-- എ ബ്ലഡി മല്ലു --

ശുദ്ധി കലശം

Saturday, July 22, 2006

ജയമാല ശബരിമലയില്‍ കേറി, മീര ജാസ്മിന്‍ തളിപറമ്പ്‌ രാജ രാജേശ്വര ക്ഷേത്രത്തില്‍ കേറി, ശുദ്ധി കലശം, പിഴ, വക്കാരി പറഞ്ഞ പോലെ, ആകെ അഴകൊഴ ബഹള കോലാഹലം. ഇതൊക്കെ കേട്ട്‌ എനിക്കും ഒരു ശുദ്ധികലശത്തിന്റെ കാര്യം ഓര്‍മ്മ വരുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കോളെജ്‌ സുവര്‍ണകാലം. ഒരു പതിനെട്ടുകാരന്റെ എല്ലാ തരികിടകളിലും A+ ഗ്രേഡു വാങ്ങി വാണരുളിയിരുന്ന അന്തകാലത്താണ്‌, പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെ, അമ്മ യാതൊരു മയവുമില്ലാത്ത ആ ഉത്തരവിറക്കിയത്‌.

" നീ ശബരിമലക്കു പോകണം" ! 41 ദിവസത്തെ വൃതമെടുത്ത്‌ കന്നി സ്വാമിയായി, എല്ലാ വര്‍ഷവും ശബരി മലക്കു പോകാറുള്ള അമ്മാവന്റെ ടീമില്‍ കൂടെ പൊയ്ക്കോണമെന്ന കല്‍പ്പന കേട്ട ഞാന്‍, Baskin Robins ( ഐസ്ക്രീം) എന്നു കേട്ട കുഞ്ഞാലിക്കുട്ടിയേക്കാള്‍ ഭീകരമായി ഞെട്ടി

തമാശക്കളിയാണോ ? 41 ദിവസം, ഫുള്ളി വെജിറ്റേറിയന്‍... അതു സഹിക്കാം.. രാവിലെ 4 മണിക്ക്‌ എണീറ്റ്‌ അമ്പലക്കുളത്തില്‍ പോയി കുളിക്കണം, അതും നല്ല റഷ്യയിലേതുപോലുള്ള തണുപ്പുള്ള മകരമാസത്തില്‍! രാവിലെ 8 മണി എന്ന സംഭവം വര്‍ഷങ്ങളായി സ്വപ്നങ്ങളില്‍ മാത്രം കണ്ടു നടന്നിരുന്ന ഞാന്‍ എങ്ങനെ? അതും പോട്ടേ.... കള്ളുകുടി പാടില്ല, സഹിച്ചു.. എങ്കിലും ചന്ദ്രീകേ..

ബ്രഹ്മചാരിയായി 41 ദിവസം കോളേജിലെ പെമ്പിള്ളേരുടെ മുന്‍പിലൂടെ കറുത്ത വസ്ത്രം ധരിച്ച്‌, മാലയിട്ട്‌, അവറ്റകളുടെ വായില്‍ നോക്കാതെ, തലകുമ്പിട്ട്‌, ഗോഡ്‌ഫാദര്‍ സിനിമയില്‍ ഇന്നസെന്റിനെപ്പോലെ, "ആന്‍ജനേയാ.. കണ്ട്രോളു തരൂ.." എന്ന റോളില്‍ നടക്കുക. ഹോ ! ഇത്രേം കാലം നമ്മളെയൊക്കെ കാണുമ്പോള്‍ ഓട്ടോമാറ്റിക്കായി സൈലന്റാവുകയും, തലകുമ്പിട്ട്‌ നടക്കയും ചെയ്ത ആ ജൂനിയര്‍ ലനനാമണികളുടെ പുച്ഛഭാവത്തിലുള്ള നോട്ടങ്ങളും കളിയാക്കിയുള്ള പിന്മൊഴികളും (കമന്റുകള്‍) ഞാന്‍ ഭാവനയില്‍ കണ്ടു + കേട്ടു ...

വെറും രണ്ടുമാസം മുന്‍പു മാത്രം, കഠിന കഠോര പ്രയത്നത്തിലൂടെ വളച്ചെടുത്ത, കോളേജിലെ ജൂനിയര്‍ ക്‍ടാവുമായുള്ള പഞ്ചാരയടിയും മുടങ്ങും. അണ്‍ചിന്തിക്കബിള്‍, അണ്‍സഹിക്കബിള്‍.. റിയലി, വേദനിക്കബിള്‍ സിറ്റുവേഷന്‍! ചുരുക്കിപ്പറഞ്ഞാല്‍, ആകെ മൊത്തം, ഒരു കട്ടപ്പൊഹ !

വലിയൊരു ഭക്തനൊന്നുമല്ലാതിരുന്നിട്ടു കൂടി, മാലയിട്ട ശേഷം പഴയ സര്‍ക്കസ്സുകളൊക്കെ തുടരുന്നതില്‍ നിന്ന്‌ ഭയം എന്ന വികാരം എന്നെ വിലക്കി. ദൈവകോപം ദൈവകോപം എന്നതു ഭക്തന്മാര്‍ക്കു മാത്രം കിട്ടുന്ന സാധനമൊന്നുമല്ലല്ലോ!

അമ്മാവന്റെ മകനും, എന്റെ സമപ്രായക്കാരനുമായിരുന്നു അജി. പ്രീഡിഗ്രി പരീക്ഷയില്‍ നേടിയ അത്യുന്നത വിജയം മൂലം, ടൌണിലെ ഒരു വിധപ്പെട്ട കോളേജിലെ പ്രിന്‍സിപ്പാള്‍മാരെല്ലാം "ഇത്രേം ടാലന്റഡായ ഒരുത്തനെ ചേര്‍ക്കാനുള്ള" സ്റ്റാറ്റസ്‌ ഈ കോളേജിനില്ല സാരേ, എന്നു അമ്മാവനോട് ഒരേ സ്വരത്തില്‍ പറയുകയും, തന്മൂലം കാഞ്ഞാണിയിലെ പാരലല്‍ കോളെജില്‍ നല്ല കിടിലന്‍ കളറുകള്‍ക്കിടയില്‍ വിലസാന്‍ യോഗം സിദ്ധിക്കയും ചെയ്ത ഫാഗ്യവാന്‍.

അജിയുടെ പ്രധാന ഹോബി, വാനനിരീക്ഷണമാണ്‌, പിന്നെ, വായനിരീക്ഷണവും (വായിനോട്ടം എന്നു ചിലയിടങ്ങളില്‍ ഇതിനെ പ്രാദേശികമായി വിളിക്കാറുണ്ട്‌) പിന്നെ സ്മാളടിയും. ഈ ഗെഡി നേരം ഇരുട്ടിക്കഴിഞ്ഞാല്‍ ടെറസ്സില്‍ കയറി മേലോട്ടും നോക്കിയിരിക്കും, അമ്മാവന്റെ വീട്ടില്‍ രാത്രി ഞാന്‍ കൂടി ഉണ്ടെങ്കില്‍, ചുള്ളന്‍ ഒരോ നക്ഷത്രവ്യൂഹങ്ങളെ ചൂണ്ടിക്കാണിച്ച്‌ ഓരോ പേരും പറഞ്ഞു തരും. വായും പൊളിച്ച്‌ ആകാശവും നോക്കിയുള്ള ഇരിപ്പിന്റെ പകുതി സമയം പുസ്തകം നോക്കിയിരുന്നെങ്കില്‍ ഈ ഡാവ് റാങ്കോടെ പ്രീഡിഗ്രി പാസായേനേ എന്നു ഞാനോര്‍ത്തു.

