-- എ ബ്ലഡി മല്ലു --

തിരുത്തല്‍വാദി

Saturday, July 01, 2006

തിരുത്തല്‍വാദി- പ്രോഗ്രസ്‌ കാര്‍ഡിന്റെ 1-2-3-4 ഭാഗങ്ങല്‍ ചേര്‍ത്തു വച്ച്‌, വായനകാരുടെ സൌകര്യാര്‍ഥം ഇതാ ഒരു നീണ്ടകഥ !

കുണു കോളേജിലെ ഉന്നത വിദ്യാഭാസം പൂര്‍ത്തിയാക്കി, ഒന്നാം റാങ്കോടെ പുറത്തിറങ്ങിയ എന്റെ മുന്‍പില്‍ ഇനിയെന്ത്‌ എന്നൊരു ചോദ്യം ഒരു സമസ്യയായി. കാര്യം, അവസാന വര്‍ഷ മുക്കാക്കൊല്ല പരീക്ഷയില്‍, സ്വന്തം ക്ലാസ്‌ ടീച്ചര്‍ മാലതി ടീച്ചറൂടെ മകള്‍ രേഖയേയും, ഒന്നാം റാങ്കിനായി ഇഞ്ചോടിഞ്ച്‌ പൊരുതിയ ഷൈജനേയും, 8 മാര്‍ക്കിന്‌ മലര്‍ത്തിയടിച്ചാണ്‌ ഞാന്‍ റാങ്കുമായി നാലാം ക്ലാസ്‌ പാസായിറങ്ങിയതെങ്കില്‍പോലും...

വെങ്കിടങ്ങിലെ "ബോയ്സും" ഗേള്‍സും, മിക്സഡൂമായുണ്ടായിരുന്ന ഏക യൂണിവേഴ്സിറ്റിയായിരുന്നു, കുണുകോളെജ്‌" എന്ന അപര നാമത്തിലറിയപ്പെട്ടിരുന്ന, ശങ്കരനാരായണ എല്‍.പി. സ്കൂള്‍. ഇതിന്റെ മുതലാളിയും മാനേജരായിരുന്ന മാധവ മേനോന്‍, എന്തു പറഞ്ഞാലും "ക്കുണു" സഫിക്സ്‌ ചേര്‍ക്കുമായിരുന്നതിനാലാണത്രേ ഈ സ്കൂള്‍ "കുണു കോളേജ്‌" എന്നറിയപ്പെട്ട്‌ തുടങ്ങീഠ്‌. ( തണുക്കുണൂ.. വെശക്കുണൂ.. പനിക്കണൂ..)എന്‍.എസ്‌.എസ്‌ ന്റെ അണ്ടറിലുള്ള ഈ സ്കൂളില്‍, നാട്ടിലുള്ള നായന്മാരെല്ലാം കാരണവന്മാരുടെ കാലം തൊട്ടേ എല്‍.പ്പി ഉപരി പഠനം നടത്തിപ്പോന്നിരുന്നതിനു കാരണം രണ്ടാണ്‌. പിള്ളാരുടെ എണ്ണം തികയാതെ ഈ എയിഡഡ്‌ സ്കൂള്‍ പൂട്ടിപ്പോകാതിരിക്കാനും, പിന്നെ, മക്കളെ പുറത്തെങ്ങാന്‍ ചേര്‍ത്തിയാലുണ്ടായെക്കാവുന്ന, ആ ആന്റി-എന്‍.എസ്‌.എസ്‌ ഇമേജ്‌ ഒഴിവാക്കാനും !വളരെ നോസ്റ്റാള്‍ജിക്ക്‌ മെമ്മറീസ്‌ തന്ന ആ കുണു കോളേജിന്റെ പടിയിറങ്ങാന്‍ വിഷമമുണ്ടായെങ്കിലും, അവിടെ തുടര്‍ന്നും പഠിക്കണമെങ്കില്‍, നാലാം ക്ലാസ്സില്‍ തോല്‍ക്കണമായിരുന്നെന്ന സത്യത്തിനു മുന്നില്‍ ഞാന്‍ നിസ്സഹായനായി. സ്വന്തം ഭാവിയെ പോലും റിസ്കിലാക്കി,കുണുകോളേജ്‌ വിടണമല്ലോ എന്ന ദുഖം മൂലം മാത്രം,ഓരോ ക്ലാസ്സിലും, രണ്ടും മൂന്നും കൊല്ലമിരുന്നു പഠിക്കുന്ന സതീശനേയും, അനിലനെയുമൊക്കെ, ആരാധനയോടെ നോക്കിയ നാളുകളായിരുന്നു അത്‌.കുണുകോളേജില്‍ നിന്നും പുറത്തിറങ്ങിയാല്‍ പിന്നെ എന്‍-എസ്‌-എസോ ഫോബിയ വേണ്ട. നാലാം തരം കഴിഞ്ഞാല്‍ പിന്നെ, എവിടെ വേണേല്‍ പണ്ടാരടങ്ങിക്കോ എന്നതാണ്‌ എന്‍-എസ്‌-എസ്‌ പോളീസി.

സാധാരണയുള്ള രണ്ട്‌ ചോയ്സില്‍ ഒന്ന്, മുല്ലശ്ശെരിയിലെ, ഹിന്ദു യൂ.പി. സ്കൂളും പിന്നെ ഏനാമാവിലുള്ള സെന്റ്‌:ജോസഫ്സ്‌ ഹൈസ്കൂളുമാണ്‌. പിന്നേ ആ ഏരിയായില്‍ ആകെയുള്ളൊരു വിദ്യാഭ്യാസ സംരംഭം, കണ്ണോത്ത്‌ മദ്രസ്സ യാ.. അതൊരു വയബിള്‍ ഓപ്ഷനല്ലാത്ത്തിനാല്‍ ആവഴിക്കു നോക്കിയില്ല.മുല്ലശ്ശേരി സ്കൂളില്‍ എന്നെ സംബന്ധിച്ചുണ്ടായിരുന്ന വല്ല്യോരു മുട്ടന്‍ പാരയായിരുന്ന പ്രശ്നം, എന്റെ അമ്മായി അവിടത്തെ ടീച്ചറായിരുന്നൂ എന്നാണ്‌. ഹെഡ്‌ മിസ്റ്റ്രസ്സായിരുന്ന, കല്യാണിക്കുട്ടി ടീച്ചര്‍, എന്റെ തൊട്ടടുത്ത്‌ വീട്ടിലേതും. പോരെ പൂരം ? തരികിടകള്‍ക്കൊനും ഒരു സ്കോപ്പുമില്ല.. ചെവി പൊന്നാക്കുമെന്നു നൂറുതരം. അറിയുന്ന ശത്രുവിനേക്കാള്‍ നല്ലതല്ലേ അറീയാത്ത ശത്രുവെന്ന ലോകതത്വമംഗീകരിച്ച്‌, ഏനാമാവു മതീയെന്നു പറയുകയും, പള്ളീലച്ചന്മാരുടെ മടയിലേക്കെന്നെ മാതാപിതാക്കള്‍ നിഷ്ക്കരുണം തള്ളിവിടുകയും ചെയ്തു. അമ്മായി ടീച്ചറായിട്ടവിടെ ഉണ്ട്‌ എന്നൊരു പ്ലസ്‌ പോയന്റ്‌ ഉണ്ടായിട്ടു കൂടി, മുല്ലശ്ശേരി വേണ്ട എന്നു അച്ഛന്‍ ചിന്തിക്കാനുള്ള മറ്റൊരു കാരണം, അമ്മായിയുടെ പൊന്നോമനപ്പുത്രനും, എന്റെ ബാല്യകാല ഗെഡിയും, കാലത്തിന്റെ കുത്തൊഴുക്കില്‍ പിന്നീടെന്റെ ബാര്‍ മേറ്റുമായിത്തീര്‍ന്ന അജിയായിരുന്നു ! ലവന്‍ അന്നേ ആളത്ര ശെരിയായിരുന്നില്ലെന്നതിനാല്‍, അജീടെ കൂടെ ചേര്‍ന്ന് ഞാനുമെങ്ങാന്‍ വെടക്കായിപ്പോകുമോ എന്നൊക്കെയായിരുന്നിരിക്കണം അച്ഛന്റെ റ്റെന്‍ഷന്‍.

