-- എ ബ്ലഡി മല്ലു --

വാസ്വാമ്മ

Thursday, December 21, 2006

ആയിരത്തി തൊള്ളായിരത്തി എഴുപത്തി മൂന്നിലാണ്‌ വെങ്കിടങ്ങു ദേശത്തേക്ക്‌ എന്റെ അച്ഛന്‍ വിവാഹിതനായി കൊണ്ടുവരപ്പെട്ടത്‌.

ഏയ്‌ .. സംശയം വേണ്ട, അദ്വന്നേ. അച്ചി വീട്ടില്‍ പൊറുതി!

"മരുമക്ക തായം കളി" എന്നൊക്കെ ഞങ്ങളു നായന്‍മ്മാരു, തലയുയര്‍ത്തി, നെഞ്ചിങ്കൂടു പെരുപ്പിച്ച്‌ ഘനഗംഭീര ശബ്ദത്തില്‍ (ഒരു മനസ്സമാധാനത്തിനു) പറയുമെങ്കിലും, സംഭവം ആകെ മൊത്തം അത്ര സുഖമുള്ള പരിപാടിയല്ലെന്നു ഒരു വിധം എല്ലാര്‍ക്കുമറിയാം.

തൃശ്ശൂര്‍ ടവുണിന്റെ ഒത്ത നടുവില്‍, പൂത്തോളിലുള്ള മേനോന്‍ തറവാട്ടില്‍ നിന്നും, വിവാഹശേഷം, വെങ്കിടങ്ങിലുള്ള ഭാര്യവീട്ടില്‍ പൊറുതിതുടങ്ങാന്‍ അച്ഛനുണ്ടായിരുന്ന കാരണം, ഈ മരുമക്കത്തായം മാത്രമല്ല, കൂട്ടിനു മറ്റു രണ്ടെണ്ണം കൂടിയുണ്ടായ്യിരുന്നു. ടൂ ബൈ ടൂ നാലു തരികിടക്കളരിക്കാശാന്മാരായ രണ്ടു നേരളിയന്മാരും മറുനാട്ടിലായിരുന്നുവെന്നത്‌ എന്നത്‌ ഒന്നാമത്തെ കാരണവും, അച്ഛന്‍ ജോലി ചെയ്യുന്ന ചാവക്കാട്‌ മുന്‍സിഫ്‌ കോടതി യിലേക്കുള്ള ബസ്സു കൂലി വെങ്കിടങ്ങില്‍ താമസിച്ചാല്‍ ഒട്ടൊന്നു ലാഭിക്കാമെന്നതു രണ്ടാമത്തേതും.

അങ്ങനെ വീട്ടുകാരണവരായി അച്ഛന്റെ കിരീടധാരണം കഴിഞ്ഞ്‌ അടുത്ത കൊല്ലമായപ്പോഴേക്കും ക്രൌണ്‍ പ്രിന്‍സായി ഞാനും, ക്രൌണ്‍ പ്രിന്‍സിയായി ഇരട്ടസഹോദരിയും ജന്മമെടുത്തു. എനിക്കു നാലു വയസ്സായപ്പോള്‍ "യെവന്‍ നന്നാവില്ല" എന്നച്ഛനു തോന്നിയതിനാലോ എന്തോ, ഒരു ബാക്കപ്പായി മധ്യന്‍ കൂടി ജനിച്ചു

അച്ഛന്റെ മാതാപിതാ സഹോദരങ്ങളും, അവരുടെ ഈരണ്ടു വച്ചുള്ള പിള്ളേരും, പിന്നെ അച്ചന്റെ അമ്മാവന്റെ ഫാമിലിയും ഒക്കെ കൂടി, "കേരവൃക്ഷങ്ങള്‍ തിങ്ങും കേരളനാടുപോലെ" ഇടതൂര്‍ന്നു താമസിക്കുന്ന, തൃശ്ശൂര്‍ ടൌണിലുള്ള പിതൃഭവനത്തില്‍ മാസത്തില്‍ രണ്ടോ മൂന്നോ തവണ വിരുന്നിനു പോകാന്‍ എനിക്കും സഹോദരിക്കും പ്രചോദനമായിരുന്നത്‌ അച്ഛന്റെ അമ്മാവന്‍ വാസ്വാമ വീടിനോടു ചേര്‍ന്നു നടത്തിയിരുന്ന ശ്രീരാം ഹോട്ടല്‍ എന്ന സ്ഥാപനവും അവിടെയുള്ള മൊരിഞ്ഞ ഉഴുന്നു വടകളായിരുന്നു!

