-- എ ബ്ലഡി മല്ലു --

പുണ്യാളന്‍

Monday, August 21, 2006


ചാലപ്പറമ്പില്‍ ദേവസ്സി പുത്രന്‍ അവുസേപ്പ്‌, ഒരു സാദാ തൃശ്ശൂക്കാരന്‍ നസ്രാണി, എന്നതിലുപരി, മദര്‍ തെരേസ, ഈശോ മിശിഹായി, മഹാത്മാഗാന്ധി, എന്നി മഹാത്മാ ജനുസ്സില്‍ പെട്ടവനും, പാവങ്ങളുടെ താങ്ങും തണലുമായുള്ളൊരു വ്യക്തിയാണ്‌.

ചാലപ്പറമ്പില്‍ അവുസേപ്പിനെ ഞങ്ങളു നാട്ടുകാരു പിള്ളേരു ഭയഭക്തി ബഹുമാനത്തോടെ വിളിക്കുന്നത്‌ "ചെകുത്താന്‍ പടി അവുസേപ്പ്‌" എന്നും,ചുരുക്കി ചെപ്പ അവുസേപ്പ ( ചെകുത്താന്‍ പടി= ചെ. പ) എന്നൊക്കെയുമാണ്‌. ചെപ്പ അവുസേപ്പ് എന്നതു കുറച്ചുകൂടി സ്മൂത്ത്‌ ആക്കി "ചെറ്റയവുസേപ്പ്‌" എന്നും നാട്ടില്‍ ചിലരു വിളിക്കാറൂണ്ടത്രേ !

ഗസറ്റിലൊന്നും പരസ്യപ്പെടുത്താതെയുള്ള ഈ പേരുമാറ്റത്തിനു കാരണമായത്‌, റോഡരുകില്‍ തന്നെയുള്ള ഇദ്ദേഹത്തിന്റെ വീടിന്റെ മതിലില്‍ പതിച്ചിരുന്ന "ഒനീഡാ" റ്റീ.വ്വീ യുടെ പരസ്യചിത്രമായിരുന്നു (ചെകുത്താന്റെ തലയുള്ള പരസ്യം).

തൃശ്ശൂര്‍- കാഞ്ഞാണി- മണലൂര്‍-വെങ്കിടങ്ങു-മുല്ലശ്ശേരി വഴി ഗുരുവായൂര്‍ പോകുന്ന ശ്രീ മുരുക ട്രാവല്‍സിന്റെ റൂട്ടിലുള്ള ഏതു അനാഥനേയും സഹായിക്കുക എന്നത്‌, ആശ്രിതവല്‍സലനും, പാവങ്ങളുടെ സംരക്ഷകനുമായ അവുസേപ്പ്‌, യാതൊരു വൈക്ലബ്യങ്ങളുമില്ലാതെ സ്വയമേറ്റെടുത്തിരുന്നു.

നാട്ടുകാരുടെ മുമ്പില്‍ "പക്കാ അവുസേപ്പുണ്യാളന്‍" പരിവേഷമുള്ള അവുസേപ്പ്‌, അപ്പച്ചന്‍ ദേവസ്സി മാപ്ലയുടെ കൊള്ളപ്പലിശയിടപാടില്‍ പങ്കാളിയായിരുന്നില്ല. എങ്കിലും, സ്വന്തമായി, വെങ്കിടങ്ങു മുല്ലശ്ശേരിഭാഗത്ത്‌, ഒന്നു രണ്ടു പലചരക്കു പീടികകള്‍, ഹോട്ടല്‍, ഫ്ലോര്‍ മില്‍ എന്നിവയൊ‍ക്കെ സ്വന്തമായുള്ളോരു മിനി-ബൂര്‍ഷ്വായായിരുന്നു. സ്വന്തം കയ്യില്‍ നിന്നും അഞ്ചു പൈസ ഇറക്കാതെതന്നെ, പിരിവുകളിലൂടെയും മറ്റും നിരദ്ധന-അനാഥ പരിപാലനത്തില്‍ ശ്രദ്ധിച്ചുപോരുകയും, തന്മൂലം നാട്ടില്‍ ഒരു രക്ഷകപരിവേഷം ഔസേപ്പ്‌ ഫ്രീയായി സംഘടിപ്പിക്കയും ചെയ്തു.

