-- എ ബ്ലഡി മല്ലു --

മിന്നല്‍ പുരാണം - ടിപ്പു

Saturday, December 02, 2006

നാട്ടിലെ പശുവിന്‍പാല്‍ വ്യാപാരികളില്‍ പ്രധാനി ഞങ്ങളുടെ തൊട്ടയല്‍വാസിയായിരുന്ന കീഴേടത്തു ശാരദേച്ചിയാണ്. ഡെയിലി രണ്ടുനേരവും, കഷ്ടി മൂന്നു ലിറ്റര്‍ വീതം നല്‍കുന്ന ജയപ്രദ പയ്യിന്റെ പാലുപയോഗിച്ച്‌ ചുറ്റുവട്ടത്തെ പത്തുപതിനഞ്ചു വീടുകളിലെ ന്യൂട്രീഷന്‍ സപ്പ്ലിമെന്റിങ്ങ്‌ നടത്തിയിരുന്നത്‌ ഒരു ലിറ്ററിനൊരു ലിറ്റര്‍ എന്ന തോതില്‍ വെള്ളം ചേര്‍ത്തിട്ടാണെന്ന കാര്യം ഒരു വിധപ്പെട്ടവര്‍ക്കെല്ലാം അറിയുമെങ്കിലും, ഒരു ആള്‍ട്ടര്‍നേറ്റിവ്‌ സോഴ്സ്‌ ഇല്ലാത്തതിനാല്‍ ഈ ഡെയില്യൂട്ടഡ്‌ ന്യൂട്രീഷനില്‍ എല്ലാവരും സമാധാനിച്ചുപോന്നു.

കീഴേടത്തു തറവാട്‌ കൂട്ടുകുടുംബമായിരുന്നു. ശാരദേച്ചിയുടെ സ്പെഷല്‍ കയ്യിലിരിപ്പുമൂലം, കൂടപ്പെറന്നോരൊക്കെ ജീവനും കൊണ്ടോടി രക്ഷപ്പെട്ടതിനാല്‍, ചേച്ചിയും, ഭര്‍ത്താവും,, മൂന്നുപിള്ളേരും മാത്രമേ അക്കാലത്താ വീട്ടിലുണ്ടായിരുന്നുള്ളൂ..

മനേക ഗാന്ധിയുടെ ജനുസ്സില്‍ പെട്ട നല്ലൊരു മൃഗ സ്നേഹിയായിരുന്നു ശാരദേച്ചി എന്നതിനു ജീവിച്ചിരുന്ന തെളിവായിരുന്നു ആ കുടുമ്പം. മാവേലി നാടുവേണീടും കാലത്തു മാനുഷരെല്ലാരും ഒരുമയോടെ ജീവിച്ചിരുന്ന പോലെ, ശാരദേച്ചിയുടെ ഇരുകാലി കുടുമ്പവും ജയപ്രദ പയ്യും, ടിപ്പു എന്ന നായയും, മണി എന്ന പൂച്ചയും, ജിഞ്ചു എന്ന അണ്ണാനുമടങ്ങുന്ന ആ നാല്‍ക്കാലി ഗ്രൂപ്പും, പിന്നെ നിയമസഭയിലെ ഏകാംഗഗ്രൂപായ കേരളാകോണ്‍ഗ്രസ്‌ ബി യെപ്പോലെ സീത എന്നൊരു തത്തയും(പക്ഷി ഗ്രൂപ്പ്‌) സൌഹാര്‍ദ്ദതയോടെ സമാധാനത്തോടെ ആ കൂട്ടുകുടുമ്പത്തില്‍ പുലര്‍ന്നുപോന്നു..

നാട്ടില്‍ ടിപ്പുവിനൊരു ഭീകര ഇമേജായിരുന്നു ഉണ്ടായിരുന്നത്‌. കാണാന്‍ ജര്‍മന്‍ ഷെപ്പേഡിനെപ്പോലെയോ ബോക്സറിനെപ്പോലെയോ ഒന്നുമല്ലെങ്കിലും ആളൊരു ചെമ്പന്‍ നിറത്തിലുള്ള നാടന്‍ ഭീമന്‍ തന്നെയായിരുന്നു. വഴിപോക്കരേയും, ഭിക്ഷക്കാരേയും പിരിവുകാരേയുമെല്ലാം ഓടിച്ചിട്ടു കടിക്കല്‍, അതിഭയങ്കര ശബ്ദത്തില്‍ കുരക്കല്‍, വിസിറ്റ്‌ വിസായെടുത്ത്‌ ആ ഏരിയാവില്‍ വരുന്ന മറ്റു ഇമിഗ്രന്റ്‌ തെണ്ടിപ്പട്ടികളെ കടിപിടിയില്‍ തോല്‍പ്പിച്ചോടിക്കല്‍, പെരുച്ചാഴി/പാമ്പു പിടുത്തം എന്നിവയില്‍ സകലകലാ വല്ലഭനായി ടിപ്പു ആ ഏരിയാവിലെ കിരീടം വെക്കാത്ത നായയായി വാണരുളി. പുന്നാരപ്പുത്രനെപ്പോലെ ശാരദേച്ചി നോക്കിയിരുന്ന ടിപ്പുവിനു അവരുടെ വീടിനകത്തും അടുക്കളയിലും എവിടെ വേണമെങ്കില്‍ പ്രവേശിക്കാനുള്ള മള്‍ട്ടിപ്പിള്‍ എന്റ്രി ഫ്രീ വിസകൂടി പതിച്ചു കൊടുത്തിരുന്നു.

രാത്രിയില്‍ നേരം വൈകീ 2 കിമീ അകലേയുള്ള നെല്‍പാടത്തുനിന്നും തിരിച്ചു വീട്ടിലേക്കുള്ള മടക്കയാത്രയില്‍, ശാരദേച്ചിയുടെ മടക്ക യാത്രക്കു പൈലറ്റായി ടിപ്പു കൂടിയുണ്ടാവും, കിരീടം സിനിമയില്‍ "സേതുക്കായ്ക്കു" മുന്നില്‍ നെഞ്ചും വിരിച്ച്‌ കത്തിയും പിടിച്ചു നടക്കുന്ന കൊച്ചിന്‍ ഹനീഫയെപ്പോലേ! "കടിക്കടാ ടിപ്പൂ" എന്ന ചേച്ചിയുടെ ഓര്‍ഡര്‍ കിട്ടിയാല്‍ പിന്നെ ടിപ്പുവിനു മുന്‍പിന്‍ നോട്ടമില്ല, ചേച്ചിയുടെ ഇളയ സന്തതി തൊളത്ത ശങ്കരു എന്ന ഇരട്ടപ്പേരുള്ള മണിഗണ്ടനാണു മുന്നില്‍ നില്‍ക്കുന്നത്‌ എങ്കില്‍ അവനെയും കടിച്ചുകീറും ടിപ്പു!

