-- എ ബ്ലഡി മല്ലു --

ഡൈവോഴ്സ്‌

Tuesday, September 05, 2006

കമ്പനിയില്‍ നിന്നും തരക്കേടില്ലാത്ത ഒരു ഇന്‍ക്രിമെന്റു കിട്ടിയപ്പോഴാണ്‌, ഇപ്പോള്‍ മൂന്നു പേര്‍ കൂടി താമസിക്കുന്ന കുടുസുമുറി വിട്ട്‌ കുറച്ചുകൂടി വിശാലമായൊരു മുറിയിലേക്കു മാറാന്‍ ഞാനും, എന്റെ റൂം മേറ്റായ ബിജു പീറ്ററും തീരുമാനിച്ചത്‌. അല്ലാതെ, അബുദാബിയിലെ, മലയാളി ബാറുകളായ, കൈരളി, ത്രിവേണി, തംബുരു, എന്നിവിടങ്ങളില്‍ പുലര്‍ച്ചെ ഷാപ്പടക്കും വരെ ബിയറുമടിച്ച്‌ റൂമില്‍ വന്നു, ലൈറ്റിട്ടും ശബ്ദമുണ്ടാക്കിയും മറ്റു റൂമ്മേറ്റ്സിനു ശല്യമായതിനാല്‍ ഹൗസോണര്‍ മാറാന്‍ പറഞ്ഞതൊന്നുമല്ല.

അങ്ങനെ ആയിരം ദിര്‍ഹംസ്‌ മാസ വാടകയില്‍ തരക്കേടില്ലാത്തൊരു മുറി വാടകക്ക്‌ സംഘടിപ്പിച്ച്‌ ഞാനും ബിജുവും താമസം മാറി, അബുദാബിയിലെ ഹംദാന്‍ സ്റ്റ്രീറ്റിലെ ആ ഇരുപതുനില കെട്ടിടത്തിലെ ത്രീ ബെഡ്രൂം ഫ്ലാറ്റുകളിലൊന്നിലെ ഒരു പത്തേ ബൈ പത്തടി റൂമിന്റെ "ഹൗസോണറായി" ത്തീര്‍ന്നു ഞാന്‍!

ഈനാമ്പേച്ചിക്ക്‌ മരപ്പട്ടി കൂട്ട്‌ എന്നപോലെയായിരുന്നു ഞാനും ബിജുവും തമ്മിലുള്ള കമ്പനി. ഞങ്ങളുടെ പഴയ രണ്ടു സഹമുറിയന്മാരും മദ്യപാനികളല്ലാത്തതിനാല്‍, പഴയ റൂമില്‍ വച്ചുള്ള സ്മാളടികള്‍ അത്ര ഈസിയായിരുന്നില്ലെന്ന കാരണത്താലാണ്‌ കൂടുതല്‍ എക്‍സ്‌പെന്‍സീവ്‌ ഓപ്ഷനായ കൈരളി, ത്രിവേണി, തംബുരു എന്നി സ്ഥലങ്ങള്‍ ഞങ്ങള്‍ തെരെഞ്ഞെടുത്തിരുന്നത്‌ ! സ്വന്തമായൊരു മുറിയെടുത്തതോടെ പിന്നിനി പറയാനുണ്ടോ.. അര്‍മാദം തന്നെ അര്‍മാദം ! പതിനാറാം വയസ്സില്‍ മാതാപിതാക്കള്‍ ഹോസ്റ്റലിലേക്കു പറഞ്ഞു വിട്ട പയ്യന്‍സിനെപ്പോലെ, 1947 ഇല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയപ്പോള്‍ സന്തോഷിച്ച ഇന്ത്യക്കാരെപ്പോലെ, സ്വാതന്ത്ര്യം തന്നെ അമൃതം, പാരതന്ത്യം മാനികള്‍ക്കു മൃതിയേക്കാള്‍ ഭയാനകം എന്ന ആപ്തവാക്യം മനസ്സിലുരുവിട്ട്‌ ഞങ്ങള്‍ ആസ്വദിച്ചു. സതോഷം വന്നാല്‍ അടി, സങ്കടം വന്നാല്‍ അടി, ലൈസന്‍സു കിട്ടിയാല്‍ അടി, കാറു വാങ്ങിയാല്‍ അടി, അതു വിറ്റാല്‍ അടി എന്നീ സാദാ കാരണങ്ങളൊന്നും പോരാഞ്ഞു സ്മാളടിക്കാന്‍ പുതിയ ഹേതുക്കള്‍ക്കായി ഞങ്ങളുടെ തലകള്‍ പുകഞ്ഞു.