മൂന്നു വര്‍ഷം കൊണ്ട്‌ യൂ.പീ. വിദ്യാഭ്യാസം തീര്‍ത്തപ്പൊഴാണ്‌ അച്ഛന്‍ എന്നെ, കാലേ കൂട്ടിത്തന്നെ "എന്‍ജിനീയറിംഗ്‌" ലയിനിലോട്ട്‌ തള്ളീയിട്ടത്‌. തൃശ്ശൂരിലെ, ചെംബുക്കാവിലെ, ജെ.ടി.എസ്‌ ( ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറീ സ്കൂള്‍) ഇല്‍ ചേര്‍ത്തപ്പോള്‍, സത്യം പറഞ്ഞാള്‍, സന്തോഷം രണ്ടായിരുന്നു!. പള്ളിമടയില്‍ നിന്നും രക്ഷപ്പെട്ടൂന്നു മാത്രല്ല, , ഇനി മുതല്‍, ദിവസവും, പാന്റൊക്കെയിട്ട്‌ കിടിലന്‍ സ്റ്റയിലില്‍, ഷീജയിലെ കണ്ടക്റ്ററുടെ തെറിയൊക്കെ ആസ്വദിച്ച്‌ കേട്ട്‌, കണ്‍സഷനടിച്ച്‌ തൃശ്ശൂര്‍ക്ക്‌ ബസ്‌ കേറീ പോകയും ചെയ്യാം! വല്ലപ്പോളൂം, ഓരോ സിനിമയും, പിന്നെ റൌണ്ടിലെ, സ്വപ്നക്കടുത്തുള്ള മണീസ്‌ കഫേയില്‍ നിന്നും വടയും നെയ്‌റോസ്റ്റും കൂടി നമ്മടെ ഉദ്ദേശലക്ഷ്യങ്ങലുടെ പലവ്യന്‍ജനപ്പട്ടികയിലോട്ട്‌ ചേര്‍ത്തു. !

എന്റ്രന്‍സ്‌ പരൂഷയില്‍, ഒന്നാം റാങ്കുമായാണ്‌ ജെടീയെസിന്റെ പടി കയറിയത്‌. 8 ആം തരത്തില്‍, കാക്കൊല്ലത്തിനും അരക്കൊല്ലത്തിനും സ്കൂളില്‍ ആ റാങ്ക്‌ നിലനിര്‍ത്തിപ്പോന്നത്‌, ഒന്നാം റാങ്കുമല്ലാതെ വീട്ടില്‍ ചെല്ലേണ്ടെന്ന പിതാശ്രീ ഭീഷണിയാലും !9 എത്തിയതോടെ എന്നില്‍, അലമ്പിന്റെ പുല്‍നാമ്പുകള്‍ മുളയിട്ടുതുടങ്ങയും, ക്ലാസ്മേറ്റുകളായ ബിജോ ചാക്കോ, ബിജു, ഷിംജി തുടങ്ങിയ ലോകൈക അലമ്പന്മാരുടെ അസ്സോസിയേഷനിലേക്ക്‌ ഒരു ട്രെയിനിയായി ഞാന്‍ അരങ്ങേറ്റം നടത്തുകയും ചെയ്തത്‌ വളരെപ്പെട്ടെന്നായിരുന്നു..ആസ്മാ അസുഖമുള്ള രത്നവല്ലി ടീച്ചറുടെ ക്ലാസ്സിലായതിനാല്‍, ശാസന/വഴക്ക്‌ എന്നിവ വളരെക്കുറവായിരുന്നു.. ശാസിക്കാന്‍ പോയിട്ട്‌, മര്യാദക്കൊന്നു ശ്വസിക്കാന്‍ പോലും ആ പാവത്തിനു ബുദ്ധിമുട്ടായിരുന്നു. എന്തിനധികം പറയണം, സ്വതവേ ദുര്‍ബല, പോരാത്തതിനു ഗര്‍ഭിണി...അധികം താമസിയാതെ തന്നെ, ക്ലാസ്സിലെ പെമ്പിള്ളാരുടെ മാത്രമല്ല, തൊട്ടപ്പുറത്തെ ഫൈന്‍ ആര്‍ട്സ്‌ കോളേജിലെ ചേച്ചിമാരുടേയും, അതുമൂലം, അവിടത്തെ തന്നെ ചേട്ടന്മാരുടേയ്യും, ഒന്നാമത്തെ നോട്ടപ്പുള്ളീയാവാനും കഴിഞ്ഞു !

9 ലെ കാക്കൊല്ലത്തിന്റെ പരീക്ഷ കഴിഞ്ഞ്‌ റിസള്‍ട്ട്‌ വന്ന്പ്പോഴാണ്‌ എനിക്ക്‌ തല കറങ്ങിയത്‌.റാങ്ക്‌..11 !220 വോള്‍ട്ട്‌ ലയിനില്‍ കേറിപ്പിടിച്ചപോലെ ഞാന്‍ ഞേട്ടി.. വെട്ടി വിറളി വെളുത്തു! ഈ പ്രോഗ്രസ്‌ കാര്‍ഡും കൊണ്ട്‌ വീട്ടിലേക്കെന്നല്ല, വെങ്കീടങ്ങ്‌ സെന്ററില്‍ പോലും ചെല്ലണ്ടാ.. പ്രോഗ്രസ്സ്‌ കാര്‍ഡ്‌ അച്ഛനെക്കൊണ്ട്‌ ഒപ്പിടീക്കാതെ ക്ലാസ്സിലും കയറ്റില്ല...ഇതു വീട്ടില്‍കാണിച്ച്‌ അടിപ്പാടുകളാല്‍ മോഡേണ്‍ ആര്‍ട്ട്‌ ക്യാന്‍വാസുപോലായ എന്റെ തുടകളുടെ കാര്യമോര്‍ത്തു ഞാന്‍ വിങ്ങിപ്പൊട്ടി. ചിന്തകള്‍ കാടുകയറി..ഒരു സൊലൂഷനാലോചിച്ച്‌. ബോംബേക്ക്‌ കള്ളവണ്ടി കയറിയാലോ എന്നു വരെ ചിന്തിച്ചു..!അയിഡിയാ.............!!!! കിട്ടിീ....യുറേക്കാ...എന്നാര്‍ത്തുകൊണ്ടു ഞാന്‍ ബസ്റ്റൊപ്പ്പ്പിലേക്കോടി !====================
Part -2

