-- എ ബ്ലഡി മല്ലു --

തെറ്റിദ്ധാരണ

Monday, June 19, 2006

എന്റെ പല ധാരണകളും തെറ്റിദ്ധാരണകളാണെന്ന് ഇന്നു ഞാനറിയുന്നു ! അറിയിച്ചുതന്ന ഏറ്റവും ഇളയ സഹോദരനു നന്ദി ( മിന്നല്‍ എന്നു വിളിക്കാം) ! വടക്കന്‍ വീരഗാഥയില്‍, ചന്തുവിനെപ്പോലെ, ഇന്ന് അവന്‍ പറയുന്നു, .... തെറ്റിദ്ധാരണകള്‍ പേറാന്‍ ഇന്നു മിന്നലിന്റെ ജീവിതം ബാക്കി !!!

എന്റെ രണ്ടനിയന്മാരുടെയും, പ്രത്യക്ഷവും, പരോക്ഷവുമായ പല ഉരസലുകളിലും, ഒരു പ്രോ-മിന്നല്‍ നിലപാട്‌ സ്വീകരിച്ചിരുന്നത്‌, ഏറ്റവും താഴെ സന്തതി എന്ന നിലക്കു മാത്രമല്ല, പല കാര്യങ്ങളിലും, എന്റെ ഒരു ഫ്രീക്വൊന്‍സിയോട്‌ സാമ്യമുള്ളതിനാലാകാം.

കുരുത്തക്കേടിനു, 5-ആം വയസ്സില്‍, ഡിഗ്രീയും, 8 വയസ്സില്‍ പീഎച്ച്‌ഡീയും എടുത്ത അവനെ, വല്ല രാഷ്ടീയത്തിലുമിറക്കാതെ ബീകോമിനയച്ചത്‌, എന്റെ അച്ചന്റെ തെറ്റിദ്ധാരണ! ഫൈനല്‍ പരീക്ഷ കടന്നുകിട്ടാന്‍ മൂന്നുതവണ എഴുതേണ്ടിവന്നത്‌, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ തെറ്റിദ്ധാരണ. ! 12 വയസ്സില്‍, ലവന്റെ ഉറ്റ സുഹൃത്ത്‌ മുബാറുവിന്റെ കുഞ്ഞുമ്മാടെ മോള്‍ക്ക്‌ പുസ്തകത്തിനിടയില്‍ വച്ച്‌ പ്രേമലേഖനം കൊടുത്ത്‌, അവള്‍ടുമ്മ ഇതു തെറ്റിദ്ധരിച്ച്‌ കണ്ടുപിടിച്ച്‌, വീട്ടില്‍ വന്ന് പറഞ്ഞ തെറിയെല്ലാം, ഗത്യന്തരമില്ലാതെ കേട്ടുനില്‍ക്കേണ്ടി വന്നത്‌ അമ്മയുടെ തെറ്റിദ്ധാരണ! അതിനു പ്രതികാരമായി, 12 വയസ്സുള്ള, 5 ചിന്ന ഗുണ്ടാപ്പിള്ളേരുമായി, ആ സ്ത്രീയെ തല്ലാന്‍ പദ്ധതിയിട്ട്‌, എന്തോ ഭാഗ്യത്തിനു, ആരോ ഒറ്റിക്കൊടുത്തമൂലം, പദ്ധതി പൊളിയുകയും, അച്ഛന്‍ ഇവനായി ഡെഡിക്കേറ്റ്‌ ചെയ്തു വച്ചിട്ടുള്ള കരുവള്ളിക്കോലിന്റെ വടിയുടെ പാടുകള്‍, അവന്റെ നനുത്ത കരിം തുടയില്‍ പതിഞ്ഞത്‌, അവന്റെ " സെല്‍ഫ്‌ കോണ്‍ഫിഡന്‍സിലുള്ള" തെറ്റിദ്ധാരണ മൂലം ! ടാറിന്‍പാട്ടയില്‍ വീണപോലുള്ളവന്‍ ഫെയര്‍+ ലവുലി തേച്ചാല്‍ വെളുക്കുമെന്നോര്‍ത്ത്‌ വര്‍ഷങ്ങളോളം കാശുമുടക്കിയതും മറ്റൊരു തെറ്റിദ്ധാരണ. !

