-- എ ബ്ലഡി മല്ലു --

ഫെയ്‌സ്‌ വാല്യൂ

Tuesday, September 12, 2006

1992 നവംബര്‍ - ഞങ്ങളുടെ ഫൈനല്‍ ഇയര്‍ സ്റ്റഡി ടൂറിന്റെ ഡേറ്റും ഐറ്റെനറിയും തീരുമാനമായി !

10 ദിവസം, അറ്റന്‍ഡന്‍സോടെ മൈസൂര്‍, ബാംഗ്ലൂര്‍, കൊഡൈക്കനാല്‍, മദ്രാസ്‌, ഊട്ടി എന്നിവിടങ്ങളില്‍ അര്‍മാദിക്കാനൊരവസരം!

പത്തു ദിവസം കേരളത്തില്‍ നിന്നും വിട്ടുനിന്നാലെങ്കിലും പിള്ളേര്‍ക്കു വെവരം വെക്കട്ടേയെന്ന തോന്നലിനാലോ എന്തോ, "സ്റ്റഡി ടൂര്‍" എന്ന പേരില്‍ കോളേജധികൃതര്‍ എല്ലാ വര്‍ഷവും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കനുവദിക്കുന്നൊരു ആനുകൂല്യം! കൂടെ രണ്ടു മൂന്നു ടീച്ചര്‍/മാഷന്മാരും ഉണ്ടാവും, പിള്ളാരുടെ ചെലവില്‍ ഊരു തെണ്ടലിനായി.

ഈ സ്റ്റഡി ടൂറിനു എന്തൊക്കെ പഠിച്ചു എന്നു ചോദിച്ചാല്‍, വെള്ളവും സോഡയുമൊഴിക്കാതെ പാറപ്പുറത്തിരുന്ന്‌ (ഓണ്‍ ദ റോക്ക്സ്‌) സ്മാളടിക്കാനും, ഭംഗിയായി വൃത്തം, ചതുരം, മട്ടകോണം, എന്നീ ഷേപ്പുകളില്‍ വാളു വക്കാനും പഠിച്ചുവെന്നായിരിക്കും ഭൂരിഭാഗം പിള്ളാരും പറയുക എന്നതു റജീനക്കു പോലും മാറ്റിപ്പറയാനാവാത്തൊരു സത്യം!

അവന്‍ കയറിയിരുന്നപ്പോള്‍ ലോഗരിതം ടേബിളിന്റെ കാലൊടിഞ്ഞ മൂലം 250 രൂപ കോളേജില്‍ ഫൈന്‍ അടക്കണമെന്നു പറഞ്ഞു വീട്ടില്‍ നിന്നും കാശുവാങ്ങി അതും കൊണ്ടു സ്മാളടിച്ച കാടന്‍ സജി മുതല്‍, 12 ആം വയസ്സില്‍ പറയാന്‍ പറ്റാത്തിടത്തൊരു ചെറിയ കുരു വന്നതു കണ്ടു ഭയന്ന്‌, അച്ഛനോട്‌ "അച്ഛാ, എനിക്കൊരു ലൈംഗിക പ്രശ്നമുണ്ടെന്നു പറഞ്ഞ" സതീഷ്‌ വരേയുള്ള, സൂപ്പര്‍-7 ഗ്യാങ്ങിലെ ബാക്കി സകല അലക്കുലുത്തുകളും പോകുമ്പോള്‍ അതിലൊരു ഹോണററി മെമ്പറായ ഞാനെങ്ങനെ ഈ ടൂറു മിസ്സാക്കും ??

രണ്ടായിരം രൂപയാണു ചെലവു. വഴിച്ചിലവിനു പുട്ടടി, വെള്ളടി എന്നിവക്കു കാശു വേറേയും വേണം ! ആകെ മൊത്തം ഒരു മൂവായിരത്തഞ്ഞൂറെങ്കിലും ഇല്ലെങ്കില്‍ നാണക്കേടാ.

മാസം വെറും എട്ടായിരം രൂപ ശമ്പളം വാങ്ങുന്നൊരു സര്‍ക്കാരുദ്യോഗസ്ഥനായ അച്ഛനോട്‌ (അതൊരു ഊഹ ശമ്പളമാണേ, റിട്ടയറാവുന്ന വരെ പുള്ളി ശമ്പളം അമ്മയോടോ, ഞങ്ങളു പിള്ളേരോടോ പറഞ്ഞിട്ടില്ല) ടൂറിനു പോകാന്‍ 3500 ക ചോദിച്ചാല്‍, പൈസ കിട്ടില്ലെന്നതുമാത്രമല്ല, ഇതെങ്ങാനും കേട്ട്‌ അങ്ങേര്‍ക്കു വല്ല ബോധക്ഷയവും വരുമോ എന്നൊരു പേടിയും എന്നില്‍ ഇല്ലാതിരുന്നില്ല.

ഈ ടൂറിനു പോയില്ലെങ്കില്‍ വൈവക്കു മാഷന്മാര്‍ മാര്‍ക്കു കുറക്കും, ഇന്റേണല്‍ അസ്സസ്മെന്റിനു മാര്‍ക്കു കുറയും, പിന്നെ റാങ്കു കിട്ടാത്തതിനു എന്നെപ്പറയണ്ടാ, എന്നൊക്കെപ്പറഞ്ഞ്‌ ഒരു വിധത്തില്‍ സമ്മതിപ്പിക്കാന്‍ എന്നെ സഹായിച്ചത്‌, നമ്പറുകളിട്ട്‌ കാര്യം കാണാനുള്ള എന്റെ വെറും നാക്ക് മാത്രമാണ്‌ ( വായിലെ നാക്കല്ല.. Knack എന്ന "ക്‍നാക്ക്‌") അതോടെ സൂപ്പര്‍-7 ഫുള്‍ സ്റ്റ്രെങ്ങ്തില്‍ ടൂറിനുണ്ടാവുമെന്നറിഞ്ഞ്ഞ്ഞങ്ങള്‍ ഏഴു മെമ്പേഴ്സും ആഹ്ലാദിച്ചു !

ഞങ്ങടെ കൂടെ ടൂറിനു വരുന്നത്‌, ക്ലാസ്‌ ടീച്ചറായിരുന്ന രമണി (ശരിയായ പേരല്ലേയല്ല) പിന്നെ, മൈക്രോ പ്രോസസര്‍ പടിപ്പിക്കാന്‍ ഗസ്റ്റ്‌ ലക്‍ചര്‍ ആയി വന്ന ജയകുമാര്‍ എന്ന, ജങ്കു, എന്നു ഞങ്ങള്‍ വിളിച്ചിരുന്ന, ചിന്നപ്പയ്യന്‍ മാഷ്‌, പിന്നെ, അപ്രതീക്ഷിതമായി, "കുതിരവട്ടം പപ്പു" എന്നു ഞങ്ങളു സ്നേഹത്തോടെ വിളിക്കുന്ന കൃഷ്ണന്‍ മാഷും! ( ഇതും ശെരി പേരല്ല).

ജങ്കുവിനെ ആയിടക്കാണു ഞാന്‍ ശെരിക്കൊന്നു കാണുന്നത്‌. 3-4 മാസമായി ഞങ്ങളെ മൈക്രോപ്രോസസര്‍ പഠിപ്പിച്ചിരുന്നയാളാണെങ്കിലും, ആ സബ്ജക്റ്റിനു ക്ലാസില്‍ കയറാത്തമൂലം മുന്‍പു പരിചയപ്പെടാനൊത്തില്ല.