അങ്ങനെ, നല്ല ഭാരിച്ച ആ ഐഡിയായും പേറി ഞാനോടി, റൌണ്ടിലെ സപ്ന തീയറ്റര്‍ ബസ്റ്റോപ്പൊിലേക്ക്‌. ഡെയിലി അജണ്ടയിലെ, അവസാന ഐറ്റമായിരുന്ന 4.10 വരെ, ചെംബുക്കാവ്‌ ജങ്ക്ഷനിലിലെ, വായിനോട്ടം പോലും വേണ്ടെന്നു വെച്ചാണ്‌ ഞാനോടിയത്‌. സബ്‌-റെജിസ്റ്റാര്‍ ആപ്പീസ്‌ വഴി, പാലസ്‌ റോട്ടിലെ, മോഡല്‍ ബോയ്സും കഴിഞ്ഞപ്പോഴാണ്‌ സ്പീഡൊന്നു കുറഞ്ഞത്‌. ഇനി വരുന്നത്‌ മോഡല്‍ ഗേള്‍സാണേ.. അതിന്റെ മുന്നിലൂടെയൊക്കെ, 14 വയസ്സുകാരനൊരുത്തന്‍ ഓടുകാന്നു വച്ചാല്‍.. ഛായ്‌... മ്മക്ക്‌ ചേര്‍ന്നതാണോ അതൊക്കെ ? നയനാനന്ദകരമായ കാഴ്ചകള്‍, ഒന്നു സിപ്പ്‌ ഫോര്‍മാറ്റിലാക്കി, മെമറിയിലോട്ടു കേറ്റി. സാധാരണ ദിവസത്തെപ്പോലുള്ള വൈഡ്‌ ബാന്‍ഡ്‌ ബ്രൌസിങ്ങ്‌ നടത്താനിന്ന് സമയമില്ലല്ലോ ! 6.10 ന്‌ അച്ഛന്‍ ഓഫീസ്‌ വിട്ടു വരുമ്പോഴേക്കും "ഓപ്പറേഷന്‍-പ്രോഗ്രസ്‌ കാര്‍ഡ്‌" കമ്പ്ലീറ്റ്‌ ചെയ്യണ്ടേ ??

ഒരു വിധത്തില്‍, റൌണ്ടിലെത്തി ശക്തനിലോട്ട്‌ ബസ്‌ കേറാന്‍ നോക്കുമ്പഴാ, മണീസിലെ വട സുഗന്ധം മൂക്കും തുളച്ച്‌ കേറിയത്‌. പണ്ടേ വട കാണുന്നതും, തിന്നുന്നതുമെല്ലാം, ഒരു വീക്‌ക്‍നസ്സാ.. ;)അതും നല്ല അസ്സല്‍ ഉഴുന്നു വട ... പോക്കറ്റില്‍ തപ്പി.. ഇടത്തെപ്പോക്കറ്റില്‍ 50 പൈസ ഉണ്ട്‌.. വലത്തേ പോക്കറ്റിലും 50 പൈസേണ്ട്‌.. വീട്ടിലെത്തന്‍ 45 പൈസ മതി. 10 പൈസ ബസ്റ്റാണ്ടിലേക്കും, 35 പൈസ, വെങ്കിടങ്ങിലേക്കും,.. പിന്നെ, ഈ രണ്ടു പോക്കറ്റിലുമായി 50 പൈ. ഈച്ച്‌ ഇടുന്നത്‌ ഒരു സേഫ്റ്റി മെഷറായിട്ടു മാത്രം.,..എങ്ങാനും, ആരെങ്കിലും, ഒരു പോക്കറ്റടിച്ചാലും, വീട്ടിലെത്തണമല്ലോ !!! ഷര്‍ട്ടിന്റെ രണ്ടു പോക്കറ്റിലും, പാന്റിന്റെ പുറകിലത്തെ പോക്കറ്റിലുമൊക്കെ, പൈസകളിട്ട്‌ നടക്കാനാഗ്രഹമില്ലാഞ്ഞിട്ടല്ല.. പക്ഷെ, ഒരിക്കല്‍, 2 രൂ. കൂടുതല്‍ ചോദിച്ചപ്പോ അച്ഛനൊരു ചാട്ടം.. " എന്ത്ര.. നീ, നൈസാമിന്റെ മോനാന്നാ വിചാരം??അതോടെ നിര്‍ത്തി, എക്സ്റ്റ്രാ ബക്ക്സിനായുള്ള ചോദ്യം.. പക്ഷേ ആരും കാണാതെ അങ്ങേര്‍ടെ പോക്കറ്റീന്നു ചില്ലറയടിച്ചുമാറ്റാന്‍ എനിക്കാരോടും ചോദിക്കണ്ടല്ലോ ?? ഹയിലവല്‍ റോബറിയൊന്നുമായിരുന്നില്ല, വല്ലപ്പോളൂം, 2-3 രൂ മാത്രം.. ഒരു തമാശക്ക്‌.. ജസ്റ്റ്‌ ദാറ്റ്‌ മച്ച്‌.. കൂടുതലടിച്ചു മാറ്റിയാല്‍, സംശയസ്യ, ഓഡിറ്റിങ്ങെങ്ങാന്‍ വന്നാ പിന്നെ കുടുങ്ങീല്ല്യേ?? എനിക്കാണേ, കക്കാനെ അറീയൂ.. നിക്കാനുള്ള ആ ടെക്‌ക്‍നിക്ക്‌ ശെരിക്കങ്ങു വശമായിട്ടില്ലാത്ത പ്രായം.. വെറുതെന്തിനാ റിസ്കെടുക്കണേ ??

മണിസിലന്ന് വടക്ക്‌ 70 പൈസയാ.. എന്തായാലും, അത്രേം കയ്യിലില്ലാത്തതോണ്ട്‌ , വട തിന്നിട്ട്‌ പോണോ എന്ന മാനസികാക്രാന്തതിനു വല്യ പ്രസക്തിയുണ്ടായില്ല്യ..കണ്ണീക്കണ്ട പട്ടമ്മാര്‍ടെ ഹോട്ടലിലിരുന്നു ഉഴുന്നാട്ടാനുള്ളതാണോ നമ്മടെ വിലപ്പെട്ട സമയം..6.10നു മുമ്പ്‌, വളരേ സൂക്ഷ്മമായി ചെയ്യേണ്ട ഒരോപ്പറെഷനല്ലേ മനസ്സില്‍ മുഴുവന്‍... വട മോഹങ്ങളെ ഡീലിറ്റു ചെയ്ത്‌, ബസ്സീക്കയറി 10 പൈ കൊടുത്തു സ്റ്റാന്‍ഡിലിറങ്ങി .

