-- എ ബ്ലഡി മല്ലു --

തിരുമ്മല്‍ ദിവ്യന്‍.

Saturday, September 30, 2006

അങ്ങു തെക്ക്‌ കരുവന്തല സ്റ്റോപ്പിനു തൊട്ടുമുന്‍പുള്ള കള്ളു ഷാപ്പു മുതല്‍, ഇങ്ങു വടക്ക്‌ മീശ ദേവസ്സ്യേട്ടന്റെ വീടിന്റെ അപ്പറത്തേന്റെ അപ്പറത്തെ റേഷന്‍ഷാപ്പു വരെ പടര്‍ന്നു പന്തലിച്ചു വിശാലമായി കിടക്കുകയാണൂ, വെങ്കിടങ്ങു പഞ്ചായത്തിലെ, ഞാന്‍ കൂടി താമസിക്കുന്ന 8 ആം വാര്‍ഡ്‌.

കഷ്ടി ഇരുനൂറോളം വീടുകളുള്ള ഈ വാര്‍ഡിലെ സകല വീടുകളുമെടുത്തു നോക്കിയാല്‍, അതില്‍ നിന്നും എന്റെ വീടിനെ വ്യത്യസ്തമാക്കുന്ന ഒരു പ്രത്യേകത, "ഇരട്ടക്കുട്ടികളുള്ള വീട്‌" എന്നതാണ്‌. അതും ഒന്നല്ല, രണ്ടു പെയര്‍ ട്വിന്‍സ്‌.

ആദ്യത്തേതൊരു ട്വിന്‍സ്‌ ( ഞാനും പിന്നെ ഹലുവാ പുരാണം സഹോദരിയും) പിന്നെ ഒരു ചെയ്ഞ്ചിനു ഒരാണ്‍കുട്ടി, പിന്നെ, വീണ്ടും ഒരു ചെയിഞ്ചിനു ഒരു ട്വിന്‍ കൂടി (മിന്നലും ഒരു അനിയത്തിയും)

ഒരു ചില്ലറ മുറി വൈദ്യവും, മന്ത്രവാദവുമൊക്കെയായി നടന്നിരുന്ന മുത്തശ്ശനെക്കാണാന്‍ രാവിലെ മുതല്‍ രാത്രി വരേയുള്ള രോഗികളുടേയും വിശ്വാസികളുടേയും തിരക്കു കണ്ട്‌ ഇറിറ്റേറ്റഡ്‌ ആയിട്ടാണത്രേ, എന്റെ അമ്മാവന്മാരൊന്നും ഡോക്റ്റര്‍മാരാകേണ്ടെന്നു അമ്മൂമ്മ ദൃഢപ്രതിജ്ഞയെടുത്തത്‌. അങ്ങനെ വെങ്കിട ദേശത്തിനു രണ്ടു ഡോക്റ്റേഴ്സിനെ നഷ്ടമായി.. സതേണ്‍ റെയില്‍വേക്ക്‌ ഒരു വല്യമ്മാന്‍ സീനിയര്‍ ടി.ടി.ആറിനേയും, ദുബായ്‌ മഹാരാജ്യത്തിനൊരു മിടുക്കന്‍ ചെറിയമ്മാന്‍ ഇലക്‍ട്രി‌ക്കല്‍ ഫോര്‍മാനേയും കിട്ടി! അമ്മൂമ്മക്കു കുറച്ചു മനസ്സമാധാനവും ! പഠിപ്പില്‍ പണ്ടേ പുലിയായിരുന്ന ഞാനും, "പോട്ടെ, വയസ്സായോരടെ ഓരോ ആഗ്രഹങ്ങളല്ലേ, " എന്നും കരുതി അങ്കിള്‍സിന്റെ ഫൂട്ട്‌സ്റ്റെപ്പുകള്‍ പിന്‍തുടര്‍ന്നു.

കാണാന്‍ മെല്ലിച്ച്‌ ഒരു ഗുമ്മില്ലാത്ത ലുക്കാണെങ്കിലും , മുത്തശ്ശന്‍‍ ആളൊരു കിടിലനായിരുന്നു നാട്ടില്‍. "അങ്ങേരെപ്പേടിയില്ലാത്തവരില്ല വെങ്കിടങ്ങില്‍" എന്നു വരെ ഇതേപറ്റി പ്രശസ്തമായൊരു ശ്ലോകമുണ്ട്‌. (അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍.. എന്ന് തുടങ്ങുന്ന , നാദിര്‍ഷാ എഴുതിയ ഒരു പാരഡീയുമുണ്ട് ഈ ശ്ലോകത്തിന്). രാത്രി സഞ്ചാരവും കഴിഞ്ഞ്‌ മടക്കത്തില്‍ പുലര്‍ച്ച്‌ രണ്ടുമണിക്ക്‌, വീട്ടുപടിക്കല്‍ വച്ച്‌ "ബീഡിയുണ്ടോ കമ്മളേ ഒരു തീപ്പട്ടിയെടുക്കാന്‍" എന്നു ചോദിച്ച കാളയുടെ കാലുള്ള ഒടിയനെ, "ദിപ്പ തരാട്രാ ചുള്ളാ, സാധു വേണോ, അതോ കാജ വേണോ"ന്നും പറഞ്ഞ്‌ "നീയിവടെക്കെടന്നു കറങ്ങായ നമഹ... ഓം ഹൃിം സ്വാഹ ഫട്ട്‌" എന്നൊരു യമണ്ടന്‍ മന്ത്രവും ചൊല്ലി ലവന്റെ ചുറ്റിനൊരു വട്ടവും വരച്ച്‌ പുലര്‍ച്ച വരേ അതിനകത്തിട്ടു കറക്കിയ വീരചരിതമുള്ള മുത്തശ്ശന്‍ ചുട്ട കോഴിയെ പറപ്പിക്കുന്ന മന്ത്രവാദിയായിരുന്നു.

മക്കളു രണ്ടും തന്റെ മന്ത്രതന്ത്രാദികള്‍ പിന്തുടരില്ലെന്നു മനസ്സിലാക്കി, ഒന്നു രണ്ടു മാന്തിക വിദ്യകള്‍ എനിക്കും പറഞ്ഞു തന്നിട്ടുണ്ട്‌. ഇവിടെ ദുബായിലെ ഒരു വിധം എല്ലാ "കെന്റുക്കി, സതേണ്‍ ഫ്രൈഡ്‌ ചിക്കന്‍ എന്നീ ഔട്ട്‌ലെറ്റുകളിലും ഞാന്‍ ഈ മാന്തികവിദ്യകള്‍ ഇടക്കൊക്കെ പ്രയോഗിക്കാറുണ്ട്‌ !

ചുട്ട കോയിയെ പറപ്പിക്കും, (വയറ്റിലോട്ട്‌!), ഇനീപ്പോ തന്തൂരിയില്ലെങ്കില്‍, ഫ്രൈ ചെയ്തതായാലും മന്ത്രം സെയിം തന്നെ!

വരാനുള്ളതു ഭാരത്‌ ബന്ദു ദിവസമായാലും, അവശ്യ സര്‍വീസുകളായ പാല്‍, പത്രം വണ്ടികളിലോ, ആംബുലന്‍സിലോ കയറിവരുമെന്നല്ലോ ലോകതത്വം. "നാട്ടിലെ കുറേപ്പേരുടെ കാലു പിടിക്കണം" എന്നു എന്റെ തലയില്‍ 1975 ഇല്‍ എംബോസ്സു ചെയ്തു വച്ചിരിക്കുന്നതിനാലാവണം, "ഇരട്ടക്കുട്ടികളെക്കൊണ്ടു തടവിച്ചാല്‍, കാല്‍, കൈ, മസിലുകള്‍, എന്നിവിടങ്ങളികെ, ഉളുക്ക്‌, ഒടിവ്‌, ചതവ്‌" എന്നിവ പെട്ടെന്നു ഭേദമാകുമെന്നൊരു വിശ്വാസം നാട്ടില്‍ നിലനിന്നിരുന്നു, ഞങ്ങളുടെ നാട്ടില്‍ മാത്രമായിരുന്നോ എന്തോ ?

വീട്ടിലേതു അതിഥി വന്നാലും പൂവന്‍ കോഴിക്ക്‌ കിടക്കപ്പൊറുതിയില്ല എന്നു പറഞ്ഞ മാതിരിയായി എന്റെ കാര്യം. വെല്‍ഡറു ദാമൂന്റെ രണ്ടാം ക്ലാസുകാരന്‍ മൂക്കൊലിപ്പന്‍ ചെക്കന്‍ സുഭാഷു ചാണകക്കുഴിയില്‍ വീണു കാലുളുക്കിയതു മുതല്‍, വൈകീട്ട് അഞ്ചര നേരത്ത്‌ ചെറിയൊരു കുഞ്ഞിത്തോര്‍ത്തുടുത്ത്‌ തെങ്ങേക്കേറാന്‍ വരുന്ന ചെത്തുകാരന്‍ കരുണന്‍ തെങ്ങേല്‍ കേറി റിട്ടേണ്‍ ട്രിപ്പില്‍, ഹാഫ്‌ വേ മാര്‍ക്കിലെത്തിയപ്പോള്‍ ഗുരുത്വാകര്‍ഷണം കൂടിയതു കൊണ്ടോ, അതോ, അപ്പുറത്തെ കുളത്തിലെ സീന്‍ കണ്ടു കോണ്‍സന്‍‌റ്റ്രേഷന്‍ പോയിട്ടോ എന്തോ, "പ്‌ധേ" ന്നു നടുവും തല്ലി വീണ കേസുകളില്‍ വരെ, നാട്ടിലെ പ്രശസ്ത തിരുമ്മല്‍കാരനും, എന്റെയൊരകന്ന ബന്ധു കൂടിയായ "ശ്രീ. കിറുഷണന്‍ നായരുടെ" അടുത്തേക്കു പോകും വഴി, "ന്നാ പിന്നെ, മ്മടെ നായമ്മാരടോടത്തെ ആ കുട്ട്യേക്കൊണ്ട്‌ ഒന്ന് ഉഴീപ്പിക്കാം" എന്നും പറഞ്ഞ്‌ നാട്ടുകാരില്‍ പലരും എനിക്കിട്ടു പാരയായി ഭവിക്കാറുണ്ട്!

എന്തിനധികം, പുതിയേടത്തെ 92 വയസ്സായ കൊച്ചുവമ്മയെ "എക്‍സ്പയറി ഡേറ്റു" കഴിഞ്ഞു എന്ന ഒറ്റകാരണത്താല്‍, പാസ്പോര്‍ട്ടും വിസയുമൊക്കെ ക്യാന്‍സല്‍ ചെയ്തു കൊണ്ടുപോകാന്‍ വന്ന സാക്ഷാല്‍ കാലന്‍ ചേട്ടന്‍ വരെ, ഏനാമ്മാവ്‌-വെങ്കിടങ്ങ്‌ റൂട്ടിലെ ഗട്ടര്‍ മൂലം പോത്തിന്റെ പുറത്തു നിന്നും വീണു കാലുളുക്കി എന്നെക്കൊണ്ടു തിരിമ്മിക്കാന്‍ വരുമോയെന്നു ഞാന്‍ ഭയന്നിരുന്നു അക്കാലത്ത്‌.

ഇങ്ങനെ വരുന്നവരെ അണപ്പല്ലിറുമ്മിക്കൊണ്ടു ഇടത്തേ ചെവി മുതല്‍ വലത്തേ ചെവി വരെ നീളത്തില്‍ ചിറികോട്ടി ചിരിച്ചു സ്വീകരിച്ച്‌, ഉളുക്കി ചതഞ്ഞ കയ്യോ, കാലോ എന്താന്നു വച്ചാല്‍ അതു തിരുമ്മി പണ്ടാരമടങ്ങുന്നത്‌, ഉണ്ണികൃഷ്ണപ്പണിക്കര്‍ തരക്കേടില്ലാത്തൊരു ദക്ഷിണയും വാങ്ങി എഴുതിയ എന്റെ ജാതകത്തിലുള്ള ദോഷം !

പരിശോധനാ സമയങ്ങളിലല്ലാതെ "അബ്ദുള്ള ഡോക്ടറെ" തേടി വരുന്ന രോഗികളെ, ഭാര്യയേയോ, വേലക്കാരനേയോ കൊണ്ടു "ഡോക്ടറിവിടെയില്ല" എന്നു പറഞ്ഞു മടക്കിയയക്കുന്ന പോലെ, ചില സന്ദര്‍ഭങ്ങളില്‍, "ഞാനിവിടെയില്ലെന്നു പറഞ്ഞേക്ക്‌" എന്നും അമ്മയേക്കൊണ്ടു മെഡിക്കല്‍ എത്തിക്ക്സിനു വിപരീതമായി പറയിപ്പിക്കേണ്ടി വന്നിട്ടുണ്ട്‌ ഈയുള്ളവന്‌!

അങ്ങനെ പഠിത്തമൊക്കെക്കഴിഞ്ഞ്‌ ഗള്‍ഫിലേക്കെത്തുമ്പോഴേക്കും തരക്കേടില്ലാത്തൊരു തിരുമ്മുകാരനായിരുന്നു ഞാന്‍.

ദുബായിലെത്തി ചെറിയമ്മാവന്റെ കൂടെ കുറച്ചു ദിവസം താമസിച്ചെങ്കിലും, ജോലി എന്ന സ്വപ്നം ഈ മരുഭൂമിയില്‍ ഒരു മരീചികയായി. അയ്യായിരത്തില്‍ തുടങ്ങുകയും ഓരോ മാസവും 500 ദിര്‍ഹം വച്ച്‌ കുറക്കുകയും ചെയ്തുകൊണ്ടിരുന്ന എന്റെ "എക്‍സ്പെക്റ്റഡ്‌ സാലറി" അങ്ങനെ അഞ്ചു മാസം കഴിഞ്ഞ്‌ 2500 ദിര്‍ഹം ആയപ്പോഴാണു എനിക്കൊരു ജോലി കിട്ടിയത്‌.