അങ്ങനേയിരിക്കെ ഒരുനാളിലാണു നാടിനെ ഞെട്ടിച്ച ആ കൊലപാതകം നടന്നത്‌. ശാരദേച്ചിയുടെ ജിഞ്ചു എന്ന അണ്ണാന്‍ കുഞ്ഞ്‌ ദുരൂഹ സാഹചര്യത്തില്‍ അവരുടെ തെങ്ങിന്റെ കടക്കല്‍ മരിച്ചു കിടക്കുന്നു. തലക്കേറ്റ മാരകമായ ക്ഷതം മൂലമുള്ള രക്തസ്രാവത്തെത്തുടര്‍ന്നാണു മരണമെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായി. ഈ വാര്‍ത്ത കേട്ടു തളര്‍ന്നു വീണ ശാരദേച്ചി അടുത്ത രണ്ടു ദിവസം ഭക്ഷണം കഴിക്കാനും ടോയ്‌ലെറ്റില്‍ പോകാനും, പിന്നെ പാലില്‍ വെള്ളം ചേര്‍ക്കാനും മാത്രമാണു കിടക്കയില്‍ നിന്നും എഴുന്നേറ്റത്‌.

ശേഷം നടത്തിയ വിശദമായ അന്വേഷണത്തില്‍ നിന്നുമാണ്‌ ജിഞ്ചുവിന്റെ കൊലപാതകിയെ പിടികൂടിയത്‌. എന്റെ എട്ടുവയസ്സുകാരന്‍ പൊന്നനിയന്‍ മിന്നല്‍! എന്തോ ആവശ്യത്തിനു ശാരദേച്ചിയുടെ വീട്ടിലേക്കു നടന്ന അവന്റെ കാലിനിടയിലൂടെ ജിഞ്ചു പെട്ടെന്നോടുകയും, തന്മൂലമുണ്ടായ ഞെട്ടലില്‍ നിന്നുടലെടുത്ത പ്രതികാര വാഞ്ചയില്‍ ടിയാന്‍ അടുത്തു കിടന്നൊരു കവളി മടലെടുത്ത്‌ ജിഞ്ചുവിന്റെ മണ്ടക്കിട്ടൊരു കീറു കൊടുക്കുകയുമാണത്രേ ഉണ്ടായത്‌. ജിഞ്ചു മരിച്ചെന്നു മനസ്സിലായതോടെ ആരും കാണാതെ ശവമെടുത്ത്‌ തെങ്ങിന്‍ കടക്കലിട്ട്‌ മിന്നല്‍ സ്ഥലം കാലിയാക്കിയെങ്കിലും, അടുത്ത വീട്ടിലെ ദേവസ്സ്യേട്ടന്‍ മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ ഈ സംഭവത്തിനെല്ലാം ദൃക്‌സാക്ഷിയായിരുന്നുവെന്നത്‌ അവന്‍ അറിഞ്ഞില്ല!

ഇതോടെ മിന്നല്‍ ശാരദേച്ചിയുടെ നോട്ടപ്പുള്ളിയായി. നേരിട്ട്‌ മിന്നലിനെ ഒന്നും ചെയ്യാന്‍ പറ്റില്ല എന്നു മനസ്സിലായതോടെ പ്രതികാരം ചെയ്യാനായി ശാരദേച്ചി കുരുട്ടുബുദ്ധിയില്‍ ആലോചിച്ചുകൊണ്ടിരുന്നു. ജിഞ്ചു വധക്കേസിനു ശേഷം ശാരദേച്ചിയുടെ വീട്ടിലേക്കു പോകാന്‍ മിന്നലിനു അച്ഛന്‍ നിരോധനമേര്‍പ്പെടുത്തിയതിനാല്‍, അവനെ നേരിട്ടൊന്നു കിട്ടാതെ എന്തെങ്കിലും ചെയ്യാനുമാവില്ലല്ലോ?

അന്നൊരു ഞായറാഴ്ച. വീട്ടില്‍ മട്ടന്‍ കറി വെക്കാമെന്നു അച്ഛന്‍ പ്രഖ്യാപിച്ചു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ദിവസമേ വീട്ടില്‍ നോണ്‍വെജ്‌ ഉണ്ടാകാറുള്ളൂ. സെയ്താലിയുടെ പെട്ടിക്കടയില്‍ പാന്‍പരാഗിന്റെ മാല തൂക്കിയിട്ടപോലെ മേച്ചേരിപ്പടി ജങ്ക്ഷനില്‍ അറത്ത പോത്തുകളേയും , മട്ടന്‍ കുട്ടന്മാരേയും തൂക്കിയിട്ട്‌ അറവുകാരന്‍ കരീമിന്റെ വില്‍പന പൊടിപൊടിക്കുന്ന കടയില്‍, നാട്ടിലെ നസ്രാണികളെല്ലാം പള്ളീല്‍ പോയി തിരിച്ചുവന്നാല്‍ മട്ടന്‍ പോയിട്ട്‌ അതു തൂക്കിയിട്ട കയറു പോലും ഉണ്ടാവില്ല എന്നറിയാമെന്നതിനാല്‍, നേരത്തെ തന്നെ പോയി ഒരുകിലോ മട്ടന്‍ വാങ്ങി വരാന്‍ അച്ഛന്‍ മിന്നലിനോടാജ്ഞാപിച്ചു.

മേച്ചേരിപ്പടിയില്‍ നിന്നും മട്ടനും വാങ്ങി മിന്നല്‍ വടക്കേ വശത്തുകൂടി ശാരദേച്ചിയുടെ വീടിനോടു ചേര്‍ന്നു നടന്നു വരുമ്പോഴായിരുന്നു ആ സംഭവം നടന്നത്‌. രാവിലെ എഴുന്നേറ്റു മുറ്റത്തു നില്‍ക്കുമ്പോഴാണു ശാരദേച്ചി മിന്നല്‍ അതിലേ നടന്നു പോകുന്നതു കണ്ടതു. തന്റെ പുന്നാര ജിഞ്ചുവിനെ അതിക്രൂരമായി വധിച്ച മിന്നലിനോടു പകരം ചോദിക്കാന്‍ ഒരവസരവും കാത്തിരിക്കയായിരുന്നു അവര്‍!

അടുത്ത നിമിഷത്തില്‍ ചേച്ചിയുടെ അരികില്‍ നിന്നിരുന്ന ടിപ്പു അതി ഭീകരമായി കുരച്ചു കൊണ്ട്‌ മിന്നലിന്റെ അരികിലേക്കു ചീറിയടുത്തു!

