-- എ ബ്ലഡി മല്ലു --

തിരുമ്മല്‍ ദിവ്യന്‍.

Saturday, September 30, 2006

അങ്ങു തെക്ക്‌ കരുവന്തല സ്റ്റോപ്പിനു തൊട്ടുമുന്‍പുള്ള കള്ളു ഷാപ്പു മുതല്‍, ഇങ്ങു വടക്ക്‌ മീശ ദേവസ്സ്യേട്ടന്റെ വീടിന്റെ അപ്പറത്തേന്റെ അപ്പറത്തെ റേഷന്‍ഷാപ്പു വരെ പടര്‍ന്നു പന്തലിച്ചു വിശാലമായി കിടക്കുകയാണൂ, വെങ്കിടങ്ങു പഞ്ചായത്തിലെ, ഞാന്‍ കൂടി താമസിക്കുന്ന 8 ആം വാര്‍ഡ്‌.

കഷ്ടി ഇരുനൂറോളം വീടുകളുള്ള ഈ വാര്‍ഡിലെ സകല വീടുകളുമെടുത്തു നോക്കിയാല്‍, അതില്‍ നിന്നും എന്റെ വീടിനെ വ്യത്യസ്തമാക്കുന്ന ഒരു പ്രത്യേകത, "ഇരട്ടക്കുട്ടികളുള്ള വീട്‌" എന്നതാണ്‌. അതും ഒന്നല്ല, രണ്ടു പെയര്‍ ട്വിന്‍സ്‌.

ആദ്യത്തേതൊരു ട്വിന്‍സ്‌ ( ഞാനും പിന്നെ ഹലുവാ പുരാണം സഹോദരിയും) പിന്നെ ഒരു ചെയ്ഞ്ചിനു ഒരാണ്‍കുട്ടി, പിന്നെ, വീണ്ടും ഒരു ചെയിഞ്ചിനു ഒരു ട്വിന്‍ കൂടി (മിന്നലും ഒരു അനിയത്തിയും)

ഒരു ചില്ലറ മുറി വൈദ്യവും, മന്ത്രവാദവുമൊക്കെയായി നടന്നിരുന്ന മുത്തശ്ശനെക്കാണാന്‍ രാവിലെ മുതല്‍ രാത്രി വരേയുള്ള രോഗികളുടേയും വിശ്വാസികളുടേയും തിരക്കു കണ്ട്‌ ഇറിറ്റേറ്റഡ്‌ ആയിട്ടാണത്രേ, എന്റെ അമ്മാവന്മാരൊന്നും ഡോക്റ്റര്‍മാരാകേണ്ടെന്നു അമ്മൂമ്മ ദൃഢപ്രതിജ്ഞയെടുത്തത്‌. അങ്ങനെ വെങ്കിട ദേശത്തിനു രണ്ടു ഡോക്റ്റേഴ്സിനെ നഷ്ടമായി.. സതേണ്‍ റെയില്‍വേക്ക്‌ ഒരു വല്യമ്മാന്‍ സീനിയര്‍ ടി.ടി.ആറിനേയും, ദുബായ്‌ മഹാരാജ്യത്തിനൊരു മിടുക്കന്‍ ചെറിയമ്മാന്‍ ഇലക്‍ട്രി‌ക്കല്‍ ഫോര്‍മാനേയും കിട്ടി! അമ്മൂമ്മക്കു കുറച്ചു മനസ്സമാധാനവും ! പഠിപ്പില്‍ പണ്ടേ പുലിയായിരുന്ന ഞാനും, "പോട്ടെ, വയസ്സായോരടെ ഓരോ ആഗ്രഹങ്ങളല്ലേ, " എന്നും കരുതി അങ്കിള്‍സിന്റെ ഫൂട്ട്‌സ്റ്റെപ്പുകള്‍ പിന്‍തുടര്‍ന്നു.

കാണാന്‍ മെല്ലിച്ച്‌ ഒരു ഗുമ്മില്ലാത്ത ലുക്കാണെങ്കിലും , മുത്തശ്ശന്‍‍ ആളൊരു കിടിലനായിരുന്നു നാട്ടില്‍. "അങ്ങേരെപ്പേടിയില്ലാത്തവരില്ല വെങ്കിടങ്ങില്‍" എന്നു വരെ ഇതേപറ്റി പ്രശസ്തമായൊരു ശ്ലോകമുണ്ട്‌. (അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍.. എന്ന് തുടങ്ങുന്ന , നാദിര്‍ഷാ എഴുതിയ ഒരു പാരഡീയുമുണ്ട് ഈ ശ്ലോകത്തിന്). രാത്രി സഞ്ചാരവും കഴിഞ്ഞ്‌ മടക്കത്തില്‍ പുലര്‍ച്ച്‌ രണ്ടുമണിക്ക്‌, വീട്ടുപടിക്കല്‍ വച്ച്‌ "ബീഡിയുണ്ടോ കമ്മളേ ഒരു തീപ്പട്ടിയെടുക്കാന്‍" എന്നു ചോദിച്ച കാളയുടെ കാലുള്ള ഒടിയനെ, "ദിപ്പ തരാട്രാ ചുള്ളാ, സാധു വേണോ, അതോ കാജ വേണോ"ന്നും പറഞ്ഞ്‌ "നീയിവടെക്കെടന്നു കറങ്ങായ നമഹ... ഓം ഹൃിം സ്വാഹ ഫട്ട്‌" എന്നൊരു യമണ്ടന്‍ മന്ത്രവും ചൊല്ലി ലവന്റെ ചുറ്റിനൊരു വട്ടവും വരച്ച്‌ പുലര്‍ച്ച വരേ അതിനകത്തിട്ടു കറക്കിയ വീരചരിതമുള്ള മുത്തശ്ശന്‍ ചുട്ട കോഴിയെ പറപ്പിക്കുന്ന മന്ത്രവാദിയായിരുന്നു.

മക്കളു രണ്ടും തന്റെ മന്ത്രതന്ത്രാദികള്‍ പിന്തുടരില്ലെന്നു മനസ്സിലാക്കി, ഒന്നു രണ്ടു മാന്തിക വിദ്യകള്‍ എനിക്കും പറഞ്ഞു തന്നിട്ടുണ്ട്‌. ഇവിടെ ദുബായിലെ ഒരു വിധം എല്ലാ "കെന്റുക്കി, സതേണ്‍ ഫ്രൈഡ്‌ ചിക്കന്‍ എന്നീ ഔട്ട്‌ലെറ്റുകളിലും ഞാന്‍ ഈ മാന്തികവിദ്യകള്‍ ഇടക്കൊക്കെ പ്രയോഗിക്കാറുണ്ട്‌ !

ചുട്ട കോയിയെ പറപ്പിക്കും, (വയറ്റിലോട്ട്‌!), ഇനീപ്പോ തന്തൂരിയില്ലെങ്കില്‍, ഫ്രൈ ചെയ്തതായാലും മന്ത്രം സെയിം തന്നെ!

