-- എ ബ്ലഡി മല്ലു --

കല്യാണ രാമന്‍...

Monday, September 18, 2006

അങ്ങനെ അന്തപ്പന്‍ പെണ്ണു കെട്ടാന്‍ തീരുമാനിച്ചു. കൊരട്ടിയില്‍ വിശാലമായിക്കിടക്കുന്ന തന്റെ 20 സെന്റു പറമ്പും പുരയുടത്തിനും ഒരനന്തരാവകാശി, പ്രശസ്തമായ അമ്പക്കാടന്‍ ഫ്യാമിലി കുലം നശിച്ചു പോകരുത്‌, തന്റെ കുരുത്തക്കേടുകള്‍ പിന്തുടരാന്‍ ഒരു കുഞ്ഞിക്കാലും, വേറൊരു കുഞ്ഞിക്കാലും, പിന്നെ രണ്ടു കയ്യും , മൊകവും, മൂക്കുമൊക്കെയുള്ള ഒരു മനുഷ്യക്കുട്ടി വേണം എന്നൊക്കെയേ അവന്‍ ചിന്തിച്ചുള്ളൂ, അല്ലാതെ, സാദാ ലേറ്റ്‌ റ്റ്വൊന്റീസിലുള്ള ആമ്പിള്ളേര്‍ക്കുണ്ടാവുന്ന, മോഹന്‍ലാല്‍ ആറാം തമ്പുരാനില്‍ കൊച്ചിന്‍ ഹനീഫയോടു ചോദിക്കും പോലെയുള്ള ആ "മുട്ട്‌" ഒന്നുമല്ല ആ തീരുമാനത്തിനവനെ പ്രേരിപ്പിച്ചത്‌.

ചാലക്കുടി കൊരട്ടി അങ്കമാലി ദേശത്തെ കാണാന്‍ കൊള്ളാവുന്ന നസ്രാണി ക്‍ടാങ്ങള്‍ക്ക്‌, മര്യാദക്കൊന്നു പള്ളീപ്പോയി പ്രാര്‍ത്ഥിക്കാനോ, എന്തിനു, മരിയാദക്കൊന്നു വഴിനടക്കാനോ ആവാത്തമൂലം, ടി. കൊച്ചങ്ങളുടെ, ഫാദേഴ്‌സും, മദേഴ്‌സുമെല്ലാം തലയിലെ പിരി വിട്ട്‌, പിരിവുമിട്ട്‌, കൊരട്ടി മുത്തിക്കു നേര്‍ന്ന വഴിപാടും, നൂറുകണക്കിനു സ്പെഷല്‍ കുര്‍ബാനകളും മൂലമാണൂ ടിയാനു ദുബായിലേക്കൊരു വിസ തരപ്പെട്ടതെന്നു മാമ്പ്ര കള്ളുഷാപ്പിലെ സംസാരം.

യാതൊരു പൂര്‍വ പരിചയമോ, അന്തമോ കുന്തമോ ഇല്ലാത്ത അന്തപ്പന്‍ വെറുതേയങ്ങു വിചാരിച്ചാ നടക്കുന്ന സാധനം വല്ലോമാണൊ ഈ കല്യാണം? ദേവസ്സ്യേട്ടന്റെ മോള്‍ ആളു സുന്ദരിയാ, പക്ഷേ മാവേലി സ്റ്റോറിലു ക്വൂ നിക്കണപോലെയാ താഴെ കെട്ടിക്കാന്‍ മൂന്നെണ്ണം നിക്കുന്നേ, ലൂയീസേട്ടന്റെ സെറ്റപ്പൊക്കെ അടി പൊളിയാ, പക്ഷേ പെണ്ണിനു ചട്ടുകാല്‌, വര്‍ക്ക്യേട്ടന്റെ സെറ്റപ്പുംകൊള്ളാം മോളും കൊള്ളാം, പക്ഷേ 2 വയസ്സായ ഒരു കുട്ടിയെക്കൂടി സ്ത്രീധനമായി വാങ്ങേണ്ടി വരും, ഇനി പൊറിഞ്ചുവേട്ടന്റെ ക്ടാവും, സെറ്റപ്പും ഒക്കെക്കൊള്ളാം, പക്ഷേ, പെണ്ണിനു അന്തപ്പനെ ഇഷ്ടപ്പെട്ടില്ല തുടങ്ങിയ ഒട്ടനവധി ടെക്‌ക്‍നിക്കല്‍ ബഗ്ഗുകള്‍ മൂലം, കൊരട്ടിയിലെ ബ്രോക്കേഴ്സൊക്കെ ഫെഡപ്പായി അന്തപ്പന്റപ്പനോടു കാര്യം പറയുകയും, "എന്നാ നീ ദുബായീന്നു വല്ല കേസും നോക്കിക്കോറ ചെക്കാ" എന്നു അപ്പന്‍ അന്തപ്പനെ ആശീര്‍വദിക്കയും ചെയ്തു.

"എ ഫ്രണ്ട്‌ ഇന്‍ വീട്‌ ഇസ്‌ എ ഫ്രണ്ട്‌ ഇന്‍ നീഡ്‌" എന്നു പണ്ടേതോ പണ്ടാരക്കാലന്‍ പറഞ്ഞപോലെ, ദുബായിലെ, ലവന്റെ വീട്ടില്‍ (റൂമില്‍) തന്നെ താമസിക്കുന്ന സോള്‍ ഗെഡീസ്‌ അന്തപ്പന്റെ ആനച്ചെവിയില്‍ സൂത്രമൊഴിച്ചു കൊടുത്തു.