അമ്മാവന്റെ കൂടെ എല്ലാ വര്‍ഷവും മലക്കു പോകുമായിരുന്ന അജിയോട്‌ ഞാന്‍ പ്രശ്നം അവതരിപ്പിച്ചു. ഇതാണൊ വല്യ പ്രശ്നം? അവന്‍ പൊട്ടിച്ചിരിച്ചു. അമരീഷ്‌പുരിയെപ്പോലെ!

എന്റെപ്പോലെ അതേ പ്രശ്നങ്ങളുണ്ടെന്നു ഞാന്‍ കരുതിയ അജിയുടെ മറുപടി കേട്ട്‌ ഞാന്‍ വണ്ടറടിച്ചു. നമ്മളെപ്പോലുള്ള പുര നിറഞ്ഞു നില്‍ക്കുന്ന ചുള്ളന്മാര്‍ക്ക്‌ വൃതാനുഷ്ഠാനങ്ങളില്‍ ചില കണ്‍സഷന്‍സ്‌ ഉണ്ടെന്ന്‌ അജി ഉദാഹരണ സഹിതം തെളിയിച്ചു.

വെജിറ്റേറിയന്‍, പുലര്‍ച്ചെയുള്ള കുളി എന്നീ ടേംസ്‌ + കണ്‍ഡീഷന്‍സില്‍ ടാമ്പെറീങ്ങ്‌ സാധ്യമല്ല.

കള്ളുകുടി/പുകവലി എന്നിവ വൃതത്തില്‍ അനുവദനീയമാണാത്രേ ! ശബരിമലക്ക്‌ സ്ഥിരം പോകാറുള്ള, നാലുസെന്റിലെ ശങ്കരു, രാധാകൃഷ്ണന്‍ നായര്‍, കുമാരന്‍, എന്നീ പല ജീവിച്ചിരിക്കുന്ന സ്മാളടി ഇതിഹാസങ്ങളെയും ഉദാഹരണമായി അവന്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ അതു ശരിയാണെന്നെനിക്കും തോന്നി.

പിന്നെ, പഞ്ചാരയടി. അതും സാരമില്ല, പെമ്പിള്ളേരോടു സംസാരിക്കുന്നത്‌ (ചെറിയൊരു കണ്ട്രോളു വച്ച്‌) പ്രശ്നമില്ലത്രെ. പക്ഷേ, തീണ്ടാരിയായിരിക്കുന്ന പെണ്ണുങ്ങളെ കാണാന്‍ പോലും പാടില്ല. അങ്ങനുള്ള ടെറിബിള്‍ സിറ്റുവേഷനില്‍ ഒന്നു മാറി നിന്നാല്‍ മതി. ഇത്രേള്ളോ, റെസ്റ്റ്രിക്‍ഷന്‍സ്‌? ഹ ഹ ഹ ഹ ഞാന്‍ പൊട്ടിച്ചിരിച്ചു ഓംപുരിയെപ്പോലെ!

അങ്ങനെ അയ്യപ്പസ്വാമിയോടു "പൊറുക്കണേ ഗെഡീ" എന്നും പറഞ്ഞു തട്ടിപ്പറിച്ചു വാങ്ങിയ ചില വൃത സംവരണാവകാശങ്ങളുമായി, ഞാന്‍ ഒരു കന്നി സ്വാമിയായി ! പുലര്‍ച്ചെ എല്ലാവരും കൂടി അമ്പലക്കുളത്തിലുള്ള യൂണിക്കോഡ്‌ കുളിയുടേ സൌകര്യാര്‍ത്ഥം താമസം അമ്മാവന്റെ വീട്ടിലും ! കോളെജില്‍ പോക്കും വരവും അജിയുടെ കൂടെ.

92 ലെ പ്രൊഫഷണല്‍ കോളേജ്‌ സമരം മൂലം മിക്കവാറും എല്ലാ ദിവസവും എന്റെ കോളേജില്‍ സമരമായിരുന്നു. അതെനിക്കൊരു ഹരവുമായിരുന്നു. കോളേജിലെ ലൈനുമായിട്ടുള്ള കുറുങ്ങലിനു (*1) ശേഷം തിരിച്ചു വീട്ടില്‍ വരുന്ന വഴിക്ക്‌ കാഞ്ഞാണിയിലുള്ള അജിയുടെ കോളെജില്‍ ഇറങ്ങി കൂടുതല്‍ കളര്‍ഫുള്ളായ അവിടത്തേയും കളക്ഷനെടുക്കുക എന്നതൊരു ദിനചര്യയുടെ ഭാഗമായി.

അങ്ങനെ ഒരു ദിവസം അജിയുടെ കോളെജിലിറങ്ങിയ എന്നോട്‌ ലവന്‍ ചെറിയൊരു വിഷമത്തോടെ പറഞ്ഞു.

"ഡായ്‌, ഒരു ചിന്ന പ്രശ്നം. ഇന്നു സിന്ധുവിനെ സംസാരിക്കാന്‍ വിളിച്ചപ്പോള്‍ അവള്‍ ഒരോട്ടം... എപ്പ വിളിച്ചാലും ഓടി വരാറുള്ള മിടുക്കിപ്പെണ്ണാ. ഇന്നുമാത്രം എന്തോ. അവളു തീണ്ടാരിയാണെന്നാ തോന്നുന്നേ..പ്രശ്നമായീ !

"വിട്ടു കള ഗെഡീ.. നിനക്കു തോന്നിയതല്ലേ.." എന്നു പറഞ്ഞു ഞാന്‍ പറഞ്ഞു. ശേഷം കുടുമ്മത്തക്കു തെറിച്ചു, നല്ല ഉച്ച നേരത്ത്‌.

അമ്മായി ഉച്ചക്ക്‌ ചപ്പാത്തിയും മസാലക്കറിയുമുണ്ടാക്കി ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. വൃതമെടുത്ത്‌ കോളേജില്‍ പോയി പഠിച്ച്‌ ക്ഷീണിച്ചു വന്ന മകനോടും മരുമകനായ എന്നോടും, ഭക്ഷണം കഴിച്ചോളൂ എന്നു പറഞ്ഞു തീരും മുമ്പേ ഞങ്ങള്‍ രണ്ടും ടേബിളില്‍ ഹാജര്‍. വൃതകാലത്ത്‌ ഭക്ഷണത്തോടുള്ള ആക്രാന്തം പാടില്ല എന്നൊന്നും നിയമമില്ലല്ലോ!