അന്നെനിക്കു 26 വയസ്സ്‌. സച്ചിന്‍ ടെന്‍ഡുക്കറെപ്പോലെ ഒരു 23 വയസ്സിലെങ്കിലും കല്യാണം കഴിച്ചു, ശേഷിച്ച ജീവിതം സുഖമായി കഴിഞ്ഞുകൂടണം എന്നായിരുന്നു എന്റെ ജീവിതാഭിലാഷമെങ്കിലും, എന്നെ വളര്‍ത്തി വലുതാക്കി, പഠിപ്പിച്ച ചെലവിന്റെ ടെന്‍ പെര്‍സന്റുപോലും "യൂ.ഏ.ഈ" എക്സ്‌ചേഞ്ചു വഴി ഡ്രാഫ്റ്റായിട്ടു ഞാന്‍ മാതാപിതാക്കള്‍ക്ക്‌ അയച്ചുകൊടുത്തിട്ടില്ലാത്തതിനാലും, നെനക്ക്‌ എന്തിന്റെ പിരാന്താ മോനേ" എന്നു വീട്ടുകാര്‍ ചോദിച്ചാല്‍ പിന്നെ "കല്യാണപ്രായമെത്തും മുന്‍പു ആത്മഹത്യ ചെയ്തവന്‍" എന്ന ഖ്യാതി കിട്ടുമെന്നതിനാലും 26 വയസ്സു വരെ ആഗ്രഹങ്ങളൊക്കെ കടിച്ചമര്‍ത്തി, പൊട്ടിത്തെറിക്കാറായ "പൂളക്കായ" പോലെ ജീവിച്ചുപോന്നു. സ്ത്രീകള്‍ നല്ല ഭര്‍ത്താക്കന്മാരെക്കിട്ടാന്‍ "തിങ്കളാഴ്ച നോയമ്പു" നോല്‍ക്കുന്നപോലെ, പെട്ടെന്നുള്ള മംഗല്യ സൗഭാഗ്യത്തിനായി ഞാന്‍ വീക്കെന്‍ഡുകളില്‍ "വ്യാഴാഴ്ച വൃതങ്ങള്‍ നേര്‍ന്നു( ഒരു ഫുള്‍ ബോട്ടില്‍ രണ്ടു പേരുകൂടി പുലര്‍ച്ചെ മൂന്നുമണി വരേ ഒറ്റയിരുപ്പിനു തീര്‍ക്കുന്ന പ്രത്യേക രീതിയിലുള്ള ഈ വൃതം ഗള്‍ഫു നാടുകളിലാണ്‌ സാധാരണമായി കണ്ടുവരാറുള്ളത്‌).

അങ്ങനെ തുടര്‍ച്ചയായുള്ള വ്യാഴാഴ്ച വൃതങ്ങളില്‍ കല്യാണ ദേവന്‍ എന്നിലും ബിജുവിലും പ്രസാദിച്ചു. നാട്ടില്‍ നിന്നും ഒരു ദിവസം ഒരു പ്രപ്പോസല്‍ വന്നെന്നു അമ്മ പറഞ്ഞ ദിവസം തന്നെ "ശാദി.കോം, ജീവന്‍ സാത്തി.കോം,കേരളാ മാറ്റ്രിമോണി" തുടങ്ങിയ സകല സൈറ്റുകളിലും ഞാന്‍ റെജിസ്റ്റര്‍ ചെയ്തു. എനിക്കു കല്യാണപ്രായമായിയെന്നു വീട്ടുകാര്‍ക്കു തോന്നിയിരിക്കുന്നൂ ! അന്നത്തെ ദിവസം വ്യാഴാഴ്ചയല്ലാതിരുന്നിട്ടുകൂടി ഞാന്‍ വൃതമെടുത്തു.. ഏത്‌, മറ്റേ വൃതം ;). "അപ്പച്ചന്‍ പെണ്ണിനെ നോക്കിയില്ലേലും സാരമില്ല, അവരുടെ സെറ്റപ്പൊക്കെനന്നായിട്ടു നോക്കണേ" എന്ന് ബിജു അവന്റപ്പനോട്‌ ഫോണ്‍ ചെയ്തു വിളിച്ചുപറയുന്നതും ഞാന്‍ കേട്ടു!

