-- എ ബ്ലഡി മല്ലു --

ദേ പോയി ഞാന്‍...

Tuesday, June 20, 2006

നാട്ടില്‍ ഞങ്ങള്‍ക്കെല്ലാം പേടിയുള്ള ഒരു വ്യക്തിത്വമുണ്ട്‌ ! ഞങ്ങളെന്നു പറഞ്ഞാള്‍ സ്പെഷലി ഏന്റ്‌,സ്പെസിഫിക്കലി, ഗള്‍ഫുകാര്‍ക്കും അവരുടെ വീട്ടുകാര്‍ക്കും...

ആള്‍ വേറാരുമല്ല.. ഞങ്ങളുടെ, മെട്രോ പഞ്ചായത്തിലെ പോസ്റ്റോഫീസിന്റെ, ഡിസ്റ്റ്രിബ്യൂഷന്‍ ഡിപ്പാര്‍ട്ട്‌മന്റ്‌ ഹെഡ്‌ ആയ, ശ്രി. രാമന്‍ വേലായുധന്‍ ! ആ ഡിപ്പാര്‍ട്ട്‌മെന്റില്‍, ഹെഡും ടെയിലുമായി ഈ മാന്യദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതും പോസ്റ്റ്‌മാന്‍ വേലായുധന്‍ എന്നു ക്യാഷ്വലായി ചിലര്‍ വിളിക്കുമെന്നതും അരമന രഹസ്യം. പത്ത്‌ ആയിരത്തഞ്ഞൂറോളം വീടുകളുള്ള വെങ്കിടങ്ങു പഞ്ചായത്തിന്റെ, ബാഹ്യലോകവുമായുള്ള കംപ്ലീറ്റ്‌ പോസ്റ്റല്‍ കമ്മ്യൂണിക്കേഷന്‍ മാറ്റേഴ്‌സ്‌ ഇദ്ദേഹത്തിന്റെ തലക്കകത്തിരുന്ന് പുകയുന്നതിനാലാണോ എന്തോ...വിട്രിഫയിഡ്‌ ടയില്‍സ്‌ ഇട്ടപോലെയാണു തലയുടെ എക്‍സ്‌ടീരിയര്‍ വ്യൂ ! കുറച്ചുനേരം ഇദ്ദേഹത്തോടു സംസാരിച്ചാല്‍, തലയുടെ ഇന്‍റ്റീരിയരില്‍, ഓള്‍മോസ്റ്റ്‌ വാക്വമാണെന്നു ഏതു മരങ്ങോടനും മനസ്സിലാകും !

4 അടി 5 ഇഞ്ച്‌ നീളത്തില്‍ ഒരു ഉണക്ക മുളവടിയെടുത്ത്‌, നമ്മുടെ ഒരു പ്രിയ "ബ്ലൊഗര്‍" മോഡല്‍ തല ഫിറ്റ്‌ ചെയ്യ്‌ത്‌,തലക്കു പുറകില്‍ ചെവിക്കു താഴെ വരുന്ന ഭാഗത്ത്‌ ഒരു 25 സെന്റി മീറ്റര്‍ നീളത്തിലുള്ള 30 ചകിരിനാരുകള്‍ ( 15 വെളുത്തതും 15 കറുത്തതും) ഒട്ടിച്ചുവച്ച്‌ ഒരു കാക്കി പോസ്റ്റുമാന്‍ യൂണീഫോം ഇടുവിച്ച്‌ , രണ്ടു കയ്യും കാലും ഫിറ്റ്‌ ചെയ്ത്‌ കക്ഷത്ത്‌ കുറച്ച്‌ കത്തും തിരുകിവച്ചാല്‍ ഏതാണ്ട്‌ നമ്മുടെ വേലായുധനായി !

രൂപം കൊണ്ടിങ്ങനെയൊക്കെ ഇരുന്നോട്ടെ...പക്ഷെ, ആളൊരു സംഭവം തന്നെയാ ഞങ്ങടെ നാട്ടില്‍. പ്രൊഫഷണല്‍ ഡെഡിക്കേഷന്‍, എന്നാല്‍ ഇങ്ങനെ വേണo. മിനി ഗള്‍ഫ്‌ എന്നറിയപ്പെടും ചാവക്കാടിനടുത്തായതിനാല്‍, ഞങ്ങടെ നാട്ടിലും, ഒട്ടനവധി ഗള്‍ഫുകാരുണ്ട്‌! വീട്ടീല്‍ മിനിമം ഒരു ഗള്‍ഫുകാരന്‍ എന്നത്‌, നാട്ടിലെ ഒരു പ്രസ്റ്റീജ്‌ ഇഷ്യൂവാണ്‌. ഒരു ഏകദേശ കണക്കില്‍, 50% വീട്ടിലും, ഒരുത്തന്‍ പ്രവാസിയാണ്‌. അതുകൊണ്ടുതന്നെ, വേലായുധന്‍, ഗള്‍ഫ്‌ കുടുംബങ്ങളെ സേവിക്കുന്നതില്‍ അങ്ങേയറ്റം അര്‍പ്പണബോധം കാണിച്ചിരുന്നു. ! ഗള്‍ഫില്‍നിന്നും ഡ്രാഫ്റ്റ്‌ വന്നാല്‍, എഴുത്തും കൊടുത്തു അങ്ങേരുടെ തലേം ചൊറിഞ്ഞുള്ള ഒരു നില്‍പ്പുണ്ട്‌! പ്രതീക്ഷ 50 രൂ. ആണെങ്കിലും, കുറച്ചു കുറഞ്ഞാലും മേടിക്കും, പക്ഷേ 20ഇല്‍ കുറഞ്ഞാല്‍, ആശന്റെ മട്ടു മാറും, ഐ.എന്‍.ടി.യു.സി. യൂണിയന്‍ നേതാവിനെപ്പോലെ, ഇതു തങ്ങളുടെ അവകാശമാണെന്നൊക്കെ, അടുത്ത വീട്ടിലെ താത്തയോട്‌ പ്രസംഗിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്‌! താന്‍ പോയി പണിനോക്കടൊ എന്നെങ്ങാന്‍, അബദ്ധത്തില്‍ പറഞ്ഞാല്‍, പിന്നേ ആ വീട്ടിലെ കാര്യം കട്ടപ്പൊക ! അടുത്ത ഒരു രണ്ടു മാസത്തിനു ഡ്രാഫ്റ്റ്‌ പോയിട്ട്‌, ഒരു എഴുത്തു പോലും കൊണ്ടുക്കൊടുക്കില്ല പഹയന്‍ ! അതോണ്ട്‌ അധികമാരും, പിണക്കാന്‍ നില്‍ക്കാറില്ല, പ്രത്യേകിച്ച്‌ , മാസാമാസം, ഡ്രാഫ്റ്റും കാത്ത്‌ വേഴാമ്പലിനെപ്പോലിരിക്കും, ഗള്‍ഫ്‌ വീട്ടമ്മമാര്‍ !