ഷീജ സ്റ്റാര്‍ട്ടായിട്ട്‌ കെടക്ക്‌ണ്‌ണ്ട്‌. അതീക്കേറിയാ, 5.15 നു വീട്ടിലെത്താം. തിരക്കിട്ട്‌ ഓടിക്കേറാന്‍ നിക്കുമ്പോ ദേ നിക്കണു വഴീം തടഞ്ഞിട്ടൊരുവന്‍.. കിളീ..
"നോക്കടാ നീയെന്റെ മാര്‍ഗ്ഗേക്കിടക്കുന്ന മര്‍ക്കടാ നീയങ്ങു മാറിക്കിടക്കട" എന്ന റോളില്‍ ഒരു ചോദ്യഭാവത്തോടെ ലവനെ നോക്കിയ എന്നോടാ ദുഷ്ടന്‍ കല്‍പ്പിച്ചു..
"എങ്ങട്ട ഗെടി, വാണം വിട്ട പോലെ ?? നിന്നപ്പോലെ 10-15 എണ്ണം അവടെ മാറിനിക്കണ കണ്ട്രാ ? 35പൈസ തന്നട്ട്‌ സീറ്റീക്കേറി ഞെളിഞ്ഞിരിക്കണ്ടാ.. പോവാന്‍ നേരത്ത്‌ കേറ്യാ മതീട്ടാ ചുള്ളാ ! തെരക്കടിക്കല്ലേ..!!
" ഓ...പിന്നെ ! നെനക്കു തെരക്കില്ലേപ്പിന്നെ എനിക്കാ തെരക്ക്‌ ??" എന്നു മനസ്സിലോര്‍ത്തു ഞാനങ്ങു കലിപ്പില്‍ മാറിനിന്നു, എപ്പക്കേറ്യാലും അഞ്ചേകാലിനു വീട്ടിലെത്തൂല്ലൊ ? അതുമതി !

മേച്ചേരിപ്പടി സ്റ്റോപ്പിലിറങ്ങുമ്പോള്‍ എന്റെ ഹൃദയതാളം മുറുകുന്നതായി ഞാനറിഞ്ഞു. വീട്ടിലെത്തി, ബാഗു വെച്ച്‌, പടിഞ്ഞാറ്റിക്കു ( പൂജാമുറി) മുന്നിലൊന്നു നിന്നു..
കൃഷ്ണാ ഭഗവാനേ.... ഞാനിതുചെയ്യണോ ??? നീ പറ.. നീ വേണ്ടെന്നു പറഞ്ഞാ,ഞാന്‍ ചിയ്യില്ല്യ, പക്ഷെ, ഇനി നമ്മള്‌ ഈ സ്പോട്ടീ വെച്ച്‌ കാണാന്‍ സാധ്യതയില്ല. ഇതല്ലാതെയുള്ള അടുത്ത ഓപ്ഷന്‍ നാടു വിടലാ.... എന്റെ കണ്ണു നിറഞ്ഞോ എന്തോ ...

"സമയം മെനക്കെട്‌ത്താണ്ട്‌, അച്ഛന്‍ വരും മുന്‍പ്‌ , ഓപ്പറേഷന്‍ -പ്രൊഗ്രസ്സ്‌ കാര്‍ഡ്‌" നടത്തൂ മോനേ ദിനേശാ..." കൃഷ്ണന്‍ പറഞ്ഞു !!
( അതോ എനിക്ക്‌ തോന്നിയതോ .. ഹേയ്‌..അല്ല, പറഞ്ഞു പറഞ്ഞൂ, പറഞ്ഞൂ.. ഞാന്‍ കേട്ടതല്ലേ...)
=============

Part-3
കൃഷ്‌ണന്റെ പെര്‍മിഷന്‍ കിട്ടിയ കോണ്‍ഫിഡന്‍സോടെ,, ബാഗും കയ്യിലെടുത്ത്‌ മുകളിലെ എന്റെപഠിപ്പുമുറിയിലേക്കുപോയി. പൂജാമുറിയില്‍ കൃഷ്ണല്ലാതെ, അയ്യപ്പന്‍, ശിവന്‍, ഗണപതി, തുടങ്ങി ഒട്ടനവധി ദൈവങ്ങളുണ്ടായിട്ടു കൂടീ, കൃഷ്ണനോട്‌ മാത്രം ഞാന്‍ പെര്‍മിഷന് ‍ചോദിച്ചത്‌, ഈ വക തരികിടകള്‍ക്കായി, ഏറ്റോം പറ്റിയദ്ദ്യേം, ഇദ്ദേഹമായതിനാലാണ്‌.

ക്ലാസ്സ്‌ വിട്ടുവന്ന മകന്‍, കാപ്പി പോലും കുടിക്കാതെ പഠന മുറിയിലോട്ടോടുന്ന ആ ആനന്ദക്കാഴ്ച കണ്ട്‌ അമ്മ ചാരിതാര്‍ഥ്യമടഞ്ഞു. സാധാരണ അഞ്ചരക്കുള്ള വണ്ടിയില്‍( തെറ്റിദ്ധരിക്കല്ലേ .. ആദി.. ;) ) വരുന്ന മകന്‍,ബാഗും വലിച്ചെറിഞ്ഞു, 100 മീറ്റര്‍ അകലേയുള്ള, വാലത്തു പറമ്പില്‍, അഭിനവ ഗവാസ്കര്‍മാരുടേയും, കപില്‍ ദേവന്മാരുടെയുമിടയിലേക്കോടാറുള്ളവന്‍,. ഇന്നെന്തു പറ്റിയോ ആവൊ.. അമ്മ, ഒരു ഗ്ലാസ്‌ സ്പെഷല്‍ ഹോര്‍ളിക്സ്‌ പാലുണ്ടാക്കുന്നതിലോട്ടു മുഴുകി.

പ്രോഗ്രസ്‌ കാര്‍ഡ്‌ തുറന്ന്, 11 ആം റാങ്കിന്‍ മുകളിലൂടെ ഒന്നു വിരലോടിച്ചു. ബോക്സ്‌ തുറന്ന്, റബ്ബറെടുത്തു ( ഇറേസര്‍). 11 ലെ, റ്റ്വിന്‍സായിരിക്കുന്ന 1 കളില്‍, ഒരെണ്ണം മായ്ക്കാനാണെന്റെ ഉദ്ദേശം.! അപ്പോള്‍ റാങ്ക്‌ 1 !!! ചങ്കിടിപ്പോടെ ഇടത്തുകിടക്കുന്ന ആ പാവം ഒന്നിന്റെ മുകളിലൂടെ റബ്ബര്‍പലവട്ടം കേറി നിരങ്ങിയപ്പോള്‍ എനിക്കൊന്നു മനസ്സിലായി !

നീല നിറത്തിലുള്ള പേന കൊണ്ട്‌ രത്നവല്ലി ടീച്ചര്‍ എഴുതിയിരിക്കുന്ന ഈ 11 നെ മായ്ക്കാന്‍ എന്റെ ഈ 25 പൈസാ വിലയുള്ള റബ്ബറിനു കെല്‍പ്പില്ല. കൂടുതലുരച്ചാല്‍, ആ ഭാഗത്തുള്ള പേപ്പര്‍ കീറും! ഇടക്കു കിട്ടിയ ഹോര്‍ലിക്സിന്റെ എനര്‍ജിയില്‍ കുരുട്ടുബുദ്ധിയുടെ നീര്‍ക്കയങ്ങളിലേക്കൂളിയിട്ടിറങ്ങിയ ഞാന്‍ പൊങ്ങിവന്നത്‌, അച്ഛന്റെ ഒരു ഷേവിംഗ്‌ ബ്ലേഡും കൊണ്ടായിരുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിച്ച ഉഗ്രന്‍ 7-ഓ- ക്ലോക്ക്‌ ബ്ലേഡ്‌ !

