-- എ ബ്ലഡി മല്ലു --

ഒരു കോവൈ വീരഗാഥ

Monday, August 14, 2006

വെങ്കിടങ്ങിലേ ഓരോ യുവാവിനേയും പോലെ, കോഴ്സു കഴിഞ്ഞാല്‍ നേരെ ദൂഫായിലോട്ടു പോണം, എന്നായിരുന്നു എന്റേയും ജീവിതാഭിലാഷം.

എന്തെങ്കിലും കൈത്തൊഴിലും, കുറച്ചു പ്രവര്‍ത്തി പരിചയവുമില്ലാതെ ജോലി കിട്ടാന്‍ സാധ്യതയില്ലെന്നു മനസ്സിലാക്കിയതിനാല്‍, കുറാച്ചു കാലം എവിറ്റേയെങ്കിലും ഒരു ജോലി, പേരിനെങ്കിലും വേണമല്ലോയെന്നോര്‍ത്ത്‌, വെറും മൂന്നക്ക ശമ്പളത്തില്‍ തൃശ്ശൂരു തന്നെയുള്ള ചില സ്ഥാപനങ്ങളില്‍ ജോലി നോക്കി.

ആളേം ഇഷ്ടായി, പണീം ഇഷ്ടായി, നാളെത്തൊട്ട്‌ പണിക്കു വരണ്ടാ, എന്നു ചില ദുഷ്ട എംപ്ലോയേഴ്സ്‌ പറഞ്ഞതിനാലും, അതിലുപരി ജോലി സാറ്റിസ്ഫാക്ഷന്‍, ദുട്ട്‌ സാറ്റിസ്ഫാക്ഷന്‍ എന്നിവയില്ലാത്തതിനാലും, വെറും 6 മാസത്തിനുള്ളില്‍ 4 കമ്പനികളില്‍ എസ്‌കിക്യൂട്ടീവ്‌ പോസ്റ്റുകള്‍ ഭാരാവഹിക്കാന്‍ എനിക്ക്‌ അവസരം ലഭിച്ചിരുന്നു. ഈ ഡൈവോഴ്സുകള്‍ക്കെല്ലാം കാരണഭവീകരിച്ചത്‌, രണ്ടു കമ്പനികള്‍ എനിക്കും ഇഷ്ടമായില്ല, മറ്റു രണ്ടു കമ്പനികള്‍ക്ക്‌, എന്നേയും ഇഷ്ടമായില്ല എന്ന സിമ്പിള്‍ റീസണ്‍ ആയിരുന്നു.

കിരീടം സിനിമയില്‍ ജഗതി പറയുംപൊലേ "നമ്മക്കു വല്ല പതിനായിരം രൂഫാ ശമ്പളം വേണം" എന്നായിരുന്നു എന്റെ ഉള്ളിരിപ്പ്‌ എന്നതിനാലും, എന്നൊപ്പോലൊരു "എഫിഷന്റ്‌ ഗൈ " യെ സ്റ്റാഫായിട്ടു കിട്ടാന്‍ അഞ്ചാമത്തെ കമ്പനിക്ക്‌ ഭാഗ്യമില്ലാതിരുന്നതിനാലും, എന്റെ അഞ്ചാം അസൈന്‍മന്റ്‌ കാത്തിരിപ്പ്‌ കോഴിക്കു ബമ്പറു വരുന്ന പോലെ നീണ്ടു നീണ്ടു പോയി.

മൂത്തവനായ ഞാന്‍ പഠിപ്പു കഴിഞ്ഞ ശേഷം ഒരു ചോദ്യചിഹ്നം പോലെ "ഇന്ററസ്റ്റ്‌ ഫ്രീ" ഫിക്സഡ്‌ ഡെപോസിറ്റ്‌ ആയി കിടക്കാന്‍ എന്റെ മാതാപിതാക്കള്‍ക്കു യാതൊരു ഇന്ററസ്റ്റുമില്ലാത്തതിനാല്‍, വരുമാനമൊന്നുമില്ലാതെ വെറുതെ പുട്ടുമടിച്ച്‌, സിനിമയും കണ്ട്‌, കള്ളും കുടിച്ച്‌, വെങ്കിടങ്ങിലെ 15-20 വയസ്സു റെയ്ഞ്ചിലുള്ള പെമ്പിള്ളേരുടെ തന്തമാര്‍ക്ക്‌, സ്ലീപ്‌ലെസ്സ്‌ നൈറ്റ്‌സും സമ്മാനിച്ചു നടന്നിരുന്ന എന്നെ 70 കിലോ തൂക്കമുള്ള ഒരു ബര്‍ഡന്‍ എന്ന രീതിയിലാണോ ഇവര്‍ കണ്ടിരുന്നതെന്നു ചില സന്ദര്‍ഭങ്ങളില്‍ ഞാണ്‍ സംശയിച്ചിട്ടുണ്ട്‌.

ജ്വാലിയില്ലേലും കല്ലി വല്ലി, ഞാന്‍ അന്തസ്സായി തന്നെ ജീവിക്കും എന്നാണ്‌ അന്നത്തെ എന്റെ പോളിസി. പോരാത്തതിനു അമ്മാവന്‍ ദുബായില്‍ നിന്നും വിസിറ്റ്‌ വിസ അയച്ചു തരാമെന്നേറ്റിട്ടുണ്ട്‌. ഗള്‍ഫില്‍ പോയി പതിനായിരങ്ങളും ലക്ഷങ്ങളുമൊക്കെ ശമ്പളം വാങ്ങി ജീവിക്കേണ്ട ഞാന്‍ വെറുതേയെന്തിനീ മൂന്നക്ക ശമ്പളങ്ങളില്‍ ഒതുങ്ങിക്കൂടണമെന്ന ഒരു ചിന്തയും, ഈ അഹന്തക്കു വളക്കൂറേകി.