8 ചപ്പാത്തി വിളമ്പിയിട്ടും അജി ഒന്നും കഴിക്കാതെ പ്ലേറ്റിനു മുമ്പില്‍ തന്നെ എന്തോ ഓര്‍ത്ത്‌ ഇരിക്കുന്ന കണ്ട അമ്മായി കാര്യം തിരക്കി.

"അമ്മേ.. എന്റെ ക്ലാസിലെ ഒരു പെങ്കൊച്ച്‌, ഇന്നു എന്നെ കണ്ടപ്പോഴേക്കും ഓടി.. അവളു തീണ്ടാരിയാണെന്നു തോന്നുന്നു" വെറും നിഷ്കളങ്കുവായ അജി വഹ കുമ്പസാരം.

പ്ലേറ്റിലേക്കു വീണ 8 ചപ്പാത്തിയും വീഡിയോ റിവൈന്‍ഡ്‌ അടിച്ചപോലെ അമ്മായിയെടുത്ത്‌ തിരിച്ചു പാത്രത്തിലേക്കിട്ടു.

“എണീറ്റു പോടാ.... പോയി ചാണക വെള്ളത്തില്‍ കുളിച്ച്‌ വാ.. എന്നാലെ ശുദ്ധമാകൂ.." എന്നു പറയുന്ന കൂടെ ഒരു സബ്‌ ടൈറ്റിലായി തരക്കേടില്ലാത്ത വോളിയത്തില്‍ ഒരാക്രോശവും.. "നീയൊക്കെ പെമ്പിള്ളാരു തീണ്ടാരിയാണോന്നു നോക്കാനാണോടാ കോളേജില്‍ പോകുന്നേ"?

"അനുഭവിച്ചോടാ മണ്ടാ" എന്ന ഭാവത്തില്‍ അജിയെ നോക്കി, ചപ്പാത്തിയുമായുള്ള മല്‍പ്പിടുത്തം തുടങ്ങാനാഞ്ഞ എന്നോടും അമ്മായി കല്‍പിച്ചു. "നിര്‍ത്ത്‌ ... നീയും പോയി കുളിക്ക്‌"!

ഹേയ്‌.. തമാശ പറയല്ലേ അമ്മായിജീ... ഞാനാ ടൈപ്പേ അല്ല, ആ പെണ്ണിനെ ഞാന്‍ കണ്ടതേയില്ല എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും, അജിയെ കൂട്ടിത്തൊട്ടു എന്ന ഒരൊറ്റ കാരണത്താല്‍, ചാണകാഭിഷിക്തനാകാന്‍ എനിക്കും നിയോഗമുണ്ടായി.

അവസാനം, അമ്മൂമ്മ ഒരു ടെക്നിക്കു പറഞ്ഞു, ഒരു കുന്തി (*2) ചാണകമെടുത്ത്‌ കുളത്തില്‍ കലക്കി ആ കുളത്തില്‍ കുളിച്ചാല്‍, ചാണകക്കുളിക്കു സമമാണത്രെ! ഹോ... രക്ഷപ്പെട്ടു..

ഓരോ കുന്തി ചാണകമെടുത്ത്‌ രണ്ടുപേരും കുളത്തിലേക്കു നടക്കുമ്പോള്‍ അജി എന്നെ നോക്കി ഒരു വളിച്ച ചിരി! കുടലിനു തീയും പുകയും പിടിച്ചിരിക്കുന്ന എനിക്ക്‌ അതും കൂടി കണ്ടപ്പോള്‍, കയ്യിലിരുന്ന ആ ചാണകമെടുത്ത്‌ അവന്റെ തിരുമോന്തയില്‍ തേക്കാനാ തോന്നിയത്‌. സ്വാമിമാരല്ലേ, തെറിപറയാനൊക്കില്ലല്ലോ.. സ്വാമി ശരണം !

ശുദ്ധി കലശത്തിനു ഓരോ കുന്തി ചാണകം വച്ചു തിന്നണമെന്നൊന്നുമല്ലല്ലോ നിയമം എന്നോര്‍ത്തപ്പോള്‍ ചെറിയൊരാശ്വാസത്തില്‍ ഞാന്‍ നെടുവീര്‍പ്പിട്ടു!

=========================================
1* കുറുങ്ങല്‍ = പഞ്ചാരയടി
2* ഒരു കുന്തി ചാണകം = പശുവിന്റെ ഒരു സിംഗിള്‍ ഡ്രോപ്‌ ചാണകം (കഷ്ടി ഒരൊന്നൊന്നര രണ്ടു കിലോ വരും)!

42 comments:

ഇടിവാള്‍ said...

** ശുദ്ധികലശം - പുതിയ പോസ്റ്റിങ്ങ് !
വേണ്ടാ വേണ്ടാ, പോസ്റ്റണ്ടാ ,എന്നോര്‍ത്ത് 2-3 ദിവസം ഹോള്‍ഡു ചെയ്തുവച്ച ഈ കഥ, രണ്ടും കല്‍പിച്ച്‌ ഞാനങ്ങു ഇറക്കുകയാണ്‌ !

ഇത്തിരിവെട്ടം|Ithiri said...
This comment has been removed by a blog administrator.
ഇത്തിരിവെട്ടം|Ithiri said...

ഇടിവാളിന്റെ ഇടിവെട്ട് പോസ്റ്റ് ചൂടോടെ വായിച്ചു.
സൂപ്പര്‍..
എന്നാലും ഗഡീ മണ്ഡലക്കാലത്തും (ബ്രുട്ടസേ നീയും എന്നപോലെ) എന്നു ചോദിക്കാന്‍ തോന്നിയെങ്കിലും ധര്‍മ്മസങ്കടം കണ്ടപ്പോള്‍ എങ്ങനെ ചോദിക്കും എന്റ്റെ ഈശ്വരാ എന്നായി...

Thulasi said...

ഇതൊക്കെ കൊന്ദാ ഞാന്‍ സ്വാമിയാകാതെ ‘ആസാമി’ മാത്രം ആയത്‌ :)

ഇടിവളറിഞോ, മീര ജാസ്മിന്‍ കൊടുത്ത അരലക്ഷം കൊണ്‍ദ്‌ തളിപറമ്പ് ക്ഷേത്ര കമ്മറ്റി ശുദ്ധികലശം ഒരു ഉത്സവമാക്കി മാറ്റി പോലും

കുറുമാന്‍ said...

സത്യം പറയണോണ്ട് വിഷമം വരരുത്. എനിക്ക് ഈ കഥ ഇഷ്ടമായില്ല.

ശ്രീജിത്ത്‌ കെ said...

ഇടിവാളേട്ടാ, കഥ നന്നായി രസിച്ചു. ഉപമകള്‍ കലക്കുന്നുണ്ട്.

കുറുമാനേട്ടന് കഥ ഇഷ്ടമാകാതിരുന്നതിന്റെ കാരണം മാത്രം മനസ്സിലായില്ല. :(

പ്രിന്‍സി said...

