-- എ ബ്ലഡി മല്ലു --

ഒരു മടക്കന്‍ വീരഗാഥ.

Monday, October 09, 2006

സമയം: ഉച്ചക്ക്‌ ഒരു മണി.
തീയതി: ഓര്‍മ്മയില്ല
സ്ഥലം: കോയമ്പത്തൂരിലെ എന്റെ ഓഫീസ്‌.

ഓഫീസ്‌ ഫോണില്‍ എസ്‌ റ്റി.ഡി. പൂട്ടി വച്ച്‌, ഇനി നീയൊക്കെ ഒന്നു എസ്‌ റ്റി ഡി വിളിക്കുന്നതൊന്നു കാണട്ടേഡാ പിള്ളേരേ എന്ന മുഖഭാവത്തോടെ എം.ഡി യുടെ ഭാര്യാമാഡം ചവിട്ടിക്കുലുക്കി ഇറങ്ങിപ്പോയി. കുറച്ചു നാളായി ഫോണ്‍ ബില്ല് കൂടുതലാണെന്നു പരാതിക്കു ശേഷമാണ്‌ അങ്ങനൊരു കുന്ത്രാണ്ടം കൊണ്ടു പിടിപ്പിച്ചിരിക്കുന്നത്‌. മാഡം ബഹിര്‍ഗമിച്ചതിന്റെ ഒരു "ഇഫക്റ്റ്‌" തീര്‍ന്നതും, കമ്പനിയോട്‌ ഒരു ലോഡ്‌ ആത്മാര്‍ത്ഥതയും കൊണ്ടു ചുമന്നു നടക്കുന്ന, അന്നേരം ഓഫീസിലുണ്ടായിരുന്ന നാലുപേരും എണീറ്റു സ്ഥലം കാലിയാക്കുന്നതും നോക്കി ഞാന്‍ നിന്നു. ശേഷം മെല്ലെ സീറ്റില്‍ നിന്നും എണീറ്റു. ഒരു കൈ ഫോണിലേക്കും മറു കൈ പോക്കറ്റിലേക്കും നീണ്ടു. പോക്കറ്റില്‍ നിന്നും "സ്പെഷല്‍ ചാവിയെടുത്തു. എസ്‌ റ്റി. ഡി ലോക്കിന്റെ പൂട്ടു തുറന്നു. *** തൃശ്ശൂര്‍ കോഡടിച്ച്‌ വീട്ടിലെ നമ്പര്‍ ഡയല്‍ ചെയ്തു.

റിങ്ങു ചെയ്യുന്നുണ്ട്‌.. ഇതെന്താ ഈ അമ്മക്കു ഫോണെടുക്കാനിത്ത്ര താമസം? എന്തൊക്കെ റിസ്കെടുത്തിട്ടാണ്‌ ഇങ്ങനെ ഓഫീസില്‍ നിന്നും കട്ടു വിളിക്കുന്നതെന്നു ഇവര്‍ക്കറിയുമോ? ആദ്യമൊക്കെ "ആഴ്ചയിലൊരിക്കലെങ്കിലും വിളിക്കടാ മോനേ" എന്നു പറഞ്ഞിരുന്ന അമ്മ ഇപ്പോള്‍, ഇങ്ങനൊരു ഫസിലിറ്റി കിട്ടിയശേഷം ഡെയ്‌ലി വീട്ടിലേക്കു വിളിക്കുമ്പോള്‍, "നെനക്കു വേറെ പണിയൊന്നൂല്ല്ല്യഡാ ചെക്കാ.. ഇനി ഇങ്ങ്‌ട്‌ വിളിച്ചാ നിന്റെ കാലു തല്ലിയൊടിക്കും" എന്നു വരെ പറഞ്ഞു ഒരിക്കല്‍!

അങ്ങനെയൊരിക്കല്‍ ഫോണ്‍ ചെയ്തപ്പോഴാണ്‌ അമ്മ ആ സന്തോഷ വാര്‍ത്ത പറയുന്നത്‌. കഷ്ടി ഒരു വര്‍ഷത്തെ പ്രാര്‍ത്ഥനകളും, രണ്ടു രൂപാ റേറ്റില്‍ അടുത്തുള്ള അമ്പലത്തില്‍ മുടങ്ങാതെ ചെയ്യുന്ന വഴിപാടുകളും "ഡാം വേസ്റ്റല്ല" എന്നു റീകണ്‍ഫേം ചെയ്തുകൊണ്ട്‌, ഒരു ജൂലൈ മാസത്തില്‍ അമ്മാവന്‍ എനിക്കു വിസാ അയച്ചു തന്നിരിക്കുന്നു. അതെ അമ്മൂമ്മ "എന്നോസി" എന്നു മലയാളീ കരിച്ചു പറയുന്ന അതേ വിസ.. വിസിറ്റ്‌ വിസാ!

എന്നോസി കിട്ടിയെന്നറിഞ്ഞതും ഗ്യാപ്പു കിട്ടിയാ അപ്പോ എസ്‌. റ്റി. ഡി വലയം ഭേദിച്ച്‌, വീട്ടിലേക്കും, പിന്നെ ബോറടിച്ചാല്‍ നാട്ടില്‍ ഫോണുള്ള സകല പരിചയക്കാരേയും വിളിച്ച്‌ കത്തി വക്കല്‍ ഒരു ശീലമായി. അടുത്ത ഫോണ്‍ ബില്ലു വരുമ്പോഴേക്കും ഞാനങ്ങു ദുബായിലെത്തുമല്ലോ എന്ന ധൈര്യം. അന്നത്തെക്കാലത്ത്‌ വെങ്കിടങ്ങില്‍ ഏതു വീട്ടിലും ഫോണടിച്ചാല്‍ ( എസ്‌റ്റിഡി യുടെ ലോങ്ങ്‌ റിങ്ങ്‌) ആള്‍ക്കാരു പറഞ്ഞു തുടങ്ങീ .. 'അതാ ചെക്കനാവും, കോയമ്പത്തൂരുന്ന്.."

കുഞ്ഞിക്കൂനനില്‍, സലിം കുമാര്‍ കൊച്ചിന്‍ ഹനീഫയോട്‌ "ഞാന്‍ രാജി വച്ചിരിക്കുന്നു.. ദേ പിടിച്ചോ എന്റെ റെസിഗ്നേഷന്‍ ലെറ്റര്‍" എന്നും പറഞ്ഞ്‌ ഒരു സ്ക്രൂഡ്രൈവര്‍ കൊടുക്കുന്ന പോലെ, പോണ്ടിച്ചേരിയിലും, ഊട്ടിയിലുമൊക്കെ പോകുമ്പോള്‍ എന്റെ സന്തത സഹചാരിയായിരുന്ന, ടൂള്‍ ബോക്സ്‌ എന്നറിയപ്പെടുന്ന ആ സാംസണൈറ്റിന്റെ പെട്ടി, പോണ്ടിച്ചേരിയില്‍ നിന്നും തിരിച്ചുള്ള യാത്രകളില്‍ അനേകം പൈന്റുകളൊളിപ്പിച്ച ആ പേടകം തിരിച്ചേല്‍പ്പിച്ച്‌ ഞാന്‍ "റെസിഗ്നേഷന്‍ സമര്‍പ്പിച്ചു". നീ പോയാലെനിക്ക്‌ അത്‌ മാങ്ങേടെ ഔട്ടര്‍ സ്കിന്‍, അഥവാ മാങ്ങാത്തൊലി, എന്നായിരുന്നോ മുതലാളി തന്‍ അന്തക്കരണക്കുറ്റിയുലിരുന്നിരുന്നത്‌ എന്ന ശങ്കയെ ബലപ്പെടുത്തിക്കൊണ്ട്‌ "പ്ലീസ്‌ താന്‍ പോകല്ലേഡോ, ഇംക്രിമെന്റു തരാം" എന്നൊന്നും എം.ഡി അപേക്ഷിച്ചില്ല, മറിച്ച്‌, കസേരയില്‍ നിന്നെനീറ്റ്‌ ബാക്കി ശമ്പളവും, ഒരു ഷേക്കാന്‍ഡും, പിന്നെ ഒരു ഓള്‍ ദ ബെസ്റ്റും തന്നു.

അങ്ങനെ കഷ്ടി ഒരു വര്‍ഷം നീണ്ട സംഭവ ബഹുലമായ കോവൈ ദരിദ്രവാസം അവസാനിപ്പിച്ച്‌ വിജയശ്രീലാളിതനായി മടങ്ങുമ്പോള്‍, കമ്പനിയില്‍ നിന്നും തന്ന 8 മാസത്തെ എക്സ്പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റിന്റെ പുറമേ, അവിടന്ന് അടിച്ചു മാറ്റിയ രണ്ടു മൂന്നു ഒറിജിനല്‍ "ബ്ലാങ്ക്‌" ലെറ്റര്‍ഹെഡുകളുമുണ്ടായിരുന്നു.. കമ്പനി സീല്‍ സഹിതം. ഭാവിയിലെങ്ങാനും ഉപകരിച്ചാലോന്ന്‌? യേത്‌?

അണ്ണന്മാരേയും ഇദയക്കനികളേയും വിട്ടെറിഞ്ഞു ആനവണ്ടിയില്‍ തൃശ്ശൂരിറങ്ങി, കുടുമ്മത്തെത്തിയതും എനിക്കു പുരിഞ്ചു, എന്റെ "എന്നോസി"ക്കാര്യം നാട്ടിലും പരിസരപ്രദേശത്തുള്ളവരും അറിഞ്ഞിരിക്കുന്നെന്നു. അമ്മാതിരി പബ്ലിസിറ്റിയണു വീട്ടുകാരു കൊടുത്തിരിക്കണേ. വെങ്കിടങ്ങു സിനിമാതീയറ്ററിലെ കപ്പലണ്ടി കച്ചോടക്കാരന്‍ തൊട്ട്‌, കരുവന്തല അമ്പലത്തിന്റെ പരിസരത്ത്‌ ടെന്റടിച്ചു താമസിക്കുന്ന തമിഴന്മാരു വരെ എന്നോടു ചോദിച്ചു തുടങ്ങി .. "അല്ലാ, എന്നാ പോണേ? ഹും.,. എന്നെ പായ്‌ക്കു ചെയ്യാന്‍ എന്താ ഉത്സാഹം ഇവന്മാര്‍ക്ക്‌.