തുടരേ തുടരേയുള്ള അമ്മയുടെ വിസോദ്യേശപരമായ ഫോണ്‍ വിളികള്‍ക്കൊടുവില്‍, യാതൊരു എക്സ്പീരിയന്‍സുമില്ലാതെ ദുബായില്‍ വന്നാല്‍ ജോലി വാങ്ങിക്കൊടുക്കാന്‍ ദുബായി ഷേക്ക്‌ അങ്ങേരടെ മച്ചമ്പിയല്ലെന്നും, 1 വര്‍ഷം കേരളത്തിനു വെളിയില്‍ എവിടേയെങ്കിലും പോയി, ഭാഷ, പ്രവര്‍ത്തി പരിചയം എന്നിവ മെച്ചപ്പെടുത്തിയാല്‍, അങ്ങേരു പെട്ടെന്നു തന്നെ വിസ അയച്ചു തരുമെന്നുമുള്ള അമ്മാവന്റെ പ്രസ്താവന വന്നു. ഒരു വര്‍ഷത്തേക്ക്‌ ഇനി മനസ്സമാധാനം കിട്ടുമല്ലോയെന്നോര്‍ത്ത്‌ അങ്ങേര്‍ക്കു സമാധാനം.. ഒരു വര്‍ഷം കഴിഞ്ഞാലെങ്കിലും മോനു വിസ കിട്ടുമല്ലോയെന്നോര്‍ത്ത്‌ അമ്മക്കും സമാധാനം.

എന്നെ കേരളത്തിനു വെളിയിലേക്കു പാക്കു ചെയ്യാനായി അമ്മയുടെ അടുത്ത ശ്രമം. എനിക്കാണെങ്കില്‍ പുറത്തൊന്നും പോയി ജോലി ചെയ്യാനൊന്നും താല്‍പര്യമില്ല. സഹപാഠികല്‍ ചിലര്‍, ബോംബേ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കു ക്ഷണിച്ചെങ്കിലും, ഞാനാ ഓഫറുകളൊക്കെ നിരസിച്ചു.

അക്കാലത്താണ്‌ "ഉണ്ണികൃഷ്ണന്‍" എന്ന ഒറിജിനല്‍ പേരും, കുട്ടന്‍ എന്ന വിളിപ്പേരുമുള്ള, ഒരു ബന്ധു നാട്ടില്‍ വരുന്നത്‌. അമ്മയുടെ അനിയന്‍ പരിവേഷമുള്ള ഈ കസിനു, അമ്മയേയും അമ്മൂമ്മയേയുമൊക്കെ ഭയങ്കര സ്നേഹവും ബഹുമാനവുമായിരുന്നു.

കൊയമ്പത്തൂരില്‍ മേട്ടുപ്പാളയം അടുത്ത്‌ ഭാര്യയും രണ്ടു പിള്ളാരുമായി ജീവിക്കുന്ന ഇദ്ദേഹം, 1-2 കൊല്ലം കൂടുമ്പോള്‍, നാടിന്റെ നൊസ്റ്റാള്‍ജിക്‌ ഓര്‍മകള്‍, അയവെട്ടാന്‍, ഒന്നോ രണ്ടോ ദിവസത്തേക്ക്‌ കേരളത്തില്‍ അവതരിക്കയും, അമ്മാവന്റെ വീട്‌, എന്റെ വീട്‌ എന്നിവിടങ്ങളിലൊക്കെ ഒരു മിന്നല്‍ സന്ദര്‍ശനം നടത്തുകയും ചെയ്യും.

ഇടക്കൊക്കെ കുട്ടേട്ടനും ഫാമിലിയും വീട്ടില്‍ വരാറുണ്ടെങ്കിലും, ഞാന്‍ ഒന്നോ രണ്ടോ തവണ മാത്രമേ പുള്ളിയെ കണ്ടിട്ടുള്ളൂ. വീട്ടില്‍ വരുന്ന അണ്ടനും അടകോടനേയുമൊക്കെയായി സംസാരിച്ചിരിക്കാന്‍ നമ്മക്കു നേരമുണ്ടോ, ബിസിയല്ലേ.

കുട്ടേട്ടനും, പുള്ളിയുടേ മാതാപിതാക്കളൂം, സഹോദരങ്ങളുമെല്ലാം, 40 വര്‍ഷങ്ങളോളമായി തമിഴ്‌നാട്ടില്‍ താമസിക്കുന്നമൂലം, ഇവരുടേത്‌ തമിഴിനു ആധിപത്യമുള്ളൊരു മലയാളമായിരുന്നു. എനിക്കു തമിഴ്‌ അറിയില്ല, അറിയുന്ന രണ്ടു വാക്കുകള്‍ ഇവിടെ പറയാന്‍ കൊള്ളില്ല, പിന്നെ ചേട്ടന്‍ പൊസിഷനിലുള്ള അങ്ങേരെ എങ്ങനെ ആ രണ്ടു വാക്കുകള്‍ വിളിച്ചു സംബോധന ചെയ്യും, എന്നീ മള്‍ട്ടിപ്പിള്‍ കണ്‍ഫൈയൂഷന്‍സ്‌ മൂലം, ഇവരു വീട്ടില്‍ വന്നാലും ഞാന്‍ അധികം സംസാരിക്കാറില്ല. അല്ലേലും, വരുന്നവര്‍ പിരിവുകാരോ, ധര്‍മക്കാരോ, ആരുമാവട്ടെ, വീട്ടില്‍ വരുന്നവരെ തെറി പറയുന്ന സ്വഭാവം ഞങ്ങടെ തറവാട്ടില്‍ പണ്ടേയില്ല.

