-- എ ബ്ലഡി മല്ലു --

കൊള്ളക്കാരന്‍:

Saturday, August 26, 2006

കുണുകോളേജ്‌ എന്നറിയപ്പെടുന്ന, ശങ്കര നാരായണ എല്‍.പി സ്കൂളീല്‍ നിന്നും ഉന്നത വിജയത്തോടെ നാലാം തരം പാസായ ശേഷം ഏകദേശം രണ്ടു കി.മി അകലേയുള്ള "സെന്റ്‌: ജോസഫ്‌'സ്‌ ഹൈസ്കൂള്‍" എന്ന, പള്ളി സ്കൂളീല്‍ ചേരാനായിരുന്നു പത്താം വയസ്സില്‍ എനിക്കു ജാതകവശാലുള്ള യോഗം.

അച്ചന്മാര്‍ നടത്തുന്ന ഏതു വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനവും പോലെ നിസ്തുലവും, നിസ്വാര്‍തവും തന്നെയായിരുന്നു അന്നത്തെക്കാലത്തും മേല്‍പ്പറഞ്ഞ സ്കൂളും. പീ.ടി.ഏ ഫീസ്‌, കാന്റീന്‍ ഫീസ്‌, യൂത്ത്‌ ഫെസ്റ്റിവല്‍ ഫീസ്‌, സ്പോട്സ്‌ ഗ്രൗണ്ട്‌ ഫീസ്‌, ആ പീസ്‌, ഈ പീസ്‌ എന്നൊക്കെപ്പറഞ്ഞു ഒത്തിരിയൊത്തിരി പീസുകള്‍, ഓരോ വര്‍ഷവും ഞങ്ങള്‍ സ്കൂള്‍ ആപ്പീസില്‍ കെട്ടേണ്ട ഗതിയാപ്പോള്‍, മോനെ ഇവിടെ ചേര്‍ത്തിയതുമൂലം സാമ്പത്തികമായി താന്‍ പീസാവുമോ എന്ന് ഒരു സാദാ സര്‍ക്കാര്‍ ജോലിക്കാരനായ എന്റെ പിതാശ്രീ ചിന്തിച്ചെങ്കില്‍ അതില്‍ അങ്ങേരെ യാതൊരു കുറ്റവും പറയുവാനൊക്കില്ല.

ആദ്യം കുറെക്കാലം, വീട്ടില്‍ നിന്നും, രണ്ടു കിലോമീറ്ററോളം നടന്നു, വഴിക്കുള്ള സകല മാവേലും, കശുമാവേലുമെല്ലാം കല്ലെടുത്തെറിഞ്ഞും, നാട്ടാരുടെ തെറികള്‍ കേട്ടും, ചില സന്ദര്‍ഭങ്ങളില്‍ പട്ടികളെ കല്ലെറിഞ്ഞു അവയുമായി ഓട്ടമല്‍സരം നടത്തിയും, ചെറിയൊരു ഗുരുത്വം കൊണ്ടുമാത്രം പൊക്കിളിനു ചുറ്റും 14 ഇന്‍ജക്ഷന്‍ എടുക്കേണ്ട ഗതി വരാതെ രക്ഷപ്പെട്ടുമെല്ലാമായിരുന്നു അഞ്ചാം ക്ലാസ്സിലുള്ള സംഭവ ബഹുലമായ എന്റെ സ്കൂള്‍ പോക്കു വരവുകള്‍. പാക്ക്‌ അതിര്‍ത്തിയില്‍ യുദ്ധത്തിനു പോയ മകന്‍ പ്രശ്നങ്ങളൊന്നും കൂടാതെ തിരിച്ചുവരാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന അമ്മയുടെ മാനസികാവസ്ഥയാണു എന്റമ്മക്ക്‌, ഓരോ ദിവസവും ഞാന്‍ സ്കൂളു വിട്ടു തിരിച്ചെത്തും വരേക്കും.