പലതവണ റബ്ബര്‍ കേറി നിരങ്ങി ക്ഷീണിതനായ , സന്തം കുരുത്തക്കേടുകളുടെ പരിണിത ഫലമായ ആ എക്സ്റ്റ്രാ ഒന്നിനെ, കഴിഞ്ഞ 3-4 മണിക്കൂറയി എന്റെ ബ്രെയിനിനെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ആ ട്യൂമറിനെ, ബ്ലേഡു വച്ച്‌ ഒരു സര്‍ജന്റെ സൂക്ഷ്മതയോടെ ഞാന്‍ നീക്കം ചെയ്തു. വഹ്‌ ഭായ്‌.. വഹ്ഹ്‌.. ഇതെഴുതിയ രത്നവല്ലിട്ടീച്ചര്‍ക്കു പോലും മനസ്സിലാവില്ല... പിന്ന്യാണോ അച്ഛന്‌ ? എന്റെ കഴിവും ബുദ്ധിയുമോര്‍ത്തു ഞാന്‍ നിര്‍വൃതിയടഞ്ഞു.

ഇറയത്ത്‌ അച്ചന്റെ ശബ്ദം കേട്ടപ്പോളാണ്‌ ആ നിര്‍വൃതിയില്‍ നിന്നും ഞാന്‍ ഞെട്ടിയെഴുന്നേറ്റത്‌. കാര്‍ഡും കൊണ്ട്‌ ഗോവണിയിറങ്ങുമ്പോള്‍, ഹൃദയത്തിന്‍ പെരുമ്പറ മുഴക്കം അസാധാരണമായികൂടിയെന്നറിഞ്ഞു ഞാന്‍. എവിടന്നൊക്കെയൊ, പെറിക്കിയെടുത്ത കുറെ ആത്മവിശ്വാസത്തുട്ടുകളുമായും , അതിലെത്രയോമടങ്ങു ഫ്രീക്വെന്‍സിയില്‍ വിറക്കുന്ന മുട്ടുകളുമായും, അച്ഛന്റരികിലെത്തിയ എന്നെ അങ്ങേരൊന്നു നോക്കി, എന്നിട്ട്‌, പ്രഭേടെ കടെന്നു വാങ്ങിയ സുഖിയന്‍ പൊതിയടക്കം എന്റെ നേരെ നീട്ടി. മൂത്ത മകനാനെന്നുള്ളതിന്റെ ഒരു പ്രിവിലേജ്‌.

കുറ്റബോധത്തിലുടലെടുത്ത യാ(ന്തികതയില്‍, ഒരു സുഖിയന്‍ എടുത്ത്‌ ഞാന്‍ അച്ഛനോടു പറഞ്ഞു..: പ്രോഗ്രസ്‌ കാര്‍ഡ്‌" കിട്ടീ അച്ഛാ...ആ, ഞാനിപ്പ വരാം... എന്നു പറഞ്ഞ്‌, അച്ചന്‍ മുറിയിലേക്കു പോയി, വസ്ത്രം മാറീ, കണ്ണട ഊരിവച്ചു,വീട്ടിന്റെ പിന്നാമ്പുറത്തേക്കു പോയി, കയ്യും മുഖവും കഴുകാനായി...ആ ഒരൊറ്റ മിനിട്ടു മതിയായിരുന്നു എനിക്ക്‌.. മേശപ്പുറത്തു വച്ച അച്ഛന്റെ കണ്ണടയെടുത്ത്‌ ഞാന്‍ അലമാരിപ്പുറത്തോട്ട്‌ വച്ചു, എന്നിട്ട്‌, ഇറയത്തെ തിണ്ണയില്‍ വന്നിരുന്നു.

ഫ്രഷായി വന്ന അച്ഛന്‍ പൂജാമുറിക്കു മുന്നിലൊന്നു നിന്നു തൊഴുതതു കണ്ടപ്പോള്‍, ആ "കൃഷ്ണഗെഡി" യെങ്ങാന്‍, ഒറ്റിക്കൊടുക്കുമോന്നൊന്നു ഭയന്നു ! ഏയ്‌... അങ്ങേരാളു ഡീസന്റാ.....ഇറയത്തെ കസേരയില്‍, വന്നിരുന്നു പ്രോഗ്രസ്‌ കാര്‍ഡു തുറന്ന അച്ചന്‍ എന്നോടു കല്‍പ്പിച്ചു..

"പൊയ്യി ആ കണ്ണടയെടുത്തോണ്ടു വാ" ...
"ഓ.." ഞാനോടീ. കണ്ണടയെടുക്കാന്‍... ആ മുറി മുഴുവനു പരതി ഞാന്‍, നല്ല ആത്മാര്‍ഥതയോടെ ..എവിടെക്കാണാന്‍...അതങ്ങു അലമാരിപ്പുറത്തല്ല്യോ ഇരിക്കുന്നെ ?
" കണ്ണട കാണൂന്നില്ലല്ലോ അച്ഛാ.. " ഞാന്‍ വിളിച്ചു പറഞ്ഞു..
" ആ ..സാരല്ല്യ.. നീ ഇങ്ങ്‌ട്‌ വാ.."ദൈവമേ.. എന്റെ പ്ലാനുകളൊക്കെ തെറ്റാതെ പോകുന്നുണ്ടല്ലോ..മുറിയില്‍ നിന്നിറങ്ങി, ഇറയത്തോട്ടു പോകുമ്പോള്‍, പൂജാമുറിയിലേക്കൊന്നു നോക്കി, കൃഷ്ണനോടു നന്ദി പറഞ്ഞു.പ്രോഗ്രസ്‌ കാര്‍ഡിലൂടെ കണ്ണോടിച്ച്‌ കുറച്ചു നേരം എന്തോ ഓര്‍ത്ത്‌ അച്ചനിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ "അര്‍ജുനന്‍..ഫല്‍ഗുനന്‍.." ഗാനമേള തുടങ്ങി നല്ല മൂര്‍ദ്ധന്യത്തിലെത്തിയിരുന്നു..