അങ്ങനെ, ഞാന്‍ വീട്ടിലുള്ളൊരു ദിവസം, കുട്ടേട്ടന്‍ വന്നപ്പോള്‍ അമ്മ എന്റെ കാര്യം സൂചിപ്പിച്ചു. "ഇതാണോ ഇത്തറ വെല്യ കാര്യം ചേച്ചീ, ദിപ്പ ശെര്യാക്കിത്തരാം" എന്നു പപ്പു ടോണില്‍ പറഞ്ഞ്‌, എന്റെ ഇനിയുള്ള ഭാവിയുടേ ഉത്തരവാദിത്വം എന്ന വേതാളത്തെ, കുട്ടേട്ട വിക്രമാദിത്യന്‍ എടുത്തു തോളീക്കേറ്റി. പാവം, എന്നെ ശെരിക്കറിയുമായിരുന്നെങ്കില്‍, വല്ലപ്പോഴുമുള്ള ആ നോസ്റ്റാല്‍ജിക്‌ വിസിറ്റുകള്‍ തന്നെ എന്നെന്നേക്കുമായി അങ്ങേരു നിര്‍ത്തിയേനേ.

അങ്ങനെ, മാതാപിതാക്കള്‍ക്ക്‌ പ്രതീക്ഷയും, കുറച്ചു വിരഹദുഖവും, വലിയൊരാശ്വാസവും, പിന്നെ നാട്ടിലെ ചില തരുണീ മണികള്‍ക്ക്‌ നിരാശയും, മറ്റു ചിലര്‍ക്കു സന്തോഷവും നല്‍കിക്കൊണ്ട്‌, അടുത്തമാസം തന്നെ കോവൈയിലേക്ക്‌ ഞാണ്‍ വണ്ടികയറി. കഴിഞ്ഞ 4 കൊല്ലമായ്യി സന്തത സഹചാരിയായിരുന്ന എന്റെ "യെദ്‌സി" റോഡ്‌ കിങ്ങിനെ കൂടി കൊണ്ടുപോകണമെന്നാഗ്രഹമുണ്ടായിരുന്നെങ്കിലും, പിതാശ്രീ നിഷ്കരുണം ആ അപേക്ഷ തള്ളി.

ഞാന്‍ പോയി ദിവസങ്ങള്‍ക്കകം അച്ഛന്‍ ആ ബൈക്ക്‌ വിറ്റതറിഞ്ഞപ്പോള്‍, കോവൈയിലെ രണ്ടാമത്തെ ഇന്റര്‍വ്യൂവും ഫെയിലായി കുട്ടേട്ട ഭവനത്തിലോട്ടുള്ള മടക്കയാത്രയില്‍ ഗാന്ധിപുരം ബസ്റ്റാന്‍ഡില്‍ "അണ്ണാദുരൈ" ടീസ്റ്റാളില്‍ കുറെ അണ്ണാച്ചിമാരുടെയിടയിലിരുന്നു തേങ്ങാ ബണ്ണു കഴിച്ചു കൊണ്ടിരുന്ന എന്റെ കണ്ണില്‍ നിന്നും ധാര ധാരയായി കണ്ണീരൊഴുകി.. ബണ്ണു നനഞ്ഞു.

ഒരു മാസത്തിനകം, 5-6 ഇന്റര്‍വ്യൂകള്‍ ഒപ്പിച്ചെങ്കിലും, ഒരു മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്റിങ്ങിലെത്താന്‍, എനിക്കും ആ കമ്പനികളിലൊന്നിനും സാധിക്കാത്തതിനാല്‍, തൊഴിലില്ലായ്മാ വേതനം ലഭിക്കാത്തൊരു തൊഴിലില്ലാത്തവനായി ഞാന്‍ കോവൈ തെരുവുകളില്‍ അലഞ്ഞു നടന്നു.

ഇതിനിടക്കു, തമിഴ്‌ എഴുതാനും, വായിക്കാനും പഠിച്ചുവെങ്കിലും, പദസമ്പത്തില്ലാത്തതിനാല്‍, എന്റെ തമിഴ്‌ പേച്ച്‌, ഇറ്റലിക്കാരന്‍ ചൈനീസ്‌ പറയുന്ന പോലെയായിരുന്നു. എന്നിരിക്കിലും, സി.വി. യില്‍ ലാന്‍ഗ്വേജസ്‌ നോണ്‍ എന്നതിനു നേരെ ഇംഗ്ലീഷ്‌, മലയാളം, എന്നിവക്കൊരു കമ്പനിയായി "തമിള്‍" എന്നു കൂടി ഞാന്‍ കൂട്ടിച്ചേര്‍ത്തു.