ഇലക്റ്റ്രിക്കലിനു പടിപ്പിക്കുന്ന ഈ പപ്പു എന്തിനാണ്‌ ഞങ്ങളു ഇലക്ട്രോണിക്സുകാരുടെ കൂടെ സ്റ്റഡി ടൂറിനു വരുന്നതെന്ന്, ഞങ്ങളാര്‍ക്കും മനസ്സിലായില്ലെങ്കിലും, ഇലക്റ്റ്രോണിക്സിലെ "സ്റ്റാഫ്‌ ഷോര്‍ട്ടേജ്‌" മൂലമാണു പപ്പുപ്പഹയനു ഇങ്ങനൊരു സൌഭാഗ്യം കിടൈച്ചതെന്നു പിന്നീടറിഞ്ഞപ്പോള്‍, ഞങ്ങളു പ്രിന്‍സിപ്പാളിനെ മനസ്സില്‍ പ്രാകി!

അങ്ങനെ ആ സുദിനം വന്നെത്തി. 21 സ്റ്റുഡന്റ്സും, 2 മാഷന്മാരും, കൂടെയുള്ള 3 വിദ്യാര്‍ത്ഥിനികളുടെ സംരക്ഷണത്തിനായി ഒരു ലേഡി ടീച്ചറുമുള്ള ടീം രാത്രി 9 മണിക്കു കോളെജ്‌ അങ്കണത്തില്‍ നിന്നും പുറപ്പെടുന്നു. സൂപ്പര്‍ -7 ലെ ഏഴുപേരും 7 മണിക്കു തന്നെ കോളെജില്‍ വന്നു നേരെ ഹൈറോഡിലെ പാരഗണ്‍ ബാറില്‍ പോയി അടിച്ചു കിണ്ടിയായി, തിരിച്ചു കോളേജിലേക്കു നടന്നു. സ്റ്റഡി ടൂറിന്റെ ആദ്യപാഠങ്ങള്‍ !

"ലോങ്ങ്‌ ട്രിപ്പിനു മുന്‍പ്‌ വെള്ളമടിച്ചു വണ്ടീക്കേറിയാല്‍ സുഖമായിട്ടുറങ്ങാം!"

ഊട്ടിയില്‍ വൈന്‍ഷോപ്പിനു മുന്നില്‍ നിന്നും "കൌണ്ടര്‍" അടിച്ചുകൊണ്ടിരുന്ന ഞാനും സതീഷും സജിയും, പപ്പു മാഷ്‌ ഷാപ്പിലേക്കു വരുന്ന കണ്ടു ഞെട്ടി. "സാറല്ലേ" എന്ന ബഹുമാനത്തിന്റെ പുറത്ത്‌ അങ്ങേര്‍ക്കൊരു പെഗ്‌ ഓഫര്‍ ചെയ്ത എന്നോട്‌ അങ്ങേരൊരു ചാട്ടം ' എടോ.. ഞാന്‍ നിങ്ങടെ സാറാണെന്ന കാര്യം താന്‍ മറന്നോ?". പിന്നേ, പട്ടഷാപ്പിലല്ലേ തന്റെ സദാചാരം? ഇങ്ങേരെ കുടിപ്പിക്കാതെ എനിക്കു വല്യ കഴപ്പല്ല്യോ?

അങ്ങനെ ഊട്ടി-മൈസൂര്‍-ബാംഗ്ലൂര്‍ ഒക്കെ കഴിഞ്ഞു ഞങ്ങള്‍ മദിരാശിയിലെത്തി. പോകുന്ന വഴിക്കു കണ്ട സ്ഥലങ്ങളില്‍ ആകെ ഓര്‍മ്മയുള്ളതു ബാംഗ്ലൂരിലെ പ്ലാനിറ്റോറിയമാണ്‌ ! എങ്ങനെ ഓര്‍മ വരും നല്ല ആമ്പല്‍പൂവിന്റെസ്വഭാവമല്ലേ, ഫുള്‍ ടൈം വെള്ളത്തില്‍ ! അടിച്ചു പിമ്പിരിയായിരിക്കുമ്പോള്‍ കാണാത്ത പല നക്ഷത്രങ്ങളേയും ആ പ്ലാനിറ്റോറിയത്തില്‍ അന്നു കണ്ടു !

അങ്ങനെ ഞങ്ങളു മദ്രാസിലെത്തി. അണ്ണന്മാരുടെ നാട്‌, ചത്തു വടിയായിക്കിടക്കുമ്പോള്‍പോലും ബ്ലാക്ക്‌ കണ്ണടകള്‍ വച്ചു ചെത്തുന്ന അണ്ണന്മാരുടെ നാട്‌. കൂള്‍ കൂളായി മലയാളത്തിലെ ഒരു മുട്ടന്‍ തെറി അങ്ങോട്ടുമിങ്ങോട്ടും വിളിച്ചു കളിക്കുന്നവരുടെ നാട്‌. ഗോള്‍ഡ്‌ സ്പ്പോട്ടിന്റെ കുപ്പി കഴുകി വളിയരികിലിരുന്നു മഞ്ഞ നിറത്തിലുള്ള വെള്ളം നിറച്ചു കൂള്‍ഡ്രിങ്കാക്കി വില്‍ക്കുന്ന നാട്‌. ഒന്നരക്കുപ്പി എണ്ണ മുഖത്തും മുടിയിലും വെച്ചു തേച്ച്‌, അതിന്റെ മോളിലൊരു രണ്ടരക്കിലോ മല്ലിഹൈപ്പൂവും വച്ച്‌ മുടി പിന്നിയിട്ട്‌ പശുവിന്റെവാലുപോലെ ആട്ടിയാട്ടി നടക്കും അണ്ണാച്ചിനികളുടെ നാട്‌, തെങ്ങോളം ഉയരത്തില്‍ രെജനിയുടെ ടിസ്റ്റടിയും, വിജയകാന്തിന്റെ മെഷീന്‍ ഗണ്‍ കട്ടൌട്ടുകളും റോഡരികില്‍ വച്ചിരിക്കുന്ന നാട്‌. അപ്പിയുടേയും മൂത്രത്തിന്റേയും നാറ്റമുള്ള വഴിയരികില്‍ ബസ്സു പാര്‍ക്കു ചെയ്ത്‌ ഡ്രൈവര്‍ ഹോട്ടലില്‍ റൂം അന്വേഷിച്ചു പോയി. ആ ഇട്ടാവട്ടത്തിരുന്നു തായം കളിക്കാന്‍ ഞങ്ങള്‍ക്കു സമയമില്ലെന്നല്ല, താല്‍പര്യമില്ലാത്തതിനാല്‍, അടുത്തു കണ്ട ബാറിലേക്കു നീങ്ങി

അവിടന്നൊരു ലെവലായപ്പോള്‍ റൂമില്‍ കയറി ഫ്രഷായി ഷോപ്പിങ്ങിനിറങ്ങി. പാരീസ്‌ ബസാറിലേക്ക്‌. പേരു കേട്ടു ഞെട്ടണ്ടാ, വഴിയോരക്കച്ചവടക്കാരുടെ ഒരു കോളനിയാണിത്‌. സാരികള്‍ വലിച്ചുകെട്ടി ഒരു ടെന്റു പോലെയാക്കി നിരന്നിരിക്കുന്ന കടകളില്‍ റാലി സൈക്കിളിന്റെ "ക്‍ര്‍ണീം..ക്‍ര്‍ണീം" മണി മുതല്‍ റോള്‍സ്‌ റോയ്സിന്റെ ബ്രേക്ക്‌ പാഡു വരെ കിട്ടുമെന്നാണു പറഞ്ഞു കേട്ടിരിക്കുന്നത്‌.