അടുത്ത വര്‍ഷം ബസ്‌ കണ്‍സഷന്‍ കാര്‍ഡ്‌ തരപ്പെട്ടതിനാല്‍, യാത്രകള്‍, ബസ്സിലാക്കി. വെറും ആറാം തരമായപ്പോഴേക്കും, 10-12 കിലോ ഭാരമുള്ള, പുറത്തു തൂക്കിയിടുന്ന ടൈപ്പിലുള്ള സ്കൂള്‍ ബാഗു ചുമന്നു നടന്നു നടന്നു എന്റെ ആ " 90 ഡിഗ്രീ സ്റ്റെഡി ലൈക്ക്‌ എ വടി പോലത്തെ പോസ്ചറു"മാറി, 70 ഡിഗ്രീയില്‍, പുരപ്പുറത്തോട്ടു ചാഞ്ഞു നിക്കുന്ന തെങ്ങുപോലേ നെഞ്ചു വിരിഞ്ഞു ഷോള്‍ഡറു പുറകിലോട്ടൂം വയറും അതിനു താഴേയുള്ള ഭാഗങ്ങളും നടത്തത്തില്‍ എപ്പോഴും ഒരു ലീഡിങ്ങ്‌ മെയിന്റയിന്‍ ചെയ്യുന്ന ആ സ്റ്റെയില്‍ ആയി ട്രാന്‍സ്ഫോര്‍മീകരിക്കയും ചെയ്തു.

കണ്‍സഷന്‍ കാര്‍ഡു കിട്ടിയതോടെ മേച്ചേരിപ്പടി മാത്രം വരെ നടക്കുകയും, ശേഷം യാത്രകള്‍ 10 പൈസാ നിരക്കില്‍,ം റേഡിയേറ്ററിന്റെ ഫ്രണ്ടു ഗ്രില്ലും തുറന്നു "ഹ ഹ ഹ " എന്ന മട്ടില്‍ ചിരിച്ചു അലറിപ്പാഞ്ഞു വരുന്ന അന്ന-ഷീജ-എസ്‌.എം.ടീ എന്നീ "റ്റാറ്റാ" ബസ്സുകളിലുമായിരുന്നു.

വെറും 10 പൈസാ കൊടുത്തു യാത്ര ചെയ്യുന്ന എസ്‌-റ്റീ പിള്ളേരെ കണ്ടക്റ്റര്‍ ചേട്ടന്മാര്‍ ചെയ്യുന്ന അഭിസംബോധനകള്‍, ആറാം ക്ലാസ്സില്‍ തന്നെ തെറിപദ സമ്പത്തു വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങളെ ഒട്ടേറെ സഹായിച്ചിട്ടുീണ്ട്‌!

അങ്ങനേയിരിക്കേയാണു സ്കൂളില്‍ പള്ളീലച്ചന്മാര്‍ പുതിയൊരു നിയമം, കൊണ്ടു വന്നത്‌. സ്കൂളു പിള്ളാരുടെ സൗകര്യാര്‍ത്ഥം "സ്കൂള്‍ ബസ്‌" ഏര്‍പ്പാടാക്കി. ഇളം മഞ്ഞ നിറത്തില്‍ പുതിയ പെയിന്റടിച്ചു പുതിയതാണെന്നു തോന്നിപ്പിക്കുന്ന ആ ബസ്സിനകം അപ്പോള്‍സറി കീറി ചകിരി പുറത്തു വന്നതും, അത്യാവശ്യം ഒരുവിധപ്പെട്ട എല്ലായിടത്തും തുരുമ്പിച്ചതുമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ എന്നേക്കാള്‍ ഒരു പത്തു പതിനഞ്ചു വയസ്സു മൂപ്പുള്ള ആ വണ്ടിയെ ഞങ്ങള്‍ ഒരു കാരണവര്‍ പരിവേഷം നല്‍കി ബഹുമാനിച്ചിരുന്നു.

ഏതോ ഒരു ലൈന്‍ ബസ്സു കണ്ടം ചെയതതെടുത്ത്‌ പെയിന്റടിച്ചു പിള്ളേരുടെ യാത്രാക്ലേശം പരിഹരിക്കാമെന്നും, തന്മൂലം, സ്കൂളിനു നല്ലൊരു വരുമാനമുണ്ടാക്കാമെന്നും ഐഡിയ കണ്ടെത്തിയ സ്കൂളധകൃതരുടെ, ഛായ്‌, അധികൃതരുടെ ഒരു ബുദ്ധിയേ.. ഹോ അപാരം !