ശാരദേച്ചി ടിപ്പുവിനു "അറ്റാക്ക്‌ ഹിം" എന്ന കമാന്റു കൊടുത്തു എന്നാണു മിന്നല്‍ പറയുന്നത്‌. മിന്നല്‍ ടിപ്പുവിനെ കല്ലെടുത്ത്‌ എറിഞ്ഞു എന്നാണ്‌ ശാരദേച്ചിയുടെ ഭാഷ്യം. മിന്നലിന്റെ കയ്യിലുണ്ടായിരുന്ന മട്ടന്‍ കിട്ടാനായിട്ടാണ്‌ ടിപ്പു അതു ചെയ്തത്‌ എന്നും രഹസ്യമായ സംസാരമുണ്ട്‌.

വാട്ടെവര്‍ ദ റീസണ്‍ വാസ്‌... എന്‍ഡ്‌ റിസള്‍ട്ട്‌ എന്നത്‌, വാശിയേറിയ ഒരു ഓട്ടമല്‍സരമായിരുന്നു.വായും പിളര്‍ന്നു പേടിപ്പിക്കുന്ന ശബ്ദത്തില്‍ കുരച്ചു കൊണ്ട്‌ പാഞ്ഞടുക്കുന്ന ടിപ്പുവിനെ കണ്ടപ്പോള്‍ മിന്നലിനൊരു കാര്യം മനസ്സിലായി. തന്റെ ഈ 8 വയസ്സിനുള്ളില്‍ പഠിച്ച പതിനെട്ടടവുകളും ഈ വേളയില്‌, ഈ സന്ദര്‍ഭത്തില്‌, ഈ അവസരത്തില്‌ ഫലവത്താവില്ല, പത്തൊമ്പതാം അടവു തന്നെ ശരണം. മില്‍ക്കാ സിങ്ങിനേയും പീട്ടി ഉഷയേയും മനസ്സില്‍ ധ്യാനിച്ച്‌ മട്ടന്‍ പൊതിഞ്ഞ പ്ലാസ്റ്റിക്ക്‌ കവര്‍ തലക്കു മുകളില്‍ രണ്ടു കൈകളാലും ഉയര്‍ത്തിപ്പിടിച്ച്‌ "അയ്യോ എന്നെ പട്ടി കടിക്കാന്‍ വരുന്നേ..." എന്ന അലര്‍ച്ചയോടെ മിന്നല്‍ ഓടി. തൊട്ടു പുറകില്‍ "തൊട്ടു തൊട്ടില്ല, തൊട്ടു തൊട്ടില്ല, മൊട്ടിട്ടുവല്ലോ മേലാകെ" എന്ന പാട്ടിന്റെ ട്യൂണില്‍ കുരച്ചുകൊണ്ട്‌ ടിപ്പുവും!

ആന കുത്താവന്‍ വരുമ്പോള്‍ നേരെ ഓടരുത്‌, വളഞ്ഞു പുളഞ്ഞ്‌ ഓടണം എന്ന തീയറിയാണു മിന്നല്‍ ഇവിടേയും പ്രയോഗിച്ചത്‌. വടക്കു ദിക്കില്‍ നിന്നും തുടങ്ങിയ ഓട്ടം, ആവേശഭരിതമാവുകയും, പടിഞ്ഞാറേ പറമ്പിലേ, പയര്‍ കുത്തിയിരിക്കുന്ന ഭാഗത്തേക്കു വ്യാപിക്കയും ചെയ്ത ശേഷമാണു, ഇറയത്തു കണക്കു പുസ്തകവും വായിച്ചു കൊണ്ടിരിക്കുന്ന ഞാന്‍ ഈ റിലേ കാണുന്നത്‌.

ഒളിമ്പിക്‌ ദീപശിഖ പിടിച്ചോടുന്ന കാള്‍ ലൂയീസിപ്പോലെ മിന്നല്‍ മട്ടന്‍ പൊതിഞ്ഞ കവറും പിടിച്ച്‌ ഓടി ഞങ്ങളുടെ വീട്ടുമുറ്റത്തേക്കു കയറി. അവന്റെ ചന്തി കടിച്ചു പറിക്കാന്‍ പുറകെ ടിപ്പുവും അതിര്‍ത്തി ലംഘിച്ച്‌ പാഞ്ഞു വരുന്നതു കണ്ടപ്പോള്‍ എന്റെ രക്തം തിളച്ചു. നമ്മുടെ ഏരിയാവില്‍ കയറി എന്റെ സ്വന്തം പൊന്നനിയനെ പീഢിപ്പിക്കാന്‍ മാത്രമായോ ഈ പീറപ്പട്ടി?

ഞാന്‍ ചുറ്റും നോക്കി, ഇന്‍സ്റ്റമെന്റു ബോക്സിലെ കോമ്പസും കൈക്കലാക്കി അരത്തിണ്ണയില്‍ കയറിനിന്നു, ദിഗന്തങ്ങള്‍ നടുങ്ങുമാറ്‌ ടിപ്പുവിനെ നോക്കി ഞാനലറി..

"നിക്കടാ നായിന്റെ മോനേ..."

അലര്‍ച്ചയും, തിണ്ണയില്‍ നിന്നും മിന്നല്‍-ടിപ്പു ദ്വയങ്ങളുടെ ഇടയിലേക്കുള്ള എന്റെ ചാട്ടവും ഒരുമിച്ചായിരുന്നു. അലര്‍ച്ച കേട്ട ടിപ്പു സഡണ്‍ ബ്രേക്കിട്ടു നിന്നു! ഈ സമയം മിന്നല്‍ ആട്ടിറച്ചി ദീപശിഖയുമായി ഇറയത്തേക്കോടിക്കയറി.

ഒരു നിമിഷം ആ ഏരിയാവിലാകെ ഭീകരമായ നിശബ്ദത തളം കെട്ടി നിന്നു. ഇര കയ്യില്‍ നിന്നും നഷ്ടപ്പെട്ട ദേഷ്യത്തില്‍ ടിപ്പു എന്നെ തുറിച്ചു നോക്കി, ഞാന്‍ തിരിച്ചും. നോട്ടങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി തീ പാറി.