ഒരു സഹപാഠിയുടെ കസിന്‍, "പാരീസ്‌" ബസാറിനെക്കുറിച്ച്‌ ചെറിയൊരു വിവരണമൊക്കെ തന്നിരുന്നു, അതായത്‌, വാങ്ങാന്‍ ഉദ്ദേശമില്ലാത്ത സാധനങ്ങള്‍ വെറുതെ വില ചോദിക്കരുത്‌, ചോദിച്ചാല്‍ പിന്നെ ലവന്മാര്‍ അതു വാങ്ങിപ്പിച്ചേ നമ്മളെ വിടൂ !

എവിടെപ്പോയാലും ആ സ്ഥലത്തിന്റെ ഓര്‍മ്മക്കായി ഒരു "മൊമെന്റോ" വാങ്ങുക എന്നതു ഇന്നും പതിവാ! മാഹിയില്‍ പോയാല്‍ ഒരു ഫുള്‍ ബോട്ടില്‍, കണ്ണൂരു പോയാല്‍ ഫുള്‍ ബോട്ടിലും കൊടുവാളും, മലപ്പുറത്തു നിന്നൊരു കത്തിയും പിന്നൊരു ഫുള്‍ ബോട്ടിലും, കോയിക്കോട്ട്‌ന്ന്, ചേയ്‌, അവിടന്നൊന്നും വേണ്ട.... എന്നപോലെ, മദ്രാസില്‍ നിന്നൊരു കൂളിങ്ങ്‌ ഗ്ലാസു വാങ്ങണമെന്നോര്‍ത്താണു ഞാന്‍ പാരീസ്‌ ബസാറിലോട്ടു കയറിയത്‌. കൂടെ സ്ഥിരം ഗെഡീസായ സജി, സതീഷ്‌, ശിവനും!

ദാ കാണുന്നു കണ്ണട വില്‍ക്കുന്ന കട.. കമലഹാസന്‍, രെജനി, ശരത്‌ മുതലായ മോഡലു തൊട്ട്‌ എം.ജീ.ആറും കരുണാനിധിയും വക്കുന്ന ടൈപ്പു കണ്ണടകള്‍ വരെയങ്ങു നെരന്നിരിന്നു എന്നെ മാടി മാടി വിളിച്ചു. കൂടെയുള്ളവരൊക്കെ ഓരോ കടകളില്‍ കയറി എന്തോക്കെയോ നോക്കുന്നുണ്ട്‌.

ആദ്യത്തെ കടയില്‍ തന്നെ കയറി ഞാന്‍ ചോദിച്ചു..

"അണ്ണാച്ചി, ഇതുക്ക്‌ എന്നൈ വില?"

"300 രൂപാ അണ്ണാ" ഹോ എന്തൊരു വിനയം.

ഇരുപത്‌, കൂടിയാലൊരു 30 നു കിട്ടുന്ന സാധനമാ, അണ്ണാച്ചി എന്നുടൈ തലയില്‍ 300 നു പിടിപ്പിക്കാന്‍ നോക്കുന്നത്‌. ഞാന്‍ മനസ്സിലോര്‍ത്തു

30 രൂപക്കു തരുമോ ?

എന്റെ ചോദ്യം കേട്ടതോടെ മുരളീധരന്‍ മുന്നണി മാറുന്നപോലെ അണ്ണാച്ചിയുടെ സ്വഭാവം മാറി.

"ഏണ്ടാ, വെളയാടറിയാ?" എന്നവന്‍ ചോദിച്ചതോടെ ഇനിയിവടെ നില്‍ക്കുന്നതത്ര പന്തിയല്ലെന്നു തോന്നി, ഞാന്‍ മെല്ലെ തിരിച്ചു നടക്കാന്‍ തുടങ്ങിയതും അണ്ണാച്ചിയെന്റെ കയ്യേക്കേറിയൊരു പിടുത്തം.

250 രൂപക്ക്‌ ആ കൂളിംഗ്‌ ഗ്ലാസു വാങ്ങാതെ എന്നെയിവന്‍ വിടില്ലായെന്നു മനസ്സിലായപ്പോള്‍ ഞാനും ചെറിയ ബലപ്രയോഗം തുടങ്ങി. അകത്തു കിടക്കുന്ന മാക്‌-ഡൊവലിന്റെ ഒരു ധൈര്യമേ. അണ്ണാച്ചിക്കിട്ടൊരു തള്ളു കൊടുത്തതോടെ രംഗം ചൂടായി. ഇതു കണ്ടു നിന്ന എന്റെ ഗെഡികളും, സമീപത്തുള്ള കടക്കാരും സ്പോട്ടിലെത്തി.

ഇതിനിടക്ക്‌, കാടന്‍ സജി, ആ അണ്ണാച്ചിയുടെ കഴുത്തിനു കയറിപ്പിടിച്ചൊരു ചോദ്യം:
"ഡായ്‌, ഞാനാരാണെന്നു നെനക്കറിയുവോടാ? കൊരട്ടി എസ്സൈ എന്റെ അളിയനാ, മനസ്സിലായോ?" വിവരക്കേടിനു ക്ലീന്‍ഷേവായൊരു 5'5" മനുഷ്യരൂപം വച്ചതോ ഇവന്‍ എന്ന സംശയത്തോടെ ഞാന്‍ സജിയെ നോക്കി അവിടന്നു പിടിച്ചുമാറ്റി.

തര്‍ക്കം മൂത്തപ്പോള്‍, അപ്പുറത്തെ കടക്കാരെല്ലാം ഇടപെട്ട്‌, ഒരു കോമ്പ്രമൈസ്‌ എന്ന നിലയില്‍ എന്നോട്‌ ഈ കൂളിംഗ്‌ ഗ്ലാസ്‌ 200 രൂപക്ക്‌ വാങ്ങിപ്പിക്കാന്‍ ശ്രമം നടത്തി. എനിക്കിതു വേണ്ട എന്ന വാശിയില്‍ ഞാനും.

ഇതിനിടക്കാണ്‌, ഞാന്‍ വഴക്കടിച്ച അണ്ണാച്ചി, എന്നെ നോക്കി കഴുത്തു വെട്ടിച്ചു കൊണ്ട്‌ എന്തോ ആംഗ്യം കാണിക്കുന്നു, മിമിക്സ്‌ പരേഡിലെ ഇന്നസെന്റ്‌ അവതരിപ്പിച്ച്‌ അച്ചന്റെ ഞെട്ടുവാതം പോലെ. എന്റെ പുറകിലെന്തോ അനക്കം കേട്ടപോലെ തോന്നി ഇടതുതോളിന്റെ മുകളിലൂടെ നോക്കിയപ്പോള്‍, ദാ നില്‍ക്കുന്നു ഒരാജാനുബാഹു, ചാവക്കാടു കടപ്പുറത്തെ മുക്കുവന്മാരുടെ വല പോലെ നിറയെ തുളകളുള്ളൊരു ബനിയനും, ഒരു കീറ ജീന്‍സുമിട്ട്‌ പുറകെയില്‍ കയ്യും കെട്ടി. അവനെ നോക്കിയിട്ടാണ്‌ അണ്ണാച്ചി ആംഗ്യം കാണിക്കുന്നത്‌!

