-- എ ബ്ലഡി മല്ലു --

എന്റെ പ്രണയാന്വേഷണ പരീക്ഷകള്‍

Tuesday, October 17, 2006

ചരക്കുകളുടെ നിര്‍മാണത്തിലും പരിപാലനത്തിലും, എന്നത്തേക്കാലത്തും മുന്‍പന്തിയില്‍ നിന്നിരുന്ന മധ്യ കേരളത്തിലെ അസംഖ്യം ഗ്രാമങ്ങളിലൊന്നായിരുന്നു ശാന്ത ശീതള സുന്ദരമായ എന്റെ ഗ്രാമമവും.

കാനിയേത്ത്‌ ഗോപാലേട്ടനും, അങ്ങേരടെ സ്വന്തം ചെറിയമ്മ പുത്രന്‍ ശിവരാമനും, മല്‍സരബുദ്ധിയോടെ നടത്തിയിരുന്ന ദേഹണ്ഡ ബിസിനസ്സില്‍, ചോറ്‌, സാമ്പാര്‍, അവിയല്‍ പായസം, മുതലായ ടേസ്റ്റി ഐറ്റംസ്‌ പ്രിപ്പയര്‍ ചെയ്യുന്ന ഓട്ടുചരക്കുകളെപ്പറ്റിയല്ല ഞാനിവിടെ പറയുന്നത്‌, മറിച്ച്‌......

മുല്ലശ്ശേരി ഹിന്ദു യു.പി സ്കൂളില്‍ ഏഴാം ക്ലാസു പാസാവാന്‍ ഒരു വ്യാഴവട്ടക്കാലം മിനക്കെട്ട്‌, ഇതൊന്നും നമുക്കു പറഞ്ഞ പണിയെല്ലെന്ന് മനസ്സിലാക്കി അച്ഛന്റെ താറാവിന്‍ കൂട്ടങ്ങളെ മേച്ചും, മുട്ടക്കച്ചവടവുമായി നടക്കുന്ന സതീശന്‍ മുതല്‍, അങ്ങകലെ അണ്ഡകടാഹത്തിന്റെ മറ്റേക്കോണിലിരുന്നു മുട്ട പുഴുങ്ങാന്‍ "വിക്കിപീഡിയ" നോക്കുന്ന എഞ്ചിനീയേഴ്സ്‌ വരെ പ്രതിനിധാനം ചെയ്യുന്ന ആ ബാച്ചിലേഴ്സ്‌ ക്ലബ്ബിനെ ഉറക്കം കെടുത്തുകയും പുഷ്‌-പുള്‍ പുള്‍കിതരുമാക്കുന്ന ഫാക്റ്ററുകളിലൊന്നായ അതേ "സുന്ദരിക്കുട്ടികള്‍" എന്നു തന്നേയാണു ഉദ്ദേശിച്ചത്‌.

നാലരയടി മുതല്‍ അഞ്ചരയടിവരേയും, ഇരുനിറം മുതല്‍ മഡോണ കോംപ്ലെക്ഷന്‍ വരേയുള്ള, ഡിഫറന്റ്‌ സ്പെസിഫിക്കേഷനിലും വൈഡ്‌ ബാന്‍ഡിലുമുള്ള "മെയ്ഡ്‌ ഇന്‍ വെങ്കിടങ്ങ്‌" ചെല്ലക്കിളികളെ നേരാം വണ്ണമൊന്നു നോക്കാന്‍ സാധിക്കാതിരുന്നത്‌, താല്‍പര്യമില്ലാഞ്ഞിട്ടല്ല, മറിച്ച്‌ എട്ടാം തരത്തില്‍ ടെക്ക്നിക്കല്‍ ഹൈസ്കൂള്‍ എന്ന തരികിട സാങ്കേതിക വിദ്യാഭ്യാസത്തിനായി പതിമൂന്നാം വയസ്സില്‍ തന്നെ ടൌണില്‍ പോയി പഠിക്കേണ്ടി വന്നതിനാല്‍, "ടെയിം" കിട്ടിയില്ല എന്ന വളരേ സീരിയസ്സായ ഒരു പ്രശ്നത്താലായിരുന്നു.

സ്വന്തം നാട്ടില്‍ വളര്‍ന്നു വരുന്നതു ഫാവി മീരാ ജാസ്മിന്‍മാരേയും, നയന്‍താരമാരേയും, കാവ്യമാധവന്മാരേയും തിരിച്ചറിയാന്‍ ഈ പാവം ലോലഹൃദയനു സാധിച്ചിരുന്നില്ല എന്നതിനു ഹേതുവായ മറ്റൊരു കാര്യം, എന്റെ പിതാശ്രീയായിരുന്നു. കരാട്ടേ, കുങ്ങ്ഫൂ, കളരി എന്നി ആയോധന കലകളിലൊന്നും അഗ്രഗണ്യത്വം തെളിയിച്ചിട്ടില്ലെങ്കിലും, സ്വന്തം പ്രൊഡക്റ്റായ ഞങ്ങളു മൂന്ന് ആണ്‍പിള്ളേരുടെ കുരുത്തക്കേടുകളുടെ തോതനുസരിച്ച്‌, വടക്കേപ്പറമ്പിലെ കരുവള്ളിക്കോല്‍, എണ്ണ പുരട്ടി, പിള്ളേരുടെ തുടകള്‍, നടുമ്പുറം, കൈകള്‍ കാലുകള്‍, എന്നി ശരീരത്തിന്റെ പുറമ്പോക്കുകളില്‍ ഫോട്ടോസ്റ്റാറ്റു കോപ്പിയെടുത്തു കളിക്കുക എന്നത്‌ അദ്ദ്യത്തിന്റെ ചുരുക്കം ഹോബികളിലൊന്നായിരുന്നു.

കൂടുതല്‍ സീരിയസ്‌ സന്ദര്‍ഭങ്ങളില്‍, കോണ്‍ഗ്രസ്സു പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിക്കുന്ന പോള്‍സന്‍ മാഷ്‌ടെ "ഇലക്‍ഷന്‍ പ്രചരണാര്‍ത്ഥം വരെ ഉപയോഗിക്കാന്‍ പരുവത്തില്‍" സ്വന്തം "കൈപ്പത്തിയുടെ" തന്നെ ഫോട്ടോസ്റ്റാറ്റ്‌ ഞാനടക്കമുള്ള മൂന്നാണ്‍ പ്രജകളുടെ കരണക്കുറ്റിക്കു പതിച്ചു വയ്ക്കാനും യാതൊരു വിധ വൈക്ലബ്യവും അദ്ദേഹത്തിനില്ലായിരുന്നു. ഈ കൈപ്പത്തീ പോസ്റ്റര്‍ കളക്ഷന്‍+ ഇന്‍വെന്ററി കാര്യത്തില്‍ ഇളയവന്‍ മിന്നല്‍ ഞങ്ങളു രണ്ടു ചേട്ടന്മാരേക്കാള്‍ ഒരു ലീഡ്‌ എല്ലായ്പ്പോഴും നിലനിര്‍ത്തിയിരുന്നു.

കാര്യമിങ്ങനേയൊക്കെയാണെങ്കിലും, ആ ചെല്ലക്കിളി-വ്യൂ ഡെഫിഷ്യന്‍സി, ആ ഒരു ഡ്രോബാക്ക്‌, തൃശ്ശൂര്‍ ടവുണില്‍ വച്ച്‌ തന്നെ, സെന്റ്‌ മേരീസ്‌, വിമല, നിര്‍മല, ചൈതന്യ, തുടങ്ങിയ വിമന്‍സ്‌ കോളേജുകളുടെ ഏരിയാവിലും, ഹോളി ഫാമിലി ഗേള്‍സ്‌ സ്കൂളിന്റെ മുന്നിലുമൊക്കെ നിന്നു ന്യൂട്രലൈസു ചെയ്യാന്‍ ഞാന്‍ വളരേയധികം ശ്രദ്ധിച്ചു പോന്നിരുന്നു.

അങ്ങനെ പത്താം തരത്തില്‍ എത്തിയപ്പോഴേക്കും "ഇനിയൊരു പ്രേമമൊക്കെയാവാം" എന്നുള്ള സെല്‍ഫ്‌ കോണ്‍ഫിഡന്‍സിലേക്കു ഞാനെത്തിയെങ്കിലും, സ്യൂട്ടബിളായ ഒരു പുളിങ്കൊമ്പ്‌ കാണാത്തതിനാല്‍,ചൊവ്വാ ദോഷക്കാരന്‍ പെണ്ണന്വേഷിച്ചു നടക്കും പോലെ, ഞാന്‍ വേക്കന്‍ഡ്‌ ഹാര്‍ട്ടുമായി", ഹൃദയ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ട്‌ "പ്ലീസ്‌ കം..... ബീ സീറ്റഡ്‌" എന്നൊരു വെല്‍ക്കം മെസ്സേജും തൂക്കിയിട്ട്‌ തേരാപ്പാര നടന്നു.

ഞാന്‍ പഠിച്ചിരുന്ന ജെ.ടി.ഏസ്‌ ല്‍ തീയറി ക്ലാസ്സില്‍ "വെള്ള-കാക്കി" യും പ്രാക്റ്റിക്കലിനു "കാക്കി-കാക്കി" യുമായിരുന്നു യൂണിഫോം. ഒരു തൊപ്പി കൂടി വച്ചാല്‍, ട്രാഫിക്ക്‌ പോലീസിന്റെ ഒരു കട്ടുണ്ടാവും. ഈ വേഷം ഗ്ലാമറിനെ കാര്യമായി ബാധിക്കുമെന്നറിയുന്നതിനാല്‍, വീട്ടില്‍ നിന്നും നല്ല കളര്‍ ഷര്‍ട്ട്‌, പാന്റ്‌ എന്നിവ ധരിച്ച്‌, സ്കൂളിലെത്തിയാല്‍, ഇതൊക്കെ അഴിച്ചു വച്ച്‌, ക്ലാസ്‌ മുറിയില്‍ പൊതിഞ്ഞു വച്ചിരിക്കുന്ന കുപ്പായമെടുത്തിട്ട്‌ ഉത്തരവാദിത്വമുള്ള "ഒരു കാക്കിധാരി"യാവുകയാണു പതിവ്‌.

അക്ഷരമാല തുടങ്ങുന്നത്‌ "അ" യിലെന്നപോലെ, ഒരു ലൈന്‍ (വര) തുടങ്ങുന്നത്‌ പോയന്റില്‍ (ബിന്ദു) വിലെന്ന പോലെ, എന്റെ ലൈനും തുടങ്ങിയത്‌ ബിന്ദുവില്‍ നിന്നാണ്‌. അതെ, സുധാകരന്‍ നായരുടെ മകള്‍ "ബിന്ദു. എസ്‌. നായര്‍".

പത്തില്‍, ഒരു ദിവസം ക്ലാസെല്ലാം കഴിഞ്ഞ്‌, കാക്കിയില്‍ നിന്നും, കളര്‍ വസ്ത്രത്തിലേക്കുള്ള "കൂടു വിട്ട്‌ കൂടുമാറല്‍" വിദ്യ ചെയ്ത്‌, പാന്റിന്റെ സിബ്ബിടുന്നതിനിടയിലാണ്‌, എന്റെ ക്ലാസ്സിന്റെ മുന്നിലൂടേ "കാക്കി ഷര്‍ട്ടും കാക്കി പാന്റുമിട്ട്‌, കയ്യേലൊരു മിനി ഡ്രാഫ്റ്ററുമായി അവള്‍ സിവില്‍ പ്രാക്റ്റിക്കല്‍ കഴിഞ്ഞു പോകുന്നത്‌ ഞാന്‍ കണ്ടത്‌.

ആ വേഷത്തില്‍ അവളെക്കണ്ടാല്‍, "മുഡ്ഡുല മെനല്ലുഡൂ" എന്ന തെലുങ്കു ഫിലിമില്‍ പോലീസ്‌ വേഷമിട്ട വിജയശാന്തി മെഷീന്‍ ഗണ്ണും പിടിച്ചു പോകുകയാണെന്നേ തോന്നൂ. ആ പോക്കില്‍ എന്റെ ഹൃദയത്തിലേക്ക്‌ പ്രേമത്തിന്റെ കുറേ പനിനീര്‍പൂക്കള്‍ വെടിവച്ചിട്ടു കൊണ്ടാണ്‌ ലവളു പോയത്‌. ആ പോക്കും നോക്കി ഒരേ പോസില്‍ അനങ്ങാതെ നില്‍ക്കുന്ന എന്നെക്കണ്ട്‌ ബിജു, "ഡാാാ" ന്നു വിളിച്ച്‌ ശബ്ദം കേട്ടപ്പോഴാണു ഞാന്‍ ആ മാസ്മരികതയില്‍ നിന്നും വര്‍ത്തമാനത്തിലേക്കുണര്‍ന്ന് പാന്റിന്റെ സിബ്ബിട്ടത്‌.

