്യും ! പിന്നെ, ചിക്കനും മട്ടനും വീട്ടില്‍ കറിയായി വരണേല്‍, കരുവന്തല പൂരമോ, പിന്നെ, ഗോയിന്നുട്ടിമാമ ഗള്‍ഫീന്നു വരികയോ വേണം.

ആകെ എനിക്കു പരിചയമുള്ളത്‌, വെറും 3-4 മീനുകളാണ്‌. വീട്ടിലെ പരിചയം വെച്ച്‌, ചാള, ഐല, മുള്ളന്‍, വെളൂരി.. പിന്നെ, കോളേജ്‌ വഴി ഷാപ്പില്‍ പോയ പരിചയത്തില്‍, കരിമീന്‍ മുതലായവ. ഇതൊഴികെയുള്ള ഒരു മീനും കഴിക്കില്ല എന്ന ദൃഡപ്രതിജ്ഞ എടുത്തിരിക്കയാണു ഞാന്‍.

ഗള്‍ഫില്‍ വന്നപ്പോളാണ്‌ കുക്കിംഗ്‌ എന്ന വലിയൊരു മാരണം എന്റെ മുന്നില്‍ ഒരു ചോദ്യചിഹ്നമായി വന്നത്‌. തീറ്റക്കൊഴികെ, അടുക്കള കേറി നിരങ്ങാത്ത ഞാന്‍, ആദ്യമായി, കുക്കിങ്ങിനായി മെനക്കെടേണ്ടി വന്നു. മെല്ലെ മെല്ലെ, കുക്കിംഗ്‌ എന്നല്ല, ചെക്കിംഗ്‌ തുടങ്ങി, കിംഗ്‌ വെച്ചവസാനിക്കും എന്തുകേട്ടലും എനിക്കു കലിപ്പായി തൊടങ്ങി.

3 പേര്‍ ( ബാച്ചെലര്‍സ്‌) കൂടിയെടുത്ത റൂമില്‍, 3 ഇല്‍ ഒരു ദിവസം അടുക്കള കേറണമെന്ന കരാറിലാണ്‌ അവരുടെ കൂടെ ഞാന്‍ താമസം തുടങ്ങീത്‌. മറ്റ്‌ രണ്ടുപേരും ( ബാബുവും ചന്ദ്രബോസും), ബെംഗാളി സ്റ്റെയിലില്‍ മീന്‍ പ്രാന്തന്മാര്‍, എനിക്കാണേ ഇതീ വല്യ താല്‍പര്യ്യൊമില്ല, പിന്നെ, പട്ടിണിയേക്കാള്‍ ഭേദമല്ലേന്നു കരുതി പുതു പുതു മീന്‍കളെ ശാപ്പിട്ടു പരിചയപ്പെട്ടു വരുന്നതിനിടയിലാണ്‌ അതു സംഭവിച്ചത്‌.ഒരു ദിവസം, ബാബു, പുതിയൊരു ഐറ്റം കൊണ്ടു വന്നു. ട്യൂണ . നല്ല പേര്‌.. ആദ്യമായി കേള്‍ക്കുന്നതുകൊണ്ട്‌ തോന്നിയതാകാം.. ടുണീഷ്യയില്‍ ഉണ്ടാക്കുന്നതുകൊണ്ടണാവോ, ഈ പേരു കിട്ടീത്‌ ? സംശയം ഒതുക്കി, മെല്ലെ ടി.വി കാണാന്‍ തുടങ്ങി, കാരണം, ഇന്നു കിച്ചന്‍ ഡ്യൂട്ടി നമുക്കല്ല, ടിവി കണ്ട്‌ ചെറുങ്ങനെയൊന്നു മയങ്ങി, ബോസ്‌ വന്നു തട്ടിവിളിച്ചപ്പോളാണ്‌ പ്രീ-തീറ്റ കുളിക്കായി, ബാത്ത്രൂമിലേക്കൊടിയത്‌ !നീരാടി ഇറങ്ങിയപ്പോഴേക്കും, ഹായ്‌, പ്ലേറ്റും, കറിയും കുബ്ബൂസും എല്ലാം റെഡി!