ഗള്‍ഫുകാരൊന്നുമില്ലാത്ത വീട്ടിലെ ചെക്കന്‍ ഒരിക്കല്‍, കോളേജ്‌ ആപ്പ്‌ളിക്കേഷനയച്ച്‌ അക്‍നോളഡ്‌ജ്‌മന്റ്‌ കാര്‍ഡും കാത്തിരിക്കുന്ന സമയത്ത്‌, വഴീല്‍ വെച്ച്‌ ഇദ്ദേഹത്തെ കണ്ടപ്പോ " വേലായുധേട്ടോ.. എഴുത്തു വല്ലോമുണ്ടോ" എന്നു ചോദിച്ചതിന്‌, "എന്തേലുമുടേലങ്ങു വീട്ടിലെത്തും, വല്ല്യ തെരക്കാണേല്‍, ദിവസോം ആപ്പീസില്‍ വന്നു നോക്ക്‌.. ഹല്ലപിന്നെ, നിന്റപ്പന്‍, ശങ്കുരു എനിക്ക്‌ മാസശമ്പളം തന്നു ഏര്‍പ്പാടാക്ക്യ മാതിരിയാണല്ലൊ ചോദിക്കണേ ? " എന്നു മെക്കിട്ടു കേറാന്‍ ചെന്നു ! പാവം ചെക്കന്‍, ഉടക്കിയാല്‍"തന്റെ കോളേജ്‌ അഡ്മിഷന്‍" എന്ന സ്വപ്നം തുലക്കാന്‍, ഈ നീര്‍ക്കോലി മതിയല്ലോ, എന്ന പേടിയില്‍, ഒന്നും മിണ്ടാതെ പോയതായാണ്‌ ചരിത്രം ! എന്റെ വീട്ടില്‍ ഞാന്‍ പഠിച്ചിരുന്ന കാലത്ത്‌ ഗള്‍ഫില്‍ നിന്നൊന്നും ആരും ഡ്രാഫ്റ്റ്‌ അയക്കാനുണ്ടായിരുന്നില്ലെങ്കിലും, അച്ഛന്‍ ചാവക്കാട്‌ മുന്‍സിഫ്‌ കോടതിയില്‍ ആയിരുന്നതിനാല്‍, വേലായുധനു, അച്ഛനെ വലിയ ബഹുമാനമായിരുന്നു. ആതോണ്ട്‌ ഞങ്ങടെ വീട്ടീലോട്ടുള്ള കത്തെല്ലം ഓണ്‍-ടയിം.

ആളൊരു മിനി കലാകാരന്‍ കൂടിയാണ്‌. ഇദ്ദേഹം പണ്ട്‌ കരുവന്തല പൂരത്തിനു ഒരു നാടകത്തില്‍ അഭിനയിക്കയും, ആ നടനത്തികവു കണ്ട്‌, കൂവാന്‍ പോലും ശേഷിയില്ലാതെ ഞാനിരുന്നപ്പോളാണറിയുന്നത്‌, അവിടെയിരിക്കുന്ന പലരും കൂവാത്തത്‌, വേലായുധന്റെ നോട്ടപ്പുള്ളിയായാല്‍ വീടുകളിലേക്കുള്ള എഴുത്തിന്റെയും ഡ്രാഫ്റ്റിന്റെയും സ്‌പീഡ്‌ കുറയുമെന്ന പേടിയിലാണ്‌ !