"വിവാഹം ഇന്റര്‍നെറ്റിലൂടെ" എന്ന തന്ത്രത്തിലൂടെ പയറ്റാനൊരുങ്ങി, ഒരു പീസി വാങ്ങി, കണ്ണീക്കണ്ട കണ കുണാ ചാറ്റിങ്ങ്‌ സൈറ്റിലൊക്കെ പോയി "പെണ്ണൊണ്ടോ പെണ്ണേയ്യ്‌, പൂയ്‌ പൂയ്യ്‌" എന്നൊക്കെ ഘോരഘോരം ഓരിയിട്ട്‌ ക്ഷീണിച്ചു വാളുവച്ചിട്ടു കിട്ടിയ കോണ്ടാക്റ്റുകളൊക്കെ അന്തപ്പ ടിയാന്റെ ഫോട്ടോയിലെ മരമോന്ത കണ്ട്‌, അന്തിച്ചിരിക്കയും, ചാറ്റിങ്ങിനും സ്വീറ്റിങ്ങിനും അന്ത്യകൂദാശ കൊടുക്കയും ചെയ്തതോടെ "എനിക്കിതു വിധിച്ചിട്ടില്ലഡേയ്‌" എന്നൊരു വ്യാഴാഴ്‌ചദിവസം ജേ & ബിയുടേ അരക്കുപ്പി അകത്താക്കി സെന്റിമെന്റലായിപറയുകയും ചെയ്തതോടെ, "ന്നാപ്പിന്നെ ഈ ശവീനെ കെട്ടിച്ചിട്ടു തന്നെ കാര്യം" എന്നും പറഞ്ഞ്‌ കോളേജു മുതല്‍ കൂടെയുണ്ടായിരുന്ന അന്തപ്പ സുഹൃത്തുക്കള്‍, ഒരു ഫുള്ളും കൂടി ഒറ്റയിരിപ്പിനടിച്ച്‌, മുന്നിലിരുന്ന കടുമാങ്ങാ അച്ചാറിന്റെ ഗ്രേവിയില്‍ തള്ളവിരല്‍ മുക്കി നെറ്റിയില്‍ തിലകക്കുറിയണിഞ്ഞ്‌, അന്തപ്പന്റെ തലയില്‍ ഒരു പിടി പെരുംജീരകം വാരിയിട്ട്‌ ശപഥം ചെയ്തു.

അങ്ങനേയൊരു വെള്ളിയാഴ്ച ഒന്നരക്കുപ്പിയും കോയിഫ്രൈയും പൂശി രണ്ടുമണിക്കുതുടങ്ങിയ കൂര്‍ക്കം വലി നിര്‍ത്തി 5മണിയോടെ ഫ്രൈഡേ റുട്ടീനായ ബാറിലേക്കുള്ള ഈവനിങ്ങ്‌ വാക്കിനു പുറപ്പെട്ട ഗെഡീസ്‌ "ഞാന്‍ വരണില്ല്യ" എന്ന അന്തപ്പവചനം കേട്ടന്തിച്ചു നിന്നു.

"എന്തൂട്രാ പിശാശേ കാര്യം" എന്നുള്ള റിപ്പീറ്റഡ്‌ ഇന്ററോഗേഷനൊടുവിലാണ്‌ ഇന്റര്‍നെറ്റു വഴി വന്നൊരു മാര്യേജു പ്രപ്പോസലിനെപ്പറ്റിയും അന്നത്തെ ദിവസമാണു പെണ്ണു കാണല്‍ ചടങ്ങു നിശ്‌ചയിച്ചിരിക്കുന്നതെന്നുമുള്ള ജെട്ടി പോലുമിടാത്ത നഗ്ന സത്യങ്ങള്‍ അന്തപ്പന്‍ ഗെഡീസിനോടു പറയുന്നത്‌. ഇക്കാര്യം ഇത്രേം ദിവസം മറച്ചു വച്ചതിനു ഗെഡീസിന്റെ വായില്‍നിന്നും വന്നതൊക്കെ കേട്ട്‌ അന്തപ്പനു ഭരണി ദിവസം കൊടുങ്ങല്ലൂരെത്തിയ പ്രതീതി.

അന്തപ്പനാരാ മോന്‍, കറിയാച്ചന്റെ മോള്‍ടെ പ്രപ്പോസലാ, തനി കാഞ്ഞിരപ്പിള്ളി അച്ചായന്‍, ദുബായ്‌ സിറ്റിയില്‍ തന്നെ, കക്കൂസിലെ ആക്‍സസറീസ്‌ ( ക്ലോസറ്റ്‌, ടബ്‌ മുതലായവ സാനിറ്ററി വെയര്‍) വില്‍ക്കണ ഹോള്‍സയിലു ബിസിനസ്സ്‌, അമ്മച്ചിയാണേല്‍ ഹെഡ്‌ നേഴ്സ്‌, ഒറ്റ മോള്‍, എം.സി.ഏ ക്കാരി, അമേരിക്കയിലേക്കൊരു ഓഫര്‍ ഉണ്ട്‌, കല്യാണം കഴിഞ്ഞാല്‍, കഴിച്ചവനേയും കൊണ്ടു പോകാമത്രേ. അന്തപ്പനു ആകെ ഡവുട്ടടിച്ചു. ദുബായില്‍ അപ്പച്ചന്റെ കക്കൂസു ബിസിനസ്സു തുടരണോ, അതോ, അങ്ങു അമേരിക്കായില്‍ പോയി ഡോളറു വാരണോ?

അന്തപ്പന്റെ 4 ഗെഡീസില്‍ ഒരു ഗെഡിയായ വര്‍ക്കിച്ചന്‍ അന്തപ്പന്റെ സോള്‍ ഗെഡി. ബോബനും മോളീയും എന്ന ഇരട്ടപ്പേരുമുണ്ട്‌ ഇവര്‍ക്ക്‌. കൊരട്ടിയും, കൊരട്ടിയും വളരേ അടുത്താണല്ലോ കിടക്കുന്നത്‌, അന്തപ്പന്‍ കൊരട്ടിക്കാരന്‍ .. വര്‍ക്കിച്ചന്‍ എന്ന ആ പിശാശുമോറനും കൊരട്ടിക്കാരന്‍. അതായിരിക്കാം കാരണം. ബാറിലേക്കുള്ള ഈവനിങ്ങ്‌ വാക്കു ബോയ്ക്കോട്ടു ചെയ്ത്‌ അന്തപ്പനൊത്ത്‌ പെണ്ണുകാണാന്‍ വര്‍ക്കിച്ചനും പോകാമെന്നേറ്റു.

ഒരു ഡബ്ബ നീവിയയും, അതിന്റെ മോളിലൊരു സെന്റി കനത്തില്‍ പൌഡറും തേച്ച്‌, പുതുസായി വാങ്ങിയ കില്ലര്‍ ജീന്‍സുമൊക്കെ കേറ്റിയിട്ട്‌ അന്തപ്പന്‍ നിലക്കണ്ണാടിയുടെ മുന്നില്‍നിന്നും തിരിയുന്നു മറിയുന്നു... ഇതൊക്കെക്കണ്ടു സഹിയാഞ്ഞ്‌ "ഡാ, കന്നാലീ , മേയ്‌ക്കപ്പിനൊക്കെ ഒരു ലിമിറ്റ്‌ ഇണ്ട്രാ" എന്ന് ഏതോ ഗെഡി തോട്ടിയിട്ടു.