ടിപ്പു എന്റെ ദേഹത്തേക്കു ചാടിയതാണോ, അതോ ഞാന്‍ ടിപ്പുവിന്റെ ദേഹത്തേക്കു ചാടി വീണതാണോ എന്നു വ്യക്തമായ ഓര്‍മ്മയില്ല, അടുത്ത നിമിഷം ഞാനും ടിപ്പുവും മിറ്റത്തെ പൂഴിമണലില്‍ വീണുരുണ്ടു. 80-85 കാലഘട്ടങ്ങളിലെ സ്റ്റണ്ടു രംഗങ്ങളിലെപ്പോലെ, 10 റൌണ്ട്‌ അങ്ങോട്ടും പിന്നെ തിരിച്ചിങ്ങോട്ടും ആലിംഗനബദ്ധരായി ഞങ്ങള്‍ ഉരുണ്ടുകൊണ്ടിരുന്നു. ടിപ്പുവിന്റെ മുന്‍ കാലുകള്‍ രണ്ടും എന്റെ ബലിഷ്ഠമായ കരങ്ങളാല്‍ പൂട്ടപ്പെട്ടിരുന്നതിനാല്‍, എന്റെ മൂക്കും ചെവിയുമെല്ലാം കടിച്ചു പറിക്കാന്‍ ടിപ്പു വാ പിളര്‍ന്നു എന്റെ നേരെ മുഖം തിരിച്ചു. പല്ലു തേക്കാത്ത ശവം! ആ സ്മെല്ലടിച്ചു എന്റെ ബോധം മറയുന്ന പോലെ എനിക്കു തോന്നി. അവസാനം ഞാനതു ചെയ്തു. ഉരുളുന്നതിനിടയില്‍ സര്‍വ ശക്തിയുമെടുത്ത്‌, കയ്യിലിരുന്ന കോമ്പസ്സെടുത്ത്‌ ടിപ്പുവിന്റെ പുറത്ത്‌ ആഞ്ഞുകുത്തി, ഭ്രാന്തമായ ആവേശത്തോടെ വീണ്ടും വീണ്ടും!

ബൌ ഭൌ, എന്ന ഭീകര ശബ്ദത്തില്‍ അത്രയും നേരം കുരച്ചുകൊണ്ടിരുന്ന ടിപ്പു, കുത്തേറ്റതോറ്റെ തളര്‍ന്നു. മടിയില്‍ കിടന്നുറങ്ങുമ്പോള്‍ മച്ചുനന്‍ ചന്തുവിന്റെ കുത്തേറ്റ ആരോമലിനെപ്പോലെ ടിപ്പു എന്നെ ദയനീയമായി നോക്കുകയും വേച്ചു വേച്ച്‌ പിടിവിടുവിച്ച്‌ "പൈ പൈ.." എന്ന ദീനരോദനത്തോടെ, വാലും മടക്കിക്കൊണ്ടു ശാരദേച്ചിയുടെ വീട്ടിലേക്കു തിരിച്ചോടി. പോകുന്ന വഴിക്ക്‌ അവനിട്ടൊരു ചവിട്ടു കൊടുക്കാനും ഞാന്‍ മറന്നില്ല.

എതിരാളിയെ എടുത്തെറീഞ്ഞ്‌ വിജയശ്രീലാളിതനായി റിങ്ങില്‍ നിന്നട്ടഹസിക്കുന്ന റസ്‌ലര്‍ ഷോണ്‍ മൈക്കിളിനെപ്പോലെ, കോമ്പസ്സുമായി ഞാന്‍ മുറ്റത്തെഴുന്നേറ്റു ചുറ്റും നോക്കി.

മുറ്റത്തു നടന്നതൊന്നും വിശ്വസിക്കാനാവാതെ അത്ഭുതപരതന്ത്രനായി നില്‍ക്കുന്ന അച്ഛന്‍, ഓടി രക്ഷപ്പെട്ട ആശ്വാസവും കൂട്ടത്തിലൊരു സ്റ്റണ്ടും കണ്ട സന്തോഷത്തില്‍ നില്‍ക്കുന്ന മിന്നല്‍, "ഞാനിതിലിടപെടണോ എന്നോര്‍ത്തതാ, പിന്നെ വേണ്ടെന്നു വച്ചു" എന്ന മുഖഭാവവുമായി മധ്യന്‍, കൌതുകത്തോടെ രണ്ടു സഹോദരിമാര്‍, വലിയവായില്‍ കരയാന്‍ ശ്രമിച്ച്‌ ശബ്ദം തൊണ്ടയില്‍ കുരുങ്ങിയ അമ്മ, എല്ലാവരും ഇറയത്തു നിന്ന്‌ ആരാധനയോടെ എന്നെ നോക്കി!

ഓഫ്സൈഡിലേക്കു അപ്പര്‍ കട്ടു സിക്സറടിച്ച്‌ ഡബ്ബിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഷെവാഗ്‌ കാണികളെ നോക്കി ബാറ്റുയര്‍ത്തിക്കാണിക്കുന്നപോലെ, ഒരു ചിരിയോടെ കയ്യിലിരുന്ന കോമ്പസ്സ്‌ ഞാനവരെ ഉയര്‍ത്തിക്കാണിച്ചു, തുടര്‍ന്നു പവലിയനിലേക്കു (ഇറയത്തേക്കു) നടന്നു കയറി.

നടക്കുന്നതിനിടയില്‍ ദേഹത്തു പലയിടത്തും നീറ്റല്‍ തോന്നുകയും ശേഷം അബ്ദുള്ള ഡോക്ടറുടെ അടുത്തു പോയി അത്യാവശ്യം മരുന്നുകളൊക്കെ വാങ്ങിയടിക്കയും ചെയ്തു.

പൊക്കിളിനു ചുറ്റും പതിനാല്‌ ഇഞ്ചക്ഷന്‍ അടിച്ചു കിടക്കേണ്ടിവന്നില്ല എന്നത്‌ എന്റെ ഫാഗ്യവും, പിന്നെ കാരണവന്മാരുടെ അനുഗ്രഹവും മൂലം !

53 comments:

ഇടിവാള്‍ said...

മിന്നല്‍പുരാണം - ടിപ്പു" പുതിയ പോസ്റ്റ്‌!

മഴമൂലം, ഇന്നു അവധിദിവസം പുറത്തൊന്നും പോകാനൊത്തില്ല, അതിന്റെ ഒരു ആഫ്റ്റര്‍ ഇഫക്റ്റാണേ ഈ പോസ്റ്റ്‌ ! ക്ഷെമിക്കുമല്ലോ ;)

Anonymous said...

എന്നാലും എന്റെ ഇഡി ഗഡീ,
ഒരു പട്ടിയെയാണേലും “നായിന്റെ മോനേ“ന്നൊക്കെ വിളിക്കാവോ? ആ പിഞ്ചു ഹൃദയം എത്ര നൊന്തിട്ടുണ്ടാകും.. എന്നെയങ്ങു കൊന്നു കള.. ഇങ്ങനെ ചിരിച്ചു മരിക്കുന്നതിലും ഭേദം അതാ..

ദിവ (diva) said...

ഹ ഹ അതു കലക്കി ഇഡിഗഡീ

വായിച്ചുവരുമ്പോള്‍ രസം പിടിച്ചുപോയി. പെട്ടെന്ന് തീര്‍ന്നതുപോലെ.