പക്കാ പിശുക്കനും, പള്ളിപ്പെരുന്നാളിനു 5 രൂപായില്‍കൂടുതല്‍ സംഭാവന കൊടുക്കാത്തവനുമായ കൊള്ളപ്പലിശക്കാരന്‍ ദേവസ്സിയുടെ പുത്രന്‍ പാവങ്ങളെ സഹായിക്കാന്‍ നടക്കുന്നുവെന്നതൊരു വിരോധാഭാസമാണെങ്കിലും, "അപ്പന്റെ തന്നെ മോന്‍" എന്ന ആ റെപ്യൂട്ടേഷന്‍ അവുസേപ്പു ചില ഘട്ടങ്ങളില്‍ കാണിച്ചുപോന്നിരുന്നു.

1994 ഇല്‍, 94 ആം വയസ്സില്‍ വെറും ആറു റണ്‍സിനു സെഞ്ചുറി നഷ്ടപ്പെട്ട തന്റെ വല്യപ്പച്ചന്‍ വറീതു മാപ്ലക്കു അങ്ങു സ്വര്‍ഗത്തില്‍ മോക്ഷപ്രാപ്തി ലഭിക്കാനും, തന്മൂലം അവിടെ ഏ/സി ബാര്‍ അറ്റാച്ച്‌ഡ്‌ ഫസിലിറ്റീസും, വീഐപി ട്രീറ്റ്‌മെന്റും കിട്ടാന്‍ വേണ്ടിയൊന്നുമല്ല താനീ ആതുര സേവങ്ങള്‍ നടത്തുന്നതെന്നും, മറിച്ച്‌, കാലണ കണ്ടാല്‍ കമിഴ്‌ന്നടിച്ചുവീഴുന്ന അപ്പന്‍ ദേവസ്സിയുടെ ആ "ബിസിനസ്‌ മെന്റാലിറ്റി ജീന്‍" തന്നെയാണ്‌ തന്റെ ഈ സേവനങ്ങള്‍ക്കു പുറകിലുള്ളതെന്നും ഔസേപ്പു തെളിയിച്ചത്‌, "കിളിക്കൂട്‌" എന്ന പേരില്‍ ഒരു സ്ഥാപനം തുടങ്ങിയിട്ടായിരുന്നു. ( കിളിക്കൂട് എന്നത് യഥാര്‍ഥ പേരല്ല കേട്ടോ)

തൃശ്ശൂരും പരിസരപ്രദേശങ്ങളിലുമുള്ള ദരിദ്രരുടേയൂം, അശരണരുടേയുമെല്ലാം കണ്ണീരണിയിക്കുന്ന കഷ്ടപ്പാടുകളുടെ കഥകളും പിന്നെ യുണീക്ക്‌ ഫോട്ടൊകളും കലക്റ്റു ചെയ്ത്‌, പ്രശസ്ത പത്രങ്ങളിലൂടെയും, ഇന്റര്‍നെറ്റിലൂടേയും സഹായം തേടുകയും ചെയ്ത "കിളിക്കൂടിനു" വെറുമൊരു വര്‍ഷത്തിനകം തന്നെ ഗള്‍ഫ്‌, അമേരിക്ക, യൂറോപ്പ്‌ എന്നിവിടങ്ങളില്‍ നിന്നുമുള്ള സഹൃദയരുടെ ഡ്രാഫ്റ്റുകള്‍ വന്നുതുടങ്ങി.