കറിയാച്ചന്‍ വരാന്‍ പറഞ്ഞിരിക്കുന്നത്‌ 6 മണിക്കു കരാമ പാര്‍ക്കില്‍. അന്തപ്പന്‍ 5 മിനിട്ടു മുന്‍പെത്തിയെങ്കിലും അച്ചായന്‍ അതാ ഓള്‍റെഡി അവിടത്തെ ഒരു ബെഞ്ചിലിരിപ്പുണ്ട്‌. യൂറോപ്യന്‍ ക്ലോസറ്റില്‍ ഇരിക്കുന്ന പോലെ രണ്ടു കൈകളും തുടകളില്‍ വച്ചിരിക്കുന്ന ആ പോസ്‌ചറു കണ്ടപ്പോ, അന്തപ്പനു ആളെ പെട്ടെന്നു അയിഡന്റിഫൈ ചെയ്യാനൊത്തു.

കൈകൊടുപ്പും കുശലാന്വേഷണവും കഴിഞ്ഞ അന്തപ്പനും വര്‍ക്കിച്ചനും ചുറ്റും നോക്കി, ക്‍ടാവ്‌ പോയിട്ട്‌ ക്‍ടാവിന്റെ പൂട പോലുമില്ല ആ ഏരിയാവില്‍! ഇതെന്തൂട്ട്‌ പെണ്ണുകാണല്‍ എന്നോര്‍ത്തു.

അപ്പഴാ ഒരു ചിന്ന പ്രശനം എന്ന് കറിയാച്ചന്‍ പറയുന്നത്‌! ജീന പെണ്ണിനു വല്ല്യ നാണമാ, അവളെ പെണ്ണു കാണാന്‍ വരുന്നതൊന്നും അവള്‍ക്കു ഇഷ്ടമല്ലത്രേ, ആയതിനാല്‍, പെണ്ണിനെ പാര്‍ക്കിന്റെ മറ്റൊരു വശത്ത്‌, നേഴ്സു മമ്മിയുടെ കൂടെ ഇരുത്തിയിട്ടാണ്‌ അച്ചായന്‍ ഇവിടത്തെ ക്ലോസറ്റില്‍ വന്നിരിക്കുന്നത്‌. പെണ്ണുകാണല്‍ ചടങ്ങ്‌ കുറച്ചു നാടകീയമാക്കാനാണു പുള്ളിയുടെ നിര്‍ദ്ദേശം, അതായത്‌ അവിടെ പാര്‍ക്കില്‍ നടക്കുന്നത്‌ പെണ്ണുകാണലാണെന്ന് ജീനപെണ്ണറിയരുത്‌!

എപ്പടി... അച്ചായനാണോ ഐഡിയക്കു പഞ്ഞം! പ്രിയദര്‍ശന്‍ മോഹന്‍ലാലിനു ഷോട്ടു വിവരിച്ചു കൊടുക്കും പോലെ, അച്ചായന്‍ അന്തപ്പനോടു തിരക്കഥ വിവരിച്ചു.

ജീനപ്പെണ്ണും മമ്മിയും ഇരിക്കുന്ന സ്ഥലം അച്ചായന്‍ കാണിച്ചു കൊടുക്കും. അവര്‍ക്കു മുന്നിലൂടെ അന്തപ്പനും വര്‍ക്കിച്ചനും നടക്കുക, പോകുന്ന പോക്കില്‍ പെണ്ണിനെ ശരിക്കും നോക്കണം. പത്തടി നടന്നു തിരിച്ച്‌ വീണ്ടും അതേ വഴി വരിക, വീണ്ടും നോക്കുക, തിരിച്ചു വന്നു ബാക്കി കാര്യങ്ങളു സംസാരിക്കാം.

ഓക്കേ.. അന്തപ്പനും വര്‍ക്കിച്ചനും സമ്മതിച്ചു, അല്ല അച്ചായന്‍ സമ്മതിപ്പിച്ചൂ!

ആദ്യ പെണ്ണുകാണലിന്റെ സഭാകമ്പത്തോടെ, ആദ്യ രാത്രിയില്‍ മണിയറയിലേക്കു നടക്കണ പുതുപ്പെണ്ണിനെപ്പോലെ വിറക്കുന്ന കാലുകളും, കയ്യില്‍ നിറഞ്ഞു തൂവുന്ന ഒരു പെപ്സി ബോട്ടിലുമായി അന്തപ്പനുണ്ണിയും വര്‍ക്കിച്ചനും മന്ദം മന്ദം ജീനപ്പെണ്ണിനരികിലേക്കു നീങ്ങി.

അമ്പലക്കുളത്തിന്റെ അരികേയുള്ളെ റോഡിലൂടെ നടക്കുന്ന ചുള്ളന്മാര്‍ പെണ്ണുങ്ങളുടെ കുളക്കടവെത്തുമ്പോള്‍ നോക്കുന്നപോലെ, അന്തപ്പന്‍ ഏറുകണ്ണിട്ട്‌ ജീനപ്പെണ്ണിനെ നോക്കി! അല്ലേലും ഏറുകണ്ണീട്ടു നോക്കാന്‍ അവന്‍ പണ്ടേ മിടുക്കനാ!

ആറരമണി നേരത്തുള്ള ആ പൂനിലാവിലും, പിന്നെ അപ്രത്തും ഇപ്രത്തുമൊക്കെയുള്ളെ നിയോണ്‍ ലൈറ്റുകളുടെ വെളിച്ചത്തിലും കുളിച്ച്‌ നമൃമുഖിയായി കാലിലെ തള്ളവിരല്‍ കൊണ്ട്‌ പാര്‍ക്കിലെ പുല്‍മേട്ടില്‍ ഡ്രോയിങ്ങു വരച്ചു പഠിക്കയായിരുന്ന ജീനപ്പെണ്ണ്, അന്തപ്പന്‍ അരികിലെത്തിയപ്പോള്‍ ഒന്നു തലയുയര്‍ത്തി!

ജീനപ്പെണ്ണിനെക്കണ്ട അന്തപ്പന്‍ വിസ്മയവദനനായി ശ്വാസം പോലും വലിക്കാനാവാതെ അഞ്ചു സെക്കന്‍ഡ്‌ അവിടെത്തന്നെ നിന്നു !