അബുദാബിയിലെ അതിപ്രശസ്തമല്ലാത്ത ഒരു ചിന്ന കമ്പനിയില്‍ ആദ്യദിവസം വലതുകാല്‍ വച്ചു കയറുമ്പോള്‍ എനിക്കു കൈമുതലായുണ്ടായിരുന്നത്‌, പാന്റിന്റെ വലത്തേ ചന്തി പോക്കറ്റിലെ പേഴ്സില്‍ 30 ദിര്‍ഹവും , 50:50 അനുപാതത്തില്‍, ഞാനും ദൈവവും കൂടിയിരുന്നെഴുതി 67% മാര്‍ക്കോടെ പാസായ കുറേ സര്‍ട്ടിഫിക്കറ്റുകളും, വീണാലും നാലു കാലിലേ വീഴുള്ളൂ എന്ന മെന്റാലിറ്റിയും, പിന്നെ അടുത്ത മാസം ശമ്പളം കിട്ടിയിട്ടു വേണം BMW ഷോറൂമിലെന്നു പോയി 530i മോഡലിന്റെ വിലയൊന്നു ചോദിക്കണം എന്ന മാതിരിയുള്ള കോണ്‍ഫിഡന്‍സും, പിന്നെ, പേരിനു കുറച്ചു തിരുമ്മല്‍ ടെക്‌ക്‍നിക്കും മാത്രമായിരുന്നു.

അന്നു ഓഫീസിലെ ആകെയുള്ളത്‌ ഞങ്ങള്‍ ആറു പേര്‍. മൊയ്‌ലാളി അറബി, മാനേജരായിരുന്ന മാത്യൂ സാര്‍, സെയില്‍സിലെ ഒരു ജോര്‍ദാനി, സര്‍വീസ്‌ ഡിപ്പാര്‍ട്ട്മെന്റില്‍ ഞാനും പിന്നൊരു മലയാളി ജേക്കബും, പിന്നെ അര്‍ബാബിന്റെ (മുതലാളി അറബിയുടെ) സെക്രട്ടറിയായി "മാര്‍ഗ്രറ്റ് എന്‍പന്ന്യോ" എന്ന ഉഗ്രന്‍ പേരുള്ള, മാഗിയെന്നു വിളിക്കുന്ന ഒരു സുന്ദരി ഫിലിപിനോ പെണ്‍കൊച്ചും.

അന്നത്തെക്കാലത്ത്‌, ഇന്റര്‍നെറ്റും ഈമെയിലുമൊന്നും ഇല്ലാതിരുന്നതിനാല്‍, ഏറ്റവും പ്രധാന വാര്‍ത്താവിനിമയ മാര്‍ഗമായിരുന്നു ഫാക്സ്. ഞെക്കി ഞെക്കി തേഞ്ഞു നമ്പറുകളൊക്കെ ബട്ടനില്‍നിന്നും അപ്രത്യക്ഷമായ, കമ്പനി സ്താപിതവര്‍ഷം മുതല്‍ സ്തുത്യര്‍ഹ സേവനം നല്‍കിവരുന്ന, അയക്കലും കൈപ്പറ്റലും മാത്രം തൊഴിലാക്കിയ ആ ഫാക്സ്‌ മഷീന്‍ ഇരുന്നത്‌ മാഗിക്കൊച്ചിന്റെ "റ" ഷേപ്പിലുള്ള റിസപ്ഷന്‍ ടേബിളിന്റെ ഒരു വശത്താണു.

എന്തെങ്കിലും ഫാക്സുകളയക്കണമെങ്കില്‍, ഒന്നുകില്‍ മാഗിയോടു "പുന്നാരമോളെ ഒന്നു മാറിക്കേ" എന്നു പറയണം, അല്ലേല്‍, 4 അടി നാലിഞ്ച്‌ ഉയരമുള്ള ഓള്‍ടെ മുകളിലൂടെ കയ്യെത്തിച്ച്‌ നമ്പറു ഡയലു ചെയ്യണം. എനിക്കും ജേക്കബിനും രണ്ടാമത്തെ ഓ‌പ്‌ഷനായിരുന്നു കൂടുതലിഷ്ടം.

ജേക്കബും ഞാനുമടങ്ങുന്ന ആക്രാന്തം മൂത്ത "ബാചിലര്‍ ക്ലബ്‌" ഒഴിവു സമയങ്ങളിലും, പിന്നെ, പണിയുണ്ടെങ്കിലും, മുതലാളിയില്ലാത്ത സന്ദര്‍ഭം നോക്കിയും, ആവും വിധം മാഗിക്കൊച്ചിനോടു പഞ്ചാരയടിക്കാന്‍ കഴിയുന്നതും ഉത്സാഹിച്ചിരുന്നു.

"യൂ ആറ്‌ മൈ ബെരി ഗുദ്‌ പ്രന്ത്‌" എന്ന തഗലോഗ്‌ ആക്സന്റില്‍ അവളും, "ഐ വാണ്ട്‌ ട്ടു ഗോ ദെയറ്‌" എന്ന മലബാറി ആക്സന്റില്‍ ഞങ്ങളും ഒരു വിധത്തില്‍ ഒരണ്ടര്‍സ്റ്റാന്‍ഡിങ്ങില്‍ അങ്ങോട്ടുമിങ്ങോട്ടും അണ്ടര്‍സ്റ്റാന്റു ചെയ്തു പോന്നു.

വീരകഥകള്‍ വിളമ്പുന്നതിനിടയില്‍, ഒരു ദിവസം, എന്റെ "ഇരട്ടക്കുട്ടി ദിവ്യത്വത്തെ"ക്കുറിച്ചും, തിരുമ്മല്‍, ഉഴിച്ചില്‍ കഴിവുകളേക്കുറിച്ചും, " നാന്‍ ഒരു തടവു തടവിയാ അതു നൂറു തടവു തടവിയ മാതിരി" എന്നൊക്കെ രജനി സ്റ്റെയിലില്‍ വായില്‍ തോന്നിയ ആംഗലത്തില്‍ ഞാന്‍ മാഗിയോടു തട്ടിവിട്ടിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം! ഞാനും മാഗിയും, മാത്യൂസാറും മാത്രം ഓഫീസിലുണ്ട്‌. എന്തോ അത്യാവശ്യമായ ഒരു ഡൊക്യുമെന്റു ഫാക്സു ചെയ്യാനായി ഞാന്‍ മാഗിയുടെ ടേബിളിലോടു ചെന്നു അവളോടു മാറി നില്‍ക്കാനാവശ്യപ്പെടുകയും, അനന്തരം, ഡോക്യുമന്റ്‌ ഫാക്സ്‌ മഷീനില്‍ വച്ച്‌ ബട്ടണുകള്‍ ഞെക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയില്‍, "റ" ടേബിളിന്റെ പുറത്ത്‌ കൈ കുത്തി നില്‍ക്കുകയായിരുന്ന മാഗി എന്റെ നേര്‍ക്കൊരു ചോദ്യമെറിഞ്ഞു...

"ക്യാന്‍ യൂ ഗീവ്‌ മീ ദ‌ മസ്സാജ്‌?...

എന്റെ ഹൃദയത്തിലൊരു ഇടിവാളു മിന്നി! മഹാഭാരതം സീരിയല്‍ തുടങ്ങുന്നതിനു മുന്‍പ്‌ കൊട്ടുന്ന പോലത്തെ ഭീമന്‍ പെരുമ്പറകള്‍ ഡും..ഡും.. എന്ന ആര്‍ത്തനാദമുണ്ടാക്കി.. ഗിരിജാ തീയറ്ററില്‍ "ഏ" പടത്തിനു കയറിയാല്‍, ലൈറ്റണക്കും വരെ "പരിചയക്കാരാരേലും കാണൂമോ" എന്ന ടെന്‍ഷന്‍ ഉണ്ടാവുമ്പോള്‍ മിടിക്കുന്ന അതേ ഫ്രീക്വന്‍സിയില്‍ ഹാര്‍ട്ടു പെടപെടച്ചു തുടങ്ങി..

ഇന്നലെ എന്തോ സംസാരത്തിനിടയില്‍ ഇവളു പറഞ്ഞതേയുള്ളൂ, അവള്‍ക്കു വല്ലാത്ത ബാക്ക്‌ പെയിനും ലെഗ്‌ പെയിനുമാണെന്നു. ഞാനാണെങ്കില്‍ എന്റെ "ഇരട്ടക്കുട്ടി തിരുമ്മല്‍ ദിവ്യത്വ" ത്തെപ്പറ്റി നേരത്തെ പറയുകയും ചെയ്തിട്ടുണ്ട്‌. എവിടെ മസാജു ചെയ്യാനാണാവോ ഇവള്‍ പറയുന്നത് !

എന്നാലും മാഗി... ഞാനെങ്ങനെ ഇത്രക്കു ഓപ്പണായി നിന്നെ മസാജു ചെയ്യും? അതും ഈ ഓഫീസില്‍, അതും, മാത്യൂ സാറു അങ്ങേരുടെ ക്യാബിനിലിരിക്കുമ്പോ ? ഇതൊന്നുമല്ലെങ്കില്‍ പോട്ടേ, ഒരു കൈ നോക്കാമായിരുന്നു!

ഈ മസാജെങ്ങാനും കണ്ട്‌ മുതലാളി കയറി വന്നാല്‍? അങ്ങേരെന്നെ കഴുത്തെപ്പിടിച്ചു മസാജു ചെയ്യില്ലേ? ഫുള്‍ ബോഡി മസാജും, സാന്‍‌ഡ്‌വിച്ച് മസാജുമൊക്കെ ഓപ്പണായിട്ടു നടത്താന്‍ ഇതു ഫിലിപ്പൈന്‍സും, തായ്‌ലാന്‍ഡുമൊന്നുമല്ലല്ലോ .. ഇത്‌ അബുദാബിയല്ലേ കുട്ടീ.. എനിക്കാഗ്രമില്ലാഞ്ഞിട്ടല്ലാ.. പക്ഷേ സാഹചര്യങ്ങള്‍ അതിനനുവദിക്കുന്നില്ല, എന്നെ മനസ്സിലാക്കൂ.. എന്നൊക്കെയുള്ള ചിന്തകള്‍ എന്റെ മനസ്സിനെ മഥിക്കുകയും, ഈ വാക്കുകളൊക്കെ തൊണ്ട വരെ വന്നു, സഡന്‍ ബ്രേക്കിട്ടുനില്‍ക്കയും, ഇത്രയും കടുപ്പം വാക്കുകള്‍ ഒരുമിച്ചു ഇംഗ്ലീഷിലേക്കു ട്രാന്‍സ്ലേഷന്‍ നടത്താന്‍ എന്നെക്കൊണ്ടാവില്ല എന്നു മനസ്സിലായപ്പോള്‍‍, “അപ്പോ ശരി” എന്നും പറഞ്ഞ് വായില്‍ നിന്നും പുറത്തു ചാടാതെ തിരിച്ച്‌ വന്നിടത്തേക്കു തന്നെ റിട്ടേണ്‍ പോകുകയും ചെയ്തു.

ഒന്നും മിണ്ടാതെ നില്‍ക്കുന്ന എന്നെ നോക്കി വീണ്ടു മാഗി മൊഴിഞ്ഞു. " മസാജ്‌" പ്ലീസ്‌ ....

"ദൈവമേ.. ലവളെന്നെക്കൊണ്ടത്‌ ചെയ്യിപ്പിച്ചേ അടങ്ങൂലോ" എന്റെ കൈകള്‍ തരിച്ചു.. അല്ല, വിറച്ചു ! കൃഷ്ണാ ഗുരുവായൂരപ്പാ.. എന്റെ ചാരിത്ര്യം.. !

"വാട്ട്‌ മസാജ്‌ മാഗി?" ഒന്നു റീകണ്‍ഫേം ചെയ്യാനായി ഞാന്‍ അവളുടെ കണ്ണുകളിലേക്കു നോക്കിക്കൊണ്ടു ചോദിച്ചു.

വിരല്‍ ഫാക്സ്‌ മെഷീനു നേരെ ചൂണ്ടിക്കൊണ്ട്‌ അവള്‍ വീണ്ടും പറഞ്ഞു.. "പ്ലീസ്‌ ടെയ്ക്ക്‌ ദാറ്റ്‌ ഫാക്സ്‌ മസാജ്‌ ഫോര്‍ മീ.." !

നേരത്തെ ഫാക്സിന്റെ "റിസീവ്‌ഡ്‌ ട്രേ"യില്‍ കിടന്നിരുന്ന മെസ്സേജുകള്‍ എടുത്ത്‌ അവള്‍ക്കു കൊടുക്കാമോയെന്നാണിവള്‍ ഇത്രയും നേരം ചോദിച്ചുകൊണ്ടിരുന്നത്‌ എന്നു മനസ്സിലായപ്പോള്‍, "ഹും" എന്നൊരു ദീര്‍ഘ നിശ്വാസത്തോടെ 250 ബി.പി.എം ഇല്‍ പെടക്കുകയയായിരുന്ന എന്റെ ഹൃദയമിടിപ്പുകള്‍ സ്ലോലി സ്ലോലി നോര്‍മലായി വന്ന് 70 ഇല്‍ വച്ച്‌ ക്രൂസ്‌ കണ്ട്രോള്‍ ആക്റ്റീവ്‌ ചെയ്ത പോലെ സ്റ്റെഡിയായി... ആകെ മൊത്തം "മലയത്തിപ്പെണ്ണു" സിനിമയുടെയിടയില്‍, ഗിരിജയില്‍ കറന്റു പോയ പ്രതീതി.. വേഗത്തിലുള്ള ശ്വാസോച്ഛാസങ്ങലുടെ ശബ്ദം മാത്രം ആ നിശബ്ദതക്കു ഭംഗം വരുത്തി!