സ്വന്തമായി അശരണര്‍ക്കുള്ള പുനരധിവാസകേന്ദ്രമൊന്നിമില്ലാതെ, ചെറിയൊരു പീടിക മുറിയില്‍ നിന്നും, കുറച്ചുകൂടി നല്ലൊരു ഓഫീസിലേക്ക്‌ കിളിക്കൂട്‌ അവുസേപ്പ്‌ ഷിഫ്റ്റു ചെയ്തു. ഇവര്‍ ചെയ്യുന്ന ആകെയുള്ളൊരു കാര്യം, കഷ്ടപ്പെടുന്നവരുടെ പടങ്ങളും, കഥകളും പ്രസിദ്ധീകരിച്ചു കിട്ടുന്ന വരുമാനത്തിന്റെ വളരേ ചെറിയൊരു ഭാഗം, ഏതെങ്കിലും ഒരു അനാഥാലയത്തില്‍ കൊടുത്ത്‌, അവരെ ആ അനാഥ മന്ദിരത്തിലെ ഇന്‍മേറ്റ്‌സ്‌ ആക്കും. ബാക്കി ഉത്തരവാദിത്വമെല്ലാം അനാഥാലയത്തിനും, ക്രെഡിറ്റു മുഴുവനും അവുസേപ്പു പുണ്യാളനും !

അങ്ങനെ കഥകളിലൂടേയും, ഫോട്ടോകളിലൂടേയും അശരണരുടെ ചോരയൂറ്റിക്കുടിച്ചു തടിച്ചു കൊഴുത്ത അവുസേപ്പു മൂട്ട, പുതിയ കഥകള്‍ക്കും ഫോട്ടോകള്‍ക്കുമായി കമ്മീഷന്‍ വ്യ്‌വസ്ഥയില്‍ ഫ്രീലാന്‍സിങ്ങ്‌ പയ്യന്മാരെ വരെ ഫീല്‍ഡില്‍ ഇറക്കി തുടങ്ങി, പോരാത്തതിനു അവുസേപ്പും നിരീക്ഷണങ്ങള്‍ക്കായി ഫീല്‍ഡിലുണ്ടായിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം, എന്തോ ആവശ്യത്തിനായി ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു പോയ ഔസേപ്പ്‌ ഒരു കാഴ്ച കണ്ടു. റെയില്‍വേ ട്രാക്കിനരുകില്‍ ഒരു അമ്മാമ്മയിരിക്കുന്നു. കണ്ടാല്‍ ഒരു 80-85 വയസ്സു പ്രായം, ഭക്ഷണം കഴിച്ചിട്ടു ദിവസങ്ങളായെന്നു തോന്നുന്നു.

വെറും ദിവസങ്ങള്‍ക്കു മുമ്പു മാത്രം ട്രെയിന്‍ തട്ടി മരിച്ച അനാഥ വൃദ്ധന്റെ കാര്യമാണ്‌ ഔസേപ്പിന്റെ മനസ്സിലേക്കോടിയെത്തിയത്‌. ഔസേപ്പിന്റെ "ദേവസ്സി ജീന്‍" വര്‍ക്കൗട്ട്‌ ചെയ്തു ! ഈ അമ്മാമ്മയാവട്ടെ അടുത്ത കിളിക്കൂട്‌ പ്രൊജക്റ്റിലെ നായിക !

നേരിട്ടു ഗുരുവായൂരിലെ പരിചയമുള്ളൊരു ഒരു "ഓള്‍ഡ്‌ ഏജ്‌ ഹോമില്‍“ കൊണ്ടുചെന്നാക്കേണ്ട കാര്യമേയുള്ളൂ. പക്ഷേ താനീ ചെയ്യുന്ന പുണ്യ പ്രവര്‍ത്തി നാലാളറിയണ്ടേ, അറിഞ്ഞു നാലു തുട്ടു കിട്ടണ്ടേ ? നാളത്തെ പത്രങ്ങളില്‍ "അവുസേപ്പുണ്യാളന്റെ" ദീനദയാലു വാര്‍ത്തകളും കളര്‍ ഫോട്ടോയും അച്ചടിച്ചു വരുന്നത്‌ കണ്ടു ടിയാന്‍ മനപ്പായസമുണ്ടു.