അങ്ങനെയിരിക്കുമ്പോഴാണ്‌( 1990- ല്‍) നാട്ടില്‍ ഒരു സിനിമാ ഷൂട്ടിങ്ങ്‌ വന്നു. ( പടത്തിന്റെ പേരോര്‍മയില്ല. മുരളി-ഗീത, ടീമിന്റെ, ബോക്സോഫീസ്‌ മെഗാ ഹിറ്റ്‌, റിലീസ്‌ ചെയ്ത്‌, വിതിന്‍ 3 വീക്സ്‌, ഞങ്ങടെ സി-ക്ലാസ്സ്‌ പ്രൊവിഡന്‍സ്‌ തീയറ്ററിലെത്തിയെന്നത്‌ വേറെക്കാര്യം !) നാട്ടില്‍ ഷൂട്ടിങ്ങെന്നറിഞ്ഞു ലീവെടുത്ത്‌ കാണന്‍ പോയ വേലായുധനും കിട്ടി ഒരു വേഷം. ആനന്ദ ലബ്‌ധിക്കിനിയെന്തുവേണം ! മുരളിയുടെ കൂടെ ഒരൊറ്റ സീനിലേ ഉണ്ടായിരുന്നെങ്കിലും, അതിനു ശേഷം, വേലായുധന്‍, ആളൊന്നു മാറി ! ഫിലിം സ്റ്റാറായില്ലേ ! അതിന്റെയൊരു..ഇത്‌.. ഏത്‌ ?? പടം പ്രോവിഡന്‍സില്‍ റിലീസാവും മുന്‍പേ തന്നെ, രാമന്‍, നാട്ടിലെ എല്ലാ വീട്ടിലും ചെന്ന് തന്റെ ഡെബ്യൂ ചിത്രം കണ്ട്‌ പ്രോല്‍സാഹിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നത്രെ !

ആങ്ങനെ ആ സുദിനം വന്നെത്തി ! പ്രോവിഡന്‍സില്‍ ആ പടം ഇന്നു റിലീസ്‌....അറുമുഖനുശേഷം **, വെള്ളീത്തിരയുടെ മാസ്മരിക ലോകത്തിലോക്ക്‌, അഭിമാന പൂര്‍വം വെങ്കിടങ്ങു കൈപിടിച്ചുയര്‍ത്തിയ, ഞങ്ങടെ പൊന്നോമനപ്പുത്രന്‍ രാമന്‍ വേലായുധന്‍ അഭിനയിച്ച സിനിമ സ്വന്തം നാട്ടീല്‍ പ്രദര്‍ശിപ്പിക്കുന്ന ദിവസം!!. ഓരോ വെങ്കിടീയനും, അഭിമാനപൂരിതനായി, രോമാഞ്ചകഞ്ചുകിതനാകേണ്ട ദിവസം ! നാടാകെ ഉത്സവത്തിമിര്‍പ്പില്‍ കുളിരിലാറാടേണ്ട ദിനം !
( ** അറുമുഖന്‍ വെങ്കിടങ്ങ്‌, അഭിനയിച്ചിട്ടില്ല, പക്ഷേ, കലഭവന്‍ മണീയുടെ ചില കാസറ്റുകളില്‍,നാടന്‍ പാട്ടെഴുതി ഫെയിമസ്സായി, പിന്നെ, കുറച്ചു സിനിമകളില്‍, സംഗീതം കൊടുത്തിട്ടുണ്ടത്രെ. അതായാലും, വെള്ളിത്തിരയുമായി ബന്ധമുണ്ടല്ലോ)

വെങ്കിടങ്ങില്‍, 3 ഷോ ആണ്‌.. 3.30/6.30/9.30 . ഞങ്ങള്‍ വെങ്കിടീയന്മാര്‍, ഉച്ചയുറക്കം കൂടുതലുള്ളവരായതിനാലാണൊ ആവോ.. നൂണ്‍ഷോ എന്ന കണ്‍സപ്റ്റ്‌ പ്രോവിഡന്‍സില്‍ ഇല്ല! വേലായുധന്‍, പുലര്‍ച്ചേ എഴുന്നേട്ട്‌, കുളിച്ച്‌ കളസവും, കളഭവുമൊക്കെയിട്ട്‌ കരുവന്തല അമ്പലത്തിലൊക്കെ പോയി, മുരളി/ഗീത/വേലായുധന്‍ എന്നിവര്‍ക്കൊക്കെ, ഓരോ ശതുസംഹാര/പ്രശസ്തീഭവഃ പുഷ്പാന്‍ജലിയും, ഡയറക്റ്റര്‍ സാറിന്റെ പേരിലൊരു വെടിവഴിപാടും നടത്തിയത്രേ ! പടം നേരത്തെ തന്നെ തൃശ്ശൂര്‍ രാഗം തീയറ്ററില്‍ വന്ന് എട്ടുനിലയില്‍ പൂരം വെടിക്കെട്ടു പോലെ പൊട്ടിയ കാര്യം, വേലുമ്മാന്‍, അറിഞ്ഞിരുന്നില്ല. പ്രൊഫെഷണല്‍ ഡെഡിക്കേഷന്‍ കാരണം,ശ്രദ്ധിച്ചു കാണില്ല പാവം. നേര്‍ച്ചക്കായി പഴനി സ്വാമിമാരും, പള്ളക്കായി പിച്ചക്കാരും പിരിവുകാരും കഴിഞ്ഞാല്‍ പിന്നെ, ഏറ്റോം കൂടുതല്‍ "വീടുതെണ്ടല്‍" നടത്തും പോസ്റ്റ്‌മാന്‍ വര്‍ഗ്ഗത്തിന്‍ പ്രതിനിധിയാണല്ലൊ പാവം വേലായുധന്‍! അമ്പലത്തില്‍ നിന്നും വഴിപാടെല്ലം തീര്‍ത്ത്‌, 10 മണിയായപ്പോഴേക്കും തിരിച്ചെത്തിയ കക്ഷി, ടെന്‍ഷന്‍ മൂലം, വീട്ടില്‍ ഇരിപ്പുറക്കാതെ, അടുത്തുള്ള ഷാപ്പില്‍ കേറി 3 കുപ്പി കേറ്റുകയും, പിന്നെ, 1 മണിയാവുവോളം അയലക്കക്കാരുടെ വീട്ടിലൊക്കെ പോയി, നാട്ടുകാരുടെ പ്രസന്‍സിനായുള്ള റീകണ്‍ഫേര്‍മേഷനും വാങ്ങീട്ടേ വേലു ചുള്ളന്‍, ഞണ്ണാനായി വീട്ടീലോട്ട്‌ മടങ്ങിയത്‌ ! ടിക്കറ്റ്‌എടുക്കാന്‍ കാശില്ലെന്നു പറഞ്ഞൊഴിയാന്‍ നോക്കിയ ചിലര്‍ക്ക്‌ ഇദ്ദേഹം, ബെഞ്ച്‌ റ്റിക്കറ്റ്‌ റേറ്റ്‌ ആയ 2-രൂപ വച്ചും കൊടുത്തെന്നാണ്‌ ചില സാമൂഹ്യദ്രോഹികള്‍ പിന്നീട്‌ പറഞ്ഞു നടന്നത്‌!!