റൂം എന്റെയാണെങ്കിലും, ആ ഫ്ലാറ്റ്‌, കുമാരേട്ടാ എന്നു "ശ്രീകൃഷ്ണപ്പരുന്ത്‌" സിനിമയിലെ യക്ഷി വിളിക്കുന്നപോലെ ഞങ്ങള്‍ സ്നേഹത്തോടേയും, "കഷണ്ടി" എന്നു അങ്ങേരു കേള്‍ക്കാതേയും "$%&^#*&" എന്നു ഉടക്കു ഘട്ടങ്ങളിലും വിളിക്കുന്ന, ഓരോ ദിര്‍ഹത്തിനും, പിന്നെ അതിനെ നൂറായിപ്പകുത്താല്‍ കിട്ടുന്ന "ഫില്‍സ്‌"നും, ഫില്‍സിനെ വീണ്ടും പകുത്താല്‍ക്കിട്ടുന്നതെന്തോ അതിനുപോലും കണക്കു പറയുന്ന രാം കുമാര്‍ എന്ന കൊല്ലത്തുകാരന്റേയായിരുന്നു.

ഈ ചേട്ടായിക്കു പ്രത്യേകിച്ചു ജ്വാലിയൊന്നുമില്ല. 3 ബെഡ്രൂം ഫ്ലാറ്റെടുത്ത്‌ ആ മൂന്നു റൂമുകളും വാടകക്കു കൊടുത്ത്‌ ഫ്ലാറ്റിന്റെ ഹാള്‍ പാര്‍ട്ടീഷന്‍ ചെയ്ത്‌ അവിടെയാണു പുള്ളിയുടെ താമസം. ചിട്ടി, പലിശപ്പരിപാടി എന്നീ ലൊട്ടു ലൊടുക്കു പണികളും, ഓസില്‍ ഞങ്ങളുടെ റൂമില്‍ വന്നുള്ള സ്മാളടിയുമാണ്‌ അമ്പത്തിരണ്ടാം വയസ്സിലും പുള്ളിയുടെ ഇഷ്ടവിനോദങ്ങള്‍. ഫാര്യയും പിള്ളാരുമെല്ലാം നാട്ടില്‍. ഓള്‍മോസ്റ്റ്‌ ഫുള്‍ടൈം ഫ്ലാറ്റില്‍ തന്നെ കാണും, എക്‍സെപ്റ്റ്‌, ചിട്ടി, പലിശ പിരിവുകള്‍ക്കായി ഇറങ്ങുന്ന സന്ദര്‍ഭങ്ങളൊഴിച്ചാല്‍. അടഞ്ഞു കിടക്കുന്ന പുള്ളിയുടെ വാതില്‍പഴുതിലൂടെ, ഏഷ്യാനെറ്റ്‌, സൂര്യ, എന്നീ മലയാളം ചാനലുകളുടേയും, എം.ടി വിയുടേയും കാതടപ്പിക്കുന്ന ഒച്ച കേള്‍ക്കുന്നില്ലെങ്കില്‍ ഊഹിക്കാം.. പുള്ളി സ്ഥലത്തില്ല.

മാറ്റ്രിമോണിയല്‍ സൈറ്റുകളില്‍ റെജിസ്റ്റര്‍ ചെയ്ത ശേഷം ദിവസവും വൈകീട്ട്‌ ഓഫീസു വിട്ടു വരാന്‍ ഞാനും ബിജുവും മല്‍സരെരമായി, വന്നു ഉടാനേതന്നെ പീസീ തുറന്ന് എന്തെങ്കിലും പുതിയ കേസുകെട്ടുകള്‍ വന്നോ എന്നു ചെക്കു ചെയ്തിട്ടേ ഷൂ പോലും ഊരിവക്കുക പതിവുള്ളൂ. ഫ്ലാറ്റു തുറന്നു നേരെ മുന്നിലെ കുമാരേട്ടന്റെ മുറിയില്‍ പുള്ളിയുണ്ടെങ്കില്‍, വാതില്‍ തുറന്ന്, "നമസ്കാരം കുമാരേട്ടാ" എന്നുള്ള പതിവു സലാം പരിപാടികളൊന്നും ഇല്ലാതായി.


ഒരു ദിവസം ഓഫീസുവിട്ടുവന്ന ഞാന്‍ വണ്ടറടിച്ചു. ഫ്ലാറ്റിനകത്ത്‌ ആകെ ശ്മശാനമൂകത. കുമാരേട്ടന്റെ മുറി തുറന്നു കിടക്കുന്നു. പുള്ളി ടേബ്ബിളില്‍ തലവച്ച്‌ കുനിഞ്ഞിരിക്കുന്നു. എന്തോ പന്തികേടുണ്ട്‌, . ഇയാളുടെ ചിട്ടി പൊളിഞ്ഞോ? അതോ കാശും വാങ്ങി വല്ലോരും മുങ്ങിയോ ? ഞാന്‍ മനസ്സിലോര്‍ത്തു

"എന്താ കുമാരേട്ടാ ഒരു വല്ലായ്ക?" മുഖത്തൊരു ദുഖഭാഭാവം വരുത്തി ചോദിച്ചു.