വേഗം തന്നെ ഒരു ഓട്ടോയുമെടുത്ത്‌ മന്‍ജുളാലിനു സമീപമുള്ള ഒരു ഫോട്ടോ സെന്ററില്‍ എത്തി, അവിടത്തെ ഫോട്ടോഗ്രാഫറായ എന്റെ ഒരു കൂട്ടുകാരനേയും വിളിച്ച്‌ റെയില്‍വേ സ്റ്റേഷനിലേക്കു വിട്ടു. അമ്മാമ്മ അവിടെത്തന്നെയിരിപ്പുണ്ട്‌, ഭാഗ്യം.. ചിലപ്പോ അടുത്ത ട്രെയിനിനു തലവക്കാനാവും !

ഫോട്ടോഗ്രാഫറോടു കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കി. ഔസേപ്പ്‌ ട്രാക്കിനരികത്തിരിക്കുന്ന അമ്മാമയുടെ അടുത്തു ചെന്നു അവരെ കൈപിടിച്ചെഴുന്നേല്‍പ്പിക്കുന്നതും ആശ്വസിപ്പിക്കുന്നതുമെല്ലാം, ആരും അറിയാതെ, ട്രാക്കില്‍ തുരുമ്പിച്ചു കിടക്കുന്ന, ചാരിനിന്നാല്‍ തന്നെ സെപ്റ്റിക്കാവാന്‍ സാധ്യതയുള്ള ആ പഴയ ബോഗികളുടെ മറവില്‍ നിന്നു ക്യാമറയില്‍ പകര്‍ത്തണം.

രംഗം റെഡി.. സ്റ്റാര്‍ട്ട്‌-ക്യാമറാ-ആക്ഷന്‍ !

ഔസേപ്പ്‌ നാടകീയമായ ഗാംഭീര്യത്തോടെ അമ്മാമ്മയുടെ അരികത്തേക്ക്‌.. കൈചെയ്യിനും, ജുബ്ബയും, സ്വര്‍ണ്ണ ഫ്രെയിം കണ്ണാടയും വെള്ളാപ്പിള്ളി ലുക്കുമുള്ളൊരുത്തന്‍ തന്റെ അരികിലേക്കു വരുന്നതു കണ്ട അമ്മാമ്മ ഒന്നു പരുങ്ങി, എന്നിട്ട്‌ ഔസേപ്പിനെ ചോദ്യഭാവത്തിലൊന്നു നോക്കി !

"അമ്മാമ്മേ, വാ.. നമ്മക്കു പോവാം" കരുണയും, വാല്‍സല്യവും, ദിനാനുകമ്പയുമെല്ലാം, ഓവര്‍ ഫ്ലോ ആയി കുതിര്‍ന്ന ഡയലോഗ്‌ ഔസേപ്പിന്റെ വായില്‍ നിന്നും പൊഴിഞ്ഞു വീണു.

"എങ്ങട്ട്രിക്കടാ മോനേ " ?
അമ്മാമ്മയുടെ മറുചോദ്യം കേട്ട ഔസേപ്പ്‌ ഒന്നുകൂടി കരുണാഭാവത്തില്‍ ..

"അമ്മാമ്മ വാ, അമ്മാമ്മയേ ഞാന്‍ വല്ല അനാഥമന്ദിരത്തിലും കൊണ്ടാക്കാം"..

" ഒന്നു പോയ്യേര ചെക്കാ, എന്നെ നീ അനാഥ മന്ദിരത്തില്‍ കൊണ്ടന്നാക്ക്യാ, നിന്റപ്പന്‍ വരുമോടാ എന്റെ ആടിനെ ദിവസവും മേയ്ക്കാന്‍? "

85 വയസ്സായ ഈ പേടകത്തില്‍ നിന്നാണോ ഇത്ര ഭീകരമായ പൊട്ടിത്തെറി, റെയില്‍വേ ട്രാക്കുമേട്ടില്‍ ആടു മേയ്‌ക്കാന്‍ വന്ന അമ്മാമയേയാണല്ലോ താന്‍ അനാഥയായി തെറ്റിദ്ധരിച്ചത്‌ എന്നെല്ലാമോര്‍ത്ത്‌ ഔസേപ്പു വണ്ടറടിച്ചു നില്‍ക്കുമ്പോഴേക്കും ചുറ്റുവട്ടത്തുണ്ടായിരുന്ന മൂന്നു നാലു ചുമട്ടു തൊഴിലാളികളും ഓട്ടോ ഡ്രൈവര്‍മാരും കാര്യം തിരക്കി രംഗത്തെത്തി.

