-- എ ബ്ലഡി മല്ലു --

മംഗല്യ സൂത്രം

Wednesday, October 25, 2006

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റെട്ട്‌ നവമ്പറിലാണ്‌, രണ്ടു വര്‍ഷത്തെ തുടര്‍ച്ചയായ പ്ര(ദാരിദ്യ)വാസത്തിനു ഒരു കമേഴ്‌സിയല്‍ ബ്രെയ്ക്ക്‌ ആയിക്കോട്ടേയെന്നു കരുതി ലീവ്‌ എന്ന പരോളിനു ആപ്ലിക്കേഷന്‍ കൊടുത്തത്‌.

എന്നെക്കൊണ്ടു വല്യ അത്യാവശ്യമൊന്നും ഇല്ലാതിരുന്നിട്ടു കൂടി "വെര്‍തേ മനുഷനെ ബുദ്ധിമുട്ടിക്കുക" എന്ന കമ്പനിയുടെ പോളിസി പ്രകാരം, അന്നത്തെ ഒരു പ്രൊജക്റ്റ്‌ അവസാനിപ്പിച്ച്‌ രണ്ടു മാസത്തിനു ശേഷം ജനുവരിയില്‍ പോയാല്‍ മതി എന്നും പറഞ്ഞ്‌ നിര്‍ദാക്ഷിണ്യം ആ പരോളപേക്ഷ പോയതിലും വേഗം എന്റെ കയ്യില്‍ തിരിച്ചെത്തി.

ആഹാ! അത്രക്കായോ... കരുണാകരനേയാണോ കാലുമാറാന്‍ പഠിപ്പിക്കുന്നേ? മത്തായിയേയാണോ വാളു വെക്കാന്‍ പഠിപ്പിക്കുന്നേ? ബെസ്റ്റ്‌!

പതിനാലു വര്‍ഷം മുന്‍പ്‌ മരിച്ചുപോയ മുത്തച്ഛന്‍ ഇപ്പോള്‍ അത്യാസന്ന നിലയിലാണെന്നും പറഞ്ഞ്‌ നാട്ടിലെ ഗെഡിയേക്കൊണ്ടടിപ്പിച്ച ടെലഗ്രാമും കയ്യില്‍ വച്ച്‌ ധാര ധാരയായി ഒഴുക്കിയ മുതലക്കണ്ണീരിനാല്‍ നേടിയ സഹതാപ തരംഗത്തിന്മേലും, രണ്ടായിരത്തോളം ദിര്‍ഹം കൊടുത്തു കമ്പനി ചെലവില്‍ വാങ്ങിയ "എയര്‍ ഇന്ത്യാ" ടിക്കറ്റിന്റെ ബലത്തിലും, ഹാന്‍ഡ്‌ റസ്റ്റൊക്കെ ഇളകിയിരിക്കുന്ന ആ വീമാന ശകടത്തില്‍ കയറി, അവരു തരുന്ന പരമാവധി എണ്ണമായ മൂന്നു ബിയറും അടിച്ചും (നാലാമതൊന്നു ചോദിച്ചാ പിന്നൊ ഭാഗത്തോട്ടു കാണില്ല ഹോസ്റ്റസ്‌ ചാച്ചിമാരെ) അങ്ങു കോഴിക്കോട്ടു വിമാനത്താവളത്തില്‍ വന്നിറങ്ങിയത്‌, ചില കളികള്‍ കാണാനും, മറ്റു ചില കളികള്‍ കളിക്കാനുമാണ്‌ ( ചുമ്മാ... എതോ ഒരു സിനിമാ ഡയലോഗു പറഞ്ഞതല്ലേ)

പെട്ടി പൊളിക്കാതിരിക്കാന്‍ കസ്റ്റംസ്‌ ഗുരുക്കള്‍ക്ക്‌, കൊണ്ടു വന്ന മൂന്നു ബോട്ടിലില്‍ ഒന്നു ദക്ഷിണയായും, "ഇതീന്നു കുടിക്കുന്നവനൊക്കെ വയറിളകി ചാവുമെടോ" എന്നൊരു ആത്മഗതവും കൊടുത്ത്‌ ഒരു വിധത്തില്‍ പുറത്തിറങ്ങി, കുണ്ടും കുഴിയും നിറഞ്ഞ വഴികളിലൂടെ കുടുമ്മത്തെത്തിയപ്പോള്‍ അനുവദിച്ച മുപ്പത്‌ ദിവത്തില്‍ ദേ തീര്‍ന്നു ഒരെണ്ണം!

അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കുമോ? അടുത്ത രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ, പഴയ പറ്റു ഷാപ്പുകളിലെല്ലാം പോയി, പരിചയം പുതുക്കലുമൊക്കെ കഴിഞ്ഞ ശേഷമാണ്‌ ഇനി നാട്ടുകാരെയൊക്കെ കാണണം എന്നി നിരീച്ചത്‌.

ചെക്കന്‍ വലുതായി, പത്തിരുപത്തിമൂന്നു വയസ്സായി, ഗള്‍ഫുകാരനായി എന്നുള്ള ചിന്തകളാലോ എന്തോ, വീട്ടില്‍ നിന്നും റസ്റ്റ്രിക്ഷന്‍സ്‌ ഒന്നുമില്ല. കല്യാണം കഴിച്ചാല്‍ തരക്കേടില്ല (അറ്റ്‌ലീസ്റ്റ്‌ ഒരെണ്ണം ഫിക്സ്‌ ചെയ്തിട്ടാലും വേണ്ടില്ല്യാര്‍ന്നു) എന്നെനിക്കൊരാഗ്രഹമുണ്ടായിരുന്നെങ്കിലും, വീട്ടുകാരുടെ വശത്തു നിന്ന് യാതൊരു വിധ താല്‍പര്യവും കണ്ടില്ല. ഇറസ്പോണ്‍സിബിള്‍ ഫെല്ലോസ്‌!