സ്കൂളില്‍ നിന്നും രണ്ടു കി.മീയിലധികം ദൂരത്തു താമസിക്കുന്ന കുട്ടികള്‍ നിര്‍ബന്ധമായും സ്കൂള്‍ ബസ്സില്‍ തന്നെ പോക്കു വരവു ചെയ്തിരിക്കണമെന്നാണു കര്‍ശന നിയമം. 2 കി.മീ എന്ന ആ ദൂര പരിധി മൂലം, ഞാനും ഈ ബസ്സില്‍ പോയി വരാന്‍ സ്കൂളില്‍ നിന്നും ഓര്‍ഡര്‍ വന്നു. 25 രൂപാ വച്ചു മാസം പള്ളി ഭണ്ഡാരത്തിലിടാം, എന്നാലും, ഈ പകല്‍ കൊള്ളക്കു കൂട്ടു നില്‍ക്കില്ല
, എന്റെ മോന്‍ നടന്നൊ, കിടന്നോ, പറന്നോ എങ്ങനെ സ്കൂളില്‍ വരണമെന്നു തീരുമാനിക്കേണ്ടത്‌ സ്കൂളല്ല, എന്നൊക്കെ എന്റെ പിതാശ്രീ ആദ്യം മസില്‍ ഫ്ലെക്സിങ്ങ്‌ നടത്തിയെങ്കിലും, ഇതിന്റെ പേരില്‍ റാങ്കു പ്രതീക്ഷയായ ചെക്കനു സ്കൂളില്‍ നിന്നും പ്രശ്നങ്ങളു വേണ്ടായെന്നു കരുതിയിട്ടോ, എന്തോ, പിന്നെ പുള്ളി അതിനു സമ്മതിച്ചു.

അങ്ങനെ പ്രൈവറ്റു ബസു കണ്ടക്റ്റര്‍മാരുടെ തെറിയഭിഷേകത്തില്‍ നിന്നും ഞങ്ങള്‍ രക്ഷപ്പെട്ടു; ഞങ്ങളുടെ ഏറില്‍ നിന്നും പോകുന്ന വഴിക്കുള്ള മാവ്‌, കശുമാവ്‌, പട്ടികള്‍ എന്നിവയും രക്ഷപ്പെട്ടു. ഞങ്ങളു പിള്ളേരു സെറ്റിന്റെ ഏറു കൊള്ളാതെ നാട്ടിലുള്ള മാവായ മാവും കശുമാവും പൂത്തു തളിര്‍ത്ത്‌ നിന്നു, മോക്ഷപ്രാപ്തിക്കായി നില്‍ക്കുന്ന അഹല്യമാരെപ്പോലെ. കോമ്പ്രത്തെ ലീലേച്ചി, വെട്ടിക്കുഴി വാസ്വേട്ടന്‍, ചണ്ണ ദേവസ്സി തുടങ്ങി പലരും തങ്ങളുടെ മാവുകളിലെ പഴുത്ത മാങ്കോസ്‌ കണ്ടു നിര്‍വൃതിടഞ്ഞു. അക്കാലത്ത്‌ ലീലേച്ചി വീട്ടില്‍ മാങ്ങകൊണ്ട്‌ സാമ്പാര്‍, അവിയല്‍, പച്ചടി, കിച്ചടി തോരന്‍, കാളന്‍, എന്തിനധികം പറയുന്നു മാങ്ങ കൊണ്ടു മോരു വരെ ഉണ്ടാക്കിയതായി കേട്ടുകേള്‍വിയുണ്ട്‌ !

പല പല റൂട്ടുകളില്‍ പിള്ളേരെ ഇറക്കാന്‍, ഈ ഒറ്റ ശകടം മാത്രമേ സ്കൂളിനുള്ളൂ എന്നതിനാല്‍, രണ്ടു കി.മീ കവറു ചെയ്യാന്‍, മുക്കാല്‍ മണിക്കൂറിലധികമെടുക്കുന്ന ആ സ്കൂള്‍ ബസ്സു യാത്രകള്‍ പരമാവധി ആനന്ദപ്രദമാക്കാറുന്റായിരുന്നു. ക്ലാസ്സില്‍ അന്നു നടന്ന തരികിടകള്‍, പഴയ കണ്ടക്റ്റര്‍ തെറികളുടെ അനാലിസിസ്‌, മാഷന്മാര്‍ക്കും ശത്രുക്കളായ സഹപാഠികള്‍ക്കും ഇരട്ടപ്പേരു നാമീകരണങ്ങള്‍ തുടങ്ങിയ ക്രിയേറ്റിവ്‌ കലാപരിപാടികളായിരുന്നു ബസ്സിനകത്തെ മേജര്‍ ആക്റ്റിവിറ്റീസ്‌.