പക്ഷേ ഒരു ഗുണമുണ്ടായി കേട്ടോ, നാട്ടിലെ നായമ്മാരു പെമ്പിള്ളേരുടെ വീടിന്റെ മുന്‍പില്‍ ബൈക്കിന്റെ സ്പീഡു ഓട്ടോമാറ്റിക്കായി കുറക്കുമ്പോള്‍, അവരുടെയൊക്കെ തന്തപ്പിടികള്‍ തന്നിരുന്ന ആ ദഹിച്ച നോട്ടം കമ്പ്ലീറ്റു സ്റ്റോപ്പായി.. മറിച്ച്‌, തന്തപ്പിടികളും കുശലം ചോദിച്ചു തുടങ്ങി, "എന്നക്കാ യാത്ര? ". ആരറിഞ്ഞു, ഭാവിയില്‍ മരുമകന്റെ കുപ്പായമിട്ട്‌ ഗള്‍ഫീന്നു വരുമ്പോ ഒരു കുപ്പി തരാന്‍ യോഗം ഇവനല്ലെന്ന്‌ ?

അങ്ങനെ പണിക്കരെ വിളിച്ച്‌ രാഹുകാലവും, ഗുളികകാലവും, കഷ്ടകാലവുമൊക്കെ ഗുണിച്ചു പെരുക്കി ഹരിച്ച്‌, അങ്ങേരൊരു തീയതി തന്നു.. ആഗസ്ത്‌ 10. വളരേ വിശേഷപ്പെട്ട ദിവസമാണത്രേ! കേതുവും, ബുധനും കൂടി ഒരുമിച്ചു മീറ്റിങ്ങിനു പോകുന്ന ദിവസമാണത്രേ, അന്നു യാത്ര ചെയ്തവരൊക്കെ വച്ചടി വച്ചടി കയറിയിട്ടുണ്ടെന്ന്‌.

അങ്ങനെ പത്താം തീയതിക്കൊരു ടിക്കറ്റും വേണമെന്ന ആഗ്രഹവുമായി വീട്ടീന്ന് ഇറങ്ങിയ ഞാന്‍ ചെന്നെത്തിയത്‌ ഒരു സിംഹത്തിന്റെ ട്രാവല്‍ ഏജന്‍സിയിലായിരുന്നു. അന്നാട്ടിലെ ഒരു എക്സ്‌-ഗള്‍ഫുകാരനും, വെങ്കിടങ്ങു സെന്ററില്‍ ട്രാവലേജസി നടത്തുന്ന കഷ്ടി മുപ്പതു വയസ്സുള്ള സുശാന്തിന്റെയടുത്തായിരുന്നു. ആഗ്രഹം പറഞ്ഞപ്പോ സുശാന്തന്‍ അഡ്വാന്‍സു വെക്കാന്‍ പറഞ്ഞു. ആയിരം രൂപക്ക്‌ കോവൈയില്‍ ജോലിചെയ്തിരുന്ന എന്റെ ഓട്ടക്കീശയില്‍ എന്ത്‌ അഡ്വാന്‍സ്‌? എന്നാലും വീട്ടില്‍ നിന്നും തന്ന കാശുണ്ടായിരുന്നതിനാല്‍ അതെടുത്തു കൊടുത്തു.

രണ്ടു ദിവസം കഴിഞ്ഞതും സുശാന്ത്‌ ടിക്കറ്റും കൊണ്ടു വന്നു. റിട്ടേണ്‍ ടിക്കറ്റിനു 17435 രൂപയാണു ടിക്കറ്റില്‍ എഴുതിയിരിക്കുന്ന. കാശു മുഴുവന്‍ വാങ്ങി സുശാന്ത്‌, 435 രൂപ തിരിച്ചു തന്നു. എന്നിട്ട്‌ ഗദ്‌ ഗദ കണ്ഠലുവായിട്ടൊരു കമന്റും, "നിനക്ക്‌ എന്റെ സ്പെഷല്‍ ഡിസ്കൌണ്ട്‌".. ഗള്‍ഫീപ്പോയാ നമ്മളേയൊന്നും മറക്കല്ലേട്ടാ..

ഹോ എന്തൊരാത്മാര്‍ത്ഥത. ആദ്യത്തെ വരവില്‍, ഇവനൊരു വാറ്റ്‌ 69. ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു.

സുശാന്തന്റെ ആത്മാര്‍ത്ഥതയില്‍ സന്തോഷിച്ച്‌ സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ്റേഷന്‍, പാസ്പോര്‍ട്ടില്‍ ഈ.സി.എന്‍.ആര്‍ അടിപ്പിക്കല്‍ കൂടി അവനേക്കൊണ്ടു ചെയ്യിപ്പിക്കാനായി, ആഗസ്ത്‌ 5 നു എല്ലാം ക്ലിയറാക്കി കിട്ടണമെന്ന ഉറപ്പിന്മേല്‍ എന്റെ ആകെയുള്ള "സ്ഥാവര ജംഗമ" വസ്തുക്കളായ, സര്‍ട്ടിഫിക്കറ്റുകളും, പാസ്പോര്‍ട്ടും അവനേയേല്‍പ്പിച്ചു.

രണ്ടുമൂന്നു ദിവസം കഴിഞ്ഞു മറ്റൊരു ട്രാവല്‍ ഏജന്‍സി നടത്തുന്ന ഒരു ഗെഡിയെക്കണ്ടു സംസാരിച്ചപ്പോഴാണു, സുശാന്തന്‍ എനിക്കിട്ടു ഒരു ഹെവി വെയ്റ്റു വേല തന്നേയാണു വച്ചതെന്ന് എന്റെ മണ്ടയില്‍ ട്യൂബു ലൈറ്റായി വെളിച്ചം വീശിയത്‌. 14000 രൂപക്കു കിട്ടുമായിരുന്ന ടിക്കറ്റാണ്‌ ഇവന്‍ എനിക്ക്‌ 17000 നു ഡിസ്കൌണ്ട്‌ റേറ്റില്‍ തന്നിരിക്കുന്നത്‌. ടിക്കറ്റില്‍ കാണിച്ചിരിക്കുന്ന "അയാട്ട" പബ്ലിഷ്ഡ്‌ റേറ്റില്‍ നിന്നും 30 ശതമാനത്തോളം ഡിസ്കൌണ്ട്‌ ഏതു കോന്തനും കൊടുക്കുമത്രേ. ഒരു കോന്തനല്ലാത്തതിനാല്‍.. എനിക്കതു കിട്ടിയില്ല.. സിമ്പിള്‍ !

അതും നേരിട്ടു ദുബായ്ക്കുള്ള ടിക്കറ്റിനു പകരം ഇവനെനിക്കു തന്നത്‌ "കുവൈറ്റ്‌ എയര്‍വേസിന്റെ" മസ്കറ്റ്‌-കുവൈറ്റ്‌- വഴി ദുബായ്‌ പോകുന്ന വണ്ടി. 4 മണിക്കൂറിന്റെ ദൂരം കഷ്ടി 9 മണിക്കൂറില്‍ കവര്‍ ചെയ്യുന്ന മൊതല്‍. ആദ്യമായിട്ടല്ലേ, ലാവിഷായി കുരേനേരം ബീമാനത്തില്‍ ഇരിക്കാമല്ലോയെന്നോര്‍ത്ത്‌ സ്വയം സമാധാനിച്ചു.

ആഗസ്ത്‌ 5 ആയി, 6 ഉം 7 ഉം ആയി.. പറഞ്ഞപോലെ സുശാന്തന്‍ അറ്റസ്റ്റേഷനും എമിഗ്രേഷന്‍ ക്ലിയറന്‍സുമെല്ലാം കഴിച്ച്‌ പാസ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റും തിരിച്ചു തരുമെന്നു കരുതിയിരുന്ന ഞാന്‍ ഡേറ്റും കാത്തിരിക്കുന്ന ഗര്‍ഭിണീകാന്തനെപ്പോലെ, നാളെയുണ്ടാവും, അല്ലേല്‍ മറ്റന്നാളൊറപ്പ്‌ എന്ന മാനസികാവസ്ഥയിലിരുന്നു.

സുകൂന്റെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും ഗുളികയുടെ പാക്കറ്റിന്റെ പുറത്തെഴുതി തരുന്ന പോലെ, ദിവസേന മൂന്നു നേരവും ഞാന്‍ സുശാന്തനെക്കാണാന്‍ പോകുമെങ്കിലും എപ്പ ചെന്നാലും അവന്റൊരു ഡയലോഗുണ്ട്‌..

"നീയ്യ്‌ ടെങ്ങ്‌ഷന്‍ അടിക്കല്ലടാ ഗെഡീ.."

ആറാം തരം വരെ പഠിച്ചിട്ടും "ടെന്‍ഷന്‍" എന്നു മര്യാദക്കു പറയാനറിയാത്ത അവനോട്‌ കൂടുതല്‍ സംസാരിക്കുന്നതിലും ഭേദം മൂരിക്കുട്ടനോടു മഹാഭാരതം വിവരിക്കുന്നതാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു.

എട്ടാം തീയതി രാത്രിക്കുള്ളില്‍ എല്ലാം ക്ലിയറാക്കി തന്നില്ലെങ്കില്‍ അവന്റച്ചന്‍ ദിവാകരന്റെ പേര്‍, ശാരദേച്ചീടെ വീട്ടിലെ പട്ടിക്കിട്ടോ" എന്ന വെല്ലുവിളിയുമായി എന്നെ എട്ടാം തീയതിയും സുശാന്തന്‍ മടക്കിയയച്ചു. ഇതെങ്ങാനുമറിഞ്ഞ്‌ ആ പട്ടി എന്നെക്കടിച്ചാല്‍ അവനെന്താ ചേതം ?