സീരിയല്‍ നടി പൊന്നമ്മ ബാബു ടാറിന്‍ വീപ്പയില്‍ വീണപോലത്തെ ഒരു മൊതല്‌ , കഷ്ടി 120 കിലോ തൂക്കം വരുന്ന ആ ശരീരത്തിന്റെ മൊത്തം ആ അരുണിമയിലും, അംബാസഡര്‍ കാറിന്റെ ഹെഡ്‌ലൈറ്റുപോലെ തിളങ്ങി തുറിച്ചു നില്‍ക്കുന്ന രണ്ടു കണ്ണുകള്‍, തലയെടുപ്പോടെ പുറത്തേക്കുന്തി നില്‍ക്കുന്ന ഓരോ പല്ലുകള്‍ക്കിടയിലും വെന്റിലേഷനു വേണ്ടിയിട്ടാണൊ എന്തോ, 3 മില്ലിമീറ്റര്‍ വച്ച്‌ ഗ്യാപ്‌, മൂക്കിന്റെ കാര്യം പറയുകയേ വേണ്ട, (എന്തേ മൂക്കില്ലേ, കിലുക്കത്തിലെ ജഗതിയുടെ ചോദ്യം ഓര്‍മ്മ വന്നു), ആകെ മൊത്തം ബ്ലാക്ക്‌ പെയിന്റടിച്ച്‌ ചുരിദാറിടുവിച്ച ഒരു റോഡ്‌ റോളര്‍ ഔട്ട്‌ലുക്ക്‌!

അന്തപ്പന്റെ വിറച്ചുകൊണ്ടിരുന്ന കാല്‍മുട്ടുകള്‍ ഇതോടെ കൂട്ടിയിടിക്കാന്‍ തുടങ്ങി. ഈമെയില്‍ വഴി ഫോട്ടൊ അയച്ചു തരാന്‍ പറഞ്ഞപ്പോള്‍, ഇതാണല്ലേ കക്കൂസച്ചായന്‍ "അതൊന്നും വേണ്ട, നമ്മക്ക്‌ നേരില്‍ കാണാല്ലോ" എന്നു പറഞ്ഞത്‌. ആ സൌന്ദര്യധാമത്തെക്കണ്ട്‌ അന്തപ്പനു മോഹാലസ്യം തോന്നി . തളര്‍ന്നു വീഴാതിരിക്കാന്‍ അന്തപ്പന്‍ വര്‍ക്കിച്ചന്റെ കൈപിടിച്ചു.

തിരക്കഥപ്രകാരം അന്തപ്പന്‍ ഒരു വിധത്തില്‍ പത്തടി മുന്നോട്ടു നടന്ന് ഒന്നു നിന്നു. അടുത്ത സ്റ്റെപ്പ്‌ തിരിച്ചു നടത്തമാണ്‌.

ഈ മൊതലിനെ കണ്ടിടത്തോളം, തിരിച്ചു നടത്തം ബുദ്ധിപരമായ ഒന്നല്ലെന്നും, IPC 317 ആം വകുപ്പുപ്രകാരം ആത്മഹത്യാപരമായിരിക്കുമെന്നും അന്തപ്പന്‍ മനസ്സിലാക്കി. പിന്നെയുള്ളതൊക്കെ യാന്ത്രികമായിരുന്നു. അല്ലേലും മനസ്സു മുരടിച്ചാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കുമെന്നു ഏതോ കോന്തന്‍ പറഞ്ഞിട്ടുണ്ടല്ലോ.

തിരിച്ച്‌ "പീഛേ മൂഠ്‌" അടിച്ചു വരാന്‍ കാത്തിരിക്കുന്ന കറിയാച്ചന്റെ ആഗ്രഹങ്ങള്‍ക്കു പുല്ലു വില കല്‍പ്പിച്ച്‌ "തോമാസൂകുട്ടീ വിട്ടോടാ" എന്ന ഓര്‍ഡര്‍ കേട്ട മുകേഷിനേയും ജഗദീഷിനേയും പോലെ, "എനിക്കു കല്യാണോം വേണ്ട ഒരു മാങ്ങാത്തൊലിയും വേണ്ടേയ്‌യ്‌യ്‌.." എന്ന സ്റ്റേറ്റ്‌ ഓഫ്‌ മൈന്‍ഡില്‍ ധൃതിയില്‍ സ്ഥലം കാലിയാക്കിയ അന്തപ്പനും വര്‍ക്കിച്ചനും അങ്ങകലേ ഒരു ബിന്ദുവായി മാറുന്നതു കണ്ട കറിയാച്ചന്‍ നിരാശനായി മനസ്സില്‍പറഞ്ഞു...

" കള്ളത്തിരുമാലികള്‍ ..... ഒന്നു പറഞ്ഞിട്ടു പോവരുതോ ഇവന്മാര്‍ക്ക് "

42 comments:

ഇടിവാള്‍ said...

"കല്യാണ രാമന്‍." .. പുതിയ പോസ്റ്റ്..
തിരക്കിട്ടെഴുതിയതിനാല്‍, ക്ലൈമാക്സ് പോരാ എന്നൊരഭിപ്രായം എനീക്കു തന്നെ തോന്നി..

ഡിസ്ക്ലെയിമര്‍: ഇതിലെ കഥാപാത്രങ്ങള്‍ക്ക്, എന്റെ ഗെഡീസുമായി വല്ല സാമ്യം തോന്നുന്നുണ്ടെങ്കില്‍ അതു എന്റെ കുഴപ്പമല്ല !

ദില്‍ബാസുരന്‍ said...

ഗെഡീ,
ഇത്തിരിവെട്ടത്ത് നിന്ന് റിപ്പയര്‍ ചെയ്ത് ഇറക്കിയ എന്റെ പെട്ടി ഓട്ടോ താങ്കളുടെ മതിലിലും ഇടിച്ചിരിക്കുന്നു.അവസാന ഭാഗം ഒഴിച്ച് ബാക്കിയെല്ലാം കിടുകിടിലന്‍.അഴിച്ച് പണിഞ്ഞ് മന്ത്രിസഭ പുന:സംഘടിപ്പിച്ച് കൂടെ?

ജെട്ടിയിടാത്ത നഗ്ന സത്യം,പെരുഞ്ചീരക പ്രതിജ്ഞ.... ക്വോട്ടാന്‍ ഒരുപാടുണ്ട്.ആദ്യഭാഗത്തെ അലക്കല്‍ അവസാന ഭാഗത്തെ ചെറിയ പോറലിനെ മറയ്ക്കുന്നു എന്നാണ് എന്റെ അഭിപ്രായം. ഇഷ്ടമായി.

(ഓടോ:കൊച്ചിന്‍ ഹനീഫ-മുട്ടല്‍ നമ്മള്‍ പണ്ട് ചര്‍ച്ച ചെയ്തതല്ലേ എന്ന് വീണ്ടും ഒരു സംശയം.:-) ഗോത്രസഭക്കാര്‍ ബൂലോഗത്തും കാണും.സൂക്ഷിച്ചാല്‍ നന്ന്)

ഇത്തിരിവെട്ടം|Ithiri said...