ആട്ടിറച്ചി ദീപശിഖയും കോമ്പസ് ബാറ്റുമെല്ലാം കലക്കീട്ടുണ്ട്. നോട്ടങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി തീ പാറിയതും രസമായി.

ഇതാണ് എന്റെ ഫേവറൈറ്റ് ക്വോട്ടുകള്‍:
“പുന്നാരപ്പുത്രനെപ്പോലെ ശാരദേച്ചി നോക്കിയിരുന്ന ടിപ്പുവിനു അവരുടെ വീടിനകത്തും അടുക്കളയിലും എവിടെ വേണമെങ്കില്‍ പ്രവേശിക്കാനുള്ള മള്‍ട്ടിപ്പിള്‍ എന്റ്രി ഫ്രീ വിസകൂടി പതിച്ചു കൊടുത്തിരുന്നു“

“ഈ വാര്‍ത്ത കേട്ടു തളര്‍ന്നു വീണ ശാരദേച്ചി അടുത്ത രണ്ടു ദിവസം ഭക്ഷണം കഴിക്കാനും ടോയ്‌ലെറ്റില്‍ പോകാനും, പിന്നെ പാലില്‍ വെള്ളം ചേര്‍ക്കാനും മാത്രമാണ്”

“നാട്ടിലെ നസ്രാണികളെല്ലാം പള്ളീല്‍ പോയി തിരിച്ചുവന്നാല്‍ മട്ടന്‍ പോയിട്ട്‌ അതു തൂക്കിയിട്ട കയറു പോലും ഉണ്ടാവില്ല എന്നറിയാമെന്നതിനാല്‍“ (ഇത് കലക്കി, സത്യം)

വേണു venu said...

മഴമൂലം, ഇന്നു അവധിദിവസം പുറത്തൊന്നും പോകാനൊത്തില്ല, അതിന്റെ ഒരു ആഫ്റ്റര്‍ ഇഫക്റ്റാണേ ഈ പോസ്റ്റ്‌.
എങ്കില്‍ ഏതെങ്കിലും കരി നാക്കുകാരെ കൊണ്ടങ്ങു പറഞ്ഞിപ്പിച്ചേക്കാം നാളേം അവധി ദിവസമാക്കാന്‍.
ചിരിച്ചു ചിരിച്ചിവിടെ ‍കീഴേടത്തു ശാരദേച്ചിടെ ടിപ്പുവിനെ പേടിച്ചുറങ്ങാനൊക്കാതിരിക്കുന്നു.
നന്നായെഴുതി സുഹൃത്തേ..:

Anonymous said...

ദൈവമേ... ഇടീടെ വീട്ടിനു ചുറ്റും ഇങ്ങനെ ഇടയ്ക്കിടയ്ക്കു മഴപെയ്യീക്കണേ... ഇടിയെ വീട്ടില്‍ തന്നെ തളച്ചിടണേ.. :-)

കിടിലം, ഇടീ... “ഒളിമ്പിക്‌ ദീപശിഖ പിടിച്ചോടുന്ന കാള്‍ ലൂയീസിപ്പോലെ”, “ഓഫ്സൈഡിലേക്കു അപ്പര്‍ കട്ടു സിക്സറടിച്ച്‌ ഡബ്ബിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഷെവാഗ്‌ കാണികളെ നോക്കി ബാറ്റുയര്‍ത്തിക്കാണിക്കുന്നപോലെ”.. സ്പാറിത്തള്ളി :-)

Anonymous said...

ഹഹഹ..ഇതു കലക്കി.എനിക്കാ ആട്ടിറച്ചി ദീപശിഖ ഇഷ്ടപ്പെട്ടു. :-)
ഇടിഗഡീന്റെ മിസ്സായ പോസ്റ്റെല്ലാം ഞാന്‍ വായിച്ചെടുത്തു.

‘ഇടിവാളിന്’ മഴയെ പേടിയോ? ച്ഛായ്! :)

കുറുമാന്‍ said...

അങ്ങനെ ഒരു ചെറിയ ഇടവേളക്കു ശേഷം, ഇടിവാള്‍, ഒരു ഇടിവെട്ട് പോസ്റ്റുമായി രംഗ പ്രവേശം ചെയ്തിരിക്കുന്നു.

നില്‍ക്കട നായിന്റെ മോനെ - കലക്കി :)

ക്വാട്ടാനാണെങ്കില്‍, കുറേയുണ്ട്. പകുതി എന്തായാലും, ദിവ ക്വാട്ടി. എന്നാലും, പട്ടി കടിക്കാന്‍ വന്നിട്ടും, മട്ടന്റെ പൊതി തലക്കു മീതെ പിടിച്ച് കാത്തു സൂക്ഷിച്ച മിന്നല്‍ ഒരുമിന്നലല്ല, ഒരു അന്യായ മിന്നല്‍ തന്നെ.

ശ്രീജിത്ത്‌ കെ said...

അറിഞ്ഞില്ല, ഇത്രയും ധൈര്യം ഈ കണ്ണട വച്ച മനുഷനുണ്ടെന്ന് അറിഞ്ഞില്ല, മാപ്പ്.

പോസ്റ്റ് കസറി. അവസാന സംഘട്ടനം ഒരു ജയന്‍ സ്റ്റൈല്‍. ആ നേരം ഒരു പുലിയാണ് വന്നിരുന്നതെങ്കിലും ഫൈറ്റ് ചെയ്തേനേ, അല്ലേ?

വക്കാരിമഷ്‌ടാ said...

തകര്‍ത്തു ഇഡ്ഡലിവാളേ...അടിപൊളി.

പട്ടീടെ വായ്‌നാറ്റം...ഹ...ഹ..ഹ

പിന്നെ മിന്നലിന്റെ ഓട്ടം...ഒത്തിരിയുണ്ട് ഖ്വോട്ടാന്‍.

ഒന്ന് പെയ്തെങ്കിലെന്താ, സൂപ്പര്‍ പോസ്റ്റൊന്ന് പോന്നില്ലേ.

ദേവന്‍ said...

കൊല്ലെഡോ.. കില്ലെന്നെ കില്ല് :)

Ambi said...

ഇടിയണ്ണാ..
ഉഗ്രന്‍

Adithyan said...

ഷോണ്‍ മൈക്കിള്‍സും പട്ടിയും കൂടെ റിംഗില്‍ കിടന്ന് റെസ്ലിങ്ങ് നടത്തുന്നതോര്‍ത്ത് ചിരിച്ചു മറിഞ്ഞു. :)

ഭാഗ്യം ടിപ്പു വെറും നാടന്‍ പട്ടിയായത്, വല്ല അള്‍സേഷനോ ഡോബര്‍മാനോ വല്ലതും ആരുന്നേല്‍ ... കണ്ണും മൂക്കും ഒക്കെ ഇല്ലാതെ ഇടിഗഡീനെ കാണാന്‍ വല്ലാത്ത വൃത്തികേടായാനേ... ;)

ദേവന്‍ said...