"എന്തു ചെയ്യാനാടോ, ഇന്ദുവിന്റേം ഹരിയുടേയും ഡൈവോഴ്സാവാറായി" കുമാരേട്ടന്റെ മുഖത്തു ദുഖം നിഴലിക്കുന്നു..

ദൈവമേ.. വിചാരിച്ച പോലല്ലാ, ഫാമിലി മാറ്റേഴ്സാ, എനിക്കാണെങ്കിൂല്‍ മറ്റുള്ളവരുടെ ദുഖം കാണുന്നതേ പിടിക്കില്ല. അതുകൊണ്ടു തന്നെ മരണവീട്ടിലൊന്നും ഞാന്‍ പോകാറേയില്ല. അധികമൊന്നും ചോദിക്കാതെ ഞാന്‍ എന്റെ റൂമിലേക്കു പോയി, പീസീ ഓപണ്‍ ചെയ്തു.

ഇവിടെ ഒരുത്തന്‍ കല്യാണം കഴിക്കാനായി തിരക്കു കൂട്ടുന്നു, അവിടൊരാള്‍ തൊട്ടപ്പുറത്തെ മുറിയില്‍ ഒരു ഡൈവോഴ്സുമോര്‍ത്ത്‌ ദു:ഖിക്കുന്നു. കല്യാണം കഴിക്കണോ എന്നൊരു ചിന്ത വരെ എന്നില്‍ ഉടലെടുത്തു !

അഞ്ചു മിനിട്ടിനകം തന്നെ ബിജു വന്നു, ഞാന്‍ അവനോടു പറഞ്ഞു
"ഡേയ്‌, നമ്മടെ കുമാരേട്ടന്റെ മോള്‍ടെ ഡൈവോഴ്സാണെന്നു തോന്നുന്നു, അങ്ങേരു ആകെ ടെന്‍ഷനടിച്ചിരുപ്പാ, നാട്ടില്‍ പോകണമെങ്കില്‍ കാശു വല്ലോം വേണോ എന്നു ചോദിക്കടാ.."

ഷര്‍ട്ടൂരിയിടുന്നതിനിടയില്‍ ബിജു എന്നോട്‌.. " മോളുടെ ഡൈവോഴ്സോ? അതിനയാള്‍ക്കു പെണ്മക്കളില്ലല്ലോ ?"
( ഓഹോ, എനിക്കതറിയുമായിരുന്നില്ലാ..)

"എന്നാല്‍പ്പിന്നെ മകന്റേയാവും... ഇന്ദുവിന്റേം ഹരിയുടേയും ഡൈവോഴ്സായി എന്നാ അങ്ങേരു പറഞ്ഞത്‌" ഞാന്‍.

ബിജു: "എടാ അങ്ങേരുടെ മോന്‍ ഡിഗ്രീക്കു പഠിക്കുകയാ, അവനെന്തോന്നു ഡൈവോഴ്സ്‌, ഇതു വല്ല ബന്ധുക്കളുമാവും, നീയതൊന്നും ചോദിക്കാന്‍ പോണ്ടാ ? "

"ഏയ്‌, എന്നാലുമതു ശെരിയല്ലല്ലോ, നമ്മുടെ ഫ്ലാറ്റിലൊരുത്തന്‍ വെഷമിച്ചിരിക്കുമ്പോ അതറിഞ്ഞിരിക്കേണ്ടതും, സഹായിക്കേണ്ടതും കടമയല്ലേ, ഞാനൊന്നു ചോദിക്കട്ടേ" എന്നും പറഞ്ഞു എഴുന്നേറ്റതോടെ ബിജുവും എന്റെ കൂടെ കുമാരേട്ടന്റെ റൂമിലോട്ടു ചെന്നു.

പുള്ളി അതേ ഇരിപ്പാ മേശയില്‍ മുഖമമര്‍ത്തി. ഞങ്ങളെ കണ്ടതോറ്റെ എനീറ്റിരുന്നു ഒന്നു ചിരിച്ചെന്നു വരുത്തി ചോദിച്ചു, ആ, എന്തേ ?"