അങ്ങനൊരു ദിവസം, ഒന്നാം തീയതിയായതിനാലോ എന്തോ, ഷാപ്പുകളും ബാറുകളും, എന്തിനധികം, ബീവറേജസ്‌ കോര്‍പ്പറേഷന്‍ വരെ അടച്ചിട്ടതു മൂലം, വെങ്കിടങ്ങിലെ 50% ജനജീവിതം സ്തംഭിച്ചിരിക്കുന്ന ഒരു നാള്‍ പ്രത്യേകിച്ച്‌ കേസുകളോ ഹിയറിങ്ങുകളോ ഒന്നുമില്ലാതെ ഒരുച്ച്ക്ക്‌ ഇറയത്ത്‌ തിണ്ണയില്‍ കിടന്ന് കാലു രണ്ടും പൊക്കി തൂണില്‍ ചാരി വച്ച്‌ , കൈ രണ്ടും തലക്കു പിറകില്‍ വച്ച്‌ "സ്മോളില്ലാതെ നമുക്കെന്താഘോഷം", വൈകീട്ട്‌ കരുണന്‍ ചെത്താന്‍ വരുമ്പോള്‍ രണ്ടു കുപ്പി ഫ്രഷ്‌ കള്ള്‌ ചോദിച്ചു നോക്കാം എന്നൊക്കെ ചിന്തിച്ച്‌ ചിന്തിച്ച്‌ തലപുകഞ്ഞിരിക്കുമ്പോഴാണു, വീട്ടു പടി കയറി രണ്ടു സുന്ദരിക്കുട്ടികള്‍ വരുന്നതു കണ്ടത്‌! യെസ്‌.. ഇതിലും വെല്യ എന്‍ജോയ്മെന്റു വീട്ടുപടി കയറിവരാനുണ്ടോ?

എന്റെ കണ്ണുകള്‍ വിടര്‍ന്നു, മൂക്കുകള്‍, ഛേ, ഒരു മൂക്ക്‌ തുടിച്ചു, തിണ്ണയില്‍ എണീറ്റിരുന്ന് ഘനഗംഭീരനായി പിള്ളേരും കയറി വരുന്നതു നോക്കി വായും പൊളിച്ചിരുന്നു.

അടുത്തു വന്നപ്പഴാ കാര്യം മനസ്സിലായത്‌. എന്റെ ഇളയ പെങ്ങളുടെ ക്ലാസ്‌ മേറ്റ്സും, നാട്ടുകാരികളുമായ രണ്ടു കുട്ടികള്‍. അതിലൊരു കൊച്ചിനെ കണ്ടതും, "പ്രഥമദര്‍ശനാനുരാഗം" എന്ന മാരകരോഗത്തിനു ഞാന്‍ അടിമയായി.ഈ രോഗം പണ്ടൊക്കെ ഇടക്കിടെ വരാറുണ്ടായിരുന്നെങ്കിലും, കുറച്ചു കാലമായി അല്‍പം ശമനമുണ്ടായിരുന്നു..

അല്ലെങ്കിലും, അതെന്റെ മാത്രം കുഴപ്പമല്ലല്ലോ, ഒരു പ്രേമം പൊട്ടിമുളക്കാന്‍ ഒരു അമിട്ടു പൊട്ടുന്ന എന്തിന്‌, ഒരു ഗോലി ഷോഡ പൊട്ടിക്കുന്ന സമയം പോലും വേണ്ട, എന്നാണല്ലൊ, "ക്രിസ്റ്റഫര്‍ ലവ്‌" എന്ന പ്രശസ്ത ഇംഗ്ലീഷ്‌ എഴുത്തുകാരന്‍ പറഞ്ഞിരിക്കുന്നത്‌.! ഠേ എന്ന ശബ്ദത്തോടെ അവിടൊരു ആത്മാര്‍ത്ഥമായ വണ്‍വേ പ്രേമം പൊട്ടി മുളച്ചു. ഞാനാണെങ്കീ രണ്ടു വര്‍ഷമായി എന്‍ഗേജ്‌മെന്റുകളൊന്നുമില്ലാതെ, റിലീസാവാതെ പെട്ടിയിലിരിക്കുന്ന പടം പോലെ, കുടത്തിലടച്ച ജിന്നിനെപ്പോലെ പുറത്തു ചാടി വെളിച്ചം കാണാനും സ്നേഹിക്കപ്പെടാന്‍ ആഗ്രഹിച്ചൊരു ഹൃദയവുമായും നടക്കുവല്ല്യാരുന്നോ?

( നമുക്കീ കൊച്ചിനെ ദിവ്യ എന്നു വിളിക്കാം, അമ്മച്ചിയാണേ.. കള്ളപ്പേരാ..)

പിന്നെയെല്ലാം ചടപടാന്നായിരുന്നു. ദിവ്യ യാത്ര പറഞ്ഞു പോയതും അനിയത്തിയോടു കാര്യങ്ങളൊക്കെ തിരക്കി. നാട്ടുകാരി തന്നെ, നായരു തന്നെ, പക്ഷേ അച്ഛന്‍ നേരത്തെ മരിച്ചു. ആകെ ഒരു അനിയത്തിയും അമ്മയും മാത്രമേ ഉള്ളൂ..

ഹോ! സമാധാനം! തടി സേഫായിരിക്കുന്ന കേസാ, അല്ലേലും പ്രേമത്തില്‍ അമ്മായിയപ്പന്മാരും അളിയന്മാരുമൊക്കെ അധികപ്പറ്റാണെന്നും, യഷ്‌ ചോപ്ര ഫിലിമിലൊക്കെ, വെറുതേ സമയം കളയാന്‍ മാത്രമായുള്ള ക്യാരക്റ്റേഴ്സ്‌ ആണെന്നുമാണ്‌ പണ്ടേ എന്റെ മെന്റാലിറ്റി.

കൂടുതല്‍ തിരക്കിയപ്പഴല്ലേ കാര്യങ്ങളെല്ലാം ഗ്ലീന്‍ ഗ്ലീനായി മനസ്സിലാവുന്നത്‌. പണ്ടു അബുദാബിയില്‍ റോഡില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന ലാന്‍ഡ്‌ ക്രൂസറിന്റേയും റെയ്ഞ്ച്‌ റോവറിന്റേയുമൊക്കെ മുന്നില്‍ ചാഞ്ഞും ചെരിഞ്ഞും "മ്മടെ സ്വന്തം വണ്ടി" എന്ന മുഖഭാവത്തോടെ എടുത്ത ഫോട്ടോകളും, ഓഫീസില്‍ മാനേജര്‍ ഇല്ലാത്തെ സമയത്ത്‌ അങ്ങേരുടെ കസേരയില്‍ കയറി ചാരിയിരുന്ന്, 10 ദിര്‍ഹത്തിനു കിട്ടുന്ന "നോകിയ ടോയ്‌ ഫോണും", കൂളീങ്ങ്‌ ഗ്ലാസുമൊക്കെ ഫിറ്റു ചെയ്ത്‌ ഒരു ജോസ്‌ പ്രകാശ്‌ സ്റ്റെയിലില്‍ (ഒരു പൈപ്പിന്റെ കുറവുണ്ട്‌, ക്ഷെമി..) എടുത്ത ഫോട്ടോകളുമെല്ലാം വീട്ടിലേക്കയച്ചു കൊടുത്തത്‌ ദിവ്യ കണ്ടിട്ടുണ്ടെന്നും, എന്റെ കാര്യങ്ങളൊക്കെ ഇടക്കു ആന്വേഷിക്കാറുണ്ടെന്നും! ഇതൊക്കെ കണ്ട്‌ ച്വാട്ടന്‍ ആളു പുലിയാണല്ലോ എന്നവളു തെറ്റിദ്ധരിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടൂ !

ഹോ.. ഇതിപ്പോ രോഗി ഇച്ഛിച്ചതും, വൈദ്യന്‍ കല്‍പ്പിച്ചതും, മെഡിക്കല്‍ സ്റ്റോറുകാരന്‍ എടുത്തു കൊടുത്തതും ഒക്കെ പാല്‌ എന്നു പറഞ്ഞ പോലായി! ഇത്രപെട്ടെന്നു ലൈന്‍ ക്ലിയറാവുമെന്നു ഞാന്‍ പോലും പ്രതീക്ഷിച്ചില്ല. എനിക്ക്‌ 24 വയസ്സ്‌, ദിവ്യക്ക്‌ 18 വയസ്സ്‌, വീട്ടിലൊക്കെ കൊച്ചിനെപ്പറ്റി നല്ല അഭിപ്രായം അടുത്ത കൊല്ലംകല്യാണം കഴിക്കാവുന്നതേയുള്ളൂ.. ഞാന്‍ കാല്‍ക്കുലേറ്ററെടുത്ത്‌ ഗുണിച്ചു, പെരുക്കി.. ഹരിച്ചു... ഷട്ടര്‍ തുറന്ന ഏനാമാവു കായലിലെ വെള്ളം പോലെ ചിന്തകള്‍ യാതൊരു ഒബ്സ്റ്റ്രക്ഷനുമില്ലാതെ കൂലം കുത്തിയൊഴുകി.

വില്ലനില്ലാത്ത ഒരു പ്രേമമോ? അസംഭവ്യം!
എന്റെ കാര്യത്തില്‍ വില്ലനായി വന്നത്‌ ദിവ്യയുടെ അച്ഛനോ സഹോദരനോ , അതോ ഓള്‍ടെ കാമുകനോ ഒന്നുമായിരുന്നില്ല. മറിച്ച്‌ സ്വന്തം വീട്ടില്‍ നിന്നു തന്നെയായിരുന്നു. മ്മടെ സൊന്തം അമ്മജ്ജിയാണു വില്ലത്തി വേഷം എടുത്തണിഞ്ഞത്‌!

അമ്മയും ഞങ്ങളു പിള്ളേരും സോള്‍ ഗെഡീസിനെപ്പോലെയാ. ഇടക്കൊക്കെ, അമ്മയേയും, അമ്മമ്മയേയുമൊക്കെ വിളിച്ച്‌, അവരുടെ ലാപ്‌ടോപ്പില്‍ (മടിയില്‍) കിടന്ന് തല മസാജ്‌ ചെയ്യിച്ചിരുന്നതിനിടയിലാണ്‌, നാട്ടിലെ വിശേഷങ്ങളും പരദൂഷണങ്ങളും,നാട്ടിലെ പ്രേമകഥകളും പിന്നെ ഇതിന്റെയൊക്കെ സ്റ്റോക്കു തീര്‍ന്നാല്‍ പഴയ പ്രേത കഥകളുമൊക്കെ കേള്‍ക്കുന്നത്‌.

അങ്ങനെയൊരു ദിവസം വലംകൈയാല്‍ എന്റെ മരത്തലയും തടവി, ഇടത്തേക്കയിലൊരു മനോരമ വാരികയും പിടിച്ചിര്‍ക്കുന്ന അമ്മയോട്‌, ഒരു ചായ കുടിക്കുന്ന ലാഘവത്തോടെ, ഒരു പെഗ്ഗടിക്കുന്ന സൌമ്യതയോടെ, ഒരു ബീഡി വലിക്കുന്ന ത്രില്ലോടെ ഞാന്‍ പറഞ്ഞൂ. അമ്മേ, എനിക്ക്‌ ഒരു കല്യാണം കഴിക്കണാം, അതും മ്മടെ, ദിവ്യേനെ തന്നെ കെട്ടണം!

ഇതു കേട്ടതും ലാഡന്‍ വൈദ്യന്‍ എന്നു കേട്ട കുറ്റിക്കാടന്‍ ജോര്‍ജേട്ടനെപ്പോലെ (അതേന്ന് .. മ്മടെ ജോര്‍ജു ബുഷദ്ദ്യം തന്നെ), "ശാന്ത"യെന്നു കേട്ട "ശാന്തി"യെപ്പോലെ, ഇടമലയാറെന്നുകേട്ട പിള്ളയെപ്പോലെ, പാമോയിലെന്നു കേട്ട കരുണാകര്‍ജിയെപ്പോലെ അമ്മ ഞെട്ടി, ഞെട്ടിത്തെറിച്ചു, പിന്നെ പൊട്ടിത്തെറിച്ചു.

അമ്മയുടെ പല വാദങ്ങളിലൊന്നു എനിക്ക്‌ ഇരുപത്തിനാലു വയസ്സേ ആയിട്ടുള്ളോ എന്നായിരുന്നു. ഇരുപത്തിനാലില്‍ കെട്ടി കുട്ടിയുമായ ഉദാഹരണങ്ങളായ, സ്ക്വയര്‍ കട്ടിങ്ങും റിവേഴ്സ് സ്വീപ്പിങ്ങും ചെയ്യുന്ന ബോമ്പേക്കാരന്‍ ടെന്‍ഡുല്‍ക്കര്‍ മുതല്‍, കട്ടിങ്ങും ഷേവിങ്ങും ചെയ്യുന്ന ബാര്‍ബര്‍ രമേഷിനെ വരെ ചൂണ്ടിക്കാട്ടി ഞാനാ വാദത്തെ ഖണ്ഡിച്ചു.

ആ കൊച്ച്‌ നായന്മാരില്‍ തന്നെയുള്ള ഒരു വകഭേദ ജാതിയാ, യാതൊരു ഗതിയില്ലാത്ത കുടുംബമാ, എന്നൊക്കെ കുറേ അഡീഷണല്‍ നമ്പറുകളിട്ടതൊന്നും ഏല്‍ക്കാതായപ്പോള്‍ അമ്മ പിന്നെ സെന്റി റോള്‍ ആയി, അതും ഏല്‍ക്കില്ലെന്നറിഞ്ഞ്‌ കലിപ്പ്‌ റോളായി.

ഈ സംഭവ ശേഷം, വീട്ടില്‍ 144 പ്രഖ്യാപിക്കയും പകല്‍ സമയങ്ങളില്‍ വീട്ടില്‍ നിന്നിറങ്ങാന്‍ എനിക്കു വിലക്കു വരികയും ചെയ്തു. കാറിന്റെ ചാവി അമ്മ എടുത്ത്‌ ഒളിപ്പിച്ചു വയ്ക്കും. എന്തെങ്കിലും അത്യാവശ്യത്തിനാണെങ്കിലേ തരികയുള്ളൂ, അതും, കൃത്യ സമയത്തു തിരിച്ചു വരുമെന്ന ഉറപ്പില്‍.