ഒന്നരക്കുതന്നെ, ഫുഡ്ഡിങ്ങ്‌സ്‌ എല്ലാം തീര്‍ത്ത്‌, ഹൌസ്‌ ഫുള്ളായി ടിക്കറ്റ്‌ കിട്ടിയില്ലെങ്കിലോ എന്ന ടെന്‍ഷനില്‍ 2 മണിയോടെ തന്നെ , നടരാജയായി, ഭാര്യ + 10-12-14 വയസ്സിലുള്ള മൂന്നു പെണ്‍കിടാങ്ങളോടുമൊപ്പം, പ്രോവിഡന്‍സ്‌ തന്മുന്നില്‍ സന്നിഹിതനായി! പറപ്പൂക്കാരന്‍ എന്നറിയപ്പെടുന്ന്, ഓണര്‍-കം-ടിക്കറ്റ്‌ കൌണ്ടര്‍മന്‍-കം- ഓപ്പറേറ്റര്‍ പോലും വന്നിരുന്നില്ല അപ്പോള്‍. നട്ടപ്പറ വെയിലത്തിരുന്നു ബോറടിച്ചപ്പോള്‍, മിസ്സിസ്സ്‌ ഇയ്യാക്കിട്ട്‌ മുട്ടന്‍തെറിപറഞ്ഞെന്ന്, വഴിപോക്കരുടെ സാക്ഷ്യം+ഭാഷ്യം !

അവസാനം, 3 മണിയോടെ പറപ്പൂക്കാരനെത്തി, മൈക്ക്‌ സെറ്റ്‌ ഓണ്‍ ചെയ്തപ്പോഴേക്കും, വേലുതന്‍ ഹൃത്‌തടത്തില്‍ പെരുമ്പറഘോഷം മുഴങ്ങി ! 3-28 മണി വരെ പുറത്തു കാത്തു നിന്നു ഓഡിയസിന്റെ കണക്കെടുത്തിരുന്ന വേലു , ആകെ മൊത്തം 28 പേരാണ്‌ ( വേലു ഫാമിലി ( 5) അടക്കം) സന്നിഹിതരായിരിക്കുന്നതെന്നറിഞ്ഞു നിരാശനായെന്നു മാത്രമല്ല, ബെഞ്ച്‌ റേറ്റ്‌ കൊടുത്ത തെണ്ടികളെപ്പോലും കാണാതെ, ഈ ഭൂലോകത്തിലെ സകല വെങ്കിടങ്ങന്‍മാുടെയും തന്തക്കു വിളിച്ചത്രേ !

പടം തുടങ്ങി... വെള്ളിത്തിരയില്‍ തന്നെക്കാണാന്‍ വേലുവും, ഇങ്ങേരെക്കണ്ടൊന്നു പണ്ടാരമടങ്ങീട്ടുവേണം, വീട്ടിപ്പോയൊന്നു കിടന്നുറങ്ങാന്‍ എന്ന ഭാവത്തില്‍ മിസ്സിസ്‌ വേലുവും, അച്ഛനെക്കണ്ടിട്ടുവേണം,നാളെ സ്കൂളില്‍പോയിട്ടൊന്നു ചെത്താന്‍ എന്നു മനസ്സില്‍ കരുതി പെണ്‍കിടങ്ങളും. ബാക്കി പടത്തിനെത്തിയ വെങ്കിടങ്ങന്മാരെല്ലാം, പടത്തിന്റെ നിലവാരം മൂലം, തുടങ്ങി അരമണിക്കൂറിനകം, ചിലര്‍ കൂര്‍ക്കം വലിയോടെയും, പിന്നെച്ചിലര്‍, അതില്ലാതെയും, നിദ്ര തന്‍ നീരാഴിയിലെക്ക്‌ ബങ്കീ ജമ്പിംഗ്‌ നടത്തി. പടം മെല്ലെ, ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നതിനിടയില്‍, മിസ്സിസ്സിനും, ചെറുങ്ങനെ ഉറക്കം വന്നെങ്കിലും, വേലുവിന്റെ കടിച്ചാല്‍ പൊട്ടാത്ത തെറി കേള്‍ക്കേണ്ടിവരുമല്ലോന്നോര്‍ത്ത്‌, കൂര്‍ക്കം വലിയുടെ റിസ്‌ക്‌ എടുക്കാതെ ഒരു സെമി-ഹിപ്‌നോട്ടിക്‌ സ്റ്റേജിലിരുന്നു ! പിള്ളാരുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല ! സമയമങ്ങനെ അതിന്റെ സമയമെടുത്ത്‌, സാവകാശം നീങ്ങുന്നതിനിടയില്‍ പൊടുന്നനെ ടാക്കീസിനകത്ത്‌ ഒരു അട്ടഹാസം !!!