4ആം വയസ്സില്‍, എനിക്കിട്ട്‌, ഒരൊ ഒന്നൊന്നരക്കിലോ വരുന്ന പൂട്ട്‌ ( ലോക്ക്‌) എടുത്തെറിഞ്ഞത്‌, ജസ്റ്റ്‌ പുരികത്തിനു മുകളില്‍ ലാന്റ്‌ ചെയ്തതും, അതൊരു, 2 സെന്റിമീറ്റന്‍ താഴോട്ടാകാതിരുന്നതും, അബ്ദുള്ള ഡോക്ടര്‍ 4 സ്റ്റിച്ച്‌ ഇട്ട്‌ പ്രൊബ്ലെം സോള്‍വു ചെയ്തതും, എന്റെ ഗുരുത്വക്കേടിനും, പിന്നെ, മുജ്ജന്മ സുകൃതങ്ങള്‍ക്കു, എന്നില്‍ തെറ്റിദ്ധാരണയില്ലാത്തതു മൂലം !

6 വയസ്സില്‍ ഇവന്‍, അടുത്തവീട്ടിലെ പട്ടി ടിപ്പുവിനെ കല്ലെടുത്തെറിഞ്ഞപ്പോള്‍, ടിപ്പു, ഇവനെയിട്ടോടിച്ചത്‌, ടിപ്പുവിന്റെ തെറ്റിദ്ധാരണ! ബെന്‍ ജോണ്‍സനും കാള്‍ ലൂയിസും പോലെ ഇവരുടെ ഓട്ട മല്‍സരത്തിനിടയിലേക്ക്‌, ഇവനെ രക്ഷിക്കാന്‍ കല്ലും വടിയുമൊന്നുമെടുക്കാന്‍ സമയമില്ലാത്തതിനാല്‍, സ്വന്തം ശരീരവുമായിച്ചാടിയത്‌ എന്റെ തെറ്റിദ്ധാരണ. പൊക്കിളിനു ചുറ്റും അരിപ്പയിട്ടപോലെ 14 ഇന്‍ജെക്ഷനെടുക്കേണ്ട ഗതി വരാതിരുന്നത്‌, മണ്ണടിഞ്ഞുപോയ കാരണവന്മാര്‍ക്കും, പാമ്പിന്‍ കാവിലെ ദേവന്മാരും എന്നെ തെറ്റിദ്ധരിക്കാത്തമൂലം !!

ഈയ്യിടെ, നാട്ടില്‍ നിന്നും അമ്മ വിളിച്ചു പറയുന്നു, മിന്നലിനു പെട്ടെന്നു വിസിറ്റ്‌ വിസയെടുത്ത്‌ ദുബായില്‍ കൊണ്ട്‌പോകാന്‍! നാട്ടില്‍ തേരാപ്പാര നടക്കുന്നവര്‍ക്കും, അലമ്പുണ്ടാക്കി നാട്ടില്‍നില്‍ക്കാന്‍ പറ്റാത്തവര്‍ക്കും പെട്ടെന്നു പൊങ്ങാനുള്ള സ്ഥലമാണ്‌ ദുബായി എന്നു, നാട്ടില്‍ പൊതുവായുള്ള ഒരു തെറ്റിദ്ധാരണ! കാര്യം കൂടുതല്‍ തിരക്കിയപ്പോഴാണറിയുന്നത്‌, സംഗതി സീരിയസ്സാണെന്നും, മിന്നലിന്റെ രണ്ട്‌ സുഹൃത്തുക്കള്‍, അവര്‍ക്കു വിരോധമുള്ള ഒരു മാര്‍ക്സിസ്റ്റ്കാരന്റെ വീട്ടില്‍ തെറി വിളിക്കന്‍ പോയപ്പോള്‍, ഇവനെയും, ഒരു കമ്പനിക്കായി കൂട്ടിയെന്നും , ആ തെറ്റിദ്ധാരണയുടെ പേരിലാണ്‌, 10 മാര്‍ക്സിസ്റ്റുകാര്‍ കഴിഞ്ഞ ദിവസം വീട്ടില്‍ ഇവനെ തിരക്കി വന്നതെന്നും എന്ന സത്യമറിഞ്ഞപ്പോഴാണ്‌. ! പൊന്നനിയനെ 20 മിനുട്ട്‌ വിളിച്ചൊന്നു ശെരിക്കും കുടഞ്ഞപ്പോള്‍, അവസാനം, ചെറിയൊരുപദേശം കൊടുക്കാനും മറന്നില്ല...
പൊന്നുമോനേ.. ആരെ തെറ്റിദ്ധരിച്ചാലും, മാര്‍ക്സിസ്റ്റുകാരെ മാത്രം നീ തെറ്റിദ്ധരിക്കല്ലെ !