അന്തപ്പ ടിയാന്റെ ഫോട്ടോയിലെ മരമോന്ത കണ്ട്‌, അന്തിച്ചിരിക്കയും, ചാറ്റിങ്ങിനും സ്വീറ്റിങ്ങിനും അന്ത്യകൂദാശ കൊടുക്കയും ചെയ്തതോടെ "എനിക്കിതു വിധിച്ചിട്ടില്ലഡേയ്‌" എന്നൊരു വ്യാഴാഴ്‌ചദിവസം ജേ+ബിയുടേ അരക്കുപ്പി അകത്താക്കി സെന്റിമെന്റലായിപറയുകയും ചെയ്തതോടെ....


5മണിയോടെ ഫ്രൈഡേ റുട്ടീനായ ബാറിലേക്കുള്ള ഈവനിങ്ങ്‌ വാക്ക്

ഇടിവാള്‍ജീ അടിപൊളി... ഇഷ്ടമായി.

അഗ്രജന്‍ said...

ഇഷ്ടമായി... നന്നായിരിക്കുന്നു.

പീച്ചേ... മൂഠ് അടിക്കാതെ നേരെയുള്ള നടത്തം,

ശരവണഭവന്‍ റസ്റ്റോറന്‍റിന്‍റെ മുന്നില്‍ കൂടെ... :) ഊഹിച്ച് ചിരിച്ചു.

അന്തപ്പന്‍റെ പോലെ തന്നെ അവസാനം എനിക്കുമിഷ്ടമായില്ല... ജാനുവിനെ :)

പടിപ്പുര said...

പ്രിയ ഇടിവാള്‍,

അന്തപ്പന്റെ ആകുലത മനസ്സിലാക്കികൊണ്ട്‌ തന്നെ ഒരു ചെറിയ നിര്‍ദ്ദേശം-

പറ്റുമെങ്കില്‍ ആ അവസാനഭാഗമൊന്ന് മാറ്റി എഴുതുക. ഈ നൂറ്റാണ്ടിലും പച്ചിലയും വേവിക്കാത്ത കിഴങ്ങുകളും തിന്നു ജീവിക്കുന്ന കേരളത്തിലെ ആദിവാസിക്കോളനികളിലെ മനുഷ്യക്കോലങ്ങളുടെ പ്രധിനിധിയാണ്‌ ജാനു.

ഇടിവാള്‍ said...

പ്രിയ സുഹൃത്തുക്കളേ...
ഇന്നലേ, കല്യാണരാമന്‍ എന്ന പോസ്റ്റിട്ടത്, നനഞ്ഞ ഓലപ്പടക്കം പോലെ ചീട്ടിപ്പോയതായി മനസ്സിലാക്കി. അതിന്റെ ധൃതഗതിയിലുള്ള ക്ലൈമാക്സു മൂലം, ദില്‍ബാസുരന്റെ പെട്ടി ഓട്ടോറിക്ഷ വീണ്ടും മതിലിലിടിച്ച വാര്‍ത്ത കേട്ട്, മുഴുവന്‍ പോസ്റ്റിനേയും ഞാന്‍ പിന്‍‌വലിച്ചു.

പക്ഷേ, ഒന്നു രണ്ടു സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരം, കഥയുടെ ക്ലൈമാക്സില്‍, “സ്വീപ്പിങ്ങ് ചേഞ്ചസ്” തന്നെ വരുത്തി ലവനെ വീണ്ടും നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.

അഭിപ്രായം അറിയിക്കുമല്ലോ ?

സസ്നേഹം.. ഇടിവാള്‍

Adithyan said...

ക്ലൈമാക്സ് തിരുത്തുന്നതാണോ ഇപ്പോ ഫാഷന്‍? :)) ഞാന്‍ നേരത്തത്തെ വായിച്ചിട്ടില്ല. ഇവന്‍ സ്പാറി... അലക്കീന്ന്...

“ഒരു കുഞ്ഞിക്കാലും, വേറൊരു കുഞ്ഞിക്കാലും, പിന്നെ രണ്ടു കയ്യും , മൊകവും, മൂക്കുമൊക്കെയുള്ള ...” ഹഹ്ഹഹ ഉഗ്രന്‍...

പിന്നെ ഒരു ഡൌട്ട് - എന്താ ഈ ജേ & ബി ? O:-) ;)

ഇത്തിരിവെട്ടം|Ithiri said...

ദില്‍ബൂ പെട്ടിഓട്ടോയുമായി വിട്ടോ... ഇടിവാള്‍ജീ ഇപ്പോള്‍ അതും ശരിയായി.

ഇടിവാള്‍ said...

ആദിയേ... അതൊരു എനര്‍ജീ ഡ്രിങ്കാ..

അങ്ങു അമേരിക്കായിലൊന്നും കിട്ടത്തില്ല്യാ അല്ല്യോ ?

Adithyan said...

ഞാനീ പാലും ആപ്പിള്‍ ജ്യൂസും മാത്രം വാങ്ങുന്നത് കൊണ്ട് ബാക്കിയുള്ള ഡ്രിങ്ക്സിനെപ്പറ്റി അത്ര അറിയില്ല. O:-)

ദില്‍ബാസുരന്‍ said...

ങാ.... ഒടിഞ്ഞ് ബാ....
വലത്ത് നോക്കി.... കട്ട വെയ്ക്.. കട്ട വെയ്ക്ക്... ഇനി പോരട്ടെ......

ണിംണിം,ണിം ണിം...... ണിം! അവിടെ നില്‍ക്കട്ടെ.ടയര്‍ മാറ്റിയിട്ട് എടുത്ത് കൊണ്ട് പോകാം.

ഗഡീ... പേടിക്കണ്ട. എന്റെ പെട്ടി ഓട്ടോ എടുത്ത് മാറ്റുന്നതിന്റെ കോലാഹലമാ.

ഇപ്പൊ സംഭവം ക്ലീന്‍..ക്ലീന്‍! കൊട്കൈ!:-)

തറവാടി said...

പ്രിയ ഇടിവാള്‍ , വായിച്ചു , രസിച്ചുതന്നെ വായിച്ചു , പണ്ട് എന്നോട് ഞാന്‍ എഴുതിയ എന്തോ കണ്ടിട്ട് http://tharavadi.blogspot.com/2006/08/blog-post_19.html ഇഞിപ്പെണ്ണ്‌ എന്നോട് " ഇങ്ങനെയെഴുതാതെ വിശേലന്‍ എഴിയതൊക്കെ വായിക്കാന്‍ പറഞ്ഞു "
, സ്വല്‍പം വിഷമം തോന്നിയെങ്കിലും അതില്‍ ഇടിവാളിന്റെ പേര്‍ ചേര്‍ത്താലും കുഴപ്പമൊന്നുമില്ലായിരുന്നു ,
എന്നിപ്പോള്‍ തോന്നുന്നു ..നന്നായി

മുരളി വാളൂര്‍ said...