ഞാന്‍ ദിവ്യയുടെ വീട്ടു പരിസരത്തോ മറ്റോ കറങ്ങുമോയെന്നാണ്‌ അമ്മയുടെ പേടി. ഇതിനിടക്ക്‌ സകല ബാരിയെറുകളും എന്റെ തരികിടകളാകുന്ന ബുള്‍ഡോസറിനാല്‍ തകര്‍ത്തെറിഞ്ഞ്‌ ഞാന്‍ ഒരു ദിവസം ദിവ്യയെ നേരില്‍ കണ്ടു "മോളൂ , ചേട്ടായിക്ക്‌ നിന്നെ പെരുത്ത്‌ ഇഷ്ടാട്ടാ, മ്മക്ക്‌ അങ്ങ്ട്‌ കെട്ട്യാലോ.." എന്നു പറയുകയും "ഇഷ്ടക്കേടൊന്നുമില്ല, പക്ഷേ എല്ലാം അവളുടെ വീട്ടുകാരുടെ ഇഷ്ടം പോലെയേ ചെയ്യൂ" എന്ന മറുപടി കിട്ടുകയും ചെയ്തതോടെ ഞാന്‍ വെരി വെരി ബിസിയായി.

ഇനി ദിവ്യയുടെ വീട്ടില്‍ പോയി കാര്യം പറയണം. അതിനു പകല്‍ സമയത്തു തന്നെ പോകണം, അല്ലാതെ മൂവന്തി നേരത്തു വിശാലന്‍ പെണ്ണുകാണാന്‍ പോയപോലെ, അമ്മായിയമ്മ കിണറ്റും കരയില്‍ നിന്നും ഓടുന്ന സീനും കണ്ട്‌ മടങ്ങാന്‍ എനിക്കു താല്‍പര്യമില്ലായിരുന്നു. പക്ഷേ പകല്‍ വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ വിലക്കാണല്ലോ. മാത്രമല്ല, എന്നെ ആ ഭാഗത്തു കണ്ട്‌ ആരേലും ഒറ്റിക്കൊടുത്താല്‍... അധികമൊന്നും ഇല്ലെങ്കിലും, ആ ഉള്ള മാനം പോവും!

അയിഡിയക്കാണോ നമുക്കു പഞ്ഞം, അതങ്ങു ചാവക്കാടു മണപ്പുറത്തെ പൂഴിമണലു പോലെ ലോഡു കണക്കിനു കെടക്കുവല്ലേ! ഒന്നാലോചിച്ചപ്പോള്‍, എന്റെ മനസ്സില്‍ തെളിഞ്ഞു വന്നത്‌ ഷാജിയുടെ അത്ര സുന്ദരമൊന്നുമല്ലാത്തതെങ്കിലും, വെല്യ വൃത്തികേടില്ലാത്ത മുഖമായിരുന്നു. കോളേജില്‍ പഠിക്കുന്നതു മുതലേയുള്ള ഫ്രന്‍ഡ്‌സില്‍, കുരുത്തക്കേടിന്റെ അളവെടുത്താല്‍ "കുറച്ചു ഭേദം" എന്ന വര്‍ഗ്ഗത്തില്‍ പെടുത്താവുന്ന ഷാജിയെ വീട്ടിലൊക്കെ ഭയങ്കര വിശ്വാസവും കാര്യവുമാണ്‌. സാധാരണ ഏതു തരികിടക്കും ആദ്യം വിളിക്കുന്ന സതീഷിനേയോ, സജിയേയോ ഒന്നും വിളിച്ചാല്‍ ഇതു ശരിയാവില്ല.

ഫോണേടുത്ത്‌ കറക്കി,കൊരട്ടിയിലേക്ക്‌. ഷാജിയെ വിളിച്ച്‌ അര്‍ജന്റായി ഇങ്ങോട്ടൊന്നു വരണം എന്നാവശ്യപ്പെട്ടു. വീട്ടിലേക്കു വരേണ്ട, വെങ്കിടങ്ങു സെന്ററില്‍ ബസ്സിറങ്ങി നിന്നിട്ട്‌ എന്നെ അവിടന്നു ഫോണ്‍ ചെയ്താല്‍ മതി, ഞാന്‍ വന്നു പിക്ക്‌ ചെയ്യാം എന്നും പറഞ്ഞു. കാര്യമൊന്നും മനസ്സിലാവാത്തെ ഷാജി ശരി എന്നും പറഞ്ഞു.

സമയം ഉച്ച തിരിഞ്ഞ്‌ രണ്ടര. വീട്ടില്‍ നിര്‍ത്താതെ ഫോണടിക്കുന്നുണ്ട്‌. ഇതൊന്നും മ്മടെ പണിയല്ലെന്ന റോളില്‍ ഞാന്‍ ഫോണ്‍ എടുക്കാതിരുന്ന കണ്ട്‌ അമ്മ ഫോണെടുത്തു. അതാണല്ലോ എന്റെ ആവശ്യം. അപ്പുറത്ത്‌ ഷാജിയാണെന്ന് എനിക്കറിയാം.

അമ്മയോടു സംസാരിച്ച ഷാജി, താന്‍ വെങ്കിടങ്ങു സെന്ററില്‍ നില്‍ക്കുന്നുണ്ടെന്നും പറഞ്ഞതും, അവനെപ്പോയി പിക്‌ ചെയ്യാനായി, അമ്മ കാര്‍ കീ എടുത്തു തന്നു! ഷാജി അവിടെ വന്നു നില്‍ക്കുന്നുണ്ടെന്നു ഞാന്‍ പറഞ്ഞാല്‍ അമ്മ വിശ്വസിക്കില്ല.. അതല്ലേ ഫോണ്‍ നേരിട്ട്‌ അറ്റന്‍ഡു ചെയ്യിച്ചത്‌ ?

അങ്ങനെ വണ്ടിയെടുത്ത്‌ വെങ്കിടങ്ങിലെത്തിയപ്പോ, ഷാജി നില്‍ക്കുന്നുണ്ട്‌. ആളു നല്ല ടിപ്‌ ടോപ്പിലാണു, പാന്റും ഷര്‍ട്ട്‌ ടക്ക്‌-ഇന്‍ ചെയ്ത്‌ പുതിയ ഷൂ ഒക്കെയിട്ട്‌. മെല്ലെ വണ്ടിയില്‍ വിളിച്ചു കേറ്റി, ഞാന്‍ കാറെടുത്തു.