ഒന്നര മാസം കഴിഞ്ഞിട്ടും, ജോലിയൊന്നുമാവാത്തതില്‍, എനിക്കുള്ളതിനേക്കാള്‍ ദുഖം കുട്ടേട്ടനാണെന്നു തോന്നിത്തുടങ്ങി. ഒരു മുറിയും, ഹാളുമുള്ള ആ കൊച്ചു വീട്ടില്‍, അവരുടേ രണ്ടാമ്പിള്ളാരുടേ കൂടെ ക്രിക്കറ്റും കളിച്ച്‌ നടക്കുന്ന എന്നെക്കാണുമ്പോള്‍, വഴിയേ പോയ വയ്യാവേലിയെടുത്ത്‌, തലയില്‍ കയറ്റിയ നിരാശയിലും, പല ദിനചര്യകളും മുടങ്ങുന്ന സങ്കടത്തിലും, ജോലിയൊന്നുമാവാതെ എങ്ങനെ എന്നോടു മാറിത്താമസിക്കാന്‍ പറയും എന്നെല്ലാമോര്‍ത്തും കുട്ടേട്ടന്‍ നെടുവീര്‍പ്പിട്ടു.

അവസാനം, കോവൈയിലെ സിത്താപുതൂരുള്ള ഒരു കമ്പനിയില്‍, ചെറിയൊരു റെക്കമെന്റേഷന്‍ മൂലം ഒരു ജോലി ശെരിയായി. നാലക്ക ശമ്പളമാണല്ലോ എന്നൊക്കെയുള്ള ചിന്തയാല്‍, ഞാനതിനു സമ്മതിച്ചു, ആക്ച്വല്‍ ശമ്പളം ഏറ്റവും ചെറിയ നാലക്കമായിരുന്നിട്ടു കൂടി. 1000 രൂപാ മന്ത്‌ലി. "കുട്ടേട്ടനോട്‌" അഭിപ്രായം ചോദിച്ചപ്പോ, അതിനു തന്നെ ചേരാന്‍ പുള്ളിയും നിര്‍ബന്ധിച്ചു. തലയില്‍ കയറിയ ഞാനെന്ന വയ്യാവേലി എങ്ങനേലുമൊന്നു താഴേക്കിറക്കാന്‍ നോക്കിയിരിക്കയല്ലായിരുന്നോ പുള്ളീ?

അങ്ങനെ, ആ കമ്പനിയില്‍ "ട്രെയിനി സര്‍വീസ്‌ എന്‍ജിനീയര്‍" കയറുകയും അതേ കമ്പനിയില്‍ തന്നെയുള്ള 3 പേര്‍ താമസിക്കുന്ന, ഓഫീസിനടുത്തു തന്നെയുള്ള കൊച്ചു വീട്ടിലേക്ക്‌ നാലാമനായി ഞാന്‍ ഗൃഹപ്രവേശം ചെയ്തു.

ചിറ്റൂര്‍ സ്വദേശി ബാബു, കണ്ണൂര്‍ക്കാരന്‍ ഗിരീഷ്‌, പിന്നെ, തൂത്തുക്കുടി സ്വദേശി സിങ്കരായന്‍ എന്നിവരാണ്‌ റൂം മേറ്റ്‌സ്‌. മൂന്നുപേരും ഒന്നിനൊന്നു മെച്ചപ്പെട്ട വില്ലന്മാരായതിനാലും, എന്റെ അതേ ടൈപ്പായതിനാലും, ഞങ്ങള്‍ പെട്ടെന്നുതന്നെ ക്ലോസ്‌ ഗെഡികളായിത്തീര്‍ന്നു. കൂട്ടത്തില്‍ ഏറ്റവും രസികന്‍ ശിങ്കരായനായിരുന്നു, ആത്മാര്‍ഥതയുടെ കാര്യത്തില്‍ 100% ആയതിനാല്‍, എനിക്കും അവനെ ഭയങ്കര കാര്യം. സ്നേഹപൂര്‍വം ഞങ്ങളവനെ ശിങ്കന്‍, ശിങ്കു എന്നൊക്കെ വിളിച്ചു പോന്നു.

400 രൂപാ തമസത്തിനും, 500 രൂപാ ഭക്ഷണത്തിനും, 300 രൂപാ അല്ലറ ചില്ലറകള്‍ക്കായും ആവശ്യമുണ്ടായിരുന്നതിനാലും, കമ്പനി ശമ്പളത്താല്‍ ഇതു തികയില്ലെന്നതിനാലും, വെറും 120 കി.മി അകലെ കിടക്കുന്ന എന്റെ സ്വന്തം വീട്ടിലേക്ക്‌, 2 ആഴ്ച കൂടുമ്പോള്‍ ഞാന്‍ പോകുമായിരുന്നു. അച്ഛന്റെ കയ്യില്‍ നിന്നും ചിലവു കാശു മേടിക്കുക എന്നതാണു മെയി ലഷ്യമെങ്കിലും, "നിങ്ങളേയൊക്കെക്കാണാതെ എങ്ങനെ രണ്ടാഴ്ച" എന്നീ സെന്റി നമ്പറുകളിട്ട്‌ അമ്മയെ തെറ്റിദ്ധരിപ്പിക്കയും ചെയ്തിരുന്നു.