ഇതെന്തോന്ന്‌ ഗഡിയേ.... ഈ വാചകക്കസര്‍ത്ത്‌ എങ്ങിനെ ഒപ്പിക്കുന്നു. ഇന്നലെ ഒരു മിന്നായം പൊലെ ഈ പോസ്റ്റ്‌ കണ്ടിട്ട്‌ പിന്നെയിതെവിടെപ്പോയി എന്നു തപ്പി നടക്കുവായിരുന്നു. പാച്‌വര്‍ക്കിനു പോയതാന്ന്‌ തെരിഞ്ഞില്ല. "വിവാഹം ഇന്റര്‍നെറ്റിലൂടെ.." എന്നു തുടങ്ങുന്ന ഒറ്റ സെന്റന്‍സ്‌ ഉള്ള പാരഗ്രാഫ്‌ ഗംഭീരം.
ഓടോ. ഇപ്പ കളി മുഴുവന്‍ ഞങ്ങടെ ഏരിയയിലാണല്ലൊ കേന്ദ്രീകരിച്ചിരിക്കുന്നത്‌, കൊരട്ടിയും മാമ്പ്രയും...

പാര്‍വതി said...

"ഒരു ഡബ്ബ നീവിയയും, അതിന്റെ മോളിലൊരു സെന്റി കനത്തില്‍ പൌഡറും തേച്ച്‌, പുതുസായി വാങ്ങിയ കില്ലര്‍ ജീന്‍സുമൊക്കെ കേറ്റിയിട്ട്‌ അന്തപ്പന്‍ നിലക്കണ്ണാടിയുടെ മുന്നില്‍നിന്നും തിരിയുന്നു മറിയുന്നു... ഇതൊക്കെക്കണ്ടു സഹിയാഞ്ഞ്‌ "ഡാ, കന്നാലീ , മേയ്‌ക്കപ്പിനൊക്കെ ഒരു ലിമിറ്റ്‌ ഇണ്ട്രാ" എന്ന് ഏതോ ഗെഡി തോട്ടിയിട്ടു"

ക്വാട്ടാനാണേങ്കില്‍ എല്ലാം ക്വാട്ടണം,എന്നാലും “യുവര്‍ ചോയ്സില്‍“ എടുത്തത് ഇതാണ്..ഉഗ്രന്‍.

-പാര്‍വതി.

അഗ്രജന്‍ said...

തലയെടുപ്പോടെ പുറത്തേക്കുന്തി നില്‍ക്കുന്ന ഓരോ പല്ലുകള്‍ക്കിടയിലും വെന്റിലേഷനു വേണ്ടിയിട്ടാണൊ എന്തോ, 3 മില്ലിമീറ്റര്‍ വച്ച്‌ ഗ്യാപ്‌ ...

കലക്കി ഗഡീ... പഴയ കുപ്പി, പുതിയ വീഞ്ഞ്... വീര്യം കൂടീട്ടേയുള്ളു.

“കള്ളത്തിരുമാലികള്‍... ഒന്ന് പറഞ്ഞിട്ട് പോവരുതായിരുന്നോ ഇവന്മാര്‍ക്ക്”...
ശരി തന്നെ ‘രണ്ട്’ പറഞ്ഞിട്ട് പോവരുതായിരുന്നോ അവന്മാര്‍ക്ക് :)

അരവിന്ദ് :: aravind said...

ഇടിവാളേ...
രണ്ടു ദിവസം മുന്‍പ് കല്യാണരാമന്‍ വായിക്കാന്‍ വന്നപ്പോള്‍ നോട്ട് ഫൌണ്ട് എന്നു കണ്ടു.
ഇപ്ലല്ലേ കാര്യം പിടി കിട്ട്യേ!!!
ഒരു കാര്യം പറയാം...പോസ്റ്റിയത് ഡിലീറ്റരുത്. ഒരു പോസ്റ്റും ചീറ്റില്ല. ആര്‍ക്കെങ്കിലുമൊക്കെ ഇഷ്ടപ്പെടും. പലര്‍ക്കും പലതാണ് പഥ്യം. ധൈര്യായി പോസ്റ്റൂ.
പിന്നെ ഈ പോസ്റ്റ്!!!! ഇതാണോ ചീറ്റിയ പോസ്റ്റ്!! ശരിക്കും തലയറഞ്ഞ് ചിരിച്ചു.
ഒരു ഫുള്ളും കൂടി ഒറ്റയിരിപ്പിനടിച്ച്‌, മുന്നിലിരുന്ന കടുമാങ്ങാ അച്ചാറിന്റെ ഗ്രേവിയില്‍ തള്ളവിരല്‍ മുക്കി നെറ്റിയില്‍ തിലകക്കുറിയണിഞ്ഞ്‌, അന്തപ്പന്റെ തലയില്‍ ഒരു പിടി പെരുംജീരകം വാരിയിട്ട്‌ ശപഥം ചെയ്തു.
എ ഫ്രണ്ട്‌ ഇന്‍ വീട്‌ ഇസ്‌ എ ഫ്രണ്ട്‌ ഇന്‍ നീഡ്‌
ജെട്ടി പോലുമിടാത്ത നഗ്ന സത്യങ്ങള്‍
യൂറോപ്യന്‍ ക്ലോസറ്റില്‍ ഇരിക്കുന്ന പോലെ രണ്ടു കൈകളും തുടകളില്‍ വച്ചിരിക്കുന്ന ആ പോസ്‌ചറു കണ്ടപ്പോ, അന്തപ്പനു ആളെ പെട്ടെന്നു അയിഡന്റിഫൈ ചെയ്യാനൊത്തു.
....
ഇത്രേം സൂപ്പര്‍ ഡ്യൂപ്പര്‍ പ്രയോഗങ്ങള്‍ കാച്ചിയിട്ടിരിക്കുന്ന ഈ പോസ്റ്റ് എങ്ങനെയാ എന്റെ ഇടിവാളേ മോശാവ്വാ?
വെറുതെ വിനയകുനിയന്‍ ആയതാ ല്ലേ!!
ശരിക്കും ഇഷ്ടായി..നറേഷന്റെ സ്പീഡും ചടുലതയും കണ്ട്രോളും ഇടക്കിടെയുള്ള നുറുങ്ങുകളും...
സൂപ്പര്‍ പോസ്റ്റ്! :-)

പടിപ്പുര said...

ഇറ്റിവാള്‍,
രണ്ടാമത്‌ കേട്ട പാട്ട്‌ അതിമധുരം.