കൂടുതല്‍ തിരക്കിയപ്പോഴാണു, എന്റെ ഹൃദയേശ്വരിയെപ്പറ്റിയുള്ള കൂടുതല്‍ ഡീറ്റെയില്‍സായ "9 ബി" യിലാണെന്നും, വീട്‌ ചേറൂര്‍ ആണെന്നും, ഇതുവരേക്കും ആരും ഈ മൊതലിനെ ബുക്കു ചെയ്തിട്ടില്ലെന്നുമൊക്കെയുള്ള കാര്യങ്ങള്‍ അറിഞ്ഞത്‌. അതോടെ,ഒന്നു രണ്ടു മാസമായി ഞാന്‍ "ഒരു ശ്രദ്ധ" കൊടുത്തിരുന്ന "8 ഏ" യിലെ പ്രിയയുടെ കാര്യം ഞാന്‍ മെമ്മറിയില്‍ നിന്നും "പെന്‍ഡിങ്ങ്‌" ഫോള്‍ഡറിലോട്ട്‌ തല്‍ക്കാലത്തേക്ക്‌ "ക്വാറണ്ടൈന്‍" ചെയ്തു.

ആ ഇന്‍സ്റ്റന്റിനു ശേഷം എന്റെ മനസ്സില്‍, ഗമ്പ്ലീറ്റ്‌ ലവളായിരുന്നു. മെയിന്‍ ഹോബികളായ, ഊണിലും, ഉറക്കത്തിലും പോരാഞ്ഞ്‌, ഇലക്ട്രോണിക്സ്‌ ബാച്ചായിരുന്ന ഞാന്‍ ഡയോഡു സോള്‍ഡറു ചെയ്യുമ്പോഴും, വിജയന്‍ സാറിന്റെ "ഇലക്ട്രിക്ക്‌ സര്‍ക്യൂട്ട്‌ തീയ്യറി" ക്ലാസ്സില്‍ ഒന്നും മനസ്സിലാവാതെ വായും പൊളിച്ചിരിക്കുമ്പോഴുമെല്ലാം അവള്‍ എന്റെ മനസ്സിന്റെ കായലരികത്ത്‌ വന്നിരുന്നു, മുളവടിയില്‍ ടാങ്കീസ്‌ കെട്ടി, അതിലൊരു ചൂണ്ടയുമിട്ട്‌, എന്റെ ഹൃദയത്തില്‍ കൊളുത്തി വലികള്‍ നടത്തിക്കൊണ്ടിരുന്നു.

വൈകീട്ട്‌ തിരിച്ച്‌ വീട്ടില്‍ പോകുമ്പോള്‍, നില്‍ക്കുകയാണെങ്കില്‍ കമ്പിയില്‍ ചാരിനിന്നും, ഇരിക്കയാണെങ്കില്‍, സീറ്റില്‍ ചാരിയിരുന്നും ഞാന്‍ സ്വപ്നങ്ങള്‍ കണ്ടു. ഏനാമാവു ബണ്ടിനരികിലും, പെരുമ്പുഴ പാടത്തും, ഒന്നുകൂടി ലാവിഷായാല്‍, അതിരപ്പിള്ളി വാഴച്ചാല്‍, മലക്കപ്പാറ എന്നിവിടങ്ങളിലും ഞാനും ബിന്ദുവും കൂടി, അന്നത്തെ ഹിറ്റു പാട്ടുകളായ, വന്ദനത്തിലെ "ഈറന്‍ മേഘം.. പൂവും തേടി" യും "അന്തി പൊന്‍വെട്ടവുമെല്ലാം" പാടിനടന്നു. ( ഊട്ടി, മൈസൂര്‍, ബാങ്ക്ലൂര്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്‌, തായ്‌ലാന്‍ഡ്‌, മുതലായ സ്ഥലങ്ങളേപ്പറ്റിയുള്ള അറിവോ അതൊക്കെ അന്നു സ്വപ്നം കാണാനുള്ള റേയ്ഞ്ചോ എനിക്കുണ്ടായിരുന്നില്ല എന്നതിനാലാണ്‌ അതൊക്കെ ഒഴിവാക്കിയത്‌). എന്തിനധികം പറയണം, ഞങ്ങള്‍ക്കുണ്ടാവാന്‍ പോകുന്ന പിള്ളേര്‍ക്കിടാനുള്ള പേരു വരെ ഞാന്‍ ഫിക്സു ചെയ്തു.

കാര്യമിങ്ങനെയൊക്കെയാണേങ്കിലും, പിള്ളേര്‍ക്കിട്ട പേര്‌ ബിന്ദുവിനു കൂടി ഇഷ്ടമായോ , എന്തിന്‌, എന്നെ ഇഷ്ടമായോ എന്നു വരെ ചോദിക്കാനുള്ള ആ ധൈര്യം പോലും അന്ന്` എനിക്കുണ്ടായിരുന്നില്ല. "പട പേടിച്ചു പന്തളത്തു ചെന്നപ്പോ, പന്തളം വാസൂന്റെ ഗാനമേള" എന്നു പണ്ടാരോ പറഞ്ഞപോലെ, നാട്ടില്‍ പിതാശ്രീയുടെ "കൈപ്പത്തി ചിഹ്‌നങ്ങള്‍" പേടിച്ച്‌ പൊതുവേ നല്ലപിള്ള ചമഞ്ഞു നടക്കാന്‍ വിധിക്കപ്പെട്ട എനിക്ക്‌, രമണി, മറിയാമ്മ, ഭാനുമതി, രത്നവല്ലി, എന്നീ ടീച്ചര്‍മ്മാരുടേയും, വടിവേലുവിനെപ്പോലിരുന്നോട്ടേ പക്ഷേ അത്രേം തന്നെ സൈസിലുള്ള ചൂരലുമായി എപ്പോഴും നടക്കുന്ന സുലൈമാന്‍ മാഷിന്റെയും ചൂരല്‍ കഷായത്തിന്റെ മധുരിമ നന്നായി ഓര്‍മ്മയുള്ളതുകൊണ്ട്‌ "എന്തിനാപ്പോ ഇങ്ങനൊരു ടെന്‍ഷന്‍ ഇട്ക്കണേ, പിള്ളേരടെ പേരൊക്കെ കല്യാണം കഴിഞ്ഞ്‌ പറഞ്ഞു സമ്മതിപ്പിക്കാം" എന്ന മാനസിക വ്യാപാരങ്ങളുമായി ഞാന്‍ നടന്നു.

ഇതിനിടക്ക്‌ ഇക്കാര്യം ബിജുവിനോട്‌ പറഞ്ഞതോടെ കാര്യങ്ങളുടെ ഗതി കീഴ്മേല്‍ മറിഞ്ഞു. എല്ലാക്കാര്യത്തിലും എന്റെ ഒരു "അഭ്യുദയാകാംക്ഷി"യായി ബിജു, "ഐ.ലൌ.യൂ" എന്നു പറയാത്ത പ്രേമങ്ങളൊന്നും മാനവരാശിയുടേ ഉല്‍പ്പത്തിമുതല്‍ വിജയിച്ചിട്ടില്ല, അതുകൊണ്ട്‌, വേറെയാരേലും അടിച്ചോണ്ടു പോകും മുന്‍പ്‌ അവളോട്‌ എത്രേം പെട്ടെന്നു തന്നെ, "ഭയം" എന്ന നമ്പര്‍ ലോക്കുമിട്ട്‌ പൂട്ടിവച്ചിരിക്കുന്ന എന്റെ ഹൃദയം തുറക്കാന്‍ നിര്‍ബന്ധിച്ചു.

ഒരു സൈഡില്‍ "പ്രേമവും, പിള്ളേര്‍ക്കിട്ട പേരുകളും, മറു വശത്ത്‌ ചൂരലും കൈപ്പത്തിയും ചമ്മലുമെല്ലാം ചേര്‍ന്നു നടത്തിയ ആ വടം വലി മല്‍സരത്തില്‍ ചൂരല്‍ സൈഡ്‌ എപ്പോഴും ഒരു മേല്‍ക്കൈ നേടിയിരുന്നതിനാല്‍, എന്റെ ഹൃദയേശ്വരിയോട്‌ ഹൃദയം എക്‍സ്പോസു ചെയ്തു കാണിക്കാന്‍ എനിക്കായില്ല എന്നത്‌ ഹൃദയഭേദകമായൊരു സംഭവമായിരുന്നു.

ഹനുമാന്‍ സ്വന്തം മാറ്‌ തുറന്നു അതിനകത്ത്‌ ശ്രീരാമന്റേയും സീതാദേവിയുടേയും ഈസ്റ്റ്‌മാന്‍ കളര്‍ ഇമേജസ്‌ കാണിച്ചപോലെ സ്വന്തം നെഞ്ചു തുറന്ന്‌ അതിനകത്തുള്ള C:\My Love Documents\Recent Loves\Bindu_Temp എന്ന ഫോള്‍ഡറില്‍ കാക്കി ഡ്രസ്സും കളര്‍ ചുരീദാറുമൊക്കെയിട്ട ബിന്ദുവിന്റെ 5 മെഗാപിക്സല്‍ ഫോട്ടോകളാണ്‌ അതിനകത്ത്‌ കമ്പ്ലീറ്റ്‌ എന്നു തെളിയിക്കാമാന്‍ എനിക്കാവില്ലല്ലോ? ആയതിനാല്‍, ഞങ്ങളു തമ്മിലുള്ള ലൈന്‍, ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ടു പാരലല്‍ ലൈനുകളെപ്പോലെ നീണ്ടു പോയി.

പക്ഷേ, ഐലവ്‌യൂ പറയുക.. ഹോ ഓര്‍ക്കാന്‍ പോലും വയ്യ. അവളെങ്ങാനും ഇഷ്ടമല്ല എന്നു പറഞ്ഞാലത്തെ ചമ്മല്‍... ഇതെങ്ങാനും അവളു ടീച്ചറോടു പറഞ്ഞാലുള്ള ചൂരല്‍ കഷായം.. ടീച്ചറെങ്ങാന്‍ അച്ഛനെ വിളിച്ചു വരുത്തിയാല്‍ വീട്ടില്‍ ചെന്നിട്ടുള്ള "കൈപ്പത്തി".. ഹോ.. ഞാന്‍ കിടുങ്ങി.. കിടു കിടുങ്ങി !

എന്നാലും, ബിജു പറഞ്ഞപ്രകാരം, പറഞ്ഞില്ലേല്‍, ഈ പ്രേമം നടക്കില്ല, അവളെ വല്ലവനും കൊണ്ടുപോയാല്‍, ഹോ, പിന്നെ ഞാന്‍ പത്താം ക്ലാസ്സു പാസായിട്ടെന്തു കാര്യം? പറയുക തന്നെ, റോമിയ-ജൂലിയറ്റ്‌, ഷാജഹാന്‍-മുംതാസ്‌ എന്നിവരേയൊക്കെ മനസ്സിലോര്‍ത്ത്‌ ചൂരല്‍ വടികളേയും , കൈപ്പത്തിയേയും മനസ്സില്‍ നിന്നുച്ചാടനം ചെയ്തുകൊണ്ട്‌, ഞാന്‍ കഠിനമായൊരു തീരുമാനമെടുത്തു.

സ്കൂള്‍ ആനിവേഴ്സറി കഴിഞ്ഞ്‌ അവസാന ദിവസം. നാളെ മുതല്‍ സ്കൂളടക്കുകയാണ്‌. അതിനു ശേഷം പരീക്ഷ. പിന്നെ മധ്യവേനലവധി 2 മാസം. പിന്നെ, ഞാന്‍ ജയിച്ചാല്‍ കോളേജിലേക്ക്‌. എന്റെ ബുദ്ധിയില്‍ മാതളപ്പൂക്കള്‍ വിരിഞ്ഞു. നല്ല ചാന്‍സാണ്‌ ഇന്ന്. ഇവളു കമ്പ്ലെയിന്റു ചെയ്താലും, ഇനി പരീക്ഷ, അവധി, ഇതിലെല്ലാം ആ പരാതി ഒലിച്ചു പൊയ്ക്കോളും. ഇന്നു തന്നെ പറയണം! മനസ്സില്‍ പറയേണ്ട ഡയലോഗുകള്‍ ആറ്റിക്കുറുക്കി, പ്രസന്റേഷന്‍ ചെയ്യുന്ന സ്റ്റയില്‍ എങ്ങനെ ആയിരിക്കണമെന്നു ബിജുവിന്റെ വഹ ഡെമോണ്‍സ്റ്റ്രേഷന്‍....