എന്റെ ഓഫീസില്‍ ഒരു ലേഡി സെയില്‍സ്‌ കോര്‍ഡിനേറ്ററുണ്ട്‌. പേരു പ്രിയ. വളരേ ഫ്രണ്ട്‌ലിയും നല്ലൊരു തന്റേടിയുമായിരുന്ന പ്രിയ കാഴ്ചയില്‍ അതി സുന്ദരിയൊന്നുമല്ലെങ്കിലും, ഒന്നാഞ്ഞു പിടിച്ചാല്‍, മോഡറേഷനോടെ "കിളി ഗ്രേഡ്‌ ബി" ഗണത്തില്‍ പെടുത്താവുന്നതാണു. ആഷ്പൂഷ്‌ ഇംഗ്ലീഷ്‌ സംസാരിക്കുന്ന അവളോട്‌ ഞാന്‍ അധികം സംസാരിക്കാറില്ലെങ്കിലും, മെല്ലെ മെല്ലെ, ഏതു കാണാന്‍ കൊള്ളാവുന്ന പെങ്കൊച്ചിനെക്കണ്ടാലും എന്നില്‍, സ്പോണ്ടേനിയസായി പൊട്ടിമുളക്കാറുള്ള ആ ആത്മാര്‍ഥപ്രേമം, ലവളോടും എനിക്കു തോന്നിത്തുടങ്ങി. മുറി ഇംഗ്ലീഷും, മുറിത്തമിഴുമായി ഞങ്ങള്‍ തമ്മിലുണ്ടായിരുന്ന ആ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ്‌ നീക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. മനസ്സു തുറക്കുന്നത്‌ ലവളുടെ മാതൃഭാഷയില്‍ തന്നെയാവണം എന്ന ചിന്തയാല്‍, എന്റെ തമിഴ്‌ ഒന്നു മെച്ചപ്പെടുത്താന്‍, തമിഴ്‌ പേപ്പറുകള്‍ വായനയും തുടങ്ങുകയും തമിഴിലെ റൊമാന്റിക്‌ വാക്കുകള്‍ ശിങ്കരായനോടു ചോദിച്ചു മനസ്സിലാക്കി. നല്ലൊരവസരത്തിനായി ഞാന്‍ കാത്തിരുന്നു.

പണ്ടു മുതലേ പെന്‍സില്‍ ഡ്രോയിങ്ങ്‌, കാര്‍ട്ടൂണ്‍ എന്നിവകളിലൊക്കെ പങ്കെടുത്തിരുന്നതിനാല്‍ എന്റെ ഹാന്‍ഡ്‌റൈറ്റിങ്ങ്‌ തരക്കേടില്ലാത്തതായിരുന്നു. ശിങ്കരായനും ബാബുവുമൊക്കെ, എന്റെ എഴുത്തു കണ്ടു പലപ്പോഴും പറയാറുണ്ട്‌ എന്റേതു നല്ല വടിവൊത്ത എഴുത്താണെന്ന്.

ഒരു ദിവസം ഒരു ഹാഫ്‌ ബോട്ടിലുമായി കേറി വന്ന ശിങ്കന്‍ എന്നോടൊരു സഹായമഭ്യര്‍ത്ഥിച്ചു. അവനു നല്ല കയ്യക്ഷരത്തില്‍, ഒരു ലൗ ലെറ്റര്‍ എഴുതിക്കൊടുക്കണമെന്നു. അവന്റെ പ്രണയിനിക്കു കൊടുക്കാന്‍. അവന്‍ എഴുതിയാല്‍, അവളതു വലിച്ചു കീറിക്കളയും, അത്ര മനോഹരമാണവന്റെ ഹാന്‍ഡ്‌ റൈറ്റിങ്ങ്‌.

അവന്‍ പറഞ്ഞു തരുന്ന വാക്കുകള്‍, ഞാന്‍ വെറുതേ എഴുതിക്കൊടുത്താല്‍ മതി. ഓക്കേ, രണ്ടെണ്ണം വിട്ടശേഷം, പേനയും പേപ്പറുമെടുത്ത്‌ ഞാന്‍ എഴുത്തിനിരുന്നു. ഒരു നിമിഷത്തെ ആലോചനക്കു ശേഷം അവന്റെ വായില്‍ നിന്നും വന്ന ആദ്യ വാക്കു കേട്ട എന്റെ തലക്കകത്ത്‌ പടക്കം പൊട്ടീ.

"എന്‍ ഉയിരിന്‍ ഉയിരായ പ്രിയക്ക്‌..."

അന്തം വിട്ട്‌ ഒന്നുമെഴുതാതെ വായും പൊളീച്ചിരിക്കുന്ന എന്റെ നേരെ നോക്കി അവന്‍ ചോദിച്ചു.." ഏന്‍ഡാ പ്രച്ചനം?"

യേതു പ്രിയാവാഡേയ്‌ ഇത്‌ എന്ന എന്റെ ചോദ്യത്തിനു ഉടന്‍ മറുപടി " ആമാണ്ടാ, നമ്മ പ്രിയാ താന്‍.. എനക്ക്‌ അവളെ റൊമ്പ പുടിച്ചിരുക്ക്‌.."

തൃശങ്കു സ്വര്‍ഗത്തിലായി ഞാന്‍. ഇനി അവന്‍ പറയുന്ന പോലെഴുതിക്കൊടുത്തില്ലെങ്കില്‍, ഞങ്ങളു തമ്മില്‍ പിണങ്ങും, എഴുതിക്കൊടുത്താല്‍, എന്റെ ദൈവമേ... ആകെ ഗുലുമാലായല്ലോ !

ഒരു നിമിഷം ചിന്തിച്ച ഞാനെഴുതാന്‍ തന്നെ തീരുമാനിച്ചു. ഇവന്‍ ഒരു കടിതം കൊടുത്തതുകൊണ്ട്‌ അവളങ്ങു വീണുപോകുകയൊന്നുമില്ലല്ലോ? ഇവന്റെ ആ ട്രഡീഷണല്‍ ഗ്യാരണ്ടീ കളറില്‍, അവള്‍ വീണില്ലെങ്കിലോ ?

അങ്ങനെ, കൂട്ടുകാരനുവേണ്ടി, പ്രേമഭാജനത്തിനു ലൗ ലെറ്റര്‍ എഴുതുന്ന ആ വികാരഭരിത രംഗത്തിനു ആ പത്തേ ബൈ പത്ത്‌ അടി റൂമും, തീരാറായ കള്ളിന്‍ കുപ്പിയും സാക്ഷ്യം വഹിച്ചു.