പൂത്തോളില്‍ ബസ്സിറങ്ങി 5 മിനിട്ട്‌ നടക്കേണ്ട ദൂരം വെറും ഒരു മിനിട്ടില്‍ ഞങ്ങള്‍ കവര്‍ ചെയ്യുമായിരുന്നു. ഞങ്ങളുടെ പുറകെ ഓടി വീടെത്തുമ്പോഴേക്കും അച്ഛനും അമ്മയും കിതക്കും, ഞങ്ങള്‍ നേരെ ഹോട്ടല്‍ കിച്ചനിലേക്കോടും, അവിടന്നു അധികാരത്തോടെ വടയും സുഖിയനുമെല്ലാമെടുത്ത്‌ പുറത്തു കടക്കുമ്പോള്‍ ജോലിക്കാര്‍ നിസ്സഹായതയോറ്റെ നോക്കും, മുതലാളി പിള്ളേരല്ലേ! വാസ്വാമ പുറത്തൊന്നു ചിരിച്ചു കാണിക്കുമെങ്കിലും, ഉള്ളിന്റെയുള്ളില്‍ നിന്നും തേങ്ങലുകളുയരുമായിരുന്നോ...

ആയിടക്കാണ്‌ അച്ഛനു ഇടുക്കിയിലേക്കു ട്രാന്‍സ്ഫര്‍ കിട്ടിയത്‌. നെടുങ്കണ്ടം എന്ന സ്ഥലം. ഒരു മലയോര കുഗ്രാമം. അവിടെയുള്ള ആകെയൊരു ബസ്‌ പോകുന്ന വഴിയോടു ചേര്‍ന്നൊരു ചെറിയ വീട്ടില്‍ ഞങ്ങളെല്ലാവരും താമസം തുടങ്ങി. ആ ഏരിയാവിലുള്ള ആകെയൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അച്ഛനായിരുന്നതിനാല്‍, സോമാലിയയില്‍ മലബാറി ചെന്നാല്‍ അവിടത്തെ വെള്ളക്കാരന്‍ അവന്‍ താന്‍ എന്ന പോലെ ആ ഭാഗത്തെ വരേണ്യ വര്‍ഗ്ഗമായി ഞങ്ങള്‍ ജീവിച്ചു പോന്നു. അന്നെനിക്കു അഞ്ചു വയസ്സു പ്രായം.

രാവിലെ തന്നെ ജോലിക്കു പോയാല്‍ അച്ചന്‍ തിരിച്ചെത്തുന്നത്‌ വൈകീട്ട്‌ ആറുമണിക്കാണ്‌. അതു വരെയുള്ള വീട്ടിലെ സംഘര്‍ഷങ്ങള്‍ അതിഭീകരമായിരുന്നു. ഞാനും വൃന്ദയും തമ്മിലുള്ള അടിപിടികള്‍ കണ്ട്‌ ത്രില്ലടിച്ച്‌, എഴുന്നേറ്റു വന്ന് അതിലിടപെടാന്‍ കഴിയാതെയുള്ള സങ്കടത്തില്‍ വെറും ഒരു വയസ്സായ മധ്യന്‍ കട്ടിലില്‍ കിടന്ന് ഇടക്കിടക്ക്‌ കാറുമായിരുന്നു. വീട്ടുമതിലിനപ്പുറത്തെ മെയിന്‍ റോഡിലൂടെ നടന്നു പോകുന്നവരെ കല്ലെടുത്തെറിഞ്ഞത്‌ ചിലര്‍ അച്ഛനോടു പരാതിപ്പെടുകയും അങ്ങേരു ഞങ്ങളെ ചെറുങ്ങനെയൊന്നു പെരുമാറുകയും ചെയ്തതോടെ ആ ഹോബി മാറിക്കിട്ടി.

അന്നൊരു ദിവസം, വൈകീട്ട്‌ അഞ്ചര നേരത്ത്‌, വീട്ടു മതിലിന്റെ ഗേറ്റിങ്കല്‍, പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ ചാരിനിന്നിരുന്ന ഞാന്‍ ആ കാഴ്ചകണ്ട്‌ അത്ഭുത പരതന്ത്രനായി. റോഡിലൂടെ അതാ വാസുമാമ നടന്നു വരുന്നു! കൈ പിടിച്ച്‌ പുള്ളിയുടെ ഏറ്റവും താഴെയുള്ള മകള്‍ മിനിയുമുണ്ട്‌!