അവനെ ആകെയൊന്നു നോക്കിയ ഞാന്‍ ഇവന്റെ രണ്ടു കാലുകള്‍ക്കിടയില്‍ പുറകില്‍ വാലു പോലെയെന്തോ തൂങ്ങിയാടുന്ന പോലെ തോന്നി ഒന്നുകൂടി സൂക്ഷിച്ചുനോക്കിയപ്പോള്‍ മനസ്സിലായി, ഹോക്കി സ്റ്റിക്ക്‌!

ദൈവമേ, ഇവിടത്തുകാരൊക്കെ ആസനത്തില്‍ ഹോക്കിസ്റ്റിക്കും കൊണ്ടാണോ ജനിക്കുന്നത്‌, അതോ ഈ നിക്കുന്നോന്‍ ധ്യാന്‍ചന്ദിന്റെയോ ധന്‍രാജ്‌ പിള്ളയുടേയോ അളിയനോ മച്ചമ്പിയോ മറ്റോ ആണോ, എന്നൊന്നുമല്ല എന്റെ ചിന്തയിലപ്പോള്‍ പോയത്‌.. മറിച്ച്‌, ദീ ചുള്ളന്‍ ആ സ്റ്റിക്കും വച്ച്‌ എന്റെ തലക്കൊരു പെനാല്‍റ്റി കിക്കെടുത്താല്‍ അടുത്തടുത്ത്‌ ഗോള്‍ പോസ്റ്റുപോലെ തുറന്നു വച്ചിരിക്കുന്ന കടകളുടെ ഉള്ളില്‍പോയി വീണ എന്റെ തല ആരു പെറുക്കിക്കൊണ്ടു വരും എന്നായിരുന്നു.

അന്നത്തെ കാലത്ത്‌, എന്റെ തലക്കു ഞാന്‍ പ്രഖ്യാപിച്ചിരുന്ന "ഫെയ്‌സ്‌ വാല്യൂ" 200 രൂപയില്‍ കൂടുതലായതിനാല്‍, അത്രയും പൈസ കൊടുത്ത്‌ ബുദ്ധിപൂര്‍വം ഞാന്‍ തടിയൂരി.

36 comments:

ഇടിവാള്‍ said...

പുതിയ പോസ്റ്റ്‌: ""ഫെയ്‌സ്‌ വാല്യൂ""

എന്റെ ചെറിയൊരു പോസ്റ്റു കൂടി !
വല്യ ഗുമ്മൊന്നുമില്ല എന്നൊരു മുന്‍കൂര്‍ ജാമ്യം എടുത്തിരിക്കുന്നു !

സു | Su said...

ഫെയ്സ് വാല്യൂ കളയാതെ അവിടെ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം. കൂളിംഗ് ഗ്ലാ‍സ് ഭ്രമം അന്നത്തോടെ തീര്‍ന്നോ? ;)

ശ്രീജിത്ത്‌ കെ said...

കലക്കന്‍ പോസ്റ്റ് ഇടിവാളേ, ആ കണ്ണട ഇപ്പോഴും കയ്യിലുണ്ടോ?

ഇത്തിരിവെട്ടം|Ithiri said...

അണ്ണന്മാരുടെ നാട്‌, ചത്തു വടിയായിക്കിടക്കുമ്പോള്‍പോലും ബ്ലാക്ക്‌ കണ്ണടകള്‍ വച്ചു ചെത്തുന്ന അണ്ണന്മാരുടെ നാട്‌. കൂള്‍ കൂളായി മലയാളത്തിലെ ഒരു മുട്ടന്‍ തെറി അങ്ങോട്ടുമിങ്ങോട്ടും വിളിച്ചു കളിക്കുന്നവരുടെ നാട്‌. ഗോള്‍ഡ്‌ സ്പ്പോട്ടിന്റെ കുപ്പി കഴുകി വളിയരികിലിരുന്നു മഞ്ഞ നിറത്തിലുള്ള വെള്ളം നിറച്ചു കൂള്‍ഡ്രിങ്കാക്കി വില്‍ക്കുന്ന നാട്‌.


ഇടിവാള്‍ജീ തമിഴ് നാടിന്റെ വര്‍ണ്ണന സാക്ഷാല്‍ തമിഴ് മക്കള്‍ പൊറുക്കില്ലണ്ണാ (ച്ചീ എന്നത് മനഃപൂര്‍വ്വം ഒഴിവാക്കിയതാ).

സംഭവം അടിപൊളിയായി ഗഡീ... ആവശ്യമില്ലാത്ത സാധനത്തിനു വിലപ്പറഞ്ഞ് ഞാന്‍ കുടുങ്ങിയത് മൈസൂരില്‍ നിയര്‍ മഹരാജാ പാലസ്. ആ കഥ ഒരിക്കലും മറക്കില്ല.

പിന്നെ പോസ്റ്റ് ഇടിവെട്ട് തന്നെ. അസ്സലായി

ബഹുവ്രീഹി said...

"എങ്ങനെ ഓര്‍മ വരും നല്ല ആമ്പല്‍പൂവിന്റെസ്വഭാവമല്ലേ, ഫുള്‍ ടൈം വെള്ളത്തില്‍ ! ..."എനിക്കും.!

പണ്ടു ടൂറു പോയതൊന്നും ഇപ്പോഴും ഓര്‍മ്മല്ല്യ!

ഇടിവാള്‍ മാഷേ..

കലക്കീട്ടോ.

ദില്‍ബാസുരന്‍ said...

റജീനക്കു പോലും മാറ്റിപ്പറയാനാവാത്തൊരു സത്യം!

കലക്കി ഗഡീ! ബാംഗ്ലൂരില്‍ ഇതിലും നല്ല സെറ്റപ്പുള്ള മാര്‍ക്കറ്റുകളുണ്ട്.കത്തിയൊക്കെയേ ഉള്ളൂ. സ്പോര്‍ട്സിലൊന്നും കമ്പമില്ലാത്തവരാണെന്ന് തോന്നുന്നു, ഹോക്കിസ്റ്റിക്കൊന്നും കണ്ടില്ല.

(ഓടോ:അന്നേ നല്ല തണ്ണിയായിരുന്നല്ലേ? :-))

കുട്ടന്മേനൊന്‍::KM said...

ഇത് ഇടിവെട്ട് പോസ്റ്റ് തന്നെ..താങ്കള്‍ക്ക് കണ്ണടയില്‍ ആരോ കൈവിഷം തന്നിട്ടുണ്ട്. ഇപ്രാവശ്യമെങ്കിലും നാട്ടില്‍ പോയപ്പോ കാഞ്ഞാണിയില്‍ നിന്നും തെക്കോട്ടിറങ്ങി അതൊന്നൊഴിവാക്കി പോരായിരുന്നില്ലേ ?

അരവിന്ദ് :: aravind said...

സൂപ്പര്‍ പോസ്റ്റ് മച്ചാന്‍!!! :-)
വളരെ ആസ്വദിച്ചു.പ്രയോഗങ്ങളൊക്കെ പത്തരമാറ്റ്!
:-) കൊടുകൈ!