വരാനുള്ളതു ഭാരത്‌ ബന്ദു ദിവസമായാലും, അവശ്യ സര്‍വീസുകളായ പാല്‍, പത്രം വണ്ടികളിലോ, ആംബുലന്‍സിലോ കയറിവരുമെന്നല്ലോ ലോകതത്വം. "നാട്ടിലെ കുറേപ്പേരുടെ കാലു പിടിക്കണം" എന്നു എന്റെ തലയില്‍ 1975 ഇല്‍ എംബോസ്സു ചെയ്തു വച്ചിരിക്കുന്നതിനാലാവണം, "ഇരട്ടക്കുട്ടികളെക്കൊണ്ടു തടവിച്ചാല്‍, കാല്‍, കൈ, മസിലുകള്‍, എന്നിവിടങ്ങളികെ, ഉളുക്ക്‌, ഒടിവ്‌, ചതവ്‌" എന്നിവ പെട്ടെന്നു ഭേദമാകുമെന്നൊരു വിശ്വാസം നാട്ടില്‍ നിലനിന്നിരുന്നു, ഞങ്ങളുടെ നാട്ടില്‍ മാത്രമായിരുന്നോ എന്തോ ?

വീട്ടിലേതു അതിഥി വന്നാലും പൂവന്‍ കോഴിക്ക്‌ കിടക്കപ്പൊറുതിയില്ല എന്നു പറഞ്ഞ മാതിരിയായി എന്റെ കാര്യം. വെല്‍ഡറു ദാമൂന്റെ രണ്ടാം ക്ലാസുകാരന്‍ മൂക്കൊലിപ്പന്‍ ചെക്കന്‍ സുഭാഷു ചാണകക്കുഴിയില്‍ വീണു കാലുളുക്കിയതു മുതല്‍, വൈകീട്ട് അഞ്ചര നേരത്ത്‌ ചെറിയൊരു കുഞ്ഞിത്തോര്‍ത്തുടുത്ത്‌ തെങ്ങേക്കേറാന്‍ വരുന്ന ചെത്തുകാരന്‍ കരുണന്‍ തെങ്ങേല്‍ കേറി റിട്ടേണ്‍ ട്രിപ്പില്‍, ഹാഫ്‌ വേ മാര്‍ക്കിലെത്തിയപ്പോള്‍ ഗുരുത്വാകര്‍ഷണം കൂടിയതു കൊണ്ടോ, അതോ, അപ്പുറത്തെ കുളത്തിലെ സീന്‍ കണ്ടു കോണ്‍സന്‍‌റ്റ്രേഷന്‍ പോയിട്ടോ എന്തോ, "പ്‌ധേ" ന്നു നടുവും തല്ലി വീണ കേസുകളില്‍ വരെ, നാട്ടിലെ പ്രശസ്ത തിരുമ്മല്‍കാരനും, എന്റെയൊരകന്ന ബന്ധു കൂടിയായ "ശ്രീ. കിറുഷണന്‍ നായരുടെ" അടുത്തേക്കു പോകും വഴി, "ന്നാ പിന്നെ, മ്മടെ നായമ്മാരടോടത്തെ ആ കുട്ട്യേക്കൊണ്ട്‌ ഒന്ന് ഉഴീപ്പിക്കാം" എന്നും പറഞ്ഞ്‌ നാട്ടുകാരില്‍ പലരും എനിക്കിട്ടു പാരയായി ഭവിക്കാറുണ്ട്!

എന്തിനധികം, പുതിയേടത്തെ 92 വയസ്സായ കൊച്ചുവമ്മയെ "എക്‍സ്പയറി ഡേറ്റു" കഴിഞ്ഞു എന്ന ഒറ്റകാരണത്താല്‍, പാസ്പോര്‍ട്ടും വിസയുമൊക്കെ ക്യാന്‍സല്‍ ചെയ്തു കൊണ്ടുപോകാന്‍ വന്ന സാക്ഷാല്‍ കാലന്‍ ചേട്ടന്‍ വരെ, ഏനാമ്മാവ്‌-വെങ്കിടങ്ങ്‌ റൂട്ടിലെ ഗട്ടര്‍ മൂലം പോത്തിന്റെ പുറത്തു നിന്നും വീണു കാലുളുക്കി എന്നെക്കൊണ്ടു തിരിമ്മിക്കാന്‍ വരുമോയെന്നു ഞാന്‍ ഭയന്നിരുന്നു അക്കാലത്ത്‌.

ഇങ്ങനെ വരുന്നവരെ അണപ്പല്ലിറുമ്മിക്കൊണ്ടു ഇടത്തേ ചെവി മുതല്‍ വലത്തേ ചെവി വരെ നീളത്തില്‍ ചിറികോട്ടി ചിരിച്ചു സ്വീകരിച്ച്‌, ഉളുക്കി ചതഞ്ഞ കയ്യോ, കാലോ എന്താന്നു വച്ചാല്‍ അതു തിരുമ്മി പണ്ടാരമടങ്ങുന്നത്‌, ഉണ്ണികൃഷ്ണപ്പണിക്കര്‍ തരക്കേടില്ലാത്തൊരു ദക്ഷിണയും വാങ്ങി എഴുതിയ എന്റെ ജാതകത്തിലുള്ള ദോഷം !

പരിശോധനാ സമയങ്ങളിലല്ലാതെ "അബ്ദുള്ള ഡോക്ടറെ" തേടി വരുന്ന രോഗികളെ, ഭാര്യയേയോ, വേലക്കാരനേയോ കൊണ്ടു "ഡോക്ടറിവിടെയില്ല" എന്നു പറഞ്ഞു മടക്കിയയക്കുന്ന പോലെ, ചില സന്ദര്‍ഭങ്ങളില്‍, "ഞാനിവിടെയില്ലെന്നു പറഞ്ഞേക്ക്‌" എന്നും അമ്മയേക്കൊണ്ടു മെഡിക്കല്‍ എത്തിക്ക്സിനു വിപരീതമായി പറയിപ്പിക്കേണ്ടി വന്നിട്ടുണ്ട്‌ ഈയുള്ളവന്‌!

അങ്ങനെ പഠിത്തമൊക്കെക്കഴിഞ്ഞ്‌ ഗള്‍ഫിലേക്കെത്തുമ്പോഴേക്കും തരക്കേടില്ലാത്തൊരു തിരുമ്മുകാരനായിരുന്നു ഞാന്‍.

ദുബായിലെത്തി ചെറിയമ്മാവന്റെ കൂടെ കുറച്ചു ദിവസം താമസിച്ചെങ്കിലും, ജോലി എന്ന സ്വപ്നം ഈ മരുഭൂമിയില്‍ ഒരു മരീചികയായി. അയ്യായിരത്തില്‍ തുടങ്ങുകയും ഓരോ മാസവും 500 ദിര്‍ഹം വച്ച്‌ കുറക്കുകയും ചെയ്തുകൊണ്ടിരുന്ന എന്റെ "എക്‍സ്പെക്റ്റഡ്‌ സാലറി" അങ്ങനെ അഞ്ചു മാസം കഴിഞ്ഞ്‌ 2500 ദിര്‍ഹം ആയപ്പോഴാണു എനിക്കൊരു ജോലി കിട്ടിയത്‌.