Adithyan said...
"കണ്ണും മൂക്കും ഒക്കെ ഇല്ലാതെ ഇടിഗഡീനെ കാണാന്‍ വല്ലാത്ത വൃത്തികേടായാനേ"
-------------------
കേട്ടാല്‍ തോന്നും കണ്ണും മൂക്കും ഉള്ള ഇടിഗഡിയെ കാണാന്‍ ഒരൂ വൃത്തികേടും ഇല്ലെന്ന്!
(ആദിയേ ഗ്രൂപ്പ് മറന്ന് പ്രശംസിക്കല്ലേ, ഇടി ഒരു തടിമാടനാ)

Adithyan said...

സോറി ദേവേട്ടാ,
ആ പോയന്റ് ഞാന്‍ മിസ്സ് ചെയ്ത്. ;)

ഈ തടിമാടന്മാര്‍ക്കൊക്കെ വിഷമമാവണ്ടാന്നു വെച്ച് ഞാന്‍ ഒരു മയത്തില്‍ പറഞ്ഞതല്ലേ? ;)

Satheesh :: സതീഷ് said...

കുറുമാന്‍ അപസര്‍പ്പക തുടരന്‍ എഴുതി മനുഷ്യന്മാരെ ആ വഴിക്കാക്കി! കൊടകരക്കാരനെ ഈ വഴിക്കൊന്നും കാണുന്നുമില്ല. രണ്ടുമൂന്നാഴ്ചയായി ഇടിയെയും കാണാത്തതുകൊണ്ട് ചിരിക്കൊരു സ്കോപ്പില്ലാതെ നില്‍ക്കുകയായിരുന്നു!!!
നന്നായി എഴുതിയിരിക്കുന്നു!
ആദിയുടെ കമന്റും രസിച്ചു!! :)

വാവക്കാടന്‍ said...

തകര്‍ത്തു!
നല്ല രസികന്‍ പോസ്റ്റ്!

ഓഫ്:ഇടിവാള്‍ “തടി“ വാളാണെന്ന് ഇവരൊക്കെ പറയുന്നു..നേരോ? ഗ്ലാമര്‍ കൂടിയവര്‍ക്കൊക്കെ ഇങ്ങനെ ആരോപണങ്ങള്‍ നേരിടേണ്ടി വരും.. ഞാനുമുണ്ട് കൂടെ!!! ;)

തണുപ്പന്‍ said...

ഏത് നായീന്‍റെ മോനും ഒരു ദിവസമുണ്ട് ! (സോറി,ഞാന്‍ ഇടിഗഡിയെ ഉദ്ദേശിച്ചിട്ടേയില്ല :) )

കരീം മാഷ്‌ said...

ഇടിവാള്‍ജി,
നല്ലൊരനുഭവം സരസമായി പറഞ്ഞിരിക്കുന്നു.
ഒ.ടൊ. ഇതിനിടയില്‍ മെലിഞ്ഞവരുടെയും തടിച്ചവരുടെയും ഒരോ ഗ്രൂപ്പുണ്ടാക്കിയൊ?
വേര്‍ത്തിരിവിന്റെ കിലോഗ്രാം സൂചി ഏതു പോയന്റിലാണ്‌ നില്‍ക്കുന്നത്‌.ഞാനും ഒന്നു തൂക്കമെടുക്കട്ടെ!

ഉത്സവം : Ulsavam said...

ജിഞ്ചുമണി കൊലക്കേസ് അന്വേഷിക്കാന്‍ വന്ന പാവം ടിപ്പു ഇടിവാളേറ്റ് ഓടി സൂപ്പര്‍..!
കടുവയെ പിടിച്ച കിടുവ എന്നത് ടിപ്പുവിനെ പിടിച്ച ഇടിഗഡി എന്ന് മാറ്റാം
എന്നും മഴ പെയ്യട്ടെ, ഇടിവാള്‍ ഇങ്ങനെ ബൂലോകത്തേയ്ക്ക് മിന്നി ഇറങ്ങുമല്ലോ.

ikkaas|ഇക്കാസ് said...

കോമ്പസുകൊണ്ട് പട്ടീടെ മുതുകത്ത് പതിനാലു കുത്തു കൊടുത്തതുകൊണ്ടാവും പൊക്കിളിനു ചുറ്റുമുള്ള കുത്തില്‍ നിന്നിടിവാളു രക്ഷപ്പെട്ടത്.
കലക്കി മേന്നേ, കലക്കി.

കുട്ടന്മേനൊന്‍::KM said...

എതിരാളിയെ എടുത്തെറീഞ്ഞ്‌ വിജയശ്രീലാളിതനായി റിങ്ങില്‍ നിന്നട്ടഹസിക്കുന്ന റസ്‌ലര്‍ ഷോണ്‍ മൈക്കിളിനെപ്പോലെ, കോമ്പസ്സുമായി ഞാന്‍ മുറ്റത്തെഴുന്നേറ്റു ചുറ്റും നോക്കി...
ചെറിയൊരിടവേളക്കുശേഷം വീണ്ടുമൊരിടിവാള്‍

Sul | സുല്‍ said...

ഇടിഗഡീ,
ഈ പോസ്റ്റും കസറി.
ഇന്നലെപെയ്തമഴക്കിന്നു കിളിര്‍ക്കുന്നൊരു
‌‌‌‌‌‌‌‌‌‌‌‌‌‌‌--------- അല്ല പോസ്റ്റ് എന്ന് പണ്ടാരോ പറഞ്ഞത് തിരുത്തി കുറിക്കണമെന്നു മനസ്സിലായി ഈ പോസ്റ്റ് വായിച്ചപ്പോള്‍.

മഴകൊണ്ടിങ്ങനെം ഗുണങ്ങളുണ്ടല്ലെ?

-സുല്‍

മുസാഫിര്‍ said...

ഇടിവാള്‍ വീടിന്നടുത്തുള്ള കവലയിലൂടെ നടന്നു പോകുമ്പോള്‍ കൂട്ടം കൂടി നില്‍ക്കുന്ന ശ്വാനന്മാരില്‍ നിന്നും ഒരു ജൂനിയര്‍ കുരക്കുന്നു.
അപ്പോള്‍ ഒരു സീനിയര്‍.(ഇന്നസെന്റ് സ്റ്റൈലില്‍)

- ഡാ ചെക്കാ,ആ പോകുന്നത് ആരാന്നു കരുതീട്ടാ നീ ഈ കൊടിച്ചിപ്പട്ടിയേപ്പോലെ ബൌ ബൌ‌ന്ന് കൊരക്കണത് ? ശാരദേച്ചി നമ്മടെ ടിപ്പുനെയും കൊണ്ട് ആശുപത്രിയില്‍ പോയിരിക്കുകയാണു.തിരിച്ച് വരുമ്പോള്‍ നീ അവനെയൊന്ന് കാണ്.എന്നിട്ടു ബാക്കി ഞാന്‍ പറയാം.

magnifier said...