എന്നിലെ സഹാനുഭൂതികന്‍ ഉണര്‍ന്നു "അല്ല കുമാരേട്ടാ, അരുടേയാ ഡൈവോഴ്സെന്നു പറഞ്ഞേ...? നാട്ടില്‍ പോകേണ്ട ആവശ്യം വല്ലതുമുണ്ടോ ? പൈസയായിട്ടു വല്ല സഹായം വേണെങ്കില്‍ പറയാന്‍ മടിക്കല്ലേ.."

ഓ.. അതു നാട്ടിലെ ഡൈവോഴ്‌സിന്റെ കാര്യമല്ലെടോ.. "സ്ത്രീ സീരിയലിലെ ഇന്ദുവും ഹരിയുമായിട്ടുള്ള ഡൈവോഴ്സ്‌ ആവാറായി, ഇന്നവരു രണ്ടു പേരും കോടതിയിലെത്തി. നാളത്തെ എപ്പിസോഡില്‍ മിക്കവാറും ഡൈവോഴ്സാവും.. അതാ പറഞ്ഞേ!

തലക്കടികിട്ടിയപോലെ കണ്ണും തുറിച്ച്‌ നാവും പുറത്തോട്ടു വന്ന എന്നെ ചെറുചിരിയോടെ ബിജു പിടിച്ചുകൊണ്ടു ഞങ്ങടെ റൂമിലേക്കു നടക്കുമ്പോള്‍ ഈ സീരിയല്‍പ്രാന്തനേയാണല്ലോ "ഫൈനാന്‍ഷ്യലായി" സഹായിക്കാമെന്നോര്‍ത്തതെന്നോര്‍ത്തപ്പോള്‍ ( &^%*#@^ + &&%$$)4 എന്ന തോതില്‍ ഞാനാ പരട്ടയെ മനസ്സില്‍ തെറി വിളിച്ചു.അതിന്റെ കൂടെ പറഞ്ഞ “തന്റമ്മൂമ്മേടെ ഡൈവോഴ്സ്” എന്ന വാക്ക് അല്പം ഉറക്കെയായോ എന്തോ !

റൂമില്‍ ചെന്നതും ഞാന്‍ കുപ്പിയുംഗ്ലാസുമെടുത്തു.. 'അനാവശ്യമായി ടെന്‍ഷനടിച്ചതിന്റെ ടെന്‍ഷന്‍ മാറ്റുവാനായി" !

24 comments:

ഇടിവാള്‍ said...

"ഡൈവോഴ്സ്‌" ഓണം പ്രമാണിച്ച് പുതിയൊരു പോസ്റ്റ് !

“ എല്ലാവര്‍ക്കും ഓണാശംസകള്‍“ !!!!

തറവാടി said...

പതിവ് പോലെ നല്ല വിവരണം.ഇന്നപ്പോള്‍ ഓണമായിട്ടും...........

കുട്ടന്മേനൊന്‍::KM said...

ഇടിവാളേ .. എന്താ ഈ &^%*#@^ + &&%$$)4 ? ഹി.ഹി...ഒന്നും മനസ്സിലാവിണില്ല്യ..ഓണൊക്കെ നാട്ടില് തകര്‍ക്ക്ണില്ല്യേ ? പുളിക്കകടവ് പാലത്തിന്റെ അവിടെ ഇപ്പഴും ടോള്‍ പിരിവുണ്ടോ ?

ഇത്തിരിവെട്ടം|Ithiri said...

ഓണത്തിനിടയില്‍ ഇടിവാളേ ഇടിവെട്ട് ശരിക്കേറ്റു.. അടിപൊളിപോസ്റ്റ്...

ഓഫ് യൂണിയന്‍ പ്രസിഡന്റിനും ഒരു ഓഫ് :
പിന്നെ ഇന്നലെ ദില്‍ബൂചോദിച്ചത് ഞാന്‍ കൂടി ആവര്‍ത്തിക്കുന്നു... ഇങ്ങളന്താ ചെങ്ങായേ..നാട്ടീകൂടാനാ പരിപാടി.. എന്നാ മടക്കം.. ഇനി ഇവിടെ നിന്നാല്‍ ശരിയാവില്ല. ഞാന്‍ ഓടി.

അരവിന്ദ് :: aravind said...

നന്നായിട്ടുണ്ട് ഇടിവാളേ..
സമാനമായ തമാശകള്‍ കേട്ടിട്ടുണ്ടെങ്കിലും, ഇടിവാളിന്റെ ശൈലിയില്‍ കഥ പറഞ്ഞപ്പോള്‍ ഇഷ്ടായി.
ഓണാശംസകള്‍!

ikkaas|ഇക്കാസ് said...