അല്ല ഇത് ഒള്ളതാ..ഇതിനെക്കുറിച്ച് ഒരു പോസ്റ്റ് ചില്ലറയില്‍ പ്രതീക്ഷിക്കാം ട്ടാ.
:-)

വിശാല മനസ്കന്‍ said...

കിടിലോല്‍ക്കിടിലന്‍ പോസ്റ്റ് ഇടിവാളേ..
ചിരിക്കുക മാത്രമല്ല , ഓരോരോ പ്രയോഗങ്ങള്‍ കേട്ട് ഞാന്‍ ത്രില്ലടിച്ചു എന്ന് പറയാം.

‘എങ്ങനെ ഓര്‍മ വരും നല്ല ആമ്പല്‍പൂവിന്റെസ്വഭാവമല്ലേ, ഫുള്‍ ടൈം വെള്ളത്തില്‍ ! അടിച്ചു പിമ്പിരിയായിരിക്കുമ്പോള്‍ കാണാത്ത പല നക്ഷത്രങ്ങളേയും ആ പ്ലാനിറ്റോറിയത്തില്‍ അന്നു കണ്ടു !‘

എന്തിറ്റാ പെട.

അലിഫ് /alif said...

ഒരുപാട് ഓര്‍മ്മകള്‍ ഉണര്‍ത്തിയ ഒരു പോസ്റ്റ്..നന്നായിരിക്കുന്നു.

മുരളി വാളൂര്‍ said...

ഇവന്‍താന്‍ വാാാാാള്‍. എന്റെ വാളേട്ടാ... ഇതൊക്കെ എങ്ങിനെ എഴുതുന്നു... സത്യം പറഞ്ഞാല്‍ അസൂയ തോന്നണ്‌ണ്ട്‌ കെട്ടാ... ഈ കൊരട്ടി എസൈയെ എങ്ങിനെ പരിചയം? നമ്മടെ നാടാണെയ്‌.. ഗംഭീരമെന്ന്‌ വെറുതെ പറഞ്ഞാല്‍ മതിയോ...

ഏറനാടന്‍ said...

ഓര്‍മ്മകളെ കൈവള ചാര്‍ത്തി വീണ്ടും തൊട്ടുണര്‍ത്തി ചിലങ്കയിട്ട്‌ മനസ്സിന്റെ ഇടനാഴിയിലൂടെ കാലൊച്ച കേള്‍പ്പിച്ച്‌ നടത്തിച്ചതെന്തിനാണെന്റെ ഇടിവാളേ?! കലാലയകാലങ്ങളിലേക്ക്‌ തിരിച്ചുപോയി വീണ്ടുമൊരിക്കലൂടെ...

കരീം മാഷ്‌ said...

ഇടിവാള്‍ജി നന്നായിട്ടുണ്ട്‌.
ഊട്ടിയില്‍ നിറയെ കുതിരവണ്ടിയുള്ളെടത്തു പോയി കുതിരവണ്ടിക്കു കൈ കാണിച്ചാല്‍ കാണിച്ചവന്റെ അവന്റെ കട്ടപ്പൊക.

മത്‌സരമാണവര്‍ തമ്മില്‍.

ഞാനാണാദ്യം വന്നതെന്നു പറഞ്ഞു ശ്ണ്‌ഠയാവും. പിന്നെ നമ്മുടെ കയ്യിലുള്ള കാശു എല്ലാര്‍ക്കും വീതിച്ചു കൊടുക്കേണ്ടിവരും.
അവരെല്ലാം പ്ലാന്‍ ചെയ്‌തതായിരിക്കും.

അവസാനം നമുക്കു നടന്നു പോകേണ്ടിയും വരും.

താര said...

‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’.:D

സങ്കുചിത മനസ്കന്‍ said...

“സൂപ്പര്‍ -7 ലെ ഏഴുപേരും 7 മണിക്കു തന്നെ കോളെജില്‍ വന്നു നേരെ ഹൈറോഡിലെ പാരഗണ്‍ ബാറില്‍ പോയി അടിച്ചു കിണ്ടിയായി, തിരിച്ചു കോളേജിലേക്കു നടന്നു. സ്റ്റഡി ടൂറിന്റെ ആദ്യപാഠങ്ങള്‍ !“
ബാക്കി ജോസ് പ്രകാശിന്റെ ശബ്ദത്തില്‍ വായിക്കുക:
മിസ്റ്ററ് ഇഡി, ഐറ്റമാറ്റിക് എററ് (വസ്തുതാ പരമായ തെറ്റ്‍)എന്നെ കൊണ്ടുപോയില്ല പാരഗണിലേക്ക്... ബിഫോറ് സ്റ്റാറ്ട്ടിംഗ് അറ്മ്മാദിച്ചാല്‍ ആഫ്റ്ററ്വേഡ്സ് വെള്ളമടിക്കാതെ ജീവിക്കേണ്ടി വരും എന്ന് ഞാന്‍ പറഞ്ഞു. ഓസിയിലടിക്കണ്ട എന്ന് പറഞ്ഞ് എന്നെ എക്ഷ്പെല്‍ ചെയ്യുകയാണുണ്ടായത്. എനിക്ക് പകരം കൂട്ടത്തിലെ മികച്ചവനായ ജങ്കുവാണ് വന്നത്...

പറഞ്ഞ പോലെ കൊടൈക്കനാല്‍, പഴനി... ഇവിടങളില്‍ എത്തിയപ്പോള്‍ ഞാനായിരുന്നു കാശുകാരന്‍. എന്റെ പോക്കറ്റില്‍ 75 രൂപ ബാക്കി ഉണ്ടായിരുന്നു. യു റിമംബറ് ദാറ്റ്????

ഇടിവാള്‍ said...

സൂവേ: നന്ദി ! കൂളിങ്ങ്‌ ഗ്ലാസ്‌ ഇന്നുമൊരു വീക്ക്നെസ്സാ

ശ്രീയേ: സത്യം പറയാമല്ലോ..ഠിരിച്ചുള്ള ട്രിപ്പില്‍, ബസ്സില്‍ വച്ചു തന്നെ അതൊരു ലേലത്തിനു വച്ചു! 40 രൂപക്കു വിറ്റു പോയി ;)

ഇത്തിരിയേ: നന്ദി...

ബഹുവൃിഹി: ഹ ഹ.. അപ്പടിയാ ? കമന്റിനു നന്ദി !

ദില്‍ബു: എന്നിട്ട്‌ ആരേലും കത്തിവേഷം കാണിച്ചായിരുന്നോ ?

കുട്ടമേന്നേ: നന്ദി .. കാനാടി കുട്ടിച്ചാത്തന്‍ മഠ്മാണൊ ഒഴിവാക്കിത്തരുന്ന സ്ഥലം ? അടുത്ത വര്‍ഷമാവട്ടേ !

അരവി: നന്ദി.. ദേ കൈ പിടി ;) പിന്നേ, പോസ്റ്റു പെട്ടെന്നു പോരട്ടേ !