ചിന്നപ്പയ്യന്‍സ്‌ എന്ന ഒരു കണ്‍സിടറേഷന്‍ എനിക്കുണ്ടായിരുന്നതിനാല്‍, ഭക്ഷണത്തിനു മുമ്പുള്ള പ്ലേറ്റു കഴുകല്‍ തുടങ്ങിയതൊക്കെ, ബോസ്‌, സ്വയം ഉത്തരവാദിത്വമായി ഏറ്റെടുത്തിരുന്നു! ആതൊ, ലെവന്‍ കഴുകിയാല്‍, ശെരിയാവില്ലെന്നുള്ള കണ്‍സേപ്റ്റൊ?? എന്തായാല്ലും, ഉര്‍വശീ ശാപം ഉപകാരം ! ഭക്ഷണശേഷമുള്ള ഡിഷ്‌ വാഷിങ്ങ്‌ കൂടി ബോസ്‌ ചെയ്താല്‍ , അത്രേം ഫാഗ്യം, എന്ന്, നമ്മടെ നയം, അതു വ്യക്തമാക്കന്‍ കൊള്ളില്ലെങ്കില്‍ കൂടി !പുതിയ കറിയും കൂട്ടീ, ഡിന്നര്‍ കഴിച്ച്പ്പോള്‍, ട്യൂണ ആളു കൊള്ളാല്ലോന്നു തോന്നി. ശുഭരാത്രിപറഞ്ഞു കിടന്ന ഞാന്‍, 2 മണിക്കൂറിനു ശേഷം ചില ആന്തരിക പിരിമുറുക്കങ്ങള്‍ തോന്നി, എഴുന്നേറ്റ്‌ ലൈറ്റിട്ടപ്പോള്‍, ബാബുവും, ബോസും, റൂമില്‍ ഇല്ല, ബാത്ത്രൂമിന്റെ അടുത്ത്‌ പോയപ്പോള്‍ ബോസ്‌ ഇന്‍സൈഡ്‌.. ബാബു, ഇന്‍ ദ ക്യൂ ! കാര്യം പിടികിട്ടി. ട്യൂണ സ്റ്റാര്‍റ്റെഡ്‌ വര്‍ക്കിംഗ്‌ ! ഓരു വിധത്തില്‍, ഞങ്ങള്‍ മൂന്നുപേരും ആ കാളരാത്രി, ഷിഫ്റ്റ്‌ ബേസിസില്‍, ബാത്രൂമില്‍ കഴിച്ചുകൂട്ടി. ബോസ്‌ പിറ്റേ ദിവസവും, 4 തവണ റൂമില്‍ വന്നിരുന്നതായി, പിന്നീട്‌ രഹസ്യ വിവരം കിട്ടി. അതിനു ശേഷം, കിങ്ങിന്റെ കൂടെ, ട്യൂണ എന്നു കേട്ടാല്‍, എനിക്കു, കലിപ്പല്ല, പേടിയാ തോന്നിയിരുന്നേ. ശെഷം, പലവിരുന്നുകളിലും, പല, സ്നേഹപൂര്‍ണമായ നിര്‍ബന്ധങ്ങളെയും, തൃണവല്‍ഗണിച്ച്‌, ട്യൂണയെ, എന്റെ ജീവിതത്തില്‍ നിന്നും പാടെ ഒഴിവാക്കി. പലപ്പോഴും, എന്റെ ഫാര്യ, ഇതിനെ, ഒരു പ്രിജുടൈസാണെന്നു പറഞ്ഞു പരിതപിച്ചിട്ടുമുണ്ട്‌!