" മാര്‍ക്കൊക്കെ കുറവാന്നല്ലോടാ...??? "
" ഏ .. എന്തോ ??? "
" നിനക്കെന്താ ചെവി കേക്കില്ല്യേ ? മാര്‍ക്കു കുറവാന്നല്ലോന്ന് ! വെറൂം 72% മാത്രേള്ളൂല്ലോ ???"
"അതേ പ്രാക്റ്റിക്കല്‍ ഭയങ്കര ടഫ്‌ ആയിരുന്നൂ ച്ഛാ.. അതാ.. ക്ലാസ്സിലെ എല്ലാര്‍ക്കും പ്രാക്റ്റിക്കലിനു മാര്‍ക്ക്‌ കുറവാ... "
കാര്യം സത്യമായിരുന്നു.. പ്രാക്റ്റിക്കലിനു തന്നെയായിരുന്നു മാര്‍ക്ക്‌ വളറെ കുറവ്‌. പ്രാക്റ്റിക്കല്‍പരീക്ഷക്ക്‌, സോള്‍ഡര്‍ ചെയ്യുന്ന നേരത്താ ഫൈനാര്‍ട്സിലെ ചേച്ചിമാര്‍ ഇലക്‍ടോണിക്‍സ്‌ ലാബിനു വെളിയിലൂടെ പോകുന്നതും നോക്കിയിരുന്നു, സോള്‍ഡറിങ്ങിലെ ശ്രദ്ധ പോകയും, തദ്വാര, ട്രാന്‍സിസ്റ്റര്‍ അടിച്ചു പോകയും ചെയ്തെന്ന്‌ അച്ഛനോടു പറയാനൊക്കുമോ??

"പ്രാക്റ്റിക്കലും നന്നായിട്ടു ചെയ്യണം ഇനി മുതല്‍.. കേട്ടൊ... വെറും തീയറി മാത്രമായി പഠിച്ചിട്ടു കാര്യമൊന്നുമില്ല" എന്നും പറഞ്ഞ്‌ അച്ഛന്‍ കാര്‍ഡില്‍ ഒപ്പിട്ടു..!!!!!!!!!!!!!!!!!!!!!!
"" പ്രാക്റ്റിക്കലല്ലേ അച്ഛാ എന്റെ കയ്യില്‍ തീയറിയേക്കാള്‍ കൂടുതല്‍.....""എന്നു പറയാനാ തോന്നിയതെങ്കിലും, ചളമാക്കണ്ടെന്നൊര്‍ത്തു തലകുലുക്കി സമ്മതിച്ചു !!!

അങ്ങനെ, മലപോലെ വന്ന്, എന്റെ ടെന്‍ഷന്‍ എലി പോലെ പോകുന്നതിന്റെ ആ സുഖം ഞാനറിഞ്ഞു. ഇനി ചെയ്യേണ്ട കാര്യവും, വളരെ ശ്രദ്ധിക്കണം... അച്ഛന്റെ ഒപ്പൊക്കെ കിട്ടി, പക്ഷേ, ഈ കാര്‍ഡ്‌ ഇതേ ഓലെ രത്നട്ടീച്ചര്‍ക്കു കൊടുത്താല്‍, അവിടന്നു കിട്ടും ! നീ ഒന്നാം റാങ്കാണേപ്പിന്നെ, ഇവനാരടാ എന്നു ആക്ച്വല്‍ റാങ്കുകാരനെ ചൂണ്ടിക്കാട്ടിചോദിക്കും... ശ്വാസം മുട്ടിയിട്ടാണേലും, ടീച്ചര്‍ അടി തൊടങ്ങിയാപ്പിന്നെ അതൊരടിയാണേ !!! അതോണ്ട്‌, ഇനി, മായ്ച്ചു കളഞ്ഞ "ഒന്നിനെ" പുനസ്ഥാപിക്കാന്‍ നേരമായി ! ഇപ്പത്തന്നെ ഇട്ടാലോ എന്നു തോന്നിയെങ്കിലും പിന്നതു വേണ്ടെന്നു വച്ചു. നിര്‍ഭാഗ്യവശാലെങ്ങാനും, അച്ഛന്‍ ഒന്നു കൂടി ഇതു കാണണമെന്നു പറഞ്ഞാലൊ ?"ഒന്നിന്റെ" ശിലാസ്ഥാപനം, നാളെക്കു മാറ്റാമെന്നോര്‍ത്തു.

പിറ്റേന്നു രാവിലെ സ്കൂളിലെത്തിയുടന്‍, നീല പേനയെടുത്ത്‌ മായ്ച്ചു കളഞ്ഞ ഒന്നിനെ അതേ സ്ഥാനത്തു പ്രതിഷ്ഠിച്ചു. എല്ലാം പെര്‍ഫക്റ്റ്‌ അല്ലേ എന്നൊന്നുകൂടിയുറപ്പു വരുത്തി, ഫസ്റ്റ്‌ അവറില്‍ തന്നെ, പ്രോഗ്രസ്‌ കാര്‍ഡ്‌ ടീച്ചര്‍ക്ക്‌ സമര്‍പ്പിച്ചു

അനുഭവിച്ചിടത്തോളം മതിയായി...... അരക്കൊല്ല പരീക്ഷക്ക്‌, അലമ്പെല്ലാം ഒരു സൈഡിലൊതുക്കി, നന്നായി പഠിച്ച്‌, 2-ആം റാങ്ക്‌ വാങ്ങിയപ്പോഴാണ്‌ ശ്വാസം വീണത്‌. 1 ഓ 2 ഓ റങ്ക്‌ വീട്ടില്‍പ്രശ്നമല്ല. അതില്‍ താഴ്ന്നാലാ പ്രശ്നം. ഇത്തവണ അച്ഛനെക്കൊണ്ട്‌ ഒപ്പിടുവിക്കാന്‍ യാതൊരു പ്രശ്നവുമില്ല. മാത്രമല്ല, കഴിഞ്ഞ തവണാത്തേതിനേക്കാള്‍ 12 % മാര്‍ക്ക്‌ കൂടുതലാണ്‌.കഴിഞ്ഞ പരീക്ഷക്ക്‌ 1-ആം റാങ്ക്‌ ( ??? ) ആയിരുന്നെങ്കിലും, 72% മാര്‍ക്കേ ഉണ്ടായിരുന്നുള്ളൂല്ലോ ! ഈത്തവണ 84% മാര്‍ക്കുണ്ട്‌! രണ്ടാം റാങ്കാണെങ്കില്‍ പോലും.. കണ്‍വിന്‍സ്‌ ചെയ്യിക്കാവുന്നതേയുള്ളൂ...

പക്ഷേ...ദേ വരുന്നു, അടുത്ത ഗുലുമാല്‍ !!!!

കാക്കൊല്ലത്തിന്റെയും അരക്കൊല്ലത്തിന്റേയും മാര്‍ക്കും റാങ്കുമെല്ലാം ഒരേ പേജിലാ.. കഴിഞ്ഞ തവണ 11 -ആം റാങ്കുള്ളത്‌ ഇത്തവണ അച്ഛന്‍ കാണും... മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ! അച്ഛനു കൊടുക്കും മുന്‍പ്‌, കാക്കൊല്ലത്തിന്റെ 11 നെ, വീണ്ടും ഒന്നാം റാങ്കാക്കി തിരുത്തി ! ഒപ്പിട്ടു വാങ്ങി.....വീണ്ടും ആ എക്സ്റ്റ്രാ ഒന്നിനെ പുനപ്രതിഷിഠിച്ചു !ഇതൊരു വല്ലാത്ത പൊല്ലാപ്പാണാല്ലൊ ദൈവമേ.....