ഇപ്പോള്‍ എനിക്കൊന്നു മനസ്സിലായി ! ഞാനും തെറ്റിദ്ധരിച്ചിരിക്കയായിരുന്നു..
" ഇവന്‍ ഡീസന്റാണെന്ന്!!"""

14 comments:

Satheesh :: സതീഷ് said...

ഈ ക്ലാസില്‍ പസ്റ്റേ..
ബാക്കി പിന്നെ പറയാം അല്ലെങ്കില്‍ ഈ സീറ്റ് ആരെങ്കിലും തട്ടും!

sami said...

അപ്പൊ ‘ഇടി‘’വാള്‍‘ എന്ന പേര് കിട്ടിയതെങ്ങനെ എന്ന് മനസ്സിലായി.........
സെമി

Inji Pennu said...

ഇത്രെം നല്ലൊരു കുഞ്ഞനുജനെ എവിടെന്നു കിട്ടും..
ഞാനാണെങ്കില്‍ ഇടിവാള്‍ ചേട്ടനു ഒരു സ്വാഗതം പറ്യാണ്ടു വിഷമിച്ചോണ്ടിരിക്കുവായിരുന്നു..
ആ ആദ്യത്തെ പോസ്റ്റിനു എങ്ങിനെയാന്നെ മനുഷ്യന്‍ സ്വാഗതം പറ്യാ?

അതൊണ്ടു ദേ പിടിച്ചൊ, ഒരു ഇടിവാള്‍ സ്വാഗതം!!

സു | Su said...

:) ഇടിവാളിന് സ്വാഗതം.

പെരിങ്ങോടന്‍ said...

അമ്മ ഫോണില്‍, “എടാ ഉണ്ണ്യേ, നീയവനെ കൊണ്ടോയൊന്ന് AED/INR###### (ഒരു മോഹസംഖ്യ എന്നര്‍ഥം) എങ്കിലും കിട്ടണ ജോല്യൊന്ന് ആക്കിക്കൊടുക്കെടാ”. ഈ ഇടിവാള്‍ മിന്നലിനെ കുറിച്ചെഴുതിയതെല്ലാം എന്റെ മനസ്സിലും സ്ലൈഡ്ഷൊ കളിച്ചു; ഈ ഏട്ടന്മാരുടെ ഒരു കാര്യമേ ;)

ഇടിവാള്‍ said...

വാസ്തവം പെരിങ്ങോടരേ !
അമ്മ ഫോണില്‍ ദിര്‍ഹം / റുപീസ്‌ എമൌണ്ട്‌ മെന്‍ഷന്‍ ചെയ്തില്ലെകിലും// പറഞ്ഞതു സെന്‍സര്‍ ചെയ്യാതെ എഴുതിയാല്‍ ഇതുപോലിരിക്കും,
ഇവനു നീ വല്ല സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനം എടുത്തു കൊടുക്കുന്ന ജോലിയെങ്കിലും വാങ്ങിക്കൊട്‌ ! നാട്ടിലുള്ളോര്‍ക്കെങ്കിലും സമാധാനം കിട്ടൂല്ലോ " എന്ന് !

ഏട്ടന്മാരുടെ കാര്യോ? അതൊ അനിയന്മാരുടെയോ?

സതീഷെ: കമന്റ്‌ മുഴുമിപ്പിക്കാതോണ്ടാണോ എന്തോ .. മനസ്സിലായില്ല്യാ !