ഞാന്‍ ഈ നാട്ടുകാരനല്ല!!! എന്നാലും പറയുവാ, നന്നായിട്ടുണ്ട്.... കൂടുതല്‍ ഒന്നും പറയുന്നില്ല.

ദില്‍ബാസുരന്‍ said...

വ്രതക്കാലത്ത് മാലയൂരി വെച്ച് സിഗരറ്റ് വലിയ്ക്കാമെന്നും പൊറാട്ടാ വിത്ത് ബീഫ് ഫ്രൈ അടിയ്ക്കാമെന്നും ഉള്ള കാര്യം അയ്യപ്പേട്ടന്‍ മാത്രമേ അറിയാത്തതായുള്ളൂ എന്ന് തോന്നുന്നു.

കുട്ടിയായിരുന്നപ്പോള്‍ വ്രതം തെറ്റിച്ചാല്‍ പുലി പിടിയ്ക്കുമെന്നായിരുന്നു കേട്ടിരുന്നത്. അന്ന് എന്റെ ഒരു ഫ്രന്റ് ഗെഡി ലീഗല്‍ ലൂപ് ഹോള്‍സ് മുതലെടുത്ത് വ്രതക്കാലത്ത് അര്‍മ്മാദിക്കുകയും പിന്നീട് ശരീരത്തില്‍ ചെന്നിനായകം അരച്ച് തേച്ച് ശബരിമല കയറുകയും ചെയ്തിട്ടുണ്ട്.അയ്യപ്പകോപത്താല്‍ പുലിയെങ്ങാനും എടുത്ത് വായിലിട്ടാല്‍ കയ്പ് കാരണം തുപ്പിക്കളയാനാണ് ചെന്നിനായകം.എന്തിനുമുണ്ട് ലൂപ് ഹോള്‍!

ഇടിവാള്‍ ഗെഡീ സംഭവം കലക്കന്‍!

ഇടിവാള്‍ said...

ഇതു പോസ്റ്റുമ്പോള്‍ തന്നെ എനിക്കൊരു ചെറിയ സംശയമുണ്ടായിരുന്നു.. വേണോ..വേണോ എന്നു... ഈ പോസ്റ്റ് ഒരു തമാശയായിമാത്രം കാണാനപേക്ഷ. കമന്റിയ എല്ലാവര്‍ക്കും നന്ദി!

കുറുമാനേ: ആത്മാര്‍ഥമായ ആ കമന്റിനു നന്ദി. ഒരു പക്ഷേ ബൂലോഗത്തില്‍, ആദ്യമായിട്ടായിരിക്കും “എനിക്ക് ഈ കഥ ഇഷ്ടപെട്ടില്ല” എന്നൊരു കമന്റ് ..
ദൈവമേ,അതു വാങ്ങിയ റെക്കോഡും എനിക്ക് സ്വന്തം? ;)

പ്രിന്‍സി said...

മറ്റുള്ളവര്‍ക്കൊന്നും ആത്മാര്‍ത്ഥത ഇല്ലെന്നൊരു ധ്വനി ഉണ്ടോ എന്നൊരു, സംശയം...
"കുറുമാനേ: ആത്മാര്ഥമായ ആ കമന്റിനു നന്ദി."
എന്നു കേട്ടപ്പൊള്‍..
ചിലപ്പോള്‍ എന്റെ തോന്നലാവും, അല്ലെ?

ഇടിവാള്‍ said...

അയ്യോ പ്രിന്‍സി ! എനിക്കു തെറ്റി !

“ആത്മാര്‍ഥമായ” എന്ന വാക്കല്ല അവിടെ ഉപയോഗിക്കേണ്ടിയിരുന്നത് !

Straight Forward Comment എന്നൊരര്‍ഥത്തിലാ ഞാനാ വാക്ക് ഉപയോഗിച്ചത്. സാധാരണ എല്ലാ ബൂലോഗരും, കഥയോ/കവിതയോ വായിച്ച ശേഷം, ഇഷ്ടപ്പെട്ടാല്‍ കമന്റും, ഇഷ്ടപ്പെട്ടില്ലെങ്കില്‍, കമന്റൊന്നും വയ്ക്കാതെ പോകും. “എനിക്ക്ിത് ഇഷ്ടപ്പെട്ടില്ല എന്നൊരു കമന്റ് ഞാന്‍ ഇതു വരെ കണ്ടിട്ടില്ല.. ഒരു ബ്ലോഗിലും ! ഇപ്പ കണ്ടു എന്റെ സ്വന്തം 10 സെന്റു ബ്ലോഗില്‍ !

1 മാസത്തെ എന്റെ ബ്ലോഗു പരിചയം വച്ച് എനിക്കു തോന്നിയതങ്ങനേയാ..

പക്ഷേ കുറുമാന്‍, വ്യക്തിപരമായി എന്നെ അറിയുന്നതിനാലായിരിക്കണം, തുറന്നടിച്ച് അത് പറഞ്ഞത്.. ആ മെന്റാലിറ്റിയേയാണ് ഞാന്‍ “ആത്മാര്‍ത്ഥമായ” എന്നതുകൊണ്ട് ഉദ്ദേശിച്ചത് !

മറ്റുള്ള കമന്റുകളുടെ ആത്മാര്‍ത്ഥതയെ, യാതൊരു വിധത്തിലും ചോദ്യം ചെയ്യുകയല്ല ! സോറീ സര്‍ !

പ്രിന്‍സിയുടെ കമന്റിനു നന്ദി !

Adithyan said...

ഇടി... പോസ്റ്റ് പതിവു പോലെ നര്‍മ്മം... കുഴപ്പമില്ല...

പക്ഷെ ആര്‍ക്കോ ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു...

ഇപ്പ ഞാന്‍ അവിടേം ഇവിടേം തൊടാതെ കമന്റിട്ടു അല്ലെ :)

ഒരുപാട് പേര്‍ക്ക് ഇഷ്ടമാവാത്ത കാര്യങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാന്‍ ഇങ്ങനെ ചില ചെറിയ പരീക്ഷണങ്ങള്‍ ആവാം അല്ലെ?

Inji Pennu said...

ഇടിവാളേട്ടാ
അങ്ങിനെ വലിയ ഗമയോന്നും വേണ്ടാ..അദ്യമായിട്ടെന്നൊക്കെ പറഞ്ഞ്..
പണ്ട് എന്റെ ഒരു പോസ്റ്റില്‍ ഒരാള്‍ വന്ന്..ഈ കൊച്ച് ഇതെന്തോന്ന് എഴുതി വെച്ചിരിക്കുന്നെ..മലയാളത്തിന്റെ നിലവാരം തന്നെ തകര്‍ന്നു..എന്നിട്ട് നന്നായി എന്ന് എഴുതിയവരേയും ചീത്ത വിളിച്ചു..ഹിഹിഹി...അത്രേം ഒന്നും വരൂല്ലല്ലൊ.. ഹിഹിഹി

Adithyan said...