അബുദാബിയിലെ അതിപ്രശസ്തമല്ലാത്ത ഒരു ചിന്ന കമ്പനിയില്‍ ആദ്യദിവസം വലതുകാല്‍ വച്ചു കയറുമ്പോള്‍ എനിക്കു കൈമുതലായുണ്ടായിരുന്നത്‌, പാന്റിന്റെ വലത്തേ ചന്തി പോക്കറ്റിലെ പേഴ്സില്‍ 30 ദിര്‍ഹവും , 50:50 അനുപാതത്തില്‍, ഞാനും ദൈവവും കൂടിയിരുന്നെഴുതി 67% മാര്‍ക്കോടെ പാസായ കുറേ സര്‍ട്ടിഫിക്കറ്റുകളും, വീണാലും നാലു കാലിലേ വീഴുള്ളൂ എന്ന മെന്റാലിറ്റിയും, പിന്നെ അടുത്ത മാസം ശമ്പളം കിട്ടിയിട്ടു വേണം BMW ഷോറൂമിലെന്നു പോയി 530i മോഡലിന്റെ വിലയൊന്നു ചോദിക്കണം എന്ന മാതിരിയുള്ള കോണ്‍ഫിഡന്‍സും, പിന്നെ, പേരിനു കുറച്ചു തിരുമ്മല്‍ ടെക്‌ക്‍നിക്കും മാത്രമായിരുന്നു.

അന്നു ഓഫീസിലെ ആകെയുള്ളത്‌ ഞങ്ങള്‍ ആറു പേര്‍. മൊയ്‌ലാളി അറബി, മാനേജരായിരുന്ന മാത്യൂ സാര്‍, സെയില്‍സിലെ ഒരു ജോര്‍ദാനി, സര്‍വീസ്‌ ഡിപ്പാര്‍ട്ട്മെന്റില്‍ ഞാനും പിന്നൊരു മലയാളി ജേക്കബും, പിന്നെ അര്‍ബാബിന്റെ (മുതലാളി അറബിയുടെ) സെക്രട്ടറിയായി "മാര്‍ഗ്രറ്റ് എന്‍പന്ന്യോ" എന്ന ഉഗ്രന്‍ പേരുള്ള, മാഗിയെന്നു വിളിക്കുന്ന ഒരു സുന്ദരി ഫിലിപിനോ പെണ്‍കൊച്ചും.

അന്നത്തെക്കാലത്ത്‌, ഇന്റര്‍നെറ്റും ഈമെയിലുമൊന്നും ഇല്ലാതിരുന്നതിനാല്‍, ഏറ്റവും പ്രധാന വാര്‍ത്താവിനിമയ മാര്‍ഗമായിരുന്നു ഫാക്സ്. ഞെക്കി ഞെക്കി തേഞ്ഞു നമ്പറുകളൊക്കെ ബട്ടനില്‍നിന്നും അപ്രത്യക്ഷമായ, കമ്പനി സ്താപിതവര്‍ഷം മുതല്‍ സ്തുത്യര്‍ഹ സേവനം നല്‍കിവരുന്ന, അയക്കലും കൈപ്പറ്റലും മാത്രം തൊഴിലാക്കിയ ആ ഫാക്സ്‌ മഷീന്‍ ഇരുന്നത്‌ മാഗിക്കൊച്ചിന്റെ "റ" ഷേപ്പിലുള്ള റിസപ്ഷന്‍ ടേബിളിന്റെ ഒരു വശത്താണു.

എന്തെങ്കിലും ഫാക്സുകളയക്കണമെങ്കില്‍, ഒന്നുകില്‍ മാഗിയോടു "പുന്നാരമോളെ ഒന്നു മാറിക്കേ" എന്നു പറയണം, അല്ലേല്‍, 4 അടി നാലിഞ്ച്‌ ഉയരമുള്ള ഓള്‍ടെ മുകളിലൂടെ കയ്യെത്തിച്ച്‌ നമ്പറു ഡയലു ചെയ്യണം. എനിക്കും ജേക്കബിനും രണ്ടാമത്തെ ഓ‌പ്‌ഷനായിരുന്നു കൂടുതലിഷ്ടം.

ജേക്കബും ഞാനുമടങ്ങുന്ന ആക്രാന്തം മൂത്ത "ബാചിലര്‍ ക്ലബ്‌" ഒഴിവു സമയങ്ങളിലും, പിന്നെ, പണിയുണ്ടെങ്കിലും, മുതലാളിയില്ലാത്ത സന്ദര്‍ഭം നോക്കിയും, ആവും വിധം മാഗിക്കൊച്ചിനോടു പഞ്ചാരയടിക്കാന്‍ കഴിയുന്നതും ഉത്സാഹിച്ചിരുന്നു.

"യൂ ആറ്‌ മൈ ബെരി ഗുദ്‌ പ്രന്ത്‌" എന്ന തഗലോഗ്‌ ആക്സന്റില്‍ അവളും, "ഐ വാണ്ട്‌ ട്ടു ഗോ ദെയറ്‌" എന്ന മലബാറി ആക്സന്റില്‍ ഞങ്ങളും ഒരു വിധത്തില്‍ ഒരണ്ടര്‍സ്റ്റാന്‍ഡിങ്ങില്‍ അങ്ങോട്ടുമിങ്ങോട്ടും അണ്ടര്‍സ്റ്റാന്റു ചെയ്തു പോന്നു.

വീരകഥകള്‍ വിളമ്പുന്നതിനിടയില്‍, ഒരു ദിവസം, എന്റെ "ഇരട്ടക്കുട്ടി ദിവ്യത്വത്തെ"ക്കുറിച്ചും, തിരുമ്മല്‍, ഉഴിച്ചില്‍ കഴിവുകളേക്കുറിച്ചും, " നാന്‍ ഒരു തടവു തടവിയാ അതു നൂറു തടവു തടവിയ മാതിരി" എന്നൊക്കെ രജനി സ്റ്റെയിലില്‍ വായില്‍ തോന്നിയ ആംഗലത്തില്‍ ഞാന്‍ മാഗിയോടു തട്ടിവിട്ടിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം! ഞാനും മാഗിയും, മാത്യൂസാറും മാത്രം ഓഫീസിലുണ്ട്‌. എന്തോ അത്യാവശ്യമായ ഒരു ഡൊക്യുമെന്റു ഫാക്സു ചെയ്യാനായി ഞാന്‍ മാഗിയുടെ ടേബിളിലോടു ചെന്നു അവളോടു മാറി നില്‍ക്കാനാവശ്യപ്പെടുകയും, അനന്തരം, ഡോക്യുമന്റ്‌ ഫാക്സ്‌ മഷീനില്‍ വച്ച്‌ ബട്ടണുകള്‍ ഞെക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയില്‍, "റ" ടേബിളിന്റെ പുറത്ത്‌ കൈ കുത്തി നില്‍ക്കുകയായിരുന്ന മാഗി എന്റെ നേര്‍ക്കൊരു ചോദ്യമെറിഞ്ഞു...

"ക്യാന്‍ യൂ ഗീവ്‌ മീ ദ‌ മസ്സാജ്‌?...

എന്റെ ഹൃദയത്തിലൊരു ഇടിവാളു മിന്നി! മഹാഭാരതം സീരിയല്‍ തുടങ്ങുന്നതിനു മുന്‍പ്‌ കൊട്ടുന്ന പോലത്തെ ഭീമന്‍ പെരുമ്പറകള്‍ ഡും..ഡും.. എന്ന ആര്‍ത്തനാദമുണ്ടാക്കി.. ഗിരിജാ തീയറ്ററില്‍ "ഏ" പടത്തിനു കയറിയാല്‍, ലൈറ്റണക്കും വരെ "പരിചയക്കാരാരേലും കാണൂമോ" എന്ന ടെന്‍ഷന്‍ ഉണ്ടാവുമ്പോള്‍ മിടിക്കുന്ന അതേ ഫ്രീക്വന്‍സിയില്‍ ഹാര്‍ട്ടു പെടപെടച്ചു തുടങ്ങി..