അവിടെ എല്ലാ അവധി ദിവസങളിലും മഴയായിരിക്കട്ടെ! ഇടി വാളുമായി പുറത്തുപോOവാതിരിക്കട്ടെ.. . അപ്പളല്ലേ ഇമ്മാതിരി ആഫ്റ്റര്‍ എഫക്റ്റ്സ് ഉണ്ടാവൂ! അപ്പോ ആ മഴയ്ക്കു നന്ദി!

മിന്നാമിനുങ്ങ്‌ said...

ഇഡിഗഡീ..തകര്‍ത്തൂ ല്ലൊ,
ഏറെക്കാലത്തിനു ശേഷമുള്ള ഈ തിരിച്ചുവരവ് കലക്കി.വെറുംകയ്യോടെയല്ലാ വന്നതെന്ന് നിങ്ങള്‍ക്ക് സമാധാനിക്കാം.മനസ്സറിഞ്ഞ് ചിരിച്ചു
ഇങ്ങനെയാണെല്‍ എന്നും മഴയായാല്‍ മതിയായിരുന്നു.

തറവാടി said...

ഇടിവാള്‍,
ശരിക്കും രസിച്ചു , നന്നായിരിക്കുന്നു

ദില്‍ബാസുരന്‍ said...

ഇടിഗഡീ,
കൊടുകൈ. ആ പവലിയനിലേയ്ക്കുള്ള മടക്കം കലക്കി. മിന്നല്‍ സ്ഥലത്തുള്‍ല സ്തിഥിയ്ക്ക് പരിചയപ്പെടെണ്ടത് അത്യാവശ്യമായി വരുന്നു. :-)

അഗ്രജന്‍ said...

"നിക്കടാ നായിന്റെ മോനേ..."

എന്തൊരുവിളിയപ്പാ... :))


‘ഇര കയ്യില്‍ നിന്നും നഷ്ടപ്പെട്ട ദേഷ്യത്തില്‍ ടിപ്പു എന്നെ തുറിച്ചു നോക്കി, ഞാന്‍ തിരിച്ചും. നോട്ടങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി തീ പാറി‘

ഇവിടെ ഇടിവാളിന്‍റെ ഒരു തിരിഞ്ഞോട്ടമാണ് പ്രതീക്ഷിച്ചത്... :)

‘പല്ലു തേക്കാത്ത ശവം! ആ സ്മെല്ലടിച്ചു എന്റെ ബോധം മറയുന്ന പോലെ എനിക്കു തോന്നി‘.

ഇടിവാളേ, എന്നത്തെയും പോലെ തന്നെ... കലക്കന്‍ വിവരണങ്ങളും പ്രയോഗങ്ങളും :)

സൂര്യോദയം said...

ഇടിവാളേ... കലക്കീ.... പട്ടിക്ക്‌ ഭാഷ മനസ്സിലായത്‌ ഭാഗ്യം... ;-) അറ്റ്‌ ലീസ്റ്റ്‌ തത്ത്വമെങ്കിലും എന്നെ കടിച്ച നായയ്ക്ക്‌ അറിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോകുന്നു... ;-)

ഇടിവാള്‍ said...

പുതിയ പോസ്റ്റു വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും നന്ദി പേരെടുത്തുതന്നെ പറഞ്ഞിരിക്കുന്നു ;)

പട്ടിക്കഥയായതിനാല്‍, എഴുതിയ ശേഷവും, പോസ്റ്റണോ പോസ്റ്റണോ എന്നൊരു സന്ദേഹമുണ്ടായിരുന്നു.

പ്രോത്സാഹനത്തിനു നന്ദി.
സ്നേഹപൂര്‍വം- ഇടി

രമേഷ് said...

എന്റെ മച്ചൂ........... ഇടിവെട്ട് ...... ഇനി ടിപ്പുവിന്റെ പ്രതികാരം ഉണ്ടാവുമൊ? അതോ ശാരദേച്ചിയും ടിപ്പുവും ചേര്‍ന്ന് പ്രതികാരം ചെയുമോ? ഉദ്വേഗനിമിഷങള്‍ക്കായ് കാത്തിരിക്കുന്നു.............

വിഷ്ണു പ്രസാദ് said...

ഇതെന്താ ബൂലോകത്ത് ഒരു പട്ടി ട്രെന്‍ഡ്...ഇടിവാളേ..കലക്കി.

തഥാഗതന്‍ said...

ഞങ്ങളുടെ തൊട്ടയല്‍വാസിയായിരുന്ന കീഴേടത്തു ശാരദേച്ചി നാട്ടിലെ ഒരു മിനി മില്‍മ ബൂത്തായിരുന്നു

ഇടിവാളേ.. അത്രയ്ക്ക് വേണ്ടായിരുന്നു..

ഇടിവാള്‍ said...

തഥാഗതന്‍ മാഷേ...
അയ്യോ, ഞാനങ്ങനെയൊരു ദ്വയാര്‍ഥം ഉദ്ദേശിച്ചില്ല.

എനിവേ, സംഭവം മാറ്റിയിട്ടുണ്ട് !

Peelikkutty!!!!! said...

ശരിക്കും സിലിമേലെ പുലി ഫൈറ്റ് ആയിരുന്നു വായിക്കുമ്പൊ ഡിസ്പ്ലെ!
...ആട്ടിറച്ചി ദീപശിഖയുമായി ഇറയത്തേക്കോടിക്കയറി:)

മഴത്തുള്ളി said...

നില്‍ക്കട നായിന്റെ മോനെ... ;)

ഹേയ്‌ വെറുതെ... വെറുതെ ഒന്നു പറഞ്ഞുനോക്കിയതല്ലേ..

ശാരദേച്ചി എന്തുകൊണ്ട് പ്രതികാരം ചെയ്യാന്‍ ധൈര്യം കാണിച്ചില്ല. അല്ല ഇടിയും മിന്നലും ഒന്നിച്ചുവന്നാല്‍ എങ്ങനെയാ തടയാന്‍ പറ്റുക അല്ലേ :)

എന്തായാലും എല്ലാ ക്വോട്ടുകളും അടിപൊളി. മൊത്തത്തില്‍ നന്നായിരിക്കുന്നു.

അരവിന്ദ് :: aravind said...