ഓരോതവണയും വെറും കൈയ്യുമായി മടങ്ങിവരുന്ന എന്നെ നോക്കി അമ്മ വക സഹതാപ തരംഗവും, സുശാന്തമരങ്ങോടന്റെ കയ്യില്‍ ഇതെല്ലാം ഏല്‍പ്പിച്ചതിനു അച്ഛന്‍ വക ഒരു മയവുമില്ലാത്ത ചീത്തവിളിയും വീട്ടില്‍ പതിവു സീനറി.. ഞാനാകെ നാറി.

അങ്ങനെ എട്ടാം തീയതി രാത്രി എന്റെ ഗതികേടോര്‍ത്ത്‌ "ടെങ്ങ്ഷന്‍" അടിച്ച്‌, ഇറയത്തെ തിണ്ണയില്‍ പുറത്തെ ഇരുട്ടിനോടു സൊറപറഞ്ഞ്‌, ഇന്ന് അച്ഛന്റെ വായില്‍ നിന്നും കേട്ടതിന്റെ മൊത്തക്കണക്കുമെടുത്തിരിക്കുമ്പോഴാണു നാലഞ്ചാള്‍ക്കാരുമായി ടോര്‍ച്ചും മിന്നിച്ച്‌ സുശാന്തന്‍ വീട്ടിലോട്ടു കയറിയിവരുന്നത്‌. അവന്റെ മുഖത്തൊരു വിജയഭാവത്തിലുള്ള ചിരി.. " ഈ സുശാന്തിന്റെ അച്ഛന്റെ പേരൊന്നും പട്ടിക്കു പോലും മാച്ച്‌ ആവില്ലഡാ ഗെഡീ" എന്ന ഭാവം!

"ദേ ചുള്ളാ പിടിച്ചോ" എന്നും പറഞ്ഞ്‌ എന്റെ നേരെ ഒരു പാക്കറ്റു നീട്ടി !

"ഹോ".. നീട്ടി വലിച്ചൊരു ദീര്‍ഘനിശ്വാസം വിടുമ്പോള്‍, എന്റെ മനസ്സില്‍, നാളെ ഗള്‍ഫില്‍ പോകാമല്ലോ, എന്ന സന്തോഷത്തിലുപരി, പിതൃസമക്ഷത്തൂന്നുള്ള ചീത്തവിളി കേള്‍ക്കണ്ടല്ലോയെന്ന സമാധാനമായിരുന്നു കൂടുതല്‍ ബോള്‍ഡ്‌ ലെറ്റേഴ്സില്‍ ഹൈലൈറ്റഡായി നിന്നത്‌.

പാക്കറ്റു തുറന്ന എന്റെ സന്തോഷം അധികം നീണ്ടില്ല. സര്‍ട്ടിഫിക്കറ്റ്‌ അറ്റസ്റ്റു ചെയ്തിട്ടുണ്ട്‌. പക്ഷേ ഇമിഗ്രേഷന്‍ ക്ലിയറന്‍സ്‌ അടിച്ച കൊച്ചു പുസ്തകം കാണുന്നില്ല. "പാസ്പോര്‍ട്ടെവിഡേഡോ" എന്നു ചോദിച്ച എന്നോട്‌ അതു, തൃശ്ശൂരുള്ള ഒരു ട്രാവല്‍ ഏജന്‍സിയിലുണ്ട്‌, അവിടെ നിന്നും രാവിലെ 10 മണിക്കു കിട്ടും എന്നു സുശാന്തന്‍ ഉണര്‍ത്തിക്കയിം സഫിക്സായി, പതിവു "നീയ്യ്‌ ടെങ്ങ്‌ഷന്‍ അടിക്കണ്ട്രാ" ഒരെണ്ണം ഫ്രീയായി തരികയും ചെയ്തു.

എന്റെ കൂടെ അവന്റെ ഓഫീസിലെ ജിനന്‍ എന്ന സ്റ്റാഫിനേയും (അന്നേരത്ത്‌ അവന്റെ കൂടേയുണ്ടായിരുന്ന ഒരുത്തന്‍) രാവിലെ വിടാമെന്നു സമ്മതിച്ചു. വേറെ വഴിയൊന്നുമില്ലാത്തതിനാല്‍, അതും സമ്മതിച്ച്‌ അവന്മാരെ പറഞ്ഞയച്ച്‌ തിരിച്ചു ഉമ്മറത്തു വന്നിരുന്നതും പിതാശ്രീ വീണ്ടും തുടങ്ങി.. ചെറുപ്പക്കാര്‍ക്കുണ്ടായിരിക്കേണ്ട അവശ്യം ഉത്തരവാദിത്വബോധത്തെപ്പറ്റി ഒരു ലഘു പ്രഭാഷണം. മൂലക്കുരുവുള്ളവന്റെ ആസനത്തില്‍ ട്രാന്‍പോര്‍ട്ടു ബസ്സിലെ സീറ്റിലെ ആണികയറിയ ഭാവത്തോടെ ഞാന്‍ ഇതൊന്നും നമ്മളോടല്ല എന്ന ഭാവത്തില്‍ ഇരുന്നു കൊടുത്തു.

" ഹൌ ടു ബെഹേവ്‌ ടു യുവര്‍ 20+ ഇയര്‍ ഓള്‍ഡ്‌ സണ്‍സ്‌" എന്നതിനെക്കുറിച്ച്‌ അങ്ങോട്ട്‌ തിരിച്ചൊരു ലഘു പ്രഭാഷണം കാച്ചിയാലോ എന്നാലോചിച്ചെങ്കിലും, അക്കാലത്തും പിതാശ്രീയിലുണ്ടായിരുന്ന "പുത്രതാഢന ബാധ" പൂരണ്ണമായും വിട്ടുമാറിയിരുന്നില്ല എന്നൊരൊറ്റക്കാരണാത്താലും, അങ്ങേരടെ കയ്യീന്നൊന്നു കിട്ടിയാല്‍, അതു കിട്ടി ബോധിച്ചപോലിരിക്കും എന്നതിനാലും, ആസ്‌ യൂഷ്വല്‍, എന്നിലെ വിദ്വാന്‍ മൌനമെടുത്ത്‌ ഭൂഷണമാക്കി കഴുത്തിലിടുകയും, വായടക്കുകയും, രണ്ടു ചെവിയും തുറന്ന്, ഒന്നിലൂടെ "പിതൃ പ്രഭാഷണം" ഇന്‍ടേക്ക്‌ ധര്‍മ്മവും മറ്റേതിലൂടെ "ഇമ്മിഡിയറ്റ്‌ എക്സ്‌പെല്‍" ധര്‍മ്മവും നിര്‍വഹിച്ചു.

പിറ്റേന്നു, അതായത്‌ 9 നു രണ്ടു മണിക്കാണു തിരോന്തപുരത്തോട്ടുള്ള ട്രെയിന്‍. ഒന്നരക്കു സ്റ്റേഷനില്‍ എത്തണം. പത്തിനു രാവിലേയാണു തിരോന്തരത്തുനിന്നും ബീമാനം പുറപ്പെടുന്നത്‌. പാസ്പോര്‍ട്ട്‌ കളക്റ്റു ചെയ്യേണ്ടത്‌ തൃശ്ശൂരില്‍ നിന്നു തന്നേയായതിനാല്‍, പോകുന്ന വഴിക്കു വാങ്ങാമെന്നും തീരുമാനിച്ചു.

പറഞ്ഞപോലെ കൃത്യം പത്തു മണിക്കു തന്നെ, കുട്ടാമ സ്വന്തം അമ്പാസഡര്‍ കാറില്‍ എത്തി.. രോമങ്ങള്‍ ആ പുണ്യപുരാതനമായ തലയോടു എന്നേ യാത്രാമൊഴി ചൊല്ലിയതിനാല്‍, ഞങ്ങള്‍ രഹസ്യമായി, "മെട്ടാമ"യെന്നും വിളിക്കുന്ന, കുട്ടര്‍ നായന്‍ അഥവാ കുട്ടന്‍ നായര്‍, അമ്മായിയുടെ ജ്യേഷ്ഠനും ഒരു പരോപകാരിയും, ഞങ്ങടെ ബന്ധത്തില്‍ അന്നു കാറുള്ള ഏകവ്യക്തിയുമാണ്‌. ബന്ധത്തിലുള്ളവരുടെ എയര്‍പോര്‍ട്ട്‌ യാത്രകള്‍, കല്യാണത്തിനു ഡെക്കറേഷന്‍ കാര്‍, എന്നി വി.ഐ.പി സ്റ്റാറ്റസ്‌ ഡ്യൂട്ടികള്‍ക്കു മാത്രം നിര്‍വഹിച്ചിരുന്നൌള്ള ആ കാര്‍, സാദാ ആപ്പ ഊപ്പ ഓട്ടങ്ങളായ, ആശുപത്രി ട്രിപ്പ്‌, ആരേലും വടിയായ വിവരങ്ങള്‍ അറിയിക്കല്‍ തുടങ്ങിയവക്കെങ്ങാന്‍ വിളിച്ചാല്‍ പുള്ളി പറയും.. ടാസ്‌ക്കി വിളിയെടോ".

വെങ്കിട ദേശത്തിന്റെ പ്രിയപുത്രന്‍ നാടു വിട്ട്‌ പ്രവാസത്തിനു പോകുന്ന കാണാന്‍ വന്ന അയല്‍ക്കാരില്‍ ചിലര്‍, അടുത്ത ബന്ധുക്കള്‍, അമ്മ, സഹോദരിമാര്‍, എന്നിവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.. എന്തിനു, ഭൂമീചേചിയും ആകാശേട്ടനും പോലും സന്താപാശ്രു പൊഴിച്ചു (ബെസ്റ്റ്‌ മഴയായിരുന്നു അന്ന്‌ )

അല്‍പ സമയത്തിനകം അവിടെ എത്തിച്ചേര്‍ന്ന ജിനന്‍, ഞാനെന്ന ഞാന്‍, പിതാശ്രീ, എന്റൊരു ഗെഡി, പിന്നെ അസംഘ്യം കുപ്പികളില്‍, കടുമാങ്ങാ, വടുകപ്പുളീ, പുളിഞ്ചി അച്ചാറുകള്‍, അമ്മായിയുടെയും, പിന്നെ നാട്ടിലെ പല ഗള്‍ഫു പത്നികളുടേയും കണവന്മാര്‍ക്കുള്ള പ്രേമ+പരാതി+ഡ്രാഫ്റ്റ്‌ റിക്വസ്റ്റ്‌ കടിതങ്ങളും അട്ടിവച്ച പെട്ടി, എന്നിവയൊക്കെ ലോഡു ചെയ്ത ശേഷം കുട്ടേട്ടന്‍ ശകടം തൃശ്ശിവപേരൂര്‍ ലക്ഷ്യമാക്കി പറപ്പിച്ചു വിട്ടു, അതിന്റെ മാക്സിമം സ്പ്പീഡായ നാല്‍പത്‌ കെയെംപീഎച്ചില്‍!