ഇന്നലെ എന്തോ സംസാരത്തിനിടയില്‍ ഇവളു പറഞ്ഞതേയുള്ളൂ, അവള്‍ക്കു വല്ലാത്ത ബാക്ക്‌ പെയിനും ലെഗ്‌ പെയിനുമാണെന്നു. ഞാനാണെങ്കില്‍ എന്റെ "ഇരട്ടക്കുട്ടി തിരുമ്മല്‍ ദിവ്യത്വ" ത്തെപ്പറ്റി നേരത്തെ പറയുകയും ചെയ്തിട്ടുണ്ട്‌. എവിടെ മസാജു ചെയ്യാനാണാവോ ഇവള്‍ പറയുന്നത് !

എന്നാലും മാഗി... ഞാനെങ്ങനെ ഇത്രക്കു ഓപ്പണായി നിന്നെ മസാജു ചെയ്യും? അതും ഈ ഓഫീസില്‍, അതും, മാത്യൂ സാറു അങ്ങേരുടെ ക്യാബിനിലിരിക്കുമ്പോ ? ഇതൊന്നുമല്ലെങ്കില്‍ പോട്ടേ, ഒരു കൈ നോക്കാമായിരുന്നു!

ഈ മസാജെങ്ങാനും കണ്ട്‌ മുതലാളി കയറി വന്നാല്‍? അങ്ങേരെന്നെ കഴുത്തെപ്പിടിച്ചു മസാജു ചെയ്യില്ലേ? ഫുള്‍ ബോഡി മസാജും, സാന്‍‌ഡ്‌വിച്ച് മസാജുമൊക്കെ ഓപ്പണായിട്ടു നടത്താന്‍ ഇതു ഫിലിപ്പൈന്‍സും, തായ്‌ലാന്‍ഡുമൊന്നുമല്ലല്ലോ .. ഇത്‌ അബുദാബിയല്ലേ കുട്ടീ.. എനിക്കാഗ്രമില്ലാഞ്ഞിട്ടല്ലാ.. പക്ഷേ സാഹചര്യങ്ങള്‍ അതിനനുവദിക്കുന്നില്ല, എന്നെ മനസ്സിലാക്കൂ.. എന്നൊക്കെയുള്ള ചിന്തകള്‍ എന്റെ മനസ്സിനെ മഥിക്കുകയും, ഈ വാക്കുകളൊക്കെ തൊണ്ട വരെ വന്നു, സഡന്‍ ബ്രേക്കിട്ടുനില്‍ക്കയും, ഇത്രയും കടുപ്പം വാക്കുകള്‍ ഒരുമിച്ചു ഇംഗ്ലീഷിലേക്കു ട്രാന്‍സ്ലേഷന്‍ നടത്താന്‍ എന്നെക്കൊണ്ടാവില്ല എന്നു മനസ്സിലായപ്പോള്‍‍, “അപ്പോ ശരി” എന്നും പറഞ്ഞ് വായില്‍ നിന്നും പുറത്തു ചാടാതെ തിരിച്ച്‌ വന്നിടത്തേക്കു തന്നെ റിട്ടേണ്‍ പോകുകയും ചെയ്തു.

ഒന്നും മിണ്ടാതെ നില്‍ക്കുന്ന എന്നെ നോക്കി വീണ്ടു മാഗി മൊഴിഞ്ഞു. " മസാജ്‌" പ്ലീസ്‌ ....

"ദൈവമേ.. ലവളെന്നെക്കൊണ്ടത്‌ ചെയ്യിപ്പിച്ചേ അടങ്ങൂലോ" എന്റെ കൈകള്‍ തരിച്ചു.. അല്ല, വിറച്ചു ! കൃഷ്ണാ ഗുരുവായൂരപ്പാ.. എന്റെ ചാരിത്ര്യം.. !

"വാട്ട്‌ മസാജ്‌ മാഗി?" ഒന്നു റീകണ്‍ഫേം ചെയ്യാനായി ഞാന്‍ അവളുടെ കണ്ണുകളിലേക്കു നോക്കിക്കൊണ്ടു ചോദിച്ചു.

വിരല്‍ ഫാക്സ്‌ മെഷീനു നേരെ ചൂണ്ടിക്കൊണ്ട്‌ അവള്‍ വീണ്ടും പറഞ്ഞു.. "പ്ലീസ്‌ ടെയ്ക്ക്‌ ദാറ്റ്‌ ഫാക്സ്‌ മസാജ്‌ ഫോര്‍ മീ.." !

നേരത്തെ ഫാക്സിന്റെ "റിസീവ്‌ഡ്‌ ട്രേ"യില്‍ കിടന്നിരുന്ന മെസ്സേജുകള്‍ എടുത്ത്‌ അവള്‍ക്കു കൊടുക്കാമോയെന്നാണിവള്‍ ഇത്രയും നേരം ചോദിച്ചുകൊണ്ടിരുന്നത്‌ എന്നു മനസ്സിലായപ്പോള്‍, "ഹും" എന്നൊരു ദീര്‍ഘ നിശ്വാസത്തോടെ 250 ബി.പി.എം ഇല്‍ പെടക്കുകയയായിരുന്ന എന്റെ ഹൃദയമിടിപ്പുകള്‍ സ്ലോലി സ്ലോലി നോര്‍മലായി വന്ന് 70 ഇല്‍ വച്ച്‌ ക്രൂസ്‌ കണ്ട്രോള്‍ ആക്റ്റീവ്‌ ചെയ്ത പോലെ സ്റ്റെഡിയായി... ആകെ മൊത്തം "മലയത്തിപ്പെണ്ണു" സിനിമയുടെയിടയില്‍, ഗിരിജയില്‍ കറന്റു പോയ പ്രതീതി.. വേഗത്തിലുള്ള ശ്വാസോച്ഛാസങ്ങലുടെ ശബ്ദം മാത്രം ആ നിശബ്ദതക്കു ഭംഗം വരുത്തി!

"ഫാക്സ്‌ മെസ്സേജിനെ" മസാജാക്കി പ്രനൌണ്‍സു ചെയ്ത്‌ ചുമ്മായിരുന്ന മനുഷ്യനെ ഈ മറുതാ മോഹാവേശിതനാക്കിയല്ലോ എന്നോര്‍ത്തപ്പോള്‍, ആ ഫാക്സു മെഷീനെടുത്ത്‌ അവളുടെ തലക്കടിക്കാനാണു തോന്നിയത്‌.

ആ പേപ്പറുകളെടുത്ത്‌ അവള്‍ക്കു കൊടുക്കുമ്പോള്‍ ഞാന്‍ നിരാശനായിരുന്നോ? ആ ... അതിനുത്തരം ഇന്നും എനിക്കറിയില്ല !

47 comments:

ഇടിവാള്‍ said...