കാര്‍ പോകുന്നത്‌ എന്റെ വീട്ടിലേക്കല്ല, എന്നു മനസ്സിലായ ഷാജി "എങ്ങട്ട്‌റക്ക്യാ പോണേ" എന്നു ചോദിച്ചതും, "ഇവിടെ എന്റെൊരു വേണ്ടപ്പെട്ട വീട്ടില്‍ ഒന്നു കയറേണ്ട ആവശ്യമുണ്ട്‌" എന്നു ഞാന്‍ പറഞ്ഞു.

കാറു പോകുന്നത്‌ ദിവ്യഭവനത്തിലേക്കാണെന്നു ഇവനുണ്ടോ അറിയുന്നു? ഈ കാര്യം ഞാന്‍ അവനോടു പറഞ്ഞിട്ടു പോലുമില്ല.

കാറു നിര്‍ത്തി, അവളുടെ വീട്ടുമുറ്റത്തു കയറി. കോളിങ്ങ്‌ ബെല്ലൊന്നും കാണാഞ്ഞ്‌ "ഇവടാരൊോളിയേ" എന്നൊരു ചോദ്യമെര്‍ഞ്ഞതും അമ്മ പുറത്തേക്കിറങ്ങി വന്നു. വേറാരുമില്ല, പിള്ളേരു രണ്ടും കോളേജിലല്ലേ?

ഞാന്‍ സ്വയം പരിചയപ്പെടുത്തിയതും, ആ, അറിയാം, മോളു പറഞ്ഞിരുന്നു ഗള്‍ഫീന്നു വന്നിട്ടുണ്ടെന്ന്" എന്നും പറഞ്ഞ്‌ വീട്ടിലെ ഇറയത്തു കയറിയിരിക്കാന്‍ ആയമ്മ ക്ഷണിച്ചു.

ഹോ, അതു കൊള്ളാം , എന്നു മനസ്സില്‍ പറഞ്ഞു ഞാനും , ഷൂവൊക്കെ ഊരി വച്ച്‌ ഷാജിയും ഇറയത്തെ കസേരകളില്‍ ഇരുന്നു.

സ്റ്റാര്‍ട്ടേഴ്സ്‌ ആയി ഒന്നു രണ്ടു നാട്ടു വിശേഷങ്ങളും, തിരിച്ചു പോകുന്ന തീയതിയും ( ഡീഫോള്‍ട്ട്‌ അല്ലേ ഗള്‍ഫുകാര്‍ക്ക്‌) ഒക്കെ പറഞ്ഞിരിക്കുമ്പോഴേക്കും, ഞാന്‍ ചായ കൊണ്ടു വരാം എന്നു പറഞ്ഞ്‌ അമ്മ അകത്തേക്കു പോയി.

കാര്യമൊന്നും പിടി കിട്ടാത്ത ഷാജി, പുരികം വളച്ച്‌ "എന്താ ഇവിടെ കാര്യം" എന്നു നിശബ്ദമായി എന്നോടു ചോദിക്കുന്നുണ്ടെങ്കിലും, "ഒന്നുമില്ല, നീയവടെ ചുമ്മാതിരി" എന്ന അര്‍ത്ഥത്തില്‍ ഞാന്‍ കണ്ണടച്ചു കാണിച്ചു.

അമ്മ ചായ കൊണ്ടു വന്നു. അതു മൊത്തിക്കുടിക്കുന്നതിനിടയില്‍, എന്താ പ്രത്യേകിച്ച്‌ വന്നത്‌ എന്ന അമ്മയുടെ ചോദ്യത്തിനു ഞാനങ്ങു വളരേ സ്റ്റ്രെയിറ്റായിട്ട്‌ ഉത്തരം കൊടുത്തു.

"എനിക്ക്‌ ദിവ്യയേ കല്യാണം കഴിച്ചാ കൊള്ളാംന്ന്ണ്ട്‌, നിങ്ങടെ കൂടി അഭിപ്രായം അറിയാംന്നു കരുതി വന്നതാ"...

ആ സന്ദര്‍ഭത്തില്‌, ആ വേളയില്‌, ആ അവസരത്തില്‌ , അവിടെ സൈമള്‍ട്ടേനിയസ്സായി തള്ളിയത്‌, ഒന്നല്ല, രണ്ടല്ല, മറിച്ച്‌, നാലു കണ്ണുകളാണ്‌. രണ്ടെണ്ണം ഷാജിയുടേയും, രണ്ടെണ്ണം ആയമ്മയുടേയും !

ഊതിക്കുടിച്ചു കൊണ്ടിരുന്ന ചായ ഷാജിയുടെ തൊണ്ടയില്‍ സ്റ്റക്കായി. ചായക്കപ്പ്‌ താഴെ വച്ച്‌, പുറത്തേക്കു തള്ളിയ രണ്ടു കണ്ണുകളും ചൂണ്ടു വിരലാല്‍ പ്രസ്സു ചെയ്ത്‌ പഴയസ്ഥാനത്തോട്ടാക്കി "എടാ ദ്രോഹി.. ഇതിനാണോ നീ എന്നെ കൊരട്ടിയില്‍ നിന്നും ഇത്രേം ദൂരം വരുത്തിയത്‌" എന്ന മുഖഭാവത്തോടെ എന്നെ നോക്കുകയും ഒരു അസന്നിഗ്ധ ഘട്ടം വന്നാല്‍ എഴുന്നേറ്റോടാന്‍ റെഡിയായി കസേരയുടെ എഡ്ജിലേക്കു നീങ്ങിയിരുന്ന്, ചവിട്ടു പടിയില്‍ ഊരി വച്ചിരിക്കുന്ന 1499.95 ഉര്‍പ്പ്യ കൊടുത്തു വാങ്ങിയ ബാറ്റാ ഷൂവിനെ നോക്കി നെടുവീര്‍പ്പിടുകയും ചെയ്തു. ഓടേണ്ട ഒരു സിറ്റുവേഷന്‍ വന്നാല്‍, ആ ഷൂവെടുക്കാന്‍ പറ്റിയില്ലെങ്കിലോ എന്ന അവന്റെ ആ വിഷമം മുഖത്തു മാര്‍ക്കര്‍ പെന്‍ കൊണ്ട്‌ എഴുതി വച്ച പോലെ വ്യക്തം!