വിശാലോ: നന്ദി ! ഹോ കുളിരു കോരുന്നു ;)

ചെണ്ടക്കാരന്‍: നന്ദി

മുരളി: മറ്റേ കാടന്‍ സജി മാമ്പ്രക്കാരനാ ! പിന്നെ കൊരട്ടിപ്പെരുന്നാളിനു കോളേജില്‍ നിന്നും സ്ഥിരം വരും ! ക്ലാസ്‌ മേറ്റ്സ്‌ ഗെഡികള്‍ കുറെയുണ്ട്‌.. ചാലക്കുടി/കൊരട്ടിയില്‍ !

ഏറനാടാ" വായിച്ചതിനും കമന്റിയതിനും നന്ദി !

കരീം മാഷേ: വളരേ നന്ദി ! ശെരിയാ ഊട്ടിയിലെ കാര്യം അറിയാം. കുറച്ചുകാലം ജോലി സംബന്ധമായി ഊട്ടിയില്‍ എല്ലാ ആഴ്ചയും പോയിരുന്നു!

താരേ: മദ്യം ശതുവാണ്‌ ( ബൈബിള്‍) + ശത്രുവിനെ സ്നേഹിക്കുക ( ഗാന്ധി).. രണ്ടും കൂടി ചേര്‍ത്ത്‌ ഞാനിപ്പോ മദ്യത്തെ സ്നേഹിക്കുവാ ! ;)

സങ്കുവേ: വോ ! അതൊരു പ്വായിന്റാണല്ലോ ! ഞാനതു മറന്നു ! വിട്ടുകള!

ഇടിവാള്‍ said...

സൂവേ: നന്ദി ! കൂളിങ്ങ്‌ ഗ്ലാസ്‌ ഇന്നുമൊരു വീക്ക്നെസ്സാ

ശ്രീയേ: സത്യം പറയാമല്ലോ..ഠിരിച്ചുള്ള ട്രിപ്പില്‍, ബസ്സില്‍ വച്ചു തന്നെ അതൊരു ലേലത്തിനു വച്ചു! 40 രൂപക്കു വിറ്റു പോയി ;)

ഇത്തിരിയേ: നന്ദി...

ബഹുവൃിഹി: ഹ ഹ.. അപ്പടിയാ ? കമന്റിനു നന്ദി !

ദില്‍ബു: എന്നിട്ട്‌ ആരേലും കത്തിവേഷം കാണിച്ചായിരുന്നോ ?

കുട്ടമേന്നേ: നന്ദി .. കാനാടി കുട്ടിച്ചാത്തന്‍ മഠ്മാണൊ ഒഴിവാക്കിത്തരുന്ന സ്ഥലം ? അടുത്ത വര്‍ഷമാവട്ടേ !

അരവി: നന്ദി.. ദേ കൈ പിടി ;) പിന്നേ, പോസ്റ്റു പെട്ടെന്നു പോരട്ടേ !

വിശാലോ: നന്ദി ! ഹോ കുളിരു കോരുന്നു ;)

ചെണ്ടക്കാരന്‍: നന്ദി

മുരളി: മറ്റേ കാടന്‍ സജി മാമ്പ്രക്കാരനാ ! പിന്നെ കൊരട്ടിപ്പെരുന്നാളിനു കോളേജില്‍ നിന്നും സ്ഥിരം വരും ! ക്ലാസ്‌ മേറ്റ്സ്‌ ഗെഡികള്‍ കുറെയുണ്ട്‌.. ചാലക്കുടി/കൊരട്ടിയില്‍ !

ഏറനാടാ" വായിച്ചതിനും കമന്റിയതിനും നന്ദി !

കരീം മാഷേ: വളരേ നന്ദി ! ശെരിയാ ഊട്ടിയിലെ കാര്യം അറിയാം. കുറച്ചുകാലം ജോലി സംബന്ധമായി ഊട്ടിയില്‍ എല്ലാ ആഴ്ചയും പോയിരുന്നു!

താരേ: മദ്യം ശതുവാണ്‌ ( ബൈബിള്‍) + ശത്രുവിനെ സ്നേഹിക്കുക ( ഗാന്ധി).. രണ്ടും കൂടി ചേര്‍ത്ത്‌ ഞാനിപ്പോ മദ്യത്തെ സ്നേഹിക്കുവാ ! ;)

സങ്കുവേ: വോ ! അതൊരു പ്വായിന്റാണല്ലോ ! ഞാനതു മറന്നു ! വിട്ടുകള!

Adithyan said...

ഇടിഗഡീ,
ഹഹഹ...
ഏതായാലും പറഞ്ഞ് കാശു കൊടുത്ത് ഫെയ്‌സ് സേവ് ചെയ്തത് ബുദ്ധിയായി. കുറെ പഴയ ടൂര്‍ സ്മരനകള്‍ ഇളകി. :) ഡാങ്ക്സ്

ബിന്ദു said...

ഹോ.. ഈ തമിഴന്‍‌മാര്‍‌ക്കൊന്നും മലയാളം വായിക്കാന്‍ അറിയില്ലാത്തതു കഷ്ടായി. അവരെ പുകഴ്ത്തിയെഴുതിയതൊന്നു വായിക്കേണ്ടതായിരുന്നു. :)കുറേ നേരത്തേക്ക് നാട് നാട് എന്നൊരു എക്കോ മാത്രം ചെവിയില്‍ .കൊള്ളാം ട്ടോ.

saptavarnangal said...

ഹോക്കി സ്റ്റിക്കു കൊണ്ട് ഫ്രീ ആയിട്ടു മുഖം മാറ്റല്‍ ശസ്ത്രക്രിയ നടത്തി തന്നേനെ ലവന്മാരു!

എന്റെയും ടൂര്‍ സ്മരണകള്‍ ഇളകി.ഒരു വാള്‍ മയം, വെള്ള മയം! ഹാ‍..( ഒരു ദീര്‍ഘ നിശ്വാസം) അതൊരു കാലം!

അനംഗാരി said...

സ്വന്തം മുഖത്തിന്റെ വില എന്തായാലും തിരിച്ചറിയാന്‍ പറ്റിയല്ലോ ഇടിവാ‍ളേ.അതിന് അണ്ണാച്ചിയോട് നന്ദി പറയ്.വിവരണം കലക്കി.ഈ ടൂര്‍ പോകുമ്പോള്‍ ഉള്ള വെള്ളമടിയുടെ രസം ഒന്ന് വേറെയാണെ...

ഷിജു അലക്സ്‌‌: :Shiju Alex said...

ആ കണ്ണട ആണോ പ്രൊഫൈലില്‍ ഉള്ള ഫോട്ടോയില്‍ ഉണ്ടായിരുന്നത്‌. കാളയേണ്ട 200 രൂപ കൊടുത്തു വാങ്ങിയതല്ലേ.

കൂള്‍ കൂളായി മലയാളത്തിലെ ഒരു മുട്ടന്‍ തെറി അങ്ങോട്ടുമിങ്ങോട്ടും വിളിച്ചു കളിക്കുന്നവരുടെ നാട്‌.

ഏതാണ് ഈ മുട്ടന്‍ തെറി? ഇവിടെ ഇടെണ്ട. ഇ മെയില്‍ അയച്ചാല്‍ മതി

ദേവന്‍ said...