വല്യമ്മായി said...

കിണ്ണംകാച്ചിയായിട്ടുണ്ട്.
സിനിമയിലെ പോലെ മാറ്റിയെഴുത്ത് ഇപ്പൊ ബ്ളോഗിലെ ഒരു സ്റ്റൈലാണല്ലേ

ikkaas|ഇക്കാസ് said...

‘അമേരിക്കേപ്പോണോ കക്കൂസീപ്പോണോന്നുള്ള കണ്‍ഫ്യൂഷന്‍ ജീനമോളെക്കണ്ടപ്പൊത്തന്നെ മാറിക്കിട്ടി’ ഈ വാചകം ചേര്‍ക്കേണ്ടിടത്ത് ചേര്‍ത്തിക്കൊളൂട്ടാ ഇഡീ.
അടിപ്പന്‍ പോസ്റ്റ്.

സു | Su said...

കറിയാച്ചന്‍ പറഞ്ഞതേ എനിക്കും പറയാനുള്ളൂ. ഒന്ന് പറഞ്ഞിട്ട് ഓടാമായിരുന്നില്ലേ;)

ഇടിവാള്‍ said...

ആദിത്യ, അരവിന്ദ ഗെഡീസ്‌..
ഫാഷനായിട്ടല്ല ക്ലൈമാക്സിലിട്ടു പണിതത്‌. ക്ലൈമാക്സ്‌ മാറ്റിയിട്ടുമില്ല, മറിച്ച്‌ എഴുതിയ ശൈലി ഒന്നു തിരുത്തി, അതാവശ്യമാണെന്നു എനിക്കും തോന്നിയിരുന്നു കമന്റിനു നന്ദി.

ദില്‍ബാ: അന്റെ പെട്ടിവണ്ടി ഇനി ഭാഗത്തു കണ്ടാ.... ഹാ..

ഇത്തിരി: നന്ദി
തറവാടി: നന്ദി, കുറച്ചു പേര്‍ക്കെങ്കിലും ഇഷ്ടപ്പെടുന്നുണ്ടല്ലോയെന്നറിഞ്ഞതില്‍ സന്തോഷം
മുരളിമാഷേ: കൊരട്ടി, ചാലക്കുടിയില്‍ നിന്നും കുറെ ഗെഡികളുണ്ടേ !

പാറൂ: ഹഹ.. മേക്കപ്പിനൊക്കെ ഒരു ലിമിറ്റ്‌ ഇണ്ട്രാ എന്നു എഴുതിയതിന്റെ, ഞാനുദ്ദേശിച്ച അര്‍ത്ഥത്തില്‍ വായിച്ചത്‌ പാറു മാത്രം !

അഗ്രൂ: നന്ദി ..

പടിപ്പുര: നേരത്തെ തന്ന നിര്‍ദ്ദേശത്തിനും, ഇപ്പോഴത്തെ കമന്റിനും നന്ദി.

വല്ല്യമ്മായി: സ്റ്റെയിലൊന്നുമല്ല അമ്മായി, എന്നാലും മാറ്റിയ ശേഷം , എനിക്കും ഒന്നു കൂടി നന്നായെന്നു തോന്നി.

ഇക്കാസേ: നന്ദി..

സൂ: ഹ ഹ.. അവനോടു ചോദിക്കാന്‍..

കലേഷേ.. അപ്പ ശരി ! ;)

പകിടന്‍ said...

"സീരിയല്‍ നടി പൊന്നമ്മ ബാബു ടാറിന്‍ വീപ്പയില്‍ വീണപോലത്തെ ഒരു മൊതല്‌"...
കൊള്ളാം ...പക്ഷേങ്കി...അവര്‍ ഇത് വായിക്കാന്‍ ഇടവന്നാല്‍ അവര്‍ക്കെന്തായിരിക്കും തോന്നുക...

മുസാഫിര്‍ said...

വാള്‍ജി,
നന്നായിട്ടുണ്ടു,പക്ഷെ ഒന്നു കുടി പാകമാകാന്‍ വെച്ചിരുന്നെങ്കില്‍ ഇതിലും രസകരമയേനെ എന്നാണു എന്റെ എളിയ അഭിപ്രായം.

ആദി,

പാലിന്റെ ക്രീമും,ആപ്പിള്‍ ജുസും j&B യും കുടിയ ഒരു കോക്റ്റലുണ്ടു,റസിപ്പി വേണോ ?

ഇടിവാള്‍ said...

റെയ്‌ന്‍ മാഷേ: നന്ദി. അവരു വായിച്ചാലോ, എന്നതിലും എനിക്കു പേടി, എന്റെ ഗെഡി, ( ആന്റപ്പന്‍) ഇതു വായിക്കുമോ എന്നാണ്.. ;)

മുസാഫിര്‍ജീ: നന്ദി, അടുത്തതില്‍ നന്നാക്കാന്‍ ശ്രമിക്കാം കേട്ടോ !

പിന്നെ, ആ പാലും ജ്യൂസും ജേ+ബി യും കൂടിയുള്ള കോക്ക്ടെയില്‍ റെസിപ്പി എനിക്കൊന്നു വേണമല്ലോ ?

വിശാല മനസ്കന്‍ said...

"ഒരു കുഞ്ഞിക്കാലും, വേറൊരു കുഞ്ഞിക്കാലും, പിന്നെ രണ്ടു കയ്യും , മൊകവും, മൂക്കുമൊക്കെയുള്ള ...”

അതെയതെ.. ഒരു കുഞ്ഞിക്കാല് പോരാ... കറക്ട്.

ഇടിവാല്‍ മിന്നുന്നുണ്ട്.. ട്ടാ.

സങ്കുചിത മനസ്കന്‍ said...

അന്തപ്പന്‍ വായിച്ച് മറുപുരാണം എഴുതാന്‍ തീരുമാനിച്ച വിവരം ഞാന്‍ അറിയിച്ചുകൊള്ളട്ടേ. അതേ സുഹൃത്തുക്കളേ അമ്പക്കാടന്‍ അന്തപ്പന്‍ ബ്ലോഗ് തുടങ്ങുന്നു.....

ഇഡീ.... പുലറ്ച്ചെ നാലുമണി തൊട്ട് തുടങിയ അലച്ചില്‍ ഇപ്പോഴാണ് കഴിഞ്ഞത്. പരിശോധകന്‍ (ഇന്‍സ്പെക്ടറ്) കൂടെ ഉണ്ടായിരുന്നതിനാല്‍ ബന്ധപ്പെടാന്‍ പറ്റിയില്ല. നീ ക്ഷമിച്ചു എന്നൊരു വാക്ക് ടൈപ്പ് ചെയ്ത് ഇതിന്റെ അടിയില്‍ ഇട്!