തൃശ്ശൂരിലെ ശ്രീരാം ഹോട്ടലിലിരിക്കേണ്ട വാസ്വാമ്മ, എങ്ങനെ, എന്തിന്‌, ഇവിടെ, എന്നൊക്കെയുള്ള കാര്യങ്ങളല്ല എന്റെ കുഞ്ഞ്യേ മനസ്സില്‍ അപ്പോ ഓറ്റിവന്നത്‌.. മറിച്ച്‌, മൊരിഞ്ഞ ഉഴുന്നു വടകളും സുഖിയനും, പഴമ്പൊരിയും, പരിപ്പു വടയുമെല്ലാമായിരുന്നു. ഇതൊക്കെ ആലോചിച്ച്‌ സായൂജ്യമടഞ്ഞ്‌ സ്റ്റെഡി വടിയായി നില്‍ക്കുകയായിരുന്ന എന്റെ മുന്നിലൂടെ യാതൊരു മൈന്‍ഡുമില്ലാതെ വാസ്വാമ്മ നടന്നു നീങ്ങി, എന്നെ, എന്തിനു, ഞങ്ങളുടെ വീടിനെപ്പോലും ഒന്നു നോക്കാതെ!

ഹേയ്‌, ദെന്താപ്പോ ഇങ്ങനെ, എന്നൊരു സംശയം തോന്നി, ചോദിക്ക്വന്നേന്നു കരുതി ഞാന്‍ അങ്ങേരുടെ പിന്നാലെ നടന്നു, ഒരകലം സൂക്ഷിച്ച്‌. അരക്കിലോമീറ്ററോളം നടന്നാലാണ്‌ അവിടെയുള്ള അടുത്ത കവല. കവലയിലെത്തിയതും വാസ്വാമ മിനിയേയും കൂട്ടി അവിടെയുള്ളൊരു ചെറിയ ഹോട്ടലില്‍ കയറി.. ഹാവൂ, എനിക്കു സമാധാനമായി. നടന്നതു വെറുതേയായില്ല. ഞാനും പുറകെ ഹോട്ടലിലേക്കു കയറി അവരു രണ്ടു പേരും ഇരുന്ന അതേ ബഞ്ചില്‍ തന്നെ ഞാനും ഇരുന്നു.

"മോള്‍ക്കെന്താ വേണ്ടത്‌" എന്നു വാസ്വാമ മിനിയോട്‌ ചോദിച്ചു.
"പഴമ്പൊരി" അവള്‍ പറഞ്ഞതും അങ്ങേര്‍ രണ്ടു പഴമ്പൊരിക്ക്‌ ഓര്‍ഡര്‍ ചെയ്തു.

ഹേ.. എനിക്കൊന്നുമില്ലേ എന്ന സംശയത്തില്‍ ഇരുന്ന ഞാന്‍ രണ്ടും കല്‍പ്പിച്ച്‌ വാസ്വാമയോടു പറഞ്ഞു "എനിക്കു ഉഴുന്ന്വട മതി വാസ്വാമ്മേ"

ഇതു കേട്ടതും അങ്ങേരു ഞെട്ടി എന്നെ നോക്കി. ഇതേതടാ ഈ മൊതല്‌ എന്ന റോളില്‍!

ഞാനും അപ്പോഴാണ്‌ ഈ മനുഷ്യനെ ശരിക്കൊന്നു നോക്കിയത്‌! ഈശ്വരാ ഇതു വാസ്വാമ്മയല്ലല്ലോ. വാസ്വാമ്മയുടെ ട്രേഡ്‌ മാര്‍ക്കായ ഇടത്തേക്കവിളിലെ വലിയൊരു അരിമ്പാറ ഇദ്ദേഹത്തിനില്ല! ഞാന്‍ ഞെട്ടുകയും ആ ഷോക്കില്‍ ഓട്ടോമാറ്റിക്കായി ബെഞ്ചില്‍ നിന്ന് എണീക്കയും ചെയ്തു.

വാസ്വാമ്മയല്ലേ എന്ന എന്റെ ചോദ്യത്തിനു അങ്ങേരു രണ്ടു ചോദ്യങ്ങളാണു തിരിച്ചു തന്നത്‌' മോനേതാ? വീടെവിടെയാ?"

കവലയിലൊന്നും പോകാത്തതുകൊണ്ട്‌, അവിടെയുള്ള ആര്‍ക്കും എന്നെ മനസ്സിലായില്ലെന്നു മാത്രമല്ല, തിരിച്ചു പോകാന്‍ വഴിയറിയുകയുമില്ല. അതോടെ അവിടെയുണ്ടായിരുന്ന 5-6 ആള്‍ക്കാര്‍ സംഘം ചേരുകയും, ഈ അണ്‍വാണ്ടഡ്‌ പുലിവാലായ എന്നെ എങ്ങനെ കയ്യീന്നൊഴിവാക്കും എന്നതിനെപ്പറ്റി കൂലംകഷമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു!