ടൂര്‍!!
എന്നു വച്ചാല്‍ വീട്ടിലുള്ളവര്‍ കള്ളു മണത്ത്‌ കശപിശ നടക്കുമോ എന്ന ഭയം ഇല്ലാതെ കോളേജു പിള്ളാര്‍ക്ക്‌ വര്‍ഷത്തിലൊന്നു വെള്ളമടിച്ച്‌ റെയിന്‍ബോ വാളുകള്‍ വയ്ക്കാനുള്ള അവസരം. സേമിയാ പായസം കോരിയൊഴിച്ചപോലെ വാള്‍മാര്‍ക്കുകളുള്ള ടൂറിസ്റ്റു ബസ്സിന്റെ പടമുള്ള ഒരു ഫോട്ടോ ആല്‍ബം കയ്യിലില്ലാത്ത ഏതെങ്കിലും ചെറുപ്പക്കാരന്‍ ഉണ്ടോ? എന്നാല്‍ അവന്റെ ചെറുപ്പം പാഴായി..

ഇടിഗഡിയുടെ കയ്യില്‍ മോചന ദ്രവ്യം റെഡി ക്യാഷായി ഉണ്ടായിരുന്നത്‌ ഭാഗ്യം. ഇല്ലേല്‍ ജനനം ഇന്ത്യയില്‍ വച്ച്‌, മരണം പാരിസില്‍ വച്ച്‌ എന്ന കല്ലും നാട്ടി കിടക്കാന്‍ ഭാഗ്യമുണ്ടായേനെ. അമ്മോ അതൊരു വല്ലാത്ത മാര്‍ക്കറ്റാ..

സൂര്യോദയം said...

എന്തുട്ടാ കലക്ക്‌ ഇഷ്ടാ... കിടിലന്‍ പോസ്റ്റ്‌... റജീനയുടെയും മുരളീധരന്റെയും പോലുള്ള പല ഉപമകളും തകര്‍പ്പന്‍...

എന്റെ ഒരു സുഹൃത്ത്‌ പണ്ട്‌ അതിരപ്പിള്ളി ടൂറിന്‌ വന്നിട്ട്‌ പുറപ്പെടുന്നതിനു മുന്‍പ്‌ അടിച്ച്‌ ബോധരഹിതനായി വണ്ടിയില്‍ കിടന്നിട്ട്‌ തിരികെ വീട്ടിലെത്തിയപ്പോഴാണ്‌ ഉണര്‍ന്നത്‌...

ഇടിവാള്‍ said...

ആദിയേ: നന്ദി

ബിന്ദുവേട്‌ത്തീ: അതേ ! നാട്.. എന്ന എക്ക്kഓ കുറച്ചു കൂടിയതായി പിന്നീടു വായിച്ചപ്പോ എനിക്കും തോന്നി.

സപ്തം; ഹാ.. അതൊരു കാലം ! നന്ദി !

ഷിജുവേ: ആ കണ്ണടയല്ലായിരുന്നു പഴയ പ്രൊഫൈല്‍ ഫോട്ടോയില്‍. എന്നാലും, ഏതാണ്ടതുപോലൊക്കെയിരിക്കും !!

പിന്നെ മറ്റേ വാക്ക് , അതു ഞാന്‍ പറയണോ . ഒരു ഗ്ലൂ തരാം !അതിനെപ്പറ്റി വിശാലന്റെ ‘വിലാസിനീ വിലാസം” എന്നൊരു പോസ്റ്റുണ്ടായിരുന്നു.

അനംഗരി: തന്നെ തന്നെ ! വില മനസ്സിലായി ! ടൂറുവെള്ളമടിയുടെ രസം ഒന്നു വേറെ !

ദേവേട്ടാ: കമന്റസ്സലായി.. നന്ദി

സൂര്യോദയം: ഹഹ, അതിരപ്പിള്ളിയില്‍ വച്ച് ബസ്സിലാളുല്ലോണ്ടു വണ്ടി ലോക്കു ചെയ്യേണ്ടി വന്നില്ല അല്ലേ !

കണ്ണൂസ്‌ said...
This comment has been removed by a blog administrator.
കണ്ണൂസ്‌ said...

ഇടിയേ, :-)

ഇതു വായിച്ചപ്പോള്‍ ഒരു പഴയ ടൂര്‍ കഥ എനിക്കും ഓര്‍മ്മ വന്നു.

പച്ചവെള്ളം ചവച്ചു കുടിക്കുന്നവനും കടുത്ത എസ്‌.എഫ്‌.ഐ.ക്കാരനും ആയതു കൊണ്ട്‌ തണ്ണിബാധയില്ലാത്ത ഒരു കക്ഷി ഉണ്ടായിരുന്നു ഞങ്ങളുടെ ബാച്ചില്‍. വാസു. S7ഇല്‍ ദക്ഷിണേന്ത്യാ ടൂര്‍ വന്നപ്പോഴാണ്‌ 31/2 വര്‍ഷം അടക്കി വെച്ചിരുന്ന ആഗ്രഹം വാസു പറഞ്ഞത്‌. എനിക്കും ഒന്ന് വെള്ളമ്മടിച്ച്‌ അര്‍മ്മാദിക്കണം.

അങ്ങിനെ ഞങ്ങള്‍ രംഗനതിട്ട പക്ഷി സങ്കേതത്തില്‍ എത്തുന്നു. പല തരത്തിലുള്ള പക്ഷി നിരീക്ഷണങ്ങളും കഴിഞ്ഞ്‌ ചുരിദാറിട്ട ഒരു പക്ഷിയെ നിരീക്ഷിക്കാനും തൊട്ടുനോക്കാനും ആര്‍ക്കോ കഷ്ടകാലത്തിന്‌ തോന്നി. ഹോക്കി സ്റ്റിക്കും വിറകു കൊള്ളിയുമൊക്കെ എപ്പോ പുറത്തു വീണു എന്നു ചോദിച്ചാല്‍ മതിയല്ലോ. ടൂര്‍ പാര്‍ട്ടിയില്‍ ഉള്ളവരെയൊക്കെ തെരഞ്ഞു പിടിച്ചു വീശി ചുള്ളന്‍മാര്‍. ഈ നടക്കുന്ന കാര്യങ്ങളൊന്നുമറിയാതെ ഒരു മരച്ചോട്ടില്‍ ധ്യാനത്തിലായിരുന്നു പാവം വാസു. അപ്പോഴാണ്‌ തിരുവനന്തപുരത്തുകാരുടെ ഒരു മധുരപലഹാരത്തിന്റെ പേരിനോടൊപ്പം "മകനേ" എന്നു കൂടി അലറിക്കൊണ്ട്‌ ഒരു രാജ്‌കുമാറും വിഷ്ണുവര്‍ദ്ധനും കൂടി പാഞ്ഞുവരുന്നത്‌. എന്ത കാര്യം എന്നു മനസ്സിലായില്ലെങ്കിലും, വരുന്നത്‌ അടിയാണെന്ന് ലഹരിക്കിടയിലും വാസുവിന്‌ കത്തി. ചാടി മരത്തില്‍ കയറിയ വാസു, ഒരു കൊമ്പില്‍ ഉറച്ചിരുന്ന് രണ്ടും കൈകളും താളത്തില്‍ വീശി, താഴെ നില്‍ക്കുന്നവരോട്‌ പറഞ്ഞത്രേ:

" മേം ഏക്‌ വേഴാമ്പല്‍ ഹും. മുച്ഛേ മത്‌ മാരോ. ഫോട്ടോ ഖീംചോ"

എന്തായലും 3 1/2 വര്‍ഷം ഒരു പേരു പോലും വീഴാതെ ജീവിച്ച വാസുവിന്റെ "വാസുപ്പക്ഷി" എന്ന പുതിയ പേര്‌ പെമ്പിള്ളേര്‍ പോലും ഉപയോഗിക്കുന്നത്ര ഹിറ്റ്‌ ആവാന്‍ ടൂര്‍ കഴിഞ്ഞ്‌ ഒരാഴ്ച്ചയെ വേണ്ടി വന്നുള്ളൂ.