സമയം നാലേമുക്കാല്‍. ചെമ്പുക്കാവിലേക്ക്‌ ബിന്ദുവും പിന്നെ രണ്ടു കൂട്ടുകാരികളും കൂടി നടക്കുന്ന കണ്ട്‌, കുറച്ചു പുറകിലായി ഞാനും ബിജുവും നടന്നു. അവസാന അധ്യന ദിവസമായതിനാല്‍ യൂണിഫോം ഇടേണ്ട ആവശ്യമില്ലായിരുന്നൂ. ആ ഇളം നീല കളര്‍ ചുരീദാറില്‍ അവള്‍ അതി സുന്ദരിയായിതോന്നി.

ഞങ്ങളു പുറകിലുണ്ടെന്നു തിരിച്ചറിഞ്ഞിട്ടോ എന്തോ, അവര്‍ തമ്മില്‍ അടക്കം പറഞ്ഞ സംസാരങ്ങളും ചിരികളും .. ഹല്ലാ പിന്നെ, വെര്‍തേ മന്‍ഷ്യന്റെ ഹൃതയമിടിപ്പ്‌ കൂട്ടാന്‍. കാര്യം നേരിട്ടു പറഞ്ഞിട്ടില്ലെങ്കിലും, എനിക്കവളേയൊരു നോട്ടമുണ്ടെന്ന്‌ ബിന്ദുവിന്‌ ഓള്‍റെഡി മനസ്സിലായിട്ടുണ്ട്‌.

ചെമ്പുക്കാവ്‌ ജങ്ക്ഷന്‍. സമയം അഞ്ചുമണി.
സൂര്യന്‍ അങ്ങു പടിഞ്ഞാറ്‌, അസ്തമനത്തിനു മുന്‍പ്‌, മുന്‍സിപ്പല്‍ സ്റ്റേഡീയത്തിന്റെ മുകളിലൂടെ, "ഈ കോപ്പന്‍ ഇന്നെങ്ങാനും ഇതു പറയുമോ" എന്ന ടെന്‍ഷനുമായി എത്തിനോക്കുന്നു. അഞ്ചേ പത്തിനു വരുന്ന "രാധാകൃഷ്ണ ട്രാവല്‍സിലാണു" അവള്‍ക്കു പോകേണ്ടത്‌. തൊട്ടു പുറകേ വരുന്ന ഏതെങ്കിലും ബസ്സില്‍ കയറി എനിക്കു ബസ്റ്റാന്‍ഡിലും പോകണം. കൃത്യം പത്തു മിനിട്ടുണ്ട്‌.

ഠേ.. ഠേ.. ഠേ.. എന്നു തരക്കേടില്ലാത്തെ ശബ്ദത്തില്‍ തന്നെ മിടിക്കുന്ന ഹൃദയത്തെ "മിണ്ടാണ്ടിരിക്ക്‌ തേങ്ങേ" എന്നു ശാസിച്ചുകൊണ്ട്‌ ഞാന്‍ അവള്‍ക്കരികിലേക്കു നീങ്ങി.. അല്ല ബിജുവെന്നെ തള്ളി നീക്കി എന്നും പറയാം.. ഞാന്‍ അടുത്തേക്കു ചെന്നതും ഭാഗ്യത്തിനു കൂട്ടുകാരികളുടെ ബസ്സ്‌ വരികയും അവര്‍ അതില്‍ കയറി പോകയും ചെയ്ത കണ്ട്‌ എന്റെ കണ്‍ കുളിര്‍ത്തു. ഒറ്റക്കു കാര്യം പറയാം.. പ്ലാനുകളൊക്കെ ക്ലീന്‍ ക്ലീനായി നടക്കുന്നുണ്ട്‌.

മിടിക്കുന്ന, പെടക്കുന്ന, പേടിക്കുന്ന, ഹൃദയത്തോടെ കാല്‍മുട്ടുകള്‍കൊണ്ട്‌ ഇലത്താളം നടത്തി ഞാന്‍ മന്ദം മന്ദമൊരു മന്ദബുദ്ധിയെപ്പോലെ അവളുടെ അടുത്തേക്കു നീങ്ങി നിന്നുകൊണ്ടു പറഞ്ഞു.
"എനിക്കു തന്നോടൊരു കാര്യം സംസാരിക്കാനുണ്ട്‌"...

ഈ വെറ, ഈ പേടി, ഇതൊക്കെ കണ്ടാല്‍, എന്താ പറയാനുള്ളതെന്നു പറയാതെ തന്നെ അറിയാലോ ചേട്ടാ, ഞാനതും പ്രതീക്ഷിച്ചല്ലേ നിക്കണേ, എന്നുള്ള മുഖഭാവത്തോടെ അവളെന്നോടു മൊഴിഞ്ഞു: "പറയൂ...."

പറയേണ്ട ഡയലോഗുകളും അതിന്റെ സീക്വന്‍സുകളും ഇത്രേം നേരം കൊണ്ട്‌ മനസ്സിനകത്തു കിടന്നു കിലുങ്ങി മറിഞ്ഞ്‌ ആകെ ഓര്‍ഡര്‍ തെറ്റിയിരുന്നതിനാല്‍, ഒന്നോര്‍ത്തെടുത്ത്‌, ഓര്‍ഡറനുസരിച്ച്‌ ബിജു പഠിപ്പിച്ചു തന്നിരുന്ന ആദ്യ ഡയലോഗിടാനായി വായ്‌ തുറന്നു..

"അത്‌.. അത്‌..പിന്നെ.."

സംഭവം ഇത്രയും എത്തിയതും, എന്റെ ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ "ഹായ്‌ ബിന്ദൂ താനെന്താ ഇവിടെ" എന്ന മറ്റൊരു ശബ്ദം അവിടെ മുഴങ്ങി. കഷ്ടി 40-45 വയസ്സായ ഒരു ചേച്ചി ഞങ്ങള്‍ക്കിടയിലേക്കു വന്ന്, അവളുടേ കയ്യേക്കേറിപ്പിടിച്ച്‌ എന്തൊക്കെയോ ചോദിച്ചു തുടങ്ങി.

സ്വര്‍ഗത്തിനിടയിലേക്കു വന്ന കട്ടുറുമ്പിനെ പോലെ, സസ്പെന്‍സ്‌ സീനിനിടയിലേക്കു കയറി വന്ന കമേര്‍ഷ്യല്‍ ബ്രേക്കിനെപ്പോലെ, ട്രെയിനിലെ നല്ല ഉറക്കത്തിനിടക്കു വിളിച്ചുണര്‍ത്തി ടിക്കറ്റു ചോദിച്ച ടി.ടി.ആറിനെപ്പോലെ, അറപ്പോടെ വെറുപ്പോടെ ആ സ്ത്രീയെ ഞാന്‍ നോക്കുന്നതിനിടയില്‍, "ഒരു മിനിറ്റ്‌ വെയിറ്റ്‌ ചെയ്യൂ" എന്ന് എന്നോടു പറഞ്ഞ്‌ ബിന്ദു ആ ചേച്ചിയുമായി സംസാരിക്കാന്‍ തുടങ്ങി.

"ഇല്ലത്തൂന്നു ഇറങ്ങ്വേം ചെയ്തു, ന്നാലൊട്ട്‌ അമ്മാത്ത്‌ എത്ത്വേം ചെയ്തില്ല" എന്ന മാതിരി ഞാന്‍ വെട്ടിലായി. എന്തോ പറയാനുണ്ടെന്നു പറഞ്ഞിട്ട്‌ ഇനി മടങ്ങിപ്പോകുന്നത്‌, അങ്കം വെട്ടി പെണ്ണുങ്ങളെ സ്വന്തമാക്കിയിട്ടുള്ള തച്ചോളി കുടുംബത്തിലെ ആണ്‍പ്രജകള്‍ വരെ മെമ്പേഴ്സായ ആണ്‍കുലത്തിനു മുഴുവന്‍ നാണക്കേടാകും. ചേച്ചിയുടെ സംസാരം കഴിയും വരെ കാത്തിരിക്കുക തന്നെ.. ഞാന്‍ ദൃഢമായൊരു തീരുമാനത്തിലെത്തി.

ഫ്രീയായിട്ടു നിക്ക്വല്ലേ, എന്ത്‌ ഇന്റര്‍നാഷണല്‍ പ്രശ്നമാണാവോ ഇവരു ഡിസ്കസ്‌ ചെയ്യുന്നതെന്നറീയാന്‍ ചെവിയോെര്‍ത്തപ്പോഴാണു മനസ്സിലായത്‌, ചേച്ചി പറയുന്നത്‌ അവളിട്ടിരിക്കുന്ന ചുരിദാരിന്റെ സ്റ്റഫ്‌, കല്യാണ്‍ സില്‍ക്സില്‍ ഇറങ്ങിയിരിക്കുന്ന പുതിയ സാരി കളക്ഷന്‍, മുഖക്കുരു തടയാനുള്ള 101 വഴികള്‍ എന്നീ ലേഡീസ്‌ ഓണ്‍ലി ഐറ്റംസിനെ കുറിച്ചാണെന്ന്.

അങ്ങനെ ച്വാച്ചിയുടെ ഫാബ്രിക്ക്‌ അങ്ങാടി നിലവാരത്തിന്റെ തല്‍സമയസമ്പ്രേക്ഷണവും കേട്ട്‌, ഒരു കത്തിയെടുത്ത്‌ സ്വയം കുത്തിച്ചാവണൊ, അതോ ചെമ്പുക്കാവു ജങ്ക്ഷണിലൂടെ ചീറിപ്പായുന്ന ബസ്സിന്റു മുന്നിലേക്കു ചാടി "തര്‍ക്കൊലൈ" പണ്ണണോ എന്നൊക്കെ ചിന്തിച്ച്‌, കുറച്ചു ദിവസം മുന്‍പ്‌ തൃശ്ശൂര്‍ മ്യൂസിയത്തിന്റെ മുന്നില്‍ വച്ച്‌ എന്നോട്‌ ഇംഗ്ലിഷില്‍ വഴി ചോദിച്ച ഒരു സായിപ്പിന്റേയും മദാമ്മയുടേയും മുന്നില്‍ പെട്ടപ്പോഴുണ്ടായ പോലെ "ഹൌ ടു റിയാക്റ്റ്‌" എന്നറിയാതെ ഞാന്‍ മിഴിച്ചു നിന്നു.

ഇപ്പോതീരും ഇപ്പതീരും എന്നു ഞാന്‍ കരുതിയിരിക്കുന്ന ബിന്ദു- ചേച്ചി ചര്‍ച്ച സ്വാശ്രയ പ്രശ്നം പോലെ എങ്ങുമെത്താതെ നീണ്ടു പോകുന്ന കണ്ട്‌ ഞാന്‍ നിരാശനായി. ഓള്‍ടെ ബസ്സിപ്പോ വരും, ഇനി ഇതുപോലെ പറയാന്‍ ഒരു റോള്‍ഡ്‌ ഗോള്‍ഡ്‌ അവസരം ഇനി കിട്ടില്ല, അതിനിടക്കാണി ശൂര്‍പ്പണഖ കയറി വന്നേക്കണേ, എന്നെല്ലാമോര്‍ത്ത്‌ ഞാന്‍ ആകെ "വറീഡ്‌ മാപ്ല"യായി നില്‍ക്കയും, തലയാകെ പെരുത്ത്‌, അവസാനം, "ചാച്ചിയൊന്നു നിര്‍ത്താവോ" എന്ന ടോണില്‍ ഖും ക്‍ഹും.."എന്നു കനത്തിലൊരു ചുമചുമച്ചു.

കാര്യം മനസ്സിലായ അവര്‍ "ഓക്കെ ശരി, പിന്നെക്കാണാം" എന്നു ബിന്ദുവിനോട്‌ യാത്ര പറഞ്ഞ്‌ നീങ്ങി നിന്നു. ശക്തി സംഭരിച്ച്‌ വീണ്ടു മുട്ടുകള്‍ കൊണ്ടുള്ള ഇലത്താളമേളം "പ്ലേ" ചെയ്ത്‌ ഞാന്‍ അവളുടരികിലേക്കു ചെന്നു. ഇത്രേം നേരം പറയാനുള്ളതൊക്കെ മനസ്സില്‍ അടക്കിപ്പിടിച്ചു നിന്നതിനാലോ എന്തോ, എനിക്ക്‌ ആകെയൊരു എരിപൊരി സഞ്ചാരം, വയറിനകത്ത്‌ എന്തൊക്കെയോ ഉരുണ്ടുകളിക്കുന്ന പോലെ. ഹൃദയം പട പട മിടിക്കുന്നു.

" ആ .. പറയൂ, എന്താ പറയാനുണ്ടെന്നു പറഞ്ഞത്‌" എന്നു ചോദിച്ച്‌ അവളെന്റെ മുഖത്തേക്കു നോക്കി.."