" ദേ പോയി ഞാന്‍ " !
ഉറങ്ങിക്കിടന്നിരുന്ന പലരും, പെട്ടെന്നൊന്നീട്ടെങ്കിലും, സിനിമയിലെ കിടിലന്‍ ഡയലോഗാവുന്നോര്‍ത്ത്‌ വീണ്ടും ബങ്കീ ജമ്പാക്കി ! ദേ വീണ്ടും അതേ അട്ടഹാസം !!
" ദേ പോയി ഞാന്‍ " !
പാവം വേലായുധന്റെ സീന്‍, സാമദ്രോഹിയായൊരു എഡിറ്ററുടെ കത്രിക മൂലം, പ്രോവിഡന്‍സിലെത്തിയപ്പോള്‍ വെറും 2 സെക്കന്‍ഡ്‌ ഉള്ള ഫ്രെയിം ആയി ചുരുങ്ങി. സ്വന്തം മുഖം കണ്ടപ്പോളുണ്ടായ മാനസിക വ്യാപാരങ്ങളാലാണ്‌ ആശാന്‍ ആദ്യം അലറിയത്‌ ! അലര്‍ച്ചകേട്ട്‌ ഭാര്യ ഞെട്ടിയെഴുന്നേറ്റ കണ്ടപ്പോളാണ്‌, അവളും ഉറങ്ങുകയായിരുന്നെന്നും, , ഉടനെ തന്നെ വന്ന അടുത്ത ഫ്രെയിമിലെങ്കിലും തന്റെ തിരുമോന്ത കാണിക്കണമെന്നുള്ള ആവേശത്തള്ളലില്‍ രണ്ടാമതും അലറിയത്‌ !

രണ്ടലര്‍ച്ചകേട്ടതോടെ ഉറക്കം പോയ ദേഷ്യത്തോടെ പല വെങ്കിടീയന്മാരും, "നിര്‍ത്തട പുല്ലേ... മനുഷ്യനെ ഒന്നൊറങ്ങാനും സമ്മതിക്കില്ലല്ലെ.. എന്നോക്കെ ചോദിച്ച്‌, കൂട്ടത്തില്‍, നല്ല മുട്ടന്‍ തെറികളും കാച്ചി !ഇരുട്ടാണെന്നുള്ള ധൈര്യത്തിലാവണം, ഈ തെറിപ്രയോഗം.. അല്ലായിരുന്നെങ്കില്‍ പകല്‍വെളിച്ചത്ത്‌, വേലായുധനെ തെറി പറയാന്‍ ധൈര്യമുള്ള, ഏത്‌ വെങ്കിടിയുണ്ടീ വെങ്കിടങ്ങു രാജ്യത്ത്‌ ??? മറന്നോ.. ഡ്രാഫ്റ്റ്‌- എഴുത്ത്‌ - ഡീലേ - വേലായുധന്‍ ...

ഏതായാലും, രണ്ടും കല്‍പ്പിച്ചിറങ്ങിയ വേലു, ഫസ്റ്റ്‌ ഷോയും, സെക്കന്‍ഡ്‌ ഷോ യും കൂടി കയറി, 2 സെക്കന്‍ഡെങ്കില്‍ 2 സെക്കന്‍ഡ്‌, തന്റെ മോന്ത, ഭാര്യയും പിള്ളാരും , വെള്ളിത്തിരയില്‍ കണ്ടെന്ന് ഉറപ്പു വരുത്തിയതിനു ശേഷമേ, രാത്രി 1 മണീയോടെ തിരിച്ച്‌ കൂടഞ്ഞുള്ളൂ !

22 comments:

അരവിന്ദ് :: aravind said...

:-))
കൊള്ളാം ഇടിവാള്‍‌സ് കൊള്ളാം...!

തണുപ്പന്‍ said...

കലക്കിയിരിക്കുന്നു ഇടിവാളേ !

ചില നേരത്ത്.. said...

ഇടിവാളേ
അങ്ങേരിത് കാണണ്ട ഈ മെയില്‍ ഡിലേ ആക്കും .
നന്നായിരിക്കുന്നു..അപ്പോ ചൊവ്വഴ്‌ചയാണല്ലേ റിലീസിംഗ്..

വര്‍ണ്ണമേഘങ്ങള്‍ said...

ഇടിവാളേ..
ഇടിവെട്ട്‌ പോസ്റ്റാണല്ലോ..
പോസ്റ്റുമാസ്റ്റര്‍ കം പോസ്റ്റ്‌ മാന്‍ കം ഓഫീസ്‌ അസിസ്റ്റന്റ്‌ കം പ്യൂണ്‍ കം തൂപ്പുകാരന്‍ ആയി ടെലി ബ്രാന്‍ഡ്സ്‌ ഷോ യിലെ 'ഇതാ അവതരിപ്പിക്കുന്നു മള്‍ട്ടി പര്‍പ്പസ്‌ വടി..'
എന്ന പോലെ നൂറ്റന്‍പത്‌ കാര്യങ്ങള്‍ ചെയ്യുന്ന(എന്ന്‌ ധാരണ) സദാ സേവന സന്നദ്ധരായ ഒത്തിരിപ്പേരെ ഓര്‍മ വന്നു.

kumar © said...