ആഹഹാ... ഈ എല്‍ജിയേച്ചീടെ ഒരു കാര്യം... ഇവിടെ ഞാന്‍ താന്‍ തറ ഗ്രേഡ് എന്ന് എല്ലാവരെയും അറിയിക്കാന്‍ എന്തൊരു ഉത്സാഹം ;)))

വയനാടന്‍ said...

കഥ മനോഹര മനോഹരം ചില സംശയങ്ങളേയ് .തീണ്ടാരിയേ കണ്ടോന്‍ കുളിക്കണം കണ്ടവനേ തൊട്ടവന്‍ കുളിക്കണം അത് വായിച്ചവര്‍ കുളിക്കേണ്ടി വരുമോ ? പ്രശ്നം അതല്ല ചാണകം ദുബൈയില്‍ കിട്ടാനില്ലെ, ആന്ദ്രാക്സ് ഭീഷണി കൊണ്ടു പാര്‍സല്‍ വരുത്തിക്കാനും പ്രയാസം ഇടിവാള്‍ ശരണം

ദിവ (diva) said...

ഹ ഹ ഹ..

ദില്‍ബാസുരന്റെ കമന്റാണ് എനിക്കിഷ്ടപ്പെട്ടത്. ചെന്നിനായകം പുരട്ടിയാല്‍ പുലി പിടിച്ചാലും കൈയ്ച്ചിട്ട് തുപ്പിക്കളയുമെന്ന്....

എന്റെ ചിരി ഇപ്പോഴും നിന്നിട്ടില്ല :)

Adithyan said...

...വരുത്തിക്കാനും പ്രയാസം ഇടിവാള്‍ ശരണം

ഇടിവാള്‍ ചാണകം പ്രൊവൈഡ് ചെയ്യുമോ?

ഹഹഹ ഇടിഗഡീ‍ീ, സ്വോറി... കണ്ട്രോള്‍ ചെയ്യാന്‍ പറ്റിയില്ല... :)

ഇടിവാള്‍ said...

ആദിയേ.. അവിടേം ഇവിടേം തൊടാതെയായാലും, പറഞ്ഞതു മനസ്സിലായാ മതീല്ലോ ! അല്ലേ ;)

എല്ജിയേ.. ആ പോസ്റ്റ്‌ എനിക്കൊന്നു കാണണമല്ലോ ! അതിന്റെ ലിങ്കൊന്നു താ ബ്ബ്ലീസ്‌... എന്നിട്ടു തീരുമാനിക്കാം, ആര ഇവിടത്തെ റിയല്‍ തറാ ! അല്ലേ ആദി !

വയനാടാ.. തല്‍ക്കാലം, അറബിച്ചാണകം കൊണ്ടു അഡ്ജസ്റ്റ്‌ ചെയ്യാം..

ദിവാ: അപ്പോ കമന്റേ ഇഷ്ടപ്പെട്ടൊള്ളൂല്ലേ.. പോസ്റ്റ്‌ തറയെന്നര്‍ത്ഥം !

Adithyan said...

ഇടിഗഡീ ഇങ്ങനെ ദിവാസ്വൊപ്നത്തിന്റെ കമന്റിലെ എഴുതാപ്പുറം വായിക്കല്ലേ...പ്ലീസ്:)

ആള്‍ക്കാര്‍ കോണ്‍ഷ്യസ് ആയി തുടങ്ങും...അങ്ങനെ ചെയ്താല്‍ അത് കമന്റുകളുടെ ആ നാച്ചുറല്‍ ഫ്ലോ നില്‍ക്കും... ഓഫ് യൂണിയന് അത് പാരയാവും... :))

Satheesh :: സതീഷ് said...

അതിഗംഭീരമായി ഇഷ്ടപ്പെട്ടു എന്ന് ‘ആത്മാര്‍ത്ഥമായി’ അറിയിക്കുന്നു!
"പോസ്റ്റണ്ടാ ,എന്നോര്‍ത്ത് 2-3 ദിവസം ഹോള്‍ഡു ചെയ്തുവച്ച ഈ കഥ..."
ഇങ്ങനെ അധികം ഹോള്‍ഡ് ചെയ്ത് വെക്കല്ലേ...കടച്ചില്‍ വരും!

കുറുമാന്‍ said...

സുഹൃത്തുക്കളെ, ഇടിവാളിന്റെ പോസ്റ്റ് നന്നായില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല. എനിക്കിഷ്ടമായ്യില്ല എന്നേ പറഞ്ഞിട്ടുള്ളൂ.

ഇടിവാള്‍ പറഞ്ഞതുപോലെ, ഞങ്ങള്‍ തമ്മിലുള്ള പേഴ്സണല്‍ റിലേഷന്റെ പുറത്താണ് ഞാന്‍ പറഞ്ഞതും.

പണ്ട് മോത്തിയുടേ പിതൃത്വം എന്ന എന്റെ കഥയില്‍ സങ്കുചിതന്‍ പറഞ്ഞു, മരപ്പണി അറിയാത്തവര്‍ക്കും ആശാരിയെ കുറ്റം പറയാം അങ്ങനെ എന്തോ.......,ഞാന്‍ അത് നല്ല സ്പിരിറ്റിലെടുത്തു.

ബ്ലോഗില്‍ ഞാന്‍ കണ്ടിട്ടുള്ളത്, ഇഷ്ടപെട്ടാലും, ഇല്ലെങ്കിലും നന്നായി എന്നു പറയുന്ന ഒരു പ്രവണതയാണ്. അതിനെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു.

സത്യസന്ദമായിട്ടുള്ള (ഉമേഷ്ജീ, സത്യസന്ദമായി എന്ന് എങ്ങനെ എഴുതണം?)കമന്റുകള്‍/വിമര്‍ശനങ്ങള്‍, അതു മാത്രമെ എഴുതുന്നവരുടെ എഴുത്ത് നന്നാക്കാന്‍ സഹായിക്കൂ എന്നാണെന്റെ അഭിപ്രായം.

എനിക്ക് വേണമെങ്കില്‍, കലക്കി ഇടിവാളെ എന്നെഴുതിപോകാമായിരുന്നു. പക്ഷെ എന്തിന്? ഞാന്‍ ഒരു വലിയ എഴുത്തുകാരനായിട്ടൊന്നുമല്ല അങ്ങനെ ഒരു കമന്റിട്ടത്. ഞാന്‍ വെറും ശിശു. എഴുത്തില്‍ വെറും തുടക്കക്കാരന്‍. അതും വെറും തറ എഴുത്താണെന്ന് എനിക്ക് ബോധ്യവുമുണ്ട്.

കൂട്ടരെ നന്ദി, നമോവാകം

വളയം said...

സതീശനെ പോലെ ഞാനും.... ഇമ്മാതിരികള്‍ അധികം ഹോള്‍ഡ്‌ ചെയ്യല്ലേ...