കുറച്ചു മാറി നില്‍ക്കുന്ന ബിജുവിനേയും, അകലേ മാറി നിന്ന് എന്നെ തന്നെ സംശയദൃഷ്ട്യാ നോക്കുന്ന ചേച്ചിയേയും, ബസ്റ്റോപ്പിന്റെ തൂണിലൊട്ടിച്ചിരിക്കുന്ന സിനിമാ പോസ്റ്ററുകളേയും, താഴേ കിടക്കുന്ന, വില്‍സ്‌-നേവിക്കട്ട്‌, സിസര്‍ ഫില്‍ട്ടര്‍ കുറ്റികളേയും സാക്ഷി നിര്‍ത്തി, ഇടറുന്ന ഹൃദയത്തോടെ, വിറക്കുന്ന ശബ്ദത്തില്‍ ഞാന്‍ അവളോടു പറഞ്ഞു..

"ഐ ലവ്‌ യൂ..."

തട്ടിമുട്ടി ഇത്രയും പറഞ്ഞൊപ്പിച്ചതും, അച്ഛന്റെ കൈപ്പത്തിയും, ടീച്ചര്‍മാരുടെ ചൂരലുമെല്ലാം, ക്ഷണിക്കാത്ത അതിഥികളായി എന്റെ മനസ്സില്‍ ഓടിയെത്തി. സംഭരിച്ചു വച്ചിരുന്ന ധൈര്യമെല്ലാം കരുണാകരന്റെ പാര്‍ട്ടി പോലെ എങ്ങോ ലയിച്ചില്ലാതായി.

"എനിക്കു തന്നെ ഭയങ്കര ഇഷ്ടമാണ്‌, താനില്ലാത്തൊരു ജീവിതം നടുപേജ്‌ ഇല്ലാത്ത "നാന" പോലെ, സോഡയൊഴിക്കാത്ത സ്മോളു പോലെ, വികലാംഗനില്ലാത്ത വിനയന്‍ ചിത്രം പോലെ അപൂര്‍ണമാണ്‌ ബിന്ദൂ, ...... ഈ ലോകം മുഴുവന്‍ എതിര്‍ത്താലും നമ്മളൊന്നിച്ചു ജീവിക്കും,നീയില്ലെങ്കില്‍ ഞാന്‍ കിഡ്നി തകര്‍ന്നു സമാധിയാകും, എന്നൊക്കെ, അനവധി ഡയലോഗുകള്‍ സ്ക്രിപ്റ്റു പ്രകാരം പറയാന്‍ ബാക്കി കിടപ്പുണ്ടായിരുന്നെങ്കിലും, അതിനൊന്നും ഇടകൊടുക്കാതെ, ചോര്‍ന്നൊലിച്ചു പോയ ധൈര്യവുമായി, വേറെയൊരു വാക്കു പോലും പറയാതെ, എന്തിനു, അവളുടെ മറുപടി പോലും തിരക്കാതെ, ഞാന്‍ തിരിച്ചു നടന്നു.

ചേട്ടായിയേയ്‌, മറുപടി കേള്‍ക്കണ്ടയോ, എന്തൊക്കെ പ്രതീക്ഷകളായിരുന്നു, ഇവന്‍ എന്തരു കാമുകനാണടേയ്‌ എന്നൊക്കെയുള്ള കണ്‍ഫൈയൂഷനുകളടിച്ച മുഖഭാവവുമായി അവള്‍ നില്‍ക്കുമ്പോള്‍, ഇതെല്ലാം കണ്ട്‌ ക്ലൈമാക്സു പിടികിട്ടാത ടെന്‍ഷനില്‍ നില്‍ക്കുന്ന ബിജുവിനെപ്പോലും ഓര്‍ക്കാതെ , അന്നേരം അവിടെ സഡണ്‍ ബ്രേക്കിട്ടു നിന്ന എസ്‌.എന്‍ മോട്ടോര്‍സില്‍ കയറി "ഒരു സ്റ്റാന്‍ഡ്‌" എന്നും പറഞ്ഞ്‌ ഞാന്‍ കണ്ടക്റ്റര്‍ക്ക്‌ ഒരു പത്തു പൈസ എടുത്തു കൊടുത്തത്‌, മെക്കാനിക്കലായിരുന്നു.. അതായത്‌ യാന്ത്രികമായിരുന്നൂന്ന്‌ ! അടുത്ത ശ്വാസം വലിച്ചു വിട്ടത്‌, ബസ്സു ശക്തന്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയപ്പോഴായിരുന്നു.

വണ്ടിയിലിരുന്നു, നടത്തിയ ഒരു "പെര്‍ഫോമന്‍സ്‌ റിവ്യൂ"വില്‍ നിന്നും, ആകെ മൊത്തം വളരേ വിശേഷമായിട്ടുണ്ടെന്നും, ഇനിയാ ഭാഗത്തേക്കു പോകുന്നതിലും ഭേദം, നല്ല ഉയരമുള്ള ചമ്പതെങ്ങിന്റെ മണ്ടേല്‍ കയറി കൈ വിടുന്നതാണെന്നു തിരിച്ചറിയാന്‍ അന്നത്തെക്കാലത്തു ഞാന്‍ മെയിന്റെയിന്‍ ചെയ്തുപോന്നിരുന്ന, ആ അല്‍പം കോമണ്‍ സെന്‍സ്‌ "മോര്‍ ദാന്‍ എനഫ്‌" ആയിരുന്നതിനാല്‍, പരീക്ഷ തീര്‍ന്നു, ആ സ്കൂളിനോട്‌ ഗുഡ്ബൈ പറയുന്നതുവരെ ആ ക്ടാവിന്റെ മുന്നില്‍ ചെന്നു പെടാതിരിക്കാന്‍ ഞാന്‍ അത്യധികം ശ്രദ്ധിച്ചിരുന്നുവെന്നു ചരിത്രം!

76 comments:

ഇടിവാള്‍ said...

പുതിയ പോസ്റ്റ്.
"എന്റെ പ്രണയാന്വേഷണ പരീക്ഷകള്‍"

പ്രണയമാകുന്ന സാഗരത്തിന്റെ തീരത്തെ പൂഴിമണലില്‍ ഊളിയിടാന്‍ ശ്രമിച്ചു ശ്വാസം മുട്ടിയ ഒരു പയ്യന്റെ വികാരധീനമായ ആത്മ കദന ഗദ !

കുട്ടന്മേനൊന്‍::KM said...

എന്തിനധികം പറയണം, ഞങ്ങള്‍ക്കുണ്ടാവാന്‍ പോകുന്ന പിള്ളേര്‍ക്കിടാനുള്ള പേരു വരെ ഞാന്‍ ഫിക്സു ചെയ്തു....

ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും എന്നും പറഞ്ഞ് മനുഷ്യനെ വടിയാക്കുന്ന ഈ ഏര്‍പ്പാട് ശരിയല്ലാട്ടോ ...

വായിച്ച് വായിച്ച് വരുമ്പോള്‍ എന്തൊക്കെ മോഹങ്ങളായിരുന്നു..

നന്നായിട്ടുണ്ട്.

പാര്‍വതി said...

ഞാന്‍ ശ്വാസം ഒന്നാഞ്ഞ് വലിച്ചോട്ടെ,ഹൊ..ഒറ്റയടിക്ക് ശ്വാസം പിടിച്ചിരുന്ന് വായിച്ചതാണേ..

ഗംഭീരം..മഹനീയം..ഈ സാഹസിക പ്രണയ സംരംഭം,അപ്പോ ആദ്യത്തേത് ചീറ്റിപോയി അല്ലേ..

ഇനി ലൈനില്‍ ബാക്കിയുള്ളത് കൂടി ഒന്ന് കട്ട് ആന്‍ഡ് പേസ്റ്റ് ചെയ്തേ.

-പാര്‍വതി.

ഇത്തിരിവെട്ടം|Ithiri said...

ഠേ.. ഠേ.. ഠേ.. എന്നു തരക്കേടില്ലാത്തെ ശബ്ദത്തില്‍ തന്നെ മിടിക്കുന്ന ഹൃദയത്തെ "മിണ്ടാണ്ടിരിക്ക്‌ തേങ്ങേ" എന്നു ശാസിച്ചുകൊണ്ട്‌ ഞാന്‍ അവള്‍ക്കരികിലേക്കു നീങ്ങി...

ഇടിവാള്‍ജീ സംഭവം സൂപ്പര്‍... വെറുതെ മനുഷ്യനെ വടിയാക്കുന്ന ഏര്‍പ്പാട് ശരിയല്ല മാഷേ...
എങ്കിലും പോസ്റ്റ് പതിവുപോലെ ഇടിവെട്ട് തന്നെ.

ഓടോ : മിന്നല്‍ കഥകള്‍ ശരിക്കും മിന്നല്‍ കണ്ടത് കൊണ്ടാണോ നിര്‍ത്തിയത്.

ഇത്തിരിവെട്ടം|Ithiri said...

അത് മേനോന്‍ കൊട്ടിയോ... ഈ മേനോന്റെ ഒരു കാര്യം.

saptavarnangal said...

ഇടിവാളേ,
ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ത്തു, നന്നായിട്ടുണ്ട്.

‘ഐ ലവ് യൂ‘ പറച്ചിലുകളുടെ തുടക്കം അപ്പോള്‍ അവിടെ നിന്നായിരുന്നു അല്ലേ!എന്തായാലും ആ കുട്ടിക്കു ഭാഗ്യം ഉണ്ടായിരുന്നു, അതു കൊണ്ട് ലവള്‍ രക്ഷപ്പെട്ടു.

ഇനി ത്രിശ്ശൂര് പരിസരത്തെ പരാക്രമങ്ങള്‍ പറയൂ.. :)

അളിയന്‍സ് said...

എന്തൂട്ടാ മാഷേ കാണിച്ചേ.... ഇതിപ്പോ ‘വന്ദന’ത്തിലെ ക്ലൈമാക്സ് മാതിരി ആളെ ആകെ വടിയാക്കിക്കളഞ്ഞല്ലോ...? രണ്ട് കിലോമീറ്റര്‍ പോസ്റ്റ് മുഴുവന്‍ ഒറ്റയിരുപ്പിനു വായിച്ചതാ..‘ദേ ഇപ്പൊ വരും ഇപ്പൊ വരും’ന്ന് വിചാരിച്ച്.
പിന്നെ നിങ്ങള്‍ക്ക് ഒരു സെക്കന്റ് പോലും ബാചിലേര്‍സിനെ ചൊറിയാതിരിക്കാന്‍ വയ്യല്ലേ..? ആ മൂന്നാമത്തെ പാരഗ്രാഫ് ഡിലീറ്റിയില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്തുകള്‍ അതിഫീകരമായിരിക്കും.

കുറുമാന്‍ said...

ഇടിവാളെ, കലക്കീണ്ട്ട്ടാ......

താനില്ലാത്തൊരു ജീവിതം നടുപേജ്‌ ഇല്ലാത്ത "നാന" പോലെ, സോഡയൊഴിക്കാത്ത സ്മോളു പോലെ, വികലാംഗനില്ലാത്ത വിനയന്‍ ചിത്രം പോലെ അപൂര്‍ണമാണ്‌ ബിന്ദൂ, ...... ഈ ലോകം മുഴുവന്‍ എതിര്‍ത്താലും നമ്മളൊന്നിച്ചു ജീവിക്കും,നീയില്ലെങ്കില്‍ ഞാന്‍ കിഡ്നി തകര്‍ന്നു സമാധിയാകും, എന്നൊക്കെ, അനവധി ഡയലോഗുകള്‍ സ്ക്രിപ്റ്റു പ്രകാരം പറയാന്‍ ബാക്കി കിടപ്പുണ്ടായിരുന്നെങ്കിലും, അതിനൊന്നും ഇടകൊടുക്കാതെ, ചോര്‍ന്നൊലിച്ചു പോയ ധൈര്യവുമായി, വേറെയൊരു വാക്കു പോലും പറയാതെ, എന്തിനു, അവളുടെ മറുപടി പോലും തിരക്കാതെ, ഞാന്‍ തിരിച്ചു നടന്നു.

ഇത്രയും ഞാന്‍ ക്വാട്ടി......ഇനി മറ്റുള്ളവര്‍ക്കും എന്തെങ്ക്kലും ക്വാട്ടാന്‍ വക്കേണ്ടെ?

ദില്‍ബാസുരന്‍ said...

എനിക്കു തന്നെ ഭയങ്കര ഇഷ്ടമാണ്‌, താനില്ലാത്തൊരു ജീവിതം നടുപേജ്‌ ഇല്ലാത്ത "നാന" പോലെ, സോഡയൊഴിക്കാത്ത സ്മോളു പോലെ, വികലാംഗനില്ലാത്ത വിനയന്‍ ചിത്രം പോലെ അപൂര്‍ണമാണ്‌

ഗഡീ,
കലക്കിപ്പൊളിച്ചു മാഷേ..... ആ മനസികാവസ്ഥ ശരിക്കും അറിയാവുന്നത് കൊണ്ട് നന്നായി എഞ്ചോയ് ചെയ്തു. ഇനിയും ഉണ്ടല്ലോ സ്റ്റോക്ക് ഒക്കെ വരെട്ടെ.