"ഫാക്സ്‌ മെസ്സേജിനെ" മസാജാക്കി പ്രനൌണ്‍സു ചെയ്ത്‌ ചുമ്മായിരുന്ന മനുഷ്യനെ ഈ മറുതാ മോഹാവേശിതനാക്കിയല്ലോ എന്നോര്‍ത്തപ്പോള്‍, ആ ഫാക്സു മെഷീനെടുത്ത്‌ അവളുടെ തലക്കടിക്കാനാണു തോന്നിയത്‌.

ആ പേപ്പറുകളെടുത്ത്‌ അവള്‍ക്കു കൊടുക്കുമ്പോള്‍ ഞാന്‍ നിരാശനായിരുന്നോ? ആ ... അതിനുത്തരം ഇന്നും എനിക്കറിയില്ല !

Read more...

ചതിയന്‍

Tuesday, September 26, 2006

ചെറിയ ചാറ്റല്‍ മഴയുണ്ട്‌. കാറിന്റെ വാതിലടച്ച്‌ ബസ്റ്റോപ്പിനരികിലുള്ള ആ മെഡിക്കല്‍ സ്റ്റോറിലേക്കയാള്‍ ഓടിക്കയറി. പോക്കറ്റില്‍ നിന്നും കുഞ്ഞിനു ചുമക്കു ഡോക്റ്റര്‍ കുറിച്ചു തന്ന സ്ലിപ്പെടുത്തു കൌണ്ടറില്‍ കൊടുത്തു.

സ്റ്റോറിന്റെ അരികില്‍ ബസ്സു കാത്ത് നിന്ന അവളെക്കണ്ട്‌ അയാള്‍ക്കു വിശ്വസിക്കാനായില്ല.

"ശ്രീദേവി.. " അവിശ്വസനീയതയിലും അയാളുടെ ചുണ്ടുകള്‍ ചലിച്ചു.

"മനസ്സിലായോ" എന്നു ചോദിച്ച്‌ ചിരിച്ചു കൊണ്ട്‌ അവള്‍ അടുത്തു വന്നു.

"താനിവിടെ?" ചോദ്യത്തില്‍ അത്ഭുതം.

"എന്റെ ഭര്‍ത്താവിന്റെ വീട്‌ ഇവിടെയാണ്‌" നാലു വര്‍ഷമായി അവളുടെ വിവാഹം കഴിഞ്ഞിട്ടെന്നും, ഭര്‍ത്താവിനു എയര്‍ ഫോഴ്സിലാണു ജോലിയെന്നും ടൌണില്‍ ഒരു സ്ഥാപനത്തില്‍ ആര്‍ക്കിടെക്റ്റായിട്ടാണ് അവള്‍ ജോലിചെയ്യുന്നതെന്നുമൊക്കെ ചോദിക്കാതെ തന്നെ പലതും പറഞ്ഞെങ്കിലും, അയാളുടെ ചിന്തകള്‍ വര്‍ഷങ്ങള്‍ പിറകിലായിരുന്നു.

നീണ്ട 6 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍, കടുത്ത തീരുമാനങ്ങളേടുക്കേണ്ട അവസ്ഥയില്‍ ദുര്‍ബലനായി താന്‍ നിന്നു പോയതോര്‍ത്തു. യാഥാസ്ഥിതികരായ അച്ഛന്റേയും അമ്മാവന്മാരുടേയും ആക്രോശങ്ങള്‍, അമ്മയുടെ കണ്ണുനീര്‍, താഴ്ന്ന ജാതിയില്‍ നിന്നും പെണ്ണു കെട്ടിയാല്‍ അനിയത്തിക്കു ഭാവിയില്‍ വിവാഹത്തിനുണ്ടാകാവുന്ന പ്രശ്നങ്ങള്‍...

"എല്ലാം തിരിച്ചറിയുന്നത്‌ നീണ്ട ആറുവര്‍ഷങ്ങള്‍ക്കു ശേഷമോ" എന്ന അവളുടെ അന്നത്തെ ചോദ്യത്തിനു മുന്നില്‍ അയാള്‍ക്ക്‌ ഉത്തരമുണ്ടായില്ല.

"നൂറ്റി മുപ്പതു രൂപ, എഴുപതു പൈസ" എന്ന മെഡിക്കല്‍ സ്റ്റോറുകാരന്റെ ശബ്ദമാണ്‌ അയാളെ ചിന്തകളില്‍ നിന്നു ഉണര്‍ത്തിയത്‌.

കല്യാണം കഴിഞ്ഞോ, എന്നു വന്നൂ, എപ്പോള്‍ പോകും അവളുടെ ആ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കൊടുത്ത്‌ യാത്രപറഞ്ഞ്‌ കാറിനരികിലേക്കു നീങ്ങുമ്പോള്‍ പുറകില്‍ നിന്നാരോ വിളിക്കുന്ന പോലെ തോന്നി..

"ചതിയന്‍ ! "

Read more...

കഥാവശേഷം

ബാറിലെ ഇരുണ്ട വെളിച്ചത്തിലിരിക്കാന്‍ തുടങ്ങിയിട്ട്‌ മണിക്കൂറുകളായി.
അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം കാണുന്ന കൂട്ടുകാരുടെ സന്തോഷം ബിയര്‍ ഗ്ലാസ്സുകളില്‍ പതഞ്ഞും ഒഴിഞ്ഞും നേരമൊത്തിരിയായി.

'മതിയെടാ ശിവാ, 10 മണിയായി, പോകാം" ഞാന്‍ പറഞ്ഞു.

"ബേറര്‍, രണ്ടു ബിയര്‍ കൂടി".. അവന്‍ നിര്‍ത്താനുള്ള ഭാവമില്ല.
അല്ലെങ്കിലും പണ്ടേ അവനിങ്ങനേയാ.

"എനിക്കു വേണ്ട, ഒന്നു പറഞ്ഞാല്‍ മതി" ഞാന്‍ പറഞ്ഞു.

"നിനക്കു വേണ്ടെങ്കില്‍ അതു രണ്ടും ഞാനടിക്കും, അത്ര നേരം നീ ഇവിടിരിക്കും". ഓ..സുഗ്രീവാജ്ഞ.

എന്നാപ്പിന്നെ വെറുതേയെന്തിനാ ഇരിക്കുന്നേയെന്നോര്‍ത്ത്‌ കൊണ്ടുവന്ന ബിയര്‍ ഞാന്‍ ഗ്ലാസ്സിലേക്കൊഴിച്ചു.

പത്തരയോടെ ബില്ലുമടച്ച്‌ ബൈക്കിനരികിലേക്കു നടന്നു. ശിവന്‍ നല്ല ഫോമിലാ.ചെറുതായിട്ട്‌ ആടുന്നുണ്ട്‌. ഒരു വിധത്തില്‍ പിടിച്ചു ബൈക്കിന്റെ പുറകിലിരുത്തി വണ്ടി സ്റ്റാര്‍ട്ടു ചെയ്തു. അവന്റെ തല എന്റെ വലത്തേ തോളിലേക്കു ചാഞ്ഞു. ഇവനെങ്ങാന്‍ വാളുവക്കുമൊ എന്നൊരു പേടിയില്ലാതില്ല.

അവന്റെ വീടിന്റെ മുന്നില്‍ കൊണ്ടു വണ്ടി നിര്‍ത്തി. മെല്ലെ ഗേറ്റു തുറന്നു അകത്തോട്ടാക്കി. ഗേറ്റു തുറക്കുന്ന ശബ്ദം കേട്ട്‌ അകത്തു ലൈറ്റു തെളിഞ്ഞു.

"ശിവാ, ഞാന്‍ പോട്ടെടാ, നാളെക്കാണാം" ധൃതിയില്‍ സ്ഥലം കാലിയാക്കിയതിനു പിറകിലത്തെ കാരണം, വാതില്‍ തുറന്നു പുറത്തേക്കിറങ്ങിയ അവന്റെ അമ്മയായിരുന്നു. എന്നെക്കാണണ്ടാ എന്നോര്‍ത്തു. തികച്ചും യാഥാസ്ഥിതികരായ ആ നമ്പൂരി കുടും‌ബത്തിലെ ഒരുത്തനെ ഞാനായിട്ടു കുടിപ്പിച്ചെന്നവര്‍ക്കു തോന്നേണ്ട. ഇതുപോലൊക്കെ തന്നെയുള്ളൊരു നായര്‍ തറവാട്ടിലേക്കാണു തനിക്കിനി വണ്ടിയുമോടിച്ചു പോക്കേണ്ടതെന്നോര്‍ത്തപ്പോല്‍ ചെറിയൊരു ചിരി വന്നു‍...

****

രാവിലെ പതിനൊന്നു മണിക്കു "ചേട്ടനു ഫോണ്‍" എന്നും പറഞ്ഞ്‌ അനിയത്തി വിളിച്ചപ്പോഴാണു ഉറക്കമുണര്‍ന്നത്‌. വല്ലാത്ത തലവേദന. ഫോണില്‍ അപ്പുറത്ത്‌ സതീഷായിരുന്നു.

"ഏടാ, ഞാനിന്നു രാവിലെ ശിവന്റെ വീട്ടില്‍ പോയിരുന്നു. അവനിന്നലെ കുടിച്ചു വീട്ടില്‍ വന്നു ഛര്‍ദ്ദിച്ച്‌ ആകെ പ്രശ്നമാക്കി. നിന്റെ കൂടെയാ പോയതെന്നു അവന്‍ അവന്റെ വീട്ടുകാരോടു പറഞ്ഞു. നിന്റെ ഒന്നു കാണണം ശരിക്കു രണ്ടു വര്‍ത്തമാനം പറയാന്‍ എന്നാ അവന്റെ അമ്മ പറഞ്ഞത്‌. മോനേ, ഇനി ആ വഴിക്കൊന്നും പോകേണ്ട".

സാമദ്രോഹി, എന്നെ അമ്മ കണ്ടില്ലെന്നുറപ്പാ, എന്നിട്ടും അവനു എന്റെ പേരു പറയേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ. എപ്പോള്‍ അവിടെ ചെല്ലുമ്പോഴും, സ്നേഹസ്മൃണമായ പെരുമാറ്റവും, നിര്‍ബന്ധിച്ച്‌ ഊണു കഴിപ്പിക്കലും ഒന്നും ഉണ്ടാവില്ലല്ലോന്നോര്‍ത്തപ്പോള്‍ ഒരു വിഷമം. അവിടത്തെ ഉപ്പുമാങ്ങയുടെ സ്വാദോര്‍ത്ത്‌ നാവില്‍ വെള്ളമൂറി. ഇനിയാ വീട്‌ എനിക്ക്‌ ബാലികേറാമലയാവുമല്ലോ! സാരമില്ലെ സാവകാശം ആയമ്മയോടു ഒരു മാപ്പു പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നമല്ലേയുള്ളൂ.

****

വര്‍ഷങ്ങള്‍ക്കു ശേഷം...

മോള്‍ക്കു പനിയുണ്ട്‌, ചെന്നിട്ടു വേണം ഡോക്ടറെ കാണിക്കാനെന്നോര്‍ത്തപ്പോള്‍, വണ്ടിക്കു സ്പീഡു കൂടി. അതിനിടക്കാണു മൊബൈല്‍ ശബ്ദിച്ചത്‌. ഖത്തറീല്‍ നിന്നും സതീഷായതിനാലാണു ഫോണെടുത്തത്‌.

അടുത്ത ഓണത്തിനു എല്ലാവരും കൂടിയൊരു ഗെറ്റ്‌-ടുഗെതര്‍ പ്ലാന്‍ ചെയ്തിട്ടുണ്ടെന്ന് ഈയിടക്കാണ്‌ ഈമെയില്‍ വന്നത്. സതീഷും ഷാജിയുമാണു കോഡിനേറ്റര്‍മാര്‍. എല്ലാവരും കല്യാണമൊക്കെ കഴിഞ്ഞിപ്പോള്‍, ലോകത്തിന്റെ പലകോണുകളില്‍ ചിതറിക്കിടക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമുള്ളൊരു ഒത്തുചേരല്‍ ഒരാവശ്യം കൂടിയായിരിക്കുന്നു. അതിനെപ്പറ്റിയെന്തെങ്കിലും പറയാനാവും പഹയന്‍ വിളിക്കുന്നത്‌. ഫോണെടുത്തു.

അപ്പുറത്ത്‌ അവന്റെ തളര്‍ന്ന ശബ്ദം. വിങ്ങിപ്പൊട്ടിക്കൊണ്ട്‌ അവന്‍ പറഞ്ഞു...

"ഡാ, നമ്മുടെ ശിവന്‍ പോയെടാ, മലേഷ്യയില്‍ വച്ച്‌.. ഒരു കാറാക്സിഡന്റില്‍..."

തലക്കൊരു മരവിപ്പു ബാധിച്ചപോലെ തോന്നി, കാര്‍ അടുത്ത പാര്‍ക്കിങ്ങിലേക്കെടുത്ത്‌ സീറ്റില്‍ ചാരിക്കിടന്നു.