തികട്ടി വന്ന ദുഖം കടിച്ച്മര്‍ത്തിക്കൊണ്ട്‌ ആ ലെറ്റര്‍ എഴുതുന്നതിനിടയില്‍, സുഹൃത്തിനു വേണ്ടി കാമുകിയെ ത്യജിച്ച , സത്യന്‍, നസീര്‍, ജയന്‍, ഉമ്മര്‍, രതീഷ്‌, വിന്‍സന്റ്‌, രാഘവന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, തുടങ്ങിയ പ്രശസ്ത മലയാള സിനിമാ നിരാശാ കാമുകന്മാരുടേ മുഖങ്ങളും, ആ സിനിമാ രംഗങ്ങളും എന്റെ തലയില്‍ ഫ്ലാഷ്‌ ബാക്കുകള്‍ കളിച്ചു. രണ്ടു തുള്ളി കണ്ണൂ നീര്‍ത്തുള്ളികള്‍ ആ പ്രണയ കടിതത്തില്‍ വീണോ ആവോ ?

"മംഗളം നേരുന്നു ഞാന്‍, എന്നും മനസ്സില്‍ പാടിക്കൊണ്ട്‌, ശിങ്കരായന്റെ വാക്കുകള്‍ക്കനുസരിച്ച്‌ എന്റെ പേന ചലിച്ചു.

" മറുപടി പ്രതീക്ഷിച്ചുകൊണ്ട്‌ നിന്റെ സ്വന്തം ..." എന്നെഴുതുതിക്കൊടുത്തതും ശിങ്കന്‍,അതു മടക്കി ചെറിയൊരു കവറിലിട്ടു. ശേഷം സ്മാളടി കര്‍മ്മം ഞങ്ങള്‍ ‍പൂര്ത്തീകരിച്ചു.

രണ്ടു ദിവസത്തിനു ശേഷം ജോലികഴിഞ്ഞ്‌ റൂമിലെത്തിയ ഞാന്‍ ,ആകെ ശൊകമൂകനായിരിക്കുന്ന ശിങ്കനേയാണൂ കണ്ടത്‌. തൊട്ടടുത്ത കട്ടിലില്‍ ബാബുകിടപ്പുണ്ട്‌. ഞാന്‍ റൂമില്‍ കയറിയതും,ഹ ഹ ഹ എന്നു പൊട്ടിച്ചിരിച്ചുകൊണ്ട്‌ ബാബു കട്ടിലില്‍ നിന്നും എഴുന്നേറ്റു. ഇതും കൂടിയായതോടെ, ശിങ്കന്‍ ചാടിയെഴുന്നേറ്റ്‌ എന്റെ കോളറിനു കയ്യറിപ്പിടിച്ച്‌, കടിച്ചാല്‍ പൊട്ടാത്ത കുറേ തെറികളും, പിന്നെ, ഇതേ വരെ കേട്ടിട്ടില്ലാത്ത കുറേ ചെന്തമിഴ്‌ പദങ്ങളും എന്നില്‍ വര്‍ഷിക്കയും, ഒരു ഷര്‍ട്ടുമെടുത്തിട്ട്‌ കലിപ്പില്‍ പുറത്തേക്കിറങ്ങിപ്പോകയും ചെയ്തു.

എന്നും മനസ്സിലാവാതെ പന്തം കണ്ട പെരുച്ചാഴി പോലെ നിന്ന എന്നോട്‌ കാര്യങ്ങളുടെ കിടപ്പ്‌ ബാബു പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ ഞാന്‍ ഞെട്ടിയോ, അതോ ചിരിച്ചോ!

ഞാനെഴുതിക്കൊടുത്ത പ്രേമലേഖനം അന്നു രാവിലെ ശിങ്കന്‍ പ്രിയക്കു കൊടുത്തത്രേ. കടിതം വായിച്ചു നോക്കിയശേഷം അവള്‍ ശിങ്കനോടു പറഞ്ഞു .. "ഇതിന്റെ മറുപടി ഇടിവാളിനോടു പറയാം"

അതെന്തിനാ ഇടിവാളിനോടു പറയുന്നേ, എന്നു തെരക്കിയ ശിങ്കനു നേരേ, പ്രിയ ആ കടിതം തിരിച്ചു കൊടുത്തു, മുഴുവനും വായിക്കാന്‍ പറഞ്ഞു.

കടിതം മുഴുവന്‍ വായിച്ച ശിങ്കന്‍, ഏറ്റവും അവസാനത്തെ വാക്കു കണ്ടു ഞെട്ടി !

"മറുപടി പ്രതീക്ഷിച്ചുകൊണ്ട്‌ നിന്റെ സ്വന്തം ശിങ്കരായന്‍".. എന്നുള്ളതിനു പകരം...

"മറുപടി പ്രതീക്ഷിച്ചുകൊണ്ട്‌ നിന്റെ സ്വന്തം ഇടിവാള്‍" എന്നാണെഴുതിയിരിക്കുന്നത്‌ !

എല്ലാ എഴുത്തിനു ശേഷവും പേരുവക്കുന്നതൊരു ശീലമായതിനാലും, അപ്പോഴത്തെ ആ മാനസികാവസ്ഥയില്‍ അറിയാതെ വന്നൊരു തെറ്റാണെന്നു എത്ര തവണ ആണയിട്ടു പറഞ്ഞിട്ടും, ശിങ്കരായന്‍ എന്നെ വിശ്വസിച്ചില്ല.