മുന്‍സിപ്പല്‍ റോഡിലെ ഏറ്റവും പ്രശസ്തമായ ലാന്‍ഡ്‌മാര്‍ക്കായ മാനുവല്‍ സണ്‍സ്‌ ബാറിന്റെ ജസ്റ്റ്‌ ഓപ്പോസിറ്റുള്ള ബില്‍ഡിങ്ങിലെ ഒരു ട്രാവല്‍ ഏജന്‍സിയിലേക്കാണു ജിനന്‍ ഞങ്ങളെ കൊണ്ടു ചെന്നത്‌. ലൂസിയ ബാറില്‍ പോയി ചില്ലി ചിക്കന്‍ ഓര്‍ഡര്‍ ചെയ്തിട്ട്‌ "ഇപ്പ വരും.. ഇപ്പ വരും" എന്ന പ്രതീക്ഷയിലിരിക്കുമ്പോലെ പാസ്പോര്‍ട്ടും പ്രതീക്ഷിച്ചു ഒരു മണിക്കൂറോളം അവിടെയിരുന്നു ബോറടിച്ചപ്പോഴാണ്‌ ഇനിയൊന്നു കയറി ചൂടാകാമെന്നു ഞാന്‍ നിരീച്ചത്‌.

പറഞ്ഞു പിടിച്ചു വന്നപ്പഴാ കാര്യങ്ങളുടെ അതിഭീകരമായ കെടപ്പുവശം മ്മക്കു മന്‍സ്സിലാവണേ. തൃശൂരുള്ള ആ ഏജന്‍സിക്ക്‌ സുശാന്തനോ, അവന്റെ റ്റ്രാവല്‍ ഏജസിയുമായൊ, എന്തിനു, തൊട്ടടുത്തിരിക്കുന്ന കോന്തന്‍ ജിനനുമായി, അവിഹിതബന്ധം പോലുമില്ലത്രേ. രണ്ടു ദിവസം മുന്‍പ്‌ എന്റെ പാസ്പോര്‍ട്ട്‌, കൊച്ചിയിലെ പാസ്പോര്‍ട്ട്‌ ഓഫീസില്‍ നിന്നും കളക്റ്റു ചെയ്യാം എന്നു, ദിവസവും കൊച്ചിക്കു പോകുന്ന ഈ ട്രാവല്‍ ഏജന്‍സിയിലെ ഏതോ ഒരു സ്റ്റാഫ്‌ സുശാന്തനോട്‌ സമ്മതിച്ചിട്ടുണ്ടത്രേ. അതു ജഗതി പറേം പോലെ.. കിട്ട്യാ ഊട്ടി, അല്ലേ ചട്ടി , അല്ലാതെ, എന്റേയോ, പാസ്പോര്‍ട്ടിന്റേയോ കാര്യത്തില്‍ യാതൊരു വിധ റെസ്പോണ്‍സിബിലിറ്റിയോ കമ്മിറ്റ്‌മെന്റും ഇല്ലത്രേ ഈ ട്രാവല്‍ ഏജന്‍സിക്ക്‌.

അച്ഛന്‍ വന്നാലേ താലികെട്ടൂ, പക്ഷേ അച്ചനു മറ്റന്നാളേ പരോളു കിട്ടൂ എന്നു വാശീം പിടിച്ച്‌ കല്യാണമണ്ഡപത്തില്‍ നിക്കണ ചെക്കന്റെ ഗതിയായി എനിക്ക്ക്കു. പോകാനുള്ള കുവൈത്തു സര്‍ക്കാര്‍ വഹ വീമാനം വരെ അങ്ങു തിരോന്തരത്ത്‌ നാളെ രാവിലെ ഞാന്‍ വരുന്നതും കാത്തിരിക്കുന്നു.., പക്ഷേ പാസ്സ്പോര്‍ട്ടെവിടേയാണെന്നു എനിക്കറീല്ല്യ, ഈ ആഗസ്ത്‌ 10 ദിവസം യാത്രക്കു ഗുണിച്ചു പെരുക്കിത്തന്ന ദരിദ്രവാസി പണിക്കര്‍ക്കു പോലും തെരിയാത്‌.

ഇതോടെ, അതുവരേക്കുമുണ്ടായിരുന്ന സകല കണ്ട്രോളും വലിച്ചെറിഞ്ഞ ഞാന്‍ "എന്നാപ്പിന്നെ ഇതു നേരത്തേയങ്ങു പറഞ്ഞു തൊലക്കാര്‍ന്നില്ല്യേഡാ കഴ്‌വേര്‍ട മോനേ ........" എന്നും പറഞ്ഞ്‌ ജിനന്റെ കൊരവള്ളിക്കു പിടിച്ച്‌ പൊക്കുകയും തദ്വാര, ചുള്ളന്‍ ചുമരോട്‌ ചേര്‍ന്നു തറയില്‍ നിന്നുമൊരടി ഉയരത്തില്‍ ദ്വാരപാലകനെപ്പോലെ പ്രതിഷ്ഠിക്കപ്പെടുകയും, ശ്വാസതടസ സംബന്ധിയായി കൈകാലിട്ടടി, സൈമള്‍ട്ടേനിയസ്‌ലി , കണ്ണ്‌ നാക്ക്‌ എന്നിവ പുറത്തോട്ടു തള്ളിച്ചു നടനകലയിലെ നവരസങ്ങളുടെ ഒരു ഡെമോ എന്നിവ നടത്തുകയും ചെയ്യുന്ന കണ്ട പിതാശ്രീയുടേയും, കുട്ടാമയുടേയും കണ്ണുകള്‍, അഭൂതപൂര്‍വമായ രീതിയില്‍ ബള്‍ജ്‌ ചെയ്യുകയും ചെയ്തെന്നു എന്റെ ഗെഡിയുടെ സാക്ഷ്യം.

കാരണവന്മാര്‍ രണ്ടു പേരും കൂടി ഞാനും ജിനനും തമ്മിലുണ്ടായിരുന്ന ഹസ്ത-ഗള കരാള ബന്ധനം വിടുവിച്ചതും കഴിഞ്ഞ പത്തു സെക്കന്‍ഡുകളില്‍ തനിക്കു ലഭിക്കാതിരുന്ന ആ ഏരിയാവിലുണ്ടായിരുന്ന ഫുള്ള്‌ ഓക്സിജനും പരമാവധി രണ്ടു ശ്വാസത്തില്‍ വലിച്ചു കേറ്റി ജിനന്‍ "ചേട്ടാ എനിക്കിതേപ്പറ്റിയൊന്നും അറിയില്ല, എല്ലാം ചെയ്തത്‌ സുശാന്തന്‍ സാറാ"ന്നു പറഞ്ഞ്‌ എന്റെ ഫാദര്‍ജിയുടെ കാല്‍ക്കല്‍ അഭയം പ്രാപിക്കയും ചെയ്തു. ബാലികേറാമലയിലോട്ടോടി രക്ഷപ്പെട്ട സുഗ്രീവനെ നോക്കുന്ന ബാലിയെപ്പോലെ ഞാനവനെനോക്കി നിന്നു കിതച്ചു! പണ്ടാര വെയിറ്റല്ലായിരുന്നോ കുരിപ്പിനു? അപ്പഴത്തൊരു ദേഷ്യത്തില്‍ എങ്ങനെയോ പൊക്കിയെന്നു മാത്രം.

"ന്നാപ്പോ ഇനി എന്തൂട്ടിനാ ഇവടെ നിക്കണേ.. തിരിച്ച്‌ പൂവ്വാല്ലേ" എന്ന് കുട്ടാമ അച്ഛനോട്‌ ചോദിക്കുന്നത്‌ കസേരയില്‍ തളര്‍ന്നിരിക്കുമ്പോള്‍ ഞാന്‍ കേട്ടു.

യാത്രയയപ്പും കഴിഞ്ഞ്‌ കുട്ടാമയുടെ കാര്‍ വീടിന്റെ പടിയും കടന്നു കിതച്ചു വലിഞ്ഞ്‌ കയറി വരുന്ന കണ്ടതോടെ വീട്ടില്‍ ദുഖാര്‍ത്ഥമായ അന്തരീക്ഷത്തില്‍ നിന്നും "ങ്‌യാഹി.. ങ്യാഹി" എന്നു തേങ്ങലുകളുയര്‍ന്നു.

ഇത്രേം കാലം മൂത്ത പുത്രന്‍ അച്ചാലും പിച്ചാലും വെറുമൊരു പിച്ചയെപ്പോലെ ഓടിനടന്ന വീട്ടുമുറ്റത്തെ മണ്‍തരികളില്‍ ആ പാദസ്പര്‍ശമേല്‍ക്കാന്‍ ഇനി വര്‍ഷങ്ങള്‍ കഴിയണമല്ലോ എന്നൊക്കെയുള്ള മാനസിക വ്യഥകളുമായി, കാറില്‍ നിന്നിറങ്ങുന്നവരെ നോക്കിയിരുന്ന അമ്മ, അവസാനം ഞാനെന്ന ഒര്‍ജിനല്‍ സീമന്തപുത്തറന്‍ ഏന്തി വലിഞ്ഞ്‌ ഇറങ്ങുന്നതു കണ്ടു ഞെട്ടിത്തെറിച്ചു. ഞെട്ടല്‍ പുറകില്‍ നിന്ന സഹോദരിമാരിലേക്കും, ശേഷം, ബാക്കിയുള്ളവരിലേക്കും ക്യാരീഡ്‌ ഓവറായി.

കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കുന്നതിനിടയില്‍, "അപ്പോ ഞാനെറങ്ങട്ടേ" എന്നും പറഞ്ഞ്‌ കഴുത്തും തിരുമ്മിക്കൊണ്ട്‌ ജിനന്‍ സ്ഥലം കാലിയാക്കി.

"അടുത്ത ലീവിനു വന്നിട്ടു കാണാം" എന്നു യാത്രപറഞ്ഞിറങ്ങിയ നാട്ടുകാരെ എങ്ങനെ ഫെയ്‌സു ചെയ്യുമെന്നോര്‍ത്ത്‌, പകലു മുഴുവനും വീട്ടിനകത്തു തന്നെയിരുന്ന ഞാന്‍ കുറച്ചു കൂട്ടുകാരെയൊക്കെ ഫോണ്‍ ചെയ്ത്‌ വൈകീട്ടൊന്നു കാണണമെന്ന സെറ്റപ്പാക്കി.

വൈകീട്ട്‌ ഒരാറര മണിയോടെ, നേരം ഇരുട്ടിയെന്നുറപ്പാക്കി ഗെഡീസിനേയും കൂട്ടിനേരെ പാവറട്ടി സോളാറിലേക്കു വിട്ടു( ബാറേ.. അല്ലാതെന്ത്‌ ?).

'അജണ്ട"യിലെ ആദ്യ ഇനമായ രണ്ടെണ്ണം വിട്ട്‌ "വാട്ട്‌ നെക്സ്റ്റ്‌", എന്ന ചോദ്യമുയര്‍ന്നതും സ്ഥലം ആര്‍.എസ്‌.എസ്‌ നേതാവായ സുധീര്‍ പെട്ടെന്നു തന്നെ സൊലൂഷന്‍ പറഞ്ഞു..

"മ്മക്ക്‌ ആ സുശാന്തന്‍ കന്നാല്യേ അങ്ങ്‌ട്ട്‌ പൂശ്യാല്യോ ഇന്ന് രാത്രി..?"

ജാതിമത, രാഷ്ട്രീയ വ്യത്യാസമില്ലാതെ അവിടെ കൂടിയിരുന്ന ആറു പേരും, പാര്‍ലിമെന്റില്‍ എം.പി. മാരുടെ ശമ്പള വര്‍ദ്ധന ബില്ല് ഐക്യകണ്ഠേന പാസാക്കുന്ന പോലെ, ആ പ്രമേയം കയ്യടിച്ചു പാസാക്കി.

അധികം സമയം മെനക്കെടുത്താതെ കുപ്പി വെടിപ്പാക്കി, നേരെ സുശാന്ത ഭവനം പൂകി, വലിയ ജാഢകളോ ഫോര്‍മാലിറ്റിസോ ഇല്ലാതെ "എന്നു നീയെന്റെ പാസ്പോര്‍ട്ടു തരും" എന്നു ചോദിച്ച എന്നോട്‌ അവന്റെ മറുപടി, ആസ്‌ യൂഷ്വല്‍ "നീ ടെങ്ങ്‌ഷന്‍ അടിക്കലേ ഗെഡീ" എന്നായിരുന്നു.

"ഹേയ്‌, എനിക്കെന്തൂട്ട്‌ ടെങ്ങ്‌ഷന്‍ ടാ മോനേ" എന്നും പറഞ്ഞ്‌ നേരെ സുശാന്തന്റെ കേന്ദ്രക്കുത്തിനു തന്നെ ഞാന്‍ കേറിപ്പിടിച്ചതോടെ, അവനു വിശദീകരണങ്ങളൊന്നും കൂടാതെ കാര്യം മനസ്സിലായി. കൂടെ വന്ന ആള്‍ക്കാരേയും "വളരേ വ്യക്‍തമായും ശക്‍തമായും" അറിയാവുന്നതിനാല്‍, വരവിന്റെ ഉദ്ദേശവും കിളീന്‍ ക്ലീനായിട്ടു ആ തിരുമണ്ടയിലോട്ടു കയറി..

വീട്ടുകാരുടെയും, അയലക്കത്തുള്ളോരടേയും സമക്ഷം തന്നെ നാറ്റിക്കല്ലേ സോദരാ, എല്ലാം ക്ലിയറാക്കി പാസ്പോര്‍ട്ടും ആഗസ്തു 14 നുള്ള ഡബ്ബിള്‍ റീകണ്‍ഫേംഡ്‌ ടിക്കറ്റും 12 നു മുന്‍പ്‌ കൊണ്ടത്തന്നില്ലേല്‍, എന്തു വേണമെങ്കിലും ചെയ്തോ, ഇത്തവണത്തേക്കൊന്നു ഷെമി, ബ്ലീസ്‌ , എന്നൊക്കെപ്പറഞ്ഞ്‌ അവന്റെ ആ തലയുടെ ഭാവി എന്റെ പാസ്പോര്‍ട്ടിന്റെ മുകളില്‍ പണയം വച്ചതൊക്കെ കണ്ട്‌ അലിവു തോന്നി, ഒരു വാണിങ്ങും കൊടുത്തിട്ടേ അന്നു തിരിച്ചു വീടണഞ്ഞുള്ളൂ. ഒള്ളതു പറയണമല്ലോ, ചുള്ളന്‍ ശെരിക്കു വിറച്ചു.

വീട്ടിലെത്തി, അത്താഴം കഴിക്കുന്നതിനിടയില്‍, അച്ഛന്‍ "ഉത്തരവാദിത്വബോധ" ലഘുപ്രഭാഷണം തുടങ്ങിയെങ്കിലും, "ഇതു ഞാന്‍ ഡീലു ചെയ്തു ശെരിയാക്കിയിട്ടുണ്ട്‌" എന്നൊരൊറ്റ വാക്കും പറഞ്ഞ്‌ ഞാനെണീറ്റു പോയി.

പറഞ്ഞ പോലെ എല്ലാം ക്ലിയറാക്കി സുശാന്തന്‍ പാസ്പോര്‍ട്ടു വീട്ടില്‍ കൊണ്ടു തന്നുവെങ്കിലും, 14നു വീണ്ടുമൊരു ഗംഭീര യാത്ര്യയപ്പും, ആഗസ്തു 10ന്റെ ഒരു റീപ്ലേ സീനും നടത്തി ദുബായിലേക്കു പറക്കും വരെ, അന്നാട്ടിലെ ഏറ്റവും നല്ല ചെറുപ്പക്കാരനായി,പകല്‍ സ്വയം വീട്ടു തടങ്കല്‍ വിധിക്കയും, ഇരുട്ടിക്കഴിഞ്ഞാല്‍ തലയില്‍ മുണ്ടിട്ട്‌ നാടു കാണാനിറങ്ങുകയും ചെയ്യുക എന്നത്‌ അടുത്ത ഒരു നാലു ദിവസത്തേക്ക്‌ ദിനചര്യയുടെ ഭാഗമായി.

" ഹാ.. താന്‍ അപ്പോ 10 ആം തീയതി പോയില്ലേ?" എന്ന നാടന്‍ പരട്ടകളുടെ ചോദ്യത്തെ പേടിച്ചു തന്നെയായിരുന്നേ, ... ഹൈയ്‌, അല്ലാതെ വെറും നാലു ദിവസം കൊണ്ട്‌ ഞാനെവടെ നന്നാവാന്‍ ?

53 comments:

ഇടിവാള്‍ said...

ഒരു പുതിയ പോസ്റ്റുണ്ടേ !!!!

അല്‍പ്പംനീണ്ടതാണു.. സമയം കിട്ടിയാല്‍ വായിച്ച് അഭിപ്രായം അറിയിക്ക്യാ !

അഗ്രജന്‍ said...

ഹ ഹ ഹ ... കിടിലന്‍, കിണ്ണംകാച്ചി, ഘടോല്‍ക്കചന്‍... :)

"... ഡിസ്കൌണ്ട്‌ ഏതു കോന്തനും കൊടുക്കുമത്രേ. ഒരു കോന്തനല്ലാത്തതിനാല്‍.. എനിക്കതു കിട്ടിയില്ല.. സിമ്പിള്‍ !"

ഇടിഗെഡി, ‘ഇതും’ കലക്കന്‍...

എന്താ വിവരണം... പെരുത്തിഷ്ടായെന്‍റിഷ്ടാ :))

ഠേ ഠ ഠ ഠ... !

പച്ചാളം : pachalam said...

ഹൊ ...
ആ മാനിസാവസ്ഥ എനിക്കു മനസ്സിലായി!
ന്നാലും സുശാന്തേ (ദുഃശാന്തന്‍)... നീ ഞങ്ങള്‍ഡ ഇടിവാളിനെ..

കലക്കന്‍ പോസ്റ്റ്
:)

ഇടിവാള്‍ said...

ഈ പുതിയ പോസ്റ്റിട്ടപ്പോളേക്കും എന്റെ ടെമ്പ്ലേറ്റ് തണ്ടലൊടിഞ്ഞു കീഴ്പ്പോട്ടുപോയി !

ഇതിന്റെ കാരണം കണ്ടുപിടിച്ചു തരുന്നവര്‍ക്ക് തക്കതായ പാരിതോഷികങ്ങള്‍ തരുന്നതാണു.

Anonymous said...

ഇടിവാള്‍ ജീ... പോസ്റ്റു വായിച്ചു നന്നായി ചിരിച്ചു...അപ്പോതോന്നി വേണ്ടായിരുന്നു എന്ന്...ഒരു ചെറുപ്പക്കാരന്റെ ഗള്‍ഫ് സ്വപ്നങ്ങള്‍ ഒരു ട്രാവല്‍ ഏജന്റിന്റെ കരാള ഹസ്ത്തങ്ങളില്‍ കിടന്നു അമ്മാന മാടുമ്പോള്‍ ഞാന്‍ അതൊക്കെ വായിച്ചു ചിരിക്കേ...എന്ന കുറ്റബോധത്തില്‍ സീരിയസായി വീണ്ടും വായിച്ചു...പക്ഷേ രക്ഷയില്ല... " ഹൌ ടു ബെഹേവ്‌ ടു യുവര്‍ 20+ ഇയര്‍ ഓള്‍ഡ്‌ സണ്‍സ്‌" ... എത്തിയപ്പോഴേക്കും...ചിരി സഹിക്കാനായില്ല...എന്നാലും ...സുശാന്തനെ സമ്മതിക്കണം...ഒരു യാത്ര മുടങ്ങിയിട്ടും അവന്‍ "നീയ്യ്‌ ടെങ്ങ്‌ഷന്‍ അടിക്കല്ലടാ ഗെഡീ.." എന്നല്ലേ...പറഞ്ഞത്...