ഒരു പുതിയ പോസ്റ്റ്‌.. "തിരുമ്മല്‍ ദിവ്യന്‍" !

ഞാന്‍ നിരാശനായിരുന്നോ? ആ ... അതിനുത്തരം ഇന്നും എനിക്കറിയില്ല !

കുട്ടന്മേനൊന്‍::KM said...

"മലയത്തിപ്പെണ്ണു" സിനിമയുടെയിടയില്‍, ഗിരിജയില്‍ കറന്റു പോയ പ്രതീതി.. ചതിച്ചു മേനന്നേ..ചതിച്ചു.. രണ്ട് മാസം മുമ്പ് ഗിരിജ തീയ്യറ്റര്‍ ഏതോ സാമദ്രോഹികള്‍ പൂര്‍ണ്ണമായും തീവെച്ച് നശിപ്പിച്ചു.. ആദരാഞലികള്‍.
തിരുമ്മല്‍ നന്നായി.. കിടിലന്‍.

അരവിന്ദ് :: aravind said...

ഇടിവാളേ....കലക്കി!ഹ ഹ!
ഫിലിപ്പെണ്ണിന്റെ ചോദ്യം കേട്ടപ്ലേ എനിക്ക് കാര്യം പുടികിട്ടി, അതു കൊണ്ട് ഉറക്കെച്ചിരിച്ചത് അവിടെവച്ചുതന്നെ!
പ്രതീക്ഷക്കൊത്ത് ഉയര്‍ന്നു ക്ലൈമാക്സ് വിവരണം!
ഗിരിജ പ്രയോഗങ്ങള്‍ കലക്കന്‍,ഒറിജിനല്‍,ഇടിവാളന്‍..:-))

(രഹസ്യം : ഞ്ഞി കാണുമ്പോ മലയത്തിപ്പെണ്ണിന്റെ കത പറഞ്ഞ് തരണേ..ക്ക് അത് മിസ്സായി!)

വിശാല മനസ്കന്‍ said...

'മെഡിക്കല്‍ എത്തിക്ക്സിനു വിപരീതമായി പറയിപ്പിക്കേണ്ടി വന്നിട്ടുണ്ട്‌ '

ഹഹ...

രണ്ടാമത് മസാജ് എന്ന് പറഞ്ഞപ്പോള്‍ കാര്യം ഓടി.
നല്ല രസായിട്ട് പറഞ്ഞിരിക്കുന്നു.

ഗിരിജേല് കരണ്ടുപോയത് പോലെ.. എന്നാ ഉപമ. ക്ലാസ്.

Anonymous said...

ഒരു ഇടിവാള്‍ പോസ്റ്റ്... വേറെ എന്തു പറയാന്‍...ശരിക്കും കിടു...എനിക്കു ചിരിസഹിക്കാന്‍ പറ്റുന്നില്ല... ചിരിക്കാനും പറ്റില്ല... ഇവിടെ സമയം 1.00 എ .യെം ആയി...ഇപ്പൊ ചിരിച്ചാല്‍ സഹമുറിയന്‍മാര്‍ എന്നെ കൊല്ലും...ഒന്നു ചത്താലും വേണ്ടില്ല..ഞാന്‍ ചിരിക്കാന്‍ പോവ്വാ... :)

അലിഫ് /alif said...

ഇടിവാള്‍ജി, കലക്കന്‍ പോസ്റ്റ്, ഇരട്ടകളെകൊണ്ട് തടവിക്കുന്ന കലാപരിപാടി ഞങ്ങളുടെയവിടെയും ഉണ്ട്. വിവരണം അസ്സ്ലായിരിക്കുന്നു,പ്രത്യേകിച്ചും ‘ഗിരിജ‘;മാത്രമല്ല ‘ബിന്ദു’ വിനെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
ഓഫ്;എനിക്കൊരു സംശയം, ഈ മലയത്തിപെണ്ണ് വന്ന എല്ലാ തീയറ്ററുകളുടെയും പേര് പെണ്ണിന്റെ യാണോ; വെങ്കിടങ്ങ ഗിരിജ, കലഞ്ഞൂര്‍ ബിന്ദു,പത്തനാപുരം ഉഷ, കൊട്ടാരക്കര ശാന്തി..,ഹോ, അതുമൊരു കാലം.

Adithyan said...

ഇടിഗഡീ,
സൂപ്പര്‍ പോസ്റ്റ്... ;))

മൊത്തം ഡീറ്റെയിത്സ് വായിക്കാന്‍ റെഡിയായി വന്നപ്പോഴേക്കും എല്ലാം തീര്‍ന്നല്ലോ ;))

വീട്ടില്‍ ചേച്ചി ഇതൊന്നും വായിക്കുന്നില്ലെ? ബാച്ചിലര്‍ ക്ലബ്ബില്‍ അഡ്മിഷന്‍ വേണ്ടി വരുമോ? ;)

പാര്‍വതി said...

മുഴുവന്‍ വായിക്കേണ്ടി വന്നു കഥ മനസ്സിലാവാന്‍,എന്നാലും “പ്രന്തിന്റെ” ഒരു ഗതി..രസിച്ചു..നന്നായി രസിച്ചു..

പാര്‍വതി.

magnifier said...

ഗ്ലൈമക്സ് ആ ചോദ്യത്തില്‍ തന്നെ പുറത്ത് ചാടിയിരുന്നേലും വിവരണം ഗമണ്ടന്‍!..

അനംഗാരി said...

ഇടിവാളെ, ഇടിവെട്ട് സാധനം. ഹഹഹഹ.

കരീം മാഷ്‌ said...

ഒരു ഷെര്‍ലക് കൂളിംഗ്‌ ഗ്ലാസ്സ് വെച്ചു തന്നെയാണ് വായിച്ചതു.ക്യാ ഫലം?
ഒന്നു ചൂണ്ടിക്കാട്ടാന്‍ പോലും ഒരു പഴുതുകിട്ടിയില്ലടാ മോനെ!
മാന്‍ ഗയാ..
കീപ്‌ ഇറ്റ് അപ്‌

തഥാഗതന്‍ said...

ഹ ഹാ ഹ

അത്‌ കലക്കി..

അല്‍പം ഇടവേള ഇട്ട്‌ പോസ്റ്റു ഇടിവാള്‍ജി. ഒന്നു വായിച്ച്‌ അതിന്റെ തമാശകള്‍ മനസ്സില്‍ ഓര്‍ത്ത്‌ ചിരിക്കന്‍ 3-4 ദിവസമെങ്കിലും തരു..

കിടിലോള്‍ക്കിടിലം..

പുള്ളി said...

ഇതു വായിച്ച് ഇത്രചിരിച്ച സ്ഥിതിയ്ക്ക് ഒരു മസ്സാജ് തരാതെ പോകുന്നത് ശരിയാണൊ? ബെരി ഗൂദ്!

ഇത്തിരിവെട്ടം|Ithiri said...