സ്കൂളില്‍ നിന്നും കോഴ്സ്‌ കഴിഞ്ഞു പുറത്തിറങ്ങും വരെ ഒരൊറ്റ പ്രോഗ്രസ്‌ കാര്‍ഡ്‌ ആണ്‌!! ഇനിയും ഒന്നരക്കൊല്ലം ബാക്കി കിടക്കുന്നു... ഇനി 2 തവണ കൂടി ഈ കാര്‍ഡ്‌ അച്ഛനെക്കാണിച്ച്‌ ഒപ്പിട്ടു വാങ്ങണം. ( 10 ലെ കാക്കൊല്ലത്തിനും അരക്കൊല്ലത്തിനും) . ഓരോ തവണയും തിരുത്തും തോറുംആ ഭാഗത്തെ പേപ്പറിന്റെ കട്ടി കുറഞ്ഞു കുറഞ്ഞു വരുന്നു. ഇനി ഒരു തവണ കൂടി തിരുത്തിയാല്‍ ആ ഭാഗത്തെ പേപ്പര്‍ കീറും.. നൂറു തരം !! എല്ലാവരും അറിയും ! ഇതറിയുന്ന നിമിഷം, ഈ വര്‍ഷത്തെയും അടുത്തവര്‍ഷത്തെയും, പലിശയും കൂട്ടുപലിശയും, കള്ളത്തരം കാട്ടിയതിനുള്ള കൊള്ളപ്പലിശയും ചേര്‍ത്ത്‌ അച്ഛനെന്നെ പെരുമാറും !

ദൈവമേ... എന്തൊരു പരീക്ഷണം !! ഈ വര്‍ഷത്തെ പ്രശ്നങ്ങളൊക്കെ തീര്‍ന്നു, എന്നാലും, അടുത്ത കാക്കൊല്ല പരീക്ഷക്ക്‌ ഇതു പിടിക്കപ്പെടുമല്ലോ എന്നോര്‍ത്തപ്പോള്‍ കയ്യും കാലും തളരുന്ന പോലെ തോന്നി !

ഇറയത്തെ തിണ്ണയില്‍ തൂണും ചാരിയിരുനാലോചിച്ച്‌ എനിക്കൊരു എത്തും പിടിയും കിട്ടിയില്ല. ആലോചനകളില്‍ മുഴുകി ബാഹ്യലോകവുമായുണ്ടായിരുന്ന കണക്ഷന്‍ പോലും വിട്ടു കിടക്കുകയായിരുന്ന ഞാന്‍ എന്തോ ഒരു ഉറക്കെയുള്ള ശബ്ദം കേട്ടാണ്‌ . ഹോ.. ഏറ്റവും താഴേയുള്ള എന്റെ അനിയന്‍ മിന്നല്‍ ശബ്ദമിട്ട്‌ ഓടിവന്നതാ... 1 ആം തരത്തില്‍ പഠിക്കുന്ന 5 വയസ്സുകാരന്‍ മിന്നല്‍ !

മിന്നലിനെക്കണ്ടതും എന്റെ മനസ്സില്‍ ഐഡിയകളുടെ അമിട്ടു പൊട്ടി !!!
====================
Part-4

മിന്നലിനെ സ്നേഹപൂര്‍വം ഞാനടുത്തോട്ടു വിളിച്ചു. പ്രൊഗ്രസ്‌ കാര്‍ഡ്‌ അവന്റെ കയ്യില്‍ കൊടുത്ത്‌ ഞാന്‍ മാറിനിന്നു ! സാധാരണ, വിതിന്‍ ഫ്രാക്ഷന്‍ ഓഫ്‌ സെക്കന്‍ഡ്സ്‌, അവനത്‌ കീറിക്കളയ്മായിരുന്നു ! എനിക്കു വേണ്ടതും അതായിരുന്നു !

പക്ഷെ അന്ന്‌ പ്രോഗ്രസ്‌ കാര്‍ഡും വാങ്ങിയവന്‍ എന്റെ മുഖത്തോട്ടുനോക്കി നിന്നു.. കൌതുകത്തോടെ !എന്റെ അരികില്‍ കിടന്നിരുന്ന ഒരു പേപ്പറെടുത്ത്‌ ഞാന്‍ നെടുകെ കീറി, അവനൊരു ഡെമോണ്‍സ്റ്റ്രേഷനും, പ്രചോദനവുമാകട്ടേയെന്നു കരുതി, എവടേ ! ലവനൊരു മൈന്‍ഡുമില്ല ! ലവനതു കീറില്ല, എന്റെ ആഗ്രഹം നടക്കത്തുമില്ല.. (ആദ്യം തന്നെ, കീറല്ലെ മോനേ എന്നും പറഞ്ഞു കൊടുത്താല്‍ മതിയായിരുന്നു.. ഈ നേരം കൊണ്ടതു കീറിക്കിട്ടിയേനെ !!!) എന്തും പറഞ്ഞാലും അനുസരണയോടെ, നേരെ തിരിച്ചുചെയ്യുന്ന പൊന്ന്അനിയനല്ലേ !

ഐഡിയകളുടെ വെടിക്കെട്ടുകള്‍ എന്റെതലയിലുദിക്കാന്‍ അത്ര സമയമൊന്നും വേണ്ടാതിരുന്നതിനാല്‍ പെട്ടെന്നു തോന്നിയ ആ ബുദ്ധിയില്‍, ഞാന്‍ അവനില്‍ നിന്നാ കാര്‍ഡ്‌ തട്ടിപ്പറിച്ചു ! പെട്ടെന്നുള്ള ആ വലിയില്‍, എന്റെ ഭാഗ്യത്തിനോ എന്തൊ.. പ്രോഗ്രസ്‌ കാര്‍ദില്‍ ആ വര്‍ഷത്തെ മാര്‍ക്കും റാങ്കുമുള്ള പേജു തന്നെ ഒരു 2 സെന്റിമീറ്റര്‍ നീളത്റ്റിലൊന്നു കീറി !!!

പ്രോഗ്രസ്‌ കാര്‍ഡ്‌ കയ്യില്‍ കിട്ടിയ ഞാന്‍, ആ പേജ്‌ നെടുകനായി മുഴുവനും കീറി ! റബ്ബര്‍/ബ്ലേഡുകളുടെ പരിലാളനമേറ്റു കിടന്നിരുന്ന , മായ്ചു കളഞ്ഞ ആ ഒന്നുന്റെ മുകളിലൂടെ കീറല്‍ വരും രീതിയില്‍ !

"അയ്യോ" ഇവനെന്റെ പ്രോഗ്രസ്‌ കാര്‍ഡ്‌ കീറി..വെങ്കിടങ്ങു മുഴുവന്‍ ഞെട്ടിത്തിറിക്കുമാറ്‌ ഞാനലറിക്കരഞ്ഞു ! കൂട്ടത്തില്‍, മിന്നലിനിട്ട്‌ രണ്ടു പൊട്ടിക്കാനും മറന്നില്ല.

മിന്നല്‍, കാര്യമെന്താണെന്നു മനസ്സിലാവാതെ, ഓടി.. ചേട്ടന്റെ കയ്യില്‍ നിന്നുള്ളത്‌ കിട്ടീ.. ഇനി, അച്ഛന്റെ കയ്യില്‍ നിന്നു കൂടി ഒരു പെട കിട്ടാനുള്ള സ്കോപ്പുണ്ടെന്നവനു തോന്നിക്കാണൂം..ഒരു ടെമ്പെററി എസ്കേപ്പ്‌...പാവം !