എല്‍ജി: നന്ദി: ഒരബദ്ധം ഏതു പോലിസുകാരനും എന്നപോലെയായി ആദ്യ പോസ്റ്റിംഗ്‌: അറിയാം, അതിനാല്‍ തന്നേ ഒരു പൊതുമാപ്പ്‌ പ്രഖ്യ്യപിച്ചിട്ടുമുണ്ട്‌ !

സു: വിനു നമസ്ക്കാരം: നിന്റെ തല വായിച്ചു ! നന്നായിട്ടോ! ഒരു കമന്റിടാമെന്നോര്‍ത്തപ്പോള, വിച്ചു ( മകന്‍) ബഹളം.. പിന്നെ ബിസിയായി ! ഇപ്പോ നേരം കൊറെയായി, നാളെക്കാക്കാമെന്നോര്‍ത്തു !

സമിയേ: ഞാനാ ടയിപ്പേ അല്ലട്ടോ! വാളും പരിചയുമൊക്കെ ഒരു സെല്‍ഫ്‌ ഡിഫന്‍സ്‌ ടാക്‍ടിക്‌ അല്ലേ!!!

പെരിങ്ങോടരെ ! ഒരു ചോദ്യം: ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്താല്‍, തനിമലയാളം.ഓര്‍ഗില്‍ വരാന്‍ എത്ര സമസമെടുക്കും! 7 മണിക്കൂര്‍ കഴിഞ്ഞു നോക്കിയപ്പോഴും, നമ്മുടെ പുതിയ പോസ്റ്റിംഗ്‌ അവിടെ എത്തീട്ടില്ല ! പെട്ടെന്ന് വരാന്‍ വല്ല കുറുക്കുവഴീമുണ്ടോ ?

evuraan said...

വാളേ,

പെരിങ്ങോടരോട് ചോദിച്ച ചോദ്യത്തിന്റെ ഉത്തരം:

ലിസ്റ്റില്‍ വരാന്‍ ഇതു ചെയ്തിരുന്നു എങ്കില്‍ ഗൂഗിളിന്റെ ഉത്തരവും അതേ പേജിലുണ്ട്:

We add and update new sites to our index each time we crawl the web, and we invite you to submit your URL here. We do not add all submitted URLs to our index, and we cannot make any predictions or guarantees about when or if they will appear.

എങ്കിലും ഒരു ചോദ്യം, അവിടെ പോയി താങ്കള്‍ crawler-നെ വിളിച്ചിരുന്നോ?

തുടങ്ങിയിട്ട് മുന്ന് ദിവസമല്ലേ ആയിട്ടുള്ളൂ? അതാവാം താമസിച്ചത്. കോടിക്കണക്കിന്‍ പേജുകള്‍ നിരങ്ങിനിരങ്ങി ആ ചിലന്തി അങ്ങെത്തിച്ചേരേണ്ടേ?

ഇതു വരേക്കും ഗൂഗിളിന് താങ്കളുടെ പോസ്റ്റുകളെ പറ്റി വലിയ വിവരമില്ല എന്നു തോന്നുന്നു.

പിന്നെയുള്ള കുറുക്കുവഴി, ഒരു അരമുക്കാല്‍ മണിക്കൂറിനുള്ളില്‍ ശരിയാകണം. :)

വഴിപോക്കന്‍ said...

ഇടിവെട്ടിതുടങ്ങിയപ്പോള്‍ മുതല്‍ പല പ്രാവശ്യം കമന്റ്‌ ഇടാന്‍ ശ്രമിച്ചതാണ്‌ .. പലകാരണം കൊണ്ട്‌ മുഴുമിയ്ക്കാന്‍ പറ്റിയില്ല..

ഏതായാലും, നമസ്ക്കാരം.. സ്വാഗതം.. :)

കൂടുതല്‍ ഇടിവെട്ട്‌ പോസ്റ്റുകാല്‍ പ്രതീക്ഷിയ്ക്കുന്നു

വന്ന് വന്ന് തൃശ്ശൂര്‍ക്കാര്‍ കോമെഡിയുടെ പേറ്റന്റ്‌ എടുക്കുമൊ?

ബിന്ദു said...

ഇടിവാളും മിന്നലും.. ഇടിവാള്‍ ഇങ്ങനെയാണെങ്കില്‍ മിന്നല്‍ എന്താവും? മിന്നല്‍ അങ്ങനെയാണെങ്കില്‍ ഇടിവാളെങ്ങനെ ആവും?
കാര്യം വഴിപോക്കനാണെങ്കിലും പറഞ്ഞതു സത്യം :)

Adithyan said...