ഇതിനിടക്ക്‌, ഡൂപ്ലിക്കേറ്റ്‌ വാസ്വാമ്മ എനിക്ക്‌ വയറു നിറച്ച്‌ ഉഴുന്നു വടയും പഴമ്പൊരിയും, കാപ്പിയും വാങ്ങിത്തന്നപ്പോള്‍, ചര്‍ച്ചകളിലൊന്നും ശ്രദ്ധിക്കാതെ ടെന്‍ഷനൊക്കെ മാറ്റി വച്ച്‌ ഞാന്‍ നോട്ടം വടയിലേക്കു ഫോക്കസു ചെയ്തതോടെ നിമിഷങ്ങള്‍ക്കകം അവയെല്ലാം പ്ലേറ്റില്‍ നിന്നും അപ്രത്യക്ഷമായി. ഇനീം വേണോ മോനേ എന്ന ഡൂപ്ലി വാസ്വാമ്മയുടെ ചോദ്യത്തിനു അലപം നാണത്തോടെ "വേണം" എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി!

അപാര ബുദ്ധിമാനമാരായിരുന്ന അവിടെക്കൂടിയിരുന്നവരെല്ലാം കൂടി ഒരു തീരുമാനത്തിലെത്തി. വാസ്വാമ്മ വന്ന വഴിക്ക്‌ തന്നെ തിരിച്ചു നടക്കുക, എന്നേയും കൂട്ടി, കമ്പ്യൂട്ടറിലൊക്കെ നമ്മളു Ctrl+Z‌ അടിക്കുന്ന പോലെ, Undo നടത്തം. എന്റെ വീടെത്തിയാല്‍ പറയണം എന്നു ശട്ടം കെട്ടുകയും ചെയ്തു. നിറഞ്ഞ കുമ്പയും പിന്നെ തലയും കുലുക്കിക്കൊണ്ടു ഞാന്‍ സമ്മതം മൂളി . താനിന്നേതു കോന്തനേയാണാവോ കണികണ്ടത്‌, സമയം മെനക്കേടായല്ലോ ദൈവേ, എന്ന മുഖഭാവത്തോറ്റെ ഡൂപ്പ്ലി വാസ്വാമ്മയും കവലയിലുണ്ടായിരുന്ന വേറൊരാളും കൂടി വന്ന വഴിക്കു തന്നെ തിരിച്ചു നടന്നു, ഇമ്മട കരുണാകര്‍ജി, നിയമസഭാ ഇലക്ഷന്‍ സമയത്ത്‌ യൂഡിയെഫിലേക്കു നടന്ന പോലെ. നേരം നല്ലോണം ഇരുട്ടിയിരിക്കുന്നു

ഇത്രേം സമയമത്രയും, വീട്ടില്‍ നടന്ന പുകിലുകള്‍ ആരറിഞ്ഞൂ ഭവാന്‍? ഗേറ്റിങ്കല്‍ ചക്ക പോലെ നിന്ന ചെക്കനെ എല്‍ഡീയെഫു സര്‍ക്കാരു വന്ന ശേഷമുള്ള ലാവ്‌ലിന്‍ കേസുപോലെ ഓളോഫെ സഡന്‍ കാണാതായതില്‍ പരിഭ്രമിച്ച്‌, മാതാശ്രീ നല്ല വോലിയത്തില്‍ കരച്ചില്‍ തുടങ്ങുകയും, ഇതു കേട്ട്‌ ചുറ്റുവട്ടക്കാര്‍ രണ്ടുമൂന്നു വീട്ടുകാര്‍ ഓറ്റി വരികയും ചെയ്തു. ഭിക്ഷക്കാരു വല്ലോന്‍ എന്റെ കുട്ട്യേ കൊണ്ട്വോയോ ഗുരുവായൂരപ്പാ എന്ന കരച്ചില്‍ കേട്ട്‌ അങ്ങു ദൂരെ ഗുരുവായൂരമ്പലത്തില്‍ എനീറ്റു നിക്കണ അങ്ങേര്‍ക്കു പോലും സങ്കടം തോന്നിക്കാണണം. ഇതൊക്കെക്കണ്ടാണ്‌ ജോലിയും കഴിഞ്ഞ്‌ അച്ഛന്‍ വരുന്നത്‌.

കാര്യങ്ങള്‍ പറഞ്ഞറിഞ്ഞതോടെ കിഴക്കോട്ടോടണോ, പടിഞ്ഞാട്ടോടണോ, അതോ പോലീസ്‌ സ്റ്റേഷനിലേക്കോടനോ എന്നൊക്കെ സംശയങ്ങളില്‍ പരിഭ്രാന്തനായി റോഡിലിറങ്ങി അച്ഛന്‍ നില്‍ക്കുമ്പോഴാണു, ഡൂപ്പ്ലി വാസ്വാമ്മേടെ കയ്യും പിടിച്ച്‌ ഞാന്‍ വരുന്നതിങ്ങേരു കാണുന്നത്‌.