ആയമ്മക്കു എതിര്‍പ്പൊന്നുമില്ല, മറിച്ച്‌, അച്ഛനില്ലാത്ത ആ രണ്ടു കുട്ടികളുടെ എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്ത്‌ നടത്തുന്ന അവരുടെ അമ്മാവന്‍, അങ്ങേരുടെ ഒരു കൂട്ടുകാരന്റെ മകനുമായി ദിവ്യയുടെ കല്യാണം പണ്ടേ തീരുമാനിച്ചുറപ്പിച്ചു വച്ചിട്ടുള്ളതിനാലും, അതു ധിക്കരിക്കാന്‍ ആയമ്മക്കു ധൈര്യമില്ലാത്തതിനാലും, "ഇതൊന്നും വേണ്ട മോനേ" എന്നെന്നോടു ദയനീയമായി പറഞ്ഞതും, "എന്നാ പിന്നെ ശരി" എന്നും പറഞ്ഞ്‌ കോന്തന്‍ കൊല്ലത്തു പോയ പോലെ, ഇനിയിവടെ നിന്നിട്ടെന്തു കാര്യമെന്നോര്‍ത്ത്‌ ഞാനെണീറ്റു.. പുറകേ, എങ്ങിനേലും ഇവടന്നൊന്നു രക്ഷപെട്ടാല്‍ മതി എന്നു പ്രാര്‍ത്ഥിച്ച്‌ ഇരിക്കയായിരുന്ന ഷാജിയും ചാടിയെണീറ്റു ചടപടാന്നു ഷൂവെടുത്തിട്ടു

ഈ കല്യാണം നടക്കില്ലല്ലോ എന്നതിലുപരി, പോകാനിനിയുള്ള വെറും പത്തു ദിവസത്തില്‍, പുതിയൊരു ലൈന്‍ ശരിയാക്കാന്‍ സമയമില്ലല്ലോ എന്ന ഭീകര സത്യമോര്‍ത്തപ്പോള്‍ ഞാന്‍ നിരാശനായിരുന്നു. അതുകൊണ്ടു തന്നെ, തിരിച്ച്‌ കാറിലേക്കു നടക്കുമ്പോഴും, ഡ്രൈവു ചെയ്യുമ്പോഴും ഷാജി നടത്തിയ പത്തരമാറ്റ്‌ 916 തെറിയഭിഷേകം എന്റെ കര്‍ണ്ണപുടങ്ങളില്‍ പതിച്ചില്ല.

36 comments:

ഇടിവാള്‍ said...
This comment has been removed by a blog administrator.
അഗ്രജന്‍ said...

ഠേ്...ഠേ...

"റോഡില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന ലാന്‍ഡ്‌ ക്രൂസറിന്റേയും റെയ്ഞ്ച്‌ റോവറിന്റേയുമൊക്കെ മുന്നില്‍ ചാഞ്ഞും ചെരിഞ്ഞും "മ്മടെ സ്വന്തം വണ്ടി" എന്ന മുഖഭാവത്തോടെ എടുത്ത ഫോട്ടോകളും, ഓഫീസില്‍ മാനേജര്‍ ഇല്ലാത്തെ സമയത്ത്‌ അങ്ങേരുടെ കസേരയില്‍ കയറി ചാരിയിരുന്ന്"

ഇതും കലക്കന്‍ :)

വിടപറയല്‍ മാത്രം വേണ്ട... ആഴ്ചയില്‍ ഒന്നു മതി... നിറുത്തല്‍ ശരിയാവില്ല!

ഒ.ടോ> ഇവിടെ മിതമായ ചാര്‍ജില്‍ ബ്ലോഗുകള്‍ എഴുതികൊടുക്കപ്പെടുന്നതാണ്... സമീപിക്കുക... ഇന്ദ്രപ്രസ്ഥം ബ്ലോഗെഴുത്ത് എസ്റ്റാബ്ലിഷ്മെന്‍റ് :)

കലേഷ്‌ കുമാര്‍ said...

കലക്കന്‍ മേന്നേ!!!!

ഇത്തിരിവെട്ടം|Ithiri said...

ഇതു കേട്ടതും ലാഡന്‍ വൈദ്യന്‍ എന്നു കേട്ട കുറ്റിക്കാടന്‍ ജോര്‍ജേട്ടനെപ്പോലെ (അതേന്ന് .. മ്മടെ ജോര്‍ജു ബുഷദ്ദ്യം തന്നെ), "ശാന്ത"യെന്നു കേട്ട "ശാന്തി"യെപ്പോലെ, ഇടമലയാറെന്നുകേട്ട പിള്ളയെപ്പോലെ, പാമോയിലെന്നു കേട്ട കരുണാകര്‍ജിയെപ്പോലെ അമ്മ ഞെട്ടി, ഞെട്ടിത്തെറിച്ചു, പിന്നെ പൊട്ടിത്തെറിച്ചു...

ഇടിവാള്‍ ഗഡീ... ഇത് അലക്കന്‍.

കുറുമാന്‍ said...

ഇടിഗഡിയേ, ഇത് കലക്കീട്ട് ണ്ട്ട്ടാ.....ബാറ്റാ ഷൂവിന്റെ വിവരണം ഇഷ്ടായി........

saptavarnangal said...

ഇടിയേ,
കൊള്ളാം കേട്ടോ..
മാരകരോഗത്തിന്റെ മരുന്ന് കഴിച്ചതില്‍ പിന്നെ കുഴപ്പങ്ങള്‍ ഒന്നുമില്ലല്ലോ അല്ലെ, അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കൂലാ എന്നു ഇടി തന്നെ പറഞ്ഞിട്ടുണ്ടെല്ലോ..:)


ഞാന്‍ ഓടി..

ശ്രീജിത്ത്‌ കെ said...

ഇടിവള്‍ജീ, കലക്കന്‍. നാട്ടിലുള്ള ഗംബ്ലീറ്റ് പെണ്‍പിള്ളാരെയും കേറി പ്രേമിച്ചിട്ടുണ്ടല്ലേ. കഴിഞ്ഞ കുറേ പോസ്റ്റുകളായി അതാണ് മനസ്സിലാകുന്നത്. ഈ പോസ്റ്റും അമറന്‍. ഇരുപത്തിനാലാം വയസ്സില്‍ ഒറ്റയ്ക്ക് പെണ്ണ്കാണാന്‍പോയ ആ ചങ്കൂറ്റം സമ്മതിച്ചു തരാതെ നിവര്‍ത്തിയില്ല. ഭേഷ്‌!

Sul | സുല്‍ said...

ഇടിയേ ഇതും കലക്കി. കൊട് കൈ.

ദില്‍ബാസുരന്‍ said...

ഇടിവാള്‍ ഗഡീ,
ഞാന്‍ ശിഷ്യപ്പെട്ടിരിക്കുന്നു. തമാശയല്ല. ഫോണ്‍ ചെയ്യാം. എനിക്ക് ചില നമ്പറുകള്‍ പറഞ്ഞ് തരണം. പ്ലീസ്.... :-) (കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ ‘താങ്കള്‍ക്ക് എക്സ്പീരിയന്‍സിന്റെ കുറവുണ്ട്’ എന്ന വാചകം ഞാന്‍ ഇതാ വെള്ളം തൊടാതെ വിഴുങ്ങുന്നു. ഗ്ലും!)