അമ്മാമ്മയോടു മാപ്പു പറഞ്ഞു സ്കൂട്ടാവുന്നതാണ്‌ ആരോഗ്യത്തിനു നല്ലതെന്നു മനസ്സിലാക്കിയ ഔസേപ്പ്‌ അവിടെ കൂടിയവരോടു കാര്യം പറഞ്ഞു മനസ്സിലാക്കുമ്പോള്‍, ബോഗിയുടെ മറവില്‍ 30000 രൂപായുടെ ക്യാമറയില്‍ ഈ രംഗം പകര്‍ത്തിയിരുന്ന എന്റെ സുഹൃത്ത്‌ "ടോം & ജെറി" കാര്‍ട്ടൂണിലെ ടോം ജെറിയെപ്പിടിക്കാന്‍ പോകുമ്പോള്‍, ചുമരിനോടു പതിഞ്ഞു പാദപതന ശബ്ദങ്ങളുണ്ടാക്കാതെ നടക്കുന്ന പോലെ ബോഗികളുടെ മറവില്‍കൂടി നടന്നു സ്ഥലം കാലിയാക്കി !

13 comments:

ഇടിവാള്‍ said...

പുതിയ കഥ ! "പുണ്യാളന്‍" !!

“” ചാലപ്പറമ്പില്‍ ദേവസ്സി പുത്രന്‍ അവുസേപ്പ്‌, ഒരു സാദാ തൃശ്ശൂക്കാരന്‍ നസ്രാണി, എന്നതിലുപരി, മദര്‍ തെരേസ, ഈശോ മിശിഹായി, മഹാത്മാഗാന്ധി, എന്നി മഹാത്മാ ജനുസ്സില്‍ പെട്ടവനും, പാവങ്ങളുടെ താങ്ങും തണലുമായുള്ളൊരു വ്യക്തിയാണ്‌ .... “

സു | Su said...

ഓ...ഇങ്ങനത്തെ കുറേ ആള്‍ക്കാരുണ്ട് ഇടിവാളേ. രക്ഷയില്ല അവരോട് ;)

പാവം അമ്മാമ്മേം പാവം ആടുകളും. അവിടെ അവുസേപ്പ് വിജയിച്ചിരുന്നെങ്കില്‍ ആടുകള്‍ വഴിയാധാരമായേനെ.

പാര്‍വതി said...

കൂട്ടുകാരന്റെ സ്ഥലം കാലിയാക്കല്‍ ഇഷ്ടപെട്ടു.ഞാന്‍ ജെറീ ഫാനാണ് എന്നാലും.

-പാര്‍വതി.

ikkaas|ഇക്കാസ് said...

കഥ നന്നായട്ട്ണ്ട്.
ബ്ലോഗോമാനിയ പിടിച്ചൂല്ലേ ഇടീ?
നാട്ടില് വന്നിട്ടും കീബോര്‍ഡ് കാണുമ്പോ കൈ തരിക്കണൂല്ലേ?
എങ്ങനെണ്ടാര്‍ന്നൂ ഇന്നലെ സോപാനത്തിലെ സേവ?

ഇടിവാള്‍ said...

സൂ, പാറൂ നന്ദി !
ഇക്കാസേ.. തന്നെ തന്നെ ! ബ്ലോഗാതെ കൈ തരിച്ചിട്ടു വയ്യ !