അച്ഛനെ കണ്ടതും ഞാന്‍ ഡൂപ്ലി വാസ്വാമ്മോടു പറഞ്ഞു.. സ്റ്റോപ്പ്‌.. ഇതു താന്‍ നമ്മ വീട്‌!

പരിഭ്രമവും ആശ്വാസവും എല്ലാം ഇടകലര്‍ന്ന് അച്ഛന്‍ എന്നെ തുറിച്ചു നോക്കി ചോദിച്ചു. "എവ്‌ട്യാര്‍ന്നൂടാ ഇത്രേം നേരം.."

"അച്ഛാ.. ഞാന്‍ ഈ വാസ്വാമ്മേടെ കൂടെ പോയതാ, വാസ്വാമ്മ എനിക്ക്‌ വടേം കാപ്പീം വാങ്ങിത്തന്നൂ" അച്ഛന്റെ ഭാവം കണ്ടു എനിക്കു ചെറിയ പേടി തോന്നി.

എന്റെ രണ്ടു കയ്യും കൂട്ടിപ്പിടിച്ച്‌ തറയില്‍ നിന്നും രണ്ടടി പൊക്കി, ചന്തീമ്മെ ശടപടാന്നു നാലു പെടതന്ന്, താഴെ നിര്‍ത്തിയിട്ടേ അച്ഛന്‍ അവരോടു നന്ദി പ്രകാശനം നടത്തിയുള്ളൂ. കുട്ടി ആളറിയാതെ ഒപ്പം പോന്നതാണെന്നും, ഇനി ശിക്ഷിക്കേണ്ടെന്നുമൊക്കെ, ഡൂപ്ലി വാസ്വാമ്മ വീണ്ടും വീണ്ടും അച്ഛനോടു പറഞ്ഞെങ്കിലു, വീട്ടിനകത്തു കേറിയ ശേഷം കിട്ടിയ ആ പെടയാണു ശരിക്കൂള്‍ല പെട! ഹൌ.. ഹൌ!

അതോടെ വടഭ്രമം ഒന്നു ശമിച്ചെങ്കിലും, പിറ്റേന്നു അമ്മതന്നെ വീട്ടില്‍ നല്ല അടിപൊളീ ഉഴുന്നുവടകള്‍ ഉണ്ടാക്കി തന്നതോടെ ഞാന്‍ വീണ്ടും ഉഴുന്നു വടയുടെ ഫാനായി..

പിന്നീട്‌ ആരുടെ പുറകേയും യാതൊരു തരത്തിലുള്ള വടകളും നോക്കി പോയിട്ടില്ലെന്നു ചരിത്രം! സത്യായിട്ടും ;)

35 comments:

കുറുമാന്‍ said...

ഹാ, ഹാ തേങ്ങ എന്റെ വക, ബാക്കി എന്റെ വക

അരവിന്ദ് :: aravind said...

ഇടിവാള്‍‌ജീ!!!!!
കലക്കി!!!!
മൊരിഞ്ഞ ഉഴുന്നുവടപോലെ ആസ്വദിച്ചു ...
ചില പ്രയോഗങ്ങള്‍ (മധ്യന്‍ കിടന്നു കാറുന്നതും, വാസ്വാമ്മയുടെ കേഴുന്ന മനസ്സും..അമിട്ടന്‍‌സ്!)

എന്റെ അമ്മാവക്കും ഒരു കടയുണ്ടായിരുന്നു. അവിടെ പോയി മുട്ടായി കൈയ്യിട്ടുവാരൂമ്പോള്‍ ഞാനും കേട്ടിരുന്നു..(കേട്ടിട്ട് മൈന്റ് ചെയ്യാതിരുന്നിരുന്നു..) ആ ടൈപ്പ് മനസ്സിന്റെ കേഴല്‍!! :-)ആ അവസാനത്തെ സെന്റന്‍സ്.....ഊം....! :-)

കുറുമാന്‍ said...

നേരത്തെ വായിച്ചില്ലായിരുന്നു.

പിന്നീട്‌ ആരുടെ പുറകേയും യാതൊരു തരത്തിലുള്ള വടകളും നോക്കി പോയിട്ടില്ലെന്നു ചരിത്രം! സത്യായിട്ടും ;) - ഇത് ഞാന്‍ വിശ്വസിക്കില്ല ഇടിഗെഡീ!!! ഞാന്‍ നമ്പമാട്ടേന്‍.

magnifier said...