ഇനിയൊരിക്കലും ആയമ്മയോടു മാപ്പു പറയേണ്ട. ഒരിക്കലും തീര്‍ക്കാനാവാത്തൊരു കടം. മുഖം തുടച്ചപ്പോള്‍ കര്‍ച്ചീഫ്‌ നനഞ്ഞിരുന്നു.

Read more...

കല്യാണ രാമന്‍...

Monday, September 18, 2006

അങ്ങനെ അന്തപ്പന്‍ പെണ്ണു കെട്ടാന്‍ തീരുമാനിച്ചു. കൊരട്ടിയില്‍ വിശാലമായിക്കിടക്കുന്ന തന്റെ 20 സെന്റു പറമ്പും പുരയുടത്തിനും ഒരനന്തരാവകാശി, പ്രശസ്തമായ അമ്പക്കാടന്‍ ഫ്യാമിലി കുലം നശിച്ചു പോകരുത്‌, തന്റെ കുരുത്തക്കേടുകള്‍ പിന്തുടരാന്‍ ഒരു കുഞ്ഞിക്കാലും, വേറൊരു കുഞ്ഞിക്കാലും, പിന്നെ രണ്ടു കയ്യും , മൊകവും, മൂക്കുമൊക്കെയുള്ള ഒരു മനുഷ്യക്കുട്ടി വേണം എന്നൊക്കെയേ അവന്‍ ചിന്തിച്ചുള്ളൂ, അല്ലാതെ, സാദാ ലേറ്റ്‌ റ്റ്വൊന്റീസിലുള്ള ആമ്പിള്ളേര്‍ക്കുണ്ടാവുന്ന, മോഹന്‍ലാല്‍ ആറാം തമ്പുരാനില്‍ കൊച്ചിന്‍ ഹനീഫയോടു ചോദിക്കും പോലെയുള്ള ആ "മുട്ട്‌" ഒന്നുമല്ല ആ തീരുമാനത്തിനവനെ പ്രേരിപ്പിച്ചത്‌.

ചാലക്കുടി കൊരട്ടി അങ്കമാലി ദേശത്തെ കാണാന്‍ കൊള്ളാവുന്ന നസ്രാണി ക്‍ടാങ്ങള്‍ക്ക്‌, മര്യാദക്കൊന്നു പള്ളീപ്പോയി പ്രാര്‍ത്ഥിക്കാനോ, എന്തിനു, മരിയാദക്കൊന്നു വഴിനടക്കാനോ ആവാത്തമൂലം, ടി. കൊച്ചങ്ങളുടെ, ഫാദേഴ്‌സും, മദേഴ്‌സുമെല്ലാം തലയിലെ പിരി വിട്ട്‌, പിരിവുമിട്ട്‌, കൊരട്ടി മുത്തിക്കു നേര്‍ന്ന വഴിപാടും, നൂറുകണക്കിനു സ്പെഷല്‍ കുര്‍ബാനകളും മൂലമാണൂ ടിയാനു ദുബായിലേക്കൊരു വിസ തരപ്പെട്ടതെന്നു മാമ്പ്ര കള്ളുഷാപ്പിലെ സംസാരം.

യാതൊരു പൂര്‍വ പരിചയമോ, അന്തമോ കുന്തമോ ഇല്ലാത്ത അന്തപ്പന്‍ വെറുതേയങ്ങു വിചാരിച്ചാ നടക്കുന്ന സാധനം വല്ലോമാണൊ ഈ കല്യാണം? ദേവസ്സ്യേട്ടന്റെ മോള്‍ ആളു സുന്ദരിയാ, പക്ഷേ മാവേലി സ്റ്റോറിലു ക്വൂ നിക്കണപോലെയാ താഴെ കെട്ടിക്കാന്‍ മൂന്നെണ്ണം നിക്കുന്നേ, ലൂയീസേട്ടന്റെ സെറ്റപ്പൊക്കെ അടി പൊളിയാ, പക്ഷേ പെണ്ണിനു ചട്ടുകാല്‌, വര്‍ക്ക്യേട്ടന്റെ സെറ്റപ്പുംകൊള്ളാം മോളും കൊള്ളാം, പക്ഷേ 2 വയസ്സായ ഒരു കുട്ടിയെക്കൂടി സ്ത്രീധനമായി വാങ്ങേണ്ടി വരും, ഇനി പൊറിഞ്ചുവേട്ടന്റെ ക്ടാവും, സെറ്റപ്പും ഒക്കെക്കൊള്ളാം, പക്ഷേ, പെണ്ണിനു അന്തപ്പനെ ഇഷ്ടപ്പെട്ടില്ല തുടങ്ങിയ ഒട്ടനവധി ടെക്‌ക്‍നിക്കല്‍ ബഗ്ഗുകള്‍ മൂലം, കൊരട്ടിയിലെ ബ്രോക്കേഴ്സൊക്കെ ഫെഡപ്പായി അന്തപ്പന്റപ്പനോടു കാര്യം പറയുകയും, "എന്നാ നീ ദുബായീന്നു വല്ല കേസും നോക്കിക്കോറ ചെക്കാ" എന്നു അപ്പന്‍ അന്തപ്പനെ ആശീര്‍വദിക്കയും ചെയ്തു.

"എ ഫ്രണ്ട്‌ ഇന്‍ വീട്‌ ഇസ്‌ എ ഫ്രണ്ട്‌ ഇന്‍ നീഡ്‌" എന്നു പണ്ടേതോ പണ്ടാരക്കാലന്‍ പറഞ്ഞപോലെ, ദുബായിലെ, ലവന്റെ വീട്ടില്‍ (റൂമില്‍) തന്നെ താമസിക്കുന്ന സോള്‍ ഗെഡീസ്‌ അന്തപ്പന്റെ ആനച്ചെവിയില്‍ സൂത്രമൊഴിച്ചു കൊടുത്തു.

"വിവാഹം ഇന്റര്‍നെറ്റിലൂടെ" എന്ന തന്ത്രത്തിലൂടെ പയറ്റാനൊരുങ്ങി, ഒരു പീസി വാങ്ങി, കണ്ണീക്കണ്ട കണ കുണാ ചാറ്റിങ്ങ്‌ സൈറ്റിലൊക്കെ പോയി "പെണ്ണൊണ്ടോ പെണ്ണേയ്യ്‌, പൂയ്‌ പൂയ്യ്‌" എന്നൊക്കെ ഘോരഘോരം ഓരിയിട്ട്‌ ക്ഷീണിച്ചു വാളുവച്ചിട്ടു കിട്ടിയ കോണ്ടാക്റ്റുകളൊക്കെ അന്തപ്പ ടിയാന്റെ ഫോട്ടോയിലെ മരമോന്ത കണ്ട്‌, അന്തിച്ചിരിക്കയും, ചാറ്റിങ്ങിനും സ്വീറ്റിങ്ങിനും അന്ത്യകൂദാശ കൊടുക്കയും ചെയ്തതോടെ "എനിക്കിതു വിധിച്ചിട്ടില്ലഡേയ്‌" എന്നൊരു വ്യാഴാഴ്‌ചദിവസം ജേ & ബിയുടേ അരക്കുപ്പി അകത്താക്കി സെന്റിമെന്റലായിപറയുകയും ചെയ്തതോടെ, "ന്നാപ്പിന്നെ ഈ ശവീനെ കെട്ടിച്ചിട്ടു തന്നെ കാര്യം" എന്നും പറഞ്ഞ്‌ കോളേജു മുതല്‍ കൂടെയുണ്ടായിരുന്ന അന്തപ്പ സുഹൃത്തുക്കള്‍, ഒരു ഫുള്ളും കൂടി ഒറ്റയിരിപ്പിനടിച്ച്‌, മുന്നിലിരുന്ന കടുമാങ്ങാ അച്ചാറിന്റെ ഗ്രേവിയില്‍ തള്ളവിരല്‍ മുക്കി നെറ്റിയില്‍ തിലകക്കുറിയണിഞ്ഞ്‌, അന്തപ്പന്റെ തലയില്‍ ഒരു പിടി പെരുംജീരകം വാരിയിട്ട്‌ ശപഥം ചെയ്തു.

അങ്ങനേയൊരു വെള്ളിയാഴ്ച ഒന്നരക്കുപ്പിയും കോയിഫ്രൈയും പൂശി രണ്ടുമണിക്കുതുടങ്ങിയ കൂര്‍ക്കം വലി നിര്‍ത്തി 5മണിയോടെ ഫ്രൈഡേ റുട്ടീനായ ബാറിലേക്കുള്ള ഈവനിങ്ങ്‌ വാക്കിനു പുറപ്പെട്ട ഗെഡീസ്‌ "ഞാന്‍ വരണില്ല്യ" എന്ന അന്തപ്പവചനം കേട്ടന്തിച്ചു നിന്നു.

"എന്തൂട്രാ പിശാശേ കാര്യം" എന്നുള്ള റിപ്പീറ്റഡ്‌ ഇന്ററോഗേഷനൊടുവിലാണ്‌ ഇന്റര്‍നെറ്റു വഴി വന്നൊരു മാര്യേജു പ്രപ്പോസലിനെപ്പറ്റിയും അന്നത്തെ ദിവസമാണു പെണ്ണു കാണല്‍ ചടങ്ങു നിശ്‌ചയിച്ചിരിക്കുന്നതെന്നുമുള്ള ജെട്ടി പോലുമിടാത്ത നഗ്ന സത്യങ്ങള്‍ അന്തപ്പന്‍ ഗെഡീസിനോടു പറയുന്നത്‌. ഇക്കാര്യം ഇത്രേം ദിവസം മറച്ചു വച്ചതിനു ഗെഡീസിന്റെ വായില്‍നിന്നും വന്നതൊക്കെ കേട്ട്‌ അന്തപ്പനു ഭരണി ദിവസം കൊടുങ്ങല്ലൂരെത്തിയ പ്രതീതി.

അന്തപ്പനാരാ മോന്‍, കറിയാച്ചന്റെ മോള്‍ടെ പ്രപ്പോസലാ, തനി കാഞ്ഞിരപ്പിള്ളി അച്ചായന്‍, ദുബായ്‌ സിറ്റിയില്‍ തന്നെ, കക്കൂസിലെ ആക്‍സസറീസ്‌ ( ക്ലോസറ്റ്‌, ടബ്‌ മുതലായവ സാനിറ്ററി വെയര്‍) വില്‍ക്കണ ഹോള്‍സയിലു ബിസിനസ്സ്‌, അമ്മച്ചിയാണേല്‍ ഹെഡ്‌ നേഴ്സ്‌, ഒറ്റ മോള്‍, എം.സി.ഏ ക്കാരി, അമേരിക്കയിലേക്കൊരു ഓഫര്‍ ഉണ്ട്‌, കല്യാണം കഴിഞ്ഞാല്‍, കഴിച്ചവനേയും കൊണ്ടു പോകാമത്രേ. അന്തപ്പനു ആകെ ഡവുട്ടടിച്ചു. ദുബായില്‍ അപ്പച്ചന്റെ കക്കൂസു ബിസിനസ്സു തുടരണോ, അതോ, അങ്ങു അമേരിക്കായില്‍ പോയി ഡോളറു വാരണോ?

അന്തപ്പന്റെ 4 ഗെഡീസില്‍ ഒരു ഗെഡിയായ വര്‍ക്കിച്ചന്‍ അന്തപ്പന്റെ സോള്‍ ഗെഡി. ബോബനും മോളീയും എന്ന ഇരട്ടപ്പേരുമുണ്ട്‌ ഇവര്‍ക്ക്‌. കൊരട്ടിയും, കൊരട്ടിയും വളരേ അടുത്താണല്ലോ കിടക്കുന്നത്‌, അന്തപ്പന്‍ കൊരട്ടിക്കാരന്‍ .. വര്‍ക്കിച്ചന്‍ എന്ന ആ പിശാശുമോറനും കൊരട്ടിക്കാരന്‍. അതായിരിക്കാം കാരണം. ബാറിലേക്കുള്ള ഈവനിങ്ങ്‌ വാക്കു ബോയ്ക്കോട്ടു ചെയ്ത്‌ അന്തപ്പനൊത്ത്‌ പെണ്ണുകാണാന്‍ വര്‍ക്കിച്ചനും പോകാമെന്നേറ്റു.

ഒരു ഡബ്ബ നീവിയയും, അതിന്റെ മോളിലൊരു സെന്റി കനത്തില്‍ പൌഡറും തേച്ച്‌, പുതുസായി വാങ്ങിയ കില്ലര്‍ ജീന്‍സുമൊക്കെ കേറ്റിയിട്ട്‌ അന്തപ്പന്‍ നിലക്കണ്ണാടിയുടെ മുന്നില്‍നിന്നും തിരിയുന്നു മറിയുന്നു... ഇതൊക്കെക്കണ്ടു സഹിയാഞ്ഞ്‌ "ഡാ, കന്നാലീ , മേയ്‌ക്കപ്പിനൊക്കെ ഒരു ലിമിറ്റ്‌ ഇണ്ട്രാ" എന്ന് ഏതോ ഗെഡി തോട്ടിയിട്ടു.

കറിയാച്ചന്‍ വരാന്‍ പറഞ്ഞിരിക്കുന്നത്‌ 6 മണിക്കു കരാമ പാര്‍ക്കില്‍. അന്തപ്പന്‍ 5 മിനിട്ടു മുന്‍പെത്തിയെങ്കിലും അച്ചായന്‍ അതാ ഓള്‍റെഡി അവിടത്തെ ഒരു ബെഞ്ചിലിരിപ്പുണ്ട്‌. യൂറോപ്യന്‍ ക്ലോസറ്റില്‍ ഇരിക്കുന്ന പോലെ രണ്ടു കൈകളും തുടകളില്‍ വച്ചിരിക്കുന്ന ആ പോസ്‌ചറു കണ്ടപ്പോ, അന്തപ്പനു ആളെ പെട്ടെന്നു അയിഡന്റിഫൈ ചെയ്യാനൊത്തു.