എന്റെ ഹൃദയത്തിലൊരു ഇടിവാളു മിന്നി! മഹാഭാരതം സീരിയല്‍ തുടങ്ങുന്നതിനു മുന്‍പ്‌ കൊട്ടുന്ന പോലത്തെ ഭീമന്‍ പെരുമ്പറകള്‍ ഡും..ഡും.. എന്ന ആര്‍ത്തനാദമുണ്ടാക്കി.. ഗിരിജാ തീയറ്ററില്‍ "ഏ" പടത്തിനു കയറിയാല്‍, ലൈറ്റണക്കും വരെ "പരിചയക്കാരാരേലും കാണൂമോ" എന്ന ടെന്‍ഷന്‍ ഉണ്ടാവുമ്പോള്‍ മിടിക്കുന്ന അതേ ഫ്രീക്വന്‍സിയില്‍ ഹാര്‍ട്ടു പെടപെടച്ചു തുടങ്ങി..


ഇടിവാള്‍ജീ സൂപ്പര്‍... ഓഫീസിലിരുന്ന് വായിക്കാനാവാത്ത പോസ്റ്റ്. അസ്സലായി ഗഡീ..

പട്ടേരി l Patteri said...

ഓരോ വരിയിലും ചിരിച്ചു...... വിജയദശമി ദിവസത്തില്‍ വായിച്ച ആദ്യ പോസ്റ്റ് ഗംഭീരം ..... :) :):)....
കൂട്ടുകാറ്ക്കു പറഞ്ഞു കൊടുക്കാന്‍ ഒരു കഥ കൂടി. :D

ദില്‍ബാസുരന്‍ said...

എന്റെ ഇടിവാള്‍ ഗഡീ,
മൊത്തത്തില്‍ ഹരമായി വരുന്നുണ്ടായിരുന്നു. ഹരം പിടിച്ച് ങാ...ങാ.. എന്നൊക്കെ പറഞ്ഞ് ചെയര്‍ മോണിറ്ററിനോടുത്തേക്ക് ചേര്‍ത്തിട്ട് ചുറ്റും ആരുമില്ലെന്ന് ഉറപ്പ് വരുത്തി വന്നപ്പോഴേക്കും.... :(

"മലയത്തിപ്പെണ്ണു" സിനിമയുടെയിടയില്‍, ഗിരിജയില്‍ കറന്റു പോയ പ്രതീതി.. എന്ന് മാത്രം പറയട്ടെ. :-)

(ഓടോ: യൂ ആര്‍ ബാക്ക് റ്റു യുവര്‍ ബെസ്റ്റ്! കലക്കി എന്നൊന്നും പറഞ്ഞാല്‍ പോരാ. അടിപൊളി)

വേണു venu said...

ചിരിയുടെ മാസ്സേജ്തന്നെ ആയിരുന്നു.രസികന്‍ വിവരണം.

ഇടിവാള്‍ said...

"തിരുമ്മല്‍ അനുഭവിച്ചു കമന്റിയോര്‍ക്കു നന്ദി’/

മേന്‍‌ന്നേ: ഞാന്‍ നാട്ടിലുള്ളപ്പഴാ ഗിരിജ കത്തിയത് !( നാട്ടിലുണ്ടായിരുന്നതു കൊണ്ടല്ല കേട്ടോ..) . ഉടമസ്ഥന്‍ തന്നെ അതു കത്തിച്ചതാണെന്നൊരു കേള്‍‌വിയുമുണ്ട് ! എന്തു ചെയ്യാം, നമ്മളെപ്പോലുള്ള സഹൃദയരുടെ നെഞ്ചില്‍ ആഴത്തിലൊരു മുറിവുമേല്‍പ്പിച്ചല്ലേ “ഗിരിജ” പോയത് !

അരവിന്ദാ: ഹ ഹ .. താങ്ക്സ്.. പറഞ്ഞു തരാം കേട്ടോ !

വിശാല്‍ജീ: നന്ദി

അന്‍‌വര്‍: വായിച്ചതിനും കമന്റിയതിനും നന്ദി !

ചെണ്ടക്കാരന്‍: നന്ദി !

ആദിയേ: ഹഹ.. ചേച്ചി വായിക്കുന്നുണ്ട്..

പാറു, മാഗ്നി, അനാംഗരി, തഥാഗതന്‍, കരീം മാഷേ, പുള്ളീ, ഇത്തിരി, പട്ടേരി, ദില്‍ബൂ, വേണു മാഷ്, എല്ലാവര്‍ക്കും പ്രോത്സാഹനത്തിനു അകമഴിഞ്ഞ നന്ദി ! നിങ്ങളാനു വീണ്ടും എഴുതാനുള്ള പ്രചോദനം !

മുസാഫിര്‍ said...

ഉം,കൊള്ളാം,അതിനിടക്കു ബാച്ലിലെര്‍സിന്റെ തലക്കു ഒരു കിഴുക്കും കൊടുത്തിട്ടുണ്ടല്ലൊ .
പിന്നെ ഉഴിച്ചിലിനു വന്നവരില്‍ കിഴവികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നത് വിശ്വസിക്കാന്‍ പ്രയാസം.

ഇടിവാള്‍ said...

മുസാഫിര്‍ജീ‍ീ‍ീ‍ീ‍ീ...

കിഴവികളോ ? അങ്ങനൊരു സംഭവമേ ഇതില്‍ പ്രതിപാദിച്ചിട്ടില്ലല്ലോ !

ഞാനാ ടൈപ്പേ അല്ലാ ;)

നാട്ടിലെ 15-20 പെമ്പിള്ളേരു വീഴണം കാലൂളുക്കണം എന്നൊക്കെ ഞാനും അന്നു പ്രാര്‍ത്ഥിച്ചിരുന്നു ! എന്തു ചെയ്യാം... ഫലമൊന്നുമുണ്ടായില്ല !

പച്ചാളം : pachalam said...

അന്നാലും കൊതിപ്പിച്ചു കളഞ്ഞല്ലോ...
:(

Anonymous said...

ബെരി ഗുദ് ഇദിവാള്‍ജീ.. :)
മുമ്പ് പറഞ്ഞിട്ടുന്ടോന്നറിയില്ല, ഞാനൊരു ഇടിവാള്‍ ഫാനാ. എല്ലാ കഥകളും വായിച്ചിട്ടുന്ട്.

മുരളി വാളൂര്‍ said...

ഇടീ... ഇടിക്കു ഞാനെന്താ കമന്റെഴുത്വാ...
അപ്പൊ പരപ്പങ്ങാടിയാണല്ലേ ജാതകമെഴുതിയത്‌, അപ്പൊ ജയമാല ഇടിയുടെ ആരായിട്ടു വരുമെന്നാ പറഞ്ഞേ, അമ്മായിയോ!!

പിന്നെ അവസാനത്തെ പാരഗ്രാഫില്‍ ഇടിയൊരു നുണപറഞ്ഞു, കല്ലു വച്ച നുണ:

"...ആ പേപ്പറുകളെടുത്ത്‌ അവള്‍ക്കു കൊടുക്കുമ്പോള്‍ ഞാന്‍ നിരാശനായിരുന്നോ? എ...അതിനുത്തരം ഇന്നും എനിക്കറിയില്ല !"

വെറും നിരാശയല്ല കൊടും നിരാശയായിരുന്നൂന്ന്‌ അത്‌ വായിച്ചാ അറിഞ്ഞൂടേ മാഷേ.....!

ഏറനാടന്‍ said...

വെട്ടിത്തിളങ്ങട്ടെ ഇടിവാള്‍ മാനത്തെ വെള്ളിരേഖ വെട്ടിച്ച്‌ വരുന്ന ഓരോ പോസ്‌റ്റും ഒന്നിനൊന്ന് ഗംഭീരം! രസിച്ച്‌ വായിച്ചിരുന്നുപോയീട്ടോ..