എങ്കിലും അവസാനമായി ഒന്ന് സോറി പറയാന്‍ പോയി നോക്കേണ്ടതായിരുന്നു. അപ്പോഴാണ് ശരിക്കുള്ള കാര്യത്തിന്റെ കിടപ്പ് മനസ്സിലാവുക,(സൈക്കോളജിക്കലി സ്പീക്കിങ്, കക്ഷിയ്ക്ക് എന്തെങ്കിലും ഒരു ‘ഇത്’ ഉണ്ടെങ്കില്‍ അപ്പൊ പുറത്ത് ചാടും) നമുക്ക് നഷ്ടപ്പെടാന്‍ ആ അവസ്ഥയില്‍ ഒന്നുമില്ല താനും. യേത്...? എക്സ്പീരിയന്സിന്റെ കുറവാണ് നിഴലിട്ട് കാണുന്നത്... :-)

സൂര്യോദയം said...

ഇടിവാളേ... ചിരിയുടെ മാലപ്പടക്കം തന്നെ ഒരുക്കി.... ആദ്യമൊക്കെ ചില വരികള്‍ ക്വോട്ടാമെന്ന് വിചാരിച്ചു.... മൊത്തം ക്വോട്ടാനുള്ളതായതിനാല്‍ ചെയ്യുന്നില്ല.... കിടിലോല്‍ക്കിടിലം.... :-) വിശാല്‍ജിയുടെ റേഞ്ചിലേക്ക്‌ എത്തുന്നു.... :-)

രാധ said...

"സ്വന്തം നെഞ്ചു തുറന്ന്‌ അതിനകത്തുള്ള C:\My Love Documents\Recent Loves\Bindu_Temp എന്ന ഫോള്‍ഡറില്‍ കാക്കി ഡ്രസ്സും കളര്‍ ചുരീദാറുമൊക്കെയിട്ട ബിന്ദുവിന്റെ 5 മെഗാപിക്സല്‍ ഫോട്ടോകളാണ്‌ അതിനകത്ത്‌ കമ്പ്ലീറ്റ്‌..."

എന്റെ അമ്മച്ചിയേ..............
ടോപ്പായിണ്ട്ട്ടോ. പഴയ ഗോള്‍ഡന്‍ ബാച്ചിലര്‍ കാലത്തെ Love Documents\Recent Loves\ ഫോള്‍ഡറിലെ ഫയല്‍സ് ഇനീം ഓപ്പണ്‍ ചെയ്യണേ.

Kiranz..!! said...

ഇടിവാളേ കലക്കിയിട്ടുന്ടാശാനേ..! കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചിനെ ഇല്ലാണ്ടാക്കിയെന്നു പറയുന്ന പോലെ ആ‍ശിപ്പിച്ച് അവസാനം കലമുടച്ചു അല്ലെ..?

ഉഗ്രന്‍ സസ്പെന്‍സ് തന്നെ..!

വികടന്‍ said...

"സൂര്യന്‍ അങ്ങു പടിഞ്ഞാറ്‌, അസ്തമനത്തിനു മുന്‍പ്‌, മുന്‍സിപ്പല്‍ സ്റ്റേഡീയത്തിന്റെ മുകളിലൂടെ, "ഈ കോപ്പന്‍ ഇന്നെങ്ങാനും ഇതു പറയുമോ" എന്ന ടെന്‍ഷനുമായി എത്തിനോക്കുന്നു."
പെടപ്പന്‍. ഇടിവാളിന്റെ പ്രേമത്തിന്‌ സൂര്യനും സാക്ഷി. കഥ തകര്‍പ്പന്‍. (കഥ തന്നെ ?)

മുല്ലപ്പൂ || Mullappoo said...

:) സൂപ്പര്‍ എഴുത്തു.
എങ്ങനെ പറ്റണു ഇങ്ങനെ എഴുതാന്‍.
ഒറ്റയിരുപ്പില്‍ കണ്ണെടുക്കാതെ വായന.

ഈ കൈപ്പത്തീ പോസ്റ്റര്‍ കളക്ഷന്‍+ ഇന്‍വെന്ററി കാര്യത്തില്‍
ഉപമകളുത്തില്‍ കിടിലന്‍.

Peelikkutty!!!!! said...

രസിച്ചു വായിച്ചു !

ഉത്സവം : Ulsavam said...

ഒന്നൊന്നര ഇടിയാണല്ലോ വെട്ടിയത്‌..
കലക്കിപ്പൊളിച്ചു...
എന്തായാലും ക്ലൈമാക്സില്‍ കേടുപാടുകള്‍ ഒന്നും ഇല്ലാതെ എസ്കേപ്‌ ചെയ്തല്ലോ നന്നായി

ദില്‍ബു ഇവിടെയും ഇടിവാളിനിട്ട്‌ ചെറുതായി കൊട്ടി..ഹ ഹ ഹ

idangal said...

വിഷയം പ്രണയമാകുബൊള്‍ ആകാംക്ഷ വായനയുടെ ആദ്യത്തെ നിയമാണ്,
അതിനെ അനുഭവിപ്പിക്കുന്നതില്‍ ഇടിവാള്‍ വിജയിച്ചിരിക്കുന്നു, പൂര്‍ണ്ണമായും
നന്ദി.

-അബ്ദു-

ikkaas|ഇക്കാസ് said...

ഇഡീ..
തുലാവര്‍ഷത്തോടൊപ്പം ഇഡിവെട്ട് പോസ്റ്റും!
കലക്കന്‍.

ദേവന്‍ said...

"താനില്ലാത്തൊരു ജീവിതം നടുപേജ്‌ ഇല്ലാത്ത "നാന" പോലെ, സോഡയൊഴിക്കാത്ത സ്മോളു പോലെ, വികലാംഗനില്ലാത്ത വിനയന്‍ ചിത്രം പോലെ അപൂര്‍ണമാണ്‌ ബിന്ദൂ, "
കലക്കി ഇടി ഗഡി.. കൊട്‌ കൈ!
ഓണ്‍ ബിഹാഫ്‌ ഓഫ്‌ ബൂലോഗ റീഡേര്‍സ്‌ ഫോറം, ഇന്ത പ്രയോഗത്തിനു മൂന്നു ബഡ്‌വൈസര്‍ ഈ കൊച്ചേട്ടന്‍ പ്രഖ്യാപിച്ചിരിക്കുന്നു. സമ്മാനദാനം പെരുന്നാള്‍ കഴിഞ്ഞാല്‍ ഉടന്‍

അതുല്യ said...

മറ്റൊരു വിശാലന്‍, മറ്റൊരു അരവിന്ദന്‍, മറ്റൊരു മാഗ്നി, മറ്റൊരു ഇഡിവാല്‍...

രസിച്ചു. പണ്ട്‌ ഇത്‌ പോലെ ഞങ്ങളും കാത്ത്‌ നിന്നിരുന്നു, ഇന്നെങ്കിലും ആരെങ്കിലും ഒരു കമന്റ്‌ പറഞ്ഞെങ്കില്‍... ഇങ്ങനെയൊക്കെ നടന്നാ മതിയോ...

അതുല്യ said...

നാനയുടെ നടുപേജിലെന്താണാവോ? എനിക്ക്‌ മനസ്സിലായില്ലാട്ടോ. തമാശ പറഞ്ഞിട്ട്‌ ആശയം വിശദമാക്കൂ എന്ന് പറയണ്ടാന്ന് കരുതിയാ മിണ്ടാതിരുന്നത്‌.

ഏറനാടന്‍ said...

ഓത്തുപള്ളീലന്നു നമ്മള്‌ പോയിരുന്ന കാലം..
മൊഹബ്ബത്തിന്‌ പ്രായോ കണ്ണും മൂക്കുമൊന്നുമില്ലാന്ന് ഇപ്പോള്‍ പുടികിട്ടി. മുടുക്കന്‍, മുടുമുടുക്കന്‍..

ദില്‍ബാസുരന്‍ said...

അതുല്ല്യ ചേച്ചീ,
നാനയുടെ നടുപ്പേജ് അറിയില്ലാ? കഥകളിയുടെ ആസ്വാദനം അവിടെയല്ലേ വരാറ്? നളചരിതത്തിലെ “യാമി യാമി ഭൈമീ കാമിജം... ശീഘ്രം സാദയീ” ഒക്കെ ഞാന്‍ അവിടന്നാ പഠിച്ചേ... :-)

ദേവന്‍ said...

അയ്യേ,
വെടി വച്ചിട്ടു ഇഠോ എന്നും പറയാന്‍ ആവശ്യപ്പെടല്ലേ അതുല്യാ.

നാനായുടെ 30 പേജും ആളുകള്‍ വാങ്ങുന്നത്‌ അതെല്ലാം വായിക്കാനല്ല, സെന്റര്‍ സ്പ്രെഡ്‌ അല്ലെങ്കില്‍ ഒരുമിച്ചായ ഉള്ളിലെ രണ്ടേ രണ്ടു പേജ്‌. അത്‌ സിഡ്കോ ശാന്തി, സില്‍ക്ക്‌ സ്മിത, അനുരാധ, സീമ, ഉണ്ണിമേരി, തുടങ്ങി ആരുടെയെങ്കിലും ബഹുവര്‍ണ്ണ പോസ്റ്റര്‍ ആയിരിക്കും.

മലയാളികള്‍ പുസ്തകല്‍ ഇടത്തു നിന്നും വലത്തോട്ടു വായിക്കും. അറബികള്‍ വലത്ത്‌ മോസ്റ്റ്‌ പേജില്‍ നിന്നും ഇടത്തോട്ട്‌ വായിക്കും . ചെറുപ്പക്കാര്‍ നാന നടുക്കു മാത്രം വായിക്കും. പുരിഞ്ചിതാ?

ശ്രീജിത്ത്‌ കെ said...

C:\My Love Documents\Recent Loves\Bindu_Temp - Out of the box thinking, Awesome !!!

ഇത് സമീപകാലത്തിറങ്ങിയതില്‍ വച്ചേറ്റവും കലക്കന്‍ സാധനം. എങ്ങിനെ ഇതൊക്കെ മനസ്സില്‍ വരുന്നെന്റെ ഇഷ്ടാ. കലക്കന്‍ പോസ്റ്റ്. അസ്സലായി വിവരണം

ഓ.ടോ: വായന കഴിഞ്ഞപ്പോള്‍ ഒരു സംശയം. ഇത് ഇടിവാള്‍ എഴുതിയതോ വിശാലന്‍ എഴുതിയതോ എന്ന്. ഒരു ശൈലി കൊടുക്കലും വാങ്ങലും കാണുന്നുണ്ടല്ലോ ;)

അലിഫ് /alif said...

‘കദന ഗദ’ഗംഭീരമായിട്ടുണ്ട് ഇടിവാള്‍ജീ. ഒറ്റയിരുപ്പിനാണ് വായിച്ചത്,നല്ല പ്രയോഗങ്ങള്‍ കലക്കന്‍ അവതരണം. വൈകുന്നേരം വരെ വെള്ളം കോരിയിട്ട് അവസാനം കലമുടച്ചെന്നോ മറ്റോ ഒരു ചൊല്ലില്ലേ അതന്നെ. എന്നാലും ആ കുട്ടിക്ക് പറയാനുള്ളത് കൂടി കേള്‍ക്കാമായിരുന്നു, എന്തായാലും അത്രയും നേരം കാത്തുനിര്‍ത്തിയതല്ലേ.തിരിച്ച് ‘ഐ ലവ് യു റ്റൂ ‘ എന്നോ മറ്റോ ആയിരുന്നെങ്കിലോ, ദില്‍ബന്‍പറഞ്ഞത്പോലെ എക്സ്‌പീരിയന്‍സിന്റെ കുറവുണ്ട്. ഇനി എക്സ്പീരിയന്‍സ് കിട്ടിയശേഷമുള്ള “പ്രണയാന്വേഷണ പരീക്ഷകള്‍" പോരട്ടെ.

കണ്ണൂസ്‌ said...

ഇടിയേ അസാധ്യ അലക്കായി ഈ പോസ്റ്റ്‌.

"മനസ്സിന്റെ കായലരികത്ത്‌ വന്നിരുന്നു, മുളവടിയില്‍ ടാങ്കീസ്‌ കെട്ടി, അതിലൊരു ചൂണ്ടയുമിട്ട്‌, ഹൃദയത്തില്‍ കൊളുത്തി വലികള്‍ നടത്തിക്കൊണ്ടിരുന്ന" ബിന്ദുവിനേയോര്‍ത്ത്‌ എനിക്ക്‌ ചിരി അടക്കാന്‍ വയ്യ.

പുള്ളി said...