"പ്രേമക്കളരിയില്‍, ലൗ ലെറ്ററെഴുതാന്‍ ചോദിച്ചപ്പോള്‍, പേരു മാറ്റിയെഴുതിയവന്‍ ചതിയന്‍ ഇടിവാള്‍, എന്ന തെറ്റിദ്ധാരണയില്‍ തമിഴ്‌നാട്ടിലെ ഏതോ പട്ടണത്തില്‍ ആ ചീറ്റിപ്പോയ കടിത സ്മരണകളും അയവിറക്കി ജീവിക്കാന്‍, ശിങ്കന്റെ ജീവിതം ഇനിയും ബാക്കി !

21 comments:

ഇടിവാള്‍ said...

പുതിയ കഥ.
ഒരു കോവൈ വീരഗാഥ ..

തിരക്കിട്ടെഴുതിയ ഒരു നീണ്ട പോസ്റ്റ് !
അഭിപ്രായം അറിയിക്കുമല്ലോ ?

വല്യമ്മായി said...

എന്നിട്ടവള്‍ എന്തു മറുപടി പറഞ്ഞു.

കുട്ടന്മേനൊന്‍::KM said...

കല്യാണം കഴിക്കാന്‍ നാട്ടില്‍ പോയ ഇടിവാളിന് ഇങ്ങനെ ഒരു ചിന്ത വന്നതിന്റെ അന്തരാളങ്ങള്‍ മനസ്സിലാവുന്നില്ല. All the Best

ഇടിവാള്‍ said...

കുട്ടമേന്‍‌ന്നേ..
“ കല്യാണം കഴിക്കാന്‍ നാട്ടില്പോയ ഇടിവാളോ ?? “

എന്റെ ഭാര്യയും പിള്ളേരും ഇതു കേള്‍ക്കണ്ടാ കേട്ടോ !

വല്ല്യമ്മായി, അതൊരു കഥക്കുള്ള വകുപ്പുണ്ട് ! സാവകാശം അതു പുറത്തു വരും! ;)

വിശാല മനസ്കന്‍ said...

ഹഹഹ...
അയിനെ... ---ച്ചല്ലേ.?

നാട്ടില്‍ നിന്നെ ബ്ലോഗാന്‍ ഒരു പ്രത്യേക രസാ അല്ലേ ഇടിവാളേ.

ആര്‍മ്മാദിക്കുകയായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. മ്മടെ ‘മഞ്ഞുമല (കുറു)‘ യെപ്പറ്റി വല്ല വിവരോം ഉണ്ടോ??

ലാല്‍ സലാം

വിശാല മനസ്കന്‍ said...

ഹഹഹ...
അയിനെ... ---ച്ചല്ലേ.?

നാട്ടില്‍ നിന്ന് (ഇരുന്ന്)ബ്ലോഗാന്‍ ഒരു പ്രത്യേക രസാ അല്ലേ ഇടിവാളേ.

ആര്‍മ്മാദിക്കുകയായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. മ്മടെ ‘മഞ്ഞുമല (കുറു)‘ യെപ്പറ്റി വല്ല വിവരോം ഉണ്ടോ??

ലാല്‍ സലാം

കണ്ണൂസ്‌ said...

എന്നോടെ സിങ്കണ്ണനെ ഏമാത്തിയ ഇടീ... നീങ്കള്‍ എത്തന തടവ്‌ സൊന്നാലും ഉണ്മൈ ഉണ്മൈയായിത്താന്‍ വരപ്പോറേന്‍..

എല്ലാ അണ്ടന്റേം അടകോടന്റേം മുഖം ഓര്‍മ്മ വന്നിട്ടും വേണു നാഗവള്ളിയുടെ മുഖം മാത്രം ഓര്‍മ്മ വന്നില്ല എന്നതു തന്നെ ഇതിന്റെ തെളിവല്ലേ..

:-)

കുട്ടന്മേനൊന്‍::KM said...

എന്നാലെങ്കിലും ഒന്ന് അടികൂടുമെന്ന് വിചാരിച്ചു.. ഏയ്.. ഒറ്റ എണ്ണവും നേരെയാവില്ല... ഓണത്തിന് മുന്‍പ് തൊയക്കാവ് , പാലാഴി, ആളൂര്‍ ഷാപ്പുകളില്‍ ഒന്ന് സന്ദര്‍ശിക്കുന്നത് ഉത്തമം..

ഇത്തിരിവെട്ടം|Ithiri said...

പ്രിയ കാഴ്ചയില്‍ അതി സുന്ദരിയൊന്നുമല്ലെങ്കിലും, ഒന്നാഞ്ഞു പിടിച്ചാല്‍, മോഡറേഷനോടെ "കിളി ഗ്രേഡ്‌ ബി" ഗണത്തില്‍ പെടുത്താവുന്നതാണ്.

ഇടിവെട്ട് വിവരണം..

ഇടിവാള്‍ ജീ അസ്സലായി..

ഓ.ടോ.
സഹപ്രവര്‍ത്തകനായ നാഗരജിനോട് ഞാന്‍ കഥപറഞ്ഞു. പുള്ളി ഒറ്റ ഡയലോഗ് ‘മലബാരിയല്ലേ... പാരവെച്ചതാവും’. അങ്ങനെ ഞാനും വേലിയിരിക്കുന്ന പാമ്പിനെ എടുത്ത് തോളില്‍വെച്ചു..

വക്കാരിമഷ്‌ടാ said...