കൈകൊടുപ്പും കുശലാന്വേഷണവും കഴിഞ്ഞ അന്തപ്പനും വര്‍ക്കിച്ചനും ചുറ്റും നോക്കി, ക്‍ടാവ്‌ പോയിട്ട്‌ ക്‍ടാവിന്റെ പൂട പോലുമില്ല ആ ഏരിയാവില്‍! ഇതെന്തൂട്ട്‌ പെണ്ണുകാണല്‍ എന്നോര്‍ത്തു.

അപ്പഴാ ഒരു ചിന്ന പ്രശനം എന്ന് കറിയാച്ചന്‍ പറയുന്നത്‌! ജീന പെണ്ണിനു വല്ല്യ നാണമാ, അവളെ പെണ്ണു കാണാന്‍ വരുന്നതൊന്നും അവള്‍ക്കു ഇഷ്ടമല്ലത്രേ, ആയതിനാല്‍, പെണ്ണിനെ പാര്‍ക്കിന്റെ മറ്റൊരു വശത്ത്‌, നേഴ്സു മമ്മിയുടെ കൂടെ ഇരുത്തിയിട്ടാണ്‌ അച്ചായന്‍ ഇവിടത്തെ ക്ലോസറ്റില്‍ വന്നിരിക്കുന്നത്‌. പെണ്ണുകാണല്‍ ചടങ്ങ്‌ കുറച്ചു നാടകീയമാക്കാനാണു പുള്ളിയുടെ നിര്‍ദ്ദേശം, അതായത്‌ അവിടെ പാര്‍ക്കില്‍ നടക്കുന്നത്‌ പെണ്ണുകാണലാണെന്ന് ജീനപെണ്ണറിയരുത്‌!

എപ്പടി... അച്ചായനാണോ ഐഡിയക്കു പഞ്ഞം! പ്രിയദര്‍ശന്‍ മോഹന്‍ലാലിനു ഷോട്ടു വിവരിച്ചു കൊടുക്കും പോലെ, അച്ചായന്‍ അന്തപ്പനോടു തിരക്കഥ വിവരിച്ചു.

ജീനപ്പെണ്ണും മമ്മിയും ഇരിക്കുന്ന സ്ഥലം അച്ചായന്‍ കാണിച്ചു കൊടുക്കും. അവര്‍ക്കു മുന്നിലൂടെ അന്തപ്പനും വര്‍ക്കിച്ചനും നടക്കുക, പോകുന്ന പോക്കില്‍ പെണ്ണിനെ ശരിക്കും നോക്കണം. പത്തടി നടന്നു തിരിച്ച്‌ വീണ്ടും അതേ വഴി വരിക, വീണ്ടും നോക്കുക, തിരിച്ചു വന്നു ബാക്കി കാര്യങ്ങളു സംസാരിക്കാം.

ഓക്കേ.. അന്തപ്പനും വര്‍ക്കിച്ചനും സമ്മതിച്ചു, അല്ല അച്ചായന്‍ സമ്മതിപ്പിച്ചൂ!

ആദ്യ പെണ്ണുകാണലിന്റെ സഭാകമ്പത്തോടെ, ആദ്യ രാത്രിയില്‍ മണിയറയിലേക്കു നടക്കണ പുതുപ്പെണ്ണിനെപ്പോലെ വിറക്കുന്ന കാലുകളും, കയ്യില്‍ നിറഞ്ഞു തൂവുന്ന ഒരു പെപ്സി ബോട്ടിലുമായി അന്തപ്പനുണ്ണിയും വര്‍ക്കിച്ചനും മന്ദം മന്ദം ജീനപ്പെണ്ണിനരികിലേക്കു നീങ്ങി.

അമ്പലക്കുളത്തിന്റെ അരികേയുള്ളെ റോഡിലൂടെ നടക്കുന്ന ചുള്ളന്മാര്‍ പെണ്ണുങ്ങളുടെ കുളക്കടവെത്തുമ്പോള്‍ നോക്കുന്നപോലെ, അന്തപ്പന്‍ ഏറുകണ്ണിട്ട്‌ ജീനപ്പെണ്ണിനെ നോക്കി! അല്ലേലും ഏറുകണ്ണീട്ടു നോക്കാന്‍ അവന്‍ പണ്ടേ മിടുക്കനാ!

ആറരമണി നേരത്തുള്ള ആ പൂനിലാവിലും, പിന്നെ അപ്രത്തും ഇപ്രത്തുമൊക്കെയുള്ളെ നിയോണ്‍ ലൈറ്റുകളുടെ വെളിച്ചത്തിലും കുളിച്ച്‌ നമൃമുഖിയായി കാലിലെ തള്ളവിരല്‍ കൊണ്ട്‌ പാര്‍ക്കിലെ പുല്‍മേട്ടില്‍ ഡ്രോയിങ്ങു വരച്ചു പഠിക്കയായിരുന്ന ജീനപ്പെണ്ണ്, അന്തപ്പന്‍ അരികിലെത്തിയപ്പോള്‍ ഒന്നു തലയുയര്‍ത്തി!

ജീനപ്പെണ്ണിനെക്കണ്ട അന്തപ്പന്‍ വിസ്മയവദനനായി ശ്വാസം പോലും വലിക്കാനാവാതെ അഞ്ചു സെക്കന്‍ഡ്‌ അവിടെത്തന്നെ നിന്നു !

സീരിയല്‍ നടി പൊന്നമ്മ ബാബു ടാറിന്‍ വീപ്പയില്‍ വീണപോലത്തെ ഒരു മൊതല്‌ , കഷ്ടി 120 കിലോ തൂക്കം വരുന്ന ആ ശരീരത്തിന്റെ മൊത്തം ആ അരുണിമയിലും, അംബാസഡര്‍ കാറിന്റെ ഹെഡ്‌ലൈറ്റുപോലെ തിളങ്ങി തുറിച്ചു നില്‍ക്കുന്ന രണ്ടു കണ്ണുകള്‍, തലയെടുപ്പോടെ പുറത്തേക്കുന്തി നില്‍ക്കുന്ന ഓരോ പല്ലുകള്‍ക്കിടയിലും വെന്റിലേഷനു വേണ്ടിയിട്ടാണൊ എന്തോ, 3 മില്ലിമീറ്റര്‍ വച്ച്‌ ഗ്യാപ്‌, മൂക്കിന്റെ കാര്യം പറയുകയേ വേണ്ട, (എന്തേ മൂക്കില്ലേ, കിലുക്കത്തിലെ ജഗതിയുടെ ചോദ്യം ഓര്‍മ്മ വന്നു), ആകെ മൊത്തം ബ്ലാക്ക്‌ പെയിന്റടിച്ച്‌ ചുരിദാറിടുവിച്ച ഒരു റോഡ്‌ റോളര്‍ ഔട്ട്‌ലുക്ക്‌!

അന്തപ്പന്റെ വിറച്ചുകൊണ്ടിരുന്ന കാല്‍മുട്ടുകള്‍ ഇതോടെ കൂട്ടിയിടിക്കാന്‍ തുടങ്ങി. ഈമെയില്‍ വഴി ഫോട്ടൊ അയച്ചു തരാന്‍ പറഞ്ഞപ്പോള്‍, ഇതാണല്ലേ കക്കൂസച്ചായന്‍ "അതൊന്നും വേണ്ട, നമ്മക്ക്‌ നേരില്‍ കാണാല്ലോ" എന്നു പറഞ്ഞത്‌. ആ സൌന്ദര്യധാമത്തെക്കണ്ട്‌ അന്തപ്പനു മോഹാലസ്യം തോന്നി . തളര്‍ന്നു വീഴാതിരിക്കാന്‍ അന്തപ്പന്‍ വര്‍ക്കിച്ചന്റെ കൈപിടിച്ചു.

തിരക്കഥപ്രകാരം അന്തപ്പന്‍ ഒരു വിധത്തില്‍ പത്തടി മുന്നോട്ടു നടന്ന് ഒന്നു നിന്നു. അടുത്ത സ്റ്റെപ്പ്‌ തിരിച്ചു നടത്തമാണ്‌.

ഈ മൊതലിനെ കണ്ടിടത്തോളം, തിരിച്ചു നടത്തം ബുദ്ധിപരമായ ഒന്നല്ലെന്നും, IPC 317 ആം വകുപ്പുപ്രകാരം ആത്മഹത്യാപരമായിരിക്കുമെന്നും അന്തപ്പന്‍ മനസ്സിലാക്കി. പിന്നെയുള്ളതൊക്കെ യാന്ത്രികമായിരുന്നു. അല്ലേലും മനസ്സു മുരടിച്ചാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കുമെന്നു ഏതോ കോന്തന്‍ പറഞ്ഞിട്ടുണ്ടല്ലോ.

തിരിച്ച്‌ "പീഛേ മൂഠ്‌" അടിച്ചു വരാന്‍ കാത്തിരിക്കുന്ന കറിയാച്ചന്റെ ആഗ്രഹങ്ങള്‍ക്കു പുല്ലു വില കല്‍പ്പിച്ച്‌ "തോമാസൂകുട്ടീ വിട്ടോടാ" എന്ന ഓര്‍ഡര്‍ കേട്ട മുകേഷിനേയും ജഗദീഷിനേയും പോലെ, "എനിക്കു കല്യാണോം വേണ്ട ഒരു മാങ്ങാത്തൊലിയും വേണ്ടേയ്‌യ്‌യ്‌.." എന്ന സ്റ്റേറ്റ്‌ ഓഫ്‌ മൈന്‍ഡില്‍ ധൃതിയില്‍ സ്ഥലം കാലിയാക്കിയ അന്തപ്പനും വര്‍ക്കിച്ചനും അങ്ങകലേ ഒരു ബിന്ദുവായി മാറുന്നതു കണ്ട കറിയാച്ചന്‍ നിരാശനായി മനസ്സില്‍പറഞ്ഞു...

" കള്ളത്തിരുമാലികള്‍ ..... ഒന്നു പറഞ്ഞിട്ടു പോവരുതോ ഇവന്മാര്‍ക്ക് "

Read more...

ഫെയ്‌സ്‌ വാല്യൂ

Tuesday, September 12, 2006

1992 നവംബര്‍ - ഞങ്ങളുടെ ഫൈനല്‍ ഇയര്‍ സ്റ്റഡി ടൂറിന്റെ ഡേറ്റും ഐറ്റെനറിയും തീരുമാനമായി !

10 ദിവസം, അറ്റന്‍ഡന്‍സോടെ മൈസൂര്‍, ബാംഗ്ലൂര്‍, കൊഡൈക്കനാല്‍, മദ്രാസ്‌, ഊട്ടി എന്നിവിടങ്ങളില്‍ അര്‍മാദിക്കാനൊരവസരം!

പത്തു ദിവസം കേരളത്തില്‍ നിന്നും വിട്ടുനിന്നാലെങ്കിലും പിള്ളേര്‍ക്കു വെവരം വെക്കട്ടേയെന്ന തോന്നലിനാലോ എന്തോ, "സ്റ്റഡി ടൂര്‍" എന്ന പേരില്‍ കോളേജധികൃതര്‍ എല്ലാ വര്‍ഷവും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കനുവദിക്കുന്നൊരു ആനുകൂല്യം! കൂടെ രണ്ടു മൂന്നു ടീച്ചര്‍/മാഷന്മാരും ഉണ്ടാവും, പിള്ളാരുടെ ചെലവില്‍ ഊരു തെണ്ടലിനായി.

ഈ സ്റ്റഡി ടൂറിനു എന്തൊക്കെ പഠിച്ചു എന്നു ചോദിച്ചാല്‍, വെള്ളവും സോഡയുമൊഴിക്കാതെ പാറപ്പുറത്തിരുന്ന്‌ (ഓണ്‍ ദ റോക്ക്സ്‌) സ്മാളടിക്കാനും, ഭംഗിയായി വൃത്തം, ചതുരം, മട്ടകോണം, എന്നീ ഷേപ്പുകളില്‍ വാളു വക്കാനും പഠിച്ചുവെന്നായിരിക്കും ഭൂരിഭാഗം പിള്ളാരും പറയുക എന്നതു റജീനക്കു പോലും മാറ്റിപ്പറയാനാവാത്തൊരു സത്യം!

അവന്‍ കയറിയിരുന്നപ്പോള്‍ ലോഗരിതം ടേബിളിന്റെ കാലൊടിഞ്ഞ മൂലം 250 രൂപ കോളേജില്‍ ഫൈന്‍ അടക്കണമെന്നു പറഞ്ഞു വീട്ടില്‍ നിന്നും കാശുവാങ്ങി അതും കൊണ്ടു സ്മാളടിച്ച കാടന്‍ സജി മുതല്‍, 12 ആം വയസ്സില്‍ പറയാന്‍ പറ്റാത്തിടത്തൊരു ചെറിയ കുരു വന്നതു കണ്ടു ഭയന്ന്‌, അച്ഛനോട്‌ "അച്ഛാ, എനിക്കൊരു ലൈംഗിക പ്രശ്നമുണ്ടെന്നു പറഞ്ഞ" സതീഷ്‌ വരേയുള്ള, സൂപ്പര്‍-7 ഗ്യാങ്ങിലെ ബാക്കി സകല അലക്കുലുത്തുകളും പോകുമ്പോള്‍ അതിലൊരു ഹോണററി മെമ്പറായ ഞാനെങ്ങനെ ഈ ടൂറു മിസ്സാക്കും ??