കുറുമാന്‍ വളരെ, വളരെ ശരി. ക്രിയത്മകങ്ങളായ വിമര്‍ശ്ശനങ്ങള്‍, വിലയിരുത്തലുകള്‍ നല്ലതാണ്‌. ആവശ്യവുമാണ്‌

ദിവ (diva) said...

ഇല്ലില്ല; ഇഡീ,

ദില്ലിന്റെ കമന്റ് എനിക്കും സോളിന്റെ മമ്മിക്കും വളരെ ഇഷ്ടപ്പെട്ടു എന്നേ ഉദ്ദേശിച്ചുള്ളൂ. ഞങ്ങള്‍ രണ്ടു പേരും ഒന്നിച്ചാണ് അത് വായിച്ചത്. ഒത്തിരി ചിരിക്കുകയും ചെയ്തു.

പോസ്റ്റ് പോരായെന്നൊന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. പോസ്റ്റ് നല്ല തമാശയായിട്ടുണ്ട്. പിന്നെ, എനിക്ക് കണ്‍ഫ്യൂഷന്‍ ആയത് എന്താണെന്ന് വച്ചാല്‍, ഭ്രാതൃസ്ഥാനീയനായ കുറുമാന്‍ ചേട്ടന്‍ വെട്ടിത്തുറന്ന്, ‘ഇഷ്ടമായില്ല’ എന്ന് പറഞ്ഞപ്പോള്‍, ഇതൊരു ‘വികാരം വ്രണപ്പെടുത്തലി‘ലേക്ക് എങ്ങാനും ചെന്നെത്തുന്ന സംഭവമാണോ എന്ന് ഒരു സംശയം പോലെ തോന്നി. അതുകൊണ്ട് പോസ്റ്റിനെ പറ്റി ഒന്നും പറയാതിരുന്നതാണ്. ആന്റണിയുടെ നയം :)

പോസ്റ്റിഷ്ടപ്പെട്ടു. കാരണം, (നാല്പതു ദിവസത്തെ വ്രതത്തിനു പകരമായി) 25 & 50 നോയമ്പുകള്‍ നോക്കേണ്ട ഒരു കത്തോലിക്കനാണ് ഞാന്‍. പക്ഷേ, ഈ മുപ്പത് കൊല്ലത്തിനിടയില്‍ ആകെ ഒരു തവണയാണ് ഞാന്‍ 50 നോയമ്പ് നോക്കി പൂര്‍ത്തിയാക്കിയത്. എന്തിന്, ദു:ഖവെള്ളീയാഴ്ച പോലും മനസ്സറിഞ്ഞ് നോയമ്പ് നോക്കാന്‍ എന്നെക്കൊണ്ട് പറ്റീട്ടില്ല. ഡെല്‍ഹിയിലായിരുന്നപ്പോള്‍, ഒരു ദു:ഖവെള്ളീയാഴ്ച ജോലിക്ക് പോലും പോകേണ്ടിവന്നിട്ടുണ്ട് !

അതുകൊണ്ട് തന്നെ, ഇടിയുടെ പോസ്റ്റിലെ നര്‍മ്മം മറ്റാരെക്കാളും നന്നായി എനിക്ക് മനസ്സിലാകും.

പിന്നെ, പോസ്റ്റിനെക്കുറിച്ചൊക്കെ വലിയ അഭിപ്രായം പറയാന്‍ ഞാനാര് ?

ഒരു തോന്നല്‍ പറയാം. ഇപ്പോള്‍ നല്ല കമന്റുകള്‍ മാത്രമാണ് പൊതുവേ വരുന്നത്. മിക്ക ബ്ലോഗര്‍മാര്‍ക്കും തമ്മില്‍ തമ്മില്‍ അറിയാം. ഒരാളുടെ പുതിയ പോസ്റ്റ് വായിക്കുമ്പോള്‍ അയാളുടെ പഴയ നല്ല പോസ്റ്റുകള്‍ മനസ്സില്‍ മുന്‍-വിധിയായി കിടപ്പുണ്ടാകും.

പക്ഷേ ബൂലോകം വളരുമ്പോള്‍, സന്ദര്‍ശകരുടെ എണ്ണം കൂടുമ്പോള്‍, അത്രയൊന്നും നേരത്തേ അറിഞ്ഞിട്ടായിരിക്കില്ലല്ലോ കമന്റുകള്‍ വരുന്നത്. എഴുതുന്നവന്റെ മൂഡിനനുസരിച്ച്, വെട്ടിത്തുറന്നുള്ള കമന്റുകള്‍ പല ടോണില്‍ വന്നേക്കാം. അപ്പോള്‍, ഇതുപോലത്തെ നൂറു ശതമാനം സദുദ്ദേശത്തോടെയുള്ള കമന്റുകള്‍ എണ്ണത്തില്‍ കുറയാന്‍ സാദ്ധ്യതയില്ലേ :)

Inji Pennu said...

ദേ പോസ്റ്റ് ഇടിവാളേട്ടാ... :)

പിന്നെ ഗപ്പ് എനിക്കാണ്... ഞാന്‍ ഇടിവാളേട്ടന്റെ ഈ പോസ്റ്റ് വായിച്ചില്ല..
വായിച്ചിട്ട് കുറുമാനേട്ടന് പഠിക്കണോ എന്ന് ആലോച്ചിക്കട്ടെ.. :)

ഞാന്‍ ഒരു കാര്യം പറയാം..ഇന്നേ വരെ എനിക്കിഷ്ടപ്പെട്ടില്ലെങ്കില്‍ ഞാന്‍ ഇഷ്ടമായി എന്ന് പറഞ്ഞിട്ടില്ല....അല്ലാണ്ട് ഒരുപാട് കള്ളം പറയുമെങ്കിലും മറ്റുള്ളോരെ സുഖിപ്പിക്കാ‍നുള്ള കാര്യമാണെങ്കില്‍ ഞാന്‍ അപ്പൊ ഹരിചേട്ടന്റെ ചേച്ചി ആവും.. ഹിഹിഹി.. എനിക്കിഷ്ടപ്പെട്ടില്ലെങ്കില്‍ ഞാന്‍ കമന്റ് വെക്കൂല്ലാ..അത്രെ ഉള്ളൂ...ഞാന്‍ ഇഷ്ടപ്പെട്ടില്ലാന്ന് പറഞ്ഞിട്ട് അവനിനി നന്നായി എഴുതണ്ടാന്നും കൂടി വിചാരിച്ചിട്ട്..ഹിഹിഹി..വെറുതെ പറയണതാണെ..:)

sami said...

ഇത്രയൊക്കെ ആയിട്ടും ഞാനൊന്നും പറയാതിരിക്കുന്നത് മോശമല്ലേ?......
ആക്ചുവല്ലി,[കോമളവല്ലി എന്നൊക്കെ കേട്ടിട്ടുണ്ട്;ഇതാരാണാവോ ഈ ആക്ചുവല്ലി]എന്‍റെ അഭിപ്രായത്തില്‍ ഇടിവാളേട്ടന്‍റെ സാധാരണ എഴുത്തിന്‍റെ അത്ര നന്നായിട്ടില്ല.....എന്നു വെച്ച് മോശമൊന്നുമല്ല........ഒരു ആവറേജ് ഇടി. ;-)
സെമി

ഇടിവാള്‍ said...