ഇടിവാള്‍ said...

പച്ചാളാമേ, ആര്‍പ്പി.. നന്ദി, വായിക്കാറൂണ്ടെന്നറിഞ്ഞതില്‍ സന്തോഷം.

വാളൂരു മാഷേ: പരപ്പനങ്ങാടി ഉന്നികൃഷണപ്പണിക്കരല്ല എന്റെ ജാതക രചയിതാവ്.. വെങ്കിടങ്ങ് ഉണ്ണികൃഷ്ണപ്പണിക്കര്‍..
ജയമാല എന്റെ അമ്മായിയല്ലാ
പിന്നെ: നിരാശ, അതുണ്ടാകാതിരിക്കുമോ ? ;)


ഏറനാടന്‍ മാഷേ: നന്ദി !

ikkaas|ഇക്കാസ് said...

ഉലക്ക!
ഇടിവാളു പിടിച്ചപോലെത്തന്നെ എയറും പിടിച്ചിരിക്കുകയായിരുന്നു ഇവിടെ ഞാനും.
വാട്ട് മസാജ് മാഗീ എന്നു ചോദിച്ചു കഴിഞ്ഞപ്പോള്‍ത്തന്നെ അവളുടെ മറുപടിക്കായി ഒന്നൂടി എയറുപിടിച്ചപ്പഴാ അവളുടെയൊരു ഫാക്ശ്..
പിടിച്ച എയറ് മുഷുവന്‍ ബലൂണിന്റെ കാറ്റുകുത്തിയതുപോലെ പോയി. എന്നാലുമിടിവാളേ, അത്രേം നേരം എന്നെക്കൊണ്ട് എയറുപിടിപ്പിച്ച നിങ്ങടെ കഴിവുണ്ടല്ലോ, ദതാണ് കഴിവ്.

ആരോമലുണ്ണി said...

ഉഗ്രന്‍ പോസ്റ്റ്‌ ഇടിവാളെ . രസകരം. ഇതൊരു സ്വയം മാര്‍കെറ്റിംഗ്‌ തന്ത്രമാണൊ എന്നൊരു സംശയം. അവിടെ ഒരു തിരുമ്മല്‍ കേന്ദ്രം തുടങ്ങാനുള്ള പ്ലാന്‍ ഉണ്ടൊ :)

ഉത്സവം : Ulsavam said...

എന്നാലുമെന്റെ ഇടിവാളേ അവള്‌ പറ്റിച്ചു കളഞ്ഞു അല്ലെ..
ഇടിവാളിനു കണ്ട്രോള്‍ ഉണ്ട്‌ ഇല്ലെങ്കില്‍ ലവള്‌ ചോദിച്ചപ്പോള്‍ തന്നെ തിരുമ്മാന്‍ പോയിരുന്നെങ്കില്‍ ആ ഫാക്സ്‌ മെഷീന്‍ ആരുടെ തലയില്‍ ഇരുന്നേനെ..?
ചിരിച്ചു വയ്യാണ്ടായി...

അഗ്രജന്‍ said...

ഹ ഹ ഹ ...
എന്താ സാധനം... കിടിലോല്‍ക്കിടിലം.
എന്താ പെട ... കിണ്ണംകാച്ചി.

ഇത് വായിക്കാന്‍ ഞാനെന്തേ ഇത്ര വൈക്യേ...

ക്വാട്ടാനാണേല്‍... പോസ്റ്റ് മൊത്തം ക്വാട്ടിയേ പറ്റു.

അനുഭവത്തിന്‍റെ വെളിച്ചത്തിലാവാം... ഈ വരികള്‍ കൂടുതല്‍ രസിച്ചു “...അയ്യായിരത്തില്‍ തുടങ്ങുകയും ഓരോ മാസവും 500 ദിര്‍ഹം വച്ച്‌ കുറക്കുകയും ചെയ്തുകൊണ്ടിരുന്ന എന്റെ "എക്‍സ്പെക്റ്റഡ്‌ സാലറി" അങ്ങനെ അഞ്ചു മാസം കഴിഞ്ഞ്‌ 2500 ദിര്‍ഹം ആയപ്പോഴാണു എനിക്കൊരു ജോലി കിട്ടിയത്‌“

അഗ്രജന്‍ said...
This comment has been removed by a blog administrator.
saptavarnangal said...

ഇടിവാള്‍,
കിടിലന്‍, നല്ല ചില പ്രയോഗങ്ങള്‍, ഇഷ്ടപ്പെട്ടു.

അളിയന്‍സ് said...

ഹ ഹ ഹ..... കലക്കീട്ട്ണ്ട്ട്ടാ....
എന്നാലും ആന കൊടുത്താലും നമ്മുടെ ആശയെ കൊടുക്കരുത് ട്ടാ...

മുസാഫിര്‍ said...

ഇടിവാള്‍ജി,
ക്ഷമിക്ക്യാ,ആപ്പീസില്‍ ഇരുന്നു ധൃതിയില്‍ വായിച്ചപ്പോള്‍ പറ്റിയ തെറ്റാണേ !
പ്രായശ്ചിത്തമായി ഒരു കഥ പറയാം.പണ്ടു ജനയുഗം വാരികയില്‍ മന്ത്രി എന്ന കാര്‍ടൂണിസ്റ്റിന്റെ ഒരു പംക്തി ഉണ്ടയിരുന്നു അതില്‍ വന്നതാണു.അതു കൊണ്ടു ബ്ലോഗിങ്ങിന്റെ സദാചാര നിയമങ്ങള്‍ക്കു നിരക്കുന്നതാണെന്നു കരുതുന്നു.മറിച്ചു കരുതുന്നവരുണ്ടെങ്കില്‍ ഇതൊരു മുന്‍‌കൂര്‍ ജമ്യാപേക്ഷയായി കണക്കാക്കാന്‍ അപേക്ഷ.

ഒരു അമ്മുമ്മക്ക് നെന്ചില്‍ വേദന.ശരിക്കും നെഞ്ചിലല്ല കുചങ്ങള്‍ക്കു താഴെ.പുരട്ടാനൊരു മരുന്നു എഴുതിക്കൊടുത്ത് നല്ലവണ്ണം മാസ്സാജ് ചെയ്യാന്‍ പറഞ്ഞു വിട്ടു.
മൂന്നു ദിവസം കഴിഞ്ഞു വൈദ്യര്‍ ഹോം വിസിറ്റിനു വന്നപ്പോള്‍ അമ്മുമ്മ ഇരുന്നു മുട്ടു കാലില്‍ മരുന്നു പുരട്ടുന്നു.അസുഖത്തിനു ഒട്ടും കുറവില്ലതാനും.
അല്ല , നിങ്ങളോടു ഞാന്‍ ....നു താഴെ മരുന്നു പുരട്ടി തിരുമ്മാനല്ലെ പറഞ്ഞത് എന്നു വൈദ്യര്‍.
ഹെയ് വൈദ്യരെ നിങ്ങള്‍ക്കു കണ്ണു കണ്ടു കൂടെ ഇരിക്കുമ്പോള്‍ അതിന്റെ സ്ഥാനം എവിടെയാണെന്നു ?