രണ്ടായിരം രൂപയാണു ചെലവു. വഴിച്ചിലവിനു പുട്ടടി, വെള്ളടി എന്നിവക്കു കാശു വേറേയും വേണം ! ആകെ മൊത്തം ഒരു മൂവായിരത്തഞ്ഞൂറെങ്കിലും ഇല്ലെങ്കില്‍ നാണക്കേടാ.

മാസം വെറും എട്ടായിരം രൂപ ശമ്പളം വാങ്ങുന്നൊരു സര്‍ക്കാരുദ്യോഗസ്ഥനായ അച്ഛനോട്‌ (അതൊരു ഊഹ ശമ്പളമാണേ, റിട്ടയറാവുന്ന വരെ പുള്ളി ശമ്പളം അമ്മയോടോ, ഞങ്ങളു പിള്ളേരോടോ പറഞ്ഞിട്ടില്ല) ടൂറിനു പോകാന്‍ 3500 ക ചോദിച്ചാല്‍, പൈസ കിട്ടില്ലെന്നതുമാത്രമല്ല, ഇതെങ്ങാനും കേട്ട്‌ അങ്ങേര്‍ക്കു വല്ല ബോധക്ഷയവും വരുമോ എന്നൊരു പേടിയും എന്നില്‍ ഇല്ലാതിരുന്നില്ല.

ഈ ടൂറിനു പോയില്ലെങ്കില്‍ വൈവക്കു മാഷന്മാര്‍ മാര്‍ക്കു കുറക്കും, ഇന്റേണല്‍ അസ്സസ്മെന്റിനു മാര്‍ക്കു കുറയും, പിന്നെ റാങ്കു കിട്ടാത്തതിനു എന്നെപ്പറയണ്ടാ, എന്നൊക്കെപ്പറഞ്ഞ്‌ ഒരു വിധത്തില്‍ സമ്മതിപ്പിക്കാന്‍ എന്നെ സഹായിച്ചത്‌, നമ്പറുകളിട്ട്‌ കാര്യം കാണാനുള്ള എന്റെ വെറും നാക്ക് മാത്രമാണ്‌ ( വായിലെ നാക്കല്ല.. Knack എന്ന "ക്‍നാക്ക്‌") അതോടെ സൂപ്പര്‍-7 ഫുള്‍ സ്റ്റ്രെങ്ങ്തില്‍ ടൂറിനുണ്ടാവുമെന്നറിഞ്ഞ്ഞ്ഞങ്ങള്‍ ഏഴു മെമ്പേഴ്സും ആഹ്ലാദിച്ചു !

ഞങ്ങടെ കൂടെ ടൂറിനു വരുന്നത്‌, ക്ലാസ്‌ ടീച്ചറായിരുന്ന രമണി (ശരിയായ പേരല്ലേയല്ല) പിന്നെ, മൈക്രോ പ്രോസസര്‍ പടിപ്പിക്കാന്‍ ഗസ്റ്റ്‌ ലക്‍ചര്‍ ആയി വന്ന ജയകുമാര്‍ എന്ന, ജങ്കു, എന്നു ഞങ്ങള്‍ വിളിച്ചിരുന്ന, ചിന്നപ്പയ്യന്‍ മാഷ്‌, പിന്നെ, അപ്രതീക്ഷിതമായി, "കുതിരവട്ടം പപ്പു" എന്നു ഞങ്ങളു സ്നേഹത്തോടെ വിളിക്കുന്ന കൃഷ്ണന്‍ മാഷും! ( ഇതും ശെരി പേരല്ല).

ജങ്കുവിനെ ആയിടക്കാണു ഞാന്‍ ശെരിക്കൊന്നു കാണുന്നത്‌. 3-4 മാസമായി ഞങ്ങളെ മൈക്രോപ്രോസസര്‍ പഠിപ്പിച്ചിരുന്നയാളാണെങ്കിലും, ആ സബ്ജക്റ്റിനു ക്ലാസില്‍ കയറാത്തമൂലം മുന്‍പു പരിചയപ്പെടാനൊത്തില്ല.

ഇലക്റ്റ്രിക്കലിനു പടിപ്പിക്കുന്ന ഈ പപ്പു എന്തിനാണ്‌ ഞങ്ങളു ഇലക്ട്രോണിക്സുകാരുടെ കൂടെ സ്റ്റഡി ടൂറിനു വരുന്നതെന്ന്, ഞങ്ങളാര്‍ക്കും മനസ്സിലായില്ലെങ്കിലും, ഇലക്റ്റ്രോണിക്സിലെ "സ്റ്റാഫ്‌ ഷോര്‍ട്ടേജ്‌" മൂലമാണു പപ്പുപ്പഹയനു ഇങ്ങനൊരു സൌഭാഗ്യം കിടൈച്ചതെന്നു പിന്നീടറിഞ്ഞപ്പോള്‍, ഞങ്ങളു പ്രിന്‍സിപ്പാളിനെ മനസ്സില്‍ പ്രാകി!

അങ്ങനെ ആ സുദിനം വന്നെത്തി. 21 സ്റ്റുഡന്റ്സും, 2 മാഷന്മാരും, കൂടെയുള്ള 3 വിദ്യാര്‍ത്ഥിനികളുടെ സംരക്ഷണത്തിനായി ഒരു ലേഡി ടീച്ചറുമുള്ള ടീം രാത്രി 9 മണിക്കു കോളെജ്‌ അങ്കണത്തില്‍ നിന്നും പുറപ്പെടുന്നു. സൂപ്പര്‍ -7 ലെ ഏഴുപേരും 7 മണിക്കു തന്നെ കോളെജില്‍ വന്നു നേരെ ഹൈറോഡിലെ പാരഗണ്‍ ബാറില്‍ പോയി അടിച്ചു കിണ്ടിയായി, തിരിച്ചു കോളേജിലേക്കു നടന്നു. സ്റ്റഡി ടൂറിന്റെ ആദ്യപാഠങ്ങള്‍ !

"ലോങ്ങ്‌ ട്രിപ്പിനു മുന്‍പ്‌ വെള്ളമടിച്ചു വണ്ടീക്കേറിയാല്‍ സുഖമായിട്ടുറങ്ങാം!"

ഊട്ടിയില്‍ വൈന്‍ഷോപ്പിനു മുന്നില്‍ നിന്നും "കൌണ്ടര്‍" അടിച്ചുകൊണ്ടിരുന്ന ഞാനും സതീഷും സജിയും, പപ്പു മാഷ്‌ ഷാപ്പിലേക്കു വരുന്ന കണ്ടു ഞെട്ടി. "സാറല്ലേ" എന്ന ബഹുമാനത്തിന്റെ പുറത്ത്‌ അങ്ങേര്‍ക്കൊരു പെഗ്‌ ഓഫര്‍ ചെയ്ത എന്നോട്‌ അങ്ങേരൊരു ചാട്ടം ' എടോ.. ഞാന്‍ നിങ്ങടെ സാറാണെന്ന കാര്യം താന്‍ മറന്നോ?". പിന്നേ, പട്ടഷാപ്പിലല്ലേ തന്റെ സദാചാരം? ഇങ്ങേരെ കുടിപ്പിക്കാതെ എനിക്കു വല്യ കഴപ്പല്ല്യോ?

അങ്ങനെ ഊട്ടി-മൈസൂര്‍-ബാംഗ്ലൂര്‍ ഒക്കെ കഴിഞ്ഞു ഞങ്ങള്‍ മദിരാശിയിലെത്തി. പോകുന്ന വഴിക്കു കണ്ട സ്ഥലങ്ങളില്‍ ആകെ ഓര്‍മ്മയുള്ളതു ബാംഗ്ലൂരിലെ പ്ലാനിറ്റോറിയമാണ്‌ ! എങ്ങനെ ഓര്‍മ വരും നല്ല ആമ്പല്‍പൂവിന്റെസ്വഭാവമല്ലേ, ഫുള്‍ ടൈം വെള്ളത്തില്‍ ! അടിച്ചു പിമ്പിരിയായിരിക്കുമ്പോള്‍ കാണാത്ത പല നക്ഷത്രങ്ങളേയും ആ പ്ലാനിറ്റോറിയത്തില്‍ അന്നു കണ്ടു !

അങ്ങനെ ഞങ്ങളു മദ്രാസിലെത്തി. അണ്ണന്മാരുടെ നാട്‌, ചത്തു വടിയായിക്കിടക്കുമ്പോള്‍പോലും ബ്ലാക്ക്‌ കണ്ണടകള്‍ വച്ചു ചെത്തുന്ന അണ്ണന്മാരുടെ നാട്‌. കൂള്‍ കൂളായി മലയാളത്തിലെ ഒരു മുട്ടന്‍ തെറി അങ്ങോട്ടുമിങ്ങോട്ടും വിളിച്ചു കളിക്കുന്നവരുടെ നാട്‌. ഗോള്‍ഡ്‌ സ്പ്പോട്ടിന്റെ കുപ്പി കഴുകി വളിയരികിലിരുന്നു മഞ്ഞ നിറത്തിലുള്ള വെള്ളം നിറച്ചു കൂള്‍ഡ്രിങ്കാക്കി വില്‍ക്കുന്ന നാട്‌. ഒന്നരക്കുപ്പി എണ്ണ മുഖത്തും മുടിയിലും വെച്ചു തേച്ച്‌, അതിന്റെ മോളിലൊരു രണ്ടരക്കിലോ മല്ലിഹൈപ്പൂവും വച്ച്‌ മുടി പിന്നിയിട്ട്‌ പശുവിന്റെവാലുപോലെ ആട്ടിയാട്ടി നടക്കും അണ്ണാച്ചിനികളുടെ നാട്‌, തെങ്ങോളം ഉയരത്തില്‍ രെജനിയുടെ ടിസ്റ്റടിയും, വിജയകാന്തിന്റെ മെഷീന്‍ ഗണ്‍ കട്ടൌട്ടുകളും റോഡരികില്‍ വച്ചിരിക്കുന്ന നാട്‌. അപ്പിയുടേയും മൂത്രത്തിന്റേയും നാറ്റമുള്ള വഴിയരികില്‍ ബസ്സു പാര്‍ക്കു ചെയ്ത്‌ ഡ്രൈവര്‍ ഹോട്ടലില്‍ റൂം അന്വേഷിച്ചു പോയി. ആ ഇട്ടാവട്ടത്തിരുന്നു തായം കളിക്കാന്‍ ഞങ്ങള്‍ക്കു സമയമില്ലെന്നല്ല, താല്‍പര്യമില്ലാത്തതിനാല്‍, അടുത്തു കണ്ട ബാറിലേക്കു നീങ്ങി

അവിടന്നൊരു ലെവലായപ്പോള്‍ റൂമില്‍ കയറി ഫ്രഷായി ഷോപ്പിങ്ങിനിറങ്ങി. പാരീസ്‌ ബസാറിലേക്ക്‌. പേരു കേട്ടു ഞെട്ടണ്ടാ, വഴിയോരക്കച്ചവടക്കാരുടെ ഒരു കോളനിയാണിത്‌. സാരികള്‍ വലിച്ചുകെട്ടി ഒരു ടെന്റു പോലെയാക്കി നിരന്നിരിക്കുന്ന കടകളില്‍ റാലി സൈക്കിളിന്റെ "ക്‍ര്‍ണീം..ക്‍ര്‍ണീം" മണി മുതല്‍ റോള്‍സ്‌ റോയ്സിന്റെ ബ്രേക്ക്‌ പാഡു വരെ കിട്ടുമെന്നാണു പറഞ്ഞു കേട്ടിരിക്കുന്നത്‌.

ഒരു സഹപാഠിയുടെ കസിന്‍, "പാരീസ്‌" ബസാറിനെക്കുറിച്ച്‌ ചെറിയൊരു വിവരണമൊക്കെ തന്നിരുന്നു, അതായത്‌, വാങ്ങാന്‍ ഉദ്ദേശമില്ലാത്ത സാധനങ്ങള്‍ വെറുതെ വില ചോദിക്കരുത്‌, ചോദിച്ചാല്‍ പിന്നെ ലവന്മാര്‍ അതു വാങ്ങിപ്പിച്ചേ നമ്മളെ വിടൂ !

എവിടെപ്പോയാലും ആ സ്ഥലത്തിന്റെ ഓര്‍മ്മക്കായി ഒരു "മൊമെന്റോ" വാങ്ങുക എന്നതു ഇന്നും പതിവാ! മാഹിയില്‍ പോയാല്‍ ഒരു ഫുള്‍ ബോട്ടില്‍, കണ്ണൂരു പോയാല്‍ ഫുള്‍ ബോട്ടിലും കൊടുവാളും, മലപ്പുറത്തു നിന്നൊരു കത്തിയും പിന്നൊരു ഫുള്‍ ബോട്ടിലും, കോയിക്കോട്ട്‌ന്ന്, ചേയ്‌, അവിടന്നൊന്നും വേണ്ട.... എന്നപോലെ, മദ്രാസില്‍ നിന്നൊരു കൂളിങ്ങ്‌ ഗ്ലാസു വാങ്ങണമെന്നോര്‍ത്താണു ഞാന്‍ പാരീസ്‌ ബസാറിലോട്ടു കയറിയത്‌. കൂടെ സ്ഥിരം ഗെഡീസായ സജി, സതീഷ്‌, ശിവനും!