അതു കൊള്ളാം എല്‍ജി.. നല്ല പോളിസി !

ഞാനാ പോസ്റ്റു വായിച്ചു !
ഗപ്പ്‌ എല്ജിക്ക്‌ തന്നേ ! എന്റെ വക ഒരു "കൊട്‌ കൈ" ;)

പക്ഷേ.. ഇതിനെ തറ എന്നു പറയാനൊക്കില്ല.. വേണമെങ്കില്‍, "അത്യന്തോ ഉത്തരാധുനികന്‍" എന്നു വിളിക്കാം..

കമന്റിടലൊക്കെ ഓരോരുത്തരുടെ ഇഷ്ടങ്ങളല്ലേ കൂട്ടരേ..

എഴുതാനുള്ളത്‌ എഴുതുക, ബാക്കിയൊക്കെ വായനക്കാരു കൈ'കാര്യം ചെയ്തോളും ! മോശമായി എന്നെഴുതിയാല്‍ ബ്ലോഗ്ഗിങ്ങ്‌ നിര്‍ത്തന്‍ മാത്രം സംകുചിത മനസ്കന്മാരാണൊ നമ്മള്‍ !

Inji Pennu said...

എപ്പോഴൊ ആദി പറഞ്ഞായിരുന്നു നമ്മള്‍ ബ്ലോഗിന് അമിത പ്രാധാന്യം കൊടുക്കുന്നുണ്ടൊന്ന്..ഞാനിങ്ങിനെ ആലോചിച്ചു നോക്കി..എന്റെ ഫുഡ് ബ്ലോഗിന് ഞാന്‍ കുറച്ചൊക്കെ പ്രാധാന്യം കൊടുക്കുന്നുണ്ട്..കുറെ അധികം ഫോട്ടോസും റെസിപ്പിയും ഉണ്ട്..
പക്ഷെ മലയാളം ബ്ലോഗിന് ഞാന്‍ അത്രേം പ്രാധാന്യം ഒന്നും കൊടുക്കുന്നില്ല..ഒരു മൂഡ് മാറിയാല്‍ എല്ലാം കൂടി എപ്പൊ ഡിലീറ്റ് ചെയ്യുകാന്ന് ചോദിച്ചാല്‍ മതി...പക്ഷെ ഉമേഷേട്ടന്റെ ബ്ലോഗൊക്കെ ഒരോ ഒരോ പോസ്റ്റും വളരെ വളരെ വിലപ്പെട്ടതാണ്...അതിന് ഉമേഷേട്ടന്‍ കൊടുക്കുന്നതിനേക്കാളും പ്രാധാന്യം വായനക്കാര്‍ കൊടുക്കുന്നുണ്ട്..അപ്പോ ഞാന്‍ ആലോചിക്കുവായിരുന്നു..ഒരു വിലയേറിയ പുസ്തകം മേടിച്ചു കഴിഞ്ഞാല്‍ അതു നമ്മുടെ സ്വന്തം ആണ്..അതിപ്പൊ ആ പുസ്തകം എഴുതിയ ആള്‍ തിരിച്ചു തരൂ എന്ന് പറഞ്ഞാലും നമ്മള്‍ക്ക് കൊടുക്കണ്ട..ഇതിപ്പൊ ഉമേഷേട്ടന്റെ ആ വിലയേറിയ ബ്ലോഗ് ഉമേഷേട്ടന്റെ ആണ്..തോന്നുമ്പൊ എന്തു വേണമെങ്കിലും ചെയ്യാം...അപ്പൊ..ഒരു അസ്കിത..!

കുമാറേട്ടാ..ദേ ഇവിടെ മൈതാനം ഒരുങ്ങിക്കഴിഞ്ഞു..ഓഫ് കോടിയും കൊണ്ട് ഇങ്ങോട്ട്.. :) ഇടിചേട്ടന്‍ നാട്ടീ പോവാ..അപ്പൊ പിന്നെ കുഴപ്പമില്ലല്ലൊ..ഹിഹി..

ബിന്ദു said...

ഇടിവാളങ്ങനെ മിടുക്കനാവാന്‍ സമ്മതിക്കൂല്ലാ, എനിക്കും കിട്ടിയിട്ടുണ്ടേ.. ഈ കോമ്പ്ലിമന്റ്‌. പോസ്റ്റ്‌ കുഴപ്പമൊന്നുമില്ല. :)

ഇവിടെ പന്തല്‍ കെട്ടിയിട്ടെല്ലാവരും എവിടേ?

Chalakudy ചുള്ളന്‍ said...
This comment has been removed by a blog administrator.
Chalakudy ചുള്ളന്‍ said...

ഇടിവാള്‍ ഗെഡ്യേ, പോസ്റ്റ്‌ നന്നായിണ്ടുട്ടാ..ആത്മാര്‍ത്ഥായി തന്ന്യാ.. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ ഒന്നും കിട്ടില്ലായിരിക്കും.. എന്നാലും വായിക്കാന്‍ രസമുണ്ട്‌, ബോറടിയ്ക്കില്ല.. അതു മതി നമ്മക്ക്‌ (എനിക്ക്‌).. അപ്പോ ഇനീം ഹോള്‍ഡ്‌ ചെയ്ത വല്ല ഇടീസൊ വാള്‍സൊ ഉണ്ടെങ്കില്‍ പോരട്ടേ..

പിന്നെ അയ്യപ്പ ഭക്തന്മാര്‍ക്ക്‌ ഫീല്‍ ചെയ്യാതിരിക്കാന്‍ തുടക്കത്തിലോ അവസാനോ ഒരു കുറിപ്പ്പ്‌ ചേര്‍ത്താല്‍ അയ്യപ്പകോപത്തില്‍ നിന്ന് രക്ഷപ്പെടാം. സാമ്പിള്‍ വേണേല്‍ കുറുമാന്‍ ചേട്ടന്റെ "ഭാഷാവരം" പോസ്റ്റില്‍ ഉണ്ട്‌.

ചില നേരത്ത്.. said...

ഏത് കഥകളാണെങ്കിലും നഷ്ടപെട്ട് പോകുന്ന ചില സ്മരണകളെ തിരിച്ച് വിളിക്കുന്നുണ്ട്. അരവിന്ദന്‍,വിശാലന്‍,കുറുമാന്‍,ഇടിവാള്‍ എന്നിവര്‍ കഥയെഴുതുമ്പോള്‍ കാണുന്ന പ്രത്യേകത, കഥാപരിസരത്തിന്റെ നര്‍മ്മത്തില്‍ കലര്‍ന്ന വിവരണമാണ്. എന്റെ ആസ്വാദനത്തിന്റെ ഒരു കാരണമതാണ്. തീണ്ടാരിയെ പറ്റി പറയുമ്പോള്‍ രസകരമായ, പകര്‍ത്തിയെഴുതലുകള്‍ക്ക് വഴങ്ങാത്ത ചില ഗ്രാമീണ തമാശകള്‍ ഓര്‍മ്മ വരുന്നു.