നല്ലോരോണമായിട്ട് എന്തിനാ ചേട്ടാ ഇതിനൊക്കെ സമയം കളയണേ? ആ നേരത്ത് രണ്ട് പെഗ്ഗ് കൂടുതലടിച്ചാ അത്രേം കിക്ക് കൂടുതല്‍ കിട്ടൂല്ലേ?
എന്നാലും ആ കുമാറേട്ടന്‍ ചമ്മിച്ചു കളഞ്ഞല്ലോ നിങ്ങളേ. കഷ്ടം തന്നെ ഇടിവാളേ കഷ്ടം തന്നെ!

കലേഷ്‌ കുമാര്‍ said...

ഇടിവാള്‍ മേന്നേ, നന്നായിരിക്കുന്നു ! പതിവുപോലെ രസകരം!

നാട്ടിലെ ക്വാളിറ്റി ഓഡിറ്റിംഗ് എന്താ‍യി? ആ കുറുമേന്നന്റെ വല്ല വിവരവും ഉണ്ടോ?

വക്കാരിമഷ്‌ടാ said...

ഹ...ഹ...ഇഡ്ഡലിവാളേ, കൊള്ളാം. അത്രയ്‌ക്ക് തന്നമ്മയത്തത്തോടെ പറഞ്ഞതുകാരണം, ഞാനും മറുത്തൊന്നും സംശയിച്ചില്ല-മോനോ അല്ലെങ്കില്‍ മോളോ അതുമല്ലെങ്കില്‍ സ്‌മോളോ എന്ന് മാത്രമേ ഓര്‍ത്തുള്ളൂ.

കുട്ടമ്മേനവനേ, &^%*#@^ + &&%$$)4 ? -ന്റെ അര്‍ത്ഥം കണ്ണൂസിന്റെ ഒരു പോസ്റ്റില്‍ കിട്ടുമെന്ന് ദേവേട്ടന്‍ ഇന്നാളാരാണ്ടോ ചോദിച്ചപ്പോള്‍ പറഞ്ഞ് കൊടുത്തിരുന്നു :)

വക്കാരിമഷ്‌ടാ said...

അല്ലാ, ഇടിവാള്‍ ഈ നിമിഷം വരെ എവിടാ, ഗള്‍ഫ് നാടുകളിലോ അതോ സ്വന്തം നാടുകളിലോ അതോ ആടുമാടുകളിലോ?

qw_er_ty

ദില്‍ബാസുരന്‍ said...

സച്ചിന്‍ ടെന്‍ഡുക്കറെപ്പോലെ ഒരു 23 വയസ്സിലെങ്കിലും കല്യാണം കഴിച്ചു, ശേഷിച്ച ജീവിതം സുഖമായി കഴിഞ്ഞുകൂടണം എന്നായിരുന്നു എന്റെ ജീവിതാഭിലാഷമെങ്കിലും, എന്നെ വളര്‍ത്തി വലുതാക്കി, പഠിപ്പിച്ച ചെലവിന്റെ ടെന്‍ പെര്‍സന്റുപോലും "യൂ.ഏ.ഈ" എക്സ്‌ചേഞ്ചു വഴി ഡ്രാഫ്റ്റായിട്ടു ഞാന്‍ മാതാപിതാക്കള്‍ക്ക്‌ അയച്ചുകൊടുത്തിട്ടില്ലാത്തതിനാലും, നെനക്ക്‌ എന്തിന്റെ പിരാന്താ മോനേ" എന്നു വീട്ടുകാര്‍ ചോദിച്ചാല്‍

ഇത് ഞാന്‍ പണ്ട് താങ്കളോട് എന്നെപ്പറ്റി പറഞ്ഞ വാക്കുകളല്ലേ എന്ന് ഞാന്‍ ചോദിച്ചാല്‍ പ്രശ്നമാക്കുമോ? (ഇത് ഫൌളാണ് ട്ടാ) :-)

കൈത്തിരി said...

അപ്പൊ ഇടി ”വാള്‍” വ്രതാനുഷഠാനത്തിന്റെ ബാക്കിപത്രമാണല്ലേ... ഫൈനാന്‍സുണ്ടാവുമോ ഇത്തിരി എടുക്കാന്‍...?

മുരളി വാളൂര്‍ said...

ഓണായിട്ട്‌ ബ്ലോഗ്ഗന്മാരൊക്കെ വ്യാഴാഴ്ചവ്രതമെടുത്ത്‌ വീലായിക്കിടക്കുകയാണോന്നിരീച്ചു... ഓണബ്ലോഗ്‌ കലക്കീക്കണു. ജ്ജ്‌ ദ്‌ വ്രതമെടുത്തെഴുതുന്നതാണോ അതൊ പച്ചക്കൊ..!
മുരളിവാളൂര്‍

തഥാഗതന്‍ said...