ബസ്സിലെ 4-5 അലമ്പു പിള്ളേരുകളിലൊന്നായിരുന്ന ഞാന്‍, ഏറ്റവും പിറകിലത്ത്‌ ലോങ്ങ്‌ സീറ്റിലാണു സ്ഥിരമായി ഇരിക്കാറ്‌. അല്ലാതെ പ്രൈവറ്റു ബസ്സില്‍ ചില ഗെഡീകള്‍ കാണിക്കുന്ന പോലെ,ഇടിച്ചു കയറി ഏറ്റവും മുന്നില്‍ തന്നെ പോയി നില്‍ക്കുന്ന സ്വഭാവം എനിക്കു പണ്ടേയില്ലെന്നു മാത്രമല്ല, ഇന്നും ഇടക്കു നാട്ടില്‍ വരുമ്പോള്‍ പ്രൈവറ്റു ബസ്സില്‍ കയറിയാല്‍ ഞാന്‍ ലോങ്ങ്‌ സീറ്റിലേ ഇരിക്കാറുള്ളൂ.

ബൈജു, രാജീവന്‍, രവി, ജോസഫ്‌ എന്നി ഗെഡികളാണു ബസ്സിലെ എന്റെ ഗ്യാങ്ങ്‌. ബസ്സിലിരുന്നു വഴിയിലൂടെ നടന്നു പോകുന്നവരെ നോക്കി കൂവുക, മാഷന്മാര്‍ പോകുന്നുണ്ടെങ്കില്‍ അവരെ ഇരട്ടപ്പേരു വിളിക്കുക, മൊത്തം ചുറ്റുവട്ടങ്ങള്‍ നിരീക്ഷിച്ച്‌ അപ്പപ്പോഴുള്ള ചൂടന്‍ വിറ്റുകള്‍ ഇറക്കുക ഇതൊക്കെയാണു ഞങ്ങളുടെ ടീമിന്റെ പരിപാടികള്‍. അന്നു കിട്ടിയ ആ നിരീക്ഷണ പാടവം കോളേജില്‍ വച്ചും ഞാന്‍ പുലര്‍ത്തിപ്പോന്നിരുന്നു, ചില നിരീക്ഷണങ്ങളൊക്കെ എന്നെ തല്ലു മേടിക്കലിന്റെ വക്കോളം എത്തിച്ചിട്ടുണ്ടെങ്കിലും!

അങ്ങനെയിരിക്കെയാണ്‌ ഒരു ദിവസം സ്കൂളു വിട്ടു ബസ്സീക്കേറി. കെട്ടുങ്ങലുള്ള പിള്ളേരെയൊക്കെ ഇറക്കി ബസ്സ്‌ വെങ്കിടങ്ങു വശത്തോട്ടു തിരിച്ചു വരുമ്പോള്‍, പുറകില്‍ നിന്നൊരു കുടു കുടു ശബ്ദം. പുറകിലെ ചില്ലിലൂടെ നോക്കിയപ്പോള്‍, അതാ ഒരു ചേട്ടന്‍ ബുള്ളറ്റു മോട്ടോര്‍ സൈക്കിളില്‍. ആറടി പോക്കവും, നല്ല തടിമാടാന്‍ ശരീരവും " ധ" ഷേപ്പില്‍ പിരിച്ചു വച്ചിരിക്കുന്ന കൊമ്പന്‍ മീശയും ചുവന്ന ഉണ്ടക്കണ്ണുകളൂമൊക്കെയായി, പേടി തോന്നിപ്പിക്കുന്നൊരാള്‍ !

ഉള്ളില്‍തോന്നിയ ചെറിയൊരു പേടി ഉള്ളിലൊതുക്കി ബസ്സിന്റെ വശത്തോട്ടു തലയിട്ടു ഞാന്‍ വിളിച്ചു കൂവി..
"കൊള്ളക്കാരന്‍.. പൂയ്‌.. കൊള്ളക്കാരന്‍.."

സാധാരണ ഇങ്ങനേയുള്ള അവസരങ്ങളില്‍, ബൈജുവും രാജീവനുമൊക്കെ കൂടെ കൂവി സപ്പോര്‍ട്ടു തരുന്നതാണെങ്കിലും അന്നു അവരാരും മിണ്ടാതിരുന്നതില്‍ എനിക്കെന്തോ പന്തികേടു തോന്നാതിരുന്നില്ല.

ഏന്റെ മുദ്രാവാക്യങ്ങള്‍, ബുള്ളറ്റിന്റെ ആ കാതടപ്പിക്കുന്ന ശബ്ദത്തിലും അങ്ങേരു വ്യക്തമായി കേട്ടു, ബസ്സിലേക്കു തുറിച്ചൊന്നു നോക്കി, പുള്ളി ബസ്സിനെ ഓവര്‍ടേക്കു ചെയ്തു പോയതും ഞാന്‍ വിളികള്‍ നിര്‍ത്തി തിരിച്ചു സീറ്റില്‍ വന്നിരുന്നു.