ദാ കാണുന്നു കണ്ണട വില്‍ക്കുന്ന കട.. കമലഹാസന്‍, രെജനി, ശരത്‌ മുതലായ മോഡലു തൊട്ട്‌ എം.ജീ.ആറും കരുണാനിധിയും വക്കുന്ന ടൈപ്പു കണ്ണടകള്‍ വരെയങ്ങു നെരന്നിരിന്നു എന്നെ മാടി മാടി വിളിച്ചു. കൂടെയുള്ളവരൊക്കെ ഓരോ കടകളില്‍ കയറി എന്തോക്കെയോ നോക്കുന്നുണ്ട്‌.

ആദ്യത്തെ കടയില്‍ തന്നെ കയറി ഞാന്‍ ചോദിച്ചു..

"അണ്ണാച്ചി, ഇതുക്ക്‌ എന്നൈ വില?"

"300 രൂപാ അണ്ണാ" ഹോ എന്തൊരു വിനയം.

ഇരുപത്‌, കൂടിയാലൊരു 30 നു കിട്ടുന്ന സാധനമാ, അണ്ണാച്ചി എന്നുടൈ തലയില്‍ 300 നു പിടിപ്പിക്കാന്‍ നോക്കുന്നത്‌. ഞാന്‍ മനസ്സിലോര്‍ത്തു

30 രൂപക്കു തരുമോ ?

എന്റെ ചോദ്യം കേട്ടതോടെ മുരളീധരന്‍ മുന്നണി മാറുന്നപോലെ അണ്ണാച്ചിയുടെ സ്വഭാവം മാറി.

"ഏണ്ടാ, വെളയാടറിയാ?" എന്നവന്‍ ചോദിച്ചതോടെ ഇനിയിവടെ നില്‍ക്കുന്നതത്ര പന്തിയല്ലെന്നു തോന്നി, ഞാന്‍ മെല്ലെ തിരിച്ചു നടക്കാന്‍ തുടങ്ങിയതും അണ്ണാച്ചിയെന്റെ കയ്യേക്കേറിയൊരു പിടുത്തം.

250 രൂപക്ക്‌ ആ കൂളിംഗ്‌ ഗ്ലാസു വാങ്ങാതെ എന്നെയിവന്‍ വിടില്ലായെന്നു മനസ്സിലായപ്പോള്‍ ഞാനും ചെറിയ ബലപ്രയോഗം തുടങ്ങി. അകത്തു കിടക്കുന്ന മാക്‌-ഡൊവലിന്റെ ഒരു ധൈര്യമേ. അണ്ണാച്ചിക്കിട്ടൊരു തള്ളു കൊടുത്തതോടെ രംഗം ചൂടായി. ഇതു കണ്ടു നിന്ന എന്റെ ഗെഡികളും, സമീപത്തുള്ള കടക്കാരും സ്പോട്ടിലെത്തി.

ഇതിനിടക്ക്‌, കാടന്‍ സജി, ആ അണ്ണാച്ചിയുടെ കഴുത്തിനു കയറിപ്പിടിച്ചൊരു ചോദ്യം:
"ഡായ്‌, ഞാനാരാണെന്നു നെനക്കറിയുവോടാ? കൊരട്ടി എസ്സൈ എന്റെ അളിയനാ, മനസ്സിലായോ?" വിവരക്കേടിനു ക്ലീന്‍ഷേവായൊരു 5'5" മനുഷ്യരൂപം വച്ചതോ ഇവന്‍ എന്ന സംശയത്തോടെ ഞാന്‍ സജിയെ നോക്കി അവിടന്നു പിടിച്ചുമാറ്റി.

തര്‍ക്കം മൂത്തപ്പോള്‍, അപ്പുറത്തെ കടക്കാരെല്ലാം ഇടപെട്ട്‌, ഒരു കോമ്പ്രമൈസ്‌ എന്ന നിലയില്‍ എന്നോട്‌ ഈ കൂളിംഗ്‌ ഗ്ലാസ്‌ 200 രൂപക്ക്‌ വാങ്ങിപ്പിക്കാന്‍ ശ്രമം നടത്തി. എനിക്കിതു വേണ്ട എന്ന വാശിയില്‍ ഞാനും.

ഇതിനിടക്കാണ്‌, ഞാന്‍ വഴക്കടിച്ച അണ്ണാച്ചി, എന്നെ നോക്കി കഴുത്തു വെട്ടിച്ചു കൊണ്ട്‌ എന്തോ ആംഗ്യം കാണിക്കുന്നു, മിമിക്സ്‌ പരേഡിലെ ഇന്നസെന്റ്‌ അവതരിപ്പിച്ച്‌ അച്ചന്റെ ഞെട്ടുവാതം പോലെ. എന്റെ പുറകിലെന്തോ അനക്കം കേട്ടപോലെ തോന്നി ഇടതുതോളിന്റെ മുകളിലൂടെ നോക്കിയപ്പോള്‍, ദാ നില്‍ക്കുന്നു ഒരാജാനുബാഹു, ചാവക്കാടു കടപ്പുറത്തെ മുക്കുവന്മാരുടെ വല പോലെ നിറയെ തുളകളുള്ളൊരു ബനിയനും, ഒരു കീറ ജീന്‍സുമിട്ട്‌ പുറകെയില്‍ കയ്യും കെട്ടി. അവനെ നോക്കിയിട്ടാണ്‌ അണ്ണാച്ചി ആംഗ്യം കാണിക്കുന്നത്‌!

അവനെ ആകെയൊന്നു നോക്കിയ ഞാന്‍ ഇവന്റെ രണ്ടു കാലുകള്‍ക്കിടയില്‍ പുറകില്‍ വാലു പോലെയെന്തോ തൂങ്ങിയാടുന്ന പോലെ തോന്നി ഒന്നുകൂടി സൂക്ഷിച്ചുനോക്കിയപ്പോള്‍ മനസ്സിലായി, ഹോക്കി സ്റ്റിക്ക്‌!

ദൈവമേ, ഇവിടത്തുകാരൊക്കെ ആസനത്തില്‍ ഹോക്കിസ്റ്റിക്കും കൊണ്ടാണോ ജനിക്കുന്നത്‌, അതോ ഈ നിക്കുന്നോന്‍ ധ്യാന്‍ചന്ദിന്റെയോ ധന്‍രാജ്‌ പിള്ളയുടേയോ അളിയനോ മച്ചമ്പിയോ മറ്റോ ആണോ, എന്നൊന്നുമല്ല എന്റെ ചിന്തയിലപ്പോള്‍ പോയത്‌.. മറിച്ച്‌, ദീ ചുള്ളന്‍ ആ സ്റ്റിക്കും വച്ച്‌ എന്റെ തലക്കൊരു പെനാല്‍റ്റി കിക്കെടുത്താല്‍ അടുത്തടുത്ത്‌ ഗോള്‍ പോസ്റ്റുപോലെ തുറന്നു വച്ചിരിക്കുന്ന കടകളുടെ ഉള്ളില്‍പോയി വീണ എന്റെ തല ആരു പെറുക്കിക്കൊണ്ടു വരും എന്നായിരുന്നു.

അന്നത്തെ കാലത്ത്‌, എന്റെ തലക്കു ഞാന്‍ പ്രഖ്യാപിച്ചിരുന്ന "ഫെയ്‌സ്‌ വാല്യൂ" 200 രൂപയില്‍ കൂടുതലായതിനാല്‍, അത്രയും പൈസ കൊടുത്ത്‌ ബുദ്ധിപൂര്‍വം ഞാന്‍ തടിയൂരി.

Read more...

ഡൈവോഴ്സ്‌

Tuesday, September 05, 2006

കമ്പനിയില്‍ നിന്നും തരക്കേടില്ലാത്ത ഒരു ഇന്‍ക്രിമെന്റു കിട്ടിയപ്പോഴാണ്‌, ഇപ്പോള്‍ മൂന്നു പേര്‍ കൂടി താമസിക്കുന്ന കുടുസുമുറി വിട്ട്‌ കുറച്ചുകൂടി വിശാലമായൊരു മുറിയിലേക്കു മാറാന്‍ ഞാനും, എന്റെ റൂം മേറ്റായ ബിജു പീറ്ററും തീരുമാനിച്ചത്‌. അല്ലാതെ, അബുദാബിയിലെ, മലയാളി ബാറുകളായ, കൈരളി, ത്രിവേണി, തംബുരു, എന്നിവിടങ്ങളില്‍ പുലര്‍ച്ചെ ഷാപ്പടക്കും വരെ ബിയറുമടിച്ച്‌ റൂമില്‍ വന്നു, ലൈറ്റിട്ടും ശബ്ദമുണ്ടാക്കിയും മറ്റു റൂമ്മേറ്റ്സിനു ശല്യമായതിനാല്‍ ഹൗസോണര്‍ മാറാന്‍ പറഞ്ഞതൊന്നുമല്ല.

അങ്ങനെ ആയിരം ദിര്‍ഹംസ്‌ മാസ വാടകയില്‍ തരക്കേടില്ലാത്തൊരു മുറി വാടകക്ക്‌ സംഘടിപ്പിച്ച്‌ ഞാനും ബിജുവും താമസം മാറി, അബുദാബിയിലെ ഹംദാന്‍ സ്റ്റ്രീറ്റിലെ ആ ഇരുപതുനില കെട്ടിടത്തിലെ ത്രീ ബെഡ്രൂം ഫ്ലാറ്റുകളിലൊന്നിലെ ഒരു പത്തേ ബൈ പത്തടി റൂമിന്റെ "ഹൗസോണറായി" ത്തീര്‍ന്നു ഞാന്‍!

ഈനാമ്പേച്ചിക്ക്‌ മരപ്പട്ടി കൂട്ട്‌ എന്നപോലെയായിരുന്നു ഞാനും ബിജുവും തമ്മിലുള്ള കമ്പനി. ഞങ്ങളുടെ പഴയ രണ്ടു സഹമുറിയന്മാരും മദ്യപാനികളല്ലാത്തതിനാല്‍, പഴയ റൂമില്‍ വച്ചുള്ള സ്മാളടികള്‍ അത്ര ഈസിയായിരുന്നില്ലെന്ന കാരണത്താലാണ്‌ കൂടുതല്‍ എക്‍സ്‌പെന്‍സീവ്‌ ഓപ്ഷനായ കൈരളി, ത്രിവേണി, തംബുരു എന്നി സ്ഥലങ്ങള്‍ ഞങ്ങള്‍ തെരെഞ്ഞെടുത്തിരുന്നത്‌ ! സ്വന്തമായൊരു മുറിയെടുത്തതോടെ പിന്നിനി പറയാനുണ്ടോ.. അര്‍മാദം തന്നെ അര്‍മാദം ! പതിനാറാം വയസ്സില്‍ മാതാപിതാക്കള്‍ ഹോസ്റ്റലിലേക്കു പറഞ്ഞു വിട്ട പയ്യന്‍സിനെപ്പോലെ, 1947 ഇല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയപ്പോള്‍ സന്തോഷിച്ച ഇന്ത്യക്കാരെപ്പോലെ, സ്വാതന്ത്ര്യം തന്നെ അമൃതം, പാരതന്ത്യം മാനികള്‍ക്കു മൃതിയേക്കാള്‍ ഭയാനകം എന്ന ആപ്തവാക്യം മനസ്സിലുരുവിട്ട്‌ ഞങ്ങള്‍ ആസ്വദിച്ചു. സതോഷം വന്നാല്‍ അടി, സങ്കടം വന്നാല്‍ അടി, ലൈസന്‍സു കിട്ടിയാല്‍ അടി, കാറു വാങ്ങിയാല്‍ അടി, അതു വിറ്റാല്‍ അടി എന്നീ സാദാ കാരണങ്ങളൊന്നും പോരാഞ്ഞു സ്മാളടിക്കാന്‍ പുതിയ ഹേതുക്കള്‍ക്കായി ഞങ്ങളുടെ തലകള്‍ പുകഞ്ഞു.

അന്നെനിക്കു 26 വയസ്സ്‌. സച്ചിന്‍ ടെന്‍ഡുക്കറെപ്പോലെ ഒരു 23 വയസ്സിലെങ്കിലും കല്യാണം കഴിച്ചു, ശേഷിച്ച ജീവിതം സുഖമായി കഴിഞ്ഞുകൂടണം എന്നായിരുന്നു എന്റെ ജീവിതാഭിലാഷമെങ്കിലും, എന്നെ വളര്‍ത്തി വലുതാക്കി, പഠിപ്പിച്ച ചെലവിന്റെ ടെന്‍ പെര്‍സന്റുപോലും "യൂ.ഏ.ഈ" എക്സ്‌ചേഞ്ചു വഴി ഡ്രാഫ്റ്റായിട്ടു ഞാന്‍ മാതാപിതാക്കള്‍ക്ക്‌ അയച്ചുകൊടുത്തിട്ടില്ലാത്തതിനാലും, നെനക്ക്‌ എന്തിന്റെ പിരാന്താ മോനേ" എന്നു വീട്ടുകാര്‍ ചോദിച്ചാല്‍ പിന്നെ "കല്യാണപ്രായമെത്തും മുന്‍പു ആത്മഹത്യ ചെയ്തവന്‍" എന്ന ഖ്യാതി കിട്ടുമെന്നതിനാലും 26 വയസ്സു വരെ ആഗ്രഹങ്ങളൊക്കെ കടിച്ചമര്‍ത്തി, പൊട്ടിത്തെറിക്കാറായ "പൂളക്കായ" പോലെ ജീവിച്ചുപോന്നു. സ്ത്രീകള്‍ നല്ല ഭര്‍ത്താക്കന്മാരെക്കിട്ടാന്‍ "തിങ്കളാഴ്ച നോയമ്പു" നോല്‍ക്കുന്നപോലെ, പെട്ടെന്നുള്ള മംഗല്യ സൗഭാഗ്യത്തിനായി ഞാന്‍ വീക്കെന്‍ഡുകളില്‍ "വ്യാഴാഴ്ച വൃതങ്ങള്‍ നേര്‍ന്നു( ഒരു ഫുള്‍ ബോട്ടില്‍ രണ്ടു പേരുകൂടി പുലര്‍ച്ചെ മൂന്നുമണി വരേ ഒറ്റയിരുപ്പിനു തീര്‍ക്കുന്ന പ്രത്യേക രീതിയിലുള്ള ഈ വൃതം ഗള്‍ഫു നാടുകളിലാണ്‌ സാധാരണമായി കണ്ടുവരാറുള്ളത്‌).