ഇടിഗെഡി, മനുഷ്യമനസ്സുകളെ എടുത്തമ്മാനമാടുന്നു എന്നൊക്കെ കേട്ടിട്ടേയുള്ളൂ. ഇത് അതിനപ്പുറം കടന്ന് മനസ്സിനെയെടുത്ത് ഒരു ഫ്രീകിക്ക് ചെയ്തു കളഞ്ഞൂലോ. ആ ഫോഡറില്‍ പോയി 'type *.*' എന്ന കമാന്ഡ് കൊടുക്കൂ വേഗം

വേണു venu said...

ഉപമകളുടെ പെരുമഴക്കാലമോ,ഇടിവാളേ സൂപ്പര്‍.

പടിപ്പുര said...

(തുടര്‍ച്ച)
ഇരുപത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരു ദിവസം.
ചെമ്പുകാവ്‌ ജംഗ്ഷന്‍, സമയം വൈകുന്നേരം 5 മണി.
അവധിക്കാലത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി 'രണ്ടെണ്ണം' വിടാന്‍ നാട്ടിലെ ഒന്നുരണ്ട്‌ ഗഡികളെയും കാത്ത്‌ നില്‍ക്കുകയാണ്‌.
അപ്രതീക്ഷമായി ബിന്ദു മുന്നില്‍.

സബ്ജക്ടില്‍ തൊടാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട്‌ ഏറെനേരം സംസാരിച്ചു. നാട്ട്‌ വിശേഷങ്ങള്‍, വീട്ട്‌ വിശേഷങ്ങള്‍, കുടുംബ വിശേഷങ്ങള്‍...

ഒടുവില്‍ യാത്രപറഞ്ഞ്‌ പിരിയാന്‍ നേരത്ത്‌ എന്തോ പറയാനുള്ളത്‌ പോലെ ബിന്ദു തിരിഞ്ഞുനിന്നു...

(ബിന്ദു എന്തോ പറഞ്ഞു. ആ ക്ലൈമാക്സ്‌ ഇടിവാള്‍ തന്നെ പറയും)

മുരളി വാളൂര്‍ said...

ദെന്തൂട്ടാ സാധനം. എന്റെ മേന്‍നേ, അസാധ്യം തന്നെ കെട്ടോ മേന്‍ന്റെ ഈ എഴുത്ത്‌. ഈ വാളിനു മോളില്‍ വെട്ടാന്‍ മറ്റൊരു ഇടിയില്ലതന്നെ. കലക്കിക്കടുവറുത്തു...!

അയ്യയ്യോ അതുല്യേച്ചി ഇതുവരെ നാന കണ്ടിട്ടില്ലേ, ഷെയിം ഷെയിം.

വല്യമ്മായി said...

തിരിച്ചൊരു "ഐ ലവ്‌ യൂ റ്റു..." കേള്‍ക്കാന്‍ അവിടെ നില്‍ക്കാത്തതിനാല്‍ ബിന്ദുവിന്‍റെ ജീവിതം രക്ഷപ്പെട്ടു.

ശരിക്കും ഇടിവാളിന്‍റെ കയ്യൊപ്പ് പതിഞ്ഞ കൃതി.

വിശാല മനസ്കന്‍ said...

എന്റെ ഇടിവാളേ!!!

എന്തിറ്റാ പെട! ഹ്ഹ്ഹൌ!!!

ചിരി മാത്രമല്ല, കിണ്ണങ്കാച്ചി പ്രയോഗങ്ങള്‍ വായിച്ച് ഞാന്‍ ത്രില്ലടിച്ചു ത്രില്ലടിച്ച് ത്രില്ലപ്പനായി മാറി ഗഡീ.

സൂപ്പറ് പോസ്റ്റ്.

ശാലിനി said...

“വടക്കേപ്പറമ്പിലെ കരുവള്ളിക്കോല്‍, എണ്ണ പുരട്ടി, പിള്ളേരുടെ തുടകള്‍, നടുമ്പുറം, കൈകള്‍ കാലുകള്‍, എന്നി ശരീരത്തിന്റെ പുറമ്പോക്കുകളില്‍ ഫോട്ടോസ്റ്റാറ്റു കോപ്പിയെടുത്തു കളിക്കുക എന്നത്‌ അദ്ദ്യത്തിന്റെ ചുരുക്കം ഹോബികളിലൊന്നായിരുന്നു.“

രാവിലെ കുറേ ചിരിച്ചു. കമന്റ്റുകള്‍ വായിച്ച് പിന്നേയും ചിരിച്ചുകൊണ്ടിരിക്കുന്നു.

Anonymous said...

ഗഡീ... കുറച്ചുനേരായിഷ്ട്ടാ...ഞാന്‍ ഈപോസ്റ്റ് ഓപ്പണ്‍ ചെയ്തിട്ടിട്ട്...ഇപ്പോഴാ‍ ആളൊഴിഞ്ഞു ഇച്ചിരിക്കോളം സമയം കിട്ടിയത്... എന്നാലും ബിന്ദുവിനു പറയാനുള്ളതു കൂടി കേള്‍ക്കാമായിരുന്നു....

“അക്ഷരമാല തുടങ്ങുന്നത്‌ "അ" യിലെന്നപോലെ, ഒരു ലൈന്‍ (വര) തുടങ്ങുന്നത്‌ പോയന്റില്‍ (ബിന്ദു) വിലെന്ന പോലെ, എന്റെ ലൈനും തുടങ്ങിയത്‌ ബിന്ദുവില്‍ നിന്നാണ്‌. “ നിങ്ങളെ സമ്മതിക്കണം...

ഓ:ടോ : ജെ . ടി. എസ്സി ലാണല്ലേ പടിച്ചത്...ഞാനും ഒരു ജെ . ടി. എസ്സില്‍ ആണു പടിച്ചത്..വൈകുന്നേരം കാക്കിയിട്ട് ബസ്സില്‍ കയറിയ എന്നോടു ഏതു ബസ്സിലാടാ നിനക്കു പണി എന്നു ചോദിച്ച കണ്ടക്ടറെ ഞാന്‍ ഇന്നും മറന്നിട്ടില്ല...

magnifier said...

ഇടിവാളു ഗഡീ, പടവാളുമൊഴീ
ബ്ലോഗിലൊരുത്സവപുകപടലം!

ഇടിവാള്‍ മുഴങ്ങുന്നു, വിശാലന്‍ തകര്‍ക്കുന്നു,കൂടെ ഇത്തിരിയുടെ പൂത്തിരിയും...ഈ അരവിന്ദന്‍ എവിടെപ്പോയോ ആവോ?

അഗ്രജന്‍ said...

"എനിക്കു തന്നെ ഭയങ്കര ഇഷ്ടമാണ്‌, താനില്ലാത്തൊരു ജീവിതം നടുപേജ്‌ ഇല്ലാത്ത "നാന" പോലെ, സോഡയൊഴിക്കാത്ത സ്മോളു പോലെ, വികലാംഗനില്ലാത്ത വിനയന്‍ ചിത്രം പോലെ അപൂര്‍ണമാണ്‌ ബിന്ദൂ"

ഇതെങ്കിലും ക്വാട്ടിയില്ലെങ്കിലെനിക്കുറക്കം വരില്ല.


തകതക...തകര്‍പ്പന്‍ പോസ്റ്റ് ഗഡീ...

അപാര കലക്ക്... :)

nalan::നളന്‍ said...

രസികന്‍ പോസ്റ്റ് ഗഡി.
നാനയുടെ സെന്റര്‍ പേജെന്ന ഒറ്റ പ്രയോഗം മതി ഒരു കൂട്ടം ഓര്‍മ്മകളിലേക്കു തിരിച്ചു പോകാന്‍

Sul | സുല്‍ said...

ഇതാ പ്രദര്‍ശനം ആരംഭിചിരിക്കുന്നു ഇടിവാളിന്റെ പുത്തന്‍ സസ്പെന്‍സ് ത്രില്ലര്‍ 5 മെഗാ പിക്സല്‍ പ്രണയകഥ. ബിന്ദു മുതല്‍ സ്റ്റാന്റ് വരെ.

എന്തെല്ലാം പരീക്ഷകള്‍ അല്ലെ ഇടി.

കാന്താരി മുളക് said...

സംഗതി ജോറായി.

എന്നാലോ ചില എടങ്ങേറുകളും. ലൈക്ക്-> വിശാലമനസ്കന്റെ ഒരു അനുകരണ പ്രതീതി, നാനയുടെ സെന്റര്‍ പേജ് പോലുള്ള കേട്ട് മടുത്ത പ്രയോഗങ്ങള്‍ ഇ.റ്റി.സി.

മിന്നാമിനുങ്ങ്‌ said...
This comment has been removed by a blog administrator.
തണുപ്പന്‍ said...

C:\My Love Documents\Recent Loves\Bindu_Temp

കലക്കീട്ടുണ്ട് ട്ടാ...

മിന്നാമിനുങ്ങ്‌ said...

കഥ തുടരുന്നു...

നീണ്ട ഇരുപത്‌ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സായാഹ്നം.

സ്ഥലം :ചെമ്പൂക്കാവ്‌ ജംഗ്ഷന്‍.സമയം അഞ്ചു മണി

ചെറിയ ചാറ്റല്‍ മഴയുണ്ട്‌. കാറിന്റെ വാതിലടച്ച്‌ ബസ്റ്റോപ്പിനരികിലുള്ള ആ മെഡിക്കല്‍ സ്റ്റോറിലേക്ക ഞാന്‍
ഓടിക്കയറി. പോക്കറ്റില്‍ നിന്നും കുഞ്ഞിനു ചുമക്കു ഡോക്റ്റര്‍ കുറിച്ചു തന്ന സ്ലിപ്പെടുത്തു കൌണ്ടറില്‍ കൊടുത്തു.

സ്റ്റോറിന്റെ അരികില്‍ ബസ്സു കാത്ത് നിന്ന അവളെക്കണ്ട്‌ എനിക്ക്‌
വിശ്വസിക്കാനായില്ല.

ശ്രീദേവി...അല്ല,ബിന്ദു

കാലം അവളില്‍ ഒത്തിരി മാറ്റം വരുത്തിയതു കൊണ്ടാകണം ആദ്യനോട്ടത്തില്‍ ശ്രീദേവിയാണെന്നു തോന്നിയത്‌.

"താനിവിടെ?"..ഞാനവളോട്‌ ചോദിച്ചു

ഇരുപത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പൊരു നാള്‍ ഏതൊ ഒരു ഗഡി ഇതേ സ്ഥലത്ത്‌ വെച്ച്‌ എന്നോടൊരു സുപ്രധാന കാര്യവും പറഞ്ഞിട്ട്‌ മറുപടിക്കു പോലും കാത്തുനില്‍ക്കാതെ,തിരക്കുള്ള ബസ്സാണെന്നു പോലുമോര്‍ക്കാതെ ചാടിക്കയറിപ്പോയതാണു.
അന്ന് തുടങ്ങിയതാണു ഞാനീ ഒരേകാലിലുള്ള നിര്‍ത്തം.ഗഡി ഇപ്പൊ വരും,ഇപ്പൊ വരും എന്ന് കരുതി പകുതി വായിലും പകുതി കയ്യിലുമായി കരുതി വെച്ചിരിക്കുന്ന ഈ മറുപടിക്ക്‌ വേണ്ടി പുള്ളി എന്നെങ്കിലുമൊരിക്കല്‍ വരുമെന്നു കരുതി നില്‍ക്കുകയാണു.

എന്തുപറയണമെന്നറിയാതെ,വട്ടം കറങ്ങി നിന്നപ്പോള്‍ അച്ചന്റെ കൈപ്പത്തിയും പ്രിയതമയുടെ പിണക്കവും ക്ഷണിക്കാത്ത അതിഥികളായി മനസ്സില്‍ ഓടിയെത്തിയപ്പോള്‍ കയ്യിലുണ്ടായിരുന്ന നടുപ്പേജ്‌ നഷ്ടപ്പെടാത്ത നാന കൊണ്ട്‌ മുഖം മറച്ച്‌ മെഡിക്കല്‍ഷോപ്പില്‍ നിന്ന് വാങ്ങിയ മരുന്നുകളുമായി കാറിനരികിലേക്കു നീങ്ങുമ്പോള്‍ പുറകില്‍ നിന്നാരോ വിളിക്കുന്ന പോലെ തോന്നി..

"ചതിയന്‍ ! "

indiaheritage said...

കലക്കി ഇടിവാളേ കലക്കി, പക്ഷെ വായിച്ചു വായിച്ചു അവസാനം എത്തിയപ്പോള്‍ ഏതാണ്ട്‌ എങ്ങും ത്താത്തപോലാക്കിക്കളഞ്ഞല്ലൊ

ചില നേരത്ത്.. said...

ഇടിവാളെ സംഗതി കലക്കി.
ചിരി രാജാക്കന്മാര്‍ക്ക് ത്രെഡ് നഷ്ടപ്പെട്ടോന്ന് പേടിച്ചിരുന്നു ..ഇല്ലെന്നുറപ്പായി.