പുള്ളി said...

സുശാന്തന്റെ അത്രയ്ക്ക് പോസിറ്റീവ് തിങ്കിങ് ഉള്ള ഒരു ഗെഡി അടുത്തുള്ളപ്പോള്‍ ടെങ്‌ങ്ഷനടിച്ചത് എന്തിറ്റ്നാസ്റ്റാ.
പിന്നെ ആ ട്രാന്സ്പോര്‍ട് ബസ്സിലെ ഉപമ മഹാ ക്രൂരതയായി! അതില്‍ ഒരു ഫസ്റ്റ് എയ്ഡ് ബോക്സ് കൂടിയില്ലെന്ന കാര്യം ഓര്‍മ്മ വേണം!
കഥകള്‍ ഒന്നിനൊന്നു്‌ മെച്ചം.

ഇത്തിരിവെട്ടം|Ithiri said...

ഇതോടെ, അതുവരേക്കുമുണ്ടായിരുന്ന സകല കണ്ട്രോളും വലിച്ചെറിഞ്ഞ ഞാന്‍ "എന്നാപ്പിന്നെ ഇതു നേരത്തേയങ്ങു പറഞ്ഞു തൊലക്കാര്‍ന്നില്ല്യേഡാ കഴ്‌വേര്‍ട മോനേ ........" എന്നും പറഞ്ഞ്‌ ജിനന്റെ കൊരവള്ളിക്കു പിടിച്ച്‌ പൊക്കുകയും തദ്വാര, ചുള്ളന്‍ ചുമരോട്‌ ചേര്‍ന്നു തറയില്‍ നിന്നുമൊരടി ഉയരത്തില്‍ ദ്വാരപാലകനെപ്പോലെ പ്രതിഷ്ഠിക്കപ്പെടുകയും, ശ്വാസതടസ സംബന്ധിയായി കൈകാലിട്ടടി, സൈമള്‍ട്ടേനിയസ്‌ലി , കണ്ണ്‌ നാക്ക്‌ എന്നിവ പുറത്തോട്ടു തള്ളിച്ചു നടനകലയിലെ നവരസങ്ങളുടെ ഒരു ഡെമോ എന്നിവ നടത്തുകയും ചെയ്യുന്ന കണ്ട പിതാശ്രീയുടേയും, കുട്ടാമയുടേയും കണ്ണുകള്‍, അഭൂതപൂര്‍വമായ രീതിയില്‍ ബള്‍ജ്‌ ചെയ്യുകയും ചെയ്തെന്നു എന്റെ ഗെഡിയുടെ സാക്ഷ്യം.

ഇടിവാള്‍ ഗഡ്ഡീ ഇതും ഇടിവെട്ട് തന്നെ... സൂപ്പര്‍

കുട്ടന്മേനൊന്‍::KM said...

ഹ ഹ അടിപൊളി. അപ്പൊ ഞങ്ങളുടെ തറവാട്ടിലെ (സോളാറിലെ) കുറ്റിയായിരുന്നൂ ല്ലേ..

അലിഫ് /alif said...

ആര്‍ക്കും പറ്റാവുന്നത് നല്ല രസകരമായി അവതരിപ്പിച്ചിരിക്കുന്നു, നല്ല പോസ്റ്റ്.
ആദ്യഭാഗത്തിലുള്ള റ്റെലിഫോണ്‍ ഐറ്റവും കസറി; പൂട്ടിവെയ്ക്കുന്ന ഡയല്‍ ഫോണിന്റെ ക്രാഡിലില്‍ ഒരു പ്രത്യേക താളത്തില്‍ തട്ടി ( ഒന്നിനു ഒരു തട്ട്, രണ്ടിന് രണ്ട് തട്ട്, ..പൂജ്യത്തിനു 10 തട്ട് എന്നക്രമത്തില്‍ ) ഐ.എസ്.ഡി വരെ വിളിക്കുമായിരുന്ന ട്രെയിനിംഗ് കാലം ഓര്‍ത്തുപോയി.

തഥാഗതന്‍ said...

പതിവുപോലെ ഇടിവാള്‍ പുരാണം എരമ്പി..

ചിരി ആയുസ്സ്‌ കൂട്ടും എന്ന്‌ കേട്ടിട്ടുണ്ട്‌.. ഇടിവാളിന്റെ കഥകള്‍ വായിച്ചിട്ട്‌ ഇനി ഇപ്പോള്‍ കാലനില്ലാക്കാലം ഉണ്ടാകുമോ എന്നാ എനിക്ക്‌ പേടി

സൂര്യോദയം said...

രസായിട്ടിണ്ട്‌ ട്ടോ....

******* ******* ലൈന്‍ എടുത്ത്‌ കളഞ്ഞ്‌ നോക്കൂ... പ്രൊഫെയില്‍ പൊന്തി വരുമായിരിക്കും...

പുള്ളി said...

ചെണ്ടക്കാരാ, അതു ശരിതന്നെ. പഴയ പള്‍സ് ഡയല്‍ ഫോണുകളിലേ അതു നടക്കൂ!

ഇടി, ശ്രീജിയുടെ ടെംപ്ളേറ്റ്-101 എന്ന വേദപുസ്തകത്തില്‍ പറയുന്നു ആവശ്യത്തിലധികം നീളമുള്ള വരികള്‍ ബ്ളൊഗിനു പാരയാവും

ഇടിവാള്‍ said...

സൂര്യാ, പുള്ളീ... ടെമ്പ്ലേറ്റു കമന്റിനു നന്ദി
അതു നീക്കിയതു പ്രശ്നം ഓക്കേ !

magnifier said...

ഇതൊരു ഇടിവെട്ട് വാളായല്ലോ..ഇടിവാള്‍ജീ, കിടിലന്‍!

മുരളി വാളൂര്‍ said...

ഇടിയേ... ഇതന്ന്യാ ഞാന്‍ നേരത്തേ പറഞ്ഞേ, ഇതുപോലത്തെ ഹൈഡോസ്‌ സാധനങ്ങളാ വേണ്ടേന്ന്‌, നില്‍പനിട്ട കമന്റ്‌ കിട്ടിയല്ലേ, പിന്നെയതിനെ തപ്പീട്ട്‌ കിട്ടീല്ല. ഇടിവാളേ നിങ്ങളൊരു പ്രസ്ഥാനമാണ്‌. ഇതു കിക്കിടിലന്‍ തന്നെയാണേയ്‌!! പിന്നെയീ ലെറ്റര്‍ഹെഡ്‌ വിത്‌ സീല്‍ പൊക്കണത്‌ ഒരാഗോളപ്രതിഭാസമാണല്ലേ!! രസിച്ചൂന്ന്‌ വെറുതേ പറഞ്ഞാലും പോര ഗംഭീരം.

ikkaas|ഇക്കാസ് said...

അപ്പൊ അങ്ങനെയാണ് ഈ ഇടിനാദം ഗള്‍ഫില്‍ മുഴങ്ങാന്‍ തുടങ്ങിയത്!
ഉജ്വലം ഇഡീ ഉജ്വലം.

saptavarnangal said...

ഇടിവാളേ,
കിടിലം! ഹൊ സുശാന്തന്റെ ഒരു ആത്മാര്‍ത്ഥത!

ഇതു പോലെ എന്റെ ഒരു സുഹൃത്തിനും ഒരു അബദ്ധം പറ്റി. ഇഷ്ടന്‍ US ന് പോകാനുള്ള ട്രീറ്റും തന്ന്, വെള്ളവും കുടുപ്പിച്ച് വീട്ടിലെത്തിയപ്പോള്‍ സന്ദേശം, ഇപ്പോ ഇങ്ങോട്ട് വരണ്ടേന്ന്! എപ്പോ, എന്ന ചോദ്യത്തിനു മറുപടി , അങ്ങോട്ട് അറിയിക്കാം! എന്തായാലും കുറേ കാലം ഒളിച്ചും പാത്തും ജീവിക്കേണ്ടി വന്നു ഇഷ്ടന്! എപ്പോഴും അവനെ കാണുമ്പോള്‍ അമേരിക്കയില്‍ എന്താ ഇപ്പോള്‍ സമയം, നീ ഡൈലി പോയി വരുവാണോ എന്നോക്കെ കളിയാക്കി ചോദ്യങ്ങള്‍! പിന്നെ അവസാ‍നം ഗതികെട്ട് കേരളത്തില്‍ ഒരു ജോലിക്ക് കേറി, അത് US സോഫ്റ്റ്വേറില്‍! അമേരിക്കയില്‍ പോകാന്‍ പറ്റിയിലെങ്കിലും അമേരിക്കയുടെ പേരുള്ള കമ്പനിയില്‍ ജോലി എന്നും പറഞ്ഞു കൂട്ടുകാര്‍ പിന്നെയും കളിയാക്കി! എന്തായാലും ആ കമ്പനി പിന്നെ ആശാനെ അമേരിക്കക്ക് വിട്ടു!

saptavarnangal said...

ഓ ടോ

അയ്യോ, പതിവു പോലെ കമന്റ് പോസ്റ്റിക്കഴിഞ്ഞ് ഒന്ന് വായിച്ചപ്പോള്‍ ഒരു സംശയം, എനിക്കു എക്സ്ക്ലമേഷനോ മാനിയ പിടിച്ചോ എന്ന്! എല്ലാ വാക്യത്തിന്റേയും അവസാനം ‘!‘ :)

പാര്‍വതി said...