Satheesh :: സതീഷ് said...

ഇടീ, നന്നായിട്ടുണ്ട്..
ആ “ഫെയ്‌സ്‌ വാല്യൂ“ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ടോ.. അതോ അന്നത്തേതിലും താണോ? :-)

ഇടിവാള്‍ said...

ഹ ഹാ കണ്ണൂസേ.. ഉഗ്രന്‍ കമന്റ്‌ ! ശരിക്കും ചിരിച്ചു.

ഇതൊക്കെ കമന്റാക്കാതെ ഓരോ പോസ്റ്റാക്കു മാഷേ !

പിന്നെ.. തിരോന്തരം കാരുടെ അ മധുരപലഹാരം എതാനെന്നു പുടി കിട്ടിയില്ല ! ഹെല്‍പ്പ്‌ ... പ്ലീസ്‌


കലേഷേ.. സതീഷേ.. ചിയേഴ്സ്‌ ;)

ദില്‍ബാസുരന്‍ said...

ഗഡീ,

പലഹാരം ബോളിയാവാനാണ് സാധ്യത.കന്നഡയില്‍ ബോളിമകാ എന്നാല്‍ ശുനകപുത്രാ എന്നര്‍ത്ഥം. (കേട്ട ശീലമല്ല) :-)

ദിവ (diva) said...

ഒന്നും പറയണ്ടെന്റെ ഇഡീ, ഈ കമന്റെവിടെ പോയീന്ന് ഞാന്‍ തപ്പാത്ത സ്ഥലമില്ല.

പനീം ജലദോഷോം പിടിച്ച് പിച്ചും പേയും പറയുകാന്നൊക്കെ കേട്ടിട്ടുണ്ട്, ഇതിപ്പം ഞാന്‍ അതൊക്കെ കടത്തിവെട്ടി :(

അപ്പോള്‍ ദേ, ഇഡിയ്ക്കുള്ളത് ഇഡിക്കും വികടനുള്ളത് വികടനും :-)

==

ഇടിഗെഡീ, അത് വളരെ നൊസ്റ്റാള്‍ജിക്കായി. പല ടൂറുകളുടെയും ഗദ്ഗദ്ഗദ് ഓര്‍മ്മകള്‍ കൈവള കുലുക്കിക്കുലുക്കി വന്നു.

പിന്നെ, സാധനത്തിന് വില ചോദിച്ചതിന് കൈയ്ക്ക് പിടിച്ച് നിര്‍ത്തിയ കഥ പറയാനാണെങ്കില്‍, ടൂറിനൊന്നും പോകാതെ തന്നെ ഞാന്‍ അത് അനുഭവിച്ചിട്ടുണ്ട്. സാക്ഷാല്‍ കോട്ടയം പട്ടണത്തില്‍ വച്ച്. ഒന്നും പറയണ്ട. ഫൂട്പാത്ത് കച്ചവടക്കാരനോട് ഒരു ബെല്‍റ്റിന്റെ വില ചോദിച്ചതാണ്.

ഞാന്‍ ആരാണെന്നവന്മാര്‍ക്ക് അറിയാതെ പോയി, അല്ലേല്‍ കാണാരുന്നു ! അവസാനം അവിടടുത്ത് ഒരു വാച്ചുകടയില്‍ ജോലി ചെയ്യുന്ന ഒരു പരിചയക്കാരന്‍ വന്നാണ് എന്റെ തടി ഊരിയത്.

ആരു വന്നില്ലെങ്കിലും ഞാന്‍ കാശു കൊടുക്കത്തില്ലാരുന്നു, കേട്ടോ. ഒണ്ടായിട്ട് വേണ്ടേ കൊടുക്കാന്‍. വീട്ടീന്ന് തരുന്ന ടിപ്പൊക്കെ മാസത്തിന്റെ രണ്ടാമത്തെ ആഴ്ച തന്നെ തീര്‍ക്കുന്ന എന്റെ കൈയിലെവിടുന്നാ കാശ്.

തഥാഗതന്‍ said...

വായിക്കാന്‍ വൈകി ഇടിവാള്‍ജി

അത്യുഗ്രന്‍ എന്നൊന്നും പറഞ്ഞാല്‍ മതിയാകില്ല.

നിങ്ങല്‍ ഒരു വ്യക്തി അല്ല ഒരു പ്രസ്ഥാനമായി മാറുകയാണ്‌ ദിനംപ്രതി.

ദില്‍ബാ.. ബോളിമകനേ എന്ന് പറഞ്ഞാല്‍ അര്‍ത്ഥം അതല്ല. അതൊരു മുട്ടന്‍ തേറിയാണ്‌. പാലക്കാട്ടെ മൂത്താന്‍ തറയില്‍ ഇതിന്റെ മലയാള വാക്കുകൊണ്ട്‌ കൊച്ചു കുട്ടികള്‍ സ്വന്തം അച്ഛനെ വരെ അഭിസംബോധന ചെയ്യും.

പണ്ടൊരാള്‍ ചുണ്ണാമ്പ്‌ തറയില്‍ മുണ്ടൂര്‍ക്കുള്ള ബസ്സ്‌ കാത്ത്‌ നില്‍ക്കുകയായിരുന്നു. അപ്പോള്‍ അതിലേ വന്ന ഒരു മൂത്താന്‍ തറവാസിയോട്‌ ചോദിച്ചു


ഏട്ടേ മുണ്ടൂര്‍ക്ക്‌ എപ്പഴ ബസ്സ്‌?

പത്ത്‌ മണിക്ക്‌

അതു വിട്ടാലോ?

അതെന്തിനാട....... മകനെ വിടുന്നത്‌?


ബോളിമകനെ എന്നതിന്റെ മലയാള പ്രയോഗമാണ്‌ വിട്ട്‌ പോയ ഭാഗത്ത്‌ അയാള്‍ ഉപയോഗിച്ചത്‌

പാവം ഞാന്‍!!! said...

ബ്രദര്‍...
'95-ലെ ബാംഗ്ലൂര്‍-മൈസൂര്‍-ഊട്ടി ട്രിപ്‌ ഓര്‍മ്മ വന്നു...അതേ കണ്ണട....കണ്ണൂസ്‌ കമന്റിയ അതേ തെറികള്‍...
തഥാഗത്ജീ...ആ തെറിയും,ആ സമൂഹത്തിനെയും ഓര്‍മ്മപ്പെടുത്തിയതിനു നന്ദി...എനിക്കെന്റെ നാട്‌ ഓര്‍മ്മ വന്നു

ബാസ്ടിന്‍ മഞ്ഞപ്പള്ളി said...

ഇങ്ങനെ തകര്‍ക്കരുത്‌ അളിയാ ശരിക്കും തമിഴ് നാട്ടില്‍ പോയത്‌ പോലെ.

THAMBAN said...

മേന്‍നെ, മുമ്പ് വായിച്ചതാണ്,,,എങ്കിലും ഒരിക്കല്‍ക്കൂടി....പുതിയതായി...

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.