അങ്ങനെ തുടര്‍ച്ചയായുള്ള വ്യാഴാഴ്ച വൃതങ്ങളില്‍ കല്യാണ ദേവന്‍ എന്നിലും ബിജുവിലും പ്രസാദിച്ചു. നാട്ടില്‍ നിന്നും ഒരു ദിവസം ഒരു പ്രപ്പോസല്‍ വന്നെന്നു അമ്മ പറഞ്ഞ ദിവസം തന്നെ "ശാദി.കോം, ജീവന്‍ സാത്തി.കോം,കേരളാ മാറ്റ്രിമോണി" തുടങ്ങിയ സകല സൈറ്റുകളിലും ഞാന്‍ റെജിസ്റ്റര്‍ ചെയ്തു. എനിക്കു കല്യാണപ്രായമായിയെന്നു വീട്ടുകാര്‍ക്കു തോന്നിയിരിക്കുന്നൂ ! അന്നത്തെ ദിവസം വ്യാഴാഴ്ചയല്ലാതിരുന്നിട്ടുകൂടി ഞാന്‍ വൃതമെടുത്തു.. ഏത്‌, മറ്റേ വൃതം ;). "അപ്പച്ചന്‍ പെണ്ണിനെ നോക്കിയില്ലേലും സാരമില്ല, അവരുടെ സെറ്റപ്പൊക്കെനന്നായിട്ടു നോക്കണേ" എന്ന് ബിജു അവന്റപ്പനോട്‌ ഫോണ്‍ ചെയ്തു വിളിച്ചുപറയുന്നതും ഞാന്‍ കേട്ടു!

റൂം എന്റെയാണെങ്കിലും, ആ ഫ്ലാറ്റ്‌, കുമാരേട്ടാ എന്നു "ശ്രീകൃഷ്ണപ്പരുന്ത്‌" സിനിമയിലെ യക്ഷി വിളിക്കുന്നപോലെ ഞങ്ങള്‍ സ്നേഹത്തോടേയും, "കഷണ്ടി" എന്നു അങ്ങേരു കേള്‍ക്കാതേയും "$%&^#*&" എന്നു ഉടക്കു ഘട്ടങ്ങളിലും വിളിക്കുന്ന, ഓരോ ദിര്‍ഹത്തിനും, പിന്നെ അതിനെ നൂറായിപ്പകുത്താല്‍ കിട്ടുന്ന "ഫില്‍സ്‌"നും, ഫില്‍സിനെ വീണ്ടും പകുത്താല്‍ക്കിട്ടുന്നതെന്തോ അതിനുപോലും കണക്കു പറയുന്ന രാം കുമാര്‍ എന്ന കൊല്ലത്തുകാരന്റേയായിരുന്നു.

ഈ ചേട്ടായിക്കു പ്രത്യേകിച്ചു ജ്വാലിയൊന്നുമില്ല. 3 ബെഡ്രൂം ഫ്ലാറ്റെടുത്ത്‌ ആ മൂന്നു റൂമുകളും വാടകക്കു കൊടുത്ത്‌ ഫ്ലാറ്റിന്റെ ഹാള്‍ പാര്‍ട്ടീഷന്‍ ചെയ്ത്‌ അവിടെയാണു പുള്ളിയുടെ താമസം. ചിട്ടി, പലിശപ്പരിപാടി എന്നീ ലൊട്ടു ലൊടുക്കു പണികളും, ഓസില്‍ ഞങ്ങളുടെ റൂമില്‍ വന്നുള്ള സ്മാളടിയുമാണ്‌ അമ്പത്തിരണ്ടാം വയസ്സിലും പുള്ളിയുടെ ഇഷ്ടവിനോദങ്ങള്‍. ഫാര്യയും പിള്ളാരുമെല്ലാം നാട്ടില്‍. ഓള്‍മോസ്റ്റ്‌ ഫുള്‍ടൈം ഫ്ലാറ്റില്‍ തന്നെ കാണും, എക്‍സെപ്റ്റ്‌, ചിട്ടി, പലിശ പിരിവുകള്‍ക്കായി ഇറങ്ങുന്ന സന്ദര്‍ഭങ്ങളൊഴിച്ചാല്‍. അടഞ്ഞു കിടക്കുന്ന പുള്ളിയുടെ വാതില്‍പഴുതിലൂടെ, ഏഷ്യാനെറ്റ്‌, സൂര്യ, എന്നീ മലയാളം ചാനലുകളുടേയും, എം.ടി വിയുടേയും കാതടപ്പിക്കുന്ന ഒച്ച കേള്‍ക്കുന്നില്ലെങ്കില്‍ ഊഹിക്കാം.. പുള്ളി സ്ഥലത്തില്ല.

മാറ്റ്രിമോണിയല്‍ സൈറ്റുകളില്‍ റെജിസ്റ്റര്‍ ചെയ്ത ശേഷം ദിവസവും വൈകീട്ട്‌ ഓഫീസു വിട്ടു വരാന്‍ ഞാനും ബിജുവും മല്‍സരെരമായി, വന്നു ഉടാനേതന്നെ പീസീ തുറന്ന് എന്തെങ്കിലും പുതിയ കേസുകെട്ടുകള്‍ വന്നോ എന്നു ചെക്കു ചെയ്തിട്ടേ ഷൂ പോലും ഊരിവക്കുക പതിവുള്ളൂ. ഫ്ലാറ്റു തുറന്നു നേരെ മുന്നിലെ കുമാരേട്ടന്റെ മുറിയില്‍ പുള്ളിയുണ്ടെങ്കില്‍, വാതില്‍ തുറന്ന്, "നമസ്കാരം കുമാരേട്ടാ" എന്നുള്ള പതിവു സലാം പരിപാടികളൊന്നും ഇല്ലാതായി.


ഒരു ദിവസം ഓഫീസുവിട്ടുവന്ന ഞാന്‍ വണ്ടറടിച്ചു. ഫ്ലാറ്റിനകത്ത്‌ ആകെ ശ്മശാനമൂകത. കുമാരേട്ടന്റെ മുറി തുറന്നു കിടക്കുന്നു. പുള്ളി ടേബ്ബിളില്‍ തലവച്ച്‌ കുനിഞ്ഞിരിക്കുന്നു. എന്തോ പന്തികേടുണ്ട്‌, . ഇയാളുടെ ചിട്ടി പൊളിഞ്ഞോ? അതോ കാശും വാങ്ങി വല്ലോരും മുങ്ങിയോ ? ഞാന്‍ മനസ്സിലോര്‍ത്തു

"എന്താ കുമാരേട്ടാ ഒരു വല്ലായ്ക?" മുഖത്തൊരു ദുഖഭാഭാവം വരുത്തി ചോദിച്ചു.

"എന്തു ചെയ്യാനാടോ, ഇന്ദുവിന്റേം ഹരിയുടേയും ഡൈവോഴ്സാവാറായി" കുമാരേട്ടന്റെ മുഖത്തു ദുഖം നിഴലിക്കുന്നു..

ദൈവമേ.. വിചാരിച്ച പോലല്ലാ, ഫാമിലി മാറ്റേഴ്സാ, എനിക്കാണെങ്കിൂല്‍ മറ്റുള്ളവരുടെ ദുഖം കാണുന്നതേ പിടിക്കില്ല. അതുകൊണ്ടു തന്നെ മരണവീട്ടിലൊന്നും ഞാന്‍ പോകാറേയില്ല. അധികമൊന്നും ചോദിക്കാതെ ഞാന്‍ എന്റെ റൂമിലേക്കു പോയി, പീസീ ഓപണ്‍ ചെയ്തു.

ഇവിടെ ഒരുത്തന്‍ കല്യാണം കഴിക്കാനായി തിരക്കു കൂട്ടുന്നു, അവിടൊരാള്‍ തൊട്ടപ്പുറത്തെ മുറിയില്‍ ഒരു ഡൈവോഴ്സുമോര്‍ത്ത്‌ ദു:ഖിക്കുന്നു. കല്യാണം കഴിക്കണോ എന്നൊരു ചിന്ത വരെ എന്നില്‍ ഉടലെടുത്തു !

അഞ്ചു മിനിട്ടിനകം തന്നെ ബിജു വന്നു, ഞാന്‍ അവനോടു പറഞ്ഞു
"ഡേയ്‌, നമ്മടെ കുമാരേട്ടന്റെ മോള്‍ടെ ഡൈവോഴ്സാണെന്നു തോന്നുന്നു, അങ്ങേരു ആകെ ടെന്‍ഷനടിച്ചിരുപ്പാ, നാട്ടില്‍ പോകണമെങ്കില്‍ കാശു വല്ലോം വേണോ എന്നു ചോദിക്കടാ.."

ഷര്‍ട്ടൂരിയിടുന്നതിനിടയില്‍ ബിജു എന്നോട്‌.. " മോളുടെ ഡൈവോഴ്സോ? അതിനയാള്‍ക്കു പെണ്മക്കളില്ലല്ലോ ?"
( ഓഹോ, എനിക്കതറിയുമായിരുന്നില്ലാ..)

"എന്നാല്‍പ്പിന്നെ മകന്റേയാവും... ഇന്ദുവിന്റേം ഹരിയുടേയും ഡൈവോഴ്സായി എന്നാ അങ്ങേരു പറഞ്ഞത്‌" ഞാന്‍.

ബിജു: "എടാ അങ്ങേരുടെ മോന്‍ ഡിഗ്രീക്കു പഠിക്കുകയാ, അവനെന്തോന്നു ഡൈവോഴ്സ്‌, ഇതു വല്ല ബന്ധുക്കളുമാവും, നീയതൊന്നും ചോദിക്കാന്‍ പോണ്ടാ ? "

"ഏയ്‌, എന്നാലുമതു ശെരിയല്ലല്ലോ, നമ്മുടെ ഫ്ലാറ്റിലൊരുത്തന്‍ വെഷമിച്ചിരിക്കുമ്പോ അതറിഞ്ഞിരിക്കേണ്ടതും, സഹായിക്കേണ്ടതും കടമയല്ലേ, ഞാനൊന്നു ചോദിക്കട്ടേ" എന്നും പറഞ്ഞു എഴുന്നേറ്റതോടെ ബിജുവും എന്റെ കൂടെ കുമാരേട്ടന്റെ റൂമിലോട്ടു ചെന്നു.

പുള്ളി അതേ ഇരിപ്പാ മേശയില്‍ മുഖമമര്‍ത്തി. ഞങ്ങളെ കണ്ടതോറ്റെ എനീറ്റിരുന്നു ഒന്നു ചിരിച്ചെന്നു വരുത്തി ചോദിച്ചു, ആ, എന്തേ ?"


എന്നിലെ സഹാനുഭൂതികന്‍ ഉണര്‍ന്നു "അല്ല കുമാരേട്ടാ, അരുടേയാ ഡൈവോഴ്സെന്നു പറഞ്ഞേ...? നാട്ടില്‍ പോകേണ്ട ആവശ്യം വല്ലതുമുണ്ടോ ? പൈസയായിട്ടു വല്ല സഹായം വേണെങ്കില്‍ പറയാന്‍ മടിക്കല്ലേ.."

ഓ.. അതു നാട്ടിലെ ഡൈവോഴ്‌സിന്റെ കാര്യമല്ലെടോ.. "സ്ത്രീ സീരിയലിലെ ഇന്ദുവും ഹരിയുമായിട്ടുള്ള ഡൈവോഴ്സ്‌ ആവാറായി, ഇന്നവരു രണ്ടു പേരും കോടതിയിലെത്തി. നാളത്തെ എപ്പിസോഡില്‍ മിക്കവാറും ഡൈവോഴ്സാവും.. അതാ പറഞ്ഞേ!

തലക്കടികിട്ടിയപോലെ കണ്ണും തുറിച്ച്‌ നാവും പുറത്തോട്ടു വന്ന എന്നെ ചെറുചിരിയോടെ ബിജു പിടിച്ചുകൊണ്ടു ഞങ്ങടെ റൂമിലേക്കു നടക്കുമ്പോള്‍ ഈ സീരിയല്‍പ്രാന്തനേയാണല്ലോ "ഫൈനാന്‍ഷ്യലായി" സഹായിക്കാമെന്നോര്‍ത്തതെന്നോര്‍ത്തപ്പോള്‍ ( &^%*#@^ + &&%$$)4 എന്ന തോതില്‍ ഞാനാ പരട്ടയെ മനസ്സില്‍ തെറി വിളിച്ചു.അതിന്റെ കൂടെ പറഞ്ഞ “തന്റമ്മൂമ്മേടെ ഡൈവോഴ്സ്” എന്ന വാക്ക് അല്പം ഉറക്കെയായോ എന്തോ !

റൂമില്‍ ചെന്നതും ഞാന്‍ കുപ്പിയുംഗ്ലാസുമെടുത്തു.. 'അനാവശ്യമായി ടെന്‍ഷനടിച്ചതിന്റെ ടെന്‍ഷന്‍ മാറ്റുവാനായി" !

Read more...
© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.