ഇടിഗഡീ..
തകര്‍ത്തിരിക്കുന്നു....:-)

സത്യം പറ, ടിപ്പുവുമായി സ്റ്റണ്ട് നടത്താനുള്ള പ്രചോദനം..മിന്നലിന്റെ കൈയ്യിലിരുന്ന ആ മട്ടണ്‍ അല്ലായിരുന്നോ?
;-)

കുട്ടിച്ചാത്തന്‍ said...

പോസ്റ്റ് കിടിലം പക്ഷേ തുടങ്ങിയപ്പോള്‍ തന്നെ കഥ മനസ്സിലായി. കാരണം വാളേട്ടന്റെ പഴയ പോസ്റ്റുകളൊക്കെ ഞാന്‍ അടുത്തിടേയാണ് വായിച്ചു തീര്‍ത്തത്. ഏതോ ഒന്നില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അനിയനെ രക്ഷിക്കാന്‍ പട്ടീടെ മുന്നില്‍ എടുത്തു ചാടിയ കാര്യം. എന്നാലും വിവരണം ഉഗ്രനായതു കൊണ്ട് ബോറടിച്ചില്ലാ....

അഗ്രജന്‍ said...

ഹഹഹ... കുട്ടിച്ചാത്തന്‍റെ ആ ‘വാളേട്ടാ’ വിളി എനിക്കിക്ഷ പിടിച്ചു :)

ബിന്ദു said...

ആ നോട്ടങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി പാറിയത് ഞാന്‍ കണ്ടു. മഹാഭാരതം ഓര്‍മ്മ വന്നു.:)

കുട്ടിച്ചാത്തന്‍ said...

അയ്യയ്യോ സോറീട്ടോ ഞങ്ങളീ മലബാറികള്‍ക്ക് എന്തിനും ഏതിനും “ഏട്ടാ“ വിളി കൂട്ടി വിളിച്ചാ പരിചയം. “ഇടിയേട്ടാ “ വിളി ഒരു സുഖം തോന്നീലാ..അതോണ്ടാ...

ഇടിവാള്‍ said...
This comment has been removed by a blog administrator.
ഇടിവാള്‍ said...

കുട്ടിച്ചാത്താ, സാരല്ല്യാഡോ, ഞാനും ഒരു മലബാറുകാരനാ ;)

വാളേട്ടാന്നു തന്നെ ധൈര്യായിട്ടു വിളി. ഒരു പ്രശ്നോല്ല്യ..

സോറി പറേണ്ട ആവശ്യമൊന്നുമില്ല..

അരവിന്ദന്‍, പീലികുട്ടി, മഴത്തുള്ളി, ബിന്ദുജീ,എന്നിവര്‍ക്കും നന്ദി രേഖപ്പെടുത്താന്‍ കൂടി ഈ അവസരം ഉപയോഗിക്കട്ടേ ;)

വിശാല മനസ്കന്‍ said...

"80-85 കാലഘട്ടങ്ങളിലെ സ്റ്റണ്ടു രംഗങ്ങളിലെപ്പോലെ, 10 റൌണ്ട്‌ അങ്ങോട്ടും പിന്നെ തിരിച്ചിങ്ങോട്ടും ആലിംഗനബദ്ധരായി ഞങ്ങള്‍ ഉരുണ്ടുകൊണ്ടിരുന്നു"

ഹഹഹ..
അതാണെനിക്കേറ്റവും ഇഷ്ടപ്പെട്ട നമ്പറ്!!

പാര്‍വതി said...

അങ്ങനെ ഒരു ഇടിവാള്‍ ആക്ഷന്‍ പുരാണം, കൊള്ളാട്ടോ..

-പാര്‍വതി.

താര said...

ഇടിവാളേ, ടിപ്പുവിനെ കുത്തീട്ട് ശാ‍രദേച്ചി മിണ്ടാതിരുന്നൂന്നോ???!!!

ടിപ്പു വി.എസ് ഇടിവാള്‍ ആക്രമണം നേരിട്ട് കണ്ട പ്രതീതി. പുരാണം അസ്സലായി.:)

മുല്ലപ്പൂ || Mullappoo said...

ദീപശിഖയുമായി മിന്നലിന്റെ ഓട്ടം തകര്‍പ്പന്‍ .

പച്ചാളം : pachalam said...

പൊന്ന് മച്ചാനേ, ഇടിവാളേട്ടാ..
ആരാധന മൂത്ത് എനിക്ക് വട്ടാകും, സത്യം!

മഴ പെയ്യാതിരിക്കാന്‍ പഴവങ്ങാടി അമ്പലത്തില്‍ തേങ്ങയടിച്ചാല്‍ മതി എന്നു കേട്ടിട്ടുണ്ട്. മഴ പെയ്യാനെന്താണാവോ ചെയ്യേണ്ടതു :)

കുട്ടിച്ചാത്തന്‍ said...

വാളേട്ടാ ആ കവിത മുക്കിയൊ?
ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ..

എന്നാല്‍ പിന്നെ ടെണ്ടുല്‍ക്കറെക്കൊണ്ട് ഫിഫ്റ്റി അടിപ്പിച്ചേക്കാം

ഇന്നാ പിടിച്ചോ...ഒരു സിംഗിള്‍...

50 ആയില്ലേ...

മറ്റതു തിരിച്ചിട്... മത്സരത്തില്‍ വിട്ടുകൊടുക്കരുത്...

ഇടിവാള്‍ said...

വിശാലന്‍, പാ‍ാര്‍വതി താര, മുല്ലപ്പൂ, പച്ചാള്‍സ്, എന്നിവര്‍ക്കും നന്ദി !

കുട്ടിച്ചാത്തനു വാളേട്ടന്റെ വഹ സ്പെഷല്‍ താങ്ക്സ് ;) മറ്റെ കവിത ഞാന്‍ ഡീലിറ്റു ചെയ്തു മാഷേ, ചമ്മലായിട്ട് ! തന്റെ എകമന്റും അതിന്റെ കൂടെ പോയതില്‍ ഖേദമുണ്ട് !

Anonymous said...

ഇടിവാള്‍ ടിപ്പുവിനെ ജയിച്ചവന്‍ എന്ന അര്‍ത്ഥത്തില്‍ (ചരിത്രത്തിലുള്ളതുപോലെ-ഉദ: ഗഗൈകൊണ്ടവന്‍)വല്ല വീര നാമത്താലും പിന്നീട്‌ അറിയപ്പെട്ടുവോ ? ആഖ്യാനം കുറച്ചു നീണ്ടെങ്കിലും നന്നായി, പുട്ടില്‍ ഹാസ്യത്തിന്റെ തേങ്ങാചിരവിയത്‌ ലേശം കുറവു തോന്നി.

സുധി അറയ്ക്കൽ said...

അടിപൊളി.നല്ല ഇഷ്ടമായി.

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.