കലേഷ്‌ കുമാര്‍ said...

ഇടിവാള്‍ ഗഡീ, എനിക്കിഷ്ടപ്പെട്ടു! സുഖിപ്പിക്കാ‍ന്‍ പറഞ്ഞതല്ല. എന്തുകൊണ്ട് ഇഷ്ടപ്പെട്ടു എന്നു കൂടെ വിശദീകരിക്കാം. ഇത് വായിച്ചപ്പം പഴയ കാര്യങ്ങളൊക്കെ ഓര്‍മ്മ വന്നു. കുളത്തിലെ കുളിയും മകര മാസത്തിലെ തണുപ്പും, മാലയിട്ടുകഴിഞ്ഞാല്‍ വൈകുന്നേരങ്ങളില്‍ മണിയണ്ണന്‍ വര്‍ക്കല സുപ്രഭാതം വെജിറ്റേറിയന്‍ റെസ്റ്റോറന്റീന്ന് വാങ്ങിക്കൊണ്ടുവരുന്ന മസാല ദോശയുടെ രുചിയുമൊക്കെ മനസ്സിലേക്കോടി വന്നു.

ഇടിവാള്‍ said...

എല്‍ജി - ബിന്ദു - ആദി.. ഇവിടെ കൊടിയും നാട്ടി നിങ്ങളൊക്കെ അശ്വമേധത്തിനു പോയതു ശെരിയായില്ല !

ചാലക്കുട്ടി ചുള്ളാ.. കമന്റിനു നന്ദി !

ഇബ്രുവേ ! നന്ദി

റൌണ്ടപ്പ് കലേഷേ: നന്ദി ;) ( ഞാണ്‍ ഓടി)

പല്ലി said...

കുറുമാനോടു പൂര്‍ണ്ണമായും യോജിക്കുന്നു.
ഒന്നു എഴുതുമ്പൊള്‍ അതു വിമര്‍ശനയോഗ്യമാണെങ്കിലും
സമൂഹത്തൊടു എന്തെങ്കിലും പറയുന്നതു ആയിരിക്കണം
ചിന്തിക്കപ്പെടേണ്ടതായിരിക്കണം

ഇടിവാള്‍ said...

സമൂഹത്തോട്‌ എന്തെങ്കിലും പറയുന്നതും, ചിന്തിപ്പിക്കുന്നതും മാത്രമേ ബ്ലോഗാവൂ എന്നൊക്കെ പറഞ്ഞാല്‍... എനിക്കൊന്നും ബ്ലോഗാനുള്ള ലൈസന്‍സു കിട്ടില്ല..

അതിനൊക്കെയല്ലേ മാഷേ മാതൃഭൂമി തുടങ്ങിയ സ്റ്റാന്‍ഡേഡ്‌ വാരികകള്‍ !

നമ്മളിങ്ങനെയൊക്കെയങ്ങ്‌ പൊയ്ക്കോട്ടേ മാഷേ ! നന്ദി !

ഇടിവാള്‍ said...

അല്ലാ.. സെമി ഇതിനിടക്ക്‌ ഇവിടെയൊന്നു കമന്റടിച്ചു പോയത്‌ എന്തേ ഞാന്‍ കണ്ടില്ലാ ?

വിശാല മനസ്കന്‍ said...

“ പശുവിന്റെ ഒരു സിംഗിള്‍ ഡ്രോപ്‌ ചാണകം (കഷ്ടി ഒരൊന്നൊന്നര രണ്ടു കിലോ വരും)“

കറക്ട്!

സങ്കുചിത മനസ്കന്‍ said...

ഇടി ഗെഡി,

ഈ കഥയില്‍ വളരെയധികം ബാക്കിയുണ്ടെന്ന് വാമൊഴിയില്‍ക്കൂടി ഞാന്‍ 1992-ല്‍ കേട്ടതാണ്‌. അതുകൂടി എഴുത്‌.

സ്വാമി അശ്വതി തിരുന്നാള്‍ എന്നൊരു സന്യാസി ഉണ്ട്‌. സൂര്യിയിലോ മറ്റോ ഏതോ പ്രോഗ്രാം അവതരിപ്പിക്കുന്നുണ്ട്‌. സാദാ സന്യാസി അല്ല. മീശ മാത്രമേ ഉള്ളൂ, താടി ഇല്ല. അതുപോലെ നല്ല മോഡേണ്‍ സ്റ്റെയിലില്‍ എഴുതും. നമ്മുടെ വികടന്റെ പോലെ, ദൈവങ്ങള്‍ തമ്മിലുള്ള സംഭാഷണം പൊടി ഇംഗ്ലീഷില്‍ ഒക്കെ എഴുതുന്ന ആള്‌.

അദ്ദേഹം തിരുവനന്തപുരത്തൊരു അമ്പലം പണിതു.... ഈ തീണ്ടാരി ഏര്‍പ്പാട്‌ ശുദ്ധഭോഷ്കാണെന്ന് പറയുന്ന അദ്ദേഹം അവിടെ പൂജയ്ക്ക്‌ സ്ത്രീകള്‍ക്കനുവാദം കൊടുത്തു. മാസത്തില്‍ മുപ്പത്‌ ദിവസവും അവിടെസ്ത്രീകള്‍ക്ക്‌ കയറാം. നൊ റെസ്ട്രിക്ഷന്‍സ്‌.

ഭഗവതി തീണ്ടാരി ആകുന്നത്‌ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ആഘോഷമാണല്ലോ? ദേവി ത്രിപ്പൂത്തിരി ആയി എന്നൊക്കെയാണ്‌ പറയുക.

അതോണ്ട്‌, നിങ്ങള്‍ പവിത്രമായ ഗര്‍ഭപാത്രത്തിന്റെ കണ്ണീരില്‍ വായുവില്‍ക്കൊടി ഉള്ള കോണ്‍ ടാക്റ്റ്‌ ഒഴിവാക്കാന്‍, ഒരു മൃഗത്തിന്റെ ഷിറ്റില്‍ ഡയറക്ട്‌ കോണ്‌ടാക്റ്റ്‌ ഉണ്ടാക്കി.

അയ്യോ കഷ്ടം......

വഴിപോക്കന്‍ said...
This comment has been removed by a blog administrator.
വഴിപോക്കന്‍ said...

ഇതെഴുതാതിരുന്നെങ്കില്‍ ഒരു നഷ്ടമായേനേ.

Babu Kalyanam | ബാബു കല്യാണം said...

"കഷ്ടി ഒരൊന്നൊന്നര രണ്ടു കിലോ വരും"
ഇതാണ് ഏറ്റവും ചിരിപ്പിച്ചത്. :-) അതും താങ്ങിയുള്ള നടപ്പ് അതുപോലെ മനസ്സില്‍ കണ്ടു. :-))

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.