ഈ തമാശയെന്താ ത്രിശൂക്കാര്‍ടെ മാത്രം സ്വന്താ എന്നു വിചാരിച്ചതെന്റെ തെറ്റിദ്ധാരണ...

ത്രിശൂര്‍ന്നു ഇവിടെ കൊറെ പുലികളുണ്ട് എന്നു വെച്ച്‌ ത്രിശൂര്‍ന്നു വരുന്ന എല്ലാ‍രും പുലികളാവണമെന്നില്ല എന്നു വിചാരിച്ചതെന്റെ രണ്ടാമത്തെ തെറ്റിദ്ധാരണ...

ചിരിക്കാതെ ഇടിയുടെ പോസ്റ്റു വായിക്കാന്‍ പറ്റിയേക്കും എന്നു വിചാരിച്ചത് എന്റെ ഏറ്റവും വലിയ തെറ്റിദ്ധാരണ...

വിശാല മനസ്കന്‍ said...

അപ്പോ വീട് ഒരു കേ.ഡി. കമ്പനി ആ‍ണല്ലേ?
ഇടി വാളേ.. പോസ്റ്റ് ഉഷാറാകുന്നുണ്ട്!

മറ്റേ ‘മിന്നല്‍ ബാബു‘ എന്ത്യേ ബ്ലോഗ് തുടങ്ങത്തെ?

കണ്ണൂസ്‌ said...

അനിയനല്ലെങ്കിലും, അനിയനെപ്പോലെയുള്ള ഒരുത്തന്റെ അമ്മ കഴിഞ്ഞ തവണ നാട്ടില്‍ ചെന്നപ്പോള്‍ പറഞ്ഞു.

" ഇബനീം കൂട്യൊന്ന് അക്കരെ കടത്ത്‌, കുട്ട്യേ.. ഇബഡെ കെടന്ന് തിരിഞ്ഞാ ചെക്കന്‍ വല്ല നക്സലീറ്റും ആവും" ന്ന്.

ചെക്കന്‍ ഉടനെ തിരുത്തി.

" അമ്മാ, നാന്‍ നക്സലൈറ്റ്‌ കിടയാത്‌, മാവോ വാദി താന്‍".

സ്വാഗതം ഇടിവാളെ. വെട്ടട്ടങ്ങനെ വെട്ടട്ടെ!!

ദില്‍ബാസുരന്‍ said...

അങ്ങനെ അലമ്പുണ്ടാക്കി വരുന്നവരെ കൊച്ചാക്കുകയൊന്നും വേണ്ട. ഒക്കെ ഓരോ തെറ്റിദ്ധാരണകളാണ്.

ഞാനും ഒരു അലമ്പ് വിസയില്‍ വന്നവനാണ് എന്ന സെന്റിയില്‍ പറയുകയല്ല ബൂലോകരേ...

അഭിലാഷങ്ങള്‍ said...

ശ്ശെ!

ഞാന്‍ രണ്ട് തവണ തെറ്റിദ്ധരിച്ചു!

ഞാന്‍ കരുതിയത് ‘രണ്ടാളും ഡീസെന്റായിരുന്നു‘ എന്നാ...

ഈ മിന്നല്‍ ചേട്ടനും ഇടിവാളിനും കൂടി സംയുകതമായി ഒരു ബ്ലോഗ് തുടങ്ങിക്കൂടെ?

ബ്ലോഗിന് പേര് ഞാന്‍ നിര്‍ദ്ദേശിക്കാം.

“ഇടിമിന്നല്‍”!!

പിന്നെ, ആ ബ്ലോഗില്‍ മിന്നല്‍, ഇടിവാളിനെ പറ്റി ഇങ്ങനെ എഴുതിയേക്കാം.

“ഇടിവാളിന് ഫൈനല്‍ പരീക്ഷ കടന്നുകിട്ടാന്‍ ഒരേ ഒരു തവണ മാത്രമാണ് എഴുതേണ്ടിവന്നത്‌, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ തെറ്റിദ്ധാരണ. !“

:-)

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.