എന്നാലും സോപാന സുരാപാനം ഇത്ര പെട്ടെന്നു ഫേമസായോ ! കുറൂ.. ഞാന്‍ തന്നെ പിന്നെയെടുത്തോളാം !!

അതിന്റെയൊരു ബൈ പ്രൊഡക്റ്റാണ് ഈ പോസ്റ്റും കേട്ടോ !

അനംഗാരി said...

കൊട് കൈ! കലക്കി. ഇടിവാളെ, എന്നതാ ഇഷ്ടാ ആ പടം. ഒരു ചുള്ളന്‍.

അനു ചേച്ചി said...

ഔസേപ്പ് വെള്ളാപ്പിള്ളി സ്റ്റയിലില്‍ വന്നാലും അമ്മാ‍മ ഗ്ലാമറടിച്ചില്ലേ. അമ്മാമയുടെ ഡയലോഗ് ഫിറ്റിങ്ങ് സൂപ്പര്‍ .അമ്മാ‍മ സുരേഷ് ഗോപിയുടെ നാട്ടുകാരിയാവാനാണ് സാധ്യത ,തന്നെ.

സ്നേഹിതന്‍ said...

അമ്മാമ്മയും ഔസേപ്പും നല്ല കോമ്പിനേഷന്‍ !

മിന്നിയിരിയ്ക്കുന്നു ഇടിവാളെ.

അരവിന്ദ് :: aravind said...

നന്നായിട്ടുണ്ട് ഇടിവാളേ....
ഇടി നന്നായി മിന്നി, മുഴക്കം അല്പം കുറവാണെങ്കിലും അവസാനം ടോമിന്റെ സ്റ്റൈലില്‍ ഫോറ്റോഗ്രാഫര്‍ സ്കൂട്ട് ചെയ്ത രംഗമോര്‍ത്ത് കുടുകുടെ ചിരിച്ചു :-)) സൂപ്പര്‍.!

ഇടിവാള്‍ said...

നാട്ടിലായ്യതിനാല്‍, ഒരുപാട് പോസ്റ്റുകളും/കമന്റുകളും മിസ്സാവുന്നു.

കുടിയന്‍: മറ്റൊരു കുടിയന്റെ നന്ദി ;)
അനു ചേച്ചി: നന്ദി
സ്നേഹിതന്‍ നന്ദി ;)

സുമാത്ര said...

ഈ അപ്പന്‍ ദേവസ്സി ഇപ്പൊ ജീവിച്ചിരുപ്പുണ്ടോ..? അല്ലാ.. അമ്മാമ്മക്കു ആടിനെ നോക്കാന്‍ കൂട്ടിന്? നന്നായി. നര്‍മ്മത്തില്‍ ചാലിച്ച പുണ്യള ചരിതം.ഹി..ഹി..

വക്കാരിമഷ്‌ടാ said...

സ്നേഹിതന്‍ പറഞ്ഞതുപോലെ ഔസേപ്പും അമ്മാമയും. അടിപൊളി ഇടിവാളേ.

ഈയിടെ ഗുരുവായൂരില്‍നിന്നും പ്രായമായവരെയെല്ലാം ഓടിച്ചിട്ട് വണ്ടിക്കകത്ത് കയറ്റാന്‍ ഒരു അനാഥമന്ദിര/അശരണസേവനക്കാര്‍ ശ്രമിച്ചത് വലിയ ഒച്ചപ്പാടായിരുന്നല്ലോ. അവരില്‍ ഒരാള്‍ മരിച്ചു പോവുകയും ചെയ്തു എന്ന് തോന്നുന്നു.

കഷ്ടം തന്നെ. എന്തെല്ലാം ബിസിനസ്സുകള്‍.

പതിവുപോലെ നന്നായി എഴുതിയിരിക്കുന്നു.

ബിന്ദു said...

ഒരാളെ സഹായിക്കാമെന്നു വച്ചാലും ചീത്ത കേള്‍ക്കണം. പാവം അവുസേപ്പ്, അതിലും പാവം അമ്മൂമ്മ. :)

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.