എന്നാലും ശ്രീജി പറഞ്ഞ ആ ചങ്കൂറ്റം ഞാന്‍ സമ്മതിച്ച് തന്നിരിക്കുന്നു. അമ്മാവനോടൊക്കെ പോകാന്‍ പറ എന്ന് പറയും എന്ന് വിചാരിച്ചിരുന്ന എനിക്ക് സംഭവം ആന്റി-ക്ലൈമാക്സ് ആയി തോന്നി. ഒരു കളിയ്ക്ക് കൂടിയുള്ള സ്കോപ്പ് ഞാന്‍ ഇതിലും കാണുന്നു.

ഉത്സവം : Ulsavam said...

ഹ ഹ ഹ ദേ വീണ്ടും ഇടിവെട്ട്‌ സാധനം..

"ഇരുപത്തിനാലില്‍ കെട്ടി കുട്ടിയുമായ സ്ക്വയര്‍ കട്ടിങ്ങും റിവേഴ്സ് സ്വീപ്പിങ്ങും ചെയ്യുന്ന ബോമ്പേക്കാരന്‍ ടെന്‍ഡുല്‍ക്കര്‍ മുതല്‍, കട്ടിങ്ങും ഷേവിങ്ങും ചെയ്യുന്ന ബാര്‍ബര്‍ രമേഷിനെ വരെ ഉദാഹരണമാക്കി ഞാനാ വാദത്തെ ഖണ്ഡിച്ചു."

സൂപ്പര്‍....!

സത്യം പറ ഇടിവാളെ ഈ വക കേസുകളില്‍ എത്ര ഇടി കിട്ടിയിട്ടുണ്ട്‌..?
ബൈ ദ ബൈ
ഓണ്‍ലൈന്‍ ആയി ശിഷ്യപ്പെടാനുള്ള ഫീസ്‌ എത്രയാ..?;-)

അത്തിക്കുര്‍ശി said...

ഇടി,

മംഗല്യ സൂത്രവും കിടിലന്‍.. രസിച്ചു.. ചിരിച്ചു..വളരെ നന്നായിട്ടുണ്ട്‌.

സൂര്യോദയം said...

ഇടിവാള്‍ജീ.... കിക്കിടിലന്‍....
താങ്കള്‍ കുറച്ചുകാലത്തേക്ക്‌ ബ്ലോഗിണ്ട്‌ നിര്‍ത്തുന്നത്‌ എന്നെപ്പോലുള്ള വായനക്കാര്‍ക്ക്‌ വല്ല്യ വിഷമമണ്‌. ഇടയ്ക്കൊക്കെ ഇങ്ങനത്തെ ഓരോന്ന് പോരട്ടെ ഗഡീ...

പാര്‍വതി said...

ആദ്യ ദര്‍ശനത്തില്‍ പ്രണയം, എന്നിട്ട് വെറെ പറഞ്ഞ് വെച്ചിരിക്കുന്നത് ആണെന്നറിഞ്ഞപ്പോള്‍ അറ്റ്ലീസ്റ്റ് രണ്ട് സ്മാളടിച്ച് ദേവദാസാവുമെന്ന് പറയാതെ, പത്ത് ദിവസത്തില്‍ വേറൊരെണ്ണം എവിടുന്ന് സംഘടിപ്പിക്കും എന്ന ദുഃഖമായിരുന്നു പോലും..

ദുഷ്ടന്‍...ഹൃദയശൂന്യന്‍...(സ്വാസം ഒന്ന് വലിച്ചു വിടട്ടെ, എന്നിട്ട് നൂറേല്‍ പിടിപ്പിക്കട്ടെ..ഞാന്‍ ഒളിവിലാണെന്ന് ഫ്ലാഷ് ന്യൂസ്.)

കല്‍ക്കണ്ടത്തിലേത് കഷണത്തിനാ‍ാ മധുരം കൂടുതല്‍ എന്ന് പറയുന്നത് പോലാ ഇടിവാളിന്റെ ഒക്കെ കൃതികള്‍ക്ക് അഭിപ്രായം പറയാന്‍ പോയാല്‍..

:-)

-പാര്‍വതി.

ikkaas|ഇക്കാസ് said...

ഇടിവാളേ, നിങ്ങളെന്തു പറഞ്ഞാലും അത് കൊള്ളേണ്ടിടത്ത് കൊള്ളും, കിട്ടേണ്ടത് കിട്ടും.
മംഗല്യസൂത്രം എന്ന പേരുകണ്ടപ്പോ ഞാന്‍ കരുതിയത് ഇടിവാള്‍ക്കല്യാണത്തിന്റെ കഥയാണെന്നാ..
എങ്കിലും ഇത് നന്നായി.
പിന്നെ എഴുതാതിരിക്കരുത്, അങ്ങനെ വന്നാല്‍, ഈ ശൈലി കൈമോശം വന്നാല്‍ പിന്നെ ഇടിവാളില്ല!!
-വൈകാതെ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ ഒരാരാ‍ധകന്‍.

Siju | സിജു said...

ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു.
ഇതിന്റെ കുറച്ചെങ്കിലും എനിക്കു കിട്ടിയിരുന്നെങ്കില്‍.. എത്രയെത്ര പെണ്‍കുട്ടികള്‍.. :-)
ഗുരോ.. ശിഷ്യപെട്ടോട്ടെ..

മുരളി വാളൂര്‍ said...

ഇടിയേ, ഉഗ്രനാന്ന്‌ പറയേണ്ടല്ലോ!! എന്നാലും ആയമ്മ അങ്ങിനെ പറഞ്ഞപ്പോഴെക്കും ഊരകത്തെ പൊടിയും തട്ടി പെട്ടെന്നു വണ്ടി വിടണ്ടായിരുന്നു കെട്ടൊ. എന്നാലും ഇനി കുറച്ചുനാളത്തേക്ക്‌ ഉണ്ടാവില്ലാന്നൊക്കെ പറഞ്ഞാല്‍ കഷ്ടാണ്‌. ഈ വിടവു നികത്താന്‍ പാകത്തിന്‌ വെട്ടിയിടാന്‍ പറ്റിയ തടിയിവിടെ വേറെയില്ലേയ്‌....!!!

അരവിശിവ. said...

തകര്‍പ്പന്‍ വിവരണം...പെരുത്തിഷ്ടായി...

ചക്കര said...

ഹ ഹ.. രസിച്ചു.. നന്നായി..:)

പച്ചാളം : pachalam said...

എന്‍റെ ഇടിവാള്‍ജീ,
ആ കൂളിങ്ങ്ഗ്ലാസ്സും വച്ചോണ്ടുള്ള ഇരിപ്പ് കണ്ടാല്‍ തോന്നില്ലട്ടോ ഇങ്ങളിത്രേം പുലിയായിരുന്നെന്ന്, ഹൊ ..സമ്മതിച്ചു തന്നിരിക്കുന്നൂ....
ട്യൂഷ്യനെടുക്കാറുണ്ടോ??
:)

Adithyan said...