ഓക്കെ...ഇനി, ഫ്ലാഷ്ബാക്കില്‍ നിന്നും തിരിച്ച്‌....
കല്യാണം കഴിക്കുന്നത്‌, മേലനങ്ങാതെ, ഭക്ഷണോം, ലോണ്ട്രിയും, സാധിക്കാനാണെന്നു, പണ്ടു ഇമെയില്‍ ജോക്സില്‍, വായിച്ചിട്ടുണ്ടെങ്കിലും, എന്റെ കാര്യത്തില്‍ അതു ശെരിയാണ്‌. പിള്ളേരെ കുളിപ്പിക്കലാണ്‌ ( പിന്നെ അവര്‍ അടുക്കളേല്‍ കേറാതിരിക്കാന്‍..കളിപ്പിക്കലും) ആകെ എനിക്ക്‌ അസൈന്‍ഡ്‌ ആയിട്ടുള്ളെ ജ്വാലി ! ഫാര്യക്കും ജോലിയുള്ളതോണ്ട്‌, പണ്ട്‌ അമ്മേടെ മെക്കിട്ടു കേറുന്ന പോലെ, എനിക്ക്‌ തീയല്‍ വേണ്ട, സാമ്പാര്‍ തന്നെ വേണം എന്ന മാതിരി വാശികളൊക്കെ അട്ടത്തു കേറ്റിവെച്ചിരിക്കയാണിപ്പോള്‍. ഭക്ഷണമായാല്‍ വിളിക്കും, വിളമ്പിയതെടുത്ത്‌ കഴിക്കും, ഡീസന്റ്‌ മാന്‍ !മിനിയാന്നു, വിളമ്പിയതു കണ്ടപ്പോള്‍, ഇന്നെന്താ സ്പെഷല്‍ എന്നു ചോദിച്ചപ്പോള്‍, ഇന്നലത്തെ ചിക്കന്‍ എദുത്തു ഡ്രൈ അക്കിയതാണെന്നവളു പറഞ്ഞു. തരക്കേടില്ലാത്ത പോളിങ്ങും നടത്തി !ശേഷം, ആത്മാവിനു പുക കൊടുക്കാനായി, കസേരയുമെടുത്തു ബാല്‍ക്കണിയുല്‍ വന്നപ്പോള്‍, പുറകെ, അവളൂം വന്നു , ഒരു പ്രത്യേക സ്നേഹപ്രകടനം, ... എന്നിട്ടൊരു ചോദ്യം..
ഏട്ടന്‍ ട്യൂണ കഴിക്കുവൊ?
ഇനി നാളെ അതെങ്ങാന്‍ കറി വക്കാനുള്ള തയ്യാറെടുപ്പാണോന്നോര്‍ത്ത്‌, ഞാന്‍ ഉടന്‍ തന്നെ പറഞ്ഞു ! ഹേയ്‌... ഇല്ല്യല്ല്യ.. അതൊന്നും വേണ്ട.. അതു കഴിച്ചാല്‍ ഞാന്‍ ശര്‍ദ്ദിക്കും...( പറഞ്ഞിട്ടുള്ളതാണേല്‍ക്കൂടി, പണ്ടത്തെ ട്യൂണക്കഥ ഞാന്‍ വീണ്ടും പറഞ്ഞു)
ഏന്നിട്ടിപ്പോ ശര്‍ദ്ദിച്ചില്ലല്ലോ ???
നിഷ്ക്കളങ്കമായ ആ ചോദ്യം കേട്ടപ്പോളാണ്‌ അവിഹിത ഗര്‍ഭം കേട്ട പോലെ, എന്റെ വയറ്റില്‍ ട്യൂണയുണ്ടെന്നറിഞ്ഞ്‌ ഞാന്‍ ഞെട്ടിയത്‌ ! ലവള്‍ക്കിട്ട്‌ ഒരു ചവിട്ടു കൊടുക്കണോ, അതോ മോന്തക്കിട്ടൊന്നു കീറണോ, എന്ന ചോദ്യങ്ങള്‍ക്കുപരി, എന്നെ കുഴക്കിയത്‌ മറ്റൊന്നായിരുന്നു !
ഇന്നിനി രാത്രി ബിസിയാവുമല്ലോ ദൈവമേ എന്ന്...

Read more...
© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.