നന്നായീ രസിച്ചൂ...ആ ഫോണ്‍ വിളിയും പിന്നെ പാസ്പോര്‍ട്ടിന് വേണ്ടീയുള്ള പാച്ചിലും ഒക്കെ നന്നായീ രസിച്ചൂ.

-പാര്‍വതി.

Sul | സുല്‍ said...

ഇടിവാള്‍ ഗഡീ മുടങ്ങാതെ പടച്ചുവിടണം ഇമ്മാതിരി സാധനങ്ങള്‍...
കിടിലന്‍

മുസാഫിര്‍ said...

വാള്‍ജി,
എന്നു സുശാന്തന്‍ ഉണര്‍ത്തിക്കയിം സഫിക്സായി, പതിവു "നീയ്യ്‌ ടെങ്ങ്‌ഷന്‍ അടിക്കണ്ട്രാ" ഒരെണ്ണം ഫ്രീയായി തരികയും ചെയ്തു.

ഇതും ഇതു പോലെയുള്ള മറ്റു പ്രയോഗങ്ങളും പെരുത്ത് ഇഷ്ടമായി.
പിന്നെ ആദ്യ പടം റിലീസാവാത്തത് നടന്മാര്‍ക്കു നല്ല രാശിയാണെന്നു പറയും.ഇടിവാളിന്റെ കാര്യവും അങ്ങിനെയാണെന്നു തോന്നുന്നു.

കലേഷ്‌ കുമാര്‍ said...

മേന്നേ, One of your best posts!
കലക്കി!
ചിരിച്ച് ചിരിച്ച് വശക്കേടായി!
സൂപ്പര്‍!!!

ചന്തു said...

പൊളിച്ചടുക്കി ഇടീ.ആ’കുരു’ഉള്ള സ്തലത്ത് ആണി കേറിയ ഉപമ കിടിലം.

ദേവന്‍ said...

ഒരു ഫാള്‍സ്‌ പെയിന്‍ ഉണ്ടായെങ്കിലും ഉത്തരവാദിത്വബോധത്തോടെ എല്ലാം ഭംഗിയാക്കിയല്ലോ. അടിയോളം ഉതകുമോ അണ്ണന്‍ തമ്പിയും എന്ന് ആപ്തന്‍ സാറു ചോദിക്കുന്നത്‌ ഇതുകൊണ്ടല്ലേ

ദില്‍ബാസുരന്‍ said...

ഗഡീ,
കലക്കി ചുള്ളാ.....
ചിരിച്ച് കട്ടേം പടോം മടങ്ങി.

എനിക്ക് ഉച്ചയ്ക്ക് മൂന്ന് മണിക്കുള്ള ഫ്ലൈറ്റിന് പാസ്പോര്‍ട്ട് കിട്ടിയത് രാവിലെ പതിനൊന്ന് മണിക്കാ.ആ ടെന്‍ഷന്‍ ശരിക്കും മനസ്സിലായി. :-)

പടിപ്പുര said...

ഹോ, എന്തായിരുന്നു, ഒരുകാലത്ത്‌ ഈ ട്രാവല്‍ ഏജന്റ്‌മാരുടെയൊക്കെ ഒരു വിചാരം. പണ്ടേ ഇവന്മാരെ ഒന്ന് പൂശണമെന്നുണ്ടായിരുന്നു. ഏതായാലും ഇടിയുടെ ആ കേന്ദ്രക്കുത്തിനുള്ള പിടുത്തം ഇഷ്ടപ്പെട്ടു.

അവതാരകന്‍ said...

വളരെ നന്നായിരിക്കുന്നു...ഉപമകളും തമാശകളുമെല്ലാം നന്നായി ആസ്വദിച്ചു...

ഉത്സവം : Ulsavam said...

ഹഹഹഹ ഇടിവാളേ സൂപ്പറ്...നല്ല വിവരണം

അല്ലറചില്ലറ ഗുണ്ടായിസം ഒക്കെ ഉണ്ടായിരുന്നു അല്ലേ...ചില സമയത്ത് ഇത്തിരി ഗുണ്ടായിസം നല്ലതാ..

ഇടിവാള്‍ ഈ അനുഭവിച്ച പോലെ ഞാനും ഈ പ്രാവശ്യത്തെ ജപ്പാന്‍ യാത്രയ്ക്ക് ഒന്നു വട്ടം ചുറ്റിയതാ..പക്ഷേ അത് ഓഫീസിലെ ചുള്ളന്മാരുടെ വകയായിരുന്നു...ആ ടെന്‍ഷന്‍ ഒരൊന്നൊന്നര ടെന്‍ഷന്‍ ആയിരുന്നു.

"അവന്മാരെ പറഞ്ഞയച്ച്‌ തിരിച്ചു ഉമ്മറത്തു വന്നിരുന്നതും പിതാശ്രീ വീണ്ടും തുടങ്ങി.. ചെറുപ്പക്കാര്‍ക്കുണ്ടായിരിക്കേണ്ട അവശ്യം ഉത്തരവാദിത്വബോധത്തെപ്പറ്റി ഒരു ലഘു പ്രഭാഷണം." ഇടിവാള്‍ജീ ഇതു പോലുള്ള എത്രയെത്ര ഉപദേശങ്ങള്‍... അതും നമ്മള്‍ ഡെസ്പ്പ് ആയി കോഞ്ഞാട്ടയായി ഇരിയ്ക്കുമ്പോള്‍ .. കേട്ട്, കേട്ട് എനിക്ക് നാടുവിട്ടാലോ എന്നു തോന്നിയിട്ടുണ്ട്.

മുല്ലപ്പൂ || Mullappoo said...

ഇടിവാളേ,
നല്ല എഴുത്ത്. എഴുതിയ രീതി ഏറെ നന്നായിരിക്കുന്നു. ഒരു വരിപോലും മുഷിയണതില്ല.
കൊള്ളാം.

ചെമ്പകന്‍ said...

നര്‍മ്മത്തില്‍ ചാലിച്ചെഴുതിയ കഥ വളരെ നന്നായിട്ടുണ്ട്‌. ഉപമകള്‍ ഉജ്ജ്വലം.

ശ്രീജിത്ത്‌ കെ said...

കിടിലന്‍ പോസ്റ്റ്. കഥ എഴുതുകയാണെങ്കില്‍ ഇങ്ങനെ വേണം. ഇഷ്ടമായി.

വില്ലൂസ് said...

അടിപൊളിയായി........ഇടിവാള്‍ സാറെ...അടിപൊളി.

ആരോമലുണ്ണി said...

രസകരമായ വിവരണം. ചില പ്രയൊഗങ്ങള്‍ കിടിലന്‍.


സുകൂന്റെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും ഗുളികയുടെ പാക്കറ്റിന്റെ പുറത്തെഴുതി തരുന്ന പോലെ, ദിവസേന മൂന്നു നേരവും ഞാന്‍ സുശാന്തനെക്കാണാന്‍ പോകുമെങ്കിലും എപ്പ ചെന്നാലും അവന്റൊരു ഡയലോഗുണ്ട്‌..

"നീയ്യ്‌ ടെങ്ങ്‌ഷന്‍ അടിക്കല്ലടാ ഗെഡീ.."

ആറാം തരം വരെ പഠിച്ചിട്ടും "ടെന്‍ഷന്‍" എന്നു മര്യാദക്കു പറയാനറിയാത്ത അവനോട്‌ കൂടുതല്‍ സംസാരിക്കുന്നതിലും ഭേദം മൂരിക്കുട്ടനോടു മഹാഭാരതം വിവരിക്കുന്നതാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു.

അപാരം ഗഡി . തകര്‍ത്തു. ആശംസകള്‍

Adithyan said...

വീട്ടുകാര്‍ക്കും"നെനക്കു വേറെ പണിയൊന്നൂല്ല്ല്യഡാ ചെക്കാ.. ഇനി ഇങ്ങ്‌ട്‌ വിളിച്ചാ നിന്റെ കാലു തല്ലിയൊടിക്കും"

പിന്നെ നാട്ടുകാര്‍ക്കും

"അല്ലാ, എന്നാ പോണേ? ഹും.,. എന്നെ പായ്‌ക്കു ചെയ്യാന്‍ എന്താ ഉത്സാഹം ഇവaന്മാര്‍ക്ക്‌.

ഒക്കെ എന്താ സ്നേഹം ഇടിവാള്‍നോട്... അതെങ്ങനെ കൈലിരിപ്പ് ഇതല്ലെ ;)

ഗഡീ, കലക്കന്‍ പോസ്റ്റ്!

nerampokku said...

ഹെന്റെ പഹയാ അന്റെ "മടക്കല്" മോസൂല്ലല്ലൊമൊനെ.?

അനംഗാരി said...

ഇടിവാളെ, ഇടിവെട്ട് സാധനം. സ്വന്തം വേദനയെ ഇത്ര നന്നായി അവതരിപ്പിച്ചല്ലോ. ആ ട്രാന്‍‌സ്പോര്‍ട്ട് പുരാണം കലക്കി. ഞാന്‍ ആ രംഗം ആലോചിക്കുവായിരുന്നു.

ഇടിവാള്‍ said...
This comment has been removed by a blog administrator.
ഇടിവാള്‍ said...

അഗ്രൂ: തേങ്ങക്കു നന്ദി

പച്ചാളം, നന്ദി ;)
അന്വര്‍, നന്ദി ;)
ഇത്തിരി, നന്ദി ;)
പുള്ളീ, നന്ദി ;)
കുട്ടമെന്‍‌ന്നേ, നന്ദി ;)
ചെണ്ടക്കാര, നന്ദി ;)

തഥാഗതാ. നന്ദി..അത്രക്കങ്ങു വേണോ/
സൂര്യാ നന്ദി ;) ടെമ്പ്ലേറ്റു സജഷനും നന്ദി

മാഗ്നി: നന്ദി, താങ്കളുടെ പോസ്റ്റുകളുടെ ഒരാരാധകനാണു ഞാന്‍ സത്യം !