തിരിച്ചു വന്നിരുന്നതും, പുറം കഴുത്തിനു കേറിയൊരു പിടുത്തം വീണതിന്റെ കാര്യം എനിക്കു മനസ്സിലായില്ല. തിരിഞ്ഞു നോക്കിയപ്പോള്‍ വേറാരുമല്ല, രവിയായിരുന്നു ! ഒരു ഇടികൂടി തന്നു ദേഷ്യത്തില്‍ അവന്‍ മുമ്പിലത്തെ സീറ്റില്‍ പോയിരുന്നു.

കാര്യമൊന്നും മനസ്സിലാകാതെ വായും പൊളിച്ചിരുന്ന എന്നോടു ബൈജു ചെവിയില്‍ ഒരു സ്വകാര്യം പറഞ്ഞു..

"ഞാന്‍ നേരത്തെ കൂവി വിളിച്ചത്‌ അവന്റെ അച്ഛനേയായിരുന്നു !

ചെറിയൊരു പൊടിമീശയൊക്കെ വന്ന്, ആളെ തിരിച്ചറിയില്ല എന്നു ഉറപ്പായ ശേഷമേ, ഞാന്‍ പിന്നീട്‌ അവന്റെ വീടിന്റെ സമീപ പ്രദേശങ്ങളില്‍ പോലും പോയിട്ടുള്ളൂ !

18 comments:

ഇടിവാള്‍ said...

പുതിയ കഥ ! കൊള്ളക്കാരന്‍ !

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

"ഞാന്‍ നേരത്തെ കൂവി വിളിച്ചത്‌ അവന്റെ അച്ഛനേയായിരുന്നു !" - കലക്കി.

ആദ്യ കമന്റ്‌ ഇടുന്ന സുഖം ഒന്നു വേറതന്നെയാണേ.....

ദിവ (diva) said...

ഹ ഹ അതു നന്നായിട്ടുണ്ട് ഇടിവാളേ...

ഞാന്‍ വിചാരിച്ച് അത് സ്ഥലം മാറി വന്ന പുതിയ എസ്സൈ ആയിരിക്കുംന്ന്...ഏതായാലും അങ്ങനെ ആകാഞ്ഞത് നന്നായി... അല്ലെങ്കില്‍ ഈ പോസ്റ്റൊക്കെ വായിക്കാ‍ന്‍ പറ്റുമായിരുന്നോ :)

(ജോക്കിയതാണ് കേട്ടോ. നാട്ടില്‍ വെക്കേഷനൊക്കെ അടിപൊളിയാണോ...)

കുട്ടന്മേനൊന്‍::KM said...

റേഡിയേറ്ററിന്റെ ഫ്രണ്ടു ഗ്രില്ലും തുറന്നു "ഹ ഹ ഹ " എന്ന മട്ടില്‍ ചിരിച്ചു അലറിപ്പാഞ്ഞു വരുന്ന അന്ന-ഷീജ-എസ്‌.എം.ടീ എന്നീ "റ്റാറ്റാ" ബസ്സുകളിലുമായിരുന്നു. ... അന്ന ബസ്സ്സില്‍ പെരുമ്പുഴ പാലത്തിന്റെ അടുത്തു വെച്ച് പേരുകേട്ട ചില വെങ്കിടങ്ങുകാരെ രോമഞ്ച കുഞ്ചുകികളായ ചില മഹിളാമണികളില്‍ ബ്ലേഡ് പ്രയോഗം നടത്തിയതിന് നാട്ടുകാരും യാത്രക്കാരും കൈകാര്യം ചെയ്തത് നല്ല ഓര്‍മ്മ. ഞാന്‍ വെങ്കിടങ്ങുകാരനല്ലേ...

ഇത്തിരിവെട്ടം|Ithiri said...

പാക്ക്‌ അതിര്‍ത്തിയില്‍ യുദ്ധത്തിനു പോയ മകന്‍ പ്രശ്നങ്ങളൊന്നും കൂടാതെ തിരിച്ചുവരാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന അമ്മയുടെ മാനസികാവസ്ഥയാണു എന്റമ്മക്ക്‌...

ഇടിവാള്‍ജീ അതു സത്യമായിരിക്കും എന്ന് ഉറപ്പ്..
പോസ്റ്റ് അസ്സലായി.. ഇടിവെട്ട് പോസ്റ്റ് തന്നെ.

kuliyander said...

ഭേഷായീട്ടാ............