ഇടിവാളെ ഇതൊരു നല്ല ഇടിയാണല്ലൊ!.
സ്വാഗതം.
അതു പറയാന്‍ മറന്നു.

ശ്രീജിത്ത്‌ കെ said...

പാവം വേലായുധന്‍. “യാത്രക്കാരുടെ ശ്രദ്ധയ്ക്ക്” എന്നെ സിനിമയില്‍ ഒടുവില്‍ ഉണ്ണിക്രിഷ്ണന്‍ അവതരിപ്പിച്ച കഥാപാത്രത്തെ അനുസ്മരിപ്പിച്ച് ഈ വേലായുധന്‍.

കുറുമാന്‍ said...

ഗ്രാമ പഞ്ചായത്തുകളിലെ തപാലാപ്പീസില്‍ എത്ര എത്ര വേല ആയുധ മാക്കിയവര്‍ അല്ലെ ഇടിവാളെ

വക്കാരിമഷ്‌ടാ said...

ഇടിവാളെ, എന്തൊരു കോയ ഇന്‍സിഡന്‍സ്.. ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന ഉജ്ജ്വല പടം മുത്താരം കുന്ന് പി.ഓ. അതിനകത്ത് മുകേഷ് പോസ്റ്റ്മാസ്റ്റര്‍ ദിലീപ് കുമാര്‍. ഇടിവാള്‍ ഇതാ പോസ്റ്റുമാനേപ്പറ്റി പോസ്റ്റുന്നു. എന്റെ അഭിനയജീവിതത്തിലെ ഉജ്ജ്വല മുഹൂര്‍ത്തം വേലായുധപ്പോസ്റ്റിനേക്കാളും പതിനാലു സെക്കന്റ് കൂടുതല്‍ (ദോ ഇവിടുണ്ട്). ആ സീനിലും ഉണ്ട് ഒരു പോസ്റ്റ്‌മാന്‍. ഞാന്‍ ദോ ഇവിടെ കമന്റും പോസ്റ്റുന്നു...

പോസ്റ്റുമാങ്കഥ തകര്‍ത്തു കേട്ടോ.. പിന്നെ ഇതൊന്നും താങ്കള്‍ക്ക് ഒരു പുത്തരിയല്ലല്ലോ:)

വിശാല മനസ്കന്‍ said...

ദേ.. ഇടിവാള് വീണ്ടും.

രണ്ടും കല്പിച്ച് തന്നെ ല്ലേ?
പോരട്ടെ, പോരട്ടെ..

കോപ്പുട്ടി കാഞ്ഞാണിയുടെ നോവല്‍ ഓര്‍മ്മയുണ്ടെങ്കില്‍ വീണ്ടുമെഴുതിഷ്ടാ..

‘നായകന്‍ വെള്ളക്കാജ ആഞ്ഞാഞ്ഞു വലിച്ചതും ബീഡിയിലെ കെട്ട് ചരട് കത്തി ചുണ്ട് പൊള്ളീയതുമെല്ലാം‘ ആ നോവലില്ലായിരുന്നോ??

ഇടിവാള്‍ said...

അരവിന്ദേട്ടോ, തണുപ്പന്‍സാറെ,വര്‍ണമേഘങ്ങളെ, കുമാറേ, ശ്രീജിത്തേ: കമന്റസിനു വളരെ താങ്ക്സ്‌.

ചിലനേരത്തേ: താങ്കള്‍ പറഞ്ഞോരു പോലെ ചെറിയൊരു പേടി ഇല്ലാതില്ല. ഇങ്ങേരുടെ മോള്‍ടെ കല്യാണം ഈയ്യിടെ കഴിഞ്ഞെന്നു കേട്ടു. ആ കെട്ടിയോനൊ മകളോ മറ്റൊ, ഈ ബ്ലോഗു വായിക്കുന്നുണ്ടേല്‍, പിന്നെ, അടുത്തൊരു വര്‍ഷത്തേക്കിനി എന്റെ വീട്ടിലൊരു എഴുത്തുപോലും കിട്ടില്ല. ഡ്രാഫ്റ്റ്‌ അയക്കാത്തതോണ്ട്‌ പിന്നെ പ്രശ്നമില്ല.

കുറു: സത്യം പറഞ്ഞാല്‍, ഇദ്ദേഹത്തിന്റെ വേറൊരു കഥയാ, എഴുതിത്തുടങ്ങീത്‌. വഴിമാറിപ്പൊയതായിത്തെരിഞ്ഞത്‌, കുറെ കഴിഞ്ഞാ.. എന്നാപ്പിന്നിനി, ഈ വഴിക്കങ്ങു പോകാമെന്നോര്‍ത്തു ! ദീ ചുള്ളന്റെ മറ്റൊരു കിടിലന്‍ വിറ്റ്‌, ഇന്‍ഷാള്ളാ, വെരി സൂണ്‍ പൂശാമെന്നു കരുതുന്നു !