ലവന്‍ കലിപ്പിലാണടേ... വായിച്ചോ എന്ന് ചോദിച്ചിട്ട് പ്രതികരിക്കുന്നില്ല! ബ്ലോഗ് തുടങ്ങണം പോലും. നീ ജാഗ്രതൈ!

ചക്കര said...

ഇടിവാളെ..നന്നായി :)

paarppidam said...

തകര്‍ത്തു ഗട്യേ. ഒരു ഇടിവാള്‍ മുതല്‍ തന്നെ. ആ ചുള്ളന്‍ കെട്ട്യോ?
ഇപ്പോ നിവിയയല്ലെ ഇപ്പോ അന്തിക്കാടൊക്കെ ഹിമാലയയുടെ ഉല്‍പ്പന്നങ്ങളാ അവിടെ പ്രതിയും മറ്റു "സൊഷ്യോളജി"(എന്നുവച്ചാല്‍ പണ്ടു തെക്കുവടക്ക്‌ വായിനോക്കി നടന്നവരുടെ പുതു തലമുറ) വിദ്യാര്‍ഥികളും പുരട്ടുന്നത്‌. മനോജെന്ന ഒരു മൊതല്‍ എമിറേറ്റ്‌ സിലേക്ക്‌ കടന്നിട്ടുണ്ട്‌. ഈ നാരീമണിയെ ഒന്ന് കണ്ടുമുട്യാല്‍ പിന്നെ ഞങ്ങള്‍ക്കൊരു ഊണുതരാവായിരുന്നു. അവനും കുലം അന്യം നിന്നുപോകരുതല്ലോ എന്നുകരുതി മാത്രം വിവാഹത്തിനു തയ്യാറായി നില്‍ക്കാ.

കര്‍ണ്ണന്‍ said...

വിശാലന്റെ പോലെ തന്നെ മറ്റൊരു പെണ്ണു കാണല്‍ ട്രാജഡി അല്ലേ... കൊള്ളാം... നന്നായിട്ടുണ്ട്

ബിന്ദു said...

ഇത്തിരി വൈകി വായിക്കാന്‍.:) തിരുത്തിയതെന്താ എന്ന് മനസ്സിലായില്ല. ഇനി പോസ്റ്റൊന്നും ഡിലീറ്റല്ലേ പ്ലീസ്... ചിലപ്പോള്‍ ഇതു പോലെ സമയത്തു വായിക്കാന്‍ പറ്റിയില്ലെങ്കില്‍ മിസ്സാവും. ഏതെങ്കിലും ഡിലീറ്റിയെങ്കില്‍ പ്ലീസ് ഒന്നു കൂടി ഇടു..

ഇടിവാള്‍ said...

വിശാലാ, സങ്കു, ചക്കരേ, പാര്‍പ്പിടമേ, കര്‍ണ്ണാ..

വായനക്കും കമന്റിനും നന്ദി !

ബിന്ദുജീ: ഡിലിറ്റു ചെയ്തൊന്നുമുല്ല, ക്ലൈമാക്സ്‌ ഒന്നു പണിതു.. അത്രേള്ളൂ !

തഥാഗതന്‍ said...

എന്റെ ദൈവമേ എനിക്ക്‌ വയ്യ

ഇടിവാള്‍ജി എവിടെ താങ്കളുടെ പാദാരവിന്ദങ്ങള്‍? ഒന്നു നമസ്കരിക്കാനാ..

കറിയാച്ചന്റെ ആ ഇരുപ്പ്‌ പാലക്കാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ എരമ്പി..

ഇടിവാള്‍ജി ഇത്തരത്തിലുള്ള സൃഷ്ടികള്‍ ബ്ലോഗില്‍ മാത്രം ഒതുക്കി നിര്‍ത്താതെ..

മലയാള ഹാസ്യ സാഹിത്യ രംഗത്ത്‌ താങ്കള്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും എന്ന കാര്യത്തില്‍ എനിക്ക്‌ യാതൊരു സംശയവും ഇല്ല..

വീണ്ടും വീണ്ടും ഇങ്ങനെയുള്ള ഇടിവെട്ട്‌ സാധനങ്ങല്‍ പോരട്ടെ...

ഇടിവാള്‍ said...

തഥാഗതാ.. എനിക്കു വയ്യ ! ഹോ എന്തൊരു സുഗം കേള്‍ക്കാന്‍ !
ന്നാലും, ചെറിയൊരു സംശ്യം.. അത്രക്കങ്ങു വേണാരുന്നോ..??

പെരുത്തു പെരുത്തു നന്ദി !

മുല്ലപ്പൂ || Mullappoo said...

ഇടിഗഡീ ,
രസിച്ചുവായിച്ചു.

ഇഡ്ഢലിപ്രിയന്‍ said...

ഇടിവാള്‍ജീ....,

വായിക്കനല്‍പം വൈകിപ്പോയി. ഇടിവെട്ട്‌ സാധനം.

ഇടിവാള്‍ said...

മുല്ലപ്പൂ, സുതാര്യന്‍, ഇഡ്ഡലിപ്രിയന്‍ ! നന്ദി

കുഞ്ഞച്ചന്‍ said...

"ന്നാപ്പിന്നെ ഈ ശവീനെ കെട്ടിച്ചിട്ടു തന്നെ കാര്യം" എന്നും പറഞ്ഞ്‌ കോളേജു മുതല്‍ കൂടെയുണ്ടായിരുന്ന അന്തപ്പ സുഹൃത്തുക്കള്‍, ഒരു ഫുള്ളും കൂടി ഒറ്റയിരിപ്പിനടിച്ച്‌, മുന്നിലിരുന്ന കടുമാങ്ങാ അച്ചാറിന്റെ ഗ്രേവിയില്‍ തള്ളവിരല്‍ മുക്കി നെറ്റിയില്‍ തിലകക്കുറിയണിഞ്ഞ്‌, അന്തപ്പന്റെ തലയില്‍ ഒരു പിടി പെരുംജീരകം വാരിയിട്ട്‌ ശപഥം ചെയ്തു.

ഇടിവാളിനിതാ ഒരു ആരാധകന്‍ കൂടി...

Anonymous said...

chirich chathu ketto;) adipoli. paavanm andhappan

remya

bloagan said...

ഇടിവാള്‍ അളിയാ ഇടിവെട്ട് ആയിട്ടുണ്ട്‌....

സുധി അറയ്ക്കൽ said...

നല്ല ഇഷ്ടമായി.

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.