ഏതൊക്കെ മാങ്ങ കിട്ടിയിരുന്നു
മുട്ടികുടിയന്‍
ഗോമാങ

ഇപ്പോളതൊന്നും ഇല്ല

മാങക്ക് കൃതുകൃത്യം എറിഞിരുന്നൊ

ആ റൂറല്‍ ടെക്നോളജിയൊന്നും
ഇപ്പത്ത കുട്ടികള്‍ക്കരിയില്ല

ആ സര്‍വകലാശാലയേ പൂട്ടിപ്പോയീ

അതിനിപ്പെങ്ങനാ...

ആ സ്ഥലൊക്കെ പുതിയ സാറന്മാര്
കഷ്ണം കഷ്ണമായി വേടിച്ചില്ലേ.....

ചുറ്റും വലിയ മതിലൊക്കെ
കെട്ടീലേ

ഇപ്പ അണ്ണന്‍ മാര്
കുട്ട്യോളാ
ഇതിലൊക്കെ എക്സ്പേര്‍ട്ട്

അവരെക്കൊണ്ട് നമ്മുടെ
കുട്ട്യോള്‍ക്കൊരു ട്യൂഷന്‍ സെന്റര്‍ തുടങ്ങണം

സുമാത്ര said...

ഈശ്ശ്വാരാ‍ാ‍ാ മാങ്ങയെക്കൊണ്ട് ഇത്രയധികം വിഭവങ്ങളുണ്ടാക്കുന്ന കോമ്പ്രത്തെ ലീലേച്ചി ഞങ്ങളുടെ നാട്ടിലെ കമലേടുത്തിയെ തോല്‍പ്പിച്ചു കളഞ്ഞല്ലോ.. മൂപ്പത്തി ഉണ്ടാക്കിയതെന്താണെന്നോ.. നല്ല പുളിച്ച മൂവാണ്ടന്‍ മാങ്ങകൊണ്ട്.. നല്ല “ഒന്നൊന്നാന്തരം” പായസം. ഹി ഹി.. നന്നായി.

ദില്‍ബാസുരന്‍ said...

ക്ലാസ്സില്‍ അന്നു നടന്ന തരികിടകള്‍, പഴയ കണ്ടക്റ്റര്‍ തെറികളുടെ അനാലിസിസ്‌, മാഷന്മാര്‍ക്കും ശത്രുക്കളായ സഹപാഠികള്‍ക്കും ഇരട്ടപ്പേരു നാമീകരണങ്ങള്‍ തുടങ്ങിയ ക്രിയേറ്റിവ്‌ കലാപരിപാടികളായിരുന്നു ബസ്സിനകത്തെ മേജര്‍ ആക്റ്റിവിറ്റീസ്‌.

ഗഡീ,
ഈ അടുത്ത കാലത്ത് താങ്കള്‍ ഇറക്കിയതില്‍ ഏറ്റവും മികച്ച ഒന്ന്. രസിച്ചു!

വക്കാരിമഷ്‌ടാ said...

ഇതും കൊള്ളാം.

പണ്ട് അമ്മാവന്റെ കൂടെ സ്കൂട്ടറില്‍ പിന്‍സീറ്റിലിരിക്കാന്‍ പ്രമോഷന്‍ കിട്ടിയ സമയത്ത് (അതിനുമുന്‍പ് ഇരുത്തം പോലത്തെ ആ അവസ്ഥ) അമ്മാവന്റെയും മുന്നിലായിരുന്നു-ഹാന്റിലില്‍ നാലു കൈകള്‍) എന്റെയും പ്രധാന വിനോദങ്ങള്‍ വഴിവക്കില്‍ നിക്കുന്നവരെയും കടന്നുപോകുന്നവരെയുമൊക്കെ കമന്റടിക്കുക (അന്നേ തുടങ്ങിയതാ), അവരുടെ വായിലിരിക്കുന്നതൊക്കെ കേള്‍ക്കുക എന്നതൊക്കെയായിരുന്നു. അമ്മാവന്മാരുടെ നല്ല സഹകരണവും ഇക്കാര്യത്തിലുണ്ടായിരുന്നു. ഇര അടുത്തെത്തുമ്പോള്‍ അവര്‍ വേഗതയൊക്കെ ഒന്ന് കുറയ്ക്കും. ചീത്ത കേള്‍ക്കുന്നത് പുറകിലിരിക്കുന്ന ഞാനായതു കാരണം അവരും ഹാപ്പിയായിരുന്നു :)