ഹാ ഹാ ഹാ മേന്ന്ന്നേ

എനിക്ക്‌ വായിച്ചിട്ട്‌ ചിരി അടക്കാന്‍ പറ്റിയില്ല.
ഓഫീസാണെന്നോര്‍ക്കാതെ ഒന്നു ഉറക്കെ പൊട്ടിച്ചിരിച്ച്‌ പോയി

എന്നിട്ട്‌ അവസാനം കല്യാണ ദേവന്‍ കനിഞ്ഞൊ?

Anonymous said...

good post

ഇടിവാള്‍ said...

തറവാടി: നന്ദി

കുട്ടമേന്ന്നേ: ( &^%*#@^ + &&%$$)4 ഇതിലെ 4 എന്നത് “സൂ‍പ്പര്‍ സ്ക്രിപ്റ്റാക്കിയിടാനാണു ഞാണ്‍ ശ്രമിച്ചത്.. ശരിയായില്ല .. അത്രക്കു കലിപ്പായിരുന്നു !

ഇത്തിരിവെട്ടമാ : നന്ദി ! ഞാനിതാ എത്തി, നാളേ രാത്രി 9 മണിക്ക് ഷാര്‍ജായില്‍ ലാന്‍‌ഡു ചെയ്യും !

അരവിന്ദേ: ചങ്കീത്തട്ടിപറയുവാ ( അരവിക്കു തന്നെ കടപ്പാട്)... ഇതു കഥയല്ല ! സംഭവിച്ചത !

ഇക്കാസേ: അതൊക്കെ മുറക്കു നടക്കുന്നുണ്ട് ! ;)

കലേഷേ: നന്ദി; മഴക്കാലത്തു ഷാപ്പില്‍ നല്ല സാധനം കിട്ടില്ല എന്ന വിദഗ്ധോപദേശപ്രകാരം, അധികം ഷാപ്പു നിരങ്ങലൊന്നുമുണ്ടായില്ല ! മഴ തീരന്നപ്പോഴേക്കും ബിസിയുമായി ! എന്നാലും, ഈ ഏരിയാവിലെ ഒരു 70% കവര്‍ ചെയ്തിട്ടുണ്ട് !

വക്കാരിയേ: നന്ദി... ഇപ്പോള്‍ നാട്ടില്‍.. നാളേ 8 നു ഗള്‍ഫില്‍കാണും !

ദില്‍ബുവേ: അങ്ങനെപ്പറഞ്ഞാരുന്നോ ? ഹോ.. ഒരേ തൂവല്പക്ഷികള്‍ !

കൈത്തിരിയേ: ഹ ഹ.. അങ്ങനെ എന്തൊക്കെ ടൈപ്പു വൃതങ്ങള്‍ ! ഫൈനാന്‍സിങ്ങു നിര്‍ത്തി കേട്ടോ !

മുരളിച്ചേട്ടോ: ഇതു പച്ചക്കായിരുന്നൂ.. ഓണമല്ലാരുന്നോ..ഉച്ചവരേക്കും ഒരു ഗ്യാപ്പു കൊടുത്തൂ ! നിങ്ങളെ നാടിന്റെ പേരു കൊള്ളാണ്‍ ! വാളൂര്‍ ! ഹോ ! ഇതു കേട്ടപ്പോ കോളേജില്‍ ഫസ്റ്റിയറിനു ചേര്‍ന്നപ്പോ എന്റെ ക്ലാസിലെ ഒരു പെങ്കൊച്ചിനെ സീനിയര്‍ ചേട്ടന്‍ റാഗു ചെയ്ത കാര്യം ഓര്‍മ വന്നു

സീനിയറ്: നിന്റെ നാടെവിടാടീ ??

കൊച്ച്: മുണ്ടൂര്

മുണ്ടുടുത്തിരുന്ന ചേട്ടന്‍ ദേഷ്യത്തില്‍: ഹേ.. നാടെവിടാന്നു ചോദിച്ചപ്പോ, എന്നോടു മുണ്ടൂരാന്‍ പറയുന്നോടീ ?? നിന്നെ ഞാന്‍ !


തഥാഗതന്‍: നന്ദി ! പിന്നേ.. 27 ഇല്‍ തന്നെ കനിഞ്ഞു !

അനോണി; നന്ദി !

ഇടിവാള്‍ said...