കരച്ചില്‍ കേട്ട്‌ ഓടി വന്ന അച്ഛനോടും അമ്മയോടുമെല്ലാം,ലവനെന്റെ പ്രോഗ്രസ്‌ കാര്‍ഡ്‌ കീറിയ വിവരം, തേങ്ങലോടെ ഞാന്‍ ബോധിപ്പിച്ചു ! സാരമില്ല മോനെ.. എന്നും പറഞ്ഞെന്നെ സമാധാനിപ്പിച്ച്‌ , അച്ഛന്‍ മിന്നലിനെ പിടിക്കാനും, പെടക്കനുമായി അവന്റെ പുറകെ വിട്ടു...വൈകീട്ട്‌ അച്ചന്റെ കയ്യില്‍ നിന്നും ഞാനൊരു എഴുത്തെഴുതി ഒപ്പിട്ടു വാങ്ങി ! " ഈ പാവം ചെക്കന്റെ പ്രോഗ്രസ്‌ കാര്‍ഡ്‌, അവന്റെ കുരുത്തം കെട്ട അനിയന്‍ കീറിയേന്നും പറഞ്ഞ്‌,അച്ഛന്റെ ഒരു ഖേദപ്രകടനം രേഖപ്പെടുത്തിയത്‌ " ! പ്രോഗ്രസ്‌ കാര്‍ഡും, കീറിപ്പോയ ബാകി ഭാഗവും, അച്ഛന്‍ തന്നു വിട്ട എഴുത്തും ടീച്ചര്‍ക്കു കൊടുത്ത്‌ സാഹചര്യങ്ങള്‍ വിവരിച്ചപ്പോള്‍, ടീച്ചര്‍ മൊഴിഞ്ഞു !

" സാരമില്ലെടോ.." ഇതിപ്പോ, അരക്കൊല്ലം കഴിഞ്ഞില്ലേ.. ഇനി 10-ഇല്‍ തനിക്ക്‌ പുതിയ കാര്‍ഡ്‌ തരാം !

പുതിയ കാര്‍ഡില്‍, 9 ലെ മാര്‍ക്കൊ റങ്കോ എഴുതില്ല... ഇനി എഴുതിയാലും, 2 തവണ കൂടി 1 നെ മായ്ക്കാനുള്ള കട്ടി ആ പേപ്പറിനു കാണൂമല്ലോ !!

ദൈവമേ... അന്നത്തെ ഇന്റന്‍സിറ്റിയില്‍ ഒരു നെടുവീര്‍പ്പ്‌, അതിനുശേഷം ഇന്നേവരെ ഞാന്‍ വിട്ടിട്ടില്ല..... സാധിച്ചിട്ടുമില്ല...

( അവസാനിച്ചു )

9 comments:

ഇടിവാള്‍ said...

തിരുത്തല്‍വാദി- പ്രോഗ്രസ്‌ കാര്‍ഡിന്റെ 1-2-3-4 ഭാഗങ്ങല്‍ ചേര്‍ത്തു വച്ച്‌, വായനകാരുടെ സൌകര്യാര്‍ഥം ഇതാ ഒരു നീണ്ടകഥ !

ദില്‍ബാസുരന്‍ said...

ഇത് ആദ്യമേ ചെയ്താല്‍ പോരായിരുന്നോ. വധം മോഹന്‍ സ്റ്റൈല്‍ എപ്പിഡോസ് കളി എന്തിനായിരുന്നു?

അജിത്‌ | Ajith said...

ഇടിവാളേട്ടാ, എന്നാലും പാവം മിന്നലിനോടു ഇതു കാണിച്ചല്ലോ..

ഇനിയും ഇടിവാള്‍ ചരിതങ്ങള്‍ പ്രതീക്ഷിക്കുന്നു

യാത്രാമൊഴി said...

ലേറ്റ് ആയി വായിച്ചതുകൊണ്ട് ലേറ്റസ്റ്റ് വായിക്കാനൊത്തു ( കട: നാന്‍ ലേറ്റാ സൊന്നാലും ലേറ്റസ്റ്റാ സൊല്ലുവേണ്ടാ എന്ന വിവേക് ഡയഗോല്‍). നല്ല രസികന്‍ എഴുത്ത് തന്നെ.

ബൂലോഗത്ത് ഒരുപാടു പുലികളിറങ്ങി എന്ന് കമന്റുകളിലൂടെ അറിഞ്ഞിരുന്നു. ഒരെണ്ണത്തിനെ ഇപ്പോള്‍ കണ്ടു. വൈകിയാണെങ്കിലും സ്വാഗതം!

അളിയന്‍സ് said...

ഇടിവാള്‍ മാഷേ..... നിങ്ങള്‍ ഇടിവാള്‍ അല്ലാ..കൊലവാള്‍ ആണ്.അല്ലേല്‍ പിന്നെ എട്ടും പൊട്ടും തിരിയാത്ത ആ പിഞ്ചു പയ്യനായ സൊ കാള്‍ഡ് മിന്നലിനൊട് ഇങ്ങനെ കാണിക്കുമോ...?

പോസ്റ്റ് വായിക്കാന്‍ വളരെ ലേറ്റ് ആയെങ്കിലും , സാധനത്തിനു ഒരു കിലോമീറ്റര്‍ നീളമുണ്ടെങ്കിലും വായിച്ചത് വെറുതെയായില്ലാ..... കലക്കന്‍.

അഗ്രജന്‍ said...

ഇടിവാളേ, ഇടിവെട്ട് സാധനം!

ഇതൊരു നീണ്ടകര തന്നെ, സൂപ്പര്‍ ഡ്യൂപ്പര്‍!

കലക്കന്‍ വിവരണം!

ക്വാട്ടാന്‍ ആകെ കണ്‍ഫ്യൂഷന്‍... ഒന്നില്‍ നിന്ന് വേണോ, രണ്ടില്‍ നിന്ന് വേണോ, മൂന്നില്‍ നിന്ന് വേണോ അതോ നാലില്‍ നിന്ന് വേണോ... ക്വാട്ടാനാണേല്‍ പോസ്റ്റ് മൊത്തം ക്വാട്ടാനുണ്ട് :)

...ന്നാലും ... ന്റെ ഇടി, മിന്നലിനോടിത് വേണ്ടായിരുന്നു :)


അളിയന്‍സേ... ഉങ്കള്‍ക്കും നണ്ട്രി :)

Anonymous said...

nalla sughamulla bhasha, kure nalukalkku shesham kurachu nalla kadhakal vayikkan kazhinjathil santhosham

Nachu said...

:) short film aakaam :)

സുധി അറയ്ക്കൽ said...

നല്ല ഇഷ്ടമായി.പ്രോഗ്രസ്‌ കാർഡ്‌ അനിയന്റെ കൈയ്യിൽ കൊടുത്തിട്ട്‌ കാണിച്ച കാട്ടായങ്ങൾ.ഹാ ഹാ ഹാ

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.