ശ്ശെ...ഞാന്‍ പറയാന്‍ വന്നത് അരവീം കുറുമും കൂടെ നേരത്തെ പറഞ്ഞു വെച്ചല്ലോ....മൂന്നുപേര്‍ക്ക് ഒരേപോലെ തോന്നിയത് കൊണ്ട് ആ സ്റ്റേറ്റ്മെന്റ് നള്ളായതായി പ്രഖ്യാപിച്ചു. വേണമെങ്കില്‍ ഏതാനും ചില വടകളെ വിട്ടേക്കാം. എന്നാലും ഉഴുന്നു വട...ഹേയ് ഒരു സാദ്ധ്യതയുമില്ല ഇടീ! ഒരു സാദ്ധ്യതയുമില്ല!

ഉത്സവം : Ulsavam said...

വാള്‍ജീ, വാസ്വാമ്മാമ്മ കലക്കി..
കുറുമന്റെ കമന്റിനു താഴെ എന്റേയും ഒരു കൈയൊപ്പ്.:-)

ദില്‍ബാസുരന്‍ said...

സൂപ്പര്‍ ഗഡീ..

എന്നാലും ആ നല്ല മനുഷ്യന്‍ വാങ്ങിത്തന്നല്ലൊ വട. മാന്യന്‍!

ഓടോ: അവസാനത്തെ വരി വായിച്ചപ്പോള്‍ ബുഹ! ബുഹായ്! വല്ലാത്ത ചുമ. :-)

പച്ചാളം : pachalam said...

ഇന്നും ഒരു മാറ്റവും ഇല്യാ!

കരീം മാഷ്‌ said...

വടക്കൊതി അവസാനം വടിക്കളിയില്‍ അവസാനിച്ചല്ലേ!
നന്നായി.രസിച്ചു.

Anonymous said...

വാളേ, രസിച്ചു.
അവസാന വരികളില്‍ സംശയമുണ്ട് :D

വിശാല മനസ്കന്‍ said...

:) ഇടിവാള്‍സ്..ഉം ഉം ഉം..
കൊള്ളാം ഗഡി.

ബിന്ദു said...
This comment has been removed by a blog administrator.
ബിന്ദു said...

അങ്ങേരൊരു നല്ല മനുഷ്യന്‍ ആയതുകൊണ്ടു തിരിച്ചുകൊണ്ടു വിട്ടു, അല്ലായിരുന്നെങ്കില്‍ കാണായിരുന്നു.:) പിന്നെ അവസാനത്തെ സ്റ്റേറ്റുമെന്റില്‍ എനിക്കത്ര... അല്ലെങ്കില്‍ വേണ്ട, എന്തെങ്കിലും പറഞ്ഞാല്‍ ഓര്‍ത്തുവച്ചു പാര വയ്ക്കും.:)

കുട്ടിച്ചാത്തന്‍ said...
This comment has been removed by a blog administrator.
കുട്ടിച്ചാത്തന്‍ said...

വാളേട്ടാ : എല്ലാരും അവസാനത്തെ വാചകത്തിലാണല്ലോ ശ്രദ്ധിക്കുന്നത്. ഞാനില്ല. ഞാന്‍ ആ വാചകം കണ്ടിട്ടേയില്ല..

നാലു വയസ്സായപ്പോഴേയ്ക്കും “ യെവന്‍ നന്നാവില്ല” എന്നു പിതാശ്രീ കണ്ടുപിടിച്ചല്ലേ... ഹൊ നോസ്ട്രഡാമസ് തോറ്റുപോകുമല്ലോ!!!

രാധ said...

ഹി ഹി ഹി ഹി :-)
അവസാന വരി അത്രയ്ക്കങ്ങട്ട് ദഹിച്ചില്യാട്ടോ.

Peelikkutty!!!!! said...

ഹ..ഹ..ഹ..കുട്ടി ഇടിയേട്ടനെ ഞാന്‍ ശരിക്കും കണ്ടു..ഒരു ലൈറ്റ് ബ്രൌണ്‍ ട്രൌസറും..

പടിപ്പുര said...

ഇടിനേം കൂടപ്പിറപ്പുകളെയും പോറ്റിവലുതാക്കിയ ആ അപ്പനമ്മമാരെ സമ്മതിക്കണം.
(എന്തൊക്കെ പരീക്ഷണങ്ങളാണ്‌ അവര്‍ അതിജീവിച്ചത്‌!)

തറവാടി said...

ഇടിവാള്‍

വായിച്ചു ,,

പണ്ട് വഴിയുടെ രണ്ട് വശത്തുമുള്ള പറമ്പില്‍ , വേലിയില്‍ മറഞ്ഞുനിന്ന് ഞാനും സുബൈദയും അല്ല സുബൈറും അതിലൂടെ പൊയിരുന്ന “ ചിലരെ” കല്ലെടുത്ത് വീക്കിയിരുന്നതോര്‍ത്ഥു :)))

തറവാടി said...