ഒരു ദിവസം വേറൊരമ്മാവന്റെ വേറൊരു വീട്ടില്‍ പോയിട്ട് തിരിച്ചു വരുന്ന വഴി ഒരു ബുള്ളറ്റണ്ണനോട് “ആണ്ടെ ചേട്ടാ ബൈക്കിന്റെ ചക്രം കറങ്ങുന്നു“ എന്ന് വിളിച്ച് പറഞ്ഞിട്ട് വിജയശ്രീലാളിതനായി സ്കൂട്ടറിന്റെ പിന്നിലിരുന്നപ്പോള്‍ ബൈക്കുകാരന്‍ നല്ല സ്പീഡില്‍ പുറകേ വന്നു. അത് മൂന്നാമതൊരമ്മാവന്റെ ഒരു കൂട്ടുകാരനായിരുന്നു എന്ന സത്യം അന്നേരമാണ് മനസ്സിലായത്. ചമ്മിപ്പോയി.

വേറൊരു ദിവസം വെറുതെ ഒരു സിനിമാ നോട്ടീസ് ഒരു പന്ത്രെട്ടുപത്തെസ്സീ വണ്ടിയുടെ ചില്ലിനിട്ടെറിഞ്ഞപ്പോള്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഞാനെറിഞ്ഞത് കല്ലാണെന്നും എന്റെ ഭാഗ്യം കൊണ്ടു മാത്രമാണ് വണ്ടിയുടെ ചില്ല് പൊട്ടാത്തതെന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞ് എന്നെ കണ്ണുരുട്ടിക്കാണിച്ചപ്പോള്‍ സത്യമായും എനിക്ക് വിഷമം വന്നു. ഞാനെറിഞ്ഞത് കല്ലല്ലായിരുന്നു എന്ന് എത്ര പറഞ്ഞിട്ടും അയാള്‍ വിശ്വസിച്ചില്ല.

ഇടിവാളേ, ഓര്‍മ്മകള്‍, ഓര്‍മ്മകള്‍...നന്ദി.

വല്യമ്മായി said...

ഈ പത്ത് പൈസ കൊണ്ട് ഒരു മിഠായി വാങ്ങി വായിലിട്ടാല്‍ അത് കഴിയുമ്പോഴത്തേക്കും നടന്നെത്താനുള്ള ദൂരമല്ലെ ഉള്ളൊ എന്ന എത്ര ചോദ്യങ്ങള്‍ കേട്ടിരിക്കുന്നു.

Satheesh :: സതീഷ് said...

ഇടിവാളേ..നാട്ടില്‍ സുഖമെന്നു കരുതുന്നു! ഇടിയുടെ രണ്ടുമൂന്ന് പോസ്റ്റ് ചില സാങ്കേതിക കാരണങ്ങളാല്‍ വായിക്കാന് പറ്റിയിരുന്നില്ല. എല്ലാം കൂടി ഇന്നലെ പ്രിന്റെടുത്ത് സ്വസ്ഥമായിരുന്ന് വായിച്ചു!
രാധേച്ചിയുടെ വീട്‌ ഒരു അപാര കഥയായി. കുറെ നേരം എന്തൊക്കെയോ ആലോചിച്ചിരുന്നു.. ഇടിവാളിനെ സമ്മതിച്ച് തന്നിരിക്കുന്നു! നല്ല depth ഉണ്ട് എഴുത്തിന്.

സത്യം പറഞ്ഞാല്‍ ഇന്നത്തെ കഥ, വായിച്ചു തുടങ്ങിയപ്പോള്‍ ഉണ്ടായ പ്രതീക്ഷക്കൊത്ത്, കഥ ഉയര്‍ന്നോ എന്നൊരു സംശയം. അതോ പെട്ടെന്നവസാനിപ്പിച്ചതാണോ.. എന്തായാലും ഇടിവാള്‍ സ്റ്റാന്ഡേര്‍ഡ് ഉണ്ടായില്ല എന്ന് പറഞ്ഞോട്ടെ.. ദേഷ്യപ്പെടില്ലല്ലോ...

വിശാല മനസ്കന്‍ said...

'കണ്‍സഷന്‍ കാര്‍ഡു കിട്ടിയതോടെ മേച്ചേരിപ്പടി മാത്രം വരെ നടക്കുകയും, ശേഷം യാത്രകള്‍ 10 പൈസാ നിരക്കില്‍,ം റേഡിയേറ്ററിന്റെ ഫ്രണ്ടു ഗ്രില്ലും തുറന്നു "ഹ ഹ ഹ " എന്ന മട്ടില്‍ ചിരിച്ചു അലറിപ്പാഞ്ഞു വരുന്ന അന്ന-ഷീജ-എസ്‌.എം.ടീ എന്നീ "റ്റാറ്റാ" ബസ്സുകളിലുമായിരുന്നു'

എനിക്കീ വരി വളരെ വളരെ ഇഷ്ടമായി.