മുരളി മാഷേ: ഓക്കേ. പരമാവധി ട്രൈ ചെയ്യാം. “നില്‍പ്പന്‍” പോസ്റ്റിയപ്പോള്‍ ഞാന്‍‍ ഒരു ഡിസ്ക്ലൈമര്‍ ഇട്ടിരുന്നു. അതെന്റെ യല്ല, അതിന്റെ ഡെബിറ്റും ക്രെഡിറ്റും എല്ലാം ശങ്കുവിനു.

ഇക്കാസേ നന്ദി

സപ്തന്‍: ഹോ.. അതനുഭവിച്ചവനായതോണ്ടു പറയട്ടേ.. ബെല്ല്യ നാണക്കേടാ.. നന്ദി

പാറൂ: നന്ദി

സുല്‍: ആദ്യ സന്ദര്‍ശനത്തിനും കമന്റിനും നന്ദി

മുസാഫിര്‍ജി: നന്ദി.. രാശി തരക്കേടില്ല. ;)

കലേഷേ: വളരേ നന്ദി.. ഈ പ്രോത്സാഹനത്തിനു.

ചന്തു: നന്ദി

ദേവേട്ടാ; അത്താണ് !

ദില്‍ബ: നന്ദി

പടിപ്പുര: ഇങ്ങനേലും പൂശിയല്ലോല്ലേ.

അവതാരകന്‍: രമേഷേ .. നന്ദി.. പരിപാടികള്‍ റേഡിയോവില്‍കേള്‍ക്കാറുണ്ട് ട്ടാ..

ഉത്സവം: അത്യാവശ്യം ചില്ലറ ഗുണ്ടായിസങ്ങളില്ലാഹ്റ്റെ ഇന്നു ജീവിക്കാന്‍ പറ്റുവോ മാഷേ

മുല്ലപ്പൂ” നന്ദി ;)
ചെമ്പകന്‍: നന്ദി ;)
ശ്രീജിത്തേ; നന്ദി ;)
വില്ലൂസ്; നന്ദി. പാട്ട് കേട്ടിരുന്നൂട്ടോ. അസ്സല്‍ !
ആരോമലേ: നന്ദി ;)
ആദി:ഹ ഹ.. നടക്കട്ടേ !
നേര്‍മ്പോക്കേ: നന്ദി..
അനംഗാരി: നന്ദി..

കുറുമാന്‍ said...

ഹേയ്......എനിക്ക് നന്ദി കിട്ടിയില്ല.......

ഗഡ്യേ, ഇന്നലെ വൈകുന്നേരം തുടങ്ങിയതാ, പക്ഷെ വായിച്ചവസാനിപ്പിക്കാന്‍ പറ്റിയത് ഇപ്പോഴാ....

ഒരു വിധം ഗള്‍ഫന്‍മാരും ഈ അവസ്ഥയല്ലെങ്കില്‍, ഏതാണ്ടിതുപോലത്തെ ഒരവസ്ഥയില്‍ കൂടെ കടന്നിരിക്കണം. എന്തായാലും നന്നായി വിവരിച്ചിരിക്കുന്നു.

തറവാടി said...

എല്ലാവര്‍ക്കും ഉള്ള ഒരു സാധാരണ കാര്യം ഇത്ര നര്‍മ്മത്തോടെ , മുഷിപ്പിക്കാതെ എഴുതാനുള്ള താങ്കളുടെ കഴിവിനെ പ്രകീര്‍ത്തിക്കാതെ വയ്യ!!! , ശരിക്കും രസിച്ചു

Anonymous said...

നല്ല പ്രയോഗങ്ങള്‍!!

നിങ്ങളൊക്കെ ഇതെങ്ങനെ ഒപ്പിക്കുന്നു? (അഹങ്കരിക്കിന്‍!!)

കിഡിലം..കിക്കിഡിലം..

ഗുള്‍ഫില്‍ പോകാനുള്ള വിഷമങ്ങള്‍...
ഗുള്‍ഫിലുള്ളവരേ, നിങ്ങളെ സമ്മതിച്ചിരിക്കുന്നു..

അസാധ്യ പോസ്റ്റ്‌ തന്നെ!!!

ചിരിച്ചു.. യൂറിയൂറി ചിരിച്ചു കൊണ്ടിരിക്കുന്നു

ദിവ (diva) said...

ഗഡ്യേ,

പതിവുപോലെ ഞാനിന്നും താമസിച്ചു. ഹാജരുബുക്ക് മാറ്റുന്നതിനു മുന്നേ ഒപ്പിട്ടോട്ടേ, പ്ലീസ്...

ഈ പോസ്റ്റ് കിക്കിഡിലന്‍. ചുമ്മാ പറഞ്ഞതല്ല :

രണ്ടുപോസ്റ്റുകള്‍ - മിന്നല്‍ നാടുവിടാന്‍ പോയതും ഇതും - ‘അ’ ഗ്രേഡില്‍ പെടും. ന്ന്വച്ചാല്‍ ഇവയാണ് ഇഡിയുടെ ഏറ്റവും നല്ല പോസ്റ്റുകള്‍ എന്ന് പാണന്മാര്‍ പാടിനടക്കും.

ബാച്ചികള്‍ക്ക് ‘ചഡപഡാ’ന്ന് മറുപടി കൊടുക്കുന്ന കാര്യത്തിലും ഇഡിയെ തോല്‍പ്പിക്കാന്‍ ദേവേട്ടനെക്കൊണ്ട് മാത്രമേ പറ്റൂ...

അപ്പോള്‍, ഇഡിനാദം തുടരുക. ആശംസകള്‍

:)

ഇടിവാള്‍ said...

ദിവാ.. ഈ പോസ്റ്റിനു “A“ സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്തോ ! അമ്മച്ചിയേ ..ആള്‍ക്കാരു തെറ്റിദ്ധരിക്കും.

പിന്നെ, പഴയൊരു കഥ ഇപ്പോഴും മനസ്സില്‍ നില്‍ക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം.

വല്യമ്മായി said...

നിങ്ങളുടെ എല്ലാ പോസ്റ്റും ഉഗ്രന്‍,അതിലും കൂടുതല്‍ പറയാന്‍ ഞാനാളല്ല.

കുഞ്ഞച്ചന്‍ said...

ഇങ്ങേരു ഇങ്ങനെ ഓരോന്ന് എഴുതും... അത് വായിച്ചു ഓഫീസില്‍ ഇരുന്നു കഷ്ടപ്പെട്ട് ചിരിക്കുന്ന ഞങ്ങളുടെ മനോവിഷമം എന്തെ നിങ്ങള്‍ മനസ്സിലാക്കത്തെ???...

തകര്ത്തു...

അക്കു അഗലാട് said...

മ്മക്ക്‌ ആ സുശാന്തന്‍ കന്നാല്യേ അങ്ങ്‌ട്ട്‌ പൂശ്യാല്യോ..

ചുള്ളന്‍.ഈത്‌കിടിലന്‍ അണ്ടഗെഡീ..

ഷമ്മി :) said...

കലക്കന്‍ പോസ്റ്റ്
:)

ഏകാന്ത പഥികന്‍ said...

വിമ്മിന്റെ ശൈലി എനിക്കു ശ്ശി പിടിച്ചിരിക്കുണു ട്ടൊ... എന്തായാലും വിമ്മിനോടു കാണിച്ചതുപോലെ പോലെ കുവൈറ്റ്‌ എയർലൈൻസ്‌ എന്നോടു കാണിച്ചില്ല. ക്യാബിനും സീറ്റും ഒക്കെ ഒരുമാതിരി അഡ്ജസ്റ്റ്‌മന്റ്‌ ആയിരുന്നെങ്കിലും ഡിലേയും ക്യാൻസലേഷനുമൊന്നുമില്ലാതെ കൃത്യസമയത്തു തന്നെ എന്നെ അമേരിക്കയിൽ എത്തിച്ചുതന്നു. പിന്നെ എയർലൈൻസിനെ പറ്റി പറയുകയാണെങ്കിൽ എന്നെ സംബന്ധിച്ചടുത്തോളം ഡെൽറ്റ, എയർ ഫ്രാൻസ്‌, ബ്രിട്ടീഷ്‌ എയർവേയ്സ്‌, ക്വാണ്ടാസ്‌, ലുഫ്താൻസ, സിൻഗപ്പൂർ എയർ ലൈൻസ്‌, കാത്തി പെസഫിക്‌ ഇവയൊക്കെയാണ്‌ പ്രിയം.

Prasanth. R Krishna said...

Its really Excellent Presentation. This kind of incidents are very common among the Gulf peoples. In fact we cant blame these small travel agents they have their own limitations so better to approach responsible Travel agents. These small travel agents generally working as agents for big travel agencies they just collect the passport and related documents to submit to the established travel agencies. There we have to loose double commission and also will not have any responsibility. As far as mine and my friends experience Akbar Travels is the best in our Kerala and they will do all those kind of jobs in time and provide the ticket with least price.

ചെലക്കാണ്ട് പോടാ said...

സുശാന്ത് കന്നാലിയെ ഇപ്പോ കാണാറുണ്ടോ...

വിരുതന്‍ said...

കൊള്ളാം മാഷെ......

Achoo said...

അഞ്ചാറു കൊല്ലം കഴിഞ്ഞു ഒരു കമന്റ് കിട്ടുന്നത് നല്ലതാ ;)) സംഗതി രസമായിട്ടുണ്ട് നാടും ,നായാടിയും,നാവൂറുമാടക്കം നാടുവിട്ടു വന്ന മിക്ക പ്രവാസിക്കും ഉണ്ട് ഇതുപോലൊരു കഥ ;) ഫോണ്‍ വിളി പോലെ പണ്ടോരിക്കല്‍ അഞ്ഞൂറ് ഇന്റര്‍ നാഷണല്‍ എസ് എം എസ് ഫ്രീ കിട്ടിയപ്പോള്‍ ,നൈറ്റ് ഷിഫ്റ്റില്‍ ഇരുന്നു ഗള്‍ഫന്‍ മാരുടെ ഉറക്കം കെടുത്തിയ മേസേജുകളെ ഓര്‍ത്തുപോയി :))

സുധി അറയ്ക്കൽ said...

കൊള്ളാം.നല്ല ഇഷ്ടമായി.നല്ല പദപ്രയോഗങ്ങൾ.

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.