തഥാഗതന്‍ said...

അങ്ങനെ പത്താം തരത്തില്‍ എത്തിയപ്പോഴേക്കും "ഇനിയൊരു പ്രേമമൊക്കെയാവാം" എന്നുള്ള സെല്‍ഫ്‌ കോണ്‍ഫിഡന്‍സിലേക്കു ഞാനെത്തിയെങ്കിലും, സ്യൂട്ടബിളായ ഒരു പുളിങ്കൊമ്പ്‌ കാണാത്തതിനാല്‍,ചൊവ്വാ ദോഷക്കാരന്‍ പെണ്ണന്വേഷിച്ചു നടക്കും പോലെ, ഞാന്‍ വേക്കന്‍ഡ്‌ ഹാര്‍ട്ടുമായി", ഹൃദയ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ട്‌ "പ്ലീസ്‌ കം..... ബീ സീറ്റഡ്‌" എന്നൊരു വെല്‍ക്കം മെസ്സേജും തൂക്കിയിട്ട്‌ തേരാപ്പാര നടന്നു.

ഇടിവാള്‍ജീ.. നമിച്ചു...

ഇടിവാളിന്റെ രചനകള്‍ എല്ലാം ചേര്‍ത്ത്‌ പണ്ട്‌ ഉണ്ണിയേട്ടന്‍(പാവം കഴിഞ്ഞ ശനിയാഴ്ച്ച മരിച്ചു പോയി) എം.ടി. യുടെ ആദ്യത്തെ പുസ്തകം പ്രസാധനം ചെയ്ത പോലെ ഒരു പുസ്തകമാക്കി ഇറക്കിയാലൊ എന്നാണ്‌ ഞാന്‍ ആലോചിക്കുന്നത്‌.. ലാഭത്തിന്റെ പത്തില്‍ ഒന്ന്‌ ഇടിവാളിന്‌

അത്തിക്കുര്‍ശി said...

ഇടിവാള്‍,

ചൂടോടെ തന്നെ വായിച്ചിരുന്ന്. ക്കമന്റാന്‍ വൈകിയെന്നു മാത്രം.

താങ്കളുടെ നര്‍മ്മം അപാരം തന്നെ.. ഓരൊ വരികളിലും ഹാസ്യം ലയിപ്പിച്ചിരിക്കുന്നു. തന്തുവിലെ സ്വഭാവികതയും, നര്‍മ്മത്തിന്റെ ചെരുവകളും ആവശ്യത്തിനായപ്പോള്‍, വീണ്ടും ഒരു ഇടിവെട്ട്‌ പോസ്റ്റ്‌!!

തറവാടി said...

നന്നായി ട്ടോ ഇടിവാളേ

ബിന്ദു said...

ഹി ഹി.. പണ്ടൊക്കെ സിനിമ കാണുമ്പോള്‍ ഒരു നായികക്കു പോലും ബിന്ദു എന്നു പേരിടുന്നില്ലല്ലൊ എന്നു സങ്കടപ്പെട്ടിട്ടുണ്ട്. ഇതു കണ്ടപ്പോള്‍ സമാധാനമായി.:)
വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു, പതിവു പോലെ.

ബിന്ദു said...

അറിഞ്ഞുകൊണ്ടല്ലെങ്കിലും 50 എനിക്കു കിട്ടി.:) എനിക്കു വയ്യ എന്നെ കൊണ്ട്.

ഇടിവാള്‍ said...

പുതിയ പോസ്റ്റു വായിച്ചു കമന്റിയവര്‍ക്കെല്ലാം നന്ദി.

ശ്രീജിത്തേ, സൂര്യോദയം, കാന്താരി: നിങ്ങളു മൂന്നുപേര്‍ക്കും ( പിന്നെ പറയാതിരുന്ന ചിലര്‍ക്കും?) തൊന്നിയ ഒരു കാര്യത്തെപ്പറ്റി ഒന്നു ക്ലാരിഫൈ ചെയ്തേക്കാമെന്നോെര്‍ത്തു.
പോസ്റ്റ്‌ എന്റെ വക തന്നെ. അതില്‍ വിശാലന്‍ ടച്ച്‌, അഥവാ അനുകരണം കയറി എന്നു നിങ്ങള്‍ക്കു തോന്നിയതില്‍ ഖേദമുണ്ട്‌. മനപ്പൂര്‍വമല്ല, പക്ഷേ, വിശാലന്റെ പോസ്റ്റുകളുടെ ഒരു സ്ഥിരം വായനക്കാരന്‍ എന്നതുകൊണ്ടും, അങ്ങേരടെ ഒരു ആരാധകന്‍ ആയതിനാലും, ആ ഒരു രീതി കയുറിയെങ്കില്‍, മാറ്റാന്‍ ശ്രമിക്കാം.

എന്റെ പഴയ പോസ്റ്റുകള്‍ എങ്ങനെയെഴുതിയോ, അതേ രീതിയിലാണിതും എന്നാണെനിക്കു തോന്നിയത്‌. പക്ഷേ, വായിച്ചവരുടെ അഭിപ്രായമല്ലേ മാനിക്കേണ്ടത്‌.

കാന്താരി: നാനയുടെ നടുപേജ്‌, വളരേ പണ്ടുള്ള ഒരു പ്രയോഗമാണു, സമ്മതിച്ചു. പക്ഷേ, ഇവിടെ പലരും അതു കേട്ടിട്ടില്ലയെന്നു കമന്റുകളില്‍ നിന്നും മനസ്സിലായി. വിമര്‍ശനത്തിനു നന്ദീ !

കുട്ടമേന്നേ, പാറൂ, ഇത്തിരി, സപ്തന്‍, അളിയന്‍സേ, കുറുമാനേ, ദില്‍ബാ, രാധ, കിരണ്‍സ്‌, വികടന്‍, മുല്ലപ്പൊ, പീലിക്കുട്ടി, ഉത്സവം, ഇടങ്ങള്‍, ഇക്കാസ്‌.. എല്ലാര്‍ക്കും പ്രോല്‍സാഹനത്തിനു നന്ദി.

ദേവേട്ടാ: താങ്ക്സ്‌.. അപ്പ അടുത്ത മീറ്റിനു ആ സമ്മാനവും കൊണ്ടു വരണേ !

അതുല്യാജി, ഏറനാടന്‍, ചെണ്ടക്കാര്‍ന്‍, കണ്ണൂസ്‌, നന്ദി

പുള്ളി: ആ ഫോള്‍ഡറിലെ *.* അടിച്ച്‌ പബ്ലിഷ്‌ ചെയ്യാന്‍ കൊള്ളാവുന്ന ഒന്നു രണ്ടെണ്ണം പൂശാന്‍ നോക്കാം.

വേണുമാഷെ, മുരളി മാഷേ, വല്യമ്മായി, വിശാലാ, ശാലിനി, അന്‍വര്‍ ഭായ്‌, മാഗ്നിയേ, അഗ്രൂ, നളന്‍, സുല്‍, തണുപ്പ, പണിക്കര്‍ സാറെ, ഇബ്രൂ, അത്തിക്കുര്‍ശി, തറവാടി, : കമന്റിനും പ്രോല്‍സാഹനത്തിനും വളരേ നന്ദി

പടിപ്പുര, മിന്നാമീനുങ്ങേ:
നിങ്ങളുടെ രണ്ടു പേരുടേയും "തുടരം" നന്നായി.. പക്ഷേ.. ഇതതല്ല ഗെഡീസ്‌ ! അതു വേ.. ഇതു റേ ! പഴയ പോസ്റ്റൊക്കെ ഓര്‍ക്കുന്നുണ്ടെന്നറിഞ്ഞതിുല്‍ എനിക്ക്‌ അത്ഭുതം ! ഈ ചവറൊക്കെ ഓര്‍ത്തു വക്കണമെങ്കില്‍ ഒരുപാടു മെമ്മറി കാര്‍ഡു വേണ്ടി വരുമല്ലോ?

തഥാഗതന്‍ജീ: താങ്കള്‍ തമാശക്കു പറഞ്ഞതാണെങ്കിലും, കേട്ടപ്പോള്‍ ഒരു സന്തോഷം ഉണ്ട്‌ കേട്ടോ ! ഈ ചവറൊക്കെ പ്രസിദ്ധീകരിച്ചാലുള്ള ഭവിഷ്യത്തുകള്‍ അറിയാമല്ലോ ?

മുന്ന said...

ഇടിവാള്‍ജീ തത്തകര്‍പ്പന്‍...കലകലക്കന്‍...!!!!

മുരളി മേനോന്‍ said...

പ്രിയ ഇടിവാള്‍, ഞാന്‍ താങ്കളുടെ എഴുത്തുകള്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും കമന്റിടാറില്ല... അതിനുള്ള സമയമാവട്ടെ എന്നു കരുതി ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു. ഉള്ളിന്റെ ഉള്ളില്‍ നിന്ന് വാക്കുകള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ് തൊടുക്കാന്‍ കഴിയുന്നു എന്നുള്ളത് വലിയൊരു കഴിവാണ്. എനിക്കതിനോട് സ്നേഹമാണ്, ബഹുമാനമാണ്, വാത്സല്യമാണ്. താങ്കളുടെ പ്രണയാന്വേഷണ പരീക്ഷകള്‍ എത്തി നിന്നപ്പോള്‍ ഞാനോര്‍ത്തത് ഒരു കുമ്പസാരകൂട്ടില്‍ അച്ഹന്റെ ക്ഷമ നശിച്ച് അച്ചന്‍ പറഞ്ഞ വാക്കുകളാണ്..... അത് പിന്നീട് എപ്പോഴെങ്കിലും തമാശയാ‍യി എഴുതാം. താങ്കളുടെ സെന്‍സ് ഓഫ് ഹ്യൂമര്‍ ഒരിക്കലും കൈമോശം വരാതെ സൂക്ഷിക്കുക, സസ്നേഹം

സങ്കുചിത മനസ്കന്‍ said...

എഡേയ്....
എഡേയ്.....

ഗാലഘട്ടം ഒരു കൊല്ലം പിന്നിലേക്ക് മാറ്റി അല്ലഡേയ്....

ഡേഹാന്‍ഡന്‍ (ദിനകരന്‍) ;)

സത്യം സത്യമായി ഞാന്‍ എഴുതട്ടഡേയ്.....

ദിവ (diva) said...

ഹേ, ഇത്ര പെട്ടെന്ന് ഇത്രേം കമന്റും ഇഡീടെ നന്ദി പ്രകടനോം കഴിഞ്ഞോ ! വൗ !!

ഇഡീ, കലക്കീന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും. 'കുന്തളിച്ചൂ' ന്ന് പറയ‍ണ്ടി വരും, 'കൂന്തളിച്ചൂ'ന്ന്...

ഇത്ര ചെറിയൊരു സംഭവം ഇതുപോലൊരു ഇടിവെട്ട്‌ പോസ്റ്റാക്കിമാറ്റിയ ഇഡി അപാരന്‍, ഭയങ്കരന്‍, ഭീകരന്‍ :-)

പ്രേമലേഖനം കൊടുക്കാനും ഐ ലവ്‌ യൂ പറയാനും ധൈര്യമില്ലാതിരുന്നതുകൊണ്ട്‌, സത്യം പറഞ്ഞാല്‍, ഇതു വായിച്ചപ്പം എന്റെ ചങ്കും നന്നായിട്ടിഡിച്ചു എന്ന് ഞാന്‍ വെളിപ്പെടുത്തട്ടെ.

അവസാനമൊന്നും നമുക്ക്‌ പ്രശ്നമല്ലാ ഗഡീ, വായാനാനുഭവമാണ് പ്രധാനം. അല്ലാതെ ഇദിലിപ്പം എന്തു ക്ലൈമാക്സാ ഉണ്ടാകാന്‍ സാധ്യത. അല്ലെങ്കില്‍ തന്നെ, നായകന്‍ പേടിച്ച്‌ വിറച്ചിട്ട്‌, മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ പോയാല്‍ പിന്നെ എന്തൂട്ട്‌ ക്ലൈമാക്സ്‌

അനുകരണത്തിന്റെ ആരോപണത്തിലും ഞാന്‍ ഇഡിയുടെ വശത്താണ്. ഇതൊന്നും വിചാരിച്ച്‌ ഇഡി എഴുതാതിരിക്കരുതെന്നൊരു ആഗ്രഹം പ്രകടിപ്പിക്കട്ടെ.

അപ്പോള്‍, ഇഡിയുടെ ഏറ്റവും നല്ല മൂന്നു പോസ്റ്റുകളില്‍ ഇതും.

ങ്ങള് ബേജാറാവാണ്ടെ കലക്കിപ്പൊളി തുടരെന്റെ ഗഡീ

പച്ചാളം : pachalam said...