ഞാന്‍ ഇവിടെയില്ല.വിമര്‍ശനങ്ങള്‍ കാമ്പിശ്ശേരി.കരുണാകരന്‍@യമലോകം.കൊം എന്ന ഐഡിയില്‍ മെയില്‍ ചെയ്യുക.

ദേവന്‍ said...

തള്ളേ!
മസ്സാജു കഥ ഇപ്പോഴാ കണ്ടത്‌ . കലക്കി ഇടിഗഡീ! പരിണാമഗുസ്ഥിക്കിടയില്‍ ബോയിംഗ്‌ ബോയിങ്ങില്‍ എന്റെ അച്ഛന്‍ വലിയ തടവുകാരന്‍ ആയിരുന്നു " എന്നു പറയുന്ന സീനൊക്കെ ഓര്‍ത്തു.

അരവിന്ദാ,
മലയത്തിപ്പെണ്ണിന്റെ കഥ ദേ പിടിച്ചോ:>
മലയന്‍ മൂപ്പന്റെ മകള്‍ സുഗന്ധി
നാട്ടില്‍ നിന്നും കാട്ടില്‍ വന്ന സുന്ദരന്‍ - ബബിലു

അവര്‍ കണ്ടു മുട്ടി
ബ്രഹ്മാനന്ദന്‍ റ്റ്യൂണ്‍ കൊടുത്ത രണ്ടു പാട്ട്‌
ബിറ്റ്‌
ബിറ്റ്‌
ബിറ്റ്‌
ശുഭം.
അത്രയേയുള്ളു കഥ.

വികടന്‍ said...

പെടച്ചു മച്ചമ്പീ..പെടച്ചു. ഒരു മാതിരി ദ്രോഹമാണ്‌ ഞങ്ങളോട്‌ കാണിച്ചത്‌. തൃശ്ശൂര്‍ പൂരം വെടിക്കെട്ട്‌ കാണാന്‍ നിന്നവനോട്‌ വെടിമരുന്നില്‍ വെള്ളം വീണു, ഇന്ന് വെടിക്കെട്ടില്ല എന്ന് പറഞ്ഞപോലെ ഒരു ആഗോള ചതിയായിപ്പോയി.

തഥാഗതന്‍ said...

ഈടിവാള്‍ജി..

ഇതെന്തൊരു രൂപം (ഫോട്ടൊയില്‍)
ഒരു മാതിരി ഒരു മോഴ സ്റ്റയില്‍
(മൊഴ = കൊമ്പില്ലാത്ത ആണാന)

ഇടിവാള്‍ said...
This comment has been removed by a blog administrator.
ഇടിവാള്‍ said...

ഇക്കാസേ.. ഹ ഹ.. ഈ ബാച്ചിലേഴ്സിന്റെയൊക്കെ ഓരോ പ്രശ്നങ്ങളേ !

ആരോമല്‍ ചേകവരേ: അങ്ങനേയൊന്നുമില്ല.. അന്നു തിരുമ്മലു ഫ്രീയായിരുന്നേ.. വല്യ സൊകമുള്ള പരിപാടിയുമല്ല.

ഉത്സവം മാഷ്: ഹഹ.. ആഞ്നേയ.. കണ്ട്രോളു തരൂ ...

അഗ്രൂ: ദാങ്ക്സ് ട്ടാ..

സപ്താ; താങ്ക്സ് ഗെഡീ..

അളിയോ: ഏതാശയെ ;) നന്ദി ഗെഡി..

മുസാഫിര്‍ജീ: കൊള്ളാം .. അതാലോചിച്ചു ചിരിവന്നു ട്ടാ ..

ദേവന്‍‌ജി: നന്ദി ! ബോയിങ്ങ് ബോയിങ്ങ് “അച്ഛന്‍ തടവുകാരന്‍ ആയിരുന്നു” ഹ ഹ ഹ്അ...

മലയത്തിപ്പെണ്ണിന്റെ ബ്രീഫിങ്ങ് അപാരം കേട്ടോ !!

വികടാ: നന്ദി ! വികടുവിന്റെ എല്ലാ കഥകളും വായിക്കാറുണ്ട്.. ഒന്നു കൂടി ആക്റ്റീ ബ്ലോഗറാവു മാഷേ !

തഥാഗതന്‍ മാഷേ.. എന്നാലും.. എന്നീ.. അങ്ങനെ.. വിളിച്ചൂലോ.. ഗദ് ഗദ്..

ദിവ (diva) said...

ഹ ഹ ഹ ഇഡീ, കാണാന്‍ താമസിച്ചു. ഇത്‌ കലക്കി/അലക്കി. മിസ്സാകാത്തതുകൊണ്ട്‌ ഞാന്‍ ലക്കി.

"യൂ ആറ്‌ മൈ ബെരി ഗുദ്‌ പ്രന്ത്‌" അത്‌ ഒത്തിരി ഇഷ്ടപ്പെട്ടു.

മൊത്തത്തില്‍ 'കിറ്റിലോല്‍ക്കിറ്റിലം'

Anonymous said...

എന്റെ "ഇരട്ടക്കുട്ടി ദിവ്യത്വത്തെ"ക്കുറിച്ചും, തിരുമ്മല്‍, ഉഴിച്ചില്‍ കഴിവുകളേക്കുറിച്ചും, " നാന്‍ ഒരു തടവു തടവിയാ അതു നൂറു തടവു തടവിയ മാതിരി" എന്നൊക്കെ രജനി സ്റ്റെയിലില്‍ വായില്‍ തോന്നിയ ആംഗലത്തില്‍ ഞാന്‍ മാഗിയോടു തട്ടിവിട്ടിരുന്നു.

-----------
ha ha.. Great Idivaal.
adipoli, super story

Rajesh

ഇടിവാള്‍ said...

ദിവാനും രാജേഷും ഓരോ കിഴി നന്ദി പിടി !

ikkaas|ഇക്കാസ് said...

ദേ, ഇടിവാളിന്റെ നാടിനെക്കുറിച്ച് ഇവിടെ

കലേഷ്‌ കുമാര്‍ said...

മേന്നേ, ക്ലാസ്സ് പോസ്റ്റ്!
കലക്കി!
കൊടകരപുരാണ-മൊത്തംചില്ലറ ലവലില്‍ ക്ലാസ്സ്!

ചക്കര said...

കലക്കി ഇടിവാളേ, കലക്കി.. എന്നാലും ആന കൊടുത്താലും ആശ കൊടുക്കരുത് അല്ലേ?!

ചേര്‍ത്തലക്കാരന്‍ said...

മുറ്റത്തുവരെ കൊണ്ടുവന്നിട്ടു കലം ഉടച്ചല്ലോ ഇടിവാളെ........


ഞാന്‍ നല്ല് ത്രില്‍ അടിച്ചു വരികയായിരുന്നു...... എല്ലാം കളഞ്ഞില്ലെ.......

ചെലക്കാണ്ട് പോടാ said...

ഞെരിച്ചൂട്ടോ മാഷേ... ഹൌ....

എന്തേ ഇതൊക്കെ വായിക്കാന്‍ താമസിച്ചു പോയി...

Jijo said...

ഒക്കേം ഒന്നൂടെ വായിക്കുന്നു. :)

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.