എന്‍റെ പടിപ്പുരേ അങ്ങിനെ പറയാതെ ,,

മിക്കകല്യാണങ്ങളിലും , ആല്ലെങ്കില്‍ നാലാളുകള്‍ കൂടുന്നിടത്തും , എത്രയോ ആളുകളോട് എന്‍റുപ്പ പറയുന്ന ഒരു കാര്യമുണ്ടായിരുന്നു ,

“ ന്റ്റെ റബ്ബെ ഞാനെന്താണീചെക്കനെക്കൊണ്ട് ചെയ്യുക!!!!”

ഇതൊകെ അതോര്‍ക്കുമ്പോള്‍ വെറും “ തൃണം”

അര്‍ഥം മാത്രം ചോദിക്കല്ലെ!!

( ഇടിവാളേ മാപ്പ് , മേലത്തെ പടിപ്പുരയുടെ കമന്‍റ് കണ്ടപ്പോള്‍ എഴുതാതിരിക്കാനായില്ല)

സുഗതരാജ് പലേരി said...

ചൂടുള്ള മൊരിഞ്ഞ ഉഴുന്നുവട നന്നായി കടുപ്പംകൂടിയ പാലൊഴിച്ച ചൂടുള്ള ചായക്കൊപ്പം കഴിക്കുന്നതുപോലെ ആസ്വദിച്ചു കഴിച്ചു, ഓ... അല്ല, വായിച്ചു. രസിച്ചു.

:: തല്ലൊരുപാട് വാങ്ങികെട്ടിയിട്ടുണ്ടല്ലേ, എന്നെപ്പോലെ!!!?

shanavaz ilippakkulam said...

എന്റെ ഇടിവാളേ!, ഏതായാലും ഡൂപ്ലി മാമന്റെ കൂടെ വട മോഹിച്ചാണെങ്കിലും, കുറെ ദൂരം നടന്ന, ഹോട്ടലില്‍ കറി ഉഴുന്ന് വട കഴിച്ച 5 വസ്സുകാരനെ സമ്മതിക്കണം!ആ സമയത്ത്‌ വൈകിട്ട്‌ അച്‌ഛനില്‍നിന്നും കിട്ടാവുന്ന വടകളെ ക്കുറിച്ച്‌ ഓര്‍ക്കതിരുന്നത്‌ കഷ്ട്മായി! പിന്നെ എല്ലവരും പറയുന്നതുപോലെ അവസാനത്തെ ഡയലോഗില്‍ ഞാന്‍ കയറിപ്പിടിക്കുന്നില്ല!, ഇവിടെ ചങ്കുപറിച്ചു കാണിച്ചാലും ചെമ്പരത്തിപ്പൂ എന്നല്ലേ ആളുകള്‍ പറയൂ അല്ലേ ഇടിവാളേ?

വക്കാരിമഷ്‌ടാ said...

ഇടിവാളേ, വടവാളേ, വടിവാളേ, ഇഡ്ഡലിവാളേ... :)

എന്തായാലും അയാളുടെ പുറകെ കൂളായിട്ട് നടന്നല്ലോ. മിടുക്കന്‍.

ഉം...ഉം...ഉം ഉമ്മച്ചന്‍ അല്‍ കോവൈ സരള.

RP said...

ഞാനും തീരെ ചെറുതായിരുന്നപ്പോ ഒരു സഞ്ചിയും കൊണ്ട് വീട്ടീന്നെറങ്ങിപ്പോയിട്ടുണ്ട്! ഒരു ചായക്കടേടെ മുമ്പിലെത്തിയപ്പോ അവിടെ ആരാണ്ട് കണ്ട് തിരിച്ച് വീട്ടില്‍ കൊണ്ടുചെന്നേല്പിച്ചു എന്ന് പറയപ്പെടുന്നു.

ഓര്‍മക്കുറിപ്പ് നന്നായിട്ടുണ്ട്. ആ ആദിയെ ഇങ്ങോട്ടു കേറ്റണ്ട. ജിഗ്നാസ വരും.

സു | Su said...

ആദ്യം, അവസാനത്തില്‍ നിന്നു തുടങ്ങാം. ആരുടേയോ നിര്‍ബന്ധത്തിനു വഴങ്ങി വെച്ചതല്ലേ ആ വാചകം? ;)

ശരിക്കും, അയാള്‍ ഒരു നല്ല മനുഷ്യന്‍ അല്ലായിരുന്നെങ്കിലോ എന്നോര്‍ത്ത് എനിക്കൊരു വിഷമം. ഒക്കെ നന്നായി കഴിഞ്ഞു എങ്കിലും.