നശിപ്പിച്ചു...കമ്പ്ലീറ്റ് നശിപ്പിച്ചു!!!
പോസ്റ്റൊക്കെ ഇഷ്ടപ്പെട്ടു, പക്ഷേ സംഭവം വെറുതെയായില്ലേ..
(ലവള് നാണിച്ച്, ചമ്മി, തലകുനിച്ച് നിന്ന് കേള്‍ക്കുമെന്നായിരിക്കും ഇടിവാള്‍ജി കരുതിയേ...
“പറയൂ....” എന്നു കേട്ടപ്പോത്തന്നെ ഇഷ്ടന്‍റെ കമ്പ്ലീറ്റ് ഗ്യാസും പോയി...ഹ ഹ...)

Adithyan said...

ഇടിവാളിന്റെ പോസ്റ്റുകളില്‍ നൂറില്‍ തൊണ്ണൂറ്റെട്ടും ബാച്ചിലര്‍ കാലത്തെപ്പറ്റിയാണല്ലോ... ;)

ആ നല്ലകാലത്തിന്റെ ഓര്‍മ്മകള്‍ മരിക്കുന്നില്ലല്ലേ? അതു കഴിഞ്ഞ് കല്ല്യാണം കഴിഞ്ഞേപ്പിന്നെ സന്തോഷമുള്ള അനുഭവങ്ങള്‍ ഒക്കെ വളരെ കുറവാണല്ലെ? ;))

മനസിലാവുന്നുണ്ട്...

biminith said...

ചേട്ടാ നല്ല ഭാഷ....ശ്രമിച്ചാല്‍ അടിപൊളിയാക്കാം....കീപ്പിറ്റപ്പ്‌

ഇടിവാള്‍ said...

ബിന്ദു: കമന്റിനു നന്ദി.
മുന്ന: നന്ദി ;)

മുരളി മേനോന്‍ ചേട്ടാ: കമന്റിനു നന്ദി. വായിച്ച്‌ ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം. പിന്നെ,കുമ്പസാരത്തിനിടക്ക്‌, പള്ളിലച്ചന്റെ ക്ഷമ നഷ്ടപ്പെട്ട കഥയല്ലേ, കേട്ട ഓര്‍മ്മ, പക്ഷേ മറന്നു. എഴുതി രസിപ്പിച്ചാലും.

ശങ്കു: വേണ്ട്രക്കാ.. നീ നിന്റെ ബ്ലോഗില്‍ സ്റ്റാന്‍ഡേര്‍ഡ്‌ സാധനം വല്ലോം ഇറക്ക്‌.

ദിവാ; നന്ദി, പ്രോല്‍സാഹനത്തിനും, പിന്തുണക്കും !

പച്ചാളം കുട്ടാ:ആദ്യത്തേതല്ലേ മോനേ, അതാ പൊളിഞ്ഞു പാളീസായത്‌.

ആദിയേ: ഹ ഹ ഹ .. ശരിയാ, ആ ബാച്ചിലര്‍ കാലത്തെ കഥകളാ എഴുതുന്നത്‌. പക്ഷേ അതിലൊക്കെ, ഒരു ചമ്മല്‍, അബദ്ധം പറ്റിയ കാര്യമുണ്ടേ.. അപ്പോ, ഒരു ആവറേജ്‌ ബാച്ചിയുടേ പ്രശ്നങ്ങള്‍ മനസ്സിലായല്ലോ ?

ബിമിനിത്‌: നന്ദി. ശ്രമിക്കാം.

തത്തറ | izad said...

ഗഡ്യേ, ജാതി പെട്യായിട്ട്ണ്ട്‌ ട്ടാ ..

കാര്യായിട്ടണ്‌ പറയണ്‌.

ഹൊ, എന്തൂട്ടാ മൊതല്‌ .. സൂപ്പറോ സൂപ്പറ്‌ ..

കലക്കി .. കക്കലക്കി .

ഉമ്പാച്ചി said...

ഒരു ഗളരി ഗുരുക്കളുടെ മോനാല്ലേ.....പാപീ

Anonymous said...

എന്റെ അയല്‍വാസീ,
“ചരക്കുകളുടെ നിര്‍മാണത്തിലും പരിപാലനത്തിലും, എന്നത്തേക്കാലത്തും മുന്‍പന്തിയില്‍ നിന്നിരുന്ന മധ്യ കേരളത്തിലെ അസംഖ്യം ഗ്രാമങ്ങളിലൊന്നായിരുന്നു ശാന്ത ശീതള സുന്ദരമായ എന്റെ ഗ്രാമമവും.“
തുടക്കം മുതല്‍ ഒടുക്കം വരെ തകര്‍പ്പന്‍..
‘ചരക്കുകള്‍‘‍ എന്ന പ്രയോഗം എന്നെ വെങ്കിടങ്ങിലും, പാ‍ടൂരും, തൊയക്കാവിലും ഒക്കെ കൊണ്ടു പോയി മാഷെ..
‘ണപ്പ് പൂശോളാട്ടാ‍ ഗടീ..’
സെന്റ് തോമാസ് കൊളേജില്‍ നിന്നും സെന്റ് മേരീസിലേക്കുള്ള റോഡില്‍ ഇപ്പൊ ചോക്കു മഴ പെയ്യുന്നുണ്ടോ എന്തൊ..?
(ഞാന്‍ ബീറ്റായില്‍ ആണ്.അതു കൊണ്ട് അനോണിയായി കമന്റ് ചെയ്യുന്നു-www.suhanirath.blogspot.com)

Anonymous said...

ഇടീസ്‌,

ഒരു ചെറുപ്പക്കാരന്റെ പ്രണയ പരാജയ കഥ..

അത്‌ സൂപ്പറാകുന്നത്‌ ആഖ്യാന രീതിയുടെ പ്രത്യേകത കൊണ്ടു തന്നെയാണ്‌...
ഈ ലോകത്തില്‍ ഒരേ ശൈലിയില്‍ കഥകളെഴുതുന്ന എത്രയോ പേരുണ്ട്‌.. അത്‌ കോപ്പിയടിച്ച്‌ എഴുതിയതാണെന്നു പറയാന്‍ മാത്രം മണ്ടനല്ല ഞാന്‍..

ഇടിഗഡിയുടെ ഈ പോസ്റ്റ്‌ സൂപ്പര്‍!!
ഓ.ടോ.- ബീറ്റാ യൂസറായാല്‍ സ്വന്തം പേരില്‍ കമന്റാന്‍ പറ്റില്ല എന്നാരാ പറഞ്ഞത്‌?
with proud: I am beta user

Anonymous said...

ഞാന്‍ വായനയുടെ മാമ്മൂല്‍ രീതികളില്‍ നിന്നു അകന്നു ബ്ളൊഗ്‌ ലോകത്ത്‌ കാല്‍കുത്തി പിച്ചവെച്ചു തുടങ്ങിയതു ഇടിവാള്‍ വായിചുകൊണ്ടാണ്‌.അളിയാ....എന്താ സാധനം...കലക്കന്‍...എങ്ങനെ ഒപ്പിക്കുന്നു.. ?നമുക്കു ഇതൊക്കെ ഒന്നു വായനയുടെ മാമ്മൂല്‍ രീതികള്‍ മാത്രം ശീലമാക്കിയവരിലും എത്തിക്കണ്ടെ?

Anonymous said...

ഹഹഹാ..ഇടിവാള്‍ ഗഡീ.ഇത് കലക്കന്‍ പോസ്റ്റു. ഹഹഹഹാ.. എസ്പെഷലി ആ ചൂരലിന്റെ ഫോട്ടോസ്റ്റാറ്റ് (സേം പിഞ്ച്) അതെനിക്ക് ശ്ശ്യ പിടിച്ചു...

ഇടിവാള്‍ said...

ഇന്നു വാലന്റൈന്‍സ് ഡേ ആണല്ലേ..

ഇറ്റിലൊന്നും വിശ്വസിക്കാത്ത ഒരു മൂരാച്ചിയാണെങ്കിലും, എന്റെ പഴയ പ്രണയ പോസ്റ്റെടുത്ത് ഒന്നു വായിച്ച് നെടുവീര്‍പ്പിട്ടു! ഹോ.. അതൊക്കെ ഒരു കാലം!

എനിക്ക് വാലന്റൈന്‍സ്ഡേ ആശംസകള്‍ ;)

Anonymous said...

me too

Anonymous said...

Ultimate comedy.
Read all u r blogs.
Keep writing.

Praveen Thomas

Ajith Nair said...

simply superb.ennallathe enthu parayan.. 24 ayi.ee tension othiri anubhavichittullathu kondum ippolum thudarunnathu kondum i really enjoyed it.
idival rockzzzzz...!

Jishad said...

പോസ്റ്റുകള്‍ എടുത്ത് ഷഫ്ഫ്‌ള്‍ ചെയ്തൊ?
(കാര്‍ഡ്‌സ് ഷഫ്ഫ്‌ള്‍ ചെയ്യുന്ന പോലെ)

കലേഷ്‌ കുമാര്‍ said...

മേന്നേ, ഗംഭീരന്‍ പോസ്റ്റ്! വന്ദനത്തിലെ പാട്ടും നാനയുടെ സെന്റര്‍സ്പ്രെഡും ഒക്കെ കലക്കി! - നൊവാള്‍ജിയ!

ചന്ദ്രകാന്തം said...

വളരെ വളരെ വൈകി മാത്രം ബ്ലോഗ് ലോകത്തെത്തിയതില് നഷ്ടബോധം തോന്നുന്നു. പ്രണയാന്വേഷണ പരീക്ഷകളിലൂടെയാണു ഇടിവാളിനെ ആദ്യമായറിഞ്ഞത്. പണ്ട് നടന്ന വഴികളും, കേട്ടു മറന്ന കഥകളും, നേരിട്ടല്ലെങിലും വളരെ പരിചിതരായ മുഖങളും വീണ്ടും ഓര്‍മയില് മിന്നി. രാമചരിതവും,മിന്നലിന്റെ ബാക്കി മുഴക്കങളും...കാര്‍മേ‍ഘം നിറഞ്ഞ മാനത്ത് വെള്ളിനിറമുള്ള വേരുകള് പോലെ എത്തി നോക്കുന്ന ഇന്ദ്രധനുസ്സും,അകമ്പടിയായെത്തുന്ന ദേവദുന്ദുഭിയും, ഏനാമാവ് ബണ്ടിന്മേല് നിന്നുകൊണ്ടു കിഴക്കോട്ടു നോക്കി, ശീതക്കാറ്റിന്റെ പിന്നണിയോടെ, കണ്ടും കേട്ടും ആസ്വദിക്കുന്ന ഒരു സുഖം തന്നു. പ്രിയ അയല്‍ക്കാരാ..നന്ദി. കൂടുതല് "വെങ്കിടീയ കഥകള്" പ്രതീക്ഷിക്കട്ടെ..

prashanth said...

എനിക്കു തന്നെ ഭയങ്കര ഇഷ്ടമാണ്‌, താനില്ലാത്തൊരു ജീവിതം നടുപേജ്‌ ഇല്ലാത്ത "നാന" പോലെ, സോഡയൊഴിക്കാത്ത സ്മോളു പോലെ, വികലാംഗനില്ലാത്ത വിനയന്‍ ചിത്രം പോലെ അപൂര്‍ണമാണ്‌ ബിന്ദൂ, ...... ഈ ലോകം മുഴുവന്‍ എതിര്‍ത്താലും നമ്മളൊന്നിച്ചു ജീവിക്കും,നീയില്ലെങ്കില്‍ ഞാന്‍ കിഡ്നി തകര്‍ന്നു സമാധിയാകും, എന്നൊക്കെ, അനവധി ഡയലോഗുകള്‍ സ്ക്രിപ്റ്റു പ്രകാരം പറയാന്‍ ബാക്കി കിടപ്പുണ്ടായിരുന്നെങ്കിലും, അതിനൊന്നും ഇടകൊടുക്കാതെ, ചോര്‍ന്നൊലിച്ചു പോയ ധൈര്യവുമായി, വേറെയൊരു വാക്കു പോലും പറയാതെ, എന്തിനു, അവളുടെ മറുപടി പോലും തിരക്കാതെ, ഞാന്‍ തിരിച്ചു നടന്നു.


I can understand the situation, Already gone trough...
Tanks

അക്കു അഗലാട് said...

ഇടിവാള്‍ജീ ഒന്നൊന്നര പോസ്റ്റ് ആയല്ലോ കിടിലന്‍
നല്ല ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി ഇടിവാള്‍ജീ
കുരുത്തക്കേടുകളുടെ തോതനുസരിച്ച്‌ എനിക്കും
ഇടയ്ക്കെക്കെ കിട്ടാറുണ്ട്‌ പിതാശ്രീയുടെചൂരല്‍ കഷായം........................

ചെലക്കാണ്ട് പോടാ said...

C:\My Love Documents\Recent Loves\Bindu_Temp

അത് കലക്കിട്ടാ....

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.