ഇടിഗഡീ,
താങ്കള്‍ക്ക് കല്യാണപ്രായമായപ്പോഴേയ്ക്കും താങ്കളെ പെണ്ണുകെട്ടിക്കുക എന്നത് ആ നാട്ടുകാര്‍ടെ മുഴുവന്‍ ഒരു ആവശ്യമായി മാറിയിരുന്നു അല്ലെ? :))

ഇതൊക്കെ വെച്ച് നോക്കുമ്പ ഞങ്ങള്‍ ഇപ്പൊഴത്തെ ബാച്ചിലേഴ്സ് അള്‍ട്രാ ഡീസന്റാണു കേട്ടാ :))

വൈക്കന്‍... said...

ഇടിവാളേ.. സംഭവം കലക്കി..

പക്ഷേ കുറച്ചു കാലത്തേക്കുള്ള ഈ വിടപറച്ചില്‍ ഒട്ടും ഇഷ്ടപ്പെട്ടില്ല.. :)

കുട്ടന്മേനൊന്‍::KM said...

ഇടിവാള്‍ജി, അടിപൊളി പോസ്റ്റ്. ഇതെങ്ങനെ ഒപ്പിക്കുന്നു മാഷേ.. എന്താ എഴുത്ത് ?പിന്നെ അന്റാര്‍ട്ടിക്കയില്‍ ഗവേഷണത്തിന് പോകുവാണെന്നും പറഞ്ഞ് എഴുത്ത് നിര്‍ത്തുന്നത് ശരിയല്ല. ഇന്റര്നെറ്റും സൌകര്യങ്ങളുമെല്ലാം അവിടെയും ഉണ്ടാവില്ലേ.

തഥാഗതന്‍ said...

പതിവുപോലെ ഒരു ഇടിവാള്‍ വിളയാട്ടം

എന്നാലും മേന്ന്‌ന്നേ നിങ്ങള്‍ എഴുത്ത്‌ നിറുത്തുന്നു(തല്‍ക്കാലത്തേക്കാണെങ്കിലും) എന്നു കേട്ടപ്പോള്‍ ഒരു വിഷമം..

വീണ്ടും ഇതിലേറെ കരുത്താര്‍ജ്ജിച്ച്‌ ഇതിലും അമറന്‍ സാധനങ്ങളുമായി അധികം വൈകാതെ (ഒരാഴ്ച്ച ഒക്കെ ലീവ്‌ എടുത്തൊ) തിരിച്ചുവരൂ..

Anonymous said...

ഹെല്ലൊ മിസ്റ്റര്‍ ഇടിവാള്‍,
നിങ്ങള്‍ തകര്‍ത്തു കളഞ്ഞല്ലോ!!
അങ്ങനെ ആ പെണ്ണിനേയും പറ്റിച്ചു!!

ഓ.ടോ.
“ഞാന്‍ കുറച്ചു കാലത്തേക്ക് ബ്ലോഗ്ഗിങ്ങില്‍ നിന്നും വിടപറയുന്നു..

എന്താ ഇത്?
എന്റെ മുതലക്കുഞ്ഞുങ്ങള്‍ക്ക് നല്ലൊരു സദ്യ കൊടുത്തിട്ട് കാലം കുറച്ചായി.. അതോര്‍മ്മ വേണം..
ഛട പടേന്ന് പോസ്റ്റുകള്‍ പോന്നില്ലെങ്കില്‍ ..
ബാക്കി ഞാന്‍ പറയുന്നില്ല..

ഇടിവാള്‍ said...

പുതിയ പോസ്റ്റു വായിച്ചു കമന്റിയവര്‍ക്കെല്ലാം നന്ദി കേട്ടോ;

കിച്ചു said...

കൊള്ളാം ഗഡീ സമയക്കുറവ് മൂലം നാലു തവണയായിട്ടാണ് വായിച്ചത്. പണ്ടാരം ബോസ് സമ്മതിക്കേണ്ടേ ഒറ്റയടിക്ക് തീര്‍ക്കാര്‍ . ദിവ്യമായ ആ പ#ണയത്തിനും ഇടിവെട്ടായ ആ ചങ്കൂറ്റത്തിനും മുന്നില്‍ പ്രണാമം.

വിശ്വപ്രഭ viswaprabha said...

എനിക്കെന്തൊക്കെയോ എഴുതാന്‍ വരുന്നുണ്ട് ഇടിവാള്‍ മേനോനേ!

പക്ഷേ നിലവിലെ സാഹചര്യം വെച്ച് അതൊരു അഭംഗിയാവൂലോന്നു കരുതി മിണ്ടാതിരിക്ക്യാ.

:)

സന്തോഷ് said...

പോസ്റ്റ് കലക്കി.

വല്യമ്മായി said...

ഇതെന്താ ഇടിവെട്ടിയനെ പാമ്പു കടിച്ചോ

പടിപ്പുര said...

ഇല്ല മേന്‍നേ,
എത്രജന്മം തപസ്സിരുന്നാലും ഏതൊക്കെ പുണ്യതീര്‍ത്ഥത്തില്‍ കുളിച്ചാലും കഴുകിക്കളയാവുന്നതല്ല, ആ ഇടിവാള്‍ എന്ന വിളിപ്പേര്‌.

(ഏറനാടന്റെ ആല്‌മത്തായിയെ ഓര്‍ത്തുകൊണ്ട്‌)

Unnikrishnan said...

ഇടിവാളേ നല്ല പോസ്റ്റ് .ഒരു സംശയം ഇതു തന്റെ
ഫോട്ടോയാണോ.കണ്ടീട്ടു സ്ത്രീ സീരിയലിലെ വില്ലനെപ്പോലെ ഉണ്ടു.

ഇടിവാള്‍ said...

ഇതെന്റെ ഫോട്ടോ തന്നെ കൊച്ചുണ്ണി സാര്‍..

ബിന്ദു said...

ഇതിപ്പോഴാണ്‌ കണ്ടത്‌. :) കൊള്ളാം :)ആട്ടെ, വൈഫിന്റെ പേരെന്താ? വെറുതെ ഇതു നടക്കും നടക്കും എന്നു കരുതി അവസാനം വരെ ഊഹിക്കണ്ടല്ലൊ. :)

qw_er_ty

ലടുകുട്ടന്‍ said...

എന്നിട്ട് അവളെ കെട്ടിയോ ??

:: VM :: said...

ഉവ്വ് ... ( വേറേതോ ഒരുത്തന്‍ )

@$L@m said...

ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു! :-))

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.