പാര്‍വതി said...

ഇത്രയും ചിരിപ്പിച്ചതിന് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല, സത്യമായു :), ഉഴുന്നുവട കൊതിയന്‍, നാണം വന്നിട്ട് ‘വേണം’ പറഞ്ഞു പോലും, ഇതൊക്കെ വിഷ്വസൈസ് ചെയ്ത് ചിരിച്ച് കണ്ണില്‍ വെള്ളം നിറഞ്ഞു, സമ്പന്നമായ ബാല്യകാലം.

:)

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍...

-പാര്‍വതി.

അഗ്രജന്‍ said...

ഹെന്‍റെ ഇടിവാളേ, ശരിക്കും ചിരിപ്പിച്ച് ഒരു പരുവമാക്കി. ഡ്യൂപ്ലി വാസ്വമ്മേടെ കൂടെ നടക്കുന്ന ഇടിവാളിന്‍റെ കൂടെ ഞാനും നടക്ക്വായിരുന്നു... ചായക്കട വരെ :)) പിന്നെ ആ കണ്ട്രോള്‍ സെഡ് അടിച്ചുള്ള നടത്തം :)) അങ്ങനെ... തുടക്കം മുതല്‍ ഒടുക്കം വരെ രസിച്ചു, ശരിക്കും രസിച്ചു :)

‘എനിക്കു നാലു വയസ്സായപ്പോള്‍ "യെവന്‍ നന്നാവില്ല" എന്നച്ഛനു തോന്നിയതിനാലോ എന്തോ, ഒരു ബാക്കപ്പായി മധ്യന്‍ കൂടി ജനിച്ചു‘

:)


ഒ.ടോ: ഹായ്... കുറുമാന്‍ തേങ്ങയടിച്ച ശബ്ദം അരവിന്ദന്‍ കേട്ടില്ലെന്നുണ്ടോ, അതോ ഇനി അഗ്രജന്‍റെ തേങ്ങ മാത്രാണോ വളിച്ചത്... ആ ആര്‍ക്കറിയാം! ആകെ കുടെ ‘...പറ്റണത്’ ഈ തേങ്ങയടി ആയിരുന്നു... അതൂപ്പോല്യാണ്ടായി :)

വാവക്കാടന്‍ said...

"മരുമക്ക തായം കളി"
"എനിക്കു ഉഴുന്ന്വട മതി വാസ്വാമ്മേ"
(ഭാഗ്യം ഇതൊന്നും ആരും ക്വോട്ടിയില്ല!)

ഹെന്റെ ഇടിഗഡീ..
തകര്‍ത്തു..

അവസാനത്തെ സെന്റന്‍സ്, ഞാന്‍, ഈ വാവക്കാടന്‍ വിശ്വസിക്കുന്നു...
ആശയവിനിമയത്തിന്റെ ഒരു അഞ്ചു കളി..ഹൊ!

ഷാജുദീന്‍ said...

കഥാവശേഷന്‍ സിനിമയില്‍ ഇങ്ങനെ ഒരു രംഗമുണ്ട് പക്ഷേ അതിലെ വാസ്വാമയ്ക്കാണ് അടി കിട്ടുന്നത്

ഇടിവാള്‍ said...

ഈ പോസ്റ്റിനു കമന്റിയ എല്ലാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

എല്ലാ മലയാളികള്‍ക്കും ക്രിസ്മസ് ആശംസകള്‍!

Anonymous said...

നന്നായിരിക്കുന്നു; ശരിക്കു ചിരിച്ചു.

നെടുങ്കണ്ടം ഇപ്പോള്‍ കുഗ്രാമമൊന്നുല്ല കെട്ടോ.

കുട്ടന്മേനൊന്‍::KM said...

ഇതു കലക്കി. ഇപ്പോഴാണ് വായിച്ചത്. അപ്പൊ വട ഒരു കഥാപാത്രം തന്നെയാണല്ലേ..

തത്തറ said...

ഇപ്പളണ്‌ ഇത്‌ വായിക്കാന്‍ പറ്റ്യേത്‌.
ചിരിച്ചിരിച്ചിരിച്ചിരിച്ച്‌ മരിച്ച്‌ ...
അള്ളാണെ ...

രഘു said...

ഈ ഉഴുന്നു വട വരുത്തുന്ന ഓരോ വിനകളേ!

Minesh Ramanunni said...

കുറെ ലെറ്റ്‌ ആയാണ് ഈ ബ്ലോഗിൽ എത്തുന്നത്. വായിച്ചു രസിച്ചു,

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.