വിശാലോ: ഇതൊക്കെ ഒരു തുടക്കക്കാരന്‍ തന്‍ ആക്രാന്തമായി കരുതിയാല്‍ മതി. സ്റ്റോക്ക്‌ തീരുമ്പോള്‍, എഴുതിയില്ലേലും, വായിക്കാനായി, നമ്മളിവിടൊക്കെത്തന്ന്യണ്ടാവും:
പിന്നെ, കോപ്പുട്ടീ നോവല്‍, റീ-പുബ്ലിഷ്‌ ചെയ്യണമെന്നുണ്ട്‌! പക്ഷെ, പ്രയമായതിനാല്‍, പലതും മറന്നു ! അനിലിനോടു ഞാനൊന്നു തെരക്കീരുന്നു, ആ പഴയ കോപ്പി കിട്ടാന്‍ വല്ല വഴീണ്ടോന്ന്.. സാധ്യത വിരളമെന്നാ പുള്ളീടെ പക്ഷം ! എനിവേ, നോക്കാം. ഈ വക പ്രോല്‍സാഹനങ്ങളാ, നമ്മുടെ കൈമുതല്‍ മാഷെ ! വളരെ നന്ദി !

Kuttyedathi said...

ഈ ഇടിവാളിനെ എങ്ങനെ ഞാന്‍ കാണാതെ പോയി ? വെള്ളിയാഴ്ച വൈകിട്ടു വരെയുള്ള ഒരു പോസ്റ്റും കമന്റും വിടാതെ വായിച്ചതാണല്ലോ. ഒരു ശനിയും ഞായറും ബ്ലോഗില്‍ നിന്നു മാറി നിന്നപ്പോളേക്കുമിത്രയുമൊക്കെ സംഭവിച്ചോ ?

ഒന്നാന്തരം ഇടിവാള്‍ പോസ്റ്റുകള്‍ തന്നെ മൂന്നോ നാലോ ഇട്ട സ്ഥിതിക്കിനി സ്വാഗതം പറയുന്നതു ബോറല്ലേ ? പോസ്റ്റുമാന്റെ തലയ്ക്കു പുറത്തെ റ്റൈല്‍സും തലയ്ക്കകത്തെ വാക്വം....ഗുള്ളാം, അല്ലെങ്കിലും വ്യക്തിവിവരണത്തില്‍, കഥാപാത്രത്തെ വരച്ചുകാണിക്കുന്ന ആ കലയില്‍, ത്രിശ്ശൂര്‍കാരൊക്കെ ഒന്നിനൊന്നു മുന്‍പില്‍.

ഇങ്ങനെ ശ്വാസം വിടാന്‍ ഗ്യാപ്പു കൊടുക്കാതെ ഒന്നിനു പിറകേ ഒന്നായി, പോസ്റ്റുകള്‍ ഇടല്ലേ ഇടിവാളേ. (അങ്ങനെ ചെയ്താലെന്തു സംഭവിക്കുമെന്നുള്ളതു വക്കാരി പറഞ്ഞു തരും ). ഒന്നു വായിച്ചെത്താനുള്ള സമയമെങ്കിലും തരണേ.

ബിന്ദു said...

എന്റെ അമ്മയുടെ വീടിനടുത്തുള്ളതൊരു പോസ്റ്റുമണ്‍ ആണ്‌. ഒരിക്കല്‍ ഒരു പോസ്റ്റുകാര്‍ഡില്‍ ഇവിടെ എല്ലാവര്‍ക്കും സുഖം അവിടേയും അങ്ങനെതന്നെ എന്നു വിശ്വസിക്കുന്നു എന്നുകണ്ട ടീ വുമണ്‍ എന്നാല്‍ പിന്നെ ഞാന്‍ ഇത്ര വിഷമിച്ചു ഇതങ്ങോട്ടുകൊടുക്കണോ എന്നു പറഞ്ഞു കത്തു കീറി ആറ്റിലൊഴുക്കി എന്നു കേട്ടിട്ടുണ്ട്‌.
:)

വഴിപോക്കന്‍ said...

മഴക്കാലമായത് കൊണ്ടാകും നല്ല കിടിലന്‍ ഇടിവാളുകള്‍ തുടരെ തുടരെ വെട്ടുന്നത്.. :)

കറ്ക്കിടകം തീറ്ന്ന്നാലും ഇടിവെട്ട് നിറ്ത്തില്ലെന്ന് പ്രതീക്ഷിയ്ക്കുന്നു..

ബിന്ദു , ഈ വിറ്റ് ഒരു പടത്തില്‍ മാമുക്കോയ പറയുന്നുണ്ട് .. കാറ്ഡ് വായിച്ച് “അവടേയും സൊകം ഇവടേയും സൊകം , പിന്നെ ഞമ്മക്കാണോ അസുഖം?” എന്ന് പറഞ്ഞ് കീറിക്കളയുന്നത് “വിദ്യാരംഭം“ ല്‍ ആണെന്ന് തോന്നുന്നു..

ദേവന്‍ said...

ദേ പോസ്റ്റുമാനെ ഇടിവെട്ടി. ഇങ്ങേരൊരലക്കലക്കിയാല്‍ ഡോബി കൂടി നാണിക്കുമെന്ന് വിശാലന്‍ പറഞ്ഞതു വെറുതേയല്ല..

ഞങ്ങടെ പീറ്ററേട്ടന്‌ ടിപ്പൊന്നും കിട്ടില്ലായിരുന്നു . (കുണ്ടറ ഈസ്‌ ഏ USA, UK , ജെര്‍മനി NRIഏരിയാ, ഇവര്‍ ഗള്‍ഫന്മാരെപോലെ സുലൈമാനി പോലും കുടിക്കാതെ കിട്ടുന്ന കാശൊക്കെ നാട്ടിലയക്കുന്ന ശീലക്കാരല്ല) മൂപ്പര്‍ കള്ളുഷാപ്പുകള്‍ സ്റ്റോപ്പ്‌ പോയിന്റ്‌ ആക്കി പ്രവര്‍ത്തിചിരുന്ന പ്രസ്ഥാനമായതിനാല്‍ വഴിയേ നടക്കുമ്പോള്‍
പിള്ളേരു ഓലക്കാലുകൊണ്ട്‌ ഉണ്ടാക്കിയ ട്രമ്പറ്റ്‌ വിളിക്കും പോലെ "ഭ്രേഏ-ഏ......." എന്നൊരു എമ്പക്കം കപ്പലിന്റെ ചൂളം വിളിയുടെ ഉച്ചത്തില്‍ മുഴക്കിയിരുന്നു.