അപ്പോള്‍ ഗെഡീസ്... ഞാന്‍ തിരിച്ചു വന്നൂട്ടോ !
ഈ വര്‍ഷത്തെ വെക്കേഷന്‍ കത്തിക്കല്‍ തീര്‍ന്നു ! ഇനി ജോലിത്തിരക്കിലേക്കും, ദുബായ് ചൂടിലേക്കും ! നമസ്കാരം !

വല്യമ്മായി said...
This comment has been removed by a blog administrator.
ഇത്തിരിവെട്ടം|Ithiri said...

ഇടിവാള്‍ജീ ഉടന്‍ യൂണിയന്‍ ഓഫീസില്‍ എത്തേണ്ടതാണ്.

ഇടിവാള്‍ said...

വല്ല്യമ്മായിയുടെ ഡീലിറ്റ് ചെയ്ത കമന്റു ഞാന്‍ പിന്മൊഴികളില്‍ നിന്നും പിടിച്ചു !

അപ്പോ, പച്ചാനയും ജബല്‍ അലിയാണല്ലേ !കൊള്ളാം.. അപ്പോ, 3 ബ്ലോഗേഴ്സായി ഫാമിലിയില്‍ !
ഞാന്‍ ഊഹിച്ചതു തെറ്റീല്ല്യല്ലോ ?


ഇത്തിരിയേ: ദേ വന്നൂ‍ൂ ! കുറച്ചു തിരക്കായിരുന്നൂ !

അഗ്രജന്‍ said...

സംഭവം കിണ്ണംകാച്ചി...
കുമാരേട്ടന് മക്കളില്ല, പിന്നെ കഥാപാത്രങ്ങള്‍ ഹരിയും ഇന്ദുവും കൂടെ ആയപ്പോള്‍ എന്നിലെ വിജയനും ദാസനും ഉണര്‍ന്ന് പ്രവര്‍ത്തിച്ചു:)

InjiPennu said...

ഇടിവാള്‍ ജി വെല്‍ക്കം ബാക്ക്. നാട്ടില്‍ എന്തൊക്കെയുണ്ട് വിശേഷം?

എനിക്ക് ഇന്ദു ഹരി എന്ന് കണ്ടപ്പോള്‍ തന്നെ കത്തിപ്പോയി..ശ്ശൊ!

ഇതാണൊ അപ്പൊ ആണെഴുത്ത്? :-)

Adithyan said...

പറഞ്ഞപോലെ ഈ ഐറ്റം ഞാന്‍ റിലീസ് ദിവസം തിക്കിത്തെരക്കി ഫസ്റ്റ് ഷോ തന്നെ കണ്ടതാണല്ലോ. കമന്റിന്റെ കൌണ്ടര്‍ ഫോയില്‍ ഏല്‍പ്പിക്കാന്‍ മറന്നെന്നു തോന്നുന്നു.

നന്നായിരിക്കുന്നു ഇടിവാള്‍ജി. :) നാട്ടിലെ നിലവാരപരിശോധനകള്‍ എല്ലാം സമംഗളം പര്യവസാനിച്ചു എന്ന് വിശ്വസിക്കട്ടെ? :) അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ലല്ലോ? ;) പോലീസുമായി ബന്ധപ്പെട്ട് കച്ചിറ ഒന്നും ഇല്ലാരുന്നല്ലോ അല്ലെ?

അപ്പോ ഇനി പിടിപ്പീര് തുടങ്ങുവല്ലെ? മറ്റെ ലോ ഗുറുമാന്‍ ഗുരു എപ്പൊഴാണാവോ തിരിച്ച് എത്തുക?

വിശാല മനസ്കന്‍ said...

ഇടിവാളേ എഴുത്ത് രസകരം.

പിന്നെ ഇഞ്ചിപ്പെണ്ണ് പറഞ്ഞ കണക്കേ ‘ഇന്ദു - ഹരി‘ സൈന്‍ ബോഡ് കണ്ടപ്പോള്‍ ഊഹം യു ടേണ്‍ എടുത്ത് സ്ത്രീ വഴിക്ക് പോയി.

സ്ത്രീ, പൊന്നച്ചന്റെ ഫേവറൈറ്റ് സീരയലായതുകൊണ്ട് വീട്ടില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിന് വേണ്ടി എനിക്ക് ചിലപ്പോള്‍ ഈ സുപ്പര്‍ സീരിയല്‍ കേള്‍ക്കേണ്ടി വരാറുണ്ട്. :(

ഇടിവാള്‍ said...
This comment has been removed by a blog administrator.
© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.