അരവിന്ദ് :: aravind said...

വളരെ നന്നായി ഇടിവാളേ..ക്ലൈമാക്സിനേക്കാള്‍ എനിക്കിഷ്ടപ്പെട്ടത് ആ ബില്‍‌ഡ് അപ്പ് ആണ്. :-)
ഗംഭീരം!

ശ്രീജിത്ത്‌ കെ said...

ഇടിവാള്‍ജീ, കലക്കന്‍ പോസ്റ്റ്. ക്വോട്ട് ചെയ്യാനാണെങ്കില്‍ ഒരു പാടുണ്ട്. ഓരോ പാരഗ്രാഗും അത്യുഗ്രന്‍. ഇഷ്ടമായി.

മഞ്ഞുതുള്ളി said...

മറ്റെല്ലാ കഥകളേയെല്ലാം വെട്ടിച്ചു. ഇത് കലക്കി. അടിപൊളി..

ഇടിവാള്‍ said...

ഒരു മൂകാംബിക - കറ്നാടക യാത്ര കഴിഞ്ഞിപ്പോല്‍ വന്നതേWയുള്ളൂ, മാളെ വൈകീട്ടു വീണ്ടും കണ്ണൂര്‍ക്ക്. പിന്നെഓനവും തിരിച്ചു വരാനുള്ള സമയവുമായി !

ബിജോയ്: നന്ദി
ദിവാ: എന്റൊരു ഭാഗ്യമേ ! വെക്കേഷന്‍ അടീപൊളി

മേന്ന്‌ന്നേ: അതൊക്കെ പതിവു പരിപാടികളാ.. മണലൂരിലെ ചില ചുള്ളന്മാര്‍, ബസ്സു തടുത്തു നിര്‍ത്തി, ബോര്‍ഡര്‍ ലൈനില്‍ റ്റ്യൂണിങ്ങ് നടത്തിക്കൊണ്ടിരുന്ന കുറെ ആല്‍ക്കാരെ ഇറക്കി നല്ല മെടയലു മെടഞ്ഞു ! അതിലൊരു 60 വയസ്സന്‍ അപ്പാപ്പനും ഉണ്ടായിരുന്നു !

രഷീദേ: നന്ദി..

കുളിയാണ്ടര്‍ജി.. ( അങ്ങനെത്തന്നേയല്ലേ വായിക്ക്യാ ? ) : നന്ദി !

സുമാത്രേ: താങ്ക്സ് ട്ടാ...

ദില്‍ബൂസ്: എപ്പടി.. സൊഖ്യമാ ? നോം വരാറായി ട്ടോ ! ;)

വക്കാറ്രിയേ: ആ കഥയും ഓര്‍മ്മകളും കലക്കീലോ !

വല്യമ്മായി: വാസ്തവം ! പിന്നെ നമ്മക്കിതൊക്കെ കേട്ടു ശീലമായി .. പറയുന്നോന്റെ വായിലെ കഴപ്പു തീരുമ്പോ ലവരു നിര്‍ത്തും അല്ലാപിന്നേ !

സതീഷ്ജീ: കമന്റിനു നന്ദി . എന്റെ എല്ലാ പോസ്റ്റിങ്ങുകളും തിരക്കിട്ടുതന്നെയാ എഴുത്ത്. ചിലതു നിങ്ങള്‍ക്കൊക്കെ ഇഷ്ടമാവുന്നുവെന്നറിഞ്ഞതില്‍ സന്തോഷം. കഴിവിനൊത്തു ഭംഗിയാക്കാന്‍ ശ്രമിക്കാം.

രാധേച്ചിയുടെ വീട് കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം.

വിശാലോ: നന്ദി.
കൈപ്പിള്ളി: നന്ദി !
അരവിന്ദേ: നന്ദി;)
ശ്രീജിത്തേ: അപ്പോ ഞങ്ങടെ നാട്ടില്‍ വന്നതൊരു ( കേച്ചേരി കല്യാണം) കഥയാക്കീല്ലേ.. ;)
മഞ്ഞുതുള്ളീ: നന്ദി

വല്യമ്മായി said...

പത്താം തിയ്യതി ബീക്കുട്ടീടെ കല്യാണം കൂടാന്‍ മറക്കരുതേ

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.