എന്നെ അമ്മായിയുടെ മോനു ഹാള്‍ട്ടിക്കറ്റ്‌ കൊടുക്കാം എത്തിയ പ്രീറ്റ്രേട്ടന്‍ മുറ്റത്ത്‌ ധ്യാനനിരതനായി ഇരുന്ന ജിമ്മിയെന്ന അത്സേഷ്യന്‍ കുലത്തെയാകെ അപമാനിച്ച്‌ ഗാന്ധിമാര്‍ഗ്ഗം സ്വീകരിച്ച നായവര്യനെ അവനര്‍ഹിക്കുന്ന അവഗണയും കൊടുത്ത്‌ ഇറയത്തേക്കു കയറി.

"ഇവിടാരുമില്ലേ??? ചേച്യേ ഭ്രേഏഏ...

ജനിച്ചിട്ടിന്നേവരെ കുരച്ചിട്ടില്ലാത്ത ജിമ്മി ഈ വികൃതഭേരി കേട്ട്‌ ആകെ ഭയന്ന് ചാടിയൊരു കടി. സാധുവാണെങ്കിലും പൊട്ടനാണെങ്കിലും അവനൊരത്സ്യേഷ്യനല്ലേ ഒറ്റക്കടിയാല്‍ അവന്‍ ഭ്രേയുടെ സ്രോതസ്സായ രൂപത്തില്‍ നിന്നും 2.5 kilogram ഇറച്ചി പറിച്ചു മാറ്റിക്കളഞ്ഞു. ഈ ഏരിയയില്‍ വൈദ്യന്മാര്‍ക്ക്‌ കസ്തൂരാദിയും ഫാര്‍മസിസ്റ്റിനു ജെലൂസിലും കച്ചവടം കൂടിയത്‌
ഈ സംഭവത്താല്‍ ആണെന്ന് സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്‌.

സ്നേഹിതന്‍ said...

വക്കാരിയുടെ സിനിമ കണ്ടപ്പോഴാണ് ശ്രി. രാമന്‍ വേലായുധനെപ്പറ്റി അറിഞ്ഞത്.
ഇടിവാള്‍ കഥാപാത്രവും, ഇടിവാള്‍ പോസ്റ്റും!

കലേഷ്‌ കുമാര്‍ said...

ഇടിവാളേ, ഇടിവെട്ട് പോസ്റ്റ്!!!

ഇടിവാള്‍ said...

കുട്ടിയേട്ടത്ത്യേ ; സ്വാഗതതിനും, കമന്റിനും നന്ദി. തുടക്കത്തിന്റെ ആവേശത്തിനാ, 3-4എണ്ണം അങ്ങു ശര്‍.... എന്നു പൂശിയത്‌. ഇനി വീക്കിലി ഒന്ന് എന്ന ഫ്രീക്വെന്‍സിയിലാക്കാന്‍ നോക്കം.

വഴിപോക്കന്‍സ്‌: മഴ കഴിഞ്ഞാലും ഇടക്കൊന്നു കേറി വെട്ടന്‍ നോക്കാം...

ബിന്ദു/ദേവേട്ടന്‍സ്‌/സ്നേഹിതന്‍/കലേഷ്‌ എന്നിവര്‍ക്കും പോസ്റ്റിങ്ങ്‌ ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷവും, പ്രോല്‍സാഹനത്തിനായി, നന്ദിയും !

sandoz said...

ഹ.ഹ.ഹ..ഇഡിഗഡീ......
ഒരു ലേബല്‍ ഇട്ട്‌ അടുക്കിപ്പെറുക്കാനും സ്വാതത്ര്യമില്ലേ ...
എന്ന ചോദ്യം എനിക്കിഷ്ടപ്പെട്ടു......

തമനു said...

ഹഹഹഹഹഹ

സനോജേ നന്ദിയുണ്ട് ..

ഞാനിപ്പോഴാ ഈ പോസ്റ്റ്‌ വായിക്കുന്നത്‌. ഇടി സാറിന്റെ കുറേ പോസ്റ്റ് വായിക്കാന്‍ ഉണ്ട്‌. എന്തായാലും അതിനൊരു കാരണമായി പിന്മൊഴിയില്‍ കണ്ട കമന്റുകള്‍ ....

ശ്രീ said...

ഇടിവാള്‍‌ജീ...

മേനോന്‍‌ ചേട്ടന്റെ പോസ്റ്റിലെ കമന്റു വഴിയാണ്‍ ഇങ്ങെത്തിയത്. സംഭവം രസകരമായി.

:)

അഭിലാഷങ്ങള്‍ said...

" ദേ വന്നു ഞാന്‍ " !

വേലായുധമാഹാത്മ്യം ഗം‌ബ്ലീറ്റ് വായിച്ചു. ഇഷ്ടപ്പെട്ടു. അടുത്ത പോസ്റ്റ് വായിക്കാന്‍ വീണ്ടും വരും. സോ, ഇപ്പോ..

" ദേ പോയി ഞാന്‍ " !

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.