ഹ..ഹ.. കൊള്ളാം. കണ്ണൂസ് പറഞ്ഞതുപോലെ നിരാശാ കാമുക ചക്രവര്‍ത്തി വേണു നാഗവള്ളിയുടെ മുഖം മാത്രം ഓര്‍മ്മ വന്നില്ലല്ലോ :)

അരവിന്ദ് :: aravind said...

ഹഹഹ...
ഇടിവാള്‍‌ജിയുടെ എഴുത്തിന്റെ ആ ഒരു ഒഴുക്ക്, മണിമലയാറ്റിലെ മലവെള്ളത്തിന് പോലുമില്ല.
കോവൈ ചരിതം ക്ഷ പിടിച്ചു ഇടീജീ...തകര്‍പ്പന്‍! :-)

ശര്യാ..നമ്മടെ നാഗവള്ളിയെ ഓര്‍ക്കാഞ്ഞത് ഇത്തിരി കഷ്ടായി.. :-)

ദില്‍ബാസുരന്‍ said...

കിളി ഗ്രേഡ്‌ ബി, അണ്ണാച്ചിമാരുടെ ഇടയിലെ ബണ്ണ് തീറ്റ,‘മഞ്ഞക്കിളി’കാമുക ലുക്ക് ഒക്കെ ഇഷ്ടപ്പെട്ടു. ഈ സൈസ് കഥകള്‍ ഇനിയും എഴുതുമെങ്കില്‍ നാട്ടില്‍ തന്നെ നിന്നോളൂ..
വെക്കേഷന്‍ കലക്കുന്നുണ്ടല്ലോ അല്ലേ?

(ഓടോ:കല്യാണം കഴിക്കാന്‍ നാട്ടില്‍ പോയ ഇടിവാളിന് ഇങ്ങനെ ഒരു ചിന്ത വന്നതിന്റെ അന്തരാളങ്ങള്‍ മനസ്സിലാവുന്നില്ല ഹ ഹ ഹ)

പാര്‍വതി said...

നാട്ടിലെത്തിയിട്ട് ഭാര്യയെ പറ്റിച്ച് യാത്രകളൊന്നും തുടങ്ങിയില്ലേ?

പിന്നെ നാ‍ട്ടിലെത്തിയ വഴിക്ക് എന്താ ഇങ്ങനെ ഓര്‍മ്മകളൊക്കെ...ആ..

യാത്രാ വിവരണങ്ങള്‍ക്കും പിന്നെ ഓര്‍മ്മകള്‍ക്കും വേണ്ടി..

-പാര്‍വതി.

കൈത്തിരി said...

ന്നാലുമെന്റെ കോവൈ വെങ്കിടേശാാാ, അന്ത പാവത്തിന്‍ കനവില്‍ തണ്ണിയൂത്തിയാച്ചേ... മുട്ടാള്‍... ബണ്ണിനേയും നനയിച്ച കണ്ണുനീര്‍, കൊള്ളാം, അത്‌ രൊമ്പ പ്രമാദം....

കലേഷ്‌ കുമാര്‍ said...

അടിപൊളി!
നാട്ടിലെങ്ങനെ? കള്ള്ഷാപ്പുകളുടെ ക്വാളിറ്റി ഓഡിറ്റ് തുടങ്ങിയോ?
ആ കുറുമേനനെ കണ്ടാല്‍ തിരക്കീന്ന് പറയണം

ബിന്ദു said...

ബാക്കി കൂടി വേഗം എഴുതൂ... അതറിയാനാണ് ധൃതി. :)

സ്നേഹിതന്‍ said...

പേരു തെറ്റിയെഴുതിയതു തന്നെ എന്നു വിശ്വസിയ്ക്കാം അല്ലെ?

കോവൈ വീരഗാഥ നന്നായി രസിപ്പിച്ചു.

അത്തിക്കുര്‍ശി said...

മൊഡറേഷന്‍ കൊടുത്ത്‌ പാസ്സാക്കിയവള്‍,
മറ്റുള്ളവനങ്ങനെ കൂളായി തട്ടിയെടുക്കുമോ എന്ന ചിന്തയില്‍, മന:പൂര്‍വ്വം "കാതല്‍ കടിത"ത്തില്‍ ഇടിവാള്‍ വെച്ചതായിരുന്നു അല്ലേ?

ജോറായിട്ടുണ്ട്‌. ഇടിവെട്ട്‌!!

ശ്രീജിത്ത്‌ കെ said...

ഇടിവാളേ, എന്നിട്ട് ഇടി കിട്ടിയോ അതോ വാള്‍ കൊണ്ട് വെട്ടായിരുന്നോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ഇടിവാള്‍ said...

കൂട്ടുകാരേ, നമസ്കാരം.
കമന്റിയ എല്ലാവര്‍ക്കും നന്ദി. സ്നേഹത്തോടെ..

അഗ്രജന്‍ said...

"ഗള്‍ഫില്‍ പോയി പതിനായിരങ്ങളും ലക്ഷങ്ങളുമൊക്കെ ശമ്പളം വാങ്ങി ജീവിക്കേണ്ട ഞാന്‍ വെറുതേയെന്തിനീ മൂന്നക്ക ശമ്പളങ്ങളില്‍ ഒതുങ്ങിക്കൂടണമെന്ന ഒരു ചിന്തയും"

വാസ്തവം, വാസ്തവം...

സംഭവം ബഹുജോര്‍... കഥയുടെ പിന്നീടുള്ള എപ്പിസോഡുകള്‍ ഒഴിവാക്കിയതിന്‍റെ കാരണം ഒരു വിവാഹിതനായ ഞാന്‍ ഊഹിച്ചൂട്ടാ..

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.